മതമൗലികവാദത്തോട് സന്ധിചെയ്യാത്ത
ഭരണകൂടം, രാജ്യം

സോവിയറ്റ് കാലത്തിനുശേഷം മതം ഉസ്ബെക്ക് സമൂഹത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഇന്നും വലിയൊരു വിഭാഗം ജനങ്ങൾ മതേതര- മതരഹിത ജീവിതം നയിക്കുന്നവരാണ്. സാറിസ്റ്റ് ഭരണത്തിന്റെ അവസാനഘട്ടത്തിലും സോവിയറ്റ് യൂണിയൻ തകർന്ന സമയത്തും ഉസ്ബെക്ക് ഭരണം പിടിച്ചടക്കാൻ ഇസ്‍ലാം മതമൗലികവാദ ശക്തികൾ ശ്രമിച്ചെങ്കിലും നടന്നില്ല.

ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം: അഞ്ച്

മിനോർ മെട്രോ സ്റ്റേഷനിൽനിന്ന് 2 കിലോമീറ്ററോളം ദൂരമുണ്ട് മിനോർ മോസ്ക്കിലേക്ക്. വിശാലമാണ് തെരുവീഥികൾ, നടപ്പാതകളിൽ തണൽ വിരിച്ച് വൻ മരങ്ങൾ. റോഡിലെ വാഹനങ്ങളിൽ മിക്കതും വെളുത്ത നിറത്തിലുള്ള ഷെവർലെ കാറുകളാണ്. എല്ലാം കഴുകിത്തുടച്ച് സുന്ദരമാക്കിയവ. ഇടക്കൊക്കെ ടൗൺ ബസുകൾ കടന്നു പോകുന്നുണ്ട്. സർക്കാരിന് 75-ഉം ജനറൽ മോട്ടോഴ്സിന് 25-ഉം ശതമാനം ഓഹരി പങ്കാളിത്തമുള്ള 'GM ഉസ്ബെക്ക്' പുറത്തിറക്കുന്ന ഷെവർലെക്കാണ് ഉസ്ബെക്ക് കാർവിപണിയുടെ കുത്തക.

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ, നഗരക്കാഴ്ച്ചകൾ കണ്ട് ഒരൽപം നീണ്ട കാൽനട യാത്രക്കുശേഷം ഞങ്ങൾ മിനോർ മോസ്ക്കിനടുത്തെത്തി. പ്രാർത്ഥനാസമയമാണ്. ധാരാളംപേർ പള്ളിയിലേക്ക് എത്തിക്കൊണ്ടിരുന്നു. ബഹുവർണ ടെെലുകൾ കൊണ്ട് മനോഹരമായ പാറ്റേണുകളിൽ അതിസൂക്ഷ്മമായ അലങ്കാരങ്ങളോടെ നിർമ്മിക്കപ്പെട്ട സമ്പന്ന മധ്യേഷ്യൻ പരമ്പാരാഗത വാസ്തുനിർമ്മിതികളാണ് ഉസ്ബെക്കിലെ മിക്ക പള്ളികളും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ തൂവെള്ള മാർബിൾ നിർമിതിയാണ് മിനോർ മോസ്ക്ക്. താഴികക്കുടം മാത്രം നീലനിറത്തിൽ വേറിട്ടു നിൽക്കുന്നു.

മിനോർ മോസ്ക്ക്
മിനോർ മോസ്ക്ക്

ഇസ്‌ലാം കരിമോവിന്റെ ഭരണകാലത്ത് 2014-ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. രണ്ട് മിനാരങ്ങളും താഴികക്കുടവുമൊക്കെയായി പരമ്പരാഗത ഘടന പിന്തുടരുമ്പോളം ഉസ്ബെക്ക് അന്തരീക്ഷത്തിൽ ഇത് വേറിട്ടുനിൽക്കുന്നതുപോലെ തോന്നി. മസ്ജിദിന്റെ മുൻഭാഗം ചുരുളൻ പുഷ്പ പാറ്റേണുകളും ഖുറാൻ ഭാഗങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതിവിശാലമാണ് പരവതാനി വിരിച്ച അകത്തളം. 2400 പേർക്ക് ഒരേ സമയം പ്രാർത്ഥന നടത്താനാകുമത്രേ ഇവിടെ. മസ്ജിദിനു മുൻപിൽ ഒരു ചെറിയ ജലാശയവും ഇരിപ്പിടങ്ങളും വഴിവിളക്കുകളുമുണ്ട്. പുറകിൽ നന്നായി പരിപാലിക്കപ്പെടുന്ന മനോഹരമായ ചെറിയ ഉദ്യാനവും. സ്വാതന്ത്ര്യാനന്തര ഉസ്ബെക്ക് വാസ്തുവിദ്യരംഗത്തെ ഒരു നേട്ടമായി മിനോർ മോസ്ക്കിനെ അധികാരികൾ എടുത്തുകാണിക്കുന്നുണ്ട്. അബുദാബി ഗ്രാന്റ് മോസ്ക്കിന്റെ ചെറിയൊരു പതിപ്പായാണ് മിനോർ എനിക്കനുഭവപ്പെട്ടത്. തനതായൊരു വാസ്തുശെെലി സ്വന്തമായുള്ളൊരു രാജ്യം, അതുവിട്ട് മറ്റ് ശെെലികൾ കടം കൊണ്ട് നിർമ്മിച്ച ഒന്നായി തോന്നും, ഉസ്ബെക്ക് പരമ്പരാഗത വാസ്തുനിർമിതികളുമായി ഇതിനെ താരതമ്യം ചെയ്യുമ്പോൾ. ഉസ്ബെക്കിസ്ഥാൻ അതിന്റെ ഇസ്‍ലാമിക വേരുകൾ വീണ്ടും ഉറപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഉദാഹരണമായി ഈ നിർമിതിയെ കാണുന്നവരുമുണ്ട്.

മധ്യേഷ്യയിലെ എറ്റവും വലിയ ജനസംഖ്യയുള്ളതും മുസ്‍ലിം ജനസംഖ്യയുള്ളതുമായ രാജ്യമാണ് ഉസ്ബെക്കിസ്ഥാൻ. മതത്തേയും ഭരണകൂടത്തേയും കൃത്യമായി വേർത്തിരിക്കുന്ന ഭരണഘടനയാണ് മുസ്‍ലിം ഭൂരിപക്ഷ മതേതര രാജ്യത്തിനുള്ളത്. ജനസംഖ്യയുടെ 88% ഇസ്‍ലാം മതവിഭാഗത്തിൽ പെട്ടവരാണ്. ഭൂരിഭാഗം മുസ്‍ലിംകളും സുന്നികളാണ്. റഷ്യൻ ഓർത്തഡോക്സ് ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവർ 9% വരും.

ഇസ്‌ലാം കരിമോവ്
ഇസ്‌ലാം കരിമോവ്

സോവിയറ്റ് കാലത്തിനുശേഷം മതം ഉസ്ബെക്ക് സമൂഹത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഇന്നും വലിയൊരു വിഭാഗം ജനങ്ങൾ മതേതര- മതരഹിത ജീവിതം നയിക്കുന്നവരാണ്. സാറിസ്റ്റ് ഭരണത്തിന്റെ അവസാനഘട്ടത്തിലും സോവിയറ്റ് യൂണിയൻ തകർന്ന സമയത്തും ഉസ്ബെക്ക് ഭരണം പിടിച്ചടക്കാൻ ഇസ്‍ലാം മതമൗലികവാദ ശക്തികൾ ശ്രമിച്ചെങ്കിലും നടന്നില്ല. 1917-ൽ റഷ്യൻ വിപ്ലവത്തെ തുടർന്ന് ഉസ്ബെക്കിലെ സാറിസ്റ്റ് കൊളോണിയൽ ഭരണത്തിന് അവസാനമായപ്പോൾ മുസ്തഫ ചോകേവിന്റെ നേതൃത്വത്തിൽ ഇസ്‍ലാമിക നേതാക്കൾ കോകന്ദിൽ ദേശീയ കോൺഗ്രസ് വിളിച്ചുകൂട്ടി ഒരു ഭരണകൂടം സ്ഥാപിച്ചിരുന്നു. 1918 ഫെബ്രുവരിയിൽ റെഡ് ആർമി ഈ സർക്കാരിനെ തകർക്കുകയും ബോൾഷെവിക്ക് ഭരണം ഉറപ്പിക്കുകയും ചെയ്തു.

സെൻസറിങ്ങ് മുക്തമാക്കിയ മാധ്യമരംഗവും സോഷ്യൽ മീഡിയയുടെ വ്യാപനവും അവസരമായി മതമൗലികവാദശക്തികൾ കാണുമ്പോൾ അതിനെ ചെറുക്കാൻ പുതിയ കാലത്ത് സർക്കാരിന് പരിമിതികളുണ്ട്.

കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, തജാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ മേഖലയിലെ മറ്റ് മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മതേതര മൂല്യങ്ങൾ ഏറ്റവും ഉയർത്തിപ്പിടിക്കുന്ന ഒരു രാജ്യം ഉസ്ബെക്കിസ്ഥാനാണ്. സോവിയറ്റ് കാലത്തെ നവീകരണശ്രമങ്ങളുടെ സ്വാധീനമായി ഇത് വിലയിരുത്തപ്പെടുന്നു. ഇസ്‍ലാം കരിമോവിന് ശേഷം അധികാരത്തിൽ വന്ന ഷവ്കത് മിർസിയോയേവ്, കരിമോവ് കാലത്തെ മതേതരനയം പിന്തുടരുമ്പോഴും പതുക്കെ മതത്തിന് സമൂഹത്തിൽ സ്വാധീനം കൂടി വരുന്നുണ്ട്. സെൻസറിങ്ങ് മുക്തമാക്കിയ മാധ്യമരംഗവും സോഷ്യൽ മീഡിയയുടെ വ്യാപനവും അവസരമായി മതമൗലികവാദശക്തികൾ കാണുമ്പോൾ അതിനെ ചെറുക്കാൻ പുതിയ കാലത്ത് സർക്കാരിന് പരിമിതികളുണ്ട്.

ഷവ്കത് മിർസിയോയേവ്
ഷവ്കത് മിർസിയോയേവ്

സോവിയറ്റ് കാലത്ത് ആഗോള ഇസ്‍ലാമുമായുള്ള മുഴുവൻ ബന്ധവും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലായിരുന്നു ഉസ്ബെക്കിസ്ഥാൻ. ഗോർബച്ചേവിന്റെ പെരിസ്ട്രോയിക്കയും ഗ്ലാസ്‌നോസ്റ്റും മുന്നോട്ടുവെച്ച സോഷ്യൽ ഓപ്പണിംഗ് മതത്തിനുമുൻപിൽ പുതിയ വാതിലുകൾ തുറന്നിട്ടു. സോവിയറ്റ് യുഗം അവസാനിച്ചതോടെ സൗദി അറേബ്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും മതഗ്രന്ഥങ്ങളും മതപ്രചാരണത്തിന് വേണ്ട ധനവും ഒഴുകിയെത്തിത്തുടങ്ങി, ഇങ്ങോട്ട്. സോവിയറ്റ് യൂണിയൻ തകരുമ്പോൾ സ്വതന്ത്രരാജ്യം എന്ന നിലയിൽ നിലനിൽക്കാൻ ഉസ്ബെക്കിസ്ഥാൻ തയ്യാറെടുത്തിരുന്നില്ല.
സോവിയറ്റ് ഉസ്ബെക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയും ഭരണാധികാരിയുമായിരുന്ന ഇസ്‍ലാം കരിമോവ് ഭൂരിപക്ഷ പിന്തുണയോടെ സ്വതന്ത്ര ഉസ്ബെക്കിസ്ഥാന്റെ ആദ്യ പ്രസിഡന്റായി. ഒരു കെെയ്യിൽ ഖുറാനും മറു കെെയ്യിൽ ഉസ്ബെക്ക് ഭരണഘടനയുമായി അധികാരമേറ്റ കരിമോവിന് പക്ഷെ, ആദ്യം നേരിടാനുണ്ടായിരുന്നത് തീവ്ര ഇസ്‍ലാമിക പ്രസ്ഥാനങ്ങളെയായിരുന്നു.

പ്രതിപക്ഷത്തിനെതിരായ അടിച്ചമർത്തലും മാധ്യമ നിയന്ത്രണങ്ങളും മറ്റ് ജനാധിപത്യ വിരുദ്ധ നടപടികളും മൂലം പടിഞ്ഞാറിന് അസ്വീകാര്യനായി മാറിയിരുന്ന കരിമോവ് പിന്നീട് താലിബാനെതിരായ യുദ്ധത്തിലെ സംഖ്യകക്ഷി എന്ന നിലയിൽ പാശ്ചാത്യരാജ്യങ്ങൾക്ക് സ്വീകാര്യനായി.

ഉസ്ബെക്കിനെ ഒരു ഇസ്‍ലാമിക രാഷ്ട്രമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ 'നമംഗാൻ' നഗരം കേന്ദ്രീകരിച്ച് പ്രവർത്തിച്ച് തുടങ്ങിയിരുന്നു ഇസ്‍ലാമിസ്റ്റുകൾ. ഇസ്‍ലാമിക വിപ്ലവത്തിന് ആഹ്വാനം ചെയ്ത് 'അഡോലത്ത്' എന്ന രാഷ്ട്രീയ പാർട്ടിയും സ്ഥാപിച്ചു, അവർ. മതേതര രാഷ്ട്രമെന്ന നിലയിൽ എത്ര കാലം ഉസ്ബെക്കിസ്ഥാന് നിലനിൽക്കാനാവും എന്നതിനെക്കുറിച്ച് മധ്യേഷ്യൻ നിരീക്ഷകർ സംശയം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. എന്നാൽ തന്റെ അധികാരം ഉറപ്പിച്ചതോടെ 1992 മാർച്ചിൽ കരിമോവ് ഇസ്‍ലാമിക തീവ്രവാദത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. പഴയ ഒരു സംഘം കെ.ജി.ബി ഓഫീസർമാരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഭീകരവിരുദ്ധസേനക്കു മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഇസ്‍ലാമിസ്റ്റ് ഭീകരർ തജാക്കിസ്ഥാനിലേക്കും അഫ്ഘാനിസ്ഥനിലേക്കും രക്ഷപ്പെട്ടു. അവിടെനിന്ന് ഉസ്ബെക്കിലെ പോസ്റ്റ് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾക്കെതിരായ പോരാട്ടം തുടർന്ന അവർ 1998-ൽ അഫ്ഗാനിസ്ഥാനിൽ വെച്ച് ഇസ്‍ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്‌ബെക്കിസ്ഥാൻ (IMU) സ്ഥാപിച്ചു. അത് പിന്നീട് അൽഖ്വയ്ദ നെറ്റ് വർക്കിന്റെ ഭാഗമായി മാറുന്നുണ്ട്. പിന്നീട് പല തവണ ചാവേർ ബോംബ് സ്ഫോടനങ്ങളും അക്രമങ്ങളുമായി അവർ ഉസ്ബെക്കിൽ സാന്നിധ്യമറിയിച്ചുപോന്നു.  

1999 ഫെബ്രുവരിയിൽ IMU താഷ്കെന്റിൽ നടത്തിയ കാർ ബോംബ് സ്ഫോടനങ്ങളിൽ നിന്ന് തലനാരിഴക്കാണ് കരിമോവ് രക്ഷപ്പെട്ടത്. 2004 മാർച്ചിൽ നിരോധിത ഇസ്‍ലാമിസ്റ്റ് റാഡിക്കൽ ഗ്രൂപ്പായ ഹിസ്ബുത്- തഹ്‌രീർ ("പാർട്ടി ഓഫ് ലിബറേഷൻ")  രാജ്യത്ത് വലിയൊരു ആക്രമണ പരമ്പര നടത്തി. ഈ അക്രമത്തിലാണ് രാജ്യത്ത് ആദ്യമായി ചാവേർ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. 2004 ജൂലൈ 30-ന് താഷ്‌കെന്റിലെ ഇസ്രായേൽ, അമേരിക്കൻ എംബസികൾക്കുനേരെ ഭീകരർ ബോംബാക്രമണം നടത്തി. 9/11 ആക്രമണങ്ങളെത്തുടർന്ന് 2001-ൽ അമേരിക്ക അഫ്ഘാനിൽ പോർമുഖം തുറന്നപ്പോൾ ഉസ്ബെക്കിസ്ഥാനിൽ യു.എസ് വ്യോമത്താവളത്തിനുവേണ്ട സൗകര്യം ചെയ്തു നൽകിയിരുന്നു കരിമോവ്.

ഇസ്‍ലാമിക ഭീകരതക്കെതിരായ പോരാട്ടത്തിൽ കരിമോവിന് രാജ്യത്തിനകത്തെ സ്റ്റേറ്റിനാൽ നിയന്ത്രിക്കപ്പെടുന്ന മതസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന പണ്ഡിതൻമാരുടെ പിന്തുണയും കിട്ടി.

പ്രതിപക്ഷത്തിനെതിരായ അടിച്ചമർത്തലും മാധ്യമ നിയന്ത്രണങ്ങളും മറ്റ് ജനാധിപത്യ വിരുദ്ധ നടപടികളും മൂലം പടിഞ്ഞാറിന് അസ്വീകാര്യനായി മാറിയിരുന്ന കരിമോവ് പിന്നീട് താലിബാനെതിരായ യുദ്ധത്തിലെ സംഖ്യകക്ഷി എന്ന നിലയിൽ പാശ്ചാത്യരാജ്യങ്ങൾക്ക് സ്വീകാര്യനായി. തജിക്കിസ്ഥാനിൽ നിന്ന് ഉസ്ബെക്ക് തീവ്രവാദ ഇസ്‍ലാമിക് ഗ്രൂപ്പുകൾ അതിനകം അഫ്ഘാനിസ്ഥാനിലേക്കും പാക്കിസ്ഥാനിലേക്കും അവരുടെ പ്രവർത്തനം മാറ്റിയിരുന്നു. ഇസ്‍ലാമിക ഭീകരതക്കെതിരായ പോരാട്ടത്തിൽ കരിമോവിന് രാജ്യത്തിനകത്തെ സ്റ്റേറ്റിനാൽ നിയന്ത്രിക്കപ്പെടുന്ന മതസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന പണ്ഡിതൻമാരുടെ പിന്തുണയും കിട്ടി. മതത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ ഉസ്ബെക്ക് പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും ഇറക്കുമതി ചെയ്യപ്പെടുന്ന വഹാബി ആശയങ്ങൾക്ക് രാജ്യത്തെ മതനേതൃത്വത്തിന്റെ പിന്തുണയില്ലെന്നും  വ്യക്തമാക്കി അവർ.

ഇസ്‌ലാം കരിമോവ്, വ്ലാദിമിർ പുടിൻ
ഇസ്‌ലാം കരിമോവ്, വ്ലാദിമിർ പുടിൻ

തന്റെ കസേര ഉറപ്പിക്കാനും തനിക്കുനേരെ ഉയരുന്ന എതിർപ്പുകളെ അടിച്ചമർത്താനും വഹാബി / തീവ്രവാദി മുദ്രകൾ എതിരാളികൾക്കുമേൽ പലപ്പോഴും പ്രയോഗിച്ചു കരിമോവ്. 2005 മെയ് മാസത്തിൽ ആൻഡിജാൻ നഗരത്തിലുണ്ടായ കലാപത്തിലെ കൂട്ടക്കൊലയെ തുടർന്ന് യൂറേപ്യൻ യൂണിയനും യു.എസും ഉപരോധം പ്രഖ്യാപിച്ചപ്പോൾ കരിമോവ് യു.എസ് വ്യോമത്താവളം പൂട്ടുകയും അവരെ രാജ്യത്തുനിന്ന് പുറന്തള്ളുകയും ചെയ്തു. വ്ലാദിമിർ പുടിനെയായിരുന്നു പിന്നീട് കരിമോവ് കൂടെ കൂട്ടിയത്. ഭരണഘടനാ ഭേദഗതികളും തിരഞ്ഞെടുപ്പ് ക്രമക്കേടുകളും പ്രതിപക്ഷത്തെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കലും തുടങ്ങിയ സേച്ഛാധിപത്യ നടപടികൾ തന്റെ അധികാരം നിലനിർത്താനായി കരിമോവ് പ്രയോഗിച്ചുപോന്നു. മറ്റൊരു അഫ്ഘാനിസ്ഥാനാകുമായിരുന്ന ഉസ്ബെക്കിസ്ഥാനെ സംരക്ഷിച്ചു നിർത്താൻ വേണ്ടിയായിരുന്നു തന്റെ പല നടപടികളുമെന്നായുന്നു കരിമോവിന്റെ വാദം.

2016-ൽ  പ്രസിഡന്റായിരിക്കെ, ഇസ്‍ലാം കരിമോവ് മരിച്ചു. തുടർന്ന് അധികാരത്തിൽ വന്ന ഷവ്കത് മിർസിയോവിന്റെ രണ്ടാം ഭരണകാലയളവാണിത്. മാധ്യമപ്രവർത്തകരോടും പ്രതിപക്ഷത്തോടും കൂടുതൽ സഹിഷ്ണുതയോടെ പെരുമാറുകയും കൂടുതൽ മതസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുമ്പോഴും മതമൗലികവാദത്തോട് സന്ധിചെയ്യുന്നില്ല, മിർസിയോവ് ഭരണകൂടം.

താഷ്കെന്റ് ടി.വി.ടവർ
താഷ്കെന്റ് ടി.വി.ടവർ

മിനോർ മോസ്ക്കിനുമുൻപിൽ നിന്ന് നോക്കിയാൽ താഷ്കെന്റ് ടി.വി.ടവർ കാണാം. 1985-ൽ പ്രവർത്തനം തുടങ്ങിയ 375 മീറ്റർ ഉയരമുള്ള ഈ നിർമ്മിതി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 12-മത്തെ ടവറാണ്. മോസ്ക്കിൽ നിന്ന് താഷ്കെന്റ് ടി.വി ടവർ ലക്ഷ്യമാക്കി നടന്നുതുടങ്ങി ഇബ്രാഹിമും ഞാനും. പള്ളി കഴിഞ്ഞിറങ്ങിയവർ ഞങ്ങൾക്ക് വഴി പറഞ്ഞു തന്നു. സമയം 8 മണിയോടടുക്കുന്നു. സൂര്യൻ മറഞ്ഞുതുടങ്ങി. നഗരവീഥികളിലെ വിളക്കുകൾ തെളിഞ്ഞിട്ടുണ്ട്. ഇരുട്ട് പരന്നു തുടങ്ങിയതോടെ ടി.വി ടവറിലെ വർണവിളക്കുകൾ മനോഹരമായ ഒരു കാഴ്ച്ചയായി. കാഴ്ച്ചയിൽ അടുത്താണെങ്കിലും കുറേ ദൂരമുണ്ടായിരുന്നു അതിന്റെ ചുവട്ടിലേക്ക്. പൂർണമായി ഉരുക്കുകൊണ്ട് നിർമ്മിച്ച ഈ ഗോപുരത്തിന് 97 മീറ്റർ ഉയരത്തിൽ നിരീക്ഷണ നിലയമുണ്ട്. അവിടെ നിന്നാൽ താഷ്കെന്റ് നഗരത്തിന്റെ കാഴ്ച്ചകൾ തടസ്സമില്ലാതെ കാണാം. ടവറിന്റെ 8-ാം നിലയിൽ "കൊയ്നോട്ട്" എന്ന റിവോൾവിംഗ് റെസ്റ്റോറന്റുണ്ട്. ഒരു മണിക്കൂറുകൊണ്ട് ഒരു തവണ ടവറിനെ ചുറ്റും ഈ ഭോജനശാല.

മെട്രോയുമായി പരിചയപ്പെടുകയും ലെെനുകളുടെ വിന്യാസം മനസ്സിലാകുകയും ചെയ്താൽ താഷ്കെന്റ് നഗരം പര്യവേക്ഷണം ചെയ്യാൻ ഒരു സഞ്ചാരിക്ക് ഏറ്റവും സൗകര്യപ്രദമായ മാർഗ്ഗം മെട്രോയാണ്.

സമയം വെെകിയതുകൊണ്ട് മുകളിൽ കയറുന്നില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു. അടുത്തുള്ള ബോഡോംസോർ മെട്രോ സ്റ്റേഷനിലേക്ക് നടന്നു. മെട്രോ സ്റ്റേഷനിൽ വയലിനുമായി നിന്നിരുന്ന ഹാഫിസ് എന്ന യുവാവിനെ പരിചയപ്പെട്ടു. സംഗീതം പഠിക്കുന്നതോടൊപ്പം പാർട്ട് ടെെമായി ജോലി ചെയ്യുന്നുമുണ്ടായിരുന്നു അയാൾ. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ഏറെ ദൂരത്തായല്ല ഹാഫിസിന്റെ താമസസ്ഥലവും. ഞങ്ങളുടെ ഹോട്ടലിലേക്കുള്ള വഴി വരെ വരാൻ അയാൾ സന്നദ്ധനായി. സംഗീതത്തിനു പുറമെ ഇംഗ്ലീഷും പഠിക്കുന്നുണ്ട് ഹാഫിസ്. സംസാരത്തിനിടക്ക് വാക്കുകൾ കിട്ടാതെ ഇടക്കൊക്കെ അയാൾ നിശ്ശബ്ദനാകും. മനസ്സിലാകുന്നുണ്ട് എന്നു പറഞ്ഞ് ഞങ്ങളയാൾക്ക് ആത്മവിശ്വാസം നൽകി. ഉസ്ബെക്കിസ്ഥാനെക്കുറിച്ചും താഷ്കെന്റ് നഗരജീവിതത്തെക്കുറിച്ചും തന്റെ സംഗീത സ്വപ്നങ്ങളെക്കുറിച്ചും സംസാരിച്ചു, ശുഭാപ്തിവിശ്വാസിയായ ആ ചെറുപ്പക്കാരൻ. താമസിക്കാതെ മെട്രോ ട്രെയിനെത്തി. സമയം രാത്രി 9 മണിയോടടുത്തിട്ടുണ്ടായിരുന്നു. മെട്രോയിലെ തിരക്കൊഴിഞ്ഞിരുന്നില്ല അപ്പോഴും.

ബോഡോംസോർ മെട്രോ സ്റ്റേഷൻ
ബോഡോംസോർ മെട്രോ സ്റ്റേഷൻ

കൃത്യതയോടെ പ്രവർത്തിക്കുന്ന, എപ്പോഴും വിശ്വസിക്കാവുന്ന, സാധാരണക്കാർക്ക് താങ്ങുന്ന നിരക്കിൽ പ്രവർത്തിക്കുന്ന ഗതാഗത സംവിധാനമാണ് താഷ്കെന്റ് മെട്രോ. 1977-ലാണ് സോവിയറ്റ് യൂണിയനിലെ ഏഴാമത്തെതും മധ്യേഷ്യയിലെ ആദ്യത്തെതുമായി താഷ്കെന്റ് മെട്രോ പ്രവർത്തനമാരംഭിക്കുന്നത്. 4 ലെെനുകളിയി 67കിലോമീറ്റർ നീളമുള്ള മെട്രോ ഇന്ന് നഗരത്തിലെ 42 സ്റ്റേഷനുകളിലേക്ക് സർവ്വീസ് നടത്തുന്നു. ശീതയുദ്ധത്തിന്റെയും ആണവയുദ്ധ ഭീഷണിയുടെയും കാലമായിരുന്നതുകൊണ്ടു തന്നെ ബോംബ് ഷെൽട്ടൽ കൂടിയായാണ് അക്കാലത്ത് സോവിയറ്റ് മെട്രോകൾ രൂപകൽപ്പന ചെയ്യപ്പെട്ടിരുന്നത്. ഭൂനിരപ്പിൽ നിന്ന് 8 മീറ്റർ മുതൽ 25 മീറ്റർ ആഴത്തിൽ നിർമിക്കപ്പെട്ട ഈ മെട്രോലെെനുകൾ റിക്ടർ സ്കെയിലിൽ 9.0 വരെയുള്ള ഭൂകമ്പങ്ങളെ ചെറുക്കാൻ കഴിവുള്ളതുമാണ്.

മെട്രോയുമായി പരിചയപ്പെടുകയും ലെെനുകളുടെ വിന്യാസം മനസ്സിലാകുകയും ചെയ്താൽ താഷ്കെന്റ് നഗരം പര്യവേക്ഷണം ചെയ്യാൻ ഒരു സഞ്ചാരിക്ക് ഏറ്റവും സൗകര്യപ്രദമായ മാർഗ്ഗം മെട്രോയാണ്. ക്ലാസിക്ക് സോവിയറ്റ് ശെെലിയുടെ പ്രദർശനശാലകളാണ് ഓരോ തീമുകൾക്കനുസരിച്ച് മനോഹരമായി രൂപകൽപ്പന ചെയ്യപ്പെട്ട ഓരോ സ്റ്റേഷനും. താഷ്കെന്റ് ജനതയുടെ പരിച്ഛേദം കണ്ടുമുട്ടാനും ജനജീവിതം അടുത്തറിയാനും ഈ മെട്രോയാത്രകൾ സഹായിക്കും. അര നൂറ്റാണ്ടോടടുക്കുമ്പോഴും കാര്യമായ പരുക്കളില്ലാതെ നിലകൊള്ളുന്ന താഷ്കെന്റ് മെട്രോ സോവിയറ്റ് എഞ്ചിനീയറിംഗ് മികവ് വ്യക്തമാക്കുന്നുണ്ട്.

കെ.എസ്. പ്രമോദ്,  ഇബ്രാഹിം, ഹാഫിസ്
കെ.എസ്. പ്രമോദ്, ഇബ്രാഹിം, ഹാഫിസ്

മെട്രോസ്റ്റേഷനിൽ ഇറങ്ങി ഹാഫിസിനൊപ്പം ഹോട്ടലിലേക്ക് നടക്കുന്നതിനിടിയിൽ ഡിസ്നി ലാൻഡ് പോലെയുള്ള ഒരു കൂറ്റൻ കെട്ടിട സമുച്ചയം കണ്ടു. രാവിലത്തെ റെന്റ് എ കാർ അന്വഷണങ്ങൾക്കിടയിൽ ഇവിടം കണ്ടിരുന്നതായി ഓർത്തു. ഉസ്ബെക്ക് ഡിസ്നിലാന്റ് എന്നറിയപ്പെടുന്ന താഷ്കെന്റ് മാജിക് സിറ്റിയാണിത്. എല്ലാ പ്രായക്കാർക്കും ഉല്ലസിക്കാൻ കഴിയുന്ന ഒരിടം എന്നാണ് ഈ അമ്യൂസ്മെന്റ് പാർക്കിന്റെ പരസ്യവാചകം. ഇവിടെ കുറച്ച് സമയം കറങ്ങിയശേഷം ഹോട്ടലിലേക്ക് തനിയെ പോയേക്കാമെന്ന് പറഞ്ഞ് ഹാഫിസിനെ പറഞ്ഞയച്ചു.

നല്ല തിരക്കുണ്ടായിരുന്നു അവിടെ. 2021-ലാണ് 21 ഹെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ചുള്ള ഈ പാർക്ക് പ്രവർത്തനമാരംഭിക്കുന്നത്. ഇന്നിവിടെ ഇൻഡോർ അമ്യൂസ്‌മെന്റ് പാർക്ക് കൂടാതെ ആംഫി തിയേറ്റർ, അക്വേറിയം, കുട്ടികളുടെ റൈഡുകൾ, ലേസർ സിനിമ, ലൈറ്റ്, മ്യൂസിക്, വാട്ടർ ഫൗണ്ടൻ ഷോകൾ തുടങ്ങിയവയൊക്കെയുണ്ട്. നടവഴിക്കിരുവശവുമുള്ള കടകൾ പ്രധാനമായും, ഭക്ഷണശാലകളും കുട്ടികളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്നവയാണ്. മാജിക്ക് സിറ്റിയുടെ മധ്യഭാഗത്തായി വലിയ കുളം നിർമിച്ചിട്ടുണ്ട്. 60 മീറ്റർ ഉയരമുള്ള കാസിൽ ടവറാണ് മറ്റൊരാകർഷണം. പാശ്ചാത്യ- റഷ്യൻ യക്ഷിക്കഥകളിലെ കോട്ടകൊത്തളങ്ങളുടെ മാതൃകയിൽ നിർമ്മിക്കപ്പെട്ടതാണ് പ്രധാന കെട്ടിട സമുച്ചയം. ദീപാലങ്കാരങ്ങൾ കൊണ്ട് ഏറെ ആകർഷകമാക്കിയിട്ടുണ്ട് അവിടം മുഴുവൻ.

കുറച്ചുനേരം അവിടെ സമയം ചെലവഴിച്ച് മുറിയിലെത്തുമ്പോഴേക്കും രാത്രി 11 കഴിഞ്ഞിരുന്നു ഏറെ നീണ്ടൊരു ദിനമായിരുന്നു ഇന്നത്തേത്. ചാർവാകും ചിൻകാനും ഖോഡ്ജികെന്റും കാണാനുള്ള നീണ്ട കാർയാത്ര. താഷ്കെന്റിലെ പുരാസ്മാരകങ്ങളിലൂടെയും നഗര കാഴ്ച്ചകളിലൂടെയും കാൽനടയായും മെട്രോയിലും ഉളള അലച്ചിലുകൾ. കാലുകൾ വേദനിച്ചു തുടങ്ങിയിരിക്കുന്നു. ഉറക്കം കൺപോളകളുടെ കനം കൂട്ടിക്കൊണ്ടിരുന്നു. നല്ല ക്ഷീണം. ചുടുവെളളത്തിലൊരു കുളി, ഭക്ഷണം, പിന്നെ ഉറക്കം. നാളെ നഗരത്തിലെ കുറച്ച് പ്രധാനസ്ഥലങ്ങൾ കൂടി കാണാനുണ്ട്. പിന്നെ ഉസ്ബെക്കിന്റെ പ്രസിദ്ധമായ ബുള്ളറ്റ് ട്രെയിനിൽ പെെതൃക നഗരമായ ബുഹാരയിലേക്ക്…

(തുടരും)

Comments