യാത്രകളിലും തീയേറ്ററിലും വേണ്ടത് അലോസരമല്ല, ഔചിത്യം

ആളുകൾ അവധിയുള്ളപ്പോഴും അവധിയെടുത്തും യാത്രകൾ പോകുന്നു. അവരുടെ പിരിമുറുക്കത്തെ അയച്ചുവിടാൻ മാർഗ്ഗം തേടുന്നു. ഇത്തരം സഞ്ചാരങ്ങൾക്ക് പറ്റിയ ഇടങ്ങളാണോ നമ്മുടെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും? അല്ല. അങ്ങനെയെങ്കിൽ അവയെ അങ്ങനെ മാർക്കറ്റ് ചെയ്യാതെയിരിക്കണം. അടിച്ചുപൊളിക്കാനായി യാത്രകൾ പോകുന്നവർ അതിനു പറ്റുന്നയിടങ്ങളിലേക്ക് അതിനു തക്കവണ്ണം പോവുക. ബോറായി തുടങ്ങിയാൽ അപ്പോൾ മാറ്റിപ്പിടിക്കുക. അതിനിടയിൽ മറ്റുള്ളവർക്ക് ഏറ്റവും കുറച്ചുമാത്രം അലോസരമുണ്ടാക്കുക. അതിനു പറ്റുന്നയിടം ഉണ്ടാവണം. അതെവിടെയാണ് എന്നറിയണം. അതാണ് ടൂറിസം വകുപ്പ് ചെയ്യേണ്ട കാര്യം.

യാത്രയായാലും സിനിമാക്കൊട്ടകയിൽപ്പോക്കായാലും "propriety' എന്നു പറയുന്ന ഒരു സംഗതിയുണ്ട്. മലയാളത്തിൽ ഔചിത്യബോധം എന്നു പറയും. അതുള്ളവരും ഉണ്ട്, അതില്ലാത്തവരും ഉണ്ട്. അത്ര തന്നെ. അതിനെ എലൈറ്റിസം എന്നും കീഴാളത്വം എന്നും കള്ളിതിരിച്ചു കാണുന്നത് കപടബുദ്ധിജീവി നാട്യമാണ് എന്ന് എന്റെ അഭിപ്രായം.

(നിങ്ങളുടെ അഭിപ്രായം അതാകണം എന്നു ഞാൻ പറഞ്ഞോ? ഇല്ല. അപ്പോൾ എന്റെ അഭിപ്രായം പറയുന്നതിന് ഞാൻ ചീത്ത കേൾക്കേണ്ടതുമില്ല.)

ആളുകൾ അവധിയുള്ളപ്പോഴും അവധിയെടുത്തും യാത്രകൾ പോകുന്നു. അവരുടെ പിരിമുറുക്കത്തെ അയച്ചുവിടാൻ മാർഗ്ഗം തേടുന്നു. ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയല്ലാതെയുള്ള ഇത്തരം സഞ്ചാരങ്ങൾക്ക് പറ്റിയ ഇടങ്ങളാണോ നമ്മുടെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും? അല്ല. അങ്ങനെയെങ്കിൽ അവയെ അങ്ങനെ മാർക്കറ്റ് ചെയ്യാതെയിരിക്കണം.

വൈൽഡ് ലൈഫ് ക്യാമ്പുകളിൽ പോകുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വക ബോറിങ് എന്നു പറയാവുന്ന ക്ലാസ് കേൾക്കണം. ശേഷം അവരുടെ ഗൈഡിന്റെ സാന്നിധ്യത്തിൽ വേണം ട്രക്കിങ്ങിനു പോകാൻ. അതുകൊണ്ടുണ്ടായ മെച്ചമെന്താണ്? പതിറ്റാണ്ടുകളായി അതു തുടർന്നപ്പോൾ അതൊരു educating experience ആയി മാറി. ഇപ്പോൾ ആരും ചുമ്മാ കാട്ടിലേക്ക് ഒച്ചേം ബഹളോം എടുത്തു പോകുന്നില്ല. അങ്ങനെ പോയാൽ മൃഗങ്ങളെ കാണാനാകില്ല എന്ന ബോധം ആളുകൾക്കു വന്നുതുടങ്ങി. അതാണ് ബോധപൂർവ്വമായ ഇന്റർവെൻഷന്റെ ഗുണം.

എടക്കൽ ഗുഹ/ Photo: wikipedia
എടക്കൽ ഗുഹ/ Photo: wikipedia

ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടി അല്ലാതെ അടിച്ചുപൊളിക്കാനായി യാത്രകൾ പോകുന്നവർ അതിനു പറ്റുന്നയിടങ്ങളിലേക്ക് അതിനു തക്കവണ്ണം പോവുക. ബോറായി തുടങ്ങിയാൽ അപ്പോൾ മാറ്റിപ്പിടിക്കുക. അതിനിടയിൽ മറ്റുള്ളവർക്ക് ഏറ്റവും കുറച്ചുമാത്രം അലോസരമുണ്ടാക്കുക.

അപ്പോൾ അതിനു പറ്റുന്നയിടം ഉണ്ടാവണം. അതെവിടെയാണ് എന്നറിയണം. അതാണ് ടൂറിസം വകുപ്പ് ചെയ്യേണ്ട കാര്യം.

നാട്ടിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതു പോലെ തന്നെ പ്രധാനമാണ്, നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രത്യേകതകളെ കുറിച്ചും അവിടെ കാത്തിരിക്കുന്ന സംഗതികളെ കുറിച്ചും തദ്ദേശീയരെ ധരിപ്പിക്കുക എന്നതും.

എടക്കൽ ഗുഹകളിലെ ശിലാ ചിത്രങ്ങൾ. Photo: wikipedia
എടക്കൽ ഗുഹകളിലെ ശിലാ ചിത്രങ്ങൾ. Photo: wikipedia

ഗവേഷണത്വരയോടെ മലകയറാനുള്ളതാണ് എടയ്ക്കൽ ഗുഹ എന്നറിഞ്ഞാൽ അല്ലാത്തയാളുകൾ അതുവഴി പോകില്ല. എടയ്ക്കൽ ഗുഹ എന്നാൽ ഉഗ്രൻ ടൂറിസ്റ്റ് സ്പോട്ട് ആണ് എന്ന രീതിയിൽ മാർക്കറ്റ് ചെയ്താൽ അവർ പോകും. ഇച്ഛാഭംഗം വരും. എന്തിന്?

സാധാരണ മനുഷ്യരുടെ മാനസികാരോഗ്യം നിലനിർത്താൻ ഭരണകൂടത്തിനും ഉത്തരവാദിത്വമില്ലേ? അവർ അയച്ചുവിടാനുദ്ദേശിച്ച പിരിമുറക്കം യാത്ര കഴിഞ്ഞും തുടരാനിടവരുത്തേണ്ടതുണ്ടോ?

മലയാളനാടിന്റെ ഒരു പ്രധാന കുറവ്, ആവശ്യത്തിനു പൊതുസ്ഥലങ്ങളില്ല എന്നുള്ളതാണ്. മൈതാനങ്ങൾ പോലും തീരെക്കുറവ്.

സാമാന്യം വലിപ്പമുള്ള, ആളുകൾക്ക് അർമ്മാദിക്കാനാവുന്ന, വെളിമ്പറമ്പുകളില്ല. വെന്റ് ഔട്ട് ചെയ്യാൻ പറ്റുന്ന പബ്ബുകളോ നൈറ്റ് ക്ലബ്ബുകളോ ഇല്ല. നൈറ്റ് ലൈഫ് ഇല്ല.

നീണ്ടുനിവർന്നുകിടക്കുന്ന കടൽത്തീരമുണ്ടെങ്കിലും ഗോവയിലെ കലാങ്കുഡെയെപ്പോലെയോ ബാഗായെപ്പോലെയോ പാലോലം പോലെയോ ഒന്നുമുള്ള ഹാപ്പെനിങ് ബീച്ചുകളില്ല. ബാക്ക് വാട്ടർ ടൂറിസം എന്നൊക്കെ പറയുമെങ്കിലും കൊതുകുകടി കൂടാതെ താമസിക്കാൻ പറ്റിയ അഫോർഡബിളായ ഒറ്റ കായൽത്തീര റിസോർട്ടുകളോ കെട്ടുവള്ളങ്ങളോ ഇല്ല.

പാട്ടിനും നൃത്തത്തിനും നമ്മുടെ ജീവിതത്തിൽ പറയത്തക്ക സ്ഥാനമില്ല. ഗുജറാത്തിലെ നവരാത്രിയാഘോഷം പോലെയോ മഹാരാഷ്ട്രയിലെ അഷ്ടമിരോഹിണി/രക്ഷാബന്ധൻ പോലെയോ സമൂഹമൊന്നടങ്കം ആഹ്ലാദിച്ച് ആറാടുന്ന ഉത്സവങ്ങളില്ല.

ആളുകൾ മതജാതിവ്യത്യാസം കൂടാതെ ആഘോഷിച്ചു തുടങ്ങിയ ഓണം പോലും വാമനജയന്തി എന്നു പറഞ്ഞ് വിഭാഗീയവത്കരിച്ചും, ഓണത്തിന് നോൺവെജ് കഴിക്കുന്നവരെ ദുഷിച്ചും നമ്മൾ അതിന്റെ വിമോചനമൂല്യത്തെ പോലും ചുരുക്കിക്കളഞ്ഞു.

കവ്വായി കായൽ. Photo: www.keralatourism.org
കവ്വായി കായൽ. Photo: www.keralatourism.org

Appreciating art, appreciating nicer things in life, appreciating science and history, ഇതൊക്കെ acquired taste ആണ്. അതിനു തക്ക സാഹചര്യം ഉണ്ടാവണം. അത് എടയ്ക്കൽ ഗുഹ കാണാൻ വച്ചുപിടിക്കുന്നവരുടെ മാത്രം ഉത്തരവാദിത്തമല്ല. അതുണ്ടാക്കിക്കൊടുക്കേണ്ട പണി ഭരണകൂടത്തിനുണ്ട്. വിദ്യാഭ്യാസത്തിനുണ്ട്.

സിനിമാക്കൊട്ടകയിലേക്കു വരാം. ഞാൻ FDFS -ന്റെയാളല്ല. അന്നത്തെ കൂക്കിവിളിയും ബഹളവും ഇഷ്ടമല്ല. പോവുകയാണെങ്കിൽ സിനിമ ഓടിത്തുടങ്ങി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു പോകുന്നതാണിഷ്ടം. അപ്പോഴേക്കും ബഹളക്കാർ പൊഴിയും. ഇന്നിപ്പോൾ എത്ര പടം അത്രയും ഓടാറുണ്ട്? അതുകൊണ്ട് OTT റിലീസ് വഴി തൃപ്തിപ്പെടും.

സ്ഥിരമായി തീയേറ്ററിൽ പോയി സിനിമാ കാണാറില്ല. സിനിമ ഇഷ്ടമല്ലാത്തതിനാലല്ല. സിനിമ ഇഷ്ടപ്പെടുന്നവരാണ് കുടുംബത്തിലെല്ലാവരും എന്നതിനാൽ തന്നെ ഒറ്റയ്ക്കു പോയി സിനിമാ കാണുന്നതിൽ ഒരു വിഷമമുണ്ട്. എല്ലാവരും ചേർന്ന് എല്ലാ ആഴ്ചയും സിനിമയ്ക്കു പോയാൽ ബുക്ക് മൈ ഷോ വഴി ടിക്കറ്റെടുക്കുന്നതിന്റെ കഴുത്തറുപ്പ്, സിനിമാക്കൊട്ടകയിലെ റിഫ്രഷ്‍മെന്റ്, സിനിമയ്ക്കു ശേഷമുള്ള ഭക്ഷണം കഴിപ്പ്, ഇതൊക്കെച്ചേർന്ന് നല്ലൊരു തുക മാറും. അത് താങ്കമുടിയാത് തമ്പി. ടിക്കറ്റ് വിതരണത്തിന് സർക്കാർ ഒരു ആപ്പ് ഇറക്കുന്ന കാര്യം കഴിഞ്ഞ മന്ത്രിസഭയുടെ അവസാന കാലത്ത് പറഞ്ഞുകേട്ടിരുന്നു. അത് എതിലേ പോയോ ആവോ...

ഏതായാലും അങ്ങനെ ആറ്റുനോറ്റ് വല്ലപ്പോഴുമാണ് തീയേറ്ററിൽ പോക്ക്. അങ്ങനെ പോകുമ്പോൾ മറ്റു ശല്യങ്ങളില്ലാതെ സിനിമ കാണണം എന്നാഗ്രഹിച്ചാണ് പോകാറ്. അതിനുള്ള പ്രീമിയം ആണ് കൊടുക്കുന്നത്. തീയേറ്ററിനകത്ത് അപ്പോൾ പീക്കിരിപ്പിള്ളേര് കരയുന്നത് ഒരു പ്രശ്നം തന്നെയാണ്.

ഒന്നുകിൽ അവർക്ക് കൂടി കയറാനാവുന്ന, ആസ്വദിക്കാനാവുന്ന പ്രായത്തിൽ കുടുംബമടക്കം തീയേറ്ററിൽ പോണം. അല്ലെങ്കിൽ ടെലിവിഷനിൽ കണ്ട് തൃപ്തിയടയണം. അതുമല്ലെങ്കിൽ കുട്ടികൾ കരഞ്ഞാൽ അപ്പോൾ തന്നെ അവരെയും എടുത്തു പുറത്തേക്കു പോണം. അതല്ലാതെ അവരുടെ കരച്ചിൽ കേൾക്കാൻ ടിക്കറ്റെടുത്തു കയറിയ എല്ലാവരും ബാധ്യസ്ഥരാണ് എന്നൊക്കെ പറഞ്ഞാൽ എന്തു പറയാനാണ്?

റോഡ് റേജ് പോലെ ഒന്നാണ് തീയേറ്ററിലെ വഴക്കുകൾ. അതിനിടയാക്കുന്ന കാര്യമാണ്, പിള്ളേരുടെ കരച്ചിലും അനാവശ്യ കമന്റുകളും. അതൊഴിവാക്കാൻ ആ പിള്ളേരേം കൊണ്ട് തീയേറ്ററിലേക്കു വരാതിരിക്കുകയോ പിള്ളേര് കരഞ്ഞാൽ അവരേയും കൊണ്ട് പുറത്തേക്കു പോവുകയോ എന്തെങ്കിലും ചെയ്യുന്നതല്ലേ ഔചിത്യം?


Summary: ആളുകൾ അവധിയുള്ളപ്പോഴും അവധിയെടുത്തും യാത്രകൾ പോകുന്നു. അവരുടെ പിരിമുറുക്കത്തെ അയച്ചുവിടാൻ മാർഗ്ഗം തേടുന്നു. ഇത്തരം സഞ്ചാരങ്ങൾക്ക് പറ്റിയ ഇടങ്ങളാണോ നമ്മുടെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും? അല്ല. അങ്ങനെയെങ്കിൽ അവയെ അങ്ങനെ മാർക്കറ്റ് ചെയ്യാതെയിരിക്കണം. അടിച്ചുപൊളിക്കാനായി യാത്രകൾ പോകുന്നവർ അതിനു പറ്റുന്നയിടങ്ങളിലേക്ക് അതിനു തക്കവണ്ണം പോവുക. ബോറായി തുടങ്ങിയാൽ അപ്പോൾ മാറ്റിപ്പിടിക്കുക. അതിനിടയിൽ മറ്റുള്ളവർക്ക് ഏറ്റവും കുറച്ചുമാത്രം അലോസരമുണ്ടാക്കുക. അതിനു പറ്റുന്നയിടം ഉണ്ടാവണം. അതെവിടെയാണ് എന്നറിയണം. അതാണ് ടൂറിസം വകുപ്പ് ചെയ്യേണ്ട കാര്യം.


Comments