ഭാഗം ഒന്ന്
കപ്പൽ പുറപ്പെടുകയാണ്.
തമിഴ്നാട്ടിലെ പഴയ തുറമുഖനഗരമായ നാഗപട്ടണത്തു നിന്ന് ശ്രീലങ്കയിലെ ജാഫ്നയ്ക്കടുത്തുള്ള തീരദേശ പട്ടണമായ കങ്കേശൻ തുറയിലേക്ക്. കങ്കേശൻ തമിഴരുടെ പ്രിയ ദൈവമായ മുരുകനാണ്. മുരുകന്റെ തുറയാണ് കങ്കേശൻ തുറൈ. ശുഭം എന്നു പേരുള്ള സ്വകാര്യ കമ്പനി, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, തമിഴ്നാട് മാരീടൈം ബോർഡ് എന്നിവ സഹകരിച്ചാണ് ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള കപ്പൽ യാത്ര തുടങ്ങിയത്. ആൻഡമാനിൽ നിർമിച്ച 'ശിവഗംഗ’ എന്ന ചെറുകപ്പലാണ് സർവീസിനായി ഉപയോഗപ്പെടുത്തുന്നത്. നാഗപട്ടണത്തുനിന്ന് രാവിലെ 7.30 ന് പുറപ്പെടുന്ന കപ്പൽ 11.30 ന് കങ്കേശൻ തുറൈ പോർട്ടിലെത്തും. തിരിച്ച് 1.30 ന് കങ്കേശനിൽ നിന്ന് പുറപ്പെടുന്ന കപ്പൽ 5.30 ന് നാഗപട്ടണത്തെത്തും. ഓൺ അറൈവൽ വിസ കങ്കേശൻ തുറൈ പോർട്ടിൽ നിന്നുതന്നെ ലഭിക്കും.
തമിഴ്പുലികളും ശ്രീലങ്കൻ സൈന്യവും തമ്മിൽ സംഘർഷമാരംഭിക്കുന്ന എൺപതുകൾക്കു മുമ്പ് തൂത്തുക്കുടിയിൽ നിന്നും, രാമേശ്വരത്തു നിന്നും കൊളംബോയിലേക്കും തലൈമന്നാറിലേയ്ക്കും കപ്പലുകൾ പോയി വന്നിരുന്നു. ഒറ്റ ടിക്കറ്റിൽ തൂത്തുക്കുടിയിൽ നിന്ന് രാമേശ്വരത്തെത്തി അവിടെ നിന്ന് മാന്നാറിലേക്ക് പോവാൻ പറ്റുമായിരുന്നുവെന്നും പറയുന്നുണ്ട്. എന്നാൽ കടൽയുദ്ധവും, അഭയാർഥികളുടെ കൂട്ടപ്പലായനവും , ഇന്ത്യാ - ശ്രീലങ്ക ബന്ധത്തിലെ വിള്ളലുകളും കപ്പൽയാത്രകൾ അവസാനിപ്പിക്കുന്നതിനു കാരണമായി.
ഇപ്പോൾ വീണ്ടും കടൽയാത്ര തുടങ്ങുമ്പോൾ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. 2009-ലെ മുല്ലൈവായ്ക്കൽ യുദ്ധത്തോടെ, തമിഴ് വിടുതലൈ പുലികളുടെ പോരാട്ടം ചരിത്രത്തിന്റെ ഭാഗമായി മാറി. ഇനിയൊരു തിരിച്ചുവരവു സാധ്യമാകാത്ത വിധം തമിഴ് രാഷ്ട്രവാദം ദുർബലമായി. ശ്രീലങ്കയിലെ തമിഴർ നിരാശരായി. എൺപതുകളിൽ ഉയർന്നുവന്ന്, ലക്ഷക്കണക്കിനു മനുഷ്യരുടെ കുടിയൊഴിക്കലിലും, പലായനങ്ങളിലും, ബലാത്സംഗങ്ങളിലും, കൂട്ടക്കൊലപാതകങ്ങളിലുമവസാനിച്ച, വംശഹത്യയോടടുത്തു നിൽക്കുന്ന സിംഹള - തമിഴ് സംഘർഷത്തിന്റെ ബാക്കിപത്രം എന്താണെന്ന ചോദ്യത്തിനുള്ള മറുപടി ജാഫ്നയിൽ കണ്ടുമുട്ടിയ മനുഷ്യരുടെ അസ്വസ്ഥതയും സങ്കടവും നിറഞ്ഞ കണ്ണുകളിലുണ്ട്.

ദുരിതങ്ങളുടെ
കണ്ണീർത്തുള്ളി
യാത്രികരിൽ ഏറെയും ഇന്ത്യയിൽ നിന്ന് ജാഫ്നയിലേയ്ക്കുള്ള കച്ചവടക്കാരും ക്ഷേത്ര സന്ദർശനത്തിനായി പോകുന്ന തീർഥാടകരുമാണ്. ടൂറിസ്റ്റുകൾ പൊതുവേ കുറവാണ്. ഒരു കടൽദൂരം മാത്രമാണുള്ളതെങ്കിലും, ഇപ്പോഴും ഇന്ത്യാക്കാരുടെ യാത്രാ ലക്ഷ്യമായി ശ്രീലങ്ക മാറിയിട്ടില്ല. എയർ കണ്ടീഷൻ ചെയ്ത കപ്പലായതിനാൽ കടൽമണമോ, കടൽചൊരുക്കോ ഇല്ല. നാഗപട്ടണത്തുനിന്ന് ഏതാണ്ട് ഒന്നുരണ്ടു മണിക്കൂർ തമിഴ് തീരങ്ങളിലൂടെയാണ് യാത്ര. കടലിലേക്കു ചാഞ്ഞു നിൽക്കുന്ന തെങ്ങുകളുടെ നീണ്ട നിര കാണാം. ഒറ്റയ്ക്കും തെറ്റയ്ക്കും ചില മീൻപിടിത്ത ബോട്ടുകളും പിന്നെ അവയെ ചുറ്റിപ്പറ്റിപ്പറക്കുന്ന കടൽപ്പക്ഷികളും.
ജാഫ്നയിൽ നിന്നും കിളിനോച്ചിയിൽ നിന്നും വാവുനിയയിൽ നിന്നും കാൻഡിയിൽ നിന്നുമെല്ലാം അഭയാർത്ഥികളായ മനുഷ്യർ, ഉള്ളതെല്ലാം വാരിപ്പിടിച്ച് വന്നെത്തിയ തീരങ്ങളാണവ. തീരങ്ങളിലെ ജനങ്ങൾ അതേ നിറവും, മുല്ലപ്പൂ മണവും, തമിഴ് പേച്ചുകളുമുള്ള യാഴ്പ്പാണ സഹോദരങ്ങളെ ചേർത്തുപിടിച്ചതിൽ അത്ഭുതമില്ല.
പഴയ ജ്യോഗ്രഫി ക്ലാസുകളെ ഒന്നോർത്തെടുത്താൽ ഈ രണ്ടു തീരങ്ങൾക്കും തമ്മിൽ വലിയ വ്യത്യാസമില്ല. പ്ലേറ്റ് ടെക്ടോണിക്സിൽ പറയുന്ന ഈർച്ചവാൾ ചേർച്ച (Jigsawfit), ഒരേ വൻകരയുടെ പതിയെ അകന്നു മാറിയ രണ്ടിടങ്ങൾ, ഒരുപോലുള്ള ഭൂമിശാസ്ത്ര പ്രത്യേകതകൾ, കാലാവസ്ഥ, സസ്യവർഗ്ഗങ്ങൾ, ജന്തുജാലങ്ങൾ, മനുഷ്യർ, ഭൂമിശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട സാമൂഹിക- സാംസ്കാരിക- ഭാഷാ-ഭക്ഷണ സാദൃശ്യങ്ങൾ, തെങ്ങിന്റെയും മാവിന്റെയും പുളിയുടെയും വേപ്പിന്റെയും സമൃദ്ധത, പുട്ടിന്റെയും, അപ്പത്തിന്റെയും, ഇഡ്ഡലിയുടേയും, ഇടിയപ്പത്തിന്റെയും സ്നിഗ്ധത, വീടുകളുടെയും, കോവിലുകളുടെയും നിർമ്മിതിയിലെ, ദ്രവീഡിയൻ ചാരുതകളുടെ സമാനത, വൈകുന്നേരങ്ങളിൽ സജീവമാവുന്ന അങ്ങാടികളിലെ കൊട്ടകകളിൽ നിന്നുയർന്നുകേൾക്കുന്ന ഇളയരാജപ്പാട്ടുകളിലെ പൊരുത്തം.

മധ്യേഷ്യൻ രാജ്യങ്ങളിലേയ്ക്കുള്ള ജീവിതവഴി തുറക്കുന്നതിനു മുമ്പ് നമ്മുടെ യാത്രാപഥങ്ങളിൽ സിലോണും മലയായും സിംഗപ്പൂരുമാണ് ഇടം പിടിച്ചിരുന്നത്. കടൽക്കാറ്റിന്റെ ഇരമ്പലെന്നതുപോലെ ചിലപ്പോൾ ഉയർന്നും മറ്റു ചിലപ്പോൾ താഴ്ന്നും സിലോൺ റേഡിയോ കേൾക്കുമ്പോൾ അത് മറ്റൊരു മലയാളനാടെന്നപോലെ തോന്നിയിരുന്നു. ബുധനാഴ്ചകളിലെ അമീൻ സയാനിയുടെ, ബിനാ കാ ഗീത് മാല, സർഫോറേഷ് കേ മെഹമാൻ എന്നിങ്ങനെ ജനപ്രിയ പ്രോഗ്രാമുകൾ. തമിഴ് പ്രശ്നത്തെച്ചൊല്ലി ഇന്ത്യയും, ശ്രീലങ്കയും തമ്മിൽ സംഘർഷമുണ്ടായപ്പോഴും ഹിന്ദിയിലും, തമിഴിലും, മലയാളത്തിലും സിലോൺ റേഡിയോ പാട്ടു തുടർന്നിരുന്നു. കടലിനപ്പുറത്തു നിന്ന്, ഒരുപാട് ഇന്ത്യക്കാരെ പാട്ടുകേൾപ്പിച്ചാഹ്ലാദിപ്പിച്ച റേഡിയോയാണത്. പാട്ടിലും, കഥയിലും, കാഴ്ചയിലുമെല്ലാം സിലോൺ, നമ്മുടെ ജീവിതത്തോടുത്തു നിൽക്കുന്ന ദേശമാണ്.
എം.ടി യുടെ നിന്റെ ഓർമ്മയ്ക്ക് എന്ന കഥയിലെ അച്ഛനൊപ്പം റബ്ബർ മൂങ്ങയുമായി സിലോണിൽ നിന്നെത്തിയ ആ പെൺകുട്ടി ഏതോ ഒരു യുദ്ധത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ടവളായിരുന്നു.
എം.ടി എഴുതുന്നു:
‘‘അച്ഛൻ താമസിക്കുന്ന തെരുവിന്റെ ഒരറ്റത്തും ബോംബു വീണുവത്രെ. ഒരു വലിയ തുണിച്ചരക്കു പീടിക മുഴുവൻ കത്തിനശിച്ചു. കെട്ടിടങ്ങൾ പലതും നിലംപറ്റി. പലരും മരിച്ചു. മരിച്ചവരുടെ കൂട്ടത്തിൽ അച്ഛന്റെ ഒരു സ്‌നേഹിതനും പെട്ടിരുന്നു. അയാൾ സിംഹാളിയാണ്. അയാളുടെ മകളാണ് അച്ഛന്റെ കൂടെയുള്ളത്. ലീല.
ലീലയ്‌ക്ക് സ്വന്തമായി മറ്റാരുമില്ല. അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു. അച്ചൻ ബോംബുവീണപ്പോഴും. ഇനിയും അവിടെ ബോംബിട്ടേയ്‌ക്കാം. അപ്പോൾ അവളെ രക്ഷിക്കാൻ, കൂടെ കൊണ്ടുവരികയേ നിവൃത്തിയുള്ളൂ’’.

ഒടുവിൽ വീട്ടിലെ അസ്വാരസ്യങ്ങൾക്കിടയിൽ, കുറച്ചു നാൾക്കകം അച്ഛൻ ലീലയെക്കൂട്ടി തിരിച്ചു പോവുകയാണ്:
''അച്ഛൻ മുന്നിലും ലീല പുറകിലുമായി പടിയിറങ്ങി… നീണ്ടുപോകുന്ന ഇടവഴിയിലൂടെ, അവർ നടന്നകലുകയാണ്. അവർ പോവുകയാണോ?…
ദൂരെ ആ സൂര്യകാന്തിപ്പൂക്കളും നീലപ്പട്ടുനാടയും കാഴ്‌ചപ്പാടിൽ നിന്നു മറഞ്ഞു. പന്തീരാണ്ടിനുശേഷം ഞാനിന്ന് ലീലയെക്കുറിച്ച് ഓർത്തുപോയി. പ്രിയപ്പെട്ട സഹോദരീ, നാഴികകൾക്കപ്പുറത്തുനിന്ന്, ഞാൻ മംഗളം നേരുന്നു… നിന്റെ ഓർമ്മയ്‌ക്കു വേണ്ടി ഞാനിത് കുറിക്കട്ടെ’’.
എം.ടിയുടെ കഥയിലെ അച്ഛനും ലീലയും സിലോണിലേയ്ക്ക് തന്നെയാവുമോ തിരിച്ചു പോയിട്ടുണ്ടാവുക. അപ്പോഴേക്കും യുദ്ധം അവസാനിച്ചിട്ടുണ്ടാവുമോ? പിന്നീട് ലീലയ്ക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാവുക?
നിന്റെ ഓർമ്മയ്ക്ക് എന്ന കഥ എഴുതിയപ്പോൾ മാത്രമാണ് കരഞ്ഞിട്ടുള്ളത് എന്ന് എം.ടി പറയുന്നു. ലീലയെപ്പോലെ എത്രയോ പെൺകുട്ടികൾ ഈ ദ്വീപിൽ നിന്ന് എവിടേയ്ക്കെല്ലാമോ പുറപ്പെട്ടുപോയി. എങ്ങോട്ടും പോവാനാവാതെ സംഘർഷങ്ങളിൽ തുലഞ്ഞ ജീവിതങ്ങളെത്ര. ലക്ഷക്കണക്കിനു പെൺജീവിതങ്ങളുടെ ദുരിതാനുഭവങ്ങളുടെ കണ്ണീർത്തുള്ളിയാണ് ശ്രീലങ്ക.

ശരവണന്റെ പ്രഭാകരൻ
'സാർ ടൂറിസ്റ്റാ, ബിസിനസ്സാ' സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് വെയ്റ്റിംഗ് ലോഞ്ചിലിരിക്കുമ്പോൾ പിന്നിൽ നിന്നൊരു ചോദ്യം. പരിചയപ്പെട്ടപ്പോൾ കടലൂരു നിന്നുള്ള ശരവണനാണ്. ഉണക്കമീൻ കച്ചവടമാണ്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ നിരന്തരം യാത്ര ചെയ്യുന്നു. മലേഷ്യയിലുമുണ്ട് കച്ചവടം. കുടുംബ ബിസിനസ്സാണ്. അമ്മാവനാണ് കടലൂരിലിരുന്ന് കച്ചവടം നിയന്ത്രിക്കുന്നത്. യാത്രയെല്ലാം ശരവണനാണ്. അധികം പഠിച്ചിട്ടില്ലെങ്കിലും കേരളത്തിന്റെയും, തമിഴ്നാടിന്റെയും, ശ്രീലങ്കയുടേയും, മലേഷ്യയുടേയുമെല്ലാം ഭൂമിശാസ്ത്രവും ചരിത്രവും രാഷ്ട്രീയവുമെല്ലാം ശരവണന് സുപരിചിതം. പ്രഭാകരൻ പോയതോടെ ശ്രീലങ്കയിലെ തമിഴർക്ക് നേതാവില്ലാതായെന്ന് ശരവണൻ ശബ്ദം താഴ്ത്തി പറഞ്ഞു. അവസാന പോരാട്ടത്തിൽ പ്രഭാകരൻ കൊല്ലപ്പെട്ട ശേഷം, നാലഞ്ചു വർഷം കഴിഞ്ഞ് മുല്ലൈത്തീവിലെ പ്രഭാകരൻ മരിച്ച നന്തി കടപ്പുറത്തു പോയി കരഞ്ഞുവെന്നും കൂട്ടത്തിൽ ശരവണൻ പറഞ്ഞു.
ഈഴത്തോടുള്ള തമിഴരുടെ ബന്ധം എക്കാലത്തും വൈകാരികമായിരുന്നു. പത്മനാഭയും ഉമാമഹേശ്വരനും അമൃതലിംഗവുമുൾപ്പെടെയുള്ള തമിഴ് നേതാക്കളെയും, രജനി തിരണഗാമയേയും രേലങ്കി സെൽവരാജയേയും ഉൾപ്പെടെയുള്ള പത്രപ്രവർത്തകരേയും കൊന്നുതള്ളുമ്പോഴും അവർ പ്രഭാകരനൊപ്പം നിന്നത് തമിഴ് ഈഴത്തോടുള്ള പ്രഭാകരന്റെ സമരോത്സുകമായ കൂറു കൊണ്ടു മാത്രമായിരിക്കാം. ആ കൂറ് പക്ഷേ, പ്രഭാകരന് ജനാധിപത്യപരമായ ചർച്ചകളോടോ, സംവാദങ്ങളോടോ ഉണ്ടായിരുന്നില്ല. മധ്യകാലഘട്ടത്തിലെ, ഒരു യുദ്ധപ്രഭുവിനെപ്പോലെയാണ് അയാൾ പെരുമാറിയിരുന്നത്. ആൻ്റൺ ബാലശിങ്കമുൾപ്പെടെയുള്ള ഉപദേശകർ, ചർച്ചകളുടേയും, കൂടിയാലോചനകളുടെയും വഴികളെക്കുറിച്ചു പറയുമ്പോൾ കൊല്ലുന്നതിനെക്കുറിച്ചും, മരിക്കുന്നതിനെക്കുറിച്ചുമായിരുന്നു അയാൾ പറഞ്ഞുകൊണ്ടിരുന്നത്. ശ്രീലങ്കയിലെ തമിഴരുടെ ഏകനേതാവും, ഏക പ്രസ്ഥാനവുമാവാനുള്ള വ്യഗ്രതയിൽ അയാളും, അയാളുടെ പ്രസ്ഥാനവും മറ്റു ശബ്ദങ്ങളൊന്നും കേട്ടില്ല. നാട്ടുകാർ ആദരപൂർവ്വം ഗാന്ധിയൻ വേലുപ്പിള്ളയെന്നു വിളിച്ച തിരുവെങ്കിടം വേലുപ്പിള്ളയുടെ മകൻ സഞ്ചരിച്ച വഴികളിൽ എല്ലായ്പ്പോഴും, ചോരയുടേയും, മരണത്തിന്റെയും നിഴൽ വീണു കിടന്നിരുന്നു.
കപ്പലിൽ വെച്ചാണ് ഡിണ്ടിഗൽ, ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയ്ക്കടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ള ഗാന്ധിമണിയെ പരിചയപ്പെട്ടത്. ഗാന്ധിമണിയ്ക്ക് തുണിക്കച്ചവടമാണ്. ഡിണ്ടിഗലിലെ നെയ്ത്തു കാരുടെ കുടുംബത്തിൽ നിന്നുള്ളയാളാണ്. പേരിനു പിന്നിലെ കാരണമന്വേഷിച്ചപ്പോൾ അയാൾ ചിരിച്ചു. അച്ഛൻ വലിയ ഗാന്ധിയനായിരുന്നു. ഡിണ്ടിഗലിൽ വന്നപ്പോൾ ഗാന്ധിയെ നേരിൽ കണ്ടിട്ടുണ്ട്. അങ്ങനെയിട്ടപേരാണ്. ഗാന്ധിമതി, ഗാന്ധിമണി, ഗാന്ധിരവി എന്നിങ്ങനെ അഞ്ചാറു പേർ അവരുടെ ഗ്രാമത്തിലുണ്ടത്രേ. മക്കളെ പഠിപ്പിച്ച് വിദേശത്തേയ്ക്കണം എന്നാണ് ഗാന്ധിമണിയുടെ ആഗ്രഹം. അതിനാൽ അവരെ വലിയ ഫീസുള്ള ഇൻ്റർനാഷണൽ സ്കൂളിലാണ് അയയ്ക്കുന്നത്. പടിപ്പ് താൻ ഫസ്റ്റ്, പൈസ, കയ്സയെല്ലാം അത്ക്ക് പിന്നാടിതാനെന്ന് അയാൾ നിരന്തരം പറയുന്നുണ്ടായിരുന്നു. ഗാന്ധിമണിയെന്ന സാരികച്ചവടക്കാരൻ നിസ്സാരനല്ല. ശ്രീലങ്ക, മൗറീഷ്യസ്, മലേഷ്യ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം പോയി കച്ചവടം നടത്തുന്നയാളാണ്. കേരളത്തിലെ കുത്താമ്പുള്ളിയും ചേന്ദമംഗലവും ബാലരാമപുരവുമെല്ലാം പരിചിതം. ഗാന്ധി മണിയെപ്പോലുള്ള വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന രക്ഷിതാക്കളിലൂടെയാണ് സമീപകാലത്ത് തമിഴ്നാട് വിദ്യാഭ്യാസമേഖലയിൽ വലിയ മുന്നേറ്റം നടത്തുന്നത്.

തമിഴരുടെ യാത്രകൾ കൗതുകകരമാണ്. വടക്കേ ഇന്ത്യയേക്കാൾ അവർ യാത്ര ചെയ്യുന്നത് തെക്കു- കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കാണ്. അതിന് ചരിത്രപരവും, സാംസ്കാരികവുമായ കാരണങ്ങളുണ്ട്. ചോളവംശത്തോളം നീളുന്നതാണ് ആ യാത്രകൾ. സമുദ്രത്തിലൂടെ ലോകം കീഴടക്കാനിറങ്ങിയ രാജരാജന്റെയും രാജേന്ദ്ര ചോളന്റെയും ഡി എൻ എയാണ് അവരിലുള്ളത്.
ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സൈനിക ചാതുര്യമുള്ള രാജാക്കന്മാരിൽ ഒരാളായിരുന്നു രാജേന്ദ്ര ചോളൻ ഒന്നാമൻ. സമുദ്രങ്ങളും ഗംഗാ നദിയും കീഴടക്കി ഗംഗാജലവുമായ തിരിച്ചെത്തിയ അദ്ദേഹത്തിന് ഗംഗൈകൊണ്ട ചോളൻ എന്ന പേരു ലഭിച്ചു. അദ്ദേഹത്തിന്റെ വിജയങ്ങൾ അവസാനിച്ചപ്പോഴേക്കും, വിശാലമായ ചോള സാമ്രാജ്യം ലക്ഷദ്വീപ്, ശ്രീലങ്ക, മാലിദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, തായ്‌ലൻഡ് എന്നിവ മുതൽ മലേഷ്യ, സിംഗപ്പൂർ, കംബോഡിയ, ഇന്തോനേഷ്യൻ ദ്വീപസമൂഹം വരെ വ്യാപിച്ചുകിടന്നു.
ചോളശക്തിക്ക് അടിത്തറയിട്ടത് അരുൾമൊഴി വർമ്മനെന്ന രാജരാജ ചോളനെങ്കിലും, വ്യാപനം മകൻ രാജേന്ദ്ര ചോളനിലൂടെയാണ്. ശ്രീലങ്കയിൽ തുടങ്ങി, പൊന്നിയിൻ ശെൽവൻ ആരംഭിച്ച സമുദ്രയാനം, രാജേന്ദ്രൻ പൂർത്തിയാക്കി, ദ്വീപ് മുഴുവൻ പിടിച്ചടക്കുകയും സിംഹള രാജ്യത്തിന്റെ രാജാവായ മഹിന്ദ അഞ്ചാമനെ തടവിലാക്കുകയും ചെയ്തു. ചോളർക്കൊപ്പം പോയ തമിഴ് വണിക് സംഘങ്ങൾ തെക്കേനേഷ്യൻ രാജ്യങ്ങളുമായി വ്യാപാര ബന്ധവും, സാംസ്കാരിക ബന്ധങ്ങളും സ്ഥാപിച്ചു. ഇപ്പോഴും തെക്കുകിഴക്കൻ പ്രദേശങ്ങളിലേക്കുള്ള തമിഴരുടെ സഞ്ചാരം നീളുന്നു.
നമ്മുടെ യാത്രയും തുടരുകയാണ്. ചുറ്റും വിശാലമായ കടൽ മാത്രം. ഓളപ്പരപ്പിൽ വെയിൽത്തിളക്കം. ഇടയ്ക്കിടെ തിരമാലകൾക്കു മുകളിലൂടെ ചെറുമീനുകൾ കുതിച്ചു ചാടുന്നു. ആദ്യമായി കടൽയാത്ര ചെയ്യുന്നവരിൽ ചിലർ ഫോട്ടോകളും വീഡിയോകളുമെടുക്കുന്നു. മറ്റു ചിലർ ലൈവായി കാഴ്ചകൾ വീട്ടിലുള്ളവരെ കാണിക്കുന്നു. രാവിലെ കപ്പലിൽ നിന്ന് ബ്രേക്ഫാസ്റ്റിന് ഇഡ്ഡലിയാണ് ആഗ്രഹിച്ചതെങ്കിലും തീർന്നുപോയതിനാൽ കിട്ടിയത് പൊങ്കലായിരുന്നു. പക്കാ തമിഴ് വിഭവം. പക്ഷേ കണ്ടയ്നറിലെ പൊങ്കലിന് അസ്സൽ തമിഴ്രുചിയില്ല. സ്ക്രീനിൽ വിജയ് നായകനായ ലിയോ സിനിമ തകർക്കുന്നു. യാത്രികരിൽ ഒട്ടുമിക്കയാളുകളും സിനിമയിലാണ്. സിനിമയ്ക്കൊപ്പം, അവരങ്ങനെ ലയിച്ച്, രസിച്ച് സഞ്ചരിക്കുകയാണ്. ഇടയ്ക്കിടെ ചില കമൻ്റുകളുമുണ്ട്.
കപ്പലിലെ അത്യാവശ്യം സാധനങ്ങൾ കിട്ടുന്ന കടയിൽ നിന്ന് നിലക്കടല വറുത്തത് ശരവണൻ വാങ്ങിവന്നു. അടുത്തിരുന്ന സഹയാത്രികർക്കു നേരെ നീട്ടിക്കൊണ്ട് ഇന്ത്യൻ മീൻപിടിത്തക്കാരും, ശ്രീലങ്കൻ സൈന്യവും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചു പറഞ്ഞു. കരയുടെ അതിർത്തി എല്ലാവർക്കും മനസ്സിലാവും, പക്ഷേ, പാവപ്പെട്ട മത്സ്യത്തൊഴിലാളികളും മീനുകളും കടലിന്റെ അതിർത്തി എങ്ങനെ മനസ്സിലാക്കാനാണെന്നാണ് അയാൾ ചോദിക്കുന്നത്. കൂട്ടത്തിൽ, നരേന്ദ്ര മോദിയുടെ ശ്രീലങ്ക സന്ദർശനത്തിൽ ആ പ്രശ്നം പരിഹരിക്കാനാവുമെന്ന വിശ്വാസവും ശരവണൻ പ്രകടിപ്പിച്ചു.

മത്സ്യബന്ധനത്തിന്റെ അതിര്
രാമേശ്വരത്തും നാഗപട്ടണത്തും വേദാരണ്യത്തു നിന്നുമെല്ലാമുള്ള ഒരുപാടു മത്സ്യബന്ധന തൊഴിലാളികൾ സമുദ്രാതിർത്തി കടന്നുവെന്നതിന്റെ പേരിൽ ഇപ്പോഴും ശ്രീലങ്കൻ ജയിലുകളിലാണ്. രാമേശ്വരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം കഴിഞ്ഞാൽ ശ്രീലങ്കൻ അതിർത്തിയായി. ഇന്ത്യൻ തീരത്തുള്ള ഏഴ് നോട്ടിക്കൽ മൈൽ ദൂരം പാറക്കെട്ടുകളും മറ്റും നിറഞ്ഞ് മത്സ്യബന്ധനത്തിനു പറ്റിയതല്ല. പിന്നീടുള്ള 5 നോട്ടിക്കൽ മൈൽ ദൂരമാണ് ആയിരക്കണക്കിന് ഇന്ത്യൻ മത്സ്യത്തൊഴികളുടെ ആശ്രയം. പക്ഷേ, പലപ്പോഴും, രാത്രിയിൽ ബോട്ടുകൾ തിരയിലോ, ഒഴുക്കിലോ പെട്ട് ഏതെങ്കിലും രീതിയിൽ അതിർത്തി കടന്നാൽ ശ്രീലങ്കൻ നാവികസേന പാഞ്ഞെത്തും. മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ബോട്ടുകൾ പിടിച്ചെടുക്കുകയും, അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്യും. പിടിച്ചെടുക്കുന്ന ബോട്ടുകൾ മിക്കപ്പോഴും തിരിച്ചുകിട്ടാറില്ല. കുപ്രസിദ്ധമായ ശ്രീലങ്കൻ ജയിലുകളിൽ നിന്നു പുറത്തുവിടുന്നതുവരെ നരകതുല്യമായ പീഢനങ്ങളാണ് മത്സ്യത്തൊഴിലാളികൾക്ക് അനുഭവിക്കേണ്ടിവരുന്നത്. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ മനഃപൂർവ്വം സമുദ്രാതിർത്തി കടന്നുവന്ന്, ശ്രീലങ്കൻ മത്സ്യബന്ധനത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കുകയാണെന്നാണ് ശ്രീലങ്കൻ അധികൃതരുടേയും, മീഡിയയുടെയും പക്ഷം.

കപ്പലോട്ടിയ തമിഴൻ
ചരിത്രവും, മിത്തുകളും, രാഷ്ട്രീയവുമെല്ലാം കരയ്ക്കു മാത്രമല്ല കടലിനുമുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻമഹാസമുദ്രത്തിന്. രാമായണ കഥയുമായി ബന്ധപ്പെട്ട ഒരുപാട് സംഭവങ്ങളിൽ സമുദ്രം കടന്നു വരുന്നുണ്ട്. മറ്റൊരു തരത്തിൽ രാമായണകഥയാകെ സമുദ്രത്തിനു ചുറ്റുമുള്ള ദ്വീപുരാഷ്ട്രങ്ങളിലായി പടർന്നു കിടക്കുകയാണ്. എ.കെ. രാമാനുജന്റെ പുസ്തകത്തിന്റെ ടൈറ്റിൽ പോലെ, എത്രയെത്ര രാമായണങ്ങൾ. രാമന്റെ കഥയും, രാവണന്റെ കഥയും, സീതയുടെ കഥയും, ശംബൂകന്റെ കഥയും, താടകയുടെ കഥയും. അങ്ങനെ എത്രയെത്രയോ കഥകളും, ഉപകഥകളുമായി രാമായണവും മഹാസമുദ്രംപോൽ പടർന്നു കിടക്കുകയാണ്.
ഇന്ത്യൻ മഹാസമുദ്രത്തിലെ, തമിഴ്നാടിനും, ശ്രീലങ്കയ്ക്കുമിടയിലെ സമുദ്രതീരങ്ങൾ പഴയ സുഗന്ധവ്യഞ്ജനപ്പാതയുടെ ഭാഗമായിരുന്നു. കിഴക്കൻ തീരങ്ങളിൽ നിന്ന് കപ്പലുകൾ, ചരക്കുകളുമായി പടിഞ്ഞാറൻ തീരങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്തിരുന്നു. ചൈനയിൽ നിന്ന് തുണിത്തരങ്ങളും, ഇന്ത്യയിൽ നിന്ന് കുരുമുളകും, ശ്രീലങ്കയിൽ നിന്ന് കറുവപ്പട്ടയും കയറ്റിയ കപ്പലുകൾ സമുദ്രപാതകളെ സജീവമാക്കിയിരുന്നു. കൂട്ടത്തിൽ ശ്രീലങ്കയിലെ പെരദേനിയയിലെ ബോട്ടണിക്കൽ ഗാർഡനിൽ നിന്ന് കടൽ കടന്ന് തിരുവിതാംകൂറിൽ വിശാഖം തിരുനാളിന്റെ കാലത്തെത്തിയ കപ്പയെന്ന മരച്ചീനി കേരളത്തിന്റെ വിശപ്പു മാറ്റിയ കഥയുമുണ്ട്.
ഇന്ത്യയ്ക്കും, ശ്രീലങ്കയ്ക്കുമിടയിലെ കടൽപാതയിൽ മറക്കാൻ പാടില്ലാത്ത പേരാണ് വി.ഒ ചിദംബരംപിള്ളയെന്ന, കപ്പലോട്ടിയ തമിഴൻ്റേത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി, വി. ഒ സി എന്ന വി.ഒ. ചിദംബരംപിള്ള ആരംഭിച്ച സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനിയുടെ കപ്പലുകൾ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ സഞ്ചരിച്ചിരുന്നു. തൂത്തുക്കുടിയിൽ നിന്നായിരുന്നു ആ യാത്ര. ‘കപ്പലോട്ടിയ തമിഴൻ’ എന്ന് പ്രശസ്തനായ വി.ഒ.സി സ്വദേശി പ്രസ്ഥാനകാലത്ത്, ജനങ്ങളിൽ നിന്ന് പിരിവെടുത്ത് രണ്ടു കപ്പലുകൾ വാങ്ങി ബ്രിട്ടീഷ് കപ്പലുകളെ വെല്ലുവിളിച്ചിരുന്നു. ബ്രിട്ടീഷ് കപ്പലുകളുടെ ചൂഷണം അവസാനിപ്പിക്കുകയും, സ്വദേശി ഗതാഗതം പ്രോത്സാഹിപ്പിക്കുകയുമായിരുന്നു വി.ഒ.സിയുടെ ലക്ഷ്യം. സ്വദേശി നാവിഗേഷൻ കമ്പനിയെ തകർക്കാനായി ബ്രിട്ടീഷുകാർ പലതും ചെയ്തു. ഒടുവിൽ ചിദംബരം പിള്ളയെ പിടികൂടി ജയിലിലടച്ചു. ക്രമേണ നാവിഗേഷൻ കമ്പനി നഷ്ടത്തിലുമായി. സ്വദേശി നാവിഗേഷൻ കമ്പനി പൂട്ടിയെങ്കിലും കപ്പലോട്ടിയ തമിഴൻ എന്ന വി.ഒ. സി യുടെ ചരിത്രം ഇന്നും ത്രില്ലടിപ്പിക്കുന്നതാണ്.

എവിടെയാണ് തമിഴ് ഈഴം?
ചോളരും, തദ്ദേശീയ ഭരണാധികാരികളും തമ്മിൽ ആധിപത്യത്തിനും, അധികാരത്തിനുമായി നടന്ന ഏറ്റുമുട്ടലുകൾക്കു ശേഷവും, അതിന്റെ രണ്ടാം പതിപ്പെന്ന പോലെ ശ്രീലങ്കൻ നാവികസൈന്യവും കടൽപ്പുലികളും തമ്മിൽ ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നടന്ന സംഘർഷങ്ങൾ നിരവധിയാണ്. ലങ്കൻ സേനയുടെ ഒരു പാട് ബോട്ടുകളെയും, കപ്പലുകളേയും, കേണൽ സൂസൈയുടെ നേതൃത്വത്തിലുള്ള കടൽപ്പുലികൾ പിടിച്ചെടുക്കുകയോ, മുക്കിക്കളയുകയോ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, ലോകത്ത്, തീവ്രവാദ സംഘടനകളിൽ, വിടുതലൈ പുലികൾക്ക് മാത്രമായിരിക്കാം, സുസജ്ജമായ ഒരു നാവികവിഭാഗമുണ്ടായിരുന്നത്.
1993 ജനുവരി 13 ന് ഒരു തൈപ്പൊങ്കൽ ദിവസമാണ് ജാഫ്നയിലെ പുലി കമാൻഡർ ആയിരുന്ന സദാശിവം കൃഷ്ണകുമാർ എന്ന കിട്ടു ഇതേ സമുദ്രപാതയിൽ വെച്ച് ഇന്ത്യൻ നാവികസേനയുടെ പിടിയിലാവുന്നത്. ജാഫ്നയിൽ വെച്ചു നടന്ന ബോംബാക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ട കിട്ടു, പിന്നീട് രാജ്യാന്തര തലത്തിൽ തമിഴ്പുലികളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. 1993 ജനുവരി 13 നാണ് കിട്ടു ഉൾപ്പെടെയുള്ള തമിഴ്പുലികൾ വൻ സ്ഫോടകശേഖരവും, ആയുധങ്ങളുമായി സഞ്ചരിച്ചിരുന്ന അഹത് എന്ന കപ്പലിനെ ഇന്ത്യൻ നാവികസേന പിന്തുടരുന്നത്. കീഴടങ്ങാൻ സേന പലവട്ടം ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതിരുന്ന കിട്ടുവും സംഘവും സയനൈഡ് വിഴുങ്ങി, സ്ഫോടനം നടത്തി കടലിലൊടുങ്ങി. ഈഴത്തെക്കുറിച്ച് പ്രഭാകരനോളം കൂറും, വീര്യവുമുണ്ടായിരുന്ന കേഡറായിരുന്നു കിട്ടു എന്ന കൃഷ്ണകുമാർ.
1991-ൽ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന മാവീരർ നാൾ അനുസ്മരണ പരിപാടികളെ അഭിസംബോധന ചെയ്യവേ, ബ്രിട്ടീഷ് അഭയാർത്ഥി കൗൺസിലിലെ ഒരു ഉദ്യോഗസ്ഥനുമായി താൻ നടത്തിയ സംഭാഷണം ഒരിക്കൽ കേണൽ കിട്ടു സദസ്സിനോട് പങ്കുവെച്ചതിങ്ങനെയാണ്.
‘‘ബ്രിട്ടീഷ് അഭയാർത്ഥി കൗൺസിലുമായി ബന്ധമുള്ള ഒരു ഇംഗ്ലീഷുകാരൻ ഒരിക്കൽ എന്നോട് ചോദിച്ചു: നിങ്ങൾ തമിഴ് ഈഴം എന്ന് പറയുന്നു, പക്ഷേ നിങ്ങൾ പറയുന്ന ഈ തമിഴ് ഈഴത്തിന്റെ അതിരുകൾ എവിടെയാണ്? എന്നെ കാണിക്കൂ’’.
ചോദ്യത്തിലെ വ്യക്തത എന്നെ അമ്പരപ്പിച്ചു. ഞാൻ കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് മറുപടി പറഞ്ഞു:
‘‘ദ്വീപിന്റെ ഒരു ഭൂപടം എടുക്കൂ. കഴിഞ്ഞ കുറേ വർഷങ്ങളായി ശ്രീലങ്ക ബോംബാക്രമണം നടത്തിയതും പീരങ്കി ആക്രമണങ്ങൾ നടത്തിയതുമായ എല്ലാ പ്രദേശങ്ങളും ഒരു പെയിന്റ് ബ്രഷ് എടുത്ത് വരയ്ക്കൂ. അത് പൂർത്തിയാക്കുമ്പോൾ, നിങ്ങൾ കാണുന്ന പെയിന്റ് ചെയ്ത പ്രദേശങ്ങൾ - അതാണ് തമിഴ് ഈഴം’’.
ദൂരെ ഈഴത്തിന്റെ തീരങ്ങൾ കാണുന്നു. കങ്കേശൻതുറയിലെ കീരിമല നാഗുലേശ്വര ക്ഷേത്രത്തിന്റെ ഗോപുരങ്ങൾ കാണാം. പിന്നെ നിരനിരയായ തെങ്ങിൻ തലപ്പുകളും കെട്ടിടങ്ങളും. കപ്പൽ നട്ടുച്ചവെയിലിൽ കങ്കേശൻ തുറയിലെത്തി. ഏതാനും ചോദ്യങ്ങൾക്കു ശേഷം, ഇമിഗ്രേഷനിൽ നിന്നുതന്നെ മുപ്പതു ദിവസത്തെ സൗജന്യവിസ സ്റ്റാമ്പു ചെയ്തു തന്നു.
കങ്കേശൻതുറയിൽ നിന്ന് ജാഫ്നയ്ക്ക് ബസിൽ ഏതാണ്ട് ഒരു മണിക്കൂർ സമയം. ജാഫ്നയിൽ നല്ലൂർ കന്ദസ്വാമി ക്ഷേത്രം, ജാഫ്ന ഫോർട്ട്, പബ്ലിക് ലൈബ്രറി, മാർക്കറ്റ് അങ്ങനെ പോകേണ്ട സ്ഥലങ്ങളുടെ ഏകദേശരൂപം മനസ്സിലുണ്ട്. അതിനുമുമ്പ് കപ്പലിലിരുന്ന് കടലൂരുകാരൻ ശരവണൻ പറഞ്ഞ മൂന്നു കാര്യങ്ങൾ ചെയ്യണം. കയ്യിലുള്ള ഇന്ത്യൻ രൂപ ശ്രീലങ്കൻ രൂപയിലേക്കു മാറ്റണം. ശ്രീലങ്കയിൽ എവിടേയും കവറേജ് കിട്ടുന്ന പുതിയ സിം എടുക്കണം. പിന്നെ യൂബർ പോലെ ശ്രീലങ്കയിൽ എവിടെ നിന്നും ബൈക്കും, ഓട്ടോയും , കാറുമെല്ലാം ഓൺലൈനായി ലഭ്യമാകുന്ന പിക് മി എന്ന ആപ്പ് ഡൗൺലോഡു ചെയ്യണം.
(തുടരും)
