ഗുവഹതി

ഒരു മാസം,
അഞ്ച് സംസ്ഥാനങ്ങൾ,
വഴിയിൽ കാണുന്നതെല്ലാം
ഷൂട്ട് ചെയ്ത്…

‘ബിസ്തീർണ പരാറെ’ (‘വിശാല തീരങ്ങളിൽ’): ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്ര തുടരുന്നു.

‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര:
അധ്യായം 11.

▮

  • 1998 ആഗസ്റ്റ് എട്ട്, ശനി.

ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് അഞ്ചു മാസം കഴിഞ്ഞിരിക്കുന്നു. ഇതുവരെ പുതിയ വലിയ പ്രോജെക്റ്റുകളൊന്നും തരമായിട്ടില്ല. സിനിമാ വ്യവസായം അങ്ങനെയാണ്. ജോലിയുള്ളപ്പോൾ വലിയ തിരക്കാവും. ഉണ്ണാനും ഉറങ്ങാനും നേരമില്ലാത്ത തിരക്ക്. ജോലിയില്ലാത്തപ്പോഴോ, വീട്ടിൽ വെറുതെയിരിക്കേണ്ടിവരും. ഭാര്യയും കുട്ടികളുമായി അനാവശ്യമായി വഴക്കുകൂടേണ്ടിവരും. അങ്ങനെയൊരു വൈകുന്നേരമാണ് മുന്നയുടെ ഫോൺ വരുന്നത്: ‘‘കല്പനയ്ക്ക് വളരെ അത്യാവശ്യമായി കാണണം, അടുത്ത ദിവസം രാവിലെത്തന്നെ ഓഫീസിലെത്താമോ?’’- കൂടുതൽ വിവരങ്ങളൊന്നും തരാതെ മുന്ന ഫോൺ കട്ട് ചെയ്തു.

  • 1998 ആഗസ്റ്റ് ഒമ്പത്, ഞായർ.

രാവിലെ തന്നെ ഓഫീസിലെത്തി. വളരെ തിരക്കു പിടിച്ച മുഖഭാവത്തോടെ കല്പന സംസാരിച്ചു തുടങ്ങി:

ബാക്കി അഞ്ചു സംസ്ഥാനങ്ങൾ കൂടി കവർ ചെയ്യണം. മറ്റന്നാൾ തന്നെ പുറപ്പെടണം. മുരളി, അസിസ്റ്റന്റ് മൊഹിന്ദർ, കല്പനയുടെ അസിസ്റ്റന്റ് എന്നിവർക്കായി ബോംബേ – കൽക്കട്ട – ഗുവഹതി ടിക്കറ്റ് ഇപ്പോൾ ബുക്ക് ചെയ്യും. ഗുവഹതിയിൽ നിന്ന് ഒരു ക്യാമറ യൂണിറ്റ് പറഞ്ഞിട്ടുണ്ട്. അവിടെ നിന്ന് ഒരു ജീപ്പിൽ നിങ്ങൾ അഞ്ചു പേർ യാത്ര തുടങ്ങുന്നു. ഒരു മാസം. അഞ്ച് സംസ്ഥാനങ്ങൾ. വഴിയിൽ കാണുന്നതെല്ലാം ഷൂട്ട് ചെയ്യുക. പത്ത് എപിസോഡിനുള്ള മെറ്റീരിയലുമായി വേണം തിരികെയെത്താൻ.

ഇൻഫോർമേഷൻ ഓവർലോഡിൽ നിന്നുണർന്ന് ഞാൻ ചോദിച്ചു; “അപ്പോൾ നിങ്ങൾ വരുന്നില്ലേ?”
“ഇല്ല. ഞാനും ദാദായും വരുന്നില്ല. പകരം എന്റെ അസിസ്റ്റന്റ് സുനന്ദൊ വരുന്നുണ്ട്.”
“പക്ഷേ, ഒരു വണ്ടിയിൽ എങ്ങന്നെ പോകും? അഞ്ചു പേർ, അവരുടെ പേഴ്സണൽ ലഗ്ഗേജ്, എക്യുപ്മെന്റ് എല്ലാം കൂടി?”
“അതു മതി. കുറച്ച് സാധനങ്ങൾ മുകളിൽ കാരിയറിൽ വയ്ക്കാം’’- അതും പറഞ്ഞ് കല്പന മുറിവിട്ടുപോയി.

ഏത് വികാരമാണ് മുന്നിൽ എന്നറിയാതെ ഞാൻ ആ മുറിയിൽ തന്നെയിരുന്നു. ഏഴു സംസ്ഥനങ്ങൾ കാണാൻ പറ്റിയില്ല എന്ന സങ്കടം തീരുന്നു എന്ന സന്തോഷമുണ്ടെങ്കിലും മറ്റെന്തൊക്കെയോ ഉള്ളിൽ കിടന്ന് പുകയുന്നു.

നോർത്ത് ഈസ്റ്റിലെ രീതി കുറെയൊക്കെ എനിക്കിപ്പോൾ അറിയാം. മണിക്കൂറുകളോളം യാത്ര ചെയ്താലും ഒരു മനുഷ്യനെപ്പോലും കാണാൻ പറ്റാത്ത ജനരഹിതമായ ഹൈവേകൾ. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും പുകയുന്ന, ആയുധവൽകരിക്കപ്പെട്ട സംഘർഷങ്ങൾ. ഒരേയൊരു വണ്ടിയുമായുള്ള യാത്ര വളരെ അപകടകരമാണ്. ഇടക്കെവിടെയെങ്കിലും വാഹനം കേടായാൽ ദിവസങ്ങളോളം കുടുങ്ങിപ്പോയി എന്നു വരാം. കുറഞ്ഞപക്ഷം ഒരു വണ്ടി കൂടി വേണം. പക്ഷേ എങ്ങനെ കല്പനയെ പറഞ്ഞു മനസ്സിലാക്കും? ഇക്കാര്യങ്ങളൊന്നും അവർക്കറിയാത്തതല്ലല്ലോ. പ്രോജെക്റ്റ് ഭുപേൻ ദായുടെ പേരിലാണെങ്കിലും പ്രൊഡക്ഷൻ നടത്തുന്നത് കല്പനയാണ്. ബാക്കി പ്രശ്നങ്ങളൊക്കെ വഴിയിൽ പരിഹരിക്കാം. പക്ഷേ ഇത് ഇവിടെ വച്ച് തന്നെ പരിഹരിച്ചേ പറ്റൂ. മുന്നിൽ ഒരു വഴി കാണാനാവാതെ ഞാൻ പുറത്തെ ഇടനാഴിയിലേക്കിറങ്ങി. സ്വല്പം തുറന്നു കിടന്ന വാതിൽപ്പാളികൾക്കിടയിലൂടെ, ആരോടോ സംസാരിച്ചിരിക്കുന്ന ഭുപേൻ ദാ യെ എനിക്കു കാണാം. നിലത്ത് വിരിച്ചിരിക്കുന്ന ഒരു കിടക്കയിലാണ് ഇരിപ്പ്.

ഗുവഹതിയിൽ നിന്ന് പുറപ്പെട്ടിട്ട് ഏതാണ്ട് മൂന്ന് മണിക്കൂറായിരുന്നു. ആ ദിനപത്രത്തിലെ മുൻപേജിലെ ചിത്രം ഞെട്ടിക്കുന്നതായിരുന്നു. വഴിയോരത്തെ ആ ചായക്കടയിൽ, ഞങ്ങൾക്ക് മൂന്ന് പേർക്കും മനസ്സിലാവാത്ത ആസ്സാമീസ് ഭാഷയിലെ ആ പത്രക്കടലാസിനു ചുറ്റും ഞങ്ങളിരുന്നു. എങ്ങോട്ട് പോകും എന്നു തീരുമാനിക്കാനാവാതെ.

ഒരു നിമിഷം. യാദൃച്ഛികമായി അദ്ദേഹം വാതിലിലേക്ക് നോക്കി. എന്നെ കണ്ടു. ഒരു ചിരിയോടെ എന്നെ അകത്തേക്ക് വിളിച്ചു. ഒരു വഴി തുറന്നു കിട്ടിയ സംഭ്രമത്തോടെ ഞാൻ പെട്ടെന്ന് അകത്തുചെന്ന് അദ്ദേഹത്തിനെതിരെ ഇരുന്നു. അദ്ദേഹം ആരോടാണ് സംസാരിച്ചിരുന്നതെന്നുപോലും ഞാൻ കണ്ടില്ല.

“ദാദാ, മറ്റന്നാൾ തന്നെ പോകണമെന്നാണു കല്പന പറയുന്നത്.”
“എനിക്കറിയാം. പോകാൻ തയ്യാറല്ലേ? എന്തെങ്കിലും പ്രശ്നമുണ്ടോ?”
“ഉണ്ട്. ഒരു വണ്ടിയേ ഞങ്ങൾക്ക് തരുന്നുള്ളൂ. ദാദായ്ക്ക് ആ സ്ഥലങ്ങളൊക്കെ അറിയാമല്ലോ. അതു തീരെ സേഫ് അല്ല. ലഗ്ഗേജ് ഒക്കെ എങ്ങനേയും മാനേജ് ചെയ്യാം. പക്ഷേ വഴിയിൽ വണ്ടിക്ക് എന്തെങ്കിലും പറ്റിയാൽ ഞങ്ങൾ കുടുങ്ങിപ്പോകും. അവിടുത്തെ രാഷ്ട്രീയവസ്ഥയും അങ്ങേക്ക് അറിയാം.”

ഞാൻ പിന്നേയും എന്തൊക്കെയോ പറഞ്ഞു. ഇടക്ക് എന്റെ കൈ കടന്ന്പിടിച്ച് അദ്ദേഹം പറഞ്ഞു; “പേടിക്കേണ്ട. ഞാൻ ശരിയാക്കാം. നിങ്ങൾക്ക് രണ്ടു വണ്ടികളുണ്ടാവും.”
“ഉറപ്പ്?”
“ഉറപ്പ്. ഞാൻ കല്പനയോട് പറഞ്ഞോളാം. നീ വണ്ടിക്കുള്ളിൽ ക്യാമെറ വച്ച് ഷൂട്ട് ചെയ്യുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. ഒരു വണ്ടിയിൽ ആൾക്കാരും സാധനങ്ങളും ഷൂട്ടിങും എല്ലാം കൂടി നടക്കില്ല. നിങ്ങൾക്ക് രണ്ട് വണ്ടി കൂടിയേ പറ്റൂ.”
ദാദായെ വിശ്വസിക്കാം.

ഒരു മാസത്തെ യാത്രക്കുള്ള തയ്യാറെടുപ്പിന് ഒരു ദിവസം മാത്രം. യാത്രകൾ എനിക്ക് പരിചിതമാണ്. തയ്യാറെടുപ്പിനുള്ള ഒരു ലിസ്റ്റ് വേഗം മനസ്സിലെത്തും. ഈ ലിസ്റ്റിനൊക്കെ ഉപരിയായി മറ്റൊരു തയ്യറെടുപ്പ് എങ്ങനെ ചെയ്യും എന്ന ചിന്തയായിരുന്നു, വീട്ടിലേക്കുള്ള യാത്രയിൽ മനസ്സ് നിറയെ. ഒരു മാസത്തിലെറെയുള്ള യാത്രക്കായി ഒരു ദിവസത്തിനുശേഷം ബോബെ വിട്ടുപോകുന്നു എന്ന കാര്യം മീനയോട് എങ്ങനെ പറയും? രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മോൾക്ക് പനിയുടെ തുടക്കലക്ഷണങ്ങളുണ്ടായിരുന്നു. മീനക്ക് എങ്ങനെ എല്ലാം കൂടി നോക്കി നടത്താനാവും?. പക്ഷേ, അവസാനത്തെ പ്രോജെക്റ്റ് കഴിഞ്ഞിട്ട് ആറു മാസമാകുന്നു. ഇത് വേണ്ടെന്നുവച്ചാൽ വലിയ സാമ്പത്തിക പ്രശ്നത്തിലാവും എത്തിപ്പെടുക, പോയേ പറ്റൂ.

1986-ൽ കൽപ്പന ലജ്ജ്മി സംവിധാനം ചെയ്ത ‘Ek Pal’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന്: ഭുപെൻ ഹസാരിക, ഹേമൻ ബറുവ, കൽപ്പന ലജ്ജ്മി, ഷബാനാ ആസ്മി, നസറുദ്ദീൻ ഷാ, ഗുൽസാർ, ഫറൂഖ് ഷെയ്ഖ്.
1986-ൽ കൽപ്പന ലജ്ജ്മി സംവിധാനം ചെയ്ത ‘Ek Pal’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന്: ഭുപെൻ ഹസാരിക, ഹേമൻ ബറുവ, കൽപ്പന ലജ്ജ്മി, ഷബാനാ ആസ്മി, നസറുദ്ദീൻ ഷാ, ഗുൽസാർ, ഫറൂഖ് ഷെയ്ഖ്.
  • 1998 ആഗസ്റ്റ് 11, ചൊവ്വ.

പത്താം തീയതി രാവിലെ ആറു മണിയുടെ ഫ്ലൈറ്റ്. വെളുപ്പിനു മൂന്നരക്ക് വീട്ടിൽ നിന്നിറങ്ങണം. കോരിച്ചൊരിയുന്ന മഴയെക്കാളും എന്നെ ഇറങ്ങാൻ താമസിപ്പിച്ചത് മീനയുടെ കണ്ണുനീരായിരുന്നു. ആ നനഞ്ഞ വെളുപ്പാൻ കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് ഓട്ടോ കിട്ടിയത്. ഹൈവേയിലെത്തി കുറച്ചുദൂരം പിന്നിട്ടപ്പോൾ, റോഡിലെ ഒരു കുഴിയിൽ ചാടി ഓട്ടോ നിന്നു. ഞാനും ഡ്രൈവറും കൂടി അത് തള്ളി പുറത്തെടുത്തപ്പോഴാണറിയുന്നത്, മുൻപിലത്തെ ടയർ ചെരിഞ്ഞു പോയിരിക്കുന്നു.

“ഇത് നന്നാക്കാതെ ഇനി ഈ വണ്ടി ഓടില്ല. നിങ്ങൾ വേറെ ഒരു വണ്ടി പിടിച്ചു പൊയ്ക്കോളൂ’’- മുൻപിൽ വരാനിരിക്കുന്ന ചെലവുകളെ ഓർത്ത് വിലപിച്ചുകൊണ്ട് അയാൾ കയ്യൊഴിഞ്ഞു.

ആ പെരുമഴയത്ത്, നനഞ്ഞൊലിച്ച്, വിജനമായ ആ ഹൈവേയിൽ, അപൂർവം വരുന്ന വണ്ടികൾക്ക് കൈ കാണിച്ച് ഞാൻ നിന്നു. അതൊരു തുടക്കം മാത്രമായിരുന്നു.

'ബിസ്തീർണ പരാറെ’ (‘വിശാല തീരങ്ങളിൽ’); ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്രയുടെ മുൻ അധ്യായങ്ങൾ വായിക്കാം, കേള്‍ക്കാം…

ഭാരമേറിയ ബാക്പാക്കുമായി സമയം കഴിഞ്ഞ് ചെക്ക് ഇൻ കൗണ്ടറിലെത്തിയ എന്നെ, ‘ഇനി മേലാൽ ഇതാവർത്തിക്കരുത്’ എന്ന അർഥത്തിൽ രൂക്ഷമായി ഒന്നു നോക്കിയിട്ട്, അവിടെയിരുന്ന പെൺകുട്ടി ബോർഡിങ് പാസ്സ് തന്നു.

അന്നു രാത്രി കൽക്കട്ടയിൽ തങ്ങിയിട്ട് പിറ്റേന്ന് പുലർച്ചയിലെ ഫ്ലൈറ്റിൽ ഗുവഹതിയിലെത്തി. കാറുകൾ എത്താൻ താമസിച്ചതിനാൽ ഇത്താനഗറിലേക്കുള്ള യാത്ര പിറ്റന്നത്തേക്ക് മാറ്റിവച്ചു. ഗുവഹതിയിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു. മുറിയിലെത്തി കുറച്ചു കഴിഞ്ഞപ്പൊൾ ഒരു രൂക്ഷഗന്ധം എന്നെ ശല്യപ്പെടുത്തി തുടങ്ങി. ബാക്ക്പാക്ക് തുറന്നപ്പോഴാണ് ആ ഗന്ധത്തിന്റെ ഉറവിടം മനസ്സിലായത്.

നോർത്ത് ഈസ്റ്റിലെ രീതി കുറെയൊക്കെ എനിക്കിപ്പോൾ അറിയാം. മണിക്കൂറുകളോളം യാത്ര ചെയ്താലും ഒരു മനുഷ്യനെപ്പോലും കാണാൻ പറ്റാത്ത ജനരഹിതമായ ഹൈവേകൾ. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും പുകയുന്ന, ആയുധവൽകരിക്കപ്പെട്ട സംഘർഷങ്ങൾ.

ഏതാനും ദിവസം മുൻപാണ് വീടിനടുത്തുള്ള ഒരു ആയുർവേദ ഡോക്ടറെ കാണുന്നത്. തോളിനുള്ള വേദനക്ക് മരുന്ന് തേടിയാണ് അവിടെ പോയത്. രണ്ട് മാസത്തേക്ക് സേവിക്കാൻ ഓരോ കുപ്പി കഷായവും അരിഷ്ടവുമായാണ് ഞാൻ തിരികെയെത്തിയത്. പാക്ക് ചെയ്തപ്പോൾ ആ രണ്ട് ചില്ല് കുപ്പികളും ഭദ്രമായി തുണിയിൽ പൊതിഞ്ഞ് ബാക്ക്പാക്കിന്റെ നടുവിലായി വച്ചിരുന്നു. ആ രണ്ട് കുപ്പികളും പൊട്ടിതകർന്ന് കഷായവും അരിഷ്ടവും സമ്മിശ്രമായി എന്റെ എല്ലാ ഡ്രെസ്സുകളിലും വ്യാപിച്ചിരുന്നു. ഷർട്ടിലും ട്രൗസറിലും ഒക്കെ പടർന്നുപിടിച്ച കഷായക്കറയേക്കാൾ അസഹനീയം മരുന്നിന്റെ രൂക്ഷഗന്ധമായിരുന്നു. നാലു പ്രാവശ്യം സോപ്പു വെള്ളത്തിൽ കഴുകിയിട്ടും ആ ഗന്ധം തെല്ലുപോലും കുറഞ്ഞില്ല.

കസേരയിലും മേശപ്പുറത്തും കട്ടിലിലും വാതിൽപ്പാളിയിലും ജനാലകളിലും എല്ലാമായി ആ വേഷങ്ങളൊക്കെ വിരിച്ചിട്ട്, ഫാൻ ഫുൾ സ്പീഡിലിട്ട്, കമ്പിളിയെടുത്ത് തല മുതൽ കാൽ വരെ മൂടി, തണുപ്പത്ത് ആ മുറിയിൽ ഞാൻ തനിച്ചിരുന്നു.

ഒരു മാസം. അഞ്ച് സംസ്ഥാനങ്ങൾ. വഴിയിൽ കാണുന്നതെല്ലാം ഷൂട്ട് ചെയ്യുക. പത്ത് എപിസോഡിനുള്ള മെറ്റീരിയലുമായി വേണം തിരികെയെത്താൻ.
ഒരു മാസം. അഞ്ച് സംസ്ഥാനങ്ങൾ. വഴിയിൽ കാണുന്നതെല്ലാം ഷൂട്ട് ചെയ്യുക. പത്ത് എപിസോഡിനുള്ള മെറ്റീരിയലുമായി വേണം തിരികെയെത്താൻ.

വൈകുന്നേരം ഞങ്ങൾ മൂന്ന് പേർ- മൊഹിന്ദർ, സുനന്ദൊ, ഞാൻ- മുറിയിൽ ഒത്തുകൂടി. വിശദമായ യാത്രാ പ്ലാൻ സുനന്ദൊയുടെ പക്കലുണ്ടായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ വഴികൾ വിശദമായി അറിയാത്തതിനാൽ ഞങ്ങൾ മൂന്ന് പേർക്കും ആ പ്ലാൻ മനസ്സിലാക്കാനായില്ല. പുറത്തുപോയി ഒരു മാപ്പ് വാങ്ങി ഞങ്ങൾ വീണ്ടും ഒത്തുകൂടി. പ്ലാൻ പ്രകാരം മാപ്പിൽ വരച്ച വരകൾ ഞങ്ങളെ വീണ്ടും പ്രശ്നത്തിലാക്കി. അഞ്ച് സംസ്ഥാനങ്ങളിലായി തലങ്ങും വിലങ്ങും വീണ്ടും വീണ്ടും സഞ്ചരിക്കേണ്ടിവരുന്ന ഒരു പ്ലാനായിരുന്നു അത്. ഭൂപ്രകൃതിയെക്കുറിച്ചോ സ്ഥലങ്ങൾ തമ്മിലുള്ള ദൂരത്തെക്കുറിച്ചോ ഒരു നിശ്ചയവുമില്ലാത്ത ആരോ തയ്യാറാക്കിയ ഒരു പ്ലാൻ. ആ പ്ലാനുമായി മുന്നോട്ടുപോകുക അപകടകരമായിരുന്നു. അടുത്ത ദിവസം കൂടി ഗുവഹതിയിൽ തന്നെ തങ്ങി, വിശദമായ പ്ലാൻ തയ്യാറാക്കി മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിച്ചു.

  • 1998 ആഗസ്റ്റ് 12, ബുധൻ.

അടുത്ത ദിവസം പ്ലാനുമായി ഇരിക്കുമ്പോൾ ഞാൻ സുനന്ദൊയോടു ചോദിച്ചു; “നിന്റെ കയ്യിൽ എത്ര രൂപയുണ്ട്?”
“ഒരു ലക്ഷം, കാഷ്.”
“അതെവിടെയാണ് വച്ചിരിക്കുന്നത്?”
അവൻ ഒരു ചെറിയ അറ്റാഷെ എടുത്ത് കാണിച്ചു.
ഞാനും മൊഹിന്ദറും മുഖത്തോട് മുഖം നോക്കി. അതിൽ ക്യാഷാണെന്ന് അത് തുറക്കാതെ തന്നെ ആർക്കും മനസ്സിലാവും.
“വഴിയിൽ ആരെങ്കിലും നമ്മളെ തടഞ്ഞാൽ ആദ്യം പോകുന്നത് ആ പെട്ടിയാവും.”
“പിന്നെന്ത് ചെയ്യും?”
“ഈ പെട്ടി വേണ്ട. നിനക്കൊരു ചെറിയ ബാക്ക്പാക്ക് വാങ്ങാം. ഈ തുക മൂന്നായി വിഭജിച്ച് നമ്മുടെ മൂന്നു പേരുടേയും ബാഗുകളിലാക്കാം. നഷ്ടപ്പെട്ടാലും മുഴുവനായി പോകില്ലല്ലോ.”
“പിന്നെ, നമുക്ക് ഇനിയും രണ്ട് മൂന്ന് മാപ്പുകൾ കൂടി വാങ്ങാം. ഓരോ സംസ്ഥാനത്തിന്റേയും റോഡ് മാപ്പുകൾ ആവശ്യമാണ്.”

വൈകുന്നേരം ഈ തയ്യാറെടുപ്പുകളെല്ലാം നടത്തി, പിറ്റേന്ന് അതിരാവിലെ ആറു മണിക്ക് പുറപ്പെടാൻ തീരുമാനിച്ചു. ക്യാമറാ സഹായികൾക്കും ഡ്രൈവർമാർക്കും നിർദ്ദേശങ്ങൾ നൽകി. ഒരു വലിയ യാത്രയിലേക്കിറങ്ങുന്നതിനേക്കുറിച്ചുള്ള ഉൽക്കണ്ഠകളോടെ ഉറങ്ങാൻ കിടന്നു.

  • 1998 ആഗസ്റ്റ് 13, വ്യാഴം.

പ്ലാൻ ചെയ്ത സമയത്തുതന്നെ പുറപ്പെട്ടു. ബ്രേക്ഫാസ്റ്റിന് നിർത്തിയപ്പോഴാണ് അന്നത്തെ പത്രം കാണുന്നത്. അപ്പോഴേക്കും ഗുവഹതിയിൽ നിന്ന് പുറപ്പെട്ടിട്ട് ഏതാണ്ട് മൂന്ന് മണിക്കൂറായിരുന്നു. ആ ദിനപത്രത്തിലെ മുൻപേജിലെ ചിത്രം ഞെട്ടിക്കുന്നതായിരുന്നു. വഴിയോരത്തെ ആ ചായക്കടയിൽ, ഞങ്ങൾക്ക് മൂന്ന് പേർക്കും മനസ്സിലാവാത്ത ആസ്സാമീസ് ഭാഷയിലെ ആ പത്രക്കടലാസിനു ചുറ്റും ഞങ്ങളിരുന്നു. എങ്ങോട്ട് പോകും എന്നു തീരുമാനിക്കാനാവാതെ.

(യാത്ര അവസാനിക്കുന്നില്ല). 


Summary: ‘Bistirna Parare’ Bollywood cameraman Muraleedharan C.K. continues his journey through the northeastern states of India Part 11


മുരളീധരൻ സി.കെ.

എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാർ, ത്രീ ഇഡിയറ്റ്സ്, പികെ, മോഹൻജാദാരോ, പാനി പഠ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാൻ.

Comments