പിപ്പിലി എന്ന ഗ്രാമത്തിലെ ‘ഡയമണ്ട് അപ്ലിക്ക്’ കട

സാലബേഗിന്റെ ഖബറിടമുള്ള പുരി, വർണ്ണക്കാഴ്ചകളുടെ പിപ്പിലി

“പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പുരി ജഗന്നാഥ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ്. അതിന്റെ പരിചാരകരിൽ മുസ്ലിംകൾ ഉണ്ടായിരുന്നു എന്നതും ആ പൈതൃകം ഇന്നും തുടരുന്നു എന്നതും അതിശയിപ്പിക്കുന്നതാണ്,” ഒഡീഷയിലെ പുരിയിലൂടെയുള്ള യാത്രാഅനുഭവം എഴുതുന്നു, മുജീബ് റഹ്‌മാൻ കിനാലൂർ.

ഭുവനേശ്വറിൽ നിന്ന് പുരിയിലേക്ക് പോകുന്ന വഴിയിൽ പിപ്പിലി എന്ന പേരിൽ ഒരു ചെറിയ ഗ്രാമമുണ്ട്‌. വർണ്ണക്കാഴ്ചകളുടെ ഗ്രാമം. അവിടുത്തെ കടുംവർണ്ണങ്ങളിലുള്ള കടകൾ കാഴ്ചക്കാരെ പെട്ടെന്ന് ആകർഷിക്കും. ഈ വർണ്ണവിസ്മയത്തിന് പിന്നിൽ അപൂർവ്വമായ ഒരു സാംസ്കാരിക സൗഹൃദത്തിന്റെ കഥയുണ്ട്‌. അത് അടുത്തറിയാനായിരുന്നു പുരി യാത്രക്കിടയിൽ ഞാൻ പിപ്പിലിയിൽ ഇറങ്ങിയത്.

ഗ്രാമത്തിലെ പല കടകൾ ചുറ്റിക്കറങ്ങി, ഒടുവിലാണ് ‘ഡയമണ്ട് അപ്ലിക്ക്’ എന്ന് പേർ എഴുതിയ സാമാന്യം വലിയ ഒരു കടയിലേക്ക് ഞാൻ കയറി ചെന്നത്‌. മുസ്ലിം ഉടമസ്ഥതയിലുള്ള ഒരു കടയായിരുന്നു അത്‌. കടയുടമ ജബ്ബാർ ഖാൻ കടയുടെ മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. നരച്ച താടിയും വെള്ള ജൂബയും തൊപ്പിയും വേഷം. ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. ജബ്ബാർ ഖാൻ സന്തോഷത്തോടെ കൈതന്ന് സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി. പുരിയിൽ സന്ദർശിച്ച് മടങ്ങുന്ന ഭക്തർ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശിൽപ്പങ്ങളും സുവനീറുകളും വാങ്ങാൻ കടയിൽ കൂട്ടമായി വരുന്നുണ്ടായിരുന്നു.

തുണിയിൽ വെട്ടിയെടുത്ത് തുന്നിച്ചേർത്ത ആയിരക്കണക്കിന് മനോഹരങ്ങളായ ചിത്രങ്ങൾ. ഭഗവാൻ ജഗന്നാഥന്റെയും സഹോദരങ്ങളായ ബലഭദ്രന്റെയും സുഭദ്രയുടെയും രൂപങ്ങൾ, രഥയാത്രയ്ക്ക് വേണ്ടിയുള്ള തോരണങ്ങൾ, പുരാണങ്ങളിലെ രംഗങ്ങൾ, ഐതിഹ്യ രൂപങ്ങളായ രാഹുവും ചന്ദ്രനും... അവിടെ വിൽപ്പനക്ക് വെച്ച ഓരോ ഉൽപ്പന്നവും ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പ്രതീകങ്ങളായിരുന്നു.

ജബ്ബാർ ഖാൻ വിവരിച്ചു: "ഈ തൊഴിൽ തലമുറകളായി തുടരുന്നതാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഉപജീവനമാർഗം മാത്രമല്ല പാരമ്പര്യമായി സൂക്ഷിക്കുന്ന മഹത്തായ സേവനം കൂടിയാണ്. ഈ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് ഞങ്ങളുടെ വീടുകളിലെ സ്ത്രീകളാണ്. തുന്നൽ ജോലിയിൽ അവർ അതീവ പ്രാവീണ്യമുള്ളവരാണ്. തങ്ങൾ വിശ്വസിക്കുന്ന മതത്തിന്റെ ചിട്ടകൾ പാലിക്കുമ്പോഴും, ഞങ്ങൾ ചെയ്യുന്ന ഈ കലയെയും തൊഴിലിനെയും ആ വിശ്വാസങ്ങൾ തടസ്സപ്പെടുത്തുന്നില്ല."

പിപ്പിലി ഗ്രാമത്തിന്റെ പേര് ,'പീർ' എന്ന വാക്കിൽ നിന്നാണ് വന്നതെന്ന് കരുതപ്പെടുന്നു. മുഗൾ ഭരണകാലത്ത് അവിടെ താമസിച്ചിരുന്ന മുസ്ലിം പുണ്യാളന്മാരുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്നാണ് വിശ്വാസം. പിപ്പിലിയിലെ മുസ്ലിം സമുദായമാണ് തലമുറകളായി രഥയാത്രയ്ക്കുള്ള അലങ്കാര വസ്തുക്കളും ക്ഷേത്ര ആവശ്യങ്ങൾക്കുള്ള 'ചാന്ദുവ' (അപ്ലിക്) ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നത്‌. പുരി ക്ഷേത്രത്തിലെ സേവകന്മാർക്ക് ഓരോ വിഭാഗത്തിനും ഓരോ ജോലിയുണ്ട്. ഇതിൽ തയ്യലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്ന സേവകരെ 'ദർജി' (തയ്യൽക്കാരൻ) എന്ന് വിളിച്ചിരുന്നു. ഈ ദർജിമാർക്ക്, അവർ ചെയ്യുന്ന സേവനത്തിന് പകരമായി ക്ഷേത്രത്തിലെ നിത്യേനയുള്ള വഴിപാടുകളുടെ ഒരു ഭാഗം ലഭിച്ചിരുന്നുവത്രെ. 'ദർജി' എന്ന വാക്ക് തന്നെ പേർഷ്യൻ/ഉർദു പദമാണ്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പുരി ജഗന്നാഥ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ്. അതിന്റെ പരിചാരകരിൽ മുസ്ലിംകൾ ഉണ്ടായിരുന്നു എന്നതും ആ പൈതൃകം ഇന്നും തുടരുന്നു എന്നതും അതിശയിപ്പിക്കുന്നതാണ്. കൂടുതൽ അന്വേഷിച്ചപ്പോൾ പുരിയുമായി ബന്ധപ്പെട്ട പല പുരാവൃത്തങ്ങളും കേൾക്കാൻ സാധിച്ചു.

പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരമായ രഥയാത്രയിൽ മുസ്ലിംകളുമായി ബന്ധപ്പെട്ട ചില സ്വാധീനങ്ങളും പരോക്ഷമായ പങ്കാളിത്തവും ഇന്നുമുണ്ട്‌. രഥയാത്രയ്ക്ക് ആവശ്യമായ ചാന്ദുവയും കാനോപ്പികളും, തോരണങ്ങളും കുടകളും നിർമ്മിക്കുന്നവരിൽ വലിയൊരു വിഭാഗം പിപ്പിലിയിലെ മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്ന് പറഞ്ഞല്ലോ. അത് മാത്രമല്ല, രഥയാത്രയുടെ ഭാഗമായ ബഹുദാ യാത്രയിൽ (മടക്കയാത്ര) ഭക്തകവിയായ സാല ബേഗിനു വേണ്ടി രഥം കാത്തുനിന്നുവെന്ന ഐതിഹ്യവും നിലനിൽക്കുന്നുണ്ട്‌.

രഥയാത്രയ്ക്ക് ആവശ്യമായ ചാന്ദുവയും കാനോപ്പികളും, തോരണങ്ങളും കുടകളും നിർമ്മിക്കുന്നവരിൽ വലിയൊരു വിഭാഗം പിപ്പിലിയിലെ മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്ന് പറഞ്ഞല്ലോ.
രഥയാത്രയ്ക്ക് ആവശ്യമായ ചാന്ദുവയും കാനോപ്പികളും, തോരണങ്ങളും കുടകളും നിർമ്മിക്കുന്നവരിൽ വലിയൊരു വിഭാഗം പിപ്പിലിയിലെ മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്ന് പറഞ്ഞല്ലോ.

ആരായിരുന്നു സാലബേഗ്‌?

സാല ബേഗ് ഒഡീഷയിലെ ഏറ്റവും പ്രശസ്തനായ ഭക്തകവികളിൽ ഒരാളാണ്. ലാൽ ബേഗ് എന്ന മുഗൾ സൈന്യാധിപനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്‌. അമ്മ, ഫാത്തിമ ബീബി. ഇവർ ദണ്ഡമുകുന്ദപുരിലെ ഒരു ഒഡിയ ബ്രാഹ്മണ സ്ത്രീയായിരുന്നുവെന്നും ലാൽ ബേഗ് ഇവരെ വിവാഹം കഴിക്കുകയായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. മുസ്ലിം പശ്ചാത്തലത്തിൽ വളർന്ന സാല ബേഗ്‌, അമ്മയിൽ നിന്ന് ഹൈന്ദവ പുരാണ കഥകൾ പഠിക്കുകയും ജഗന്നാഥ ഭഗവാന്റെ ഭക്തനാകുകയും ചെയ്യുന്നു. അതിന്ന് പിന്നിൽ രസകരമായ ഒരു ഐതിഹ്യമുണ്ട്‌‌.

യൗവനത്തിൽ പിതാവിനൊപ്പം സൈനിക നീക്കങ്ങളിൽ പങ്കെടുത്ത സാല ബേഗിന് ഒരു യുദ്ധത്തിൽ ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. മരണാസന്നനായ മകനോട് ശ്രീകൃഷ്ണന്റെ നാമം ജപിക്കാൻ അമ്മ ഉപദേശിച്ചു. അമ്മയുടെ ഉപദേശമനുസരിച്ച് സാല ബേഗ് ശ്രീകൃഷ്‌ണനോട് പ്രാർത്ഥിക്കുകയും അത്ഭുതകരമായി സുഖം പ്രാപിക്കുകയും ചെയ്തു. ഈ സംഭവം സാല ബേഗിന്റെ ജീവിതത്തിലെ വഴിത്തിരിവ് ആവുകയും ലോകസുഖങ്ങൾ ഉപേക്ഷിച്ച് അദ്ദേഹം ജഗന്നാഥ ഭക്തനായി മാറുകയും ചെയ്തു. ഭക്തനായ ശേഷം അദ്ദേഹം ജഗന്നാഥനെ കാണാൻ പുരിയിലെത്തിയെങ്കിലും, മുസ്ലിമായതിനാൽ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ചില്ല. നിരാശനാവാതെ അദ്ദേഹം വൃന്ദാവനത്തിലേക്ക് കാൽനടയായി പോയി അവിടെ ഭജനകൾ ആലപിക്കുകയും സന്ന്യാസ ജീവിതം നയിക്കുകയും ചെയ്തു.

രഥയാത്ര സമയമായപ്പോൾ ജഗന്നാഥനെ കാണാനുള്ള തീവ്രമായ ആഗ്രഹത്തോടെ അദ്ദേഹം പുരിയിലേക്ക് മടങ്ങി. യാത്രാമധ്യേ അദ്ദേഹം രോഗബാധിതനായി. കൃത്യ സമയത്ത് എത്തിച്ചേരാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം, തനിക്കായി കാത്തിരിക്കാൻ ജഗന്നാഥനോട് മനമുരുകി അപേക്ഷിച്ച് കൊണ്ട് ഭക്തിഗാനങ്ങൾ ആലപിച്ചു. 1646-ലെ ബഹുദാ യാത്ര (മടക്ക രഥയാത്ര) ദിവസം, ജഗന്നാഥ ഭഗവാന്റെ നന്ദിഘോഷ് എന്ന രഥം ബാലഗണ്ടിയിൽ വെച്ച് മുന്നോട്ട് നീങ്ങാതായി. ആയിരക്കണക്കിന് ഭക്തർ ഒരുമിച്ച് വലിച്ചിട്ടും രഥം ഒരിഞ്ച് പോലും അനങ്ങിയില്ലത്രെ. അങ്ങനെ ഏഴു ദിവസം രഥം അവിടെ നിശ്ചലമായി നിന്നു! ഒടുവിൽ സാല ബേഗ് അവിടെയെത്തി ഭഗവാനെ കണ്ട് വണങ്ങിയ ശേഷം, രഥം മുന്നോട്ട് നീങ്ങി. സാലാബേഗിന്റെ ആത്മാർത്ഥമായ ഭക്തി അറിഞ്ഞ് ഭഗവാൻ കാത്തിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്!‌.

ഇതൊന്നും ചരിത്രമല്ല; പുരാവൃത്തങ്ങൾ മാത്രമാണ്. പക്ഷെ, സാല ബേഗിന്റെ സമാധി ഇപ്പോഴും പുരിയിലെ ഗ്രാൻഡ് റോഡിൽ (ബഡാദണ്ഡ) സ്ഥിതി ചെയ്യുന്നു എന്നത് വാസ്തവമാണ്. മാത്രമല്ല, സാല ബേഗ് രചിച്ച ഭജനകൾ, പ്രത്യേകിച്ച് "അഹേ നീളശൈല" ഇന്നും ഒഡീഷയിലെ ഭക്തിഗാന സാഹിത്യത്തിലെ അമൂല്യ സമ്പത്തും ജഗന്നാഥ ക്ഷേത്രത്തിലെ പ്രഭാത പ്രാർത്ഥനയുടെ ഭാഗവുമാണ്. സാല ബേഗിന്റെ സമാധി സ്ഥലം മുസ്ലിംകൾ ദർഗ ആയി കാണുകയും സന്ദർശിക്കുകയും ചെയ്യുമ്പോൾ, ഹൈന്ദവ ഭക്തർ കൃഷ്ണ ഭക്തന്റെ സമാധി ആയി കണക്കാക്കി ആദരിക്കുന്നു. ഇവിടെ പ്രത്യേകമായ മുസ്ലിം ആരാധനകൾ നടക്കാറുണ്ടെന്ന് ജബ്ബാർ ഖാൻ പറഞ്ഞു.

ഞാൻ പിപ്പിലിയിൽ എത്തിയ ദിവസം ഒരു വെള്ളിയാഴ്ചയായിരുന്നു. ജബ്ബാർ ഖാൻ അടുത്തുള്ള പള്ളിയിലേക്ക് ജുമുഅ നമസ്കാരത്തിന് പുറപ്പെട്ടപ്പോൾ ഞാനും കൂടെ കൂടി. ചെറിയൊരു മുസ്ലിം സമൂഹം ആണെങ്കിലും, അവർ തങ്ങളുടെ പള്ളിയും മഹല്ലും ചിട്ടയോടെ കൊണ്ടുപോകുന്നുണ്ട്‌. നമസ്കാരശേഷം അദ്ദേഹം പള്ളിക്ക് സമീപമുള്ള ഒരു ചെറിയ ഹോട്ടലിൽ നിന്ന് എനിക്ക് ബിരിയാണി വാങ്ങി തന്നു. അന്ന് അദ്ദേഹത്തിന് വ്രതമായിരുന്നതിനാൽ അദ്ദേഹം ഭക്ഷണം കഴിച്ചില്ല. വ്രതമെടുക്കുന്നതിലെ മതനിഷ്ഠയും, അതിഥിയെ ഊട്ടുന്നതിലെ ആതിഥേയ മര്യാദയും അദ്ദേഹത്തിന് ഒരുപോലെ പ്രധാനമായിരുന്നു. രാമായണത്തിലെ ചില കഥാ സന്ദർഭങ്ങൾ മനോഹരമായി തുണിയിൽ വരച്ചുണ്ടാക്കിയ ചില ചിത്രങ്ങൾ അദ്ദേഹം എനിക്ക് സമ്മാനിച്ചു. ആ ചിത്രങ്ങളിലെ സൂക്ഷ്മമായ വരകളും നിറങ്ങളും അതിശയിപ്പിക്കുന്നതായിരുന്നു.

രാമായണത്തിലെ ചില കഥാ സന്ദർഭങ്ങൾ മനോഹരമായി തുണിയിൽ വരച്ചുണ്ടാക്കിയ  ചില ചിത്രങ്ങൾ അദ്ദേഹം എനിക്ക് സമ്മാനിച്ചു. ആ ചിത്രങ്ങളിലെ സൂക്ഷ്മമായ വരകളും നിറങ്ങളും അതിശയിപ്പിക്കുന്നതായിരുന്നു.
രാമായണത്തിലെ ചില കഥാ സന്ദർഭങ്ങൾ മനോഹരമായി തുണിയിൽ വരച്ചുണ്ടാക്കിയ ചില ചിത്രങ്ങൾ അദ്ദേഹം എനിക്ക് സമ്മാനിച്ചു. ആ ചിത്രങ്ങളിലെ സൂക്ഷ്മമായ വരകളും നിറങ്ങളും അതിശയിപ്പിക്കുന്നതായിരുന്നു.

Summary: Mujeeb Rahman Kinalur writes about his travel experiences from Odisha Puri and Pipili village.


മുജീബ് റഹ്​മാൻ കിനാലൂർ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. ഇസ് ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം, പൗരോഹിത്യം വേണ്ട; വക്കം അബ്ദുൽ ഖാദർ മൗലവി എന്നിവ പ്രധാന കൃതികൾ

Comments