മസായി മറ; ഒരു ആഫ്രിക്കൻ ജീവിതം

എറണാകുളം ചോറ്റാനിക്കരയിൽ ജനിച്ചു വളർന്ന ഒരു മലയാളി പെൺകുട്ടി 25 ലധികം വിദേശ രാജ്യങ്ങൾ ഒറ്റയ്ക്ക് സഞ്ചരിച്ചതിന്റെ, വിചിത്രമെന്ന് തോന്നിപ്പിക്കുന്ന ഒരു അനുഭവമാണിത്. അധികമാരും സഞ്ചരിക്കാത്ത വഴികളുടെയും പലതരം മനുഷ്യരുടെയും പലതരം സ്ഥലങ്ങളുടെയും ആത്മകഥ. ആ അപൂർവയാത്ര തുടങ്ങുകയാണ്.

നെയ്‌റോബിയിൽ ചെന്നിറങ്ങുമ്പോൾ ഒരു ആഫ്രിക്കൻ പട്ടണത്തിൽ ഒരാഴ്ച കഴിയണം, അവരുടെ ആഹാര രീതികൾ മനസിലാക്കണം, തദ്ദേശവാസികളെ കാണണം എന്നീ ഉദ്ദേശ്യങ്ങളാണുണ്ടായിരുന്നത്. അതോടൊപ്പം ഒരു ഡിസൈനർ എന്ന നിലയിൽ തദ്ദേശീയരുടെ വസ്ത്രധാരണ രീതി, നിറങ്ങൾ, വസ്ത്രങ്ങളിലെ പാറ്റേണുകൾ, ആഘോഷങ്ങൾ ഒക്കെ മനസിലാക്കണം എന്നതും യാത്രാ ലക്ഷ്യങ്ങളായിരുന്നു.

സന്ദർശകരെക്കൊണ്ടു നിറഞ്ഞ നെയ്‌റോബി പട്ടണത്തിൽ നിന്ന് എന്റെ ഉദ്ദേശ്യങ്ങളൊന്നും സാധിക്കില്ലെന്ന് ആദ്യദിവസങ്ങളിൽ തന്നെ മനസ്സിലായി. പട്ടണത്തിലെ അലച്ചിലിനിടയിൽ കണ്ടുമുട്ടിയ പാലക്കാട്ടുകാരൻ മലയാളിയാണ് മസായി മറയിലേക്കുള്ള യാത്ര നിർദ്ദേശിച്ചത്.
ഏകദേശം ഒരു മണിക്കൂർ ചെറുവിമാനത്തിൽ യാത്ര ചെയ്താൽ കെനിയൻ തദ്ദേശീയരുടെ കൂടാരങ്ങൾ നിറഞ്ഞ മസായിയിലെത്താം.
മണ്ണുകൊണ്ട് നിർമിച്ച ചെറിയ റൺവേയിൽ വിമാനമിറങ്ങുമ്പോൾ ഭയം തോന്നിയില്ല. ഭയക്കാനാണെങ്കിൽ പല കാരണങ്ങളുണ്ടുതാനും- ഒറ്റക്കൊരു സ്ത്രീ, ഭാഷ അറിയാത്ത നാട്, ചുറ്റും അപരിചിതർ. അപരിചിതരുടെ നാട്ടിലേക്ക് തനിയെ ഒരു യാത്ര തിരഞ്ഞെടുത്തിട്ട് കുറച്ചു വർഷങ്ങളായി.
ആചാരത്തിലും ആഹാരത്തിലും രൂപത്തിലും വ്യത്യസ്തരാണെങ്കിലും മനുഷ്യർ ഒരുപോലെ സ്നേഹമുള്ളവരും അതിഥികളെയും അപരിചിതരെയും സ്വീകരിക്കുന്നതിൽ തൽപരരും ആണെന്നാണ് ഇതുവരെയുള്ള എന്റെ അനുഭവം.

ജന്മനാട്ടിലെന്ന പോലെ സുരക്ഷിതമായിരുന്നു എന്റെ ഏകാന്ത യാത്രകളെല്ലാം.
മസായി ഗ്രാമത്തിലെ ടെന്റുകളിലായിരുന്നു ആദ്യ ദിവസങ്ങൾ. അതും ടൂറിസത്തിന്റെ ഭാഗമാണെന്ന് താമസിയാതെ മനസിലായി. എന്നും വിദേശികളെ കാണുന്ന അത്തരം മസായി മനുഷ്യരുടെ കഥകൾ ആദ്യം രസകരമായി തോന്നിയെങ്കിലും, അവയെല്ലാം സന്ദർശകർക്കുവേണ്ടി തയ്യാർ ചെയ്ത ആവർത്തന വിരസതയുള്ള കഥകളാണെന്ന് താമസം കൂടാതെ മനസിലായി.

മസായി യുവാവിനൊപ്പം തനൂറ
മസായി യുവാവിനൊപ്പം തനൂറ

അങ്ങനെയാണ് ഒരു ദിവസം ഒരു മസായി ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. താൽപര്യമെങ്കിൽ അവരുടെ ഗ്രാമത്തിൽ, കുറച്ചുദിവസം താമസിക്കാമെന്ന ക്ഷണം സ്വീകരിക്കാൻ ഒറ്റക്കാരണമേയുണ്ടായിരുന്നുള്ളൂ - അവിടെ പൊതുവെ പുറത്തുനിന്നുമുള്ള സന്ദർശകർ ആരും വരാറില്ലത്രേ.
പതിനഞ്ചു കിലോമീറ്റർ വീണ്ടും കാട്ടിലേക്ക്, ഒരു മസായി ചെറുപ്പക്കാരന്റെ കൂടെയുള്ള യാത്ര - ഏതാണ്ട് ഇരുപത്തോളം ചെറുകൂടാരങ്ങളുള്ള ഒരു നിരന്ന സ്ഥലത്ത് യാത്ര അവസാനിച്ചു- കൂടിയാൽ നൂറു പേർ മാത്രം താമസിക്കുന്ന ഗ്രാമം. നേരത്തെ വിവരം കിട്ടിയതുകൊണ്ടാവണം തല മുണ്ഡനം ചെയ്ത സ്ത്രീകൾ സ്വീകരിക്കാനായി ഇറങ്ങി വന്നു- ഗ്രാമത്തലവൻമാരും യോദ്ധാക്കളായ പുരുഷന്മാരും ഒഴികെ സ്ത്രീകളും കുട്ടികളും മുടി വളർത്താറില്ലത്രേ.

മസായി ഗ്രാമം
മസായി ഗ്രാമം

എനിക്കുവേണ്ടി ഒരു ചെറുതുകൽ കൂടാരം ഒഴിവാക്കിവച്ചിരുന്നു. പശുവിന്റെ തുകൽ കൊണ്ട് വൃത്താകൃതിയിൽ പണിത, കൂടിയാൽ രണ്ടാൾക്ക് താമസിക്കാൻ വലിപ്പത്തിലുള്ള ഒറ്റമുറി കൂടാരം. പനയോല പോലെ എന്തോ കൊണ്ട് മേൽക്കൂര - കിടക്കാൻ നിലത്തുനിന്ന് ഒരടി പൊക്കത്തിൽ ഒരു ചെറിയ തട്ട്, - മറ്റു വീട്ടുപകരണങ്ങളൊന്നുമില്ല- ഭിത്തി മറച്ചിരിക്കുന്ന ഉണങ്ങിയ പശുവിൻ തോൽ ചാണകവും മണ്ണും കുഴച്ച് കട്ടി കൂട്ടിയിട്ടുണ്ട്.

തനൂറയെ ഗ്രാമീണർ പരമ്പരാഗത വേഷം ധരിപ്പിക്കുന്നു
തനൂറയെ ഗ്രാമീണർ പരമ്പരാഗത വേഷം ധരിപ്പിക്കുന്നു

മസായി സ്ത്രീകളും പുരുഷന്മാരും നല്ല ഉയരമുള്ളവരും അസാമാന്യ ആരോഗ്യമുള്ളവരുമാണ്. കടും ചുവപ്പു നിറത്തിൽ കട്ടിയുള്ള വസ്ത്രമാണ് പൊതുവെ സ്ത്രീകൾ ധരിക്കുന്നത്. കാട്ടുമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന് കടും നിറത്തിലുള്ള വസ്ത്രങ്ങളുപകരിക്കുമത്രേ. മാത്രവുമല്ല, ചുവപ്പ് മസായികളുടെ നിറമായി അവർ കരുതുന്നു. പാലും ഇറച്ചിയും പശുവിന്റെ രക്തവും തേനുമാണ് മുഖ്യ ആഹാരം.

മസായ്​ ഗോത്രവേഷത്തിൽ തനൂറ
മസായ്​ ഗോത്രവേഷത്തിൽ തനൂറ

ഒരു ചെറുഗ്രാമത്തിൽ ജനിച്ച് അവിടെ തന്നെ അവസാനിക്കുന്ന ജീവിതമാണ് മസായികളുടെത്- യാത്രചെയ്യണമെന്നോ, പുറംലോകം കാണണമെന്നോ താൽപര്യമില്ല. ചെറിയ സ്വപ്നങ്ങൾ, വലിയ കുടുംബങ്ങൾ- നിറയെ പശുക്കൾ, ഇതാണ് ഓരോ മസായി വീടും.
എന്റെ തൊട്ടടുത്ത കൂടാരത്തിലായിരുന്നു സ്ത്രീകൾ പാകം ചെയ്തിരുന്നത്. രാത്രി സ്ത്രീകൾ പാകം ചെയ്ത ആഹാരവുമായി എത്തി. പകുതി വേവിച്ച ഇറച്ചിയും കാലികളുടെ രക്തം പാകം ചെയ്ത ജെൽ പോലെ എന്തോ കറിയും മൺപാത്രങ്ങളിൽ കൊണ്ടുവന്നു. പൊതുവെ ഏതുദേശത്തെ ആഹാരവും പരീക്ഷക്കുന്നതിൽ എനിക്ക് മടിയില്ല - എങ്കിലും മസായി ഭക്ഷണം പരീക്ഷിക്കുന്നതിൽ മടുപ്പ് തോന്നി. പിന്നീടുള്ള ദിവസങ്ങളിൽ ഉരുളക്കിഴങ്ങും സലാഡുകളും മാത്രമായിരുന്നു എന്റെ ആഹാരം.

മസായ്​ സ്​ത്രീക്കൊപ്പം ഗ്രാമീണവേഷത്തിൽ തനൂറ
മസായ്​ സ്​ത്രീക്കൊപ്പം ഗ്രാമീണവേഷത്തിൽ തനൂറ

വീടുകളിൽ ഇപ്പോഴും ഉണങ്ങിയ തടികൾ കൂട്ടി തിരുമ്മി തീയുണ്ടാക്കുന്നതും, മൺവിളക്കുകളിൽ ഏതോതരം എണ്ണയൊഴിച്ചു കത്തിക്കുന്നതും രാത്രി കൂടാരത്തിനു വെളിയിൽ കഥ പറയുന്നത് മനസിലാകാതെ കേട്ടിരിക്കുന്നതും ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളാണ്.
പിറ്റേന്ന് അവിടത്തെ സ്ത്രീകളോടൊപ്പം വിറക് ശേഖരിക്കാൻ കാട്ടിൽ പോയതും, വിറക് ശേഖരിച്ച് മടങ്ങി വരുന്ന വഴിക്ക് അവരുടെ പരമ്പരാഗത സംഗീതം പാടി നൃത്തം ചെയ്തതും ആഹാരം പാകം ചെയ്തതും വെള്ളം ശേഖരിക്കാൻ പോയതും അതിനിടെയെല്ലാം ഭാഷ അറിയാതെ കലപില സംസാരിച്ചതും മസായി ജീവിതത്തിലെ മറക്കാനാകാത്ത ഓർമകളാണ്.

മസായ്​ ഗ്രാമത്തിലെ കാഴ്​ച / ഫോട്ടോ : തനൂറ സ്വേത മേനോൻ
മസായ്​ ഗ്രാമത്തിലെ കാഴ്​ച / ഫോട്ടോ : തനൂറ സ്വേത മേനോൻ

മരണാന്തര ജീവിതത്തെപ്പറ്റി മസായികൾക്ക് വലിയ സങ്കൽപ്പങ്ങളൊന്നുമില്ലന്നു പറയാം- പുനർജ്ജന്മത്തെപ്പറ്റിയോ, സ്വർഗ നരകങ്ങളെപ്പറ്റിയോ മസായികൾക്ക് വിശ്വാസമില്ല - മൃതശരീരം ആചാരാനുഷ്ഠാനപ്രകാരം സംസ്‌കരിക്കേണ്ടതാണെന്ന് മസായികൾ കരുതുന്നില്ല - ശവം മറവു ചെയ്ത് മണ്ണിനെ അശുദ്ധമാക്കാതെ മൃഗങ്ങൾക്ക് ഭക്ഷണമായി നൽകുന്ന രീതിയാണ് മസായികളുടേത്.
തികഞ്ഞ പുരുഷാധിപത്യ സമൂഹമാണ് മസായികളുടെത്. പുരുഷന്മാർ മൂന്നു മുതൽ പത്തുവരെ വിവാഹം കഴിക്കുന്നവരാണ്. പക്ഷെ, സ്ത്രീകൾ പൊതുവെ ഒരു വിവാഹമേ കഴിക്കാറുള്ളൂ- എങ്കിലും ചുരുങ്ങിയത് പത്ത് കുട്ടികളെങ്കിലും എല്ലാ സ്ത്രീകൾക്കുമുണ്ട്. പുരുഷൻ ഏതു സമയവും ഒരുകാരണവുമില്ലാതെയും ഉപേക്ഷിച്ച് പോകാം.
ആഹാരത്തിലും വസ്ത്രധാരണത്തിലും വിശ്വാസത്തിലും വളരെ പ്രത്യേകതകളുള്ളവരാണെങ്കിലും അങ്ങേയറ്റം പിന്തിരിപ്പനും സ്ത്രീവിരുദ്ധവുമായ പല ആചാരങ്ങളും മസായികൾ പുലർത്തുന്നുണ്ട്.

മസായി മറയിലെ കെനിയൻ തദ്ദേശീയർക്കൊപ്പം തനൂറ
മസായി മറയിലെ കെനിയൻ തദ്ദേശീയർക്കൊപ്പം തനൂറ

സ്ത്രീകൾ എല്ലാവരും നിർബന്ധിത ചേലാകർമത്തിന് വിധേയരാണ്. വിധവകൾ പിന്നീട് വിവാഹം കഴിക്കാറില്ല. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചാൽ സ്ത്രീകൾ പൊതുവേ കുട്ടികളെയും പശുക്കളെയും വളർത്തി ജീവിക്കുകയാണ് പതിവ്. ഭർത്താവ് പിരിഞ്ഞുപോയതിന്റെ പേരിൽ ദുഃഖിതരായി കഴിയാറില്ല. മറ്റൊരു വിവാഹം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് അവർ ജീവിതത്തെ വളരെ യാഥാർത്ഥ്യ ബോധത്തോടെ കാണുന്നവരാണ്. മസായി സ്​ത്രീ ഏറ്റവും ഒറ്റപ്പെട്ടുപോകുന്നത്​ ഭർത്താവ്​ മറ്റൊരു സ്​ത്രീയെ വിവാഹം കഴിക്കുന്നതോടെയാണ്​. സ്വത്തിന്മേൽ ഒരു അധികാരവും സ്​ത്രീകൾക്കില്ല. അത്തരം സ്​ത്രീകൾ ഒരുമിച്ച്​ ത ാമസിക്കുന്ന വിധവാ വില്ലേജ്​ ഞാൻ താമസിച്ചിരുന്ന മസായി ഗ്രാമത്തിനടുത്തായിരുന്നു.

ഫോട്ടോ : തനൂറ സ്വേത മേനോൻ
ഫോട്ടോ : തനൂറ സ്വേത മേനോൻ

അവർ കരകൗശല വസ്​തുക്കളും പ്രകൃതി സൗഹൃദ ഗൃഹോപകരണങ്ങളും നിർമിച്ച്​ ജീവിക്കുന്നു. ‘Dont exchange girls for cows, give them education’- ഇതാണ്​ അവരുടെ ആപ്​തവാക്യം. ഇത്​ അവർ നിർമിക്കുന്ന കരകൗശല വസ്​തുക്കളിൽ ആലേഖനം ചെയ്​തിരിക്കുന്നത്​ കണ്ടപ്പോൾ കൗതുകവും വലിയ പ്രതീക്ഷയും​ തോന്നി. സ്വാതന്ത്ര്യവും സമത്വവും സ്​ത്രീപുരുഷ ബന്ധങ്ങളിൽ ജനാധിപത്യവും ആഗ്രഹിക്കുന്ന ഒരു പുതിയ തലമുറക്കുവേണ്ടി പൊരുതുന്ന സ്​ത്രീകളുടെ ഗ്രാമം- അതാണ്​ മസായി വിധവ വില്ലേജ്​.

ഗ്രാമീണനോടൊപ്പം തനൂറ
ഗ്രാമീണനോടൊപ്പം തനൂറ

ഒരുവിധ സവിശേഷാവകാശങ്ങളും അനുഭവിക്കാത്തവരായതുകൊണ്ട്, മറ്റിതര സമൂഹങ്ങളിൽ കാണുന്നതുപോലുള്ള സ്ത്രൈണ സ്വഭാവങ്ങൾ മസായി സ്ത്രീകൾക്ക് കുറവുള്ളതായി എനിക്കുതോന്നി. അതേസമയം, വളരെ പ്രായോഗികമായി ചിന്തിക്കുകയും സ്വാഭാവികമായിതന്നെ ജീവിത യാഥാർഥ്യങ്ങളെ നേരിടുന്നതിലും സ്ത്രീകൾ വളരെ മുൻപിലായി തോന്നി.
മസായി ഗ്രാമത്തിൽ താമസിച്ച ഒരാഴ്ച കൊണ്ട് തോന്നിയ മറ്റൊരു ബുദ്ധിമുട്ട് ആഹാരമായിരുന്നു. അവർ പൊതുവെ മാംസം നന്നായി വേവിക്കാറില്ല, അതുകൊണ്ട് പ്രത്യേകമായി പാകം ചെയ്യേണ്ടിവന്നു.
വിദ്യാഭ്യാസത്തിന്റെ വിലയറിയാത്ത പുതിയ തലമുറ, ഒരുവിധ ശാസ്ത്രീയ ചികിത്സാരീതികളും ലഭിക്കാത്ത ഒരു ഗോത്ര വിഭാഗം, ഇലക്​ട്രിസിറ്റി എന്താണെന്നുപോലും അറിയാത്ത കുറെ മനുഷ്യർ - മറ്റെതോ ഗ്രഹത്തിൽ കഴിയുന്നതുപോലെ ആയിരുന്നു മസായികളുടെ കൂടെയുള്ള എന്റെ വാസം.
വളരെ പെട്ടെന്ന് ആ സമൂഹത്തിൽ വരേണ്ട പല മാറ്റങ്ങളുമുണ്ട്. എങ്കിലും വിചിത്രരായ ഒരു കൂട്ടം മനുഷ്യർക്കിടയിൽ താമസിച്ചതിന്റെ മറക്കാനാകാത്ത സ്മരണകളുമായിട്ടാണ് മടങ്ങിയത്. ഇങ്ങനെയും ചില മനുഷ്യർ ഈ കൊച്ചുഗ്രഹത്തിൽ വസിക്കുന്നുണ്ട് എന്ന അറിവുമായി ഞാൻ അടുത്ത ആഫ്രിക്കൻ യാത്ര സ്വപ്നം കണ്ട് തിരികെ വിമാനം കയറി. ▮

Comments