കാനോയിലെ പെരുന്നാൾ രാവ്

ഷാജഹാൻ മാടമ്പാട്ട് എഴുതുന്ന എത്യോപ്യ- നൈജീരിയ യാത്ര തുടരുന്നു.

എ​ത്യോപ്യ- നൈജീരിയ യാത്ര
അധ്യായം നാല്

കാനോയിലേക്ക് പോകാനായി അബൂജ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് എന്തുമാത്രം പരിതാപകരമാണ് അവിടത്തെ അവസ്ഥയെന്ന് മനസ്സിലാവുന്നത്. രണ്ടു ദിവസം മുമ്പ് വന്നിറങ്ങിയപ്പോൾ അത്ര ശ്രദ്ധിച്ചിരുന്നില്ല. ഇതുവരെ കണ്ടതിൽ ഏറ്റവും മോശം വിമാനത്താവളം. പരിമിതമായ സൗകര്യങ്ങളും സ്ഥലവും. സേവനങ്ങളുടെ നിലവാരം വട്ടപ്പൂജ്യം. കൗണ്ടറിൽ ഒരാൾക്ക് പകരം മൂന്നുപേർ. പക്ഷെ മൂന്നുപേരും എന്തോ അന്ധാളിപ്പിലാണ്. പിന്നീട് എല്ലാ വിമാനത്താവളങ്ങളും ഇതേ അവസ്ഥയാണെന്ന് മനസ്സിലായി.

ആവശ്യത്തിലേറെ ആളുകൾ ജോലിക്കുണ്ട്. ഓരോരുത്തരും തന്റെ സഹപ്രവർത്തകരോട് കാര്യക്ഷമതയില്ലായ്മയുടെ കാര്യത്തിൽ മത്സരത്തിലാണ്. പരിശോധനയെല്ലാം കഴിഞ്ഞു വിമാനത്തിൽ കയറിപ്പറ്റി.

കാനോയിലെ ഒരു ബിസിനസുകാരനാണ് എന്റെയും അൻവറിന്റെയും അടുത്തിരുന്നത്. അദ്ദേഹത്തിന് ഇന്ത്യ നന്നായറിയാം. ഹൈദരാബാദിലെ അപ്പോളോ ആസ്പത്രിയിൽ ആറ് മാസം ഗുരുതരാവസ്ഥയിൽ ചികിത്സാവിധേയനായിട്ടുണ്ട് കുറെ കൊല്ലം മുമ്പ്. ഇന്ത്യൻ ഡോക്ടർമാരെക്കുറിച്ച് വലിയ മതിപ്പാണ് കക്ഷിക്ക്.

ഷാജഹാൻ മാടമ്പാട്ട്
ഷാജഹാൻ മാടമ്പാട്ട്

സംസാരം പതുക്കെ ഗാസയിൽ നടക്കുന്ന ഇസ്രയേലിന്റെ കൂട്ടക്കുരുതിയിലെത്തി. ഒരു ഘട്ടത്തിൽ 70 കാരനായ ആ മനുഷ്യൻ പൊട്ടിക്കരയാൻ തുടങ്ങി. ‘നമ്മുടെ സഹോദരങ്ങളെ ഇങ്ങനെ കൊന്നൊടുക്കുമ്പോൾ ലോകത്ത് ആരും ഗൗനിക്കുന്നേയില്ല. എന്തൊരാവസ്ഥയാണിത്! ഈ റമദാനിൽ ഞാനെനിക്കായോ എന്റെ കുടുംബത്തിനായോ പ്രാർത്ഥിച്ചിട്ടേയില്ല. ഓരോ തവണയും ഞാൻ അല്ലാഹുവിനോട് തേടുന്നത് ഒറ്റക്കാര്യമാണ്. ഫലസ്തീനിലെ മർദ്ദിതരായ നിസ്സഹായരായ മനുഷ്യർക്ക് രക്ഷ നൽകണേ എന്ന് മാത്രമാണ് ഞാൻ പടച്ചവനോട് കരഞ്ഞു പ്രാർത്ഥിക്കുന്നത്.’

വിമാനം കാനോയിൽ ഇറങ്ങിയപ്പോൾ അദ്ദേഹവും ഞങ്ങളും കാർഡുകൾ കൈമാറി. പിറ്റേ ദിവസം ചെറിയ പെരുന്നാളാണ്. തന്റെ വീട്ടിലേക്ക് ഞങ്ങളെ അദ്ദേഹം പെരുന്നാളാഘോഷിക്കാൻ ക്ഷണിച്ചു. നോക്കാമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.

കാനോയിലെ ഞങ്ങളുടെ സന്ദർശനം ബാബ്ബിയുടെ കാർമികത്വത്തിലാണ് നടക്കുന്നത്. ഹോട്ടൽ ഞങ്ങൾ ഏർപ്പാട് ചെയ്തിരുന്നുവെങ്കിലും ബാക്കി എല്ലാം അദ്ദേഹം നോക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്.

കാനോ വിമാനത്താവളം കണ്ടപ്പോൾ അബുജയോട് ലേശം ഇഷ്ടം വന്നു. അത്ര മാത്രം ചെറുതും സൗകര്യങ്ങൾ കുറഞ്ഞതും. നൈജീരിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് കാനോ. എണ്ണ സമ്പത്ത് ഗണ്യമായി ഉള്ള ഒരു രാജ്യം ഇത്രമേൽ ദുർഭരണത്തിണ് അടിപ്പെട്ടതിന്റെ കാരണങ്ങളിലേക്ക് കടക്കുന്നില്ല. യാത്രാവിവരണം നിർത്തി ഒരു രാഷ്ട്രീയലേഖനം എഴുതേണ്ടിവരും അതിന്!

വിമാനത്താവളത്തിന് പുറത്ത് ബാബ്ബിയുടെ ബന്ധുവായ ഷംസുദ്ദീനും ഡ്രൈവറും കാത്ത്നിൽക്കുന്നുണ്ടായിരുന്നു. ഷംസുദ്ദീൻ വിനീതനും പ്രസന്നവാനുമായ ഒരു ചെറുപ്പക്കാരൻ. പക്ഷെ ആംഗലമൊഴി തീരെ വശമില്ല. ഇത് പാരയാകുമല്ലോ എന്ന് അൻവറും ഞാനും ഹിന്ദിയിൽ പരസ്പരം പറഞ്ഞു.

നേരെ ഹോട്ടലിലേക്ക് വച്ചുപിടിച്ചു. താഹിർ ഗസ്റ്റ് പാലസ് എന്ന നഗരത്തിലെ ഏറ്റവും മികച്ചതെന്ന് പറയപ്പെടുന്ന ഹോട്ടലിലാണ് ബുക്ക് ചെയ്തിരുന്നത്. ഹോട്ടലിലെത്തിയപ്പോൾ ഞങ്ങളോർത്തത് ഇതാണ് നഗരത്തിലെ മികച്ച ഹോട്ടലെങ്കിൽ ബാക്കിയുള്ളവ എങ്ങനെയായിരിക്കുമെന്നാണ്. ചെക്ക് ഇൻ ചെയ്യാൻ തന്നെ ഒരു മണിക്കൂറിലേറെ എടുത്തു.

വിമാനത്താവളത്തിലെ പോലെ തന്നെ ഒരുപാട് പേരുണ്ട് ഹോട്ടലിന്റെ റിസപ്‌ഷനിൽ ജോലിക്ക്. അത് കൊണ്ട് കാര്യമൊന്നുമില്ല! ആകെ സന്തോഷം തോന്നിയത് ഹോട്ടലിൽ ഒരു ഇന്ത്യൻ റെസ്റ്റാറന്റ് ഉണ്ടെന്നതാണ്. റൂമിൽ ചെന്ന് ഒന്ന് മുഖം കഴുകി ഫ്രഷ് ആയി ഉച്ചഭക്ഷണത്തിന് താഴേക്ക് വന്നു. ഭാഗ്യത്തിന് ആഹാരം ഭേദമായിരുന്നു.

വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള വഴിയിലുടനീളം ആ നഗരത്തിന്റെ ദാരിദ്ര്യത്തിന്റെ ദുരിതക്കാഴ്ചകൾ കാണാമായിരുന്നു. ശരീഅത്ത് നടപ്പാക്കുന്ന സംസ്ഥാനമാണ് കാനോ. കള്ളന്റെ കൈ മുറിക്കുക വരെ ചെയ്യും പക്ഷെ ദാരിദ്ര്യനിർമ്മാർജ്ജനത്തിന് ഒരു ശ്രമവും നടത്തിയിട്ടില്ല.

മതതീവ്രതയുടെ ലോകമെങ്ങുമുള്ള സവിശേഷസ്വഭാവമാണ് മുൻഗണനാക്രമങ്ങളിലുള്ള ഈ പ്രകടവൈരുധ്യം. മതം മുന്നോട്ടു വയ്ക്കുന്ന മൂല്യസഞ്ചയം അവർ അവഗണിക്കും. മതം വച്ച് ആരെയെങ്കിലും - അത് സ്വന്തം മതക്കാരായാലും ഇതരമതക്കാരായാലും - ഉപദ്രവിക്കാനോ അപഹസിക്കാനോ കിട്ടുന്ന ഒരവസരവും പാഴാക്കുകയില്ല താനും.

അടുത്ത രണ്ടു ദിവസം കാനോയിൽ കണ്ടതും അനുഭവിച്ചതുമെല്ലാം മതബോധം മദം പൊട്ടലായാൽ ഒരു രാജ്യത്ത് എന്ത് സംഭവിക്കുമെന്നതിന്റെ നേർക്കാഴ്ചകളായിരുന്നു. വടക്കൻ നൈജീരിയയിലെ പന്ത്രണ്ട് സംസ്ഥാനങ്ങളിലും മുസ്ലിംകളാണ് മഹാഭൂരിപക്ഷം. മിക്ക സ്ഥലങ്ങളിലും - പ്രത്യേകിച്ച് നഗരങ്ങളിലും പട്ടണങ്ങളിലും - അത് 95 ശതമാനത്തിൽ അധികം വരും. മൊത്തം 36 സംസ്ഥാനങ്ങളാണ് ഉള്ളത്. ഇവയിൽ വടക്കൻ പ്രവിശ്യയിലെ പന്ത്രണ്ടിലും ഇപ്പോൾ ശരിയത്ത് നിയമം പ്രാബല്യത്തിലുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യവർഷം മുതലാണ് ഈ മാറ്റം തുടങ്ങുന്നത്.

സാധാരണ രണ്ടു വഴികളിലാണ് കടുത്ത മതമൗലികവാദം മുസ്ലിം സമൂഹങ്ങളിൽ കടന്നുവരുന്നത് - സലഫിസം വഴിയോ ഇസ്ലാമിസം വഴിയോ. ഇവ രണ്ടും ഒന്നുചേരുന്നതിനും പല ഉദാഹരണങ്ങളുണ്ട്. സലഫിസവും ഇസ്ലാമിസവും തങ്ങളുടേതാണ് യാഥാർത്ഥഇസ്ലാം എന്ന അവകാശവാദത്തിന് പൊതുസാധുത ഉണ്ടാക്കുമ്പോൾ അതിനോടുള്ള പ്രതികരണമെന്ന നിലയ്ക്ക് പാരമ്പര്യ ഇസ്ലാം വിചാര-അനുഷ്ടാന കാർക്കശ്യത്തിലേക്ക് മാറുന്നതിനും മാതൃകകളുണ്ട്, കേരളത്തിലടക്കം. നൈജീരിയയിൽ പാരമ്പര്യ ഇസ്ലാമിനുള്ളിൽ തന്നെയാണ് പ്രബലമായ മതമൗലികവാദ - ബഹുസ്വരവിരുദ്ധ പ്രവണതകൾ ഉടലെടുക്കുന്നത്. ഇറാക്കിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള ബാഹ്യസ്വാധീനം ഇതിന് പിന്നിലുണ്ടെന്ന് ശക്തമായ ഒരു വാദമുണ്ട്. ഇതിന്റെ വിശദാംശങ്ങളിലേക്ക് വഴിയേ വരാം.

കാനോയിൽ ചൂട് അബുജയേക്കാൾ വളരെ കൂടുതലാണ്. ഷംസുദ്ദീന് പിറ്റേ ദിവസം പെരുന്നാളായതിനാൽ കൂടുതൽ സമയം ഞങ്ങളുടെ കൂടെ ചെലവഴിക്കാൻ പ്രയാസമുണ്ട്. ഒറ്റക്ക് നഗരത്തിൽ കറങ്ങുന്നത് അപകടകരവും. വരുന്നത് വരട്ടെ എന്ന് കരുതി ഞങ്ങൾ വൈകീട്ട് പുറത്ത് പോയി.

നോമ്പിന്റെ അവസാനദിവസമായതിനാൽ തെരുവുകളും കടകളും ജനബഹുലം. ആഘോഷദിവസങ്ങളെ വരവേൽക്കാനുള്ള ആവേശം എല്ലാവരിലും പ്രകടം. പഴയ നഗരത്തിന്റെയും പുതിയ നഗരത്തിന്റെയും പ്രധാനഭാഗങ്ങളിലൂടെ ഞങ്ങളൊരു ഓട്ടപ്രദക്ഷിണം നടത്തി. സുരക്ഷിതമെന്ന് ഡ്രൈവർ പറഞ്ഞ ചിലയിടങ്ങളിൽ ഇറങ്ങി അല്പം ഉലാത്തി. അതിൽ കൂടുതൽ ചെയ്‌താൽ സംഗതി പാളുമെന്ന ഭയം ഒരു ഭാഗത്തും കുറച്ചൊക്കെ സാഹസങ്ങളില്ലാതെ എന്ത് യാത്രാസുഖമെന്ന തോന്നൽ മറുഭാഗത്തും.

കാനോയിലെ പ്രശസ്തമായ മുഖ്യമസ്ജിദിന്റെ (സെൻട്രൽ മോസ്ഖ്) മുന്നിലെത്തിയപ്പോൾ ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെട്ടു. പക്ഷെ അദ്ദേഹം വിസമ്മതിച്ചു. ഈ പള്ളിയിലാണ് 2014 ൽ ബോക്കോ ഹറാം 120 പേരെ കൊന്നുതള്ളിയത്. കാനോ അമീർ മുഹമ്മദ് സനൂസി രണ്ടാമൻ ബൊക്കോ ഹറാമിനെതിരിൽ ആയുധമെടുക്കാൻ ജനങ്ങളോടാഹ്വാനം ചെയ്തതിനുള്ള പക പോക്കലായിരുന്നു ഈ ആക്രമണം. സനൂസി സ്ഥിരം നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന പള്ളിയാണ് സെൻട്രൽ മോസ്ഖ്. അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ തൊട്ടടുത്താണ് പള്ളി. അഞ്ഞൂറ് കൊല്ലം പഴക്കമുള്ള ഈ പള്ളിയ്ക്ക് വലിയ ചരിത്രമുണ്ട്.

പടിഞ്ഞാറൻ ആഫ്രിക്കയുടെ ഹൃദയത്തിൽ ഒരു പെരുന്നാൾ രാവ് ഞങ്ങളിരുവർക്കും ചെറിയ സന്തോഷമൊന്നുമല്ല ഉണ്ടാക്കിയത്. മറ്റൊരു സമയത്താണ് വന്നതെങ്കിൽ ഈ അനുഭവം ലഭിക്കുകയില്ല. ഒമ്പത് മണിയോടെ തിരിച്ചു ഹോട്ടലിലെത്തി. അൻവറിന്റെ ഒരു പൂർവ്വവിദ്യാർത്ഥിയും ഇപ്പോൾ കാനോയിൽ സർവ്വകലാശാലാഅധ്യാപകനുമായ കബീറു ഡാങ്ഗുഗുവ ഒരു കൂട്ടുകാരനെയും കൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട്.

തുർക്കിയിൽ ജോലി ചെയ്ത കാലത്താണ് അയാൾ അൻവറിന്റെ വിദ്യാർത്ഥി ആയിരുന്നത്. അയാൾ ഇപ്പോൾ അധ്യാപകൻ മാത്രമല്ല കാനോയിൽ ഒരു ചെറുകിടരാഷ്ട്രീയനേതാവ് കൂടിയാണ്. നമ്മുടെ നാട്ടിലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് തുല്യമായ ഒരു പദവി വഹിക്കുന്നുണ്ട്. വന്നത് അതിന്റെ അധികാര അടയാളങ്ങളൊക്കെ പതിച്ചിട്ടുള്ള കാറിലാണ്. തന്റെ അധ്യാപകനിൽ മതിപ്പുളവാകാൻ പഴയ വിദ്യാർത്ഥി ഇപ്പോൾ വലിയ ആളായി എന്ന് ഇടക്കൊക്കെ പറയാതെ പറയുന്നുമുണ്ട്.

ആളെ കണ്ടു സംസാരിച്ചപ്പോൾ എനിക്കും സന്തോഷം തോന്നി. നല്ല സംഭാഷണചതുരൻ. തന്റെ ചുറ്റുപാടുകളെ ഒട്ടൊരു വിമർശനബോധത്തോടെ കാണാനുള്ള അറിവും തുറസ്സും പ്രദർശിപ്പിക്കുന്ന ഒരു ചെറുപ്പക്കാരൻ. അയാളുടെ കൂട്ടുകാരനും രാഷ്ട്രീയക്കാരനാണ്. പേര് ഹബീബ്. തന്റെ മതഭ്രാന്ത് ഒരു മറയുമില്ലാതെ പ്രകടിപ്പിക്കാൻ അയാൾക്ക് ഒരു മടിയുമില്ല.

കനോയിൽ അമുസ്ലിംകൾ വിരളമാണെന്ന വസ്തുതയിൽ അയാൾക്ക് വലിയ അഭിമാനമുണ്ട്. ഇസ്ലാമേതരമായ എല്ലാത്തിനോടും അയാൾക്ക് കടുത്ത അസഹിഷ്ണുതയുണ്ട്. അതേ സമയം പ്രസന്നതയും സൗമനസ്യവും തുളുമ്പുന്ന പെരുമാറ്റം. അൻവർ അടിമുടി മതനിരപേക്ഷനാണെന്ന് കബീറു അയാളോട് ആദ്യമേ പറഞ്ഞിട്ടുണ്ട്. കൂടെയുള്ള കൂട്ടുകാരനും അങ്ങനെയായിരിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വഴിതെറ്റിയ രണ്ടു കുഞ്ഞാടുകളെ നേർവഴിക്കാക്കാനുള്ള ഉദ്യമം അയാളുടെ സംസാരത്തിൽ വ്യക്തമാണ്. ഞങ്ങൾ കുഞ്ഞാടുകൾ അയാളുടെ മാർഗ്ഗദർശനൗൽസുക്യം നന്നായി ആസ്വദിക്കുന്നുമുണ്ട്.

പെരുന്നാൾ രാവിൽ കുടുംബത്തെ വിട്ട് ഞങ്ങളുടെ കൂടെ ആഹാരം കഴിക്കാൻ ഇരുവരും സന്നദ്ധരായതിന്റെ നന്ദി ഞങ്ങൾക്ക് രണ്ടുപേരോടുമുണ്ട്. സംഭാഷണങ്ങൾ മര്യാദാപരിധിയിൽ നിർത്തണമെന്നും ഒരു കാരണവശാലും അപ്രസന്നമാക്കരുതെന്നും ഞാനും അൻവറും ആദ്യമേ തീരുമാനിച്ചിരുന്നു. എന്നാൽ കഴിയുന്നത്ര അവരുടെ ഉള്ളിലുള്ള അഭിപ്രായങ്ങളും നിലപാടുകളും പുറത്ത്കൊണ്ടുവരാൻ ശ്രമിക്കണമെന്നും ഞങ്ങൾ പദ്ധതി ഇട്ടിരുന്നു.

സംഭാഷണങ്ങളിൽ പൊതുവെ എല്ലാവർക്കും സ്വീകരിക്കാവുന്ന ഒരു നയമാണത്. ഒരു പ്രയോജനവുമില്ലാത്ത തർക്കവിതർക്കങ്ങൾ സൃഷ്ടിക്കുന്ന നെഗറ്റിവ് ഊർജ്ജം ഒഴിവാക്കലാണ് ബുദ്ധി. അന്ധമായി, യുക്തിയുടെയും വിവരത്തിന്റെയും അറിവിന്റെയും യാതൊരു ലക്ഷണവും കാണിക്കാതെ, വാദിക്കുന്ന ആളുകളുടെ കൂടെ സമയം ചെലവഴിക്കാൻ നിർബന്ധിതരാവുമ്പോൾ പരമാവധി മൗനം പാലിക്കുകയും ഒരു സാമൂഹ്യശാസ്ത്രസർവേയിലെ പരീക്ഷണവ്യക്തിയായി അവരെ കാണുകയും ചെയ്യുന്നതാണ് മാനസികാരോഗ്യത്തിനും സമാധാനത്തിനും അത്യുത്തമം!

ഇന്ത്യാചരിത്രവുമായി ബന്ധപ്പെട്ട ഒരു പുസ്തകവും വായിക്കാത്ത, വാട്ട്സപ്പ് സർവ്വകലാശാലയിലെ നുണകൾ മാത്രം അറിയുന്ന ഒരു സംഘിയോട് ചരിത്രത്തെക്കുറിച്ചു സംവദിക്കുന്നത് ആലോചിച്ചു നോക്കൂ. മൗനം വിദ്വാന് ഭൂഷണം എന്ന് പഴമുറക്കാർ പറഞ്ഞുവച്ചത് ഈ വിവേകത്തിന്റെ സാരാംശമാണ്. മൗനം വിഡ്ഢിക്കലങ്കാരം എന്ന് മുകളിൽ പരാമർശിച്ച സംഘിക്ക് ബോധ്യം വരാൻ ഒരു സാധ്യതയുമില്ലല്ലോ!

കബീറുവും ഹബീബുമായുള്ള രണ്ടുമണിക്കൂർ സംഭാഷണം വർത്തമാനകാല നൈജീരിയയെക്കുറിച്ചുള്ള ചില നല്ല ഉൾക്കാഴ്ചകൾ ലഭിക്കാൻ നിമിത്തമായി. ഏറ്റവും ശ്രദ്ധേയമായ കാര്യം നൈജീരിയനെന്ന ഒരു വികാരം ആർക്കുമില്ല എന്നതാണ്. മതത്തിന്റെയോ ഗോത്രത്തിന്റെയോ പേരിലാണ് ഓരോരുത്തരും സ്വയം അടയാളപ്പെടുത്തുന്നത്.

നൈജീരിയൻ സ്വത്വം ആരിലും ഇല്ല. കൃസ്ത്യാനികളും മുസ്ലിംകളും പല ഗോത്രവർഗ്ഗങ്ങളായാണ് കഴിയുന്നത്. മതസ്വത്വം ശക്തിയോടെ നിലനിൽക്കുമ്പോൾ തന്നെ അതിനോട് ഗോത്രസ്വത്വവും മത്സരിക്കുന്നുണ്ട്.

ഹബീബ് രാജ്യത്തെ കൃസ്ത്യാനികളെ സഹിക്കാൻ നിർബന്ധിതമായ ഒരു അനാവശ്യസംഗതിയായാണ് കാണുന്നത്. എല്ലാവരും മുസ്ലിംകളാവുന്ന ഒരു സുദിനം വരുമെന്നും അന്ന് ദൈവത്തിന്റെ അനുഗ്രഹം നൈജീരിയക്ക് പൂർണമായി ലഭിക്കുമെന്നും അയാൾക്കുറപ്പുണ്ട്. വടക്കൻ നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവം അയാളുടെ വീക്ഷണത്തിൽ ഇരുപത് കൊല്ലമായി ശരിയത്ത് നടപ്പാകുന്നതാണ്.

ശരിയത്ത് സാമൂഹ്യക്ഷേമവും ഉൾക്കൊള്ളുന്നില്ലേ, എന്തുകൊണ്ടാണ് ഇസ്ലാമിന്റെ ഈ അനുഗ്രഹീതഭൂമിയിൽ ഇത്രയേറെ അശ്ലീലമായ ദാരിദ്ര്യവും കഷ്ടപ്പാടും എന്ന് ചോദിച്ചപ്പോൾ അയാൾക്ക് അതിനുത്തരമില്ല.

ഇസ്ലാമിന്റെ നിയമങ്ങൾ കൃത്യമായി, ബലപ്രയോഗത്തിലൂടെ നടപ്പാക്കൽ മാത്രമാണ് അയാളുടെ കാഴ്ചപ്പാടിൽ ശരിയത്ത് ഭരണം. ദാരിദ്ര്യം, ഹിംസ, അഴിമതി, അസമത്വം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കലും ഇസ്ലാമികവ്യവസ്ഥയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് അയാൾ കരുതുന്നേ ഇല്ല.

ഹബീബിന് രണ്ടു ഭാര്യമാരുണ്ട്. ഇനി രണ്ടെണ്ണം കൂടി കെട്ടാൻ മോഹവുമുണ്ട്. അതിനയാൾ പറഞ്ഞ മുഖ്യകാരണം കടുത്ത കാമമാണ്. ഒരേ ദിവസം തന്നെ രണ്ടു ഭാര്യമാരുമായും ബന്ധപ്പെടുന്ന നാളുകൾ വിരളമല്ലെന്ന് തെല്ലൊരഭിമാനത്തോടെ അയാൾ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു: ‘ഇതേ പോലെ കടുത്ത കാമം ഭാര്യമാർക്കും തോന്നിയാൽ അവരെന്തു ചെയ്യും?’ ചോദ്യം കേട്ട് ആദ്യം ഹബീബ് പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ‘നിങ്ങൾ മനസ്സിലാക്കേണ്ടത് യുക്തിക്കനുസരിച്ചല്ല ഇസ്ലാമിന്റെ നിയമങ്ങൾക്കനുസരിച്ചാണ് ഞങ്ങൾ ജീവിക്കുന്നത്. സ്ത്രീകൾ ഭർത്താക്കന്മാരിൽ തൃപ്തരായി ഭക്തിയോടെ ജീവിക്കണമെന്നാണ് മതം പഠിപ്പിക്കുന്നത്. ദാമ്പത്യത്തിൽ അസംതൃപ്തി തോന്നിയാൽ വിവാഹമോചനത്തിന് ദൈവം അവർക്കനുവാദം കൊടുത്തിട്ടുണ്ട്.’

ഹബീബ് ഇത് പറഞ്ഞ ഉടൻ കബീറു കൂട്ടിച്ചേർത്തു: ‘ഹബീബ് കിടപ്പറയിൽ ഒരു പുലിയാണ് . ഇനി രണ്ടും കൂടി കെട്ടിയാലും ഒരു കുറവും വരുത്തില്ല!’ എല്ലാവരും ഇതുകേട്ട് മനം നിറഞ്ഞു ചിരിച്ചു. കബീറുവിന് രണ്ടാം കെട്ടിൽ താല്പര്യമില്ല. അയാളുടെ വീക്ഷണങ്ങൾ കുറേക്കൂടി മിതത്വമാർന്നതാണ്. പക്ഷെ തന്റെ മാതാപിതാക്കൾക്കും പെങ്ങന്മാർക്കും ഒരു പക്ഷെ സ്വന്തം ഭാര്യക്ക് പോലും രണ്ടാം കെട്ടിന് പോകാത്തത് മൂലം തന്നോട് പുച്ഛവും അനുതാപവുമാണ് എന്നയാൾ ഒരല്പം തമാശയായി പറഞ്ഞു. ‘നിനക്ക് നല്ല വരുമാനമുണ്ട്. ആരോഗ്യമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് നീ കുടുംബവൃത്തം വികസിപ്പിക്കാത്തത്’ എന്ന ചോദ്യം എല്ലാവരിൽ നിന്നും സ്ഥിരം കേൾക്കും. ‘ഞങ്ങളുടെ ചുറ്റുപാടിൽ ഞാൻ ഒരപൂർവ്വമനുഷ്യനാണ്. എന്റെ എല്ലാ സഹോദരന്മാർക്കും ഒന്നിലേറെ ഭാര്യമാരുണ്ട്. എന്റെ ഉപ്പക്കും അങ്ങനെ തന്നെ.’

ഞങ്ങളവരോട് ബോക്കോ ഹറാമിനെക്കുറിച്ചു ചോദിച്ചു. കാനോയിൽ നിന്ന് 500 കിലോമീറ്ററകലെ ബോർണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയിലാണ് ബോക്കോ ഹറാം ഉടലെടുക്കുന്നത്.

മുഹമ്മദ് യൂസുഫ് എന്ന ഒരു തീവ്രവാദിയായ പുരോഹിതനാണ് സ്ഥാപകൻ. ബോക്കോ ഹറാം എന്നാൽ പാശ്ചാത്യവിദ്യാഭ്യാസം ഹറാം അല്ലെങ്കിൽ നിഷിദ്ധം എന്നർത്ഥം.

ഈ സംഘടനയുടെ വേരുകൾ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ നൈജീരിയയിൽ ശക്തി പ്രാപിച്ച യാൻ റ്റാറ്റ്സിൻ എന്ന ഖുർആനിസ്റ്റ് ഭീകര വാദവിഭാഗത്തിലാണ് ആഴ്ന്നുകിടക്കുന്നത്. മൈറ്റാറ്റ്സിൻ എന്ന പേരിൽ അറിയപ്പെട്ട മുഹമ്മദ് മർവ എന്ന മതതീവ്രവാദിയാണ് ഈ സംഘടന സ്ഥാപിക്കുന്നത്.

ഖുർആനും അടിസ്ഥാനമതഗ്രന്ഥങ്ങളുമല്ലാത്ത പുസ്തകങ്ങൾ വായിക്കുന്നത് നിഷിദ്ധമാണെന്ന വിചിത്രമായ വാദവുമായാണ് അയാൾ രംഗത്തുവരുന്നത്. കാമറൂൺ സ്വദേശിയായ ഇദ്ദേഹം 1980 ൽ നൈജീരിയൻ പോലീസുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെടുന്നത് വരെ കാനോയിലാണ് ജീവിച്ചത്. ഇദ്ദേഹത്തിന്റെ ആശയങ്ങൾക്ക് ചേകനൂർ മൗലവിയുടെ ആശയങ്ങളുമായി വളരെയേറെ സമാനതകളുണ്ട്.

ഇസ്ലാമിലെ ഏകപ്രമാണം ഖുർആൻ ആണെന്നതായിരുന്നു അയാളുടെ പ്രധാനവാദം. ഖുർആനിൽ മൂന്നു നേരം നമസ്കരിക്കാനേ പറയുന്നുള്ളൂ എന്നും അഞ്ചു നേരത്തെ നമസ്കാരം പിന്നീട് തെറ്റായി കൂട്ടിച്ചേർത്താണ് എന്നുമായിരുന്നു അയാളുടെ പക്ഷം. ചേകനൂരും ഇതേ വാദമാണ് മുന്നോട്ട് വച്ചത്. ഖുർആനിസ്റ്റുകൾ എന്ന നിലയ്ക്കുള്ള സാമ്യമേ ചേകനൂരുമായി ഉള്ളൂ.

കടുത്ത ഹിംസയും അസഹിഷ്ണുതയും മുഖമുദ്രയായ യാൻ റ്റാറ്റ്സിന്റെ തുടർച്ചയാണ് ബോക്കോ ഹറാം എന്നാണ് പല വിശകലനങ്ങളും സൂചിപ്പിക്കുന്നത്. ബോക്കോ ഹറാമിനോട് ഇരുവർക്കും കടുത്ത വിയോജിപ്പാണ്. അതിന്റെ കാരണങ്ങൾ പക്ഷെ ആശയപരമല്ല. പാശ്ചാത്യസ്വാധീനം പൂർണമായും പൊതുജീവിതത്തിലും വിദ്യാഭ്യാസമേഖലയിലും ഇല്ലാതാക്കുക അനിവാര്യമാണെന്ന് അവർ വിചാരിക്കുന്നു. പകരം എന്ത് ബദലാണ് നിങ്ങളുടെ കയ്യിലുള്ളതെന്ന് ചോദിച്ചപ്പോൾ അതിനുത്തരമില്ല.

ബോക്കോ ഹറാം താരതമ്യമില്ലാത്ത ഹിംസ വടക്കൻ നൈജീരിയയിൽ വ്യാപകമായി അഴിച്ചുവിട്ടതിലും അതിന്റെ ഇരകൾ മുഴുവൻ മുസ്ലിംകൾ തന്നെയാണെന്നതിലുമാണ് വിയോജിപ്പ്. ഈ ഭീകരസംഘടന ഇപ്പോൾ ഏറെക്കുറെ ക്ഷയിച്ചു കഴിഞ്ഞിട്ടുണ്ട്. മൈദുഗുരിയിൽ പോകണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷെ ബോർണോ സംസ്ഥാനം ഒട്ടും സുരക്ഷിതമല്ലെന്നും പോകുന്നത് അപകടകരമാണെന്നും എല്ലാവരും പറഞ്ഞപ്പോൾ പിന്മാറി. കനോയിൽ നിന്ന് വിമാനത്തിൽ പോകുകയാണെങ്കിൽ മുക്കാൽ മണിക്കൂറിന്റെ ദൂരമേയുള്ളൂ.

ശരിയത്ത് നടപ്പാക്കുന്നതിനിടയിലും അഴിമതിയുടെ പ്രലോഭനത്തിൽ പണത്തെ ഇസ്ലാമിന് മേൽ പ്രതിഷ്ഠിക്കുന്നതിന്റെ രസകരമായ ഉദാഹരണം പിറ്റേ ദിവസം കാണാനിടയായി. രഹസ്യമായി മദ്യം സൂക്ഷിക്കുന്നവരെപ്പോലും വീട്ടിൽ കയറി ഉപദ്രവിക്കുന്ന ഹിസ്ബ എന്ന മതപ്പോലീസിന്റെ അതിക്രമങ്ങളെക്കുറിച്ച് പലപ്പോഴും മാധ്യമങ്ങളിൽ വായിച്ചിട്ടുണ്ടായിരുന്നു.

മുസ്ലിംകളിൽ മതനിഷ്ഠ കുറഞ്ഞവരും കൃസ്ത്യൻ ന്യൂനപക്ഷങ്ങളും ഇവരുടെ അപ്രതീക്ഷിതമായ നായാട്ട് ഭയപ്പെട്ടാണ് ജീവിക്കുന്നത്. അന്യപുരുഷന്മാരുമായി വർത്തമാനം പറഞ്ഞിരിക്കുന്ന സ്ത്രീകളെ റെസ്റ്റാറന്റുകളിൽ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകൽ, മദ്യം കൈവശം സൂക്ഷിക്കുന്നവരെ ടാർഗറ്റ് ചെയ്യൽ തുടങ്ങിയ വിനോദങ്ങളാണ് ഇവരെ കനോയിലെ പേടിസ്വപ്നമാക്കുന്നത്.

കബീറുവിനെയും ഹബീബിനെയും കണ്ടതിന്റെ പിറ്റേ ദിവസം ഞങ്ങൾ ഗസ്റ്റോ റെസ്റ്റോറന്റ് എന്ന ഒരു ഭക്ഷണശാലയിൽ രാത്രി പോയപ്പോൾ കണ്ട കാഴ്ച വിചിത്രമായിരുന്നു. അകത്തും പുറത്തും ധാരാളം സ്ത്രീപുരുഷന്മാർ സ്വസ്ഥമായിരുന്നു മദ്യപിക്കുന്നു. അപ്പോഴാണ് രസകരമായ ചില കാര്യങ്ങൾ മനസ്സിലാവുന്നത്.

കാനോയിൽ ലബനോൻകാരുടെ വൻവാണിജ്യമേൽക്കോയ്മ പതിറ്റാണ്ടുകളായി നിലനിൽക്കുന്നുണ്ട്. ഒരു നിയമവും അവർക്ക് ബാധകമല്ല. സർക്കാരിനെയും മതനേതൃത്വത്തെയും അവർ മൊത്തവിലയ്ക്ക് വാങ്ങിയിട്ടുണ്ട്. ഞങ്ങൾ പോയ ഭക്ഷണശാല ലബനീസ് ഉടമസ്ഥതയിലുള്ളതാണ്. ‘ഇവിടെ ശരിയത്ത് നിഷിദ്ധം’ എന്നെഴുതി വച്ചിട്ടില്ല എന്നുമാത്രം!

ഇത്തരം കാപട്യങ്ങൾ എല്ലാ മതതീവ്രതയുടെ പശ്ചാത്തലങ്ങളിലും കാണാനാവും. നൈജീരിയയിൽ അതതിന്റെ എല്ലാ പരിധികളും മറയും കടന്നുപോയിരിക്കുന്നു എന്ന് മാത്രം! ഭക്ഷണത്തിന്റെ ഓർഡർ എടുക്കാൻ വന്ന ചെറുപ്പക്കാരിയോട് ഞാൻ ചോദിച്ചു: ‘ഹിസ്‌ബ മതപ്പോലീസ് ഇവിടെ വരാറില്ലേ?’ അവർ പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു: ‘തീർച്ചയായും. ഇടയ്ക്കിടയ്ക്ക് അവർ വരും. പണത്തിന് ആവശ്യമുള്ളപ്പോഴൊക്കെ.’

നീണ്ട സംഭാഷണത്തിന് ശേഷം കബീറുവിനെയും ഹബീബിനെയും സ്നേഹത്തോടെ യാത്രയാക്കി. ഹബീബിന്റെ മതാന്ധത അസ്വസ്ഥപ്പെടുത്തിയെങ്കിലും അയാളുടെ പെരുമാറ്റത്തിലെ വിനയവും രസികത്തവും നന്നായി ആസ്വദിച്ചു.

കബീറു രാഷ്ട്രീയത്തിൽ വലിയ നിലയിലെത്താനുള്ള സാധ്യതയും ശ്രദ്ധിച്ചു. നല്ല വായനയും അതിനൊത്ത ചിന്തയും അതോടൊപ്പം രാഷ്ട്രീയമോഹങ്ങളും കൊണ്ടുനടക്കുന്ന പ്രസരിപ്പുള്ള ആ യുവാവുമായി നല്ലൊരു സൗഹൃദം അനുഭവപ്പെട്ടു. ഇനി കാണുമോ എന്നറിയില്ല. എപ്പോഴെങ്കിലും യു എ ഇ യിൽ വരികയാണെങ്കിൽ ബന്ധപ്പെടണമെന്ന് പ്രത്യേകം നിഷ്കർഷിച്ചാണ് പിരിഞ്ഞത്.

‘നിങ്ങളെപ്പോലെ ഇസ്ലാമിനെക്കുറിച്ച് അറിവുള്ള ഒരാൾ യുക്തിബോധം കുറക്കുകയും മതനിയമങ്ങൾ ദൈവം ആജ്ഞാപിച്ച രീതിയിൽ അനുസരിക്കുകയും ചെയ്താൽ ഇഹം പോലെ പരലോകവും ആനന്ദതുന്ദിലമാവുമെന്ന’ ഉപദേശം തന്നാണ് ഹബീബ് വിട ചോദിച്ചത്! അവർ പോയപ്പോഴേക്കും അർധരാത്രി ആയിരുന്നു. പിറ്റേ ദിവസം ചെറിയ പെരുന്നാളാണ്. നേരത്തെ എഴുന്നേൽക്കണം. ഈദ് ഗാഹിൽ പോയി നൈജീരിയൻ പെരുന്നാളനുഭവം പൂർണമായി ആസ്വദിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. എവിടെയെന്നും എങ്ങനെ പോകാമെന്നും ഹോട്ടൽ റിസിപ്ഷനിൽ ചോദിച്ചറിയുകയും ചെയ്തു.

തിരിച്ചു മുറിയിലേക്ക് നടക്കുമ്പോഴാണ് ഒരു കാര്യം ഖേദത്തോടെ ഓർത്തത്. ദീർഘനേരം സംസാരിച്ചെങ്കിലും ഒരുമിച്ച് പടമെടുക്കാൻ മറന്നുപോയി!

(തുടരും)


Summary: Discover the beauty of Ramadan in this Nigerian city through Shajahan Madampat's captivating Nigeria-Ethiopia travelogue."


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments