ആദ്യമായി ആഫ്രിക്കയിൽ എത്തിയിരിക്കുന്നു. ഒരു സിനിമാ പ്രൊജക്ട് ആണ് ലക്ഷ്യത്തിൽ. ‘മാമാ ആഫ്രിക്ക’ക്കാരൻ ടി ഡി രാമകൃഷ്ണനും ഒപ്പമുണ്ട്. ആഫ്രോ ഇന്ത്യൻ സിനിമയുടെ പ്രൊജക്ടാണ്. ആഫ്രിക്കയുടെ ജാലകങ്ങൾ തുറന്നുവെച്ച് പ്രിയസുഹൃത്ത് രാമചന്ദ്രൻ കാത്തിരിപ്പുണ്ടായിരുന്നു. ബോട്സ്വാന ആസ്ഥാനമാക്കി ആഫ്രിക്കയാകെ പടർന്നുകിടക്കുന്ന ചോപ്പീസ് ഗ്രൂപ്പിന്റെ അമരക്കാരനാണ് രാമചന്ദ്രൻ. കേരളവർമ്മ കോളേജിൽ സമകാലികനാണ്. എൺപതുകളിലെ കോളേജ് കാലത്ത് ഫ്രീ ഫ്രീ നെൽസൺ മണ്ടേല എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികൾക്കൊപ്പം തെരുവിലിറങ്ങിയ രാമചന്ദ്രൻ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ മണ്ടേലക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദം ഒരു എഴുത്തിൽ പങ്കുവെച്ചിട്ടുണ്ട്.
പുതിയ ലോകത്തേക്ക് പറക്കാൻ തീരുമാനമായി. മനുഷ്യകുലത്തിന്റെ ആദിമ സ്വരൂപത്തിലേക്ക്… ആശങ്കകളില്ലാത്ത യാത്ര. എസ് കെ പൊറ്റെക്കാട് തുറന്നുതന്ന ആഫ്രിക്കൻ ജൈവശരീരം ഊർജമായി കൂട്ടിനുമുണ്ട്. മനുഷ്യൻ ഉരുത്തിരിഞ്ഞതും മനുഷ്യത്വം തൽസ്വഭവത്തിൽ നിലനിൽക്കാൻ ശ്രമിക്കുന്നതും ഇവിടെത്തന്നെ. വന്നിറങ്ങിയത് അഡിസ അബാബയിൽ. എത്യോപ്യയുടെ മേൽസ്ഥാനത്ത്. അവരുടെ എയർവെയ്സിൽ തന്നെയാണ് മുംബൈയിൽ നിന്നും പുറപ്പെട്ടത്. തുടക്കം തന്നെ തിരുത്തിക്കുറിച്ചു തന്നു, എത്യോപ്യയെക്കുറിച്ചുള്ള കഥാകഥനങ്ങളെ.
പട്ടിണിക്കോലങ്ങളുടെ ദൃശ്യങ്ങളിലൂടെ ഒരു നാടിനെ അപമാനിച്ചുകൊണ്ടിരിക്കുന്ന പുറംലോകം. ഹിംസയുടേയും അക്രമത്തിൻ്റേയും കഥകൾ അതിൽ ചേർക്കപ്പെട്ടു. തികഞ്ഞ ആതിഥ്യമാണ് ഫ്ലൈറ്റിൽ അനുഭവിച്ചത്. അവരുടെ അപരിചിത ഭാഷയും ഭക്ഷണവും പെട്ടെന്ന് സ്വീകാര്യമായി. കാറ്റിൽ ലയിച്ച സംഗീതം പോലെയുള്ള അവരുടെ ഭാഷ കേൾവിക്ക് പെട്ടെന്നുതന്നെ പ്രിയപ്പെട്ടതായി, അപരകാന്തി. അഡീസ് അബാബ എയർപോർട്ടിൽ നിന്നും ആദ്യത്തെ കാപ്പി രുചിച്ചു. മനുഷ്യനും കാപ്പിയുമൊക്കെ ഒരേ നാട്ടിൽനിന്ന് രൂപപ്പെട്ടതു കൊണ്ടായിരിക്കണം മനുഷ്യന്റെ കൈയും കാപ്പിയും തമ്മിൽ വേർപ്പെടുത്താനാവാത്ത വിധം ഒട്ടി നിൽക്കുന്നത്.
ജപ്പാനീസ് കോഫീ ഷോപ്പായിരുന്നു അത്. ആഭിചാരം പോലെ ഒരു പ്രവൃത്തി കോഫീ ഷോപ്പിൽ നടക്കുന്നുണ്ടായിരുന്നു. മണികിലുക്കവും പുകച്ചുരുളുകളും എയർപോർട്ടിനെ പൊതിഞ്ഞു. ഈ അന്തരീക്ഷമാണ് ഞങ്ങളെ അവിടേക്ക് ആകർഷിച്ചത്. ജപ്പാൻ യാത്രയിലും ഇത്തരം പ്രവൃത്തികൾ പൊതു സ്ഥലങ്ങളിൽ കണ്ടിരുന്നു. കട തുറക്കുന്നതിന്റെ ഭാഗമായുള്ള പൂജയോ മറ്റോ ആയിരിക്കണം. കാഞ്ഞിരക്കഷായം പോലുള്ള കോഫി നല്ല അനുഭവമായി. എന്തും കഴിക്കണം, എവിടേയും കിടക്കണം, എങ്ങിനേയും യാത്ര ചെയ്യണം. ഒരു യാത്രാ മനസുമായി ജീവിക്കുന്ന എനിക്ക് എല്ലാം സ്വീകാര്യമാണ്. അപ്രതീക്ഷിതമായി സംഭവിക്കുന്നതൊക്കെ ലഹരിദായകവും. രാമകൃഷ്ണന്റെ മുഖഭാവം അത്ര സുഖകരമായിരുന്നില്ല.
എയർപോർട്ടിന്റെ വിശാലമായ അകം. അവിടമാകെ കാഴ്ചയെ വട്ടം കറക്കി. മുഖച്ഛായകൾ മാറുകയാണ്. സന്തോഷം വർദ്ധിക്കുകയാണ്. കാഴ്ചകൾ വേറിട്ട നിലയിൽ വളരുന്നു. സമയസങ്കൽപ്പം മാറിമറയുന്നു, മനുഷ്യ സങ്കൽപ്പവും. ബോട്സ്വാനയാണ് ലക്ഷ്യം. അഡീസ അബാബയിൽ നിന്നും അഞ്ചാറുമണിക്കൂർ യാത്ര. അവിടെ നിന്നും എവിടേക്ക് വേണമെങ്കിലും ആസൂത്രണം ചെയ്യാം, അതാണ് യാത്രാപദ്ധതികൾ. പൊതുവേ ആഫ്രിക്ക എന്ന് വിളിക്കാമെങ്കിലും ഓരോ രാജ്യത്തിനും അതിൻ്റേതായ ചരിത്രവും സ്വഭാവവും ഉണ്ട്. ഒന്നിനൊന്ന് വളരെ വ്യത്യാസത്തിലും.
ഏറ്റക്കുറച്ചിലുകളോടെ വെള്ളദേശക്കാർ നടത്തിയ കൊടുംക്രൂരതയുടെ ചരിത്രമായിരിക്കും പൊതുസ്വഭാവത്തിലുള്ളത്. നിശബ്ദമായ ചെറുത്തുനിൽപ്പിന്റെ കരുത്ത് എക്കാലവും ആഫ്രിക്കൻ ശരീരത്തിലുണ്ട്. ഫിലിം സൊസൈറ്റിക്കാലത്ത് കണ്ടതാണ് സുല എന്ന ആഫ്രിക്കൻ സിനിമ. നിരന്തരം അടിച്ചമർത്തിയിട്ടും കടൽ പോലെ തിളച്ചുവരുന്ന കായികശക്തി. ‘കിതയ്ക്കാത്ത മനുഷ്യർ’ എന്നാണ് കസാനെയിൽ ചോപ്പീസ് സൂപ്പർമാർക്കറ്റുകളുടെ മാനേജരായ ഉണ്ണികൃഷ്ണൻ ആഫ്രിക്കക്കാരെ വിലയിരുത്തുന്നത്. എത്ര അധ്വാനിച്ചാലും വിയർക്കുകയോ കിതക്കുകയോ ചെയ്യാത്ത മനുഷ്യർ.
ഉണരാൻ സാദ്ധ്യതയുള്ള ഈ ഊക്കിനെ ഭയത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ടാവും അധിനിവേശം ജീവിതചര്യയാക്കിയ വെള്ളക്കാർ. കോളനിവൽക്കരണത്തിന്റെ അസംതൃപ്ത കാലങ്ങൾ ബോട്സ്വാനക്കും പറയാനേറെയാണ്. 1966 വരെ ആഫ്രിക്കൻ രാജ്യങ്ങൾ അടിമപ്പെട്ട കോളനിവൽക്കരണത്തിന്റെ എല്ലാ ക്രൂരതകളും ബോട്സ്വാനയും അനുഭവിച്ചു. അപ്പോഴൊക്കെ അവർ നിവർന്നു നിന്നിട്ടുണ്ടാവുക കൃഷിയിൽ ഊന്നിയായിരിക്കും. പുരുഷന്മാർ കാലിവളർത്തലിലും സ്ത്രീകൾ കൃഷിയിലുമാണ് ശ്രദ്ധിക്കുന്നത്.
ബോട്സ്വാനിയൻ ബീഫ് ലോകപ്രശസ്തമാണ്. ചോളത്തിൽ നിന്നും എടുക്കുന്ന പാപ്പേയും ബീഫുമാണ് മുഖ്യഭക്ഷണങ്ങളിലൊന്ന്. പന്നിയും കോഴിയുമൊക്കെ ക്യൂവിലുണ്ട്. കിട്ടിയ സമയമൊക്കെ ഇതൊക്കെ കഴിച്ച് ഞാനും അന്നാട്ടുകാരനായി. ഇതും പോരാഞ്ഞ് ആനയേയും പ്ലേറ്റിൽ സങ്കല്പിച്ചു, ചെറിയ ഛിന്നം വിളിയോടെ. കാട്ടുമൃഗസമൃദ്ധിയാണ് ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ ഒരു പ്രതിസന്ധി. എൺപതുകളിൽ എയ്ഡ്സായിരുന്നു പൊതുജീവിതത്തിന് വെല്ലുവിളി ഉയർത്തിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഇവിടെയായിരുന്നു എയ്ഡ്സിന്റെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. തുറന്നതും അയഞ്ഞതുമായ ജീവിതത്തിൽ നിന്നാവാം ഈ രോഗത്തിന്റെ പരക്കൽ.
നൂറുശതമാനം എന്നുതന്നെ പറയാം, ക്രിസ്റ്റ്യാനിറ്റിയാണ് ഇവിടുത്തെ മതം. ഗോത്രീയതയിൽ ഊന്നിയതാണ് ഇവിടുത്തെ സംസ്കാരം. ഒഴിവുദിവസങ്ങളായ ശനിയും ഞായറും അവർ ബൈബിളിനെ മറിച്ചിടുന്നു. അന്നൊക്കെ സ്വർഗത്തെ അവർ ഭൂമിയിലേക്ക് ഇറക്കുമതി ചെയ്യും. ഈ ദിവസങ്ങളിലെ ആഘോഷങ്ങൾ അമ്മാതിരിയാണ്. ലോകാവസാനം മുന്നിലെന്ന പോലെ എല്ലാം ആഘോഷിച്ച് അവസാനിപ്പിക്കും. പുതുജന്മം പോലെ വീണ്ടും ഉയിർത്തെഴുന്നേൽക്കും.ഗോത്രസ്മൃതികൾ ഉണർത്തുന്ന വിവാഹങ്ങളും ആഘോഷത്തിമർപ്പിൻ്റേതാണ്. മറ്റൊരു ആഘോഷം ക്രിസ്തുമസ്സാണ്.
ആനകൾ പതിനഞ്ച് പേർക്ക് ഒന്നുവീതം കണക്കാക്കപ്പെടുന്നു. ഇരുപത് ലക്ഷം മനുഷ്യരും ഒന്നര ലക്ഷം ആനകളും. ഈ വർഷം അഞ്ഞൂറിൽ താഴെ ആനകളെ കൊല്ലാൻ നിശബ്ദമായ അനുമതിയുണ്ട്. റസ്റ്ററണ്ടുകളിൽ ആനയിറച്ചിക്കു പുറമെ സീബ്ര, മാൻ, പന്നി തുടങ്ങിയ കാടൻ വിഭവങ്ങളും അപൂർവ അവസരങ്ങളിൽ ചീങ്കണ്ണി, ഹിപ്പോപൊട്ടാമസ് എന്നിവയും സൈഡ് ഡിഷ് ആയി കിട്ടും. ആനയിറച്ചി രുചിക്കണോയെന്ന് ഡ്രൈവർ തെഷിലി ചോദിച്ചു. ആനപ്രേമികളുടെ കൊച്ചുനാട്ടിൽ നിന്നാണെന്ന് പറഞ്ഞൊഴിഞ്ഞു. മനുഷ്യമാംസത്തിന്റെ കഥാഗന്ധം ഓർമ്മയിലുണ്ട്. ഈദി അമീനേയും. പക്ഷെ മനുഷ്യരുടെ ചൂരും ചൂടുമാണ് ആഫ്രിക്കയിൽ നിന്നും നന്നായി അനുഭവിച്ചത്.
തടാകങ്ങളുടെ നാടാണ് ബോട്സ്വാന. ഇവിടുത്തെ തലസ്ഥാനമായ ഗാർബോണിയിൽ നിന്നും രാജ്യത്തിന്റെ തെക്കേ അറ്റമായ കസാനെയിലേക്ക് ആയിരത്തിൽപ്പരം കിലോമീറ്ററുണ്ട്. താഴ്ന്നുപറക്കുന്ന ചെറിയ വിമാനത്തിൽ തടാകങ്ങളും ഡയമണ്ട് ഖനനങ്ങളും ആകാശക്കാഴ്ചകളായി കാണാം. ചോബെ പുഴക്കരയിലെ താമസസ്ഥലത്തു നിന്നാൽ മുന്നിൽ ചെറിയൊരു പുഴയും അപ്പുറത്തെ കരയും കാണാം. അവിടേയും കാലൊന്നു കുത്തണം. കര എന്നാൽ നമീബിയയാണ്. ഇരുനൂറുമീറ്റൽ അകലെയുള്ള നമീബിയൻ ദ്വീപിൽ നമ്മുടെ കോൾപ്പടവുകളിലൊക്കെ കാണുന്നതു പോലുള്ള ഒരു കെട്ടിടം. അതൊരു മദ്യഷോപ്പാണ്. വിദേശികളാണ് അധികവും സന്ദർശകർ.
കസാനെയിൽ ഞങ്ങളെ സംരക്ഷിച്ചുപോരുന്ന തൃശൂർക്കാരൻ ഉണ്ണിയോട് ചോദിച്ചു, “അങ്ങോട്ടൊന്ന് കുതിച്ചാലോ?” സഞ്ചാരികൾക്ക് വിസ വേണം. ആഘോഷദാഹം തൽക്കാലം മാറ്റിവെച്ചു. നമീബിയയും ബോട്സ്വാനയും അതിരിടുന്ന ഈ പുഴയിലൂടെയുള്ള സഞ്ചാരം മറ്റൊരു ലോകയാത്രയാണ്. പുഴയോടൊപ്പമുള്ള ചതുപ്പിൽ എണ്ണിയാലൊടുങ്ങാത്ത ആനസഞ്ചാരങ്ങൾ. ഹിപ്പോ പൊട്ടാമസ്, ചീങ്കണ്ണി, പക്ഷിവൈവിധ്യങ്ങൾ എന്നിവയെല്ലാമുണ്ട്.
ബോട്സ്വാനിയൻ ആനകൾക്ക് നമ്മുടെ ആനകളെപ്പോലെ ഭംഗി തോന്നി. പ്രത്യേകിച്ച് അവ പുഴയിൽ ഇറങ്ങി നനയുമ്പോൾ. പകൽ മുഴുവൻ പുഴയിലായിരുന്നു. മാലിന്യത്തിന്റെ ഒരു പോറലുമേൽക്കാത്ത പുഴ. ഇവിടെ വലയെറിയാൻ പാടില്ല. ചൂണ്ടയെറിയാം. അത്രയ്ക്കുണ്ട് പ്രകൃതി സംരക്ഷണം. മാലിന്യമുക്തമായ ഒരു രാജ്യമാണ് ബോട്സ്വാന. ബോട്ടിനുള്ളിൽ ബീഫും ബോട്സ്വാനിയൻ ലഹരികളുമുണ്ട്. മനുഷ്യരുമായുള്ള ഇഴുകിച്ചേരലായിരുന്നു യാത്രയിലുടനീളം നടന്നത്. മറ്റൊരു ലഹരി ആലോചനയിലേ വന്നില്ല.
നമീബിയയും ബോട്സ്വാനയേയും വിട്ട് സിംബാവേയിലെത്തി. വിസ അടിക്കുന്നു, അതിർത്തി കടക്കുന്നു എന്നതൊഴിച്ചാൽ രാജ്യങ്ങൾ തമ്മിൽ ഒന്നിനും മാറ്റമൊന്നുമില്ല, മനുഷ്യരുടെ സ്വഭാവത്തിനും. ഒരദൃശ്യശക്തി പോലെ എല്ലാം രാമചന്ദ്രൻ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. ജലത്തിൽ മൽസ്യം പോലെയായിരുന്നു ഞങ്ങളുടെ യാത്ര. സിംബാവെയിൽ വിക്ടോറിയ വെള്ളച്ചാട്ടമായിരുന്നു ആകെ ചാർട്ട് ചെയ്തത്. ഡ്രൈവറും ഗൈഡുമായി വന്ന സിംബാവെക്കാരൻ ഫ്രാൻസിസ് ഞങ്ങളെ ദൃശ്യങ്ങളിലേക്ക് നയിച്ച് കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ഫ്രാൻസിസിനെ കാണാതാവും, ആവശ്യം വരുമ്പോഴൊക്കെ പെടുന്നനെ പ്രത്യക്ഷപ്പെടും. മനുഷ്യർ ദൈവരൂപങ്ങളാവുന്ന അപൂർവ്വസന്ദർഭങ്ങൾ. ഫ്രാൻസിസ് മാത്രമല്ല, കണ്ടുമുട്ടിയ എല്ലാവരും അങ്ങനെത്തന്നെ. ഗരിമ കൂടിയും കുറഞ്ഞുമുള്ള ദൈവമാതൃകകൾ. കസാനെയില ഞങ്ങളുടെ നടത്തിപ്പുകാരി മല്ലി, ഡ്രൈവർമാരായ ഹോപ്പ്, പേൾ, താത്തിയ ഉന, ജെനെറ്റ്, ഷാഡോ, താര, ലുഡോ തുടങ്ങിയവരൊക്കെ സ്നേഹസ്പർശത്തിന്റെ തുടർസാക്ഷ്യങ്ങളാകുന്നു.
നീരൊഴുക്കൊഴിയാതെ, സന്ദർശകരൊഴിയാതെ മുന്നൂറ്റി അറുപത്തഞ്ചുദിവസവും സന്ദർശകരിലേക്ക് നിറഞ്ഞൊഴുകുന്ന വിക്ടോറിയ വെള്ളച്ചാട്ടം പ്രകൃതിയെക്കുറിച്ച് നിഗൂഢത കലർത്തിയ അത്ഭുതം തരുന്നു. മൂന്നു കിലോമീറ്ററാണ് ഈ വെള്ളച്ചാട്ടത്തിന്റെ വിസ്തൃതി. ഷവറിന് താഴെയെന്ന പോലെ കാട്ടിലൂടെയുള്ള യാത്ര. നനയ്ക്കും, ത്രസിപ്പിക്കും. നനഞ്ഞുനടന്നു. ഫ്രാൻസിസ് മഴക്കോട്ടുകൾ തന്നെങ്കിലും തണുപ്പ് ലഹരിയായപ്പോൾ അതെല്ലാം ഊരി. പതിമൂന്നാം നമ്പർ വ്യൂ പോയിൻ്റ് വന്യമായിരുന്നു. കനത്ത കുത്തൊഴുക്ക് തീർത്ത ജലനിഗൂഢതയിൽ നിന്നും മഞ്ഞും മഴയും മഴവില്ലും ഉരുത്തിരിഞ്ഞു. ഇരുണ്ട സൗന്ദര്യമായിരുന്നു അവിടമാകെ. ജലക്കാടുകളിൽ നിന്നും കാഴ്ച കാട്ടുവക്കിലെ മരച്ചോട്ടിൽ നിൽക്കുന്ന ഫ്രാൻസിസിലേക്ക് ഞാനൊന്നു മാറ്റി. ഒരു കാമറാ മൂവ്മെൻ്റ് പോലെ. ആ മുഖത്തും ദീപ്തമായ ആഫ്രിക്കൻ സൗന്ദര്യം കണ്ടു.
വെള്ളച്ചാട്ടത്തിനും ഫ്രാൻസിസിനും ഇടയിലൂടെയുള്ള സ്ലാബ് പതിച്ച ചെറുപാതയിലൂടെ വിവിധ രാജ്യക്കാരായ വെള്ളക്കാരുടെ കൂട്ടങ്ങൾ ഉല്ലാസത്തോടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. ഔട്ട് ഓഫ് ഫോക്കസ് മൂഡിലായിരുന്നു ഞാനവരെ കണ്ടത്. വെളുപ്പിനോടുള്ള താല്പര്യം ഉള്ളിൽ നിന്നും ചോർത്തിക്കളയുന്നതു പോലെ. വെള്ളച്ചാട്ടത്തെ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഡേവിഡ് ലിവിങ്ങ്സ്റ്റണിന്റെ വലിയ ശില്പത്തിനു താഴെ ഞങ്ങളെ നിർത്തി ഫ്രാൻസിസ് ഫോട്ടോ എടുത്തു. ഈ വെള്ളക്കാരനാണ് ഈ വെള്ളച്ചാട്ടത്തെ കണ്ടുപിടിച്ചതെന്ന വാദത്തെ ഫ്രാൻസിസ് പൊട്ടിച്ചിരിയോടെ ഖണ്ഡിച്ചു. വെള്ളച്ചാട്ടം ഇവിടെയുണ്ടായിരുന്നു. ഉള്ളതിനെ ഒരാൾ കണ്ടുപിടിക്കേണ്ടതുണ്ടോ? അമേരിക്കയെ കണ്ടുപിടിച്ചവരും കേരളത്തെ കണ്ടെത്തിയവരും ആലോചനയിൽ വന്നു.
ഫ്രാൻസിസ് എന്ന സിംബാവെക്കാരൻ രസികനാണ്. സൗത്ത് ആഫ്രിക്കക്കാരെ സംഭാഷണത്തിനിടയിൽ ഫ്രാൻസിസ് പ്രതിപക്ഷത്ത് നിർത്തിയപ്പോൾ ഞാൻ ഇടപെട്ടു. ആഫ്രിക്കക്കാരാ നിങ്ങൾ പരസ്പരം കുറ്റം പറയരുത്. ഫ്രാൻസിസ് ചിരിയോടെയാണ് അതിനെ നേരിട്ടത്. മനുഷ്യർ തമ്മിൽ ഭാഷയ്ക്ക് അത്രയ്ക്ക് പ്രധാന്യമില്ലെന്ന് ഈ യാത്രയിൽ കൂടുതൽ അറിഞ്ഞു. മനുഷ്യർ തമ്മിൽ സഹഭാവം സംഭവിച്ചാൽ ഭാഷ മറ്റൊന്നാവുന്നു. ഞങ്ങളുടെ കാട്ടുനടത്തം അവസാനിച്ചത് സിംബാവെയും സാംബിയയും അതിരിടുന്ന പാലത്തിലാണ്. നോമാൻസ് ലാൻഡിൽ. നൂറടിയോളം നീളത്തിൽ പ്രൗഢിയോടെ അലസമായി കിടക്കുന്ന പാലം. കാനായിയുടെ യക്ഷിയുമായി ഈ അവസ്ഥയെ ഉപമിക്കാം. പാലത്തിൽ നിന്ന് വന്യമായ താഴ്ചയിലേക്ക് റോപ്പിൽ ചാടുന്ന സാഹസികർ. സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പേരാകുന്നു സാഹസികത.
സിംബാവേയുടെ പ്രധാന വരുമാനങ്ങളിൽ ഒന്നാണ് വിക്ടോറിയ വെള്ളച്ചാട്ടം. മൂന്ന് കിലോ മീറ്ററിൽ വിരിഞ്ഞുകിടക്കുന്നു. ഇരുപതോളം കാഴ്ചാ മുനമ്പുകൾ. അപകടകരമായ ഒരു മുനമ്പിലേക്കും ഫ്രാൻസിസ് ഞങ്ങളെ വഴികാട്ടിയില്ല. ഞങ്ങൾ നിർബ്ബന്ധം പിടിച്ചതുമില്ല. ഫ്രാൻസിസായിരുന്നു ഈ യാത്രയിലെ ഞങ്ങളുടെ ദൈവം. ബോട്സ്വാന രാജ്യത്തിന്റെ ഒരറ്റത്താണ് കസാനേ. മൂന്നു രാജ്യങ്ങൾ തൊട്ടുനനയുന്ന ഒരു നദിയുണ്ട്. സിംബാവേക്കാർ പറയും സാമ്പെസി, ബോട്സ്വാനക്കാർ തിരുത്തും, ചോബെ. നമീബിയയെ അത് തഴുകുന്നു. കസാനയെ അത് ചുറ്റിവരിയുന്നു. യാത്രികരെ അത് പൊതിയുന്നു. നദിക്കരയിൽ മനോഹരമായ ഒരു മരം, പാനിട്രീ. അതിൽ പുഴുക്കൾ നിറയും. പൂക്കൾക്കു പകരം പുഴുക്കൾ ശലഭങ്ങളായി പറന്നുപൊങ്ങും. മനോഹരമായ കാഴ്ചകളിലൊന്നാണിത്. ബോട്സ്വാനയിലെ പ്രധാന നഗരങ്ങളിലൊന്നായ ഫ്രാൻസിസ് ടൗണിലാണ് ഈ മരങ്ങളധികവും.
ഈ പുഴുക്കൾ ബോട്സ്വാനക്കാരുടെ ഇഷ്ടവിഭവം കൂടിയാണ്. കറികളിൽ ഉപയോഗിക്കും, സൂപ്പാക്കും. ഉണക്കി സൂക്ഷിക്കും. വഴിവക്കിൽ നിന്നും ഇത് വാങ്ങാനും കിട്ടും. ഇതൊക്കെ കഴിഞ്ഞുള്ളതിൽ നിന്നാണ് ശലഭജന്മങ്ങൾ രൂപമെടുക്കുന്നത്. ഈ ശലഭവൃക്ഷം കവിത പോലെ മനസിൽ കയറി. കലംഗ ഗോത്രക്കാരാണ് പാനിപ്പുഴു വേട്ടക്കാർ. കാട്ടിൽ താൽക്കാലികമായി തമ്പടിച്ചും താമസിച്ചുമാണവർ പുഴുക്കളെ ശേഖരിക്കുന്നത്. കലംഗയും സ്വാനയുമാണ് ബോട്സ്വാനയിലെ പ്രധാന ഗോത്രങ്ങൾ. കസാനെയിൽ ഞങ്ങൾ താമസിക്കുന്ന ചോബെ മറീനക്ക് സമീപം രാമചന്ദ്രന്റെ സൂപ്പർ മാർക്കറ്റുണ്ട്. ചോപ്പീസ് രാമചന്ദ്രനാണ് ഈ ആഫ്രിക്കൻ യാത്രയുടെ പ്രേരണയും ഊർജവും.
മൃഗസമൃദ്ധമാണ് കസാനെ. മൃഗങ്ങൾ പുറത്ത് ഇറങ്ങുമ്പോൾ മനുഷ്യർ അകത്തുകയറും. മൃഗസമൃദ്ധിയുള്ള ഇത്തരം സ്ഥലങ്ങളിലെ ഷോപ്പുകളെല്ലാം നേരത്തെ പൂട്ടും. ചോപ്പീസിന്റെ മാനേജർ ഉനി, ജീവനക്കാർ അങ്ങനെ വിളിക്കുന്നു. ഞാൻ ഉണ്ണി എന്നും. ശരിക്കും പേര് ഉണ്ണികൃഷ്ണനാണ്. കസാനെയിലെ അഞ്ഞൂറു കിലോമീറ്ററിനുള്ളിലെ ഏക മലയാളി. ഇവിടെ മനുഷ്യനായാൽ മതി. ഉണ്ണിക്കിവിടെ ഭാഷ മലയാളമല്ല. ഒരു ചന്ദനക്കുറിയുണ്ട്. ഇടക്കിടെ കണ്ണാടിയിൽ നോക്കി മലയാളിയെന്ന് ഉറപ്പുവരുത്തും. അവിവാഹിതനാണ്. ആഫ്രിക്ക ആയതിനാൽ കേരളത്തിലെ വിവാഹമാർക്കറ്റിൽ അത്രക്ക് മതിപ്പില്ല. യാത്രക്കിടയിൽ നിന്നും ഉണ്ണി വാട്സാപ്പ് ചെയ്തു, ‘ഷോപ്പിൽ പോകുന്നെങ്കിൽ ഇരുട്ടാവാൻ നിൽക്കരുത്, മൃഗങ്ങൾ ഇറങ്ങും’.
രാമചന്ദ്രനും പറഞ്ഞിരുന്നു, കാട്ടിലെ റിസോർട്ടിൽ നിന്നും രാത്രി പുറത്തിറങ്ങിയ സായ്പ്പിന്റെ ഒരു കഷണം കയ്യെല്ല് മാത്രം ബാക്കി വെച്ച മൃഗരാജന്മാരുടെ വിളയാട്ടം. വിശപ്പടങ്ങാത്ത ജീവിയാണ് സിംഹമെന്ന് നേരത്തെ ഞങ്ങൾ സന്ദർശിച്ച ചീങ്കണ്ണികളുടെ പാർക്കിലെ ഉദ്യോഗസ്ഥൻ ജോവാൻ അറിവു തന്നിരുന്നു. ചീങ്കണ്ണിക്കാണെങ്കിൽ മാസത്തിലൊരിക്കൽ ഭക്ഷണം കൊടുത്താൽ മതി എന്നും. ചോബെ നാഷണൽ പാർക്കിൽ തുറന്ന ജീപ്പിൽ ഒരു കാട്ടുയാത്ര നടത്തി. ഇരുപതോളം കിലോമീറ്റർ യാത്രയിൽ അപൂർവ്വയിനം മൃഗങ്ങളെ കണ്ടു. എട്ടു ജീപ്പുകളുണ്ടായിരുന്നു. വഴിവക്കിൽ ഒരു സിംഹം പ്രത്യക്ഷപ്പെട്ടു. യാത്രക്കാരെ സന്തോഷിപ്പിക്കാൻ സിംഹത്തെ എല്ലാ വണ്ടികളും പിന്തുടർന്നു. കാട്ടുരാജൻ കുറ്റിക്കാടുകൾ കയറിയിറങ്ങുമ്പോൾ അതിനെ വളഞ്ഞിട്ടു പിടിക്കുന്നതുപോലെ ഡ്രൈവർമാർ ജീപ്പോടിച്ചു. ഭാവവ്യത്യാസങ്ങളില്ലാതെ സിംഹരാജൻ വണ്ടികൾക്കിടയിലൂടെ നടന്നു. രണ്ടുമിനിറ്റിന് ശേഷം കുറ്റിക്കാട്ടിൽ അവൻ മറഞ്ഞു. ഒരു തിരക്കഥയിൽ അഭിനയിക്കും പോലെ ആയിരുന്നു അവന്റെ വരവും പോക്കും. ഞാനത് തിടുക്കത്തിൽ ഷൂട്ട് ചെയ്ത് വീഡിയോ ഉണ്ടാക്കി.
വണ്ടിയെ ഒരു വലിയ വസ്തുവായോ ജീവിയായോ ആയിട്ടാണ് സിംഹം കാണുന്നത്. കയ്യിലൊതുങ്ങാത്തത് എന്ന തോന്നലിൽ വെറുതെ വിടുന്നു. ജീപ്പിൽ നിന്ന് ആരെങ്കിലും പുറത്തേക്കിറങ്ങിയാൽ കഥ വേറെയാവും. ഡ്രൈവർമാർ ഇക്കാര്യം നിരന്തരം ശ്രദ്ധയിൽ പെടുത്തിക്കൊണ്ടിരുന്നു. ഷൂട്ടിംഗ് ഹരത്തിൽ വണ്ടിയിൽ നിന്നും ചാടിയിറങ്ങുന്ന എന്നെ ഞാൻ ഇപ്പോഴും സങ്കല്പിച്ചു നോക്കാറുണ്ട്. ഈ കാട്ടുയാത്രയിലുടനീളം വിശാലമായ ഒരു പുഴയും ഒഴുക്കും ഞങ്ങളെ പിന്തുടർന്നുകൊണ്ടിരുന്നു. യാത്രയിൽ പിറകിലേക്ക് നോക്കരുതെന്ന് ഉറപ്പിച്ചിരുന്നെങ്കിലും ഈ പുഴ നമ്മുടെ ഭാരതപ്പുഴയെ ഓർമ്മിച്ചുകൊണ്ടിരുന്നു. അപ്പുറം തെളിഞ്ഞു നിന്നു നബീബിയ.
വിജനമായ ഒരു സ്ഥലത്ത് ജീപ്പുകളെല്ലാം ഒത്തുകൂടി, കോഫീ ടൈം. സിംഹഗർജ്ജനം കേട്ടാൽ എല്ലാവരും ജീപ്പിൽ ചാടിക്കയറണം. ഒരു കൈ കാപ്പിയിലും രണ്ടാം കൈ ജീപ്പിന്റെ കൈവരിയിലും ഉറപ്പിച്ചുനിർത്തി. കസാനെയിലെ സന്ധ്യ. രണ്ടും കൽപ്പിച്ച് സൂപ്പർമാർക്കറ്റിലേക്ക് പോവുകയാണ്. എനിക്കെതിരെ വന്നവരോടും വഴിവക്കിൽ വാഹനങ്ങൾ കാത്തുനിന്നവരോടും സൗഹൃദസംഭാഷണമെന്ന നിലയിൽ സൂപ്പർ മാർക്കറ്റ് എവിടെ എന്ന് ചോദിച്ചുകൊണ്ടിരുന്നു. അവരൊക്കെ സ്നേഹത്തോടെ വഴികാട്ടികളായി. പാട്ട് മൂളിക്കൊണ്ടും നൃത്തത്തോടടുത്ത ചുവടുകളുമായി കടന്നുപോകുന്നു. സൂപ്പർ മാർക്കറ്റിനുപിറകിലെ മരത്തെ ഉണ്ണി പരിചയപ്പെടുത്തി, ‘അമറുള.” മരം പൂത്ത് കായ് വന്ന് വിളഞ്ഞ കാലമാണെങ്കിൽ ഗംഭീരമായ ഒരു കാഴ്ചയാകുമായിരുന്നു. അമറുള ലഹരി പെയ്യുന്ന മരമാണ്. അതിൽ നിന്നുള്ള അമറുള മദ്യം ലോകപ്രശസ്തവും. ഈ മരം മൃഗങ്ങൾക്കും പക്ഷികൾക്കുമൊക്കെ വേണ്ടിയുള്ളതാണ്. അതൊക്കെ മനുഷ്യർ അപഹരിക്കുന്നു… ലഹരിയാക്കുന്നു… ലോകവിപണിയിലേക്ക് കയറ്റിവിടുന്നു.
പഴങ്ങൾ പാകമാവുമ്പോൾ മൃഗങ്ങളുടെ ആഘോഷത്തിമിർപ്പ് അതിനുതാഴെ കാണാം. ഉച്ചനീചത്വങ്ങളില്ലാതെ ആർത്തുല്ലസിക്കുന്ന കാഴ്ച. പഴം തിന്ന് ലഹരിപിടിക്കുമ്പോൾ ആനയും ആനപ്പുറത്തിരുന്ന് കുരങ്ങന്മാരും ആനന്ദനൃത്തം ചെയ്യുന്നത് ഒരു നാടൻ മദ്യശാലയെ ഓർമ്മിപ്പിക്കും. ഒരേ ലഹരിയിൽ എല്ലാം ഒന്നിക്കുന്ന കാഴ്ച, കാട്ടരങ്ങ്. ഹോട്ടലിൽ എല്ലാം കിട്ടുമെങ്കിലും പഴങ്ങൾ, ബ്രെഡ് എന്നിങ്ങനെയെല്ലാം മാളിൽ നിന്നും വാങ്ങി. ഉണ്ണിയുടെ പേരിൽ പറ്റെഴുതി. ശുദ്ധ വെജിറ്റേറിയനായ ടി ഡി രാമകൃഷ്ണനെ ഓർത്താണ് ഇതൊക്കെ വാങ്ങിയത്.
ബോട്സ്വാനിയൻ കറൻസിയായ പുലെ, ഡോളർ ഒന്നും കയ്യിലെടുത്തിരുന്നില്ല. ആഫ്രിക്കയാകെ പരന്നു കിടക്കുന്ന ചോപ്പീസ് ശൃംഘലയുള്ളപ്പോൾ ഇതൊക്കെ എന്തിന് എന്ന തോന്നലിലായിരുന്നു. മാളിൽനിന്നും പുറത്തിറങ്ങുമ്പോൾ കവാടത്തിൽ കാറുകളുടെ ഡിക്കി തുറന്നുവെച്ച് ചെറുകിട കച്ചവടക്കാർ. തക്കാളി, ചീര തുടങ്ങിയവ നിരത്തി വെച്ചിട്ടുണ്ട്. ചീരക്കെട്ടെടുത്ത് ഒരു കച്ചവടക്കാരി എന്റെ നേരെ വീശുന്നു. നല്ലൊരു പാചകക്കാരനെ കണ്ടെത്തിയത് പോലെ. ആ പ്രവൃത്തിക്ക് ആനപ്പുറത്തിരുന്ന് വെഞ്ചാമരം വീശുന്നതിനേക്കാൾ ഭംഗിയുണ്ടായിരുന്നു. അഭയാർത്ഥിയും യാത്രികനും ആണെന്നു പറഞ്ഞു. കച്ചവടം പെരുക്കി ഞങ്ങളുടെ സുഹൃത്തിന്റെ മാൾ പൂട്ടിക്കരുത് എന്ന് അധികഭാഷണവും നടത്തി. തമാശയെന്ന് അവർക്ക് മനസ്സിലായി. ജെനറ്റ് എന്നവർ പേരുപറഞ്ഞു. ജാനറ്റ് എന്ന് ഞാൻ തിരുത്തി. അതെ എന്നവർ ശരിവെച്ചു. നാലുപേരുടെ അമ്മ. ഭർത്താവിന്റെ വരുമാനത്തിൽ ജീവിതം നിൽക്കാത്തതിനാൽ ഈ ജോലി ചെയ്യുന്നു, സന്തോഷിക്കുന്നു. സംഭാഷണം പെരുകി, ഇരുട്ട് കനത്തു കൊണ്ടിരുന്നു.
ആതിഥേയ മമതയോടെ അവരും പറഞ്ഞു, വേഗം പൊയ്ക്കോളൂ, മൃഗങ്ങളിറങ്ങും. ഇക്കഥ പറഞ്ഞപ്പോ, അവരുടെ കുട്ടികൾ ഒരു പുരുഷനിൽ നിന്ന് മാത്രമായിരിക്കില്ലെന്ന് ഉണ്ണി കട്ടായം പറഞ്ഞു. ബോട്സ്വാനികളുടേത് അയഞ്ഞ ജീവിതമാണ്. അത്രയും നല്ലത്, മുറുകി പൊട്ടുന്നതിനേക്കാളും. വിവാഹം കഴിക്കാതെയാണ് ബഹുഭൂരിപക്ഷം ആളുകളും ഒന്നിച്ചുകഴിയുന്നത്. വിവാഹം ഇവിടെ പുരുഷന്മാർക്ക് ചിലവുള്ള കാര്യവുമാണ്. ലെബോള എന്നൊരു പുരുഷധന സമ്പ്രദായമുണ്ട്. ഇത് സ്ത്രീകൾക്ക് കൊടുക്കേണ്ടതാണ്. പുരുഷന്മാർ ബാദ്ധ്യതയിൽ നിന്നും തടിതപ്പുന്നതുമാവാം. കെട്ട് കെട്ടുതന്നെ, ഞങ്ങളുടെ ഡ്രൈവർ ഷിയോൾ അടിവരയിട്ടു. അയാൾ നാൽപതു കഴിഞ്ഞ അവിവാഹിതനാണ്. അമ്മയാവാനുള്ള ത്വര ബോട്സ്വാനിയൻ സ്ത്രീകളിൽ കൂടുതലാണെന്ന് ഉണ്ണി പറഞ്ഞു. കെട്ടാതെ തന്നെ അവർ അമ്മമാരാവുന്നു. കെട്ടില്ലാതെ ജീവിക്കുന്നു.
കുടുംബകാര്യം പറഞ്ഞ് ഒരമ്മ കരഞ്ഞത് ഉണ്ണി അത്ഭുതത്തോടെയാണ് ഓർക്കുന്നത്. അത്തരം സന്ദർഭങ്ങൾ അപൂർവ്വമത്രെ. ബോട്സ്വാനിയൻ ജീവിതത്തിന്റെ ആഴങ്ങളിൽ പോയ ഉണ്ണിയോട് ഞാൻ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു, എഴുതൂ. ഭ്രൂണഹത്യ ഇവിടെ വലിയ കുറ്റമാണ്. ഈ രാജ്യത്തിന് ജനങ്ങൾ ഇനിയും വേണം. കായികശക്തിയോടെ മുന്നേറാൻ. വയനാടൻ പച്ചമരുന്നു വില്പനക്കാരെപ്പോലെ ചിലരെ വഴിയരികിൽ കണ്ടു. പുരുഷന്മാർക്കുള്ളതാണ് ഈ മരുന്നുകളെല്ലാം. കാടിന്റെ ആഴങ്ങളിൽ നിന്നും ശേഖരിക്കുന്നവയാണ് മരുന്നുരുപ്പടികളെല്ലാം. സ്തീകളെ വശീകരിക്കാനുള്ളത്. മരുന്നിനെക്കുറിച്ച് ഞാൻ വാചാലനായപ്പോൾ കേരളത്തിൽ ഈ മരുന്ന് വിലപ്പോവില്ലെന്ന് ഉണ്ണി. ഇത്തരം മരുന്ന് വിൽക്കുന്ന ആളുകളേയും ഡോക്ടർ എന്നാണ് വിളിക്കുന്നത്.
ആരോഗ്യമുള്ള ജനതയാണ് ഇവിടെയുള്ളത്. വലിയ ആശുപത്രികൾ ഒന്നും തന്നെ ഇവിടെയില്ല. ക്ലിനിക്കുകളാണ് അധികവും. അത്യാവശ്യമുണ്ടെങ്കിലേ ഡോക്ടർമാർ രോഗികളെ നോക്കാറുള്ളൂ. പഴയ കാലത്തെ നമ്മുടെ ഹെൽത്ത് സെൻ്റർ പോലെ കമ്പോണ്ടറും നഴ്സുമാരും കൂടി രോഗിയേയും മരുന്നിനേയും നിഷ്പ്രയാസം കൈകാര്യം ചെയ്യും. നൃത്തച്ചുവടു വെച്ച നടത്തത്തിലും സംഗീതം പൊഴിക്കുന്ന മുഖത്തിലും അളക്കാം ഇന്നാട്ടുകാരുടെ സൗന്ദര്യവും ആരോഗ്യവും. വഴിയോരത്തെ പ്രകൃതി ഡോക്ടറെ ചുറ്റിപ്പറ്റി മൂന്ന് പുരുഷന്മാരേയും കണ്ടു. ശരീരം ബോട്സ്വാനയിലും മാനസം തൃശൂരും ആയതിനാൽ ഉണ്ണിയുടെ ജീവിതം വിവാഹരഹിതമാണ്. ഭൂതപ്രേതാദികളെ അകറ്റാനുള്ള മരുന്നും ഇവിടെ വിപണിയിലുണ്ട്. ഗോത്രപാരമ്പര്യത്തിൽ നിന്നുയർന്നു വന്നതിന്റെ ബാക്കിപത്രങ്ങളായിരിക്കാം ഇതൊക്കെ. ഉപ്പുപോലുള്ള പൊടി വീടിന്റെ ചുറ്റും വിതറിയാണ് വിശ്വാസമനുഷ്യർ വീട്ടിനുള്ളിൽ ധൈര്യത്തോടെ കഴിയുന്നത്. വിശ്വാസത്തിലധിഷ്ഠിതമാണ് ഇവരുടെ ജീവിതം. ബൈബിളാണ് ഇവരുടെ ഭരണഘടന.
തിരികെ പോരുമ്പോൾ പോലീസ് സ്റ്റേഷൻ കണ്ടു. അടുത്തുചെന്ന് നോക്കി. വേണമെങ്കിൽ ഒരു പരാതിയുമില്ല എന്ന ഒരു പരാതി കൊടുക്കാം. അടച്ചിട്ടിരിക്കുന്നു. ജനങ്ങളുടെ കാര്യങ്ങൾ അവർ നോക്കിക്കൊള്ളും. ഞങ്ങളുടെ കാര്യങ്ങൾ ഞങ്ങളും എന്നൊരു മട്ടുണ്ടായിരുന്നു. അധികാര ഗർവ്വില്ലാതെ നിശബ്ദതയിൽ ലയിച്ചുകിടക്കുന്ന ആ കെട്ടിടത്തിന്. അടിപിടിയും ഉന്തും തള്ളും ചെറിയ അപഹരണങ്ങളൊക്കെയാണ് ഇവിടുത്തെ പ്രധാന കുറ്റകൃത്യങ്ങൾ. അതൊക്കെ ചീഫ് എന്ന പേരിലറിയപ്പെടുന്ന ഗ്രാമമുഖ്യൻ അടിച്ചൊതുക്കും. അഞ്ചോ പത്തോ ചാട്ടവറടിയിൽ. അതുക്കും മേലെയുള്ള കുറ്റങ്ങൾ മാത്രമേ പോലിസ് സ്റ്റേഷനിൽ എത്തുകയുള്ളു. അതും ചീഫ് നിശ്ചയിക്കുന്നത് പ്രകാരം. പേരിന് കോടതികളും ഉണ്ട്.
പോലീസ് സ്റ്റേഷൻ കെട്ടിടത്തിനു പിറകിൽ നിന്നും ഭംഗിയുള്ള പന്നികളും മാനുകൾ പുറത്തേക്ക് വന്നുകൊണ്ടിരുന്നു. ഞാൻ വഴി മാറിക്കൊടുത്തു, അവ അവധാനതയോടെ റോഡിനെ മുറിച്ചുകൊണ്ടിരുന്നു. ഇരുട്ട് മുറുകി, നടത്തത്തിന് വേഗത കൂട്ടി. കോട്ടേജിനു മുകളിലേക്ക് കയറുമ്പോൾ രാമകൃഷ്ണൻ മുറിയിൽ തന്നെയില്ലേ എന്ന് ഒളിഞ്ഞുനോക്കി. കർട്ടൻ നീക്കി, ഗ്ലാസ് താഴ്ത്തി. താഴെ സാമ്പെസി ജലാശയമാണ്. അങ്ങേക്കരയിൽ നമീബിയ. അലങ്കാരവെളിച്ചത്തിൽ മധുശാല തിളങ്ങുന്നു. ഓളങ്ങളെ മനോഹരമാക്കി നിർമ്മിക്കുന്ന കുതിക്കും ബോട്ടുകളിലേക്ക് കണ്ണും നീട്ടിയിരിക്കാം. രാമകൃഷ്ണന് ലോ ആംഗിൾ,എനിക്ക് ഹൈ ആംഗിൾ കാഴ്ചകൾ.
ഉണ്ണിയുടെ ഊഴമായിരുന്നു രാത്രി, ഗുജറാത്തി ഹോട്ടലിൽ പോയി. എവിടെയും മൃഗങ്ങൾ പരിസരത്തുണ്ട്. വ്യാപകമായി കാട്ടുപന്നികൾ. മൃഗങ്ങളുമായി ആഴത്തിൽ ഇടകലർന്നൊരു ജനത. മറിച്ചും പറയാം. കസാനെയിൽ സാമ്പെസി തടാകക്കരയിലേക്ക് സന്ധ്യക്ക് ക്യാമറയുമായി നടന്നത് ഈയൊരു വിശ്വാസത്തെ സത്യമാക്കിക്കൊണ്ടാണ്. നമീബിയയിലെ ആഘോഷകേന്ദ്രം ദീപങ്ങൾ കൊണ്ട് തിളങ്ങിനിന്നു. കരിമീനിനേയും തിലാപ്പിയയേയും ഓർമ്മിപ്പിക്കുന്ന ചോബെ ബ്രിം എന്ന മീനിലേക്ക് ഞാൻ കൂപ്പ് കുത്തി. ടി.ഡി രാമകൃഷ്ണൻ അപ്പോഴും മെനുകാർഡിൽ അലഞ്ഞുനടപ്പാണ്. ഇഷ്ടപ്പെട്ട പച്ചക്കറി വിഭവം തേടിയുള്ള യാത്ര. എവിടെയുമെത്താത്തതിനാൽ എന്തൊക്കെയൊ പച്ചക്കറിയിനങ്ങൾ രാമകൃഷ്ണൻ പറഞ്ഞു.
ചോബെ ബ്രിം ഓർഡർ ചെയ്തതും ഇരിപ്പിടത്തിനു താഴെ നിന്നും പൂച്ചയുടെ മര്യാദക്കരച്ചിൽ കേട്ടു. പൂച്ചകൾക്ക് ഒരേ സ്വരവും സ്വഭാവവുമാണ് ലോകമാസകലം. ‘എന്തും തിന്നാൻ പരിശീലിക്കണം, പ്രത്യേകിച്ച് യാത്രയെ വരിച്ചവർ,’ എഴുത്തുകുത്തും സിനിമയുമൊക്കെയുള്ള വെങ്കിടി എപ്പോഴും പറയും ഈ ലോകത്ത് പച്ചക്കറിക്കാരുടെ കാര്യം കഷ്ടമാണ്. പച്ചക്കറി കൃഷിക്കാരുടെ കാര്യം അതിലും കഷ്ടമാണെന്നും അറിയണം. രാമചന്ദ്രൻ കൊടുത്തയച്ച ഗ്ലെൻഫിഡിച്ചിനോടു പോലും മുഖംതിരിച്ച ഞാൻ ബോട്സ് സ്പെഷ്യൽ ജിന്നിൽ വീണു. അത്ഭുതങ്ങൾ സംഭവിക്കും, മറ്റൊരു ലോകലഹരിയിലേക്ക് വീഴുന്നുവെങ്കിൽ. അപ്പോൾ നമുക്ക് മറ്റൊരു ശരീരവും മനസുമാണ്.