ധർമ്മ ക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവ:
മാമക: പാണ്ഡവാശ്ചൈവ
കിമ കുർവത സഞ്ജയാ
(ഭഗവത്ഗീതയിൽ, കുരുക്ഷേത്രഭൂമിയിൽ എന്താണ് നടക്കുന്നത് എന്ന് ധൃതരാഷ്ട്രർ സഞ്ജയനോട് ചോദിക്കുകയാണ്)
ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടതിനു ശേഷം ‘എന്താണ് സംഭവിക്കുന്നത്’ എന്ന തലവാചകത്തിൽ, നോം ചോംസ്കി സംഭവങ്ങളെ വിലയിരുത്താൻ ശ്രമിച്ചതും ഇവിടെ ഓർക്കാം. ‘കണ്ണിനു കണ്ണ് പല്ലിനു പല്ല്’ എന്ന ജൂതനീതിയെ, ‘മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല, നിയമം മനുഷ്യന് വേണ്ടിയുള്ളതാണ്’ എന്നും, നിങ്ങൾ പ്രതികാരവാഞ്ചയുടെ ചരിത്രസ്മൃതികളിൽ നിന്ന് മാറി, ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിച്ചുകൊണ്ട്’ ഉണ്മയിലേക്കുണരുക എന്നും ക്രിസ്തു പറഞ്ഞതും ഓർക്കാം.
ചരിത്രത്തിന്, ബൃഹദാഖ്യാനത്തിന്, എപ്പോഴും പ്രതികാരത്തിന്റെ നിഴലുണ്ട് എന്ന ജ്ഞാനം പകരുകയാകും മിശിഹാ ചെയ്തത്. ‘മനുഷ്യരുടെ ചരിത്രം അവർ നിർമ്മിക്കുന്നതാണ്’ എന്ന മാർക്സിന്റെ പറച്ചിലും കൂട്ടി വായിക്കുമ്പോൾ, ‘ഇതിനെല്ലാം പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ’ എന്ന ചങ്ങമ്പുഴ ചോദ്യവും, ചരിത്രത്തിന്റെ ഈ പ്രതികാരദാഹങ്ങളെപ്പറ്റിയുള്ള പച്ച മലയാളമായിരുന്നു.
നാം നമ്മുടെ വർത്തമാനത്തിന്റെ ആവശ്യങ്ങളിൽ നിന്നുകൊണ്ട് മനുഷ്യന്റെ സാമൂഹിക പരിണാമത്തിന് ഒരു ആരംഭബിന്ദു കണ്ടെത്തുമ്പോൾ, അതു മനുഷ്യൻ നിർമ്മിക്കുന്ന ചരിത്രമായിത്തീരുന്നു. അത് രാജാക്കന്മാരുടെ ചരിത്രമോ, തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്രമോ, കീഴാളരുടെ ചരിത്രമോ ആയിത്തീരുന്നു. അപ്പോൾ, നാം നിലകൊള്ളുന്ന വർത്തമാനമാണ് ചരിത്രത്തെ ഭാവന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നത് എന്നുവരുന്നു. ഒരുപക്ഷേ മാർക്സിസം സമ്മാനിച്ച ചരിത്രരചനാശാസ്ത്രത്തിൽ ഇത്തരമൊരപകടവും പതിഞ്ഞിരിക്കുന്നുണ്ടെന്നു കാണാം. അങ്ങനെ, ചരിത്രവൽക്കരണവും ചരിത്രപരതയും, അത് ആഖ്യാനം ചെയ്യുന്നവന്റെ കൈകളിൽ നിർമ്മിക്കപ്പെടുന്ന ഒരു താഴികക്കുടമായിത്തീരുന്നു. ഇത്തരമൊരു ഘടം നിർമ്മിക്കുന്ന കുശവൻ ഉപയോഗിക്കുന്ന മധ്യസ്തൂപത്തിന്റെ 'സെൻട്രാ ലിറ്റി'യുടെ ചലനവേഗവും, അതിൽ കുശവന്റെ മെയ് വഴക്കവും കൈത്തഴക്കവും കൊണ്ട് ഒരു കുടമുണ്ടായിത്തീരുകയാണ് ചെയ്യുന്നത്. ഇപ്രകാരം നിർമ്മിക്കപ്പെടുന്ന താഴികക്കുടങ്ങളുടെ ചിഹ്നശാസ്ത്രം, മറ്റൊരു വർത്തമാനബിന്ദു പൊളിച്ചുകളയുകയും, തങ്ങളുടെ ഭാവനയിൽ നിന്നുള്ള ഘടങ്ങളും കുടങ്ങളും നാഴികമണികളും താഴികക്കുടങ്ങളും മിനാരങ്ങളും കൊടിമരങ്ങളും ഉയർത്തുകയും ചെയ്യുന്നു. അങ്ങനെനോക്കുമ്പോൾ, സ്ഥലത്തെയും കാലത്തെയും മനുഷ്യർ തന്നെ ഭാവന ചെയ്യുന്നതാണെന്നു കാണാം.
‘നമുക്ക് സ്വാതന്ത്ര്യാനന്തരമുള്ള ഒരു പുതിയ ഇന്ത്യ നിർമ്മിക്കാം’ എന്ന നിലയിൽ നെഹ്റുവിയൻ ആധുനികത സംരക്ഷിച്ചു നിർത്തിയ നിർമ്മിതികൾ ഇപ്രകാരം തകർക്കപ്പെടുകയും, നാം കുടിയൊഴിപ്പിച്ചു എന്നു കരുതിയ പ്രേതങ്ങൾ കൊട്ടും കുരവയും പിക് ആക്സും മഴുവും മരക്കോലുമായി ശ്മശാനങ്ങളിൽ നിന്ന് മാർച്ച് ചെയ്തെത്തുകയും, അങ്ങനെ ഭൂതം വർത്തമാനത്തിലേക്ക് കവിഞ്ഞു നീളുന്ന 'പ്രതിഭാസ വിജ്ഞാനീയം' പണിയുകയും ചെയ്യുന്നു. ബാബരി മസ്ജിദും മഥുരയും ഗ്യാൻവാപിയും താജ് മഹലും അജ്മീറും ആ പട്ടികയിൽ ഒന്നൊന്നായി സ്ഥാനം നേടുന്നു. ഭക്തിയും യുക്തിയും ഇവിടെ കോക്ടയിലുകൾ തീർക്കുന്നു. മതവും രാഷ്ട്രീയവും, ചരിത്രവും പ്രതിഭാസ വിജ്ഞാനീയവും, മിത്തും യാഥാർത്ഥ്യവും കൂടിക്കലരുന്ന ഒരു സങ്കലനഋതു വന്നുചേരുന്നു. അതല്ലെങ്കിൽ നാം അത്തരമൊരു ഋതുപ്പകർച്ചയിൽ ആണെന്നുറപ്പിക്കാം.
"We will have to ask how consciousness is capable of constructing a memory suitable for itself, an acted and almost active nemory that no longer rests on traces......
Nietzche stresses this incapacity to forget anything, this faculty of forgetting nothing and its profoundly reacting nature-which must be considered from all points of view. A type is a reality which simultaneously biological, psychical, historical, social and political......
And more deeply, the memory of traces is full of hatred in itself and by itself. It is venomous and depreciative because it blames the object in order to compensate for its own inability to escape from the traces of corresponding excitation.....
The essential link between revenge and memory resembles the Freudian anal-sadistic complex. Nietzche himself presents memory as an unfinished digestion....... This intestinal and venomous memory is what Nietzche calls the spider, tarantula, the spirit of revenge..."
(Deleuze, Nietzsche and Philosophy).
അജ്മീറിനെ ചുറ്റിപ്പറ്റി ഉയരുന്ന മർമ്മരങ്ങൾ (Rumours) ഇങ്ങനെ ഓർമ്മകളുടെ ഒരു ഖയാൽ ആലപിക്കുന്നു. ഇറാനിലെ ഖുറാസാനിൽ നിന്ന് പ്രേമത്തിന്റെ താമരപ്പൂക്കളുമായെത്തിയ ഖ്വാജാ മൊയ്നുദ്ദീൻ ഹസ്സൻ ചിഷ്തി അജ്മീറി. പനിനീർ പൂക്കളുടെ വസന്ത വാടിയായിത്തീർന്ന, അദ്ദേഹം അന്തിയുറങ്ങുന്ന ദർഗാ ശരീഫ്. നൂറ്റാണ്ടുകളായി ഇന്ത്യയിലെ താപസരും സംന്യാസിമാരും യോഗികളും സൂഫികളും ആത്മാന്വേഷകരും സാധാരണക്കാരിൽ സാധാരണക്കാരും തങ്ങളുടെ ആത്മശാന്തിയ്ക്കും അനുദിനമുള്ള ജീവിതദുരിതത്തിനും ഔഷധം തേടിയെത്തുന്ന പുണ്യഭൂമി. രാപ്പകലുകളിലൂടെ ഖവാലിയുടെ പ്രാർത്ഥനാവഴികളും, കാലം ഫ്രീസ് ചെയ്തു നിർത്തിയ ഡോലക്കിന്റെ മുഴക്കവും, ഹാർമോണിയത്തിന്റെ വിലാപസ്ഥായിയും കൊണ്ട് ഹൃദയചക്രത്തിൽ താമര വിരിയിക്കുന്ന അജ്മീർ. ഒരിക്കൽ സന്ദർശിച്ചാൽ ആർക്കും മറക്കാനാവാത്ത പ്രേമത്തിന്റെ പൂവാടി.
നിരവധി കഥകളും ഐതിഹ്യങ്ങളും ഖ്വാജയെ ചുറ്റിപ്പറ്റിയുണ്ട്. വ്യക്തമായ ചരിത്രം വേറെയുണ്ട്. രാജാവ് വെള്ളം നിഷേധിച്ചപ്പോൾ ഒരു കുടം വെള്ളം ഭിക്ഷ ചോദിക്കുകയും, അനാസാഗർ തടാകത്തിൽ നിന്നും ആ കുടം നിറഞ്ഞപ്പോൾ തടാകവും കിണറുകളും അമ്മമാരുടെ മുലപ്പാൽ പോലും വറ്റിപ്പോകുകയും ചെയ്ത ഖ്വാജയുടെ 'കറാമത്ത്'. മന്ത്രവാദികളുടെ പാമ്പുകളെയും തേളുകളെയും, വിശ്വാസവചനത്തിന്റെ മന്ത്രം ചൊല്ലി വൃത്തം വരച്ച് അനുയായികളെ സംരക്ഷിച്ച ഗുരു. അഹങ്കാരമാകുന്ന അനയെ മൺകുടത്തിൽ അടച്ച, ജാതിമതഭേദമില്ലാതെ ആത്മീയാനുഭവം പകർന്നു നൽകുന്ന 'ഹയാത്തിലുള്ള' ഖ്വാജ. പേർഷ്യനിലും സംസ്കൃതത്തിലും അറബിയിലും അവഗാഹമുണ്ടായിരുന്ന ആ ‘പണ്ഡിതവര്യനായ ആത്മജ്ഞാനി’യെ കാണാൻ വന്ന പൂജാരി ഖ്വാജയുടെ പ്രേമത്തിന്റെ ദർശനത്തിലേക്ക് വഴി മാറിയ കഥ. കൊല്ലാൻ വന്ന രാജകിങ്കരനെ മോക്ഷം നൽകി ചിരഞ്ജീവിയാക്കിയ ഖ്വാജ.
ഷാജഹാന്റെ പുത്രി ജഹ്നാര ബീഗം സഹോദരൻ ഔറംഗസീബിൽ നിന്ന് അഭയം തേടി വന്ന ആത്മീയ ഭൂമി. അക്ബർ പതിമൂന്നു വട്ടം ദില്ലിയിൽനിന്ന് കാൽനടയായി വന്നു കീഴടങ്ങിയ സുൽത്താനെ ഹിന്ദ്. പാവങ്ങളുടെ പടത്തലവൻ. ഇന്ത്യയുടെ പട്ടിണിക്ക് ലങ്കാറിന്റെ പരിഹാരം നൽകിയ ഗരീബി നവാസ്. കർഷകർക്കും പാവപ്പെട്ടവരുടെ പരാതികൾക്കും പകലുടനീളം ഖാൻഖാവുകൾ തുറന്നിട്ട ഇന്നും തുടർച്ചയുള്ള ശിഷ്യപരമ്പരകൾ. ഇന്ത്യൻ ഭക്തിപ്രസ്ഥാനത്തിന്റെ ഹൃദയത്തിന്റെ ഉടമ. ബക്തിയാർ കാക്കിയും ബാബാ ഫരീദും ആത്മീയതയും കവിതയും കരുണയും പ്രേമവും കണ്ടെത്തിയ സന്നിധാനം. അവിടം ശൈവമല്ല. കൃഷ്ണഭാവത്തിലാണ് ഖ്വാജയുടെ സമാധി. മഞ്ഞപ്പട്ടുടുത്ത് മയിൽപ്പീലി ചൂടി നിന്ന കൊണ്ടോട്ടി തങ്ങളുടെ പരമഗുരു. സ്ത്രീകളുടെ ഹൃദയത്തിന്റെ പ്രേമത്തിന്റെയും വാത്സല്യത്തിന്റെയും അവകാശി. തങ്ങളെ തങ്ങളാക്കിയ ഒരു സന്നിധാനം എന്ന അറിവു നഷ്ടപ്പെട്ട അഭിനവ ഹിന്ദു. ഹൃദയത്തിൽനിന്ന് താമരപ്പൂവ് പറിച്ചറിഞ്ഞ് അവിടെ നാണയപ്പരുക്കം നിറച്ച കോർപ്പറേറ്റ് ഹിന്ദുത്വം.
അരൂപിയായ അസ്തിത്വത്തിന്റെ അടയാളം എന്നേ ശിവലിംഗത്തിന് അർത്ഥമുള്ളൂ. ശിവൻ ഒരു വിഗ്രഹമല്ല. ഒരു പ്രതിഷ്ഠയുമല്ല. ലിംഗം ശിവസാന്നിധ്യത്തിന്റെ ഒരു അടയാളം മാത്രമാണ്. ഒരു സൂചകാർത്ഥമാണ്. ഐക്കണോഗ്രഫിയുടെ ഈ സെമിയോടിസം അറിയാത്ത ഹിന്ദുത്വവാദികൾ. തങ്ങളുടെ താമര, ഖ്വാജയുടെ പേർഷ്യയിൽ നിന്നുള്ള സമ്മാനമാണെന്നുള്ള ചരിത്രബോധം നഷ്ടപ്പെട്ട ഒ. പി. സുരേഷിന്റെ കവിത. ഓർമ്മയുടെ കുത്തൊഴുക്കിൽ ഉണ്മയെ മറന്ന വി. വി. ഷാജുവിന്റെ കവിത. തന്നെത്തന്നെ ഓർത്ത് തന്നെ നഷ്ടപ്പെട്ട ക്ഷേമ കെ. തോമസിന്റെ രചനകൾ.
പുനർജന്മങ്ങളുടെ ഉൽക്കാപതനത്തിൽ സ്വയം നഷ്ടപ്പെട്ട അമ്മുദീപ. തങ്ങളുടെ യാഗാഗ്നി ഒരു ഇറാനിയൻ സംഭാവനയാണെന്നറിയുന്ന വി. എം. ദീപയുടെ മൗനം. ചരിത്രം നീണ്ടുനീണ്ടു പിന്നാക്കം പോയി ഉണ്മ നഷ്ടപ്പെടുന്ന ഒരു പ്രാതിഭാസികതയാണെന്നറിയാത്ത ചരിത്രവാദികൾ. കാര്യം, ഒരൊറ്റ കാരണത്തെയല്ല, അനേക കാരണങ്ങളുടെ അകത്തുകയായി ഖനീഭവിക്കുന്നതാണ് എന്നറിയാത്ത കേവല യുക്തിവാദികൾ. അവർ ഭക്തിയുടെ സ്ഥലങ്ങൾക്കും അവകാശം പറയുമ്പോൾ, അത് ഇന്ത്യയുടെ ഹൃദയത്തിൽ കയറുന്ന കഠാരയാണ് എന്ന് തിരിച്ചറിയാനവാത്ത വിശകലനവാദികൾ. ഖ്വാജയുടെ മാർഗത്തിന്റെ ഹൃദയചുവപ്പ് പടർന്നൂറിയതാണ് ഇന്ത്യ പണിത ‘ഇങ്ക്വിലാബ്’ എന്ന ചരിത്രം നഷ്ടപെട്ട മാർക്സിസ്റ്റുകാർ. കോൺഗ്രസിന്റെ കയ്യടയാളം ഇന്ദിരയ്ക്കു ലഭിച്ചത്, ഖ്വാജയുടെ സന്നിധിയിലെ പ്രാർത്ഥനാസമ്മാനമാണെന്നറിയാത്ത കോൺഗ്രസുകാർ. ഇന്ത്യൻ ഭക്തിപ്രസ്ഥാനത്തിനും ഏകത്വ ദർശനത്തിനും കലയ്ക്കും വാസ്തു വിദ്യക്കും സർവ്വോപരി ഇന്ത്യൻ സംഗീതത്തിനും ഖ്വാജയും പരമ്പരയും നൽകിയ സംഭാവനകൾ അറിയാതെ, സ്വന്തം നിലനിൽപ്പിന്റെ ശക്തി സ്രോതസ്സുകളുടെത്തന്നെ കടയ്ക്കൽ കത്തിവയ്ക്കുന്ന കാളിദാസന്മാർ. ‘ഓം കാളി മഹാകാളി’ എന്ന കാലബോധത്തെ, മരണത്തിന്റെ ദേവതയാക്കിയ ആർ.എസ്.എസുകാർ.
ചരിത്രവാദത്തിന്റെയും നിയമപരിഹാരങ്ങളുടെയും തിരക്കിൽ, ചരിത്രത്തിനപ്പുറത്തും ഇപ്പുറത്തും സനാതന ധർമ്മമായി നിലകൊള്ളുന്ന പ്രേമത്തിന്റെ പ്രതിഭാസവിജ്ഞാനീയത്തെ അറിയാത്ത ജഡ്ജിമാർ.
അനശ്വരമായി നിലകൊള്ളുന്ന ചില മൂല്യങ്ങളും മൂലസ്ഥാനങ്ങളും നാം മറന്നുപോകുന്നു എന്ന അർത്ഥത്തിലാണ് അജ്മീറിന്റെ ശിവലിംഗ കഥകൾ നാം കേൾക്കുന്നത്. എല്ലാ ദേവസ്ഥാനങ്ങളും, സമാധി സ്ഥലങ്ങളും ചൈതന്യങ്ങളുടെ സനാതനമായ ഉറവിടമാണെന്നറിയുമ്പോൾ ചിത്തിന്റെയും ആനന്ദത്തിനെയും രൂപകമാണ് ശിവം എന്ന അറിവിലേക്ക് നാം അടുക്കുന്നു. അതിന് ഒരു രൂപമോ ഇടമോ ഇല്ല എന്നറിയുന്നു. ‘നിങ്ങൾ ആരാധിക്കുന്നതൊന്നും അതല്ല’ എന്ന ഉപനിഷത്ത്. ബോധവും ആനന്ദവുമാണ് 'ഞാൻ' എന്ന ശങ്കരാചാര്യമന്ത്രം. അടയാളങ്ങളിലും ചിഹ്ന വ്യവസ്ഥയിലും പുലരുന്ന അധികാരവ്യവസ്ഥയ്ക്ക് പക്ഷേ, അസ്തിത്വത്തിന്റെ, നാമ-രൂപങ്ങൾക്കപ്പുറമുള്ള ആത്മബോധത്തിലേക്കെത്തുക അസാധ്യം തന്നെ.
അജ്മീറിലും മണ്ണിടുമ്പോൾ, ഹിന്ദുവിസത്തിന്റെ ഉയർന്ന അവബോധതലങ്ങളുടെ മുകളിൽ തന്നെയാണ് ശവമഞ്ചങ്ങളൊരുക്കുന്നത് എന്നുള്ള ആത്മബോധം ഹിന്ദുവിനുണ്ടായിവരേണ്ടതാണ്. ഹിന്ദുത്വത്തിന്റെ ആനൽ ഈറോടിക്കായ, സാഡിസ്റ്റിക് ആയ, പ്രതികാരദാഹത്തിന്റെ ചരിത്രത്തിനെതിരെ ഹിന്ദു ഉണരട്ടെ.
ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യവരാൻ നിബോധത
ക്ഷുരസ്യധാര നിഷിതാ
ദുരത്യയാ ദുർഗ്ഗം പഥസ്തത്
കവയോ വദന്തി.
(ഉണരുവിൻ, എഴുന്നേൽക്കുവിൻ. ശ്രേഷ്ഠന്മാരായ ആചാര്യന്മാരെ പ്രാപിച്ച് ആത്മജ്ഞാനം നേടുവിൽ. ആത്മീയ മാർഗത്തിലുള്ള സഞ്ചാരം ക്ലേശകരമാണ്. അത് വാളിന്റെ വായ്ത്തല പോലെ ദുശ്ചരമാണ്)
ഹിന്ദു താൻ അകപ്പെട്ട മിഥ്യയിൽ നിന്നുണർന്ന് ഇന്ത്യയുടെ യഥാർത്ഥ ഭാവി പണിയുമ്പോൾ വാൻടോം സ്തംഭത്തിൽ നിന്ന് ആ വിഗ്രഹം വീണുടയുക തന്നെ ചെയ്യും.
ശുഭം.