‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ ലൊക്കേഷനായ തമിഴ്നാട്ടിലെ മഞ്ചനായിക്കെൻപട്ടി ഗ്രാമം. Photo credit / നന്ദ ബി. എസ്.

മമ്മൂട്ടിയെ
സുന്ദരമാക്കി ഉണർത്തിയ
ഗ്രാമത്തിലേക്ക്…

ലിജോ ജോസ്​ പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ലൊക്കേഷനായ തമിഴ്നാട്ടിലെ ‘മഞ്ചനായിക്കെൻപട്ടി’ ഗ്രാമത്തിലേക്ക്, കഥാപാത്രങ്ങളെ തേടി നയൻ സുബ്രഹ്മണ്യവും ഫോട്ടോഗ്രാഫർ നന്ദ ബി. എസും ചേർന്ന് നടത്തിയ യാത്ര.

രുച്ചമയക്കത്തിൽ, കാൽ വഴുതി സ്വപ്നങ്ങളിലേക്ക് വീണ ജെയിംസ്, കണ്ണ് തുറന്നത് പാൽക്കാരൻ സുന്ദരമായിട്ടാണ്. നാടകനടനായ ജെയിംസ്, സുന്ദരമായി ആടിയത് കണ്ടാസ്വദിച്ചവരാണ്  നമ്മൾ. പക്ഷെ സിനിമ നമുക്കുമുന്നിൽ അവശേഷിപ്പിച്ചു പോകുന്ന, ചിന്തകളുടെ മറവുപറ്റിയ ഒരുപിടി ചോദ്യങ്ങളുണ്ട്.

സുന്ദരത്തിന് ഒരിക്കൽ കൂടി താനായി ജീവിക്കണമെന്ന് തോന്നിക്കാണുമോ? അതിനായി സുന്ദരം കണ്ടെത്തിയ മാർഗമായിരുന്നുവൊ ജെയിംസ്? 

ഉത്തരങ്ങൾക്കായി ഞങ്ങൾ ചെന്നെത്തിയത് പളനിക്കടുത്തുള്ള ‘മഞ്ചനായിക്കെൻപട്ടി’യിലാണ്. ഇവിടമാണ്, 2023- ൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ ‘നൻപകൽ നേരത്ത് മയക്ക’ത്തിൻ്റെ കഥാഭൂമിക. പച്ചയും നീലയും കലർന്ന ഭിത്തികളും ചെറുതുരുത്തുകൾ പോലുള്ള കുടികളും പീടികകളും ആടും മാടും കോഴിയും കരിമ്പനകളും മനുഷ്യരും ഇഴകിയ ആവാസവ്യൂഹമായ ഗ്രാമം, ഞങ്ങൾക്കുമുന്നിൽ ഉറക്കച്ചടവോടെ നിന്നു.  മമ്മൂട്ടിയെന്ന നടന്റെ ആറ്റങ്ങൾ പോലും  അഭിനയിച്ചു തുടിച്ച ഒരു സിനിമ പിറന്ന ഇടത്താണുള്ളത് എന്ന തിരിച്ചറിവ് എന്നെ കോരിത്തരിപ്പിച്ചു.

പളനിയിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള മഞ്ചനായിക്കെൻപട്ടിയിലേക്ക് പോകാൻ അവിചാരിതമായാണ് തീരുമാനിക്കുന്നത്. ഊര്  കവലയിൽ ഗൂഗിൾ മാപ്പ് ഞങ്ങളെ കൊണ്ടെത്തിക്കുമ്പോൾ വളരെ പരിചയം തോന്നിയെങ്കിലും, ഇതുതന്നെയാണ് തേടി വന്നിടമെന്ന് ഉറപ്പിക്കാൻ പ്രേരിപ്പിച്ചത്, കവലയുടെ ഒരുവശത്തുള്ള വിശ്രമ മണ്ഡപമാണ്. സുന്ദരമായി പരിണമിച്ച ജെയിംസ്, ഊരുവാസികളോട് തന്റെ സാഹസികകഥകൾ പറയുന്ന രംഗം ഇവിടെയാണ് സംഭവിച്ചത്. 

സുന്ദരത്തിൻ്റെ വീട് അന്വേഷിച്ചിറങ്ങലായിരുന്നു അടുത്ത അജണ്ട. ജെയിംസിനെയും സുന്ദരത്തിനെയും പോലെ ഒരു കഥാപാത്രമായി നിന്ന് സിനിമയെ താങ്ങിയ വീട് കാണാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു. അതിനായി കവലയിൽ കൂടിയവരോട് ചോദിച്ചു: ‘‘അണ്ണാ ഇങ്ക മമ്മൂട്ടി പടം ഷൂട്ട് പണ്ണ വീടെങ്കെ?’’.

മഞ്ചനായിക്കെൻപെട്ടിയിലെ ഒരു തെരുവ്                             Photo credit / നന്ദ ബി. എസ്.
മഞ്ചനായിക്കെൻപെട്ടിയിലെ ഒരു തെരുവ് Photo credit / നന്ദ ബി. എസ്.

ഭൂഗോളത്തിന്റെ ഏത് വാസ്തുകോണിലും മലയാള സാന്നിധ്യമുണ്ടാകുമെന്ന വിശ്വാസത്തെ ഊന്നിക്കൊണ്ട്, അവിടെയും ലുങ്കിയുടുത്ത് കുറിയടിച്ച് അവരിലൊരാളായി നിന്ന  പാലക്കാട്ടുകാരൻ ഞങ്ങൾക്ക് തുണയായി.  അയാൾ കാണിച്ചുതന്ന ഇടവഴിയിലൂടെ നടക്കാനാരംഭിച്ചു.  മുന്നേറുമ്പോൾ ഒരു പെരിയവർ അടുത്തേക്ക് വന്നു. ഷൂട്ടിംഗ് നടന്ന വീട്ടിലേക്കുള്ള വഴി അന്വേഷിച്ചപ്പോൾ, പഴങ്കഥകളുടെ കെട്ടഴിക്കുന്ന ഏതൊരു അപ്പാപ്പനെയും പോലെ പെരിയവർ ഓർമകളുടെ സീൽ പൊട്ടിച്ചു.

ഷൂട്ടിംഗ് ആരംഭിച്ചു. ഒരു ദിവസം വെറുതെ സ്റ്റൈലിൽ ബീഡി വലിച്ച് നിൽക്കുകയായിരുന്നു. അപ്പോഴാണ് തമിഴ് ഡയലോഗുകളിൽ കഴുത്ത് കുരുങ്ങിനിന്ന സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെയും  ഛായാഗ്രാഹകൻ തേനി ഈശ്വറുടെയും കണ്ണിൽ, ഇദ്ദേഹം പെടുന്നത്. അങ്ങനെ പല സംഭാഷണങ്ങളുടെയും തമിഴ് ചാരുതയ്ക്കുപിന്നിൽ തൻ്റെ സംഭാവനകളുണ്ടെന്നത്, പെരിയവരെ ഇന്നും കോരിത്തരിപ്പിക്കുന്നു. ഒരിക്കൽ, താൻ ബീഡി വലിച്ച് നിൽക്കുമ്പോഴാണ് ലിജോ തൻ്റെയടുക്കൽ നിന്ന് ബീഡി കടം ചോദിക്കുന്നത്. ഇത് താങ്കൾക്ക് ഇഷ്ടപ്പെടില്ലായെന്ന് പെരിയവർ പറഞ്ഞിട്ടും, ലിജോ മടികൂടാതെ ബീഡി വാങ്ങി വലിച്ചത്രെ. വളരെ പെരുമയോടെ, പെരിയവർ അതിപ്പോഴും ഓർക്കുന്നു. അദ്ദേഹം കണ്ണ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നിട്ടും ഞങ്ങളെ നയിച്ച്, ഷൂട്ടിംഗ് നടന്ന വീട്ട് പക്കം എത്തിച്ചു.  

ജെയിംസ് സുന്ദരമായി കിടന്നുറങ്ങുന്ന തിണ്ണയും അകത്തളവുമെല്ലാം പ്രതീക്ഷിച്ച ഞങ്ങൾക്കുമുന്നിൽ, ഇടിഞ്ഞ് പൊളിഞ്ഞ വീടിന്റെ അസ്ഥിവാരമാണ് നിന്നത്. ഏതോ മഴയത്ത് നനഞ്ഞ ചുവരുകൾ, പരാജയം പ്രഖ്യാപിച്ച് കൂപ്പുകുത്തിയിരിക്കുന്നു.  നടികർ കഥാപാത്രത്തെ ആവാഹിച്ച് നടിച്ചു ഫലിപ്പിക്കുന്നു. ചില നടികർ ആവശ്യം കഴിഞ്ഞും കഥാപാത്രത്തിൽ നിന്നിറങ്ങാൻ സാധിക്കാതെ വെമ്പുന്ന കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. ഈ വീടും, ഇറങ്ങാൻ സാധിക്കാതെ സ്വത്വം നഷ്ടപ്പെട്ടുപോയ കലാബിംബമായി അവശേഷിക്കുന്നു. ഇനി തിരിച്ചു വരില്ലെന്ന് ഉറപ്പുണ്ടെങ്കിലും അത് സുന്ദരത്തിനായി കാത്തിരിക്കുന്നു.  

സിനിമയിൽ ജെയിംസിന്റെ ഭാര്യ കാത്തിരിക്കുന്ന ഇടം.            Photo credit / നന്ദ ബി. എസ്.
സിനിമയിൽ ജെയിംസിന്റെ ഭാര്യ കാത്തിരിക്കുന്ന ഇടം. Photo credit / നന്ദ ബി. എസ്.

പെരിയവരുടെ പേര് ചോദിക്കാൻ മറന്നെങ്കിലും അദ്ദേഹം സലാം വെച്ച് ഞങ്ങളെ യാത്രയാക്കി. തിരിച്ച് പളനിയിലേക്ക് പോകുമ്പോൾ എന്റെയുള്ളിൽ തികട്ടിവന്നത് മുമ്പെവിടെയൊ  വായിച്ച വാക്കുകളാണ്: ‘മരിച്ചവർക്കുവേണ്ടത് പുനർജന്മമല്ല, പകരം റേഷനായിട്ടെങ്കിലും കുറച്ച് അശരീരികളാണ്’.
സുന്ദരം ജെയിംസിലൂടെ സാധിച്ചതും അതുതന്നെയല്ലേ. അയാൾ, ഒരിക്കൽ കൂടി തന്റെ ദിനചര്യകളിലൂടെ വളരെ സ്വാഭാവികമായി നാട്ടിലും വീട്ടിലും സ്വന്തം മനുഷ്യർക്കുമിടയിൽ ഇഴുകിചേരണമെന്ന് ഉള്ളിന്റെയുള്ളിൽ കൊതിച്ചു കാണണം. അതിനയാൾക്ക് ‘റേഷനായി’ കിട്ടിയത് നാടകനടൻ ജെയിംസിനെയാണ്. അതും ഒരു ദിവസത്തേക്ക്.

തിരിച്ചുള്ള യാത്രയിൽ നൻപകൽ നേരത്ത് ഞാനുമൊന്ന് മയങ്ങി. ഉണരുമ്പോൾ മറ്റാരെങ്കിലുമാകുമെന്ന കൊതിയോടെ…

മഞ്ചനായിക്കെൻപട്ടി ഗ്രാമത്തിലെ പെരിയവർ. സിനിമയിലെ പല സംഭാഷണങ്ങളുടെയും തമിഴ് ചാരുതയ്ക്കുപിന്നിൽ തൻ്റെ സംഭാവനകളുണ്ടെന്നത്, പെരിയവരെ ഇന്നും കോരിത്തരിപ്പിക്കുന്നു.  Photo credit / നന്ദ ബി. എസ്.
മഞ്ചനായിക്കെൻപട്ടി ഗ്രാമത്തിലെ പെരിയവർ. സിനിമയിലെ പല സംഭാഷണങ്ങളുടെയും തമിഴ് ചാരുതയ്ക്കുപിന്നിൽ തൻ്റെ സംഭാവനകളുണ്ടെന്നത്, പെരിയവരെ ഇന്നും കോരിത്തരിപ്പിക്കുന്നു. Photo credit / നന്ദ ബി. എസ്.
സിനിമയിലെ കഥാപാത്രമായ സുന്ദരത്തിന്റെ വീട് (ഇപ്പോൾ തകർന്നു). Photo credit / നന്ദ ബി. എസ്.
സിനിമയിലെ കഥാപാത്രമായ സുന്ദരത്തിന്റെ വീട് (ഇപ്പോൾ തകർന്നു). Photo credit / നന്ദ ബി. എസ്.
നയൻ സുബ്രഹ്മണ്യം മഞ്ചനായിക്കെൻപട്ടി ഗ്രാമത്തിലെ വീട്ടിൽ.  Photo credit / നന്ദ ബി. എസ്.
നയൻ സുബ്രഹ്മണ്യം മഞ്ചനായിക്കെൻപട്ടി ഗ്രാമത്തിലെ വീട്ടിൽ. Photo credit / നന്ദ ബി. എസ്.

Comments