പോർച്ചുഗൽ ചരിത്രവൈവിധ്യങ്ങളിലൂടെ, ലിസ്ബൺ തെരുവുകളിലെ രുചികൾ നുക‍ർന്ന്...

പോർച്ചുഗൽ യാത്രയിൽ നിന്നുള്ള അനുഭവങ്ങളാണ് ഈ ആഴ്ച. ചരിത്രപരമായ ചില ഓർമ്മകളിലൂടെ, ലിസ്ബണിലെ തെരുവുകളിലെ രുചിവൈവിധ്യങ്ങളിലൂടെ… ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

Good Evening Friday - 38

പോർച്ചുഗീസ് ഡ്യൂഡ്രോപ്പ്സ്: ഒന്ന്

"ആർ യു സൗത്ത് ഇന്ത്യൻ?"

തോളിലാരോ തൊട്ടെന്ന് തോന്നി ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഒരു ചോദ്യം നിറഞ്ഞ ചിരിയുമായി നിൽക്കുന്നു.

"യെസ്, കേരള" ഒന്ന് നിറുത്തിയിട്ട് ഞാൻ തിരിച്ച് ചോദിച്ചു, "ആർ യു ഫ്രം കേരള?"

"നേപ്പാൾ"

ശരിയാണ് നേപ്പാൾ ഛായയുണ്ട്.

"എനിക്ക് കുറേശ്ശെ മലയാളം അറിയാം?"

"അതെങ്ങനെ?"

"സി യു സൂൺ, ദൃശ്യം, നായാട്ട്, ലവ്, ഹോം, ജോജി, അയ്യപ്പനും കോശിയും, കുമ്പളങ്ങി നൈറ്റ്സ്... OTT യിൽ വരുന്ന മിക്ക മലയാളസിനിമയും ഞാൻ കാണും"

"അത് ശരി"

“സി യൂ സൂണിലെ കെവിൻ ആയിട്ട് അഭിനയിച്ച ചങ്ങാതിയില്ലേ?”

"ഫഹദ് ഫാസിൽ"

"ഹി ഈസ് സൂപ്പർ, അതിലെ അനു, പിന്നെ അതിലെ താടി വെച്ച ജിമ്മി...."

ഞാൻ ആ സിനിമ മറന്നുപോയിരിക്കുന്നു.

"പിന്നെ ജോജി, ഞാൻ കുറെ പ്രാവശ്യം കണ്ടു"

ഞാനും നിഷയും കൂടെ വൈകുന്നേരം ലിസ്ബൺ കാണാൻ ഇറങ്ങിയതാണ്. ബസ്സിൽ വെച്ചാണ് നേപ്പാളിലെ കർണാലിക്കാരൻ രവിയെ കാണുന്നത്. ജോലി കഴിഞ്ഞ് ടൗണിലേക്ക് കറങ്ങാൻ പോയിരുന്ന രവി ഞങ്ങളിറങ്ങിയ സ്റ്റോപ്പിലിറങ്ങി. മലയാള സിനിമകളോടുള്ള ഇഷ്ടം രവിക്ക് ഞങ്ങളോടും തോന്നിയിരിക്കണം. രണ്ട് സ്ട്രീറ്റ് അപ്പുറമുണ്ടായിരുന്ന നേപ്പാളി റസ്റ്റോറന്റിലേക്ക് ഞങ്ങളെ കൊണ്ട് പോയി. ചായ കുടിച്ചിറങ്ങുമ്പോൾ അയാൾ ചോദിച്ചു,

"എനിക്ക് കാണാൻ പറ്റിയ നല്ല സിനിമകൾ വല്ലതും പറഞ്ഞുതരാമോ?"

"രവി എല്ലാം കണ്ടിരിക്കുന്നു"

"ഏയ്...." രവി ചിരിച്ചു.

"യുട്യൂബിൽ കെ ജി ജോർജ്ജ് എന്ന ഫിലിം മേയ്ക്കറുടെ സിനിമകൾ മറ്റൊരാൾ, ഇരകൾ, ആദാമിന്റെ വാരിയെല്ല് ഉണ്ട്. രവിക്ക് ഇഷ്ടപ്പെടും"

രവി ശ്രദ്ധയോടെ മൊബൈലിൽ കുറിച്ചിട്ടു. ഇങ്ങ് തെക്ക് കിഴക്കേയറ്റത്തുള്ള മലയാളത്തിന്റെ കുറച്ച് സിനിമകൾ കൂടെ യൂറോപ്പിന്റെ തെക്കേയറ്റത്തുള്ള പോർച്ചുഗീസ് അതിർത്തി കടത്തി വിട്ട്, ഞങ്ങൾ പോർച്ചുഗീസിന്റെ ചരിത്രവും, രാഷ്ട്രീയവും തിരുത്തിയ 1755-ലെ ലിസ്ബൺ ഭൂകമ്പത്തിന്റെ സ്മാരകമായ Arco da Rua Augusta കാണാൻ നടന്നു.

1755-ലെ ലിസ്ബൺ ഭൂകമ്പത്തിന്റെ സ്മാരകമായ Arco da Rua Augusta
1755-ലെ ലിസ്ബൺ ഭൂകമ്പത്തിന്റെ സ്മാരകമായ Arco da Rua Augusta

രണ്ട്

"അങ്ങോട്ട് എങ്ങനെ പോകും?"

"ബസ്സ് ഉണ്ട്, വേണമെങ്കിൽ ടാക്സി വിളിക്കാം. പക്ഷേ നടക്കാവുന്ന ദൂരമേയുള്ളൂ"

ഹോട്ടലിലെ റിസപ്ക്ഷനിസ്റ്റ് പറഞ്ഞ നടക്കാവുന്ന ദൂരം നാല് കിലോമീറ്ററായിരുന്നു. ഞങ്ങൾ നടക്കാൻ പോകുന്നില്ല എന്നൊരു ഭാവം അതിലുണ്ടായിരുന്നോ എന്ന് തോന്നിയപ്പോൾ എന്നാൽ പിന്നെ നടന്നിട്ടു തന്നെ കാര്യം എന്ന് ഞങ്ങൾ തീരുമാനിച്ചു. ടാഗസ് നദിയുടെ തീരത്ത് കൂടെ ഞങ്ങൾ നടന്നു. സ്പാനിഷ് തീരങ്ങൾ കടന്ന് ലിസ്ബണിലെത്തുന്ന Iberia-ൻ മന്ദാകിനിയാണ് ടാഗസ്. സ്കാൻഡിനേവിയൻ കഴിഞ്ഞാൽ ഏറ്റവും വലിയ യൂറോപ്യൻ ഉപദ്വീപാണ് സ്പെയിനും പോർച്ചുഗലും ചേർന്ന Iberia. ഞങ്ങളുടെ ലക്ഷ്യമായ Belém Towerഉും Jerónimos Monastery-യും അടുത്തെത്തികൊണ്ടിരുന്നു. Tagus ൽ നിന്നുള്ള കാറ്റ് ഇടക്ക് നിൽക്കുമ്പോഴാണ് വെയിലിന്റെ ചൂട് ഞങ്ങൾ അറിഞ്ഞത്. എങ്കിൽ പിന്നെ ഒരു ഐസ്ക്രീം കഴിക്കാമെന്ന് കരുതി.

"ഹലോ" ഒരുപാട് നാളായി ഞങ്ങളെ അറിയാമെന്ന ചിരിയായിരുന്നു പാർലറിലെ ചങ്ങാതിക്ക്. പോർച്ചുഗീസ് പേരുകളുമായി ഐസ്ക്രീമുകൾ നിരന്നിരിക്കുകയാണ്.

 Belém Tower
Belém Tower

"എന്താണ് പേര്?" ഐസ്ക്രീം നോക്കിയാണ് നിഷ ചോദിച്ചത്.

"എന്റെ പേര് വളരെ കോംപ്ലിക്കേറ്റാണ്, പക്ഷെ നിങ്ങൾക്ക് എന്നെ ഹാമോ എന്ന് വിളിക്കാം"

തമാശയാണെന്ന് മനസ്സിലായില്ലെങ്കിലോ എന്ന് കരുതി ഹാമോ പിന്നെയും ലാവിഷായി ചിരിച്ചു. കുറച്ചുകഴിഞ്ഞ് ഹാമോ വിൽപ്പന തന്റെ അസിസ്റ്റന്റിനെ ഏൽപ്പിച്ച് ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്താണ്, ഏതാണ്, എവിടെന്നാണ് എന്നീ സാദാ ടൂറിസ്റ്റ് അന്വേഷണങ്ങൾക്ക് ശേഷം പെട്ടെന്ന്,

"നിങ്ങൾ മൊസാംബിക്കിലോട്ട് പോയിട്ടുണ്ടോ?" ഹാമോ ചോദിച്ചു.

"ഇല്ല"

"പോവില്ല"

"എന്താണ് മൊസാംബിക്ക് പ്രത്യേകിച്ച്?"

"ഇറ്റ്സ് മൈ മദർ കൺട്രി"

"ആഫ്രിക്കയിലേക്ക് പോകണമെന്ന് ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്"

"ആഫ്രിക്കയിൽ പോയാലും നിങ്ങൾ മൊസാംബിക്കിൽ പോവില്ല"

"ഇനി അവിടെ പോയിട്ട് തന്നെ കാര്യം"

"നിങ്ങൾ Bruno Candé യെ കേട്ടിട്ടുണ്ടോ?"

"ഇല്ല"

"പക്ഷെ വാസ്കോ ഡാ ഗാമയെ അറിയാതിരിക്കില്ല"

ഞങ്ങൾ ഹാമോയുടെ മുഖത്ത് നോക്കി.

(വംശീയ വിദ്വേഷത്തിന്റെ പേരിൽ ലിസ്ബൺ സിറ്റി സെന്ററിൽ വെച്ച് 2020 ജൂലൈ 25-ന് ദാരുണമായി കൊല ചെയ്യപ്പെട്ട ഒരു കലാകാരനാണ് Bruno Candé എന്ന് ഞങ്ങൾ ഇന്റർനെറ്റിൽ വായിച്ചു. അമേരിക്കയിൽ ജോർജ് ഫ്‌ളോയ്‌ഡിന്റെ മരണ ശേഷമുണ്ടായത് പോലുള്ള പ്രതിഷേധം അന്ന് ലിസ്ബണിലും ഉണ്ടായി. അത്രയും ലോകമറിഞ്ഞില്ലെന്ന് മാത്രം)

വംശീയ വിദ്വേഷത്തിന്റെ പേരിൽ ലിസ്ബൺ സിറ്റി സെന്ററിൽ വെച്ച് 2020 ജൂലൈ 25-ന് ദാരുണമായി കൊല ചെയ്യപ്പെട്ട ഒരു കലാകാരനാണ് Bruno Candé
വംശീയ വിദ്വേഷത്തിന്റെ പേരിൽ ലിസ്ബൺ സിറ്റി സെന്ററിൽ വെച്ച് 2020 ജൂലൈ 25-ന് ദാരുണമായി കൊല ചെയ്യപ്പെട്ട ഒരു കലാകാരനാണ് Bruno Candé

"മൊസാംബിക്കിൽ വന്നിട്ടാണ് വാസ്കോ ഡാ ഗാമ നിങ്ങടെ കേരളത്തിലോട്ട് വന്നത്. ഹി വാസ് ബ്രൂട്ടൽ"

ശരിയാണ്, Transatlantic slave trade എന്ന പേരിൽ കുപ്രസിദ്ധമായ അടിമവ്യാപാരം ആരംഭിച്ചത് പോർച്ചുഗീസുകാരാണ്. തുടക്കം കുറിച്ചത് വാസ്കോ ഡാ ഗാമയും. ഏകദേശം 12 ദശലക്ഷം ആഫ്രിക്കക്കാരെയാണ് അടിമകളാക്കി അമേരിക്കയിലേക്കും ബ്രസീലിലേക്കും മൂന്ന് നൂറ്റാണ്ടുകൾ നീണ്ട സ്ലേവ് ട്രേഡിൽ കൊണ്ട് പോയത്. ബാക്കിയെല്ലാം ചരിത്രത്തിലെ ക്രൂരമായ അദ്ധ്യായങ്ങളാണ്.

മിറി എന്ന കപ്പലിന് തീ പിടിപ്പിച്ച് 300 യാത്രക്കാരെ മതവിദ്വേഷത്തിന്റെ പേരിൽ വാസ്കോ ഡാ ഗാമ ജീവനോടെ കത്തിച്ചത് ഇന്ത്യയിലേക്കുള്ള അയാളുടെ രണ്ടാമത്തെ യാത്രയിലായിരുന്നു. കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ കിട്ടാൻ വേണ്ടി അയാൾ കോഴിക്കോടും ഭീകര വയലൻസാണ് ഉപയോഗിച്ചത്. ഞങ്ങൾ കാണാൻ പോകുന്ന Belém Tower ഒരു പോർച്ചുഗീസ് ചരിത്ര സ്മാരകമാണിന്ന്. Jerónimos Monastery വാസ്കോ ഡാ ഗാമയുടെ കോഴിക്കോട് യാത്രയുടെ ബോക്സ് ഓഫീസ് വിജയത്തിനുള്ള ബഹുമതിയും. ഞങ്ങളുടെ മുഖത്തുണ്ടായ അനല്പമായ നിരാശ മാറ്റാനായിരുന്നു ഹാമോയുടെ അടുത്ത ചിരി,

"കാണണം. എല്ലാം കാണണം. ഈ കൂറ്റൻ സ്മാരകങ്ങൾ കാണുമ്പോൾ അതിലെ Portuguese Gothic Manueline style എന്ന ശില്പചാരുത മാത്രം ആസ്വദിക്കാതെ കുറേ ചരിത്രവും അറിയണം. നിർമ്മിക്കപ്പെട്ട ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ നിരാലംബരായ ആയിരക്കണക്കിന് മനുഷ്യരെ കൂടെ ഓർക്കുക"

എന്നിട്ട് ഹാമോ ഞങ്ങളുടെ കൂടെ പുറത്തേക്ക് വന്നു. തൂണിൽ ചാരി വെച്ചിരുന്ന സൈക്കിൾ എടുത്ത് 'ഐ വാണ്ട് റ്റു പിക്ക് മൈ ഗേൾ ഫ്രം ഡേ കെയർ' എന്ന് പറഞ്ഞ് റോഡിലേക്കിറങ്ങി. ഞങ്ങൾ Belém Tower-നോട് ഒരു ഭീകരനെ നാഷണൽ ഹീറോയാക്കിയതിലുള്ള ശക്തമായ പ്രതിഷേധം പറഞ്ഞ്, ഭീകരതകൾക്ക് ഒട്ടും കുറവില്ലാത്ത മറ്റു പോർച്ചുഗീസ് പര്യവേഷകരെ ദേശ സ്നേഹത്തിന്റെ കാവൽക്കാരാക്കി പ്രതിഷ്ഠിച്ചിട്ടുള്ള Padrão dos Descobrimentos-നടുത്തേക്ക് പോയി.

മിറി എന്ന കപ്പലിന് തീ പിടിപ്പിച്ച് 300 യാത്രക്കാരെ മതവിദ്വേഷത്തിന്റെ പേരിൽ വാസ്കോ ഡാ ഗാമ ജീവനോടെ കത്തിച്ചത് ഇന്ത്യയിലേക്കുള്ള അയാളുടെ രണ്ടാമത്തെ യാത്രയിലായിരുന്നു.
മിറി എന്ന കപ്പലിന് തീ പിടിപ്പിച്ച് 300 യാത്രക്കാരെ മതവിദ്വേഷത്തിന്റെ പേരിൽ വാസ്കോ ഡാ ഗാമ ജീവനോടെ കത്തിച്ചത് ഇന്ത്യയിലേക്കുള്ള അയാളുടെ രണ്ടാമത്തെ യാത്രയിലായിരുന്നു.

ഒരു വാശിക്ക് ലിഫ്റ്റ് എടുക്കാതെ 270 പടികൾ കയറി ആറാം നിലക്ക് മുകളിലുള്ള Padrão dos Descobrimentos-ന്റെ ടെറസ്സിൽ നിൽക്കുമ്പോൾ കണ്ണെത്തും ദൂരത്ത് ടാഗസ് നദി 'എനിക്കെല്ലാമറിയാം, എങ്കിലുമീ പ്രണയം എനിക്കനിവാര്യമാണ്' എന്ന ഭാവത്തിൽ അറ്റ്ലാന്റിക് സമുദ്രത്തെ പുണരുന്നു. അകലെ ആകാശം പ്രകാശ പൂരിതമാകുന്നു. ഒരു പ്രത്യേക നീല നിറമാണ് ലിസ്ബണിൽ ആകാശത്തിന്.

അഴിമുഖം ശാന്തമായിരുന്നു. ആ വിശാലതയിലേക്ക് ഒരു ചെറുകപ്പൽ പ്രത്യക്ഷപ്പെടും വരെ. കുറച്ചകലെ ബോട്ടുകൾ സഞ്ചാരികൾക്കായി കാത്ത് നിൽക്കുന്നു. ഇപ്പുറം ഒരു പൊട്ടുപോലെ ഹാമോയുടെ ഐസ്ക്രീം പാർലർ. ഒരു പെൺകുട്ടിയുടെ കൈപിടിച്ച് മുന്നിലെ ഫുട്പാത്തിലൂടെ നടക്കുന്നത് ഹാമോയാണോ? ആയിരിക്കണം.

മൂന്ന്

പോർച്ചുഗീസ് ചരിത്രം പോലെയാണ് ലിസ്ബണിലെ മിക്ക സ്റ്റ്രീറ്റുകളും. കുത്തനെയുള്ള കയറ്റങ്ങൾ, അതേ തീവ്രതയുള്ള ഇറക്കങ്ങൾ. ഗൂഗിളിൽ ചില സ്ട്രീറ്റുകൾ തിരഞ്ഞാൽ ഒരു കിലോമീറ്ററേ ദൂരമുണ്ടാകൂ, പക്ഷേ നടക്കുകയാണെങ്കിൽ 15-20 മിനിറ്റ്സ് വേണമെന്നൊക്കെ പറയും. ആദ്യം വിചാരിച്ചു ലിസ്ബൺകാരുടെ ആവറേജ് വോക്കിങ് സ്പീഡ് കുറവായിരിക്കും, അതിന്റെ അടിസ്ഥാനത്തിലാണ് ഈ കൂടിയ സമയമെന്ന്. നടക്കാനുള്ളതല്ല, കയറാനുള്ള സമയമാണ് ഗൂഗിൾ പറയുന്നതെന്ന് മനസ്സിലായത് castelo de são jorge അഥവാ സെയ്ന്റ് ജോർജ് കാസിലേക്ക് പോയപ്പോഴാണ്. വേനൽക്കാലമായതുകൊണ്ട് സൂര്യനും കാസിലിനും ഒരേ പ്രവർത്തി സമയമായിരുന്നു, രാത്രി 9 മണിവരെ. മൂന്ന് മണി കഴിയുമ്പോഴാണ് വെയിൽ മാക്സിമം സെന്റിഗ്രേഡിൽ എത്തുന്നത്. താപനില ഒരു പൊടിക്ക് താഴ്ന്നപ്പോഴാണ് ഞങ്ങൾ നടക്കാൻ തുടങ്ങിയത്. ആർ ഡോ മിലാഗ്രെ സാന്റോ അന്റോണിയോ പോലെ പറയാനും കയറാനും ബുദ്ധിമുട്ടുള്ള തെരുവുകൾ കടന്ന് ഞങ്ങൾ ടിക്കറ്റ് കൗണ്ടറിലെത്തി.

നൂറ്റാണ്ടുകൾ പഴക്കമുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും വെച്ച് യൂറോപ്യൻസ് കാശുണ്ടാക്കുന്നു. 10 മില്യൺ ജനസംഖ്യയുള്ള പോർച്ചുഗലിൽ 2019-ൽ വന്നത് 27 മില്യൺ ടൂറിസ്റ്റുകളാണ്. (2 മില്യൺ ജനങ്ങളുള്ള പാരീസ് നഗരത്തിലാണെങ്കിൽ ഏതാണ്ട് 49 മില്യൺ വരും 'പ്രതിവർഷ' സന്ദർശകർ). പോർച്ചുഗൽ സമ്പദ് വ്യവസ്ഥയിലേക്ക് ഒരു വിഹിതം നൽകി ഞങ്ങൾ കാസിൽ ഗേറ്റ് കടന്നു. അപ്പോഴാണ് മനസ്സിലായത് ഞങ്ങൾക്കൊപ്പം വടിയും കുത്തി സാമാന്യം സ്പീഡിൽ വന്നിരുന്ന താടിയും പ്രായവുമുള്ള മനുഷ്യൻ ഒരു ഗ്രൂപ്പിന്റെ ഗൈഡ് ആണെന്ന കാര്യം. ചരിത്രപ്രാധാന്യമുള്ള കോർണറിലൊക്കെ നിന്ന് മൂപ്പര് അതിബൃഹത്തായ വിവരണങ്ങൾ ആ സംഘത്തിലെ ആളുകളെ ചുറ്റും നിറുത്തി നൽകുന്നുണ്ടായിരുന്നു.

പോർച്ചുഗീസ് ചരിത്രം പോലെയാണ് ലിസ്ബണിലെ മിക്ക സ്റ്റ്രീറ്റുകളും. കുത്തനെയുള്ള കയറ്റങ്ങൾ, അതേ തീവ്രതയുള്ള ഇറക്കങ്ങൾ. ഗൂഗിളിൽ ചില സ്ട്രീറ്റുകൾ തിരഞ്ഞാൽ ഒരു കിലോമീറ്ററേ ദൂരമുണ്ടാകൂ, പക്ഷേ നടക്കുകയാണെങ്കിൽ 15-20 മിനിറ്റ്സ് വേണമെന്നൊക്കെ പറയും.
പോർച്ചുഗീസ് ചരിത്രം പോലെയാണ് ലിസ്ബണിലെ മിക്ക സ്റ്റ്രീറ്റുകളും. കുത്തനെയുള്ള കയറ്റങ്ങൾ, അതേ തീവ്രതയുള്ള ഇറക്കങ്ങൾ. ഗൂഗിളിൽ ചില സ്ട്രീറ്റുകൾ തിരഞ്ഞാൽ ഒരു കിലോമീറ്ററേ ദൂരമുണ്ടാകൂ, പക്ഷേ നടക്കുകയാണെങ്കിൽ 15-20 മിനിറ്റ്സ് വേണമെന്നൊക്കെ പറയും.

ഫീസ് കൊടുത്തവർക്ക് മാത്രം കേൾക്കാൻ പറ്റുന്ന രീതിയിൽ ശബ്ദം താഴ്ത്തിയാണ് തുടങ്ങുക, എങ്കിലും ചരിത്രത്തിന്റെ നാൽക്കവലകളിൽ എത്തി കഴിഞ്ഞാൽ പിന്നെ പുള്ളി ആവേശഭരിതനാകും. പിന്നെ സംഘത്തിലുള്ളവരെന്നോ, അല്ലാത്തവരെന്നോ ഉള്ള വ്യത്യാസം അപ്രസക്തമാകും. സ്റ്റൈൽ നമ്മുടെ നാട്ടിലെ പഴയ സ്ക്കൂൾ മാഷ്മാരുടേതാണ്, കൈയിൽ ചൂരൽ ഇല്ല എന്നേയുള്ളൂ. താൻ മുമ്പ് പറഞ്ഞതിനോട് റിലേറ്റഡ് ആയ കാര്യങ്ങൾ വന്നാൽ മൂപ്പര് ചോദ്യം ചോദിക്കും. ഉത്തരം കിട്ടിയാൽ മുഖം അഭിമാനവും സന്തോഷവും കൊണ്ട് തുടുക്കും, ഇനി ആരും ഉത്തരം പറഞ്ഞില്ലെങ്കിൽ എന്തൊക്കെയോ പിറുപിറുക്കും, കണ്ണടയൊന്ന് ഊരി വീണ്ടും യഥാസ്ഥാനത്ത് വെച്ച് ലെക്ചർ മെല്ലെ തുടങ്ങി പഴയ ഫോമിൽ തന്നെയെത്തും. അന്നേരം അവിടെ ഏഷ്യാക്കാർ കുറവായിരുന്നു. തൊട്ടടുത്ത് ഞാനും നിഷയും മാത്രമേ ‘കളർഫുൾ’ ആയിട്ട് ഉണ്ടായിരുന്നുള്ളൂ.

ഒരു സ്തൂപത്തിന്റെ മുമ്പിലെത്തിയപ്പോൾ ദൂരേക്ക് നോക്കി നിൽക്കുകയാണെന്ന ഭാവത്തിൽ ഞാൻ മൂപ്പരുടെ പൗരാണികവിജ്ഞാനത്തിലേക്ക് ചെവിയോർക്കുകയായിരുന്നു. പരിചയ സമ്പന്നനല്ലേ, ലേശം കഴിഞ്ഞപ്പോൾ പുള്ളിക്ക് കാര്യം പിടികിട്ടിയിട്ടുണ്ടാകണം. ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ പയ്യെ സ്തൂപത്തിന്റെ സൈഡിലോട്ട് മാറി നിന്നു. അപ്പോഴാണ് പുള്ളിയുടെ സാമാന്യം ഉച്ചത്തിലുള്ള ചോദ്യം, "Goth കൾ എന്നൊരു കൂട്ടരെ പറ്റി കേട്ടിട്ടുണ്ടോ?" ഉത്തരമാരും പറയുന്നില്ല. റോമിങിന്റെ സൗകര്യം ഞാനോർത്തു. ഇന്റർനെറ്റിൽ പോയി. പെട്ടെന്നൊരു തിരച്ചിൽ, ധൃതിയിലൊരു വായന. എന്നിട്ട് അടുത്ത് പോയി പുരികമുയർത്തി നിൽക്കുന്ന മൂപ്പരെ ഞാനൊന്ന് നോക്കി, മുപ്പര് എന്നെയും.

"ഐ നോ ഗോത്ത്സ്. സ്കാൻഡിനേവിയയിൽ നിന്ന് വന്നവർ, ജർമനിയിൽ ജീവിച്ചവർ, റോമിനെ കീഴടക്കിയപ്പോൾ അവർക്ക് ബാർബേറിയൻസ് എന്ന പേര് വന്നു." ഇത്രയും വായിക്കാനേ നേരം കിട്ടിയുള്ളൂ. അത് നിഷയുടെ എതിർപ്പിനെ നേർപ്പിച്ചതിന് ശേഷം മൂപ്പർക്ക് കേൾക്കാൻ പാകത്തിൽ ഞാൻ പറഞ്ഞു. മൂപ്പർക്ക് സന്തോഷമായി, കൈ കാണിച്ചു "ഐ ആം പീറ്റർ" എന്നിട്ട് ബാക്കി ചരിത്രം പറഞ്ഞു.

"Vandals എന്ന ആദിമജർമൻകാരെ ഇല്ലാതാക്കിയാണ് ഗോത്ത്കൾ ജർമനിയിൽ കയറിയത്. ഹ്യൂൻസ് എന്നൊരു നാടോടി സംഘം അവരെ തോൽപ്പിച്ചു. അപ്പോൾ ജർമനിയിൽ നിന്ന് റോമിലേക്കും പിന്നീട് പോർച്ചുഗൽ-സ്പെയിൻ പ്രദേശത്തേക്കും കുടിയേറിയ ഗോത് വിഭാഗമാണ് visigoths. ജർമനിയിൽ തന്നെ തുടർന്ന്, തരം കിട്ടിയപ്പോൾ ഹ്യുൻസിനെ തോൽപ്പിച്ചവരാണ് Ostrogoths. പിന്നീട് റോമൻകാർ വിസികളെയും, മൂർസ് എന്ന കൂട്ടരും ഖലീഫകളും കൂടി ഓസ്‌ട്രോകളെയും തോൽപ്പിച്ചു. ഇതിൽ visigoths ആണ് castelo de são jorge ന്റെ പണി തുടങ്ങിയത്. മൂർസ് അത് വലുതാക്കി. നിർമ്മാണം ആരംഭിച്ചത് ഏതാണ്ട് രണ്ടായിരം കൊല്ലം മുമ്പാണ്," അത്രയും പറഞ്ഞ് പീറ്റർ ഒന്ന് നിറുത്തി. സമൃദ്ധമായ താടി തലോടി, ഒരു പ്രത്യേക വാത്സല്യത്തോടെ ഞങ്ങളോട് ചോദിച്ചു, "ഡു യു വാണ്ട് റ്റു ജോയിൻ അസ്?"

കമ്പനിക്ക് കാശ് കൊടുത്ത് കണ്ടക്ടഡ് ടൂറിന് വന്നവരുടെ വികാരം മനസ്സിലാക്കി, 'ദാറ്റ്സ് വെരി കൈൻഡ് ഓഫ് യു" എന്ന ഉപചാരം കൈമാറി പീറ്ററിനോട് ഞങ്ങൾ ഗുഡ് ബൈ പറഞ്ഞു. എന്നിട്ട് കാസിലിന്റെ ഏറ്റവും ഉയരത്തിൽ പോയി ലിസ്ബൺ 360 ഡിഗ്രിയിൽ കണ്ടു.

"Vandals എന്ന ആദിമജർമൻകാരെ ഇല്ലാതാക്കിയാണ് ഗോത്ത്കൾ ജർമനിയിൽ കയറിയത്.
"Vandals എന്ന ആദിമജർമൻകാരെ ഇല്ലാതാക്കിയാണ് ഗോത്ത്കൾ ജർമനിയിൽ കയറിയത്.

നാല്

Custard tart, duck rice, പിന്നെ കടുപ്പൻ പേരുകളുള്ളതുമായ പോർച്ചുഗീസ് ഭക്ഷണപരീക്ഷണങ്ങൾ അഞ്ചാം ദിവസത്തേക്ക് കടക്കുമെന്നായപ്പോൾ വൻകുടൽ ഞങ്ങളോട് പറഞ്ഞു,

"അതേയ് സംഗതികൾ കൃത്യമായ അളവിൽ ഡൗൺലോഡ് ചെയ്യപ്പെടണമെങ്കിൽ എനിക്ക് എരിവും പുളിയുമുള്ള വല്ലതും കിട്ടിയേ പറ്റൂ." അങ്ങനെയാണ് അത്താഴത്തിന് ഞങ്ങൾ ഗൂഗിളിൽ 'ഇന്ത്യൻ ഫുഡ് നിയർ മി' തിരഞ്ഞത്. വളഞ്ഞും, തിരിഞ്ഞും, കയറിയും ഇറങ്ങിയും രണ്ട് കിലോമീറ്റർ ചെന്നപ്പോൾ കണ്ട കാഴ്ച ആമാശയഭേദകമായിരുന്നു. ഇന്റർനെറ്റിലെ ഫോട്ടോയ്ക്കും മുന്നിൽ നിലകൊള്ളുന്ന ഹോട്ടലിനും അജഗജാന്തരം. ഫോട്ടോഷോപ്പിലിട്ട് മൂപ്പിച്ചതാണ് ഇന്റർനെറ്റിലെ ചിത്രം. വൃത്തിയുടെ കാര്യത്തിൽ ഒരു വലിയ ചോദ്യചിഹ്നവുമായാണ് ഹോട്ടലിന്റെ നിൽപ്പ്. വർഷങ്ങൾക്ക് മുമ്പ് പാലക്കാട് റെയിൽവേസ്റ്റേഷനിൽ നിന്ന് ഒരു സമോസ കഴിച്ചത് ഓർമ്മ വന്നു. അന്ന് രാത്രി മുഴുവൻ ടോയ്ലെറ്റിലായിരുന്നു, ബെഡിൽ പോകേണ്ടിയേ വന്നില്ല. ആയതിനാൽ റിസ്ക് എടുക്കേണ്ടെന്ന് തീരുമാനിച്ചു.

ഞങ്ങൾ യു ടേൺ എടുത്ത് വീണ്ടും ഇന്റർനെറ്റ് തപ്പി. ഇത്തവണ സെർച്ച് ഫലഭൂയിഷ്ഠമായിരുന്നു, കേരള റെസ്റ്റോറന്റ്. പക്ഷെ ദൂരമുണ്ട്. ബസ്സിൽ പോണം. പിന്നെയും ഇന്റർനെറ്റിൽ കഷ്ടപ്പെട്ടു. 760 നമ്പർ ബസിൽ കയറി, പോർച്ചുഗീസിൽ അവർ പറയുന്നതും ഇംഗ്ലീഷിൽ ഞങ്ങൾ കേൾക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ലാത്ത ബസ്സ് സ്റ്റോപ്പുകളുടെ പേരുകൾ നോക്കി നോക്കിയിരുന്നു. ഇറങ്ങേണ്ട സ്ഥലമെത്താൻ ആറ് സ്റ്റോപ്പുകൾ കൂടി. അപ്പോൾ ഡ്രൈവർ പറയുന്നു, "പണി നടക്കുന്നതുകൊണ്ട് റോഡ് ബ്ലോക്കാണ്, സർവീസ് ഇവിടെ വെച്ച് നിർത്തുന്നു." എന്നുവെച്ചാൽ മൊത്തം മൂന്നര കിലോമീറ്റർ ഇനിയുമുണ്ട്. 'ഏതായാലും പുറപ്പെട്ടു, എങ്കിൽ പിന്നെ കൊല്ലത്തെത്തിയിട്ട് തന്നെ കാര്യം' എന്ന വാശിയിൽ ഞങ്ങൾ നടന്നു. മിനി എവറെസ്റ്റുകളായിരുന്നു കീഴടക്കേണ്ടിയിരുന്നത്. ഒരു വശത്ത് കേറാനുള്ള പാടാണെങ്കിൽ, മറുവശത്ത് വീഴാതിരിക്കാനുള്ള പ്രയത്നമായിരുന്നു. നമ്മൾ നമ്മളെ തന്നെ മെല്ലെയൊന്ന് തള്ളി കൊടുത്താൽ മതി, വീണില്ലെങ്കിൽ അടുത്ത കയറ്റത്തിന്റെ ചുവട്ടിൽ ചെന്ന് നിൽക്കും.

Hard work paid off, റെസ്റ്റോറന്റ് ഇൻസ്റ്റന്റ് ഹിറ്റ് ആയിരുന്നു. നെറ്റിപ്പട്ടവും, മമ്മൂട്ടിയും മോഹൻലാലും, വള്ളംകളിയും, മലയാളം പാട്ടും...ആകെ കേരളമയം!കൂടെ ഞങ്ങളുടെ പിടിച്ചാൽ കിട്ടാത്ത വിശപ്പും. ആദ്യം മസാലദോശ, പിന്നെ പൊറോട്ട, ഒപ്പം പൊളിച്ച മീൻ, വറുത്തരച്ച ചിക്കൻ കറി, തുടക്കത്തിൽ രണ്ട് പെഗ് നാടൻ വോഡ്കയും. ഭക്ഷണം കൊണ്ട് വന്ന പഞ്ചാബി പയ്യനോട് ഞാൻ ചോദിച്ചു,

"ഇവിടെ മലയാളം സംസാരിക്കുന്നവരില്ലേ?"

"ഉണ്ടല്ലോ?"

ചീഫ് ഷെഫ് കം ഓണർ തൃശ്ശൂർക്കാരൻ വിജീഷ് രാജൻ വന്നു, മലയാളം പറഞ്ഞു. കേരളത്തീന്ന് ജർമനി വഴി പോർച്ചുഗീസിലെത്തിയ കഥ കേട്ടു. ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തു. വയർ നിറഞ്ഞു, മനസ്സ് കുളിർന്നു. പിറ്റേന്ന് വൻകുടൽ വാക്ക് പാലിച്ചു. ഞങ്ങൾ ഒന്നുകൂടെ പോയി കുത്തരിച്ചോറിൽ മീൻകറി ഒഴിച്ചു, മട്ടൻ ഫ്രൈ നുണഞ്ഞു. വിജീഷിന് ഒരു ഗൂഗിൾ റിവ്യൂ കൊടുത്തു. താമസിക്കുന്നതിന് തൊട്ടടുത്തുള്ള Palacio nacional de ajuda അഥവാ അജൂദ നാഷണൽ പാലസ് ആയിരുന്നു ലിസ്റ്റിലെ ലാസ്റ്റ് ഐറ്റം. പോർച്ചുഗൽ റോയൽ ഫാമിലി 1755-ലെ ഭൂകമ്പത്തിന് ശേഷം പണിത കൊട്ടാരം. ക്വീൻ ഓഫ് പോർച്ചുഗൽ Maria Pia-യുടെ അന്തപുരവും, സൗകര്യങ്ങളുമായിരുന്നു ഹൈലൈറ്റ്. BCE 7th സെഞ്ച്വറി മുതൽ നാവികർ കൊണ്ടുവന്ന സാധനസാമഗ്രികളും, പോർച്ചുഗീസ് കോളനിക്കാലത്തെ ബിംബങ്ങളും, അറേബ്യാ - ഏഷ്യ - യൂറോപ്യൻ പുരാതന സമ്പ്രദായങ്ങളും ഷോക്കേസ് ചെയ്ത മ്യൂസിയം കടന്ന് ഞങ്ങൾ കൊട്ടാരത്തിന് പുറത്തെത്തി; അധികാരവും, ആഡംബരവും, അക്രമവും, അധിനിവേശവും, നാഗരികതയും നിറഞ്ഞ കാഴ്ചകൾക്ക് ഇടയിലൂടെ സഹസന്ദർശകർക്കൊപ്പം.

അങ്ങനെ...

ലിസ്ബൺ തെരുവുകളിലൂടെ നടന്ന്, വിവിധ രുചികൾ നുകർന്ന്, ചരിത്രവൈവിധ്യങ്ങളിലേക്ക് ഒന്നെത്തിനോക്കി, ഞങ്ങൾ പോർച്ചുഗലിനോട് വിട പറഞ്ഞു.

Cheers!


Summary: Dr. Prasannan P.A writes his experiences and memories from Portugal Lisbon travel, Good Evening Friday column from Australia continues.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments