“എനിക്കു തിരിച്ചു പോകേണ്ടാ, അവിടെ ജീവിക്കാൻ ഇനി വയ്യ,” കരഞ്ഞുകൊണ്ടാണ് സംഗീത പറഞ്ഞത്. മുംബൈയുടെ പ്രാന്ത പ്രദേശമായ മാധ് (മഡ്) ഐലന്റ് ആണ് രംഗം. അവിടെ 50 വർഷങ്ങൾ ആയിട്ട് നടത്തുന്ന പെൺകുട്ടികൾക്ക് വേണ്ടിയുള്ള അനാഥാലയമായ പ്രതീക്ഷാ ഭവനിൽ വെച്ചാണ് സംഗീതയെ കണ്ടത്. അടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ പ്ലസ്ടുവിൽ പഠിക്കുന്ന അവൾക്ക് പതിനെട്ട് വയസ്സാണ്.
മുംബൈയുടെ ബഹളത്തിൽ നിന്ന് അകന്ന്, തിരക്കൊഴിഞ്ഞ ബീച്ചുകളും പരമ്പരാഗത മീൻപിടുത്ത ഗ്രാമങ്ങളും ചെറിയ കുടിയേറ്റ മേഖലകളും അടങ്ങുന്ന ദ്വീപാണ് മാധ് ഐലന്റ്. പൊതുവേ ശാന്തമായ ഗ്രാമാന്തരീക്ഷം ഇപ്പോഴും ബാക്കിയുണ്ട്. ചുറ്റുപാടും കണ്ടൽക്കാടുകളും സമുദ്രവും വഴിമുടക്കുന്ന ഇവിടം കരയുമായി കണക്ട് ആകുന്നത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്, മലാഡിൽ നിന്ന് റോഡ് വഴി. അല്ലെങ്കിൽ വർസോവ നിന്നുള്ള ഫെറി മാത്രമായിരുന്നു ഇവിടെയ്ക്ക് എത്തിപ്പെടാനുള്ള മാർഗം.
കൊളോണിയൽ കാലഘട്ടത്തിൽ, പോർച്ചുഗീസ്, ബ്രിട്ടീഷ് സേനകൾക്ക് തന്ത്രപ്രധാനമായ ഒരു കേന്ദ്രമായിരുന്നു മാധ് ഐലൻഡ്. പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇവിടെ നിരവധി കോട്ടകൾ നിർമ്മിച്ചു; പ്രശസ്തമായ മാധ് കോട്ട ഉൾപ്പെടെ. വെർസോവ കോട്ട എന്നും അറിയപ്പെടുന്ന ഈ കോട്ട മലാഡ് നദീതടത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന ഒരു കസ്റ്റംസ് പോസ്റ്റായും നാവിക കാവൽ കേന്ദ്രമായും പ്രവർത്തിച്ചിരുന്നു. 1739-ൽ ചിമാജി അപ്പയുടെ നേതൃത്വത്തിലുള്ള മറാഠാ സൈന്യം ഈ കോട്ട പിടിച്ചെടുത്തു. പിന്നീട്, 1774-ൽ ഇത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിട്ടുകൊടുത്തു.
ദ്വീപിന്റെ ചരിത്ര പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലായി ഇത് ഇന്നും ബാക്കിയുണ്ട്, വലിയ തോതിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താത്ത ഒരു പൈതൃക കേന്ദ്രമായി. അറബിക്കടലിന്റെയും വെർസോവ തീരപ്രദേശത്തിന്റെയും മനോഹരമായ കാഴ്ചകൾ ഇവിടെനിന്ന് ആസ്വദിക്കാനാകും. ഇന്ന് മാധ് ഐലന്റിന്റെ വലിയൊരു ഭാഗം ഇന്ത്യൻ നേവിയുടെയും ഇന്ത്യൻ എയർഫോഴ്സിന്റെയും നിയന്ത്രണത്തിലാണ്. പ്രൈവസിയും ശാന്തതയും ആഗ്രഹിക്കുന്ന മുംബൈയിലെ പ്രമുഖർക്കായി അനേകം ആഡംബര റിയൽ എസ്റ്റേറ്റ് പദ്ധതികളും ഈ ദ്വീപിൽ ഉയർന്നുവന്നിട്ടുണ്ട്. അവിടുള്ള ബംഗ്ലാവുകളിൽ സ്ഥിരമായി സിനിമ, സീരിയൽ ഷൂട്ടിംഗുകൾ നടക്കുന്നു. ഇതിനെല്ലാം ഇടയിൽ തദ്ദേശീയർ ആയ മീൻപിടുത്തക്കാരും അവരുടെ ഗ്രാമങ്ങളും ഇപ്പോഴും നില നിൽക്കുന്നു.
അതിലൊരു ഗ്രാമത്തിൻറെ അതിരിലാണ് സംഗീതയെപ്പോലെ ഇരുനൂറോളം പെൺകുട്ടികൾ താമസിക്കുന്ന അഭയകേന്ദ്രം. മുംബൈയിൽ നിന്നാണ് സംഗീത അവിടെ എത്തിയത്. അവളുടെ കഥ കേൾക്കാനും ഓർക്കാനും അത്ര സുഖകരമല്ല; അവിടെയുള്ള എല്ലാവരെയും പോലെ തന്നെ. മുംബൈയുടെ നാഡീവ്യൂഹം പോലെ പടർന്നു കിടക്കുന്ന ചേരികളിൽ ഒന്നിലെ ഒറ്റ മുറിയിൽ ആണ് അവളുടെ കുടുംബം ജീവിച്ചത്. ദിവസക്കൂലിക്ക് പണിയെടുക്കുന്ന അച്ഛനും വീട്ടുപണിക്ക് പോയി കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നടത്തിപ്പോരുന്ന അമ്മയും.

“അച്ഛൻ എന്നും കുടിച്ചിട്ട് വരുന്ന ചെറിയ ഓർമയുണ്ട്, എന്നും അമ്മയെ തല്ലുന്നതും,” നിർവികാരയായാണ് സംഗീത പറയുന്നത്. അവൾക്ക് അന്ന് അഞ്ചാറ് വയസ്സായിരിക്കും. ഒരു ദിവസം അവളുടെ മുന്നിൽ വെച്ചാണ് അച്ഛൻ അമ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നത്. അവളുടെ മുന്നിൽ തന്നെ കത്തിക്കരിഞ്ഞ അമ്മയുടെ ശരീരം ചേരിയിലെ ഓടയിൽ വീഴുന്നതും പോലീസുകാർ അച്ഛനെ പിടിച്ചുകൊണ്ടു പോകുന്നതും അവൾക്ക് ഓർമയുണ്ട്. അവളെയും അനിയത്തിയെയും പോലീസ് തന്നെയാണ് പ്രതീക്ഷാ ഭവനിൽ എത്തിച്ചത്. പിന്നീട് പതിമൂന്നു വർഷങ്ങൾ അതായിരുന്നു അവളുടെ വീടും ലോകവും ബന്ധുക്കളും എല്ലാം. പക്ഷെ ഇപ്പോൾ അവൾക്ക് മുംബൈയിലേയ്ക്കു തിരിച്ചു പോകേണ്ടി വരുന്നു. പണ്ടെന്നോ കണ്ടുമറന്ന ഏതോ ബന്ധുക്കളുടെ കൂടെ പറഞ്ഞു വിടാൻ പോകുന്നു, പ്രതീക്ഷാ ഭവൻറെ നടത്തിപ്പുകാർ.
“എനിക്കാ മനുഷ്യരെ അറിയുക പോലുമില്ല, ആ ചേരിയിൽ ഒരു മുറിയിൽ അഞ്ചാറ് പേരുടെ ഇടയ്ക്ക് നേരെ നിക്കാൻ പോലും സ്ഥലമില്ല, രണ്ടു നേരം നല്ല ഭക്ഷണം കഴിക്കാൻ പോലും ഉണ്ടാവില്ല,” പരിചയിച്ച ഇടത്തുനിന്നു ഇറങ്ങാൻ തീരെ മനസ്സില്ലാതെ സംഗീത കരഞ്ഞുകൊണ്ടേയിരുന്നു. സങ്കടത്തോടെയാണെങ്കിലും അവിടുള്ളവർക്കും അവളെ തിരിച്ചു വിടാതെ കഴിയില്ല. നമ്മുടെ നിയമ വ്യവസ്ഥ സമ്മതിക്കില്ല. അനാഥാലയങ്ങളിൽ കഴിയുന്ന 18 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളെ ഇത്തരം സ്ഥാപനങ്ങളിൽ താമസിപ്പിക്കാൻ അനുവദിക്കില്ലെന്നതാണ് ഇതുസംബന്ധിച്ച നിയമം. 1960-ലെ അനാഥാലയങ്ങളുടെയും മറ്റ് ചാരിറ്റബിൾ ഭവനങ്ങളുടെയും (മേൽനോട്ടവും നിയന്ത്രണവും) നിയമം (The Orphanages and Other Charitable Homes (Supervision and Control) Act, 1960) അനുസരിച്ച്, 18 വയസ്സ് പൂർത്തിയായവർക്ക് അനാഥാലയങ്ങളിൽ പരിചരണത്തിനും സംരക്ഷണത്തിനും അർഹതയില്ല. പതിനെട്ട് ആകുമ്പോഴേയ്ക്കും കുട്ടികൾക്ക് സ്ഥിരമായൊരു ഭവനവും സ്വതന്ത്രമായി ജീവിതം നയിക്കുന്നതിനാവശ്യമായ പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. അവർ പൊതു സമൂഹത്തിൻറെ ഭാഗമാകാനും.
തിയറി എല്ലാം ഉഗ്രൻ തന്നെ. പക്ഷെ നമ്മുടെ യാഥാർത്ഥ്യമോ? വെറും സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഒരു കൗമാരക്കാരിക്ക് എന്ത് ജോലിയാവും നമ്മുടെ നാട്ടിൽ ലഭിക്കുക? അതിനുള്ള എന്ത് പരിശീലനമോ അറിവോ ആണ് നമ്മൾ അവർക്ക് സ്കൂളിൽ കൊടുക്കുന്നത്? റെഗുലർ സ്കൂളിൽ പോകുന്ന ഒരു കുട്ടിക്ക് അതേസമയം തന്നെ തൊഴിലധിഷ്ടിത കോഴ്സുകൾ, അല്ലെങ്കിൽ ഉപകാരപ്രദമായ ഏതെങ്കിലും സ്കിൽ, പഠിക്കാൻ അവസരവും സമയവും കിട്ടുന്നുണ്ടോ?ഏതെങ്കിലും അസംഘടിതമേഖലയിൽ ജോലി കിട്ടിയാൽ തന്നെ ആ തുച്ഛമായ കൂലി കൊണ്ട് എങ്ങനെ സ്വതന്ത്രയായി ജീവിക്കാനാണ്? ഇത്ര നേരത്തെ മുടങ്ങുന്ന അവരുടെ വിദ്യാഭ്യാസമോ? ഇതിനൊക്കെ അപ്പുറമാണ് അവരുടെ സുരക്ഷിതത്വം.
“ഞങ്ങൾ എങ്ങനെ ഒറ്റയ്ക്ക്, എവിടെ സേഫ് ആയിട്ട് ജീവിക്കും?,” നിങ്ങൾ കുറച്ചുപേർ ചേർന്ന് ഒരു വീടെടുത്ത് താമസിച്ചു കൂടെ എന്ന് ചോദിച്ചപ്പോൾ സംഗീത മറുചോദ്യം ചോദിച്ചു. “സേഫ് ആയ ഒരു ഇടം താങ്ങാൻ മാത്രം വരുമാനം ഞങ്ങൾക്ക് ഏതു കാലത്താണ് കിട്ടാൻ പോകുന്നത്?” പിന്നെയുള്ള ചോയ്സ് ഏതെങ്കിലും ബന്ധുക്കൾ ആണ്, അതാണ് നിയമവും ഉദ്യോഗസ്ഥരും നിഷ്കർഷിക്കുന്നതും. അവരെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാനുള്ള മാർഗം. പക്ഷെ സത്യമോ? ഏറെ വർഷങ്ങളായി അവർക്ക് അടുപ്പമോ പരിചയമോ പോലും ഇല്ലാത്ത വീട്ടുകാരുടെ ഒപ്പം ഒരു സുപ്രഭാതത്തിൽ കഴിയേണ്ടി വരിക, എല്ലാ കാര്യത്തിനും അവരെ ആശ്രയിക്കേണ്ടി വരിക, സ്വന്തം കുടുംബത്തിനു തന്നെ കഷ്ടിച്ചു കഴിയാൻ ഇല്ലാത്തപ്പോൾ ഇവരുടെ അധികഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നവരുടെ അതൃപ്തി കണ്ടുകൊണ്ടു ജീവിക്കുക, ഇതൊക്കെ എത്രയോ ട്രോമയാകും ആ പെൺകുട്ടികൾക്ക് നൽകുന്നത്. ഇതുവരെ സ്ത്രീകൾ മാത്രമുള്ള ഒരു ഇടത്തിൽ എല്ലാ സുരക്ഷയോടും, കൃത്യമായ ഭക്ഷണവും താമസവും പഠനസൗകര്യങ്ങളും എല്ലാമായി കഴിഞ്ഞവർ ഇതൊന്നുമില്ലാതെ പെട്ടെന്നൊരു ദിവസം ജീവിതത്തിൻറെ കയ്പിലേക്ക് ഇറങ്ങിച്ചെല്ലുന്ന ട്രോമ വേറെയും.

ചേരികളിലായാലും ഗ്രാമങ്ങളിലായാലും ചെറുപ്പത്തിൽ പെൺകുട്ടിയുടെ സുരക്ഷിതത്വവും ഉപജീവനവും ഭാരിച്ച ഉത്തരവാദിത്തം തന്നെ, പ്രത്യേകിച്ച് സമൂഹത്തിൻറെ പിന്നാമ്പുറങ്ങളിൽ ഉള്ളവർക്ക്. അതുകൂടാതെയാണ് ലോകത്തിൻറെ വഴികൾ അറിയാത്ത ഈ കുട്ടികളെ ചൂഷണം ചെയ്യാൻ തക്കം പാർക്കുന്ന സ്വന്തക്കാരും ചുറ്റുമുള്ളവരും ആയ വേട്ടക്കാർ. ചുരുക്കത്തിൽ പതിനെട്ടു വയസ്സ് വരെ ആ കുട്ടിക്ക് കൊടുത്ത എല്ലാ സപ്പോർട്ടും ചിലവഴിച്ച റിസോഴ്സസും നിഷ്പ്രഭം. ഇങ്ങനെയൊരു ജീവിത യാഥാർത്ഥ്യത്തിനു തീരെ പാകമാകാത്ത അവരെ നാശത്തിലേയ്ക്ക് തള്ളിവിടുന്ന നിയമ കുരുക്കുകൾ. കണക്കിൽ മൂന്നു കോടിയിൽപ്പരമുള്ള ഇന്ത്യയിലെ അനാഥ കുഞ്ഞുങ്ങളിൽ 4 ലക്ഷത്തോളം ആണ് അനാഥാലയങ്ങളിൽ എത്തിപ്പെടുന്നത്. അവരും അവസാനം തള്ളപ്പെടുന്നത് ഇങ്ങനെ അനാഥത്വത്തിലേയ്ക്ക് തന്നെ. ഒരു ജോലി കിട്ടി സ്വന്തമായി ജീവിക്കാൻ പറ്റുന്നത് വരെയുള്ള സപ്പോർട്ട് നിയമം വഴി കിട്ടിയാൽ ഈ കുട്ടികൾക്ക് എത്രയോ മെച്ചപ്പെട്ട ജീവിതം ലഭിച്ചേനെ.
ഇത്തരം യുക്തിരഹിതവും കാലഹരണപ്പെട്ടതും ആയ നിബന്ധനകളും ചട്ടങ്ങളും നമ്മുടെ നിയമവ്യവസ്ഥയിൽ മാത്രമല്ല, സമൂഹത്തിൻറെ എല്ലാ തലത്തിലും നിലനിൽക്കുന്നുണ്ട്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ കൊതുകുകടിയും കൊണ്ട് ചിലവഴിച്ച അനേകം മണിക്കൂറുകൾ സാക്ഷി. അന്ന് താമസിക്കുന്നത് എറണാകുളം പട്ടണത്തിൻറെ നടുക്കുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ. “വൈകീട്ട് ആറരയ്ക്ക് ഗേറ്റ് പൂട്ടും. രാവിലെ ആറരയ്ക്ക് മാത്രമേ തുറക്കൂ. ഇപ്പൊ സമ്മതിച്ചിട്ട് പിന്നെ ഓരോ ഒഴിവുകഴിവും കൊണ്ട് വന്നേക്കരുത്,” അഡ്മിഷൻ ഫോം കൊടുത്തപ്പോഴേ വാർഡൻ മുന്നറിയിപ്പ് തന്നിരുന്നു. കാലങ്ങൾ കാത്തു കിട്ടിയ ഒരു ഒഴിവാണ്. എന്തെങ്കിലും എതിര് പറഞ്ഞാൽ അതും പോയിക്കിട്ടും.
ജോലിയാണെങ്കിൽ മാസത്തിൽ രണ്ടാഴ്ച എങ്കിലും ദൂരയാത്ര ആവശ്യമുള്ളത്. രാജ്യത്തിൻറെ ഏതെങ്കിലും കോണിലുള്ള ഗ്രാമങ്ങളിൽ എത്താൻ അധികവും ട്രെയിൻ തന്നെ ശരണം. നോർത്തിലേയ്ക്കുള്ള ട്രെയിനുകൾ പലതും പുറപ്പെടുന്നത് രാത്രിയും പുലർച്ചയും ആവും. തിരിച്ചെത്തുന്ന ട്രെയിനുകളും മിക്കവാറും വൈകീട്ടും രാത്രിയും ഒക്കെയാവും. എത്ര പ്ലാൻ ചെയ്തു ശ്രമിച്ചാലും, ട്രെയിനുകൾ വൈകിയും ജോലിയുടെ ഷെഡ്യൂൾ മാറിയും പകൽ എത്താൻ പലപ്പോഴും സാധിക്കില്ല. ഇങ്ങനെ വൈകീട്ട് ആറരയ്ക്കും രാവിലെ ആറരയ്ക്കും ഉള്ള 12 മണിക്കൂർ ഇടവേളയിൽ എറണാകുളം എത്തിയാൽ പെട്ടത് തന്നെ. സ്റ്റേഷനിൽ തന്നെ രാത്രി കഴിക്കണം.
ഭക്ഷണത്തിന് പ്രശ്നമില്ല, ബാക്കി കാര്യങ്ങൾ അനുഭവിച്ചത് ആലോചിച്ചാൽ തന്നെ വെറുപ്പ് പടരും. ഇത്രയും മണിക്കൂർ ഒരുത്തി അവിടെ കഴിച്ചുകൂട്ടുമ്പോൾ ഉണ്ടാകുന്ന നോട്ടങ്ങൾ, പ്രതികരണങ്ങൾ, പോരാഞ്ഞ് കൊച്ചിയുടെ സ്വന്തം കൊതുകും! രണ്ടുമൂന്നാഴ്ച ഗ്രാമങ്ങളിൽ അലഞ്ഞുതിരിഞ്ഞു, ദൂരയാത്ര കഴിഞ്ഞ് എങ്ങനെയും ഒന്നു കുളിച്ച്, കിടന്നുറങ്ങാൻ വെമ്പുന്ന സമയം ഇങ്ങനെ നരകതുല്യം തള്ളിനീക്കുക സ്വയം ശപിച്ചുകൊണ്ടാണ്. പക്ഷെ, വേറെ ചോയ്സ് ഇല്ല. ഒന്നുകിൽ ഇഷ്ടപ്പെട്ടു ആസ്വദിച്ച് ചെയ്യുന്ന ജോലി ഉപേക്ഷിക്കുക, അല്ലെങ്കിൽ ആ ഹോസ്റ്റൽ വിടുക. പക്ഷെ അവിടെ നിന്ന് ഇറങ്ങിയാലും ഇതിലും കഷ്ടമായ പേയിംഗ് ഗസ്റ്റ് സംവിധാനം ആകും കിട്ടുക. അതിനുമുൻപ് അങ്ങനെ ഒരിടത്ത് നിന്നതിന്റെ കയ്പും ഉണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന, രാത്രി യാത്ര കഴിഞ്ഞ് വീട്ടിൽ കേറിവരുന്ന പെണ്ണിനെ എന്ത് ധൈര്യത്തിൽ വീട്ടിൽ നിർത്തുമെന്ന് ആന്റിക്ക് പേടി! ഇത്തരം ചട്ടങ്ങൾ സത്യത്തിൽ എന്താണ് ലക്ഷ്യമാക്കുന്നത്? സ്ത്രീസുരക്ഷ ആണെങ്കിൽ അവശ്യനേരത്ത് ഏതു പാതിരാത്രിക്കും കേറി വരാനുള്ള ഇടം അല്ലേ ഇവർ നൽകേണ്ടത്? ആവശ്യം ന്യായമാണോന്നു നോക്കാനുള്ള വഴികൾ ഉണ്ടല്ലോ. ഇവരുടെ നൂറ്റാണ്ടുകൾ പഴകിയ നിയമങ്ങൾ മൂലം രാത്രിയിൽ ഒറ്റയ്ക്ക് പെരുവഴിയിൽ കഴിച്ചുകൂട്ടേണ്ടി വരുന്ന സ്ത്രീക്ക് എന്ത് സുരക്ഷയാണ് ഇവർ വിവക്ഷിക്കുന്നത്? ഏതു എമർജൻസിക്കും ഗേറ്റ് അടച്ചു പൂട്ടി ഇവർ സംരക്ഷിക്കുന്നത് എന്താണ്?

ഈ ഹോസ്റ്റലിൽ താമസിച്ചിരുന്ന ഒരു നേഴ്സ് എല്ലാ ദിവസവും 15 മിനിറ്റ് വൈകി എത്തുന്നതിന് അവരെ ചീത്ത പറഞ്ഞ് ഒടുവിൽ അവർ ജോലി രാജി വെക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ എത്രയോ സ്ത്രീകളുടെ കരിയറും സ്വയം പര്യാപ്തതയും ഈ ചട്ടങ്ങൾ കൊണ്ട് ഇല്ലാതായിട്ടുണ്ട്. സാഹചര്യങ്ങളോട് പൊരുതി കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ പാടുപെടുന്ന സ്ത്രീകൾക്ക് സപ്പോർട്ട് സിസ്റ്റം ആകുന്നതിനു പകരം അവരെ നിസ്സഹായതയിൽ തളച്ചിടുക എന്ന ഉദ്യമം മാത്രമാണ് ഇത്തരം ചട്ടങ്ങൾ ചെയ്യുന്നത്.
പ്രതീക്ഷാഭവനുള്ള റിപ്പോർട്ടിൽ എഴുതിയ നിർദേശങ്ങളിൽ ഏറ്റവും മുന്നിൽ വെച്ചത് സംഗീതയെ പോലെ തിരിച്ചു പോകാൻ സേഫ് ആയ ഇടം ഇല്ലാത്ത കുട്ടികൾക്ക്, അവർ പഠിച്ചു ജോലി കിട്ടുന്നതുവരെ താമസിക്കാൻ ഒരു ഇടക്കാല വസതിയാണ്. പക്ഷെ അതും നിയമവിരുദ്ധം ആണത്രേ. വെറുതെ സ്ത്രീകളെ താമസിപ്പിച്ചാൽ ചോദ്യങ്ങൾ വരും, അപവാദം പുറകെ വരും. ഒരു സ്ഥാപനം ആയി രജിസ്റ്റർ ചെയ്താൽ നൂറുകൂട്ടം നിബന്ധനകളും ചട്ടങ്ങളും. അതിനുള്ള പ്രാപ്തിയും ഫണ്ടും അവർക്കില്ല. ചുരുക്കത്തിൽ ഒറ്റപ്പെടുന്ന പെൺകുട്ടികൾക്ക് സ്വതന്ത്രമായി, സുഭദ്രമായി ജീവിക്കാനുള്ള സപ്പോർട്ട് സിസ്റ്റം ഇന്നും നിയമസംവിധാനത്തിൽ ഇല്ല; അവരെ ലിമിറ്റ് ചെയ്യുന്ന ചട്ടക്കൂടുകൾ അല്ലാതെ.
