ഉറുമ്പുകൾ, ചത്തപശു, കാവൽക്കാരന്റെ ഭാര്യ

ക്യാമറമാനും എഴുത്തുകാരനും സംവിധായകനുമായ വേണുവിന്റെ കുടജാദ്രി യാത്രാനുഭവം.

വേണു

ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം സന്ധ്യക്ക് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മഴ ചെയ്യുന്നുണ്ടായിരുന്നു. അന്ന് കേരളത്തിൽ മൊബൈൽ ഫോണില്ല. എം.ടി. വാനപ്രസ്ഥം എഴുതിയിട്ടില്ല. അരവിന്ദനും പത്മരാജനും മരിച്ചിട്ടില്ല.

മഴ കുറയാൻ കാത്തുനിന്ന് മടുത്ത് ഒടുവിൽ ഞാൻ അമ്പലത്തിനകത്തക്ക് മഴ നനഞ്ഞ് ഓടിക്കയറി. നടയ്ക്ക് മുമ്പിൽ ചെന്ന് തൊഴുതു. പക്ഷേ, ഒന്നും മനസ്സിൽ തൊടുന്നില്ല. കണ്ണടച്ച് ഇരുട്ടാക്കി വീണ്ടും ശ്രമിച്ചു നോക്കി. എത്ര ശ്രമിച്ചിട്ടും ഭക്തിയും വിശ്വാസവും മാറി നിൽക്കുന്നു. ഒരിടത്തും ഒരു പിടുത്തം കിട്ടുന്നില്ല. ഒന്നിനും ബലം തോന്നുന്നില്ല. ഈ മനസ്സുമായി ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല.

വിശ്വാസത്തിന്റെ അത്താണികൾ എനിക്ക് കൈ എത്താവുന്നതിലും വളരെ ഉയരത്തിലാണ് എന്ന് ഞാൻ മനസ്സിലാക്കി. അവിടെ ചുമടിറക്കുക എനിക്കസാധ്യമാണ്. അത്താണികൾ ശാശ്വത പരിഹാരങ്ങളല്ല എന്നെനിയ്ക്ക് അറിയാം. ഭാരമിറക്കി ഒന്ന് ശ്വാസം വിട്ട് വിയർപ്പ് തുടയ്ക്കാനള്ള ഒരിടവേള അത് നമുക്ക് തരും. പക്ഷേ അടുത്ത നിമിഷം നമ്മുടെ ചുമടുകൾ നമ്മെ നോക്കി എന്റെ കാര്യം എന്റെ കാര്യം എന്ന് പറഞ്ഞ് ശല്യം ചെയ്യാൻ തുടങ്ങും. എന്നുവെച്ച് 'എനിക്കീ ഭാരം ഇനി ചുമക്കാൻ വയ്യ' എന്ന് പറഞ്ഞ് ഇതുവരെ ചുമന്നതൊക്കെ വഴിയിലുപേക്ഷിച്ച് കൈയ്യും വീശി സമാധാനമായി നടന്നു പോകാനും എളുപ്പമല്ല.

മിക്കവരും വീണ്ടും ആ ഭാരം എടുക്കും. അടുത്ത അത്താണി വരെ ബദ്ധപ്പെട്ട് വീണ്ടുമത് ചുമക്കും. അതിങ്ങനെ തുടരും. ഒരു ദിവസം എല്ലാം താഴെ വീഴും. ഒന്നും എങ്ങും എത്തുകയില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരാജയ പരമ്പരകളുടെ ഒരു യാത്രയിലായിരുന്നു ഞാൻ. ഇന്നത്തെ ഈ പരാജയവും അതിന്റെ ഒരു സ്വാഭാവിക തുടർച്ച മാത്രമായിരിക്കും എന്ന് ഞാൻ സമാധാനിച്ചു. തൊട്ടതെല്ലാം പിഴച്ചപ്പോഴാണ് കുറച്ച് ഭക്തിമാർഗം പരീക്ഷിക്കാൻ തീരുമാനിച്ചത്. അതിങ്ങനെയായി. തിരിച്ചു വരാൻ ഒരാഴ്ച എങ്കിലും എടുക്കും എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ഇന്നിത് രണ്ടാം ദിവസം മാത്രം. എന്തെങ്കിലും കണ്ടു പിടിക്കണം. എങ്ങോട്ടെങ്കിലും പോകണം.

പെട്ടെന്ന് കുടജാദ്രിയുടെ കാര്യം ഓർമ വന്നു. എഴുത്തുകാരും കലാകാരന്മാരും മറ്റും സരസ്വതി കടാക്ഷത്തിനായി അവിടെ പോകാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. കാട്ടിനുള്ളിലാണ്, നടന്നു വേണം പോകാൻ എന്നും കേട്ടിട്ടുണ്ട്. എന്തായാലും പോയി നോക്കാൻ തീരുമാനിച്ചു. ആത്മീയതയിലും ദൈവികതയിലും തട്ടി വിഴാതെ, വെറുതേ ഒരു കാട്ടുനടപ്പായി മാത്രമെ ഇതിനെ കാണാവൂ എന്ന് മനസ്സിൽ പറഞ്ഞുറപ്പിച്ച് നേരത്തേ ഉറങ്ങാൻ കിടന്നു. രാവിലെ മുറിയിൽ നിന്നിറങ്ങിയപ്പോൾ എന്റെ ബാഗിന് ഒരുപാട് ഭാരമുണ്ടെന്ന് തോന്നി. ആവശ്യമില്ലാത്ത പലതും അതിലുണ്ടെന്നും തോന്നി. ഇഡലിയുടെ കാശ് കൊടുക്കുന്നതിനിടയിൽ കടക്കാരനോട് കുടജാദ്രിയുടെ കാര്യം അന്വേഷിച്ചു. ബസ്‌കാരോട് ചോദിച്ചാൽ മതിയെന്ന് പറഞ്ഞ് അയാൾ ബാക്കി തന്നു.

കുടജാദ്രിയെപ്പറ്റി മുൻപ് പറഞ്ഞ് കേട്ടിട്ടുള്ളത് എന്റെ അടുത്ത കൂട്ടുകാരനായ രാജീവിൽ നിന്നാണ്. മൂകാംബികാ ക്ഷേത്രത്തിലെ സ്ഥിരം തീർത്ഥാടകനാണ് രാജീവ് - അന്നും ഇന്നും. രാജീവിന്റെ കല്യാണവും അവിടെവെച്ചായിരുന്നു. വധു മീക് കോർണിപ്‌സ് വിദേശിയും ക്രിസ്ത്യാനിയുമാണ്. അങ്ങനെയുള്ളവർക്ക് കേരളത്തിലെ അമ്പലങ്ങളിൽ പ്രവേശനമില്ല. മൂകാംബിക ക്ഷേത്രത്തിൽ അത്തരം പ്രശ്‌നങ്ങളൊന്നും അന്നില്ല. ഇന്നത്തെ കാര്യം അറിയില്ല.
കല്യാണത്തിന് ഞങ്ങൾ ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു. എനിക്കായിരുന്നു ഫോട്ടോ എടുക്കാനുള്ള ചുമതല. അല്ലെങ്കിൽ അങ്ങനെയാണ് ഞാൻ വിചാരിച്ചത്. രാത്രിയിലെ ആഘോഷങ്ങളൊക്കഴിഞ്ഞ് രാവിലെ അമ്പലത്തിലേക്ക് പോകാൻ തയ്യാറായി ക്യാമറ കൈയിൽ എടുത്തപ്പോൾ അതിനു മുകളിൽ ഒരുപാട് ചെറിയ ഉറുമ്പുകൾ ഓടി നടക്കുന്നു. എല്ലാത്തിനേയും തട്ടിക്കളഞ്ഞ് ക്യാമറയുമായി ഞാനും മറ്റുള്ളവരോടൊപ്പം കല്യാണ സ്ഥലത്തേക്ക് പോയി. കുറച്ച് പടങ്ങളെടുത്തു.

അന്ന് ഫിലിം ക്യാമറയാണ്. ഒരു റോൾ തീർന്നപ്പോൾ രണ്ടാമതൊന്ന് ലോഡ് ചെയ്യാനായി ക്യാമറ തുറന്ന ഞാൻ ശരിക്കൊന്ന് ഞെട്ടി. വെളിച്ചത്തിനു പോലും കടന്ന് ചെല്ലാൻ കഴിയാത്ത കെട്ടുറപ്പിൽ നിർമിച്ചിട്ടുള്ള ക്യാമറയുടെ ഫിലിം ഇരിക്കുന്ന അറ ത്രസിക്കുന്ന ഒരു ഉറുമ്പിൻ കൂടായി മാറിയിരിക്കുന്നു. ആയിരക്കണക്കിന് ഉറുമ്പുകളാണ് എന്റെ ക്യാമറയ്ക്കുള്ളിൽ മുട്ടകളുമായി കൂടുവെച്ച് താമസം തുടങ്ങിയിരിക്കുന്നത്.

ഭയാനകമാകമായ ആ കാഴ്ച കണ്ട് എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ച് നിന്ന് പോയി. ഷട്ടറിലും ഫിലിം റോളിലുമെല്ലാം അവർ അവകാശം സ്ഥാപിച്ച് ഓടി നടക്കുന്നു. ചിലതെല്ലാം കൊമ്പ് കുലുക്കി പ്രതിഷേധിക്കുന്നു. ഇങ്ങനെയൊരവസ്ഥ എവിടെയും ഉണ്ടായതായി ഞാൻ കേട്ടിട്ടില്ല. ചില ഉറുമ്പുകൾ എന്റെ കൈയിലേക്കും അരിച്ചു കയറാൻ തുടങ്ങി. എന്റെ ശരീരം മുഴുവൻ ഉറുമ്പുകളാണെന്ന് എനിക്ക് തോന്നി.

കല്ല്യാണത്തിന് സമയമായി. തകിലും നാദസ്വരവും കേൾക്കാൻ തുടങ്ങി. ഞാൻ പരിഭ്രമിച്ച് ഉറുമ്പുകളെ ഊതിയും തട്ടിക്കുടഞ്ഞുമൊക്കെ പുറത്താക്കാൻ നോക്കി. ക്യാമറയുടെ അതിസൂക്ഷ്മ ഭാഗങ്ങളിൽ നിന്നു പോലും ഉറുമ്പുകൾ ഇറങ്ങി വരാൻ തുടങ്ങി. ഫിലിം റോളിനുള്ളിലും അവർ കടന്നു കയറി താമസം തുടങ്ങിയിരിക്കുന്നു.

എന്തും വരട്ടെ എന്ന് വിചാരിച്ച് ഒരു പുതിയ റോൾ ലോഡ് ചെയ്തു. പടങ്ങളെടുത്തു. പ്രിന്റ് വന്നപ്പോൾ എല്ലാ പടങ്ങളിലും വധൂവരന്മാർക്ക് കാവലായി ഉറുമ്പ് യോദ്ധാക്കളുടെ ഭീമാകാരമായ നിഴൽചിത്രങ്ങൾ പതിഞ്ഞിരിക്കുന്നു. പിന്നീട് ഒരു പാട് കാലം ഈ നിഴൽപ്പോരാളികൾ എന്റെ തലയ്ക്കുള്ളിൽ ഓടി നടന്ന് എന്റെ യുക്തിബോധത്തെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടിരുന്നു. അതിനുശേഷം ഇപ്പോഴാണ് വീണ്ടും മൂകാംബികയിൽ വരുന്നത്.

ഇത്തവണ എന്റെ കൈയിൽ ക്യാമറ ഇല്ല. ഉറുമ്പുകളേയും എങ്ങും കണ്ടില്ല.

കൊല്ലൂരിൽ നിന്ന് കുറച്ച് അകലെ ബസ് നിർത്തിയിട്ട് കണ്ടക്ടർ വലതുവശത്തേക്ക് ഒരു വഴി കാണിച്ചു തന്നു. അതിലെ നടന്നാൽ കുടജാദ്രിയിൽ എത്തുമെന്നും പറഞ്ഞു. അവിടെയിറങ്ങാൻ ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. ബസ് പോയി.

കാട്ടു പ്രദേശം പോലെ തോന്നി. ചെറിയ നൂൽ മഴയുണ്ട്. നടന്ന് തുടങ്ങിയപ്പോൾ ബുദ്ധിമുട്ട് തോന്നിയില്ല. നടവഴിക്ക് തെളിച്ചമുണ്ട്. ചെറിയ തണുപ്പും പുകമഞ്ഞും കണ്ടു തുടങ്ങി. കാടിന്റെ സ്വഭാവം പതുക്കെ മാറി വരാൻ തുടങ്ങി. അധികം വൈകാതെ തന്നെ ആദ്യത്തെ അട്ട കാലിൽ കയറി. പിന്നീടങ്ങോട്ട് അട്ടകളുടെ നിയന്ത്രണത്തിലായിരുന്നു എല്ലാം. ഇതിന് മുൻപും ചില കാട്ട് പ്രദേശങ്ങളിൽ അട്ടകളുടെ ആകമണം ഞാൻ അനുഭവിച്ചിട്ടുള്ളതാണ്. എന്നാൽ ഇതുപോലെ ലക്ഷ്യബോധവും നിശ്ചയദാർഢ്യവും ഉള്ള അട്ട സമൂഹത്തിനെ എവിടെയും കാണാൻ കഴിഞ്ഞിട്ടില്ല. അട്ടകടിയിൽ നിന്ന് രക്ഷപ്പെടാനുള്ള മറുമരുന്നുകളൊന്നും എന്റെ കൈയിൽ ഇല്ല. ഒരിടത്തും നിൽക്കാതെ വേഗം നടക്കുക എന്നത് മാത്രമാണ് ഏക മാർഗം.

പരിചയമില്ലാത്ത സ്ഥലങ്ങളാണ്. പന്നിയും പാമ്പും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. കയറ്റങ്ങളും കൂടി വരുന്നു. ഇടക്ക് തുറന്ന പ്രദേശങ്ങളും ഉണ്ടായിരുന്നു. വെയിൽ തീരെയില്ല. തണുപ്പും നനവുമുണ്ട്. ഒരു മണിക്കൂറോളം നടന്നു കഴിഞ്ഞപ്പോൾ കുറച്ചകലെയായി പുല്ലു മേഞ്ഞ ഒരു കൂര തെളിഞ്ഞു വന്നു. ഒരു ചെറിയ ചായക്കടയാണ്. അവിടെക്കണ്ട ഒരു ബെഞ്ചിലിരുന്നു. പാലില്ല, കട്ടൻ കാപ്പിയേ ഉളളൂ എന്ന് കടയുടമസ്ഥൻ തങ്കപ്പൻ പറഞ്ഞപ്പോൾ അതുമതി എന്ന് ഞാനും പറഞ്ഞു.

ഞാൻ വന്ന ഭാഗത്തക്ക് നോക്കി കൂടെയാരുമില്ലേ എന്ന് തങ്കപ്പൻ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ എങ്കിൽ കട്ടനൊന്ന് മതിയല്ലോ എന്ന് പറഞ്ഞ് തങ്കപ്പൻ അടുക്കളയിലേക്ക് പോയി. തങ്കപ്പന്റെ കാപ്പിക്ക് രുചിയും മണവുമുണ്ടായിരുന്നു. അന്ന് അവിടെയിരുന്ന് ആ കാപ്പി ഊതി കുടിക്കുമ്പോൾ എനിയ്ക്കറിയില്ലായിരിന്നു ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം ഒരു ജനുവരി മാസത്തിൽ തങ്കപ്പൻ മരിക്കുമെന്നും, അടുത്ത ദിവസം രാവിലെ ഞാനെന്റെ വീട്ടിൽ ഇതു പോലൊരു കട്ടൻ കാപ്പിയും കുടിച്ചിരുന്ന് ആ വാർത്ത പത്രത്തിൽ വായിയ്ക്കുമെന്നും, ഇതെല്ലാം വീണ്ടും ഓർക്കുമെന്നും.

ഇനിയുള്ള വഴി ദുർഘടം പിടിച്ചതാണെന്നും അലക്ഷ്യമായി നടക്കരുതെന്നും തങ്കപ്പൻ പറഞ്ഞു. കുറച്ച് ഉപ്പുകല്ലുകൾ കിഴികെട്ടിത്തന്നിട്ട് ഇത് ഇടയ്ക്കിടെ വെള്ളം നനച്ച് കൈയിലും കാലിലും തേച്ചാൽ മതി, അട്ട ശല്യം കുറേയൊക്കെ ഒഴിവായിക്കിട്ടുമെന്നും പറഞ്ഞു. തിരിച്ചു വരുമ്പോൾ കാണാമെന്ന് പറഞ്ഞ് ഞാൻ കയറ്റം കയറാൻ തുടങ്ങി.

പ്രകൃതിഭംഗി ആസ്വദിക്കാനോ ഒന്നു ശ്വാസം വിടാനോ പോലും അട്ടകൾ അനുവദിക്കുന്നില്ല. പൊടിമഴയിലും പുകമഞ്ഞിലും വല്ലപ്പോഴുമാണ് കാടും മലകളും മുഖം തരുന്നത്. ഇടയ്ക്ക് മഞ്ഞ് മറയൊന്ന് മാറിയപ്പാൾ ദൂരെക്കണ്ട മലമുകളായിരിയ്ക്കും കുടജാദ്രി എന്ന് ഞാനൂഹിച്ചു. അവിടെ എന്തായിരിക്കും എന്നെക്കാത്തിരിക്കുന്നത് എന്ന് എനിക്കപ്പോൾ യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.

കുടജാദ്രിയിൽ താമസിക്കാൻ പറ്റുന്ന സ്ഥലം ക്ഷേത്രം പൂജാരിയുടെ വീടാണെന്ന് കേട്ടിട്ടുണ്ട്. പൂജാരിയും കുടുംബവും വീട്ട് മുറ്റത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. പൂജാരിയുടെ മക്കൾ ദൂരെക്കാഴ്ചയിൽ സുന്ദരിമാരാണ്. പക്ഷേ ഞാൻ നടന്ന വഴി പോയി നിന്നത് കുറച്ചു കൂടി ഉയരത്തിലുള്ള പൊളിഞ്ഞ വീടിന്റെ മുറ്റത്താണ്. ഇവിടെയും ഉറങ്ങാൻ സ്ഥലമുണ്ട്. ഇതിനെപ്പറ്റി ആരും മുൻപ് പറഞ്ഞ് കേട്ടിട്ടില്ല.

ഇത് സർക്കാർ വകയാണെന്നും താനാണിവിടുത്തെ കാവൽക്കാരനെന്നും ഒരാൾ പറഞ്ഞു. അയാളും കുടുംബവുമാണ് അവിടെ താമസം. വലത്ത് ഭാഗത്ത് താഴെ പൂജാരിയും കുടുംബവും എന്നെ നോക്കി പ്രതീക്ഷയോടെ നിൽക്കുന്നുണ്ട്. എനിക്കെന്തോ പൂജാരിയുടെ വീടിനേക്കാൾ താത്പര്യം തോന്നിയത് വൃത്തിയില്ലാത്ത ഈ സർക്കാർ ഭവനത്തിനോടാണ്. ഞാൻ ബാഗ് താഴെ വെച്ചു. പൂജാരിയും കുടുംബവും വീടിനകത്തേക്ക് കയറിപ്പോയി.

കാവൽക്കാരന്റെ ഭാര്യയ്ക്ക് കുറച്ചൊക്കെ മലയാളം അറിയാം. വാതിൽപ്പാളികളില്ലാത്ത ഇടുങ്ങിയ ഒരു മുറി അവരെനിക്ക് കാണിച്ചു തന്നു. അതിൽ കഷ്ടിച്ചൊരു കട്ടിലിനുള്ള സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഷിഞ്ഞ മണമുള്ള ഒരു കമ്പിളി അതിൽ വിരിച്ചിരുന്നു. ഊണ് തയ്യാറാക്കാമെന്ന് പറഞ്ഞ് അവർ പോയി. അവരുടെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി ബന്ധുവിന്റെ മകളാണെന്നാണ് അവർ പറഞ്ഞത്. കാവൽക്കാരനും എങ്ങാട്ടോ പോയി.

പെട്ടെന്ന് ആ സ്ത്രീ തിരിച്ച് വന്ന് മുറിയിലുണ്ടായിരുന്ന ചില സാധനങ്ങളെടുത്ത് പുറത്ത് വെച്ചു. ഇത് ആരുടേതാണെന്ന് ചോദിച്ചപ്പോൾ അത് കുഴപ്പമില്ല എന്നവർ പറഞ്ഞു. സർക്കാർ ഭവനത്തിന്റെ മഹാ ഭൂരിഭാഗവും കാവൽക്കാരനും കുടുംബവുമാണ് ഉപയോഗിക്കുന്നത്. അടുക്കളയോട് ചേർന്നുള്ള വരാന്ത ഇപ്പോൾ പശുത്തൊഴുത്താണ്. അതിൽ ഒരു വലിയ പശുവും പശുക്കുട്ടിയും ഉണ്ടായിരുന്നു. ഈ പശുവിനെ വാങ്ങിയിട്ട് രണ്ട് ദിവസമേ ആയുള്ളു എന്ന് കാവൽക്കാരന്റെ ഭാര്യ പറഞ്ഞു.

ഊണ് കഴിഞ്ഞ് എന്തു ചെയ്യണമെന്നറിയാതെ ഞാൻ വെറുതെ മുറ്റത്തിറങ്ങി നിന്നു. കാവൽക്കാരന്റെ ഭാര്യ പശുവിനെ മേയാൻ അഴിച്ച് വിട്ടിരിക്കുന്നു. അതവിടെയൊക്കെ ചുറ്റി നടന്നു കാണുന്നുണ്ടായിരുന്നു. എന്നേപ്പോലെ തന്നെ അതിനും ഈ പ്രദേശമെല്ലാം പുതിയതാണല്ലോ എന്ന് ഞാനോർത്തു. മഴ പിന്നെയും പൊടിയാൻ തുടങ്ങി. ഞാൻ മെല്ലെ കമ്പിളിയുടെ ദുർഗന്ധത്തിലേക്ക് കയറി.

പെട്ടെന്ന് ഒരു മെലിഞ്ഞ പയ്യൻ ഹലോ എന്ന് പറഞ്ഞ് വാതിൽക്കൽ വന്ന് നിന്നു. കഷ്ടിച്ച് പത്തിരുപത് വയസ്സ് പ്രായമേ തോന്നൂ. ഇംഗ്ലീഷിലാണ് സംസാരം. ഇവനെ കുടിയിറക്കിയിട്ടാണ് കാവൽക്കാരന്റെ ഭാര്യ എനിക്ക് കിടക്കാനിടം തന്നതെന്ന് പെട്ടെന്നെനിക്ക് മനസ്സിലായി. അതൊന്നും സാരമില്ല എന്ന് പറഞ്ഞ് അവൻ വാ തോരാതെ വർത്തമാനം പറയാൻ തുടങ്ങി. രണ്ടാഴ്ചയായി ഇവിടെ താമസമാണെന്നും ബാംഗ്ലൂരാണ് വീടെന്നും അവൻ പറഞ്ഞു. വിനോദെന്നാണ് പേര്. അച്ഛന് ബാംഗ്ലൂരിൽ സ്വന്തം ഫാക്ടറി ഉണ്ടെന്നും അവിടെ ജോലി ചെയ്യാൻ താത്പര്യമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ കറങ്ങി നടക്കുന്നതെന്നും വിനോദ് പറഞ്ഞു. ഒരിടത്തും ഇരിപ്പുറക്കാത്ത സ്വഭാവക്കാരനാണിവൻ എന്ന് എനിക്ക് തോന്നി. ഈ ചുറ്റുവട്ടത്തുള്ള പ്രധാന സ്ഥലങ്ങളെല്ലാം വിനോദിനറിയാം. ശങ്കരാചാര്യർ, ചിത്രമൂല, യേശുദാസ്, മൂകാസുരൻ എന്നൊക്കെ അവൻ പറയുന്നുണ്ടായിരുന്നു. ഇപ്പോൾ തന്നെ പോയി അത് കാണാം, ഇത് കാണാം എന്നൊക്കെ പറഞ്ഞ് അവനെന്നെ ആതിഥ്യസൽക്കാരം കൊണ്ട് വശം കെടുത്തി.

എനിക്കൊന്ന് വിശ്രമിക്കണമെന്നും ഈ മഴയത്ത് വീണ്ടും അട്ട കടി കൊള്ളാൻ വയ്യ എന്നുമൊക്കെ പറഞ്ഞ് ഞാനൊഴിഞ്ഞു മാറി. അങ്ങനെയാണെങ്കിൽ കുറച്ച് കഴിഞ്ഞ് പോയാലും മതി എന്ന് പറഞ്ഞ് നല്ലവനായ വിനോദ് നിരാശനായി പുറത്തേക്ക് പോയി. ഞാനൊന്ന് ഉറങ്ങാൻ തീരുമാനിച്ചു.

പെട്ടെന്ന് പുറത്ത് ഉച്ചത്തിൽ സംസാരവും വിളിയും ബഹളവുമൊക്കെ കേട്ടു. ചാടിയെഴുനേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കാവൽക്കാരന്റെ ഭാര്യയും പെൺകുട്ടിയും നിലവിളിച്ചു കൊണ്ട് താഴേക്കോടിപ്പോകുന്നു.

എനിക്കൊന്നും മനസ്സിലായില്ല. ഞാനും പെട്ടെന്ന് പുറത്തിറങ്ങി. വീടിന്റെ മുൻപിൽ മേഞ്ഞു നിന്നിരുന്ന പശു പത്തു മുപ്പതടി താഴ്ചയിലേക്ക് വീണിരിക്കുന്നു. അത് അനക്കമില്ലാതെ കിടക്കുകയാണ്. കണ്ണുകൾ മാത്രം തുറന്നടയുന്നുണ്ട്. പൂജാരിയും പിന്നാലെ പെൺമക്കളും ഓടി വന്നു. കാവൽക്കാരന്റെ ഭാര്യ പശുവിനെ കുലുക്കി ഉണർത്താൻ ശ്രമിക്കുന്നുണ്ട്. കാവൽക്കാരനും വിനോദും എന്തൊക്കെയോ വിളിച്ചു പറയുന്നു. പൂജാരിയുടെ മകൾ പിച്ചള കിണ്ണമെടുത്തു കൊണ്ടുവന്ന് പൂജാരിയുടെ കൈയിൽ കൊടുത്തു. അയാളത് പശുവിന്റെ ചെവിക്കടുത്ത് വെച്ച് കൊട്ടി ശബ്ദമുണ്ടാക്കാൻ തുടങ്ങി. കാവൽക്കാരൻ പെട്ടെന്ന് തന്നെ വീട്ടിനകത്തേക്ക് പോയി കുപ്പായം മാറ്റി ഒരു ടോർച്ചുമായി ധൃതിയിൽ തിരിച്ച് വന്നു. ഭാര്യയോട് എന്തോ പറഞ്ഞ് അയാൾ അതിവേഗത്തിൽ മലയിറങ്ങി ഓടിപ്പോയി.

മൃഗവൈദ്യനെ വിളിക്കാൻ പോയതാണെന്ന് കാവൽക്കാരന്റെ ഭാര്യ പറഞ്ഞു. അതിന് ഷിമോഗയിൽ പോകണം. സമയമിപ്പോൾ നാലരയായി. കാട്ടിലൂടെ എളുപ്പവഴി പോയാൽ ഇരുട്ടാകുന്നത് മുൻപ് റോഡിലിറങ്ങാമെന്ന് ആരോ പറഞ്ഞു. ഷിമോഗയിലേക്ക് എന്ത് ദൂരമുണ്ടെന്ന് ചോദിച്ചപ്പോൾ എന്തായാലും രാവിലെ പത്തുപത്തരയ്ക്കകം വൈദ്യനുമായി മടങ്ങി വരാൻ പറ്റുമെന്ന് പൂജാരി പറഞ്ഞു. എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. എനിക്ക് മനസ്സിലാകാത്ത ഭാഷയിലാണ് എല്ലാവരും സംസാരിക്കുന്നത്.

പശുവിന് ഇപ്പോഴും ശ്വാസമുണ്ട്. അതിന്റെ വയർ ചെറുതായി പൊങ്ങിത്താഴുന്നുണ്ട്. പതുക്കെപ്പതുക്കെ ആ അനക്കവും നിന്നു. പശു ചത്തു.

കാവൽക്കാരൻ വിളിച്ചാൽ കേൾക്കാവുന്ന ദൂരത്തിനപ്പുറം പോയിരിക്കുന്നു. ഇനി ഈ വിഫല യാത്രയിൽ നിന്ന് അയാളെ തിരിച്ച് വിളിക്കുക എന്നത് അസാധ്യമായിരിക്കും എന്നും ഈ ദൂരങ്ങൾ നടന്നു മടങ്ങുക എന്നതായിരിക്കും അയാളുടെ നിയോഗം എന്നും എനിക്ക് തോന്നി. എന്നാൽ വിനോദിന് മറിച്ചാണ് തോന്നിയത്. അവൻ പെട്ടെന്ന് തന്നെ കാവൽക്കാരന്റെ പിന്നാലെ പോയി അയാളെ തിരിച്ച് വിളിക്കാൻ തയാറെടുത്തു. അപരിചിതമായ ഈ മലഞ്ചെരുവുകളിൽ നിനക്കൊരിക്കലും കാവൽക്കാരനോടൊപ്പം ഓടിയെത്താൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞു നോക്കി. അതൊന്നും കാര്യമാക്കാതെ അണ്ണാ എന്ന് ഉച്ചത്തിൽ വിളിച്ചു കൂവി അവൻ ഓടിപ്പോയി.

പൂജാരി പശുവിന്റെ മൃതദേഹം ഒന്ന് കൂടി ശ്രദ്ധിച്ച് പഠിച്ചിട്ട് പെൺമക്കളേയും കൂട്ടി വീട്ടിലേക്ക് മടങ്ങി. കാവൽക്കാരന്റെ ഭാര്യ എന്നെയും ചത്ത പശുവിനേയും മാറി മാറി നോക്കിയിട്ട് ഭർത്താവ് പോയ ഭാഗത്തേക്ക് നോക്കിനിന്നു. ദൂരെയെവിടെയോ അണ്ണാ എന്നൊരു നീണ്ട വിളി വിണ്ടും കേട്ടു. പിന്നീടെല്ലാം നിശബ്ദമായി.

ഇരുട്ട് നിലത്തു നിന്നുയർന്ന് ആകാശത്തേക്കും പരന്നു. തൊഴുത്തിൽ തനിച്ചായ പശുക്കുട്ടിയുടെ നെറ്റിയിൽ തലോടി പെൺകുട്ടി നിൽക്കുന്നു. ഉച്ചയ്ക്കുണ്ടാക്കിയ ചോറ് ബാക്കിയുണ്ട്, രാത്രിയിലേക്ക് അത് മതിയോ എന്ന് കാവൽക്കാരന്റെ ഭാര്യ ചോദിച്ചു. മതിയെന്ന് പറഞ്ഞ് ഞാൻ മുറ്റത്തേക്കിറങ്ങി. താഴെ നരച്ച ഇരുട്ടിൽ ചത്തപശു തണുത്ത് കിടപ്പുണ്ട്. ഇതിനെ കിടത്തി മൂടാൻ എത്ര വലിയ കുഴി വേണ്ടിവരും എന്നു ഞാനാലോചിച്ചു. മലമുകളിലെ ഈ കടുത്ത നിലത്ത് അത്ര വലിയൊരു കുഴിവെട്ടുന്നത് വളരെ ശ്രമകരമായിരിക്കുമല്ലോ എന്നും.

കാവൽക്കാരനെ അന്വേഷിച്ച് പോയ വിനോദ് ഇനിയും തിരിച്ചു വന്നിട്ടില്ലല്ലോ എന്നും ഞാനോർത്തു. അവൻ പോയിട്ട് നേരം കുറേയായി. എന്താണവനെ കാണാത്തത് ? അവന് എന്തെങ്കിലും അപകടം പറ്റിയോ? അതോ അവനിപ്പോഴും അറിയാത്ത വഴികളിലൂടെ അണ്ണാ അണ്ണാ എന്ന് വിളിച്ച് കൂവി അനന്തമായി അലയുകയാണോ?

കുടജാദ്രിയുടെ ഇരുണ്ട ആകാശത്തിന് താഴെ എനിക്കു ചുറ്റും നിശബ്ദത കനത്തു. ആരും ഒന്നും പറയുന്നില്ല. ചീവീടുകളും തവളകളും വരെ മിണ്ടാതെ മാറിനിൽക്കുന്നു. ഒരിടത്തും ഒരു അനക്കവും കേൾക്കാനില്ല. പെട്ടെന്ന് ദൂരെയെവിടെയോ മനുഷ്യ ശബ്ദം കേട്ടതു പോലെ തോന്നി. കാവൽക്കാരനെത്തിരഞ്ഞ് വിനോദ് പോയ ഭാഗത്തുനിന്നാണ് ആ ശബ്ദം കേട്ടത്. ശ്വാസമടക്കി ചെവിവട്ടം പിടിച്ചപ്പോൾ ഒന്നിലധികം ആളുകൾ സംസാരിക്കുന്നതു പോലെയും തോന്നി.

എന്റെ നെഞ്ചിടിച്ചു. എന്തിനായിരിക്കും ഈ നേരത്ത് ഇങ്ങനെയൊരാൾക്കൂട്ടം ഇങ്ങോട്ട് വരുന്നത്? വിനോദിനെന്തെങ്കിലും അപകടം പറ്റിയോ? സംസാരം കൂടുതൽ അടുത്തു വരുന്നു. ആളുകൾ കുറേപ്പേരുണ്ടെന്നാണ് തോന്നുന്നത്. ഇനിയും വ്യക്തമാകാത്ത ആ ശബ്ദങ്ങൾ ചുമന്ന് കൊണ്ടുവരുന്നത് മറ്റൊരു ദുരന്തമായിരിക്കും എന്നെന്റെ മനസ്സ് പറഞ്ഞു.

ദൂരെ ഇരുട്ടിൽ ഒരു ടോർച്ച് വെളിച്ചം മിന്നി. ശബ്ദങ്ങളും വ്യക്തമായി കേൾക്കാൻ തുടങ്ങി. കന്നട ഭാഷയിലാണ് അവർ സംസാരിക്കുന്നത്. പത്തു പന്ത്രണ്ട് പേരുളള ഒരു സംഘം ഇരുട്ടിൽ പതുക്കെ തെളിഞ്ഞു വന്നു. മുന്നിൽ വഴി പറഞ്ഞ് കൊണ്ട് ഉത്സാഹത്തിൽ നടക്കുന്നത് വിനോദാണ്. അവൻ ആനയിച്ചു കൊണ്ട് വരുന്നത് മദ്യപിച്ച് വെളിവു കെട്ട ഒരു കൂട്ടം വിനോദയാത്രികരേയാണ്. വിനോദയാത്രികർ ആർത്തട്ടഹസിച്ച് മുറ്റത്തേക്ക് കയറി വന്നു. എന്നിട്ട് നേരേ വീട്ടിനുള്ളിലേക്ക് തള്ളിക്കയറി ബാഗുകളും മറ്റും ചുറ്റും വലിച്ചെറിഞ്ഞ് നിമിഷം നേരം കൊണ്ട് ആ പ്രദേശമെല്ലാം കൈയ്യടക്കി. ഞാൻ പെട്ടെന്ന് തന്നെ വാതിലുകളില്ലാത്ത എന്റെ മുറിയിലേക്ക് ഓടിക്കയറി. കട്ടിലിൽ പരന്നിരുന്ന് അതിന്റെ അവകാശം സ്ഥാപിക്കാൻ ശ്രമിച്ചു. അതൊന്നും വകവെയ്ക്കാതെ ചിലർ മുറിക്കകത്ത് വന്ന് എന്നെ അലക്ഷ്യമായിട്ടൊന്ന് നോക്കി എന്റെ അനുവാദത്തിനൊന്നും കാത്തു നിൽക്കാതെ അവരുടെ വസ്തുകൾ അവിടെയെല്ലാം നിരത്തി വെച്ചു.

അവർക്കിടയിലൂടെ ഉത്തരവാദമുള്ള ആതിഥേയനായി വിനോദ് അങ്ങോട്ടുമിങ്ങോട്ടും തിരക്കിട്ട് ഓടി നടന്നു. ഗ്ലാസെടുക്ക് വെള്ളമെടുക്ക് കോഴിയെ ശരിയാക്ക് എന്നൊക്കെ ചിലർ ഒച്ചയിടുന്നുണ്ടായിരുന്നു. കാവൽക്കാരന്റെ ഭാര്യയും പെൺകുട്ടിയും അടുക്കളയിൽ കയറി വാതിലടച്ചു. ചിലരൊക്കെ അവിടെപ്പോയി മുട്ടി വിളിക്കാനും വാതിൽ തള്ളിത്തുറക്കാനും നോക്കുന്നു. തീരെ പ്രതീക്ഷിക്കാത്ത ഈ കടന്നാക്രമണത്തിൽ ഞാൻ പൂർണമായും തകർന്ന് പോയി. എനിക്കിനി ആകെ ബാക്കിയുള്ളത് ഈ കൊച്ചു കട്ടിലാണ്. ഒരിക്കൽ അതുവിട്ടെഴുന്നേറ്റാൽ അതും നഷ്ടമാകും. ഞാനാ കട്ടിലിൽ അനങ്ങാതെ ഒരു പല്ലിയെപ്പോലെ പറ്റിപ്പിടിച്ചിരുന്നു.

പുതിയ അതിഥികളുടെ ആജ്ഞാനുസരണം എന്തോ എടുക്കായി എന്റെ മുറിയിലേക്ക് ധൃതിയിൽ വന്ന വിനോദിനെ എനിക്കപ്പോൾ തല്ലിക്കൊല്ലണമെന്ന് തോന്നി. ഈ മാരണങ്ങളെ എന്തിനാണിപ്പോൾ ഇങ്ങോട്ട് വിളിച്ചു കൊണ്ടു വന്നത് എന്ന് ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചപ്പോൾ അവരെ വഴിയിൽ കണ്ടതാണെന്നും ബാംഗ്ലൂരിൽ നിന്ന് വന്നവരാണെന്നും വണ്ടി കേടായതു കൊണ്ടാണ് ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നതെന്നും ആ മനുഷ്യസ്‌നേഹി പറഞ്ഞു. കാവൽക്കാരനെ കണ്ടില്ലെന്നും ഇവർക്കൊക്കെ കഴിക്കാനെന്ത് കൊടുക്കുമെന്ന് അറിയില്ലെന്നും പറഞ്ഞ് വ്യാകുലനായി അവൻ പുറത്തേക്ക് പോയി.

വിനോദ് വിളിച്ചിട്ടും കാവൽക്കാരന്റെ ഭാര്യ അടുക്കളയുടെ വാതിൽ തുറക്കുന്നില്ല. പൂജാരിയുടെ വീട്ടിലെ വിളക്കുകൾ പെട്ടെന്ന് തന്നെ അണഞ്ഞു. പൊട്ടിച്ചിരികളും ഗാനമേളയും, വഴക്കുകളും വാക്കുതർക്കങ്ങളുമായി മാറാൻ തുടങ്ങി. ഭക്ഷണം കിട്ടാത്തതിന്റെ നിരാശയിൽ ഒരാൾ വിനോദിനെ പിടിച്ച് തള്ളുകയും തന്തയ്ക്ക് വിളിക്കുകയും ചെയ്തു. അവനതെല്ലാം സസന്തോഷം ഏറ്റുവാങ്ങി നിന്നു. മുറിയുടെ മൂലയിൽ മിണ്ടാതെ പതുങ്ങിയിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത ദയനീയാവസ്ഥയിൽ ഞാൻ മരച്ചിരുന്നു.

ഇനിയിവർ സ്ത്രീകൾക്ക് നേരേയായിരിക്കുമോ തിരിയുന്നത് എന്നോർത്തപ്പോൾ എന്റെ കഴുത്തിലെ രോമങ്ങൾ എഴുന്നേറ്റ് നിന്നു. ആ തണുപ്പിലും ഞാൻ വിയർത്തു. ഇങ്ങനെയൊരു നിസ്സഹായാവസ്ഥ ഞാനൊരിക്കലും അനുഭവിച്ചിട്ടില്ല. ദേഷ്യവും സങ്കടവും സഹിക്കാനാവാതെ, നാറുന്ന കമ്പിളി കൊണ്ട് ഞാനെന്റെ മുഖം മറച്ച് ചത്തത് പോലെ കിടന്നു. അടുക്കളയുടെ വാതിൽ ആരോ ബലം പ്രയോഗിച്ച് തളളിത്തുറക്കാൻ ശ്രമിക്കുന്നു എന്നെനിക്ക് തോന്നി. എന്താണെന്ന് പോയി നോക്കണം എന്നെന്റെ മാനവികത എന്നോട് പറഞ്ഞു. എന്നാൽ എന്റെ മുഖം മറച്ചിരുന്ന കമ്പിളിയേക്കാൾ പല മടങ്ങ് കനവും ദുർഗന്ധവുമുളള സ്വാർത്ഥതയുടെയും ആത്മരക്ഷയുടെയും കരിങ്കമ്പിളികൾ കൊണ്ട് ഞാനാ മാനവികതയെ അപ്പോൾത്തന്നെ കിടത്തി മൂടി അനങ്ങാതെ കിടന്നു.

പുറത്ത് ബഹളത്തിനിടയിൽ ഒരു ചില്ല് ഗ്ലാസ് വീണുടഞ്ഞു. ഒരു നിമിഷാർധത്തേക്ക് അതുണ്ടാക്കിയ നടുക്കുന്ന നിശബ്ദത അടുത്ത നിമിഷത്തിൽ ആർപ്പുവിളികളായി വീണ്ടും ഉയർന്നു. കാലങ്ങളായി കാണികളില്ലാതെ ഇവിടെയെല്ലാം കറങ്ങി നടന്നിരുന്ന ചില സ്വപ്നപ്പിശാചുക്കൾ എന്റെ തലക്കുള്ളിൽ സംഘടിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ഹൊറർ ചലച്ചിത്രമേളയാണ് ഇതെന്ന് എനിക്ക് തോന്നി. ഡെലിഗേറ്റ് പാസ്സിലെ എന്റെ ഫോട്ടോയിൽ ഒരുപാട് ഉറുമ്പുകൾ ഓടി നടക്കുന്നു. എത്ര ശ്രമിച്ചിട്ടും അതിനെയൊന്നും തട്ടിക്കളയാൻ എനിക്ക് സാധിക്കുന്നില്ല. ഒന്നും കാണാതിരിക്കാൻ കണ്ണുകൾ ഇറുക്കിയടച്ച് നോക്കി. അപ്പോൾ നിലാവിൽ പശുവിന്റെ ജഡം തെളിഞ്ഞു വന്നു. അത് മായ്ച് കളയാൻ കണ്ണുകൾ കൂടുതൽ ഇറുക്കിയടച്ചു. അപ്പോൾ കണ്ണിൽ പൊന്നീച്ചകൾ പറന്നു. എന്നിട്ടാ പൊന്നീച്ചകളെല്ലാം മിന്നാമിനുങ്ങുകളായി ചത്ത പശുവിന് ചറ്റും പറന്ന് നടന്നു.

ഈ പശു കാരണമാണ് എനിക്കിങ്ങനെയൊരു ഗതി വന്നത് എന്ന് ഞാൻ ഉറച്ച് വിശ്വസിച്ചു. പരിചയമില്ലാത്ത പ്രദേശങ്ങളിൽ മേയാനിറങ്ങുമ്പാൾ കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുകയില്ലായിരുന്നു. അല്ലെങ്കിൽ കാവൽക്കാരന്റെ നിയോഗം തിരുത്താമെന്ന് വ്യാമോഹിച്ച വ്യവസായിയുടെ മകന് ഈ രാപ്പിശാശുക്കളെ ഇങ്ങാട്ടാനയിച്ച് കൊണ്ടു വരേണ്ടി വരില്ലായിരുന്നു. എന്റെ തലക്കകത്ത് ഓടി നടക്കുന്ന ഉറുമ്പുകളേയും ചുമന്ന് എനിക്കീ നാറുന്ന കമ്പിളിക്കടിയിൽ മുഖമൊളിപ്പിച്ച് ജഡമായി അഭിനയിക്കേണ്ടി വരില്ലായിരുന്നു. ഇവിടെ ഞാനൊരു ദുർനിമിത്തമാണെന്ന സത്യം എനിക്ക് അറിയേണ്ടിയും വരില്ലായിരുന്നു.

നാളെ രാവിലെ വെയിലുദിക്കുമ്പോൾ മരണമന്വേഷിച്ച് ആദ്യം വരുന്നത് ഈച്ചകളായിരിക്കും. നീലനിറമുള്ള മൂളുന്ന മണിയനീച്ചകൾ. അതു കഴിഞ്ഞ് മൃഗവൈദ്യനുമായി കാവൽക്കാരൻ വരും. മൃഗവൈദ്യൻ ചത്തപശുവിനേയും കാവൽക്കാരന്റെ ഭാര്യയേയും നോക്കും. കാവൽക്കാരന്റെ ഭാര്യ കട്ടൻ കാപ്പിയുണ്ടാക്കാൻ പോകും. പെൺകുട്ടി സഹതാപത്തോടെ പശുക്കുട്ടിയെ തലോടും. കാവൽക്കാരൻ സമയം കളയാതെ കുഴിവെട്ടാൻ തുടങ്ങും. പൂജാരിയും കുടുംബവും അത് കണ്ട് നിൽക്കും. വിനോദയാത്രികരിൽ ചിലർ ചെറിയ തലവേദനയോടെ പൂജാരിയുടെ പെൺമക്കളെ നോക്കും. എന്തു സഹായത്തിനും തയ്യാറായി വിനോദും ഉണ്ടാകും. എന്നാൽ ഇതൊന്നും കാണാൻ ഞാനിവിടെ ഉണ്ടാകില്ല. രാവിലെ വെളിച്ചം വീണാൽ ആ നിമിഷം ഞാനിവിടുന്ന് രക്ഷപ്പെടും. അതുറപ്പാണ്.

നേരം വെളുക്കുന്നതിനു മുൻപ് തന്നെ ഞാൻ ബാഗെടുത്തു. ചിതറിക്കിടന്നുറങ്ങുന്ന വിനോദ യാത്രികരെ കവച്ചുവെച്ച് വേണം പുറത്തിറങ്ങാൻ. അതിനിടയിലെവിടെയോ വിനോദും ഉറങ്ങുന്നുണ്ടാവും എന്ന് ഞാൻ ഊഹിച്ചു. അടുക്കളയുടെ വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു. മുട്ടി വിളിക്കാൻ മടി തോന്നി. പുറത്തിറങ്ങി പിൻ ഭാഗത്തുകൂടി പോയി നോക്കിയപ്പോൾ അടുക്കളയിൽ ആരുമില്ല. പശുക്കട്ടിയ്ക്കും കാര്യം മനസ്സിലായി എന്ന് തോന്നുന്നു. താമസത്തിന്റെയും ഭക്ഷണത്തിന്റെയും പ്രതിഫലം കുറ്റബോധത്തിന്റെ ഒരു കടലാസ് കഷണത്തിൽ പൊതിഞ്ഞ് ഒരു മൂലയിൽ വെച്ചിട്ട് ഞാനൊരു കള്ളനെപ്പോലെ ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി നടന്നു.

ദൂരെ പുലരിയുടെ ആദ്യ വെളിച്ചത്തിൽ പശുവിന്റെ ജഡവും നോക്കി കാവൽക്കാരന്റെ ഭാര്യയും പെൺകുട്ടിയും നിൽക്കുന്നുണ്ട്. അടുക്കളയിൽ വെച്ച കാശിന്റെ കാര്യം മാത്രം സൂചിപ്പിച്ച് ഞാൻ വേഗത്തിൽ നടന്നു. അവരും ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.

തങ്കപ്പന്റെ കടയിലെത്തിയപ്പോൾ ചെറിയ സമാധാനം തോന്നി. കുറച്ചു താഴെ ഒരു അരുവി ഉണ്ടെന്നും രാവിലത്തെ കാര്യങ്ങളൊക്കെ അവിടെ ആകാമെന്നും പറഞ്ഞ് തങ്കപ്പൻ വഴി കാണിച്ചു തന്നു. വെള്ളത്തിനു വിചാരിച്ചതു പോലത്തെ തണുപ്പ് തോന്നിയില്ല. ഒഴുക്കിനെതിരെ തലവെച്ച് കുറേ നേരം മലർന്ന് കിടന്നു. തങ്കപ്പൻ പുട്ടും പഴവും തന്നു. ഇത്തവണ കട്ടൻ കാപ്പിക്ക് പകരം പാൽച്ചായയാണ് കിട്ടിയത്. ഇവിടെ പാല് കിട്ടുന്നത് വല്ലപ്പോഴുമാണെന്നും ഒരു പശുവിനെ വാങ്ങാൻ ആലോചനയുണ്ടെന്നും തങ്കപ്പൻ പറഞ്ഞു. ഞാൻ അഭിപ്രായമൊന്നും പറഞ്ഞില്ല.


മൊബൈൽ ഫോണിൽ പോഡ്കാസ്റ്റ് കേൾക്കാൻ ബുദ്ധിമുട്ടുന്നെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. പോഡ്കാസ്റ്റ് കേൾക്കാൻ രണ്ട് രീതികളാണ് ലഭ്യമായിട്ടുള്ളത്. നിങ്ങളുടെ ഫോണിൽ സൗണ്ട്ക്ലൗഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് 'പ്ലേ ഓൺ സൗണ്ട് ക്ലൗഡ്' എന്ന ഓറഞ്ച് ബട്ടണിൽ ടാപ് ചെയ്ത് പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

ഫോണിൽ സൗണ്ട് ക്ലൗഡ് ആപ്പ് ഇല്ലെങ്കിൽ 'ലിസൺ ഇൻ ബ്രൗസർ' എന്ന ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ്. ആപ്പ് ഇല്ലാതെ തന്നെ നിങ്ങൾക്ക് പോഡ്കാസ്റ്റ് കേൾക്കാം.

മികച്ച കേൾവിക്കും, ട്രൂകോപ്പിയുടെ മറ്റു പോഡ്കാസ്റ്റുകളിലേക്ക് എളുപ്പം എത്തുന്നതിനുമായി ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതാണ് നല്ലത്. പുതുതായി ഫോണിൽ സൗണ്ട്ക്ലൗഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ 'പ്ലേ ഓൺ സൗണ്ട്ക്ലൗഡ്' ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നു വരുന്ന പേജ് ഉപയോഗിക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ / ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.


വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

Comments