എസ്.കെ. പൊറ്റക്കാട്

‘ദൃശ്യക്കമ്മി'യിൽ നിന്ന്‘പ്രതീതി പൊണ്ണത്തടി'യിലേക്ക്

മനുഷ്യയാത്രകളാൽ നിർമിക്കപ്പെട്ട ആവാസ വ്യവസ്ഥയാണ് ഈ ലോകം. അതെ ലോകം തന്നെ പല നിലയിൽ കീഴ്​മേൽ മറിയുന്നു. ശപിക്കപ്പെട്ട യാത്രകളിലാണ് ലോകത്തിലെ ഒരു വിഭാഗം മനുഷ്യർ. അത്തരം സന്ദർഭത്തിൽ പ്രതീതി യാത്രകളെക്കുറിച്ച് ആലോചിക്കുന്നത്​ വിനോദ വ്യവസായവും അതിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന മനുഷ്യരുമാണ്.

‘ലോകം കാണാൻ ആഗ്രഹിച്ച എല്ലാ മലയാളികൾക്കും വേണ്ടിയാണ് എസ്.കെ.പൊറ്റെക്കാട്ട് യാത്ര ചെയ്തത്. അതിനാൽ എസ്.കെ യാത്ര കഴിഞ്ഞ് മടങ്ങി വരാൻ ഞങ്ങളുടെ തലമുറ ആകാംക്ഷയോടെ കാത്തിരുന്നു. അദ്ദേഹം എന്ത്​എഴുതുന്നു, പറയുന്നു എന്നു കേൾക്കാൻ. അന്ന് ഞങ്ങൾക്കാർക്കും അകലേക്ക് യാത്ര ചെയ്യുക എങ്ങനെ എന്നറിയില്ലായിരുന്നു. എസ്.കെയാണ് ഞങ്ങൾക്കു വേണ്ടി അതിവിദൂര ദേശങ്ങളിലേക്ക് യാത്ര ചെയ്തത്' - ലക്ഷ്മണേട്ടൻ ഇങ്ങനെ പറയുമ്പോൾ ഒരു ചെറുചിരിയോടെ മറ്റൊരു സുഹൃത്ത് ഇങ്ങനെ പ്രതികരിക്കും: പുസ്തകം വായിക്കാൻ ഞങ്ങൾ ഇ.എമ്മിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് പറയുന്ന പഴയ സി.പി.എമ്മുകാരെപ്പോലെത്തെന്നെയാണല്ലോ ലക്ഷ്മണേട്ടാ ഇങ്ങളുടെ വാദവും.

പ്രതീതി യാഥാർഥ്യം പുതിയ കാര്യമല്ലെന്ന് ഈ സംഭാഷണത്തിൽ നിന്ന്​മനസ്സിലാക്കാൻ കഴിയും. പഴയ കാലത്തെ കത്തുകൾ അവസാനിച്ചിരുന്നത്​ നേരിൽ, മുഖദാവിൽ എന്ന വാക്കുകളോടെയായിരുന്നു. കത്തിലെഴുതിയത് പ്രതീതി മാത്രമാണ്, യാഥാർഥ്യം നേരിൽ തന്നെ പറയാനുണ്ടെന്ന ധ്വനിയാണ് ആ പ്രയോഗത്തിൽ അടങ്ങിയിരിക്കുന്നത്. അതായത്, മനുഷ്യൻ എല്ലാ കാലത്തും കഴിയുന്നതും നേരിൽ കാണാനും അറിയാനും അനുഭവിക്കാനും ആഗ്രഹിച്ചു. ഞാൻ ‘നേരിട്ടു കണ്ടതാണ്' എന്ന സാക്ഷിമൊഴി അങ്ങനെയാണല്ലോ ഉണ്ടായത്. എന്നാൽ ഏതൊരു മനുഷ്യന്റെയും ജീവിതം ആഴത്തിൽ പരിശോധിച്ചാൽ ആരിലും ഏറ്റവും കൂടുതലായി പ്രവർത്തിച്ചത് വസ്തുതാ യാഥാർഥ്യത്തേക്കാൾ പ്രതീതി യഥാർഥ്യമാണെന്നു കാണാം, ‘യഥാർഥ' യാഥാർഥ്യമായിരിക്കില്ല.

കോവിഡ് കാലമാണ് പ്രതീതി യാത്രകളെ ശക്തിപ്പെടുത്തിയത്. ഗൂഗിൾ ട്രാവലർ മുതൽ വിവിധ കമ്പനികളുടെ ആപ്പുകൾ വരെയുള്ള പ്രതീതി യാത്രകളുടെ ഒരു പെരുമ്പാത അക്കാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു.

‘ഇൻ സോളിഡാരിറ്റി വിത്ത്' എന്ന സോഷ്യൽ മീഡിയക്കാലത്തെ ടാഗ്​ ലൈനാണ് പ്രതീതി യാഥാർഥ്യത്തിന്റെ ഒറ്റക്കൽ പ്രതിമ. ആ പ്രതിമയുടെ ചുവട്ടിൽ പോയി തമ്പ്​ഉയർത്തിയാൽ ശരിക്കും ആ പോരാട്ടത്തിൽ ഞാനുമുണ്ടെന്നായി.
കോവിഡ് കാലമാണ് പ്രതീതി യാത്രകളെ ശക്തിപ്പെടുത്തിയത്. ഗൂഗിൾ ട്രാവലർ മുതൽ വിവിധ കമ്പനികളുടെ ആപ്പുകൾ വരെയുള്ള പ്രതീതി യാത്രകളുടെ ഒരു പെരുമ്പാത അക്കാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു. കോവിഡ്, മനുഷ്യനിൽ ദൃശ്യക്കമ്മി (Visual deficiency) എന്നൊരു രോഗം കൂടി സൃഷ്ടിച്ചു. വൈദ്യശാസ്ത്രവും ഭരണകൂടങ്ങളും അതു മനസ്സിലാക്കിയോ എന്നറിയില്ല. പുറത്തേക്കു പോകാൻ കഴിയാത്തതിനാൽ മനുഷ്യന് പുറംലോകത്തെ ദൃശ്യങ്ങളൊന്നും കാണാൻ പറ്റാതായി. ഒരു ഇൻഡോർ ഗെയിമായി ജീവിതം. അവിടേക്കാണ് പ്രതീതി യാത്രകൾ കടന്നുവന്നത്. അതും ട്രാവൽ ടൂറിസം ഇൻഡസ്ട്രിയിൽ നിന്നു തന്നെയായിരുന്നുവെന്ന് വേണ്ട വിധത്തിൽ മനസ്സിലാക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.

ഗൂഗിൾ ട്രാവൽസ്

ആ പ്രതീതി യാത്രകളിൽ ധാരാളം പേർ പങ്കെടുത്തു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അത്​ ‘പ്രതീതി പൊണ്ണത്തടി' (Virtual Obesity) ആയി രൂപാന്തരപ്പെട്ടു. പൊണ്ണത്തടി യഥാർഥത്തിലും പ്രതീതി യാഥാർഥ്യത്തിലും നിരവധി സങ്കീർണതകൾ (ശ്വാസതടസത്തിലാണതിന്റെ തുടക്കം) സൃഷ്ടിക്കുന്നു. AT (Actual travel) കൊണ്ടുമാത്രമേ മനുഷ്യ ജീവിതം അർഥപൂർണമാകൂ എന്ന്​ലോകം, കോവിഡ് ശക്തി കുറഞ്ഞ്​ യാത്രാനുമതി ലഭിച്ചപ്പോൾ തെളിയിക്കുകയും ചെയ്​തു. മലയാളികൾ ഇക്കാലത്ത്​ നടത്തിയ യാത്രകൾ തന്നെയാണ് ഇതിന്​ ഉദാഹരണം.

കുട്ടിക്കാലത്ത്​ ഞങ്ങളുടെ നാട്ടിൽ പെരുന്നാൾ സമയങ്ങളിൽ മക്ക, മദീന പടങ്ങൾ കാണുന്ന ബയോസ്കോപ്പുമായി ഒരാൾ വരാറുണ്ടായിരുന്നു. മക്കയും മദീനയും ആദ്യമായി കണ്ടത് പ്രതീതി ലോകത്തുനിന്നാണ്. അന്നത്തെ ആ ബയോസ്കോപ്പിനെ ഓർമിപ്പിക്കുന്നുണ്ട് ഇന്ന് പ്രതീതി യാത്രികർ ധരിക്കുന്ന മുഖക്കണ്ണാടി.

മലയാളികൾ എത്തിയ സ്ഥലങ്ങളിൽ ‘സാധനം കയ്യിലുണ്ടോ’ എന്ന അടയാള വാക്യം മുഴങ്ങുന്നതിന്റെ ട്രോൾ വീഡിയോ പോലും പുറത്തുവന്നു. കശ്​മീരിലെ ഒരിടത്തെത്തിയ മലയാളി ‘സാധനം കയ്യിലുണ്ടോ’ എന്നു ചോദിക്കുമ്പോൾ ആ സ്ഥലത്തിന്റെ പല ഭാഗത്തു നിന്നും സാധനം കയ്യിലുണ്ട്​ എന്ന മറുപടി വന്നു. അടുത്ത ചോദ്യം ‘നാട്ടിൽ എവിടെ നിന്നാ’ എന്നതായിരുന്നു. അങ്ങനെ യാത്ര ചെയ്യുന്ന മലയാളികളുടെ ആ അടയാള വാക്യം സാധനം കയ്യിലുണ്ടോ പ്രതീതി യാത്രകളെ വെല്ലുവിളിക്കുന്നു.

കുട്ടിക്കാലത്ത്​ ഞങ്ങളുടെ നാട്ടിൽ പെരുന്നാൾ സമയങ്ങളിൽ മക്ക, മദീന പടങ്ങൾ കാണുന്ന ബയോസ്കോപ്പുമായി ഒരാൾ വരാറുണ്ടായിരുന്നു. പിന്നീട് മക്കയും മദീനയും പല കുറി നേരിൽ കാണുമ്പോഴെല്ലാം കുട്ടിക്കാലത്തെ ആ അനുഭവം ഓർക്കും. മക്കയും മദീനയും ആദ്യമായി കണ്ടത് പ്രതീതി ലോകത്തുനിന്നാണ്. പിന്നെയാണ് അത് നേരിൽ കണ്ടത്. അന്നത്തെ ആ ബയോസ്കോപ്പിനെ ഓർമിപ്പിക്കുന്നുണ്ട് ഇന്ന് പ്രതീതി യാത്രികർ ധരിക്കുന്ന മുഖക്കണ്ണാടി. അതായത് പ്രതീതി യാത്ര, യാഥാർഥ്യം എന്നീ കാര്യങ്ങൾ ഇപ്പോൾ ഈ അടുത്ത കാലത്ത് മാത്രമായി ആരംഭിച്ചതാണെന്ന് കരുതുന്നത് ശരിയല്ല എന്നു പറയാനാണ് ഈ ഒരു അനുഭവം പങ്കുവെക്കുന്നത്.

മലയാളികൾ എത്തിയ സ്ഥലങ്ങളിൽ ‘സാധനം കയ്യിലുണ്ടോ’ എന്ന അടയാള വാക്യം മുഴങ്ങുന്നതിന്റെ ട്രോൾ വീഡിയോ പോലും പുറത്തുവന്നു.

പ്രതീതി യാത്ര (യാഥാർഥ്യം) കളെക്കുറിച്ച് LAURIE ANDERSON ഇങ്ങനെ പറഞ്ഞു: VR will never look real until they learn how to put some dirt in it: ചളിയും പൊടിയും യാത്രയിൽ അത്രയും പ്രധാനപ്പെട്ടതാണ്. അതില്ലാതായാൽ ആ യാത്രയെ പ്രതീതി സഞ്ചാരിക്കുതന്നെ അടുത്ത നിമിഷത്തിൽ അംഗീകരിക്കാൻ കഴിയാതെ വരും.
ഇനി മറ്റൊരു പ്രധാനകാര്യം ആലോചിക്കാനുണ്ട്​. മനുഷ്യരുടെ യാത്ര ഇപ്പോൾ എന്താണ്? എന്തിനു വേണ്ടിയാണ്? ഇവിടെ പറയുന്നത്​ യാത്രാനുഭവങ്ങൾ തേടിയുള്ള യാത്രയെക്കുറിച്ചോ വിനോദ- വിശ്രമ യാത്രകളെക്കുറിച്ചോ അല്ല. കഴിഞ്ഞ നൂറ്റാണ്ടിലാരംഭിക്കുകയും ഈ നൂറ്റാണ്ടോടെ അതിശക്തമായി മാറുകയും ചെയ്​ത മനുഷ്യ പലായനങ്ങളിലേക്കുനോക്കാൻ യാഥാർഥത്തിൽ ലോകം ഇന്ന്​നിർബദ്ധമാണ്. അത്രയേറെ പലായിതരെ നാം ലോകമെമ്പാടും കാണുന്നു. രാഷ്ട്രീയ- യുദ്ധ അഭയാർഥികൾ മുതൽ കാലാവസ്​ഥാ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക അഭയാർഥികൾ വരെ ലോകത്തിന്റെ പല ഭാഗങ്ങളിൽ അഭയം തേടി പരക്കം പായുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ആ യാത്രകളെ കാണാൻ കഴിയാതെ പ്രതീതി യാത്രകളെക്കുറിച്ചു പറയുന്നതു തന്നെ എന്തു മാത്രം ശരിയായിരിക്കും? ആ മനുഷ്യർക്ക് പ്രതീതിയാത്ര സാധ്യമേ അല്ല. ശപിക്കപ്പെട്ട യാത്രകളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്​.

രോഹിംഗ്യൻ അഭയാർഥികളുടെ പലായനം / Photo: UN Women Asia and the Pacific

മനുഷ്യയാത്രകളാൽ നിർമിക്കപ്പെട്ട ആവാസ വ്യവസ്ഥയാണ് ഈ ലോകം. അതെ ലോകം തന്നെ പല നിലയിൽ കീഴ്​മേൽ മറിയുന്നു. ശപിക്കപ്പെട്ട യാത്രകളിലാണ് ലോകത്തിലെ ഒരു വിഭാഗം മനുഷ്യർ. അത്തരം സന്ദർഭത്തിൽ പ്രതീതി യാത്രകളെക്കുറിച്ച് ആലോചിക്കുന്നത്​ വിനോദ വ്യവസായവും അതിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന മനുഷ്യരുമാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന്​ ഓടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയവരുമായി സംസാരിച്ചു നോക്കൂ. അവർ എഴുതിയ കുറിപ്പുകൾ വായിച്ചു നോക്കൂ. സത്യത്തിൽ പ്രതീതി യാത്രകൾ എന്ന സങ്കൽപ്പം തന്നെ അഫ്ഗാൻ പ്രവാസ പശ്ചാത്തലത്തിൽ പരിഹാസ്യമാവുകയാണ്​.
കോവിഡ് കാലത്ത് ദ്രുവ്​ ബോഗ്ര എന്ന മഹാസഞ്ചാരിയുമായി ടെലഫോണിൽ സംസാരിച്ചിരുന്നു. Grit, Gravel, And Gear എന്ന പ്രശസ്​ത പുസ്​തകമെഴുതിയ ദൽഹിക്കാരനാണ് ദ്രുവ്​. അദ്ദേഹം സൈക്കിളിലാണ് സഞ്ചരിക്കുന്നത്​. 400 ദിവസം ആർട്ടിക്കിൽ നിന്നും ആൻഡസ്​ വരെ സൈക്കിളിൽ യാത്ര ചെയ്​ത കഥയും കാര്യവും അനുഭവവുമാണ് ഈ അസാധാരണ പുസ്​തകം. 10 രാജ്യങ്ങളിലൂടെ 15,000 കിലോമീറ്റർ ദൂരമാണ് അദ്ദേഹം സൈക്കിളിൽ സഞ്ചരിച്ചത്​. വൈകുന്നേരങ്ങളിൽ കരടികളുടെ കാട്ടിലെ വീടിനടുത്ത്​ അദ്ദേഹം
വിശ്രമിക്കാനുള്ള തമ്പു കെട്ടി.

ദ്രുവ്​ ബോഗ്ര

കോവിഡ് കാലത്ത് എല്ലാവരേയും പോലെ അപ്പാർട്ടുമെന്റിൽ കുടുങ്ങിയ ദ്രുവ്​ ഒരു ദിവസം സൈക്കിളുമായി പുറത്തിറങ്ങി. മറ്റു വാഹനങ്ങൾ തടയുന്നുണ്ടെങ്കിലും പോലീസ് സൈക്കിളുകാരനെ മൈൻഡ്​ ചെയ്തില്ല. അങ്ങനെ അദ്ദേഹം ഹിമാലയത്തിന്റെ പല വഴികളിലൂടെ സൈക്കിളിൽ സഞ്ചരിച്ചു. അംമ്യ എന്ന മറ്റൊരു മനോഹര പുസ്​തകമെമെഴുതി. ഇരുചക്ര വാഹനയാത്രികർ വർധിച്ചത്​ കോവിഡ്​ ഇളവുകാലത്താണ്. നടന്നു പോകുന്നവരുടെ ചെറിയ ഒരു നിരയും സൃഷ്ടിക്കപ്പെട്ടു.(മതഗ്രൂപ്പുകൾ പല വിവാദങ്ങളുമുണ്ടാക്കുന്നുണ്ടെങ്കിലും ഹജ്ജിന് നടന്നു പോകുന്ന ഒരാൾ കോവിഡ് കാല യാത്ര സംസ്ക്കാരത്തിൽ നിന്ന്​പിറന്നതാണെന്നുതന്നെ കരുതാം). ഇന്ത്യയെ വീണ്ടെടുക്കാനും കണ്ടെത്താനും ഭാരത്​ ജോഡോ യാത്ര എന്ന പദയാത്ര തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ നേതാവ് എത്തിയ ചരിത്ര സന്ദർഭത്തെ കൂടി പ്രതീതി യാത്രകളെക്കുറിച്ച്​ ചർച്ച ചെയ്യുമ്പോൾ ഓർക്കേണ്ടതുണ്ട്. എത്ര മായ്ച്ചിട്ടും മായാത്ത ശക്തിയായി ഗാന്ധി ഇന്നും നില നിൽക്കുന്നതും അദ്ദേഹത്തിന്റെ പദയാത്രകളിലൂടെ നേടിയ അനുഭവ- ആർജവം കൊണ്ടാണ്. ഗാന്ധി പദയാത്രകളിൽ നടത്തിയ സംഭാഷണങ്ങളും സംവാദങ്ങളും അദ്ദേഹത്തേയും ഈ രാജ്യത്തേയും എങ്ങിനെ മാറ്റി മറിച്ചു? ഇന്ത്യൻ ചരിത്രത്തിൽ അതിന്​ ഉത്തരമുണ്ട്​.

കേരളത്തിൽ നിന്ന് നടന്ന് ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ

ഇന്ന് സംസാരങ്ങൾക്കും അഭിമുഖീകരണങ്ങൾക്കും പുറത്തുനിർത്തപ്പെടുന്ന കോടിക്കണക്കിന് മനുഷ്യരെ പദയാത്രകളിലൂടെ മുഖാമുഖം കാണാൻ ധൈര്യമുള്ള ഒരു കൂട്ടം മനുഷ്യർക്കേ ഈ രാജ്യത്തെ രക്ഷിക്കാനാകൂ. പൊളിറ്റിക്കലി കറക്ടായ ആ യാത്രകളെക്കുറിച്ച് സംസാരിക്കാനുള്ള സമയമാണ് റാഡിക്കലുകൾ ഇന്ന്​കണ്ടെത്തേണ്ടത്. സഞ്ചാര സാഹിത്യം ഇന്ന്​ പൊളിറ്റിക്കലി കറക്​ട്​ അല്ലാതാവുകയാണ് പല നിലയിലും. സമീപകാലത്ത്​ മലയാളത്തിൽ വന്ന ഒരു സഞ്ചാര അനുഭവ പുസ്​തകം പറയുന്നത്, ശ്രീലങ്കയിൽ ഇന്ത്യൻ സമാധാന സേന ഒരു അസമാധാനവും ഉണ്ടാക്കിയില്ല എന്നാണ്. അത്​ ഒരു ശ്രീലങ്കൻ സ്​ത്രീയുടെ സത്യവാങ്മൂലമായി പകർത്തപ്പെട്ടിരിക്കുന്നു. എന്തൊരു അസത്യമാണിത്. ഇന്ത്യൻ സേന നടത്തിയ നരനായാട്ടിന്റെ പല ദൃശ്യങ്ങളും ഇക്കുറി ബുക്കർ സമ്മാനം ലഭിച്ച ഷെഹൻ കരുണ തിലകയുടെ The seven moons of Maali Almeida എന്ന നോവലിലുണ്ട്. നോവൽ വിശ്വസിക്കേണ്ട. ഇതിനെക്കുറിച്ച്​ ആംനസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ അന്വേഷണ റിപ്പോർട്ടുകളുണ്ട്​. അതു പോലെ മാവോയിസ്​റ്റ്​ കോറിഡോറിനാവശ്യം ചാരിറ്റി പ്രവർത്തനമാണെന്ന്​പറയുന്ന മറ്റൊരു പുസ്​തകവും മലയാളത്തിൽ വായിച്ചു!

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ

പൊളിറ്റക്കലി കറക്​റ്റ്​ ആയ രാഷ്ട്രീയ- സഞ്ചാര സാഹിത്യം ഗാന്ധിയുടെ പദയാത്രയിലെന്നപോലെ സഞ്ചരിക്കുന്ന മനുഷ്യർക്കേ ഉണ്ടാക്കാനാകൂ. ട്രാവൽ വ്‌ളോഗർമാരും ലോകത്തുള്ള എല്ലാ പ്രശ്​നങ്ങൾക്കും തങ്ങളുടെ കയ്യിൽ (എന്തിന് പ്ലാനിങ്​ കമ്മീഷനിൽ പോലും) പരിഹാരമുണ്ടെന്ന്​ ഭാവിക്കുന്ന എ.ടിമാരും (ആക്​ച്വൽ ട്രാവൽമാരും) ഒരേപോലെ സഞ്ചാരസാഹിത്യത്തെ നരകക്കുഴിയിലെത്തിച്ചിരിക്കുന്നു. അവരെ ‘പൊളിറ്റിക്കലി കറക്​റ്റാക്കാൻ’ ഏതു പദയാത്രക്ക്​ കഴിയുമെന്നത് മറ്റൊരു ചർച്ചാ വിഷയമാണ്.

കേരളത്തിലെ ഒരു പഞ്ചായത്തിലെ ജനസംഖ്യ മാത്രമുള്ള യൂറോപ്പിലെ നഗരങ്ങളിലെ മാതൃകകൾ കേരളത്തിൽ പ്രാവർത്തികമാക്കണമെന്നു പറയുന്ന അസംബന്ധമാണ് നമ്മുടെ നാട്​ ബഹുമാനത്തോടെ എ.ടിമാരിൽ നിന്ന്​ കേട്ടു കൊണ്ടിരിക്കുന്നത്

കേരളത്തിലെ ഒരു പഞ്ചായത്തിലെ ജനസംഖ്യ മാത്രമുള്ള യൂറോപ്പിലെ നഗരങ്ങളിലെ മാതൃകകൾ കേരളത്തിൽ പ്രാവർത്തികമാക്കണമെന്നു പറയുന്ന അസംബന്ധമാണ് നമ്മുടെ നാട്​ ബഹുമാനത്തോടെ ഈ എ.ടിമാരിൽ നിന്ന്​ കേട്ടു കൊണ്ടിരിക്കുന്നത് എന്നതാണ് യാഥാർഥ്യം. ജനസംഖ്യ എന്ന വസ്തുത എങ്ങനെയാണ് കാണേണ്ടത് എന്നു പോലും അറിയാതെയുള്ള ഇവരുടെ പ്ലാനിങ്​ നിർദേശങ്ങൾ എന്താകുമോ എന്തോ? പ്രതീതി യാത്രകളേക്കാൾ അവാസ്തവിക ലോകത്തു ചുറ്റിക്കറങ്ങുന്ന എ.ടിമാരും പ്രതിസന്ധികളും സങ്കീർണതകളും അസംബന്ധങ്ങളും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

എന്തായാലും പ്രതീതി യാത്രകൾ യഥാർഥ യാത്രകളെ കൊല്ലുമോ എന്ന്​ചാറ്റ് ജി പി ടിയോട്​ ചോദിച്ചു നോക്കി. (30 കോടി തൊഴിൽ എ.ഐ റീപ്ലേസ്​ ചെയ്​തേക്കും എന്ന വാർത്ത വന്നതിനു ശേഷം മാധ്യമങ്ങൾക്ക്​, പ്രത്യേകിച്ച്​, മലയാള മാധ്യമങ്ങൾക്ക് ചാറ്റ്​ ജി പി ടി പ്രേമം കുറച്ചു കുറഞ്ഞുവോ?)

എന്തായാലും ചാറ്റ്​ ജി പി ടി ഈ മറുപടി തന്നു:

No, virtual travel does not necessarily kill actual traveling. While virtual travel can provide a glimpse into different destinations, it cannot replicate the full experience of physically being in a new place, interacting with the local culture, and experiencing the sights, sounds, and smells first hand.

In fact, virtual travel can often inspire people to want to travel more by providing a taste of what's out there and motivating them to explore new destinations in person. Virtual travel can also be used as a tool for trip planning, helping travelers to research and plan their itineraries before embarking on a physical journey.

Furthermore, virtual travel can be a great way for individuals who are unable to travel due to physical limitations, financial constraints, or other reasons, to still experience and learn about new places and cultures.

In summary, while virtual travel can complement actual travel experiences, it cannot replace the value and importance of physical travel in broadening one's horizons and creating lasting memorise:

ഉറപ്പാണ്, ചാറ്റ്​ ജി പി ടിയിൽ ഒരു AT (Actual traveler) യെങ്കിലും ഉണ്ട്. അല്ലാതെ ഇങ്ങനെ മറുപടി തരില്ലല്ലോ. ▮


വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments