യാത്രയിൽ കാണുന്നത് വരയ്ക്കുക എന്നതും വരച്ച ചിത്രങ്ങളുമായി യാത്ര ചെയ്യുക എന്നതുമായ ഇഷ്ടം യാഥാർത്ഥ്യമാകുവാൻ ചിലപ്പോൾ കുറെ കാത്തിരിക്കേണ്ടിവരും.
2018 ൽ കൽക്കട്ടയിൽ നടത്തിയ ചിത്രപ്രദർശനശേഷം പ്രളയവും കോവിഡും തന്ന ഇടവേള കഴിഞ്ഞ് യാത്ര തീരുമാനിച്ചത് ആൻഡമാനിലേക്കാണ്. ചിത്രകാരനെന്ന നിലയിൽ അത്രമേൽ കൂടെ നിൽക്കുന്ന സുഹൃത്തുക്കളും കുടുംബവും ഒന്നിച്ചുള്ള യാത്ര. ആൻഡമാനിൽ ചിത്രപ്രദർശനം നടത്താൻ ആദ്യം ലഭ്യമാകേണ്ടിയിരുന്നത് അവിടത്തെ ആർട്ട് ഗ്യാലറിയായിരുന്നു. അവിടെ ജോലി ചെയ്യുന്ന ജയന്റെ ഇടപെടലാണ് ഏറെ സഹായകരമായത്. ഗാന്ധി പാർക്കിലെ സബർമതി കലാകേന്ദ്രയിൽ 2022 ഡിസംബർ 26, 27 ദിവസങ്ങളിലായി നടത്താനുള്ള അനുമതി ആർട്ട് ആൻഡ് കൾച്ചർ വിഭാഗത്തിൽ നിന്നും കിട്ടിയതായി മെയിൽ ലഭിച്ചു.
ചിത്രങ്ങളുമായി ആൻഡമാനിലേക്ക്
അത്രയും ദൂരം ഇവിടെനിന്ന് ചിത്രങ്ങൾ ഫ്രെയിം ചെയ്ത് കൊണ്ടുപോവുക എന്നത് ഭാരിച്ച ചെലവുള്ളതും ദുഷ്‌കരവുമാണ്. മാത്രമല്ല ഒരൊറ്റ ചിത്രം പോലും വിറ്റു പോകുമെന്ന് യാതൊരു ഉറപ്പുമില്ലതാനും. കോഴിക്കോട്ടുനിന്ന് ചെന്നൈ വരെ ട്രെയിനിലും അവിടെനിന്ന് പോർട്ട് ബ്ലെയറിലേക്ക് വിമാനത്തിലും മുപ്പതോളം ചിത്രങ്ങൾ ഒരു പി.വി.സി പൈപ്പിൽ ചുരുട്ടി ബാഗിലാക്കി എത്തിച്ചു. അവിടെ ഹിന്ദിക്കാരനായ ഒരു ചിത്രകാരന്റെ അടുത്തുനിന്ന് ചിത്രങ്ങൾ നാട്ടിൽ കിട്ടുന്ന അതേ ന്യായവിലയിൽ തന്നെ ഫ്രെയിം ചെയ്യാനായി എന്നുള്ളത് ഏറെ ആശ്വാസമായിരുന്നു.
ആദ്യദിനം ചിത്രങ്ങൾ തൂക്കുവാൻ സഹായിച്ചത് കൂടെയുള്ള ഷാജഹാനും ജയനും റെനീഷുമായിരുന്നു.
ഒരു പരിചയമില്ലാത്ത നാട്ടിൽ ആര് കാണാൻ വരും എന്ന് യാതൊരുറപ്പുമില്ലാത്ത ചിത്രപ്രദർശനം. ജരാവകളെയും ആൻഡമാനിയൻ ലാൻഡ്‌സ്‌കേപ്പും ആയിരുന്നു കൂടുതലും ചിത്രങ്ങളിലുണ്ടായിരുന്നത്. ചിത്രങ്ങൾ തൂക്കി കാത്തിരിക്കുമ്പോൾ ആ ഗാന്ധി പാർക്കിൽ വിശ്രമിക്കാനെത്തിയ ഒന്നുരണ്ടു പേർ ശങ്കിച്ച് ആദ്യം ഗ്യാലറിയിൽ കയറി. പ്രദർശനത്തിന് ടിക്കറ്റ് ഇല്ല എന്നുപറഞ്ഞപ്പോൾ അവർ പുറത്തുനിന്നുള്ള കൂടുതൽ സുഹൃത്തുക്കളെ വിളിച്ചുകയറ്റി. യാതൊരു പരിചയമില്ലാത്തവർ. പല ഭാഷ സംസാരിക്കുന്നവർ. ബംഗാളികൾ, തമിഴന്മാർ, പാർക്കിലെത്തുന്ന പ്രണയജോഡികൾ, കൗമാരക്കാർ, കുടുംബങ്ങൾ...
ആദ്യമായിട്ടാണ് ഒരു മലയാളി ഇത്രയും ദൂരം ചിത്രങ്ങൾ വരച്ചുവന്ന് ഏകാംഗ പ്രദർശനം നടത്തുന്നത് എന്നും ഇരുന്നൂറോളം പേർ ചിത്രപ്രദർശനം കാണാനെത്തി എന്നത് പ്രദർശനത്തിന്റെ വിജയമാണെന്നും അവിടുത്തെ പ്രമുഖ ശില്പി ആർട്ടിസ്റ്റ് മഹാദേവ പറഞ്ഞത് എനിക്ക് വലിയ അംഗീകാരമായി തോന്നി.
എന്നാൽ ആരും തന്നെ ചിത്രകാരനെ അന്വേഷിക്കുന്നില്ല. എങ്കിലും ചിത്രങ്ങൾക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കുന്നതും ചില ചിത്രങ്ങൾ നോക്കി പരസ്പരം സംസാരിക്കുന്നതും ചിരിക്കുന്നതും കാണുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. വൈകുന്നേരം ‘സെന്തിൽ' വന്നു. അവിടെ ഒരു സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്ന തമിഴനായ ചിത്രകാരനാണ്. പ്രദർശനം കണ്ട് അടുത്തുവന്ന് സൗഹൃദപരമായി സംസാരിക്കുകയും ചിത്രപ്രദർശന വിവരം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇടാമെന്ന് പറയുകയും ചെയ്തു. അതുകൊണ്ടായിരിക്കാം പിറ്റേന്ന് ആ ചുറ്റുപാടുമുള്ള വിവിധ സ്‌കൂളുകളിലെ ചിത്രകലാ അധ്യാപകരും ശില്പികളും മലയാളികളും വരികയും ചിത്രങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു. ആദ്യമായിട്ടാണ് ഒരു മലയാളി ഇത്രയും ദൂരം ചിത്രങ്ങൾ വരച്ചുവന്ന് ഏകാംഗ പ്രദർശനം നടത്തുന്നത് എന്നും ഇരുന്നൂറോളം പേർ ചിത്രപ്രദർശനം കാണാനെത്തി എന്നത് പ്രദർശനത്തിന്റെ വിജയമാണെന്നും അവിടുത്തെ പ്രമുഖ ശില്പിയായ ആർട്ടിസ്റ്റ് മഹാദേവ പറഞ്ഞത് എനിക്ക് വലിയ ഒരു അംഗീകാരമായി തോന്നി.
അവസാന ദിവസം പ്രദർശനം അവസാനിക്കുമ്പോൾ ആ ചിത്രങ്ങൾ തിരിച്ചു കൊണ്ടുവരാനാകില്ല എന്നുള്ള ഉറപ്പ് എനിക്കുണ്ടായിരുന്നു. അത് ദുഷ്‌കരവും പണച്ചെലവുള്ളതുമാണ്. ഇത് മനസ്സിലാക്കിയിട്ടായിരിക്കാം, കൂടെയുള്ളവർ കുറച്ചു ചിത്രങ്ങൾ ഏറ്റെടുത്തത് എന്നെ ആശ്വസിപ്പിച്ചത്. രണ്ട് ദിവസത്തെ പ്രദർശന ശേഷം ഞങ്ങൾ ആൻഡമാനിലെ കാഴ്ചകൾ കാണാനിറങ്ങി.
പ്രതിമകൾ മറയ്ക്കുന്ന ആൻഡമാൻ കാഴ്ചകൾ
സങ്കുചിത താല്പര്യമുള്ള ഒരു ഭരണവ്യവസ്ഥ ബഹുസ്വര സമൂഹത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ പേരു മാറ്റലിലും പ്രതിമ നിർമാണത്തിലും ഇടപെടുന്നതുവഴി എങ്ങനെയാണ് ചരിത്രത്തെ മാറ്റിമറിക്കുന്നതെന്ന് നേരിൽ കാണാൻ സാധിച്ച യാത്ര കൂടിയാണ് ആൻഡമാൻ യാത്ര. എഴുത്തുകളിലും ചിത്രങ്ങളിലും സിനിമകളിലും മാത്രം കണ്ട ആൻഡമാൻ സെല്ലുലാർ ജയിൽ കാണുക എന്നതായിരുന്നു ഏറ്റവും വലിയ ഒരു ആഗ്രഹം.
മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പ്രവർത്തിച്ച ഇന്ത്യക്കാരെ തെരഞ്ഞുപിടിച്ച് സെല്ലുലാർ ജയിലിടച്ച് അതിക്രൂര പീഡനങ്ങൾക്ക് വിധേയമാക്കിയ ഇടുങ്ങിയ മുറികൾ അഥവാ സെല്ലുകൾ. അതിക്രൂരമായ പീഡനങ്ങളും അതികഠിനമായ ജോലികളും ചോര തുപ്പി ചാകുന്നതുമെല്ലാം മുഴുവൻ തടവുപുള്ളികളും നേരിട്ട് കാണുക എന്ന ഉദ്ദേശ്യത്തോടെ പ്രത്യേക രീതിയിൽ തയ്യാറാക്കിയ ജയിലുകൾ. ക്രൂരമർദ്ദനശേഷം തൂക്കിക്കൊല്ലാൻ ഉപയോഗിച്ച തുറന്ന കഴുമരങ്ങൾ. ഒരേസമയം നാലും അഞ്ചും പേരെ തൂക്കിക്കൊന്നശേഷം യാതൊരു ബഹുമാനവുമില്ലാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ മൃതദേഹങ്ങൾ കടലിലേക്ക് വലിച്ചെറിയുന്ന ബ്രിട്ടീഷുകാരുടെ ക്രൂരതകൾ. പഴയതും പുതിയതുമായി എത്തുന്ന തടവുപുള്ളികളെ മാനസികമായി തകർക്കാനുള്ളതും ചിലരെ ഭ്രാന്തരാക്കാനുമുള്ള സൈക്കോളജിക്കൽ മൂവ്.
ഇന്ന് ആ സെല്ലുലാർ ജയിലിനകത്തുകൂടെ ഒരു കാഴ്ചക്കാരനായി നടക്കുന്ന ഓരോ ഇടവും ബ്രിട്ടീഷുകാരോട് യാതൊരു സന്ധിയും ചെയ്യാത്ത വീരന്മാരായ ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളികളുടെ രക്തം വീണ് കറുത്ത പോയ ഇടങ്ങളാണ്.
ആ അർത്ഥത്തിൽ ‘കാലാപാനി' എന്നറിയപ്പെട്ട ആ ജയിലിൽ നിന്ന് സ്വന്തം ജനതയെ പച്ചക്ക് കൊല്ലുന്ന ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് പുറത്തിറങ്ങി പിന്നീട് മൃദു ബ്രിട്ടീഷ് സമീപനം സ്വീകരിച്ച പ്രമുഖനായിരുന്ന സവർക്കർ. പറഞ്ഞുവരുന്നത് സെല്ലുലാർ ജയിലിന്റെ മുന്നിൽ പുതുതായി തയ്യാറാക്കിയ പാർക്കിനെ കുറിച്ചാണ്. ആ പാർക്കിന്റെ പേര് ‘വീർസവർക്കർ പാർക്ക് 'എന്നാണ്. പത്തോളം സ്വാതന്ത്ര്യസമര പോരാളികളുടെ പ്രതിമ നിലനിൽക്കുന്ന ആ പാർക്കിൽ സവർക്കർ ഒഴികെ ബാക്കിയെല്ലാവരും വർഷങ്ങളോളം നരകിച്ചിട്ടും ബ്രിട്ടീഷുകാരോട് അണുകിട സന്ധിചെയ്യാതെ കൊടും പീഡനത്താൽ രക്തം ഛർദ്ദിച്ചും കഴുവിലേറ്റപ്പെട്ടും കൊല്ലപ്പെട്ടവരാണ്. എന്നാൽ പാർക്കിലെ പ്രതിമകളുടെ കൂട്ടത്തിൽ ആദ്യത്തേതും വലുതും അതാണ്. കൂടാതെ ആ പാർക്കിനിട്ടിരിക്കുന്നത് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി രക്ഷപ്പെട്ട സവർക്കറിന്റെ പേരാണ്.
എത്ര ലളിതമായാണ് മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തങ്ങളുടെ അധികാരശക്തി ഉപയോഗിച്ച് വളച്ചൊടിക്കുന്നത് എന്നത് നേരിട്ട് മനസ്സിലാക്കുവാൻ ആ പാർക്ക് മാത്രം ധാരാളമാണ്. കൂടാതെ ആൻഡമാനിലെ ഏക വിമാനത്താവളത്തിന്റെ പേരും ഈയിടെ ‘വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് ' എന്ന് പുനർനാമകരണം ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ സവർക്കർ ആൻഡമാൻലിലെ ജയിലിരുന്ന് നേടിത്തന്നതാണ് ഇന്ത്യൻ സ്വാതന്ത്ര്യം എന്ന് തോന്നിക്കത്തക്ക രീതിയിൽ കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാനിനെ മാറ്റിയെടുക്കുവാൻ വ്യക്തമായ രാഷ്ട്രീയ ശ്രമമാണ് നടക്കുന്നത്.
സുനാമി തകർത്തെറിഞ്ഞ ജനങ്ങളുടെ പുനരധിവാസം പൂർണമാകാതെ കിടക്കുമ്പോൾ ഗ്രേറ്റ് നിക്കോബാറിന്റെ ഏറ്റവും തെക്കേ അറ്റത്തായുള്ള ഇന്ദിരാ പോയിൻറ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് വമ്പൻ തുറമുഖ പ്രോജക്ട് ആണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ഒരു ചെറുരൂപമാണ് ആൻഡമാനിൽ കാണാൻ കഴിയുക. കൂടുതലും ബംഗാളികളും തമിഴരും മലയാളികളുമാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നായി ആൻഡമാൻ ജയിലിലടയ്ക്കപ്പെട്ടവരുടെ പിന്തുടർച്ചക്കാരാണിവർ. സ്വാതന്ത്ര്യാനന്തരം ജോലിയും കച്ചവടത്തിനുമായി വന്ന് സ്ഥിരമാക്കിയവർ. അവരുടെ പിൻഗാമികൾ അത്രമേൽ ബഹുസ്വരമായ ഒരു മിശ്രജനസമൂഹത്തിൽ സഹവർത്തിത്വത്തോടെ പെരുമാറുന്നു. ക്രൈം നിരക്ക് വളരെ കുറഞ്ഞ ഒരിടമാണ് ആൻഡമാൻ. അവരുടെ ഏറ്റവും വലിയ അടിസ്ഥാന പ്രശ്‌നം ശുദ്ധമായ കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ഇന്ധനങ്ങളുടെയും ലഭ്യതക്കുറവാണ്. എന്നാൽ, ഈ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള ആത്മാർത്ഥമായ ശ്രമം ഭരണാധികാരികളിൽ നിന്നുണ്ടാകുന്നില്ല.
ആൻഡമാൻ ജനതയുടെ വലിയൊരു വരുമാന സ്രോതസ്സ് ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസത്തിന്റെ ഭാഗമായി വരുന്ന വിനോദസഞ്ചാരികളാണ്. എന്നാൽ ശുദ്ധ ജലത്തിന്റെ കുറവും നിരന്തരമുള്ള വൈദ്യുതി കട്ടും പബ്ലിക് ടോയ്ലെറ്റ്സംവിധാനത്തിന്റെ പരിതാപകരമായ അവസ്ഥയും ഇവിടുത്തെ താമസത്തെ കഠിനമാക്കുന്നു. ഇത് ഞങ്ങൾ നേരിട്ടനുഭവിച്ചതാണ്. അവിടുത്തെ ഏറ്റവും ആകർഷണീയമായ പവിഴപ്പുറ്റു മണൽ നിറഞ്ഞ കടലിൽ കുളിച്ച് കയറി വരുന്ന ആളുകൾക്ക് വിശ്രമിക്കാനോ ശരീരം വൃത്തിയാക്കാനോ പ്രാഥമിക ആവശ്യങ്ങൾക്കോ ഉള്ള ബാത്‌റൂം സൗകര്യങ്ങൾ പല ബീച്ചിലും ഇല്ല.
ദൈനംദിന ജീവിതത്തിനാവശ്യമായ അവശ്യവസ്തുക്കളുടെ ആഭ്യന്തര ഉൽപാദനത്തിലുള്ള കുറവാണ് മറ്റൊരു കാര്യം. ഇത്തരം സാധനങ്ങൾ പലപ്പോഴും കടൽ മാർഗം വൻകരയിൽ നിന്ന് എത്തിച്ചേരുന്നത് അവരുടെ ജീവിതച്ചെലവ് വർധിപ്പിക്കുന്നു. അനുയോജ്യമായ ഭൂപ്രകൃതിയുള്ള ആൻഡമാനിൽ തന്നെ കൃഷിയിടങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ഫലപ്രദമല്ല.
ഇത്തരം അടിസ്ഥാന ജീവിതപ്രശ്നങ്ങളിൽ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയും വരുമാന സ്രോതസ്സ് വർദ്ധിപ്പിക്കുകയും വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനുപകരം പേരു മാറ്റലിലും പ്രതിമാ നിർമാണത്തിലും ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന രാഷ്ട്രീയ- ഭരണകൂട കാഴ്ചകളാണ് ആൻഡമാനിൽ കാണുക.
വികസനവാദികളുടെയും സർക്കാർ അനുകൂലികളുടെയും അഭിപ്രായത്തിൽ പ്രധാനം രാജ്യസുരക്ഷയാണ്. ബംഗാൾ ഉൾക്കടലിൽ ചൈന ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഭൂമിശാസ്ത്രപരമായും സൈനികമായും ഏറ്റവും യോജ്യമായ സ്ഥലമാണ് നിക്കോബാർ ദ്വീപിന്റെ തെക്കേയറ്റം.
ഇവിടെയെത്തുന്ന മലയാളികൾക്ക് ഏറെ കൗതുകകരമായ കാഴ്ചയാണ് ചില സ്ഥലപ്പേരുകൾ. കാലിക്കറ്റ്, മഞ്ചേരി, നിലമ്പൂർ തുടങ്ങി നമ്മുടെ നാട്ടിലെ പല പേരുകളും അവിടെയുണ്ട്. 1921 ലെ മലബാർ കലാപകാലത്ത് ആൻഡമാൻ ജയിലിലേക്ക് മാറ്റപ്പെട്ട മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആളുകൾ സ്വതന്ത്രരായ ശേഷവും അവിടെ തങ്ങുകയും അവർ താമസിച്ച സ്ഥലങ്ങൾക്ക് നാട്ടിലെ പേരുകൾ ഇടുകയുമാണ് ചെയ്തത്. അവരുടെ പിൻഗാമികളിൽ പലരും ഇന്ന് ആൻഡമാനിലെ പ്രമുഖ കച്ചവടക്കാരും സാമൂഹ്യ- സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്നവരുമാണ്. അവരിൽ ചിലരെയൊക്കെ നേരിട്ട് കാണാനും പരിചയപ്പെടാനും സാധിച്ചത് വേറിട്ട അനുഭവമായിരുന്നു.
ആൻഡമാനിൽ പലരും ഇന്നും ഓർക്കുന്ന മലയാളി പേര് വക്കം പുരുഷോത്തമന്റേതാണ്. വിരമിച്ച ഉയർന്ന സൈനിക മേധാവികൾ പൊതുവേ ലഫ്റ്റനൻറ് ഗവർണർമാരായി വരുന്ന രീതിയാണ് കേന്ദ്രഭരണ പ്രദേശങ്ങളിൽ. അവർക്കാവട്ടെ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ വലിയ ശ്രദ്ധയുണ്ടാകാറില്ല .എന്നാൽ ആൻഡമാനിൽ സിവിലിയനായ ഏക ലെഫ്റ്റനൻറ് ഗവർണറായിരുന്നു വക്കം പുരുഷോത്തമൻ. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയക്കാരൻ, പൊതു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അവിടുത്തെ ഇടപെടലുകൾ ഇന്നും ശ്രദ്ധേയമാണ്. ടൂറിസം, കലാ സാംസ്‌കാരിക മേഖലകളിലും ഗാന്ധി പാർക്ക് പോലെ, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിലും വക്കം പുരുഷോത്തമന്റെ കാലത്ത് ശ്രദ്ധ പതിപ്പിച്ചിരുന്നു.
എനിക്ക് ചിത്രപ്രദർശനം നടത്താൻ ലഭ്യമായ ആർട്ട് ഗ്യാലറിയുടെ പേര് സബർമതി പാർക്ക് എന്നായിരുന്നു. അതടക്കം മിക്ക പൊതുജന അനുകൂല നിർമിതികളുടെ ഫലകങ്ങളിൽ ഒരു മലയാളിയുടെ പേര് കാണാൻ കഴിഞ്ഞു എന്നത് സന്തോഷകരമായ അനുഭവമായിരുന്നു.
ഗ്രേറ്റ് നിക്കോബാറിനെ കാത്തിരിക്കുന്ന മെഗാ പ്രൊജക്റ്റ്
സുനാമി തകർത്തെറിഞ്ഞ ജനങ്ങളുടെ പുനരധിവാസം പൂർണമാകാതെ കിടക്കുമ്പോൾ ഗ്രേറ്റ് നിക്കോബാറിന്റെ ഏറ്റവും തെക്കേ അറ്റത്തായുള്ള ഇന്ദിരാ പോയിൻറ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് വമ്പൻ തുറമുഖ പ്രോജക്ട് ആണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ പേരിൽ പരിസ്ഥിതിവാദികളും വികസന വാദികളും തമ്മിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയുടെ അധീനതയിലാണെങ്കിലും മ്യാൻമറിനോടും ഇന്ത്യനേഷ്യയോടും വളരെ അടുത്തുനിൽക്കുന്ന ഭൂപ്രദേശമാണ് ആൻഡമാൻ നിക്കോബാർ. അതിൽ തന്നെ കൂടുതൽ ജൈവവൈവിധ്യമുള്ള പ്രദേശമാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപ്. പ്രസ്തുത സ്ഥലത്ത് 72,000 കോടി രൂപയുടെ ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെൻറ് പദ്ധതിയും (ICTT) എയർപോർട്ട് സംവിധാനവും ആരംഭിക്കാനാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.
പരിസ്ഥിതിവാദികളുടേയും കാലാവസ്ഥാ വ്യതിയാന പഠന വിദഗ്ധരുടെയും അഭിപ്രായപ്രകാരം, ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെൻറ് പദ്ധതിക്കായി ഇല്ലാതാക്കപ്പെടുന്ന 130 സ്‌ക്വയർ കിലോമീറ്റർ പ്രദേശത്ത് അതിനിബിഡ വനങ്ങളും കൃഷിയിടങ്ങളും 8.5 ലക്ഷം അത്യപൂർവ്വ മരങ്ങളും 300 ഏക്കർ കടൽ പ്രദേശവുമുണ്ട്.
പരിസ്ഥിതിവാദികളുടേയും കാലാവസ്ഥാ വ്യതിയാന പഠന വിദഗ്ധരുടെയും അഭിപ്രായപ്രകാരം, പദ്ധതിക്കായി ഇല്ലാതാക്കപ്പെടുന്ന 130 സ്‌ക്വയർ കിലോമീറ്റർ പ്രദേശത്ത് അതിനിബിഡ വനങ്ങളും കൃഷിയിടങ്ങളും 8.5 ലക്ഷം അത്യപൂർവ്വ മരങ്ങളും 300 ഏക്കർ കടൽ പ്രദേശവുമുണ്ട്. പദ്ധതി ആ പ്രദേശത്തെയാകെ മാറ്റിമറിക്കും എന്നാണ് അവരുടെ അഭിപ്രായം. കൂടാതെ, നിക്കോബാർ ദ്വീപിലെ പ്രത്യേകതകളായ ലതർ ബാക്ക് കടലാമകൾ, ലവണജല മുതലകൾ, നിക്കോബാറിയൻ കുരങ്ങ്, നിക്കോബാറിൽ മാത്രം കാണപ്പെടുന്ന പക്ഷിവർഗമായ നിക്കോബാർ മെഗാപോഡ്, 1700 ഓളം വരുന്ന ആദിവാസി ജനവിഭാഗങ്ങൾ, ഏറ്റവും സവിശേഷമായ സാഹചര്യത്തിൽ മാത്രം വളരുന്ന അത്യപൂർവ പവിഴപ്പുറ്റുകൾ തുടങ്ങിയവയൊക്കെ നാമാവശേഷമാകും എന്നും അവർ അഭിപ്രായപ്പെടുന്നു.
വികസനവാദികളുടെയും സർക്കാർ അനുകൂലികളുടെയും അഭിപ്രായത്തിൽ പ്രധാനം രാജ്യസുരക്ഷയാണ്. ബംഗാൾ ഉൾക്കടലിൽ ചൈന ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഭൂമിശാസ്ത്രപരമായും സൈനികമായും ഏറ്റവും യോജ്യമായ സ്ഥലമാണ് നിക്കോബാർ ദ്വീപിന്റെ തെക്കേയറ്റം. കൂടാതെ അന്താരാഷ്ട്ര കപ്പലുകൾക്ക് ക്രയവിക്രയം ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാവുക എന്നത് ഈ ഭൂപ്രദേശത്തിന്റെയും ഇന്ത്യയുടെയും സാമ്പത്തിക മെച്ചത്തിനും കടൽമാർഗ്ഗ വാണിജ്യമേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനും കാരണമാകും എന്നും അവർ പറയുന്നു. 2027 ൽ കമീഷൻ ചെയ്യാൻ ലക്ഷ്യമിടുന്ന പദ്ധതി ഇപ്പോൾ തന്നെ ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
ആൻഡമാനിലെ ജനങ്ങൾ ശുഭാപ്തി വിശ്വാസമുള്ളവരാണ്. പ്രത്യേകിച്ച് ആരെയും കുറ്റംപറയാതെ, ഭാഷാപരമായ ഏകീകരണമില്ലാതെ കഴിയുന്നവരാണവർ. കാര്യഗൗരവമുള്ള അച്ചടി മാധ്യമങ്ങളില്ലാതെ, വിഷ്വൽ മീഡിയകളില്ലാതെ, സർക്കാർ പ്രതിനിധികളോ വ്യക്തികളോ മാത്രം കൊടുക്കുന്ന വാർത്തകൾ മാത്രം അറിഞ്ഞ്, കാടും കടലും ചരിത്രവും തീർത്ത അതിമനോഹരമായ ഇടത്ത്, കരയിൽനിന്നുവരുന്ന അതിഥികളെ കാത്തിരിക്കുകയാണവർ. ▮