'യാ റബ്ബുൽ ആലമീൻ';
ഒരു ഇന്ത്യൻ മുസൽമാന്റെ കാശിയാത്ര

‘‘കുന്നു കയറുമ്പോൾ സാരതുഷ്ട്ര തന്റെ ഹൃദയത്തെ പരുഷയാഥാർത്ഥ്യങ്ങൾ പറഞ്ഞു സാന്ത്വനിപ്പിച്ചു. ഇതിനുമുമ്പ് ഒരിക്കലുമില്ലാത്തവിധം അയാളുടെ ഹൃദയം വേദനിക്കുന്നുണ്ടായിരുന്നു. കുന്നിനു മുകളിലെത്തിയപ്പോൾ താഴെ ഒരു കടൽ വിരിച്ചിട്ടതായി കണ്ടു. അവിടെ അയാൾ നിശ്ചലനായി നിലകൊണ്ടു. നീണ്ട മൗനം. ഈ ഉയരത്തിൽ രാത്രി തണുപ്പുള്ളതാണ്. ആകാശം വ്യക്തവും നക്ഷത്രങ്ങൾ നിറഞ്ഞതും. അയാൾ അവസാനം പറഞ്ഞു, ഞാൻ എന്റെ ലക്ഷ്യസ്ഥാനം കണ്ടെത്തിയിരിക്കുന്നു. ഇപ്പോൾ എന്റെ അവസാന ഏകാന്തത ആരംഭിച്ചിരിക്കുന്നു. ഈ കറുത്ത സങ്കടക്കടൽ എന്റെ താഴെയുണ്ട്. കറുത്ത രാത്രിയുടെ അതൃപ്തി. വിധിയും കടലും. നിന്നിലേക്ക് ഞാനിറങ്ങണം.

എന്റെ ഏറ്റവും വലിയ ഉയരത്തിലുള്ള പർവ്വതത്തിനു മുകളിൽ ഞാൻ നിൽക്കുന്നു. എന്റെ ഏറ്റവും വലിയ അലച്ചിലിനൊടുവിൽ ഞാൻ നിൽക്കുന്നു. ഉയരത്തിൽ പോയതിനേക്കാൾ അഗാധതയിൽ ഞാൻ വേദനയുടെ ആഴം തേടേണ്ടിയിരിക്കുന്നു. ഏറ്റവും കറുത്ത പ്രളയത്തെപ്പോലും ഞാൻ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.

ഒരിക്കൽ ഞാൻ ചോദിച്ചിരുന്നു, എവിടെ നിന്നാണ് പർവ്വതങ്ങൾ ഉയർന്നുവന്നത്? പിന്നെ ഞാൻ നസ്സിലാക്കി, അതിന്റെ സാക്ഷ്യം അതിന്റെ കല്ലിലും മണ്ണിലും രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ മുനമ്പുകളുടെ വശങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ട്. ഏറ്റവും ആഴത്തിൽ നിന്നാണ് നാം ഏറ്റവും ഉയരം തേടേണ്ടത്.’’

-ദസ് സ്പേക് സാരതുഷ്ട്ര
(ഫ്രെഡറിക് നീത്ഷേ)

രണ്ടു തരം മനുഷ്യരുണ്ടെന്നു കേട്ടിട്ടുണ്ട്.
മൗണ്ടൻ മേൻ, സീമേൻ. അവയിൽ, പർവ്വതങ്ങളെ സ്‌നേഹിക്കുന്നവർ ആത്മാന്വേഷണം ഉള്ളിലുള്ളവരാണെന്നു പറയപ്പെടുന്നു. പർവ്വതങ്ങളുടെ ദർശനം തേടിയുള്ള യാത്രകളോട് കൊതി തീർന്നിട്ടില്ല. ഉയരങ്ങൾ കയറുമ്പോൾ മനുഷ്യപഥങ്ങളിൽനിന്ന് അകലെ ശാന്തിതീരങ്ങൾ കണ്ടെത്തുന്നു. ഹിമാലയം മുതൽ അരുണാചലം വരെ. ആരാമ്പ്രം മലനിരകളിലെ തിരുവോണമല മുതൽ കല്ലാടത്തുവീട് നിൽക്കുന്ന കൊച്ചു കൽക്കുന്നുവരെ. ഉയരങ്ങളോടുള്ള പ്രണയം ജന്മപ്രകൃതമാണ്. ഒരുപക്ഷേ പൂർവ്വജന്മവാസനകൾ. യാത്രകൾക്ക് അവസരങ്ങൾ വരുമ്പോൾ ജനപഥങ്ങൾ അവഗണിക്കുകയാണു പതിവ്.

പാറ്റ്‌നയിലേക്കുള്ള തീവണ്ടിക്ക് കീഴാളതയുടെ സൗന്ദര്യമുണ്ട്. പതിഞ്ഞ അതിന്റെ യാത്രയും ഇന്ത്യൻ റെയിൽവേയുടെ ആദ്യകാലങ്ങളെ ഓർമ്മിപ്പിക്കുന്ന അധികം വിശാലമല്ലാത്ത കോച്ചുകളും.

ഹിമാലയൻ യാത്രകളെപ്പറ്റി ശ്രീവത്സൻ പറയുമ്പോൾ കാശിയും ഹരിദ്വാറുമൊന്നും വലിയ നിറവായിരുന്നില്ല. അവ സമതലങ്ങൾ ആണല്ലോ എന്നെ അവഗണന. എന്നാൽ മനസ്സിൽ തറയുകയും മിന്നലാട്ടം നടത്തുകയും, എന്നാൽ മുൻവിധികളാൽ അവഗണിക്കുകയും ചെയ്ത ആ സ്ഥലങ്ങൾ പൂർവ്വജന്മ ബിന്ധിതങ്ങളാണെന്നറിഞ്ഞത് ഗുരുജ്ഞാനത്തിലൂടേയാണ്. അങ്ങനെയാണ് ആ ബന്ധങ്ങൾ പുതുക്കുവാനെന്നോണം അവിടങ്ങളിൽ വിചാരിച്ചതിലധികം ദിനങ്ങൾ തങ്ങാൻ ഭാഗ്യം ലഭിക്കുന്നത്.

ഉയരങ്ങൾ കീഴടക്കാനുള്ള വ്യഗ്രതകൾ അവസാനിപ്പിച്ച്, ഉള്ളിലുള്ള ഉണ്മയെ അറിയാൻ കാശിയിൽ പോകാൻ പറഞ്ഞത് ഗുരുവാണ്. വാരണാസി- വരുണ എന്ന നദിയും അസി എന്ന നദിയും ചേരുന്ന വാരണാസി യോഗികൾക്ക് ഭ്രൂമധ്യമാണെന്നും, അവിടെ വാഴുന്നത് വിശ്വനാഥ ഭാവത്തിലുള്ള ശിവനാണെന്നും ജീവിതത്തിന്റെ യാഥാർത്ഥ്യം നിലയ്ക്കാതെ ശവങ്ങൾ വന്നുചേരുന്ന മണികർണ്ണികയിൽ പോയാൽ അറിയാമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും പ്രലോഭിപ്പിക്കാനെന്നോണം, വിശ്വനാഥൻ എന്നാൽ ‘നിന്റെ റബ്ബുൽ ആലമീനാ'ണെന്നും കൂട്ടിച്ചേർത്തു.

photo: varanasiguru.com
photo: varanasiguru.com

ഒരു പക്ഷേ, മൂലാധാരത്തിലും അനാഹാതത്തിലും കിടന്നുരുളുന്ന എന്റെ ബോധചക്രധാരണകളെ ഭ്രൂമധ്യം കയറ്റാനുള്ള മാർഗ്ഗങ്ങളുടെ പഥമാണ് ആ യാത്ര എന്നറിഞ്ഞുള്ള ഗുരുവിന്റെ വഴികാട്ടലാകും.

ചണ്ഡാളനായ ശിവൻ. ശങ്കരാചാര്യർക്ക് ചണ്ഡാളനായി വഴിതടഞ്ഞ് അദ്വൈതരഹസ്യം പറഞ്ഞുകൊടുത്ത ശിവൻ. പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ പ്രമുഖമായ കാശിവിശ്വനാഥൻ. ബിസ്മില്ലാഖാന്റെ ഷെഹ്നായി പറഞ്ഞ കഥകളുറങ്ങുന്ന വാരണാസി. സാക്ഷാൽ മോദി വിജയിച്ച ലോകസഭാമണ്ഡലം. സംശയങ്ങളുടേയും ആശങ്കകളുടേയും മുൾമുനകൾ. ഓരോ യാത്രയും, ബഷീർ പറയുംപോലെ, ധീരതയുടേതല്ല, ഭയങ്ങളുടേയും ആശങ്കകളുടേതും കൂടിയാണ്.

തീവണ്ടി അലഹാബാദിലെത്തിയപ്പോഴേ, ഭൂമിശാസ്ത്രം അതിന്റെ സമനിരപ്പുകളിൽ കൈകൂപ്പി ഒരു കീഴാളത കൈവരിക്കുന്നതായറിഞ്ഞു.

പാറ്റ്‌നയിലേക്കുള്ള തീവണ്ടിക്ക് കീഴാളതയുടെ സൗന്ദര്യമുണ്ട്. പതിഞ്ഞ അതിന്റെ യാത്രയും ഇന്ത്യൻ റെയിൽവേയുടെ ആദ്യകാലങ്ങളെ ഓർമ്മിപ്പിക്കുന്ന അധികം വിശാലമല്ലാത്ത കോച്ചുകളും. പകലൊക്കെ യാത്രാലക്ഷ്യം കാണാതെ മിഴിനട്ടിരിക്കുന്ന യാത്രക്കാരെ നിരീക്ഷിക്കൽ. രാത്രി സുഖനിദ്ര. നഖ്വാഷ് എന്ന മരുമകൻ ബിച്ചു, അമ്മാവന്റെ ഭ്രാന്തുകയറിയ ആത്മാന്വേഷണത്തിന്, എ.സി കോച്ചുതന്നെ ബുക്കു ചെയ്തുതന്നു. അല്പകാലം ദൽഹിയിലും മുംബെയിലും പത്രപ്രവർത്തനം ചെയ്തുപരിചയമുള്ളതിനാൽ, ഔത്തരേയ തീവണ്ടികളിൽ യാത്രാനുഭവമുണ്ടെങ്കിലും, എ.സി കോച്ചിൽ ഒരു ദീർഘയാത്ര തരപ്പെട്ടിട്ടില്ലായിരുന്നു. സാധാരക്കാരുടെ കൂടെ സഞ്ചരിക്കുമ്പോഴുള്ള നിറവൈവിധ്യങ്ങൾ പൊങ്ങച്ചക്കാരായ, ഒരേ ഛായയുള്ള, തൻപ്രമാണിത്തരവും, സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലയിലുള്ള വിദ്യാഭ്യാസവുമുള്ള അപ്പർ മിഡിൽ ക്ലാസ് യാത്രികരുടെ കൂടെ ലഭിക്കാറില്ല. മിഡിൽ ക്ലാസ് യാത്രികരാകട്ടെ തങ്ങളുടെ സ്വകാര്യ ആവശ്യത്തിനു മാത്രമുള്ള സ്‌നേഹസൗഹാർദ്ദമേ കാണിക്കൂ. കാര്യം നേടിയാലുള്ള അറഗൻസും. അവരും മനുഷ്യജീവിതത്തെക്കുറിച്ച് നിരാശ നിറഞ്ഞ ചിന്തകളാണ് നൽകുന്നത്.

ബീഹാറികളുടെ കീഴാളഭാവവും ഉത്തർപ്രദേശുകാരുടെ മേധാവിത്വ മനോഭാവങ്ങളും ആന്ധ്രക്കാരുടെ താദാത്മ്യഭാവവും അവരിൽ വരേണ്യരുടേയും കുലീനരുടേയും ആക്രമണോത്സുകതയും തമിഴന്മാരുടെ വേറിട്ട ശുദ്ധഭാവവും. ഇന്ത്യയുടെ ഭാവവൈവിധ്യങ്ങളിലൂടെയുള്ള ട്രെയിൻ യാത്ര. മൗര്യന്മാരും ഗുപ്തന്മാരും സുൽത്താന്മാരും മുഗളന്മാരും ബ്രിട്ടീഷുകാരും ഒന്നിപ്പിച്ച് ഒരു യാഥാർത്ഥ്യമാക്കിയ ഇന്ത്യ. ഭരണകൂടം ശക്തിപ്പെടുമ്പോൾ ഒരു ദേശീയത ഉണ്ടായിവരുന്നു എന്ന അറിവ്. ഭരണകൂടത്തിന്റെ കാർക്കശ്യങ്ങളോടു കയർത്തും സമരം ചെയ്തും സമരസപ്പെട്ടും സ്വന്തം നന്മയും ദേശവും കണ്ടെത്തുന്ന ഭാഷാസമൂഹങ്ങൾ. അവയിലെത്തന്നെ ഗോത്രപരവും സമുദായപരവും ജാതീയവും പ്രാദേശികവുമായ ഉൾപ്പിരിവുകൾ. മനുഷ്യർ ഒരു സങ്കീർണ്ണ സമസ്യ തന്നെ.

ഇന്ത്യയുടെ ഐക്കണോഗ്രഫിക് സമ്പന്നത മുഴുവൻ ആർടിസാൻ സമൂഹങ്ങളുടെ സംഭാവനയത്രെ. അതാകട്ടെ ഇൻഡസ് സംസ്‌കൃതിയോളം പൗരാണികതയുള്ള ചരിത്രത്തിന്റെ ആഴം തൊടുന്ന ഒന്നാണ്.

ഗംഗ യമുന സരസ്വതി

തീവണ്ടി അലഹാബാദിലെത്തിയപ്പോഴേ, ഭൂമിശാസ്ത്രം അതിന്റെ സമനിരപ്പുകളിൽ കൈകൂപ്പി ഒരു കീഴാളത കൈവരിക്കുന്നതായറിഞ്ഞു. അലഹബാദ് നെഹ്‌റു കുടുംബത്തിന്റെ ജന്മഭൂമിയെന്ന നിലയിൽ പാഠപുസ്തകജ്ഞാനമുണ്ടായിരുന്നു. അതിന് ഉപോദ്ബലകമായി അവിടം ത്രിവേണി സംഗമസ്ഥലമാണെന്ന അറിവ്. ബദരീനാഥിൽ നിന്ന് ഉത്ഭവിച്ചയുടനെ അപ്രത്യക്ഷമാകുന്ന സരസ്വതിയും പിന്നെ ഗംഗയും യമുനയും ചേർന്ന് അലഹബാദിൽ ത്രിവേണി സംഗമം തീർക്കുന്നുവത്രേ. ഗംഗയും യമുനയും സരസ്വതിയും, സുഷ്മുനയും ഇഡയും പിംഗളയുമാണെന്ന യോഗീജ്ഞാനം. ആര്യാവർത്തവും കൃഷ്ണന്റെ കാലവും മൺമറഞ്ഞ മോഹൻജദാരോ ഹാരപ്പയും യഥാക്രമം ഈ നദികൾ പ്രതിനിധീകരിക്കുന്നുവെന്നു പറയാം. സരസ്വതി അപ്രത്യക്ഷമായതുപോലെ തന്നെയാണ് സിന്ധു നദീതടസംസ്‌കാരവും മൺമറഞ്ഞത്. കൈവേലാ സമൂഹങ്ങൾക്ക് പ്രാമുഖ്യമുണ്ടായിരുന്ന മോഹൻജദാരോ- ഹാരപ്പാ സംസ്‌കൃതി, ആര്യാവർത്തത്തെപ്പോലെ മന്ത്രബന്ധമായ ഒരു സമൂഹമായിരുന്നില്ല. മറിച്ച് ആർകിടെക്ചറിനുള്ള പ്രാധാന്യം വളരെ വലുതും. തൊഴിലാളികളുടെ പാർപ്പിടങ്ങൾ പോലും സ്‌പേഷ്യൽ ആയ മനോഹരമായ വാസ്തുനിർമ്മിതികളായിരുന്നുവെന്ന് ഉദ്ഖനനങ്ങൾ കഥ പറയുന്നു. അന്തർധാനം ചെയ്ത സരസ്വതിപോലെ ആ സംസ്‌കൃതി അപ്രത്യക്ഷമായി. മന്ത്രബന്ധമായ ഒന്നും സിന്ധുനദീതട സംസ്‌കൃതിയിൽ നിന്നും കണ്ടെടുത്തിട്ടില്ല. ഋഗ്വേദികളായ ആര്യ ഭാഷാവംശങ്ങളുടെ കുടിയേറ്റത്തോടെ ആരംഭിച്ച ആര്യാവർത്തത്തിന്റെ സംസ്‌കൃതി, മന്ത്രബന്ധമായ ഒരു സംസ്‌കാരത്തിൽ അധിഷ്ഠിതമായിരുന്നു. ശബ്ദത്തിലായിരുന്നു ആ സംസ്‌കാരത്തിന്റെ പ്രത്യയശാസ്ത്ര നിർമ്മിതികൾ പണി തീർത്തിരുന്നത്.

ദൃശ്യത്തിന്റെ പ്രാമുഖ്യത്തിൽ ഊന്നിയ പൂർവ്വസംസ്‌കാരമായിരുന്നു ഹാരപ്പ-മോഹൻജദാരോ. ചെമ്പും വെങ്കലവും അടിസ്ഥാനങ്ങൾ പണിത ആ സംസ്‌കൃതി ആർടിസാൻസ് സമൂഹങ്ങളുടെ പുഷ്‌കല കാലമാണെന്നു വേണം കരുതാൻ. ചിത്രകലയും ശിൽപകലയും വൈദ്യവും വേണ്ടുവോളം പുലർന്ന ആ തദ്ദേശീയ സംസ്‌കാരത്തിന്റെ ജ്ഞാനമാണ് അഥർവണ വേദത്തിൽ സമാഹരിക്കപ്പെട്ടത്. ആദ്യ വേദവും അഥർവണം തന്നെ. മന്ത്രാധിഷ്ഠിതമായ ഋക്കുകളുടെ സമാഹാരമായ ഋഗ്വേദവും അതിന്റെ അനുഷ്ഠാന ഭാഗമായ യജുർവേദവും സംഗീതാത്മകതയെ സമാഹരിച്ച സാമവേദവും. തദ്ദേശീയമായ അഥർവ്വണത്തിനെ നാലാം വേദമായി തരം താഴ്ത്തിക്കൊണ്ട് ഋഗ്വേദം മുൻപന്തി കൈവരിക്കുന്നത്, യഥാർത്ഥത്തിൽ ആര്യഭാഷാവംശങ്ങൾ ഭാരതവർഷത്തിൽ നേടിയ രാഷ്ട്രീയാധിപത്യത്തെയുമാണ് കുറിയ്ക്കുന്നത്.

തങ്ങളുടെ പൂണൂൽ, ബ്രാഹ്മണർ തട്ടിയെടുത്ത കഥ ആർടിസാൻസ് സമൂഹങ്ങൾ പറഞ്ഞുവരുന്നതും ഇവിടെ ഓർക്കാം. ഇന്ത്യയുടെ ഐക്കണോഗ്രഫിക് സമ്പന്നത മുഴുവൻ ആർടിസാൻ സമൂഹങ്ങളുടെ സംഭാവനയത്രെ. അതാകട്ടെ ഇൻഡസ് സംസ്‌കൃതിയോളം പൗരാണികതയുള്ള ചരിത്രത്തിന്റെ ആഴം തൊടുന്ന ഒന്നാണ്. ശബ്ദത്തിനും മന്ത്രത്തിനും വാക്കിനും പ്രാധാന്യമുള്ള ഒരു സമൂഹമായി നാം പുലരുമ്പോൾ, അതിന്റെ ദൃശ്യപരമായ വേരുകൾ ഇൻഡസ് സംസ്‌കൃതിയോളം ആഴമുള്ളതാണ് എന്നർത്ഥം. ദൃശ്യമോ വാക്കോ ആദ്യം എന്ന ചോദ്യത്തിന് വാക്കാണ്, വചനമാണ് എന്നു സെമിറ്റിക് വംശങ്ങൾ പറയുമ്പോൾ, ദൃശ്യമാണ് ആദ്യം എന്ന അറിവിന് നമുക്ക് ഇൻഡസ് സംസ്‌കൃതിയോളം ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. ആ അർത്ഥത്തിൽ ഇന്ത്യയുടെ അടിസ്ഥാനങ്ങളെ, അന്തർധാനം ചെയ്ത സരസ്വതീ നദി പ്രതിനിധീകരിക്കുന്നു. ഗംഗ ആര്യാവർത്തത്തിന്റേയും യമുന യാദവകുലങ്ങളുടെ സംസ്‌കൃതിയുടേയും. ഈ ത്രിപുടികളെ അറിയലാണ് ഇന്ത്യയെ അറിയൽ.

ഡ്രൈവറായ പയ്യൻസിനോട് അന്വേഷിച്ചപ്പോൾ അവന്റെ വോട്ട് മോദിക്കല്ല, കോൺഗ്രസിനായിരുന്നു എന്നറിഞ്ഞു. അമ്പതു ശതമാനം മുസ്‍ലിംകളാണ് വാരണാസിയിൽ, അതിൽ 25 ശതമാനം സുന്നി മുസ്‍ലിംകളും 25 ശതമാനം ശിയാ മുസ്‍ലിംകളും.

അലഹബാദ് അല്ലാഹുവിന്റെ രാജ്യവും വാരണാസി മുഹമ്മദാബാദും എന്നു മുസ്‍ലിംകൾ പരിഗണിച്ചു പോന്ന കാലമുണ്ടായിരുന്നു. ഹിന്ദു- മുസ്‍ലിം ജീവിതങ്ങൾ ഇന്ത്യയുടെ സാമൂഹ്യ ജീവിതത്തിന്റെ ഊടും പാവും നെയ്ത കാലത്തിന്റെ ശേഷിപ്പെന്നോണം, അലഹബാദ് മക്കയും വാരണാസി മദീനയും എന്ന തരത്തിൽ. ബ്രിട്ടീഷ് ഭരണതന്ത്രത്തിന്റെ കൊളോണിയൽ യുക്തി ഭാരതവർഷത്തെ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിച്ചതിലൂടെ ഇന്ത്യൻ ദേശീയതയുടെ സങ്കൽപം തന്നെ, ഹിന്ദു ഇന്ത്യ, മുസ്‍ലിം പാക്കിസ്ഥാൻ എന്ന നിലയിൽ ഛിന്നഭിന്നമായി. കൊളോണിയലിസം തീർത്ത ഈ അപകർഷയുക്തി രാഷ്ട്രീയത്തിന്റെ ജൈവികതയേയും നൈതികതയേയും കേവലം ഉപകരണയുക്തിയാക്കി പരിവർത്തിപ്പിച്ചു. കൊളോണിയലിസത്തിന്റെ അഞ്ഞൂറു വർഷങ്ങൾ നമ്മുടെ ഫ്യൂഡൽ കാലങ്ങളേക്കാളും നീണ്ടുനിന്ന സ്വാധീനശക്തിയായി ഇന്നും തുടരുന്നു. ഈ കൊളോണിയൽ അപകർഷത്തിന്റെ അടിത്തറയുള്ള ദേശാവബോധം പാക്കിസ്ഥാനെ ഏതു നിലയിലാക്കിയോ അതുപോലെ ഭാരതവർഷത്തേയും മാറ്റിത്തീർക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ക്ലാസിക്കൽ കൊളോണിയലിസത്തിന്റെ തുടർച്ചയായ നിയോ കൊളോണിയലിസത്തിന്റെ വികസനതന്ത്രവും കാഴ്ചപ്പാടുകളും നാട്ടുരാജ്യങ്ങളായി ഛിന്നഭിന്നമായ ഒരു ഭൂതകാലത്തെ പുനരാനയിക്കുന്നതിലേക്കു നയിച്ചു എന്നുവരാം, ശരിയായ പ്രതിരോധ പ്രസ്ഥാനങ്ങൾ വളർന്നുവരുന്നില്ലെങ്കിൽ.

 ഹാരിസ് ഡോക്ടറും പി.പി ഷാനവാസും വാരണാസിയിൽ
ഹാരിസ് ഡോക്ടറും പി.പി ഷാനവാസും വാരണാസിയിൽ

റെയിൽ പണികൾ നടക്കുന്നതിനാൽ വാരണാസിയിലേക്ക് ഏതാനും കിലോമീറ്ററുകൾ ബാക്കിനിൽക്കെ, വണ്ടി മറ്റൊരു വഴിയേ തിരിച്ചുവിടുകയാണ്. രണ്ടോ മൂന്നോ മണിക്കൂറുകൾ വൈകിയേ വാരണാസിയിലെത്തൂ എന്നറിയിപ്പ്. നേരത്തെത്തന്നെ വിമാനമാർഗ്ഗം അവിടെ എത്തിച്ചേർന്ന ഹാരിസ് ഡോക്ടർക്ക് ഞാൻ വിവരങ്ങൾ കൈമാറി. ഹോട്ടലിൽ മുറിയെടുത്ത് അങ്ങേര് എന്നെ കാത്തിരിക്കുകയാണ്. കൊണ്ടോട്ടിയിൽ റിയാസ് കോമു ക്യൂറേറ്റ് ചെയ്ത സൂഫി ഫെസ്റ്റിവലും കൊണ്ടോട്ടിയിലെ പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ തുടർച്ചയായ അരിമ്പ്ര മലയിലെ ജീവൽശാസ്ത്രം ക്യാമ്പും നടത്തിയശേഷമുള്ള കാശിയാത്രയാണ്. രണ്ടു പരിപാടിയിലും അർത്ഥവും ആൾബലവും അറിവും പകർന്ന് ഹാരിസ് ഡോക്ടർ തന്റെ പങ്കു വഹിച്ചിരുന്നു.

മോദിയുടെ മണ്ഡലം

പത്തുമണിക്ക് എത്തിച്ചേരേണ്ട വണ്ടി പന്ത്രണ്ടോടെയാണ് വാരണാസി സ്റ്റേഷനിൽ എത്തിയത്. മോദിയുടെ മണ്ഡലമാണ്. എന്റെ പൗരത്വ സ്വത്വങ്ങൾക്ക് ജീവൻവച്ചു. പത്രപ്രവർത്തകൻ ഉണർന്നു. അശ്വമേധ് ഘാട്ടിലേക്ക് ഓട്ടോറിക്ഷ വെച്ചടിച്ചു. ഡ്രൈവറായ പയ്യൻസിനോട് അന്വേഷിച്ചപ്പോൾ അവന്റെ വോട്ട് മോദിക്കല്ല, കോൺഗ്രസിനായിരുന്നു എന്നറിഞ്ഞു. അമ്പതു ശതമാനം മുസ്‍ലിംകളാണ് വാരണാസിയിൽ, അതിൽ 25 ശതമാനം സുന്നി മുസ്‍ലിംകളും 25 ശതമാനം ശിയാ മുസ്‍ലിംകളും. മണികർണികാ ഘാട്ടിനു ചാരെ കാശി വിശ്വനാഥക്ഷേത്രവും ഗ്യാൻവാപി മസ്ജിദും തൊട്ടുരുമ്മി നിൽക്കുന്നു.

ഹരിചന്ദ്ര ഘാട്ടിൽ ശവശരീരങ്ങൾക്ക് ചിതയൊരുക്കുന്നത് കണ്ടു. സത്യത്തിന്റെ മൂർത്തിയായ ഹരിശ്ചന്ദ്ര രാജാവ്. വൃത്തിയും വെടിപ്പുമെല്ലാം കുറവാണ്. എങ്കിലും ഹരിശ്ചന്ദ്ര ഘാട്ടിൽ ചിതക്കൂട്ടങ്ങളുടെ തീയിനെ നമസ്‌കരിച്ചു മാറി, ഞാൻ ഗംഗയിൽ ഒന്നു മുങ്ങാംകുഴിയിട്ടു.

ഒരു ഇന്ത്യൻ മുസ്‍ലിമിന്റെ സ്വത്വഭീതി വിട്ടു മാറാതെ ഞാൻ ഓട്ടോ ഇറങ്ങി ഘാട്ടിലൂടെ നടന്നു. ഗംഗ ശാന്തമായി ഒഴുകുന്നു. അതിന്റെ പ്രശാന്തിയിലേക്ക് പതുക്കെ ഹൃദയം ക്രമപ്പെടാൻ തുടങ്ങി. മണികർണികാ ഘാട്ടിനു തൊട്ടുപിന്നാമ്പുറമുള്ള ഘാട്ടിൽ അൽക്ക ഹോട്ടലിലാണ് ഹാരിസ് ഡോക്ടർ മുറിയെടുത്തത്. എന്നെ സ്വീകരിക്കാൻ അദ്ദേഹം മുറിയിറങ്ങിവന്നു. താഴത്തെ അണ്ടർഗ്രൗണ്ടിലെ നിലയിലെ കൊച്ചുമുറി. സാമാന്യം നല്ല ഹോട്ടലാണ് അൽക്ക. പത്തുദിവസത്തിനുള്ള വാസസ്ഥലം. ബാഗുകൾ ഇറക്കി വെച്ചു.
'കുളി വേണമോ?'
'വേണ്ട, നമുക്കൊന്നു നടന്നുവരാം.'
എന്റെ ഹൃദയം തുടിച്ചു. പതുക്കെ ഘാട്ടിലൂടെ ഞങ്ങൾ നടന്നു. അസി ഘാട്ട് വരെ നടന്നു. അവിടുത്തെ ദേവീക്ഷേത്രത്തിൽ നിന്ന് സിന്ധൂരക്കുറി തൊട്ട് പിന്നോട്ടും. ശ്രീ എമ്മിന്റെ 'വാക് ഓഫ് ഹോപ്' ഇവിടെയെത്തിയപ്പോൾ സത്സംഘം നടന്നത് അസി ഘാട്ടിലായിരുന്നുവെന്ന് ഹാരിസ് ഡോക്ടർ പറഞ്ഞു. ഹരിചന്ദ്ര ഘാട്ടിൽ ശവശരീരങ്ങൾക്ക് ചിതയൊരുക്കുന്നത് കണ്ടു. സത്യത്തിന്റെ മൂർത്തിയായ ഹരിശ്ചന്ദ്ര രാജാവ്. വൃത്തിയും വെടിപ്പുമെല്ലാം കുറവാണ്. എങ്കിലും ഹരിശ്ചന്ദ്ര ഘാട്ടിൽ ചിതക്കൂട്ടങ്ങളുടെ തീയിനെ നമസ്‌കരിച്ചു മാറി, ഞാൻ ഗംഗയിൽ ഒന്നു മുങ്ങാംകുഴിയിട്ടു. തണുപ്പ് ഔഷധക്കുളിർ പകർന്നു. ദേഹം ശുദ്ധിയാക്കി. ഹൃദയവും നനഞ്ഞു. ശാന്തമായ മരുത്തോണികൾ, ബോട്ടുകൾ, കുടുംബങ്ങൾ, തീർത്ഥാടകർ. ആൾത്തിരക്കൊന്നുമില്ല.

ഗംഗാതീരത്തെ പല ഘാട്ടുകളായി തിരിച്ചിരിക്കുന്നു. ഓരോ ഘാട്ടിനും പേർ ഓരോ കാലഘട്ടങ്ങൾ നൽകിയതാണ്. ഓരോ രാജഭരണവും ഓരോ ഘാട്ട് തങ്ങളുടെ സാംസ്‌കാരിക ചിഹ്നമാക്കിയിരിക്കുന്നു. ഓരോ ഘാട്ടും ഓരോ ചരിത്രഘട്ടത്തിന്റെ കഥ പറയുന്നു.
രാംഘട്ട്. രാമൻ ഇവിടെ വന്നിട്ടുണ്ട്.
തുളസി ഘാട്ട്. രാമായണത്തിന്റെ അവസാന ഭാഷ്യങ്ങളിലൊന്ന് എഴുതിയ തുളസീദാസ്.
രാമാനന്ദ് ഘാട്ട്. മീരയുടേയും കബീറിന്റേയും ഗുരു രാമാനന്ദ്. കബീറിന്റെ വാരണാസി.

കബീർ മീര രാമാനന്ദ്

കബീർ, ഗുരുവിനെ കണ്ടെത്തിയ ഒരു കഥയുണ്ട്. നെയ്ത്തുകാരനായ കബീർ ബ്രാഹ്മണനായ രാമാനന്ദിന്റെ ശിഷ്യത്വം ആഗ്രഹിച്ചു. മുസ്‍ലിമായതിനാൽ തനിക്കു ശിഷ്യത്വം ലഭിക്കില്ല എന്നു കബീറിനറിയാമായിരുന്നു. കബീർ ഒരു സൂത്രം പ്രയോഗിച്ചു. രാമാനന്ദ് എന്നും ബ്രഹ്മമുഹൂർത്തത്തിൽ വാരണാസിയിലെ ഘാട്ടിൽ സ്‌നാനത്തിന് വരും. ഇരുട്ടിൽ ഘാട്ടിന്റെ പടിയിൽ ആരുമറിയാതെ കബീർ കിടന്നു. ഗംഗയിൽ കുളിക്കാനെത്തിയ രാമാനന്ദ് ഘാട്ടിന്റെ പടവിൽ കബീർ കിടക്കുന്നതറിയാതെ ദേഹത്ത് കാൽവെച്ചു. അറിയാതെ ആളെ ചവിട്ടിയ രാമാനന്ദ് ‘രാമ രാമ' എന്നു മന്ത്രം ജപിച്ചു. ഈ രാമനാമം തന്റെ മന്ത്രദീക്ഷയായി കബീർ കൈക്കൊണ്ടു.

രാമാനന്ദുമായി ബന്ധപ്പെട്ട് മീരാഭായിയുടെ കഥയുമുണ്ട്. കൃഷ്ണപ്രേമത്തിൽ കഴിയുന്ന മീര രാമാനന്ദനെക്കുറിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ അരികിലെത്തി. എന്നാൽ രാമാനന്ദ് സ്ത്രീസമ്പർക്കം ഒഴിവാക്കിയായിരുന്നു ജീവിതം. ബ്രാഹ്മണനായതിനാൽ സ്ത്രീകളെ ഒരു മറയ്ക്കു പുറത്തേ കാണുകയുള്ളൂ എന്നാണ് രീതി. മീര ഇതറിഞ്ഞു. അവർ ചോദിച്ചു, കൃഷ്ണനല്ലാതെ ഇവിടെ ആരാണ് പുരുഷനായുള്ളത്? ഈ ചോദ്യം കേട്ട ഉടൻ രാമാനന്ദ് മീരയെ അരികിൽ വിളിച്ച്, ദീക്ഷ നൽകി.

സാരനാഥിലെ ബുദ്ധക്ഷേത്രത്തിന്റെ ചുമരുകളിലുള്ള ബുദ്ധ ജാതക കഥയുടെ ചിത്രീകരണം
സാരനാഥിലെ ബുദ്ധക്ഷേത്രത്തിന്റെ ചുമരുകളിലുള്ള ബുദ്ധ ജാതക കഥയുടെ ചിത്രീകരണം

ജാതിയോട് കലഹിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രണേതാക്കളിൽനിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. അവർ തങ്ങളുടെ അസ്തിത്വപ്രശ്‌നങ്ങളെ വിഭാഗീയതകൊണ്ടും വിഘടിച്ചുപോകൽ കൊണ്ടുമല്ല അഭിമുഖീകരിച്ചത്. ഒന്നാകലിന്റേയും സമദർശനത്തിന്റേയും അതിലംഘനത്തിന്റേയും പാരസ്പര്യങ്ങൾ തീർത്തുകൊണ്ടാണ്. ജാതി മേധാവിത്വത്തെ ഭക്തിപ്രസ്ഥാനം മറികടന്ന വഴികളാണ് അതിന്റെ ഓരോ ഗുരുക്കന്മാരുടേയും ജീവിതം. നമ്മുടെ എഴുത്തച്ഛൻ കിളിയെക്കൊണ്ട് രാമായണം പാടിപ്പിച്ച കഥയും അതിലൊന്നാണ്.

എന്നാൽ ആധുനിക നവോത്ഥാന പ്രസ്ഥാനങ്ങൾ ജാതിവ്യവസ്ഥയെ നേരിട്ടത് ഐക്യത്തിന്റെയും സമഭാവനയുടെയും അതിലംഘനത്തിന്റേയും ഈ ഭാഷ കൊണ്ടല്ല, വേറിട്ടുപോവലിന്റേയും സമുദായരൂപീകരണത്തിന്റേയും ധാർഷ്ട്യത്തിന്റേയും മറ്റൊരു നാടകമാടിയാണ്. വേറിട്ടുനിൽക്കലിന്റെ തത്വചിന്ത മൂലധനത്തിന്റെ ഒഴുക്കിന് ഉൽപ്രേരകമായിത്തീരുന്നു. മൂലധനം തങ്ങളെ ജാതിയിൽനിന്ന് രക്ഷിക്കും എന്നുള്ള വ്യാമോഹം സംസ്‌കാരത്തിന്റേയും സംസ്‌കരിക്കപ്പെടുന്നതിന്റേയും അടിത്തറകൾ അവർക്കു നഷ്ടപ്പെടുത്തുന്നു. അകത്ത് കലുഷിതമായ ഒരു വിദ്വേഷലോകം. പുറത്തെ പ്രകടനപരതയുടെ നാട്യഗൃഹം. ഇത് അഗ്രസീവ് ആയ ഒരു കർതൃത്വത്തെ തിർക്കുന്നു. മൂലധനത്തിന് ഇത്തരം കർതൃത്വങ്ങൾ അനിവാര്യമാണ്. മൂലധനവും മുതലാളിത്തവും അതിന്റെ പുതിയ രൂപമായ സംരംഭകത്വ മുതലാളിത്തവും മനുഷ്യനെ വെറുപ്പിലും വിദ്വേഷത്തിലും അധിഷ്ഠിതമായ ഒരു കർതൃലോകത്ത് പ്രതിഷ്ഠിക്കുന്നു. അത് സ്വയത്തെ ശിഥിലമാക്കുകയും ആത്മശൈഥില്യത്തിലേക്കു നയിക്കുകയും വസ്തുലോകത്തിന്റെ പ്രാമാണികതയിലെത്തിക്കുകയും ചെയ്യുന്നു. 'കമോഡിറ്റി ഫെറ്റിഷിസം' എന്നു മാർക്‌സ് പറയാൻ ശ്രമിച്ച പ്രതിഭാസം ഇതാകുമോ? ഭക്തിയുടെ രാഷ്ട്രീയം നവോത്ഥാന രാഷ്ട്രീയത്തേക്കാൾ മാനുഷികമാണ് എന്നു വരുന്നു.

ഗംഗയിൽ ബോട്ട് സഞ്ചാരം നടത്താൻ ഒരു വഞ്ചിയിൽ കയറിയിരുന്നു. അതിനിടെ പാൻ മുറുക്കിയത് ഞാൻ നദിയിൽ തുപ്പി.

ഗംഗാ ആരതി നടക്കുന്ന അശ്വമേധ് ഘാട്ടിൽ വെച്ച് ചന്ദനസേവ ചെയ്യുന്ന മനുഷ്യൻ എന്നെ വാരണാസിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന നിലയിൽ നെറ്റിയിൽ ചന്ദനം കുറിച്ചുതന്നു. അത് ഹാരിസ് ഡോക്ടർ ഫോട്ടോയിൽ പകർത്തി. ഗംഗയിൽ ബോട്ട് സഞ്ചാരം നടത്താൻ ഒരു വഞ്ചിയിൽ കയറിയിരുന്നു. അതിനിടെ പാൻ മുറുക്കിയത് ഞാൻ നദിയിൽ തുപ്പി. ഹാരിസ് ഡോക്ടറോട് ചോദിച്ചപ്പോൾ, മാലിന്യപൂരിതമായ ഘാട്ടിലെ വെള്ളത്തിൽ ഒന്നു തുപ്പിയാൽ കുഴപ്പമില്ല എന്ന നിലയിൽ അനുവാദം തന്നു. അതുകണ്ട് പിതൃക്കൾക്ക് ശ്രാദ്ധമിടാൻ നിരന്നിരിക്കുന്ന പണ്ഡിറ്റുകളുടെ ഒരു കൂടാരത്തിൽ നിന്ന് ദീർഘകായനായ ഒരാൾ എന്നെ കൈമാടി വിളിച്ചു. ഞാൻ ബാബാജിയെ സ്മരിച്ച് പറ്റിയ തെറ്റിനു മാപ്പെന്ന് ഹൃദയാഭിവാദ്യം കൊണ്ട് വണങ്ങി. അയാൾ അടങ്ങി. ഹാരിസ് ഡോക്ടർ ഇച്ചിരി ഭയപ്പെട്ടു. ബാബാജിയുടെ സ്മരണ എല്ലാ ആപത്തിൽ നിന്നും തടയും എന്നു ഞാൻ പറഞ്ഞു.

photo: Ajmal M.K
photo: Ajmal M.K

വഞ്ചി ഏറെ കാത്തിരുന്നിട്ടും നീങ്ങാതെ പിന്നേയും ആളെക്കൂട്ടാൻ വിളികൾ നടത്തിക്കൊണ്ടിരുന്നപ്പോൾ, ഹാരിസ് ഡോക്ടർക്ക് മതിയായ പോലെ, 'എണീറ്റ് പോവാം, തോണിയാത്ര പിന്നെയാകാം' എന്നു പറഞ്ഞു. ഞങ്ങൾ നടന്ന് പടികൾ കയറി. ഒരു സംന്യാസി സംഘം ഇരിക്കുന്നു. ഞാൻ ഫോട്ടോ എടുത്തു. ഹാരിസ് ഡോക്ടർ ഭയപ്പെട്ടു. നേരെ ചെന്ന് പഴ്‌സിലുള്ള ബാബാജിയുടെ പടം കാണിച്ചു. അവർ ഒന്നും ശ്രദ്ധിക്കാതെ ഇരിക്കുകയാണ്. കുശലാന്വേഷണം പറഞ്ഞു. നമ്മുടെ ഉദ്യോഗസ്ഥരായ മധ്യവർഗത്തിന്റെ ഉത്തമ നിദർശനമാണ് ഡോക്ടർ എന്ന് പിന്നീട് എനിക്ക് മനസ്സിലായി. മഞ്ചേരിയിൽ ഗവ. ഹോമിയോ സർവ്വീസിൽ ജോലി ചെയ്യുന്ന ഹാരിസ് അക്കാലത്ത് തികഞ്ഞ ബാബാജി ഭക്തനായിരുന്നു. തന്റെ സ്വപ്നദർശനങ്ങളെക്കുറിച്ചും ബാബാജിയെക്കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും.

വാരണാസി കാലം നിശ്ചലമായ ഒരു സ്ഥലമാണ്. ഹൃദയം പ്രശാന്തമായ നിലയിൽ അതിന്റെ ഇരിപ്പ് തുടർന്നു. ശ്രദ്ധ ഭൂമധ്യത്തിൽ ഉറച്ച നിലയിൽ. ഗുരു പറഞ്ഞത് ശരിതന്നെ. വാരണാസി വശ്യമാണ്. ഓളമടങ്ങിയ മനസ്സ്. ധ്യാനം സ്ഥായിയായ ഇടം.

ഞങ്ങൾ അൽക്കാ ഹോട്ടലിലെ ടെറസിലെ തുറന്ന ഡൈനിങ്ങിൽ ഊണിന് ഓർഡർ കൊടുത്തു കാത്തിരുന്നു. താഴെ നിശ്ചലമായ ഒഴുക്കിൽ മുഴുകി ഗംഗാനദിയിൽ ബോട്ടുകൾ അനങ്ങുന്നതും വഞ്ചികൾ നീങ്ങുന്നതും ഒരു നിശ്ചലമായ പേസിലാണ്. കാലബോധം നഷ്ടപ്പെട്ട നിലയിൽ ദീർഘനേരം ഞങ്ങൾ തീന്മേശയിൽ ഭക്ഷണം കാത്തും കഴിച്ചും ഇരുന്നു.

വാരണാസി കാലം നിശ്ചലമായ ഒരു സ്ഥലമാണ്. ഹൃദയം പ്രശാന്തമായ നിലയിൽ അതിന്റെ ഇരിപ്പ് തുടർന്നു. ശ്രദ്ധ ഭൂമധ്യത്തിൽ ഉറച്ച നിലയിൽ. ഗുരു പറഞ്ഞത് ശരിതന്നെ. വാരണാസി വശ്യമാണ്. ഓളമടങ്ങിയ മനസ്സ്. ധ്യാനം സ്ഥായിയായ ഇടം. സമാധിയിൽ സ്വസ്ഥമായ ബോധം. ഒരിക്കലെങ്കിലും അവിടം സന്ദർശിക്കേണ്ടതുതന്നെ. ബോട്ടുകൾ ചെറിയ ഒച്ചയിൽ ദൂരെ സഞ്ചരിച്ചുകൊണ്ടിരുന്നു. ആളുകളുമായി വഞ്ചികൾ നീങ്ങിക്കൊണ്ടിരുന്നു. എല്ലാം സമയസൂചികൾ ഇളകാത്ത കാലത്തിന്റെ പ്രശാന്തതയുടെ പെയ്‌സിൽ.

photo: Ajmal M.K
photo: Ajmal M.K

ഹാരിസ് ബാബാജിയെപ്പറ്റിത്തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഇനിയും വിശ്വാസം ഉറയ്ക്കാത്ത ഒരു ബീയിങ്ങിനെക്കുറിച്ച് നാം അന്ധമായി സംസാരിച്ചുകൂടാ എന്നു ഞാൻ കയർത്തു. എന്റെ സ്വതസിദ്ധമായ നിഷേധഭാവം ഞാൻ പ്രകടിപ്പിച്ചു. എങ്ങനെയാണോ നിങ്ങൾ ബാബാജിയെ സങ്കൽപിക്കുന്നത് അങ്ങനെ അദ്ദേഹം നിങ്ങളുടെ ഹൃദയത്തിൽ എത്തിച്ചേരുന്നു എന്നറിഞ്ഞു, അന്നു കയർത്തതിന് ഇന്നു ഞാൻ ക്ഷമ ചോദിക്കുന്നു. കാരണം ബാബാജി ഒരു ഉണ്മയാണെന്നറിവിലേക്ക് കുറേകാലം കൂടി എനിക്ക് മനനവും ധ്യാനവും വേണ്ടിവന്നു.

ഗുഹപോലെയായിരുന്നു ആ മുറി. ഹാരിസ് ഡോക്ടർ തന്റെ ഭാരം കൂടിയ ശരീരം കട്ടിലിൽ ചായ്ച്ചു. ഞാൻ ആശുപത്രി ബൈസ്റ്റാന്ററെ പോലെ കോസഡി വിരിച്ചു താഴേയും. ഹാരിസിന്റെ അണുബാധയെ ഭയപ്പെട്ടു ശീലിച്ച വൃത്തിബോധത്തിന്റെ സ്വൈര്യക്കേട്. എന്റെ വാഗബോണ്ടിന് തുല്യമായ വൃത്തിരാഹിത്യം. യോഗയിലെ യമനിയമങ്ങളിൽ ശൗച്യം വളരെ പ്രധാനമെന്ന് ഹാരിസ് ആ ദിനങ്ങളിൽ എന്നെ പഠിപ്പിച്ചു. സംസാരിച്ച് സംസാരിച്ച് സംസാരം കാടുകയറി ഉറക്കം നഷ്ടപ്പെട്ട രാത്രികൾ. അദ്ദേഹത്തിന്റെ പുറത്തുള്ള തീർപ്പുകളേക്കാൾ ഉള്ളിൽ സംശയത്തിന്റെ കൂമ്പാരം ഉറങ്ങുന്നത് ബോധ്യമായ ദിനങ്ങൾ.

മണികർണ്ണിക. ചിത എരിഞ്ഞെരിഞ്ഞു നനഞ്ഞ മണ്ണ്. ശരീരത്തിലാകെ പടരുന്ന സൗഖ്യം. സൂര്യനാഡിയിലെ കേടുപാടുകൾ തീർന്ന് നാഡീഞരമ്പുകൾ ഉല്ലസിച്ചു സുഖപ്പെടുന്ന അനുഭവം.

മണികർണ്ണികയിൽ

പിറ്റേന്ന് ഞങ്ങൾ തോണിപിടിച്ച് മണികർണ്ണിക പിടിച്ചു. മണികർണികയ്ക്ക് ഞങ്ങൾ താമസിക്കുന്ന ഘാട്ടിൽനിന്ന് ഇടയ്ക്കുള്ള ഒരു ഘാട്ടിന്റെ ദൂരമേ ഉള്ളൂവെങ്കിലും തോണിയിൽ കയറിയപ്പോൾ, തോണിക്കാരൻ പറഞ്ഞ ഹിന്ദിയൊന്നും പൂർണ്ണതയിൽ പിടികിട്ടാതെ ഞങ്ങൾ അല്പം സമയമെടുത്ത് മണികർണികയിൽ എത്തുകയായിരുന്നു. തോണിക്കാരൻ ജ്ഞാനിയാണ്. വാരണാസിയിലെ എല്ലാ സ്ഥലങ്ങളെപ്പറ്റിയും അദ്ദേഹം അറിവു പകർന്നു. ഔറംഗസീബിന്റെ പേരിലുള്ള മസ്ജിദിനെപ്പറ്റിയും മണികർണ്ണിക ഘാട്ടിനെപ്പറ്റിയും ബിസ്മില്ലാ ഖാനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബക്കാരുടെ പണമോഹത്തെക്കുറിച്ചുമെല്ലാം അയാളുടെ തുഴകുത്തിക്കൊണ്ടുള്ള ഊർദ്ധബാഹുവായ ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ഒടുവിൽ മണികർണ്ണികയിൽ എത്തി.
ചിത എരിഞ്ഞെരിഞ്ഞു നനഞ്ഞ മണ്ണ്. ശരീരത്തിലാകെ പടരുന്ന സൗഖ്യം. സൂര്യനാഡിയിലെ കേടുപാടുകൾ തീർന്ന് നാഡീഞരമ്പുകൾ ഉല്ലസിച്ചു സുഖപ്പെടുന്ന അനുഭവം. നൂറ്റാണ്ടുകളായി നിലയ്ക്കാതെ ശവമെരിയുന്ന ഈ ഭൂമിയിൽ ശിവസാന്നിധ്യവും ദേവീസാന്നിധ്യവും നിത്യമായുണ്ട്. ഇവിടെ ദഹിപ്പിക്കുന്നത് പുണ്യമായെണ്ണി ഉത്തരദേശക്കാർ തങ്ങളുടെ ബന്ധുക്കളുടേയും മാതാപിതാക്കളുടേയും ശവങ്ങളുമായി ഇവിടെയെത്തുന്നു. ശ്രീരാമകൃഷ്ണ പരമഹംസർക്ക്, മൃതദേഹങ്ങളുടെ ചെവിയിൽ താരകാമന്ത്രം ഓതിക്കൊടുക്കുന്ന ശിവദർശനം കിട്ടിയ മണികർണ്ണിക. മണികർണ്ണിക തീർച്ചയായും ഒരു നിഗൂഢസ്ഥലം തന്നെ. ചണ്ഡാളരായ സേവകർ ചിതയൊരുക്കുന്നു. പണ്ഡിറ്റുകൾ അന്ത്യകർമ്മങ്ങൾക്കു നേതൃത്വം നൽകുന്നു. മണികർണ്ണിക കടന്ന് മുകളിലെ തെരുവിലൂടെ ഞങ്ങൾ ഒരു ആർക്കിയോളജി അവശിഷ്ട ഭൂമിയിലൂടെയെന്നവണ്ണം നടന്നു. ശവങ്ങൾക്ക് പുതപ്പിക്കാനുള്ള കസവ് ഷാളുകൾ. വലിയ വിറകുശേഖരങ്ങളുടെ, ചന്തത്തിൽ വരിയൊപ്പിച്ചു നിർത്തിയ കൂനകൾ. നിംബു പാനി കുടിച്ച് ദാഹം തീർത്ത് മുന്നേറിയപ്പോൾ, കാശിവിശ്വനാഥൻ മുമ്പിൽ. ഒന്നും പ്ലാൻ ചെയ്യാതെ എല്ലാം സ്വാഭാവികമായി സംഭവിച്ച മട്ടിൽ.

ഞങ്ങൾ ദർശനത്തിനു വരി നിന്നു. തൊട്ടടുത്ത് ഗ്യാൻ വ്യാപി മസ്ജിദ്. സൗഹാർദ്ദമോ സംഘർഷമോ ഈ പാരസ്പര്യം ബാക്കിവയ്ക്കുന്നത് എന്നറിയാത്ത നില. പട്ടാളക്കാരുടെ സാന്നിധ്യം. മൊബൈലുകൾ ഞങ്ങൾ നേരത്തെത്തന്നെ എടുത്തിരുന്നില്ല. അതിനാൽ ചെക്കിങ്ങോ തപ്പലോ ഒന്നുമില്ല. മാത്രമല്ല ഇവിടുത്തെ പട്ടാളവും പോലീസുമൊക്കെ ശാന്തശീലരാണ്. ഏതോ പൗരാണിക വിഗ്രഹരൂപങ്ങൾ പോലെ നിസ്സംഗമായി തങ്ങളുടെ കർമം നിർവ്വഹിക്കുന്നു. എങ്കിലും അവരുടെ സാന്നിധ്യം വിഷമമുണ്ടാക്കി. ആരാധനാസ്ഥലങ്ങൾ പോലീസും സെക്യൂരിറ്റികളും പട്ടാളവും കയ്യടക്കുന്നത് ഭക്തരുടെ ഹൃദയത്തെ ബാധിക്കുന്നു.

ഗ്യാൻ വ്യാപി മസ്ജിദ്
ഗ്യാൻ വ്യാപി മസ്ജിദ്

ഹാരിസ് ഒരു കഥ പറഞ്ഞു. ഇവിടെ ആരേയും തടഞ്ഞുവെയ്ക്കില്ല. പണ്ടൊരു അഘോരിയെ ഒരു പട്ടാളക്കാരൻ തടഞ്ഞുവത്രേ. കോപം വന്ന അഘോരി തന്റെ കമണ്ഡലുവിലെ വെള്ളമെടുത്ത് പട്ടാളക്കാരനുനേരെ കുടഞ്ഞു. പട്ടാളക്കാരൻ അനക്കമില്ലാത്ത നിശ്ചലരൂപം കൈക്കൊണ്ടു. ആഘോരിയുടെ കയ്യും കാലും പിടിച്ചാണ് അദ്ദേഹത്തെ പൂർവ്വ സ്ഥിതിയിലാക്കിയതത്രെ. പിന്നീട് ആരും ഇവിടെ വരുന്ന തീർത്ഥാടകരേയോ ഭക്തരേയോ യോഗികളേയോ സംന്യാസികളേയോ തടയാറില്ല. ആളു ശിവനല്ലേ. അതും ചണ്ഡാള ശിവൻ.

ഇന്ത്യയിലെ പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് കാശിയിൽ, റബ്ബുൽ ആലമീൻ, കാശി വിശ്വനാഥൻ. ഉള്ളിൽ കടന്ന് ലിംഗത്തിൽ ജലധാര നടത്തുന്ന സുന്ദരിയായ മംഗല്യവതിയും അവരുടെ സുന്ദരനായ ഭർത്താവും. ശിവപാർവ്വതിമാർ പോലെ. ലിംഗത്തിൽ ഭക്തർക്ക് അല്പനേരം കൈ തൊടാം. സ്വയംഭൂവായ ലിംഗമാണ് ജ്യോതിർലിംഗം. ഹാരിസ് നെറ്റിയിൽ ആണിയടിച്ചു പോലുള്ള ഊർജ്ജപ്രവാഹത്തിൽ വിവശനായി ഇരുന്നു. ഞാൻ വീണ്ടും വീണ്ടും ചുറ്റിനടന്ന് ദർശനം ഉറപ്പുവരുത്തി. അന്നപൂർണ്ണേശ്വരിയേയും ലക്ഷ്മിയേയും തൊഴുതു. അന്നപൂർണ്ണേശ്വരിയുടേയും വിശ്വനാഥന്റേയും ഇടയിലെ സ്ഥലിയിൽ ഇവാനെ ആലോചിച്ചു. കണ്ണീർ പൊഴിഞ്ഞു. ഭക്ഷണം മുട്ടില്ലാതെ, സംന്യാസജീവിതം സുരക്ഷിതമാക്കാൻ പ്രാർത്ഥിച്ചു. ഗുരുമന്ത്രം ചൊല്ലി. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പ്രാർത്ഥിച്ചു. പത്തു രൂപ താലത്തിൽ വെച്ചപ്പോൾ പുരോഹിതൻ പേരു ചോദിച്ചു. ഷാനവാസ്, ഞാൻ പേരുപറഞ്ഞു. പേരു ചൊല്ലിവിളിച്ച് അയാൾ വിശ്വനാഥനോട് എന്റെ കാര്യം പറഞ്ഞു.

കാശിവിശ്വനാഥ ക്ഷേത്രം പുതിയ മട്ടിൽ കോമ്പൗണ്ടുകൾ കെട്ടി പുതുക്കിപ്പണിയുകയാണ്. മോദി സർക്കാരിന്റെ പദ്ധതിയാണ്. ഗംഗയിൽനിന്ന് നേരിട്ടുള്ള നടപ്പാത ഒരുക്കി ക്ഷേത്രം മോടി പിടിപ്പിക്കുകയാണ്.

തിരിച്ച് ഹോട്ടൽ മുറിയിലേക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. ക്ഷേത്രത്തിനുചുറ്റുമുള്ള ഇടങ്ങളിൽ ബാരിക്കേഡുകൾ കെട്ടിയിട്ടുണ്ട്. എങ്ങും നിർമ്മാണപ്രവർത്തനങ്ങൾ നടക്കുകയാണ്. കാശിവിശ്വനാഥ ക്ഷേത്രം പുതിയ മട്ടിൽ കോമ്പൗണ്ടുകൾ കെട്ടി പുതുക്കിപ്പണിയുകയാണ്. മോദി സർക്കാരിന്റെ പദ്ധതിയാണ്. ഗംഗയിൽനിന്ന് നേരിട്ടുള്ള നടപ്പാത ഒരുക്കി ക്ഷേത്രം മോടി പിടിപ്പിക്കുകയാണ്. തൊട്ടടുത്തുള്ള ഗ്യാൻ വ്യാപി മസ്ജിദിനു ചുറ്റും ഇരുമ്പുവേലികൾ. അത് ഭാവിയിൽ പൊളിച്ചു കളയുമോ എന്തോ. നേരത്തെ മസ്ജിദ് നിന്ന സ്ഥലത്താണ് ശിവലിഗം ഉണ്ടായിരുന്നതത്രേ. മസ്ജിദ് പണിതപ്പോൾ ശിവലിംഗം അവിടുന്ന് മാറ്റിയെന്നും നശിപ്പിക്കപ്പെടാതിരിക്കാൻ ശിവലിംഗവുമായി ഒരു ഭക്തൻ ഗംഗയിൽ ചാടിയെന്നും അങ്ങിനെയാണ് ലിംഗം സംരക്ഷിക്കപ്പെട്ടതെന്നും കഥകളുണ്ട്. ഏതായാലും അക്ബർ ആണ് ഇന്നത്തെ സ്ഥലത്ത് വിശ്വനാഥക്ഷേത്രം പ്രൗഢിയിൽ പണികഴിപ്പിച്ചത് എന്നു പറയപ്പെടുന്നു. ഔറംഗസീബ് വന്നപ്പോൾ അതു തകർത്തെന്നും പറയുന്നു. ഏതായാലും നശീകരണപ്രവണതകളെ അതിജീവിച്ച് ജ്യോതിർലിഗം ഇന്നും ജാതിമതഭേദമന്യേ തൊട്ടുവന്ദിക്കാൻ പാകത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

മണികർണികയിലെ അശ്വമേധ ഘാട്ടിൽ ശിവന്റെ പെയ്ന്റിങ്
മണികർണികയിലെ അശ്വമേധ ഘാട്ടിൽ ശിവന്റെ പെയ്ന്റിങ്

എല്ലാ കയ്യടക്കലുകളേയും കയ്യാളലുകളേയും പ്രത്യയശാസ്ത്ര പ്രചാരണങ്ങളേയും യുക്തിചിന്തകളേയും ബ്രാഹ്മണമേധാവിത്വ പ്രവണതകളേയും അതിജീവിച്ച്, ആന്തരികവും ബാഹ്യവുമായ എല്ലാ നശീകരണപ്രവൃത്തികളേയും പിന്നാമ്പുറം തള്ളി, ഹിന്ദുയിസം അതിന്റെ നന്മയും സൗന്ദര്യവും സ്വീകാര്യശേഷിയും വൈവിധ്യഭംഗിയും കാത്തുസൂക്ഷിച്ച് മുന്നേറുന്ന ചിത്രം ചരിത്രത്തിന്റെ അപൂർവ്വതയാണ്. എല്ലായിടത്തും ഗോത്രപരവും പാഗനുമായ സംസ്‌കാരനന്മകളെ മതാധുനികത കയ്യടക്കി. അല്ലെങ്കിൽ പരിഷ്‌കരണ പ്രസ്ഥാനങ്ങളും ഉത്ഗ്രഥനശ്രമങ്ങളും അവയെ മായ്ച്ചുകളഞ്ഞു. ഇന്ത്യയിൽ മാത്രം നാശോന്മുഖതയെ അതിജീവിച്ച് പൗരാണികവിശ്വാസങ്ങളും തത്വചിന്തയും ആത്മീയാന്വേഷണങ്ങളും നിലനിൽക്കുന്നു. മിത്തിന്റേയും ചരിത്രത്തിന്റേയും ഇടയിൽ, അനശ്വരതയുടെ മിസ്റ്റിക് രഹസ്യങ്ങൾ കാത്തുപോരുന്നു. മദർ എർത്ത് പോലെ മദർ ഇന്ത്യ. മതങ്ങളുടേയും ഭാഷകളുടേയും ഉത്ഭവ കേന്ദ്രങ്ങൾ, മാർക്‌സ് പറഞ്ഞപോലെ.

വിശ്വനാഥൻ ഉടലാകെ പകർന്ന കരുത്തിൽ ഞാൻ. വിശ്വനാഥന്റെ ഊർജ്ജം താങ്ങാനാവാതെ തളർന്ന ഹാരിസ്.

ചാണ്ഡാള ശിവനെ ഉടലിൽ ആവാഹിച്ച് ചണ്ഡാളനായിത്തീർന്ന എന്നിലെ സ്കിസോഫ്രീനിയയെ കൈകാര്യം ചെയ്തുകൊണ്ട്, നിലനിൽപിനെ ബലപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. മുറികളുടെ ഗുഹയിൽ വെള്ള കോസഡി പുതച്ച് ആനയെപ്പോലെ അയാൾ ചെരിഞ്ഞു.

ഒരു കൊച്ചു മസ്ജിദിനു മുമ്പിലുള്ള സ്‌പെയ്‌സിലായിരുന്നു ശിവരാത്രിയ്ക്കുള്ള ഒരുക്കങ്ങൾ, മസ്ജിദിന്റെ വാസ്തുവിന്റെ ലാളിത്യവും ഭംഗിയും ഞാൻ ഫോട്ടോയിൽ പകർത്തി.

സാരാനാഥിൽ

കുളിയും തേവാരവും കഴിഞ്ഞ് അതിരാവിലെത്തന്നെ തേജ്‌സിങ് ഘാട്ടിന്റെ പരിസരത്ത് ഒരുക്കിയ പവലിയനിൽ ഞങ്ങളെത്തി. രജിസ്‌ട്രേഷൻ ഒരുക്കങ്ങൾ. പത്മഭൂഷൺ കിട്ടിയതിനുശേഷമുള്ള ശ്രീ എമ്മുമായുള്ള ആദ്യ കൂടിക്കാഴ്ച. ധൃതിവെച്ച് അദ്ദേഹം നീങ്ങി. കൂടിച്ചേർന്നവർക്ക് സലാം പറഞ്ഞു. ഒരു കൊച്ചു മസ്ജിദിനു മുമ്പിലുള്ള സ്‌പെയ്‌സിലായിരുന്നു ശിവരാത്രിയ്ക്കുള്ള ഒരുക്കങ്ങൾ, മസ്ജിദിന്റെ വാസ്തുവിന്റെ ലാളിത്യവും ഭംഗിയും ഞാൻ ഫോട്ടോയിൽ പകർത്തി. ഉച്ചതിരിഞ്ഞ് ശ്രീ എമ്മിന്റെ പുസ്തകപ്രകാശനമുണ്ട്. അതുവരെ ഒഴിവാണ്. ഒരു ഓട്ടോ പിടിച്ച് ഞങ്ങൾ സാരാനാഥിലേക്കു തിരിച്ചു. പതിനെട്ട് കിലോമീറ്റർ അകലെ വാരണാസിയുടെ സങ്കീർണ സംസ്‌കൃതികളുടെ ഭൂതകാലപ്പെരുമകളിൽനിന്ന് മാറി സാരാനാഥിലെ ഡീർ പാർക്ക് ലക്ഷ്യംവച്ച് ഓട്ടോ ഓടി. സാരാനാഥും നാഥ്യോഗികളുമായി ബന്ധപ്പെട്ട പൗരാണിക ചരിത്രമുറങ്ങുന്ന സ്ഥലം തന്നെയെന്ന് ശ്രീ എം പറഞ്ഞിരുന്നു. ബുദ്ധനു മുമ്പുള്ള പൗരാണികത. സാരാനാഥിൽ ഒരു ശിവക്ഷേത്രമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. അവിടേയും സന്ദർശിക്കണം എന്ന മോഹം ഉള്ളിലുണ്ടായിരുന്നു. സാരാനാഥിന്റെ കീഴാളത. അവിടെയുള്ള ബുദ്ധക്ഷേത്രത്തിലെ ബുദ്ധന്റെ സ്വർണ്ണനിറമാർന്ന വിഗ്രഹത്തിൽ കൈകൂപ്പിയും നമസ്‌കരിച്ചും ചുമർചിത്രങ്ങളിലെ ബുദ്ധജാതക കഥകൾ നോക്കിക്കണ്ടും ക്ഷേത്രത്തിനുള്ളിലെ പുസ്തകമേശയിൽ പുസ്തകം പരതിയും നിന്നു. ബുദ്ധന്റെ ചരിത്രം പറയുന്ന ഒരു മാന്വൽ വാങ്ങി. പുറത്തിറങ്ങി. ബുദ്ധൻ ബോധോദയത്തിനു ശേഷം ആദ്യമായി സാരോപദേശം നൽകിയ ഇടത്തിലേക്കു നടന്നു. ജീർണ്ണിച്ച ഒരാൽമരത്തിനു ചുവട്ടിൽ സാരോപദേശം നൽകിയ ഇടം കമ്പിവേലി കെട്ടി സംരക്ഷിച്ചിരുന്നു. കൈകൂപ്പിയും നമസ്‌കരിച്ചും ഏവരേയും ഉൾക്കൊള്ളുന്ന ബുദ്ധന്റെ സ്‌പേഷ്യൽ ധർമ്മയെ അറിഞ്ഞുമാലോചിച്ചും കണ്ണുകൾ നിറഞ്ഞു. ആദ്യത്തെ സാരോപദേശം അവിടെ പാലിയിലും ഇംഗ്ലീഷിലും ഹിന്ദിയിലും എല്ലാം എഴുതിവച്ചിരുന്നു. വീണുകിടക്കുന്ന ഒരാലില ഓർമ്മയ്ക്കായി എടുത്ത് പുസ്തകത്തിൽ സൂക്ഷിച്ചു. ഞങ്ങൾ പിൻവാങ്ങി. നേരം കളഞ്ഞതിന് ഓട്ടോക്കാരന്റെ കയർക്കൽ. സാരാനാഥ് ക്ഷേത്രത്തിൽ പോകണം എന്ന ആവശ്യം ഗൗനിക്കാതെ അയാൾ വാരണാസിയിലേക്ക്, വന്നിടത്തേക്കു തിരിച്ചുപിടിച്ചു. ശ്രീ എമ്മിന്റെ സായാഹ്നസംഗമത്തിൽ ഞങ്ങൾ കൃത്യമായെത്തി. ഓട്ടോക്കാരനെ എം പറഞ്ഞയച്ചതായിരുന്നോ, ഞങ്ങളുടെ നിർദ്ദേശവും മറികടന്ന് സത്സംഗത്തിന് കൃത്യമായെത്താൻ?

പ്രദേശത്തെ ജഡ്ജ് പങ്കെടുത്ത സദസ്സിൽ ഹിന്ദിയിലുള്ള ഭാഷണങ്ങൾ. അതു കഴിഞ്ഞ് നൃത്തസദസ്സ്. മോഹിനിയാട്ടം, ഭരതനാട്യം. കഥക്. ധുനി കത്തിക്കൽ, പാദനമസ്‌കാരം. അതിനിടെ മഴ. ധുനിയെ കാത്ത് മുകളിൽ താർപായ പിടിച്ച് സത്സംഗികൾ. പാദനമസ്‌കാരം അടുത്തുള്ള ക്ഷേത്രത്തിനകത്തേക്കു മാറ്റി. അതിനിടെ സംഗീതസദസ്സ്. കബീർ ഭജനകൾ പാടി സംഘം. വാരണാസിയിൽ നിന്ന് കബീർ ഭജനകൾ കേട്ട സന്തോഷത്തിൽ സദസ്സിനൊപ്പം താളമിട്ടും തലകുലുക്കിയും ഞാനും. പാദനമസ്‌കാരത്തിനു ചെന്നപ്പോൾ 'കോൺഫറൻസൊക്കെ വിജയമായില്ലേ' എന്ന ചോദ്യം. കൊണ്ടോട്ടി സൂഫി ഫെസ്റ്റിവലിനെക്കുറിച്ചായിരുന്നു അത്. കാലടിയിൽ ശ്രീ എം വന്നപ്പോൾ സൂഫി ഫെസ്റ്റിവലിന്റെ ബ്രോഷറുമായി ഞാൻ ചെന്നിരുന്നു. സംസാരം നഷ്ടമായ നിലയിൽ വികാരാധീനനായതിനാൽ, കൈകൾ മലർത്തി എല്ലാം ശരിയായി നടന്നു, അങ്ങയുടെ അനുഗ്രഹത്താൽ എന്നു ഞാൻ മനസ്സുകൊണ്ടറിയിച്ചു. ചിന്തകൾ കൊണ്ട് ഭാഷണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ സിദ്ധി ഞാൻ പലപ്പോഴും അനുഭവിച്ചറിഞ്ഞാണ്. ഭക്ത്യാദരപൂർവ്വം മടക്കം. ഗുഹാവാസം.

പിറ്റേന്നത്തെ മഴ അൽക്കാ ഹോട്ടലോളം വെള്ളമെത്തിച്ചു. ഗംഗ എന്നെത്തേടി വന്നു. ജലം മൂലകമായ എന്റെ സ്വത്വത്തിന് സുസ്വാഗതവും നമസ്‌കാരവും പറഞ്ഞ് വാരണാസിയുടെ ആകാശം. പിറ്റേന്ന് പ്രഭാതത്തിൽ മെഡിറ്റേഷനായി വീണ്ടും ഗുരുസന്നിധിയിൽ. മോഹനമായ പ്രഭാതം, പ്രഭാഷണം. 'ചിദാനന്ദ രൂപം ശിവോഹം' എന്നതിന്റെ അർത്ഥഭാഷണം. തേജ്‌സിങ് ഘാട്ടിൽ സൂര്യോദയത്തിന്റെ വിസ്മയം നിറഞ്ഞ ദർശനം ഞാൻ ക്യാമറയിൽ പകർത്തി. ശുഭകരമായ ദിനങ്ങൾ. അടുത്തുള്ള പട്ടുകടയിൽ കയറി അവൾക്കായി ഞാനൊരു പട്ടുസാരി വാങ്ങി. തലേന്ന് സിത്താർ വായിച്ച സംഗീതജ്ഞൻ തെരുവിൽ റിക്ഷയിൽ തന്റെ സംഗീതോപകരണം വച്ചു യാത്രയാകുന്ന ദൃശ്യം.
ശുഭമസ്തു.
ശ്രീ ഗുരുഭ്യോ നമഃ
ഓം നമശിവായഃ
യാ റബ്ബുൽ ആലമീൻ...

പതിവുപോലെ ഹാരിസ് ഗുഹാവാസം തുടർന്നു. ചാഞ്ഞുകിടന്ന് സെൽഫോണിൽ നോക്കി സമയം കളഞ്ഞു. ധ്യാനിക്കുകയാണെന്നു പറഞ്ഞ് കണ്ണുകളടച്ചു കിടന്നു. ഭക്ഷണത്തിനു മാത്രം അൽക്കാ ഹോട്ടലിന്റെ മട്ടുപ്പാവിൽ വന്നു. പരസ്പരമുള്ള ഭിന്നതകൾ വെളിപ്പെട്ട, സമീപനങ്ങളിലെ വ്യത്യസ്തതകൾ ബോധ്യപ്പെട്ട നിമിഷങ്ങൾ. പിറ്റേന്നും സ്ഥലം ചുറ്റിക്കാണാനോ സമാധിസ്ഥലങ്ങൾ സന്ദർശിക്കാനോ കൂട്ടാക്കിയില്ല. ഞാൻ ഘാട്ടിലൂടെ നടന്നും മണികർണ്ണിക സന്ദർശിച്ചും സമയം പോക്കി. ലാഹരി മഹാശയുടെ സമാധിയും സത്യലോക് ആശ്രമവും ട്രൈലോക സ്വാമികളുടെ സമാധിയും ഗംഗയിലൂടേയുള്ള തോണിയാത്രയും ഗംഗാ ആരതിയും ഒന്നും നടത്താനോ കാണാനോ സന്ദർശിക്കാനോ അദ്ദേഹം കൂട്ടാക്കിയില്ല. ഇയാൾ സമയം പാഴാക്കുന്നതോർത്ത് എനിക്കു കുണ്ഠിതമായി. ആത്മീയാന്വേഷണം ആലസ്യത്തെ ആഘോഷിക്കലാണോ? വിശ്വനാഥന്റെ ജ്യോതിർലിംഗത്തിലെ ഊർജ്ജം താങ്ങാനാവാതെ തളർന്നതോ...

(തുടരും)

Comments