എത്യോപ്യ, നൈജീരിയ യാത്ര: ആഫ്രിക്ക തന്നെ, പക്ഷെ രണ്ടു വ്യത്യസ്ത ലോകങ്ങൾ

'ആഫ്രിക്കൻ' എന്ന വാക്ക് വാസ്തവത്തിൽ അനുചിതമാണ്. 54 രാജ്യങ്ങളുള്ള ഒരു വൻഭൂഖണ്ഡമാണ് ആഫ്രിക്ക. അവ ഒരേ അച്ചിൽ വാർത്ത ദേശങ്ങളല്ല. ഭാഷാപരമായും സാംസ്കാരികമായും വംശപരമായും പരസ്പരഭിന്നങ്ങളായ, വൈവിധ്യമാർന്ന ചരിത്രപന്ഥാവുകളിലൂടെ കടന്നുവന്ന, രാജ്യങ്ങളാണവ - ഷാജഹാൻ മാടമ്പാട്ട് എഴുതുന്ന എത്യോപ്യ- നൈജീരിയ യാത്ര തുടങ്ങുന്നു.

യാത്രകൾക്ക് ഡിജിറ്റൽ കാലത്ത് എന്തു പ്രസക്തി എന്ന ചോദ്യം ഉയർന്നുവരാറുണ്ട്. നേരിട്ട് കാണുന്നതിനേക്കാൾ മുഴുപ്പിലും മിഴിവിലും വർണാഭമായും കാഴ്ചകൾ കണ്മുന്നിൽ വലിയ സ്‌ക്രീനിൽ അനാവൃതമാവുന്ന കാലത്ത് പണം മുടക്കി സമയം കളഞ്ഞ് ഭൂഖണ്ഡങ്ങൾ താണ്ടുന്നത് വൃഥാ വ്യായാമമല്ലേ എന്ന വാദം ഒറ്റ നോട്ടത്തിൽ ശരിയാണെന്ന് തോന്നാം.

പക്ഷെ യാത്രകൾ ദൃശ്യാനുഭൂതി മാത്രമല്ല പകരുന്നത്. മനുഷ്യരോടും പ്രകൃതിയോടും മൃഗങ്ങളോടും സ്ഥലങ്ങളോടും ജൈവികമായി മുഖാമുഖം സാധ്യമാവുന്നത് യാത്രയിൽ മാത്രമാണ്. യാത്ര കാഴ്ച മാത്രമല്ല, മണവും സ്പർശവും സംവേദനവും സംഭാഷണവും എല്ലാം ഉൾക്കൊള്ളുന്ന ഒരനുഭവസാകല്യമാണ്. പ്രതീതി യാഥാർഥ്യവും അനുഭവയാഥാർഥ്യവും ഒരുപോലെയാണെന്ന തോന്നൽ ജീവിതത്തിന്റെ ജൈവികതയിൽ നിന്ന് മുക്തി നേടി സാങ്കേതികവിദ്യയുടെ കൃത്രിമമാന്ത്രികതയിൽ അഭിരമിക്കുന്ന യാന്ത്രികമനസ്കർക്ക് അനുഭവപ്പെടുന്ന ഒരു ഭ്രമകല്പന മാത്രമാണ്. സാങ്കേതികവിദ്യയുടെ വളർച്ച പ്രായോഗികജീവിതത്തിൽ പ്രയോജനപ്പെടുത്തുമ്പോൾ തന്നെ അതിനപ്പുറമുള്ള വലിയ ലോകത്തോട് ഉൽക്കടമായ താദാത്മ്യം ദുഷ്കരമാവുമ്പോൾ ഒരാൾക്ക് നഷ്ടപ്പെടുന്നത് ജീവിതകാമനയുടെ സുഖദമായ ഉൾപ്പുളകങ്ങളാണ്. യാത്രകൾ വാസ്തവത്തോടുള്ള ഏറ്റവും സമഗ്രമായ അഭിമുഖീകരണമാണ് - വായനയിലോ സിനിമ കാണുന്നതിലോ ഒരിക്കലും ലഭിക്കാത്ത ഒരു നേർക്കുനേർ അഭിമുഖീകരണം.

ചെറുതും വലുതുമായ യാത്രകളാണ് എന്നെ ജീവിതത്തിൽ ഏറ്റവും ആഹ്‌ളാദിപ്പിച്ച അനുഭവങ്ങൾ. യാത്ര ചെയ്യാതെ കൂമ്പാരം കൂട്ടി വച്ചിരുന്നെങ്കിൽ പലർക്കും - ഞാനടക്കം - ധനസുരക്ഷ ഉറപ്പായേനെ, പക്ഷെ എന്തുമാത്രം ദരിദ്രമായിരിക്കും അവരുടെ ആന്തരലോകം! ഇത്രകാലം എത്രയോ ദൂരം എത്രയോ സ്ഥലങ്ങളിലേക്ക് നിരന്തരപ്രയാണം നടത്തിയിട്ടും വിശാലമായ ലോകം ഇനിയും പിടിതരാതെ ദുരൂഹമായി അവശേഷിക്കുന്നു. ആ ശൂന്യതയെ കുറച്ചെങ്കിലും നികത്താനുള്ള മാർഗ്ഗമാണ് യാത്രാവിവരണങ്ങൾ - എഴുത്തായാലും കാഴ്ചയായാലും. എല്ലാം കാണുന്നു കൺനിറയെ എന്നാൽ ഒന്നും അനുഭവിക്കുന്നില്ല എന്ന പാരവശ്യം സൃഷ്ടിക്കുന്ന ഒരു ഹതാശമായ അവസ്ഥയാണ് യാത്രാവിവരണങ്ങൾ നല്കുന്ന അനുഭവം. ആനന്ദത്തിന്റെ തോത് വർധിക്കുന്നതിനനുസരിച്ച്, അനുഭൂതിയുടെ മുറുക്കം കൂടുന്നതിനൊപ്പം, അസൂയയുടെ, കുശുമ്പിന്റെ അളവ് ഉയർന്നു കൊണ്ടിരിക്കുന്ന സ്ഥിതിയാണത്. എനിക്കതേറ്റവും തോന്നിയിട്ടുള്ളത് എഴുത്തുകാരൻ സക്കറിയയോടാണ്.

ഇന്നലെയാണ് (ഏപ്രിൽ 14, 2024) പത്ത് ദിവസത്തെ ഒരാഫ്രിക്കൻ യാത്ര കഴിഞ്ഞ് അബുദാബിയിൽ തിരിച്ചെത്തിയത്. 'ആഫ്രിക്കൻ' എന്ന വാക്ക് വാസ്തവത്തിൽ അനുചിതമാണ്. 54 രാജ്യങ്ങളുള്ള ഒരു വൻഭൂഖണ്ഡമാണ് ആഫ്രിക്ക. അവ ഒരേ അച്ചിൽ വാർത്ത ദേശങ്ങളല്ല. ഭാഷാപരമായും സാംസ്കാരികമായും വംശപരമായും പരസ്പരഭിന്നങ്ങളായ, വൈവിധ്യമാർന്ന ചരിത്രപന്ഥാവുകളിലൂടെ കടന്നുവന്ന, രാജ്യങ്ങളാണവ. അവയിൽ ചില രാജ്യങ്ങൾ തമ്മിൽ മറ്റു പലതിനേക്കാളും സമാനതകളുണ്ട്. എന്നിരുന്നാലും സാമാന്യവൽക്കരണങ്ങൾക്ക് തുനിയുന്നത് ശരിയല്ല. ഇന്ത്യയും ചൈനയും ജപ്പാനും ജോർദാനും ഏഷ്യൻ രാജ്യങ്ങളാണ്. ഇവയെ ഒരേ നുകത്തിൽ കെട്ടിയാൽ ശരിയാവുമോ? അതേ പ്രശ്നം ആഫ്രിക്കയെപ്പറ്റിയും ഉണ്ട്.

മുഅമ്മർ ഗദ്ദാഫിയുടെ വീട്ടിൽ

ഞാനാദ്യം ആഫ്രിക്കയിൽ പോയത് 2006- ലാണ്. മുഅമ്മർ ഗദ്ദാഫി ഭരിച്ചിരുന്ന ലിബിയയിൽ. ഗദ്ദാഫിയുടെ മക്കൾ സെയ്ഫിനെയും ആയിഷയെയും നേരിൽ കാണാൻ അന്നവസരം ലഭിച്ചിരുന്നു. സെയ്ഫ് അദ്ദേഹത്തിന്റെ ഉപദേഷ്ടാവായി ജോലി ചെയ്യണമെന്ന് നിർബന്ധപൂർവ്വം ആവശ്യപ്പെടുകയും ചെയ്തു അന്ന്.

ആറു വർഷം കഴിഞ്ഞു, ഗദ്ദാഫിയുടെ അവഹേളിതമൃതദേഹം മിസ്രാത്തയിലെ ഇറച്ചിക്കടയിൽ ഫ്രിഡ്ജിൽ ജനത്തിന്റെ ശകാരവർഷങ്ങൾക്ക് വിധേയമായി കിടന്നപ്പോൾ ഞാനോർത്തത് സെയ്ഫിന്റെ ജോലിവാഗ്ദാനം സ്വീകരിച്ചിരുന്നുവെങ്കിൽ എനിക്കും ഒരു ശീതീകരണിയുടെ തണുപ്പുള്ള അന്ത്യം ലഭിച്ചേനേ എന്നാണ്.

ആയിഷ ഗദ്ദാഫി, സെയ്ഫ് അല്‍ ഇസ്ലാമി ഗദ്ദാഫി

അന്ന് സെയ്ഫ് സ്ഫുടമായ അറബിയിൽ പറഞ്ഞ വാക്കുകൾ ഇന്നും ഓർമയിലുണ്ട്: "എന്റെ സഹോദരാ, ഒരാഴ്ച കഴിഞ്ഞു തിരിച്ചുപോയാൽ മതിയെങ്കിൽ എന്റെ ഉന്നതശീർഷനായ പിതാവുമായുള്ള (അബി അൽ ശാമിഖ്) അഭിമുഖം ഞാൻ താങ്കൾക്ക് ഉറപ്പായും തരപ്പെടുത്താം’’. ഇതെല്ലം കേട്ട് കൊണ്ട് പുഞ്ചിരി തൂകി അദ്ദേഹത്തിന്റെ സുന്ദരിയായ പെങ്ങൾ ആയിഷ അൽ ഗദ്ദാഫി അടുത്ത് നില്പുണ്ടായിരുന്നു. ഒരു കാലത്ത് സൗന്ദര്യവും ആകർഷകത്വവും മൂലം ഉത്തരാഫ്രിക്കയുടെ ക്ളോഡിയ ഷിഫർ എന്നായിരുന്നു ആയിഷ അറിയപ്പെട്ടിരുന്നത്.

മുഅമ്മർ ഗദ്ദാഫി / Photo: Wikipedia

ലിബിയൻ യാത്രയെക്കുറിച്ച് ഔട്ട്ലുക്ക് വാരികയിൽ പത്ത് കൊല്ലം മുമ്പ് ഒരു യാത്രാക്കുറിപ്പെഴുതിയിരുന്നു. 1986- ൽ അമേരിക്ക ഗദ്ദാഫിയുടെ ബാബ് അൽ അസീസിയയിലെ വീടിന് ബോംബിട്ട് വളർത്തുപുത്രി ഹനയെ കൊല്ലപ്പെടുത്തിയതിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച്, ‘ഇനി ഞാൻ സമാധാനത്തിന് തയ്യാറാണ്’ എന്ന പ്രഖ്യാപനവുമായി മുഅമ്മർ ഗദ്ദാഫി നടത്തിയ സംഗീതനിശയിൽ പങ്കെടുക്കാനാണ് ഞാൻ ട്രിപ്പോളിയിൽ പോയത്.

ബോംബിട്ട വീട് അന്നത്തെ രാത്രി എങ്ങനെയായിരുന്നുവോ അതേ പോലെ നിലനിർത്തിയിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് സംഗീതനിശയ്ക്ക് വേദി ഒരുക്കിയിരിക്കുന്നത്. ഗദ്ദാഫിയുടെ കുസൃതിയും ഗുപ്തമായ പകയും ഇതിൽതന്നെ വ്യക്തം. താൻ സമാധാനത്തിന് വേണ്ടി തന്റെ വീട്ടുമുറ്റത്ത് നടത്തുന്ന സംഗീതവിരുന്ന് കാണുന്ന ആളുകൾ മുഴുവൻ അമേരിക്ക 20 കൊല്ലം മുമ്പ് തന്നോടും തന്റെ കുടുംബത്തോടും ചെയ്തതെന്തെന്ന് ലോകത്തെ വീണ്ടും ഓർമ്മപ്പെടുത്താനുള്ള ആസൂത്രിതപദ്ധതി! അമേരിക്കൻ ജനപ്രിയഗായകനായ ലയണൽ റിച്ചിയും സ്പാനിഷ് ഓപറാ ഗാനാലാപനത്തിലെ ഇതിഹാസമായ ഷൂസെ കരേറാസുമാണ് പാടുന്നത്.

ഒരു യാദൃച്ഛിക യാത്ര വീണ്ടും

ഇത്തവണ ആഫ്രിക്കയിലേക്കൊരു യാത്ര തികച്ചും യാദൃച്ഛികമായി സംഭവിച്ചതാണ്. അടുത്ത സുഹൃത്തായ ഡോ. അൻവർ ആലം ഇപ്പോൾ നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെ നൈൽ സർവകലാശാലയിൽ ഡെപ്യൂട്ടി വൈസ് ചാൻസലറാണ്. നാലു കൊല്ലം മുമ്പ് അന്തർദേശീയപഠനവിഭാഗത്തിൽ അധ്യാപകനായി ചേർന്ന അൻവർ പടിപടിയായി ഉയർന്നു ഇപ്പോൾ 10000-ലധികം വിദ്യാർഥികളുള്ള സ്ഥാപനത്തിന്റെ തലപ്പത്താണ്. ജെ എൻ യു കാലം മുതലുള്ള അടുപ്പമാണ്. എന്റെ ‘ജെ എൻ യുവിലെ ചുവർചിത്രങ്ങളി’ൽ 'കമ്യൂണിസ്റ്റ് പച്ച' എന്ന തലക്കെട്ടിൽ ഒരധ്യായം തന്നെ അൻവറിനെപ്പറ്റി എഴുതിയിട്ടുണ്ട്. അലിഗഡ് മുസ്‍ലിം സർവകലാശാല, ജെ എൻ യു, ജാമിയ മില്ലിയ തുടങ്ങിയ ഇന്ത്യൻ സർവകലാശാലകളിലും തുർക്കി, ജർമ്മനി എന്നിവയടക്കം പല രാജ്യങ്ങളിലും അൻവർ രാഷ്ട്രമീമാംസയും അന്തർദേശീയബന്ധങ്ങളും പഠിപ്പിച്ചിട്ടുണ്ട്. അൻവറിന്റെ പല പുസ്തകങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ "For the Sake of Allah: The Origin, Development and Discourse of The Gulen Movement" തുർക്കിയിലെ ഗുലൻ പ്രസ്ഥാനത്തെക്കുറിച്ചുള്ള ആധികാരികപഠനമാണ്. ഏതാനും വർഷം മുമ്പ് ഡൽഹിയിൽ അതിന്റെ പ്രകാശനം നടന്ന ചടങ്ങിൽ ഞാനും പങ്കെടുത്തിരുന്നു.

ബീഹാറിലെ ഗയയിലാണ് അൻവർ ജനിച്ചതും വളർന്നതും. അൻവറിന്റെ ഭാര്യ സുബിയ വഖാർ ഡൽഹി ജാമിയ മില്ലിയയിൽ ഫിസിയോതെറാപ്പി വിഭാഗത്തിൽ അധ്യാപികയാണ്. വിളിക്കുമ്പോഴൊക്കെ നൈജീരിയ സന്ദർശിക്കാൻ അൻവർ നിർബന്ധിക്കുന്നുണ്ടായിരുന്നു. "വിനോദസഞ്ചാരത്തിനായി നീ നൈജീരിയയിൽ വരാൻ ഒരു സാധ്യതയുമില്ല. നിന്റെ ഓഫിസ്‌ ഔദ്യോഗിക സന്ദർശനത്തിന് നിന്നെ ഇങ്ങോട്ടയക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല. ഞാനിവിടെയുണ്ട് എന്ന ഒരൊറ്റക്കാരണമേ ഒരു നൈജീരിയൻ സന്ദർശനത്തിന് നിനക്കുള്ളൂ," അൻവർ പറഞ്ഞു. ഒടുവിൽ പ്രലോഭനങ്ങളെ നേരിടാനുള്ള ഏകമാർഗ്ഗം കീഴടങ്ങലാണെന്ന യുക്തിയിൽ പെരുന്നാളവധിയ്ക്ക് നൈജീരിയയിൽ പോകാൻ തീരുമാനിച്ചു. രാജ്യം കാണുക എന്നതിനേക്കാൾ രസികനും സ്നേഹധനനുമായ കൂട്ടുകാരനോടൊത്ത് ഏതാനും ദിസവം ചെലവഴിക്കുകയായിരുന്നു മുഖ്യതാല്പര്യം.

ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോഴാണ് അബുജയിലേക്ക് യു എ ഇയിൽ നിന്ന് നേരിട്ട് വിമാനങ്ങളില്ല എന്ന് മനസ്സിലാവുന്നത്. കഴിഞ്ഞ 15 കൊല്ലമായി യാത്രാസംബന്ധമായ സംശയങ്ങൾ വരുമ്പോൾ സഹായം തേടുന്നത് റിഷാലിനോടാണ്. മലയാളിയായ മുഹമ്മദ് റിഷാൽ പി.വി ആണ് എന്റെ ഒറ്റക്കും കുടുംബത്തോടൊപ്പവുമുള്ള മിക്ക യാത്രകളും 'സംവിധാനിക്കു'ന്നത്. വിസ മുതൽ ടിക്കറ്റും ഹോട്ടൽ താമസവും പ്രാദേശിക ഗതാഗതവുമടക്കം എല്ലാം കുറ്റമറ്റ രീതിയിൽ അദ്ദേഹം എപ്പോഴും ശരിയാക്കിത്തന്നിട്ടുണ്ട്. ഏതർദ്ധരാത്രിയിൽ ഒരു പ്രശ്നം വന്നു വിളിച്ചാലും പരിഹാരവുമായി റിഷാൽ വിളിപ്പുറത്തുണ്ടാവും. മുമ്പ് ഒരു വിനോദസഞ്ചാര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന റിഷാൽ ഇപ്പോൾ സ്വന്തമായി 'ട്രാവൽ ഷോപ്പ് ബൈ അരൂഹ' എന്ന കമ്പനി നടത്തുകയാണ് ദുബായിൽ. എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബ വഴി എത്യോപ്യൻ എയർലെൻസ് വിമാനത്തിൽ പോകുന്നതാവും ഏറ്റവും സൗകര്യമെന്നും അങ്ങനെയെങ്കിൽ ആ രാജ്യം കൂടി കാണുന്നത് നന്നാവുമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഡോ. സന്ധ്യയുടെ വീട്ടിൽ 

രണ്ടു രാജ്യത്തേക്കുമുള്ള വിസ ലഭിക്കാൻ ഉടൻ ശ്രമങ്ങൾ ആരംഭിച്ചു. എത്യോപ്യ ഓൺലൈൻ വിസ നൽകുന്നതിനാൽ കാര്യം എളുപ്പം. നൈജീരിയയാകട്ടെ ആരും ഇങ്ങോട്ടു വരണ്ട എന്ന മട്ടിലാണ്. വിസയുടെ ഫീസ് തന്നെ ഒരു പക്ഷെ ലോകത്ത് ഏറ്റവും ഉയർന്ന തുക. സുഹൃത്തും പത്രപ്രവർത്തകനുമായ ബിൻസാൽ അബ്ദുൽഖാദർ നൈജീരിയൻ എംബസ്സിയിലെ പരിചയമുള്ള ഉദ്യോഗസ്ഥരെ വിളിച്ച് സംഗതികൾ എളുപ്പമാക്കി. കോൺഗ്രസ് നേതാവും പൊതുജനാരോഗ്യവിദഗ്ദനുമായ ഡോ. എസ്. എസ്. ലാൽ ഇപ്പോൾ ആഡിസ് അബാബയിൽ പൊതുജനാരോഗ്യമേഖലയിൽ തന്നെ ജോലി ചെയ്യുന്ന, അദ്ദേഹത്തിന്റെ ഭാര്യ ഡോ. സന്ധ്യയെ ബന്ധപ്പെടുത്തിത്തന്നു. അവർ എന്റെ എണ്ണമറ്റ സംശയങ്ങൾക്ക് ഉത്തരം തരികയും പരിചയക്കാരനായ ഒരു ഡ്രൈവറെ ഏർപ്പെടുത്തിത്തരികയും എന്റെ ആഡിസ് അബാബയിലെ ആദ്യ ദിവസം ഏതാനും മലയാളിസുഹൃത്തുക്കളോടൊപ്പം ഹൃദ്യമായ ഒരു ഭക്ഷണ സംഭാഷണസമാഗമം ഒരുക്കുകയും ചെയ്തു.

എത്യോപ്യയിലെ ആദ്യ ദിവസം

ഏപ്രിൽ നാലിന് രാവിലെ ആഡിസ് അബാബയിൽ ചെന്നിറങ്ങി. നേരിയ തണുപ്പുള്ള, മഴ ഇപ്പോൾ പെയ്യും എന്ന പ്രതീതി തോന്നിക്കുന്ന കാലാവസ്ഥ. നൈജീരിയ പോലെ അത്ര വലിയ സുരക്ഷാപ്രശ്നങ്ങളില്ലെങ്കിലും പോക്കറ്റടി, പിടിച്ചുപറി തുടങ്ങിയ കലാപരിപാടികൾ സർവത്ര ഉണ്ടെന്ന് ആദ്യമേ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഡോ. സന്ധ്യ ഏർപ്പാടാക്കിയ ഡ്രൈവർ ജോണി പക്ഷെ ആദ്യ കാഴ്ചയിൽ തന്നെ എല്ലാ ആശങ്കകൾക്കും വിരാമമിട്ടു. പ്രസന്നവദനനും മൃദുഭാഷിയുമായ ഒരു മധ്യവയസ്‌കൻ. ആഡിസ് അബാബയിൽ നിന്ന് ഇത്തിരി ദൂരത്താണ് അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമം. വിമാനമിറങ്ങിയത് മുതൽ തിരിച്ച് അബുജയിലേക്ക് വിമാനം കയറുന്നത് വരെ ജോണി സദാ കൂടെയുണ്ടായിരുന്നു - വടക്കൻ എത്യോപ്യയിലേക്ക് പോയ ഒരു ദിവസമൊഴികെ.

അങ്ങേയറ്റം സൗഹൃദത്തോടെ പെരുമാറുമെങ്കിലും പുറത്ത്നിന്ന് വരുന്നവരോട് മുൻവിധിയും ഒട്ടൊരു താൻപോരിമയും സൂക്ഷിക്കുന്ന ആളുകളാണ് എത്യോപ്യക്കാർ എന്നാണ് പൊതുവെ അവിടെ ജീവിക്കുന്ന ഇന്ത്യക്കാരുടെ അനുഭവം. ലോകത്ത് വിദേശികൾക്ക് - ദീർഘകാല പ്രവാസികൾക്കു പോലും - പൗരത്വം ലഭിക്കുക ഏറ്റവും പ്രയാസമുള്ള രാജ്യങ്ങളിലൊന്നാണ് എത്യോപ്യ. അതൊരു പക്ഷെ അന്തർലീനമായ സങ്കുചിത കാഴ്ചപ്പാടിന്റെ നിദർശനമാവാം. പുറത്തുനിന്ന് വരുന്നവരോടുള്ളതിനേക്കാൾ വിദ്വേഷവും വെറുപ്പും രാജ്യത്തെ വിവിധ ഗോത്രവിഭാഗങ്ങൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുവെന്നത് വിചിത്രമാണ്. ഗോത്രീയപ്പക ആഫ്രിക്കയുടെ പൊതുശാപമാണ്. എത്യോപ്യയിൽ കഴിഞ്ഞ പത്ത് കൊല്ലത്തിനുള്ളിൽ ഏഴു ലക്ഷത്തോളമാളുകൾ ഗോത്രവൈരമുണ്ടാക്കിയ സംഘർഷങ്ങളുടെ ഫലമായി കൊല്ലപ്പെട്ടിട്ടുണ്ട്. അധികാരത്തിൽ വന്ന ഉടനെ പ്രോത്സാഹന സമ്മാനമായി നോബൽ സമാധാനപുരസ്കാരം നേടിയ പ്രധാനമന്ത്രി അബി അഹ്മദ് അലി 'പരിഹാരത്തിന്റെയല്ല പ്രശ്നത്തിന്റെ' ഭാഗമാണെന്നാണ് പൊതുവീക്ഷണം. അഹ്മദ് അലി എന്ന് പേരുണ്ടെങ്കിലും ആൾ മുസ്‍ലിം അല്ല, ഓർത്തോഡോക്സ് ക്രിസ്ത്യാനിയാണ്. ഇദ്ദേഹം ഒരു മുസ്‍ലിമാണ് എന്ന് വ്യാപകമായി കരുതപ്പെടുന്നത് കൊണ്ടാണ് ഇത് എടുത്തുപറയുന്നത്. അല്ലാതെ അയാളുടെ ഗുണദോഷങ്ങളും മതസ്വത്വവും തമ്മിൽ ബന്ധമുണ്ടെന്ന് ധ്വനിപ്പിക്കാനല്ല.

അധികാരത്തിൽ വന്ന് വൈകാതെ അതുവരെ തുടർന്നുവന്ന എത്യോപ്യ എരിത്രിയ സംഘർഷത്തിന് അയവുവരുത്താനുള്ള സമാധാനഉടമ്പടി ഒപ്പുവച്ചതാണ് അദ്ദേഹത്തെ പുരസ്‌കാരാർഹനാക്കിയത്. പക്ഷെ ഇരുരാജ്യങ്ങളും തമ്മിലുള്ള (രണ്ടും ദീർഘകാലം ഒന്നായിരുന്നു) ശത്രുത വീണ്ടും ശക്തിപ്പെടുന്നതാണ് ഇപ്പോൾ കാണുന്നത്. ഗോത്രാടിസ്ഥാനത്തിലുള്ള നാനാതലസംഘർങ്ങൾ എത്യോപ്യയെ ഇന്നൊരു സംഗ്രാമഭൂമിയാക്കി മാറ്റിയിട്ടുണ്ട്. ടിഗ്രായ ഗോത്രവും സൈന്യവുമായി നടന്ന രൂക്ഷയുദ്ധം ആറ് ലക്ഷം മരണങ്ങൾക്കും കടുത്ത നാശനഷ്ടങ്ങൾക്കും ലക്ഷങ്ങളുടെ പലായനത്തിനും ശേഷം താൽക്കാലികമായി രണ്ടുകൊല്ലം മുമ്പ് അവസാനിച്ചെങ്കിലും അംഹാര ഗോത്രവും ഒറോമി ഗോത്രവും തമ്മിലും ഇരുകൂട്ടരും എത്യോപ്യൻ സൈന്യവുമായുമൊക്കെ നടക്കുന്ന സംഘർഷങ്ങൾ മൂലം എത്യോപ്യയിൽ യാത്ര ചെയ്യുന്നത് ശ്രദ്ധിച്ചുവേണം. കടുത്ത ദാരിദ്ര്യം സൃഷ്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ അനുദിനം വർദ്ധിക്കുന്ന തോത് വേറെയും. ഇതിനൊക്കെപ്പുറമെ എത്യോപ്യയും എരിത്രിയ, സുഡാൻ, ഈജിപ്ത്, സോമാലിയ തുടങ്ങിയ അയൽരാജ്യങ്ങളും തമ്മിലും പലതലത്തിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട്. ‘ആഫ്രിക്കയുടെ കൊമ്പ്’ (Horn of Africa) എന്നാണ് ഈ പ്രദേശം വിളിക്കപ്പെടുന്നത്. എത്യോപ്യ, സോമാലിയ, എരിത്രിയ, ജിബൂത്തി എന്നിവയാണ് കൊമ്പ് രാജ്യങ്ങൾ. ആഫ്രിക്കയുടെ ഏറ്റവും കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ രാജ്യങ്ങൾ യമനടക്കമുള്ള അറബ് രാജ്യങ്ങളോട് വളരെ സമീപസ്ഥമാണ്. യമനും എത്യോപ്യയും തമ്മിൽ സഹസ്രാബ്ദങ്ങളുടെ വാണിജ്യ രാഷ്ട്രീയ സാംസ്‌കാരികബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്.

ലോകത്തെ ഏറ്റവും പുരാതനരാജ്യങ്ങളിലൊന്നാണ് എത്യോപ്യ. അതുകൊണ്ടുതന്നെ മനുഷ്യചരിത്രത്തിലെ ഒരു മർമ്മസ്ഥലവും. മനുഷ്യന്റെ വാനരസദൃശപൂർവികരിൽപ്പെട്ട ഓസ്ത്രലോപിത്തിക്കസ് അഫറൻസിസ്‌ വംശജരുടെ മൂന്ന് മില്യൺ കൊല്ലം പഴക്കമുള്ള എല്ലവശിഷ്ടങ്ങൾ എത്യോപ്യയിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. നിവർന്നുനിന്ന ആദ്യഹോമോസാപ്പിയൻ വിഭാഗം ഇവരാണെന്നാണ് ശാസ്ത്രമതം. ലൂസിയെന്നു പേരിട്ട ഇവയിലൊന്ന് ആഡിസ് അബാബയിലെ ദേശീയ മ്യൂസിയത്തിൽ കണ്ടു. ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിൽ തന്നെ ക്രിസ്തുമതം എത്യോപ്യയിൽ വേരോടുന്നുണ്ട്. അതായത് ആദ്യമായി ക്രിസ്തുമതം സ്വീകരിച്ച രാജ്യങ്ങളിലൊന്ന്. എത്യോപ്യൻ ഓർത്തഡോക്സ് സഭ ചരിത്രത്തിലെ പ്രഥമകൃസ്ത്യൻസഭകളിൽ അദ്വിതീയമാണ്. റോമാ സാമ്രാജ്യം ക്രിസ്തുമതം സ്വീകരിച്ച് അധികം താമസിയാതെ തന്നെ ആ മതം വേരൂന്നിയ ഒരു രാജ്യം.

ഇസ്‍ലാമിന്റെ ചരിത്രവുമായും ഈ പ്രാചീനദേശത്തിന് ചരിത്രനിർണായകമായ ബന്ധമുണ്ട്. മക്കയിലെ ഖുറൈശികളുടെ പീഡനം സഹിക്കവയ്യാതെ തന്റെ സഹചരരോട് മുഹമ്മദ് നബി നജ്ജാശി ഭരിക്കുന്ന അബ്സീനിയയിലേക്ക് (എത്യോപ്യയുടെ പഴയ നാമം) പലായനം ചെയ്യാനാണ് ആവശ്യപ്പെട്ടത്. നബി പ്രവാചകനായി മൂന്നു കൊല്ലം കഴിയുമ്പോഴായിരുന്നു ആദ്യ ഹിജ്‌റ എന്നറിയപ്പെടുന്ന ഈ പലായനം. മൂന്നാം ഖലീഫ ഉസ്മാൻ ബിൻ അഫ്ഫാനും അദ്ദേഹത്തിന്റെ ഭാര്യ പ്രവാചകപുത്രി റുഖയ്യയുമുൾപ്പെട്ട ഈ സംഘത്തിന് പ്രവാചകൻ 'നീതിമാനെ'ന്ന് വിശേഷിപ്പിച്ച നജ്ജാശി അഭയവും വിശ്വാസസ്വാതന്ത്ര്യവും നൽകി. ചെറുപ്പത്തിൽ നീതിയുടെയും കാരുണ്യത്തിന്റെയും പ്രതീകങ്ങളായി രണ്ടു രാജനാമങ്ങളാണ് സ്ഥിരം കേട്ടിരുന്നത് - സ്‌കൂളിൽ മഹാബലിയുടേതും മദ്രസയിൽ നജ്ജാശിയുടേതും.

നജ്ജാശി ഇസ്‍ലാം സ്വീകരിച്ചുവെന്നും അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ പ്രവാചകൻ അദ്ദേഹത്തിന് വേണ്ടി മയ്യത്ത് നമസ്കാരം നടത്തി എന്നുമാണ് ഇസ്‍ലാമിക സ്രോതസ്സുകൾ അവകാശപ്പെടുന്നത്. അക്കാദമികചരിത്രം പക്ഷെ ഈ അവകാശവാദം അംഗീകരിക്കുന്നില്ല. വില്യം മോണ്ട്ഗോമറി വാട്ട് പോലുള്ള ചില പാശ്ചാത്യചരിത്രകാരന്മാർ പൂർണമായും തള്ളിക്കളയുന്ന ഒരു സംഗതിയാണ് നബിയുടെ കാലത്ത് നടന്നുവെന്ന് പറയുന്ന പലായനം. ഇപ്പോഴത്തെ എത്യോപ്യയും എരിത്രിയയും ഉൾപ്പെട്ട ക്രിസ്ത്യൻ രാജാക്കന്മാർ ഭരിച്ചിരുന്ന പ്രദേശം അക്‌സും രാജ്യമെന്നാണ് അന്നറിയപ്പെട്ടിരുന്നത്. ചരിത്രവസ്തുത എന്തായാലും നജ്ജാശിയുടെ മാതൃക മനുഷ്യാവകാശസംരക്ഷണവും അഭയാർത്ഥിസംരക്ഷണവും ബഹുസ്വര സംസ്കാര പരിരക്ഷണവുമൊക്കെയായി ബന്ധപ്പെട്ടു പ്രാചീനചരിത്രത്തിൽ നിന്നുള്ള ഏറ്റവും ആവേശകരമായ സംഭവമാണ്. അതുകൊണ്ടുതന്നെ അതിന്റെ ചരിത്രപരതയെക്കാൾ പ്രധാനം അതിന്റെ നൈതികമാനങ്ങളാണ്.

അങ്ങേയറ്റം സൗഹൃദത്തോടെ പെരുമാറുമെങ്കിലും പുറത്ത്നിന്ന് വരുന്നവരോട് മുൻവിധിയും ഒട്ടൊരു താൻപോരിമയും സൂക്ഷിക്കുന്ന ആളുകളാണ് എത്യോപ്യക്കാർ

രാവിലെ ഒമ്പത് മണിയോടെ ഹോട്ടലിലെത്തി. വിമാനത്തവാളത്തിൽ നിന്ന് ഹോട്ടൽ വരെയുള്ള വഴി ഒരു ശരാശരി 'മൂന്നാംലോക' രാജ്യത്തിന്റെ സ്ഥിരം കാഴ്ചകളാൽ സമൃദ്ധം. കടുത്ത ദാരിദ്ര്യത്തിന്റെ നാനാലക്ഷണങ്ങൾ, അസമത്വത്തിന്റെ തെരുവുപ്രത്യക്ഷങ്ങൾ, സജീവമായ ക്രയവിക്രയം നടക്കുന്ന വഴിയോരക്കമ്പോളങ്ങൾ, അവയിൽ പ്രലോഭിപ്പിക്കുന്നത്ര 'ഫ്രഷ്' ആയ പച്ചക്കറികളും പലതരം പഴവർഗ്ഗങ്ങളും. ഹോട്ടലിലെത്തി കുളിച്ച് വസ്ത്രം മാറി ഞാൻ പുറത്തെത്തി. ഡ്രൈവർ ജോണിയോട് ആദ്യം തന്നെ ദേശീയ മ്യൂസിയത്തിലേക്ക് പോകാനാവശ്യപ്പെട്ടു. ഒരു മ്യൂസിയം എങ്ങനെ ആകരുത് എന്നതിന്റെ മകുടോദാഹരണമാണ് എത്യോപ്യൻ ദേശീയ മ്യൂസിയം. ചെറുതെങ്കിലും ശ്രദ്ധേയമായ ചരിത്ര പൈതൃകാവശിഷ്ടങ്ങൾ ധാരാളം. പക്ഷെ മിക്കവയ്ക്കും അടിക്കുറിപ്പുകളോ വിശദീകരണങ്ങളോ ഇല്ല. ഓരോന്നിന്റെയും കാലവും സന്ദർഭവും സന്ദർശകർ കണക്കുകൂട്ടണം! അറബ് ചരിത്രത്തോട് സവിശേഷ താല്പര്യമുള്ളതിനാൽ അറേബ്യൻ പെനിൻസുലയും അബ്സീനിയയും തമ്മിലുള്ള ആഴമുള്ള ബന്ധങ്ങൾ പ്രദർശിപ്പിക്കുന്ന ഭാഗത്താണ് ഞാൻ സമയത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത്.

അറബിയിലുള്ള പല ശിലാലിഖിതങ്ങളും വായിച്ചെടുക്കാൻ ശ്രമം നടത്തി നോക്കി. മറ്റു ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രാചീന അറബിയും ആധുനിക അറബിയും തമ്മിൽ വ്യത്യാസം കുറവാണ്. ഭാഷ അറിയുമെങ്കിൽ രണ്ടും ഏറെക്കുറെ ബുദ്ധിമുട്ടില്ലാതെ വായിക്കാം. വ്യാകരണവും വാചകഘടനയും സദൃശം; ഇപ്പോൾ ഉപയോഗത്തിലില്ലാത്ത ചില പദങ്ങളും ഒരല്പം മിനക്കെട്ടാൽ മനസ്സിലാവുന്ന ലിപിവ്യത്യാസങ്ങളും മാത്രമാണ് വ്യതിരിക്തം. ഡിജിറ്റൽ കാലത്ത് അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പരിചയമില്ലാത്ത ചില വാക്കുകൾ ഗൂഗിളിൽ പരിശോധിച്ച് സംശയനിവാരണം വരുത്തി. ഒറ്റക്ക് യാത്ര ചെയ്യുന്നതിന്റെ ഒരു ഗുണം ഇത്തരം കാര്യങ്ങളിൽ യഥേഷ്‌ഠം സമയം വിനിയോഗിക്കാമെന്നതാണ്. കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ കൂടെ പോകുമ്പോൾ അവരുടെ താല്പര്യങ്ങൾ കൂടി പരിഗണിച്ചല്ലേ പറ്റൂ.

ഏതാനും മണിക്കൂറുകൾ ഏറ്റവും ഉപകാരപ്രദമായി തോന്നിയ ഒരു കാര്യത്തിന് ചെലവഴിച്ചതിന്റെ ചാരിതാർഥ്യത്തോടെ മ്യൂസിയത്തിൽനിന്ന് പുറത്തിറങ്ങി. വിശപ്പ് കഠിനമായി തുടങ്ങിയിരുന്നു. കയ്യിലാണെങ്കിൽ പ്രാദേശികകറൻസി ഒട്ടുമില്ല. ജോണിയോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "ശരിയായ വഴിയിൽ പോയാൽ ഒരു ഡോളറിന് 55 ബിർ മാത്രമേ കിട്ടൂ. കരിഞ്ചന്തയിൽ അതിന്റെ ഇരട്ടി ലഭിക്കും."

"കിട്ടുന്നത് കള്ളനോട്ടാണെങ്കിലോ?," ഞാൻ ചോദിച്ചു. ഒടുവിൽ അദ്ദേഹത്തിന് ഉറപ്പുള്ള ഒരു കരിഞ്ചന്തക്കാരന്റെ അടുത്ത് പോയി ഒരു ഡോളറിന് 110 ബിർ വച്ച് കുറച്ച് പണം കൈമാറി. ബിർ ആണ് എത്യോപ്യയുടെ ഔദ്യോഗികകറൻസി. പുരാതനഭാഷയായ ഗീസിലും (ഇപ്പോൾ ഓർത്തോഡോക്സ് മതാനുഷ്ടാനങ്ങളിൽ മാത്രമാണ് ഈ മൊഴി ഉപയോഗത്തിലുള്ളത്) അംഹാരിക്കിലും വെള്ളി എന്നാണ് ഈ വാക്കിന്റെ വിവക്ഷ. അറബിയിൽ നന്മ എന്നാണ് ഈ വാക്കിനർത്ഥം. ഇവ തമ്മിൽ ഭാഷാപരമായ ചരിത്രസാജാത്യങ്ങൾ ഉണ്ടോ എന്നറിയില്ല. ഉണ്ടാവാം പക്ഷെ ഇന്റർനെറ്റിൽ പരതി നോക്കിയെങ്കിലും ഒന്നും കണ്ടില്ല. ഭക്ഷണം കഴിഞ്ഞു ജോണിയോട് നഗരത്തിലൂടെ ഒരോട്ടപ്രദക്ഷിണം നടത്താൻ ആവശ്യപ്പെട്ടു. പ്രധാന ഗവൺമെന്റ് കെട്ടിടങ്ങൾ, ചില ചേരിപ്രദേശങ്ങൾ, ആഡിസ് അബാബയുടെ പ്രധാന ചരിത്രവീഥികൾ എല്ലാം കണ്ടതോടെ ഏകദേശം ഒരു ധാരണ രൂപപ്പെട്ടു. അന്തർദേശീയബാങ്കുകൾ എത്യോപ്യയിൽ ഇല്ലെന്നതും ഇരുചക്രവാഹനങ്ങൾ നഗരത്തിൽ ചില പ്രത്യേകആവശ്യങ്ങൾക്കല്ലാതെ അനുവദിക്കുന്നില്ലെന്നതും ഈ കറക്കത്തിൽ ശ്രദ്ധിച്ചു.

ഡ്രൈവർ ജോണിയുമൊത്ത് ഷാജഹാൻ മാടമ്പാട്ട്

നഗരപ്രദക്ഷിണം കഴിഞ്ഞ് ജോണി എന്നെ എന്റ്റോട്ടോ നാച്ചുറൽ പാർക്കിലേക്ക് കൊണ്ടുപോയി. ആഡിസ് അബാബ നഗരത്തോട് ചേർന്നുകിടക്കുന്ന വിശാലമായ ഒരു മലമ്പ്രദേശത്താണ് മനോഹരമായ ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. എന്റ്റോട്ടോ പർവ്വതത്തിൽ 2600 മീറ്റർ മുതൽ 3100 മീറ്റർ വരെ ഉയരത്തിൽ പരന്ന് കിടക്കുന്ന, കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ, പ്രകൃതിയുടെ ഈ വരദാനം പക്ഷെ ഏകാന്തപഥികർക്കുള്ളതല്ല. കിലോമീറ്ററുകളോളം നീണ്ടുവിടർന്നു കിടക്കുന്ന പാർക്കിൽ ഒറ്റക്ക് ഒരുപാട് സമയം ചെലവഴിക്കാനുള്ള മനസികാവസ്ഥയിലായിരുന്നില്ല ഞാൻ. ഒന്നാമത് ആളുകൾ കുറവായിരുന്നതിനാൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ. രണ്ടാമത് ഒറ്റക്ക് ദീർഘദൂരം നടക്കാനുള്ള മടി. കുറച്ച് സമയം നടന്നപ്പോഴേക്കും പ്രകൃതി ദ്ര്യശ്യങ്ങളുടെ ഭംഗിയോടൊപ്പം ഏകാകിയുടെ മടുപ്പും എന്നെ കീഴ്‌പ്പെടുത്തി. അത്തരം ഘട്ടങ്ങളിലാണ് ഒറ്റക്ക് യാത്ര ചെയ്യുന്നതിന്റെ അസൗകര്യം മനസ്സിനെ മഥിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ സഞ്ചാരം അവസാനിപ്പിച്ച് പുറത്തേക്ക് വന്നപ്പോൾ ജോണിയ്ക്ക് നേരിയ അമ്പരപ്പ്, "എന്തുപറ്റി? ഇഷ്ടപ്പെട്ടില്ലേ?"
ഞാൻ പറഞ്ഞു: "വളരെയേറെ ഇഷ്ടപ്പെട്ടു. അതിമനോഹരം. പക്ഷെ ഇതിന്റെ ഭംഗി ശരിക്കാസ്വദിക്കാൻ കൂടെ ആളുകൾ വേണം. ഉള്ളിലേക്കുള്ളിലേക്ക് നടന്നു വഴി തെറ്റിയാലോ? ആരെങ്കിലും ആക്രമിക്കുകയോ കൊള്ളയടിക്കുകയോ ചെയ്താലോ? അടുത്ത തവണ കുടുംബത്തെയും കൂട്ടി വരാം. ജോണി തന്നെ വേണം അന്നും എന്റെ സാരഥിയായി’’.

അവിടെ നിന്ന് നേരെ പോയത് സെന്റ് ജോർജ് കത്തീഡ്രലിലേക്ക്. 15 -ാം നൂറ്റാണ്ടിൽ പണിത ഈ അഷ്ടകോണാകൃതിയിലുള്ള ദേവാലയം എത്യോപ്യൻ ഓർത്തോഡോക്സ് സഭയുടെ പ്രധാനആരാധനാലയങ്ങളിൽ പെട്ടതാണ്. 1937- ൽ ഇറ്റാലിയൻ ഫാസിസ്റ്റുകൾ തീ വച്ച് നശിപ്പിച്ച ഈ ദേവാലയത്തെ പിന്നീട് ഹെയ്‌ലി സലാസി ചക്രവർത്തിയാണ് പുതുക്കിപ്പണിതത്. എത്യോപ്യൻ ഓർത്തോഡോക്സ് ക്രൈസ്തവതയുടെ ആധുനിക ചരിത്രത്തിൽ സലാസിയുടെ കയ്യൊപ്പില്ലാത്ത എന്തെങ്കിലും കാണുക വിരളമാണ്. ഒരേ സമയത്ത് ഓർത്തോഡോക്സ് സഭയുടെ പരമരക്ഷാധികാരി ആയിരിക്കുകയും അതേ സമയം മുസ്‍ലിംകൾ അടക്കമുള്ള എത്യോപ്യയിലെ ഇതരമതവിഭാഗങ്ങൾക്കും മറ്റു ക്രിസ്ത്യൻ സഭകൾക്കും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പൗരതുല്യതയും ഉറപ്പുവരുത്തുകയും ചെയ്ത ഹെയ്‌ലി സലാസി ശ്രദ്ധേയനായ ഒരു ഭരണകർത്താവായിരുന്നു.

സെന്റ് ജോർജ് കത്തീഡ്രലിന് മുന്നിൽ

ഞാൻ എത്യോപ്യയിലുണ്ടായിരുന്ന സമയം മുസ്‍ലിംകളും ക്രിസ്ത്യാനികളും മത്സരിച്ച് നോമ്പ് നോൽക്കുന്ന കാലമായിരുന്നു. മുസ്‍ലിംകൾക്ക് റമദാൻ, ക്രിസ്ത്യാനികൾക്ക് നാൽപ്പത് ദിവസത്തെ ലെൻറ് എന്ന് വിളിക്കുന്ന വ്രതം. ഭക്തിയുടെയും പുണ്യം തേടലിന്റെയും ഈയൊരു അന്തരീക്ഷം പൊതുവിൽ അനുഭവവേദ്യമായിരുന്നു. എത്യോപ്യയിൽ മൂന്നിലൊന്ന് മുസ്‍ലിംകളാണ്. സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ഭക്തിനിർഭരമായ പ്രാർത്ഥനകൾ നടക്കുന്ന സമയത്താണ് ഞാൻ കയറിച്ചെല്ലുന്നത്. ദേവാലയത്തിന് പുറത്തും നൂറുകണക്കിനാളുകൾ ഭക്തിപാരവശ്യത്തോടെ പ്രാർത്ഥനകൾ ചൊല്ലുകയും താളാത്മകമായി ശരീരങ്ങൾ ചലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം സാധാരണക്കാരെ മാത്രമാണ് ഭക്തജനങ്ങളിൽ കണ്ടതെന്നതാണ്. മധ്യവർഗ്ഗ വരേണ്യ വിഭാഗത്തിൽപ്പെട്ട ആരെയും കണ്ടില്ല. അതോ അവരും കീറിയ വസ്ത്രങ്ങളും ദൈന്യഭാവവുമണിഞ്ഞു ദൈവസന്നിധിയിൽ വന്നത് കൊണ്ട് എനിക്ക് തോന്നിയതാണോ? അല്ലെന്നാണ് ജോണി പറഞ്ഞത്. "അവർക്ക് ദൈവം എല്ലാം കൊടുത്തിട്ടുണ്ടല്ലോ. പിന്നെന്തിനവർ പ്രാർത്ഥിക്കണം? ഇല്ലാത്തവർക്കല്ലേ ദൈവത്തിന്റെ അനുഗ്രഹം വേണ്ടത്?" അത് നല്ലൊരു യുക്തിയായി എനിക്ക് തോന്നി! ജിബ്രാൻ ഖലീൽ ജിബ്രാന്റെ ഒരു കൊച്ചുകഥ ഓർമ്മവരികയും ചെയ്തു. മരണത്തിന്റെ മാലാഖ ഒരു രാത്രിയിൽ ഒരു പരമദരിദ്രനായ യുവാവിനെയും അതിസമ്പന്നനായ ഒരു വൃദ്ധനെയും അടുത്ത ലോകത്തേക്ക് കൊണ്ടുപോകാൻ വന്നതും ഇരുവരുടെയും മരണാസന്നപ്രതികരണങ്ങളിൽ ഉള്ള വ്യത്യാസവുമായിരുന്നു ജിബ്രാൻ കഥയുടെ പ്രമേയം. തിരിച്ച് ഹോട്ടലിലെത്തിയപ്പോൾ സൂര്യാസ്തമയം അടുത്തിരുന്നു. ഡോക്ടർ സന്ധ്യയുടെ വീട്ടിലേക്ക് ഡിന്നറിനു പോകാൻ ഏകദേശം സമയമായി. പെട്ടെന്നൊരു കുളിയും കഴിഞ്ഞു ഉടുപ്പ് മാറ്റി അങ്ങോട്ട് പുറപ്പെട്ടു.

ഡോ. സന്ധ്യ ഒരുക്കിയ ഭക്ഷണസംഗമം അവിടെ ജീവിക്കുന്ന മലയാളികളുടെ കാഴ്ചപ്പാടിൽ എത്യോപ്യയെ മനസ്സിലാക്കാൻ സഹായിച്ചു. രണ്ടു മലയാളിദമ്പതികളെയും 35 കൊല്ലമായി അവിടെ പ്രശംസനീയമായ നിലയിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്തുന്ന സിസ്റ്റർ ആശ തോമസിനെയും ഡോക്ടർ സന്ധ്യ ക്ഷണിച്ചുവരുത്തിയിരുന്നു. ചങ്ങനാശ്ശേരി മല്ലപ്പള്ളി സ്വദേശിയായ സിസ്റ്റർ നേറ്റിവിറ്റി ഗേൾസ് സ്കൂൾ എന്ന 2000 ഓളം വിദ്യാർത്ഥിനികൾ പഠിക്കുന്ന സ്ഥാപനത്തിന്റെ പ്രിൻസിപ്പലാണ്. കത്തോലിക്കർ എത്യോപ്യയിൽ ന്യൂനാൽ ന്യൂനപക്ഷമാണ്. മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ. റോസാപുഷ്പങ്ങൾ ലോകത്തെങ്ങും കയറ്റുമതി ചെയ്യുന്ന ആളാണ് സുജിത്ത് ഗോവിന്ദൻ. പുഷ്പവാണിജ്യത്തിൽ ലോകത്ത് മുൻനിരരാജ്യമാണ് എത്യോപ്യ. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ ഷീബയും ഉണ്ടായിരുന്നു സന്ധ്യയുടെ വിരുന്നിൽ. 17 കൊല്ലമായി ആഡിസ് അബാബയിൽ പുഷ്പവ്യവസായം വിജയകരമായി നടത്തുന്ന സുജിത്ത് ഗോവിന്ദൻ തൃശൂർ സ്വദേശിയാണ്. ലോകത്ത് റോസാപുഷ്പങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന നാല് രാജ്യങ്ങൾ മാത്രമാണുള്ളത്. രണ്ടെണ്ണം ആഫ്രിക്കയിലും രണ്ടെണ്ണം ലാറ്റിൻ അമേരിക്കയിലും. അദ്ദേഹത്തിന് എത്യോപ്യയിൽ വലിയ റോസാകൃഷിത്തോട്ടമുണ്ട്. അതിൽ ഉല്പാദിപ്പിക്കുന്ന പുഷ്പങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. സുഗന്ധം പ്രസരിപ്പിക്കുന്ന വാണിജ്യം രസകരമായ ഒരു സംഗതിയായി തോന്നി! ആയുധങ്ങളും വിഷവുമൊക്കെ വിൽക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു കച്ചവടം. ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന സന്ദീപും ഭാര്യ നിമ്മിയുമായിരുന്നു മറ്റു ക്ഷണിതാക്കൾ. സന്ദീപ് എത്യോപ്യൻ മലയാളികളുടെ സാമൂഹ്യ സാംസ്കാരികപ്രവർത്തനങ്ങളിൽ സജീവമാണ്. ഭാര്യ നിമ്മി നല്ലൊരു കലാകാരിയാണ്. അവർ വരച്ച ചില ചിത്രങ്ങൾ കാണാനിടയായി. വരയുടെയും വർണത്തിന്റെയും മർമ്മമറിയുന്ന ഒരു കലാകാരിയുടെ രചനകൾ.

വൈകി ഹോട്ടലിലെത്തി വേഗം സുഷുപ്തി പൂകി. അടുത്ത ദിവസം എത്യോപ്യയുടെ വടക്കൻഭാഗത്തേക്ക് ഒരു യാത്ര ഏർപ്പാട് ചെയ്തിട്ടുണ്ട്. രാവിലെ ഏഴര മണിക്ക് തയ്യാറായി ഹോട്ടലിന് മുന്നിൽ കാത്തുനിൽക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതുവരെ തലസ്ഥാനനഗരം മാത്രമല്ലേ കണ്ടുള്ളൂ. നാളെ നാട്ടിൻപുറങ്ങളും ചെറുപട്ടണങ്ങളും പുരാതനദേവാലയങ്ങളും എല്ലാത്തിനുമുപരി ലോകത്തെ ഏറ്റവും ആഴവും പരപ്പുമുള്ള നൈൽ മലയിടുക്കും കാണാമെന്ന സന്തോഷം. അതോടൊപ്പം ആഭ്യന്തരസംഘർഷം കൊടുമ്പിരി കൊള്ളുന്ന ഒരു രാജ്യത്ത് നഗരം വിട്ട് പുറത്തേക്ക് പോകുന്നത് മൂലം സംഭവിക്കാവുന്ന സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചുള്ള നേരിയ ആശങ്കയും.

(തുടരും)

Comments