കൊൽക്കത്ത നഗരം രാത്രിയിൽ

ശാന്തിനികേതനിലേയ്​ക്ക്​;
​അദൃശ്യമായ വഴിയടയാളങ്ങളിലൂടെ...

ഗൂഗിൾ മാപ്പിനും, ട്രിപ്പ് അഡ്വൈസറിനും, ട്രാവൽ ഫോറം ചർച്ചകൾക്കുമപ്പുറം യാത്രികർ സഞ്ചാരങ്ങളെ ആത്മാവുകൊണ്ട് തൊടാൻ ശ്രമിക്കുമ്പോഴാണ് ഒരാളുടെ യാത്ര മറ്റൊരാളുടേതിൽ നിന്ന് വ്യത്യസ്തമാകുന്നത്.

ഫീസിലെ തിരക്ക്​ ഭ്രാന്തമായൊരാവേഗത്തിലെത്തി.
ഇനിയല്പം വിശ്രമിച്ചില്ലെങ്കിൽ മരിച്ചുപോകുമെന്ന് തോന്നിയതും, ഒരൊറ്റ ദിവസം പോലും മുന്നോട്ട് പോകാനാവില്ല എന്നു തോന്നിയതും ഡിസംബറിന്റെ അവസാന ദിനങ്ങളിലാണ്. പെട്ടെന്നൊരുൾവിളിയിൽ അവധിക്കപേക്ഷിച്ചു. ഓഫീസിന്റേതായ പതിവ് പരാധീനതകളൊന്നും പറയാതെതന്നെ ലീവനുവദിച്ചു. വർഷാന്ത്യ ഗർവ്വിൽനിൽക്കുന്ന ‘മെയ്ക്ക് മൈ ട്രിപ്പി'ന്റെ വാതിൽക്കൽ കൊട്ടിനോക്കുമ്പോ, തിരുവനന്തപുരത്തേയ്ക്ക് പോയിവരാനുള്ള ടിക്കറ്റിനു മാത്രം 50,000 രൂപ കടക്കുമെന്ന് വെളിവായി. അങ്ങനെ അവിചാരിതമായാണ് ‘കൊൽക്കത്ത' മനസ്സിലുദിച്ചത്. ഏറ്റവും പഴയതെന്ന് പറയാവുന്ന ഒരാഗ്രഹം.
മാലോകരെല്ലാം അവരുടെ വർഷാവസാന പരിപാടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതുകൊണ്ട് അവസാനനിമിഷ പദ്ധതിയിൽ കൂട്ടുപ്രതികളെക്കിട്ടില്ലെന്ന് ഉറപ്പായി. അങ്ങനെയാണ് ‘സോളോ' എന്ന ആശയം ഉടലെടുക്കുന്നത്. സോളോയെങ്കിൽ സോളോയെന്ന് കച്ചമുറുക്കി പതിവുപോലെ ഗൂഗിൾകാവിലമ്മയുടെ തിരുമുറ്റത്ത് ചമ്രംപടിഞ്ഞിരുന്ന് ‘സെർച്ച്‌ ഹോമം' നടത്തി.

ഇന്നത്തെക്കാലത്ത് ഒരു യാത്രപോവുക എന്നത് എത്ര നിസ്സാരമായ കാര്യമാണ്. പഴയകാലങ്ങളിൽ പഴയ രീതികളിൽ യാത്ര ചെയ്തവർക്ക് ഇപ്പോഴത്തെ ഈ യാത്രാനുഭവങ്ങളിൽ ‘ഒരു ത്രില്ലില്ല' എന്ന് തോന്നുമായിരിക്കാം.

എന്ത്, എങ്ങനെ, എങ്ങോട്ട്, എത്ര ദിവസം, ദൂരം, വാഹനം, കാലാവസ്ഥ, പ്രധാന സ്ഥലങ്ങൾ, ഭക്ഷണങ്ങൾ, സ്ഥലനാമ ഉത്ഭവകഥകൾ, വഴികൾ, കൃഷി, പുഴ, മണ്ണ്, ഭൂമി, സംസ്‌ക്കാരം, ഉത്സവങ്ങൾ എന്നുവേണ്ട കൊൽക്കത്തയുടെ ഫുൾ ഫ്ലഡ്​ജ്​ഡ്​ജാതകം ഗൂഗിൾ എടുത്തുപുറത്തിട്ടുതന്നു.

ആഹാ! ആത്മനിർവൃതിയിൽ, എന്റെ മഹാനായ ‘സുന്ദർ പിച്ചായീ' എന്ന് വിളിച്ചുപോയി. ഇന്നത്തെക്കാലത്ത് ഒരു യാത്രപോവുക എന്നത് എത്ര നിസ്സാരമായ കാര്യമാണ്. പഴയകാലങ്ങളിൽ പഴയ രീതികളിൽ യാത്ര ചെയ്തവർക്ക് ഇപ്പോഴത്തെ ഈ യാത്രാനുഭവങ്ങളിൽ ‘ഒരു ത്രില്ലില്ല' എന്ന് തോന്നുമായിരിക്കാം. യാത്രകളുടെ ഇത്തരം ടെക്‌നിക്കൽ വശങ്ങളിൽ പുതിയ കാലവും അതിന്റെ ഉപകരണങ്ങളും തരുന്ന താങ്ങ് ചെറുതല്ല. യാത്രകളെ അവ ലളിതമാക്കുന്നുണ്ട്. കൂടുതൽ ആകർഷകമാക്കുന്നുണ്ട്. എന്നാൽ ഗൂഗിൾ മാപ്പിനും, ട്രിപ്പ് അഡ്വൈസറിനും, ട്രാവൽ ഫോറം ചർച്ചകൾക്കുമപ്പുറം യാത്രികർ ഈ സഞ്ചാരങ്ങളെ ആത്മാവുകൊണ്ട് തൊടാൻ ശ്രമിക്കുമ്പോഴാണ് ഒരാളുടെ യാത്ര മറ്റൊരാളുടേതിൽ നിന്ന് വ്യത്യസ്തമാകുന്നത്.

പക്ഷേ, യാത്രകൾ ഓരോരുത്തർക്കും ഓരോന്നാണ്. ചിലർക്ക് വിടുതലാണ്, ചിലർക്ക് അനുഭവങ്ങളുണ്ടാക്കലാണ്, ചിലർക്ക് ഓർമകൾ മെനയലാണ്, ചിലർക്ക് പ്രാർത്ഥനയാണ്, ചിലർക്ക് മോക്ഷമാണ്... ചിലർക്കതൊരു ‘ടെക്‌നിക്കൽ റീബൂട്ട്' ആണ്. പിന്നെ ഇതൊന്നുമല്ലാതെ ഒരു കൂട്ടരുമുണ്ട്. അവരാണ് യാത്രയുടെ പുതുതലമുറമുഖം. അവർക്ക് യാത്രകൾ പൊതുവെ ട്രെൻഡിനുപിന്നാലെയുള്ള പാഞ്ഞുപോക്കാണ്. ‘മണാലി'യാണവരുടെ സ്ഥിരം വേട്ടമൃഗം. ഇങ്ങനത്തെ യാത്രികരുടെ സ്ഥിരം ലക്ഷ്യസ്ഥാനങ്ങളെ ‘ബാക്ക്പാക്കേഴ്‌സ് പാരഡൈസ്' എന്നൊക്കെ പറയുന്നുണ്ട്. വെറുമൊരു ബാക്ക്പാക്കിൽ കുറഞ്ഞ ഉപാധികളുമായി യൂട്യൂബും ഇൻസ്റ്റഗ്രാമും പറയുന്ന ഇടങ്ങളിലേയ്ക്ക് നടത്തുന്ന ‘ഫോട്ടോ- ഷോപ്പിംഗ്' ട്രിപ്പുകൾ. ഒരു ബുള്ളറ്റിലോ മാരുതിയിലോ വാനിലോ ഏതെങ്കിലും രൂപമാറ്റം വരുത്തിയ വാഹനത്തിലോ അവരങ്ങ് ലോകാവസാനം വരെ പൊയ്ക്കളയും. തെറ്റായ രീതിയെന്നൊന്നും പറയാനാവില്ല. അതും യാത്രാനുഭവം തന്നെ. ഉപരിപ്ലവമെങ്കിൽ യാത്രയ്ക്ക് ആത്മാവിനെയോ ആത്മാവിന് യാത്രയെയോ തൊടാൻ കഴിയില്ലെന്നുമാത്രം. ഗൂഗിളിനോടൊപ്പം എണ്ണിയാലൊടുങ്ങാത്തത്ര ആപ്പുകൾ ലഭ്യമായ ഇക്കാലത്ത് ഇതൊന്നും വലിയ സംഭവമല്ല. ആർക്കും എപ്പോവേണമെങ്കിലും എങ്ങോട്ടേയ്ക്കും പോകാവുന്നത്ര ലളിതമായി ലോകസഞ്ചാരം. സമയവും സൗകര്യവും മാത്രമാണ് കടമ്പകൾ. അത് കടന്നാൽ പിന്നെ മറ്റൊന്നും തടസ്സമല്ല.

കൊൽക്കത്തയ്ക്ക് പോകുന്നു എന്നു പറഞ്ഞപ്പോ പലരും എസ്പ്ലനേഡ്, ഷോപ്പിംഗ്, വിക്ടോറിയ മെമ്മോറിയൽ, ഹൗറാ, കാളീഘട്ട് എന്നൊക്കെ മാത്രം പറഞ്ഞു. ശാന്തിനികേതൻ ആരും പറഞ്ഞില്ല. ഗൂഗിൾ പറഞ്ഞു, പക്ഷേ അതൊരു വെറും പറച്ചിൽ മാത്രമായിരുന്നു. എന്നിട്ടും ഏതെങ്കിലുമൊരു റസ്റ്റിക് കൊൽക്കത്ത തെരുവിന്റെ ചൂണ്ടുപലക എവിടെയും നാട്ടിവെച്ചിരുന്നില്ല. മഞ്ഞക്കാറുകൾ അരിച്ചുനീങ്ങുന്ന ഇടുങ്ങിയ ഒരു തെരുവോരത്ത് പോയി നിന്ന് ഒരു ‘കുല്ലഡ്' ചായ കുടിക്കുന്നതിലെ കാല്പനികതയെപ്പറ്റി എവിടെയും എഴുതിയിരുന്നില്ല. പാർക്ക് സ്ട്രീറ്റിലെ വർണവെളിച്ചപ്പുഴയിൽ മൂന്നുവട്ടംമുങ്ങി മോക്ഷം നേടൂ എന്നാരും പറഞ്ഞില്ല. ട്രിപ്പ് അഡ്വൈസറും മറ്റും പറഞ്ഞ ഇടങ്ങൾ, അവധികൾ തീർക്കാൻവേണ്ടിമാത്രം യാത്ര പോകുന്നവരുടെ സ്വാഭാവിക ലക്ഷ്യസ്ഥാനങ്ങൾ മാത്രമായിരുന്നു. ശാന്തിനികേതനിലേയ്ക്കുള്ള സൂചികകൾക്കുപോലും ഒരു നീണ്ട ലിസ്റ്റിലെ പ്രധാനപ്പെട്ടൊരിടം എന്നതിനപ്പുറം ഒരു വൈകാരികതയുമുണ്ടായിരുന്നില്ല. ഇതേ അളവിൽ നിർവ്വികാരമായി മറ്റനേകം ചരിത്രസ്മാരകങ്ങളും ഇടങ്ങളും ആ പട്ടിക കവിഞ്ഞുകിടന്നിരുന്നു.

കൊൽക്കത്ത ആദ്യമായി മനസ്സിൽ കയറുന്നത് സത്യത്തിൽ ‘ഗുരുസാഗര'ത്തിലൂടെയാണ്. കുഞ്ഞുണ്ണിയുടെയും കല്യാണിയുടെയും ശിവാനിയുടെയും നഗരം. കുഞ്ഞുണ്ണി യുദ്ധം റിപ്പോർട്ട് ചെയ്യാനായി പോകുന്ന യാത്ര. അതിന്റെ തുടക്കം. കാളീഘട്ടും ചിത്തരഞ്ജൻ അവന്യുവും കുമർട്ടുലിയും ബീഡൻ സ്ട്രീറ്റും.. അങ്ങനെയങ്ങനെ...

പിന്നെയും മലയാളത്തിലെ മറ്റനേകം എഴുത്തുകാരുടെ എണ്ണമറ്റത്ര കഥാപാത്രങ്ങളും ഭാവനാവിലാസങ്ങളും ചുറ്റിത്തിരിഞ്ഞ കൽക്കട്ട. എന്നോ മനസ്സിൽ കയറിക്കൂടിയ സ്വപ്നം. വായനയുടെ ഭ്രാന്തൻ നിമിഷങ്ങളിൽ എത്രയോ വട്ടം ഈ നഗരത്തിൽ ലക്ഷ്യമില്ലാതെ അലഞ്ഞിരിക്കുന്നു; ഭാവനയിലും പകൽക്കിനാക്കളിലും. മാന്ത്രികവും നിഗൂഢവുമായ എന്തോ ഒന്ന് ഭാവനയിൽപ്പോലും നഗരവഴികളെ ചൂഴ്ന്നുനിന്നു. ആ ഇരുൾവെളിച്ചങ്ങളിലേയ്ക്ക് ‘എന്നെങ്കിലുമൊരിക്കൽ' എന്ന് ഓരോ വായനാനുഭവങ്ങളിലും കുറിച്ചിട്ടു. ആ യാത്രയാണിത്. പൗരാണികവും കാൽപനികവും ഗൂഢവുമായ സൗന്ദര്യം നേർക്കാഴ്ചയിലും നഗരത്തെ ചൂഴ്ന്നു. ഹൃദയത്തെ തൊടുന്ന അവധാനത്തിലുള്ള ഒരു രാത്രിസംഗീതം പോലെ. ചെമ്പട്ടിൽ പൊതിഞ്ഞ രഹസ്യങ്ങളുടെ ഒരു പെട്ടകം പോലെ.

ശാന്തിനികേതൻ എന്നൊരു മഹത്തായ ആശയത്തെ, രാഷ്ട്രീയപ്രവർത്തനത്തെ, നവീകരണത്തെ, പ്രാവർത്തികമാക്കിയ നവോത്ഥാന നായകൻമാരുടെ പ്രതീകാത്മകമുഖമായി ജൊരാഷങ്കോ ഭൂതകാലത്തിന്റെ വികാരവിക്ഷോഭങ്ങൾ ശമിച്ചുനിന്നു.

കൊൽക്കത്തയിലേക്ക് മനസ്സിനെ വലിച്ചടുപ്പിച്ച മറ്റൊന്ന് ചരിത്രമാണ്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഇന്ത്യൻ തേരോട്ടകാലം. ‘ഫോർട്ട് വില്യ'മിനു ചുറ്റും പടുത്തുയർത്തിയ ബംഗാൾ പ്രസിഡൻസിയുടെ വളർച്ചയുടെ കഥ, സിറാജുദൗളയുടെ ചെറുത്തുനിൽപ്പിന്റെ കഥ, ക്ലെയ്​വിന്റെയും മിർജാഫറുടെയും കഥ. കഥയല്ല ചരിത്രം. പ്ലാസി യുദ്ധത്തിന്റെ പരിണാമം. പിന്നീട് ഡൽഹിയിലേക്കുള്ള പറിച്ചുനടൽ... അങ്ങനെ ഇന്ത്യൻ ആധുനികകാല ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളെ സൂക്ഷിക്കുന്ന നഗരം.
മറ്റൊന്ന് ടാഗോറാണ്. അദ്ദേഹത്തെപ്പറ്റി അധികമൊന്നും നമ്മൾ പഠിക്കുന്നില്ലല്ലോ. ഗീതാഞ്ജലിയുടെ ഒരു ഭാഗവും വളരെക്കുറച്ച് ചരിത്രവും മാത്രം. ടാഗോറിനെ അറിയാൻ അതെത്ര അപര്യാപ്തമായിരുന്നു. അതുകൊണ്ടുതന്നെ ഈ യാത്രയിൽ ടാഗോറിനെ അറിയാൻ ശ്രമിക്കണം എന്നുള്ളത് ഒരു പ്രത്യേക ലക്ഷ്യമായിരുന്നു. അതിനാൽ പോകാനുള്ളയിടങ്ങളിൽ ഭോൽപൂരും ശാന്തിനികേതനും ആദ്യംതന്നെ ചേർത്തു.

ഡിസംബറിന്റെ തണുപ്പിൽ, ജന്മാന്തരങ്ങളുടെ സത്യമറിഞ്ഞ കുഞ്ഞുണ്ണിയെപ്പോലെ ഞാൻ വിമാനമിറങ്ങി. പഴയ ‘ഡംഡം' ഇപ്പൊ നേതാജി സുഭാഷ്ചന്ദ്രബോസ് എയർപോർട്ടാണ്. പിന്നെ ‘ചനുപിനെ മഴ'യും ഉണ്ടായിരുന്നില്ല. പണ്ടെപ്പോഴൊക്കെയോ പലതവണ വന്നൊരു നഗരത്തിൽ കാലങ്ങൾക്കുശേഷം വന്നെത്തുന്നൊരാളെപ്പോലെയാണ് എനിക്ക് തോന്നിയത്. ഗൃഹാതുരത്വത്തിന്റെ കടുത്ത ഭാരത്തോടെ, ജനിമൃതികളുടെ നൈരന്തര്യത്തെക്കുറിച്ചോർത്തുകൊണ്ട്. നീഹൂദിയെയോ, താപസചന്ദ്രനെയോ, അള്ളാബക്ഷിനെയോ വീണ്ടും കാണുന്നതിന്റെ വിങ്ങൽ കുഞ്ഞുണ്ണി അനുഭവിച്ചു. ഗുരുസാഗരത്തിന്റെ മഹാപ്രവാഹത്തിൽ വെളിച്ചപ്പെട്ടതുപോലെ നഗരവഴികൾ മിഴിതുളുമ്പിനിന്നു.

Photo : Smitha Prakash

ശൈത്യകാലമായിട്ടും നഗരത്തിൽ മഞ്ഞിന്റെ കടുപ്പം കുറവായിരുന്നു. പഴയ കൽക്കട്ടയെ ഓർമിപ്പിച്ച്​ മഞ്ഞയും കറുപ്പുമാർന്ന അംബാസഡർ കാറുകളുടെ നീണ്ടനിര എയർപോർട്ടിന് മുന്നിലുണ്ടായിരുന്നു. ഇടയ്ക്കിടെ മഞ്ഞ സെഡാൻ കാറുകൾ ആ നിരയെ ഭേദിച്ചുകൊണ്ടിരുന്നെങ്കിലും വായിച്ചറിഞ്ഞുവന്നൊരാൾക്ക് അതൊരു ഗൃഹാതുരതയുടെ കാഴ്ചയായിരുന്നു. ബംഗ്ലാ ലിപികൾ കറുത്തനിറത്തിൽ വരച്ചുചേർത്ത എയർപോർട്ടിന്റെ സീലിങ്ങിനുതാഴെ, പുതുവത്സരത്തെ വരവേൽക്കാനായി വർണ്ണവിളക്കുകൾകൊണ്ടലങ്കരിച്ച കമാനങ്ങൾക്കും കൈവരികൾക്കും താഴെ നഷ്ടപ്രതാപങ്ങളിലേയ്ക്ക് നോക്കി ആ ‘പീലി' (മഞ്ഞ ) ടാക്സികൾ ഊഴംകാത്തുകിടന്നു. എവിടെയും വായിക്കാൻ കഴിയാത്ത, മറ്റാർക്കും പറഞ്ഞുതരാൻ കഴിയാത്ത , അനുവാദമില്ലാതെ ആത്മാവിലേയ്ക്ക് കയറിപ്പോകുന്ന ഒരു കാഴ്ച.

ശാന്തിനികേതനിലേയ്ക്ക്

കൊൽക്കത്തയിൽനിന്ന് നാലുമണിക്കൂർ ദൂരത്തിൽ ബിർഭും ജില്ലയിലെ ഭോൽപ്പൂരിലാണ് ശാന്തിനികേതൻ. ട്രെയിൻ ടിക്കറ്റ് കിട്ടാഞ്ഞതുകൊണ്ട് ഭോൽപൂരിലുള്ള ശാന്തിനികേതനിലേയ്ക്ക് ‘ഓല’യുടെ ടാക്‌സിയിലായിരുന്നു യാത്ര. തണുപ്പും പൊടിയും അപരിചിതത്വവും. മറ്റേതോ ലോകത്തെന്നപോലെ തോന്നി. അല്ല മറ്റൊരു ലോകത്ത് തന്നെയായിരുന്നു.

ഇരുവശവും കണ്ണെത്താദൂരം വയലുകൾ. ഇടയ്ക്ക് ചില വ്യവസായശാലകൾ. ചെറുപട്ടണങ്ങൾ, ഗ്രാമങ്ങൾ. പുലർച്ചയുടെ ആലസ്യം ഒരാവരണംപോലെ, മഞ്ഞിനും മേലെ. ഓർമകളിലേയ്ക്കും ചിന്തകളിലേയ്ക്കും വീഴാനെന്നെ അനുവദിക്കാതെ ടാക്‌സിയുടെ ഡ്രൈവർ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. ഖാലിസ്ഥാൻ കലാപകാലത്ത് പഞ്ചാബിലെ ലുധിയാനയ്ക്കടുത്തുനിന്ന് ബംഗാളിലേക്ക് പലായനം ചെയ്ത കുടുംബത്തിൽനിന്നുള്ള പങ്കജ്. ഭാര്യ തമിഴ്‌നാട്ടുകാരിയാണ്, മേരി ലോപ്പസ് എന്നവൾക്ക് പേരെന്നയാൾ പറഞ്ഞു. പഞ്ചാബി, തമിഴ്, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ അഞ്ചു ഭാഷകൾ സംസാരിക്കുന്ന ഒരു മകളുണ്ടത്രേ. അവൾക്കുറിച്ചാലോചിച്ച് എനിക്കത്ഭുതം തോന്നി. അവളാണ് വണ്ടർ കിഡ്.

മ്യൂസിയത്തിലെ അനേകം ചുവരെഴുത്തുകളിലൊന്നിൽ മറ്റൊരറിവ് തറഞ്ഞുകിടന്നു, ‘ഠാക്കൂർ' തന്നെയാണ് ‘ടാഗോർ' എന്നൊരറിവ്. വളരെയേറെ പണിപ്പെട്ടു അതിനെ ലയിപ്പിച്ചെടുക്കാൻ. ഇതൊന്നും ആരും ഇതുവരെ പറഞ്ഞില്ലല്ലോ എന്നൊരു തോന്നൽ.

കൊൽക്കത്തയിൽ നിന്ന് ഭോൽപ്പൂരിലേക്കുള്ള യാത്ര ബർദ്ധമാൻ (ബർദ്വാൻ) വഴിയാണ്. ഇരുപത്തിനാലാം തീർത്ഥങ്കരനായ വർദ്ധമാന മഹാവീരൻ ഇവിടുത്തെ അസ്തിക ഗ്രാമത്തിൽ തങ്ങിയതുകാരണം, വർദ്ധമാൻ എന്ന് പേരു ലഭിച്ച ചെറുപട്ടണം. ഇവിടെക്കൂടി ബംഗാളിന്റെ ദുഃഖമായ ദാമോദർ നദി കടന്നുപോകുന്നുണ്ട്.

ഉച്ചയോടെ ഭോൽപ്പൂരെത്തി. ശാന്തിനികേതനിൽ ഹോട്ടലുകളെക്കാളേറെയുള്ളത് ഗസ്റ്റ് ഹൗസുകളാണ്. ശാന്തിനികേതനിലുള്ളിൽ തന്നെ ശ്യാംബട്ടിയിലുള്ള ‘മീരശ്രോയ്' (‘മീരയുടെ വീട്' എന്നർത്ഥം) ഒരു വീടുപോലെ ശാന്തമായ ഒരിടമായിരുന്നു. വിശ്വഭാരതിയിലെ തന്നെ പൂർവ്വവിദ്യാർത്ഥികൾ നടത്തുന്ന ഗസ്റ്റ് ഹൗസ്. എല്ലാ അതിഥികൾടെയും ആവശ്യങ്ങൾ നടത്താൻ ഓടിനടക്കുന്ന അനുപം എന്ന കുട്ടി. തൃശൂരുള്ള നാടകം പഠിപ്പിക്കുന്ന കോളേജിൽ ചില സുഹൃത്തുക്കളുണ്ടവന്. ഇടയ്ക്ക് ശാന്തിനികേതനിൽ വരുന്നവർ. അപരിചിതത്വം കുറഞ്ഞുവരികയായിരുന്നു.

ശ്രീനികേതൻ റോഡിന്റെ ഇരുവശങ്ങളിലായിട്ടായിരുന്നു ശാന്തിനികേതനിലെ പ്രധാന കെട്ടിടസമുച്ഛയങ്ങൾ. ഉപാസനാഗൃഹം, രബീന്ദ്രഭവൻ മ്യൂസിയം, ഉത്തരായൻ, നാട്യഗൃഹം, കലാഭവൻ, സംഗീതഭവൻ, ചീന ഭവന... കൂട്ടത്തിൽ ഛാതിംതല വേറിട്ടൊരു അനുഭവമാണ്. പ്രവേശനമില്ല, ദൂരെനിന്ന് കാണാം. മഹാഋഷി ദേവേന്ദ്രനാഥ് ടാഗോർ ധ്യാനിച്ചിരുന്നയിടം. ബംഗ്ലാഭാഷയിൽ ഛാതിം എന്ന് വിളിക്കപ്പെടുന്ന സാക്ഷാൽ ഏഴിലംപാല. മുൻപ് ശാന്തിനികേതനിലെ വിദ്യാർത്ഥികളുടെ ബിരുദധാരണ ചടങ്ങുകൾ ഇവിടെ വെച്ച് നടത്തിയിരുന്നെന്നും കുട്ടികൾക്കവിടെവെച്ച് ഛാതിം വൃക്ഷത്തിന്റെ ഇലകൾ സമ്മാനിച്ചിരുന്നു എന്നും എവിടെയോ വായിച്ചു.

രബീന്ദ്രഭവൻ

പിന്നീട് രബീന്ദ്രഭവനിലേക്ക്. ബംഗ്ലാദേശ് സർക്കാർ ടാഗോറിന്റെ ഓർമയ്ക്കായി വിശ്വഭാരതിയ്ക്ക് സമ്മാനിച്ച ടാഗോർ കുടുംബത്തിന്റെ സ്വന്തമായിരുന്ന ‘പദ്മ' എന്ന ഹൗസ് ബോട്ടിന്റെ ചെറുമാതൃകയുണ്ട് ആദ്യം തന്നെ. ശാന്തിനികേതനിലേയ്ക്കും ടാഗോർ കുടുംബവീടായ ജൊരാഷെങ്കോയിലേയ്ക്കുമായി രണ്ട് ബോട്ടുകളാണ് ബംഗ്ലാദേശ് സമ്മാനിച്ചത്. ‘സോണാർ തോരി' എന്ന കവിത അദ്ദേഹം ‘പദ്മ'യുടെ ഗംഗായാത്രകളിൽ എഴുതിയെന്ന് പറയപ്പെടുന്നു. മ്യൂസിയത്തിലെ അനേകം ചുവരെഴുത്തുകളിലൊന്നിൽ മറ്റൊരറിവ് തറഞ്ഞുകിടന്നു, ‘ഠാക്കൂർ' തന്നെയാണ് ‘ടാഗോർ' എന്നൊരറിവ്. വളരെയേറെ പണിപ്പെട്ടു അതിനെ ലയിപ്പിച്ചെടുക്കാൻ. ഇതൊന്നും ആരും ഇതുവരെ പറഞ്ഞില്ലല്ലോ എന്നൊരു തോന്നൽ.
നോബൽ സമ്മാനം ടാഗോറിന് ലഭിച്ചതിനെക്കുറിച്ചുള്ള കുറിപ്പുകളുണ്ട്. തോമസ് സ്റ്റാർജ്ജ് മൂർ, മേരി സിൻക്ലെയർ, യീറ്റ്സ്, വില്യം റോത്തൻസ്റ്റീൻ എന്നിവരുടെ സൗഹൃദത്തിന്റെ വിവരണങ്ങളുണ്ട്. തോമസ് ഹാർഡിയോടൊപ്പം നോമിനേറ്റ് ചെയ്യപ്പെട്ട് ഒരേയൊരു വോട്ടിൽ നോബലിലേയ്‌ക്കെത്തിയ കഥയും. മറ്റാരും പറയാത്ത കഥകൾ, നുറുങ്ങുകൾ.

യാദൃച്ഛികതയ്ക്കപ്പുറം അദൃശ്യമായ നൂലുകളിൽ സർവ്വ മനുഷ്യരും ബന്ധിതരാണ് എന്നുതോന്നി. ചിലപ്പോൾ, ചിലപ്പോൾ മാത്രം വെളിവാകുന്ന വഴിയടയാളങ്ങൾ നമ്മൾ കാണുന്നില്ല എന്ന് മാത്രം.

ഗീതാഞ്ജലിയുടെ പല ഭാഷകളിലുള്ള ആദ്യപേജുകൾ ഫ്രെയിം ചെയ്തുവെച്ചിരുന്നു ഉള്ളിലെ ഗാലറിയിൽ. മലയാളം കണ്ടതിന്റെ ആവേശത്തിൽ ഫോട്ടോയെടുക്കാനാഞ്ഞപ്പോ അവിടുത്തെ ഡി.ജി.ആർ സെക്യൂരിറ്റി തടഞ്ഞു. ചിലതൊക്കെ കാഴ്ചവഴി മനസ്സിൽ ഫീഡ് ചെയ്തുവെക്കുന്നതാണ് നല്ലതെന്ന് തോന്നി. അദ്ദേഹത്തോട് ക്ഷമ ചോദിച്ച് മറ്റു കാഴ്ചകളിലേയ്ക്ക്. ഇടയ്‌ക്കെപ്പോഴോ ഒരിക്കൽക്കൂടി കണ്ടപ്പോ ‘എവിടുന്ന് വരുന്നു?' എന്നയാൾ കുശലം ചോദിച്ചു. കേരളമെന്ന് കേട്ടപ്പോ മുഖം തെളിഞ്ഞ് അയാൾ സ്വയം പരിചയപ്പെടുത്തി. ജി.കെ. മിശ്ര, മുൻപ് പാങ്ങോട് മിലിറ്ററി ക്യാമ്പിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യാദൃച്ഛികതയ്ക്കപ്പുറം അദൃശ്യമായ നൂലുകളിൽ സർവ്വ മനുഷ്യരും ബന്ധിതരാണ് എന്നുതോന്നി. ചിലപ്പോൾ, ചിലപ്പോൾ മാത്രം വെളിവാകുന്ന വഴിയടയാളങ്ങൾ നമ്മൾ കാണുന്നില്ല എന്ന് മാത്രം. അപരിചിതമായൊരു നഗരത്തിൽ വെച്ച് എന്റെ സ്വന്തം നഗരത്തിൽ ജോലിചെയ്ത് മടങ്ങിയൊരാളെ കണ്ടുമുട്ടുന്നതിലെ സാംഗത്യമെന്തെന്ന് ആലോചിച്ചു. ജീവിതത്തിലെ വഴികൾ എത്ര വിചിത്രവും മനോഹരവുമാണ് എന്നുചിന്തിച്ചുകൊണ്ട് ഉത്തരായനിലേയ്ക്ക് നടന്നു.

Photo : Smitha Prakash

ഉദിച്ചി, ഉദയന, കൊണാർക്ക, ശാമലി, പുനശ്ച എന്നിങ്ങനെ അഞ്ച് വീടുകളടങ്ങുന്ന സമുച്ചയമാണ് ഉത്തരായൻ. 1919 മുതൽ 1941 വരെയുള്ള കാലഘട്ടത്തിൽ ടാഗോർ ഈ ഉത്തരായനിൽ താമസിച്ചു. മഞ്ഞുകാലമായതിനാൽ പലതരം പൂച്ചെടികൾ കൊണ്ട് ഉത്തരായനിന്റെ അങ്കണം മുഴുവൻ അലങ്കരിച്ചൊരുക്കിയിരുന്നു. ഒരുനിമിഷം കണ്ണടച്ചുനിന്ന് സന്ധ്യയുടെ കൂടണയുന്ന കൂജനങ്ങളെയും നേർത്ത പൂമണമാർന്ന തണുത്ത കാറ്റിനെയും മനസ്സിലേക്കാവാഹിച്ചു. വലിയ വടവൃക്ഷങ്ങളുടെ ഒരു ചെറിയ കാട്, പുറത്തേയ്ക്ക് കടക്കുന്ന വഴിയ്ക്കിരുവശം നിറഞ്ഞുനിന്നു. രാത്രി, ഇരുട്ടിനെ പ്രസവിക്കുന്നത് ആ വൃക്ഷശിഖരങ്ങളിലാണെന്ന് തോന്നി. ഹൃദയത്തിലേക്ക് വിങ്ങിയിറങ്ങുന്ന ഒരുതരം കരിംപച്ച ഇലകളിൽ പ്രസരിച്ചു. പുറത്തേയ്ക്ക് നടക്കുമ്പോ ഞാൻ തിരിഞ്ഞുനോക്കി, അകലെ ശിശിരാകാശത്തിന്റെ സ്വർണനിറം പടർന്നിറങ്ങുന്ന ഉത്തരായനത്തിന്റെ ചെമ്മൺ മുറ്റത്ത് വെളുത്ത നീളൻ ജൂബ്ബയിൽ ഒരാൾ. പഞ്ഞിത്താടിയിഴകൾ തലോടി, ചിന്തയുടെ ഏതോ സുവർണ്ണ നൗകയിൽ തുഴഞ്ഞുതുഴഞ്ഞ്...

വർഷാന്ത്യത്തിന്റെയും മേളയുടെയും തിരക്ക് വിശ്വഭാരതിയുടെ മണ്ണിനെ യുദ്ധസമാനമായ ആരവങ്ങളാൽ ഉഴുതുമറിച്ചു. അൽപനേരം ആ ചലനാത്മകതയുടെ നിർമമതയിലേയ്ക്ക് നോക്കിനിന്നപ്പോ, ട്രാവൽ അഡ്വൈസറി പേജുകളിൽ ശാന്തിനികേതൻ കൂടി ചേർത്തെഴുതുന്നവരോട് എന്തെന്നില്ലാത്ത ഈർഷ്യ തോന്നി.

ആൾക്കൂട്ടത്തെ വകഞ്ഞ് പുറത്തേയ്ക്കിറങ്ങുമ്പോൾ തണുപ്പ് കുത്തിത്തുടങ്ങിയിരുന്നു. ശ്രീനികേതൻ റോഡിന്റെ തുടക്കത്തിലാണ് ബെൽജിയം കണ്ണാടികളുടെ സുവർണസൗധം. ദേബേന്ദ്രനാഥ് ടാഗോർ പണികഴിപ്പിച്ച ഉപാസനാ മന്ദിർ. വീണ്ടും ശിശിരപുഷ്പങ്ങളുടെ വസന്തം. സ്വർഗ്ഗത്തിലേയ്ക്ക് ഒരു കിളിവാതിൽ തുറന്നപോലെ. ധ്യാനത്തിന്റെ പല തലങ്ങളിലേയ്‌ക്കെന്നപോലെ, വിടരുന്ന താമരയിതളുകളെ ഓർമ്മിപ്പിക്കുന്ന വർണക്കണ്ണാടികളുടെ ചിത്രപ്പണികൾ. സന്ധ്യയിരുട്ടിത്തുടങ്ങി വിളക്കുകൾ തെളിയുന്ന നേരത്തും ഉപാസനാഗൃഹത്തിന് മുന്നിൽത്തന്നെ നിൽക്കുകയായിരുന്നു. പെട്ടെന്ന് സോഡിയം വിളക്കുകൾ പൊട്ടിവിരിഞ്ഞു. ‘കാഞ്ച് മഹൽ' എന്നുകൂടി അറിയപ്പെടുന്ന പ്രാർത്ഥനാമണ്ഡപത്തിലെ അനേകശതം സ്ഫടികക്കണ്ണാടികളിൽ തട്ടി പ്രതിഫലിച്ച ആ മഞ്ഞവെളിച്ചത്തിന്റെ പ്രകാശവേരുകൾ ഉപാസനാമണ്ഡപത്തെ ചുറ്റിവരിയുന്ന കാഴ്ച അതീന്ദ്രിയമായ ഒരനുഭവമായി. കട്ടി കൂടിക്കൂടി വരുന്ന ഇരുട്ടിലും തണുപ്പിലും മെഴുതിരിവെളിച്ചത്തെ അനുസ്മരിപ്പിക്കുന്ന പ്രകാശം മഞ്ഞയിൽനിന്ന് സ്വർണത്തിലേക്കുകടന്ന് കാഞ്ച് മഹൽ വല്ലാത്തൊരു അഭൗമ സൗന്ദര്യശില്പമായി. അതിവേഗം ഒഴുകിപ്പോകുന്ന മനുഷ്യർക്കും സമയത്തിനും നടുവിൽ ഗതകാലത്തിന്റെ ഒരു ദ്വീപിലെന്ന പോലെ ഉറഞ്ഞുനിന്നു. അടുത്തൊരു നിമിഷത്തിന്റെ അർദ്ധോക്തിയിൽ ദീപാവരണമണിഞ്ഞ ആ മണ്ഡപം ദീർഘമായ ഒരു പ്രാർത്ഥനയിലലിഞ്ഞ് പുരാതനകാലത്തേയ്ക്ക് സ്വപ്നാടനം ചെയ്തുപോയി.

ഉപാസനാഗൃഹം

കണ്ണെടുക്കാതെ നോക്കിനിന്ന് ‘ഇനി വയ്യാ' എന്ന് മത്തുപിടിച്ചപ്പോ, ഒരു ചായ എന്ന് മനസ്സ് പറഞ്ഞു. ചുറ്റും ജനസാഗരം എങ്ങോട്ടെന്നില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. ഇന്റർനെറ്റിൽ നോക്കി ‘പൗഷ മേള' നടക്കുന്ന സമയമാണെന്ന് കണ്ടുവരുന്നവരാണ് ഭൂരിപക്ഷവും. പലരും ഓട്ടോയിൽ പാഞ്ഞുപോകുന്നു, അതിലിരുന്ന് രണ്ടുവശവും നോക്കിപ്പോകുന്നു, മ്യൂസിയത്തിന്റെ ഇടനാഴികളിക്കൂടി തിരക്കിട്ട് നടന്നുപോകുന്നു, ഐസ്‌ക്രീമിന്റെയും, ചുട്ടചോളത്തിന്റെയും, കടലയുടെയും സ്റ്റാളുകൾക്ക് മുന്നിൽ തിരക്കുകൂട്ടുന്നു. മഞ്ഞുകാലത്തിന്റെ വരൾച്ചയിൽ ചിതറിപ്പിടയുന്ന മണ്ണിനെ ഇളക്കിപ്പറത്താൻ മാത്രമായിട്ടൊരു ജനാവലി. ഈ ആരവത്തിന്റെ ആത്മാവും ടാഗോറിന്റെ കാല്പനികതയും ശ്രീനികേതന്റെ ഇരുവശം സമാന്തരരേഖകളായി വളർന്നുനീണ്ടുപോയി. തമ്മിലൊരിക്കലും കണ്ടുമുട്ടാതെ.

ടോസ്റ്റ് വന്നു. ബ്രെഡിനെ ബട്ടറിൽ പൊതിഞ്ഞ് തവയിൽ മൊരിച്ചെടുത്ത് സാമാന്യം വലിയതരിയുള്ള പഞ്ചസാര വിതറിയ ഒരൈറ്റം. ആദ്യ കാഴ്ചയിൽ പഞ്ചസാര മടുപ്പിച്ചെങ്കിലും, ഒറ്റ ബൈറ്റിൽ ബംഗാൾ ഉൾക്കടലിനോട് വരെ നന്ദിപറഞ്ഞുപോയി. അത്ര ഭയങ്കര ടേസ്റ്റ്.

എല്ലാ ഡിസംബറിലും പൗഷ മാസത്തിന്റെ ഏഴാംദിനം തുടങ്ങി ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് പൗഷ മേള. കരകൗശലവസ്തുക്കളുടെയും കൈത്തറിയുടെയും മറ്റു പ്രാദേശിക ഉൽപ്പന്നങ്ങളുടെയും വില്പനയും പ്രദർശനവുമാണ് പ്രധാന ആകർഷണം. 1843 ൽ ദേബേന്ദ്രനാഥ് ടാഗോർ ബ്രഹ്മവിശ്വാസം സ്വീകരിക്കുകയും അതിനുശേഷം 1891 ൽ പൗഷ മാസത്തിന്റെ ഏഴാംദിനം ബ്രഹ്മമന്ദിർ (ഉപാസനാഗൃഹം) സ്ഥാപിക്കുകയും ചെയ്തു. അതിന്റെ ഓർമ്മയ്ക്കായി 1894 മുതൽ മേള നടന്നുവരുന്നു.

വർഷാന്ത്യത്തിന്റെയും മേളയുടെയും തിരക്ക് വിശ്വഭാരതിയുടെ മണ്ണിനെ യുദ്ധസമാനമായ ആരവങ്ങളാൽ ഉഴുതുമറിച്ചു. അൽപനേരം ആ ചലനാത്മകതയുടെ നിർമമതയിലേയ്ക്ക് നോക്കിനിന്നപ്പോ, ട്രാവൽ അഡ്വൈസറി പേജുകളിൽ ശാന്തിനികേതൻ കൂടി ചേർത്തെഴുതുന്നവരോട് എന്തെന്നില്ലാത്ത ഈർഷ്യ തോന്നി.

പൗഷ മേളയിൽ നിന്ന്, 2015 ലെ ചിത്രം / Photo : Arindam Banerjee, twitter

‘...ചായ, ചായ...' എന്ന് മന്ത്രിച്ച മനസ്സിനെയും കൊണ്ട് മേളയോടനുബന്ധിച്ച ചെറിയ സ്റ്റാൾ- ഗ്രൗണ്ടിലെ കുഞ്ഞു ചായക്കടയിലേക്ക് കയറി. മണ്ണുമണക്കുന്ന ‘കുല്ലഡിൽ ഒരു അദ്രക് ചായ' അതാണാഗ്രഹിച്ചത്. (ഇഞ്ചിയിട്ട് തിളപ്പിച്ച ചായ). നമ്മുടെ കലോറിഭയങ്ങളെ മുൻകൂട്ടി കണ്ടിട്ടെന്നപോലെ ചെറുവിരലോളം പോന്നൊരു ഗ്ലാസിലാണ് ചായ വന്നത്. കൂടെക്കഴിക്കാൻ ‘ബട്ടർ ടോസ്റ്റ്' എടുക്കട്ടേ എന്ന് ചോദിച്ചപ്പോ, ആ പേരിന്റെ പ്രലോഭനത്തെ മറികടക്കാൻ കഴിയാത്തതുകൊണ്ട് ‘ശരി, പോരട്ടെ' എന്ന് തലയാട്ടി. പഴയ തടിമേശകളാണ്, പക്ഷേ കസേരകൾ പ്ലാസ്റ്റിക്കിലും. ചുറ്റും പല കൂട്ടമാളുകൾ. അപരിചിതർ. പല ഭാഷകൾ, പല വിഷയങ്ങൾ, വികാരങ്ങൾ. ചായയ്ക്ക് മേലെ ചിതറുന്ന പഴങ്കഥകളും, നാട്ടുവർത്തമാനങ്ങളും, കാര്യമായ ചർച്ചകളും... എല്ലാം തലയ്ക്കുമീതെ പറന്നുപോയി. ഒന്നും തിരിഞ്ഞില്ല. പക്ഷേ ഈ അനുഭവത്തിന് പകരം വെയ്ക്കാൻ മറ്റൊന്നില്ല.

ചായക്കടയോട് ചേർന്ന് വിശ്വഭാരതി പബ്ലിക്കേഷൻസിന്റെ ഒരു സ്റ്റാൾ ഉണ്ടായിരുന്നു. അവിടെനിറയെ ചെറു പുസ്തകങ്ങൾ നിരത്തി വെച്ചിട്ടുണ്ടായിരുന്നു. എല്ലാത്തിന്റെയും പുറംചട്ടയ്ക്ക് ഒരേ നിറം. എന്താണ് എല്ലാ പുസ്തകങ്ങൾക്കും കാവിപ്പുറംചട്ടയെന്ന് കൗതുകംകൊണ്ട് അവരോട് തന്നെ ചോദിച്ചു.

ടോസ്റ്റ് വന്നു. ബ്രെഡിനെ ബട്ടറിൽ പൊതിഞ്ഞ് തവയിൽ മൊരിച്ചെടുത്ത് സാമാന്യം വലിയതരിയുള്ള പഞ്ചസാര വിതറിയ ഒരൈറ്റം. ആദ്യ കാഴ്ചയിൽ പഞ്ചസാര മടുപ്പിച്ചെങ്കിലും, ഒറ്റ ബൈറ്റിൽ ബംഗാൾ ഉൾക്കടലിനോട് വരെ നന്ദിപറഞ്ഞുപോയി. അത്ര ഭയങ്കര ടേസ്റ്റ്. ഡിസംബറിൽ, ഈ കൊടുംതണുപ്പത്ത്, അപരിചിതർക്കിടയിലിരുന്ന്, മസാലച്ചായയോടൊപ്പം കഴിക്കാൻ ഇതിലും നല്ലതായി ഒന്നും ഈ ലോകത്ത് ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല എന്ന് തോന്നിപ്പോയി. (ചിലപ്പോ, നടന്നലഞ്ഞതിന്റെ തളർച്ചയും വിശപ്പും കൊണ്ടുകൂടിയാവും.)
ചായക്കടയോട് ചേർന്ന് വിശ്വഭാരതി പബ്ലിക്കേഷൻസിന്റെ ഒരു സ്റ്റാൾ ഉണ്ടായിരുന്നു. അവിടെനിറയെ ചെറു പുസ്തകങ്ങൾ നിരത്തി വെച്ചിട്ടുണ്ടായിരുന്നു. എല്ലാത്തിനും 200, 120, 150 രൂപയാണ് വില. അതിലുപരി എല്ലാത്തിന്റെയും പുറംചട്ടയ്ക്ക് ഒരേ നിറം. അല്ലെങ്കിൽ ഒരേ നിറത്തിന്റെ പല ഛായകൾ. ചിലത് വാങ്ങി. ഒരോർമയ്ക്കും, പിന്നെ ശീർഷകങ്ങളുടെ പ്രലോഭനത്താലും.
എന്താണ് എല്ലാ പുസ്തകങ്ങൾക്കും കാവിപ്പുറംചട്ടയെന്ന് കൗതുകംകൊണ്ട് അവരോട് തന്നെ ചോദിച്ചു.
‘അത് ടാഗോറിന്റെ തന്നെ ഇഷ്ടമായിരുന്നു, അദ്ദേഹം തിരഞ്ഞെടുത്ത നിറമാണ്' എന്നാണ് പറഞ്ഞത്. മനസ്സിന് മതിയാവാത്ത ഉത്തരമാണ് കിട്ടിയത്. ശരിയോ തെറ്റോ എന്നെനിക്കറിയില്ല. വിശ്വസിക്കാനായിരുന്നു ഇഷ്ടം. എങ്കിലും എന്താവും ഈ നിറം തിരഞ്ഞെടുക്കാൻ കാരണം എന്ന് ഞാനാലോചിച്ചിരുന്നു. ഉത്തരമൊന്നും കിട്ടിയിരുന്നില്ല. പിന്നീട് മറ്റ് ചിന്തകളിലേയ്ക്ക് കടന്നുപോയി അത് മറക്കുകയും ചെയ്തു.

രാത്രി മീരാശ്രോയയിലെ റൊട്ടിയും സബ്ജിയും കഴിച്ച് യാത്രക്കുറിപ്പുകൾ എഴുതിയിരിക്കുമ്പോഴാണ് ശ്രദ്ധിച്ചത്, എവിടെനിന്നോ നേർത്തുകേൾക്കുന്ന ഏക്​താരയുടെ താളം. രാത്രി വൈകുന്തോറും അത് മുറുകിവരുന്നു. ബാവുൽ സംഗീതത്തിന്റെ ഗ്രാമ്യതാളം. പലർ ചേർന്ന് ലയിച്ചുപാടുന്നതിന്റെ ലഹരി. ഹൃദയത്തിനുള്ളിലെ ഒരു നീറ്റൽമുറിവുപോലെ ഏക്താരയുടെ ശബ്ദം. വാതിൽതുറന്ന് മുറ്റത്തിറങ്ങുമ്പോ രാവെളിച്ചത്തിൽ നടുമുറ്റത്തെ പാരിജാതച്ചെടി ഇലകളുലച്ച് താളംപിടിക്കുന്നതുകണ്ടു. മുകൾനിലയിലെ ഏതോ മുറിയിൽനിന്നാണ്. ഇടയ്ക്ക് അനുപം താഴെവന്നപ്പോ ചോദിച്ചു. കലാശാലയിലെ വിദ്യാർത്ഥികളാണ്. സ്വകാര്യ ഗ്രൂപ്പാണ്. മറ്റാർക്കും പ്രവേശനമില്ല. രാത്രി എപ്പോഴോ ഉറങ്ങിപ്പോകുംവരെ ബാവുൽ വീചികൾ തുന്നിയ പട്ടുനൂലിഴകളിൽ ചിറകുകുടുങ്ങി മനസ്സ് ബോധാബോധങ്ങളിൽ ചിതറിപ്പരന്നു.

ഭോൽപ്പൂർ റെയിൽവേ സ്റ്റേഷൻ

മൂന്നാംദിവസം വെളുപ്പിന് ഭോൽപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വിശ്വഭാരതി ഫാസ്റ്റ് പാസഞ്ചർ എന്ന് പേരുള്ള രാംപൂർഹാത് - ഹൗറാ സ്‌പെഷ്യൽ ട്രെയിനിൽ കൊൽക്കത്തയിലേക്ക് തിരിച്ചു. ആദ്യം ബസിൽ വരാൻ കരുതിയെങ്കിലും പിന്നീട് യാത്ര ട്രെയിനിലാക്കുകയായിരുന്നു. രബീന്ദ്രഭവനിലാണത് കണ്ടത്. രബീന്ദ്രനാഥ ടാഗോറിന്റെ കൽക്കട്ടയിലേക്കുള്ള അവസാന യാത്ര. 1941 ജൂലൈ 25ന് ഭോൽപ്പൂരിൽനിന്ന് കൽക്കട്ടയിലേയ്ക്ക് ട്രെയിനിൽ. അടക്കാനാവാത്ത ഹൃദയഭാരത്തോടെ, തന്റെ ജീവിതപന്ഥാവായിരുന്ന ശാന്തിനികേതനോട് അദ്ദേഹം വിടപറഞ്ഞു. കൽക്കട്ടയിലെ കുടുംബവീടായ ജൊരാഷങ്കോ താക്കൂർബാരിയിലേയ്ക്കായിരുന്നു ആ യാത്ര. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ശാസ്ത്രക്രിയയ്ക്കും മറ്റുമായി അദ്ദേഹം കൽക്കട്ടയിലേയ്ക്ക് പോവുകയായിരുന്നു. തന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ടാഗോറിന് അതദ്ദേഹത്തിന്റെ അവസാനയാത്രയാണെന്നും ഇനിയൊരിക്കലും ശാന്തിനികേതനിലേയ്ക്ക് ഒരു മടങ്ങിവരവുണ്ടാവില്ലയെന്നും അറിയാമായിരുന്നു. അതിനാൽത്തന്നെ ഭാരിച്ച മനസ്സോടെ നിശ്ശബ്ദനായി അദ്ദേഹം ആ യാത്ര പൂർത്തിയാക്കി. പിന്നീട് ഏതാനും ആഴ്ചകൾക്കകം, ഓഗസ്റ്റ് 7ന് ആ മഹത്തായ ജീവിതയാത്രയ്ക്ക് തിരശ്ശീല വീണു.
ആ അവസാന യാത്രയുടെ ഓർമയ്ക്ക് വിശ്വഭാരതി ഫാസ്റ്റ് പാസഞ്ചറിൽ പാതിയുറക്കത്തിൽ ചാഞ്ഞിരുന്നു.

സ്റ്റാളിൽ നിന്ന് വാങ്ങിയ ‘Introduction to Tagore' വായിച്ചുതീർക്കാമെന്ന ധാരണയോടെ അത് കയ്യിലെടുത്തുവെച്ചിരുന്നു. പക്ഷേ പല ദിവസങ്ങളായുള്ള അതികാലത്തെഴുന്നേൽപ്പ് കാരണം, വായന ഒന്ന് കാലുറപ്പിക്കുമ്പഴേയ്ക്ക് ഉറക്കത്തിന്റെ ആവരണം അനുവാദംകൂടാതെ കണ്ണിനുമേലെ അടർന്നുവീണുകൊണ്ടിരുന്നു. ഇടയ്ക്കുറങ്ങി.

ട്രെയിനിന്റെ വീതിയേറിയ ജനാലച്ചില്ലിലൂടെ നോക്കുമ്പോ മഞ്ഞിന്റെ കട്ടിപ്പാടയിൽ പുത്തഞ്ഞുകിടന്ന കൊയ്ത്തുകഴിഞ്ഞ പാടങ്ങൾ കാണാമായിരുന്നു. വിദൂരതയിലേയ്ക്ക് വരണ്ടുനീളുന്ന ശൈത്യകാലത്തിന്റെ അനിശ്ചിതത്വം നിറഞ്ഞ മഞ്ഞച്ച വിതാനം. ഇടയ്ക്ക് റെയിൽപാളത്തിനപ്പുറത്തേയ്ക്ക് കാണാനാവാത്തത്ര മഞ്ഞ്. ഇവരണ്ടും പേർത്തും പേർത്തും കണ്ടാകുലപ്പെട്ട് ഉണർവ്വോ ഉറക്കമോ എന്നറിയാതെ ബോധത്തിന്റെ ഇടവേളകളിൽ ഞാൻ ഞെട്ടിപ്പിടഞ്ഞുകൊണ്ടിരുന്നു.
അപ്പോഴാണ് ചായക്കാരന്റെ വിളി. ഒരു നീണ്ട തുരങ്കത്തിന്റെ അവസാനമെത്തിയപോലെ വെളിച്ചത്തിലേയ്ക്ക് ഞാൻ ചിതറിവീണു. നല്ല കടുപ്പമുള്ള, മധുരം പാകത്തിനിട്ട കുല്ലഡ് ചായ. കൃത്യമായ സ്‌പെസിഫിക്കേഷനിൽ, മണ്ണടരുകളുടെ മണംകൂട്ടിയെത്തിയപ്പോ ഉറക്കം പമ്പകടന്നു അല്ല.. ദാമോദർ കടന്നു.

സീറ്റിനുമുന്നിലെ ഫുഡ് ട്രേയിൽ മടക്കിവെച്ച പുസ്തകത്തിനരികിലേയ്ക്ക് കാലിയായ കുല്ലഡ് വെക്കുമ്പോഴാണ് അത് പെട്ടെന്ന് ശ്രദ്ധിച്ചത്, ആ നിറം.
നിറത്തിന്റെ സവിശേഷത. ഒരു നിമിഷം... ഒരു തുടം വെളിച്ചം ഇരുട്ടിന്റെ ചില്ലുപാത്രത്തിലേയ്ക്ക് ഒഴുകിനിറയുംപോലെ. ഓഹ്... ഇതായിരുന്നോ എന്നാശ്ചര്യപ്പെട്ടു. സത്യത്തിൽ എനിക്കിപ്പോഴുമറിയില്ല, ഇതുതന്നെയാണോ എന്ന്. പക്ഷേ അങ്ങനെ വിശ്വസിക്കാനായിരുന്നു ഇഷ്ടം.

നിരർത്ഥകമായി വരണ്ടുപരന്നുകിടന്ന ഊഷരമായ ഭൂമിയിൽനിന്ന് ഹരിശ്രീയെന്നെഴുതി ശാന്തിനികേതകൻ എന്നൊരു മഹാപ്രപഞ്ചം പടുത്തുയർത്തിയ....
മനുഷ്യരെ അഗാധമായി സ്‌നേഹിച്ച...
മണ്ണിനെ ഹൃദയത്തോട് ചേർത്ത...
ഒരു മഹാമാന്ത്രികന്, ലോകകവിയ്ക്ക്...
ഇതുതന്നെയാവണം മനസ്സിലുണ്ടായിരുന്നത്...

പുസ്തകങ്ങളുടെ പുറംചട്ടയിൽ ബീർഭുമിന്റെ, ഭോൽപ്പൂരിന്റെ, ശാന്തിനികേതന്റെ ആ മൺനിറം അദ്ദേഹം അടയാളപ്പെടുത്തുകയായിരുന്നിരിക്കണം.

ജൊരാഷങ്കോ ഠാക്കൂർബാരി

ഹൂഗ്ലി എന്ന ഭഗീരഥിയ്ക്കടുത്ത് നഗരമധ്യത്തിൽ രബീന്ദ്ര സരണിയിൽ സ്ഥിതിചെയ്യുന്ന ജൊരാഷങ്കോ ഠാക്കൂർബാരിയിലേക്ക് പോയത് ഒരു യാത്രയെ പൂർണവൃത്തത്തിലെത്തിക്കാമെന്ന നിസാരമായ ഒരാഗ്രഹം കാരണമായിരുന്നു. പെട്ടെന്ന് കണ്ടുമടങ്ങാമെന്ന് കരുതുകയുംചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ ബാരാബസാറിലെ സേട്ട് കുടുംബം രബീന്ദ്രനാഥ് ടാഗോറിന്റെ മുത്തച്ഛനായ ദ്വാരകാനാഥ് ടാഗോറിന് നൽകിയ ഭൂമിയിൽ അദ്ദേഹം പണിതുയർത്തി യതായിരുന്നു ജൊരാഷങ്കോ ഠാക്കൂർബാരി. ഇപ്പൊ രബീന്ദ്ര ഭാരതി സർവ്വകലാശാലയായി പ്രവർത്തിക്കുന്നതിനോടൊപ്പം രബീന്ദ്രനാഥ ടാഗോറിന്റെ പൊതുജീവിതത്തെയും മറ്റുരാജ്യാന്തരബന്ധങ്ങളെയും മനോഹരമായി ഷോകേസ് ചെയ്തിരിക്കുന്ന മ്യൂസിയമായിക്കൂടി ജൊരാഷങ്കോ വർത്തിക്കുന്നു. ചൈന, ജപ്പാൻ, ഹങ്കറി തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം ചിത്രങ്ങളായും മറ്റും പ്രദർശിപ്പിച്ചിരിക്കുന്ന വിവിധ ഗാലറികളുണ്ട്. ദ്വാരകാനാഥ് ടാഗോർ, ദേബേന്ദ്രനാഥ് ടാഗോർ, രബീന്ദ്രനാഥ് ടാഗോർ എന്നിവരെക്കൂടാതെ ടാഗോർ കുടുംബത്തിന്റെ ഇതേ ശാഖയിലെ മറ്റു പ്രഗത്ഭരെയും ഉൾപ്പെടുത്തിയ ഗാലറികളുണ്ട്. ബംഗാൾ നവോത്ഥാനചരിത്രത്തിൽ ജൊരാഷങ്കോയുടെ പങ്ക് ചെറുതല്ല.

ജൊരാഷങ്കോയിൽനിന്ന് പുറത്തേക്കിറങ്ങുമ്പോ കാലം പത്തൊൻപതാം നൂറ്റാണ്ടിൽ തളംകെട്ടികിടക്കുകയാണെന്ന് തോന്നി. വിളർത്തവെയിൽ നനവാർന്ന കണ്ണുകളെ വേദനിപ്പിച്ചു. എന്തിനാ കണ്ണുനനഞ്ഞതെന്നാലോചിച്ചു.

മ്യൂസിയത്തിന്റെ തുടക്കത്തിൽ രബീന്ദ്രനാഥ ടാഗോറിന്റെ പൂർണകായ പ്രതിമയുണ്ട്. നമുക്ക് അദ്ദേഹമൊരു കവി മാത്രമാണ്. നോബൽ സമ്മാനം ലഭിച്ച കവി. പക്ഷേ അവിടെയെത്തുന്ന നാട്ടുകാരായ സന്ദർശകർ ഈ പൂർണകായ പ്രതിമയ്ക്ക് മുന്നിൽ തൊഴുതുനിവരുന്നതുകാണുമ്പൊ അദ്ദേഹത്തിന് ചുറ്റുമൊരു ദൈവികപ്രകാശവലയം ഉണ്ടെന്ന് തോന്നിപ്പോകും. അത്രമാത്രം ഭക്തിയോടെ, ഒരു മഹാകവി എന്നതിലുപരി, ഗുരുദേവ് എന്ന അഭിസംബോധന അന്വർത്ഥമാക്കി അവർ അദ്ദേഹത്തെ ദൈവിക പരിവേഷത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കവിതകളെയും പ്രവർത്തനങ്ങളെയും അത്ഭുത പ്രവർത്തികൾപോലെ കാണുന്നു. ഇതൊരു വല്ലാത്ത ഔട്ട്‌സൈഡർ വ്യൂ ആയിരുന്നു. ആദ്യമായറിയുന്നത്.

പിന്നീട് വായിക്കുമ്പോഴാണ് മനസ്സിലാവുന്നത്, അദ്ദേഹത്തിനുണ്ടായിരുന്ന രോഗത്തെക്കുറിച്ചുപോലും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. മൂത്രാശയസംബന്ധമായ രോഗം എന്നതിലുപരി അതിനെക്കുറിച്ച് അധികവിവരങ്ങളില്ല. അദ്ദേഹത്തിന്റെ ദൈവികപരിവേഷത്തെ ഹനിക്കാതിരിക്കാനാവുമെന്ന് ചില ഊഹാപോഹങ്ങൾ. വെറുതെയാവാം. ജൊരാഷങ്കോയിൽ അദ്ദേഹം അവസാനദിനങ്ങൾ കഴിച്ചുകൂട്ടിയ മുറി പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. അവസാനമായി ശസ്ത്രക്രിയ നടത്തിയ ഇടം അങ്ങനെ പലതും സൂക്ഷ്മമായി വിവരിച്ചിരിക്കുന്നു. ഭോൽപ്പൂരിൽ നിന്നെത്തി പിന്നീട് ഓഗസ്റ്റ് ഏഴുവരെയുള്ള ദിനങ്ങളിൽ ഒരോന്നിലേയും സംഭവങ്ങൾ കൃത്യമായി ആലേഖനം ചെയ്ത ഇടനാഴികൾ. ഒരു പ്രാർത്ഥനപോലെ വായിച്ചുപോകാം. ഒരു മനുഷ്യനെ അറിയാൻ നമുക്കൊരു ആമുഖം വേണമെങ്കിൽ, അതിവിടെയുണ്ട്. ചിലർക്കെങ്കിലും അത് ദൈവത്തിന്റെ ആമുഖമാണ്. അതും മനസ്സിലാവുന്നുണ്ട്.

സമയക്കുറവുമൂലം പല ഗാലറികളും കണ്ടില്ല. ഇടനാഴികളിൽ ഒഴുകിനിറയുന്ന രബീന്ദ്രസംഗീതം.

ജൊരാഷങ്കോ ഠാക്കൂർബാരി റോഡിലെ കവാടം

ഉച്ചതിരിഞ്ഞ നേരത്ത് ജൊരാഷങ്കോയിൽനിന്ന് പുറത്തേക്കിറങ്ങുമ്പോ കാലം പത്തൊൻപതാം നൂറ്റാണ്ടിൽ തളംകെട്ടികിടക്കുകയാണെന്ന് തോന്നി. വിളർത്തവെയിൽ നനവാർന്ന കണ്ണുകളെ വേദനിപ്പിച്ചു. എന്തിനാ കണ്ണുനനഞ്ഞതെന്നാലോചിച്ചു. ഒരു മനുഷ്യൻ അയാളുടെ സ്വപ്നഭൂമികയുപേക്ഷിച്ചുവന്ന ആ വരവ് എന്തുകൊണ്ടോ മനസ്സിനെ പൊള്ളിച്ചു.
ശാന്തിനികേതൻ എന്നൊരു മഹത്തായ ആശയത്തെ, രാഷ്ട്രീയപ്രവർത്തനത്തെ, നവീകരണത്തെ, പ്രാവർത്തികമാക്കിയ നവോത്ഥാന നായകൻമാരുടെ പ്രതീകാത്മകമുഖമായി ജൊരാഷങ്കോ ഭൂതകാലത്തിന്റെ വികാരവിക്ഷോഭങ്ങൾ ശമിച്ചുനിന്നു. കുറച്ചപ്പുറം ഹൂഗ്ലി ശാന്തമായൊഴുകി...

നഗരം ജീവിതാവേശത്തിന്റെ ജ്വരം ബാധിച്ച് വിറച്ചുതുള്ളിക്കൊണ്ടിരുന്നു. അതിനുമേലെ പകലും രാത്രിയും മാറിമാറിവന്നു.
കൊൽക്കത്ത പിന്നെയും ബാക്കിയായിരുന്നു.

അതിനിരുവശം, നഗരം ജീവിതാവേശത്തിന്റെ ജ്വരം ബാധിച്ച് വിറച്ചുതുള്ളിക്കൊണ്ടിരുന്നു. അതിനുമേലെ പകലും രാത്രിയും മാറിമാറിവന്നു.
കൊൽക്കത്ത പിന്നെയും ബാക്കിയായിരുന്നു. ശാന്തിനികേതൻ എന്നൊരേടിന്റെ ഭാരത്തിൽ മനസ്സ് അശാന്തമായി. കൂടുതൽ അറിയാനും. വായിക്കുവാനും.
രബീന്ദ്ര സരണിയിലൂടെ തിരിച്ചുനടക്കുമ്പോ കുഞ്ഞുണ്ണിയുടെ ചിന്തകൾ പിന്നെയും തികട്ടിവന്നു. ഗുരുസാഗരത്തിലെ അവന്റെ അവസാനകണ്ണിയായ കല്യാണിയെക്കുറിച്ചോർത്തു. ‘നീംതലയ്ക്കപ്പുറം ജാഹ്നവി മൃതിയുടെ ഭ്രൂണങ്ങളെയും പേറി ഹൂഗ്ലിയായി ഒഴുകുന്നു. വേണ്ട, പോകേണ്ടത് അങ്ങോട്ടല്ല; കാലുകൾ മറ്റേതോ മാസ്മരാഹ്വാനമറിഞ്ഞു. അച്ഛൻ തന്നെ കൊണ്ടുപോയ ആ ചതുപ്പുനിലങ്ങൾ തേടി കണ്ടുപിടിക്കണം...'

ഞാനോർത്തു, ഇനിയും പോകാനുണ്ട്. ചരിത്രത്തിന്റെയും, സ്വപ്നത്തിന്റെയും, കടങ്കഥകളുടെയും സ്ഥലികളിൽ. പൂർവ ജന്മസ്മൃതികൾ തിരഞ്ഞുപോകുന്ന തീർത്ഥാടകരെപ്പോലെ ഇനിയുമുണ്ട് യാത്രകൾ, വഴികൾ, ഇടങ്ങൾ. ഇനിയും വരേണ്ടിയിരിക്കുന്നു. കാണാതെ ബാക്കിവെച്ചവയ്ക്കുവേണ്ടി... ▮


സ്​മിത പ്രകാശ്​

സംഗീതം, യാത്ര, എഴുത്ത്​ എന്നീ മേഖലകളിൽ താൽപര്യം. അഗർത്തല വിമാനത്താവളത്തിൽ കമ്യൂണിക്കേഷൻ, നാവിഗേഷൻ ആൻറ്​ സർവൈലൻസ്​ ഡിപ്പാർട്ടുമെൻറിൽ എഞ്ചിനീയർ (മാനേജർ).

Comments