മുരളീധരൻ സി.കെ.

‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര

ഇന്ത്യയുടെ 50-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി, Ministry of Information and Broadcasting നിർമിച്ച ഡോക്യുമെന്ററിയ്ക്കുവേണ്ടി ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്ര. കവിയും ഗായകനും സംഗീതസംവിധായകനുമായിരുന്ന ഭൂപെൻ ഹസാരികയും സംവിധായിക കൽപന ലജ്മിയുമായിരുന്നു സഹയാത്രികർ ‘ഭുപേൻദാ’യുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകൾ ഈ യാത്രയിലുണ്ട്. കൂടാതെ, വിഘടനവാദവും സൈനിക ആക്രമണങ്ങളും കലുഷിതമാക്കിയ ഒരു കാലഘട്ടവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘർഷഭരിതമായ രാഷ്ട്രീയവും. ഒരു മലയാളി ചലച്ചിത്രപ്രവർത്തകൻ നടത്തിയ അത്യപൂർവ യാത്ര.

അധ്യായം ഒന്ന്:
ഡയറി ഇവിടെ തുടങ്ങുന്നു

രു നീണ്ട യാത്രയുടെ തുടക്കം.

ഞാൻ എത്തുമ്പോഴേക്കും ‘ഭൂപെൻദാ’ എന്ന് ഞങ്ങൾ സ്നേഹപൂർവം വിളിക്കുന്ന ഭുപേൻ ഹസാരികയും കൽപന ലാജ്മി എന്ന സംവിധായികയും എത്തിക്കഴിഞ്ഞിരുന്നു. എയർപോർട്ട് ലൗഞ്ചിൽ അപ്പോൾ കിട്ടിയ ഒരു സുഹൃത്തുമായി അവർ സംസാരിച്ചിരിക്കുന്നു. പിനാകി ഘോഷ്, ഒരു ബിസിനസ്സുകാരനാണ്. കൽപനയുടെ പുതിയ സിനിമക്ക് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ അഭിപ്രയത്തിൽ, മണിപ്പുർ ഏറ്റവും അപകടകരമായ സ്ഥലമാണ്; പ്രത്യേകിച്ച് ഭൂപെൻ ദാ യെ പോലെ ഒരു സെലിബ്രിറ്റിക്ക്. ടെററിസം, കിഡ്നാപ്പിങ്, ലാൻഡ്മൈൻസ്. അതും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയം.

അദ്ദേഹത്തിന് ഇംഫാലിൽ ഒരു പ്രോജെൿറ്റ് ഉണ്ടായിരുന്നത്രെ. ഓരോ ടെററിസ്റ്റ് ഗ്രൂപ്പിനും പണം വീതിച്ച് വീതിച്ച് അവസാനം അയാൾ അത് പാക്കപ്പ് ചെയ്ത കഥ പറയുന്നു.

മിനിട്ടുകൾക്കുള്ളിൽ പ്ലാൻ മാറുന്നു; “ഈ പ്രാവശ്യം നമുക്ക് മണിപ്പുർ ഒഴിവാക്കാം’’.

ഏഴ് ഉത്തര കിഴക്കൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ തുടക്കമാണ്. ഇന്ത്യയുടെ 50-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി, Ministry of Information and Broadcasting പ്രൊഡ്യൂസ് ചെയ്യുന്ന, 13 എപിസോഡുകളിലായി ദൂർദർശൻ സംപ്രേഷണം ചെയ്യേണ്ട ഒരു സീരീസ്. മൂന്നു മാസത്തെ ആദ്യ ഷെഡ്യൂൾ. വഴിയിൽ വച്ച് കണ്ട ഒരാളുടെ അഭിപ്രായമനുസരിച്ച് ഇത്രയും വലിയ ഒരു ഷെഡ്യൂൾ മാറ്റുന്നത് എന്നെ തെല്ലൊന്ന് അമ്പരപ്പെടുത്തി. അതൊരു തുടക്കം മാത്രമായിരുന്നു എന്ന് അപ്പോൾ ഞാനറിഞ്ഞില്ല.

ഫ്ലൈറ്റ് നാലു മണിക്കൂർ ലേറ്റ്.

ഇന്ന് എന്റെ ദിവസം അതിരാവിലെ തുടങ്ങിയതാണ്. മൂന്നു മാസത്തെ യാത്രക്കു മുൻപ് മീനയെയും കുഞ്ഞിനേയും നാട്ടിലേക്കുവിടാൻ തീരുമാനിച്ചിരുന്നു. അവരുമായി അതിരാവിലെ എയർപോർട്ടിലെത്തിയപ്പോൾ ഫ്ലൈറ്റ് രണ്ടര മണിക്കൂർ ലേറ്റ്. അവരെ അവിടെയിരുത്തിയിട്ട് പോരാൻ തോന്നിയില്ല. രണ്ട് മണിക്കൂർ അവരോടൊപ്പമിരുന്നു. അവർ പോയ ഉടനെ തിരികെ വീട്ടിലെത്തി ബാഗ് പാക്ക് ചെയ്ത് വീണ്ടുമിറങ്ങി എയർപോർട്ടിലേക്ക്.

കൽപന ലജ്മി, ഭൂപെൻ ഹസാരിക
കൽപന ലജ്മി, ഭൂപെൻ ഹസാരിക

നഗരങ്ങളിൽ ‘വീട്’ എന്ന് പറയുന്നതിനേക്കാൾ ശരി ‘കൂട്’ എന്നു പറയുന്നതാണെന്നാണ് എനിക്കു തോന്നുന്നത്. ചില്ലകളിലെന്നോണം മുകളിലേക്ക് കെട്ടിപ്പൊക്കി കൂട്ടമായി താമസിക്കുന്ന ജനവാസ കേന്ദ്രങ്ങൾ. നഗരങ്ങളിലെ അനിവാര്യമായ ഒരു സാഹചര്യമാണ് കൂടുമാറൽ. വാടകക്കു താമസിക്കുമ്പോൾ ഓരോ വർഷവും കൂടു മാറേണ്ടിവരുന്നു. സ്വന്തമാക്കിയ കൂട് കുടുംബം വളരുന്നതിനനുസരിച്ചു ചെറുതായിക്കൊണ്ടിരിക്കും. അപ്പോൾ വീണ്ടും വീണ്ടും മാറേണ്ടിവരുന്നു. ഒരു കൂടു മുഴുവൻ, അടുക്കളയും കിടപ്പ്മുറിയും ലിവിങ് റൂമും ബാത്റൂമും എല്ലാം കടലാസുപെട്ടികളിൽ പെറുക്കി അടുക്കിയാണ് ഓരോ മാറ്റവും. ഈ അടുക്കിപ്പെറുക്കലുകളിലാണ് ഞങ്ങൾ ഓർമ്മകളെ കണ്ടെത്തുന്നത്. കത്തുകളായും ചിത്രങ്ങളായും സമ്മാനങ്ങളുടെ ഒഴിഞ്ഞ പെട്ടികളായും നിറം മങ്ങിയ പഴയ ഉടുപ്പുകളായും തുണ്ടു കടലാസിൽ കോറിയിട്ട ഫോൺ നമ്പരുകളായും പിന്നെ പിന്നെ എന്തൊക്കെയോ ഒക്കെയായും ഓർമ്മകളുടെ ഒരു കടൽ ഇരമ്പിയെത്തും.

ഓരോ കൂടുമാറലിലും ഞാൻ ഈ കടലിൽ ഒഴുകിയൊലിച്ചുപോകാറുണ്ട്. അങ്ങനെ ഒരു സമയത്ത് ഞാൻ മുങ്ങിപ്പൊങ്ങിയത് ഈ ഡയറിയും കൊണ്ടായിരുന്നു; 1998- ലെ ഒരു നീണ്ട യാത്രയുടെ കുറിപ്പുകൾ.

97 പകുതി മുതൽ ഞാൻ ഒരു TV സീരിയലിന്റെ തിരക്കിലായിരുന്നു. സ്വാതന്ത്ര്യസമരകാലത്തെ ആസ്സാം പശ്ചാത്തലത്തിൽ, ദൂരദർശനു വേണ്ടി കൽപനാ ലാജ്മി സംവിധാനം ചെയ്ത ഒരു നീണ്ടകഥ. ഇതിന്റെ ഭാഗമായി ഏതാനും ആഴ്ച ഞാൻ ആസ്സാമിലും ഷൂട്ടു ചെയ്തിരുന്നു. ഇതിനിടെ ഒരു ദിവസം കൽപന എന്നോടു ചോദിക്കുന്നു, നോർത്ത് ഈസ്റ്റിലെ ഏഴു സംസ്ഥാനങ്ങളിൽ ഒരു ഡോക്യുമെന്ററി ചെയ്യാൻ താൽപര്യമുണ്ടോ?

യാത്ര, എന്നും എനിക്കു ഹരമായിരുന്നു. യാത്രക്കു വേണ്ടിയാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ യിലെ വിദ്യഭ്യാസം കഴിഞ്ഞ് ഞാൻ മുംബൈയിൽ തങ്ങിയതുതന്നെ. ഇതു മടിയിൽ വന്നു വീണ ഭാഗ്യമാണ്.

“Yes of course, തീർച്ചയായും’’; ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല.

  • ഡയറി ഇവിടെ തുടങ്ങുന്നു.
    ജനുവരി 6, ചൊവ്വ 1998.

  • ഭുപേൻ ദായുടെ കൂടെ ഒരു ദിവസം.

  • Music, America, Doctorate...

  • തെലുങ്കാനാ സമരത്തിനുവേണ്ടി
    അമേരിക്കയിൽ പിരിവെടുപ്പ്.

  • Meeting with Paul Robinson.

  • Travel with MF Hussain.

  • Meeting with Leo Tolstoy’s granddaughter
    and the piano.

  • കൽക്കട്ടയിലെ struggling days.
    Lunch with Bhupenda.

എയർപോർട്ടിൽനിന്ന് ഭുപേൻ ദായുടെ വീട്ടിലേക്കാണ് പോയത്. രാവിലെ എണീറ്റപ്പോൾ വരാന്തയുടെ അങ്ങേയറ്റത്തിരുന്ന് ഒരാൾ ഷേവ് ചെയ്യുന്നു. മുഴു കഷണ്ടിയാണ്. ആ വീട്ടിലുള്ള ആരെങ്കിലുമാവും. ഞാൻ പുറത്തെ തെരുവിലേക്ക് നോക്കിനിന്നു. കൽക്കട്ടയിലെ തിരക്കുകളിൽ നിന്ന് ഒതുങ്ങിയ തെരുവിലെ വലിയൊരു കെട്ടിടം.

“Good morning Murali... SIept well?”, അയാളെങ്ങനെ എന്നെ അറിയും?
“Yes, good morning’’-
അടുത്ത് എത്തിയപ്പോഴാണ് മേശപ്പുറത്ത് കമഴ്ത്തി വച്ചിരിക്കുന്ന കറുത്ത തൊപ്പി കണ്ടത്. ഓ, അത് ഭുപേൻ ദാ തന്നെ. ഞാൻ അദ്ദേഹത്തെ ആ കറുത്ത തൊപ്പിയണിഞ്ഞു മാത്രമേ കണ്ടിട്ടുള്ളൂ.

“Hello Sir, good morning. എനിക്ക് ആദ്യം മനസ്സിലായില്ല.”

അദ്ദേഹം ഒന്നു ചിരിച്ചു. തൊപ്പി ചൂണ്ടി പറഞ്ഞു; “കുറേ വർഷങ്ങളായി എന്റെ സഹയാത്രികനാണ്. ഇപ്പോൾ അവനില്ലാതെ എന്നെ തിരിച്ചറിയില്ല എന്ന നിലയായി’’.

പിന്നെ, അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞു, “ഛോട്ടൂ, സാഹേബ് കേലിയേ ചായ ലേ ആനാ’’.

താഴെ നിരത്തിൽ ഭിക്ഷ യാചിക്കുന്ന ഒരമ്മയും കുഞ്ഞും ഏതോ ബംഗാളിഗാനം മധുരമായി പാടുന്നു. കടന്നുപോകുന്ന ഒരു സൈക്കിൾ റിക്ഷാക്കാരൻ വണ്ടി നിറുത്തി ഭിക്ഷ കൊടുക്കുന്നു. പാട്ടിന്റെ ഈണത്തിനൊപ്പം മൂളിക്കൊണ്ട് ഭുപേൻ ദാ ഷേവിംഗ് തുടർന്നു.

ഗുവാഹട്ടിയിലേക്കുള്ള യാത്ര എട്ടാം തീയതിയിലേക്കു മാറ്റി.
5.30 pm. നഗരം ഇരുട്ടിലായിരിക്കുന്നു,
നല്ല തണുപ്പും.

ഭൂപെൻ ഹസാരിക
ഭൂപെൻ ഹസാരിക

ജനുവരി 7, 1998.
ഉറക്കം തൂങ്ങിയ ഒരു ദിവസം.

ഷൂട്ടിങ് യൂണിറ്റ് ഇന്നു രാവിലെ 5 മണിക്കെത്തി. അത്യാവശ്യ സാധനങ്ങളുടെ ഷോപ്പിങ്.

ഗോൾപാർക്ക് തെരുവു നിറയെ സുന്ദരിമാരായ ബംഗാളി പെൺകുട്ടികൾ. വലിയ ചുവന്ന പൊട്ടു തൊട്ട്, ചുവന്ന ലിപ്സ്റ്റിക്കിട്ട്, കടും നിറത്തിലുള്ള സ്വെറ്ററിട്ട സുന്ദരികൾ.

ഗോൾപാർക് തെരുവിനു നടുവിൽ ഞാൻ നിന്നു. കണ്ണടച്ച്, മുരളീധരനായി. നിറയെ ബംഗാളി പറഞ്ഞ് എന്റെ ചുറ്റും അവർ ഒഴുകിക്കൊണ്ടിരുന്നു. രാത്രി. ഒരു കുപ്പി വിസ്കിയുമായി ഞങ്ങൾ എന്റെ മുറിയിൽ കൂടി. എന്റെ അസിസ്റ്റന്റ് മൊഹിന്ദർ പാൽ സിങ്, സൗണ്ട് റെക്കോഡിസ്റ്റ് അശ്വിൻ ബൽസാവർ, കൽപനയുടെ ഒരു സ്ഥിരം അസിസ്റ്റന്റ്, വേറെ ഒന്നു രണ്ടു പേർ. കാശ്മീർ, പഞ്ചാബ്, നോർത്ത് ഈസ്റ്റ്. തീവ്രവാദത്തെക്കുറിച്ചു ഒരു ചർച്ച.

രാത്രി ഏറെ വൈകി കിടന്നു,
രാവിലെ 5 മണിക്കു wakeup call.

ജനുവരി 8 വ്യാഴം 1998.

അതിരാവിലെ എണീറ്റ് എയർപോർട്ടിലെത്തിയപ്പോൾ വിമാനം മൂന്നു മണിക്കൂർ ലേറ്റ്. യാത്രയിലുടനീളം ഭുപേൻ ദാ കഥകൾ പറഞ്ഞുകൊണ്ടിരുന്നു. യാതനകൾ, യാത്രാനുഭവങ്ങൾ, പ്രശസ്ത വ്യക്തികളുമായുള്ള കൂടിക്കാഴ്ചകൾ, ഗാനരചനയിലെ സ്വപ്നങ്ങൾ, ആസ്സാമിന്റെ സംസ്കാരം, സ്വാതന്ത്ര്യാനന്തര ഭാരതം, അങ്ങനെ ചിരിച്ചും കരഞ്ഞും ചിന്തിപ്പിച്ചും പറഞ്ഞു പോയ കുറേ കഥകൾ. അങ്ങനെ ഒരു കഥയിലേക്ക്.

ഇത് പച്ചപരമാർത്ഥമാണെന്നാണു അദ്ദേഹം പറയുന്നത്.

സ്ഥലം അരുണാചൽ പ്രദേശ്.
പ്രധാനമന്ത്രി നെഹ്റുജിയുടെ സന്ദർശനം, കൂടെ ഇന്ദിരാഗാന്ധിയുമുണ്ട്. സ്ഥലത്തെ ട്രൈബൽ ചീഫ് തന്റെ സെക്രട്ടറിയോട് പല പ്രാവശ്യം കാര്യമായി സംസാരിക്കുന്നത് നെഹ്റുജിയുടെ ശ്രദ്ധയിൽ പെട്ടു. കാര്യമന്വേഷിച്ചപ്പോൾ സെക്രട്ടറി ഒഴിഞ്ഞുമാറി. വീണ്ടും നിർബന്ധിച്ചപ്പോൾ കാര്യം പറഞ്ഞു:

ചീഫിന് നെഹ്റുവിന്റെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹം. പകരമായി 100 പശുക്കളെ കൊടുക്കാം. 60 വയസ്സുള്ള ചീഫിന്റെ പതിന്നാലാമത്തെ വിവാഹമായിരിക്കും ഇത്.

പ്രസംഗത്തിനിടയിൽ നെഹ്റുജി പറഞ്ഞു:

“I am very happy that my daughter received a proposal from the chief. But the helicopter in which we came has just enough seats for us. So I can’t carry the cattle he kindly offered. Next time when we come we will get a bigger plane and we will consider his proposal.”

("ചീഫ് എന്റെ മകളെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചത് എന്നെ വളരെ സന്തോഷിപ്പിച്ചു. എന്നാൽ, ഞങ്ങൾ വന്ന ഹെലികോപ്റ്ററിൽ ഞങ്ങൾക്കിരിക്കാനുള്ള സീറ്റുകൾ മാത്രമേ ഉള്ളൂ. അദ്ദേഹം ഉദാരമനസ്സോടെ സമ്മാനമായി നൽകാമെന്ന് പറഞ്ഞ കന്നുകാലികളെ ഇതിൽ കൊണ്ടുപോകാൻ സാധിക്കില്ല. അടുത്ത തവണ കുറച്ചുകൂടി വലിയ വിമാനത്തിൽ വരുമ്പോൾ, അദ്ദേഹത്തിന്റെ ആ ഉദാരമായ നിർദ്ദേശവും തീർച്ചയായും പരിഗണിക്കാം’’.)

ഒരുപക്ഷെ അന്നുതൊട്ടിന്നോളം ഇന്ത്യൻ സർക്കാരിന്റെ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളോടുള്ള സമീപനത്തിന്റെ ഒരു രീതി ഇതായിരുന്നിരിക്കാം. ഒരിക്കലും നിറവേറ്റാൻ സാധിക്കില്ലെന്നറിയാവുന്ന കുറേ വാഗ്ദാനങ്ങളും അവ പാലിക്കപ്പെടാത്തതിൽ നിന്നുണ്ടാവുന്ന അമർഷം അടിച്ചമർത്താൻ ചെയ്ത ബലപ്രയോഗവുമാണ് ഇന്ത്യ - ഉത്തര പൂർവ ബന്ധത്തിന്റെ ചരിത്രം.

നിരത്തിൽ, ഏതോ ബംഗാളിഗാനം മധുരമായി പാടി ഭിക്ഷ യാചിക്കുന്ന ഒരമ്മയും കുഞ്ഞും; യാത്രക്കിടയിൽ പകർത്തിയ ദൃശ്യം.
നിരത്തിൽ, ഏതോ ബംഗാളിഗാനം മധുരമായി പാടി ഭിക്ഷ യാചിക്കുന്ന ഒരമ്മയും കുഞ്ഞും; യാത്രക്കിടയിൽ പകർത്തിയ ദൃശ്യം.

നാളെ ആസ്സാം ബന്ദ്.
ULFA യുടെ ആഹ്വാനം. ഷൂട്ടിങ് നടക്കില്ല. ഞങ്ങൾ വൈകുന്നേരം ഭുപേൻ ദായുടെ വീട്ടിൽ കൂടി. ഭുപേൻ ദായുടെ ആരാധകനും പാട്ടുകാരനുമായ ‘സദാ’ യും അവിടെയെത്തി. ഷൂട്ടിങ് മുടങ്ങുന്നുവന്നറിഞ്ഞ അദ്ദേഹം പറഞ്ഞു;

“നിങ്ങൾ ഷൂട്ടു ചെയ്തോളൂ. പോലീസ് കമ്മീഷണറും ഹോം സെക്രട്ടറിയും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ULFA വളരെ ഡീസന്റ് ആയ ഒരു സംഘടനയാണ്. അവരുടെ പ്രതിഛായയെക്കുറിച്ചു അവർക്കു വളരെ കരുതലുണ്ട്. ഒരിക്കലും ഒരു നിരപരാധിയെ അവർ ഉപദ്രവിക്കില്ല’’.

അയാൾ പടിയിറങ്ങിയപ്പോൾ കൽപന രഹസ്യമായി പറഞ്ഞു;

“അയാൾ ULFA- യുടെ ആളാണ്. നാളെ ഷൂട്ട് ചെയ്തുകൊള്ളാൻ അവർ പറഞ്ഞു. പക്ഷേ ഭുപേൻ ദായ്ക്ക് താല്പര്യമില്ല. ആസ്സാമിന്റെ പ്രശ്നങ്ങളേക്കാൾ വലുതല്ല ഷൂട്ടിങ് എന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം.”

ULFA (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസ്സാം) ആസ്സാമിൽ പ്രവർത്തിക്കുന്ന ഒരു സായുധ വിഘടനവാദ സംഘടനയാണ്. ഇന്ത്യൻ ഭരണത്തിലുള്ള ആസ്സാമിൽനിന്ന് വേർപെട്ട്, തദ്ദേശീയ ആസ്സാമീസ് ജനതയ്ക്കായി ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി ആയുധസമരം നടത്തുകയാണ് സംഘടന. ബ്രഹ്മപുത്ര തീരത്തെ അസംഖ്യം സധാരണ ജനങ്ങളുടെ പിന്തുണ ഇവർക്കുണ്ടായിരുന്നു. പക്ഷേ അഴിമതിയും അധികാരഭ്രാന്തും മൂലം കാലക്രമേണ ഈ പിന്തുണ അവർക്ക് നഷ്ടപ്പെട്ടു.

1990-ൽ ഇന്ത്യ സർക്കാർ ഈ സംഘടനയെ നിരോധിക്കുകയും ഭീകരവാദസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നുമുതൽ ഇന്ത്യൻ സൈന്യം ULFA യ്ക്കെതിരെ സൈനിക നടപടികൾ ആരംഭിച്ചു. 2009 ഡിസംബർ 5-ന് സംഘടനയുടെ ചെയർമാനെയും ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫിനെയും ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തു.

2011-ൽ, ബംഗ്ലാദേശിൽ അന്നത്തെ അവാമി ലീഗ് സർക്കാരിന്റെ നേതൃത്വത്തിൽ ULFA ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. ഇതിന്റെ ഫലമായി നിരവധി ULFA നേതാക്കളെ ഇന്ത്യയുമായി സമാധാന ചർച്ചകളിലേക്ക് കൊണ്ടുവരാൻ ഇന്ത്യാ സർക്കാരിന് സാധിച്ചു. 2010 ജനുവരിയിൽ, ഇന്ത്യ സർക്കാരുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി, സ്വാതന്ത്ര്യം വേണമെന്ന ആവശ്യം മുൻകൂർ വ്യവസ്ഥയാക്കണമെന്ന നിലപാടിൽ നിന്ന് ULFA പിന്മാറി.

2011 സെപ്റ്റംബർ മൂന്നിന് ഇന്ത്യ സർക്കാർ, ആസ്സാം സർക്കാർ, ULFA എന്നിവർ ‘സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ്’ (Suspension of Operations – SoO) എന്ന ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു. ഈ കരാർ പ്രകാരം സംഘടന താൽക്കാലികമായി സായുധപ്രവർത്തനം നിർത്തിവെക്കുകയും സമാധാന ചർച്ചകൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

ഭൂപെൻ ഹസാരിക യാത്രക്കിടയിൽ.
ഭൂപെൻ ഹസാരിക യാത്രക്കിടയിൽ.

എന്നാൽ, ULFA നേതാവായിരുന്ന പരേഷ് ബറുവ (Paresh Baruah) ചർച്ചകൾക്ക് അനുകൂലമായിരുന്നില്ല. അദ്ദേഹം ULFA-Independent എന്ന സംഘടന രൂപീകരിച്ചു, ചൈനയിലേക്ക് കടന്ന് ഇന്ത്യക്കെതിരെ അദ്ദേഹം സായുധ പ്രവർത്തനം തുടരുന്നതായി പറയപ്പെടുന്നു.

1996- ൽ, അസം ഗണ പരിഷത്ത് (AGP) നേതാവ് പ്രഫുല്ല കുമാർ മഹന്തയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത്, സർക്കാരിന്റെ കലാപവിരുദ്ധ (counter-insurgency) തന്ത്രത്തിന്റെ ഭാഗമായി, തിരിച്ചറിയപ്പെടാത്ത സായുധസംഘങ്ങൾ ULFA നേതാക്കളുടെ നിരവധി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതായി ആരോപണമുണ്ട്. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ആ സർക്കാർ അധികാരത്തിൽനിന്ന് പുറത്തായതോടെ, ഈ രഹസ്യകൊലപാതകങ്ങൾ അവസാനിച്ചതായി പറയപ്പെടുന്നു.

ഈ കൊലപാതകങ്ങളെക്കുറിച്ചുള്ള സർക്കാർ അന്വേഷണത്തിന്റെ ഭാഗമായി രൂപീകരിച്ച സൈകിയ കമ്മീഷൻ, അന്നത്തെ ആസ്സാം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന പ്രഫുല്ല കുമാർ മഹന്തയുടെ നേതൃത്വത്തിലാണ് ഈ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടതെന്ന് കണ്ടെത്തി. അവ നടപ്പാക്കിയത് പോലീസാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതകങ്ങൾ നടത്തിയവർ, മുമ്പ് ULFAയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് സർക്കാരിന് കീഴടങ്ങിയ മുൻ പോരാളികളായിരുന്നു.

ഇവ ചരിത്രപരമായ അവകാശവാദങ്ങളാണ്; പിന്നീട് വിവിധ കോടതികളിലും രാഷ്ട്രീയ വേദികളിലും ഇവ സംബന്ധിച്ച് തർക്കങ്ങളും വ്യത്യസ്ത നിലപാടുകളും ഉണ്ടായിട്ടുണ്ട്.

ബന്ദ് ദിനത്തിലെ ഗുവഹാത്തി.
ബന്ദ് ദിനത്തിലെ ഗുവഹാത്തി.

10.15pm.
അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന ഭുപേൻ ദായോട് യാത്ര പറഞ്ഞിറങ്ങി.
നല്ല തണുപ്പ്.
ശൂന്യമായ തെരുവുകൾ.
നാളത്തെ ബന്ദിന്റെ തയ്യാറെടുപ്പ്.
എയർപോർട്ടിൽനിന്ന് വരുമ്പോൾ ഡ്രൈവർ പറഞ്ഞതോർത്തു;
“ULFA is decent. BODOS are dangerous.”

നിരത്തിൽ അവിടവിടെയായി പട്ടാള വാഹനങ്ങൾ പാർക്ക് ചെയ്തു തുടങ്ങുന്നു. നിരന്നുവരുന്ന ബാരിക്കേടുകൾക്കിടയിലൂടെ ഞാൻ ഹോട്ടലിലെത്തി.

(തുടരും).


Summary: Bollywood cameraman Muraleedharan CK's journey through Assam for a documentary on Poet, Singer and Music Director Bhupen Hazarika's life.


മുരളീധരൻ സി.കെ.

എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാർ, ത്രീ ഇഡിയറ്റ്സ്, പികെ, മോഹൻജാദാരോ, പാനി പഠ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാൻ.

Comments