എന്നെ എഴുത്തുകാരനാക്കിയ ഉത്തരധ്രുവം

ഉത്തരധ്രുവം എന്റെ ക്യാമറയിൽ പതിഞ്ഞു എന്നത് എന്നെ ആഹ്ലാദിപ്പിക്കുന്നു. എന്നെപ്പോലെ ഒരാളിന് എത്തിചേരാവുന്ന ഒരു സ്ഥലമല്ല അത്. നോർവെയുടെ വടക്കേ അറ്റത്തുള്ള ദ്വീപായ സ്വാൽബാഡിൽ നിന്ന് 1050 കി.മി അകലെയുള്ള ധ്രുവത്തിലേക്കു മഞ്ഞു നീക്കി കപ്പലിലോ ഹെലികോപ്റ്ററിലോ അഞ്ചു ദിവസത്തേക്ക് വിനോദ സഞ്ചാരം പോകാൻ ഒരാൾക്ക് 16 മുതൽ 20 ലക്ഷം വരെ രൂപ ആവും എന്നറിയുന്നു. (അത് അനായാസം ചിലവാക്കാൻ കഴിയുന്ന ആയിരക്കണക്കിന് മലയാളികൾ കേരളത്തിലും പുറത്തും ഉണ്ടെന്നത് മറക്കുന്നില്ല.)

ആർട്ടിക് വലയത്തിനുള്ളിൽ ഞാൻ പോയിട്ടുണ്ട്, നോർവേയിൽ ട്രോംസോ വരെയും, സ്വീഡനിൽ ചിരുന്ന (kiruna) വരെയും അലാസ്‌കയിൽ ഡാൽട്ടൻ ഹൈവേയിലെ ആർട്ടിക് വലയമണ്ഡപം വരെയും.

ഉത്തരധ്രുവത്തിനോട് എനിക്ക് ഒരു പ്രത്യേക കടപ്പാട് ഉണ്ട്. എനിക്ക് 7 വയസ്സുള്ളപ്പോൾ ദീപിക ബാലപംക്തിയിൽ എന്റെ പ്രിയപ്പെട്ട ഇല്ലിക്കത്തൊട്ടിയിൽ നാരായണപിള്ളസാറിന്റെ ശക്തമായ പിൻബലത്തോടെ 'ഉത്തരധ്രുവം' എന്ന പേരിൽ മൂന്നിഞ്ച് നീളമുള്ള ഒരു 'ലേഖനം' പ്രസിദ്ധീകരിച്ചതോടെയാണ് ഞാൻ ഒരെഴുത്തുകാരനാകുന്നത്. ഉത്തര ധ്രുവം ഒരിക്കലും കാണുമെന്നു ഞാൻ പ്രതീക്ഷിച്ചിട്ടില്ല.

അങ്ങനെയിരിക്കുമ്പോഴാണ് ദുബായിൽ നിന്ന് ലോസ് ഏഞ്ചലസിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിൽ കയറിയത്. 16 മണിക്കൂറോളമാണ് നോൺ സ്റ്റോപ് യാത്ര. ഇത്തരം യാത്രകളെ നാട്ടിലെ തീവണ്ടി യാത്രകളുമായാണ് ഞാൻ താരതമ്യപ്പെടുത്തുക. 16 മണിക്കൂർ ഏതാണ്ട് പരശുറാം എക്‌സ്പ്രസ്സ് തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തെത്താൻ എടുക്കുന്ന സമയം മാത്രമാണ്. അതിലെന്തിരിക്കുന്നു.

വിമാനം മൂളിയും പാടിയും ഇരമ്പിയും ഇടക്കൊന്നു കുലുങ്ങിയും പൊയ്‌ക്കൊണ്ടിരുന്നു. ഇടക്കെപ്പോഴോ മുമ്പിലെ സ്‌ക്രീനിൽ നോക്കുമ്പോൾ കാണുന്നത് അത് ഉത്തരധ്രുവത്തിനു മീതെ പറക്കുന്ന ഫ്‌ളൈറ് പാത്ത് ചിത്രമാണ്. ഓരത്തെ സീറ്റിലാണ് ഞാൻ ഇരിക്കുന്നത്. ജനൽ അപ്രാപ്യം. എണീറ്റ് മുകളിൽ നിന്ന് ബാഗെടുത്ത് ക്യാമറ കരസ്ഥമാക്കി വിമാനത്തിന്റെ പിറകിലേക്ക് പോയി.

അവിടെ പിൻവാതിലിൽ ഒരു ഒറ്റ ജനൽ ഉണ്ട്. ഞാൻ അതിലൂടെ നോക്കി. അപ്പോളിതാ ഉത്തരധ്രുവം പാലോ തൈരോ തറയിൽ വീണു പരന്നത് പോലെ വെളുപ്പിന്റെ ഒരു പരലോകമായി താഴെ പിന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ഫോട്ടോയെടുക്കാൻ പോലും മറന്നു ഞാൻ അത് നോക്കി നിന്നു. ലോകത്തിന്റെ ഉച്ചിയിലാണ് ഞങ്ങൾ! ഞാൻ നോക്കുന്നത് സാക്ഷാൽ ഉത്തരധ്രുവത്തിലേക്കാണ്! ഞാൻ ഉള്ളിലേക്ക് നോക്കി. പുറത്തേക്കു നോക്കുന്ന ഒരു തല പോലും കാണാനില്ല. ഇത് എന്റെ രഹസ്യം മാത്രമാണ്!

35000 അടി മുകളിൽ നിന്നു എടുത്ത ചിത്രങ്ങളാണ് ഇവ. ഒന്നിൽ ഒരു നദി കാണാം. കാനഡയിൽ നിന്നും റഷ്യയിൽ നിന്നും ആർട്ടിക്കിലേക്കു ഒഴുകുന്ന അഞ്ചു നദികളിൽ ഒന്നായിരിക്കണം അത്.

കഴിഞ്ഞ വർഷമാണ് എയർ ഇന്ത്യ ആദ്യമായി ധ്രുവത്തിനു മീതെ സർവീസ് ആരംഭിച്ചത്. ഡൽഹി-സാൻ ഫ്രാൻ സിസ്‌കോ. ആ ഫ്‌ലൈറ്റിന്റെ കാപ്റ്റൻ ഒരു രസകരമായ വിവരം പറഞ്ഞത് വായിച്ചു. 'ഉത്തരധ്രുവം കടന്നു ഭൂഗോളത്തിന്റെ മറുവശത്തേക്കു പോയപ്പോൾ വിമാനത്തിന്റെ നാവിഗേഷൻ ഡിസ്‌പ്ലേ 180 ഡിഗ്രി വട്ടം തിരിഞ്ഞു വടക്കുനിന്നും തെക്കോട്ടായതു ഒരു അത്ഭുത കാഴ്ച ആയിരുന്നു,'

സിനിമ കണ്ടുകൊണ്ടിരിക്കുന്ന നമ്മളുണ്ടോ നമ്മൾ തലകീഴായ് മറിഞ്ഞ വസ്തുത അറിയുന്നു!

Comments