പാട്ടുകളുടെ വിപ്ലവത്തിന്റെ വാർഷികം

സ്വാതന്ത്ര്യത്തിനുശേഷം ബാൾട്ടിക് ജനതയുടെ ജീവിതം

സ്വത്വപരമായും മതപരമായുമെല്ലാമുള്ള തെരഞ്ഞെടുപ്പുകളിലൂടെ നിർമിച്ചെടുക്കുന്ന ദേശീയതാ സങ്കൽപ്പം മറ്റൊരു വ്യവസ്ഥാപിത സമ്പ്രദായത്തിൽ ജനതയെ മാനസികമായി തളച്ചിടുന്നു

അഞ്ച്

ഷ്യൻ വിപ്ലവത്തിനു ശേഷം ബാൾട്ടിക് രാജ്യങ്ങൾ സ്വതന്ത്രമാക്കപ്പെട്ടതിന്റെ നൂറാം വാർഷികം കൊണ്ടാടുന്ന വേളയായിരുന്നു അക്കൊല്ലം. നിരവധി മ്യൂസിക് കൺസേർട്ടുകളും മ്യൂസിയങ്ങളിലെ പ്രത്യേക പ്രദർശനങ്ങളും ആട്ടവും പാട്ടുമെല്ലാമായി ഗംഭീര പരിപാടികൾ. ബാൾട്ടിക് സംഗീത സദസുകളിൽ ലിത്വാനിയൻ പതാകയുമായി ജനങ്ങൾ ആഘോഷപൂർവ്വം ചുവടുവച്ചു. "സ്തുദന്റ് ഗാത്വേ'യിലുള്ള മ്യൂസിയത്തിനു മുമ്പിലായിരുന്നു ആദ്യം പങ്കെടുത്ത ആഘോഷ പരിപാടി. പിന്നീട് ലിത്വാനിയയിലെ ഏറ്റവും ജനകീയ കായിക വിനോദമായ ബാസ്‌ക്കറ്റ് ബോൾ കളി നടക്കാറുള്ള സ്റ്റേഡിയത്തിലും കുന്നിൻ മുകളിലെ തുറസായ സ്ഥലത്തുമെല്ലാം ഞങ്ങൾ പോയി. എല്ലായിടത്തും ഒരു ചെറിയ തീക്കുണ്ഠം അണയാതെ സൂക്ഷിച്ചിരുന്നു. വർണശബളമായ നാടിന്റെ തനതായ വസ്ത്രങ്ങളണിഞ്ഞ യുവതീയുവാക്കൾ പാട്ടുകളുടെ വിപ്ലവത്തെ ഞങ്ങൾക്കു മുമ്പിൽ പുനർജനിപ്പിച്ചു.

ലിത്വാനിയൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന്

വിൽനസിലും കൗണസിലുമെല്ലാം വാസ്തുശിൽപ ചാതുര്യമുള്ള ഭീമാകാരൻ സൗധങ്ങൾ കാണാം. ഇവ്വിധമുള്ള യൂറോപ്യൻ വാസ്തുവിദ്യകളിൽ അനുരക്തനായ ഞങ്ങളുടെ അമേരിക്കൻ കൂട്ടുകാരൻ ജെയിംസ് തന്റെ കെട്ടിടപ്രണയം ഞങ്ങളോട് പങ്കുവച്ചു. ഇത്തരം സൗധങ്ങളെല്ലാം ഇന്റർവാർ കാലത്ത് പണിതീർത്തതാണെന്ന് ക്രിസ്റ്റീന മറുപടി കൊടുത്തു. സാറിസ്റ്റ് കാലത്ത് ഓർത്തഡോക്‌സ് ദേവാലയങ്ങളായി പണിതീർത്ത് ഇന്ന് കാത്തലിക് പള്ളികളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭീമൻ പള്ളികളും സ്വതന്ത്ര ഭരണകാലത്ത് നിർമ്മിച്ച കെട്ടിടങ്ങളുമെല്ലാമാണ് പ്രധാന നഗരഭംഗികൾ. എന്നാൽ സോവിയറ്റ് കാലത്ത് പണി തീർത്ത കെട്ടിടങ്ങൾ ശിൽപചാതുര്യമുള്ളവയല്ല. അവ എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യം വച്ച് പണിത അഞ്ചുനില ഫ്‌ളാറ്റ് സമുച്ചയങ്ങളും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കായുള്ള പത്തും പന്ത്രണ്ടും നിലകളുള്ള ഹോസ്റ്റലുകളും മറ്റുമാണ്.

അത്തരം നിർമിതികൾ എല്ലായിടങ്ങളിലും കാണാം. മോസ്‌കോ നഗരത്തിലും മറ്റും കാണുന്ന തരത്തിലുള്ള ഭീമാകാരവും വശ്യവുമായ സോവിയറ്റ് നിർമാണ ശൈലികളൊന്നും ലിത്വാനിയയിൽ കണ്ടില്ല. ജനതയെ തെരുവിൽ കിടക്കുന്നവരാക്കി മാറ്റാത്ത അടിസ്ഥാന ഭവനനിർമിതികളേക്കാൾ സാധാരണക്കാർക്ക് കയറിച്ചെല്ലാൻ പരിമിതികളുള്ള കമനീയ സൗധങ്ങളാണ് ജനസാമാന്യത്തിന് കൺകുളിരാവുന്നത്.

സമ്പന്നരുടെ മോഡൽ

തങ്ങളുടെ രണ്ട് സ്വാതന്ത്ര്യദിനങ്ങളേയും ഏറെ വൈകാരികമായാണ് ബാൾട്ടിക്കുകാർ കാണുന്നത്. തദ്ദേശീയരുടേതായ സ്വതന്ത്ര്യ പരമാധികാര രാഷ്ട്രം എന്ന ലക്ഷ്യത്തിലെത്തിച്ചേർന്നതിന്റെ ആഘോഷമാണ് അവിടെ ജനത പ്രകടിപ്പിക്കുന്നത്. സോവിയറ്റ് യൂണിയനിൽ നിന്ന് സ്വതന്ത്രമായശേഷം ബാൾട്ടിക് ജനതക്ക് അവർ ആഗ്രഹിച്ചതുപോലൊരു ജീവിതം ഉണ്ടായോ എന്ന് ചോദിച്ചാൽ അത് വലിയൊരു ചോദ്യം തന്നെയാണ്. ഈയടുത്ത കാലത്ത് ക്രിസ്റ്റീനയുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞു; "സോവിയറ്റ് ഭരണത്തെ വിവിധ കാരണങ്ങളാൽ ഞങ്ങൾ എതിർത്തിരുന്നു എന്നത് നേരുതന്നെ. എന്നാൽ ഇപ്പോൾ ഈ അവതരിപ്പിക്കപ്പെടുന്ന മോഡൽ ഒരിക്കലും ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ പ്രതിനിധീകരിക്കുന്നതല്ല. ഇത് സമ്പന്നർ മാത്രം ജീവിതം ആസ്വദിക്കുന്ന ഒരു സമ്പ്രദായമായി മാറി. ഞങ്ങളാരും ആഗ്രഹിച്ചത് ഇതല്ല.' എന്നാൽ ജനങ്ങൾക്ക് അവരുടേതായ ഭരണകൂടം എന്ന് വൈകാരികമായി തോന്നുന്ന വ്യവസ്ഥിതി വളരെ പ്രധാനപ്പെട്ടതുതന്നെയാണ്. സ്വത്വപരമായും മതപരമായുമെല്ലാമുള്ള തെരഞ്ഞെടുപ്പുകളിലൂടെ നിർമിച്ചെടുക്കുന്ന ഇത്തരമൊരു ദേശീയതാ സങ്കൽപ്പം മറ്റൊരു വ്യവസ്ഥാപിത സമ്പ്രദായത്തിൽ ജനതയെ മാനസികമായി തളച്ചിടുന്നു.

ക്രിസ്റ്റീനക്കും അമ്മക്കുമൊപ്പം അമൽ പുല്ലാർക്കാട്ട്

നവീന ബാൾട്ടിക് ചരിത്രത്തിലെ തങ്ങളുടെ പുഷ്‌ക്കല കാലമായി ഔദ്യോഗിക ദേശീയത വാഴ്ത്തുന്നത് ഇന്റർവാർ കാലഘട്ടത്തിലെ സ്വതന്ത്രവർഷങ്ങളെയാണ്. എന്നാൽ ഇവിടെയും ഏറെ സെലക്റ്റീവായി തെരഞ്ഞെടുത്ത ചരിത്രത്തിന്റെ ആഘോഷം നമുക്ക് കാണാൻ സാധിക്കും. അന്ന് നാഷണലിസ്റ്റ് സ്റ്റാമ്പോടെ കടന്നുവന്ന ഏകാധിപത്യ പ്രസിഡൻഷ്യൽ ഭരണകൂടങ്ങൾ ലിത്വാനിയയിൽ അന്തനാസ് സ്‌മെയോട്ട, ലാത്വിയയിൽ കാർലിസ് ഉൻമാലിസ്, എസ്റ്റോണിയയിൽ കോൺസ്റ്റന്റയ്ൻ പാറ്റ്‌സ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന നാസി പ്രത്യയശാസ്ത്ര സ്വീകരണവും ഇടതുപക്ഷ വേട്ടയും ഇവിടെ സമർഥമായി മൂടിവയ്ക്കാൻ ശ്രമിക്കുകയാണ്. ലിത്വാനിയയിലും മറ്റും ശക്തമായി ഉയർന്നുവന്ന ഇടതുപക്ഷ മുന്നേറ്റങ്ങളെ തീവ്രവലതുപക്ഷം ക്രൂരമായി അടിച്ചമർത്തി. ഇതെല്ലാം ഔദ്യോഗിക ബാൾട്ടിക് ദേശീയത ഏറെ സമർഥമായി മറച്ചുവയ്ക്കുന്നു.

സാർ നിക്കോളാസ് പണികഴിപ്പിച്ച കൗണസ് നഗരത്തിലെ ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളി. ഇന്ന് ഇത് കാത്തലിക് പള്ളിയാണ്​

മദ്യം സാധാരണ പാനീയം

2019 ഫെബ്രുവരി 28 ന് വിഷ്ണുവിന്റേയും സഹപാഠികളുടേയും ക്ഷണം സ്വീകരിച്ച് കെ.ടി.യു ഗവേഷക വിദ്യാർത്ഥികളുടെ അക്കാദമിക് കൂട്ടായ്മയായ "സയൻസ് ആന്റ് ദി സിറ്റി'യിൽ പ്രബന്ധാവതരണത്തിന് പോയി. അവിടെ ഞാൻ "Nonviolent Political Struggle for Freedom: Lithuania's Sajudis Movement and India's Gandhism' എന്ന എന്റെ പ്രബന്ധം അവതരിപ്പിച്ചു. അവിടെ വച്ച് പരിപാടിയുടെ സംഘാടകയായ വിൽമയേയും അവിടുത്തെ ബിസിനസുകാരനായ അവരുടെ ഭർത്താവിനേയും പരിചയപ്പെട്ടു. രാത്രിയിൽ കൗണസ് നഗരത്തിലെ ഒരു ചെറിയ ബാർ ഹോട്ടലിൽ വച്ചായിരുന്നു അക്കാദമിക് പ്രസന്റേഷനുകൾ നടന്നുകൊണ്ടിരുന്നത്. കസ്റ്റമേഴ്‌സ് വന്നിരിക്കുന്ന ഇടങ്ങളിൽ ഒരുഭാഗം ക്രമീകരിച്ച് പ്രോജക്ട്ടറും മറ്റും ഉപയോഗിച്ച് പ്രസന്റേഷനുകൾ നടന്നുകൊണ്ടിരിക്കുന്നു.

സയൻസ് ആന്റ് ദി സിറ്റിയിലെ പ്രബന്ധാവതരണം

പ്രബന്ധങ്ങൾ കേട്ടുകൊണ്ടിരിക്കുന്നതിനിടയിൽ നിങ്ങൾക്ക് വേണമെങ്കിൽ കോഫിയോ ബിയറോ മദ്യമോ ഭക്ഷണ പദാർത്ഥങ്ങളോ പണം നൽകി വാങ്ങിക്കഴിക്കാം. അവിടെ വരുന്ന മറ്റ് കസ്റ്റമേഴ്‌സും വലിയ ശബ്ദമെന്നും ഉണ്ടാക്കാതെ സാകൂതം അവതരണങ്ങൾ ശ്രദ്ധിക്കുന്നു. അവിടെ റസ്റ്റോറന്റുകളിലെല്ലാം മദ്യവും ലഭ്യമാണ്. ബാർ എന്നത് ഒരു പ്രത്യേക ഇടമായി പരിഗണിക്കുന്നില്ല. കൊടും തണുപ്പിലും ജീവിത ശൈലിയിലും അന്നാട്ടുകാർക്ക് മദ്യം എന്നത് വളരെ സാധാരണമായ ഒന്നുമാത്രം. ഭക്ഷണം കഴിക്കുന്നതിനിടയിൽ ആർക്കും അത് വാങ്ങിക്കഴിക്കാം. മദ്യം കഴിച്ചു എന്ന പേരിൽ ബഹളമോ പ്രശ്‌നമോ ഉണ്ടാക്കുന്ന ആരേയും അവിടെ കാണാൻ സാധിച്ചില്ല. കൊടും തണുപ്പിൽ റസ്റ്റോറന്റുകളുടെ ഏറ്റവും വലിയ ആകർഷണീയത ചൂടുകാപ്പിയും ചായയുമാണ്. വിവിധ തരം കോഫികൾ ലഭ്യമാണ്. ചായയാകട്ടെ നമ്മുടേതിൽ നിന്ന് വ്യത്യസ്തമായി ഡ്രൈ ഫ്രൂട്ട്‌സും മറ്റ് പല ഫ്‌ളേവറുകളുമിട്ട് തിളപ്പിച്ചെടുക്കുന്നവയാണ്. അവ നമ്മൾക്കേവർക്കും ഒരുപോലെ ഇഷ്ടപ്പെടണമെന്നില്ല. എങ്കിലും ചില റസ്റ്റോറന്റുകൾ അവ മനോഹരമാക്കി തയ്യാറാക്കി നൽകുമായിരുന്നു.

ഹിറ്റ്‌ലറും സോവിയറ്റ് യൂണിയനും

എന്റെ പ്രബന്ധാവതരണം കഴിഞ്ഞപ്പോഴുണ്ടായ കൈയ്യടിയും ഇന്ത്യയെക്കുറിച്ച് പ്രത്യേകമായി ചോദിച്ച ചോദ്യങ്ങളുമെല്ലാം അവർക്ക് അത്തരമൊരു വിഷയം ഏറെ സ്വീകാര്യമായതായി അനുഭവപ്പെട്ടു. അവതരണങ്ങൾക്കുശേഷം ചർച്ച തുടർന്നു. ബാൾട്ടിക് ഔദ്യോഗിക ദേശീയതയുടെ വിശദീകരണങ്ങളാണ് അപ്പർ മിഡിൽ ക്ലാസ് എന്നുതോന്നുന്ന ആ കൂട്ടായ്മയിൽ പലരും മുന്നോട്ടുവച്ചത്. ഹിറ്റ്‌ലറുടെ കടന്നുവരവ് ബാൾട്ടിക്കുകൾക്ക് പ്രത്യേകിച്ച് ഒരു നഷ്ടവും വരുത്തിയില്ലെന്നും എന്നാൽ സോവിയറ്റ് യൂണിയനാണ് ഇന്ന് കാണുന്ന അവരുടെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം എന്നതരത്തിലുള്ള വാദങ്ങൾ ചിലർ നിരത്തി. രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ് ഒരു ലിത്താസ് രണ്ട് ഡോളറിനു സമമായിരുന്നു എന്നും അയൽക്കാരായ സ്‌ക്കാന്റിനേവിയൻ രാജ്യങ്ങളുടേതുപോലുള്ളൊരു വളർച്ച തങ്ങൾക്ക് നഷ്ടപ്പെടുത്തിയത് സോവിയറ്റ് യൂണിയനാണ് എന്നുമെല്ലാം അവർ പരിതപിച്ചു. എന്നാൽ ഇത്തരമൊരു വിഷയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമ്പോൾ ചില കാര്യങ്ങൾ കൂട്ടിചേർക്കേണ്ടതായി വരുന്നു.

സയൻസ് ആന്റ് ദി സിറ്റി സെമിനാർ

സ്‌ക്കാന്റിനേവിയൻ വെൽഫെയർ - സോഷ്യലിസ്റ്റ് ഇക്കോണമിയല്ല ബാൾട്ടിക് രാജ്യങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യത്തിനുശേഷം പിന്തുടരുന്നത്. അത് പൂർണമായ സ്വകാര്യവൽക്കരണത്തിന്റേയും മലർക്കേ തുറന്ന മാർക്കറ്റുകളുടേതുമായ പാശ്ചാത്യ മുതലാളിത്ത മോഡലാണ്. അമേരിക്കയുമായി അവർ നടത്തുന്ന താരതമ്യം അമേരിക്ക ഇന്നത്തേതുപോലൊരു ലോകശക്തി അല്ലാതിരുന്ന കാലത്തെ കഥയാണ്. അതിനാൽ അത് വസ്തുതാപരമായി ശരിയാണെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടായിരുന്നില്ല. ദോമിലേക്കുള്ള അവസാന ബസ് പോകുന്നതിന് മുമ്പായി അവരോട് കൈകൊടുത്തു പിരിഞ്ഞു.

വിൽനസ് യൂണിവേഴ്‌സിറ്റിയിൽ

അടുത്ത യാത്ര ലിത്വാനിയൻ തലസ്ഥാന നഗരിയായ വിൽനസിലേക്കായിരുന്നു. ജെ.എൻ.യുവിൽ അക്കാദമിക് സന്ദർശനങ്ങൾ നടത്താറുള്ളവരായിരുന്നു അവിടുത്തെ അധ്യാപകർ. വിശേഷിച്ച് അവർക്ക് സ്വന്തം സർവകലാശാലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ ആന്റ് ട്രാൻസ് കൾച്ചറൽ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റുണ്ടായിരുന്നു.

സയൻസ് ആന്റ് ദി സിറ്റി പരിപാടികൾക്കിടെ ക്രിസ്റ്റീനയുമായി സംഭാഷണത്തിൽ

പഴക്കം ചെന്ന ആ ഡിപ്പാർട്ടുമെന്റിൽ ഇന്ത്യയെക്കുറിച്ച് പഠിക്കുന്നവരാണ് കൂടുതലും. പ്രസ്തുത ഡിപ്പാർട്ടുമെന്റിന്റെ ഡയറക്ടറുടെ പേരും ക്രിസ്റ്റീന എന്നായിരുന്നു. ഞാൻ നേരിട്ട് പരിചയപ്പെട്ട ആദ്യ ബാൾട്ടിക് സ്വദേശിയായ അവർ അവിടെ ആതിഥ്യമരുളി. നിർലോഭമായ മറ്റൊരു സൗഹൃദം ബാൾട്ടിക് നാട്ടിൽ നൽകിയ പ്രിയങ്കരിയായിരുന്നു അവർ. അവരുടെ അഭ്യർത്ഥന മാനിച്ച് വിൽനസിൽ പേപ്പർ അവതരിപ്പിക്കാനും വിദ്യാർത്ഥികളും അധ്യാപകരുമായി സംവദിക്കാനുമായാണ് അവിടെയെത്തിയത്. കിഴക്കൻ യൂറോപ്പിലെ ആദ്യ സർവകലാശാലയാണ് 1579ൽ സ്ഥാപിച്ച വിൽനസ് യൂണിവേഴ്‌സിറ്റി. അന്നാടിന്റെ പഴമയുടെ എല്ലാ പ്രൗഡിയുമടങ്ങുന്ന നിർമിതിയാണ് വിൽസിലെ പ്രധാന ടൂറിസ്റ്റ് സൈറ്റുകളിൽ ഒന്നുകൂടിയായ ആ സർവകലാശാല. അവിടേക്കും ഗംഭീരമായ വിൽനസ് പട്ടണത്തിലേക്കും നീളുന്നതായി എന്റെ അടുത്ത യാത്രകൾ.▮

(തുടരും)

Comments