മൈന ഉമൈബാൻ

അതാ, വരുന്നു
​മടക്കബസ്

ഭൂരിപക്ഷത്തിനും യാത്രയിന്നും സ്വപ്നം മാത്രമാണ്. അപ്പോഴാണ് നമുക്ക് ചെറുയാത്രകൾ സാധ്യമാകുന്നത്. ഓരോ യാത്രയും ഓരോ അനുഭവമാണ്. അത് പുതിയ ലോകത്തെ കാണിച്ചുതരുന്നു. മനസ് വിശാലമാക്കുന്നു.

നിസ്തബ്ധമായ മഹാവനത്തിനുനടുവിൽ നിലാവിൽ കുളിച്ചുനില്ക്കുന്നു ഞാൻ.

കാട് - വിജനത.

മരങ്ങൾ നിഴലുവീഴ്ത്തുന്ന വഴിത്താരയിൽ നില്ക്കുമ്പോൾ ഭൂമിയിലാണോ എന്ന് സന്ദേഹിക്കുന്നു. അവാച്യമായ സൗന്ദര്യത്തിനുനടുവിൽ, അതിനേക്കാളേറെ ആനന്ദത്തിൽ നില്ക്കുമ്പോൾ ഈ നിമിഷത്തിനുവേണ്ടിയല്ലേ ഈ ജീവിതമത്രയും കാത്തിരുന്നത് എന്ന് ചിന്തിച്ചുപോകുന്നു.

ദൂരേക്കുദൂരേയ്ക്ക് മാഞ്ഞുമാഞ്ഞു പോകുന്ന ശൈലനിരകൾ.

കാടിന്റെ മണം

നിലാവ്

നിഗൂഢത

വന്യം.

കാടിനുനടുവിൽ ഇരുളിമയിൽ നിലാവു കണ്ട് കിടക്കണം എന്ന് എക്കാലത്തെയും സ്വപ്നമായിരുന്നു. സ്വപ്നം കാണുമ്പോൾ ആ അനുഭവത്തിന്റെ ഒരനുഭൂതിയുണ്ട്. മനസ് എപ്പോഴൊ കാട്ടിനകത്ത് അകപ്പെട്ട അനുഭൂതി.

പിന്നെയും കാടുകൾ കാണുന്നുണ്ട്. ചിത്രങ്ങളിൽ, സിനിമകളിൽ, പറച്ചിലുകളിൽ, വായനയിൽ... വായനയിൽ കുറച്ചു കൂടി സ്വപ്നസമാനമായ അവസ്ഥയിൽ മനോ സഞ്ചാരം നടക്കുന്നുണ്ട്, കേൾവിയിലും. എന്നാൽ ദൃശ്യാനുഭവങ്ങൾ ആ ഒറ്റക്കാഴ്ചയെ മാത്രം തരുന്നു. ആരോ കണ്ട, പകർത്തിയ കാഴ്ച മാത്രം. അവിടെ മനോസഞ്ചാരങ്ങൾക്ക് വലിയ പ്രസക്തിയില്ല എന്നു തോന്നാറുണ്ട്.

മനോസഞ്ചാരങ്ങളിലൊക്കെ കാടിനു നടുവിൽ ഞാൻ, ഞങ്ങൾ, നമ്മൾ എന്നൊക്കെയാണ്. കാടും നിലാവും മറ്റൊന്ന്. മനുഷ്യൻ വേറൊന്ന്. പക്ഷേ, കാടിനു നടുവിൽ നില്ക്കണം. കാടു നമ്മെ അകപ്പെടുത്തിക്കളയും.

കാടിനുനടുവിൽ നിലാവിൽ ഒരു നിമിഷമെന്ന് എത്ര സ്വപ്നം കണ്ടാലും അത് നടക്കണമെന്നില്ല. പക്ഷേ, ആ നിമിഷം അവിചാരിതമായി മുന്നിൽ വന്നാലോ? മനോസഞ്ചാരത്തിലെ അനുഭവത്തിനും എത്രയോ മേലെയാണത്. അനിർവ്വചനീയം.

മനോസഞ്ചാരങ്ങളിലൊക്കെ കാടിനു നടുവിൽ ഞാൻ, ഞങ്ങൾ, നമ്മൾ എന്നൊക്കെയാണ്. കാടും നിലാവും മറ്റൊന്ന്. മനുഷ്യൻ വേറൊന്ന്. പക്ഷേ, കാടിനു നടുവിൽ നില്ക്കണം. കാടു നമ്മെ അകപ്പെടുത്തിക്കളയും. നിലാവിൽ കുളിച്ചു നില്ക്കുന്ന മരങ്ങൾ പോലെ, വള്ളിപ്പടർപ്പുകൾ പോലെ, ഇലത്തുമ്പുകൾ പോലെ, കാട്ടരുവിയുടെ ‘ത്സർ ത്സർ’ ശബ്ദം പോലെ.... കാട് വള്ളിപ്പടർപ്പുകളാൽ നമ്മെ മൂടുകയാണ്. അതിന്റെ ഭാഗമാക്കുകയാണ്. ശരീരം അവിടെ ഇല്ലാതാവുന്നു. മനസ് പ്രാചീനമായ ഏതോ സിഗ്‌നൽ തേടുന്നു. സഹസ്രാബ്ദങ്ങൾക്കു മുമ്പ് നീ ഇതായിരുന്നുവെന്ന് ചെറുകാറ്റ് മൂളുന്നു. കാട്ടിൽ വിലയം പ്രാപിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭൂതി ഏതെന്ന് ചോദിച്ചാൽ ഈ നിമിഷം ഈ നിമിഷം മാത്രം.

കാടിനുനടുവിൽ ഇരുളിമയിൽ നിലാവു കണ്ട് കിടക്കണം എന്ന് എക്കാലത്തെയും സ്വപ്നമായിരുന്നു. സ്വപ്നം കാണുമ്പോൾ ആ അനുഭവത്തിന്റെ ഒരനുഭൂതിയുണ്ട്. മനസ് എപ്പോഴൊ കാട്ടിനകത്ത് അകപ്പെട്ട അനുഭൂതി

കാട് ഒരുദാഹരണം മാത്രമാണിവിടെ. ഓരോ സഞ്ചാരത്തിനും നേരനുഭവവും മറ്റൊരനുഭവവുമുണ്ട്. ഇക്കാലത്ത് പ്രതീതി യാഥാർത്ഥ്യയാത്രകളുണ്ട്. യാത്ര പോകുന്നവർ തയ്യാറാക്കുന്ന മനോഹരമായ വീഡിയോകളുണ്ട്. ചിലതിന്റെ നരേഷൻ തന്നെ നമ്മെ യാത്രകളിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ട്. അപ്പോഴും യാത്രയ്ക്ക് മോഹിപ്പിക്കുന്നു എന്നാണ്. അതുകണ്ട് സംതൃപ്തിയണയുക എന്നല്ല.

യാത്ര പോയവർ പൊടിപ്പും തൊങ്ങലും വെച്ച് യാത്രാനുഭവം വിവരിക്കാറുണ്ട്. നമ്മളും കൂടെ പോയപോലെ എന്നുതോന്നും. തോന്നലാണത്, പോലെയുമാണ്. അപ്പോഴും പോകൂ എന്ന് മോഹിപ്പിക്കൽ തന്നെയാണ്. ശരിയാണ്, എല്ലാവർക്കും ഇഷ്ടയിടങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കാറില്ല. അന്നേരങ്ങളിൽ വിർച്വൽ ടൂറും വീഡിയോകളും പുസ്തകങ്ങളും ഗൂഗിൾ എർത്തും ഉപഗ്രഹക്കാഴ്ചകളും സഹായിക്കുന്നു. പോയ പ്രതീതി നല്കുന്നു അവയെല്ലാം. പ്രതീതി മാത്രമാണത്. നമ്മൾ ഇരിക്കുന്ന ഇടത്തിനോ യാത്രയ്ക്കായുള്ള ഒരുക്കങ്ങളോ സമയമോ ഒന്നുമില്ല. അതുകൊണ്ട് അത്തരം യാത്രകൾ അനുഭവം തരുന്നില്ല. യാത്രയിലുണ്ടാവുന്ന പലവിധ അനുഭവങ്ങളിൽ ചെറിയൊരു ഭാഗം മാത്രമേ പകർത്താനാവൂ. തൊട്ടും കണ്ടും അനുഭവിച്ച ആ നിമിഷം ഒരാളുടെ മാത്രം സ്വന്തമാണ്. ആ ആനന്ദാനുഭൂതി വേണ്ടവിധത്തിൽ പ്രകാശിപ്പിക്കാൻ ഏറെ പ്രയാസമാണെന്നാണ് തോന്നിയിട്ടുള്ളത്.

അടുത്തിടയ്ക്കാണ് ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ ഞാൻ സന്ദർശിച്ചത്. കുട്ടിക്കാലം മുതൽ കേൾക്കുന്നുണ്ട് താജ് മഹലിനെപ്പറ്റി. ഷാജഹാന്റെയും മുംതാസിന്റെയും അനശ്വരപ്രണയം, മുംതാസിന്റെ മരണം, താജ്മഹൽ നിർമാണത്തിന്റെ പല ഘട്ടങ്ങൾ, പ്രധാന ശില്പി, നിർമിതവസ്തുക്കൾ, തൊഴിലാളികൾ, പണി തീർക്കാനെടുത്ത വർഷങ്ങൾ, നിർമാണച്ചെലവ്, വിവാദങ്ങൾ, വിമർശനങ്ങൾ തുടങ്ങി ഒരുപാട് വിവരങ്ങൾ വായിച്ചും കേട്ടും നന്നായറിയാം.

അടുത്തിടയ്ക്കാണ് ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ ഞാൻ സന്ദർശിച്ചത്

താജ്മഹൽ പറയുന്നത്ര വലിയ സംഭവമൊന്നുമല്ല എന്ന് കണ്ട ചിലർ പറഞ്ഞുകേട്ടിട്ടുമുണ്ട്. അതുകൊണ്ടുകൂടി താജ്മഹൽ കാണണം എന്നത് ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്നില്ല. പൊതുവെ മനുഷ്യനിർമിതിയോട് വലിയ താത്പര്യവുമില്ല. എന്നാൽ, ഡൽഹിയിലേക്കുളള ആദ്യ യാത്രയിൽ വിമാനത്തിൽ വെച്ച് വിസ്താരയുടെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും അതിൽ കടന്നുപോകുന്ന ഇടങ്ങൾ മനസ്സിലാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്കിടെ ജനാലയിലൂടെ താഴേക്കു നോക്കും. മിക്കവാറും കാഴ്ചയെ മേഘം മറയ്ക്കും. ചില നേരം താഴെയുള്ള പ്രദേശങ്ങൾ അവ്യക്തമായി കാണാനാവും. മറ്റു ചിലപ്പോൾ വ്യക്തമായി തെളിയും. എന്നാലും ഒരുപാടുയരത്തിൽ നിന്നുള്ള കാഴ്ചയായതുകൊണ്ട് പുഴകൾ, കൃഷിയിടങ്ങൾ, റോഡുകൾ, ഫാക്ടറികൾ എന്നിവയൊക്കെ മനസിലാവും. ബാക്കിയെല്ലാം നരച്ച വയലുകൾ, കുന്നുകൾ, ചിലയിടം പച്ച, ഇളം മഞ്ഞ...

വാറംഗലെന്നും നാഗ്പൂരെന്നും സ്ഥലപ്പേരുകൾ കാണുമ്പോൾ മാവോയിസ്റ്റുകളേയും എസ്. ഹരീഷിന്റെ മാവോയിസ്​റ്റ്​ എന്ന കഥയും ഓർമ വരും. നാഗ്പൂരിലെ ഓറഞ്ചുതോട്ടത്തെ ഓർമ വരും. ഓറഞ്ചുതോട്ടത്തിലേക്ക് യാത്ര പോയതിനെക്കുറിച്ച് ആരോ എഴുതിയ വിവരണം മനസ്സിൽ വരും.

ഭോപ്പാൽ കാണുമ്പോൾ മീഥൈൽ ഐസോസയനേറ്റ് എന്ന്,

ആൾവാർ, ഗ്വാളിയോർ, ത്സാൻസി എന്നൊക്കെ കാണുമ്പോൾ ഒന്നാം ലോകമഹായുദ്ധമെന്ന് ...

ആഗ്രയെന്ന് കാണുമ്പോൾ മാത്രമാണ് താജ്മഹലും ആഗ്ര കോട്ടയും മനസിലേക്ക് വരുന്നത്.

നമ്മൾ ഒരിടത്ത് ചെന്നെത്തുന്നു, കുറേ കാഴ്ചകൾ കാണുന്നു എന്നു മാത്രമല്ലല്ലോ. പരിചയപ്പെടുന്ന വ്യക്തികൾ, അവരുടെ അനുഭവങ്ങൾ, കാലാവസ്ഥ, പരിചയമില്ലാത്ത സഹയാത്രികർ തുടങ്ങി അനവധി കാര്യങ്ങളുണ്ട്​.

അങ്ങനെയാണ് നേരം കിട്ടിയാൽ ആഗ്രയിൽ പോകാം എന്ന് നിശ്ചയിക്കുന്നത്. നേരം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതിനായിട്ടുള്ള ശ്രമങ്ങളുണ്ട്. കൂടെയുള്ള പലരോടും പറയാതെ മുങ്ങുന്നതിന്റെ രസമുണ്ട്. വീട്ടിൽ പോലും പറയാതെയാണ് താജ് കാണാൻ പുറപ്പെടുന്നത്. നേരം കിട്ടിയാൽ പോകും എന്നേ പറഞ്ഞിട്ടുള്ളൂ. അങ്ങനെ മഹാത്ഭുതം കാണാൻ പല അത്ഭുതവഴികൾ പിന്നിട്ടാണെത്തുന്നതെന്ന തിരിച്ചറിവുമുണ്ട്. താജിനു മുന്നിലെത്തിയ നിമിഷം വീഡിയോ കോൾ ചെയ്യുന്നു വീട്ടിലേക്ക്. പതിവുവിളി എന്നേ അവർ കരുതുന്നുള്ളൂ. മൊബൈൽ ക്യാമറ താജിനു നേരെ തിരിക്കുന്നു. മറുവശത്ത് അത്ഭുതത്തിന്റെ ശബ്ദങ്ങൾ. ഞാനവിടെ എത്തി എന്നതാവാം. കാണുന്ന താജിൽ അത്ഭുതം കൂറിയാവാം.

കേട്ടു ഉടനെ, ‘ഞങ്ങളെ കൊണ്ടാകാതെ പോയല്ലേ'... അപ്പോൾ കാണിച്ചു കൊടുത്തതുകൊണ്ട് തൃപ്തരല്ല. വരണം. നഗ്‌നനേത്രങ്ങൾ കൊണ്ട് കാണണം. തൊടണം. ആ മണ്ണിൽ ചവിട്ടി സൗന്ദര്യാനുഭൂതി നുകരണം...

ഇതേ കാഴ്ച എന്നെ കാണിച്ചു തന്നാലും നേരിട്ട് കാണാനാവും ആഗ്രഹം.
നമ്മൾ ഒരിടത്ത് ചെന്നെത്തുന്നു, കുറേ കാഴ്ചകൾ കാണുന്നു എന്നു മാത്രമല്ലല്ലോ. പരിചയപ്പെടുന്ന വ്യക്തികൾ, അവരുടെ അനുഭവങ്ങൾ, കാലാവസ്ഥ, പരിചയമില്ലാത്ത സഹയാത്രികർ തുടങ്ങി അനവധി കാര്യങ്ങൾ. ജീവിതത്തിൽ ഏറ്റവും രുചിയുള്ള വെജിറ്റബിൾ ഫ്രൈഡ് റൈസ് കഴിച്ചത് മടക്കയാത്രയിലാണ്. പാകം ചെയ്തു കിട്ടാൻ വൈകിയതുകൊണ്ട് ബസ് വിടാൻ സമയമായിരുന്നു. തൃപ്തിയോടെ കഴിക്കാനാകാത്തതിന്റെ സങ്കടം. കുഞ്ഞുകാര്യമെങ്കിലും മനസ്സിലിന്നും തെളിഞ്ഞുനില്ക്കുന്നു. ഇത്തരം അനുഭവങ്ങൾ സ്വന്തമായി ലഭിക്കുമ്പോൾ കിട്ടുന്ന ആനന്ദവും മറ്റാരോ പകർത്തിയത് കിട്ടുന്നതും തമ്മിലും വലിയ അന്തരമുണ്ട്.

ഡൽഹിയിലേക്കുളള ആദ്യ യാത്രയിൽ വിമാനത്തിൽ വെച്ച് വിസ്താരയുടെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും അതിൽ കടന്നുപോകുന്ന ഇടങ്ങൾ മനസ്സിലാക്കുകയും ചെയ്തുകൊണ്ടിരുന്നു

ഒറ്റയ്‌ക്കൊക്കൊരു യാത്രയിൽ ബന്ധുവായ പെൺകുട്ടി ഗൈഡാവുന്നു. സത്യത്തിൽ ഒഫീഷ്യൽ ഡ്യൂട്ടിക്കിടയിൽ അവളെ സന്ദർശിക്കാൻ പോയതാണ്. ഞാനുമായി അത്ര അടുപ്പമുണ്ടായിട്ടില്ല. പക്ഷേ, ഞങ്ങളുടെ അടുപ്പം ദൃഢമാകുന്നത് ആ യാത്രയിലാണ്. അവളെന്നെ പുരാതനമായ ഒരു സ്മാരകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നെ, മാർക്കറ്റിൽ, മിഠായിക്കടയിൽ, മെട്രോ ട്രെയിനിൽ ... മാർക്കറ്റിലും മിഠായിക്കടയിലും അവിടുത്തെ പ്രാദേശിക ഭാഷയിൽ അവൾ വില പേശി. ഒഴിഞ്ഞൊരു പാർക്കിന്റെ മൂലയിലിരുന്ന് അവൾ ഭാവിയെപ്പറ്റി, വിവാഹത്തെപ്പറ്റി, നമ്മുടെ സാമൂഹികാവസ്ഥയെപ്പറ്റിയൊക്കെ വാചാലയായി ... നേരിട്ടുള്ള യാത്രകൾ നല്കുന്ന അപൂർവ്വം അനുഭവങ്ങളാണിവ.

ചില ഭൂപ്രദേശത്തിന്റെ പെയിന്റിംഗുകൾ, ഫോട്ടോകൾ ഒറ്റ ഫ്രെയിം മാത്രമെങ്കിലും നമ്മെ അവ ആ ദേശത്തേക്ക് കൊണ്ടു ചെന്നെത്തിക്കും. സ്വിറ്റ്‌സർലാൻഡിന്റെ ഗ്രാമ ദൃശ്യങ്ങൾ ഇങ്ങനെ മനസിൽ പതിഞ്ഞവയാണ്.

ഒരു വിർച്വൽ ടൂറിനും തരാൻ കഴിയാത്ത അവാച്യ സുന്ദരമായ കാഴ്ചകളിലൊന്ന് ഇടുക്കി അണക്കെട്ടിന്റേതാണ്. ദിഗന്തവ്യാപിയായ ശൈല നിരകൾക്കിടയിൽ തടാകത്തിലെ കടും പച്ച വെള്ളം. ക്യാമറ അവിടെ നിരോധിച്ചിരിക്കുന്നു. കണ്ണുകൊണ്ട് കാണണം. കാഴ്ചയെ ഹൃദയത്തിലേക്ക് ആവാഹിക്കണം. ചില യാത്രകളിൽ മൊബൈൽ ഫോൺ, ക്യാമറ ഇല്ലായിരുന്നുവെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ക്യാമറകൾക്ക് പകർത്താവുന്ന ദൃശ്യങ്ങൾക്ക് പരിമിതിയുണ്ട്. മാത്രമല്ല, ക്യാമറക്കണ്ണിലൂടെയാണ് പലയിടങ്ങളും കാണുന്നതും.

ചില ഭൂപ്രദേശത്തിന്റെ പെയിന്റിംഗുകൾ, ഫോട്ടോകൾ ഒറ്റ ഫ്രെയിം മാത്രമെങ്കിലും നമ്മെ അവ ആ ദേശത്തേക്ക് കൊണ്ടു ചെന്നെത്തിക്കും. സ്വിറ്റ്‌സർലാൻഡിന്റെ ഗ്രാമ ദൃശ്യങ്ങൾ ഇങ്ങനെ മനസിൽ പതിഞ്ഞവയാണ്. ഒരിക്കൽ അവിടെ ചെന്നെത്തിയപ്പോൾ സ്വിസ് ഗ്രാമങ്ങൾ അങ്ങനെ തന്നെയാണോ എന്നറിയാൻ വെമ്പി. അങ്ങനെ എന്നു മാത്രമല്ല അനുപമ സുന്ദരമായിരുന്നു ആ ഗ്രാമങ്ങൾ. ജനീവത്തടാകതീരത്തെ നിയോൺ എന്ന ചെറുപട്ടണത്തിലെ കാഴ്ചകൾ ഇന്നും വിവരിക്കാൻ എനിക്ക് കഴിയാതെ പോകുന്നു. കാഴ്ചയുടെ ഭ്രമത്തിൽ മുഴുകി എത്രയോ നേരം നിന്നിട്ടുണ്ട്. നേരിട്ടുള്ള കാഴ്ചയുടെ സൗന്ദര്യം വിവരിക്കാൻ വാക്കുകളോ ക്യാമറയോ മതിയാകില്ല. കണ്ണുകളുടെ വില തിരിച്ചറിയുന്ന നിമിഷം കൂടിയാണത്.

ചിലപ്പോൾ യാത്രകൾ ജീവജാലങ്ങളെ പരിചയപ്പെടുത്തും. മേപ്പിൾ മരം എന്നും ചിത്രങ്ങളിലെ കണ്ടിരുന്നുള്ളൂ. ആദ്യമായി മേപ്പിൾ കണ്ടത് ഇപ്പോഴും ഓർക്കുന്നു. വസന്തകാലത്തിന്റെ തുടക്കത്തിൽ മേപ്പിളിൽ തളിരിലകൾ നിറഞ്ഞിരുന്നു. ദൂരെ നിന്നെ ആ മരം ശ്രദ്ധയിൽപ്പെട്ടു. അതിന്റെ ചുവട്ടിൽ ചെന്ന് മുകളിലേക്ക് നോക്കിയിരുന്നു. തടി, ശാഖകൾ, ഇലകൾ എല്ലാം നോക്കിയിരുന്നു. വഴിയരുകിലെ ഓരോ പുൽക്കൊടിയേയും ശ്രദ്ധിച്ച നിമിഷങ്ങളുണ്ട്.

ഒരുച്ചക്ക് കൊട്ടാക്കമ്പൂരിലെ വഴിയിലൂടെ നടക്കുമ്പോൾ പെട്ടെന്ന് മഴ പെയ്തു. അതത്ര വിചാരിച്ചിരുന്നില്ല. മഴ വീണുതുടങ്ങി. ആലിപ്പഴങ്ങളോടെ... ഞങ്ങൾ അടുത്തു കണ്ട കുടിലിനരുകിലേക്ക് കയറി നിന്നു. ചാറ്റലടിച്ചിട്ട് ഞങ്ങളുടെ തല നനയുന്നില്ലന്നേയുള്ളു. മഴ ഇപ്പോൾ മാറുമെന്ന തോന്നലുണ്ട് ഞങ്ങൾക്ക്.
പക്ഷേ, ആ വീട്ടിലെ അക്കയുമണ്ണനും ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. മടിച്ചു നിന്നപ്പോൾ, ഒരു മണിക്കൂറു കഴിയും ഈ മഴ തോരാനെന്ന് അവർ പറഞ്ഞു.

വീട്ടിൽ നിന്നൊരു ദിവസം പുറത്തിറങ്ങുക. റോഡരികത്ത് കാത്തു നില്ക്കുക. വരുന്ന ബസിന്റെ ബോർഡ് വായിക്കുക. ബസിൽ കയറി അവസാന സ്റ്റോപ്പിലിറങ്ങുക. നാട്ടുവഴികളിലൂടെ നടക്കുക. വഴിയരുകിൽ കാണുന്ന പെട്ടിക്കടയിൽ നിന്ന് ഒരു നാരങ്ങാവെള്ളം വാങ്ങി കുടിക്കുക. കൂട്ടത്തിൽ ആ ദേശത്തെപ്പറ്റി ചോദിച്ചറിയുക.

മഴ വരുന്നതും അതു മാറാനെടുക്കുന്ന സമയവുമൊക്കെ കൃത്യമായി മനസ്സിലാക്കുന്ന കാലാവസ്ഥ നിരീക്ഷകർ!
രണ്ടുമുറി കുടിലാണത്. മുറിയെന്നൊക്കെ പറയുന്നത് അതിവിശേഷണമായിപ്പോകും. മുളവാരിയിൽ കളിമണ്ണുതേച്ചു മിനുക്കിയ ഭിത്തി. ചാണകത്തറ. ഇരിക്കാനുള്ള സംവിധാനങ്ങളൊന്നുമില്ല.

രണ്ട് അരികുകളും വിട്ടുപോയ പുൽപ്പായ അവർ നിവർത്തിയിട്ടു. ഒരു മുറിയിൽ മുളങ്കട്ടിലുണ്ട്. അതിനു മുകളിൽ വെളുത്തുള്ളി വെച്ചിരിക്കുന്നു. നിലത്തും വെളുത്തുള്ളി തന്നെ. ഒരിടത്ത് ഉണങ്ങിയ ബീൻസ് കൂട്ടിയിട്ടിട്ടുണ്ട്. അവിടെ നിലത്തിരുന്ന് വെളുത്തുള്ളിയുടെ വേരും വാടിയ ഇലയും നീക്കുകയാണ് അഞ്ചുപേർ. എൺപതു വയസ്സിനു മുകളിൽ പ്രായമുള്ള പാട്ടി (വൃദ്ധ), അവരുടെ രണ്ടു ചെറുമക്കളും ഭർത്താക്കന്മാരും. അതിൽ ഒരാളുടെ മൂന്നുവയസ്സുകാരൻ മകൻ ഇപ്പുറത്തെ മുറിയിൽ അക്കയ്ക്കും അണ്ണനുമൊപ്പമാണ്. അവർ ബീൻസിന്റെ തൊലികളഞ്ഞ് വിത്തുവേർപെടുത്തിക്കൊണ്ടിരുന്നു. അവരുടെ വിരലുകൾ കറപുരണ്ടും തഴമ്പായുമിരുന്നു.

ആ മുറിയിലായിരുന്നു അടുപ്പ്. അടുപ്പിനുമുകളിൽ ചേര്. ചേരിലും വെളുത്തുള്ളി തന്നെ. അന്നേദിവസം അടുപ്പു കത്തിച്ചതാണെന്ന് തോന്നിയില്ല. ഓടിന്റെയും പിച്ചളയുടേയും സ്റ്റീലിന്റെയും പാത്രങ്ങൾ തേച്ചുമിനുക്കി മുളന്തട്ടിൽ കമിഴ്ത്തി വെച്ചിട്ടുണ്ട്. ബീൻസ് തൊലികളഞ്ഞെടുക്കുന്നത് ഭക്ഷണത്തിനാവാം. ഉച്ചയൂണിന്റെ സമയമായിട്ടുണ്ട്. ഇത് ഭക്ഷണത്തിനാണോ എന്ന ചോദ്യത്തിന് അവർ നിഷേധാർത്ഥത്തിൽ തലവെട്ടിച്ച് വിത്തിനാണെന്ന് ഓർമപ്പെടുത്തി. ഒരു മൂലയിൽ കുന്നോളം ബീൻസിൻ തൊലികൾ.

പുറത്ത് അസ്ഥിയുറക്കുന്ന തണുപ്പായിരുന്നെങ്കിൽ ആ മുറിക്കുള്ളിൽ ഇളംചൂട് തോന്നിച്ചു.

വിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ ആരണ്യക് നോവലിലെ ഒരു ഭാഗം ഓർമ വരുന്നു.

കൊയ്ത്തുകാരായി വന്ന നക്ച്ഛേദിയുടെ കുടിലിലേക്ക് എത്തിനോക്കിയ കഥാനായകൻ അത്ഭുതപ്പെടുന്നുണ്ട്.

‘അവിടെ കിടക്കാനോ ഇരിക്കാനോ ഉളള സാമാനം എന്നുപറയാൻ ഒന്നും തന്നെ ഇല്ല. മുറിക്കകത്തെ തറയിൽ മാത്രം കുറച്ച് ഉണക്കപ്പുല്ല് വിരിച്ചിട്ടുണ്ട് കിടക്കാൻ. പാത്രങ്ങളുടെ കൂട്ടത്തിൽ ഒരു വളരെ വലിയ ഓട്ടുപാത്രവും ഒരു ലോട്ടയും. വസ്ത്രമായിട്ട് അവരവർ ഉടുത്തിട്ടുളളതല്ലാതെ ഒരു തുണ്ടു തുണിപോലു അവിടെയെങ്ങും കണ്ടില്ല. എന്നാൽ ഉണ്ടെങ്കിൽ തന്നെ ഈ ഭയങ്കരമായ മഞ്ഞത്ത് ഇവർക്ക് പുതയ്ക്കാനെന്തോന്നാ? കമ്പിളി എവിടെ?'

അക്കാര്യം ചോദിച്ചപ്പോൾ നക്ച്ഛേദി പറഞ്ഞു; കുടിലിന്റെ കോണിൽ പയറ്റിൻതൊലി കണ്ടില്ലേ കൂട്ടിയിട്ടിരിക്കന്നത്?

പയറിന്റെ തൊലി തീ കത്തിക്കാനാണോ രാത്രിയിൽ? കഥാനായകൻ കാര്യം മനസ്സിലാവാതെ ചോദിച്ചു.

നക്ച്ഛേദി, അയാളുടെ വിവരക്കുറവുകണ്ട് ചിരിച്ചു.
‘അതിനല്ല ബാബുജി, പയറുതൊലിക്കകത്തു കയറി കുട്ടികൾ കിടക്കും, ഞങ്ങളും അതു മേത്തുവാരിയിട്ടോണ്ടാ കിടക്കുന്നത്. കണ്ടില്ലെ, കുറഞ്ഞത് അഞ്ചു മന്ന്​തൊലി കൂട്ടിയിട്ടിരിക്കുന്നത്? വളരെ സുഖമാ പയറ്റിൻ തൊലിയിൽ, രണ്ടു കമ്പിളി പുതച്ചാലും ഇത്രയും സുഖം കിട്ടുകയില്ല. മാത്രമല്ല, ഞങ്ങൾക്കെവിടുന്നാ കമ്പിളി കിട്ടുന്നത്? പറയൂ'

ഏതാണ്ട് അറുപത് വർഷം മുമ്പെഴുതിയ ബംഗാളി നോവലിലെ കഥാപാത്രങ്ങളെ ഇപ്പോഴും കൺമുന്നിൽ കാണുന്നു. നോവലിലല്ലെന്നു മാത്രം.

അക്കയുടെ മൂന്നുവയസ്സുകാരൻ പേരക്കുട്ടി മൂക്കളയൊലിപ്പിച്ച്, ബട്ടണുകൾ പൊട്ടി, നിറം മങ്ങി, പലയിടത്തും പിഞ്ഞിത്തുടങ്ങിയ ഷർട്ടിട്ടിരുന്നു. കളിപ്പാട്ടത്തിന്റെ മുറിപോലും അവിടെങ്ങും കണ്ടില്ല. ഇവന് ഉച്ചയ്ക്ക് കഴിക്കാൻ ഒന്നും കൊടുക്കണ്ടായിരിക്കുമോ? ഇവന് നല്ല വിദ്യാഭ്യാസം കൊടുക്കാൻ ഇവർക്കാകുമോ?

അക്ക അടുപ്പിൽ തീ കത്തിച്ച് കട്ടൻചായ ഉണ്ടാക്കി തന്നു ഞങ്ങൾക്ക്. അതിലൊരോഹരി അവനും.

അവർ കർഷകരാണ്. വെളുത്തുള്ളിയും ബീൻസും പ്രധാനം. ഊരുകാരായതുകൊണ്ട് പട്ടികജാതി- വർഗ ആനുകൂല്യങ്ങൾക്കൊന്നും അർഹരല്ല. പണ്ട് തായ്താപ്പന്മാരായി തമിഴ്നാട്ടിൽനിന്ന് കൊടൈക്കാടുകൾ കയറി വന്നവരാണ്. നിലവിലവർക്ക് ജാതിയില്ല.

അവർ ഉച്ചയ്ക്ക് ഊണു കഴിക്കാറില്ലെന്ന് മഴതോർന്ന് നടക്കുമ്പോൾ പരിചയപ്പെട്ട മലയാളിയാണ് പറഞ്ഞത്. വൈകിട്ടു മാത്രമാണ് ഭക്ഷണം വെയ്ക്കുന്നത്. ബാക്കിയുണ്ടെങ്കിൽ രാവിലെ കഴിച്ച് പാത്രങ്ങൾ കഴുകി മിനുക്കിവെയ്ക്കും. പിന്നെ, പാടത്തും പറമ്പിലും... കടം വാങ്ങാൻ പോകാറില്ല. ഉളളതുകൊണ്ടു ജീവിക്കും. ചെറുകിട കൃഷിക്കാർക്ക് അടിസ്ഥാന സൗകര്യത്തോടെ ജീവിക്കാനുള്ള അവസ്ഥപോലുമില്ല പലപ്പോഴും.
ആ ജീവിതരീതി അവിടെ എല്ലാവർക്കുമുളളതുകൊണ്ടാവണം വട്ടവട ആദ്യത്തെ വ്യവഹാര വിമുക്ത ഗ്രാമമായി മാറിയതും.

വിവിധ സംസ്‌കാരങ്ങളെ പരിചയപ്പെടാൻ, പുതിയ ആളുകളെ കണ്ടുമുട്ടാൻ, പ്രാദേശിക ഭക്ഷണങ്ങൾ പരീക്ഷിക്കാൻ, ഓർമകൾ നിറയ്ക്കാൻ യാത്ര സഹായിക്കുന്നു.

വിശാലമായ ലോകവീക്ഷണം ഉണ്ടാക്കിയെടുക്കാനും പുതിയ ആശയങ്ങളിലേക്കും സാധ്യതകളിലേക്കും മനസ്സ് തുറക്കാനും സഹായിക്കും. മറ്റൊന്ന് എല്ലാവരും കംഫർട്ട് സോൺ ഇഷ്ടപ്പെടുന്നുവെന്നതാണ്. യാത്രകൾ കംഫർട്ട് സോണിൽ നിന്ന് പുറത്തു കടക്കാൻ പ്രേരിപ്പിക്കും. സ്വാശ്രയത്വം വളർത്തുന്നതിനും ആത്മവിശ്വാസം ബലപ്പെടുത്തുന്നതിനും യാത്രകൾ നമ്മെ സഹായിക്കുന്നു.

യാത്ര നമ്മളിലെ നമ്മളെ കണ്ടെത്താനും പുതുക്കാനും സഹായിക്കുന്നു

ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷപ്പെടാനും വിശ്രമിക്കാനും സ്വയം റീചാർജ് ചെയ്യാനും സാധിക്കുന്നു. പുതിയ ആളുകളെ കണ്ടുമുട്ടാനും സൗഹൃദം വളർത്തിയെടുക്കാനും യാത്രകൾ അവസരമൊരുക്കും.

യാത്ര നമ്മളിലെ നമ്മളെ കണ്ടെത്താനും പുതുക്കാനും സഹായിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും, യാത്രകൾ ചെലവേറിയതും സമയമെടുക്കുന്നതുമാണ്. കാലതാമസം, റദ്ദാക്കൽ, അല്ലെങ്കിൽ ആരോഗ്യ-സുരക്ഷാ ആശങ്കകൾ എന്നിവ പോലുള്ള അപകടസാധ്യതയോ അസൗകര്യമോ ഉണ്ടാകാം.

വെർച്വൽ യാത്ര, വീടിന്റെയോ ഓഫീസിന്റെയോ സുഖസൗകര്യങ്ങളിൽ നിന്ന് വ്യത്യസ്ത സ്ഥലങ്ങളും സംസ്‌കാരങ്ങളും പരിചയപ്പെടാനുള്ള അവസരമൊരുക്കുന്നു. സമയവും പണവും അപകട സാധ്യതകളുമൊക്കെയുള്ള യാത്രകളേക്കാൾ താങ്ങാവുന്നതും സൗകര്യപ്രദവുമാണ് വിർച്വൽ യാത്രകൾ.

ഗൂഗിൾ എർത്ത് വന്ന സമയത്ത് പലയിടങ്ങളും കാണാനാവുമോ എന്ന് നോക്കുമായിരുന്നു. ‘ദാ, ഇവിടെയാണ് ദേവിയാർ കോളനിയിലെ വീട്' എന്ന് പറയാനേ സാധിക്കൂ.

പണം, സമയം എന്നിവയ്ക്ക് വലിയ ചെലവില്ലെന്നതാണ് യാത്രാവിവരണങ്ങളും വിർച്വൽ ടൂറും വീഡിയോ കണ്ടാശ്വസിക്കലുമൊക്കെ. ഗൂഗിൾ എർത്ത് വന്ന സമയത്ത് പലയിടങ്ങളും കാണാനാവുമോ എന്ന് നോക്കുമായിരുന്നു. ‘ദാ, ഇവിടെയാണ് ദേവിയാർ കോളനിയിലെ വീട്' എന്ന് പറയാനേ സാധിക്കൂ. ഉപഗ്രഹ ചിത്രമായതുകൊണ്ട് ഇത് സ്‌കൂൾ, ഇത് പള്ളിക്കൂടം പറമ്പ്, ഇത് പാലം എന്നൊക്കെ ചൂണ്ടിക്കാണിക്കാം. എവിടെയിരുന്നും വീട് കാണാം എന്നൊക്കെ ഭംഗിക്ക് പറയാം. കുരുമുളക് തിരിയിട്ടോ, വാഴ കുലച്ചോ, മുമ്പ് അമ്മച്ചിക്ക്? കൊണ്ടുപോയി കൊടുത്ത ഉങ്ങ് വളർന്നോ, കസ്തൂരി മഞ്ഞൾ വിളഞ്ഞോ എന്നൊക്കെ എങ്ങനെയാണ് അറിയുക? വീടിനുപുറകിലെ മല പോലും നിരന്ന് സമതലക്കാഴ്ച തരുന്നു. ആ കാഴ്ച ഒട്ടും മനോഹരമല്ല. ഇതാണെന്റെ ദേശം എന്നേ ഗൂഗിൾ എർത്ത് നൽകുന്നുള്ളൂ. വീട്ടിലേക്ക് പോകുന്നതും എനിക്ക് യാത്രയാണ്. കുഞ്ഞുകുഞ്ഞു കാര്യങ്ങളിലേക്കുള്ള യാത്ര!

പക്ഷേ?, ആകാശക്കാഴ്ചകൾ ചില തിരിച്ചറിവുകൾ നല്കുന്നുണ്ട്. ഹോമോ സാപിയൻസ് എന്ന ജീവിവർഗത്തിന്റെ പ്രയാണത്തിന്റെ അടയാളപ്പെടുത്തലുകൾ. എത്രയെത്ര ജനപദങ്ങൾ.

മനുഷ്യന്റെ ശക്തിയെ, മനുഷ്യൻ ജീവിക്കുന്ന ലോകത്തെ, അത്ഭുതത്തോടും അമ്പരപ്പോടും കൂടിയല്ലാതെ നോക്കിക്കാണാൻ കഴിയാറില്ല. മഞ്ഞു മലങ്ങൾക്കിടയിൽ എവിടെയൊക്കെയോ മാത്രം മനുഷ്യന് സ്വസ്ഥമായി ജീവിക്കാമെന്ന് കണ്ടുപിടിച്ച ആ പൂർവികരെ നമിക്കുന്നു.

പ്രകൃതിയുടെ വിസ്മയം എന്നതുപോലെ മനുഷ്യൻ ഒരു സമസ്യയായി എന്റെ മുന്നിൽ നിന്നു. എലിയട്ട് വേസ്റ്റ് ലാൻഡിൽ പാടിയതുപോലെ ഭൂമി ജീവിക്കാൻ സാധിക്കുന്ന ഒരു ഗ്രഹമല്ല. പക്ഷേ, ഇവിടെ മനുഷ്യൻ സുരക്ഷിതമെന്ന് അവരുടേതായ രീതിയിൽ അവകാശപ്പെട്ട് ജീവിക്കുന്നു. ഭൂപ്രകൃതിയും കാലാവസ്ഥയും അനുസരിച്ച് പച്ചമനുഷ്യർ അവരുടെ നിയമങ്ങളും ചട്ടക്കൂടുകളും ജീവിതരീതിയും സംസ്‌കാരവും ഉണ്ടാക്കിയിരിക്കുന്നു. ഒരിടത്തു നിന്ന് മറ്റൊരിടം വ്യത്യസ്തമാകുന്നത് അതുകൊണ്ടൊക്കെയാവണം. എല്ലാ മനുഷ്യരുടെയും നേട്ടങ്ങൾക്കുപിന്നിൽ ഒരുപാട് ത്യാഗത്തിന്റെയും ഒരുപാട് ചിന്തയുടെയും ബുദ്ധിയുടെയും ഫലമുണ്ട് . പക്ഷേ അത് തിരിച്ചറിയാതെ നാം പൊരുതുന്നു . കറുത്തവരും വെളുത്തവരും തമ്മിൽ അകലം കൽപ്പിക്കുന്നു. ഈ ആകാശത്തിന്റെ അതിര് എവിടെയാണ്? ഹോമോ സാപ്പിയൻസ് എന്ന മനുഷ്യവർഗം യഥാർത്ഥ മനുഷ്യനിലേക്ക് മനുഷ്യത്വത്തിലേക്ക് എത്ര ദൂരം കൂടി സഞ്ചരിക്കേണ്ടി വരും! ദൈനംദിനം ഇടപെടുന്ന ഹോമോ സാപ്പിയനിൽ ഞാൻ എന്ന മനുഷ്യൻ എവിടെയെത്തിയെന്ന് ആലോചിക്കുന്നു.

സ്ത്രീകളെ സംബന്ധിച്ച്, അരികുവത്ക്കക്കരിക്കപ്പെട്ടരെ സംബന്ധിച്ച് ഇപ്പോഴും യാത്രകൾക്ക് പരിമിതിയുണ്ട്. നമ്മുടെ വ്യവസ്ഥിതി ഇപ്പോഴും മാറിയിട്ടില്ല. മാറ്റങ്ങളുണ്ട് - ഇല്ലെന്നല്ല.

ഇത്തരം ആലോചനകൾക്ക് ഉപഗ്രഹ ചിത്രങ്ങൾ/ആകാശക്കാഴ്ചകൾ വഴി തെളിയിക്കുന്നുണ്ട്. പക്ഷേ, ഇതൊന്നുമല്ല ശരിക്കും ഒരിടത്ത് ചെന്നെത്തുക എന്നത്. അതിനായി യാത്ര പോയി തന്നെ ലോകത്തെ അറിയേണ്ടതാണ്. ശരീരം കൊണ്ടും മനസുകൊണ്ടും പോവുക എന്നതാണ്.

ഒരുപാട് ദൂരത്തേക്കല്ല. തൊട്ടടുത്തേക്കെങ്കിലും. സ്ത്രീകളെ സംബന്ധിച്ച്, അരികുവത്ക്കക്കരിക്കപ്പെട്ടരെ സംബന്ധിച്ച് ഇപ്പോഴും യാത്രകൾക്ക് പരിമിതിയുണ്ട്. നമ്മുടെ വ്യവസ്ഥിതി ഇപ്പോഴും മാറിയിട്ടില്ല. മാറ്റങ്ങളുണ്ട് - ഇല്ലെന്നല്ല. പക്ഷേ, ഭൂരിപക്ഷത്തിനും യാത്രയിന്നും സ്വപ്നം മാത്രമാണ്.
അപ്പോഴാണ് നമുക്ക് ചെറുയാത്രകൾ സാധ്യമാകുന്നത്. ഓരോ യാത്രയും ഓരോ അനുഭവമാണ്. അത് പുതിയ ലോകത്തെ കാണിച്ചുതരുന്നു. മനസ് വിശാലമാക്കുന്നു.

കുറേ വർഷങ്ങൾക്ക് മുമ്പാണ്. വയനാട്- കർണാടക അതിർത്തിയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയി. പെണ്ണു കണ്ടെത്തിയത് കർണാടകയിലെ ഹുൻസൂറിൽ നിന്ന്. മൂന്നുദിവസം അവധിയെടുത്ത് പുറപ്പെടുമ്പഴേ ഹുൻസൂറു പോകണമെന്ന് തീരുമാനിച്ചിരുന്നു. കല്ല്യാണവണ്ടിയിൽ ഇടിച്ചുകേറേണ്ടിവരും. എന്നാലും സാരമില്ല. പുതിയ കാഴ്ചകൾ കാണുകമാത്രമായിരുന്നു ലക്ഷ്യം.

ഏതായാലും അഞ്ചോ ആറോ ജീപ്പുകളുണ്ടായിരുന്നതിലൊന്നിൽ ഞങ്ങൾ കുറേ പെണ്ണുങ്ങൾ ഇടിച്ചുകയറിയിരുന്നു. കേരളാ അതിർത്തി കടന്ന് കുട്ട കഴിഞ്ഞ്, നാഗർഹോള രാജീവ് ഗാന്ധി ദേശീയ ഉദ്യാനത്തിൽ പ്രവേശിച്ചു. ഇരുവശവും വനം. ഇടക്ക് മാൻകൂട്ടം. ചിലപ്പോൾ ഒറ്റക്ക്. വഴിയരികിൽ കറുത്തൊരു പാറ കണ്ടപ്പോൾ ആന, ആന എന്ന് കൂടെയുണ്ടായിരുന്നു കൊച്ചുപിള്ളേർ ഒച്ചവെച്ചു.
ആറുമണിക്കുശേഷം ഇതിലെ കടത്തിവിടില്ലത്രേ. ഹുൻസൂറിലെത്താൻ നാഗർഹോളവഴിയാണ് എളുപ്പവും. മുർകിൽ ആന പരിശീലനകേന്ദ്ര ത്തിനടുത്തുകൂടി കടന്നുപോകുമ്പോൾ അഞ്ചാറനകളെ നിരത്തി തളച്ചിട്ടിരിക്കുന്നതു കണ്ടു.

തോൽപ്പെട്ടിയിൽ നിന്ന്​ ഏതാണ്ട് 60-65 കിലോമീറ്റർ വരും ഹുൻസൂറിലേക്ക്. ഈ ദൂരമത്രയും വനമാണെന്ന് പറയാം. ഇടക്ക് ഒറ്റപ്പെട്ട കൊച്ചുഗ്രാമങ്ങളൊഴിച്ചാൽ. കൊച്ചുകൊച്ചു കുടിലുകൾ. ഒറ്റമുറി ഓടുവീടുകൾ...ഒന്നുരണ്ടു ഉണങ്ങിയ കൈത്തോടുകളല്ലാതെ പുഴയോ തോടോ ഒന്നുമില്ല. വിജനം.

ഹുൻസൂറ് അടുക്കാറായപ്പോഴാണ് കിളച്ചുമറിച്ച വയലുകൾ കാണാനായത്. ഇഞ്ചികൃഷിക്കാണത്രേ. പാട്ടത്തിനെടുത്ത് കൃഷി നടത്തും. വയനാട്ടിൽ നിന്ന് പണിക്കു കൊണ്ടുവരുന്ന സ്ത്രീകളെക്കുറിച്ച് പിന്നീടൊരു വിവരവും കിട്ടാറില്ല. ലൈംഗിക പീഡനമാണ് കാരണമായി പറയാറ്. പക്ഷേ സ്ഥലം കണ്ടാൽ വെള്ളം കുടിക്കാൻ കിട്ടാതെ ദാഹിച്ചു... ദാഹിച്ച്...
അങ്ങനെയാണ് വരണ്ട പാടങ്ങൾ കണ്ടാൽ തോന്നുക. ചോളം, കടുക്, നിലക്കടല, പച്ചമുളകു തോട്ടങ്ങൾ കടന്ന് ഹുൻസൂറിലെത്തി.
ഒരു മുഴം മുല്ലപ്പൂവിന് കോഴിക്കോട് 8-10 രൂപയാണ് വിലയെങ്കിൽ അവിടെ 30 രൂപ. ഓറഞ്ചിന് അറുപതും എഴുപതും. മലയാളികളാണ്. കന്നട അറിയില്ല എന്നോർത്താണോ എന്തോ ഈ വിലപറിച്ചിൽ.

ബദാംപാലും ഒരു പൊതിയും തന്ന് ഞങ്ങളെ സ്വീകരിച്ചു പെൺവീട്ടുകാർ. ( അവർ മലയാളികളാണ്). പൊതിതുറന്നപ്പോൾ മൈസൂർപാക്കും ജിലേബിയും. ചുവന്ന ബിരിയാണി ആദ്യമായിട്ട് കാണുകയായിരുന്നു. അതുപോലെ ബദാംപാലും. ബിരിയാണി അരി കണ്ടാൽ മട്ട അരി പോലുണ്ട്. ബിരിയാണി വേണ്ടാത്തവർക്ക് വെള്ളച്ചോറുണ്ട്. അത് വെച്ചു കോരിയതോ വാർത്തെടുത്തതോ അല്ല. വറ്റിച്ചെടുത്തത്. സാമ്പാർ കണ്ട് ഞെട്ടി. പരിപ്പുണ്ട്. പിന്നെക്കുറെ ഇലകൾ. പായസം പോലൊരു സാധനം കിട്ടി. കണ്ടപ്പോൾ മത്തങ്ങയും പയറും എരിശ്ശേരിയാണെന്നാണ് വിചാരിച്ചത്. തൊട്ട് നാക്കിൽ വെച്ചവർ പായസം എന്ന പേരു കൊടുത്തു. നെയ് കുത്തുന്നു. ഒപ്പം മധുരവും. മിൽക് പേഡയുടെ രുചി.

കല്യാണപ്പെണ്ണിന്റെ കരച്ചിലിനും പിഴിച്ചിലിനുമിടയിലൂടെ ഞങ്ങൾ വണ്ടിയിൽ കയറി. ഡ്രൈവർ പയ്യൻ ജിപ്പ് സ്റ്റാർട്ട് ചെയ്തു. നല്ല വെയിൽ. ഇങ്ങോട്ടുവന്ന ഉത്സാഹമൊന്നും ആർക്കുമില്ല. ആഹാരത്തെക്കുറിച്ച് കുറ്റം പറഞ്ഞ് ഉറക്കത്തിലേക്ക് വഴുതാൻ തുടങ്ങുകയാണ് എല്ലാരും.
‘ഇവിടെത്തെ രീതി ഇതാണ്. നമ്മുടെ അടുത്ത് ഇവർ വരുമ്പോൾ ബിരിയാണി എന്താ വെളുത്തിരിക്കുന്നതെന്ന് ചോദിച്ചേക്കാം'. സമാധാനിക്കാൻ ഞാൻ പറഞ്ഞു. ഇത്രയൊക്കെ ആയപ്പോഴാണ് സുന്ദരമായ കാഴ്ചകളിലേക്കെത്തിയത്. കണ്ണെത്താദൂരത്തോളം പാടം. മിക്കതും കൃഷിയൊന്നുമില്ലാതെ ഒഴിഞ്ഞു കിടക്കുന്നു.

ചിലയിടത്ത് ചോളപ്പാടം. അതിന് നനക്കുന്നുണ്ട്. കടുകും കാബേജും നിലക്കടലയുമുണ്ട്. കുറെക്കൂടി പോയപ്പോൾ ഇടക്കൊക്കെ തെങ്ങുകൾ. അപ്പോൾ ഒരു സംശയം. വരുമ്പോൾ കാടായിരുന്നല്ലോ.
ഇതിപ്പോൾ? റോഡിന് മാറ്റമൊന്നുമില്ല. വീണ്ടും വരണ്ടപാടങ്ങൾ. കാടായിരുന്നു വരുമ്പോൾ. ഇരുവശവും കാട്. കണ്ണെത്താദൂരം എന്ന അവസ്ഥ കണ്ടിട്ടില്ല. ഇങ്ങോട്ടു പോരുമ്പോൾ ഉറങ്ങിയിരുന്നോ? ഇല്ല. ഉറങ്ങിയില്ലെന്നു തന്നെയാണ് ഓർമ. പുറകോട്ട് നോക്കി. കൂട്ടത്തിലെ വണ്ടികളൊന്നുമില്ല. മുന്നിലും ഒന്നും കണ്ടില്ല.

ഹുൻസൂറ് അടുക്കാറായപ്പോഴാണ് കിളച്ചുമറിച്ച വയലുകൾ കാണാനായത്. ഇഞ്ചികൃഷിക്കാണത്രേ. പാട്ടത്തിനെടുത്ത് കൃഷി നടത്തും. വയനാട്ടിൽ നിന്ന് പണിക്കു കൊണ്ടുവരുന്ന സ്ത്രീകളെക്കുറിച്ച് പിന്നീടൊരു വിവരവും കിട്ടാറില്ല. ലൈംഗിക പീഡനമാണ് കാരണമായി പറയാറ്.

വഴിയിലൊരാളെ കണ്ടതെ ഡ്രൈവർ പയ്യൻ വണ്ടി നിർത്തി ചോദിച്ചു.
‘നാഗരഹോള വളി ഇല്ലി?'
അയാൾ നേരെ എന്ന് ആഗ്യം കാട്ടി.
നേരേ കുറേ ദൂരം പോയപ്പോൾ പയ്യന് തോന്നി ഇതല്ല വഴിയെന്ന്.
ഞങ്ങൾ കുറേ പെണ്ണുങ്ങൾ. കൈയ്യിൽ ഫോണുണ്ട്. കാര്യമില്ല. റേഞ്ചില്ല. എവിടെയെങ്കിലും ചെന്ന് ബുത്തിൽ നിന്ന് കൂടെയുള്ളവർക്ക് വിളിക്കാമെന്നു വെച്ചാൽ ആർക്ക്? ഒരിടത്തും റേഞ്ചില്ല.

മണി നാലാവുന്നു. രാജീവ് ഗാന്ധി ദേശീയോദ്യാനത്തിലേക്ക് ആറുമണികഴിഞ്ഞാൽ കയറ്റി വിടില്ല. പിന്നെ വളഞ്ഞുചുറ്റി വേറെയേതോ വഴിക്കു പോകണം.
പയ്യൻ വണ്ടി തിരിച്ചു.
വഴിതെറ്റിയോ? പിന്നിൽ നിന്ന് കൂക്കുവിളി.

തിരിച്ചുവരവിൽ മൂന്നും കൂടിയ കവലക്ക് വണ്ടി നിർത്തി ഒരാളോട് ചോദിച്ചു.
‘നാഗരഹോള റോഡ് ഇല്ലി? റോഡ്... റോഡ്...'
ഡ്രൈവർ പയ്യൻ എന്താണ് ചോദിക്കുന്നത്. ഇവന് കന്നട അറിയുമോ?‘right 5 km and left' എന്നയാൾ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചപ്പോൾ സംശയം തീർക്കാൻ വേറൊരാളോട് ചോദിച്ചു.
അവസാനത്തെ left അയാൾക്ക് right ആയി. ഏതായാലും ആദ്യത്തെ right ഒന്നു തന്നെയാണല്ലോ എന്നു വിചാരിച്ച് വണ്ടി തിരിച്ചു. ഇംഗ്ലീഷിൽ ഒരു ബോർഡുകണ്ടു. ‘gurupura'.
പക്ഷേ, വണ്ടി തിരിച്ചപ്പോൾ മുതൽ ചൈനക്കാരെപ്പോലെയുള്ള മഞ്ഞ മനുഷ്യരെയാണ് കാണുന്നത്. ഒരു കടയുടെ മുന്നിൽ നിർത്തി അവിടെ നിന്ന മഞ്ഞ മനുഷ്യനോട് ചോദിച്ചു, 'നാഗരഹോള ഇല്ലി? '
അയാൾ ഒന്നും മനസ്സിലാവതെ അറിയില്ലെന്ന് ആംഗ്യം.

ഗുരുപുരയിലെ ടിബറ്റൻ അഭയാർത്ഥി സെറ്റിൽമെന്റിലായിരുന്നു ഞങ്ങൾ എത്തിപ്പെട്ടത്

പാടത്തും വഴിയോരത്തും മഞ്ഞ മുഖം...
എതിരെ വന്ന ബൈക്കുകാരുടെ മുഖം വ്യത്യാസമുണ്ട്. നിർത്തി ചോദിച്ചു.‘right 5 km and left.'ok.
പുറകിലിരുന്ന ആരോ പറഞ്ഞു, ‘നമ്മളിപ്പോൾ ചൈനേലെത്തീന്നാ തോന്നുന്നേ' അതുകേട്ട് എല്ലാരും ചിരിച്ചു.
ഗുരുപുരയിലെ ടിബറ്റൻ അഭയാർത്ഥി സെറ്റിൽമെന്റിലായിരുന്നു ഞങ്ങൾ എത്തിപ്പെട്ടത്.

ഒരു യാത്ര അനുഭവമാകുന്നത് ഇങ്ങനെയൊക്കെയാണ്.

യാത്ര സാധ്യമല്ല എന്നു വിചാരിക്കുന്നതിൽ കാര്യമില്ല. കൊച്ചു കൊച്ചു യാത്രകളാവാം. വീട്ടിൽ നിന്നൊരു ദിവസം പുറത്തിറങ്ങുക. റോഡരികത്ത് കാത്തു നില്ക്കുക. വരുന്ന ബസിന്റെ ബോർഡ് വായിക്കുക. കേട്ടിട്ടുള്ളതല്ലാതെ ഇന്നേവരെ കാണാത്ത ഒരിടമായിരിക്കണം ആ ബോർഡ്. ഒരു പക്ഷേ, ഒരു മണിക്കൂർ യാത്രയാവും ഉണ്ടാവുക. ബസിൽ കയറി അവസാന സ്റ്റോപ്പിലിറങ്ങുക. നാട്ടുവഴികളിലൂടെ നടക്കുക. വഴിയരുകിൽ കാണുന്ന പെട്ടിക്കടയിൽ നിന്ന് ഒരു നാരങ്ങാവെള്ളം വാങ്ങി കുടിക്കുക. കൂട്ടത്തിൽ ആ ദേശത്തെപ്പറ്റി ചോദിച്ചറിയുക - അടുത്ത ബസിന്റെ സമയവും. ഇവിടെ എവിടെ വന്നതാണെന്നൊക്കെ ചോദ്യം വരാം. ചുമ്മാ ഒരുത്തരം കണ്ടുവെച്ചേക്കുക.

അതാ വരുന്നു മടക്കബസ്... ▮


മൈന ഉമൈബാൻ

കഥാകൃത്ത്, നോവലിസ്റ്റ്, എഴുത്തുകാരി. മമ്പാട് എം. ഇ.എസ് കോളേജിൽ മലയാള വിഭാഗം മേധാവി. ചന്ദനഗ്രാമം, വിഷചികിത്സ, ആത്മദംശനം, പെൺനോട്ടങ്ങൾ, ഒരുത്തി, ഹൈറേഞ്ച് തീവണ്ടി എന്നിവ പ്രധാന പുസ്തകങ്ങൾ

Comments