ലേയിൽനിന്ന്​ ചണ്ഡീഗഢിലേക്കുള്ള ആർമിയുടെ ഗജരാജ് കാർഗോ ഫ്‌ളൈറ്റിൽ സഞ്ചരിക്കാൻ വേണുവിന്​ ലഭിച്ച ഒരു രൂപയുടെ പാസ്​

ലേ എന്ന ലൊക്കേഷനിൽനിന്ന്​ ജീവിതത്തിലേക്ക്​ ഒരു മടക്കം

കാർഗിൽ യുദ്ധം അവസാനിച്ച്​ ഒരു കൊല്ലത്തിനുശേഷം, യുദ്ധത്തിന്റെ പിൻപുറങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു സിനിമയുടെ ഷൂട്ടിങ്ങിന്​ കശ്​മീരിലെ ലേയിലെത്തുകയും കൊടും മഞ്ഞുവീഴ്​ചയെതുടർന്ന്​ അവിടെനിന്ന്​ തിരിച്ചുവരാനെടുത്ത സാഹസികയാത്രയും വിവരിക്കുകയാണ്​ ​പ്രമുഖ കാമറാമാൻ വേണു

വേണു

2020 ഒക്ടോബർ 30 ന് രാവിലെ ഇന്ത്യൻ പത്രങ്ങളിൽ വന്ന പ്രധാന ഒന്നാം പേജ് ചിത്രം, ലോകത്തിലെ ഉയരം കൂടിയ പർവത തുരങ്കങ്ങളിൽ വെച്ച് ഏറ്റവും നിണ്ട തുരങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം തുരങ്കമുഖത്ത് കനത്ത ചിന്താഭാരവുമായി ഏകനായി ഉലാത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടേതായിരുന്നു. ആദ്യം റോത്താങ് തുരങ്കം എന്നറിയപ്പെട്ട ഈ 9 കി.മീ തുരങ്കത്തിന്റെ പേരിപ്പോൾ അടൽ ടണൽ എന്നാണ്.

ശ്രീനഗറിൽ നിന്ന് തെക്ക് കിഴക്കായും മനാലിയിൽ നിന്ന്​ വടക്ക് കിഴക്കായിട്ടുമാണ് ലദ്ദാക്കിന്റെ ആസ്ഥാനമായ ലേ എന്ന പട്ടണം. ലദ്ദാക്ക് പ്രദേശത്തേക്ക് രണ്ട് വഴിയാണുള്ളത്. ഒന്ന് ശ്രീനഗറിൽ നിന്ന്​ സോൻമർഗ്, ദ്രാസ്, കാർഗിൽ വഴി. പാകിസ്ഥാൻ അതിർത്തിയുടെ അരിക് പറ്റിപ്പോകുന്ന വഴിയാണത്. ചന്ദീഗഢിൽ നിന്ന്​ ഹിമാചൽ പ്രദേശിലെ പഠാൻ കോട്ട്, മനാലി വഴി, റോത്താങ് പാസ് കയറിപ്പോകുന്നതാണ് രണ്ടാമത്തെ വഴി. കുറേക്കാലമായി രണ്ടാമത്തെ വഴിയാണ് സുരക്ഷാ കാരണങ്ങളാൽ സൈന്യവും വിനോദ സഞ്ചാരികളും കൂടുതൽ ഉപയോഗിക്കുന്നത്. അല്ലെങ്കിൽ വിമാനമാണ് ഏക മാർഗം. രണ്ട് വഴികളും വർഷത്തിൽ കുറഞ്ഞത് അഞ്ച് മാസം മഞ്ഞുവീഴ്ച കാരണം സഞ്ചാര യോഗ്യമല്ല. റോത്താങ് പാസിൽ അക്കാലത്ത് അറുപത് കിലോമീറ്റർ വഴി അഞ്ചുമാസം അടച്ചിടും. ആ സമയത്ത് വിമാനമാർഗമല്ലാതെ ലദ്ദാക്കിന് പുറം നാടുമായി ബന്ധം ഇല്ല. അടൽ ടണൽ വന്നതിനുശേഷം ഇനി അതിന്റെ ആവശ്യമില്ല. മണാലിയിൽ നിന്ന് ലദ്ദാക്കിലേക്ക് വണ്ടിയോടിക്കാൻ ഇനി മഞ്ഞുവീഴ്​ച ഒരു തടസ്സമല്ല. ഇതു കൊണ്ട് ഏറ്റവും പ്രയോജനം കിട്ടുന്നത് സൈന്യത്തിനാണെങ്കിലും ടൂറിസം പോലുള്ള മേഖലകളും വലുതായി വളരും എന്നും കരുതപ്പെടുന്നു - പ്രത്യേകിച്ച് ശൈത്യകാലത്ത്.

ആദ്യം റോത്താങ് തുരങ്കം എന്നറിയപ്പെട്ട ഈ 9 കി.മീ തുരങ്കത്തിന്റെ പേരിപ്പോൾ അടൽ ടണൽ എന്നാണ്

അടൽ ടണൽ തുറക്കുന്നതിന് ഇരുപത് വർഷം മുമ്പ്, പുതിയ നൂറ്റാണ്ടിന്റെ ആദ്യമാണ് ഞാൻ അവസാനം ലദ്ദാക്കിൽ പോയത്. പല തവണ പോകാൻ നമുക്ക് വീണ്ടും വീണ്ടും അവസരം തരുന്ന ചില വിദൂര സ്ഥലങ്ങളുണ്ട്. അങ്ങനെയൊരു സ്ഥലമായിരുന്നു എനിക്ക് ലദ്ദാക്ക്. അഞ്ചാറു തവണ പോയിട്ടുണ്ട്. എന്നാൽ എല്ലാ തവണയും വിമാനത്തിലാണ് പോയിട്ടുള്ളത്. അതും തണുപ്പ് എറ്റവും കുറഞ്ഞ മേയ്- ജൂൺ മാസങ്ങളിൽ. ഒടുവിൽ പോയതും പതിവുപോലെ വിമാനത്തിലായിരുന്നു. എന്നാൽ അത് വേനൽക്കാലത്തായിരുന്നില്ല, ലദ്ദാക്കിൽ ഏറ്റവും തണുപ്പുള്ള ജനുവരിയിലായിരുന്നു. ഞങ്ങൾ അഞ്ച് പേരുടെ ഒരു സംഘം. കാർഗിൽ യുദ്ധം അവസാനിച്ചിട്ട് ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു. യുദ്ധത്തിന്റെ പിൻപുറങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു സിനിമ ഷൂട്ട് ചെയ്യാൻ സ്ഥലമന്വേഷിച്ചുള്ള ആദ്യ യാത്രയായിരുന്നു അത്. മഞ്ഞുകാലത്ത് നടക്കുന്ന കഥയാണ്. കഥയിൽ മഞ്ഞ് ഒരു കഥാപാത്രം പോലെയാണ്. സിനിമയുടെ പേരുപോലും മഞ്ഞുകട്ട എന്നർത്ഥം വരുന്ന ബർഫ് എന്നാണ്. അതാണ് ഈ കൊടും തണുപ്പുകാലത്തുതന്നെ ഇങ്ങോട്ട് വരാൻ കാരണം.
സംവിധായകന്റെ ആദ്യ സിനിമയാണ്. അന്നും വിശാൽ ഭരദ്വാജ് എന്ന പേര് സിനിമാസംഗീത ലോകത്ത് പ്രസിദ്ധമാണ്. സംവിധായകൻ വിശാലിനെക്കൂടാതെ വിക്രം മോട്വാനെ എന്നൊരു സഹസംവിധായകനും വാസിക് ഖാൻ എന്ന കലാസംവിധായകനും സഞ്ജയ് റൗത്ത്‌റായി എന്നൊരു മാനേജരും ക്യാമറാമാനായ ഞാനും ചേർന്നതാണ് ടീം. ബോംബേയിലെ അറിയപ്പെടുന്ന ഒരു കമ്പനിയാണ് നിർമാതാക്കൾ.

അകത്തെത്തിയതോടെ, തണുപ്പിൽ നിന്ന് രക്ഷ​പ്പെട്ടെങ്കിലും ഓക്‌സിജൻ കിട്ടാതെ കിതച്ച് എന്റെ ശ്വാസം നിന്നുപോയി. പരമാവധി ശക്തിയിൽ ശ്വാസമെടുക്കാൻ നോക്കിയിട്ടും ഫലമില്ല. കണ്ണിലെ ഇരുട്ടിലൂടെ പൊന്നീച്ച പറക്കാൻ തുടങ്ങി. നെഞ്ചിൽ തീ പിടിച്ചതു പോലെ.

രാവിലെ പതിനൊന്നു മണിക്ക് ലേ എയർ പോർട്ടിൽ വിമാനമിറങ്ങുമ്പോൾ യാത്രക്കാരായി ആകെ പത്ത് പന്ത്രണ്ടാളുകൾ മാത്രം. അപ്പോഴത്തെ പുറത്തെ താപനില വിമാനത്തിൽ പറഞ്ഞത്, മൈനസ് 12°C എന്നായിരുന്നു. മൈനസ് എന്ന് പറഞ്ഞത് ആദ്യം ഞാൻ ശ്രദ്ധിച്ചില്ല. പക്ഷേ, അത് തന്നെ വീണ്ടും കേട്ടപ്പോൾ ശരിക്കൊന്നു വിറച്ചു. ഞാനിതു വരെ പൂജ്യത്തിനു താഴെയുള്ള തണുപ്പറിഞ്ഞിട്ടില്ല. കമ്പിളി കുറേ എടുത്തിട്ടുണ്ടെങ്കിലും എല്ലാം ലഗേജിലാണ്. തൽക്കാലം കൈയിലുള്ളത് ഒരു സാധാരണ സ്വെറ്ററും ജാക്കറ്റും മാത്രം. അതൊന്നും ഇത്തരം തണുപ്പിനൊരു പരിഹാരമേയല്ല. വിമാനത്തിൽ നിന്നിറങ്ങി ഈ തണുപ്പത്ത് കൂടി ഏകദേശം അറുപത് മീറ്റർ നടന്നാലേ അറൈവൽ ഹാളിലെത്താനാകൂ.
ലദ്ദാക്കിലെ മറ്റൊരു പ്രശ്‌നം അന്തരീക്ഷത്തിലെ ഓക്‌സിജന്റെ കുറവാണ്. ആദ്യമൊക്കെ രണ്ട് ചുവട് വെച്ചാൽ പോലും കിതക്കും. റോഡ് മാർഗം ക്രമേണ കയറി വരുന്നവരേക്കാൾ, വിമാനത്തിൽ പെട്ടെന്ന് ഇവിടെ വന്നിറങ്ങുന്നവർക്ക് ഇത് കൂടുതൽ രൂക്ഷമായി അനുഭവപ്പെടും. ശ്വാസം നേരെയായിക്കിട്ടാൻ കുറഞ്ഞത് രണ്ടു മൂന്ന് ദിവസമെടുക്കും. തണുപ്പിനെ പേടിച്ച് ഞാൻ വിമാനത്തിൽ നിന്നിറങ്ങി കൂടുതൽ ആലോചിക്കാതെ ടെർമിനലിന്റെ അകത്തേക്ക് ഓടിക്കയറി. അകത്തെത്തിയതോടെ, തണുപ്പിൽ നിന്ന് രക്ഷ​പ്പെട്ടെങ്കിലും ഓക്‌സിജൻ കിട്ടാതെ കിതച്ച് എന്റെ ശ്വാസം നിന്നുപോയി. പരമാവധി ശക്തിയിൽ ശ്വാസമെടുക്കാൻ നോക്കിയിട്ടും ഫലമില്ല. കണ്ണിലെ ഇരുട്ടിലൂടെ പൊന്നീച്ച പറക്കാൻ തുടങ്ങി. നെഞ്ചിൽ തീ പിടിച്ചതു പോലെ. ഞാനിത് മുമ്പൊരിക്കൽ അനുഭവിച്ചിട്ടുള്ളതാണെങ്കിലും ഇത്ര രൂക്ഷമായി ആദ്യമാണ്. കാലുകൾ തളർന്ന് തുടങ്ങി. എങ്ങനെയോ തപ്പിപ്പിടിച്ച് എവിടെയോ ഇരുന്ന് ശ്വാസത്തിനായി വീണ്ടും വീണ്ടും നീട്ടി വലിക്കാൻ ശ്രമിച്ചു. ഒടുവിൽ എങ്ങനെയോ കുറേശ്ശെ ശ്വാസം തിരിച്ച് കിട്ടിത്തുടങ്ങി. നെഞ്ചിന്റെ ഭാരം കുറഞ്ഞു വന്നു. പരിസരങ്ങൾ പതുക്കെ തെളിഞ്ഞ് വരാൻ തുടങ്ങി. ഞാൻ ആവേശത്തിൽ ചെയ്ത ഈ സാഹസം ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമാകാം എന്നെനിക്ക് അറിയാവുന്ന കാര്യമാണ്. എന്നിട്ടും ഞാനാ അബദ്ധം കാണിച്ചത് -12° C എന്ന താപനിലയുണ്ടാക്കിയ ഞെട്ടലിൽ എന്റെ സാമാന്യ ബുദ്ധി പകച്ചുപോയതിനാലാണ്. ഭാരം കുറഞ്ഞ അന്തരീക്ഷത്തിൽ മനുഷ്യമസ്തിഷ്‌കം ചിലപ്പോൾ യുക്തിരഹിതമായി പെരുമാറുമെന്ന് ചില പർവതാരോഹകരും മറ്റും എഴുതി കണ്ടിട്ടുണ്ട്.

ലേ എയർ പോർട്ടിൽ ഞങ്ങളെ സ്വീകരിച്ചത് ഇന്ത്യൻ ആർമിയുടെ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥരാണ്. ലേ യിൽ സൈന്യത്തിന്റെ അതിഥികളായിരുന്നു ഞങ്ങൾ. ഉയർന്ന ഉദ്യോഗസ്ഥർക്കുള്ള ആൽഫാ മെസിൽ ഒന്നാം ക്ലാസ് താമസം, ഭക്ഷണം, മദ്യം, യാത്രാസംവിധാനം, സംരക്ഷണം - എല്ലാം ആർമിയാണ് തരുന്നത്. ഇന്നലെ രാത്രി പുറത്തെ തണുപ്പ് - 22° C ആയിരുന്നു എന്ന് ഞങ്ങളെ സ്വീകരിക്കാൻ വന്ന മേജർ റാങ്കുള്ള പി. ആർ. ഓഫിസർ പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ പിന്നാലെ പോയി ഒരു മിലിട്ടറി വണ്ടിയിൽ കയറിയിരുന്നു. അധികം വൈകാതെ ആൽഫാ മെസിലെ അതിഥി മുറികളിൽ അവർ ഞങ്ങളെ ഭദ്രമായി എത്തിച്ചു. തണുപ്പ് അസഹനീയമായി തുടർന്നു. ആർക്കും വിശപ്പോ ഉത്സാഹമോ ഇല്ല. എനിക്ക് ചെറിയ തലവേദനയും തോന്നി. ലഘു ഭക്ഷണം മാത്രം കഴിച്ച് വൈകീട്ടുവരെ അനങ്ങാതെ കിടക്കാനാണ് ഞങ്ങൾക്ക് കിട്ടിയ വിദഗ്‌ദോപദേശം. വൈകീട്ട് എട്ടിന്​ തണുപ്പ് മൈനസ് പതിനെട്ടായി താണു. ഇത്തരം തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങൾ ഞങ്ങൾക്കില്ല. ബുഖാരി എന്ന് പേരുള്ള മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ഒരുതരം ഹീറ്ററാണ് എല്ലാ മുറിയിലും. മണ്ണെണ്ണയുടെ പുക മണം കൊണ്ടുള്ള ബുദ്ധിമുട്ട് മാറ്റി നിർത്തിയാൽ, അത് വളരെ ലളിതവും ഫലപ്രദവുമായ സംവിധാനമാണ്. അതുകൊണ്ടുതന്നെ മുറിക്ക് പുറത്തിറങ്ങാതെ, ബുഖാരിയുടെ സുഖമുള്ള ചൂടു കാഞ്ഞ് ഞങ്ങളെല്ലാവരും പുതച്ചുമൂടിക്കിടന്നു.

തണുപ്പിനെ പേടിച്ച് ഞാൻ വിമാനത്തിൽ നിന്നിറങ്ങി കൂടുതൽ ആലോചിക്കാതെ ടെർമിനലിന്റെ അകത്തേക്ക് ഓടിക്കയറി. അകത്തെത്തിയതോടെ, തണുപ്പിൽ നിന്ന് രക്ഷ​പ്പെട്ടെങ്കിലും ഓക്‌സിജൻ കിട്ടാതെ കിതച്ച് എന്റെ ശ്വാസം നിന്നുപോയി. / Photo : Wikimedia Commons

രണ്ടു ദിവസത്തെ നിർബന്ധിത വിശ്രമത്തിനുശേഷം വന്ന കാര്യത്തിലേക്ക് ഞങ്ങൾ കടന്നു. സൈന്യത്തിന്റെ ഒരു ജീപ്പും ഡ്രൈവറും ഞങ്ങൾക്കായി റെഡിയാണ്. ഒരു സായുധ ജവാനും കൂടെയുണ്ടാകും. എങ്കിലും രണ്ടാമതൊരു വാഹനം കൂടി വേണ്ടിവരും. അതിന്​ വഴിപരിചയമുള്ള ഒരു നാട്ടുകാരന്റെ വാടക വണ്ടിയും ഏർപ്പാടാക്കി. തണുപ്പ് താങ്ങാവുന്നതിലും കഠിനമായിരുന്നു. എറ്റവും ദുരിതം അനുഭവിച്ചത് കാലുകളായിരുന്നു. ഷൂസിനേയും രണ്ടും മൂന്നും കമ്പിളി സോക്‌സുകളെയും നിസാരമായി ഭേദിച്ച് കടന്നുവരുന്ന കൊടും തണുപ്പിന്റെ കൂർത്തപല്ലുകൾ കാലുകളുടെ അസ്ഥികളിൽ ആഴ്ന്നിറങ്ങുമ്പോഴുണ്ടാകുന്ന വേദന അസഹനിയമാണ്. ലേയിലെ റോഡുകളെല്ലാം ഐസ് പിടിച്ച് കിടക്കുകയാണ്. അതിനുമേലെ വണ്ടിയോടിക്കാൻ പ്രത്യേക പരിചയം ആവശ്യമുണ്ട്. വലിയ ചങ്ങലക്കണ്ണികൾ കൊണ്ടുള്ള ആവരണം ടയറുകൾക്കുമേലേ അണിയിക്കണം. റോഡിലെ ഐസ് പൊട്ടിക്കാനാണിത്. അല്ലെങ്കിൽ ഐസിനുമേലെ പിടിത്തം കിട്ടാതെ വണ്ടി തെന്നി മാറും. ലോക്കൽ ഡ്രൈവർ തന്റെ സുമോ വാനിന്റെ വീലുകളിൽ ചങ്ങലമാല ഉറപ്പിച്ചാണ് വന്നിരിക്കുന്നത്. എന്നാൽ അത്തരം സന്നാഹമെന്നും പട്ടാള ജീപ്പിൽ കണ്ടില്ല. ഡ്രൈവർ കണ്ണുകളൊഴിച്ച് മറ്റെല്ലാം കനത്ത കമ്പിളിയിൽ പൊതിഞ്ഞാണ് നിൽക്കുന്നത്. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അയാൾ കൈയുയർത്തി അഭിവാദ്യം ചെയ്തു. ഞാനും അതുതന്നെ ചെയ്തു, എന്നിട്ട്​ പേര് ചോദിച്ചു.
രാമജയം, സർ - എന്ന് ഇളം ശബ്ദത്തിൽ അയാൾ പറഞ്ഞു.
എവിടെയാ നാട്?
ടമിൾ നാഡു, സർ.
അത് കൊള്ളമല്ലോ എന്ന് ഞാൻ വിചാരിച്ചു.
തമിഴ് നാട്ടിലെ എന്ന ഊര്? ഞാൻ തമിഴിൽ ചോദിച്ചു.
സേലം സർ, എന്ന് ഉടൻ മറുപടി പറഞ്ഞശേഷമാണ് താനിപ്പോൾ കേട്ട വാക്കുകളിലെ പരിചിത ഭാഷയുടെ പരിമളം രാമജയത്തെ പിടിച്ചുണർത്തിയത്. അതുണ്ടാക്കിയ അത്യാഹ്ലാദത്തിൽ സർ, സർ, സർ, എന്ന് പറഞ്ഞ് രാമജയം എന്നോട് നിർത്താതെ തമിഴിൽ സംസാരിക്കാൻ തുടങ്ങി.

രാമജയത്തിന് 19 വയസ് തികഞ്ഞിട്ടില്ല. ട്രെയിനിംഗ് കഴിഞ്ഞ് ആദ്യ പോസ്റ്റിംഗാണ്. ഇവിടെ വന്നിട്ട് പത്ത് ദിവസമേ ആയിട്ടുള്ളു. പരിചയക്കാർ ആരുമില്ല. തണുപ്പ് സഹിക്കാനാകുന്നില്ല. ചപ്പാത്തി ഇഷ്ടമല്ല. ഹിന്ദി അറിയില്ല.
ഡ്രൈവിംഗ് പരിശീലനം ഹൈദ്രബാദിലെ സാധാരണ വഴികളിലായിരുന്നു. ഇത്തരം കാലാവസ്ഥയിലും വഴികളിലും വണ്ടിയോടിച്ച് ഒരു പരിചയവുമില്ല. അതിന്​ ധൈര്യവും ഇല്ല. രാമജയത്തിന്റെ ജീപ്പിന്റെ ചക്രങ്ങളിൽ ചങ്ങല ഇല്ലാത്തതിന്റെ കാര്യം എനിക്കിപ്പോൾ മനസിലായി. ആദ്യമായിട്ടാണ് താനിതൊക്കെ കാണുന്നതെന്ന് രാമജയം സമ്മതിച്ചു.

ശ്രീനഗറിൽ നിന്ന് തെക്ക് കിഴക്കായും മനാലിയിൽ നിന്ന്​ വടക്ക് കിഴക്കായിട്ടുമാണ് ലദ്ദാക്കിന്റെ ആസ്ഥാനമായ ലേ എന്ന പട്ടണം.

നാട്ടുകാരൻ ഡ്രൈവറുടെ പേര് ലീമോ എന്നായിരുന്നു. വീൽചെയിൻ ഇല്ലാതെ ഇതുപോലത്തെ ഐസിൽ വണ്ടിയോടിക്കാൻ പറ്റില്ല എന്ന് ലീമോ പറഞ്ഞത് രാമജയത്തിന് മനസ്സിലായില്ല. ഞങ്ങൾക്ക് പോകേണ്ട സ്ഥലങ്ങൾ വിദൂരവും വഴികൾ ഭയപ്പെടുത്തുന്നതുമാണ്. രാമജയത്തിന്റെ കണ്ണുകളിൽ വളർന്നു വന്ന പരിഭ്രമം പെട്ടെന്ന് പരിവേദന പ്രവാഹമായി മാറി.
‘സർ സർ സർ’ എന്ന് നിർത്താതെ പറഞ്ഞ്​, എങ്ങനെയെങ്കിലും തന്നെ ഈ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിത്തരാൻ ഓഫിസറോട് പറയണമെന്ന് രാമജയം എന്നോട് വീണ്ടും വീണ്ടും അപേക്ഷിച്ചു കൊണ്ടിരുന്നു. എന്നാൽ അതിന് വളരെ മുൻപ് രാമജയത്തിന്റെ ജീപ്പിൽ കയറുന്ന പ്രശ്‌നമേയില്ല എന്ന് ഞാനുറപ്പിച്ചു കഴിഞ്ഞിരുന്നു.

ലീമോയെ വീണ്ടും സമീപിച്ചു, ഇതിവിടെ സാധാരണമാണെന്നും അതുകൊണ്ട് അപകടങ്ങൾ ധാരാളം ഉണ്ടാകാറുണ്ടെന്നും ലീമോ പറഞ്ഞു. രാമജയം വണ്ടിയോടിച്ചാൽ അപകടം ഉറപ്പാണെന്ന് എല്ലാവർക്കും ബോധ്യമായി. അതോടെ രാമജയത്തിനും ചെറിയ സമാധാനമായി. എന്നാൽ ഡ്യൂട്ടി മാറ്റമൊന്നും ഇനി സാധ്യമല്ല എന്ന് ഒരോഫീസർ പറഞ്ഞു. അതോടൊപ്പം അയാൾ തന്നെ പോംവഴിയും പറഞ്ഞു- മിലിട്ടറി ജീപ്പ് ഒരു ലോക്കൽ ഡ്രൈവറെ വെച്ച് ഓടിക്കാം. പക്ഷേ രാമജയം വണ്ടിയിലുണ്ടാവണം. ഔദ്യോഗികമായി പുറകിലിരുന്നാൽ മതി. രാമജയം വലിയ ആശ്വാസത്തോടെ, റൊമ്പ ടാങ്ക്സ് സർ, എന്ന് പറഞ്ഞു.

ഞങ്ങൾക്ക് സിനിമയിൽ ആവശ്യമുള്ളത് ഇതൊന്നുമായിരുന്നില്ല, മഞ്ഞു വീഴുന്ന ഇടങ്ങളായിരുന്നു. റോഡിലെ ഐസല്ല, ഒരു ഭൂപ്രദേശം മുഴുവൻ മൂടുന്ന വെളുത്ത കുഴമഞ്ഞ്, അഥവാ സ്‌നോ ആയിരുന്നു ഞങ്ങൾക്കാവശ്യം.

ലേ തലസ്ഥാനമായ ലദ്ദാക്ക് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌ക്കാരികവുമായ സവിശേഷതകൾ അനേകമാണ്. ഭാരം കുറഞ്ഞ അന്തരിക്ഷത്തിലെ തൊലി പൊള്ളിക്കുന്ന അൾട്രാവയലറ്റ് വെയിലിൽ മുഖത്തിന്റെ ഒരു വശം കരിയുമ്പോൾ മറുവശത്തെ നിഴലിൽ മൈനസ് പത്താണ് തണുപ്പ്. ഇവിടെയുള്ളവരുടെ മുഖത്ത് കാണുന്ന കരുവാളിപ്പ് തണുപ്പ് കൊണ്ടല്ല, വെയിൽ കൊണ്ടാണ് ഉണ്ടായിട്ടുള്ളത്.10,000 അടി ശരാശരി ഉയരമുള്ള മരങ്ങളില്ലാത്ത പർവത മരുഭൂമിയാണ് ലദ്ദാക്ക്. ടിബറ്റൻ പീഠഭൂമിയുടെ തെക്ക് പടിഞ്ഞാറേ ഭാഗം. ഇവിടുത്തെ അന്തരിക്ഷ വായുവിൽ ഈർപ്പം തീരെയില്ല. അതിനാൽത്തന്നെ മഴ അപൂർവം. മഞ്ഞുപെയ്​ത്തും ഇല്ല. മേഘങ്ങളില്ലാത്ത തെളിഞ്ഞ കടുംനീലാകാശവും അതിനുതാഴെ ഊഷ്മവർണങ്ങളുടെ അനന്തമായ വ്യതിയാനങ്ങളിൽ വിലസുന്ന തണുത്ത മണൽക്കുന്നുകളും, കാലങ്ങളായി വീശുന്ന കാറ്റിന്റെ നിലയ്ക്കാത്ത തലോടലിൽ രൂപപ്പെട്ട ശിലാ ശില്പങ്ങളും, അന്യഗ്രഹ ഛായയുള്ള വിചിത്രമായ പർവതങ്ങളുടെ തുടർച്ച പോലെ അവയുടെ നിറുകയിൽ വളർന്നുനിൽക്കുന്ന ബുദ്ധവിഹാരങ്ങളും നിറഞ്ഞതാണ് ലദ്ദാക്ക്​ എന്ന ഭൂപ്രദേശം.

അദൃശ്യമായ ബുദ്ധപാദങ്ങളിൽ വിശ്വാസികൾ കാഴ്ച വെക്കുന്ന ചെറിയ പാറക്കല്ലുകൾ വളർന്ന് വലുതായി ഉണ്ടായ കൽക്കൂനകളും, ബുദ്ധമത വിശ്വാസികളുടെ എറ്റവും പവിത്രവും പരമപ്രധാനവുമായ മന്ത്രം - ഓം മണി പദ്‌മേ ഹും - എന്ന അക്ഷരങ്ങൾ കൊത്തിവെച്ച മണിഫലകങ്ങളും, അതേ മന്ത്രം തന്നെ എഴുതിയ വിവിധ വർണങ്ങൾ കോർത്ത പ്രാർത്ഥനാപതാകകളും ലദ്ദാക്കി പ്രകൃതി ദൃശ്യത്തിന്റെ ഭാഗമാണ്.

എന്നാൽ ഞങ്ങൾക്ക് സിനിമയിൽ ആവശ്യമുള്ളത് ഇതൊന്നുമായിരുന്നില്ല, മഞ്ഞു വീഴുന്ന ഇടങ്ങളായിരുന്നു. റോഡിലെ ഐസല്ല, ഒരു ഭൂപ്രദേശം മുഴുവൻ മൂടുന്ന വെളുത്ത കുഴമഞ്ഞ്, അഥവാ സ്‌നോ ആയിരുന്നു ഞങ്ങൾക്കാവശ്യം. അതിന് തെക്കൻ ചെരുവുകളിലെ ഈർപ്പമുള്ള ഭാഗങ്ങളിൽ നോക്കണം. ഉച്ച കഴിഞ്ഞതോടെ താപനില വീണ്ടും താഴാൻ തുടങ്ങി. ഞങ്ങൾ തിരിച്ച് ആൽഫാ മെസിലേക്ക് പോകാൻ തീരുമാനിച്ചു. ജീപ്പിന്റെ ചക്രത്തിനെ പൊതിഞ്ഞ ഇരുമ്പ് ചങ്ങലകൾക്കടിയിൽ പൊട്ടിത്തകരുന്ന ഐസ് പാളികൾ അടുത്ത നിമിഷം വീണ്ടും കൂടിച്ചേർന്ന് ഉറയ്ക്കുന്നു. ജീപ്പിനുള്ളിൽ തണുത്തുവിറച്ച് ഞങ്ങൾ മിണ്ടാതെ ഇരുന്നു. എല്ലാവരും തളർന്നിരുന്നു. രക്തത്തിലെ ഓക്‌സിജന്റ കുറവ് നികത്താൻ ഞങ്ങളുടെ ശരീരങ്ങൾ ഇപ്പോഴും പ്രാപ്തരായിട്ടില്ല എന്നാണ് അതിന്റെ അർത്ഥം.

വിശാൽ ഭർദ്വാജ് കുനിഞ്ഞ് തന്റെ വലത്ത് പാദത്തിൽ കൈ അമർത്തി പിടിച്ച് എന്തോ ചെയ്യുന്നു. താമസസ്ഥലത്തെത്തിയപ്പോൾ വേദന കൊണ്ട് വണ്ടിയിൽ നിന്നിറങ്ങാനാവാതെ വിശാൽ വിഷമിച്ചു. മണ്ണെണ്ണ ബുഖാരിയുടെ പൊള്ളുന്ന ചൂടിനെതിരേ ഉയർത്തിവെച്ച വിശാലിന്റെ നീലനിറം വീണു തുടങ്ങിയ കാൽപ്പാദം എല്ലാവരും മാറിമാറി തിരുമ്മി ചൂടാക്കി രക്ത ഓട്ടം പൂർവ സ്ഥിതിയിലാക്കിയ ശേഷമാണ് വീണ്ടും പതുക്കെ നടക്കാനായത്. ഈ കൊടും തണുപ്പിനെ നേരിടാൻ ഞങ്ങൾ തീരെ സജ്ജരല്ല എന്ന വാസ്തവം വല്ലാതെ ആശങ്കപ്പെടുത്താൻ തുടങ്ങി. അക്കാര്യം ഞങ്ങളുടെ ആതിഥേയരായ ആർമിയുടെ പി.ആർ.ഒയെ ഞങ്ങൾ ഉടൻ തന്നെ അറിയിക്കുകയും ചെയ്തു. അവർ ഞങ്ങൾക്ക് ആൽപൈൻ ജാക്കറ്റുകളും ചൂടുള്ള കൈയുറകളും കമ്പിളിത്തൊപ്പികളും തന്നു. കാർഗിൽ യുദ്ധത്തിന്റെ അനുഭവങ്ങൾ ഉൾക്കൊണ്ട് ഇന്ത്യൻ സൈന്യം പുതിയായി വാങ്ങിയതും പൂർണമായി ഇൻസുലേറ്റ് ചെയ്തതും ഭാരമില്ലാത്തതുമായ വെളുത്ത ഹൈടെക് മിലിട്ടറി ബൂട്ടുകളായിരുന്നു ഏറ്റവും വലിയ ആശ്വാസം. അതും കൂടി കിട്ടിയതോടെ തണുപ്പിനെതിരെയുള്ള യുദ്ധത്തിൽ ജയിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് ഞങ്ങൾ സ്വയം പ്രഖ്യാപിച്ചു.

പൊതുവേ ഉയർന്ന പട്ടാള ഉദ്യോഗസ്ഥർ പലരും പൊങ്ങച്ചക്കാരും, കേട്ടുമടുത്ത ലൈംഗികച്ചുവയുള്ള പട്ടാള ഫലിതങ്ങൾ യഥേഷ്ടം വിളമ്പി ആരേയും എവിടെ വെച്ചും ബോറടിപ്പിക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്ന് വിചാരിക്കുന്നവരും ആണ്

ആൽഫാ മെസിലെ ഓഫിസേർസ് ബാർ സൗജന്യമായി ഉപയോഗിക്കാനുള്ള അനുവാദം ഞങ്ങൾക്കുണ്ട്. അന്നുരാത്രി ആദ്യമായി ആ സൗജന്യം സ്വീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ബാറിൽ രണ്ടുമൂന്ന് മുതിർന്ന ഓഫീസർമാരും മൂന്നാല് ചെറുപ്പക്കാരും മാത്രമാണുണ്ടായിരുന്നത്. എറ്റവും സീനിയർ ഓഫിസർ മധ്യവയസ്‌ക്കനായ ഒരു മീശക്കാരൻ ബ്രിഗേഡിയറായിരുന്നു. മിക്കവരുടേയും കുടുംബങ്ങൾ തണുപ്പ് ഭയന്ന് നാട്ടിൽ പോയിരിയ്ക്കുയാണ്. മറ്റുള്ളവർ പോകാനുള്ള തിടുക്കത്തിലുമാണ്. പൊതുവേ ഉയർന്ന പട്ടാള ഉദ്യോഗസ്ഥർ പലരും പൊങ്ങച്ചക്കാരും, കേട്ടുമടുത്ത ലൈംഗികച്ചുവയുള്ള പട്ടാള ഫലിതങ്ങൾ യഥേഷ്ടം വിളമ്പി ആരേയും എവിടെ വെച്ചും ബോറടിപ്പിക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്ന് വിചാരിക്കുന്നവരും ആണ്. ഈ പ്രദേശത്തുള്ള വഴികളിൽ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്കായി സൈന്യം സ്ഥാപിച്ച ബോർഡുകളിലെ ഉപദേശങ്ങൾ വായിച്ചാൽ അത് മനസ്സിലാകും. ദരിദ്രമായ സ്ത്രീവിരുദ്ധ മനസ്സും, അതിലും ദരിദ്രമായ ഫലിതഭാവനയും കൊണ്ട് സമ്പന്നനായ എതെങ്കിലും ജനറൽ സാഹിബിന്റെ ബുദ്ധിയിലുദിച്ച മഹദ് വചനങ്ങളായിരിക്കും വാചകങ്ങൾ മിക്കതും. വഴിയിലെ വളവുകൾ സ്ത്രീ ശരീരത്തിന്റെ വടിവുകളായും, പ്രകൃതിയിലെ കാഴ്ചകൾ പുരുഷനെ വഴിതെറ്റിക്കാൻ കാത്തിരിക്കുന്ന മായാമോഹിനിമാരുടെ ചാപല്യങ്ങളായും മറ്റും ഫലിത രൂപേണ എഴുതി വെക്കുന്നത് ഇങ്ങനത്തെ സ്ഥലങ്ങളിൽ ഒരു സ്ഥിരം കാഴ്ചയാണ്. പോരാത്തതിന് ബലാൽക്കാര സമാനവും സൗന്ദര്യരഹിതവുമായ പ്രാസായുധ പ്രയോഗങ്ങളും ധാരാളം കാണാം. ഇവിടെ ആൽഫാ മെസിൽ ഞങ്ങൾക്കായി ആ ജോലി ചെയ്തത് ബ്രിഗേഡിയർ കെ.എസ്. ഗോർ ആയിരുന്നു.

ലദ്ദാക്ക് പ്രദേശത്തേക്ക് രണ്ട് വഴിയാണുള്ളത്. ഒന്ന് ശ്രീനഗറിൽ നിന്ന്​ സോൻമർഗ്, ദ്രാസ്, കാർഗിൽ വഴി. പാകിസ്ഥാൻ അതിർത്തിയുടെ അരിക് പറ്റിപ്പോകുന്ന വഴിയാണത്. ചന്ദീഗഢിൽ നിന്ന്​ ഹിമാചൽ പ്രദേശിലെ പഠാൻ കോട്ട്, മനാലി വഴി, റോത്താങ് പാസ് കയറിപ്പോകുന്നതാണ് രണ്ടാമത്തെ വഴി.

ഞങ്ങൾ സിനിമാക്കാരാണെന്ന് അറിഞ്ഞയുടൻ സംസാരവിഷയം സിനിമാനടികളെ പറ്റിയായി. അതോടെ മറ്റു ചിലരും ഗ്ലാസുമെടുത്ത് ചുറ്റും കൂടി.
ചോദ്യങ്ങൾ പലതും സംവിധായകനായ വിശാലിന്റെ നേരെയായിരുന്നു. സിനിമാ നടിമാരും സദാചാരവും എന്നതായിരുന്നു മുഖ്യവിഷയം. മുഖ്യ പ്രഭാഷകൻ ബ്രിഗേഡിയർ തന്നെ. വിശാൽ ഈ ചർച്ചയിൽ പങ്കെടുക്കാൻ നിവൃത്തിയില്ലാതെ വല്ലാതെ വിഷമിച്ചു. ഇതൊന്നും തനിയ്ക്കറിയില്ലെന്നും ഇവരിൽ പലരേയും കണ്ടിട്ട് പോലുമില്ലെന്നും വിശാൽ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ബ്രിഗേഡിയർക്ക് ബോധ്യപ്പെട്ടില്ല. സൈന്യത്തിന്റെ ചെലവിലും സംരക്ഷണത്തിലും ഇവിടെ കഴിയുന്ന ഞങ്ങൾക്ക് കുറച്ചെങ്കിലും പ്രത്യുപകാര ബാധ്യത ഉണ്ടായിരിക്കണമെന്ന് അവിടെ ഉണ്ടായിരുന്ന നിരാശ ബാധിച്ചു തുടങ്ങിയ മുഖങ്ങൾ ഞങ്ങളോട് പറയാതെ പറഞ്ഞു.

ചെറിയൊരു ശാന്തതയ്ക്കും പുതിയൊരു വിസ്‌കിക്കും ശേഷം ബ്രിഗേഡിയർ വീണ്ടും ചോദിച്ചു; ‘പക്ഷേ, നിങ്ങൾ മാധുരി ദീക്ഷിതിനെ ഉറപ്പായും കണ്ടിട്ടുണ്ടാവണം, ഇല്ലേ?’

അതിഥികളായ നമ്മൾ ആതിഥേയരെ പൂർണമായും നിരാശപ്പെടുത്തുന്നത് ശരിയല്ലല്ലോ എന്ന് വിചാരിച്ചാകണം, കണ്ടിട്ടുണ്ടെന്ന് വിശാൽ കള്ളം പറഞ്ഞു.
വിജയം മണത്ത ബ്രിഗേഡിയർ ഗോർ ഒരു പാകിസ്ഥാൻ സൈനിക ക്യാമ്പ് ഒറ്റയ്ക്ക് കീഴടക്കിയ അഭിമാനത്തോടെ തന്റെ ഗ്ലാസ് മേശപ്പുറത്ത് വെച്ചിട്ട് ജൂനിയർ ഓഫീസർമാരെ നോക്കി പ്രഖ്യാപിച്ചു - ലക്ഷ്യം നേടാൻ ഏതറ്റം വരെയും പോകാനും ഒരു സൈനികൻ തയാറാകണം, അപ്പോൾ മാത്രമേ പൂർണവിജയം സാധ്യമാകൂ.
യെസ് സർ, എന്ന് മറ്റുള്ളവർ ഏക സ്വരത്തിൽ പറഞ്ഞു.
ബ്രിഗേഡിയർ വീണ്ടും വിശാലിനുനേരേ തിരിഞ്ഞ്​ തന്ത്രപ്രധാനമായ നിശബ്ദക്ക് ശേഷം ഒരു സുപ്രധാന വിവരം കൂടി ആവശ്യപ്പെട്ടു; ഓക്കേ ജന്റിൽമൻ, നൗ ഗിവ് മീ വൺ ലാസ്റ്റ് ഇൻഫൊമേഷൻ.
അതെന്തെന്നറിയാൻ എല്ലാവരും കാതോർത്തു നിന്നു.
ബ്രിഗേഡിയർ കരുതലോടെ വിശാലിനെ നോക്കിയിട്ട് ഗൗരവത്തിൽ ചോദിച്ചു;
നിങ്ങൾ മാധുരി ദീക്ഷിതിനെ നേരിട്ട് കണ്ടിട്ടുണ്ടല്ലോ - ഇല്ലേ? നൗ ടെൽ മീ,
ആർ ഹേർ ബൂബ്‌സ് റിയൽ?

സമാധാന കാലത്ത് പോലും നമ്മുടെ സൈന്യത്തിൽ കാണപ്പെടുന്ന ഉച്ചനീചത്വം ഞെട്ടിപ്പിക്കുന്നതാണ്. ബ്രിട്ടീഷ് പാരമ്പര്യം, അച്ചടക്കം, രാജ്യസ്‌നേഹം എന്നൊക്കെയുള്ള കമാൻഡ്‌മെൻറ്​ വാദങ്ങൾ വളരെ പഴയതാണ്.

അന്നുരാത്രി എല്ലാവരും പിരിഞ്ഞിട്ടും ഞങ്ങൾ അവിടെത്തന്നെയിരുന്ന് മദ്യപാനം തുടർന്നു. ഞങ്ങളുടെ പരിചരണാർത്ഥം രണ്ട് ജവാന്മാരെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ അവർക്ക് ബാറിലോ പരിസരത്തോ പ്രവേശനമില്ല. വിസ്‌കിയുടെ ചൂടിൽ വിഭവസമൃദ്ധമായ ഡിന്നറിനുശേഷം ബാറിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങുമ്പോൾ സമയം പതിനൊന്നര കഴിഞ്ഞു. പുറത്തെ തണുപ്പ് മൈനസ് 23°C ആന്നെന്ന് വെതർ മോണിട്ടറിൽ കണ്ടു. എന്നാൽ സേനാസഹായത്തിൽ കിട്ടിയ തണുപ്പകറ്റൽ സംവിധാനങ്ങൾ അകത്തും പുറത്തും ഉണ്ടായിരുന്നതു കൊണ്ട് ഞങ്ങൾക്കാ തണുപ്പൊരു വെല്ലുവിളിയായി തോന്നിയില്ല. ആ ധൈര്യത്തിൽ ഞങ്ങൾ പുറത്തെ ഇരുട്ടിൽ കുറേ നേരം സംസാരിച്ച്​ നിന്നു. ലദ്ദാക്കിന്റെ തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങൾക്ക് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തിളക്കവും സാമീപ്യവും തോന്നി. അപ്പോൾ ദൂരെ നിന്നൊരാൾ അടുത്തേക്ക് വരുന്നതുകണ്ടു.
ആളെ മനസ്സിലായില്ല. ഞാനാണ്, ഥാപ്പ - എന്നയാൾ പറഞ്ഞു. അത് ഞങ്ങളുടെ സേവനാർത്ഥം നിയോഗിക്കപ്പെട്ട ജവാന്മാരിൽ ഒരാളാണ്. മൈനസ് 23°C തണുപ്പിൽ, ഞങ്ങൾ വരാനായി, അയാൾ പുറത്ത് തനിച്ച് കാത്തു നിൽക്കുകയായിരുന്നു. ഇത് ഞങ്ങൾക്കറില്ലായിരുന്നു. മാത്രമല്ല ഈ സമയത്ത് ഞങ്ങൾ പ്രത്യേകിച്ച് സേവനങ്ങളൊന്നും പ്രതീക്ഷിക്കുന്നുമില്ലായിരുന്നു. എങ്കിലും ഇത് അയാളുടെ ഡ്യൂട്ടിയാണ്. തെറ്റിച്ചാൽ കടുത്ത ശിക്ഷ കിട്ടും.
ഭക്ഷണം കഴിച്ചോ എന്ന് വെറുതേയൊരു വിശേഷം ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി.

വാച്ചിൽ നോക്കി. മണി പന്ത്രണ്ടാകുന്നു.
എവിടെയാണ് നിങ്ങളുടെ ഭക്ഷണം എന്ന് ഞാൻ ചോദിച്ചു.
അത് ആരെങ്കിലും ബാരക്കിൽ എടുത്ത് വെച്ചിട്ടുണ്ടാകുമെന്ന് ഥാപ്പ പറഞ്ഞു. ഭക്ഷണം ചപ്പാത്തിയും പരിപ്പും ആയിരിക്കുമെന്നും അതിപ്പോൾ തണുത്തുറഞ്ഞ് മരം പോലെയായിക്കാണുമെന്നും കടിക്കാൻ പോലും പറ്റില്ലെന്നും ഥാപ്പ വെറുപ്പോടെ പറഞ്ഞു.
ആരുമൊന്നും പറഞ്ഞില്ല. അതിരാവിലെ ഞങ്ങൾക്ക് ബാത്‌റൂമിൽ വെള്ളം കൊണ്ടുവരേണ്ടതും ഥാപ്പ തന്നെയാണ്. ഈ തണുപ്പത്ത് പൈപ്പിലൊന്നും വെള്ളം വരില്ല. എല്ലാം തണുത്ത് ഐസായിരിക്കും. രാവിലെ ഒരോ മുറിയിലും വെള്ളത്തിന് പകരം ഒരു ബക്കറ്റിൽ വലിയൊരു കട്ട ഐസാണ് കൊണ്ടുവന്ന് തരുന്നത്. പ്രാകൃതമായ ഒരു ഇലക്​ട്രിക്​ റോഡ് ഹീറ്റർ അതിന് മേൽ വെച്ച് രണ്ട് മണിക്കൂറെങ്കിലും ചൂടാക്കിയാലേ അത് കുറച്ചെങ്കിലും വെള്ളമാക്കാൻ സാധിക്കുകയുള്ളു. അതും ഐസ്‌കട്ടയിൽ നിന്ന് ഒലിച്ചിറങ്ങുന്ന ഐസ് പോലെ തന്നെ തണുത്ത ഉരുക്ക് വെള്ളം.

വിശാൽ ഭരദ്വാജ്

സമാധാന കാലത്ത് പോലും നമ്മുടെ സൈന്യത്തിൽ കാണപ്പെടുന്ന ഉച്ചനീചത്വം ഞെട്ടിപ്പിക്കുന്നതാണ്. ബ്രിട്ടീഷ് പാരമ്പര്യം, അച്ചടക്കം, രാജ്യസ്‌നേഹം എന്നൊക്കെയുള്ള കമാൻഡ്‌മെൻറ്​ വാദങ്ങൾ വളരെ പഴയതാണ്. മാനുഷിക പരിഗണന തുടങ്ങിയ മറുവാദങ്ങൾക്ക് പരമ്പരാഗത സൈനിക പാഠാവലിയിൽ ഇടവുമില്ല. വരും ദിവസങ്ങളിലൊന്നിൽ ഈ മഹത്തായ പാരമ്പര്യം പലമടങ്ങ് രൂക്ഷമായി ഞാൻ വീണ്ടും നേരിട്ട് കണ്ടറിയും എന്നും, ഇപ്പോൾ തോന്നുന്ന കുറ്റബോധത്തിന്റെ നൂറിരട്ടി കുറ്റബോധം എനിക്കപ്പോൾ തോന്നുമെന്നും ഞാൻ അപ്പോൾ വിചാരിച്ചില്ല. ഥാപ്പ ഇന്നുരാത്രി ഉറപ്പായും പട്ടിണിയായിരിക്കും. ഒഴിഞ്ഞ വയറും മനസ് നിറയെ വെറുപ്പും കൊണ്ടായിരിക്കും അയാളിന്ന് ബാരക്കിലേക്ക് മടങ്ങുന്നത്. ബ്രിഗേഡിയർ ഗോർ ആകട്ടെ, മിക്കവാറും മാധുരി ദീക്ഷിതിന്റെ ശരീര ഭൂപടങ്ങളിലെ നിയന്ത്രണരേഖകൾ പുനർനിർണയിക്കുന്ന ശ്രമത്തിലും ആയിരിക്കും.

ലേയിൽ നിന്ന് ഇരുനൂറ് കി.മീ. ദൂരെയാണ് കാർഗിൽ. ഞങ്ങളുടെ സിനിമയ്ക്ക് വേണ്ട രീതിയുള്ള സ്ഥലങ്ങൾ ആ ഭാഗത്താവും ഉണ്ടാകുക എന്നുകേട്ട് ഞങ്ങൾ അങ്ങോട്ട് പോയി. ഇത് ലേ- ശ്രീനഗർ റോഡാണ്. പാകിസ്ഥാൻ അതിരിനോടുചേർന്ന് പോകുന്ന വഴിയാണിത്. അതിനാൽ തന്നെ ഇതിലെയുള്ള യാത്രകൾ കൂടുതൽ അപകടകരവുമാണ്. പാക് ഭീഷണിയില്ലെങ്കിൽ പോലും, ഇടുങ്ങിയതും ഉറപ്പില്ലാത്തതുമായ ഇത്തരം ഹിമാലയൻ മലമ്പാതകളിൽ അപായ സാധ്യതകൾ അനേകമാണ്. അതീവശ്രദ്ധയോടെ വേണം ഈ വഴികളിൽ വണ്ടിയോടിക്കാൻ. ഞങ്ങളുടെ ഡ്രൈവർ ലീമോ ഈ പണിയിൽ വിദഗ്ധനാണെന്ന് ആദ്യം തന്നെ എല്ലാവർക്കും ബോധ്യപ്പെട്ട കാര്യമാണ്.

കാർഗിൽ ടൗണിലെ കടകളിലെ ഷട്ടറുകളിൽ കണ്ട വലിയ ദ്വാരങ്ങൾ പാക് ഷെല്ലിങിന്റെ ഫലമായി ഉണ്ടായതാണ്.

വളരെപ്പെട്ടെന്ന് ഭൂപ്രകൃതി മാറിത്തുടങ്ങി.
ലേ യിൽ പൂർണമായും ഇല്ലാതിരുന്ന വെളുത്ത മഞ്ഞിന്റെ തിളക്കം ഇപ്പോൾ മലകൾക്കുമേലെ കണ്ടുതുടങ്ങി. തണുപ്പുകാലത്ത് സൂര്യന് തെക്കൻ ചായ്​വാണ്. അതിനാൽ മലകളുടെ വടക്കെ ചെരുവുകളിലാണ് മഞ്ഞ് കൂടുതൽ കാണുന്നത്. ലദ്ദാക്ക് മേഖല പ്രധാനമായും ബുദ്ധമതക്കാർ താമസിക്കുന്ന സ്ഥലമാണെങ്കിൽ കാർഗിൽ, മുസ്​ലിം ഭൂരിപക്ഷ മേഖലയാണ്. പോകുന്ന വഴിയിൽ ഗ്രാമവാസികളേയും അവരുടെ ചില വളർത്തു മൃഗങ്ങളേയും കണ്ടു. അവിടെക്കണ്ട ധാരാളം നീണ്ട രോമങ്ങളുള്ള വലിയ ഇനം പട്ടികൾ കാഴ്ചയിൽ ഭീകരന്മാരായിരുന്നു. പ്രസിദ്ധമായ ബഖർവാൾ ഇനം നായ്ക്കളാണിതെന്ന് ലീമോ പറഞ്ഞു. ഗ്രാമീണർ ആട്ടിടയരാണ്. അവരുടെ കാവലും ആടുകളുടെ സുരക്ഷയും ഈ നായ്ക്കളെ മാത്രം ആശ്രയിച്ചാണ് നടന്നു പോകുന്നത്. ഉയർന്ന ഹിമപ്രദേശങ്ങളിൽ കാണുന്ന ശക്തരായ മഞ്ഞുപുലികൾ പോലും ബഖർവാൾ നായ്കളുടെ നേരെ നിൽക്കാൻ ധൈര്യം കാണിക്കില്ല. കാർഗിൽ മലകളിൽ പാകിസ്ഥാൻ സൈന്യം രഹസ്യമായി തമ്പടിച്ചപ്പോൾ ആ വിവരം ദൂരെയുള്ള ഇന്ത്യൻ സേനയെ ആദ്യം അറിയിച്ചത് കാർഗിലിലെ ഇടയരായിരുന്നു. ഇന്ത്യൻ സേന ഇവരെയും ഇവരുടെ കോവർകഴുതകളെയും ഭാരം ചുമക്കാൻ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. അവരുടെ ബഖർവാൾ നായ്ക്കളുടെ ഒരു സ്ഥിരം സ്‌ക്വാഡ് തന്നെ ഇപ്പോൾ കരസേനയ്ക്കുണ്ട്. പ്രധാനമായും പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ കണ്ടു പിടിക്കലാണ് ഇവരുടെ ജോലി. ഭികരവാദികളുടെ വെടിയേറ്റും മൈൻ സ്‌ഫോടനത്തിലും മറ്റും ധാരാളം നായ്ക്കൾ എല്ലാ വർഷവും ചത്തുപോകാറുമുണ്ട്. ലദ്ദാക്കിന്റെ ചില പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്ന അർധവന്യരായ ബഖർവാൾ നായ്ക്കളുടെ സംഘങ്ങൾ മനുഷ്യരടക്കം എല്ലാ ജീവജാലങ്ങൾക്കും ഭീഷണിയാണ്. പത്ത് വർഷം മുൻപ് ഒരു രാത്രി, ലേയിൽ ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന ആൽഫാ മെസിനുപുറത്ത് നടക്കാനിറങ്ങിയ ഒരു യുവ സൈനികൻ മടങ്ങി വന്നില്ല. പിറ്റേന്ന് രാവിലെ ഒട്ടുമുക്കാലും തിന്നുതീർത്ത് ബാക്കിയായ അയാളുടെ ശരീരാവശിഷ്ടങ്ങൾക്ക് ചുറ്റുമുള്ള മഞ്ഞിൽ കണ്ട കാൽപ്പാടുകൾ ബഖർവാൾ നായ്ക്കളുടേതായിരുന്നു. തെക്കൻ ടിബറ്റിൽ മാത്രം കാണപ്പെടുന്ന അത്യപൂർവമായ കിയാങ് എന്ന കാട്ടുകഴുതകളെ കൂട്ടമായി ആക്രമിക്കുന്ന ബഖർവാൾ നായ്ക്കളുടെ ചിത്രം പണ്ട് നാഷണൽ ജിയോഗ്രഫിക് മാഗസിൽ അച്ചടിച്ചു വന്നതോടെയാണ് ഇവരുടെ രൂക്ഷമായ ഹിംസവാസന ലോകം അറിഞ്ഞത്. ഒരു ആൺ ബഖർവാൾ നായുടെ ശരാശരി തൂക്കം എകദേശം എഴുപത്തഞ്ച് കിലോ വരും എന്നാണ് ലീമോ പറഞ്ഞത്.

കാർഗിൽ ടൗണിലെ കടകളിലെ ഷട്ടറുകളിൽ കണ്ട വലിയ ദ്വാരങ്ങൾ പാക് ഷെല്ലിങിന്റെ ഫലമായി ഉണ്ടായതാണ്. കാർഗിൽ യുദ്ധം കഴിഞ്ഞ് ഒന്നര വർഷമായെങ്കിലും ഇവിടെ ഒന്നും സാധാരണ നിലയിലായിട്ടില്ല. എപ്പോഴും എന്തും സംഭവിക്കാം എന്ന ഭയം ഇപ്പോഴും ജനങ്ങൾക്കുണ്ട്. ഇവിടെയും ഞങ്ങൾ പട്ടാളത്തിന്റെ അതിഥികളാണ്. രണ്ടുദിവസം കൊണ്ട് ഇവിടുത്തെ കാര്യങ്ങൾ തീർത്ത് തിരിച്ച് ലേയിലേക്കുതന്നെ മടങ്ങണം. ഇവിടെ പാക് അതിർത്തിയിലുള്ള ഒരു ആർമി ഔട്ട് പോസ്റ്റ് സന്ദർശിക്കാൻ ഞങ്ങൾക്ക് ലേയിലെ ചീഫ് കമാണ്ടിങ്ങ് ഓഫീസർ അനുമതി നൽകിയിട്ടുണ്ടെങ്കിലും സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ അതിന് മാറ്റമുണ്ടാകാം. ടൗണിൽ കണ്ട കാർഗിൽ പോസ്റ്റ് ഓഫിസിൽ നിന്ന് ഒരു പോസ്റ്റ് കാർഡ് വാങ്ങി ഞാനെന്റെ കൂട്ടുകാരന് കത്തെഴുതി അപ്പോൾത്തന്നെ പെട്ടിയിലിട്ടു. അന്നുരാത്രി ജിവിതത്തിലാദ്യമായി മഞ്ഞ് പെയ്യുന്നത് കണ്ടു. കാലത്ത് ഉണർന്നു നോക്കുമ്പോൾ ഒരു പ്രദേശമാകെ വെളുത്ത മഞ്ഞിൽ മൂടിക്കിടക്കുന്നു.

രാവിലെ അതിർത്തി ഔട്ട് പോസ്റ്റ് കാണാൻ തയാറായി നിന്ന ഞങ്ങളോട് കാർഗിലിലെ പി.ആർ. ഓഫീസർ പറഞ്ഞത് സമയമായില്ല എന്നാണ്. ഉച്ചയായിട്ടും
അനക്കമൊന്നുമില്ല. കുറച്ച് കഴിഞ്ഞ് ആരോ ഞങ്ങളെ ഉച്ച ഭക്ഷണത്തിനായി വിളിച്ചു. ഭക്ഷണം കഴിഞ്ഞ ഉടൻ രണ്ട് മിലിട്ടറി ജീപ്പുകൾ ഞങ്ങളെ ഒരു മണിക്കൂർ ദൂരെയുള്ള മറ്റൊരു പട്ടാള ക്യാമ്പിലെത്തിച്ചു. അവിടെയും കാത്തിരിപ്പ് അനന്തമായി തുടർന്നു. എന്താണ് അതിർത്തിയിലെ സാഹചര്യമെന്ന് ആർക്കുമറിയില്ല.ആ സന്ദേശം വരുന്നതു വരെ കാത്തിരുന്നേ പറ്റൂ. ലേയിലെപ്പോലെ രൂക്ഷമായിരുന്നില്ല ഇവിടുത്തെ തണുപ്പ്- വെറും മൈനസ് രണ്ട് മാത്രം. എങ്കിലും ഇവിടെ ഞങ്ങൾ കുടുതൽ വിറച്ചു. കാരണം ലേയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് ഞങ്ങളുടെ വിശേഷപ്പെട്ട ഹിമവസ്ത്രങ്ങളും ബൂട്ടുകളും അതിന്റെ ഉടമകൾ തിരികെ വാങ്ങിയിരുന്നു. ഈ കാത്തിരിപ്പ് അവസാനിക്കുന്ന മട്ട് കാണുന്നില്ല. ഞങ്ങൾ പുറത്തിറങ്ങാതെ വണ്ടിയിൽ തണുപ്പ് സഹിച്ച് നിശ്ശബ്ദരായി ഇരുന്നു. നേരം വൈകുന്നു. ഇന്ന് ഇനി ഇത് നടക്കാനുള്ള സാധ്യത ഇല്ല എന്ന് തോന്നിത്തുടങ്ങി. അപ്പോൾ ഒരാൾ വന്ന് ഞങ്ങളോട് അവിടെക്കണ്ട മറ്റൊരു വണ്ടിയിൽ കയറാൻ പറഞ്ഞു. ഈ വണ്ടി കൂടുതൽ വലിപ്പമുള്ള ഒന്നായിരുന്നു. അവരതിനെ വിളിച്ച പേര് വൺ ടൺ എന്നാണ്.

നടക്കുന്നതിനിടയിൽ ഞങ്ങളിലാരോ എന്തോ ഉച്ചത്തിൽ പറഞ്ഞപ്പോൾ കാലേക്കർ തിരിഞ്ഞു നിന്നു. സംസാരിക്കരുതെന്ന് കർശനമായി പറഞ്ഞിട്ട് ഇടത് വശത്തെ മലകൾ ചൂണ്ടിക്കാണിച്ച്, അവിടെ പാകിസ്ഥാൻ പട്ടാളം വലിയ മെഷീൻ ഗണ്ണുകളുമായി കാവലുണ്ടെന്നും പറഞ്ഞു. അപ്പോൾ തന്നെ എല്ലാ സംസാരവും നിലച്ചു.

ടാറിട്ട വഴിയിൽ നിന്ന് മലകളുടെ നടുവിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്ന ഒരു മൺവഴിയിലേക്ക് വണ്ടി തിരിഞ്ഞു. വഴിക്ക് ഒരു മാതിരി നിരപ്പുണ്ട്. കണ്ടാൽ എന്നോ ഉണങ്ങിപ്പോയ ഒരു ചെറിയ പുഴ പോലെ തോന്നും. ഉരുളൻ കല്ലുകളും ധാരാളം കണ്ടു. ഇരുവശത്തും കാണുന്ന വളരെ ഉയരത്തിലുള്ള മലകൾ പലയിടത്തും വഴിയോട് വളരെ അടുത്ത് വരുന്നു. ഇരുണ്ട വന്മലകളുടെ ഒരു വശത്ത് മാത്രം പുതുമഞ്ഞിന്റെ വെളുത്ത കൈകൾ താഴേക്ക് നീണ്ടുനിൽക്കുന്നു. മറുവശം തെക്കൻ വെയിൽ വീഴുന്ന ചെരുവുകളാണ്. അവിടെ മഞ്ഞ് വേഗം ഉരുകും. അര മണിക്കൂറോളം ഈ വഴി പോയിട്ട് വൺ ടൺ ഒരിടത്ത് നിന്നു. മിലിട്ടറി ഡ്രൈവർ ചുറ്റും സൂക്ഷിച്ച് നോക്കി. കൂടെയുള്ള ജവാൻ കാലെക്കർ തന്റെ AK 47 തോക്കുമായി പുറത്തിറങ്ങി നോക്കിയിട്ട് ഡ്രൈവർ സലീമിനോട് എന്തോ പറഞ്ഞു. അയാളും പുറത്തിറങ്ങി. ഞങ്ങൾ പരസ്പരം നോക്കി. കാലേക്കർ തിരിച്ച് വന്നിട്ട് ഇനി നടന്ന് വേണം പോകാൻ എന്ന് പറഞ്ഞു. മുന്നിലെ വഴി തടസ്സമൊന്നും ഇല്ലാതെ തന്നെ പോകുന്നുണ്ട്. എന്താണു് കാര്യമെന്ന് മനസ്സിലായില്ല. ഞങ്ങളും ശ്രദ്ധിച്ച് പുറത്തിറങ്ങി. മുന്നിൽ തോക്കുമായി കാലേക്കർ നടന്നു. പിന്നാലെ ഞങ്ങൾ. ഏറ്റവും പുറകിൽ സലിം. അയാൾക്കും ഒരു തോക്കുണ്ട്. നടക്കുന്നതിനിടയിൽ ഞങ്ങളിലാരോ എന്തോ ഉച്ചത്തിൽ പറഞ്ഞപ്പോൾ കാലേക്കർ തിരിഞ്ഞു നിന്നു. ഒരു കാരണവശാലും ആരും സംസാരിക്കരുതെന്ന് കർശനമായി പറഞ്ഞിട്ട് ഇടത് വശത്തെ മലകൾ ചൂണ്ടിക്കാണിച്ച്, അവിടെ പാകിസ്ഥാൻ പട്ടാളം വലിയ മെഷീൻ ഗണ്ണുകളുമായി കാവലുണ്ടെന്നും പറഞ്ഞു. അപ്പോൾ തന്നെ എല്ലാ സംസാരവും നിലച്ചു.

പതിനഞ്ച് മിനിറ്റ് നടപ്പിനൊടുവിൽ ദൂരെ ഒരു മല ചൂണ്ടിക്കാണിച്ച് അതാണ്
പോസ്റ്റ് 47 എന്ന് കാലേക്കർ പറഞ്ഞു. കറുത്ത പാറകളല്ലാതെ മറ്റൊന്നും അവിടെ കണ്ടില്ല. അടുത്തെത്തിയപ്പോൾ കല്ലുകളടുക്കി കെട്ടിയുണ്ടാക്കിയ മതിൽ പോലൊന്ന് കണ്ടു. ഒരു മലയുടെ ചെരുവിന്റെ ഏകദേശം മധ്യഭാഗത്തായിരുന്നു അത്. മല ചെന്നിറങ്ങുന്നത് നൂറ് മീറ്റർ താഴെ കൂടി ഒഴുകുന്ന ചെറിയൊരു അരുവിയിലേക്കാണ്. അരുവിയുടെ മറുകരയിലെ മല പാകിസ്ഥാന്റെ കൈയിലാണ്. അവർക്കും അവിടെ ഇതുപോലെ തന്നെ സൈനിക പോസ്റ്റും ബങ്കറുകളും ഉണ്ട്. മുള്ളുവേലികളോ അതിർത്തിക്കല്ലുകളോ എവിടെയും ഉണ്ടായിരുന്നില്ല. മൂന്നടി വീതിയും ആറടിയോളം താഴ്ചയുമുള്ള കുറേ ട്രെഞ്ചുകളുടെ ഒരു സഞ്ചയമാണ് പോസ്റ്റ് 47 ന്റെ ഉൾവശം. ട്രെഞ്ചിനകത്താണ് ഊണും ഉറക്കവും. അതിനായി മടക്ക് കട്ടിലുകളുണ്ട്. ചില ഭാഗങ്ങൾ വലിപ്പത്തിൽ മുറികൾ പോലെ ഭൂമിക്കടിയിൽ നിർമിച്ചിരിക്കുന്നു. അതിനുമുകളിൽ, ചുറ്റും കല്ലടുക്കി ഉണ്ടാക്കിയ രണ്ട് നിര ഭിത്തികളിലെ ചെറിയ ദ്വാരങ്ങളിൽ പാകിസ്ഥാന് നേരേ നോക്കിയിരിക്കുന്ന ഇൻസാസ് റൈഫിളുകളും LMG കളും ഇപ്പോൾ വിശ്രമത്തിലാണ്.

ആകെ എട്ട് പേരായിരുന്നു അവിടെയുണ്ടായിരുന്നത്. ഓഫീസർ റാങ്കുള്ള ആരുമില്ല. മധ്യവയസ്‌ക്കനായ സൈനികൻ റാം പാൽ യാദവ് ആണ് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചത്. കല്ലടുക്കി ഉണ്ടാക്കിയ ഇടുങ്ങിയ പടികൾ ഇറങ്ങി വേണം ബങ്കറിലേക്ക് പ്രവേശിക്കാൻ. ഈ സ്ഥലം ‘ഏക് ദം ബുള്ളറ്റ് പ്രൂഫ്' ആണെന്ന് റാം പാൽ യാദവ് പറഞ്ഞു. മതിലിനുമേലേ കൂടി എത്തി നോക്കാതെ തന്നെ പാകിസ്ഥാനി ബങ്കർ ശ്രദ്ധിക്കാനുള്ള ചില നിരീക്ഷണ ദ്വാരങ്ങൾ അവിടെയുണ്ടായിരുന്നു. അതിലൊന്നിലൂടെ ഒളിഞ്ഞ് നോക്കിയിട്ട്, ദേ, ഒരുത്തൻ ഇറങ്ങി വരുന്നത് കണ്ടോ - എന്നു പറഞ്ഞ് യാദവ് എനിക്കായി സ്ഥലം മാറിത്തന്നു. അതിലൂടെ നോക്കിയപ്പോൾ അക്കരെ ഒരു മനുഷ്യരൂപം ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നുത് കണ്ടു. അവൻ സാലാ, പാകിസ്ഥാനി പന്നിയാണ് എന്നും ഇവടെ ആളെ കണ്ടിട്ട് നോക്കുന്നതാണെന്നും പറഞ്ഞിട്ട് ഉടൻ യാദവ് അയാൾക്കുനേരെ ഉത്തരേന്ത്യയിൽ സർവസാധാരണമായി ഉപയോഗിക്കുന്ന ഒരു ഇടത്തരം തെറി ഉച്ചത്തിൽ വിളിച്ച് പറഞ്ഞു.

ആരാ അൻവറാണോ, എന്ന് ഒരു ചെറുപ്പക്കാരൻ സൈനികൻ ചോദിച്ചു.
അല്ലല്ല, ഇത്​ ആ പഠാണി യൂസഫാണെന്ന് പറഞ്ഞിട്ട് യാദവ് പടി കയറി പുറത്ത് പോയി മതിലിനുമേലെ കൂടി നോക്കി കൂടുതൽ ഉച്ചത്തിൽ, കുറച്ചു കൂടി കടുപ്പമുള്ള നാലഞ്ച് തെറികൾ കൂടി വിളിച്ചു പറഞ്ഞു. അപ്പോൾ തന്നെ അതിനുള്ള പാകിസ്ഥാനി മറുപടിയും വന്നു. ‘വായീ നോക്കി നിക്കാതെ അകത്ത് കേറിപ്പോടാ’ എന്ന് യാദവ് ഉച്ചത്തിൽ പറഞ്ഞു. അതിനു മറുപടിയായി അക്കരെ നിന്നൊരു വലിയൊരു അശ്ലീല ആംഗ്യം വന്നു. യാദവ് ‘പോടാ പോ’ എന്നുപറഞ്ഞ് വാക്‌പോര് നിർത്തി താഴെയിറങ്ങി. അക്കരെ ഒരാൾ കൂടി പുറത്തേക്ക് വന്നു.
പ്രശ്‌നം ഒന്നും ഇല്ലല്ലോ അല്ലേ, എന്ന് ഞങ്ങളിലാരോ ഒരു സമാധാനത്തിനായി ചോദിച്ചു.

പോസ്റ്റ് 47. മൂന്നടി വീതിയും ആറടിയോളം താഴ്ചയുമുള്ള കുറേ ട്രെഞ്ചുകളുടെ ഒരു സഞ്ചയമാണ് പോസ്റ്റ് 47 ന്റെ ഉൾവശം.

എന്ത് പ്രശ്‌നം, ഇതിനകം ബുള്ളറ്റ് പ്രൂഫല്ലെ എന്ന് യാദവ് സമാധാനിപ്പിച്ചു.
എന്നാലും ഇതിനുപുറത്ത് അങ്ങനെയല്ലല്ലോ എന്ന് ഞാനോർത്തു. മാത്രമല്ല ഇതുപോലെയുള്ള ചില നിസാര പ്രശ്‌നങ്ങൾ വെടിവെയ്പിലും മരണങ്ങളിലും വരെ കലാശിക്കാറുണ്ട് എന്നും കേട്ടിട്ടുമുണ്ട്. കാർഗിൽ യുദ്ധം കഴിഞ്ഞ വർഷം ആയിരുന്നു. ഇരു ഭാഗത്തുമായി മരിച്ചത് 3000 മനുഷ്യരാണ്.
ചായ വേണോ റം വേണോ എന്ന് യാദവ് ചോദിച്ചു. ആർക്കും ചായ വേണ്ട.
ആർമിയുടെ ഇതു പോലെയുള്ള ഔട്ട് പോസ്റ്റ്കളിലൊന്നും മദ്യത്തിന് ക്ഷാമം ഉണ്ടാകില്ല. എന്നാൽ പാകിസ്ഥാന്റെ സ്ഥിതി അതല്ല. പാകിസ്ഥാൻ സൈനിക സപ്ലൈ ലിസ്റ്റിൽ മദ്യം ഇല്ല. അതും ഇത്തരം തണുപ്പത്ത്, എന്ന് യാദവ് പ്രതിഷേധം പറഞ്ഞു. മാത്രമല്ല അവർക്ക് മണ്ണെണ്ണ സപ്ലൈയും ഇവിടില്ല. വിറകാണ് എല്ലാത്തിനും ഇന്ധനം. ഈ മലകളിൽ മരങ്ങൾ കാര്യമായി ഇല്ല താനും. ഇത് പറയുമ്പോൾ യാദവിന്റെ മുഖത്ത് നേരത്തേ കണ്ട പാകിസ്ഥാനി വിദ്വേഷം ഇപ്പോൾ ഒന്ന് കുറഞ്ഞത് പോലെ തോന്നി.

പാക്കിസ്ഥാനികളുടെ പേരൊക്കെ എങ്ങനെ അറിയാം എന്ന് വിശാൽ ചോദിച്ചു.
അവർക്ക് ഞങ്ങളുടെ പേരും അറിയാമെന്ന് യാദവ് പറഞ്ഞു. ഇവരൊന്നും പ്രശ്‌നക്കാരല്ലെന്നും ഇടയ്ക്ക് ചില പയ്യൻ പാകിസ്ഥാനി ഓഫിസർമാർ വരുമ്പോൾ ചെറിയ ഷോയൊക്കെ കാണിക്കുന്നതല്ലാതെ വേറെ ഒന്നും ഇല്ലെന്നും യാദവ് പറഞ്ഞു. പോസ്റ്റ് 47 പല തവണ പാകിസ്ഥാൻ കൈയ്യേറുകയും ഇന്ത്യ തിരിച്ചുപിടിക്കുകയും ചെയ്തിട്ടുള്ളതാണ്, യാദവിന്റെ കണക്ക് പ്രകാരം ഇരുപതിലധികം തവണ. എന്നാൽ ആ സ്ഥിതി ഇപ്പോഴില്ല. ഇപ്പോൾ ഇവിടുന്ന് അങ്ങോട്ടോ അവിടുന്ന് ഇങ്ങോട്ടൊ കര വഴി കടക്കാൻ ആർക്കും സാധിക്കില്ല. കാരണം അരുവിയുടെ ഇരുഭാഗത്തുമായി നൂറോളം മൈനുകൾ ഇരു രാഷ്ട്രങ്ങളും മണ്ണിനടിയിൽ കുഴിച്ചിട്ടിട്ടുണ്ട്.

പ്രകൃതി ദൃശ്യങ്ങളോടാണ് ലേ യിൽ സിനിമ പ്രവർത്തകൾക്ക് കൂടുതൽ തത്പര്യം. അങ്ങനെയുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഷൂട്ട് നടക്കാറ്. അതുകൊണ്ടുതന്നെ ഒരിക്കലും ലേ പട്ടണം ശരിക്കൊന്ന് കാണാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ഇത്തവണ ദീപാവലിക്ക്​ ഇവിടെ ഞങ്ങൾക്ക് ഒരുപാട് ലഢു കിട്ടിയിരുന്നു എന്ന് യാദവ് പറഞ്ഞു. അതിൽ നിന്ന് കുറേയെടുത്ത് ഞങ്ങളിവടെ നിന്ന് അങ്ങോട്ട് അവർക്ക് എറിഞ്ഞു കൊടുത്തെന്നും പറഞ്ഞു.
ആർക്ക്, പാകിസ്ഥാനികൾക്കൊ ? എന്നാരോ അതിശയം പറഞ്ഞു. അതൊക്കെ സാധാരണമാണെന്ന് യാദവ് പറഞ്ഞു. ലഢു മാത്രമല്ല റമ്മിന്റെ കുപ്പികളും ചിലപ്പോൾ എറിഞ്ഞുകൊടുക്കാറുണ്ട്. ചിലതൊക്കെ നിലത്ത് വീണ് പൊട്ടും. ചിലത് കിട്ടും. അവരുടെ പെരുന്നാളിന് അവരും ഇതുപോലെ ബിരിയാണി പൊതി കെട്ടി ഇങ്ങോട്ട് എറിഞ്ഞു തരും എന്നും യാദവ് പറഞ്ഞു. അപ്പോൾ നേരത്തേ കണ്ടയുടൻ തെറി വിളിച്ചതോ എന്ന് ചോദിച്ചപ്പോൾ അത് വെറുതേ ഒരു ചടങ്ങ് പോലെയാണെന്ന് ഒരാൾ പറഞ്ഞു. ആരും അതൊന്നും കാര്യമാക്കാറില്ല. തെറി മാത്രമല്ല ചിലപ്പോൾ വെടിവെയ്പും ഉണ്ടാകും. പക്ഷേ അതൊക്കെ നേരത്തെ പറഞ്ഞിട്ടേ ചെയ്യൂ. നാളെ രാവിലെ പത്ത് മണി മുതൽ പത്തര വരെ ആരും പുറത്തിറങ്ങരുത്, ഇരുപത് റൗണ്ട് ഫയറിംഗ് ഉണ്ടാകും എന്നൊക്കെ വ്യക്തമായ മുന്നറിയിപ്പ് കൊടുക്കും. അവരും അങ്ങനെ തന്നെയാണ് ചെയ്യുന്നതെന്ന് പറഞ്ഞിട്ട്, ഇടക്കിടെ ഇതൊക്കെ ചെയ്തില്ലെങ്കിൽ ശത്രുക്കളാണെന്ന കാര്യം മറന്ന് പോയാലോ, എന്ന് പറഞ്ഞ് യാദവ് ഉറക്കെ ചിരിച്ചു. കഴിഞ്ഞ ദീപാവലിക്ക് ശേഷം ഒരു പയ്യൻ പാക് ക്യാപ്റ്റൻ അവരുടെ ബങ്കർ സന്ദർശിക്കാൻ വന്ന കഥ യാദവ് പറഞ്ഞു. ഹിന്ദുസ്ഥാനികൾ സ്‌നേഹപൂർവം എറിഞ്ഞു കൊടുത്ത ദീവാളി ലഡുവിന്റെ ഒരു ഭാഗം പാക് പട്ടാളക്കാർ പുതിയ ക്യാപ്റ്റന് കൊടുത്തു. അതു രുചിച്ച് ക്യാപ്റ്റൻ പുറത്തുവന്ന് ഹിന്ദുസ്ഥാനികൾക്കെല്ലാം സന്തോഷപ്രദമായ ദീവാളി ആശംസിച്ചു. എന്നിട്ട് നാമെല്ലാം സഹോദരങ്ങളാണെന്നും സമാധാനം ഉണ്ടാകണമെന്നും മറ്റും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. എന്തിനാണ് നമ്മൾ കശ്മിരിന്റെ പേരിൽ പോരടിക്കുന്നത് എന്നയാൾ ആശ്ചര്യപ്പെട്ടു. മാത്രമല്ല കശ്മീർ പ്രശ്‌നം ഒത്തുതിർപ്പാക്കാനുള്ള ഏറ്റവും സുഗമമായ ഒരു ഉടമ്പടി നിർദേശവും അദ്ദേഹം മുന്നോട്ട് വെച്ചു: കശ്മീർ തും രഖ് ലോ, ഔർ മാധുരി ഹമേ ദേ ദോ - മാമ് ലാ ഖതം.മാധുരി ദീക്ഷിതിനെ ഞങ്ങൾക്ക് തന്നിട്ട് കശ്മീർ നിങ്ങൾ എടുത്തോളൂ എന്ന്.
എന്നാൽ ലേ യിലെ ബ്രിഗേഡിയർ കെ.എസ്. ഗോർ അതൊരിക്കലും സമ്മതിക്കാൻ പോകുന്നില്ലെന്നും അതുകൊണ്ട് തന്നെ കശ്മിർ പ്രശ്‌നം ഉടനെയൊന്നും അവസാനിക്കില്ലെന്നും യുവ ക്യാപ്റ്റന് അപ്പോൾ അറിയില്ലായിരുന്നു.

കാർഗിൽ ഭാഗത്ത് ഞങ്ങൾക്ക് സിനിമയിൽ ഉപയോഗിക്കാൻ പറ്റിയ സ്ഥലങ്ങൾ പലതും ഉണ്ടായിരുന്നു. കൂടുതൽ തിരയേണ്ടി വരും. ഇക്കൊല്ലം ഇവിടെ മഞ്ഞ് വീഴ്ച കാര്യമായി തുടങ്ങിയിട്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങൾ ലേയിലേക്ക് തിരിച്ചു പോയി. വിണ്ടും പഴയ ആൽഫാ മെസ് തന്നെ അഭയം. രാവിലെ ലേ യുടെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളിൽ വെറുതേ ചുറ്റിക്കറങ്ങി. ഇപ്പോൾ ശ്വാസം നന്നായി കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ചുറ്റുമുള്ള നിറങ്ങളും മണങ്ങളും കൂടുതൽ അറിയുന്നുമുണ്ട്. ലേയിലേക്ക് തിരിച്ച് പോകുമ്പോൾ നേരം ഇരുട്ടിത്തുടങ്ങി. ദൂരെ വഴിയരുകിൽ കണ്ട ഒറ്റപ്പെട്ട വെളിച്ചം ഒരു ചെറിയ ഭക്ഷണശാലയായിരുന്നു. അവിടെ മൈനസ് പതിനഞ്ച് ഡിഗ്രി തണുപ്പിൽ അവർ ഞങ്ങൾക്ക് ആവി പറക്കുന്ന മോമോയും നൂഡിൽ സൂപ്പും തന്നു. കഴിഞ്ഞപ്പോൾ വീണ്ടും തന്നു. എന്നിട്ടും ചിലർക്ക് മതിയായില്ല. ഞാൻ വീണ്ടും ഒരു മോമോ കൂടി പറഞ്ഞു.വയറു നിറഞ്ഞിട്ടാകണം, എല്ലാവർക്കും ഒരുതരം ആലസ്യം. ഇവിടെത്തന്നെ ഇങ്ങനെ ഇരിക്കാനാണ് എല്ലാവരും താത്പര്യം കാണിക്കുന്നത്. ആരും എഴുന്നേൽക്കുന്നില്ല. ആൽഫാ മെസ് ഞങ്ങൾക്ക് മടുത്തുതുടങ്ങിയെന്ന് തോന്നുന്നു. ബോംബേയ്ക്ക് തിരിച്ച് പോകുന്ന കാര്യം ഞങ്ങൾ അവിടെയിരുന്ന് തന്നെ സംസാരിച്ചു. നാളെത്തന്നെ തിരിച്ചുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം എന്ന് മാനേജർ സഞ്ജയ് പറഞ്ഞു. അന്ന് രാത്രി ബാറിൽ പോയില്ല. ഒറ്റയ്ക്ക് വെറുതേ പുറത്തിറങ്ങി കുറച്ചുദൂരം നടന്നു. ഇവിടെയിപ്പോൾ ടൂറിസ്റ്റുകൾ ആരുമില്ല. കടകളും ഹോട്ടലുകളും എല്ലാം അടഞ്ഞ് കിടക്കുകയാണ്. കടുംനിറത്തിലുള്ള ചിത്രപ്പണികൾ ചെയ്ത വലിയ വാതിലുകൾ തുറക്കുന്നത് പ്രാചീന ബുദ്ധവിഹാരങ്ങളിലേക്കാണ്. അവയും ഇപ്പോൾ അടഞ്ഞ് കിടക്കുന്നു. ലദ്ദാക്കിൽ ഇതിന് മുൻപ് നാലഞ്ച് തവണ വന്നിട്ടുണ്ട്. എല്ലാം സിനിമ ആവശ്യങ്ങൾക്കാണ്. പ്രകൃതി ദൃശ്യങ്ങളോടാണ് ലേ യിൽ സിനിമ പ്രവർത്തകൾക്ക് കൂടുതൽ തത്പര്യം. അങ്ങനെയുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഷൂട്ട് നടക്കാറ്. അതുകൊണ്ടുതന്നെ ഒരിക്കലും ലേ പട്ടണം ശരിക്കൊന്ന് കാണാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്നും അത് സംഭവിക്കാൻ പോകുന്നില്ല എന്ന് അനുനിമിഷം താഴുന്ന കഠിനമായ തണുപ്പ് എന്നോട് പറഞ്ഞു. പതുക്കെ തിരിച്ചു നടന്നു.

പിറ്റേന്ന് രാവിലെ ടിക്കറ്റ് വാങ്ങി വരാമെന്ന് പറഞ്ഞ് ലിമോയുമായി ഇന്ത്യൻ എയർലൈൻസ് ഓഫീസിലേക്ക് - ഇപ്പോൾ എയർ ഇന്ത്യ - പോയ മാനേജർ സഞ്ജയ് പെട്ടെന്ന് മടങ്ങി വന്നു. വന്നത് ഒരു ബോംബുമായിട്ടായിരുന്നു. ലേയിൽ നിന്ന് അടുത്ത മൂന്ന് മാസത്തേക്ക് ഒരിടത്തേക്കും ഒരു സീറ്റ് പോലും ലഭ്യമല്ല. ആകെ രണ്ട് ഫ്‌ളൈറ്റാണ് ഒരു ദിവസം ഉള്ളത്. രണ്ടും ഇന്ത്യൻ എയർലൈൻസ് ആണ്. ഒന്ന് ഡൽഹി. ഒന്ന് ചണ്ഡീഗഢ്. രണ്ടിലും അടുത്ത മൂന്ന് മാസത്തേക്ക് ഒരു സീറ്റു പോലുമില്ലെന്നാണ് പറയുന്നത്. ആദ്യം ആരും ഇത് വിശ്വസിച്ചില്ലെങ്കിലും സാഹചര്യം അതീവ ഗുരുതരമാണെന്ന് പതുക്കെപ്പതുക്കെ ഞങ്ങൾക്ക് മനസ്സിലായിത്തുടങ്ങി. മഞ്ഞ് മൂലം റോഡുയാത്ര ഒരു തരത്തിലും സാധ്യമല്ല. ഏക മാർഗമായ വിമാനത്തിൽ ഒരു സീറ്റ് കിട്ടാൻ മൂന്ന് മാസം കാത്തിരിക്കണം. ഞങ്ങളുടെ നിരാശ വളരെപ്പെട്ടെന്ന് പരിഭ്രാന്തിയായി. ആരെയൊക്കെ വിളിക്കാമോ അവരെയെല്ലാം വിളിച്ച് ടിക്കറ്റിന്​ തീവ്രശ്രമം തുടങ്ങി. ഫോണുകൾ നിലയ്ക്കാതെ പ്രവർത്തിച്ചിട്ടും യാതൊരു ഫലവുമില്ല. വിഷയം അതീവ സങ്കീർണമാണെന്ന് എല്ലാവർക്കും ബോധ്യമായി. ഇതിനിടെ, ആഴ്ചയിൽ നാല് ഫ്‌ളൈറ്റുകളിലെ മുഴുവൻ സീറ്റുകളും ആർമി മുൻകൂട്ടി ബുക്ക് ചെയ്ത് കൈയിൽ വാങ്ങി വെയ്ക്കാറുണ്ടെന്നും, അതിൽ ചിലപ്പോൾ ഒഴിവുണ്ടാകുമെന്നും, ശ്രമിച്ചാൽ കിട്ടുമെന്നും ലിമോ പറഞ്ഞു.

ഉടനെ ഞങ്ങൾ ലെയിലെ കമാൻണ്ടിങ് ഓഫീസറെ പോയി കണ്ടു. അദ്ദേഹം പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ഇതായിരുന്നു. തണുപ്പ് കാരണം ലേയിൽ നിന്ന് നാട്ടുകാരൊഴികെ എല്ലാവരും ഒഴിഞ്ഞു പോകുന്ന സമയമാണ്. അതിൽ സൈനികരുടെ കുടുംബങ്ങളും അതിർത്തി മേഖലയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന സൈനികരും ഉണ്ട്. അവർക്ക് വേണ്ടിയാണ് സൈന്യം സീറ്റുകൾ മുൻകൂട്ടി വാങ്ങി വെയ്ക്കുന്നത്. എന്ന് ഒഴിവുണ്ടാകുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. മാത്രമല്ല ഒഴിവ് വന്നാൽ തന്നെ ആ സീറ്റുകൾ തദ്ദേശീയരായ ലദ്ദാക്കികൾക്ക് മാത്രമേ നൽകാൻ പറ്റൂ. അതാണ് നിയമം. എന്തായാലും രണ്ട് ദിവസം കഴിഞ്ഞ് വന്ന് നോക്കാനും അദ്ദേഹം പറഞ്ഞു. പരിഭ്രാന്തമായ മനസ്സുകളിൽ നിന്ന് വിവേകവും, വിശകലന ശക്തിയും, വിപതിധൈര്യവും വളരെ വേഗം പുറത്ത് പോകും. ആ തക്കം നോക്കി, യുക്തിരഹിതവും നിരാശാനിർഭരവുമായ നിരവധി ദുഃസാഹസ ചിന്തകൾ കൂട്ടമായി വന്ന് മനസ്സിൽ കയറി ഇരിക്കും. യാതൊരു പ്രയോഗ സാധ്യതയും ഇല്ലെന്നറിയാമായിട്ടും ഞങ്ങൾ ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ആലോചിച്ചു. മഞ്ഞ് മൂലം അടച്ചിട്ടിരിക്കുന്ന മനാലി റോഡിൽ അറുപത് കിലോമീറ്റർ നടക്കാൻ ആലോചിച്ചു. അങ്ങനെ പലതും ആലോചിച്ചു. എല്ലാത്തിനുമൊടുവിൽ ഒന്നൊന്നായി എല്ലാമുപേക്ഷിച്ച് എല്ലാവരും നിശബ്ദരായി ഇരുന്നു.

അടുത്ത നാലുദിവസം ഞങ്ങൾ കമാൻഡിങ് ഓഫിസിന്റെ വരാന്തയിൽ നിന്ന് മാറാതെ നിന്നു. പരിചയമുള്ള ഏത് മുഖം കണ്ടാലും ഞങ്ങളെവരെ പിന്തുടർന്ന് പരിവേദനം പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങളെക്കണ്ടാൽ ആളുകൾ മാറിപ്പോകാൻ തുടങ്ങി. ഒരു ദിവസം ഒരുദ്യോഗസ്ഥൻ ഞങ്ങളുടെ മാനേജരെ മാറ്റി നിർത്തി എന്തോ കാര്യമായി സംസാരിക്കുന്നത് കണ്ടു. അദ്ദേഹം കരസേനയുടെ പി.ആർ.ഒ ആണ്.

പിറ്റേന്ന് രാവിലെ ലേ യിലെ ഒരു ഫോട്ടോ സ്റ്റുഡിയോ തുറപ്പിച്ച് ഞങ്ങളെല്ലാവരും ഒരോ പാസ്‌പോർട്ട് സൈസ് ഫോട്ടോ എടുത്തു. അക്കാലത്ത് ഡ്രൈവിംഗ് ലൈസൻസ് മാത്രമാണ് ആകെയുള്ള ഐഡി. അതും ആരും ചോദിക്കാറില്ല.
ഫോട്ടോയുമായി ഞങ്ങൾ പോയത് ലേ മുനിസിപ്പൽ ഓഫീസിലേക്കായിരുന്നു. അവിടെ തലേന്ന് കണ്ട പി.ആർ.ഒ ഉണ്ടായിരുന്നു. അയാൾ കാണിച്ച അപേക്ഷാ ഫോമുകളെല്ലാം നേരത്തെ തന്നെ പൂരിപ്പിച്ച് തയാറാക്കി വെച്ചതായിരുന്നു. ഇനി ഫോട്ടോ ഒട്ടിച്ചാൽ മതി. അപേക്ഷകന്റെ പേരിന്റെ സ്ഥാനത്ത് ഒരു ലദ്ദാക്കി പേരും വിലാസവും എഴുതിയിരിക്കുന്നു. ഫോട്ടോയിൽ കാണുന്ന ആളിന്റെ, അതായത് എന്റെ, വ്യാജ പേരും വിലാസവുമാണത്. അത് സാക്ഷ്യപ്പെടുത്തി മുനിസിപ്പാലിറ്റിയുടെ മുദ്രവെച്ച് തരുന്നത് ഒരു ഗസറ്റഡ് ഓഫിസറാണ്. ഈ രേഖ പ്രകാരം ഞാനിപ്പോൾ തദ്ദേശിയനായ ഒരു ലദ്ദാക്കിയാണ്. അതു കൊണ്ടുതന്നെ എനിക്കിപ്പോൾ നിയമപ്രകാരം ആർമിയുടെ വിമാനത്തിൽ ഒഴിവുണ്ടെങ്കിൽ സഞ്ചരിക്കാം. എനിക്ക് മാത്രമല്ല ഞങ്ങൾ അഞ്ചു പേർക്കും അത് ചെയ്യാം. ഇവിടെ പട്ടാളവും പഞ്ചായത്തും വിചാരിച്ചാൽ നടക്കാത്തതൊന്നും ഇല്ല. കള്ളപ്പേരിലുള്ള ഞങ്ങളുടെ സാക്ഷ്യപത്രം യാതൊരു മടിയും കൂടാതെ സ്വീകരിച്ചിട്ട് ഒഴിവ് വരുമ്പോൾ അറിയിക്കാമെന്ന് കമാൻഡിങ് ഓഫിസറും പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയരമുള്ളതും ദുരിതപൂർണവുമായ യുദ്ധഭൂമിയാണ് സിയാച്ചിൻ. അവിടുത്തെ സാധാരണ തണുപ്പ് മൈനസ് മുപ്പതാണ്. വർഷം മുഴുവൻ മഞ്ഞ് മൂടിക്കിടക്കും. ഒരു സൈനികന് കിട്ടാവുന്ന എറ്റവും കഠിനമായ ഡ്യൂട്ടി പോസ്റ്റ് ആണ് സിയാച്ചിൻ.

രണ്ട് ദിവസത്തിനുശേഷം ആദ്യത്തെ ഒഴിവ് വന്നു. ഇന്ന് രണ്ടുപേർക്ക് പോകാം. ഒന്നാമത്തെ അവസരം വിശാലിനാണ്. അത് സംവിധായകനായത് കൊണ്ടല്ല. വിശാലിന്റെ മകന്റെ ജന്മദിനം അടുത്ത ദിവസമായത് കൊണ്ടാണ്. വിശാലിന്റെ കൂടെ വാസിക് ഖാനും കയറിപ്പോയി. ബാക്കിയായ ഞങ്ങൾ മൂന്ന് പേർ, ഞങ്ങളുടെ സ്യൂട്ട് കേസുകൾ റെഡിയാക്കി വെച്ച് അടുത്ത ഒഴിവിനായി കാത്തിരുന്നു. പിറ്റേന്ന് വിണ്ടും രണ്ട് പേർക്ക് സീറ്റ് തരാമെന്ന് പറഞ്ഞു. അപ്പോൾ മൂന്ന് പേരിൽ ഒരാൾ മാത്രം ബാക്കിയാകും. അതാരായിരിക്കും എന്ന ആകാംഷ വിക്രമിന്റെയും സഞ്ജയിന്റയും മുഖത്ത് കണ്ടപ്പോൾ ഞാനത് സ്വയം ഏറ്റെടുത്ത് രാവിലെ രണ്ടു പേരെയും വിമാനത്തിൽ കയറ്റി വിട്ടു. എന്നിട്ട് കമാൻഡിങ് ഓഫീസിന്റെ വരാന്തയിലെ ബെഞ്ചിൽ പോയി മൂന്നാമൂഴത്തിനായി കാത്തിരുന്നു. അടുത്ത ദിവസം എനിക്ക് കിട്ടിയ ആദ്യത്തെ അറിയിപ്പിൽ തന്നെ അപായസൂചന ഉണ്ടായിരുന്നു. ഇനി ഉടനേയൊന്നും ഒഴിവില്ലെന്നും പട്ടാളത്തിന്റെ ഏതെങ്കിലും ചരക്കുവിമാനത്തിൽ ഇടമുണ്ടോയെന്ന് നോക്കാമെന്നും കമാൻഡിങ് ഓഫിസർ പറഞ്ഞു. ചരക്കുവിമാനങ്ങൾക്ക് നിശ്ചിത സമയമില്ല. സീറ്റ് നമ്പറും റിസർവേഷനും ഇല്ല. മാത്രമല്ല നിയമപരമായി യാത്രക്കാരെ കയറ്റാൻ അനുവാദവും ഇല്ല. അതിനാൽ തന്നെ എന്തെങ്കിലും അപകടം ഉണ്ടായാൽ ഇൻഷൂറൻസ് തുടങ്ങിയ നഷ്ടപരിഹാരങ്ങൾ ലഭിക്കുകയുമില്ല. രാവിലെ തന്നെ ഇതുമായി എയർ പോർട്ടിൽ പോയി കാത്ത് നിൽക്കാൻ പറഞ്ഞ് കമാൻഡിങ് ഓഫീസർ എനിക്കൊരു കടലാസ് ഒപ്പിട്ട് സീല് വെച്ച് കൈയിൽ തന്നിട്ട് സിവിൽ എയർപോർട്ടിലല്ല, ആർമിയുടെ കാർഗോ ടെർമിനലിൽ ആണ് പോകേണ്ടത് എന്നും പറഞ്ഞു.

രാവിലെ അഞ്ചര മണിയ്ക്ക് ലിമോ എന്നെ ഒരു മിലിട്ടറി ഗേറ്റിന്റെ മുന്നിൽ ഇറക്കിത്തന്നു. കടലാസ് കാണിച്ചപ്പോൾ അകത്തേക്ക് വരാൻ സെൻട്രി പറഞ്ഞു. ലിമോയോട് യാത്ര പറഞ്ഞ് അകത്തുകയറി. നേരം വെളുത്ത് വരുന്നതേ ഉള്ളൂ. തുറന്ന സ്ഥലമാണ്. പട്ടാളത്തിന്റെ ഹിമവസ്ത്രങ്ങളേപ്പോലെ, ഇവിടുത്തെ മഹാ ശൈത്യത്തിൽ നിന്ന് എന്നെ സംരക്ഷിക്കാൻ എന്റെ സിവിലിയൻ വസ്ത്രങ്ങൾക്കാകുന്നില്ല. കുറച്ചകലെ കണ്ട പെട്ടി പോലെയുള്ള ചെറിയൊരു കെട്ടിടം കാണിച്ച് തന്നിട്ട് അങ്ങോട്ട് ചെല്ലാൻ സെൻട്രി പറഞ്ഞു. അതാണ് ചരക്ക് ടെർമിനലിന്റെ ഫീൽഡ് ഓഫിസ്. അവിടുന്ന് കുറച്ച് മാറി അകലെ ഒരു പഴയ വിമാനം ഒറ്റക്ക് കിടക്കുന്നുണ്ടായിരുന്നു. വിമാനത്തിൽ മുന്നിൽ കണ്ട ഇരുണ്ട നിഴലുകൾ അടുത്ത് ചെന്നപ്പോൾ അക്ഷമരായി വരി നിൽക്കുന്ന ഭടൻമാരായി മാറി. നൂറ് പേരെങ്കിലും കാണണം. എല്ലാവരും ഫുൾകിറ്റും ആയുധങ്ങളും അടക്കമാണ് നിൽക്കുന്നത്. ഞാൻ ടെർമിനലിന്റെ കണ്ണാടി വാതിലിൽ മുട്ടി അകത്ത് കയറി അവിടെയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ ഓഫിസറെ എന്റെ കടലാസ് കാണിച്ചു.
അയാളത് വാങ്ങി നോക്കിയിട്ട് തിരിച്ചു തന്നു. അവിടെ അധികമായി ഉണ്ടായിരുന്ന ഏക ഇരിപ്പിടത്തിൽ ഒരു യുവതി ഒരു കൈക്കുഞ്ഞുമായി ഇരിക്കുന്നുണ്ടായിരുന്നു.
ഞാൻ പുറത്തിറങ്ങി സ്യൂട്ട്‌കേസ് നിലത്ത് കുത്തി നിർത്തി അതിന്റെ പുറത്തിരുന്നു. എയർ ഫീൽഡിനപ്പുറത്തെ കടുംനീലാകാശത്തിന് താഴെ മങ്ങിയ ഓറഞ്ച് നിറമുള്ള മണൽക്കുന്നുകളിൽ വെയിൽ വീണിരിക്കുന്നു. അതിന് മുന്നിൽ നിരനിൽക്കുന്ന സൈനികരെ വ്യക്തമായി കാണാം. കുറച്ച് കഴിഞ്ഞപ്പോൾ അകത്തിരുന്ന യുവതി കുഞ്ഞുമായി പുറത്തിറങ്ങി നടന്ന് പോയി. ഓഫിസർ എന്നെ അകത്തേക്ക് വിളിച്ചു. അത് തന്റെ ഭാര്യയും കുഞ്ഞുമാണെന്നും മൂന്ന് ദിവസമായി ഇവരെ ഒന്ന് നാട്ടിൽ വിടാൻ ശ്രമിച്ചിട്ട് നടക്കുന്നില്ലെന്നും അയാൾ പറഞ്ഞു. ഇദ്ദേഹത്തിന്റെ പേര് നായ്ഡു എന്നാണെന്ന് നെയിം പ്ലേറ്റിൽ കണ്ടു. ഇന്ന് മിക്കവാറും രണ്ട് ഗജരാജ് കാർഗോ ഫ്‌ളൈറ്റുകൾ ഉണ്ടാവുമെന്ന് നായ്ഡു പറഞ്ഞു. IL 76 എന്ന റഷ്യൻ വിമാനത്തിന്റെ ഇന്ത്യൻ പതിപ്പാണ് ഗജരാജ്. ഭീമാകാരന്മാരായ ഇവർക്ക് ടാങ്കുകളും പീരങ്കികളും നാല് വലിയ ട്രക്കുകളും വരെ വഹിച്ച് പറക്കാൻ കഴിയും. എന്നാൽ ഇപ്പോഴിവിടെ അത്തരം പറക്കും ഭീമന്മാരെയൊന്നും കണ്ടില്ല.

വിശാൽ ഭരദ്വാജ്

പട്ടാള ഓഫീസറായ നായിഡുവിന്റെ സ്വന്തം ഭാര്യയ്ക്കും കുഞ്ഞിനും പോലും ഒരു സീറ്റ് കിട്ടാത്ത സാഹചര്യത്തിൽ എന്റെ കാര്യം എന്താകും എന്ന് ആശങ്കിച്ചു. എന്നാൽ കാർഗോ വിമാനത്തിൽ കുഞ്ഞുങ്ങളുമായി യാത്ര അനുവദിക്കാത്തതാണ് പ്രശ്‌നം എന്ന് നായിഡു പറഞ്ഞു. കർത്താർ സിംഗ് എന്നൊരാൾ വരുമെന്നും അദ്ദേഹം തീരുമാനിക്കുന്നത് പോലെയാണ് സീറ്റ് അനുവദിക്കുന്നത് എന്നും പറഞ്ഞിട്ട് കർത്താർ സിംഗ് ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവാണെന്നു കൂടി പറഞ്ഞു. അത് കേട്ടപ്പോൾ ഇനിയൊന്നും പേടിക്കാനില്ല എന്നുഞാൻ തീരുമാനിച്ചു. പുറത്ത് വരിനിൽക്കുന്ന ജവാന്മാരെ ഗ്ലാസ് ജനലിലൂടെ തിരിഞ്ഞു നോക്കിയിട്ട് നായ്ഡു പറഞ്ഞു; ഇവരെല്ലാവരും ആറ് മാസം സിയാച്ചിൻ ഗ്ലേഷ്യറിൽ ഡ്യൂട്ടി കഴിഞ്ഞ് അവധിയിൽ മടങ്ങുന്നവരാണ്​.

ലോകത്തിലെ ഏറ്റവും ഉയരമുള്ളതും ദുരിതപൂർണവുമായ യുദ്ധഭൂമിയാണ് സിയാച്ചിൻ. അവിടുത്തെ സാധാരണ തണുപ്പ് മൈനസ് മുപ്പതാണ്. വർഷം മുഴുവൻ മഞ്ഞ് മൂടിക്കിടക്കും. ഒരു സൈനികന് കിട്ടാവുന്ന എറ്റവും കഠിനമായ ഡ്യൂട്ടി പോസ്റ്റ് ആണ് സിയാച്ചിൻ. അവിടുത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നവരെ ഇവിടെ ലേ വരെ ഹെലികോപ്റ്ററിൽ കൊണ്ടു വരും. എന്നിട്ട് ഇവിടെ നിന്നുവേണം എല്ലാവർക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള സ്വന്തം വീടുകളിലേക്ക് പോകാൻ. വെറും പതിനഞ്ച് ദിവസത്തെ അവധിയാണ് ഈ സൈനികർക്ക് സാധാരണ കിട്ടുന്നത്. അതിനിടയിൽ പോയി വരണം. അതുകൊണ്ടുതന്നെ എത്രയും വേഗം വീട്ടിലെത്തണം. അതിനാദ്യം ചെയ്യേണ്ടത് ലേയിൽ നിന്ന് പുറപ്പെടുന്ന ആദ്യത്തെ വിമാനത്തിൽ എങ്ങനെയെങ്കിലും കയറിപ്പറ്റുക എന്നതാണ്. അത് മാത്രമാണ് ഇവിടെ ഈ കൊടുംതണുപ്പത്ത് അക്ഷമരായി വരി നിൽക്കുന്ന ഓരോ ജവാന്റെയും ഇപ്പോഴത്തെ പരമമായ ലക്ഷ്യം.

ഇപ്പോൾ അവർക്കെന്നെ നന്നായി കാണാം, അവർക്കിടയിൽ യൂണിഫോമില്ലാത്ത ഒരേ ഒരാൾ ഞാനാണ്. വലിയൊരു പെട്ടിയുമായി ഞാനിവിടെ വന്ന് നിൽക്കുന്നത് അവരിലൊരാളുടെ സീറ്റ് അപഹരിക്കാനാണെന്ന് അവർക്ക് കൃത്യമായി അറിയാം.

തലയ്ക്ക് മുകളിൽ ഉച്ചത്തിൽ കേട്ട മുഴക്കം ഒരു ഗജരാജ് IL 76 ന്റെ രൂപത്തിൽ റൺവേയിലേക്ക് ഓടിയിറങ്ങിപ്പോയി. എല്ലാവരും ഒന്നുണർന്നു. സിയാച്ചിൻ സൈനികർ തങ്ങളുടെ ഫ്‌ളൈറ്റ് പാസുകൾ പുറത്തെടുത്ത് തയാറായി നിന്നു.
നായ്ഡു വീണ്ടും പുറത്തേക്ക് നോക്കി അതാണ് കർത്താർ സിംഗ് എന്ന് പറഞ്ഞു. കണ്ടാൽ ആറര അടിയോളം ഉയരവും ഏകദേശം 140 കിലോ ഭാരവുമുള്ള മറ്റൊരു ഗജരാജനായിരുന്നു കർത്താർ സിംഗ്. എന്റെ പാസ് വാങ്ങി നോക്കി, ഈ വിമാനം ഡൽഹിക്ക് പോകുന്നതാണെന്നും ചണ്ഡീഗഢ് വിമാനം ഉച്ചയ്ക്ക് മുൻപ് വരില്ല എന്നും പറഞ്ഞിട്ട് കർത്താർ സിംഗ് സൈനികരുടെ അടുത്തേക്കുപോയി. ഫ്‌ളൈറ്റ് പാസുകൾ ഉയർത്തിപ്പിടിച്ചും വീശിക്കാണിച്ചും ഓരോരുത്തരും കർത്താർ സിംഗിന്റെ ശ്രദ്ധയ്ക്കായി ശ്രമിച്ചു കൊണ്ടിരുന്നു. അയാൾ ആരെയും ശ്രദ്ധിക്കാതെ നടന്നുപോയി. ആരുടെയോ ഒരു പാസ് വാങ്ങി നോക്കി അതിന്റെ ഉടമയോട് ഒരു ഭാഗത്തേക്ക് മാറി നിൽക്കാൻ പറഞ്ഞു. അതോടെ പാസുകൾ നീട്ടിപ്പിടിച്ച് ചിലർ വരി തെറ്റിച്ച് മുന്നോട്ട്​ തള്ളി വരാനും തുടങ്ങി. ഉച്ചത്തിൽ തെറി പറഞ്ഞ്​ കർത്താർ സിംഗ് ആദ്യം കിട്ടിയ ആളിന്റെ മുഖത്തൊരു അടി കൊടുത്തു. ഇനി ആർക്കെങ്കിലും അടി വേണോ എന്നയാൾ ഉച്ചത്തിൽ ചോദിച്ചു. എങ്ങനെയും വീട്ടിലെത്താനുള്ള വെമ്പലിൽ സിയാച്ചിൻ സൈനികർ അമർഷം കടിച്ചമർത്തി നിന്നു. കർത്താർ സിംഗ് അവിടുന്നും ഇവിടുന്നുമായി കുറേ പാസുകൾ കൈയിൽ വാങ്ങിയിട്ട് മറ്റുള്ളവരോട് അടുത്ത വിമാനത്തിനായി കാത്തു നിൽക്കാൻ പറഞ്ഞു. സീറ്റ് നിരസിക്കപ്പെട്ടവരിൽ പലരും അമ്മ മരിച്ചെന്നും കല്യാണമാണെന്നും മറ്റും പറഞ്ഞ് കൈ കൂപ്പി കേണപേക്ഷിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ഒരാൾ എന്തോ കരഞ്ഞ് പറഞ്ഞ് കർത്താർ സിംഗിന്റെ കാലിൽ വീഴാൻ ശ്രമം നടത്തി നോക്കി. കർത്താർ സിംഗ് തന്റെ കാല് കുടഞ്ഞ് മാറ്റി, അയാളെ ഉച്ചത്തിൽ ശകാരിച്ചു. എന്നിട്ട് വീണ്ടും അടുത്ത് ചെന്ന് അയാൾക്ക് ഒരു ചവിട്ടു കൂടി സൗജന്യമായി കൊടുത്തു. ഇദ്ദേഹത്തിന് ഏത് ഇനത്തിലാണ് ഏഷ്യാഡ് സ്വർണം കിട്ടിയതെന്ന് ഞാൻ നായ്ഡുവിനോട് ചോദിച്ചു. കബഡി എന്ന് നായ്ഡു പറഞ്ഞു.

ഡൽഹി വിമാനം പോയി ഉച്ചകഴിഞ്ഞിട്ടും ചണ്ഡീഗഢ്​ വിമാനം കാണുന്നില്ല. ഒടുവിൽ നാല് മണിയോടെ അത് വന്നിറങ്ങി. ഇതും ഗജരാജ് തന്നെ. വിമാനത്തിൽ എല്ലാവർക്കും ഇടം കിട്ടാൻ സാധ്യതയില്ലെന്നും പെട്ടിയുമെടുത്ത് വേഗം അവിടെ പോയി നിൽക്കാനും നായ്ഡു എന്നോടുപറഞ്ഞു. ഞാൻ ധൃതിയിൽ പെട്ടിയുമായി പുറത്തിറങ്ങി മറ്റുള്ളവർ നിൽക്കുന്ന ഭാഗത്തക്ക് ചെന്നിട്ട്, വരി നിൽക്കുന്ന ബാക്കി സൈനികരെ അഭിമുഖീകരിച്ച് നിന്നു.
ഇപ്പോൾ അവർക്കെന്നെ നന്നായി കാണാം, അവർക്കിടയിൽ യൂണിഫോമില്ലാത്ത ഒരേ ഒരാൾ ഞാനാണ്. വലിയൊരു പെട്ടിയുമായി ഞാനിവിടെ വന്ന് നിൽക്കുന്നത് അവരിലൊരാളുടെ സീറ്റ് അപഹരിക്കാനാണെന്ന് അവർക്ക് കൃത്യമായി അറിയാം. തങ്ങൾക്ക് കിട്ടേണ്ട ചെറിയ സൗജന്യങ്ങൾ പോലും, അധികാരികളെ പ്രീതിപ്പെടുത്തി പിൻവാതിൽ വഴി കവർന്നെടുക്കാൻ കാത്തു നിൽക്കുന്ന ദ്രോഹിയാണ് നീയെന്ന് സിയാച്ചിൻ തണുപ്പിൽ വരണ്ടുണങ്ങിയ കരിഞ്ഞ മുഖങ്ങൾ എന്നോട് വിളിച്ചുപറഞ്ഞു. ഞാൻ വേഗം നോട്ടം മാറ്റി.

ലോകത്തിലെ ഏറ്റവും ഉയരമുള്ളതും ദുരിതപൂർണവുമായ യുദ്ധഭൂമിയാണ് സിയാച്ചിൻ. അവിടുത്തെ സാധാരണ തണുപ്പ് മൈനസ് മുപ്പതാണ്. വർഷം മുഴുവൻ മഞ്ഞ് മൂടിക്കിടക്കും. ഒരു സൈനികന് കിട്ടാവുന്ന എറ്റവും കഠിനമായ ഡ്യൂട്ടി പോസ്റ്റ് ആണ് സിയാച്ചിൻ.

എന്റെ ഈ യാത്ര സൗജന്യമാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല.
ഞാനാ സംശയം കർത്താർ സിംഗിനോട് ചോദിച്ചപ്പോൾ ടിക്കറ്റെടുത്തില്ലേ എന്നയാൾ ചോദിച്ചു. ദൂരെയൊരു കെട്ടിടം കാണിച്ചിട്ട്, ബാഗേജ് അവിടെ ഏൽപ്പിച്ച് വേഗം ടിക്കറ്റെടുത്ത് വരാൻ പറഞ്ഞു. പഴയ കാലത്തെ വീലില്ലാത്ത ഭാരിച്ച സ്യൂട്ട് കേസ് താങ്ങിപ്പിടിച്ച് ഈ ദൂരമെല്ലാം നടന്ന് അവിടെച്ചെന്ന് ബാഗേജ് ഏൽപ്പിച്ചപ്പോൾ അത് കൈയിൽത്തന്നെ വെച്ചാൽ മതിയെന്ന് ഒരാൾ പറഞ്ഞു. എന്നു പറഞ്ഞാൽ വിണ്ടും ഈ ദൂരമെല്ലാം ഞാനിത് തിരിച്ച് ചുമക്കണം എന്നർത്ഥം. ടിക്കറ്റിന്റെ കാര്യം ചോദിച്ചപ്പോൾ ഒരു ചെറിയ കടലാസ് തന്നിട്ട് ഒരു രൂപ എന്നയാൾ പറഞ്ഞു. വിശ്വാസം വരാതെ ടിക്കറ്റിൽ നോക്കിയപ്പോൾ ശരിയാണ്. ഒരു രൂപയാണ് ടിക്കറ്റ് വില.

ചരക്കെല്ലാം കയറ്റിയ ശേഷം ഗജരാജ് യാത്രക്കാരെ കയറ്റിത്തുടങ്ങി. വിമാനത്തിന്റെ പിന്നിൽ നീളത്തിലുള്ള ഒരു റാംപ് വഴി വേണം ഉള്ളിലേക്ക് നടന്നുകയറാൻ. ഇതിലെ തന്നെയാണ് ആവശ്യമുള്ളപ്പോൾ ട്രക്കുകൾ ഓടിച്ചുകയറ്റുന്നതും മറ്റും. വിമാനത്തിനകം നിറയെ വലിയ വലകൾ കൊണ്ട് വരിഞ്ഞുകെട്ടി വെച്ചിരിക്കുന്ന പ്ലാസ്റ്റിക് ചാക്കുകളായിരുന്നു. ബെഞ്ച് പോലെയുള്ള നാലഞ്ച് ചെറിയ സീറ്റുകൾ നിറഞ്ഞു കഴിഞ്ഞു. സീറ്റുകൾക്കൊന്നിനും സീറ്റ് ബെൽറ്റും ഉണ്ടായിരുന്നില്ല. യാത്രക്കാരെ ഉദ്ദേശിച്ച് ഉണ്ടാക്കിയതല്ല എന്ന് വ്യക്തം. ചുറ്റും നോക്കിയപ്പോൾ പലരും ചാക്കുകെട്ടുകളുടെ മുകളിലാണ് ഇരിക്കുന്നത്. ഞാനും സ്യൂട്ട് കേസ് നിലത്ത് വെച്ച്​ ഒരു ചാക്കിന്റെ പുറത്ത് കയറിയിരുന്നു. ചരക്കുവണ്ടിയായത് കൊണ്ടായിരിക്കണം ജനലുകൾ തമ്മിൽ ഒരുപാട് അകലമുണ്ടായിരുന്നു. മാത്രമല്ല അവ തീരെ ചെറുതുമായിരുന്നു.

ക്യാബിന്റെ മേലേ ഭാഗത്തെ സീലിംഗിനടിയിലൂടെ പോകുന്ന എണ്ണമറ്റ പൈപ്പുകളും പല വലിപ്പവും നിറവുമുള്ള ആയിരക്കണക്കിന് കേബിളുകളും ട്യൂബുകളും ഹൈഡ്രോളിക്‌സ് ഉപകരണങ്ങളും ഉൾപ്പെട്ട അതിസങ്കീർണമായ വിമാന നിയന്ത്രണ സംവിധാനങ്ങൾ ഇവിടെ നെടുനീളത്തിൽ തുറന്ന് കിടക്കുകയാണ്. സാധാരണ യാത്രാ വിമാനങ്ങളിൽ ഇതൊക്കെ ഫോൾസ് സീലിംഗ് കൊണ്ട് മറച്ചിരിക്കും. എന്നാൽ ഇവിടെ അതെല്ലാം തുറന്നുകിടക്കുകയാണ് - ഒരു ഭീമൻ തിമിംഗലത്തിന്റെ വയർ കീറി തുറന്നുവെച്ചതുപോലെ. താമസിയാതെ ഗജരാജ് വലിയ ശബ്ദത്തോടെയും അതിലും വലിയ വിറയലോടും കൂടി കുറെ ദൂരം ഓടി പതുക്കെ മുഖമുയർത്തി ഉയരാൻ തുടങ്ങി.
എന്റെ കണ്ണ് വീണ്ടും ഞാനറിയാതെ സീലിംഗിലേക്ക് പോയി. ഇന്ന് ഈ വിമാനത്തിൽ കയറാൻ സാധിക്കാതെ ഏതെങ്കിലും സൈനികൻ ലേ യിൽ പെട്ടു പോയിട്ടുണ്ടാകുമോ എന്ന് ഞാനോർത്തു. അങ്ങനെ ആരെങ്കിലും ബാക്കിയായിട്ടുണ്ടെങ്കിൽ അവരെന്നെ പെട്ടെന്ന് മറക്കാനിടയില്ലല്ലോ എന്നും ഓർത്തു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം


വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

Comments