ഓരോ മിനിറ്റിലും മുംബൈ ഒരു സ്വപ്നം വിടർത്തുന്നു.
മൊഹല്ലകളും വളഞ്ഞുതിരിഞ്ഞ ഗലികളുമുള്ള ഡോംങ്ങ്ഗ്രിയിലേയും പൈഥൊനിയിലേയും സ്വപ്നങ്ങൾക്ക് ഒരു അർത്ഥവ്യാപ്തിയുണ്ട്.
അവയുടേതായ സവിശേഷ സ്വഭാവങ്ങളും.
ഇരുണ്ട് ദാക്ഷിണ്യരഹിതവും ഉദ്വേഗജനകവുമായ ഒരു പ്രതീതി.
മുംബൈയെ ഒരു ഇതിഹാസനഗരമെന്ന് പല എഴുത്തുകാരും വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാകണം.
ബോംബെയെ മറാഠിവൽക്കരിച്ച് ‘മുംബൈ' എന്നാക്കിയപ്പോൾ ഖുഷ്‌വന്ത് സിങ്ങും അലിക് പദംസിയും മറ്റുപല ബുദ്ധിജീവികളും ആ നാമധേയം ‘അത്ര ശരിയല്ല' എന്ന് അഭിപ്രായപ്പെട്ടു. പൊതുവേദികളിലും ലേഖനങ്ങളിലൂടെയും പലരും തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചു. ഖുഷ്‌വന്ത്‌സിങ് പറഞ്ഞു; ‘‘ബോംബെയിലെ രണ്ടുകോടിയിലധികം ജനങ്ങളുടെ വിസർജ്യം കടലിൽ ചെന്നുചേരുന്നു. അവയിൽ മുക്കാൽഭാഗവും വീണ്ടും തിരകൾ കടൽത്തീരത്തുതന്നെ എത്തിക്കുന്നു. ഉപയോഗിച്ച് വലിച്ചെറിഞ്ഞ ശീതളപാനീയക്കുപ്പികളും സാനിറ്ററി പാഡുകളും പാക്കറ്റ്പാൽ ഉറകളും ഉപയോഗിച്ച കോൺഡവും ഇതിൽ കാണാം. സാസൂൺ ഡോക്ക് പരിസരത്ത് ചീഞ്ഞ മത്സ്യങ്ങളുടെയും മൂത്രത്തിന്റെയും ദുർഗ്ഗന്ധമാണുള്ളത്.''
അല്പം സിനിക്കായി എഴുതുന്ന ഈ എഴുത്തുകാരന്റെ മുംബൈയെക്കുറിച്ചുള്ള പ്രസ്താവന ശരിയാണ്, എന്നാൽ തെറ്റുമാണ്.
മലയാളികൾ കൊച്ചിൻ എക്സ്പ്രസിൽ വന്നിറങ്ങി. പത്താംതരം പഠിച്ച് ‘ഷോർട്ടും ടൈപ്പും' സർട്ടിഫിക്കറ്റ് നേടിയവർ വൻകിട വ്യവസായശാലകളിലെ സ്റ്റെനോകളായി ഇടത്തരക്കാരുടെ ജീവിതം നയിച്ചു.
ബോംബെ മുംബൈ ആയാലും അല്ലെങ്കിലും സാധാരണക്കാരുടെ സുവർണ ഭിക്ഷാപാത്രമായിത്തന്നെ ഇന്നും മഹാനഗരം പരിലസിക്കുന്നുണ്ട്. കോവിഡ്-19 വ്യാപനം ബോംബെയെ മലർത്തിയടിച്ചു എന്ന സത്യം മറക്കുന്നില്ല. 1950കളിലാണ് ജീവസന്ധാരണത്തിന് ഇന്ത്യയുടെ നാനാഭാഗങ്ങളിൽനിന്ന് തൊഴിലന്വേഷകർ അധികവും ഇവിടെ എത്തിയത്. കേരളീയർ, തമിഴർ, കർണാടകക്കാർ, തെലുഗുവംശജർ തുടങ്ങിയവർക്കൊപ്പം ഉത്തരേന്ത്യയിൽനിന്ന് ആയിരക്കണക്കിനുപേർ ബോംബെയിലെത്തി തമ്പടിച്ചു. മഹാനഗരം ഈ ജനസഞ്ചയത്തെ സമാശ്ലേഷിച്ചു. യു.പി. ബയ്യകളിൽ ഭൂരിഭാഗവും ടാക്‌സിക്കാരായി. അതല്ലെങ്കിൽ ഗോതമ്പ് പൊടിക്കുന്ന ചക്കി (ഫ്‌ളോർ മിൽ) ആരംഭിച്ച് ആഹാരത്തിന് വക കണ്ടെത്തി. മറ്റു ചിലർ ഇസ്തിരിവാലകളായി. സമ്പന്നർ ടിപ്-ടോപ്പ് വസ്ത്രങ്ങളണിഞ്ഞ് ഓഫീസുകളിൽ പോകുമ്പോൾ അവരുടെ വസ്ത്രങ്ങൾ തേച്ചുമിനുക്കിയ പാവം ഇസ്തിരിവാലകൾ മുഷിഞ്ഞ ദോത്തിയും ബനിയനും ധരിച്ച് പാർപ്പിടസമുച്ചയങ്ങളുടെ കോണിച്ചോട്ടിൽ കുടുംബസമേതം അന്തിയുറങ്ങി. പെരുകി. ബീഹാറികൾക്കു വ്യവസായശാലകളിലെ ഫർണസ്സിൽ കനൽ കോരിയിടുന്ന ദുഷ്‌കരമായ ജോലികളിൽ വ്യാപൃതരാകേണ്ടിവന്നു. മലയാളികൾ കൊച്ചിൻ എക്സ്പ്രസിൽ വന്നിറങ്ങി. പത്താംതരം പഠിച്ച് ‘ഷോർട്ടും ടൈപ്പും' സർട്ടിഫിക്കറ്റ് നേടിയവർ വൻകിട വ്യവസായശാലകളിലെ സ്റ്റെനോകളായി ഇടത്തരക്കാരുടെ ജീവിതം നയിച്ചു.
മദ്രാസികളും (തമിഴ് വംശജർ) കർണാടകക്കാരും ഹോട്ടലുകളിൽ ദോശ ചുട്ടു. ഗോവൻ ആന്റിമാർ വൈൻഷോപ്പുകൾ നടത്തിപ്പോന്നു. മഹാനഗരത്തിന്റെ പിന്നാമ്പുറങ്ങളിലുള്ള മലാഡ്, വക്കോള, മാഹിം, സാന്റാക്രൂസ് തുടങ്ങിയ ഇടങ്ങളിൽ ‘ദാരു കാ അഡ്ഡ' (കൺട്രി ലിക്കർ ബാറുകൾ) ഗോവൻ ആന്റിമാരുടെ (ഗോരി ആന്റി, വെളുത്ത ആന്റിമാർ എന്നാണ് ഇവരെ വിളിക്കുക) കുത്തകയായിരുന്നു. എന്നാൽ, മുംബൈയുടെ സ്വന്തം മക്കളായ കോളികൾ മഹാനഗരത്തിൽനിന്ന് പുറന്തള്ളപ്പെട്ട് ഇപ്പോൾ ഒരു ശതമാനത്തിനു താഴെയായി അവരുടെ ജനസംഖ്യ കുറഞ്ഞുപോയിരിക്കുന്നു.
ഭൂപടത്തിലെ ഏഴു ദ്വീപുകൾ
ബോംബെയിലെ തദ്ദേശവാസികളായ കോളികൾ തിങ്ങിപ്പാർത്തിരുന്ന ഏഴ് ദ്വീപുകളായിരുന്നു ബ്രിട്ടീഷ് ഭരണത്തിനു മുമ്പുള്ള ബോംബെയുടെ ഭൂപടത്തിൽ കാണുക. വെള്ളക്കാർ ഭരണം കയ്യടക്കിയപ്പോൾ ദ്വീപുകൾ കൂട്ടിയോജിപ്പിച്ച് ബംബയ് എന്ന പേരു മാറ്റി ബോംബെ എന്നാക്കി.
ഗവ. സർവീസിൽ ഡ്രൈവറായിരുന്ന സുശീൽ ബാരാവി 12-ാംക്ലാസ് വരെ പഠിച്ചിട്ടുണ്ട്. കോളികളുടെ തനതായ ലിപികളില്ലാത്ത ഭാഷ ഉപേക്ഷിച്ച് മറാഠിയും ഹിന്ദിയും അൽപം ഇംഗ്ലീഷുമൊക്കെ കൂട്ടിക്കലർത്തിയാണ് അയാൾ സംസാരിക്കുക. ആറടിയോളം ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയും ഇരുണ്ട നിറവുമുള്ള സുശീൽ മെഹർ മാഹിം ചർച്ചിനടുത്തുള്ള മച്ചിമാർ കോളനിയിൽ താമസിച്ചുപോരുമ്പോഴായിരുന്നു ഞാനയാളെ പരിചയപ്പെട്ടത്.
മത്സ്യബന്ധനം പ്രധാനപ്പെട്ട ജീവിതോപാധിയായുള്ള കോളികൾ ഏതാണ്ട് വ്യാപാരാടിസ്ഥാനത്തിൽതന്നെ "കൺട്രി ലിക്കർ' നിർമാതാക്കളുമായിരുന്നു. അന്റോപ്ഹിൽ പരിസരം, മാഹിം ക്രീക്കിന് സമീപമുള്ള ചതുപ്പുകൾ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇവരുടെ വാറ്റുചാരായകേന്ദ്രങ്ങൾ.
മത്സ്യബന്ധനക്കാരായ കോളികളുടെ വാസഗൃഹങ്ങളാണ് അറബിക്കടലിനഭിമുഖമായുള്ള വിശാലമായ റോഡിന്നപ്പുറമുള്ള മച്ചിമാർ കോളനി. കോൺക്രീറ്റ് കൂരകളുള്ള ഈ കോളനിയിൽ മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന മുക്കുവരുടെയും മീൻവിറ്റു മടങ്ങിയെത്തുന്ന പെണ്ണുങ്ങളുടെയും കുട്ടികളുടെയും കോലാഹലങ്ങൾ വൈകുന്നേരങ്ങളിലാണ് ഹൈപിച്ചിലേക്കാകുക. ഏതായാലും സുശീൽ മെഹർ അടുത്തൂൺ പറ്റി പിരിയുന്നതിനുമുമ്പുതന്നെ സാന്റാക്രൂസ് - കലീന വില്ലേജിൽ ഒരു ചോൾ എങ്ങനെയോ ഒപ്പിച്ചെടുത്തിരുന്നു. അയാളുടെ ഭാര്യ ലളിത, വീരാർ- അർണാല ബെൽറ്റിലെ ബോളിഞ്ച് ഗാവ്‌വാലിയാണ്. അവരിപ്പോൾ വീട്ടിൽത്തന്നെ ഒരു പാലൻ ഘർ (ചെറിയ കുട്ടികളെ പകൽ പരിപാലിക്കുന്ന ഇടം) നടത്തുന്നുമുണ്ട്.
കലീന ചർച്ചിന് കുറച്ചുമാറി തെങ്ങുകളും വാഴകളും മറ്റു പച്ചക്കറികളും നട്ടുപിടിപ്പിച്ചിരുന്ന ഓടിട്ട ചോളികളിലൊന്നിലാണ് സുശീൽ മെഹറും ലളിതയും രണ്ടു മക്കളുമായി താമസിക്കുന്നത്.
ഉമ്മറത്തിരുന്ന് മറാഠി പത്രം ‘ലോക്‌സത്ത' വായിക്കുകയായിരുന്ന സുശീലിനെ ഞാനപ്പോൾ പേരെടുത്തുവിളിച്ചു. അഴിഞ്ഞുപോയ പൈജാമ അയാൾ വലിച്ചുകയറ്റി ബനിയൻ ഒന്നു വലിച്ചിറക്കി ആശ്ചര്യപൂർവ്വം എന്നെ നോക്കി. വളരെ ഭവ്യതയോടെ ‘‘മാഫ് കരാ സാഹേബ്'' എന്ന് ക്ഷമ ചോദിച്ച് ചൂരൽമെടഞ്ഞ മടക്കുകസേര നീക്കിവെച്ചു. മത്സ്യബന്ധനം പ്രധാനപ്പെട്ട ജീവിതോപാധിയായുള്ള കോളികൾ ഏതാണ്ട് വ്യാപാരാടിസ്ഥാനത്തിൽതന്നെ "കൺട്രി ലിക്കർ' നിർമാതാക്കളുമായിരുന്നു. അന്റോപ്ഹിൽ പരിസരം, മാഹിം ക്രീക്കിന് സമീപമുള്ള ചതുപ്പുകൾ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇവരുടെ വാറ്റുചാരായകേന്ദ്രങ്ങൾ. സുശീൽ കോളിയുടെ പിതാവ് ലക്ഷ്മൺ മീൻ പിടിച്ചും ചാരായം വാറ്റിയും മാഹിം ഭാഗത്തുതന്നെയായിരുന്നു താമസിച്ചുപോന്നത്.
‘‘ചാരായം വാറ്റിയും മീൻപിടിച്ചും ഞങ്ങൾ ‘അന്തസ്സായി ജീവിതം' നയിച്ചുപോന്നു'' എന്നാണ് മെഹർ അതിനെ വിശേഷിപ്പിച്ചത്.
മെഹർ ഉത്സാഹപൂർവ്വം അകത്തേക്കുനോക്കി വിളിച്ചുപറഞ്ഞു; ‘‘ലളിത, സാബ് ആലേല ആഹേ, ദോൺ ചഹാ പാഠ്‌വാ'' (സാർ വന്നിട്ടുണ്ട് രണ്ടു ചായ കൊടുത്തയക്ക്).
ലളിത അല്പനേരമെടുത്ത് പുറത്തുവന്ന് എന്നെ മിഴിച്ചുനോക്കി.
‘‘ആപ്പൺ...?'' ഞാൻ പേർ പറഞ്ഞു.
അവർക്കെന്നെ നന്നായി ഓർമയുണ്ടെന്ന് തോന്നുന്നു.
‘‘മി അത്ത ആലി'', ലളിത അകത്തുപോയി.
ഞാൻ മെഹറിനോട് ഇന്നത്തെ മത്സ്യബന്ധന സമ്പ്രദായത്തെക്കുറിച്ച് ചോദിച്ചു.
‘‘മേ ക്യാ ബോലൂം സാബ്...?'' വളരെ വർഷങ്ങളായി അയാൾ തന്റെ ജന്മനാടായ ധാനുവിൽ ചെന്നിട്ട് എന്ന ഒഴികഴിവ് ആദ്യം പറഞ്ഞു.
ഞാൻ മെഹറിനോട് ചോദ്യമൊന്ന് മാറ്റിചോദിച്ചു; ‘‘ആദ്യകാലങ്ങളിൽ കോളികളുടെ മത്സ്യബന്ധനരീതി എന്തൊക്കെ ആയിരുന്നുവെന്ന് പറയാമോ?'' ഇതിനിടെ ലളിത രണ്ടുകപ്പിൽ ചായയുമായെത്തി സ്റ്റൂളിൽ വെച്ചു. അവർക്ക് എന്നോടെന്തൊക്കെയോ സംസാരിക്കണമെന്നുണ്ട്. പക്ഷേ, ഞങ്ങൾ ‘എന്തോ ഗൗരവമുള്ള' സംഗതി ചർച്ചചെയ്യുകയാണെന്ന് ധരിച്ചിട്ടാകണം ഒന്നു മന്ദഹസിച്ച് മുറിയ്ക്കുള്ളിലേക്ക് കയറിപ്പോയി.
‘‘എനിക്ക് ജോലി ലഭിക്കുന്നതിന് മുമ്പുതന്നെ തമിഴരും ഞങ്ങളുമായുള്ള ശീതസമരം ആരംഭിച്ചിരുന്നു. വാറ്റുചാരായം കുഴിച്ചിട്ടിരുന്ന ചതുപ്പുകളും പൊന്തക്കാടുകളും എവിടെയൊക്കെയാണെന്ന് ഞങ്ങൾ പൊലീസിനെ അറിയിച്ചു.’’
മെഹർ കാര്യമായി ആലോചിച്ചെടുത്തതുപോലെ സുശീൽ മെഹർ കോളി എന്ന ബാലന്റെ ആദ്യകാലം പറഞ്ഞുതുടങ്ങി.
‘‘ഞങ്ങൾ ധാനു ഗ്രാമവാസികളിൽ ഭൂരിഭാഗവും അവിടെയുള്ള ഇറാനികളുടെ ചിക്കുവാഡി (സപ്പോട്ടാതോട്ടങ്ങൾ) കളിലെ തൊഴിലാളികളോ മത്സ്യബന്ധനത്തിലേർപ്പെട്ട് ജീവസന്ധാരണം നടത്തിപ്പോരുന്നവരോ ആണ്. ചിലർ പാഴ്‌സികളുടെ മുല്ലപ്പൂ/ജമന്തി തോട്ടങ്ങളിൽ ദിവസക്കൂലിക്ക് പണിയെടുക്കുന്നു. മറ്റു ചിലരാകട്ടെ പശുപാലനത്തിലും പച്ചക്കറി കൃഷിത്തോട്ടങ്ങളിലും ജോലിയെടുത്ത് ജീവിക്കാൻ പാടുപെട്ടുകൊണ്ടിരിക്കുന്നു.''
‘‘ധാനു ക്രീക്കിന് ചേർന്നുകിടക്കുന്ന കടലോരപ്രദേശമായ ബോൾവാൾഡ് ഗ്രാമവാസിയായ ഞാനും സഹോദരന്മാരും മച്ചുവയിൽ കടലിൽ ചെന്ന് മീൻപിടിച്ച് വീട്ടിലെത്തിച്ചു. അമ്മയും സഹോദരിമാരും മത്സ്യം കുട്ടകളിലേന്തി ഗാവുകളിൽ അലഞ്ഞ് എന്തെങ്കിലും സമ്പാദിച്ചു. ശ്രാവണമാസത്തിൽ മഹാരാഷ്ട്രീയർ മത്സ്യമാംസാദികൾ ഭക്ഷിക്കാറില്ല. മത്സ്യങ്ങളുടെ പ്രജനനകാലമാണീ മാസം.''
മെഹർ അതിന്റെ ശാസ്ത്രീയവശം പറഞ്ഞു.
‘‘അക്കാലത്ത് മുക്കുവഗ്രാമങ്ങൾ ശരിയായ പട്ടിണി അറിയും'' മെഹർ ആലങ്കാരികമായ വാചകം കൂട്ടിച്ചേർത്ത് തന്റെ ജീവിതകഥ തുടർന്നു: ‘‘പന്ത്രണ്ടാംക്ലാസ്സ് തോറ്റതോടെ ഞാൻ പഠിപ്പവസാനിപ്പിച്ച് ദാദ (അച്ഛൻ) യുമൊത്ത് മാഹിം മച്ചിമാർ കോളനിയിൽ താമസമാക്കി. മത്സ്യബന്ധനം ഞങ്ങൾ കോളികളുടെ രക്തത്തിലുള്ളതും ദേവി ഏക്‌വിരയുടെ നിർദ്ദേശവുമാണ്. ഞാനും ദാദയും മറ്റുള്ളവരും ചേർന്ന് മച്ചുവയ്ക്കുപകരം മോട്ടോർ ബോട്ടുകളിലാണ് കടലിൽ മീൻപിടിക്കാനിറങ്ങുക. ''
ചാകര ചാകര കടപ്പുറത്തിനി ഉത്സവമായി എന്ന മലയാളഗാനം ഞാനപ്പോൾ ഓർത്തു.
‘‘മത്സ്യമാർക്കറ്റിൽ വൻ ഡിമാന്റുള്ള ആവോലി (പാം ഫ്രറ്റ്), സുറുമ (നെയ്മീൻ) തുടങ്ങിയവ പിടിച്ചാൽ ഞങ്ങളുടെ കൈയ്യിൽ പണം വന്നുനിറയും.'' ചായ തണുക്കുമെന്ന് ഓർമപ്പെടുത്തി സുശീൽ മെഹർ കോളി തുടർന്നു: ‘‘വരദരാജ മുതലിയാരുടെ രംഗപ്രവേശത്തോടെ ഞങ്ങളുടെ വാറ്റുചാരായ ബിസിനസ് തകരാൻ തുടങ്ങി.''
മെഹർ ഒന്നുനിർത്തി വീണ്ടും തുടർന്നു; ‘‘എനിക്ക് ജോലി ലഭിക്കുന്നതിന് മുമ്പുതന്നെ തമിഴരും ഞങ്ങളുമായുള്ള ശീതസമരം ആരംഭിച്ചിരുന്നു. വാറ്റുചാരായം കുഴിച്ചിട്ടിരുന്ന ചതുപ്പുകളും പൊന്തക്കാടുകളും എവിടെയൊക്കെയാണെന്ന് ഞങ്ങൾ പൊലീസിനെ അറിയിച്ചു. പക്ഷേ, എന്തു കാര്യം? അവരിൽ ഭൂരിഭാഗം പേരും മുതലിയാരുടെ പണം പറ്റുന്നവരായിരുന്നു. ഇടയ്ക്കിടെ ഞങ്ങൾ ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്പരം ശണ്ഠയുണ്ടാക്കി. ചിലപ്പോൾ അത് കൊലപാതകങ്ങളിൽവരെ ചെന്നെത്തിയിരുന്നു. ജോലി അന്വേഷകരായി ഇവിടെയെത്തിയ തമിഴ് യുവാക്കളധികവും തുകൽ ഊറയ്ക്കിടുന്ന പണിയിലാണേർപ്പെട്ടുപോന്നത്. മാഹിം- ധാരാവിയിൽ ചീഞ്ഞുനാറുന്ന തോലുകൾക്കിടയിലെ ജീവിതം മടുത്ത ഏറെ തമിഴ് യുവാക്കൾ വരദരാജയുടെ ഖാഡികളിലെ ജോലിക്കാരായി, ഭേദപ്പെട്ട വരുമാനമാർഗ്ഗം കണ്ടെത്തി. വരദ ബ്രാൻറ് വാറ്റുചാരായം വഹിച്ച് ടാക്‌സിക്കാർ ബോംബെ വീഥികളിലൂടെ പാഞ്ഞ് കേന്ദ്രങ്ങളിലെത്തിച്ചു''. അയാൾ തുടർന്നു.
‘‘ബാറ്ററി, പഴുതാര തുടങ്ങിയവയ്‌ക്കൊപ്പം പല രാസവസ്തുക്കൾ ചേർത്തുള്ള തമിഴരുടെ വാറ്റിന് ആവശ്യക്കാർ ഏറിയതോടെ ഞങ്ങളുടെ കോളികളുടെ ചാരായത്തിന് വിലയില്ലാതായി. അങ്ങനെ ഒരു സമാന്തര സാമൂഹികവ്യവസ്ഥയും രാഷ്ട്രീയവും ഉദയം ചെയ്തുവെന്ന് പറയാം''; മെഹർ ഒരു ദീർഘനിശ്വാസമെടുത്ത് പറഞ്ഞുനിർത്തി.
‘‘മൊറാർജി ദേശായിയുടെ മദ്യനിരോധന നയം സത്യത്തിൽ ധാരാവിയേയും ഇതര പ്രദേശത്തുള്ള കോളികളുടെയും ജീവിതം തുലയ്ക്കുകയാണ് ചെയ്തത്.’’
ജൂലിയോ റിബൈറോയുടെ കാലം
ഞങ്ങളിരുവരും ചായ കുടിച്ച് ലളിതയോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി.
മെഹർ പൊതുവെ നിരുന്മേഷവാനായി കാണപ്പെട്ടു. ബി.ഇ.എസ്.റ്റി ബസും കാറും വഴിനീളെ ഹോണടിച്ച് കടന്നുപോയ്‌ക്കൊണ്ടിരുന്നു. കലീന വില്ലേജ് ബോംബെ ജനതയുടെ ഒരു സമ്മിശ്രരൂപമാണ്. ഇടത്തരക്കാരായ മലയാളികളും മാംഗ്ലൂർക്കാരും ഗോവാക്കാരും മറാഠികളും ഇവിടെ പാർത്തുവരുന്നു. ഞങ്ങൾ ഒരു പാൻപെട്ടിക്കടയിൽ കയറി. അതൊരു മാംഗ്ലൂരിയന്റേതാണ്. മെഹർ ഒരു ചാർസൗബീസ് (420) പാൻ വാങ്ങി ചവച്ചു. ഞാനൊരു കിങ്ങ്‌സൈസ് ഫോർസ്‌ക്വയറിന് തീപിടിപ്പിച്ച് ഞങ്ങൾ നടത്തം തുടർന്നു. ഒരു ഗോവൻ മധ്യവയസ്‌ക നാടൻ പോർക്കുകൾക്ക് തീറ്റ കൊടുക്കുന്നു. അവ ക്രോം ക്രോം എന്ന് പ്രത്യേക ശബ്ദമുണ്ടാക്കി ഭക്ഷണം നിറച്ച തൊട്ടിയിൽ തലയിടുന്നുണ്ട്.
മെഹറിനോട് ഞാൻ അക്കാലത്തെ രാഷ്ട്രീയഗതിയെക്കുറിച്ച് ചോദിച്ചു. അയാൾ ഇലക്ട്രിക് സ്വിച്ചിട്ടപോലെ പെട്ടെന്ന് ആവേശത്തോടെ പറയാൻ തുടങ്ങി: ‘‘മൊറാർജി ദേശായിയുടെ മദ്യനിരോധന നയം സത്യത്തിൽ ധാരാവിയേയും ഇതര പ്രദേശത്തുള്ള കോളികളുടെയും ജീവിതം തുലയ്ക്കുകയാണ് ചെയ്തത്. ഞാനവിടെ എത്തിയ കാലത്ത് ധാരാവിക്ക് അത്രമേൽ ചീത്തപ്പേരുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. കോളികളുടെ ധനസ്രോതസ്സ് - കൺട്രി ലിക്കർ- തമിഴർ കയ്യടക്കിയപ്പോൾ ഞങ്ങൾക്ക് അവർ പ്രഥമ ശത്രുക്കളായി. പ്രോഹിബിഷൻ ചാരായവാറ്റ് നിയമപരമല്ലാതാക്കിയതെന്നൊഴികെ പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. 1986 വരെയെങ്കിലും വാറ്റുബിസിനസ് ധാരാവിയിലും പരിസരപ്രദേശങ്ങളിലും തകൃതിയായി നടന്നിരുന്നു.''
‘‘പുതിയ പൊലീസ് കമീഷണർ ജൂലിയോ റിബൈറോ ചാർജ്ജെടുത്തതോടെ ബോംബെയിലെ കുറ്റവാളികളുടെ മരണമണി മുഴങ്ങി. പൊലീസിന്റെ ബോംബെ സോൺ ഡി.സി.പി. ആയി റിബൈറോ, വൈ.സി.പവാറിനെ നിയമിച്ചു. അതോടെ ആന്റോപ്ഹിൽ മുതൽ ട്രോംബെ വരെയുള്ള പരിസരങ്ങളിലെ ഖാഡികൾ (വാറ്റുചാരായ കേന്ദ്രങ്ങൾ) മറോൾ പൊലീസ് ട്രെയ്‌നിങ്ങ് സ്‌കൂളിലെ ചുണക്കുട്ടന്മാർ തകർക്കാൻ തുടങ്ങി. വരദയെ കയ്യോടെ പിടികൂടാനുള്ള ശ്രമം പലകുറി നടന്നെങ്കിലും അത് സാധ്യമായില്ല. അയാൾ ധാരാവിയും മൊത്തം ബോംബെയും അടക്കിവാണിരുന്ന ഹാജി മസ്താനും കരിം ലാലയ്ക്കുമൊപ്പം വളർന്ന് ഭരണകൂടത്തിൽ അസാമാന്യ സ്വാധീനശക്തി കൈവരിച്ചിരുന്നു. പക്ഷേ, കുറ്റകൃത്യങ്ങൾക്ക് എന്നെങ്കിലും ഒരു അറുതി വരേണ്ടതാണ്. വരദാഭായിയുടെ വലംകൈയ്യും വാറ്റുചാരായ വിതരണശൃംഖലയുടെ മേൽനോട്ടക്കാരനുമായ തോമസ് കുര്യനെ വൈ.സി.പവാർ നേർക്കുനേരുള്ള ഏറ്റുമുട്ടലിൽ കീഴ്‌പ്പെടുത്തി. (അയാളെ അർദ്ധനഗ്നനാക്കി നിരത്തിലൂടെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നുവെന്ന് ഒരു പത്രപ്രവർത്തക സുഹൃത്ത് പറയുന്നു!) അതോടെ വരദരാജ മുതലിയാരുടെ ഒരു ചിറകൊടിഞ്ഞു. 1986-ൽ ദർശൻകുമാർ ദല്ല (തില്ലു) യേയും പവാർ സംഘം പിടികൂടി. ഗതികെട്ട മുതലിയാർ മദ്രാസിലേക്ക് കടന്ന് ഒളിച്ചിരുന്നു. മാരകമായ കാൻസർ രോഗം അയാളെ കാർന്നുതിന്നിരുന്നു. ഒടുവിൽ വരദയ്ക്ക് മരണത്തിന് കീഴടങ്ങേണ്ടിവന്നു.'' സുശീൽ മെഹർ തമിഴൻ ഡോണിന്റെ പരാജയവും കോളികളുടെ വിജയാഹ്ലാദവും അങ്ങനെ പങ്കുവെച്ചു.
സിൽവസ്റ്റർ ജീവിതം പറയുന്നു
മെഹറിനോട് യാത്ര പറഞ്ഞ് ഞാൻ കലീന എയർ ഇന്ത്യ കോളനി പരിസരത്ത് താമസമാക്കിയ സിൽവസ്റ്റർ ഡിസൂസയെ തേടാനിറങ്ങി.
സാമാന്യം വിസ്തീർണമുള്ള അദ്ദേഹത്തിന്റെ മുറിയിൽ ഒരു ഇരുമ്പുകട്ടിലും ചാരുകസേരയും കാണാം. മൂലയിൽ മേശമേൽ മരുന്നുകുപ്പികളും ചിതറിക്കിടക്കുന്ന ടാബ്‌ലറ്റുകളും.
ഒരു കുഞ്ഞുവാവയുടെ ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്നു.
വിട്രിഫൈഡ് ടൈൽസ് പാകിയ ആ മുറിയിൽ അടുത്തകാലത്തൊന്നും ആരും തൂത്തുവാരിയ ലക്ഷണമില്ല.
സിൽവസ്റ്റർക്ക് എൺപത് വയസ്സ് കഴിഞ്ഞിട്ടുണ്ട്.
പനാജിയിൽനിന്ന് അതിജീവനത്തിന് ബോംബെയിലെത്തിയ അദ്ദേഹം റെയിൽവേ വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു. ബാന്ദ്ര- ഭാരത് നഗറിലാണ് ആദ്യകാലം കഴിച്ചുകൂട്ടിയത്. ഞാൻ അദ്ദേഹത്തോട് 1992-93ലെ ബോംബെയെക്കുറിച്ച് ചോദിച്ചു. സിൽവസ്റ്റർ വാ തുറന്നില്ല. അദ്ദേഹത്തിന്റെ കണ്ണുകൾ ചുമരിൽ പ്രതിഷ്ഠിച്ചിരുന്ന ഒരു യുവതിയുടെ ഫോട്ടോയിൽ തറച്ചിരുന്നു. മുഖം ഇടതുവശത്തേക്ക് ചെരിച്ചുപിടിച്ച് തലമുടി വലതുതോളിലേക്ക് വീണുകിടക്കുന്ന പോലുള്ള അവളുടെ ഫോട്ടോ ബോംബെയുടെ കരിപുരണ്ട ചരിത്രത്താളിന്റെ ഒരു കഥ പറയുന്നുണ്ടെന്ന് തോന്നി. സിൽവസ്റ്റർ ഒടുവിൽ രണ്ടും കല്പിച്ചെന്നപോലെ ആ സംഭവം പറയാൻ തയ്യാറെടുത്തു:
‘‘ബാന്ദ്ര ഗവ: കോളനിക്ക് അടുത്തുള്ള ഭാരത് നഗറിലേക്കാണ് ഞാൻ മാരിയയെ വിവാഹം കഴിച്ച് കൊണ്ടുവന്നത്. അത് 1987ലോ മറ്റോ ആയിരുന്നു. എനിക്കന്ന് കഴിഞ്ഞുകൂടാനുള്ള ശമ്പളവും അല്പം തുക ഓവർടൈമുമായി ലഭിക്കുന്നതൊഴികെ വേറെ വരുമാനമാർഗമൊന്നുമുണ്ടായിരുന്നില്ല. താമസസ്ഥലം അന്വേഷിച്ചുള്ള എന്റെ യാത്ര അവസാനം അഭിശപ്തമായ ഭാരത് നഗറിൽ എന്നെക്കൊണ്ടെത്തിച്ചു. അതോടെ ജീവിതം തുലഞ്ഞടിഞ്ഞു. പാട്ടും ഡാൻസും തീനും കുടിയുമായുള്ളതാണ് ഗോവക്കാരന്റെ ജീവിതം. ഇംഗ്ലീഷും ഞങ്ങളുടെ പ്രാദേശികഭാഷയായ കൊങ്കണിയും മാത്രം സംസാരിക്കുന്ന മാരിയ ഭാരത് നഗറിലെ ദുസ്സഹമായ അന്തരീക്ഷം കണ്ട് ഭയപ്പെട്ടു.’’
കോളികളുടെ ശത്രുക്കളായിരുന്ന കുറെ തമിഴ്- മലയാളി ഹിന്ദുയുവാക്കൾ ശിവസേനയ്‌ക്കൊപ്പം സജീവമായി രംഗത്തിറങ്ങി. ഇപ്പോൾ അവരുടെ മുദ്രാവാക്യം മുസ്ലിം ജനതയെ ഇന്ത്യയിൽനിന്നുതന്നെ അടിച്ചോടിക്കുക എന്നതായിരിക്കുന്നു.
സിൽവസ്റ്റർ ഗോവൻ ഇംഗ്ലീഷിൽ തുടർന്ന്: ‘‘ചെറിയ വരുമാനമുള്ളവർക്കായി ധാരാവി, ഭാരത്‌നഗർ, മാട്ടുംഗ ലേബർ ക്യാമ്പ് തുടങ്ങിയ സ്ഥലങ്ങൾ മാത്രമാണ് ആശ്രയം. അല്ലെങ്കിൽ കുർള സ്റ്റേഷൻപരിസരത്തുള്ള ചെറു കുന്നിൻ ചെരുവുകളിൽ കൂരകെട്ടാം. അതുമല്ലെങ്കിൽ ഏതെങ്കിലുമൊരു റെയിൽവേ ട്രാക്കിന്റെ മൂക്കിനുതാഴെ ചോപ്ഡ പണിയാം. ‘These are the only choices for poor people like us, even today’- സിൽവസ്റ്റർ ബർമുഡയുടെ കീശയിൽ കരുതിയ ഒരു പൈൻറ് ഫെനി അല്പം മോന്തി സംഭാഷണം തുടർന്നു.
‘‘ഭാരത്‌നഗർ അക്ഷരാർത്ഥത്തിൽ മറ്റൊരു ധാരാവിയാണ്. എന്റെ ഇരുപതാം വയസ്സിലാണ് ഞാൻ ബോംബെയിലെത്തുന്നത്; അതായത് 1966- 67 കാലത്ത്. മാട്ടുംഗ ലേബർക്യാമ്പിലെ 10:12 ചതുരശ്ര അടി വിസ്തീർണമുള്ള മുറികളിലൊന്നിൽ അകന്ന ബന്ധുവിനോടൊപ്പമായിരുന്നു താമസം. പെട്ടെന്നൊരു പട്ടാപ്പകൽ കുറെ യുവാക്കളെത്തി കണ്ണിൽക്കണ്ടതെല്ലാം അടിച്ചുതകർക്കാൻ തുടങ്ങി. ഒരു ടീസ്റ്റാളിൽ ചായകുടിക്കാനെത്തിയ എന്നെ ആകെയൊന്ന് ഉഴിഞ്ഞു നോക്കി അവർ ചോദിച്ചു, ‘‘തുജാ നാവ് കായ്?'' ഞാനാകെ അന്തംവിട്ടു.
എന്റെ ചുരുണ്ട മുടിയിൽ വിരലോടിച്ചു അവരിലൊരാൾ പറഞ്ഞു, ‘‘ചോഡ്‌ലാ സാലേക്കോ.''
മദ്രാസിയല്ലാത്തതിനാൽ ഞാനന്ന് രക്ഷപ്പെട്ടു. ഞങ്ങളുടെ അപ്പുറവും ഇപ്പുറവുമുള്ള തമിഴരെയും കർണാടകക്കാരെയും മലയാളികളെയും വലിച്ചുപുറത്തിറക്കി ഇക്കൂട്ടർ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. അവരെല്ലാം കമ്പനികളിലെ ബ്ലൂ കോളർ ജോലിക്കാരോ കരിക്ക്, പപ്പടം തുടങ്ങിയവ വിൽക്കുന്ന സാധാരണക്കാരായ ദക്ഷിണേന്ത്യക്കാരോ ആയിരുന്നു. അതോടെ ശിവസേന എന്നൊരു ‘അക്രമിസേന' ബോംബെയെ താറുമാറാക്കി.''
സിൽവസ്റ്റർ അണഞ്ഞുതീരാറായ തന്റെ സിഗരറ്റ് ദൂരെ വലിച്ചെറിഞ്ഞു.
അദ്ദേഹം ആകെ പരിക്ഷീണനായി കാണപ്പെട്ടു. ടീ ഷർട്ടിന്റെ കീശയിൽനിന്ന് തൂവാലയെടുത്ത് വിയർപ്പ് തുടച്ചു: ‘‘ദക്ഷിണേന്ത്യക്കാരുടെ കടകൾ, ഹോട്ടലുകൾ തുടങ്ങി പേരിന് കച്ചവടക്കാരായവരെപ്പോലും അക്രമികൾ വെറുതെ വിട്ടില്ല. ഏതോ കേന്ദ്രമന്ത്രി ഇടപെട്ട് പട്ടാളമിറക്കി ആഴ്ചകൾ കഴിഞ്ഞാണ് ലഹള അടിച്ചമർത്തിയത്. (വി.കെ.കൃഷ്ണമേനോൻ ആയിരുന്നു അക്കാലത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി).
സിൽവസ്റ്റർ ഡിസൂസയെ മഹാനഗരം ‘സുസ്വാഗതം' ചെയ്തതെങ്ങനെയെന്ന് അദ്ദേഹം സംക്ഷിപ്തമായി പറഞ്ഞു. സംഭാഷണം അവസാനിപ്പിച്ച് ഞാൻ സ്ഥലംവിടാനൊരുങ്ങിയെങ്കിലും എന്തോ ആലോചിച്ചുറപ്പിച്ചതുപോലെ സിൽവസ്റ്റർ തുടർന്നു; ‘‘1960ൽ ശിവസേന രൂപംകൊണ്ടപ്പോൾ ‘അംചി മാഠി, അംചി മാണുസ്' (ഞങ്ങളുടെ ആളുകൾ, ഞങ്ങളുടെ മണ്ണ്) എന്നതായിരുന്നു മുദ്രാവാക്യം. മഹാനഗരത്തിന്റെ രാഷ്ട്രീയക്കളരിയിൽ ഈ അജണ്ട മാത്രം കൊണ്ടാടിയാൽ പിടിച്ചുനിൽക്കാനാകില്ലെന്ന് ബോധ്യംവന്ന ശിവസേന അടിയന്തരാവസ്ഥക്കുശേഷം മുളച്ചുപൊന്തിയ ബ.ജ.പ (ബി.ജെ.പി.) യുമായി കൂട്ടുകെട്ടുണ്ടാക്കി. മദ്രാസികളോടുള്ള അവരുടെ രോഷം തൽക്കാലം മറന്ന് അതിൽ മതത്തിന്റെ കറുത്ത ചായം പുരട്ടി. അതോടെ കോളികളുടെ ശത്രുക്കളായിരുന്ന കുറെ തമിഴ്- മലയാളി ഹിന്ദുയുവാക്കൾ ശിവസേനയ്‌ക്കൊപ്പം സജീവമായി രംഗത്തിറങ്ങി. ഇപ്പോൾ അവരുടെ മുദ്രാവാക്യം മുസ്ലിം ജനതയെ ഇന്ത്യയിൽനിന്നുതന്നെ അടിച്ചോടിക്കുക എന്നതായിരിക്കുന്നു. തങ്ങളുടെ വാറ്റുബിസിനസ് കയ്യടക്കിയ മദ്രാസികളെ ‘ഒരു പാഠംപഠിപ്പിക്കാനിരുന്ന' കോളികൾ ശിവസേനയുടെ കാവിരാഷ്ട്രീയം ഏറ്റെടുത്തെങ്കിലും ദക്ഷിണേന്ത്യക്കാരോടുള്ള സ്പർദ്ധ കുറേക്കാലമായി തണുപ്പിച്ചുവെച്ചിരിക്കുകയാണ്. ധാരാവിയിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള ശിവസേന- ബി.ജെ.പി. സഖ്യത്തിന്റെ ഫ്‌ളക്‌സ് ബോർഡുകളിൽ തോളിൽ രണ്ടാംമുണ്ടിട്ട, തമിഴ് ലോക്കൽ നേതാക്കളുടെയും ശിവസേനയുടെ മുതിർന്ന നേതാക്കളുടെയും ചിത്രങ്ങൾ മുദ്രണം ചെയ്തിട്ടുള്ളത് ഞാനപ്പോൾ ഓർമിച്ചു. മീൻപിടിക്കുന്ന കോളികൾ ഇപ്പോൾ ഈ പ്രദേശത്തെ സാധാരണക്കാരെ ‘ഹിന്ദുത്വ' വാദത്തിന്റെ വർണത്തിൽ മുക്കിയെടുക്കുവാനുള്ള ശ്രമം തുടരുന്നു എന്നു കരുതണം.
സിൽവസ്റ്റർ വീണ്ടുമൊരു സിഗരറ്റ് കത്തിച്ചു പുകവിട്ടു തുടർന്നു; ‘‘1989ൽ രാംമന്ദിർ നിർമാണത്തെച്ചൊല്ലി ഒരു കലാപം ഇക്കൂട്ടർ ആസൂത്രണം ചെയ്ത് അതിന് വഴിമരുന്നിട്ടിരുന്നു. 1992 ഡിസംബർ 6ന് ബാബറി മസ്ജിദ് തകർത്ത ആഹ്ലാദം ശിവസേന- ബി.ജെ.പി. കഠ്ബന്ധൻറ് കൊണ്ടാടാൻ ധാരാവിയാണ് യോജിച്ച ഇടമെന്ന് അവർക്ക് അസ്സലായി അറിയാം.'' സിൽവസ്റ്റർ രോഷത്തോടെ ആ സംഭവം വിവരിക്കാൻ തുടങ്ങി.
‘‘ധാരാവി കുട്ടിവാഡിയിലെ ബഡാ മസ്ജിദിൽ നമാസ് നടക്കുമ്പോൾ രാമനാമം ആർത്തുവിളിച്ച് ശിവസൈനികർ ആ വഴിയിലൂടെ സൈക്കിൾ റാലി നടത്തി രംഗം കലക്കി. നമാസ് തടസ്സപ്പെട്ടതോടെ പ്രകോപിതരായ മുസ്ലിം യുവാക്കൾ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി ധാരാവി ഗലികളിലൂടെ പാഞ്ഞു. ഇരുകൂട്ടരും തമ്മിൽ ഘോരയുദ്ധം തന്നെ അരങ്ങേറി. അനേകർ മരിച്ചു. ആയിരങ്ങൾക്ക് മുറിവേറ്റു. ചോപ്ഡകളും കടകളും കത്തിയമർന്നു. ഇവരിൽ ഹിന്ദുക്കളും മുസ്ലിംകളും മറ്റു മതവിശ്വാസികളും ഉണ്ടായിരുന്നു. ലഹള പടർന്ന് ഭാരത്‌നഗറിൽ എത്തിയശേഷമാണ് ഞാൻ വിവരമറിഞ്ഞത്. ബോംബെ സെൻട്രൽ റെയിൽവേ വർക്ക്‌ഷോപ്പിൽനിന്ന് വീട്ടിലെത്തുംമുമ്പേ മാരിയ ക്രൂരമായി വധിക്കപ്പെട്ടിരുന്നു. ഞങ്ങളുടെ ഏകമകൾ 5 വയസ്സുകാരി സെലിൻ അപ്പോൾ കട്ടിലിന്നടിയിൽ ഒളിച്ചിരുന്നതുകൊണ്ട് രക്ഷപ്പെട്ടു.'' സിൽവസ്റ്റർ വിങ്ങിപ്പൊട്ടിക്കരയാൻ തുടങ്ങി. ഞാൻ അങ്കലാപ്പിലുമായി.
മുഖ്യമന്ത്രിയായ ബാലാസാഹേബിന്റെ മകൻ ഉദ്ധവ് തക്കറെ തന്റെ പിതാവിന്റെ ‘ഹിന്ദുത്വവാദം' അതിന്റെ ഫുൾ സ്വിംഗിൽ കൊണ്ടുവരുന്നില്ല എന്നത് താൽക്കാലിക സമാധാനം നൽകുന്നുണ്ട്
ലഹളക്ക് നേതൃത്വം നല്കിയത് ശിവസേനയുടെ പ്രാദേശിക നേതാക്കളായിരുന്നു. ഒരൊറ്റ ആഹ്വാനംകൊണ്ട് മുംബൈ മഹാനഗരത്തെ മാത്രമല്ല, സമസ്ത മഹാരാഷ്ട്രയേയും സ്തംഭനാവസ്ഥയിലെത്തിക്കാനുള്ള ആജ്ഞാശക്തി നേടിയ വംശീയ, വർഗീയ പ്രസംഗശൈലിയിലുള്ള ബാൽ താക്ക്‌റേ. മഹാനഗരത്തിന്റെ ആന്തരിക ഭിന്നതകളും ആകർഷണ- വികർഷണങ്ങളും ശതഗുണീഭവിപ്പിക്കുവാൻ വിരുതു നേടിയ കാർട്ടൂണിസ്റ്റായ താക്‌റേ സാഹേബ്! ‘മറാഠി മാണുസ്' വികാരവും ഹിന്ദുത്വവാദവും ആളിക്കത്തിച്ച് തയ്യാറാക്കിയ അദ്ദേഹത്തിന്റെ ഈ പ്രത്യേക രസതന്ത്രം ഉപയോഗിച്ച് മുസ്ലിം വിരുദ്ധ പരിപാടികൾ ഇപ്പോൾ ശിവസേന തുടരുന്നില്ല എന്നുവേണം കരുതാൻ. മഹാരാഷ്ട്രയുടെ പല പ്രദേശങ്ങളിലും ഈ വിസ്‌ഫോടജനകമായ മിശ്രിതം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ ഇടങ്കോലിട്ടു. (എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയായ ബാലാസാഹേബിന്റെ മകൻ ഉദ്ധവ് തക്കറെ തന്റെ പിതാവിന്റെ ‘ഹിന്ദുത്വവാദം' അതിന്റെ ഫുൾ സ്വിംഗിൽ കൊണ്ടുവരുന്നില്ല എന്നത് താൽക്കാലിക സമാധാനം നൽകുന്നുണ്ട്. കൂടാതെ നിലവിലുള്ള മഹാരാഷ്ട്ര ഭരണകൂടം ശരത്പവാറിന്റെ എൻ.സി.പി.യും മറ്റ് ഘടകക്ഷികളും അടങ്ങിയതാണല്ലോ).
‘‘സാമ്‌ന എന്ന ശിവസേന മുഖപത്രത്തിൽ പ്രസാധകനായിരുന്ന ബാൽ താക്ക്‌റേയും പത്രാധിപർ സഞ്ജയ് നിരുപമും ന്യൂനപക്ഷ സമുദായമായ മുസ്ലിംകളെ അഹേളിച്ചും ആക്ഷേപിച്ചും എഴുതിയ ലേഖനങ്ങൾ ശിവസൈനികർക്ക് തങ്ങളുടെ അക്രമങ്ങൾ ആഘോഷമായി കൊണ്ടാടാനുള്ള വഴി തുറന്നു.'' സിൽവസ്റ്റർ ഭാര്യയുടെ കടവയറ്റിൽ രാംപുരി കത്തികയറ്റിയവരെ ശപിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഏക മകൾ, സെലിൻ ഒരു സ്‌കൂൾ ടീച്ചറായി ന്യൂബോംബെയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. സിൽവസ്റ്ററോട് യാത്രപറഞ്ഞ് പെട്ടെന്നുതന്നെ ഞാനിറങ്ങി.
‘ഐഡന്റിറ്റി പൊളിറ്റിക്‌സ്’
കലീനയിലെ എയർ ഇന്ത്യകോളനി പരിസരത്ത്‌നിന്ന് ഷോർട്ട്കട്ടടിച്ച് ബാന്ദ്ര കോളനിയിൽ ഞാൻ ടാക്‌സിയിൽ വന്നിറങ്ങി. ന്യൂ ഉഡുപ്പി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ എസ്റ്റേറ്റ് ഏജൻറ് രാം കദമും മറ്റൊരു പരിചയക്കാരനായ മുരുകേശനും ആലുക്കാ പൊറോത്ത വെട്ടിവിഴുങ്ങുന്നുണ്ടായിരുന്നു. ഒരു ടിപ്പിക്കൽ ശിവസേനക്കാരന്റെ അടയാളമായ നെറ്റിയിൽ ചുവന്ന ഗോപിയും, സഫാരി സ്യൂട്ടും കൈയ്യിൽ സ്വർണ ബ്രെയ്‌സ് ലെറ്റുമാണ് അയാളുടെ വേഷഭൂഷാദികൾ. കോടികളുടെ റിയൽ എസ്റ്റേറ്റ് കാര്യങ്ങൾ എപ്പോഴും വിളമ്പാറുള്ള രാം കദത്തിന് ഇതുവരെ ഒരു സെൻറ് ഭൂമിപോലും കച്ചവടമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അവിടെയല്ലാവർക്കുമറിയാം. തിരുനെൽവേലിക്കാരനായ മുരുകേശൻ കുറെ നാളുകൾ മുമ്പുവരെ ബാന്ദ്ര ഈസ്റ്റ് സ്റ്റേഷൻ പരിസരത്ത് കോഴിമുട്ട കൊത്തിപ്പൊരിയിൽ പച്ചമുളക്, തക്കാളി, കൊത്തമല്ലിയില എന്നിവ ചേരുവയായുള്ള ‘ബുർജി പാവ്' സ്റ്റാൾ നടത്തിപ്പോന്നിരുന്നു. ഇന്നയാൾ ശിവസേന പ്രാദേശിക ഘടകത്തിന്റെ നേതാക്കളിലൊരാളും ബാന്ദ്ര ഹൈവേക്കപ്പുറം ഒരു ബീർ ബാർ ഉടമയുമാണ്.
തിരുനെൽവേലിയിൽനിന്ന് ഈ തമിഴ് യുവാവ് ജീവിതം കെട്ടിപ്പടുക്കാൻ ബോംബെയിലെത്തി ശിവസേനക്കാരന്റെ വേഷവും കെട്ടി. ചിലതൊക്കെ സമ്പാദിക്കുകയും ചെയ്തു. ഇതാണ് യഥാർത്ഥ ഐഡന്റിറ്റി പൊളിറ്റിക്‌സ് എന്ന് തോന്നിപ്പോകുന്നു.
‘ഇതെല്ലാമെ കടവുൾ കൃപൈ' എന്ന് മുരുകേശൻ പറയുന്നു. ഹിന്ദുത്വവാദം ചില തമിഴരിലും മലയാളികളിലും തലയ്ക്കുപിടിച്ചതോടെ തമിഴ് ‘അരചിയൽ' (രാഷ്ട്രീയം) ബോംബെയിൽ വിലപ്പോകില്ലെന്ന് മുരുകേശന് തോന്നിയിരിക്കണം. തികച്ചും പ്രായോഗികമതിയായ അയാൾ ശിവസേനക്കാരായ കോളികളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ ഒരു കോളി പെൺകുട്ടിയെ വിവാഹവും കഴിച്ചു. ഇപ്പോൾ ശിവസേനക്കാരനായിത്തീർന്ന മുരുകേശന് ബീർബാറും മറ്റുചില സമ്പാദ്യങ്ങളും നേടിയെടുക്കാനായിരിക്കുന്നു. രാം കദം മുരുകേശന്റെ ഉപഗ്രഹമായി എപ്പോഴും ചുറ്റിക്കറങ്ങുന്നുണ്ട്. ഏതായാലും തിരുനെൽവേലിയിൽനിന്ന് ഈ തമിഴ് യുവാവ് ജീവിതം കെട്ടിപ്പടുക്കാൻ ബോംബെയിലെത്തി ശിവസേനക്കാരന്റെ വേഷവും കെട്ടി. ചിലതൊക്കെ സമ്പാദിക്കുകയും ചെയ്തു. ഇതാണ് യഥാർത്ഥ ഐഡന്റിറ്റി പൊളിറ്റിക്‌സ് എന്ന് തോന്നിപ്പോകുന്നു. ഉഡുപ്പി ഹോട്ടലിനു പുറത്തുകടക്കുമ്പോൾ മുരുകേശന്റെ മൊബൈലിൽനിന്ന് ‘‘എല്ലോരും ശേർന്ത് പാടുങ്കൾ, എല്ലോരും ശേർന്ത് ആടുങ്കൾ'' എന്ന ന്യൂജെൻ തമിഴ്ഗാനം ഒഴുകുന്നുണ്ടായിരുന്നു.
പെപ്പർ ആൻറ് സാൾട്ട്
മഴ ചാറിക്കൊണ്ടിരിക്കുന്നു. ബാന്ദ്രയിൽനിന്ന് അന്ധേരി ലോക്കലിൽ കയറി ഞാൻ ഖാർ റോഡിലിറങ്ങി. പഴയകാല സുഹൃത്ത് ശ്രീധർ പൂജാരി താമസിക്കുന്നത് ഇവിടെയാണ്. കടൽത്തീരത്തുകണ്ട ചെറിയ മത്സ്യബന്ധനബോട്ടുകളിൽ വിവിധ വർണങ്ങളിലുള്ള കൊടികൾ പാറിക്കളിക്കുന്നു. ഒരു പ്രത്യേക രാഷ്ട്രീയവും അവയ്ക്ക് പറയാനില്ല. അകലെയുള്ള കോളികൾക്ക് ഒരു അടയാളത്തിനായാണ് ബോട്ടുകളിൽ കൊടികൾ നാട്ടുന്നതത്രെ. ബാന്ദ്രയിലെ കാർട്ടർ റോഡിന് കുറച്ച് വലതുവശം മാറിയുള്ള ഖാർ ദാണ്ഡ മുക്കുവഗ്രാമം തന്നെയായി ഇപ്പോഴും നിലകൊള്ളുന്നു. അവിടെ മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന മുളകൾ പരസ്പരം കമ്പികൊണ്ട് ബന്ധിച്ചിരിക്കുന്നതു കാണാം. ഇവയിൽ കൊളുത്തിയിട്ടിരിക്കുന്ന ബോംബ്ലി (ബോംബെ ഡക്ക്) മത്സ്യങ്ങളുടെ മനംമടുപ്പിക്കുന്ന ഗന്ധം നിങ്ങൾക്കനുഭവപ്പെടും. (കോളികൾ ദയവായി ക്ഷമിക്കുക). സുറുമ, റാവൽ, പോംഫ്രെറ്റ്, അയല തുടങ്ങിയ മീനുകൾ വില്ക്കുന്ന ചെറിയ ചെറിയ സ്റ്റാളുകളിലെ വില്പനക്കാരിലധികവും കോളി സ്ത്രീകളാണ്. അവരിൽ ഹിന്ദുക്കളും ക്രിസ്തുമതവിശ്വാസികളുമുണ്ട്. ‘ചൽത്താ ഫിർതാ സണ്ടാസ്' (സഞ്ചരിക്കുന്ന ശൗച്യാലയം) ഒരു ആഡംബരമായി അവിടെ സ്ഥാനംപിടിച്ചിരിക്കുന്നു. പിള്ളേരും സ്ത്രീകളും കടലിനോടൊട്ടിനിൽക്കുന്ന പാറകൾക്കിടയിൽ വെളിക്കിരിക്കുന്നു. പെണ്ണുങ്ങൾ കുട മറച്ചുപിടിച്ചിട്ടുണ്ടെന്ന വ്യത്യാസം മാത്രം.
ഞാൻ ശ്രീധർ പൂജാരിയുടെ വൺ + വൺ നിലയുള്ള കൊച്ചു കെട്ടിടത്തിലേക്ക് കയറിച്ചെന്നു. അദ്ദേഹം പുറത്തുപോയിരിക്കയാണ്. ശ്രീമതി എന്നെ അകത്തേക്കു ക്ഷണിച്ചു. മക്കൾ വർഷയും അഭിഷേക് പൂജാരിയും ടി.വി.യിൽ കണ്ണും നട്ടിരിക്കയാണ്. ഏതോ ഒരു ബോറൻ തമിഴ് സിനിമയുടെ ഹിന്ദി റീമേക്കാണ് അപ്പോൾ പ്രദർശിപ്പിക്കുന്നത്. അധികം വൈകാതെ ശ്രീധറെത്തി.
‘‘കസ കായ് ?''
‘‘ഏകം ദം ടിക് ടാക്'' എല്ലാം നന്നായി നീങ്ങുന്നെന്ന് ഞാൻ ഉത്തരം പറഞ്ഞു. ഞങ്ങൾ പലതിനെയും കുറിച്ച് സംസാരിച്ചു.
ഖാർദാണ്ഡയിലെ കോളികളുടെ ജീവിതത്തെക്കുറിച്ച് നമുക്ക് ശ്രീധർ പൂജാരിയോട് ചോദിച്ചറിയാം.
‘‘ഞാൻ മാംഗ്ലൂരിയനാണ്. കോളിയല്ല. വർഷങ്ങൾ പത്തുമുപ്പത് കഴിഞ്ഞിരിക്കുന്നു ഞാനിവിടെ താമസമാക്കിയിട്ട്. എന്റെ സംസർഗ്ഗം ഇവിടെയുള്ള കോളികളുമായത്സ്വാഭാവികം മാത്രം. ചെറിയ ഈ പ്രദേശത്തുള്ള ഭൂരിഭാഗം ജനങ്ങളും കടലിനെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരാണ്. പുരുഷൻ മീൻപിടിക്കുന്നു; സ്ത്രീകൾ അവ വിറ്റ് കുടുംബം പുലർത്തുന്നു. പക്ഷേ, കടലിനെ മലീമസമാക്കുന്ന ഒട്ടേറെ കാര്യങ്ങൾ കോളികളുടെ ജീവിതം താറുമാറാക്കുന്നുണ്ട്. നരിമാൻ പോയിന്റിൽ റിക്ലമേഷൻ നടത്തി കൂറ്റൻ കെട്ടിട സമുച്ചയങ്ങൾ ഉയർന്നുവന്നിട്ട് വർഷങ്ങൾ പത്ത് നാല്പതോളമായി. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി പരിലസിക്കുന്ന ബോംബെ (മുംബൈ) യിലെ 45% പണമിടപാടുകൾ നരിമാൻ പോയിന്റിലാണ് നടക്കുന്നത്. അവിടെ ഭരണകൂടം മുക്കുവഗ്രാമങ്ങൾ കയ്യേറി കോർപ്പറേറ്റ് കമ്പനികളുടെ ഓഫീസുകളാക്കി മാറ്റി’’- ശ്രീധർ പൂജാരി വികാരാധീനമായി പറയുന്നു.
‘‘ഖാർ ദാണ്ഡക്ക് ഭീഷണിയാകുന്ന 30 കി.മീ ദൂരമുള്ള തീരദേശ റോഡിന് ഗ്രേറ്റർ മുംബൈ പ്ലാനിടുന്നുണ്ട്. ഈ റോഡ് വരുന്നതോടെ മത്സ്യങ്ങളുടെ പ്രജനനത്തിന് അനിവാര്യമായ കണ്ടൽക്കാടുകൾ നശിക്കുകയാണെന്ന് ആരും ഓർക്കാത്തതെന്ത്?'' ശ്രീധർ വസ്തുതാപരമായി പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി.
ഒടുവിൽ കിട്ടിയത്
കോളികളുടെ പുത്തൻ തലമുറക്ക് തങ്ങളുടെ പരമ്പരാഗത തൊഴിലായ മത്സ്യബന്ധനത്തിൽ താല്പര്യം കുറഞ്ഞ് തുടങ്ങിയിരിക്കുന്നു. അവരുടെ പാർപ്പിടങ്ങളിൽ ചിലത് ബിൽഡർമാർക്ക് വിറ്റ് അവിടെ ഉയർന്നുവന്ന ബഹുനിലകെട്ടിടങ്ങളിലെ ഫ്‌ളാറ്റുകൾ വാടകയ്ക്ക് നൽകി മേലനങ്ങാതെ പണമുണ്ടാക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നുണ്ട്. കോളി സന്തതികളിൽ പലരും ഷോപ്പ് അസിസ്റ്റന്റ്, ടെലികോളർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുകയാണ്. ഇതാണ് കൂടുതൽ മാന്യമെന്ന് അവർ കരുതുന്നുണ്ടാകാം.
ഖാർ ദാണ്ഡയിൽനിന്ന് ബാന്ദ്ര സ്റ്റേഷനിലേക്ക് ഓട്ടോ പിടിച്ച് ഞാനെത്തിയപ്പോൾ സമയം രാവിലെ പത്തര കഴിഞ്ഞിരുന്നു. അന്ന് ശനിയാഴ്ചയായതിനാൽ അന്ധേരി-വിറ്റി ലോക്കലിൽ അത്ര തിരക്കില്ല. കംപാർട്ട്‌മെൻറിലെ വിൻഡോ സീറ്റിലിരുന്ന് ഞാനൊന്നു മയങ്ങി. ഹാർബർ ലൈനിലൂടെ തീരെ വേഗതയില്ലാതെ നീങ്ങിക്കൊണ്ടിരുന്ന ലോക്കൽ വിറ്റിയിലെത്തിയത് അറിഞ്ഞില്ല.
ആരോ എന്നെ തൊട്ടുണർത്തി.
പ്ലാറ്റ്‌ഫോമിൽ ചിതറിയ യാത്രക്കാരിലൊരാളായി വിറ്റി സ്റ്റേഷന് പുറത്തുകടുന്നു. മഹാനഗരത്തിലെ ആദ്യ സിനിമാതിയേറ്റർ ക്യാപിറ്റലിന്റെ അവശിഷ്ടങ്ങൾ മാത്രമാണിപ്പോൾ നമ്മെ അവിടെ എതിരേൽക്കുന്നത്.
പഴമ പുതുമക്ക് വഴിമാറുന്നതിന്റെ ഒരു ദൃഷ്ടാന്തം. ടാക്‌സിയിൽ കയറി സാസൂൺഡോക്കിലേക്ക് തിരിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.
വൃദ്ധനായ യു.പി. ബയ്യക്ക് ഈ ചെറിയ സവാരി ലഭിച്ചതിൽ വലിയ സന്തോഷമുള്ളതായി കണ്ടില്ല. അയാൾ നിസ്സംഗനായി വണ്ടിയോടിച്ച് ഡോക്ക് പരിസരത്തെത്തി. ഇനി മുമ്പോട്ട് പോകാൻ കഴിയാത്തവിധം റോഡ് മഴയിൽ കുതിർന്ന് ചെളിപിളി ആയിട്ടുണ്ട്.
കൊങ്കണിയും മറാഠിയും കലർന്ന കോളികളുടെ ഭാഷ സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാകില്ലെങ്കിലും മുട്ടൻ തെറികളാണ് അവർ കാച്ചിവിടുന്നത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് ബോംബെയിലെത്തിയ ജൂതപ്രമുഖരിലൊരാളായ ഡേവിഡ് സാസുണിന്റെ സ്മരണ നിലനിർത്തുന്ന, 1875ൽ നിർമ്മിക്കപ്പെട്ട സാസൂൺ ഡോക്ക് മുക്കുവരുടെ കശപിശയും മത്സ്യവില്പനക്കാരികളായ കോളി സ്ത്രീകളുടെ വിലപേശലും കൊണ്ട് മുഖരിതമാണ്. യന്ത്രവൽകൃത ഫിഷിങ്ങ് ബോട്ടുകളിൽനിന്ന് ചെറുതും വലുതുമായ മീനുകൾ നിറച്ച പ്ലാസ്റ്റിക്ക് ക്രേറ്റുകൾ മത്താടികൾ (ചുമട്ടുകാർ) ഇറക്കിവെക്കുന്നുണ്ട്. അവയിൽ ഐസ്‌കഷണങ്ങൾ വിതറിക്കൊണ്ടിരിക്കുകയാണൊരു സുന്ദരി കോളിപ്പെണ്ണ്. കാക്കകൾ അങ്ങോട്ടുമിങ്ങോട്ടും ഒളികണ്ണിട്ട് നോക്കി മീനുകൾ കൊത്തിയെടുത്ത് അടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് പറക്കുന്നു. മണ്ണിൽ വിരിച്ചിട്ട ഫ്‌ളക്‌സ് ഷീറ്റിലേക്ക് ചെറിയ മീനുകൾ തരംതിരിക്കുകയാണ് ചില മച്ചിവാലികൾ. അതിനു കുറച്ചുമാറി ചെറിയ ചെറിയ പങ്കുകളായി (വാട്ടി എന്നാണതിനെ മറാഠിയിൽ പറയുക) അയല, ആവോലി, ചെമ്മീൻ തുടങ്ങിയവ വില്പനക്കായി നിരത്തിവെച്ചിട്ടുണ്ട്. വില്പനക്കാരികൾ ബീഡി പുകയ്ക്കുന്നു. ചിലർ മൊബൈൽഫോണിൽ ഇടതടവില്ലാതെ സംസാരിക്കുന്നു.
കൊങ്കണിയും മറാഠിയും കലർന്ന കോളികളുടെ ഭാഷ സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാകില്ലെങ്കിലും മുട്ടൻ തെറികളാണ് അവർ കാച്ചിവിടുന്നത്. ഉദ്ദേശം 1600ലധികം യന്ത്രവൽകൃത മത്സ്യബന്ധനബോട്ടുകൾ ദിനവും സാസൂൺ ജെട്ടിയിൽ നിന്ന് കടലിൽ മീൻപിടിക്കാനിറങ്ങുന്നുവെന്ന് ഈ അന്വേഷണം വ്യക്തമാക്കി. ‘‘പ്രധാനമായും യന്ത്രവൽകൃത മത്സ്യബന്ധനബോട്ടുകളെ ആശ്രയിച്ചുകൊണ്ടുള്ള മത്സ്യബന്ധന സമ്പ്രദായം മൂലം ചെറു മത്സ്യങ്ങൾക്ക് മുറിവ് പറ്റുന്നു. കുറെയെണ്ണം ചത്തുപോകുന്നുമുണ്ട്. എന്തുതന്നെയായാലും ട്രോളിങ്ങ് സമ്പ്രദായം ഇന്നത്തെ മത്സ്യബന്ധന സംവിധാനത്തിന് അനിവാര്യമാണ്. അതിനാൽ ട്രോളിങ്ങ് നിരോധിക്കാനാകില്ല'' മഹാരാഷ്ട്ര ഗവ.ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അനിൽ ദിവേദ്ക്കർ പറയുന്നു.
മത്സ്യവിളയിലൂടെ സർക്കാർ ഖജനാവിൽ വിദേശനാണ്യമടക്കം കോടിക്കണക്കിന് പണം വന്നുചേരുന്നുണ്ട്.
‘‘കടലിൽ അധ്വാനിച്ച് ജീവിതം നയിക്കുന്നവരാണ് ഞങ്ങൾ കോളികൾ. വലിയ യന്ത്രവൽകൃതബോട്ടുകളുടെ സഹായത്തോടെ അനായാസേന മത്സ്യബന്ധനം നടത്താം. പക്ഷെ, എന്നെപ്പോലുള്ള കുഞ്ഞുകുട്ടി പരാധീനക്കാരനായ ഒരാളുടെ അന്നംമുട്ടിക്കുന്ന രീതിയിൽ ട്രോളിങ്ങ് മഹാരാഷ്ട്രയിലുടനീളവും ബോംബെയിലും സജീവമാണ്. രാത്രി പകൽ ഭേദമില്ലാതെ ഇവ കടലിലുണ്ട്. ഇവയിൽനിന്ന് ചോരുന്ന ഡീസൽ, പെട്രോൾ തുടങ്ങിയവ കടൽവെള്ളം മലീമസമാക്കുന്നു. തന്മൂലം മത്സ്യങ്ങൾ ചത്തൊടുങ്ങുന്നു. അന്ധേരി വെർസോവ ബീച്ചിലെ ജലപരിശോധനയിൽ സാധാരണ കടൽവെള്ളത്തേക്കാൾ 23 മടങ്ങ് മലിനമാണ് അതെന്നു തെളിഞ്ഞിട്ടുണ്ട്. ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഒരുപാട് വസ്തുക്കൾ കടൽവെള്ളത്തേയും ബീച്ചിനേയും കൂടുതൽ കൂടുതൽ വഷളാക്കുന്നു.'' അരുൺ വാസ് എന്ന അഭ്യസ്തവിദ്യനായ കോലിയെപോലുള്ളവരുടെ ഈ അഭിപ്രായം ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണ്.
ഏപ്രിലിൽ മഹാനഗരത്തിൽ മഴ പതിവില്ലെങ്കിലും ഒരു പേമാരിതന്നെ ആകാശം പെയ്‌തൊഴിക്കുന്നുണ്ട്. കുറച്ചുസമയം ഒരു ടീസ്റ്റാളിൽ കയറിനിന്നെങ്കിലും മഴ ശമിക്കുന്ന ലക്ഷണമില്ല. സാസൂൺ ഡോക്കിനോട് വിടചൊല്ലി ടാക്‌സി പിടിക്കാനായി കൊളാബ പോസ്റ്റോഫീസ്‌വരെ നടക്കേണ്ടിവന്നു.
ഏക് ദം സിംപിൾ ബാത്ത്!
‘‘ഇവിടെ കടലോരപ്രദേശം 800 കിലോമീറ്ററെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ പ്രദേശങ്ങളുടെ സംരക്ഷണാർത്ഥം അനേകം ചട്ടങ്ങളും നിയമങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. റിസോർട്ടുകൾ, ഹോട്ടലുകൾ, സ്വകാര്യ പാർപ്പിടങ്ങൾ തുടങ്ങിയവ ഇന്ത്യയിലെ തീരപ്രദേശങ്ങളിൽ എന്നാൽ നമുക്കിപ്പോൾ കാണാം. ബോംബെയിലെ കോളി ഗ്രാമങ്ങളിൽ പലതും പേരിനുമാത്രമായിത്തീർന്നിരിക്കുന്നു. ആകാശചുംബികൾക്ക് താഴെ ഞെരിഞ്ഞമർന്ന സ്ഥിതിയിലാണ് ബോംബെയിലെ മുക്കുവക്കുടികൾ. നരിമാൻ പോയിന്റ്, ബാന്ദ്ര- കുർള കോംപ്ലക്‌സ്, കഫേ പരേഡ് തുടങ്ങിയ ഇടങ്ങളിൽ കോർപറേറ്റ് കമ്പനികൾ വളർന്നുവലുതായപ്പോൾ ഈ സ്ഥലങ്ങളത്രയും ഒരു കാലത്ത് മുക്കുവഗ്രാമങ്ങളായിരുന്നു എന്ന സത്യം ഭരണകൂടം സൗകര്യപൂർവ്വം മറന്നുപോയിരിക്കുന്നു. ഗവൺമെന്റിന് ഇത്തരം ‘അധികൃത കയ്യേറ്റം' നടത്താൻ ബോംബെയിൽ മുക്കുവഗ്രാമങ്ങൾ ഇനി ഇല്ലെന്ന് നമുക്ക് സമാധാനിക്കാം.'' കുസും എന്ന എന്റെ ടെയിൻ സഹയാത്രിക ഹൈസ്‌കൂൾ ടീച്ചർ തുറന്നടിച്ചു. അവർ തുടർന്നു:
‘‘ബോറിവിലിക്കടുത്തുള്ള ഗോരായ് കടലോരപ്രദേശങ്ങളിലുള്ള കണ്ടൽക്കാടുകളിൽ പ്ലാസ്റ്റിക് സഞ്ചികൾ ചുറ്റിപ്പിടിച്ചിരിക്കുന്നു. ഭയന്തർ ക്രീക്കിൽ നിറഞ്ഞുനിൽക്കുന്ന കണ്ടൽക്കാടുകളിലെ അവസ്ഥയും ഇതുപോലെത്തന്നെ. മഡ്‌ഐലന്റിനു സമീപമായി എസ്സെൽ ഗ്രൂപ്പിന്റെ എസ്സെൽ വേൾഡ് അമ്യൂസ്‌മെൻറ് പാർക്ക് ധാരാളം ജനങ്ങളെ ആകർഷിക്കുന്നുണ്ട്. വലിയ ഒരു തുക തന്നെ അവർ പ്രവേശനടിക്കറ്റ് ഇനത്തിൽ ഈടാക്കുന്നുണ്ട്. പക്ഷേ, അതാ ആ പരിസരത്ത് ചത്തൊടുങ്ങിയ വിവിധയിനം മീനുകളെ നോക്കൂ. പ്ലാസ്റ്റിക് ഉറകളും കപ്പലണ്ടി പൊതിഞ്ഞ കടലാസുകളും മറ്റും നിറഞ്ഞ ആ പരിസരമെങ്കിലും ഒന്നു വൃത്തിയാക്കേണ്ടതല്ലേ!'' കുസും അല്പം രോഷാകുലയായി പറഞ്ഞു.
കോളികളുടെ ജന്മനാടായ മുംബൈയിൽ ഇപ്പോൾ അവർ അന്യവൽക്കരിക്കപ്പെട്ടുതുടങ്ങി. അവർ സ്വന്തം രാഷ്ട്രീയം കൊണ്ടാടുമ്പോഴും പാവപ്പെട്ട കോളി ജനത അത്രയൊന്നും പരിഷ്‌കാരതിമിർപ്പിൽ ആറാടാതെയും അവരുടേതായ ആചാരാനുഷ്ഠാനങ്ങൾ കൈവിടാതെയും മുംബാ ദേവിയേയും എക്‌വീര ദേവിയേയും പ്രസാദിപ്പിക്കാൻ നാരൽ പൂർണിമയും ‘ഷിംഗ' (ഹോളി)യുമൊക്കെ കൊണ്ടാടുന്നു. ക്രിസ്ത്യൻ കോലികൾ കൊച്ചുത്രേസ്യാ പുണ്യവതിയുടെയും മദർ മേരിയുടെയുമൊക്കെ പെരുന്നാളുകൾ ആഘോഷപൂർവ്വം നടത്തുന്നുമുണ്ട്.
ഈ അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ അർണ്ണാലയിലെ സുനന്ദ ഗാവ്‌ഡെ എന്ന കോലി സ്ത്രീയെ പരിചയപ്പെട്ടു. ‘‘ഇത് ഞങ്ങളുടെ ബോംബെയാണ്. നിങ്ങളെല്ലാം പുറംനാട്ടുകാർ. അംബാനിയോ അദാനിയോ അതുപോലെ മറ്റാരെങ്കിലുമാകട്ടെ, യേ അംചി മുംബൈ ആഹോത്.''- ഇത് ഞങ്ങളുടെ മാത്രം ബോംബെയാണെന്ന് സുനന്ദ ഊന്നിപ്പറയുന്നു.
റോസാന്ന ഡിക്രൂസ് എന്ന മധ്യവയസ്‌കയെ മലാഡ് ചർച്ചിൽനിന്ന് നൊവേന കഴിഞ്ഞിറങ്ങുമ്പോൾ കണ്ടുമുട്ടി. അവർ മലാഡ് മനോർ ദ്വീപിലുള്ള ഒരു കോളിയാണ്. എന്റെ സുഹൃത്തുക്കളിലൊരാളായ മൈക്കിൾ ഡിസൂസ എന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ് അവരെ പരിചയപ്പെടുത്തിയത്. സ്ഫുടമായ ഹിന്ദിയിൽ റോസാന്ന കാര്യകാരണസഹിതം കോളികളുടെ നിശ്ചദാർഢ്യവും സ്ഥിരോത്സാഹവും ചൂണ്ടിക്കാണിച്ച അവർ ബാങ്കുകൾ വെയ്ക്കുന്ന ലോണുകളെന്ന കെണികളുടെ യഥാതഥ ചിത്രം അവതരിപ്പിച്ചതിങ്ങനെ.
‘‘പടിഞ്ഞാറൻ ബാന്ദ്രയിൽനിന്ന് പ്രഭാവതിയിൽ ചെന്നെത്തുന്ന കടൽപ്പാലം മുംബൈയുടെ സൗന്ദര്യവും യാത്രാസൗകര്യവും വർദ്ധിപ്പിക്കുന്നുണ്ട്. പക്ഷേ, അതിനു താഴെ മത്സ്യബന്ധന ബോട്ടുകൾക്ക് സുഗമമായി സഞ്ചരിക്കാനാകുന്നില്ല. ബോറിവിലി- ഗോരായിൽ ഒ.എൻ.ജി.സി. എണ്ണഖനനം നടത്തുന്നുണ്ട്. ഇതുമൂലം പത്ത് മുപ്പത്തഞ്ച് കിലോമീറ്റർ ദൂരത്തോളം ഞങ്ങൾക്ക് മത്സ്യബന്ധനത്തിന് കഴിയുന്നില്ല. അവിടെ കടൽജലത്തിൽ വല്ലാതെ മാലിന്യം നിറഞ്ഞിട്ടുണ്ട്. ഞങ്ങൾ അധ്വാനശീലരായ കോളികളാണ്. മഹാരാഷ്ട്രയിലെ ചില കർഷകരെപ്പോലെ കടംകയറി കോളികൾ ആത്മഹത്യ ചെയ്യാറില്ല. ബാങ്കുകളും മറ്റ് പണമിടപാട് സ്ഥാപനങ്ങളും ഞങ്ങൾക്ക് ലോൺ നല്കുന്നുണ്ട്. അതോടെ ബോട്ടിന്റെ പേപ്പറുകൾ അവരുടെ സേഫിൽ കുടുങ്ങുന്നു. പ്രകൃതി ക്ഷോഭിക്കുമ്പോൾ ഞങ്ങൾക്കു കടലിൽ വഞ്ചിയിറക്കാൻ കഴിയില്ല. തന്മൂലം കുടുംബം പട്ടിണിയാകും. അതൊഴിവാക്കാൻ ഞങ്ങളുടെ പുരുഷന്മാരിൽ പലർക്കും വിവാഹാഘോഷവേളകളിൽ ബാൻറ് വായിക്കാനിറങ്ങേണ്ടിവരും. പലിശക്കുമുകളിൽ പലിശയും അതിനു മുകളിലുള്ള പലിശയും ചൂണ്ടിക്കാട്ടി അവസാനം നോട്ടീസുകളെത്തും. പണം തിരിച്ചടക്കാൻ കഴിയാതെ വരുമ്പോൾ മോട്ടോർബോട്ട് ബാങ്ക് കൊണ്ടുപോകുകയും ചെയ്യും.'' ഇതാണ് ബാങ്ക്‌വായ്പ എന്ന കെണിയുടെ ‘ഏക് ദം സിംപിൾ ബാത്ത്' (ഏറ്റവും ചെറിയ ഉദാഹരണം) റോസാന്ന പൊട്ടിച്ചിരിച്ചുകൊണ്ട് സംഭാഷണമവസാനിപ്പിച്ച് നടന്നുനീങ്ങി.
''ഹായ് തോ ഹൈ.... ഹായ് തോ ഹൈ.... ധരിയാ കിനാരേ ഏക് ബംഗളോ ബൊപ്പോരെ ഹായ് തോ ഹായ്....'' തടാകക്കരയിൽ താനൊരു ബംഗ്ലാവു പണിയുമെന്ന കോളി സ്വപ്നങ്ങൾ ഇനി ചിറകുവിടർത്തുമോ? കരകാണാക്കടലിന് മേലെ മോഹപ്പൂങ്കുരുവികൾ പറക്കുമോ? ആർക്കറിയാം! ▮
ബുക്കർമീഡിയ ഉടൻ പ്രസിദ്ധീകരിക്കുന്ന ജീവൻരേഖ (അതിജീവനത്തിന്റെ കഥകൾ) എന്ന പുസ്തകത്തിൽ നിന്ന് ഒരദ്ധ്യായം