മനായയുടേയും മിയാറിന്റെയും പ്രണയം

ലോകത്തിലെ ഏറ്റവും കൂടുതൽ നിസ്സാഹായരും നിരപരാധികളുമായ മനുഷ്യർ മരുച്ചുവീണ മധ്യപോളണ്ടിലെ ലുബ്ലിൻ എന്ന ജില്ലയിലെ ക്രാസ്‌നിക്ക് എന്ന ഗ്രാമത്തിലെ മനായയുടേയും മിയാറിന്റെയും പ്രണയവും അവരുടെ ജീവിതവും പറയുകയാണ് ലോകസഞ്ചാരിയായ സജിമാർക്കോസ്. വ്യത്യസ്തമായ മതത്തിൽ പിറന്നത് കൊണ്ട്, രൂപത്തിൽ വ്യത്യസ്തരായത് കൊണ്ട് മാത്രം നാസി ഭരണകൂടത്തിൽ നിന്നും ഏൽക്കേണ്ടി വന്ന ക്രൂരമായ പീഡനത്തിന്റെയും മനുഷ്യത്വ വിരുദ്ധതയുടെയും ചരിത്രം വിശരീകരിക്കുകയാണ് സജി മാർക്കോസ്.

ധ്യപോളണ്ടിൽ ക്രാസ്‌നിക് എന്നുപറയുന്ന ഒരു ഗ്രാമമുണ്ട്. അതുൾപ്പെടുന്ന ജില്ലയുടെ പേര് ലുബ്ലിൻ എന്നാണ്. കേരളത്തിലെ സാധാരണ ഗ്രാമം പോലെ കർഷകർ താമസിക്കുന്നൊരു ഗ്രാമം. ലുബ്ലിൻ ജില്ലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ നിരപരാധികളും നിസഹായരവുമായ, സ്ത്രീകളും കുട്ടികളുമടങ്ങിയ ആളുകൾ മരിച്ചുവീണത് ഈ ജില്ലയിലായിരുന്നു. ഓഷ്വിറ്റ്‌സ്, ട്രബ്ലിക, സോബിബോർഡ് തുടങ്ങിയ കോൺസൻട്രേഷൻ ക്യാമ്പുകൾ ഈ ജില്ലയിലായിരുന്നു. ഏതാണ്ട് 22ഓളം ലേബർ ക്യാമ്പുകളും ഈ ജില്ലയിലുണ്ടായിരുന്നു. ക്രാസ്‌നിക്കിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരമേയുള്ളൂ ഹുബ്രിസോ എന്നു പറയുന്ന ഗ്രാമം. 1939കളിൽ ഒരു വിമാനക്കമ്പനി അവിടെ സ്ഥാപിച്ചിരുന്നു. അതിലേക്ക് തൊഴിലാളികളെ കൊണ്ടു താമസിപ്പിക്കുന്ന ക്യാമ്പായിരുന്നു ഹുബ്രസോ ക്യാമ്പ്. ഹിറ്റ്‌ലറുടെ ഭരണത്തിന്റെ അവസാന ഘട്ടത്തിൽ ക്യാമ്പിലേക്ക് ആളുകളെ കൊണ്ടുവന്നിരുന്നത് നിങ്ങൾക്ക് നല്ല ജോലി കിട്ടും നല്ല ശമ്പളം കിട്ടും, താമസസ്ഥലമുണ്ട് എന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ചിട്ടാണ്. യഹൂദന്മാർ, സ്വവർഗാനുരാഗികൾ, യഹോവസാക്ഷികൾ ഇങ്ങനെയുള്ള മനുഷ്യരെ നല്ലൊരു ജീവിതം വാഗ്ദാനം ചെയ്തിട്ടാണ് നാസികൾ ഇവിടെ കൊണ്ടുവന്നത്. ഇവർ വന്ന് താമസിക്കുന്ന ലേബർ ക്യാമ്പായിരുന്നു ലുബ്ലിൻ ജില്ലയിലുണ്ടായിരുന്ന ബുദ്‌സീൻ ലേബർ ക്യാമ്പ്.

ഇവരെ കുഴിയിലേക്ക് തള്ളിവിട്ടശേഷം മണ്ണിട്ട് മൂടുന്നു. ആ മൂടുന്ന സമയത്ത് പോലും മണ്ണിന്റെ മുകളിൽ ജീവനുള്ള മനുഷ്യരുടെ ചലനങ്ങൾ കാണാം.

ട്രെയിനിലാണ് ഇവരെ കൊണ്ടുവന്നിരുന്നത്. ബുദ്‌സീൻ ലേബർ ക്യാമ്പിലേക്ക് രണ്ടാമത്തെയോ മൂന്നാമത്തെയോ ട്രെയിനിൽ കൊണ്ടുവന്നവരിൽ രണ്ടുപേരുണ്ടായിരുന്നു. ഒരാളുടെ പേര് മനായ മറ്റേയാൾ മിയാർ. ലേബർ ക്യാമ്പിലേക്ക് കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് ഇവർ ഒരു ഗെറ്റോവിലാണ് താമസിച്ചിരുന്നത്. വളരെ ചുരുങ്ങിയ സ്ഥല സൗകര്യങ്ങളുള്ള, പൊലീസ് വലയത്തിലുള്ള ഒരു ഗെറ്റോവിനകത്താണ് ഇവർ ആദ്യം താമസിച്ചിരുന്നത്. മനായയുടെ അച്ഛൻ പോളിഷ് കത്തോലിക്കാ മത വിശ്വാസിയായിരുന്നു. ഗെറ്റോവിൽ താമസിക്കുന്ന സമയത്ത് എല്ലാദിവസവും രാവിലെ 25-30 യഹൂദന്മാരെ ഉക്രേനിയൻ പട്ടാളക്കാർ വന്ന് കൊണ്ടുപോകും. ഇവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് കണ്ടുപിടിക്കണമെന്ന് മനായയും മിയാറും തീരുമാനിച്ചു. പട്ടാളക്കാരുടെ പിന്നാലെ ഇരുവരും പോയി. മനായയ്ക്ക് അന്ന് 16 വയസും മിയാറിന് 19 വയസും. സ്‌കൂളിൽ വെച്ചാണ് ഇവർ പ്രണയബന്ധരാകുന്നത്. രണ്ടുപേരും യഹൂദ പാരമ്പര്യമുള്ളവരാണ്. ഇവർ പട്ടാളക്കാരുടെ പിന്നാലെ പോയപ്പോൾ കണ്ടത്, ഒരു കാടിന്റെ നടുക്ക് യഹൂദരന്മാരെ കൊണ്ടുപോയി ഒരു കുഴിയുടെ മുമ്പിൽ ഇവരെ വരിവരിയായി നിർത്തി പട്ടാളക്കാർ വെടിവെച്ചു കൊല്ലുകയാണ്. എല്ലാവരും മരിക്കുന്നില്ല. ഇവരെ കുഴിയിലേക്ക് തള്ളിവിട്ടശേഷം മണ്ണിട്ട് മൂടുന്നു. ആ മൂടുന്ന സമയത്ത് പോലും മണ്ണിന്റെ മുകളിൽ ജീവനുള്ള മനുഷ്യരുടെ ചലനങ്ങൾ കാണാം.

ഗെറ്റോയിൽ ഉള്ളവരെല്ലാം കൊല്ലപ്പെടും, പ്രത്യേകിച്ച് പുരുഷന്മാർ എന്ന് ഇവർക്ക് മനസിലായി. മനായയും മിയാറും വീട്ടിൽ വന്ന് പറയുകയാണ്, നമ്മൾ അതിഭയങ്കരമായ അപകടത്തിൽപ്പെട്ടിരിക്കുകയാണ്, ഇവിടെ വരുന്ന എല്ലാവരും കൊല്ലപ്പെടും, രക്ഷപ്പെടാൻ എന്താണ് മാർഗമുള്ളത്! മനായയുടെ അച്ഛൻ ഒരു മില്ല് നടത്തുന്ന ആളായിരുന്നു. അദ്ദേഹം ഒരു നിർമാണത്തൊഴിലാളിയുമായി പരിചപ്പെട്ടതിനുശേഷം എല്ലാദിവസവും വൈകുന്നേരം ഉക്രേനിയൻ പട്ടാളക്കാർ കാണാതെ ഒരു ഇഷ്ടിക പാന്റിനകത്ത് ഒളിപ്പിച്ചുവെച്ച് വീട്ടിൽ കൊണ്ടുവരും. ഒരുദിവസം ഒരു ഇഷ്ടികവെച്ച്. എന്നിട്ട് വീടിനകത്ത് ഒരു രഹസ്യമുറിയുണ്ടാക്കുകയാണ്. ഈ ഗെറ്റോവിൽ നിന്നും ഇവരെ കൊണ്ടുപോകുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സമയമുണ്ടായാൽ അതിൽ നിന്ന് രക്ഷപ്പെട്ട് ഒളിച്ചിരിക്കാൻ വേണ്ടി. ഇദ്ദേഹത്തിനുവേണ്ടി മാത്രമല്ല, മക്കൾക്കും ഭാര്യയ്ക്കും ഒളിച്ചിരിക്കാൻ. ഇവർ ആ മുറിയ്ക്കകത്ത് പത്തുപതിനഞ്ച് ദിവസം താമസിക്കാനുള്ള ആഹാരം ധാന്യം എല്ലാം ശേഖരിച്ചുവെച്ചു. പക്ഷേ മനായയുടെ അച്ഛന്റെ ഈ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഈ രഹസ്യ അറ പട്ടാളക്കാർ കണ്ടെത്തി. അതിനുശേഷം ഇവരെ നേരെ കൊണ്ടുപോകുന്നത് ബുദ്‌സീൻ ക്യാമ്പിലേക്കാണ്. ആറാം നമ്പർ ബാരക്കിലായിരുന്നു മനായ. ബുദ്‌സീൻ ക്യാമ്പ് മുള്ളുവേലികൊണ്ട് തിരിച്ചിട്ടുണ്ട്. ആറ് ബാരക്കുകൾ പുരുഷന്മാർക്കും മൂന്ന് ബാരക്കുകൾ സ്ത്രീകൾക്കും. ഒരു ഫുട്‌ബോൾ ഗ്രൗണ്ടിന്റെ അത്രയും വലുപ്പമേയുള്ളൂ ഈ ബുദ്‌സീൻ ക്യാമ്പിന്. അതിൽ ആറ് ബാരക്കുകൾ പുരുഷന്മാർക്കും മൂന്നെണ്ണം സ്ത്രീകൾക്കും, അതിനിടയിൽ ഒരു മുള്ളുവേലി, പിന്നെ പട്ടാളക്കാർക്കൊരു വാച്ച് ടവർ. ഇവരെയെല്ലാം നിരത്തി നിർത്തിയിട്ട് രാവിലെ ഇവരുടെ എണ്ണമെടുക്കും. അതിനുവേണ്ടിയുള്ള ഗ്രൗണ്ട് ഇത്രയും ചേർന്ന ചെറിയ ഗ്രൗണ്ടാണ് ബുദ്‌സീൻ ക്യാമ്പ്. ഇന്ന് ആ ഗ്രൗണ്ട് അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്.

മനായ അവിടെ കാത്തിരിക്കും, മിയാർ ഇഴഞ്ഞുവരും. പത്തൊമ്പതും പതിനാറും വയസുള്ള രണ്ട് കാമുകീ കാമുകന്മാർ കണ്ടുമുട്ടുമ്പോഴുള്ള പ്രണയ ചേഷ്ടകളൊന്നും ഇവർക്കില്ല.

ക്യാമ്പിൽ ഇവർ രണ്ടുപേരും രണ്ട് ബാരക്കുകളിലായി. അതിനുശേഷം മനായ എല്ലാദിവസവും രാത്രി ഈ മുള്ളുവേലിക്ക് അരികിൽ കാത്തുനിൽക്കും. മുള്ളുവേലിയുടെ അടിയിലൂടെ ഇഴഞ്ഞ് മിയാർ വരും. ഇവർ തമ്മിൽ കണ്ടുമുട്ടും. എത്രമാസങ്ങൾക്കു മുമ്പാണ് ഇവിടെ വന്നതെന്ന് ഇവർക്ക് കൃത്യമായി നിശ്ചയമില്ല. കാരണം ദിവസങ്ങളുടെ പേരുകളിൽ മാത്രമാണ് വ്യത്യാസമുള്ളത്. എന്നോ ഒരിക്കൽ വന്നു. ഇന്ന് ഏത് ദിവസമാണെന്ന് അവർക്ക് അറിഞ്ഞുകൂടാ. തിയ്യതി എന്താണെന്ന് അറിയില്ല. പന്ത്രണ്ടും പതിമൂന്നും മണിക്കൂറുണ്ട് ജോലി. ഈ ജോലി കഴിഞ്ഞ് തളർന്ന് വീണ് ഉറങ്ങിപ്പോകുകയാണ് എല്ലാവരും. ഇവർ രണ്ടുപേരും മാത്രം ഉറങ്ങില്ല. മനായ അവിടെ കാത്തിരിക്കും, മിയാർ ഇഴഞ്ഞുവരും. പത്തൊമ്പതും പതിനാറും വയസുള്ള രണ്ട് കാമുകീ കാമുകന്മാർ കണ്ടുമുട്ടുമ്പോഴുള്ള പ്രണയ ചേഷ്ടകളൊന്നും ഇവർക്കില്ല. ഇവർക്ക് സങ്കടവുമില്ല, പ്രതീക്ഷയുമില്ല. ഇതിനകത്തുനിന്നും പുറത്തുവരുമെന്ന് അവർ ഒരിക്കലും ചിന്തിക്കുന്നില്ല. ഇവർ കണ്ടുമുട്ടും സംസാരിക്കും. മണിക്കൂറുകൾക്കുശേഷം ഇതുപോലെ തന്നെ ഈ മുള്ളുവേലികളിലൂടെ ഇഴഞ്ഞ് മിയാർ തിരിച്ചുപോകും.

ഒരുദിവസം ഇവർ രണ്ടുപേരും സംസാരിക്കുകയാണ്: "ഈ മുള്ളുവേലികൾക്ക് നമ്മുടെ പ്രണയത്തേക്കാൾ ഉയരമില്ല. ഈ കാണുന്ന മുള്ളുവേലികളെല്ലാം ഇല്ലാതാവുന്ന ഒരു ദിവസം വരും. അങ്ങനെ ഞാനാണ് ആദ്യം രക്ഷപ്പെടുന്നതെങ്കിൽ ഞാൻ ഹുബ്രിസോ ഗ്രാമത്തിൽ ചെല്ലും. ഞാൻ നിനക്കുവേണ്ടി കാത്തിരിക്കും. എന്റെ ജീവിതാവസാനം വരെ.' അപ്പോൾ മനായ എഴുന്നേറ്റ് നിന്ന് പറയുകയാണ്, "ഞാനാണ് ആദ്യം രക്ഷപ്പെടുന്നതെങ്കിൽ ഞാനും നമ്മുടെ ഗ്രാമത്തിൽ ചെല്ലും. ഞാൻ നിനക്കുവേണ്ടി കാത്തിരിക്കും. എന്റെ ജീവിതാന്ത്യം വരെ.' അതവരുടെ അവസാന കൂടിക്കാഴ്ചയായിരുന്നു. ഈ ക്യാമ്പിലെ. പിറ്റേദിവസം ഡക്കാവു ക്യാമ്പിലേക്ക്, എക്സ്റ്റർമിനേഷൻ ക്യാമ്പിലേക്ക് മിയാറിനെ കൊണ്ടുപോയി. മിയാറിനെ കൊണ്ടുപോയ വിവരം മനായയ്ക്ക് അറിഞ്ഞുകൂടാ. മനായ പിന്നെയും മുള്ളുവേലിക്കരികിൽ കാത്തിരിക്കും. നേരം വെളുക്കുന്നതുവരെ. കഠിനമായ അധ്വാനത്തിനുശേഷം, അല്പം റൊട്ടി, ഒരു കാബേജ് സൂപ്പ് ഇതാണ് ആഹാരം. എന്നാലും ഇവർ കാത്തിരിക്കും. മിയാർ ഒരിക്കലും തിരിച്ചുവന്നില്ല.

ഡക്കാവു ക്യാമ്പിൽ നിന്നും മിയാറിനെ കുറച്ചുമാസങ്ങൾക്കുശേഷം ഓഷ്വിറ്റ്‌സ് കാമ്പിലേക്ക് കൊണ്ടുപോയി. ഓഷ്വിറ്റ്‌സ് ക്യാമ്പിൽവെച്ച് മിയാർ കാണുന്ന ഏറ്റവും ഹൃദയഭേദക കാഴ്ച നടന്നുപോകുന്ന വഴിക്ക് മരിച്ചുവീഴുന്നവരുണ്ട്, റോൾ കോളിനുവേണ്ടി ഗ്രൗണ്ടിൽ നിൽക്കുമ്പോൾ മരിച്ചുവീഴുന്നവരുണ്ട്. റോൾ കോൾ എന്നു പറയുന്നതായിരുന്നു ഏറ്റവും വലിയ പീഠനം. രാവിലെ ആറ് മണിയോടെ എല്ലാവരേയം വിളിച്ച് ഗ്രൗണ്ടിൽ നിർത്തും. എണ്ണമെടുക്കാനായി പട്ടാളക്കാർ വരും. അവർ ഇവരുടെയെല്ലാം എണ്ണമെടുക്കും. അതിനുശേഷം പട്ടാളക്കാർ ആഹാരം കഴിക്കാൻ പോകും. ഇവർ ആഹാരം കഴിക്കാൻ പോയിട്ട് തിരിച്ചുവരുന്നത് ഒരുപക്ഷെ രണ്ടുമണിക്കൂർ കഴിഞ്ഞിട്ടാവും. ഈ രണ്ട് മണിക്കൂർ ഇവർ ഈ ഗ്രൗണ്ടിൽ നിൽക്കണം. ആഹാരം കഴിക്കാതെ. മനായ പിന്നീട് എഴുതിയിട്ടുണ്ട്, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പീഡനം കൂടെയുണ്ടായിരുന്നവർ മരിച്ചുവീണതോ കൊല്ലപ്പെട്ടതോ ഒന്നുമല്ല, ഈ രണ്ടു മണിക്കൂർ ഞങ്ങൾ ആ ഗ്രൗണ്ടിൽ നിന്നതാണെന്ന്.

മനായ പിന്നീട് എഴുതിയിട്ടുണ്ട്, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പീഡനം കൂടെയുണ്ടായിരുന്നവർ മരിച്ചുവീണതോ കൊല്ലപ്പെട്ടതോ ഒന്നുമല്ല, ഈ രണ്ടു മണിക്കൂർ ഞങ്ങൾ ആ ഗ്രൗണ്ടിൽ നിന്നതാണെന്ന്.

മനായയും മിയാറും തമ്മിൽ വേർപിരിഞ്ഞു. ഓഷ്വിറ്റ്‌സ് ക്യാമ്പിലോട്ട് മിയാർ മാറ്റപ്പെട്ടു. ഇവരുടെ ശരീരത്തിൽ ജീവൻ എങ്ങനെയോ ശേഷിച്ചിരുന്നു. ഓഷ്വിറ്റ്‌സ് ക്യാമ്പിൽ നിന്നും മിയാർ എങ്ങനെയോ രക്ഷപ്പെട്ടു. ഓഷ്വിറ്റ്‌സ് ക്യാമ്പിന്റെ ഏറ്റവും പിന്നിൽ ഒരു ബേക്കറിയുണ്ടായിരുന്നു. ഈ ബേക്കറിയുടെ വാതിൽ തുറന്ന് ഓടിപ്പോയ ഒമ്പത് പേരുണ്ടായിരുന്നു. ആ ഒമ്പതുപേരിൽ ഒരാളായി മിയാർ രക്ഷപ്പെട്ടു. ഏതാണ്ട് നാലുദിവസത്തോളം നടക്കണം. അങ്ങനെ നടക്കുന്ന സമയത്ത് ആഹാരമായി ഒന്നും കിട്ടില്ല. അവർ പച്ചപ്പുല്ല് കഴിക്കുകയാണ്. പിന്നീട് മിയാർ ഒക്ലഹോമിൽ ജീവിച്ച സമയത്ത് പറഞ്ഞിട്ടുണ്ട്, അതിനുശേഷം ജീവിതത്തിലിന്നുവരെ ഞാൻ പച്ചയില കഴിച്ചിട്ടില്ലയെന്ന്.

അങ്ങനെ മിയാറാണ് ആദ്യം രക്ഷപ്പെട്ടത്. അദ്ദേഹം ഹുബ്രിസോ ഗ്രാമത്തിൽ ചെന്നു. എണ്ണായിരത്തോളം ജൂതന്മാർ താമസിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു അത്. അവിടുത്തെ കടകമ്പോളങ്ങൾ തകർക്കപ്പെട്ടു. അവിടെ ടില്ലറുകൾവെച്ച് തകർത്തു. ഏതാണ്ട് 20 പേർ മാത്രം ജീവനോടെ ശേഷിക്കുന്ന ഗ്രാമത്തിലേക്കാണ് മിയാർ തിരിച്ചെത്തിയത്. എല്ലാദിവസം റോഡ് സൈഡിൽ വന്ന് അദ്ദേഹം കാത്തിരിക്കും.

ഈ സമയത്ത് റഷ്യൻ പട്ടാളം വന്ന് ഓഷ്വിറ്റ്‌സ് ക്യാമ്പ് കീഴടക്കി. ലുബ്ലിൻ ജില്ലയിലുള്ള എല്ലാ ക്യാമ്പുകളും റഷ്യൻ പട്ടാളക്കാർ വന്ന് മോചിപ്പിച്ചു. പട്ടാളക്കാർ ഇവരെ മോചിപ്പിക്കുന്ന സമയത്ത് ജീവിക്കാൻ ശേഷിയുള്ളവരെ ആദ്യഘട്ടത്തിൽ ആശുപത്രിയിലാക്കി. ജീവൻ ശേഷിക്കില്ലയെന്ന് തോന്നിയവരെ മരിക്കാൻ വിട്ടുകൊടുത്തിട്ട് അവർ തിരിച്ചുപോയി. അങ്ങനെ ഒഴിവാക്കി പോയവരുടെ കൂട്ടത്തിൽ മനായ ഉണ്ടായിരുന്നു.

രണ്ടാമത് വന്ന പട്ടാളക്കാർക്ക് എന്തോ ദയവുതോന്നി ഈ സ്ത്രീയേയും ട്രോളിയിലാക്കി ആശുപത്രിയിലെത്തിച്ചു. മനായയെ തിരിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്ന സമയത്ത് അവർക്ക് 32 കിലോയാണ് ഭാരമെന്നാണ് മിയാർ എഴുതിയിരിക്കുന്നത്. ആശുപത്രിയിലെത്തി രണ്ടുമൂന്ന് ദിവസത്തെ പരിചരണം കഴിഞ്ഞപ്പോൾ മനായ ആശുപത്രിയിൽ നിന്നും ഒളിച്ചോടുകയാണ്. അപ്പോഴേക്കും നാസി ഭരണം അവസാനിച്ചു. ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തു. ജർമ്മനിയുടെ രാഷ്ട്രീയമെല്ലാം മാറിപ്പോയി. മനായ ആശുപത്രിയിൽ നിന്നും ഒളിച്ചോടി ഹുബ്രിസോ ഗ്രാമത്തിലേക്ക് നടന്നുപോകുകയാണ്. ആടി ആടി നടന്നുവരുന്ന മനായെ ദൂരെ നിന്നേ മിയാർ തിരിച്ചറിയുകയാണ്. ഇവർ തമ്മിൽ അവിടെവെച്ച് കെട്ടിപ്പിടിച്ച് മണിക്കൂറുകളോളം കരഞ്ഞു. രണ്ട് മനുഷ്യർ എന്നുപോലും പറയാൻ പറ്റാത്ത രീതിയിൽ, തലമുടി വളർന്നിരുന്നു, നഖം നീണ്ടിരുന്നു. നീ കാത്തിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു, അതുകൊണ്ട് മാത്രമാണ് ഞാൻ വന്നതെന്ന് മനായ പറഞ്ഞു.

ഇവർ പിന്നെ അവിടെ നിന്നും കുടിയേറിപ്പോകുകയാണ്. അമേരിക്കയിലോട്ട്. അവിടെവെച്ച് വിവാഹം കഴിച്ചു. ജീവിച്ചു. അതിനുശേഷം ഇവർക്ക് രണ്ട് മക്കളുണ്ടായി.

ആ സമയത്ത് അമേരിക്കയിൽ വർണവിവേചനം പൂർണമായി അവസാനിച്ചിട്ടില്ല. അമേരിക്കയിലെ പാർക്കുകളിൽ ഒരു ബോർഡുണ്ട്. 'വൈറ്റ്‌സ് ഓൺലി'. ആ എൻട്രൻസിലൂടെ വെള്ളക്കാർക്ക് കയറാം. അടുത്ത ബോർഡ് 'അതേഴ്‌സ്' . ഇവർ അതേഴ്‌സിന്റെ ഗേറ്റിലൂടെയാണ് പാർക്കികത്തേക്ക് പോകുന്നത്. ഇവരുടെ മൂത്തമകൻ ഒരു ദിവസം പാർക്കിനകത്തുവെച്ച് അമ്മയോട് ചോദിക്കുകയാണ്, അമ്മയുടെ കയ്യിലെന്താണ് ഈ പച്ച കുത്തിയിരിക്കുന്നതെന്ന്. എക്‌സ്ടർമിനേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോകുമ്പോൾ തിരിച്ചറിയാൻ ഒരു നമ്പർ ഇവരുടെ കയ്യിൽ പച്ചകുത്തിവെക്കും. നമ്മുടെ തടവുപുള്ളികൾക്കുള്ളതുപോലെ തന്നെ. പിന്നെയവർക്കു പേരില്ല.

അപ്പോൾ മനായ പറഞ്ഞു, "ഞാനിന്നുവരെ പറയാത്തൊരു കാര്യം നിന്നോടു പറയാം. നിനക്ക് എന്തുകൊണ്ടാണ് ബന്ധുക്കളില്ലാത്തത്? നിനക്ക് അമ്മാവൻ മാരില്ല, അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളില്ല. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടത് പോളണ്ടിൽ വെച്ചിട്ടാണ്. അന്ന് നാസി ഭരണമായിരുന്നു. പക്ഷേ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞ് പാർക്കിൽ വെച്ച് മകനോട് പറഞ്ഞ ഒരു കാര്യമുണ്ട്. " ഞങ്ങൾ നീലക്കണ്ണുള്ളവരും വെളുത്തതലമുടിയുള്ളവരും യഹൂദവംശത്തിൽ പിറന്നവരുമായതുകൊണ്ട്, രൂപത്തിൽ വ്യത്യസ്തരായതുകൊണ്ട് ഞങ്ങൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലയെന്നു ധരിച്ചിരുന്ന ഒരുകൂട്ടം മനുഷ്യരുടെ ഇടയിൽ ഞങ്ങൾ ജീവിച്ചു. അവർ നമ്മുടെ ബന്ധുക്കളെയെല്ലാം കൊന്നും കളഞ്ഞു. മകനേ ഇന്ന് നീ എന്നോട് ഒരു പ്രതിജ്ഞ ചെയ്യണം. നിന്നിൽ നിന്ന് വ്യത്യസ്തനായൊരാളെക്കണ്ടാൽ, നിന്റെ ആചാരമല്ലാത്ത ആചാരം പാലിക്കുന്ന ഒരു മനുഷ്യനെക്കണ്ടാൽ, നീ വിശ്വസിക്കുന്ന ദൈവത്തെ അല്ലാതെ മറ്റൊരു ദൈവത്തെ വിശ്വസിക്കുന്ന ആളെക്കണ്ടാൽ, അവരെ നിന്നെക്കാൾ കുറവുള്ള ആളായി നീ ഒരിക്കലും കരുതരുത്. അവനെ നിന്നെപ്പോലെ തന്നെ കരുതണമെന്ന് ഇന്ന് നീ പ്രതിജ്ഞ ചെയ്യണം. ഈ മകൻ അവിടെ വെച്ച് പ്രതിജ്ഞ ചെയ്തു.

നിന്റെ ആചാരമല്ലാത്ത ആചാരം പാലിക്കുന്ന ഒരു മനുഷ്യനെക്കണ്ടാൽ, നീ വിശ്വസിക്കുന്ന ദൈവത്തെ അല്ലാതെ മറ്റൊരു ദൈവത്തെ വിശ്വസിക്കുന്ന ആളെക്കണ്ടാൽ, അവരെ നിന്നെക്കാൾ കുറവുള്ള ആളായി നീ ഒരിക്കലും കരുതരുത്.

അതിനുശേഷം മകൻ ഇസ്രയേലിലേക്ക് യാത്ര ചെയ്തു. ജർമ്മനിയിൽ അച്ഛനും അമ്മയും കിടന്ന ക്യാമ്പുകളിലേക്ക് യാത്ര ചെയ്തു. അതിനുശേഷം ഇദ്ദേഹം ഒരു പുസ്തകമെഴുതി. 'Until We Meet Again' എന്നാണ് പുസ്തകത്തിന്റെ പേര്. ഇവരന്ന് ബുദ്‌സീൻ ക്യാമ്പിൽവെച്ച് പിരിയുന്ന സമയത്ത് പറഞ്ഞ വാക്കാണ് Until We Meet Again എന്നത്. ആ പുസ്തകം മകൻ പ്രസിദ്ധീകരിച്ചു. ഇന്ന് ഒക്ലഹോമിൽ അണ്ടിൽ വീ മീറ്റ് എഗൈൻ എന്ന സ്ഥാപനം ഇവർ നടത്തുന്നുണ്ട്. 65 വയസിലാണ് മനായ മരിച്ചത്. മിയാറും മരിച്ചു. ഒക്ലഹോമിലെ പളളി സെമിത്തേരിയിലാണ് അവരെ അടക്കം ചെയ്തത്. മനുഷ്യനെ മനുഷ്യൻ എങ്ങനെ സ്‌നേഹിക്കണമെന്ന് പഠിപ്പിക്കുന്ന ഒരു സ്ഥാപനം നടത്തിക്കൊണ്ട് ഇവരുടെ മകൻ ഒക്ലഹോമിൽ ജീവിച്ചിരിക്കുകയാണ്. നമ്മളേക്കാൾ വ്യത്യസ്തനായ മനുഷ്യൻ നമ്മളേക്കാൾ ഒട്ടും ചെറിയവനല്ലെന്ന വലിയ സന്ദേശം ഇവർ ലോകത്തിന് ഇന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Comments