കോവിഡ് കാലം സുരക്ഷിതമാക്കാനുള്ള വിമാനയാത്രയിൽ മാസ്‌കിനും, സാനിറ്റൈസറിനും പുറമെ ഫെയ്‌സ് മാസ്‌കും പി.പി.ഇ കിറ്റും അണിഞ്ഞുള്ള മണിക്കൂറുകൾ നീണ്ട യാത്ര അവസാനിച്ചത് നാഗാലാൻറിലെ ദീമാപൂർ വിമാനത്താവളത്തിലാണ്. കോവിഡ് പരിശോധനാഫലം എഴുതിയ കടലാസ് പരിശോധിച്ച ഉദ്യോഗസ്ഥർ പുറത്തേക്ക് വഴി കാണിച്ചുതരുമ്പോൾ കഠിനമായ മൂടൽമഞ്ഞും തണുപ്പും ദീർഘയാത്രയുടെ ക്ഷീണമകറ്റി.
വിമാനത്താവളത്തിന് പുറത്തുകാത്തുനിന്ന നാഗാലാൻറ് സർക്കാരിന്റെ പൊടിപിടിച്ച ബൊലെറൊ ജീപ്പിൽ കയറി മറ്റൊരു നീണ്ടയാത്രക്കായി സുമുഖനായ ഡ്രൈവർ ഖോമോ ക്ഷണിച്ചു. മൂടൽമഞ്ഞിൽ വിദൂരകാഴ്ചകൾ അന്യമായപ്പോൾ ജീപ്പിലിരുന്ന് ആകുന്ന കാഴ്ചകൾ കണ്ട് ഖോമോ തനിക്കറിയാവുന്ന രീതിയിൽ ഓരോന്നും പറഞ്ഞുതന്നു. ഇവിടെനിന്ന് നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് 18 മണിക്കൂർ യാത്രയുണ്ടെന്നും, റോഡ് വളരെ മോശമാണെന്നും ജീപ്പിൽ കയറുന്നതിന് മുമ്പുതന്നെ ഖോമോ ഓർമപ്പെടുത്തിയിരുന്നു.
അടഞ്ഞുകിടക്കുന്ന ദീമാപൂർ പട്ടണകാഴ്ചകൾ കണ്ട് ഏതാനും മിനുട്ടുകൾ യാത്ര ചെയ്ത് നാഗാലാൻറ് ഗേറ്റ് എന്നറിയപ്പെടുന്ന നാഗാലാൻറ് - അസം അതിർത്തിയിലെ പൊലീസ് ചെക്‌പോസ്റ്റിന് മുന്നിലെത്തി. അതിർത്തി ചെക്‌പോസ്റ്റ് കടന്നാൽ നാഗാലാൻറിലെ കിഴക്കൻ പ്രദേശങ്ങളായ മോകോചുങ്ങ്, ടിൻസാങ്, നോക്‌ലാക് കടന്ന് മ്യാൻമാർ അതിർത്തി വരെ ചെല്ലാം. മറ്റൊരു റോഡ് അസമിലേക്കും ഈ ചെക്‌പോസ്റ്റ് കടന്നുപോകുന്നു.
അതിർത്തിയിലെ പൊലീസ് പരിശോധനക്കുശേഷമേ എല്ലാ യാത്രക്കാരെയും കടത്തിവിടൂ. ഇവിടെ നാഗാലാൻറുകാരല്ലാത്തവർക്ക് യാത്ര ചെയ്യണമെങ്കിൽ ഇന്നർലൈൻ പെർമിറ്റ് (ILP) നിർബന്ധമായതുകൊണ്ട്, അതും കാണിച്ചശേഷമാണ് യാത്രാനുമതി കിട്ടിയത്. സർക്കാർ വാഹനം ഇഴഞ്ഞിഴഞ്ഞ് പകുതി ടാറിട്ടതും, പൊട്ടിപൊളിഞ്ഞതുമായ റോഡിലൂടെ മലഞ്ചെരുവുകൾ മാറിമറഞ്ഞ് ഉയരങ്ങൾ കീഴടക്കി മുന്നോട്ടുപോകുമ്പോൾ, തണുപ്പിന്റെ കാഠിന്യത്തിന് കുറവുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട വീടുകൾ എവിടെയും കാണാനില്ല, മലഞ്ചെരുവുകളിലും, മലയുടെ ഉയരങ്ങളിലും താമസിക്കുന്നവരുടെ നൂറ് കണക്കിന് വീടുകൾ.
ഇവിടുത്തെ ജീവിതങ്ങളെക്കുറിച്ച് ഡ്രൈവറോട് സംസാരിച്ച് മുന്നോട്ടുനീങ്ങുമ്പോൾ, റോഡിനിരുവശത്തും ആദിവാസികളായ സ്ത്രീകളും, പുരുഷന്മാരും പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് വ്യത്യസ്തമായ തൊഴിലുകളിൽ വ്യാപൃതരായിരിക്കുന്ന കാഴ്ച പുതുമയുള്ളതായി തോന്നി. ഇടക്കെപ്പോഴോ, ഖോമോ ചായ കുടിക്കാൻ ഒന്ന് രണ്ടിടങ്ങളിൽ ജീപ്പ് നിർത്തി. ഉച്ചക്ക് ഒരു മണിക്കാണ് മോകോചുങ്ങിൽ എത്തേണ്ടത്. അവിടെയാണ് ഉച്ചഭക്ഷണം പറഞ്ഞിരിക്കുന്നതെന്നും ഖോമോ പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പൊടിപാറിച്ച് പരമാവധി വേഗത്തിൽ ഖോമോ ജീപ്പ് ഓടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, വാഹനത്തിന്റെ സ്പീഡ് ഇനിയും കുറച്ചില്ലെങ്കിൽ യാത്ര പകുതിവഴിക്ക് അവസാനിപ്പിക്കേണ്ടിവരും എന്ന് സൂചിപ്പിച്ചതോടെ ജീപ്പിന്റെ വേഗത കുറക്കാൻ ഖോമോ നിർബന്ധിതനായി. ദീമാപൂരിൽ നിന്ന് 6 മണിക്കൂർ യാത്ര ചെയ്ത് മോകോചുങ്ങിൽ എത്തിയപ്പോൾ 58 കി. മീറ്റർ ദൂരം മാത്രമെ പിന്നിട്ടിരുന്നുള്ളൂ.
നാഗാലാൻറിലെ പ്രധാനപ്പെട്ട ആദിവാസി മേഖലയാണ് മോകോചുങ്ങ്. ഇതൊരു ജില്ലാ ആസ്ഥാനമാണ്. ഏതാനും സർക്കാർ ആഫീസുകളും, നൂറ് കണക്കിന് വീടുകളുമുള്ള ഈ മലഞ്ചെരുവിലെ കാഴ്ചകൾ രസാവഹമാണ്. മലഞ്ചെരുവിൽ അട്ടിയിട്ടപോലെ നൂറുകണക്കിന് വീടുകൾ. മണ്ണിളക്കാതെയുള്ള നിർമിതികൾ. അധികവും മരംകൊണ്ടും ടിൻ ഷീറ്റുകൊണ്ടും നിർമ്മിച്ചവയാണ്. എന്നാൽ, തികച്ചും പേടിപ്പെടുത്തുന്ന യാത്രകളാണ് ഈ മലഞ്ചെരുവുകൾ നൽകുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏഴായിരത്തിലധികം അടി ഉയരമുള്ള മോകോചുങ്ങ് "ചാങ്ങ്' വിഭാഗക്കാരായ ആദിവാസികളുടെ പ്രധാന ഊരുമാണ്. ഉച്ചക്ഷഭക്ഷണം കഴിഞ്ഞ് ജീപ്പ് വീണ്ടും ദുർഘടം പിടിച്ച റോഡിലൂടെ, വനത്തിനകത്ത് നിർമിച്ച ചെറിയ പാതകളിലൂടെ കുണ്ടും കുഴികളും കടന്ന് പതുക്കെ യാത്ര തുടർന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഗോത്ര വിഭാഗക്കാർ മാത്രം താമസിക്കുന്ന സംസ്ഥാനമാണ് നാഗാലാൻറ്. നാഗാലാൻറിന്റെ തൊണ്ണൂറ് ശതമാനം പ്രദേശങ്ങളും മലഞ്ചെരുവുകളാണ്. 16 വിഭാഗക്കാരായ ഗോത്രവർഗക്കാരുടെ ആവാസഭൂമിയായ ഇവിടെ ഇനിയും വികസനം കടന്നെത്താത്ത നിരവധി സ്ഥലങ്ങളുണ്ട്. ദീമാപൂർ, കോഹിമ തുടങ്ങിയ സംസ്ഥാന തലസ്ഥാനങ്ങൾ താരതമ്യേന വികസന കാര്യത്തിൽ മുമ്പിലാണെങ്കിൽ നാഗാലാൻറിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഇനിയും വികസനം എന്താണെന്നറിയാതെ കഴിയുകയാണ് ഗോത്രവർഗ സമൂഹം.
ലക്ഷക്കണക്കിന് ആദിവാസികളാണിവിടെ സർക്കാർ സംവിധാനങ്ങളെക്കുറിച്ച് ഇനിയും അറിയാതെ പ്രകൃതിയെമാത്രം ആശ്രയിച്ച് കഴിയുന്നത്. നാഗാലാന്റിലേക്ക് ഇതിനുമുമ്പ് യാത്ര നടത്തിയിട്ടുണ്ടെങ്കിലും, തികച്ചും ഒറ്റപ്പെട്ട, വിദൂരദിക്കിലുള്ള ഗോത്രവർഗക്കാരെക്കുറിച്ചറിയാനുള്ള യാത്ര ആദ്യത്തേതായിരുന്നു. നാഗാലാൻറിലെ കൊഹിമയിൽ എല്ലാ വർഷവും നടക്കാറുള്ള ഹോൺബിൽ ഫെസ്റ്റിവൽ പ്രസിദ്ധമാണ്. രാജ്യത്ത് ഗോത്രവിഭാഗങ്ങൾ മാത്രം പങ്കെടുക്കുന്ന ഇതുപോലെയുള്ള ഉത്സവം എവിടെയുമില്ല.
16 ഗോത്ര വിഭാഗക്കാരുടെ തനതായ പാരമ്പര്യ രീതിയിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം കാണാൻ കിസാമ വില്ലേജിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി പേർ എത്താറുണ്ട്. മുമ്പ് പലപ്പോഴായിഹോൺബിൽ ഫെസ്റ്റിവലിനും, ഈ പ്രദേശത്തുള്ള ഗോത്രവിഭാഗക്കാർ താമസിക്കുന്ന സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ യാത്ര ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ തേടിയുള്ളതായിരുന്നു.
മോകോചുങ്ങിൽ നിന്ന് വനപാതകൾ താണ്ടി ബൊലെറോ ജീപ്പ് ഒരു വശത്തുള്ള അഗാധഗർത്തങ്ങൾ തൊണ്ണൂറ് ഡിഗ്രിയിൽ വളഞ്ഞ് മുകളിലേക്ക് കയറുമ്പോൾ ഒറ്റപ്പെട്ട കൃഷിയിടങ്ങളും, കാട്ടുവാഴകളുടെയും, മലവെള്ളത്തിന്റെ ഒഴുക്കും മനോഹരമായ കാഴ്ചയൊരുക്കും. ഇവിടുത്തെ ആദിവാസികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ വനവിഭവങ്ങൾ കുട്ടകളിലാക്കി കൊണ്ടുപോകുന്നവരെ വഴികളിലെവിടെയും കാണാം. പൂർണമായും വനപ്രദേശമായ ഇവിടെനിന്ന് ആദിവാസികൾ അവർക്കാവശ്യമുള്ള മരങ്ങൾ മുറിച്ച്, വീടുനിർമ്മാണത്തിനും മറ്റുമായി ഉപയോഗിക്കുന്നു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവരെ മരവിപണിയിൽ സജീവമാണ്. ഇതിനുപുറമെ വനത്തിൽ നിന്നും ലഭിക്കുന്ന മറ്റു വിഭവങ്ങൾ ഇവരിലെ സ്ത്രീകൾ ചെറിയ ഷെഡുകളിലിരുന്ന് കച്ചവടം ചെയ്യുന്നതായി കാണാം.
മോകോചുങ്ങ് കഴിഞ്ഞാൽ അടുത്ത പ്രധാനപട്ടണം ടിൻസാങ്ങ് ആണ്. ടിൻസാങ്ങിൽ എത്തുമ്പോൾ പൂർണമായും ഇരുട്ട് പരന്നിരുന്നു. എന്നാൽ വിശാലമായി കിടക്കുന്ന മലഞ്ചെരുവുകളിലെ ആയിരക്കണക്കിന് വീടുകളിൽ നിന്നുള്ള വെളിച്ചം മറ്റൊരു ലോകത്തെ ഓർമ്മപ്പെടുത്തി. ടിൻസാങ്ങ് ജില്ലാ ആസ്ഥാനമാണ്. ഇവിടെയാണ് എല്ലാ സർക്കാർ സംവിധാനങ്ങളും. ബാങ്കും, സ്‌കൂളുകളും, കോളേജും ഇവിടെയുണ്ട്. എല്ലാം പരമ്പരാഗതമായി നിർമിച്ച നാഗാ കരവിരുതുകളുടെ നേർസാക്ഷ്യം. ഒറ്റപ്പെട്ട ബഹുനിലമന്ദിരങ്ങളും, വലിയ ചർച്ചുകളും ഇവിടെയുണ്ട്.
നാഗാലാൻറിലെ കിഴക്കൻ പ്രദേശങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ഗോത്രവർഗക്കാരുടെ സംഗമകേന്ദ്രം കൂടിയാണ് ടിൻസാങ്ങ്. ഇവിടെനിന്നാണ് നാഗാലാന്റിന്റെ മറ്റുപ്രദേശങ്ങളിലേക്ക് വാഹനം ലഭിക്കുക. ബസ് സ്റ്റാന്റ് എന്ന് പേരുണ്ടെങ്കിലും ബസ്സുകൾ ഇല്ല. ജീപ്പുകൾ മാത്രമാണിവിടെ സർവീസ് നടത്തുന്നത്. ഇവിടെനിന്നും ചുരുങ്ങിയത് 15 മുതൽ 24 മണിക്കൂർ വരെ ജീപ്പ് യാത്ര ചെയ്താൽ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയൂ.
ടിൻസാങ്ങിൽ നിന്ന് എനിക്ക് എത്തേണ്ട നോക്‌ലാക്കിലേക്ക് 58 കി.മീറ്റർ യാത്രയുണ്ട്. എന്നാൽ ഇത്രയും ദൂരം പിന്നിടുവാൻ ഇനിയും ആറ് മണിക്കൂർ ജീപ്പിലിരിക്കണമെന്ന് ഡ്രൈവർ ഖോമോ പറഞ്ഞിരുന്നു. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രീതി ആയതുകൊണ്ടുതന്നെ വൈകീട്ടോടെ വിജനമാകുന്ന അങ്ങാടികൾ വെളുപ്പിന് 5.00 മണിക്ക് മുമ്പുതന്നെ സജീവമാകും. ഈ പ്രദേശങ്ങളിൽ അങ്ങാടികൾ ഇല്ലെങ്കിലും മലമുകളിലെ ഗോത്രവിഭാഗക്കാരുടെ സങ്കേതങ്ങൾ (ഗ്രാമങ്ങൾ) വളരെ നേരത്തെ ഉണരുകയും, ഇരുട്ട് പരക്കുന്നതോടെ ഉറക്കത്തിലേക്ക് പോകാറുമാണ് പതിവ്.
സർക്കാർ രേഖകളിൽ പറയുന്ന നാഷണൽ ഹൈവെ 202 എന്ന പൊട്ടിപ്പൊളിഞ്ഞ, കുണ്ടും കുഴിയും ഏറെയുള്ള ടാറിടാത്ത മൺപാതയിലൂടെ കൂരിരിട്ടുള്ള രാത്രിയിലെ തണുപ്പും ആസ്വദിച്ചുള്ള യാത്ര തുടരുന്നതിനിടയിൽ ഇടക്കിടെ കാട്ടുമൃഗങ്ങൾ കാട്ടുപോത്തുകൾ, മാനുകൾ, കൂട്ടമായി ജീപ്പിന് കുറുകെ റോഡ് മുറിച്ച് കടന്നുപോയി. ധാരാളം കാട്ടുമൃഗങ്ങൾ ഇവിടെ ഉണ്ടെന്നും എന്നാൽ ഉപദ്രവകാരികൾ അല്ലെന്നും ഡ്രൈവർ ഖോമോ പറഞ്ഞു. ദൂരെ മലഞ്ചെരുവുകളിൽ നിന്ന് വെളിച്ചം കാണാം. ഉയരംകൂടിയ മലകളുടെ ചരിവുകളിലാണ് ഇവർ കൂട്ടംകൂടി കഴിയുന്നത്. താഴ്‌വരകളിൽ ഇവിടെ ആരും വീടുകൾ നിർമിച്ച് താമസിക്കുന്നില്ല. കൃഷിയിടങ്ങളിലും ആരും ഒറ്റക്ക് താമസിക്കുന്നില്ല.
പരമ്പരാഗത രീതിയിലുള്ള വീടുകളിലാണ് ഇവിടുത്തെ ഗോത്രവർഗക്കാർ ഇന്നും കഴിഞ്ഞുവരുന്നത്. ഓരോ ഗ്രാമത്തിലും നൂറിൽ കുറയാത്ത വീടുകളുണ്ട്. രാത്രിയാകുന്നതോടെ നായാട്ടുസംഘങ്ങൾ തോക്കും, കത്തിയുമായി നടന്ന് നീങ്ങുന്നത് കാണാം. ആദിവാസികളുടെ ഇഷ്ടവിനോദമാണ് നായാട്ട്. രാത്രി സജീവമാകുന്ന നായാട്ട് സംഘങ്ങൾ പിടികൂടുന്ന മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയുടെ മാംസം ഗ്രാമങ്ങളിൽ വിൽപ്പനയ്ക്ക് വക്കാറുണ്ട്. രാവിലെ തുടങ്ങിയ നീണ്ട ജീപ്പ് യാത്ര നോക്‌ലാക്കിലേക്ക് പ്രവേശിച്ചതായി ഡ്രൈവർ പറയുമ്പോൾ 18 മണിക്കൂർ യാത്രയുടെ ക്ഷീണം പറഞ്ഞറിയിക്കാൻ കഴിയാത്തതിലും അധികമായിരുന്നു.
നോക്‌ലാക്ക് പ്രദേശം നാഗാലാന്റിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മേഖലയാണ്. രാജ്യത്തെ ഭരണസംവിധാനങ്ങളെക്കുറിച്ചോ, സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചോ ഇനിയും വേണ്ടരീതിയിൽ മനസ്സിലാക്കിയിട്ടില്ലാത്ത വലിയൊരു ജനസമൂഹം താമസിക്കുന്ന പ്രദേശം. 2017ലാണ് ഈ പ്രദേശത്തെ പുതിയ ജില്ലയുടെ ഗണത്തിൽപ്പെടുത്തിയത്. എന്നാൽ, അതിന്റെ പ്രഖ്യാപനം ഉണ്ടാകുന്നത് ഇപ്പോഴാണ് (ഹോക്‌ലാക്ക് ജില്ലാ പ്രഖ്യാപനത്തിന് സാക്ഷിയാവാൻ വേണ്ടികൂടിയാണ് ഞാൻ ഈ യാത്ര തെരഞ്ഞെടുത്തത്). നാഗാലാന്റിലെ ഗോത്രവിഭാഗക്കാരിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഖൈൻനിംഗം (Khianningam Tribes) ഗോത്രവർഗക്കാരാണിവിടെ താമസിക്കുന്നത്. ഗോത്രവർഗക്കാരല്ലാത്ത ഒരാളും ഇവിടെയില്ല. ഉയരം കൂടിയ മലമുകളിലെ താമസങ്ങളിൽ സംതൃപ്തരായ ഇവർ വിശ്വാസികളാണ്.
ഇവിടങ്ങളിലെ ഏറ്റവും വലിയ കെട്ടിടം ചർച്ചുകളാണ്. മരംകൊണ്ട് നിർമ്മിച്ച് ടിൻഷീറ്റുകൾകൊണ്ട് മേഞ്ഞ വീടുകളാണ് കൂടുതലും. നോക്‌ലാക് ഗ്രാമം വളരെ നീണ്ടുകിടക്കുന്നതാണ്. അതുകൊണ്ടുതന്നെ ചർച്ചിന് പുറമെ ഇവിടെ സ്‌കൂളുകളും, ആശുപത്രി, പോലീസ്, കളക്ടറുടെ ഓഫീസ് തുടങ്ങിയവയുമുണ്ട്. ഇനിയും ഒരു പട്ടണമായി വികസിക്കാത്തതുകൊണ്ട് ഹോട്ടലുകളോ, താമസിക്കാൻ ലോഡ്ജുകളോ ഇവിടെയില്ല. ഏതാനും സ്വകാര്യ വാഹനങ്ങളും, ചുരുക്കം സർക്കാർ വാഹനങ്ങളും മാത്രമേയുള്ളൂ.
പഴയതലമുറയിൽപ്പെട്ടവർ ഇന്നും വനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. പുതിയ തലമുറയിൽപ്പെട്ടവർ പരമാവധി 10-ാം ക്ലാസ് വരെ പഠിച്ച് പഠനം അവസാനിപ്പിക്കുന്നു. വളരെ ചുരുക്കം പേർ മാത്രമേ ഈ ഗ്രാമത്തിൽ നിന്ന് പുറത്തുപോയി പഠിക്കുന്നുള്ളൂ. പ്രത്യേകിച്ച് തൊഴിൽ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ പുതിയ തലമുറക്കാർ അലസരാണ്. വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് കൃഷി. പഠിച്ചവർക്കൊക്കെ സർക്കാർ ജോലി നൽകിയിട്ടുണ്ട്. പൊലീസിലും, മറ്റുവകുപ്പുകളിലുമൊക്കെ ഗോത്രവർഗക്കാർ തന്നെയാണ് കൂടുതലും. വൈദ്യുതി എല്ലായിടത്തും എത്തിയിട്ടുണ്ടെങ്കിലും ടെലിവിഷൻ അപൂർവമാണ്. ദിനപത്രങ്ങളോ, മാധ്യമ ഇടപെടലുകളോ ഇല്ല. വിദൂരപ്രദേശമായതുകൊണ്ടുതന്നെ നോക്‌ലാക്കിലേക്ക് അധികമാരും കടന്നുവരാറില്ല. ഇവിടെനിന്ന് പുറത്തേക്ക് പോകുന്നവരും അപൂർവമാണ്. അതുകൊണ്ടുതന്നെ അപൂർവമായി ഇവിടെ എത്തുന്നവർ നാഗന്മാരുടെ നോട്ടപ്പുള്ളികളായിരിക്കും.
വാഹനസൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടുതന്നെ നോക്‌ലാക് ഗ്രാമത്തിനപ്പുറത്തേക്ക് പോകാൻ മറ്റു വഴികളില്ല. നോക്കിയാൽ കാണുന്ന മലമുകളിലൊക്കെ നാഗന്മാരുടെ ആവാസകേന്ദ്രങ്ങളുണ്ട്. ഓരോ ഗ്രാമങ്ങളിലേക്കും പോകണമെങ്കിൽ നടക്കുകയല്ലാതെ മാർഗമില്ല. അങ്ങനെയാണ് നോക്‌ലാക്കിന്റെ തൊട്ടടുത്ത നാഗാ ഗ്രാമമായ ഹോകിയൻ വില്ലേജ് കാണാൻ പുറപ്പെട്ടത്. ഏറ്റവും ഉയരം കൂടിയ ഹോകിയൻ ഗ്രാമത്തിൽ നിന്ന് നോക്കിയാൽ നിരവധി വില്ലേജുകൾ കാണാം.
ഏറ്റവും ഉയരത്തിൽനിന്ന് മനോഹരമായ കാഴ്ച ആസ്വദിക്കാൻ ഇവിടെ ഗ്രാമീണർ പ്രത്യേക സന്ദർശക ഗ്യാലറിതന്നെ ഒരുക്കിയിട്ടുണ്ട്. നൂറിലധികം വീടുകളുള്ള ഹോകിയൻ ഗ്രാമത്തിലൂടെ നടന്ന് മണിക്കൂറുകൾ ചെലവിട്ട് തിരിച്ചു വരുന്നതിനിടയിലാണ് ഗ്രാമത്തിലെ ഒരിടത്തിരുന്ന് ഒരാൾ കാട്ടിറച്ചി ചെറിയ കമ്പുകളിൽ കോർത്ത് കഷ്ണങ്ങളാക്കി വിൽപ്പനക്ക് വെച്ചത് ശ്രദ്ധയിൽപ്പെട്ടത്. വേട്ടയാടി പിടികൂടിയ കാട്ടുപോത്തിന്റെ മാംസമാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന് വെച്ചിരിക്കുന്നത്. കാട്ടുപോത്തിന്റെ തലയും ഒരു മരക്കമ്പിൽ കുത്തിനിർത്തിയിരിക്കുന്നു. ഒരു കി.ഗ്രാമിന് 240 രൂപയാണ് വില. ഇതിനുപുറമെ മറ്റു കാട്ടുമൃഗങ്ങളുടെ മാംസവും, വ്യത്യസ്തതരം ഇലകളും, ഗ്രാമത്തിനടുത്ത് വിൽക്കാൻ വച്ചിരുന്നു. അടുത്തകാലം വരെ പട്ടിയിറച്ചിയും ഇവിടങ്ങളിൽ ഇങ്ങനെ വിറ്റിരുന്നു. ഇപ്പോൾ ആവശ്യക്കാർ വന്നാൽ പട്ടിയിറച്ചി ലഭിക്കാൻ പ്രയാസമില്ലെന്നും നാഗന്മാർ പറയുന്നു. പട്ടിയും, കാട്ടുപോത്തും, പന്നിയും, പാമ്പുമൊക്കെ നാഗന്മാരുടെ ഇഷ്ടഭക്ഷണങ്ങളാണ്.
നോക്‌ലാക്കിൽനിന്ന് ഏതാനും മണിക്കൂറുകൾ പൊടിപാറുന്ന റോഡിലൂടെ യാത്ര ചെയ്താൽ ഇന്ത്യാ-മ്യാൻമാർ അതിർത്തിയായ ഡാൻ (TAN Village)
വില്ലേജിലെത്താം. നാഗാലാൻറിൽ മ്യാൻമാർ അതിർത്തിയിലുള്ള അവസാനഗ്രാമമാണിത്. ഇവിടെനിന്ന് നോക്കിയാൽ മ്യാൻമാർ ഭാഗത്ത് താമസിക്കുന്ന നാഗന്മാരുടെ ഗ്രാമങ്ങൾ കാണാം. ഇവിടെ അതിർത്തി ചെക്‌പോസ്റ്റിൽ കാര്യമായ അന്വേഷണങ്ങൾ ഇല്ലാത്തതുകൊണ്ട് ആർക്കും എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ തടസമില്ല. വർഷങ്ങൾക്കുമുമ്പ് മ്യാൻമാർ സർക്കാർ നിർമിച്ച ഗസ്റ്റ്ഹൗസും, ഒരു ഇന്റർനാഷണൽ ട്രേഡ് സെന്ററും ഇവിടെയുണ്ട്.
പൊട്ടിപ്പൊളിഞ്ഞ ഷീറ്റുകൾകൊണ്ട് മേഞ്ഞ് ഏതാനും തൂണുകളിൽ മാത്രം ഒതുങ്ങുന്ന ഒരു കെട്ടിടമാണ് ഇവിടുത്തെ ഇന്റർനാഷണൽ ട്രേഡ് സെന്റർ. ഇരു രാജ്യങ്ങളും വർഷങ്ങൾക്കുമുമ്പുവരെ ഇവിടെ വിവിധ രീതിയിലുള്ള ഇടപാടുകൾ നടത്തിയിരുന്നതായി നാഗന്മാർ പറയുന്നു. ഇപ്പോൾ രാജ്യാതിർത്തിയെ സൂചിപ്പിക്കുന്ന ഏതാനും കമ്പിക്കാലുകളും, ഒന്ന് രണ്ട് കല്ലുകളും മാത്രമാണുള്ളത്. ഡാൻ വില്ലേജിനടുത്തായി അസം റൈഫിൾസിന്റെ ചെറിയൊരു പട്ടാളക്യാമ്പും കാണാം.
നോക്‌ലാക്കിൽ നിന്ന് പുറപ്പെട്ടപ്പോൾ ഇന്റർനാഷണൽ ട്രേഡ് സെന്ററിൽ നിന്ന് എന്തെങ്കിലുമൊക്കെ വാങ്ങാം എന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അതിർത്തിയിൽ എത്തിയപ്പോഴാണ് ഇങ്ങനെയും ഇന്റർനാഷണൽ ട്രേഡ് സെന്ററുകൾ രാജ്യത്തുള്ള കാര്യം അറിഞ്ഞത്. കുടിക്കാൻ ഒരിറ്റ് വെള്ളം പോലും വിലകൊടുത്ത് വാങ്ങാനുള്ള ഒരു കടപോലും ഇവിടെയില്ല. നട്ടുച്ചനേരത്തെ ദാഹമകറ്റാൻ ഒടുവിൽ ഒരു നാഗാ വീട്ടിൽ കയറി. വെള്ളവും, ചായയും തന്ന അവർ ഭക്ഷണവും നൽകിയാണ് സ്വീകരിച്ചത്. അതിർത്തിയിലെ ഗസ്റ്റ്ഹൗസിന്റെ കാവൽക്കാരിൽ ഒരാളായ ചോംകാചോലയും ഭാര്യ പോഞ്ഞവും നൽകിയ തനി നാടൻ നാഗാഭക്ഷണം ഈ യാത്രയെ എക്കാലത്തും ഓർമപ്പെടുത്തും.
നാഗാവീടുകളുടെ അകത്തേക്ക് കയറിയാൽ ആദ്യം കാണുന്നത് അടുക്കളയാണ്. വീടുകളിലെ ഏറ്റവും വലിയ മുറി അടുക്കളക്ക് വേണ്ടിയാണവർ മാറ്റിവെച്ചിട്ടുള്ളത്. അടുക്കളക്ക് ചുറ്റും ഇരുന്നാണിവർ ഭക്ഷണം കഴിക്കുന്നത്. തണുപ്പുകാലത്ത് ഒന്നിച്ചിരുന്ന് തീ കായാനുള്ള സൗകര്യവും അടുക്കളകൾക്കുണ്ട്. മാംസമില്ലാതെ ഇവർക്ക് ഭക്ഷണമില്ല. ധാരാളം കാട്ടിറച്ചിയും, ഉണക്കിയ ഇറച്ചിയും പുറമെ ഇലവർഗങ്ങൾ, ചെടികളുടെ വേരുകൾ കൊണ്ടുണ്ടാക്കുന്ന അച്ചാറുകൾ, കറികൾ എന്നിവയും ഭക്ഷണത്തോടൊപ്പം ഉണ്ടാകും. പുഴകളിൽ നിന്ന് പിടിച്ചുകൊണ്ടുവരുന്ന മത്സ്യവും യഥേഷ്ടം. ഇവരുടെ വീടുകളുടെ അടുപ്പിന് മുകളിൽ ഏതെങ്കിലും ഒരു മൃഗത്തിന്റെ തോൽ കെട്ടിതൂക്കിയിട്ടിട്ടുണ്ടാകും. ഇതൊരു വിശ്വാസത്തിന്റെ ഭാഗമായി കാണുന്നവരാണ് നാഗന്മാർ.
കഠിനമായി തണുപ്പിലെ ഒരാഴ്ചക്കാലം നാഗാജീവിതങ്ങളെ അടുത്തറിയാൻ കഴിയുന്നതായിരുന്നു. ഇതിനിടെയാണ് നോക്‌ലാക് ജില്ലാ പ്രഖ്യാപനത്തിനായി നാഗാലാൻറ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ മലഞ്ചെരുവിലെ പൊലീസ് മൈതാനത്ത് പറന്നിറങ്ങിയത്. ആയിരത്തോളം നാഗാപുരുഷന്മാരും, അവരുടെ സ്ത്രീകളും, കുട്ടികളും വട്ടമിട്ടുപറന്ന മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിനെ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. നോക്‌ലാക്കിൽ ആദ്യമായിട്ടെത്തുന്ന മുഖ്യമന്ത്രിയെ അവർ തങ്ങളുടെ പരമ്പരാഗത ഗോത്ര താളങ്ങളോടെയാണ് വരവേറ്റത്.
ഏതാനും മണിക്കൂറുകൾ മുഖ്യമന്ത്രി ഇവിടെ ചെലവഴിച്ച് തിരിച്ചുപോകുന്നതുവരെ നാഗാ സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ഥ ഗോത്രതാളങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളിൽ അവരുടെ മണ്ണിൽ ആടിത്തിമിർത്തു. വിവിധ ഗ്രാമങ്ങളിൽ നിന്നെത്തിയ ഗോത്രവർഗക്കാർ ആടിയും പാടിയും ജില്ലാ പ്രഖ്യാപനത്തെ എതിരേറ്റു. മുഖ്യമന്ത്രിക്കൊപ്പം എത്തിയ ഉദ്യോഗസ്ഥപ്പടയും, പോലീസും ഗോത്രനൃത്തങ്ങളുടെ സൗന്ദര്യം പൂർണമായും ആസ്വദിച്ചു. ചുവപ്പ്, കറുപ്പ്, മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് നല്ല മെയ്‌വഴക്കത്തോടെ വിവിധ ഗ്രൂപ്പുകളിലായി വട്ടമിട്ടും, ചാടിയും, പാടിയും ഇവർ ചുവടുവെക്കുന്ന മനോഹര കാഴ്ച ആദ്യാനുഭവമായി.
തലയിൽ തലപ്പാവണിഞ്ഞ്, കുന്തവും, ആയുധവുമേന്തി നാഗാപുരുഷന്മാർ അവതരിപ്പിച്ച അരുടെ ‘കാട്ടുനൃത്തം' കാണാൻ ഇന്ന് അവിടെത്തന്നെ വരേണ്ടിവരും. ഹോൺബിൽ ഫെസ്റ്റിവൽ പോലും കണ്ടിട്ടില്ലാത്ത, പരമ്പരാഗത നാഗാ ഗോത്രസംസ്‌കാരങ്ങൾക്ക് ഊടുംപാവും നൽകുന്ന, ഒരുപക്ഷേ, അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കലാ ആവിഷ്‌ക്കാരങ്ങൾ അടുത്തറിഞ്ഞ് കാണാൻ അവസരം ലഭിച്ചത് നല്ല അനുഭവമായി.
ജില്ലാ പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്നുയർന്നിട്ടും ഇവരുടെ സന്തോഷം അവസാനിച്ചിരുന്നില്ല. ഏതാനും ചില ഉദ്യോഗസ്ഥരും, അതിഥികളായി എത്തിയവരും ഗോത്രവർഗക്കാർക്കൊപ്പം അവരുടെ ചുവടുകൾക്കൊപ്പം നൃത്തം ചെയ്യാൻ സമയം കണ്ടെത്തി. നോക്‌ലാക്കിലെ തണുപ്പിന് ഒരു കുറവും ഉണ്ടായിരുന്നില്ല. സൂര്യൻ ചാഞ്ഞു തുടങ്ങുന്നതിനുമുമ്പുതന്നെ ഗ്രാമങ്ങളിൽ നിന്ന് വന്നവർ പിരിഞ്ഞുപോകാൻ തുടങ്ങി. ഏതാനും നേരത്തെ മറ്റു കാഴ്ചകളും കണ്ടുനിൽക്കുമ്പോൾ തണുപ്പ് ശരീരത്തെ വരിഞ്ഞുമുറുക്കാൻ തുടങ്ങിയിരുന്നു.
ഇരുട്ട് പരന്നതോടെ, തൊട്ടപ്പുറത്ത് വിറകുകൾ കൂട്ടി കത്തിച്ച് തീകായുന്നവരുടെ കൂടെ ചേർന്ന് തണുപ്പകറ്റാൻ ശ്രമിച്ചെങ്കിലും തണുപ്പിന് കുറവൊന്നും കണ്ടില്ല. ഒരാഴ്ച നീണ്ടുനിന്ന നോക്‌ലാക്ക് കാഴ്ചകൾക്ക് ശേഷം തിരിച്ച് ദിമാപൂരിലേക്കുള്ള 18 മണിക്കൂർ യാത്രക്കായി ഒരു ദിവസം കഴിഞ്ഞ് കലക്ടറുടെ (നാഗാലാന്റിൽ ഡെപ്യൂട്ടി കമീഷണർ) ഓഫീസിൽ നിന്ന് യാത്രാ രേഖകൾ ശരിയാക്കി ഉദ്യോഗസ്ഥരോടും, മറ്റു നാട്ടുകാരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ നോക്‌ലാക്കിലെ ഗോത്രവർഗക്കാരുടെ ആതിഥ്യമര്യാദകളെക്കുറിച്ചും ഇനി നടത്തേണ്ട ദീർഘമായ 18 മണിക്കൂർ യാത്രയെ കുറിച്ചുമൊക്കെ ഓർത്തുപോയി.