റോസ്​ ജോർജ്​ ആന്ധ്രപ്രദേശിലെ വെങ്കടഗിരി നെയ്ത്തുഗ്രാമത്തിൽ.

വെങ്കടഗിരി
നെയ്ത്തു ഗ്രാമത്തിൽനിന്നൊരു
സുവാർത്ത പാട്ട്‍ലു…

ആന്ധ്രാപ്രദേശിലെ വെങ്കടഗിരി എന്ന നെയ്ത്തുഗ്രാമത്തിൽ നിന്ന് റോസ് ജോർജ്ജ് എഴുതുന്നു.

റ്റൊരു ദേശത്തെ പാർപ്പിലേക്ക് വർഷാന്ത്യം പ്രവേശിക്കുകയാണ്. നേർത്ത കുളിരുള്ള ഇളംകാറ്റും മഞ്ഞും കുളിരും മാർഗ്ഗഴി മാസത്തിലെ ആണ്ടാൾ തിരുപ്പാവൈ പ്രഭാതസ്തുതിപ്പുകളും പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി അകം പുറം കോരിച്ചൊരിയുന്നുണ്ട്.

ആന്ധ്രാപ്രദേശിൽ, ബോപ്പപുരത്തെ നെയ്ത്തു ഗ്രാമത്തിൽ ക്രിസ്മസിന്റെ വർണ്ണക്കാഴ്ചകൾ ഒന്നും തന്നെയില്ല. അലങ്കരിച്ച കോണിഫറസ് മരത്തിനു പകരമായി ഇളം മഞ്ഞ ഗോളങ്ങളുമായി നാരകമരങ്ങൾ രാവും പകലും പ്രകാശം തൂവുന്നു.. ആകാശം പോലെ ഭൂമിയും എന്നുദ്ഘോഷിച്ചുകൊണ്ട് നിറയെ നക്ഷത്രപ്പൂക്കളും മുത്തുമണിപ്പറ്റങ്ങളും കാട്ടുപടർപ്പിൽ ഉന്മാദം പൂണ്ട് പടർന്നിരിക്കുന്നു. ശംഖുപുഷ്പവേലികളിൽ നിറയെ ചിത്രശലഭങ്ങൾ! തറികളിൽ നൂലോടുന്ന താളമാണ് ഗ്രാമത്തിന്റെ മിടിപ്പ്. ഏറ്റവും ലളിതവും ജൈവികവുമായ അവസ്ഥയിലേക്ക്, ധ്യാനാത്മകവും സൂക്ഷ്മവുമായ നെയ്ത്തിന്റെ താളത്തിലേക്ക്, തങ്ങളുടെ വീടുകൾക്കുള്ളിൽത്തന്നെ മരങ്ങൾക്കും ജീവജാലങ്ങൾക്കും സാമിപ്യവും സഹവാസവും ഉറപ്പു വരുത്തുന്ന മനുഷ്യർക്കിടയിലേക്ക് സ്നേഹം വന്നു പിറക്കുന്നു. അവർ പോലുമറിയാതെ!

തെലുങ്ക് ഭാഷയിൽ സുവാർത്ത പാട്ട്ലു എന്നതിന് ഇംഗ്ലീഷിൽ ഗോസ്‌പെൽ സോങ്‌സ് എന്നാണ് പരിഭാഷ. മലയാളത്തിലത് സദ് വാർത്താഗീതങ്ങളാകും. ഈ കാലയളവിൽ അത് ആവർത്തിക്കുന്നത് സത്യവെളിച്ചമേൽക്കാത്ത നീതിരഹിതമായ തീർപ്പുകളെ ലജ്ജിപ്പിച്ചു കൊണ്ടാണ്. വിഭ്രമിപ്പിക്കുന്നതും പ്രകോപനം ജനിപ്പിക്കുന്നതുമായ വാർത്തകളിൽ സ്വയം അടിയറവുവെച്ച മനുഷ്യരുടെ ബോധധാരയിലേക്ക് നേർത്ത ഒരു മഞ്ഞുകണമായി വീണ്ടും പെയ്തുകൊണ്ടാണ്.

വെങ്കടഗിരിയിൽ നെയ്ത്തുഗ്രാമത്തിനോട് ചേർന്ന് ഫ്രാൻസിസ് പുണ്യാളന്റെ പേരിലുള്ള ദേവാലയത്തിൽ വിശ്വാസികൾ ഒരുക്കിക്കൂട്ടിയ തുണികൊണ്ടുള്ള നക്ഷത്രം നല്ലൊരു കാഴ്ചയാണ്. മനുഷ്യകരങ്ങൾ ഉണങ്ങിയ മരക്കമ്പുകൾ ഏച്ചുകെട്ടി അതിൽ ചേല ചുറ്റിച്ച് ഒരു നക്ഷത്രത്തിന്റെ കൃത്യതയെ ഒരുക്കിക്കൂട്ടി എന്നതാണ് അതിന്റെ മഹത്വം.ഒരേ മനസ്സോടെ ചേർന്നിരിക്കുമ്പോഴാണ് ക്രിസ്മസ്.

വെങ്കടഗിരിയിൽ നെയ്ത്തുഗ്രാമത്തിനോട് ചേർന്ന് ഫ്രാൻസിസ് പുണ്യാളന്റെ പേരിലുള്ള ദേവാലയത്തിൽ വിശ്വാസികൾ ഒരുക്കിക്കൂട്ടിയ തുണികൊണ്ടുള്ള നക്ഷത്രം നല്ലൊരു കാഴ്ചയാണ്.
വെങ്കടഗിരിയിൽ നെയ്ത്തുഗ്രാമത്തിനോട് ചേർന്ന് ഫ്രാൻസിസ് പുണ്യാളന്റെ പേരിലുള്ള ദേവാലയത്തിൽ വിശ്വാസികൾ ഒരുക്കിക്കൂട്ടിയ തുണികൊണ്ടുള്ള നക്ഷത്രം നല്ലൊരു കാഴ്ചയാണ്.

ഭൂഗോളത്തെ വട്ടം കറക്കി ബേത് ലെഹെമിലാണ് യേശു ജനിച്ചത് എന്ന് ഒരിക്കൽ ഒരു ചെറിയ കുട്ടിക്ക് പറഞ്ഞു കൊടുത്തത് ഓർക്കുന്നു. അത് സമ്മതിച്ചുതരാതെ അവൾ പിഞ്ചുകരങ്ങൾക്കൊണ്ട് ഭൂമിയെ വട്ടംകറക്കി, അത് സംഭവിച്ചത് എല്ലാ ദേശങ്ങളിലുമാണെന്ന് സ്ഥാപിച്ചു. അവളുടെ ജ്ഞാനത്തിന് സ്തുതിയായിരിക്കട്ടെ.

ഓർമ്മകളെ ഒരുക്കിക്കൂട്ടിയും മനസ്സിൽ ഒരു കുഞ്ഞു പുൽക്കൂട് ഒരുക്കുകയാണ്. സ്നേഹത്തിന്റെ മൂർത്തരൂപം നിത്യവും വസിപ്പാനായ് മൃൺമയദേഹം തന്നെ ശ്വാസത്തിൻ താളം നൽകി താരാട്ട് പാടിയാലോ എന്ന് മനസ്സ് മൂളുന്നുണ്ട്.

മഹാനഗരങ്ങളിലും ചെറുപട്ടണങ്ങളിലും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞ സാമ്പ്രദായികമായ ക്രിസ്മസ് കാഴ്ചകൾ വെങ്കടഗിരിയിൽ കാണാനില്ല. കരോൾ ഗീതങ്ങളോ സാന്റയോ ഇതുവഴി വന്നു പോകില്ല. ആഘോഷങ്ങളുടെ ആർപ്പുവിളികളോ മുന്തിയതരം വീഞ്ഞിന്റെയോ ലഹരിയോ ആരെയും ഉന്മത്തരാക്കുന്നില്ല. ആടുമാടുകളും നായ്ക്കളും പക്ഷികളും അവരുടെ ക്രമത്തിലേക്ക് മനുഷ്യനോട്ടങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അവ ചിതറിപ്പോകുന്നില്ല. കൂട്ടം കൂടി മേയുന്നു. കൂട്ടം തെറ്റാതെ പറക്കുന്നു.

ഡിസംബറിന്റെ തുടക്കത്തിൽ ഒരു ചുവന്ന നക്ഷത്രം നെയ്ത്തുഗ്രാമത്തിലെ വീടിന് അലങ്കാരമായി കൊളുത്തിയിട്ടു. അടുത്തുള്ള അംഗൻവാടിയിയിലെ കുട്ടികൾക്ക് അത് ആരുടെയോ ‘പുടിന റോജു’ (Happy Birthday) എന്നായി. അവരുടെ പേരുകൾ നക്ഷത്ര, താരക, വിതാന, ചന്ദന, വിഖ്യാത്, അലോക്, സാഹിതി, സുകുമാർ എന്നൊക്കെയാണെന്നത് എന്നിൽ ആനന്ദം ജനിപ്പിക്കുന്നു. അവരുടെ ചോദ്യങ്ങൾ കൗതുകവും ജിജ്ഞാസയും കലർന്നത്. ഒരേ താളത്തിൽ, അതിലേറെ സ്വാതന്ത്ര്യത്തിൽ. ബാല്യത്തിന്റെ ഇത്തരം തിമർപ്പുകൾ ഓർമ്മകളെ ഉത്തേജിപ്പിക്കുന്നുണ്ട്. അത്യന്തം സങ്കടകരമായ ഒരു നക്ഷത്രക്കാഴ്ച്ച ഒരു ബാലികയുടെ മനസ്സിലുണ്ട്. ജോസെഫിന്റെ മകൾ എന്ന് പേരിട്ട ജീവിതപുസ്തകത്തിൽ നിന്ന്…

ഡിസംബറിന്റെ തുടക്കത്തിൽ ഒരു ചുവന്ന നക്ഷത്രം നെയ്ത്തുഗ്രാമത്തിലെ വീടിന് അലങ്കാരമായി കൊളുത്തിയിട്ടു. അടുത്തുള്ള അംഗൻവാടിയിയിലെ കുട്ടികൾക്ക് അത് ആരുടെയോ ‘പുടിന റോജു’ (Happy Birthday) എന്നായി.
ഡിസംബറിന്റെ തുടക്കത്തിൽ ഒരു ചുവന്ന നക്ഷത്രം നെയ്ത്തുഗ്രാമത്തിലെ വീടിന് അലങ്കാരമായി കൊളുത്തിയിട്ടു. അടുത്തുള്ള അംഗൻവാടിയിയിലെ കുട്ടികൾക്ക് അത് ആരുടെയോ ‘പുടിന റോജു’ (Happy Birthday) എന്നായി.

പതിനെട്ടാമത്തെ അധ്യായമാണ്.

രണ്ട് നക്ഷത്രങ്ങൾ

രണ്ട് കൂറ്റൻ നക്ഷത്രങ്ങൾ.
മുളം തണ്ടിൽ ഉണ്ടാക്കിയെടുത്ത വെള്ളയും ചുവപ്പും. മെഴുകുതിരി ഇറക്കിവയ്ക്കാവുന്ന വിധത്തിൽ വിടർച്ചയുള്ള തുറപ്പ് അതിനുണ്ടായിരുന്നു. എന്നാലും… ഒരു കാറ്റ് വീശിയാൽ വെളിച്ചം പാളില്ലേ? നക്ഷത്രം ആ ഉലച്ചിലിൽ അണഞ്ഞുപോവില്ലേ? ഒറ്റക്കാഴ്ചയിൽ തന്നെ പലവിധ സംശയങ്ങൾ ഞാൻ അതിലേക്ക് തൊടുത്തുവിട്ടു.

അത് പരീക്ഷാക്കാലമായിരുന്നു. ആ വീട് ആരുടേതെന്നും, ഏത് തരത്തിലുള്ള ജീവിതമാണ് അതിനകത്തുള്ളതെന്നും ആലോചിച്ചുകൊണ്ടാണ് കണക്കുപരീക്ഷയുടെ ഉത്തരക്കടലാസ് വേഗം ചെയ്തുതീർത്ത് നൂലിട്ട് കെട്ടിയത്. ക്രിസ്മസ് കാലമായതിനാൽ വഴിയരികിലെ ഉണ്ണീശോപ്പുല്ലുകൾക്ക് ആവശ്യക്കാരേറെയുണ്ടാകും എന്ന തോന്നലും പരീക്ഷയുടെ കഠിനഭാരത്തിൽ നിന്നും എന്നെ വിടുവിച്ചു തന്നു.

രണ്ട് നക്ഷത്രങ്ങൾ തൂക്കിയ വീട് എനിക്ക് കാണാവുന്ന ദൂരത്തിലായിരുന്നു. വീടിന്റെ വരാന്തയിലെ ചാരുകസേരയിൽ തല നരച്ച ഒരു വൃദ്ധയിരുന്ന് വട്ടത്തിലുള്ള ഫ്രെയിമിൽ തുണിയിട്ട് മുറുക്കി ചിത്രത്തുന്നൽ പോലൊന്ന് ചെയ്തുകൊണ്ടിരിക്കുന്നതും ഞാൻ കണ്ടതാണ്. ഇടയ്ക്കിടെ അവർ അകത്തോട്ട് നോക്കി വിളിക്കുമ്പോൾ മാക്സിയിട്ട പെൺകുട്ടി വന്ന് സൂചിയിൽ നൂല് കോർത്തുകൊടുക്കും. തെരുതെരെ മാക്സിപെൺകുട്ടിക്ക് അകത്തുനിന്ന് ഇറങ്ങി വരേണ്ടിവരുന്നുണ്ട്. അത് തുന്നലമ്മച്ചിയുടെ കൈവേഗം മൂലമോ അതോ കൈയിലിരിപ്പ് മൂലമോ എന്നും ഞാനാലോചിച്ചുകൂട്ടി. ഒരാളുടെ കണക്ക് പരീക്ഷയുടെയന്ന് പലവിധ കാഴ്ചകളും ആലോചനകളും കൺവെട്ടത്ത് കൊണ്ടുവച്ചാൽ ഞാനെന്ത് ചെയ്യും എന്ന കൂസലില്ലായ്മയും ആ സന്ദർഭത്തിൽ കീഴടക്കിയിരുന്നു.

അവിടുത്തെ കിണറിൽ വേനലിന് മുന്നേ വെള്ളം വറ്റിയിരിരുന്നു. അതിനുള്ളിൽ തമരടിച്ചു പാറ പൊട്ടിക്കുകയാണ്. ഇടയ്ക്കിടെ സ്ഫോടനവും കേൾക്കാം. (തീ കൊളുത്തിയിട്ട് കരക്ക് കേറാനെടുക്കുന്ന സമയത്തെക്കുറിച്ചുള്ള കണക്കുകൂട്ടലിൽ സംഭവിച്ച പിശകാണ് പൗലോസ് ചേട്ടനെ അന്ന് പലതാക്കി നുറുക്കിയത്) എത്ര വലിയ ഞടുക്കമാകും ആ വീട് ഏറ്റുവാങ്ങിയത്.എന്റെ ഓർമ്മയിലെ നിറം കെട്ട ക്രിസ്മസ് കാലമായിരുന്നു അത്.

ചില കാലങ്ങളിൽ അചേതനമായ വസ്തുക്കൾക്ക് സ്ഥാനക്കയറ്റം കിട്ടും. മനുഷ്യരവരുടെ സങ്കല്പത്തിലും ഭാവനയിലും അവക്ക് മഹനീയപരിവേഷം കൊടുത്ത് ഭക്തിയുടെയോ ആരാധനയുടെയോ നോട്ടം തിരികെ വാങ്ങും. അതും, അവർ നിശ്ചയിക്കുന്ന കാലത്തോളം. ഇപ്പറഞ്ഞതൊക്കെ കാലകാലങ്ങളായി അരങ്ങേറുന്ന നാടകമായതുകൊണ്ട് തയ്യൽ മെഷീന്റെ അകത്തേക്ക് കേറിക്കിടക്കുന്ന നാല് കാലുള്ള സ്റ്റൂളോ, അല്പം ഉയരമുള്ള കൊരണ്ടിയോ ഇത്തരം സന്ദർഭങ്ങളിൽ ഒന്നും രണ്ടും ആലോചിക്കാതെ തല കീഴായി മറിയും.

ശൂന്യതയിലേക്ക് തുറിച്ചുനോക്കുന്ന നാല് കാലുകളിലേക്ക് മേൽക്കുരയെന്ന സങ്കല്പം വന്നു പതിക്കും.കവുങ്ങിന്റെ അലകിട്ട്, പുല്ലുമേഞ്ഞ്, ഈന്തിലകൾ കൊണ്ട് വശങ്ങളുംകൂടി മറച്ചുകഴിയുമ്പോൾ ഭൂലോകത്തിലെ ഏത് പ്രദേശവും ബേത്ലെഹേമിലെ പുൽത്തൊഴുത്താകും. ഉള്ള് കുളിരുന്ന ഒരു തണുപ്പും ലേശം മഞ്ഞുവീഴ്ച്ചയും കൂടിയായായാൽ അങ്ങോട്ട് ദാരിദ്ര്യം കടന്ന് വരും.മാലാഖാമാർ പറന്നിറങ്ങും. ആടുമാടുകൾ തൊഴുത്തിലേക്ക് നടന്ന് വന്ന് ശൈശവത്തിന്റെ ദുർബ്ബലതയെ നോക്കി നിൽക്കും.പൊന്നും മീറയും കുന്തിരിക്കവുമായി നക്ഷത്രത്താര നോക്കി വഴി കണ്ടെത്തി പൂജ്യരാജാക്കന്മാർ വന്ന് ഉണ്ണിയെ കാണും.ഏത് കുടിലും കൊട്ടാരമാകുന്ന നാളുകളാണത്.

രണ്ട് നക്ഷത്രങ്ങൾ തൂക്കിയ വീട് എനിക്ക് കാണാവുന്ന ദൂരത്തിലായിരുന്നു. വീടിന്റെ വരാന്തയിലെ ചാരുകസേരയിൽ തല നരച്ച ഒരു വൃദ്ധയിരുന്ന് വട്ടത്തിലുള്ള ഫ്രെയിമിൽ  തുണിയിട്ട് മുറുക്കി ചിത്രത്തുന്നൽ പോലൊന്ന് ചെയ്തുകൊണ്ടിരിക്കുന്നതും ഞാൻ കണ്ടതാണ്.
രണ്ട് നക്ഷത്രങ്ങൾ തൂക്കിയ വീട് എനിക്ക് കാണാവുന്ന ദൂരത്തിലായിരുന്നു. വീടിന്റെ വരാന്തയിലെ ചാരുകസേരയിൽ തല നരച്ച ഒരു വൃദ്ധയിരുന്ന് വട്ടത്തിലുള്ള ഫ്രെയിമിൽ തുണിയിട്ട് മുറുക്കി ചിത്രത്തുന്നൽ പോലൊന്ന് ചെയ്തുകൊണ്ടിരിക്കുന്നതും ഞാൻ കണ്ടതാണ്.

സ്ഫോടനം നടന്ന വീടിന്റെ പൂമുഖത്തുള്ള പുൽക്കൂടിന്റെ ഒരുക്കങ്ങൾ ഞാൻ കൗതുകത്തോടെ നോക്കിവച്ചിരുന്നു. എല്ലാം അപ്രസക്തമായി ആ മരണത്തിൽ. വെളുത്ത നക്ഷത്രത്തിലേക്ക് ഭൂമിയുടെ ആഴത്തിൽ നിന്ന് പൗലോസുചേട്ടൻ കവിൾ കൊണ്ട രക്തം ശക്തിയോടെ കൊപ്ലിച്ചു തെറിച്ചു വീണു.പെട്ടെന്നുണ്ടായ ഞടുക്കത്തിൽ ചുവപ്പ്നക്ഷത്രം പിടഞ്ഞു താഴെ വീണു.

തുന്നൽവല്യമ്മച്ചിയെ അവിടെങ്ങും കാണാതെയുമായി. മാക്സിപെൺകുട്ടി ഗേറ്റിൽ അള്ളിപ്പിടിച്ചുനിന്ന് അലറിവിളിച്ചു. ആളുകൾ ഓടിക്കൂടി. കിണറിനുള്ളിലെ പാറക്കഷണങ്ങൾക്ക് പൗലോസുചേട്ടന്റെ നിറമായി .ആകെച്ചുവന്നുചിതറി പൗലോസുചേട്ടൻ ചാക്കിൽക്കേറി. കയറിൽ ഉയർന്ന് നിലം തൊട്ടു.

തിരുപ്പിറവിയിൽ നിന്ന് ദുഃ ഖവെള്ളിയാഴ്ചയിലേക്ക് അധികസമയമോ ദൂരമോ ഇല്ലായെന്നും അന്ന് തോന്നി. വർഷങ്ങളിത്ര കഴിഞ്ഞിട്ടും, എന്റെ മനസ്സിൽ, എത്ര തേകിയിട്ടും തെളിയാത്ത വെള്ളമാണ് ആ മരണത്തിന്റെ കിണറിൽ നിന്ന് വരുന്നത്. മരണത്തിന്റെ അടപ്പില്ലാത്ത വൃത്തമായിരുന്നു എനിക്കത്. ഞാനതിൽ വീഴാതിരിക്കാൻ നിരന്തരം വഴിമാറിനടന്നു.കണക്കിൽ നിരന്തരം തോറ്റുപൊക്കോണ്ടുമിരുന്നു.അക്കാലത്ത് ജോസെഫാണ് കണക്കിൽ വഴിതെറ്റാതിരിക്കാനും ജയിക്കാനുമുള്ള സൂത്രങ്ങൾ എനിക്ക് പറഞ്ഞുതന്നുകൊണ്ടിരുന്നത്.

ഓർമ്മയിൽ നിന്ന് വർത്തമാനത്തിലേക്ക് തിരികെ കേറുകയാണ്. നക്ഷത്രങ്ങൾ ഇനിയും ഒരു പാട് കഥകൾ പറയും. മനുഷ്യർ അവയെ ഉറ്റു നോക്കുന്നിടത്തോളം കാലം എല്ലാ ദേശങ്ങൾക്കുമുള്ള കഥകൾ അവ സമ്മാനിക്കുന്നുണ്ട്. ആഘോഷങ്ങളുടേതിനേക്കാളുപരി കേൾവി സമ്മാനിച്ച ഹൃദയസ്പർശിയായ ക്രിസ്മസ് ഓർമ്മകൾ അച്ഛനിൽ നിന്നാണ്.

ലളിതവസ്ത്രധാരിയും പാവങ്ങളുടെ മിത്രവുമായ ക്രിസ്തുവിനെ പരിചയപ്പെടുത്തിത്തന്നിരുന്നു പിതാവ്. ചുവന്ന പുറംചട്ടയുള്ള മാക്സിം ഗോർക്കിയുടെ അമ്മ എന്ന പുസ്തകത്തിൽ നിന്ന് ഒരിക്കൽ അച്ഛൻ വായിച്ചു കേൾപ്പിച്ചു:
‘‘പൊന്നും പട്ടും കൊണ്ട് അലങ്കരിച്ച തിരുസ്വരൂപങ്ങളെ തേടിച്ചെന്ന പാവങ്ങളെക്കണ്ട് ആ ഉടയാടകൾ അൾത്താരകളിലിരുന്നു ഉലഞ്ഞുവെന്ന്…’’
വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവലിലെ കൊസത്ത് എന്ന ബാലികയുടെ ക്രിസ്മസ് രാവ് അവഗണനയും തിക്താനുഭവങ്ങളുടേതുമായിരുന്നുവെന്നും ഴാങ് വാൾ ഴാങ് എന്ന നല്ല മനുഷ്യൻ രക്ഷയുടെ ദൂതുമായി അവളെ തേടിയെത്തി മരപ്പാപ്പാസിനുള്ളിൽ അവൾക്കായി ലൂയി നാണയം കരുതി വച്ചുവെന്നും അച്ഛൻ പറഞ്ഞുതന്നു. വായനയുടെയും കേൾവിയുടെയും ആനന്ദലഹരിയിൽ ലയിക്കുന്ന കാലമായിരുന്നു അത്.

പത്രങ്ങളിലെയും ആനുകാലികങ്ങളിലെയും ക്രിസ്മസ് പലപ്പോഴും വല്ലാതെ ചിന്തിപ്പിച്ചിട്ടുണ്ട്. തങ്ങളെ വായിക്കുന്നവർക്കുവേണ്ടി പത്രങ്ങളും ആനുകാലികങ്ങളും ആഘോഷങ്ങളെ ചിട്ടപ്പെടുത്തുന്നു. ചില പ്രത്യേക പ്രദേശങ്ങളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു. അത് പലപ്പോഴും വിരുന്നൊരുക്കലും അലങ്കാരക്കാഴ്ചയുമായി ചുരുങ്ങുന്നു.കേട്ടു പഴകിയ പൗരാണികതയും കുലിനതയും ഈ കാലത്തിന് അരോചകമാണെന്ന് അറിഞ്ഞോ അറിയാതെയോ….

ഇവിടുത്തെ വഴിയോരക്കാഴ്ചകളിൽ തേഗ് ലു എന്നൊരു കിഴങ്ങ് ശ്രദ്ധയിൽ പെട്ടു. പനനൊങ്ക് നിലത്തുവീണ് മണ്ണിലേക്ക് കിളിർത്തു കയറുകയാണ്. കുന്തമുനകൾ പോലെ. അത് സംഭവിക്കുന്നത് ഉൾപ്രദേശങ്ങളിലാണ്. മനുഷ്യരുടെ കണ്ണിൽപ്പെടാതെ നിലത്തുവീണഴിഞ്ഞിട്ട് അതിന് കിളിർക്കണം. ശൈത്യകാലത്ത് മണ്ണിൽനിന്നത് കുത്തിയെടുത്ത് പുഴുങ്ങി തൊലി നീക്കി അകത്തെ കാമ്പ് കഴിക്കുന്നതാണ് ഭക്ഷണരീതി. പറഞ്ഞു വരുമ്പോൾ അതൊരു ത്യാഗപ്രവർത്തിയാണ്. പരിപൂർണ്ണ സമർപ്പണം. ഉൾക്കാമ്പോളം ചെന്നെത്തിക്കുന്ന ഒന്ന്. സ്നേഹമെന്നത് മറ്റൊന്നല്ല.

ബംഗാൾ തീരത്തോടു ചേർന്നുള്ള ഈ സമതല ഭൂമിയിൽ മണ്ണിന് ഈർപ്പമാണ്. നെൽവയലുകളും ഈന്തപ്പനകളും മനുഷ്യരുടെ ജീവിതത്തിന് താങ്ങു കൊടുക്കുന്നുണ്ട്.പക്ഷെ നെയ്ത്തു ഗ്രാമത്തിൽ കാര്യങ്ങൾക്ക് മാറ്റമുണ്ട്. ഉള്ളിൽ കൊണ്ടുനടക്കുന്ന കല അത് ആവശ്യപ്പെടുന്ന ജാഗ്രതയിലും സൂക്ഷ്മതയിലും ചിറ്റുമഗ്ഗത്തിൽ ധ്യാനാത്മകമായി അടയിരിക്കാൻ മനുഷ്യരെ ഒരുക്കുന്നു.സൃഷ്ടിയുടെ വേദന ഉള്ളിൽപ്പേറി അവർ പണിയെടുക്കുമ്പോൾ സൂര്യനും ചന്ദ്രബിംബവും നിറയെ താരകങ്ങളും അവരുടെ ഭാവനയിലൂടെ മണ്ണിലേക്ക് വിരുന്നു വരുന്നു. ആകാശത്തിന്റെ നീല നിറം ഭൂമിയിലെ മനുഷ്യരെ വസ്ത്രമുടുപ്പിക്കുമോ എന്ന വിക്ടർ ഹ്യൂഗോയുടെ വാക്കുകൾ പാവങ്ങളുടെ താളുകളിൽ നിന്നിറങ്ങി വന്ന് നെയ്ത്തുകാർക്ക് വന്ദനം ചൊല്ലുന്നു.
പുൽക്കൂടു തൊട്ടങ്ങേ പുൽകുന്ന ദാരിദ്ര്യം കുരിശോളം കൂട്ടായി വന്നു എന്നാണ് ആ മുപ്പത്തി മൂന്നുകാരന്റെ കുരിശിന്റെ വഴിയിലെ ഗീതങ്ങൾക്ക് ആബേലച്ചൻ കുറിച്ചിട്ടത്.

ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ എല്ലാം ചിതറിയ ചിന്തകളാണെന്ന് അറിയുന്നു… നാടോടികൾക്ക് അതാവും പറഞ്ഞിട്ടുള്ളത്.

സുവാർത്ത പാട്ട്ലുവിൽ നിന്ന് മഹത്തായ ആനന്ദം ഒഴുകിയെത്തുന്നു.

പശുവുല പാകലോ പരുണ്ടിയുന്നാഡു
ലോക രക്ഷകുഡു ജന്മിച്ചാഡു
ആകാശമന്താ സന്തോഷമേ..
ഈ ഭൂലോകമന്താ ആനന്ദമേ

(ഒരു കാലിത്തൊഴുത്തിൽ അവിടുന്ന് കിടക്കുന്നു. ലോകരക്ഷിതാവ് ഇതാ ജനിച്ചിരിക്കുന്നു. ആകാശമെല്ലാം സന്തോഷം നിറഞ്ഞിരിക്കുന്നു,
ഈ ഭൂലോകമാകെ ആനന്ദത്തിലാണ്.)

ഗൊർരല കാപരുലു വിന്നാരു ദേവദൂതല ഗാനം
ഗൊപ്പ വെലുഗുനു ചൂചാരു ആ രാത്രി വേളലോ
ഭയപഡകുഡി ഇദിഗോ ശുഭവർത്തമാനമനി
ദൂതലു പാഡാരു ഹോസന്ന ജയമനി

(ആട്ടിടയന്മാർ ദേവദൂതന്മാരുടെ ഗാനം കേട്ടു
ആ രാത്രി കാലത്ത് അവർ
വലിയൊരു പ്രകാശം കണ്ടു
ഭയപ്പെടേണ്ട, ഇതാ ഒരു ശുഭവാർത്ത എന്ന്
ദൂതന്മാർ ഹോസന്ന ജയഗീതങ്ങൾ പാടി).

തീർച്ചയായും,
ഗൊപ്പ വെലുഗുനു
(വലിയ പ്രകാശം)


Summary: Rose George writes from the weaving village of Venkatagiri in Andhra Pradesh.


റോസ്​ ജോർജ്​

കവി, കഥാകൃത്ത്​, അധ്യാപിക. Bitter Almonds, Ether Ore എന്നീ ഇംഗ്ലീഷ്​ ആന്തോളജികളിൽ കഥയെഴുതിയിട്ടുണ്ട്​.

Comments