ജനതാ വിമുക്തി പെരുമനയുടെ
പരിണാമങ്ങൾ
ജാഫ്നയിൽ വെച്ച് പരിചയപ്പെട്ട തമിഴ് ഈഴത്തിൻ്റെ പഴയ പ്രവർത്തകനായ ദുരൈ മുരുകനോട് പുതിയ പ്രസിഡൻ്റും ഗവൺമെൻ്റും എങ്ങനെയുണ്ടെന്നു ചോദിച്ചപ്പോൾ വിലയിരുത്താനുള്ള സമയമായിട്ടില്ലെന്നാണ് പറഞ്ഞത്. എന്നിരുന്നാലും തുടക്കം മോശമല്ലെന്നും തമിഴരുടെ പ്രശ്നം പരിഹരിച്ചാൽ അദ്ദേഹം ചരിത്രത്തിലിടം നേടുമെന്നും കൂട്ടിച്ചേർത്തു.
കൊളംബോയിലെ ഏതാനും ഓട്ടോറിക്ഷാക്കാരും ചെറുകിട കച്ചവടക്കാരും ഗവൺമെൻ്റ്, അടുത്ത രണ്ടുമൂന്നു വർഷത്തിനുള്ളിൽ ശ്രീലങ്കയെ, സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രക്ഷിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് പങ്കുവെച്ചത്. ശ്രീലങ്കയിലെ സാധാരണക്കാരും മധ്യവർഗ്ഗവും വർഷങ്ങളായി കണ്ടുമടുത്ത രാഷ്ട്രീയക്കാരിൽ നിന്നും, അനുഭവിച്ചറിഞ്ഞ രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തമായി, AKD എന്നു വിളിക്കുന്ന അനുരകുമാര ദിസനായകെയുടെ നേതൃത്വത്തേയും ജെ.വി.പിയുടെ ഗവൺമെൻ്റിനേയും കാണുന്നു.
അനുരകുമാര ദിസനായകെ ശ്രീലങ്കയുടെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട നാളുകളിൽ ഒരുപക്ഷേ, ഏറ്റവുമധികം ആളുകൾ ഗൂഗിൾ ചെയ്തിട്ടുണ്ടാവുക അദ്ദേഹത്തെക്കുറിച്ചു തന്നെയാവും. പിന്നീട് ജനതാ വിമുക്തി പെരുമന യെന്ന രാഷ്ട്രീയപാർട്ടിയെയായിരിക്കും. അതൊരു യാദൃച്ഛികമായ കടന്നുവരവായി പലരും കരുതുന്നുണ്ടെങ്കിലും അഞ്ചു പതിറ്റാണ്ടുകളുടെ ജനകീയ സമരസംഘടനാ ചരിത്രവും, പ്രവർത്തനപദ്ധതിയും അതിലുണ്ട്. ശ്രീലങ്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള ദിസനായകെയുടേയും ജെ. വി. പിയുടെയും കടന്നുവരവ് ദ്വീപു രാഷ്ട്രത്തിലുണ്ടായ ദിശാവ്യതിയാനത്തെ സൂചിപ്പിക്കുന്നു.
അനുരാധപുരയിലെ ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിൽ നിന്നുള്ള, രാഷ്ട്രീയ പാരമ്പര്യമോ കുടുംബ മഹിമയോ അവകാശപ്പെടാനില്ലാത്തയാൾ രാജ്യത്തെ ഉന്നത പദവിയിൽ എത്തിയെന്നത് ശ്രീലങ്കയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കാര്യമാണ്.
ബന്ദാരനായകെ, രാജപക്സെ, വിക്രമസിംഗെ, പ്രേമദാസ- കുടുംബാധിപത്യ രാഷ്ട്രീയത്തിൽ നിന്നും, മതാധിഷ്ഠിത രാഷ്ട്രീയത്തിൽ നിന്നും മാറിയ ഒരു പുതുരാഷ്ട്രീയത്തെയാണ് ദിസനായകെയുടെ സഖ്യം അവതരിപ്പിക്കുന്നത്. ഒപ്പം ശ്രീലങ്കയ്ക്ക് അത്ര പരിചയമില്ലാത്ത, ജനസഞ്ചയരാഷ്ട്രീയത്തിൻ്റെ ഭാഗമായ സിവിൽ സമൂഹപ്രതിനിധികളുടെയും അക്കാദമിക്കുകളുടേയും മഴവിൽ സഖ്യത്തെ പ്രതിനിധീകരിക്കുന്നു.

ഒരേസമയം സങ്കുചിത സിംഹള ദേശീയവാദ രാഷ്ട്രീയത്തിൽ നിന്നും മാവോയിസ്റ്റ് ഗറില്ലായുദ്ധതന്ത്രങ്ങളിൽ നിന്നും കുതറിമാറാനുള്ള ശ്രമങ്ങൾ ജെ.വി.പി മുമ്പുതന്നെ നടത്തിയിട്ടുണ്ടെങ്കിലും ഒരു സഖ്യരാഷ്ട്രീയത്തിൽ അതിലധികം വിട്ടുവീഴ്ചകൾ അവർക്കു ചെയ്യേണ്ടി വന്നേയ്ക്കാം. ജെ. വി. പി ഉൾപ്പെടുന്ന നാഷണൽ പീപ്പിൾ പവറിൻ്റെ രൂപീകരണം മുതൽ ദിസനായകെ അത് തന്ത്രപരമായി ചെയ്തുവരുന്നുണ്ട്. സിംഹള മേഖലകളിലും തമിഴ് മേഖലകളിലും ഒരുപോലെ ജനകീയനാവുകയെന്നത് ശ്രീലങ്കയിലെ സങ്കീർണ്ണമായ സാമൂഹിക- സാംസ്കാരിക - ഭാഷാ ഘടകങ്ങളെ വെച്ചു നോക്കുമ്പോൾ അത്ര എളുപ്പമല്ല . പഴയ ജെ.വി.പിയല്ല പുതിയതെന്ന് ചില ഇടതുപക്ഷ പ്രവർത്തകർ വിമർശനമുന്നയിക്കുന്നുണ്ടെങ്കിലും, ഈ ഘട്ടത്തിൽ ജെ.വി.പിയിലല്ലാതെ മറ്റൊരു ബദൽ കാണുന്നില്ലെന്ന് ആളുകൾ പറയുന്നു.
ശ്രീലങ്ക -ഇടതു പ്രസ്ഥാന ചരിത്രം
ശ്രീലങ്കയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തുടക്കം 1935 മുതലാണ്. ആ വർഷം സ്ഥാപിതമായ ആദ്യത്തെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ലങ്ക സമസമാജ പാർട്ടി (LSSP-Lanka Equal Social Party), 1950 കളിലും 1960 കളിലും നാലാം ഇന്റർനാഷണലിന്റെ ഏറ്റവും വലിയ ദേശീയ ഘടകങ്ങളിലൊന്നായി മാറി. 1943- ൽ LSSP- യുടെ പിളർപ്പിനെ തുടർന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്ക (CPSL) യുടെ ജനനം. സോവിയറ്റ് യൂണിയനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും വേർപിരിഞ്ഞതിനുശേഷം CPSL പിന്നീട് മോസ്കോ, പെക്കിംഗ് എന്നീ രണ്ട് വിഭാഗങ്ങളായി പിളർന്നു. അതിനുശേഷം ശ്രീലങ്കയിൽ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ടായിരുന്നു, CPSL (മോസ്കോ), CPSL (പീക്കിംഗ്).
1964 മുതൽ മൂന്ന് പാർട്ടികൾക്കും അവരുടെ അടിത്തറ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. CPSL (പീക്കിംഗ്) ഇപ്പോൾ നിലവിലില്ല. LSSP- യും CPSL- ഉം ദുർബലരുമാണ്. അവർക്ക് ശ്രീലങ്കയിലെ രാഷ്ട്രീയത്തിൽ യാതൊരു സ്വാധീനവുമില്ല. 1960- കളിൽ രൂപം കൊണ്ട ജനതാ വിമുക്തി പെരുമനയാണ് (JVP) പിൽക്കാലത്ത് അടിസ്ഥാന മധ്യവർഗ്ഗ വിഭാഗങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്ന, സമീപനത്തിലൂടെ ലങ്കയിലെ പ്രധാന ഇടതു പ്രസ്ഥാനമായി മാറിയത്.
JVP- പോരാട്ടത്തിൽനിന്ന്
പ്രായോഗികതയിലേക്ക്
സ്വാതന്ത്ര്യാനന്തര ശ്രീലങ്കയുടെ പ്രധാന വെല്ലുവിളികൾ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക അനിശ്ചിതത്വങ്ങളും തുടർച്ചയായ വംശീയ സംഘർഷങ്ങളുമായിരുന്നു. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ യുണൈറ്റഡ് നാഷണൽ പാർട്ടി (UNP), ശ്രീലങ്ക ഫ്രീഡം പാർട്ടി (SLFP) എന്നിവ കൊളോണിയൽ ഭരണകൂടങ്ങളേക്കാൾ ജനവിരുദ്ധ സ്വഭാവങ്ങളുള്ളവയായിരുന്നു. അവർ പിന്തുടർന്നിരുന്ന നിയോ - ലിബറൽ നയസമീപനങ്ങൾ രാജ്യത്തെ പാപ്പരാക്കി. സ്വാതന്ത്ര്യാനന്തര തലമുറയിലെ ജനങ്ങൾക്കിടയിൽ ഇത് വ്യാപകമായ നിരാശയ്ക്ക് കാരണമായി.
രാജ്യത്തെ ബാധിച്ച സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രാഷ്ട്രീയ അഴിമതിയും പരിഹരിക്കാനുള്ള ആഗ്രഹത്താൽ നയിക്കപ്പെട്ട സാഹസികരായ ഒരു സംഘം യുവാക്കളായിരുന്നു JVP എന്ന പാർട്ടി രൂപീകരിക്കുന്നത്. JVP- യുടെ പ്രത്യയശാസ്ത്രം മാർക്സിസ്റ്റ്- ലെനിനിസ്റ്റ് തത്വങ്ങളിൽ വേരൂന്നിയതെങ്കിലും ഗറില്ലാ സ്വഭാവമുള്ളതായിരുന്നു. ഗ്രാമീണ- നഗര ദരിദ്രരെ ഭരണവർഗത്തിനെതിരെ അണിനിരത്താനും, ആയുധമെടുക്കാനും അത് പ്രേരിപ്പിച്ചു. JVP- യുടെ നേതാക്കൾ അടിസ്ഥാന വർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള സിംഹള ബുദ്ധിസ്റ്റ് യുവാക്കളായിരുന്നു. അവരുടെ ആത്മാർത്ഥതയും, പ്രത്യയശാസ്ത്രത്തോടുള്ള കൂറും ഏറ്റെടുക്കുന്ന വിഷയത്തോടുള്ള പ്രതിബദ്ധതയും ജനങ്ങളെ ആകർഷിച്ചു. കോളേജുകളിലേയും യൂണിവേഴ്സിറ്റികളിലേയും വിദ്യാർഥികൾക്കൊപ്പം, കർഷകരും തൊഴിലാളികളും പാർട്ടിയുടെ മുൻനിര പോരാളികളായി.
റോഹന വിജെവീര-
ലങ്കൻ ചെഗുവേര
കൊളംബോയിലെ JVP-യുടെ ഒരു പ്രദേശിക ഓഫീസിലാണ് റോഹന വിജെവീരയുടെ ഫോട്ടോ കണ്ടത്. മാർക്സിനും ലെനിനിനും സ്റ്റാലിനും മാവോ സേ തുങിനുമൊപ്പം, ഭിത്തിയിൽ റോഹന വിജെവീരെയുമുണ്ട്, അദ്ദേഹത്തേയും ഞങ്ങൾ മാർക്സിസ്റ്റ് ആചാര്യൻമാരിലൊരാളായി കാണുന്നു- ഓഫീസ് സെക്രട്ടറി കരുണരത്നെ പറഞ്ഞു.
വിജെവീരയിൽ നിന്ന് JVP ഏറെദൂരം സഞ്ചരിച്ചെങ്കിലും, ലങ്കൻ ചെഗുവേരയെന്നറിയപ്പെടുന്ന അദ്ദേഹമിപ്പോഴും അവരുടെ കൾട്ടാണ്. നീട്ടിവളർത്തിയ മുടിയും താടിയും കട്ടിക്കണ്ണടയും തലയിലെ ക്യാപുമെല്ലാമായി ചെഗുവേരയെ ഓർമ്മിപ്പിക്കുന്നതാണ് വിജെവീരയുടെ രൂപം. ചെഗുവേരയെപ്പോലെ, എതിരാളികളാൽ കൊലചെയ്യപ്പെട്ട നേതാവാണ് വിജെവീരയും.
1965- ലാണ് ശ്രീലങ്കൻ ചെഗുവേരെയെന്നറിയപ്പെടുന്ന റോഹന വിജെ വീരയുടെ നേതൃത്വത്തിൽ JVP രൂപീകരിക്കുന്നത്. തോക്കിൻകുഴലിലൂടെ വിപ്ലവമെന്ന മാവോയിസ്റ്റ് - ചെഗുവേര ലൈനിൻ്റെ വക്താവായിരുന്നു വിജെവീര.
സി.പി.എസ്.എൽ കേഡറിന്റെ മകനായ റോഹന വിജെവീരയ്ക്ക് ചെറുപ്പത്തിൽത്തന്നെ പിതാവിന്റെ രാഷ്ട്രീയത്തിന്റെ സ്വാധീനമുണ്ടായിരുന്നു. ഫ്രണ്ട്ഷിപ്പ് യൂണിവേഴ്സിറ്റിയിൽ (പിന്നീട് പാട്രിസ് ലുമുംബ ഫ്രണ്ട്ഷിപ്പ് യൂണിവേഴ്സിറ്റിയെന്നു പേരു മാറ്റി) വൈദ്യശാസ്ത്രം പഠിക്കാൻ സ്കോളർഷിപ്പ് നേടിയ അദ്ദേഹത്തിന് സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (CPSU) പാർട്ടി സ്കൂളിൽ മാർക്സിസം- ലെനിനിസം പഠിക്കാൻ അവസരം ലഭിച്ചു.

ക്രൂഷ്ചേവിന്റെ കീഴിലുള്ള CPSU- വിന്റെ തിരുത്തൽവാദ നിലപാടിന്റെ വിമർശകനായിരുന്നു അദ്ദേഹം. അതിന്റെ ഫലമായി 1964-ൽ അവധിക്കാലത്ത് ശ്രീലങ്കയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ സോവിയറ്റ് യൂണിയനിൽ വീണ്ടും പ്രവേശിക്കാൻ അദ്ദേഹത്തിന് വിസ നിഷേധിക്കപ്പെട്ടു. തുടർന്ന്, സഖാവ് റോഹന CPSL-ൽ (പീക്കിംഗ്) ചേരുകയും അതിന്റെ യുവജന വിഭാഗത്തിൽ മുഴുവൻ സമയ പ്രവർത്തകനായി മാറുകയും ചെയ്തു. പീക്കിംഗ് വിംഗും CPSL (മോസ്കോ) പോലെ തന്നെ ഒരു പരിഷ്കരണവാദ സംഘമാണെന്ന് ബോധ്യപ്പെട്ട അദ്ദേഹം, നേതൃത്വത്തിനും അതിന്റെ അവസരവാദ രാഷ്ട്രീയ ലൈനിനുമെതിരെ ഒരു പ്രത്യയശാസ്ത്ര പോരാട്ടത്തിന് നേതൃത്വം നൽകി. ഏതാനും സുഹൃത്തുക്കളുമായി ചേർന്ന് പാർട്ടിയെ പ്രത്യയശാസ്ത്രപരമായി തിരുത്തുന്നതിനുള്ള ഒരു കാമ്പയിൻ ആരംഭിച്ച റോഹന വിജേവീരയെയും മറ്റ് ആറ് പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. തുടർന്ന് 1965- ൽ പുറത്താക്കപ്പെട്ട നേതാക്കളുമായി ചേർന്നാണ് വിജെവീര ജനതാ വിമുക്തി പെരുമന രൂപീകരിച്ചത്.
1971- ലും 1989- ലും ഗവൺമെൻ്റിനെതിരെ അക്രമാസക്തമായ അട്ടിമറികൾക്ക് നേതൃത്വം നൽകിയ JVP-യും, വിജെവീരയും പിൽക്കാലത്ത് പാർലമെൻ്ററി ജനാധിപത്യ പാതയിലേക്കുവന്നു. വിജെവീര 1982- ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. തുടക്കത്തിലെ മാർക്സിസ്റ്റ് - ലെനിനിസ്റ്റ് നിലപാടുകളിൽ നിന്ന് സിംഹള ബുദ്ധ ദേശീയതയിലേക്ക് വിജെവീരയും ജെ.വി.പിയും പിന്നീട് കൂറുമാറി.
വിജെവീരയുടെ അഞ്ച് പ്രഭാഷണങ്ങളാണ് JVP-യുടെ പ്രത്യയശാസ്ത്രത്തിൻ്റെ അടിസ്ഥാനം. മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പ്രതിസന്ധി, ശ്രീലങ്കയിലെ ഇടതുപക്ഷത്തിൻ്റെ ചരിത്രം, ലോക സോഷ്യലിസ്റ്റ് പ്രസ്ഥാന ചരിത്രം, ഇന്ത്യയുടെ വികസനമോഹം, ശ്രീലങ്കൻ വിപ്ലവത്തിൻ്റെ രീതിശാസ്ത്രം എന്നിവയായിരുന്നു അവ. ഈ പ്രഭാഷണത്തിൽ എൽ.ടി.ടി.ഇയെ സൃഷ്ടിച്ചത് ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്.
ഇന്ത്യയുടെ എക്സ്പാൻഷനിസ്റ്റ് സമീപനങ്ങളെ എതിർത്ത വിജെവീര ചൈനീസ് ആധിപത്യത്തെക്കുറിച്ചും അവരുടെ മേഖലയിലെ ഇടപെടലുകളെക്കുറിച്ചും നിശ്ശബ്ദത പാലിക്കുന്നു. ജെ.വി.പി ഇപ്പോഴും ഇന്ത്യാ വിരുദ്ധ നിലപാടു പുലർത്തുന്നുണ്ടോയെന്ന ചോദ്യത്തിന് കരുണ രത്നെ പറഞ്ഞ മറുപടി, നിങ്ങളുടെ നാട്ടിലെ കമ്മ്യൂണിസ്റ്റു പാർട്ടികളും പഴയ നിലപാടുകളിൽ നിന്നു ഏറെ മാറിയിട്ടുണ്ടല്ലോ എന്നാണ്.
മാർക്സിയൻ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ മുറയ്ക്കു നടത്തുമ്പോഴും ജെ. വി.പി സിംഹള ദേശീയതയോട് ആഴമേറിയ കൂറും പ്രതിബദ്ധതയും പുലർത്തുന്ന പാർട്ടിയാണ്. രാജ്യത്തെ തമിഴ് ന്യൂനപക്ഷങ്ങൾക്കെതിരായ വംശീയ യുദ്ധത്തെയും വംശശുദ്ധീകരണത്തെയും പല സന്ദർഭങ്ങളിലും പിന്തുണച്ചവരും, ആയുധമേന്തി പോരാടിയവരുമാണ്. ഏകാധിപതികളായ രജപക്സെമാരുടെ നേതൃത്വത്തിൽ നടന്ന തമിഴ് വംശശുദ്ധികരണത്തിന് ഉറച്ച പിന്തുണയാണ് അക്കാലത്ത്, JVP നൽകിയതെന്നതു കൂടി ഓർക്കണം.

1971- ലെ ഏപ്രിൽ പ്രക്ഷോഭം
1971 മാർച്ച് 6-ന്, ഗവൺമെന്റിനെ പിന്തുണയ്ക്കുന്ന ഒരു കൂട്ടം ആളുകൾ വിയറ്റ്നാമിലെ അമേരിക്കൻ യുദ്ധത്തിനെതിരെ ഒരു മാർച്ച് സംഘടിപ്പിച്ചു. അമേരിക്കൻ എംബസിക്ക് മുന്നിൽ മാർച്ച് നടത്തുന്നതിനിടെ പ്രകടനക്കാരിൽ ഒരാൾ അമേരിക്കൻ എംബസിയുടെ പരിസരത്തേക്ക് ഒരു പെട്രോൾ ബോംബ് എറിഞ്ഞു. ഈ സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ, സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആരെയും അറസ്റ്റു ചെയ്യാനും, ജയിലിലടയ്ക്കാനും, പോസ്റ്റ്‌മോർട്ടമോ ജുഡീഷ്യൽ അന്വേഷണമോ നടത്താതെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതുൾപ്പെടെ സായുധ സേനയ്ക്കും പോലീസിനും വിപുലമായ അധികാരങ്ങൾ നൽകി. അടിയന്തരാവസ്ഥ ചട്ടങ്ങൾ പ്രകാരം വിജേവീരയെയും JVP- യിലെ മറ്റ് നിരവധി അംഗങ്ങളെയും അനുഭാവികളെയും, കസ്റ്റഡിയിലെടുക്കുകയും കൊളംബോയിൽ നിന്ന് ഏറെ അകലെയുള്ള ജാഫ്ന ജയിലിലടയ്ക്കുകയും ചെയ്തു.
1971 ഏപ്രിലോടെ JVP- യുടെ അഞ്ഞൂറിധികം അംഗങ്ങളെയും അനുഭാവികളെയും കസ്റ്റഡിയിലെടുത്ത് ജയിൽ ക്യാമ്പുകളിൽ പാർപ്പിച്ചു. 1971 ഏപ്രിലിൽ ജെ വി പിയുടെ നേതൃത്വം യോഗം ചേർന്ന് സർക്കാരിന്റെ അടിച്ചമർത്തൽ നടപടികൾക്കെതിരെ ആയുധമെടുക്കാൻ തീരുമാനിച്ചു. നൂറോളം പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും ആയുധങ്ങൾ തട്ടിയെടുക്കുകയും കത്തിക്കുകയും ചെയ്തു. സർക്കാർ ക്രൂരമായ രീതിയിൽ സമരത്തെ നേരിട്ടു. JVP- യുടെ പതിനായിരത്തോളം അംഗങ്ങളെയും അനുഭാവികളെയും കൊന്നൊടുക്കിയ ഏപ്രിൽ പ്രക്ഷോഭം ഒരു മാസത്തിനുള്ളിൽ പൂർണ്ണമായും അടിച്ചമർത്തപ്പെട്ടു. പതിനായിരക്കണക്കിന് പ്രവർത്തകർ ജയിലിലടയ്ക്കപ്പെട്ടു. ജയിൽ ക്യാമ്പുകൾക്കുള്ളിലും ചുരുങ്ങിയ സമയത്തിനുള്ളിൽ JVP പുനഃസംഘടിപ്പിക്കാൻ കഴിഞ്ഞു. 1971 ഏപ്രിലിന് മുമ്പും 1971 മുതൽ 1974 വരെയുള്ള കാലയളവിലും JVP- യുടെ പ്രവർത്തനങ്ങളെയും അനുഭവങ്ങളെയും കുറിച്ച് ഗൗരവമേറിയ ചർച്ചകൾ നടന്നു. JVP തങ്ങളുടെ മുൻകാല തെറ്റുകൾ തിരിച്ചറിയുകയും അവ തിരുത്താൻ ഗൗരവമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ആയുധങ്ങളില്ലാതെ കസ്റ്റഡിയിലെടുത്ത JVP അംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യാൻ രാജ്യത്തെ പൊതുനിയമമനുസരിച്ച് വ്യവസ്ഥയില്ലായിരുന്നു. പ്രത്യേകിച്ച്, പ്രക്ഷോഭത്തിന് മുമ്പ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത JVP നേതാവ് റോഹന വിജെവീരയെ അടിയന്തരാവസ്ഥ നിയമങ്ങൾ പിൻവലിച്ചുകഴിഞ്ഞാൽ വിട്ടയക്കേണ്ടിവരുമായിരുന്നു.
പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയോടെ സർക്കാർ പാർലമെന്റിൽ ക്രിമിനൽ ജസ്റ്റിസ് കമ്മീഷൻ ബിൽ പാസാക്കി. ശ്രീലങ്കയിൽ ആദ്യമായി സ്വാഭാവികനിയമം ലംഘിച്ച്, മുൻകാലങ്ങളിൽ ചെയ്ത കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളാണെന്ന് ആരോപിക്കപ്പെടുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള ഒരു ബിൽ പാർലമെന്റിൽ പാസാക്കിയത് 1975- ലാണ്. റോഹന വിജേവീരയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ശിക്ഷ വിധിച്ച് ഒരു വർഷം പോലും തികയുന്നതിനു മുമ്പ്, എല്ലാ രാഷ്ട്രീയ തടവുകാരെയും നിരുപാധികം മോചിപ്പിക്കണമെന്ന ആവശ്യം ജനങ്ങളിൽ നിന്ന് ഉയർന്നുവന്നു. അടിയന്തരാവസ്ഥാ നിയമങ്ങൾക്കെതിരെ തൊഴിലാളികളും വിദ്യാർത്ഥികളും പ്രക്ഷോഭങ്ങളും പ്രകടനങ്ങളും ആരംഭിക്കുകയും രാഷ്ട്രീയ തടവുകാരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 1976-ൽ അടിയന്തരാവസ്ഥ നിയമങ്ങൾ പിൻവലിക്കുകയും JVP- യുടെ വിലക്ക് അവസാനിക്കുകയും ചെയ്തു.
1977- ന്റെ തുടക്കത്തിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുകയും യാഥാസ്ഥിതിക വലതുപക്ഷപാർട്ടിയായ UNP (യുണൈറ്റഡ് നാഷണൽ പാർട്ടി) അധികാരത്തിൽ വരികയും ചെയ്തു. അധികാരത്തിൽ വരുന്നതിനുമുമ്പ് എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുമെന്ന് അവർ പറഞ്ഞിരുന്നു, എന്നാൽ അധികാരം നേടിയതിനുശേഷം അവരെ മോചിപ്പിക്കുന്നതിൽ അകാരണമായ കാലതാമസം നേരിട്ടു. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള പ്രചാരണം വീണ്ടും ആരംഭിച്ചു. ഒടുവിൽ UNP സർക്കാരിന് റോഹന വിജേവീര ഉൾപ്പെടെ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കേണ്ടിവന്നു.
റോഹന വിജെവീരയുടെയും മറ്റ് രാഷ്ട്രീയ തടവുകാരുടെയും മോചനം JVP- ക്ക് വലിയ പ്രചോദനം നൽകി. തൊഴിലാളികൾ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർക്കിടയിൽ പാർട്ടിക്ക് വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞു, അന്താരാഷ്ട്ര രംഗത്ത് അതിന്റെ സ്വാധീനം വ്യാപിപ്പിക്കുന്നതിലും ഇക്കാലത്ത് JVP ശ്രദ്ധ ചെലുത്തി.
ഇന്ത്യ- ശ്രീലങ്ക കരാറും
രണ്ടാം കലാപവും
1987 ജൂലൈ 29 ന് കൊളംബോയിൽ വെച്ചാണ് ഇന്ത്യ- ശ്രീലങ്ക കരാർ രാജീവ് ഗാന്ധിയും, ജയവർധനെയും തമ്മിൽ ഒപ്പിട്ടത്. ഈ കരാർ പൊതുവെ ഇന്തോ- ശ്രീലങ്ക കരാർ എന്നറിയപ്പെടുന്നു. ഒരു വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്‌സ് (IPKF) എന്ന പേരിലുള്ള ഇന്ത്യൻ സൈനികരെ ദ്വീപിന്റെ വടക്കൻ, കിഴക്കൻ പ്രവിശ്യകളിൽ സമാധാനം നിലനിർത്താൻ വിന്യസിക്കുകയും ചെയ്തു.
ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുപകരം, ഇന്തോ-ശ്രീലങ്ക കരാർ കൂടുതൽ അക്രമത്തിനും രക്തച്ചൊരിച്ചിലിനും വഴിയൊരുക്കി. വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിലുള്ള ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (LTTE) കരാർ അംഗീകരിക്കാൻ വിസമ്മതിക്കുകയും വീണ്ടും യുദ്ധത്തിലേക്ക് മടങ്ങുകയും ചെയ്തു. താമസിയാതെ LTTE വടക്ക്, കിഴക്കൻ പ്രദേശങ്ങളിൽ IPKF-നെതിരെ ഒരു പൂർണ്ണമായ ഗറില്ലാ യുദ്ധം നടത്തി. അതേസമയം, രോഹണ വിജേവീരയുടെ നേതൃത്വത്തിലുള്ള ദേശീയ സോഷ്യലിസ്റ്റ് ജനതാ വിമുക്തി പെരമുന (JVP) ഇന്തോ- ശ്രീലങ്ക കരാറിനെ എതിർക്കുകയും സിംഹളർ കൂടുതലുള്ള പ്രദേശങ്ങളിൽ സായുധ പ്രതിരോധത്തിൽ ഏർപ്പെടുകയും ചെയ്തു.
രണ്ടാമത്തെ JVP കലാപം പ്രസിഡന്റ് ജെ.ആർ. ജയവർധനയുടെയും അദ്ദേഹത്തിന്റെ പിൻഗാമിയായ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെയും യുണൈറ്റഡ് നാഷണൽ പാർട്ടി (UNP) സർക്കാരുകൾക്കെതിരെയായിരുന്നു. 1987-ൽ JR പ്രസിഡന്റായിരുന്നപ്പോൾ ആരംഭിച്ച് 1989 / 90-ൽ പ്രസിഡന്റ് പ്രേമദാസയുടെ കാലത്ത് അവസാനിച്ചു.
മൂന്ന് വർഷത്തിലേറെ നീണ്ടുനിന്ന രണ്ടാം JVP കലാപത്തിന്റെ ഫലമായി ആയിരക്കണക്കിന് ആളുകളെ JVP-യും പോലീസ്, അർദ്ധസൈനികർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന കലാപ വിരുദ്ധ സേനയും ക്രൂരമായി കൊലപ്പെടുത്തി. പതിനായിരക്കണക്കിന് സിംഹള യുവാക്കളെ രഹസ്യ ഏജന്റുമാർ കൂട്ടക്കൊല ചെയ്തു. ഇപ്പോഴത്തെ പ്രസിഡൻ്റ് ദിസനായകെയുടെ സഹോദരനും കൊല്ലപ്പെട്ടത് ഈ സംഘർഷത്തിലാണ്.

സുരക്ഷാ ഉദ്യോഗസ്ഥരും രഹസ്യ ഏജന്റുമാരും നടത്തിയ കൊലപാതകങ്ങളുടെ എണ്ണത്തെക്കുറിച്ച് വിശ്വസനീയമായ കണക്കുകളൊന്നും ലഭ്യമല്ലെങ്കിലും, JVP നടത്തിയ കൊലപാതകങ്ങളുടെ ഔദ്യോഗിക കണക്കുകളുണ്ട്. ഈ മൂന്നു വർഷത്തെ കാലയളവിൽ നിരവധി പൊതുപ്രവർത്തകർ, പോലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, സാധാരണക്കാർ എന്നിവരെ JVP കൊലപ്പെടുത്തിയതായി പറയപ്പെടുന്നു. ഈ കണക്കിൽ ബുദ്ധസന്യാസിമാർ, കത്തോലിക്കാ പുരോഹിതന്മാർ, സ്കൂൾ പ്രിൻസിപ്പൽമാർ, മെഡിക്കൽ ഡോക്ടർമാർ, എസ്റ്റേറ്റ് സൂപ്രണ്ടുമാർ, ട്രേഡ് യൂണിയനിസ്റ്റുകൾ, പോലീസുകാരുടെയും സൈനികരുടെയും കുടുംബാംഗങ്ങൾ എന്നിവരും ഉൾപ്പെടുന്നു.
JVP- യുടെ ഇന്ത്യ വിരുദ്ധ സൈനിക വിഭാഗമായ “ദേശപ്രേമി ജനത വ്യാപാരം” (DJV) യാണ് കരാറിനെ ഏറ്റവുമധികം എതിർത്തതും യുദ്ധമുഖത്തുനിന്നതും. ഇന്ത്യയ്ക്കെതിരെ, ജനങ്ങളുടെ പിന്തുണ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ അന്നത്തെ DJV കമാൻഡർ സമൻ പിയസിരി ഫെർണാണ്ടോ സ്വീകരിച്ച പേര് കീർത്തി വിജയബാഹു എന്നായിരുന്നു. പത്താം നൂറ്റാണ്ടിൽ ചോള രാജാക്കന്മാരായ രാജരാജനും മകൻ രാജേന്ദ്രനും എതിരെ പോരാടിയത് രാജകുമാരൻ കീർത്തിയായിരുന്നു. അനുരാധപുരയ്ക്കടുത്തുള്ള, പോളൊന്നരുവയിൽ നിന്ന് ചോള ജേതാക്കളെ പുറത്താക്കുന്നതിൽ രാജകുമാരൻ വിജയിക്കുകയും വിജയബാഹു എന്ന പേരിൽ കിരീടധാരണം നടത്തുകയും ചെയ്തു.
DJV കമാൻഡർ സമൻ പിയസിരി ഫെർണാണ്ടോ വിജയബാഹുവിൻ്റെ പേര് സ്വീകരിച്ചത് ഇന്ത്യ വിരുദ്ധ മനോഭാവവും ശ്രീലങ്കൻ ദേശീയതയും JVP- കാർക്കിടയിൽ ആഴത്തിൽ ഉൾച്ചേർക്കുന്നതിനായിരുന്നു. ഇന്ത്യൻ സൈന്യത്തിനെതിരെ, ട്രിങ്കോമാലിയിലും മറ്റിടങ്ങളിലും അവർ വലിയ ആക്രമണങ്ങൾ നടത്തി. ഗണ്യമായ അക്രമവും അടിച്ചമർത്തലുകളും നടന്നുവെങ്കിലും ഒരേസമയം ശ്രീലങ്കൻ ഗവൺമെൻ്റിനെതിരെയും ഇന്ത്യൻ സമാധാന സംരക്ഷണ സേനയ്ക്കും എതിരെ പോരാടിയ JVP, ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ അവരുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
ശ്രീലങ്കൻ സൈന്യവും തമിഴരും തമ്മിൽ നടന്ന സംഘർഷങ്ങൾക്കിടയിലെ JVP കലാപത്തെ സൈന്യം അടിച്ചമർത്തി. JVP- യുടെ ഉന്നത നേതൃത്വമാകെ കൊല്ലപ്പെട്ടു. റോഹൻ വിജെവീര, എച്ച്.ബി ഹെറാത്ത്, ഡി.എം. ആനന്ദ, ഉപതിസ്സ ഗമനായകെ, പിയദാസ രണ സിംഗെ, ഗുണരത്നെ വനസിംഗെ, ശാന്ത ബന്ദാരെ, സമൻ പിയസിരി ഫെർണാണ്ടോ എന്നിങ്ങനെ നീളുന്ന നേതൃത്വത്തിൽ സോമവംശ അമരസിംഗെ മാത്രമാണ് രക്ഷപ്പെട്ടത്. പിൽക്കാലത്ത് വിദേശത്തിരുന്ന് JVP- യെ പുനഃസംഘടിപ്പിച്ചതും നയിച്ചതും അമരസിംഗെ യാണ്. അമരസിംഗെയുടെ പിൻഗാമിയായായായാണ് ദിസനായകെ, JVP ജനറൽ സെക്രട്ടറിയായത്.
അക്രമാസക്തമായ പ്രക്ഷോഭങ്ങളെത്തുടർന്ന്, JVP ഒരു സമഗ്രപരിവർത്തനത്തിന് വിധേയമായി. പാർട്ടി സായുധസമരം ഉപേക്ഷിച്ച് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ പങ്കെടുത്തു. ഈ മാറ്റം JVP-യെ സാമൂഹികനീതി, അഴിമതി വിരുദ്ധത, സാമ്പത്തിക പരിഷ്കരണം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജനാധിപത്യ മാർഗങ്ങളിലൂടെ തങ്ങളുടെ നയങ്ങൾക്കായി വാദിക്കുന്നതിലേക്കു നയിച്ചു.
ജതിക ജന ബലവേഗ എന്ന മഴവിൽസഖ്യം
2019- ൽ സ്ഥാപിക്കപ്പെട്ടുവെങ്കിലും, ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രജപക്സെമാർക്കെതിരെ ഉയർന്നുവന്ന ‘ഗോ ഹോം ഗോതഭയ അരഗാലയ’യിലൂടെയാണ് (പ്രതിഷേധം) അനുരകുമാരയുടെ ജതിക ജന ബലവേഗയ എന്ന നാഷണൽ പീപ്പിൾ പവർ പൊതുജനശ്രദ്ധയിലേക്കു വരുന്നത്. JVP ഉൾപ്പെടെയുള്ള 21 വൈവിധ്യമാർന്ന യുവജനസംഘടനകളും തൊഴിലാളി സംഘടനകളും, വനിതാ സംഘടനകളും അഭിഭാഷക- അധ്യാപക സംഘടനകളുമെല്ലാമടങ്ങിയതാണ് നാഷണൽ പീപ്പിൾസ് സഖ്യം. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യം, അഴിമതി, സ്വജനപക്ഷപാതം, സുതാര്യതയില്ലായ്മ, പ്രതിബദ്ധതയില്ലായ്മ എന്നിവയ്ക്കെതിരെ നാഷണൽ പീപ്പിൾ പവർ നടത്തിയ പ്രക്ഷോഭങ്ങളാണ് രജപക്സെമാരുടെ ദുർഭരണത്തിന് അന്ത്യം കുറിച്ചത്.
2022-ലെ ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയിൽ, ഇറക്കുമതിക്ക് പണം നൽകാൻ രാജ്യത്തിന് കഴിഞ്ഞില്ല, ചൈന സൃഷ്ടിച്ച കടക്കെണിക്കുരുക്കും തിരിച്ചടയ്ക്കേണ്ട മറ്റ് ബാധ്യതകളും വ്യാപകമായ അഴിമതിയും ജൈവ കൃഷിയിലേക്കുള്ള പെട്ടെന്നുള്ള മാറ്റവും ടൂറിസത്തിൻ്റെ തകർച്ചയും കോവിഡ് പ്രതിസന്ധിയും രാജ്യത്തെ സാമ്പത്തിക കുഴപ്പത്തിലാക്കി. ഇത് ഭക്ഷണം, മരുന്ന്, ഇന്ധനം, അവശ്യസാധനങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമത്തിലേക്ക് നയിച്ചു. തൽഫലമായി, രാജ്യം അരാജകത്വത്തിലേക്ക് കൂപ്പുകുത്തി. LTTE- യ്ക്കെതിരായ യുദ്ധവിജയത്തിൽ മതിമറന്നിരുന്ന രജപക്സെമാർ ജനകീയ പ്രക്ഷോഭത്തെ അവഗണിച്ചു. പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. രജപക്സെമാർ രാജ്യം വിട്ടോടി.
സാമ്പത്തിക പ്രതിസന്ധിയുടെ ആഴങ്ങളിലേക്കു കൂപ്പുകുത്തിയ ശ്രീലങ്കയിലെ സാധാരണ ജനങ്ങൾ 2024- ലെ തെരഞ്ഞെടുപ്പിൽ JVP നയിക്കുന്ന എൻ.പി.പിയെയാണ് മറുപടിയായി കണ്ടത്. JVP- യുടെ അക്രമാസക്തവും രക്തപങ്കിലവുമായ ഭൂതകാലം മറന്നതുകൊണ്ടല്ല, മറിച്ച് എഴുപത്തഞ്ചോളം വർഷത്തിലേറെയായി ശ്രീലങ്ക മാറിമാറി ഭരിച്ചിരുന്ന പ്രധാന രാഷ്ട്രീയ പാർട്ടികളിലും നേതാക്കളിലുമുള്ള വിശ്വാസനഷ്ടവുമാണ് അവരെ JVP- യിലെത്തിച്ചത്. സമസ്താധികാരങ്ങളും കയ്യടക്കി പാർട്ടിയേയും രാജ്യത്തേയും സ്വകാര്യസ്വത്താക്കി മാറ്റിയ രജപക്സെമാരോടുള്ള കടുത്ത എതിർപ്പും, വെറുപ്പും സാധാരണക്കാരിലൊരാളായ ദിസനായകെയുടെ എൻ.പി.പിയെ സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു.
1977- നു ശേഷമുള്ള ഏറ്റവും മികച്ച ഭൂരിപക്ഷമായ 225 ൽ 159 സീറ്റ് നേടിയാണ് എൻ.പി.പി അധികാരത്തിലെത്തിയത്. ചരിത്രത്തിലാദ്യമായി പാർലമെൻ്റിലേക്ക് 24 വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ദിസനായകെയുടെ മന്ത്രിസഭയിൽ അധ്യാപകരുമുണ്ട്, അഭിഭാഷകരുണ്ട്, ഡോക്ടർമാരുണ്ട്, തൊഴിലാളി നേതാക്കളുണ്ട്. പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും, എഡിൻബറോയിൽ നിന്ന് പിഎച്ച്.ഡിയും കരസ്ഥമാക്കിയ ആക്ടിവിസ്റ്റാണ്.

ജെ.വി.പിയ്ക്കു മുന്നിലെ
വെല്ലുവിളികൾ
സിംഹള ദേശീയതയിലൂന്നിയ അക്രമാസക്തമായ അതിൻ്റെ ഭൂതകാലത്തെത്തന്നെയാണ് JVP- യ്ക്ക് മുറിച്ചുകടക്കേണ്ടത്. എഴുപതുകളിലും, എൺപതുകളിലും നടത്തിയ കലാപങ്ങൾക്ക് JVP മാപ്പുപറയുകയും, ഇനിയൊരിക്കലും ആയുധമെടുക്കില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തര ബൂർഷ്വാ ഗവൺമെന്റുകൾ 'സോഷ്യൽ ഡെമോക്രസി' യുടെ മറവിൽ മുതലാളിത്ത വികസനത്തിന്റെ അതേ പാപ്പരത്ത പാതയിലൂടെ സഞ്ചരിക്കുകയാണെന്ന് 1970- ലെ പാർട്ടിരേഖയിൽ JVP വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തൊഴിലാളിവർഗവും അടിച്ചമർത്തപ്പെട്ട ജനവിഭാഗവും സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും കൂടുതൽ ദുർബലപ്പെടുകയും ചുരുങ്ങുകയും ചെയ്തപ്പോൾ, വിദേശ സാമ്രാജ്യത്വ കുത്തകകളും അവരുടെ സഹകാരികളായ ആശ്രിത ദേശീയ ബൂർഷ്വാസിയും, പ്രത്യേകാവകാശങ്ങളിൽ തങ്ങളെത്തന്നെ സമ്പന്നരാക്കുകയും വിപുലീകരിക്കുകയും ചെയ്തു.
എന്നാൽ ഇതേ JVP- യ്ക്ക് ഇപ്പോൾ കുറേക്കൂടി പ്രായോഗികമായ നിലപാട് സ്വീകരിക്കേണ്ടിവരുന്നു. പൊതു- സ്വകാര്യ- ജന പങ്കാളിത്തവും (പി പി പി പി) ദീർഘകാല വിദേശ നിക്ഷേപവും, വിദേശ സാമ്പത്തിക സഹായവും പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ ശ്രമങ്ങൾ അവരുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്നു. ലോകമെങ്ങുമുള്ള പാർലമെൻ്ററി ജനാധിപത്യ പ്രക്രിയയിൽ ഇടപെടുന്ന ഇടതുപാർട്ടികൾ നേരിടുന്ന പ്രതിസന്ധി തന്നെയാണ് JVP- യും നേരിടുന്നത്.
മൂന്നു കാര്യങ്ങളിൽ JVP നിലപാടെടുക്കേണ്ടിവരുമെന്ന് ജാഫ്ന യൂണിവേഴ്സിറ്റി അധ്യാപകൻ പ്രൊഫ. സന്താനം ഓർമ്മിപ്പിക്കുന്നു:
ഒന്ന്; ഉറച്ചതും സുസ്ഥിരവുമായ ഭരണകൂടം.
രണ്ട്; തമിഴ് പ്രശ്നത്തിനുള്ള ശാശ്വതപരിഹാരം.
മൂന്ന്; അപകടത്തിലായ സമ്പദ് വ്യവസ്ഥയുടെ അതിജീവനം.
ഇക്കാര്യങ്ങളിൽ ദിസനായകെയും ജെ. വി.പിയും എടുക്കുന്ന നിലപാടുകളായിരിക്കും ശ്രീലങ്കയുടെ ഭാവിയെ രൂപപ്പെടുത്തുന്നത്.
(തുടരും)