പ്രതി കുറ്റം ചെയ്തിട്ടുണ്ട്, പക്ഷെ ശിക്ഷാർഹനല്ല

വ്യത്യസ്തമായ ആഹാരം കഴിക്കുന്നത് കൊണ്ട്, ദൈവത്തിൽ വിശ്വസിക്കുന്നത് കൊണ്ട്, ആചാരങ്ങൾ പുലർത്തുന്നത് കൊണ്ട് ഒരു മനുഷ്യൻ തന്റെ ശത്രുവാണെന്ന് പ്രഖ്യാപിക്കുന്ന വംശീയതയുടെ ഭീകരത നൂറു വർഷം മുമ്പുള്ള ചരിത്രത്തെ ചൂണ്ടിക്കാണിച്ച് സജി മാർക്കോസ് ഓർമിപ്പിക്കുന്നു.

1925 ഏപ്രിൽ മാസം നാലാം തിയ്യതി ബർലിൻ ഹൈക്കോടതിയിൽ ഒരു കൊലപാതകക്കേസ് നടക്കുന്നു. പ്രതി അർമേനിയൻ വംശജനായ ഷോഗോമാൻ ടെലീരിയൻ ആയിരുന്നു. ഒരുപക്ഷേ അങ്ങനത്തെയൊരു വിധിന്യായം ലോകത്ത് ഒരിടത്തും പ്രസ്താവിച്ചിട്ടില്ലയെന്നാണ് എനിക്ക് തോന്നുന്നത്.

പ്രതി കുറ്റം ചെയ്തുവെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ പ്രതി ശിക്ഷാർഹനല്ല.

കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു. ഷോഗോമാൻ ടെലീരിയനാണ് കൊന്നതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു, കൊലപാതകം നടത്തിയശേഷം അദ്ദേഹം അവിടെ നിന്നും ഓടിയിപ്പോയില്ല. പൊലീസ് വന്ന് പിടിച്ചു. ഇദ്ദേഹത്തിനുവേണ്ടി വാദിച്ച വക്കീൽ എം.ആർ ഗ്രിഗോറിയസ് എന്ന അർമേനിയൻ വംശജനായ ഒരു ക്രിസ്ത്യൻ പുരോഹിതനായിരുന്നു. മാനസിക അസ്വാസ്ഥ്യമാണ് പ്രതിക്ക് എന്ന് അദ്ദേഹം കോടതിയിൽ വാദിച്ചെങ്കിലും വിധി പറയുന്ന ദിവസം തനിക്ക് മാനസിക അസ്വാസ്ഥ്യമില്ലെന്നും താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്നും പ്രതി പറഞ്ഞു. അരമണിക്കൂറിനുശേഷം വിധി പ്രസ്താവിക്കുമെന്ന് പറഞ്ഞ് കോടതി പിരിഞ്ഞു.

കോടതി വീണ്ടും ചേർന്നു. വിധി പ്രസ്താവം ഇങ്ങനെയായിരുന്നു: " പ്രതി കുറ്റം ചെയ്തുവെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ പ്രതി ശിക്ഷാർഹനല്ല.'

അത്യപൂർവ്വമായ ഒരു കോടതി വിധിയായിരുന്നു അത്. കുറ്റം തെളിയിക്കപ്പെടുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തെങ്കിലും പ്രതി ശിക്ഷാർഹനല്ലയെന്നു പറഞ്ഞു ടെലീരിയനെ വെറുതെ വിട്ടു.

അതിനുശേഷം ഷോഗോമാൻ ടെലിരീയൻ നേരെ സെർബിയയിലേക്ക് കുടിയേറി. ഇരുപത് വർഷത്തോളം അദ്ദേഹം സെർബിയയിൽ താമസിച്ചു. താസ മിലീഖിയെന്ന പേരിലായിരുന്നു അദ്ദേഹം അവിടെ താമസിച്ചിരുന്നത്. ഈ സമയത്തെല്ലാം തുർക്കി ഏജന്റ്‌സ് അദ്ദേഹത്തെ അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ അവർ അദ്ദേഹത്തെ ലൊക്കേറ്റ് ചെയ്തു. ഇത് ടെലീരിയന് മനസിലായി. കാരണം വളരെപ്പെട്ടെന്ന് ഒന്നുരണ്ടുപേർ വന്ന് പരിചയപ്പെടുന്നു, ഇദ്ദേഹം മെമ്പറായിരുന്ന ഒരു ഹണ്ടിങ് ഗ്രൂപ്പുണ്ട്. അത്ര പെട്ടെന്നൊന്നും പുതിയ ഒരാൾക്ക് ആ ഗ്രൂപ്പിൽ മെമ്പർഷിപ്പ് കിട്ടാറില്ല. ആ ഗ്രൂപ്പിലേക്ക് പുതിയതായി ഒരു മെമ്പർ ഉന്നതതല സ്വാധീനത്തോടെ കടന്നുവരുന്നു. ഇവർ ഒരുമിച്ച് ഹണ്ടിങ്ങിന് പോകണം എന്ന് അവർ ആവശ്യപ്പെടുന്നു. അസാധാരണമായി എന്തൊക്കെയോ തനിക്കു ചുറ്റും സംഭവിക്കുന്നുവെന്ന് ടെലിരീയന് ബോധ്യപ്പെട്ടു.

അന്ന് കുറ്റാന്വേഷണ മേധാവി അദ്ദേഹത്തെ വിളിച്ച് പറയുന്നു, "തുർക്കി ഏജന്റ്‌സ് ഷോഗോമാൻ ടെലീരിയൻ എന്നൊരാളെ അന്വേഷിക്കുന്നുണ്ട്. അദ്ദേഹം ഏത് നിമിഷവും കൊല്ലപ്പെടും, അത് ഞങ്ങളറിഞ്ഞും, അറിയാതെയും നടക്കാം. പക്ഷേ അത് നിങ്ങളാണെങ്കിൽ എനിക്കു നിങ്ങളെ രക്ഷിക്കാൻ കഴിഞ്ഞേക്കും. അത് നിങ്ങളാണോ?' എന്ന്. ഇരുപത് വർഷമായി സൂക്ഷിച്ച രഹസ്യം ടെലീരിയൻ അവിടെ പറയുകയാണ്. ഞാനാണ് അയാൾ.

തലാത് പാഷയെ ബെർലിനിൽവെച്ച് വെടിവെച്ച് കൊന്നുവെന്നുള്ളതാണ് ടെലീരിയന്റെ പേരിലുള്ള കുറ്റം. ഓട്ടോമാൻ ഭരണകൂടത്തിലെ അവസാനത്തെ ഉപപ്രധാനമന്ത്രിയായിരുന്നു തലാത് പാഷ. അവിടെ നിന്ന് ഷോഗോമാൻ ടെലീരിയൻ അദ്ദേഹത്തിന്റെ കഥ പറയുകയാണ്.

ഈ കഥകേട്ടശേഷം ഷോഗോമാൻ ടെലീരിയന്റെ ബാക്കി കഥകൾ അറിയാൻ വേണ്ടി ഞാൻ നാല് വർഷം മുമ്പ് അർമേനിയക്ക് പോയിരുന്നു. അർമേനിയയ്ക്ക് പോകുന്നതിനു മുമ്പ് ഷോഗോമാൻ ടെലീരിയൻ എന്ന പേരിലല്ലാതെ അർമേനിയയെക്കുറിച്ച് ഞാൻ ഒന്നും കേട്ടിട്ടില്ല. ഒന്ന് മാത്രം അറിയാം, ലോകത്തിലെ ആദ്യത്തെ ക്രിസ്ത്യൻ രാജ്യമാണ്. ലോകത്തിൽ മോണോ എത്‌നിക് രാജ്യം എന്ന് പറയാൻ പറ്റിയ രണ്ട് രാജ്യമേയുള്ളൂ. അതിലൊന്ന് അർമേനിയയാണ്. മറ്റൊന്ന് ജപ്പാൻ. പക്ഷേ ജപ്പാൻ ഇന്ന് പൂർണമായിട്ടും മോണോ എത്‌നിക് എന്ന് പറയാൻ പറ്റില്ല. മറ്റ് വംശങ്ങളിൽ നിന്നുള്ളവർക്ക് അവിടെ പൗരത്വമുണ്ട്. പക്ഷേ അർമേനിയ ഇന്നും പൂർണമായ മോണോ എത്‌നിക് രാജ്യമാണ്. അവിടെ എനിക്ക് ഭാഷയുടെ പ്രശ്‌നമുണ്ട്. ഇംഗ്ലീഷ് ഭാഷ അറിയാവുന്ന വളരെ ചുരുക്കം പേരേയുള്ളൂ.

അങ്ങനെയിരിക്കുമ്പോൾ ഓൺലൈനിൽ ഞാനൊരാളെ പരിചയപ്പെടുകയാണ്. എഫ്രൈം റഫായേൽ. മൂന്ന് നാല് മാസത്തെ നിത്യ സംഭാഷണങ്ങളിലൂടെ ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായി മാറി. എന്നോട് അദ്ദേഹത്തിന് ഇഷ്ടം തോന്നാനുളള കാരണം ഷോഗോമാൻ ടെലീരിയനെക്കുറിച്ചു പറഞ്ഞുവെന്നുള്ളതാണ്. നമ്മൾ ഭഗത് സിങ്ങിനെ കരുതുന്നതുപോലെയോ സുഭാഷ് ചന്ദ്രബോസിനെ കരുതുന്നതുപോലെയോ ഒക്കെ അവരുടെ ഒരു വീരപുത്രനാണ് ഷോഗോമാൻ ടെലീരിയൻ. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും അദ്ദേഹം ജീവിച്ചിരുന്ന സ്ഥലങ്ങൾ കാണാനുമൊക്കെയാണ് ഞാൻ വരുന്നതെന്ന് പറഞ്ഞു.

വളരെ ആകസ്മികമായിട്ടാണ് അദ്ദേഹത്തെ കാണുന്നതെങ്കിലും വളരെ രഹസകരമായ ഒരു കാര്യം കൂടി അതിനു പിന്നിലുണ്ടായി. എഫ്രൈം റഫായേലിന്റെ വല്ല്യമ്മ ഇന്ന് ജീവിച്ചിരിപ്പുണ്ട്. ഈ വല്ല്യമ്മ അർമേനിയൻ വംശഹത്യയെ അതിജീവിച്ച ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഒരുപക്ഷേ അവസാനത്തെ വ്യക്തിയായിരിക്കും. 1919ൽ വംശഹത്യ അവസാനിക്കുന്നു. ഓട്ടോമാൻ ഭരണകൂടം തകരുന്നു. റിപ്പബ്ലിക് ഓഫ് തുർക്കി നിലവിൽ വന്നു.

അന്നവർക്ക് നാലു വയസായിരുന്നു. ആ നാലുവയസുകാരിയെയും കൊണ്ട് പ്രാണരക്ഷാർത്ഥം ജോർജിയയിലെ ബെട്ടൂമിയെന്നു പറയുന്ന ഗ്രാമത്തിലേക്ക് 600 കിലോമീറ്റർ നടന്ന് ഇവർ പോകുകയാണ്. മർസയെന്നാണ് ഈ വല്ല്യമ്മയുടെ പേര്. പിന്നെ കരിങ്കടൽ കടന്ന് ബൾഗേറിയയിൽ കുടിയേറി താമസിച്ചു. സ്റ്റാലിന്റെ കാലത്ത് അർമേനിയ റഷ്യയുടെ അധീനതയിലായി. സോവിയറ്റ് യൂണിനയൻ തകർന്നു. അതിനുശേഷം ഇതൊരു സ്വതന്ത്ര രാജ്യമായി മാറി. അങ്ങനെ അവർ തിരിച്ചുവരികയാണ്.

പഴയകാലത്തെക്കുറിച്ച് അവർക്ക് കൃത്യമായി ഓർമ്മയില്ലെങ്കിലും ഈ വംശഹത്യയെ അതിജീവിച്ച് ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരുപക്ഷേ അവസാനത്തെ വ്യക്തി ഈ മെർസയെന്ന് പറയുന്ന സ്ത്രീയായിരിക്കും. എരബൻ എന്നു പറയുന്ന തലസ്ഥാന നഗരയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരംവരുന്ന എരിബൂനിയെന്നു പറയുന്ന ഗ്രാമത്തിൽ മെർസ ജീവിച്ചിരിപ്പുണ്ട്. അപ്പോൾ ഞാൻ പറഞ്ഞു, "എങ്കിൽ നിശ്ചയമായിട്ടും എനിക്ക് അവരെയും കാണണം'.

അങ്ങനെ ഞാനവിടെ ചെല്ലുകയാണ്. അവരുടെ വീട്ടിൽ ചെന്നു. വിസിറ്റിങ് റൂമിൽ കടന്നപ്പോൾ അവിടെ ടി.വി ഓൺ ചെയ്തിട്ടുണ്ട്. അതിൽ സീരിയൽ നടക്കുന്നു. അതിലെ കഥാപാത്രങ്ങളെല്ലാം നമുക്ക് പരിചയമുള്ളവരാണ്. നമ്മുടെ ഹിന്ദി സീരിയലുകളെല്ലാം തന്നെ മൊഴിമാറ്റം നടത്തി അവിടെ പ്രക്ഷേപണം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ എല്ലാ കഥാപാത്രങ്ങളേയും ആചാര മര്യാദകളേയും കുറിച്ച് അർമേനിയക്കാർക്ക് നല്ല പരിചയമാണ്. പക്ഷേ, അർമേനിയ ഒരു ഏകവംശീയ രാജ്യമായതുകൊണ്ട് ടൂറിസത്തെ അവർ വലിയ വ്യവസായമായിട്ട് കരുതിയിരുന്നില്ല. അതുകൊണ്ട് വിസ കിട്ടാനൊക്കെ അന്ന് ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇന്ന് വിസ കിട്ടാൻ എളുപ്പമാണ്.

അവർക്ക് ഇന്ത്യക്കാരുമായുള്ള ബന്ധമെന്താണെന്ന് എഫ്രെയിമിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ആദ്യമായി അർമേനിയൻ ഭാഷയ്ക്ക് ഒരു ലിപിയുണ്ടായി, ഒരു പുസ്തകം അച്ചടിക്കുന്നത് മദ്രാസിൽവെച്ചിട്ടാണ് എന്നാണ്. ഷമാഹിർ എന്നു പറയുന്ന ഒരു അർമേനിയൻ കച്ചവടക്കാരനായിരുന്നു ഇതിനു പിന്നിൽ.

വംശഹത്യയുടെ സമയത്ത് അർമേനിയക്കാർ ലോകത്തിന്റെ എല്ലായിടത്തേക്കും പലായനം ചെയ്തകൂട്ടത്തിൽ ചിലർ മദ്രാസിലേക്കും വന്നു. ഇന്ന് ചെന്നൈയിൽ ഒരു അർമേനിയൻ പള്ളിയുണ്ട്. അതിനടുത്തൊരു ശവക്കോട്ടയുണ്ട്. ഇത് സംരക്ഷിക്കാനായി ഒരു അർമേനിയൻ വംശജനും ചെന്നൈയിലുണ്ട്. ബാക്കി അർമേനിയക്കാരെല്ലാം തിരിച്ചുപോയി. ചെന്നൈയിൽ വെച്ചിട്ടാണ് അസ്‌കരാർ എന്നുപറയുന്ന ആദ്യത്തെ അർമേനിയൻ പത്രം അച്ചടിക്കുന്നത്. പിന്നെയാണ് അർമേനിയയ്ക്ക് ഒരു ലിപിയുണ്ടാവുന്നത്.

ഈ കാര്യങ്ങളൊന്നും ഇന്ത്യൻ ചരിത്രത്തിൽ സൂക്ഷിച്ചിട്ടില്ലെങ്കിലും അർമേനിയക്കാർ സൂക്ഷിക്കുന്നുണ്ട്. അസ്‌കരാർ പത്രത്തിന്റെ പ്രതി ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്. അവർ ചരിത്രത്തെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കാരണം ലോകത്തിന്റെ 76 രാജ്യങ്ങളിലേക്ക് ചിതറിപ്പോയിട്ട് ഇവർ തിരികെ വന്ന് ഒരു രാജ്യം സ്ഥാപിച്ച് അവിടെ താമസിക്കുകയാണ്.

അങ്ങനെ ഞാൻ മർസയെ കണ്ടു. ഞങ്ങൾ സംസാരിച്ചു. ഒരുമിനിറ്റ് ഇരിക്കൂവെന്ന് പറഞ്ഞ്, അവർ മുറിക്കകത്തേക്ക് കയറിപ്പോയി ഒരു പഴയ തുകൽപ്പെട്ടി എടുത്തുകൊണ്ടുവന്നു. മെർസയ്ക്ക് അർമേനിയൻ ഭാഷയും റഷ്യൻ ഭാഷയും മാത്രമേ അറിയൂ. എഫ്രെയിമാണ് ദ്വിഭാഷിയായി ഞങ്ങളെ സഹായിക്കുന്നത്. അദ്ദേഹം പറഞ്ഞു, "ആര് ഇവിടെ വന്നാലും അവർ ഈ തുകൽപ്പെട്ടി എടുത്തുകൊണ്ടുവരുമെന്ന്. ആ തുകൽപ്പെട്ടി തുറന്നു കഴിഞ്ഞപ്പോൾ അതിനകത്ത് കുറേപ്പഴയ നോട്ടുകൾ ഫോട്ടോഗ്രാഫുകളൊക്കെയുണ്ട്. ചിത്രങ്ങളൊന്നും വ്യക്തമല്ല. ഇതിനെക്കുറിച്ച് അവർ വാതോരാതെ എന്നോട് സംസാരിക്കുകയാണ്. ഇടയ്ക്ക് നിർത്താൻ പറഞ്ഞുകൊണ്ട് എഫ്രൈം പറഞ്ഞു, "ഇവർ ബെട്ടൂമിയിലേക്ക് നടന്നു പോകുന്ന സമയത്ത് ഇവർ സൂക്ഷിച്ച തുകൽപ്പെട്ടി അവർ ഇന്നും സൂക്ഷിക്കുകയാണ്. അതിനകത്ത് ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് അവരുടെ നാട്ടിലുണ്ടായിരുന്ന കറൻസിയും നോട്ടുകളുമൊക്കെയാണ്. ഏത് സന്ദർശകൻ വന്നാലും അവർ ഇത് കാണിച്ചുകൊടുക്കുകയാണ്. '

നരകത്തിന്റെ രൂപത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് പറയുന്നത്. നരകത്തിന്റെ ഓരോ നിലകൾ താഴോട്ട് ഇറങ്ങുമ്പോഴും അതിൽ പീഡനങ്ങളുടെ ഗൗരവം കൂടുമെന്ന സാങ്കല്പിക രീതിയിൽ ഓരോ നില താഴോട്ട് പോകുമ്പോഴും ഇവിടെ കൊലപാതകത്തിന്റെ തീവ്രത വർധിക്കുകയും കൂട്ടിയിട്ടിരിക്കുന്ന ശവങ്ങളുടെയും അനാഥരാക്കപ്പെട്ട കുട്ടികളുടെയും എണ്ണം കൂടുകയും ചെയ്യും.

അവിടുന്ന് പുറത്തിറങ്ങിയശേഷം ഷോഗോമാൻ ടെലീരിയന്റെ ബാക്കി വിവരങ്ങൾ അന്വേഷിക്കാമെന്നു പറഞ്ഞു. അങ്ങനെ ഇദ്ദേഹം നേരെ കൊണ്ടുപോയത് എരവൻ പട്ടണത്തിലെ വംശഹത്യ സ്മാരകത്തിലേക്കാണ്.

ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി പറയുന്നത് നാല് വംശഹത്യകളാണ്. ഈ നാല് വംശഹത്യാ സ്മാരകങ്ങളും ഞാൻ പോയി കണ്ടിട്ടുണ്ട്. ഒരുപക്ഷേ ഒരു സ്മാരകം എന്ന നിലയിൽ ഏറ്റവും ഹൃദയഭേദകമായി നിലനിർത്തിയിട്ടുള്ളത് ഒരുപക്ഷേ എരബനിലെ അർമേനിയൻ വംശഹത്യ സ്മാരകത്തിലാണ്. മണ്ണിനടിയിലാണ് ഇത് പണിതിരിക്കുന്നത്. നരകത്തിന്റെ രൂപത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് പറയുന്നത്. നരകത്തിന്റെ ഓരോ നിലകൾ താഴോട്ട് ഇറങ്ങുമ്പോഴും അതിൽ പീഡനങ്ങളുടെ ഗൗരവം കൂടുമെന്ന സാങ്കല്പിക രീതിയിൽ ഓരോ നില താഴോട്ട് പോകുമ്പോഴും ഇവിടെ കൊലപാതകത്തിന്റെ തീവ്രത വർധിക്കുകയും കൂട്ടിയിട്ടിരിക്കുന്ന ശവങ്ങളുടെയും അനാഥരാക്കപ്പെട്ട കുട്ടികളുടെയും എണ്ണം കൂടുകയും ചെയ്യും.

ആദ്യത്തെ നിലയിൽ 1912കളിൽ എങ്ങനെയാണ് ഓട്ടോമാൻ ഭരണകൂടം അർമേനിയൻ വംശജരെ ഒറ്റപ്പെടുത്തിയതെന്നും അവരുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും പറയുന്നു. അവർ മൃഗവാഹനങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞു, കോടതികളിൽ അവർക്ക് പ്രവേശനം ഇല്ലാതായി. അതായത്, ഒരു അർമേനിയക്കാരൻ ഉൾപ്പെട്ട കുറ്റകൃത്യം കോടതിയിലെത്തിയാൽ ആ കോടതിയിൽ അർമേനിയക്കാരന് കയറാൻ പറ്റില്ല. വിധിന്യായം പറയുന്ന സമയത്ത് അതെന്താണെന്ന് കേൾക്കാൻ, ജഡ്ജിയോട് ഒരു വാക്ക് പറയാൻ അവർക്ക് അനുവാദമില്ല. അങ്ങനെ തുർക്കിഫിക്കേഷൻ നിയമങ്ങൾ ശക്തമാക്കിയ സമയത്തെ കാര്യങ്ങളാണ് ആദ്യത്തെ നിലയിലുള്ളത്.

മലയാളത്തിൽ യുവതുർക്കികൾ എന്നു പറയുന്ന ഒരു സിനിമ ഇറങ്ങിയിരുന്നു. ആരാണ് യുവതുർക്കികൾ എന്ന് അവർ അന്വേഷിച്ചിട്ടുണ്ടോയെന്ന് എനിക്ക് സംശയമാണ്. തലാത്ത് പാഷ, ഐവർ പാഷ, ഇസ്മയിൽ പാഷ, ഇവർ മൂന്നുപേരും തുർക്കിയിലെ ഓട്ടോമാൻ ഭരണകൂടത്തിലെ മൂന്ന് പ്രധാനപ്പെട്ട മന്ത്രിമാരായിരുന്നു. വംശഹത്യയുടെ ചുക്കാൻ പിടിച്ചിരുന്ന, ഏറ്റവും കിരാതമായ ഭരണം നടത്തിയിരുന്ന മൂന്ന് ഭരണാധികാരികളായിരുന്നു യങ് തുർക്ക്‌സ് എന്നറിയപ്പെട്ടിരുന്നത്.

ഒന്നാമത്തെ നിലയിൽ നമുക്ക് വലിയ മനപ്രയാസം തോന്നുന്ന രംഗങ്ങളൊന്നുമില്ല. രണ്ടാമത്തെ നിലയും മൂന്നാമത്തെ നിലയും നാലാമത്തെ നിലയും കഴിഞ്ഞ് താഴോട്ടേക്ക് പോകുമ്പോൾ തെരുവുകളിലിങ്ങനെ ശവം കുന്നുകൂടി കിടക്കുകയാണ്. മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് പള്ളികളിൽ അഭയം കൊടുത്തു. അങ്ങനെ ആയിരക്കണക്കിന് കുട്ടികളാണ് പള്ളികളിൽ. ഇവരെ സംരക്ഷിക്കാനും ഭരണകൂടം തയ്യാറല്ല. ഇവരെ നടത്തിക്കൊണ്ടുപോകുകയാണ്. സിറിയൻ മരുഭൂമിയിൽ ഇവരുടെയൊരു ഡത്ത് ക്യാമ്പുണ്ട്. ഈ ഡത്ത് ക്യാമ്പിലോട്ട് ആറ് ദിവസം നടന്നുപോകണം. ആഹാരവും വെള്ളവും കൊടുക്കാതെ ഈ ഡത്ത് ക്യാമ്പിലേക്ക് നടത്തിക്കും. ഡത്ത് മാർച്ച് എന്നാണ് ഇതിന് ഇവർ പേരിട്ടിരിക്കുന്നത്. ഇതിനിടയിൽ 80% പേരും മരുഭൂമിയിൽവെച്ച് മരിച്ചുപോകും. അപ്പോൾ പിന്നെ ഇവർക്ക് ചിലവിന് കൊടുത്ത് അവിടെ താമസിപ്പിക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് അവർ കണ്ട ലളിതമായ മാർഗമായിരുന്നു ഈ മനുഷ്യരെ മരുഭൂമിയിലൂടെ നടത്തിക്കൊണ്ടുപോകുകയെന്നത്.

നീന്തലറിയാത്ത സ്ത്രീകളേയും കുട്ടികളേയും വലിയ ബാർജുകളിൽ കയറ്റി കരിങ്കടലിലേക്ക് ഇവർ തള്ളിവിടും. അമിതഭാരത്താൽ കരിങ്കടലിന്റെ ആഴങ്ങളിലേക്ക് ഈ ബാർജ് താഴ്ന്നുപോകും. എന്താണ് ഇതിനു പിന്നിലെ കാരണമെന്നു ചോദിച്ചാൽ വളരെ ലളിതമായിരുന്നു. ഒന്ന് കപട ദേശീയത.

അർമേനിയക്കാർ നല്ല കച്ചവടക്കാരാണ്. അങ്ങനെയാണ് അവർ ഇന്ത്യയിൽ വന്നിട്ടും വ്യാപാര ബന്ധങ്ങൾ ഉണ്ടാക്കുകയുമൊക്കെ ചെയ്തത്. അതുകൊണ്ട് അന്ന് കോൺസ്റ്റാന്റ്‌നോപ്പിളിലെ (ഇന്നത്തെ ഇസ്താംബുൾ) പ്രധാനപ്പെട്ട കച്ചവടക്കാരെല്ലാം ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട അർമേനിയക്കാരായിരുന്നു. അർമേനിയക്കാർ റഷ്യയുമായി ഒരു ബന്ധം സ്ഥാപിച്ചാൽ ഓട്ടോമാൻ ഭരണകൂടത്തിന് ഇതൊരു ക്ഷീണമാകുമോ എന്ന പേടിയായിരുന്നു അവർക്ക്.

കപട ദേശീയതയും മതവും തമ്മിൽ കൂട്ടിച്ചേർത്താൽ ന്യൂനപക്ഷങ്ങൾക്കുമേൽ അധിനിവേശം നടത്താമെന്ന് ധരിച്ചിരുന്ന ഭരണകർത്താക്കൾ നൂറകൊല്ലം മുമ്പും ഭൂമിയിൽ ജീവിച്ചിരുന്നുവെന്നുള്ളതാണ്.

മാത്രമല്ല, ഇസ്താംബുൾ തന്ത്രപ്രധാനമായൊരു തുറമുഖമായിരുന്നു. അതിൽ ഭൂരിപക്ഷം വരുന്നത് അർമേനിയക്കാരാണ്. ഈ അർമേനിയക്കാർ ഓട്ടോമാൻ ഭരണകൂടത്തിനൊരു ഭീഷണിയായി വരുമെന്നൊരു കപട ദേശീയത. അതോടൊപ്പം തന്നെ ഇസ്ലാമിസ്റ്റ് ഭരണകൂടമായിരുന്ന ഓട്ടോമാൻ ഭരണകൂടത്തിന് ക്രിസ്ത്യൻ രാജ്യമായിരുന്ന അർമേനിയൻ പൗരന്മാരോടുള്ള ഒരു പക. കപട ദേശീയതയും മതവും തമ്മിൽ കൂട്ടിച്ചേർത്താൽ ന്യൂനപക്ഷങ്ങൾക്കുമേൽ അധിനിവേശം നടത്താമെന്ന് ധരിച്ചിരുന്ന ഭരണകർത്താക്കൾ നൂറകൊല്ലം മുമ്പും ഭൂമിയിൽ ജീവിച്ചിരുന്നുവെന്നുള്ളതാണ്. 18ലക്ഷം അർമേനിയക്കാരെ ഒന്നാം ലോകമഹായുദ്ധകാലത്തെ അർമേനിയൻ വംശഹത്യയിൽ കൊന്നുകളഞ്ഞു. മൊത്തം 20ലക്ഷം അർമേനിയക്കാരേ ഉണ്ടായിരുന്നുള്ളൂ. അതായത് 90% അർമേനിയക്കാരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കൊല്ലപ്പെട്ടു.

എന്റെ കയ്യിൽ ഷോഗോമാൻ ടെലീരിയന്റെ ഫോട്ടോയുണ്ട്. ഞാൻ ഈ പടവുമായി നടന്ന് നടന്ന് താഴെയെത്തി. ഒരു പെൺകുട്ടിയാണ് അവിടുത്തെ കാര്യങ്ങൾ വിശദീകരിക്കുന്നത്. പൊതുവെ മ്യൂസിയത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നവർ സ്ഥിരം ഒരേ തരത്തിലാണ് കാര്യങ്ങൾ പറയുക. ഇവരുടെ ഉള്ളിൽ പ്രത്യേകിച്ച് ഒരു വികാരവുമുണ്ടാവില്ല. യാന്ത്രികമായി സന്ദർശകരോട് സംസാരിക്കും. പക്ഷേ ഇവർ സംസാരിക്കുന്നത് അങ്ങനെയല്ല. കാരണം ഇവരുടെയെല്ലാം വീടുകളിൽ നിന്ന് ഒരാളെങ്കിലും വംശഹത്യയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ചില വീടുകളിൽ നിന്ന് എല്ലാവരും കൊല്ലപ്പെട്ടിട്ടുണ്ട്. അതിന്റെ രണ്ടാമത്തെ തലമുറയാണ് ഇപ്പോൾ അവിടെ ജീവിച്ചിരിക്കുന്നത്. വളരെ വികാരാധീനയായാണ് ഈ പെൺകുട്ടി സംസാരിക്കുന്നത്. അങ്ങനെ സംസാരിച്ച് ഷോഗോമാൻ ടെലീരിയന്റെ ചിത്രത്തിനു മുമ്പിൽ നിൽക്കുമ്പോൾ ഞാനും വികാരാധീനനായിപ്പോയി.

ഈ ഫോട്ടോയുടെ മുമ്പിൽ നിന്ന് ടെലീരിയന്റെ കഥ ആ പെൺകുട്ടി പറഞ്ഞു. ഷോഗോമാൻ ടെലിരീയന്റെ അമ്മയേയും ഡത്ത് മാർച്ചിൽ സിറിയൻ മരുഭൂമിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോകുന്നവഴിക്ക് അദ്ദേഹത്തിന്റെ അമ്മ മരിച്ചു. അന്ന് നാല് വയസുകാരനായിരുന്ന ടെലീരിയൻ അമ്മയുടെ മൃതദേഹത്തിന് കാവൽ നിൽക്കുകയാണ്. പിതാവിനെ അതിനു മുമ്പ് കൊന്നുകളഞ്ഞിരുന്നു. ആഹാരവും വെള്ളവുമില്ലാതെ നാല് ദിവസം സിറിയൻ മരുഭൂമിയിൽ ആ നാലുവയസുകാരൻ ജീവനോടെ ശേഷിച്ചു.

അതുകഴിഞ്ഞപ്പോൾ ഇദ്ദേഹം കാണുന്ന കാഴ്ച, മരിച്ചു വീഴുന്നവരുടെ ശരീരത്തിലെ സ്വർണവും മറ്റും മോഷ്ടിക്കാൻ പട്ടാളക്കാർ കുതിരപ്പുറത്ത് വരുന്നതാണ്. ഈ കൊച്ചുപയ്യൻ മണലിൽ കമിഴ്ന്നു കിടന്നു. ഇവർ വന്ന് സ്വർണാഭരണങ്ങൾ തിരയുകയാണ്. അന്ന് സ്വർണപ്പല്ലുകൾ വെക്കുമായിരുന്നു. ശവശരീരങ്ങളുടെ വായ തുറന്ന് സ്വർണപ്പല്ലുകളുണ്ടോയെന്ന് പരിശോധിച്ച് അവർ പോയി. അതിനുശേഷം ഈ ബാലൻ സിറിയൻ മരുഭൂമിയിൽ നിന്നും എങ്ങോട്ടോ ഓടിപ്പോകുകയാണ്. ഇവന്റെ ശരീരത്തിൽ ജീവൻ ശേഷിച്ചത് പ്രതികാരം ചെയ്യുന്നതിനു വേണ്ടിയായിരുന്നു. പിന്നീട് ടെലീരിയൻ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, "ഞാൻ ജനിച്ചതു തന്നെ പ്രതികാരം ചെയ്യുന്നതിനാണ്' എന്ന്. ആ കുട്ടി ഓടിപ്പോയി ഒരു കുർദ് സ്ത്രീയുടെ വീട്ടിൽ അഭയം പ്രാപിച്ചു.

ആരും അർമേനിയക്കാർക്ക് അഭയം കൊടുക്കരുതെന്ന് അന്ന് ഓട്ടോമാൻ ഭരണകൂടം നിയമമിറക്കിയിരുന്നു. അതിനാൽ ഈ കുർദ് സ്ത്രീയ്ക്ക് ഭയമായി. കുർദുകളും അർമേനിയക്കാരും തമ്മിൽ വസ്ത്രധാരണത്തിൽ വ്യത്യാസമുണ്ട്. ആ സ്ത്രീ അവരുടെ പരമ്പരാഗത വസ്ത്രം കൊടുത്ത് ഷോഗോമാനെ അവിടെ താമസിപ്പിക്കുകയാണ്. പക്ഷേ ഒരാഴ്ചയിൽ കൂടുതൽ താമസിപ്പിക്കാൻ അവർക്കും ഭയമായി. ആരോഗ്യം വീണ്ടെടുത്തശേഷം എൽസങ്കാർ എന്നു പറയുന്ന ഗ്രാമത്തിലേക്ക് ഈ കുട്ടി ഓടിപ്പോകുകയാണ്. റഷ്യൻ അതിർത്തിയിലെ ഒരു ഗ്രാമമാണത്. അവിടെ ഷോഗോമാൻ താമസിച്ചു, വളർന്നു. അപ്പോഴേക്കും രാഷ്ട്രീയ കാലാവസ്ഥകൾ മാറി. 1919ൽ അറേബ്യൻ രാജ്യങ്ങളെല്ലാം ഓട്ടോമാൻ ഗവൺമെന്റിൽ നിന്ന് പിരിഞ്ഞുപോയി. ഓട്ടോമാൻ ഭരണകൂടം ഇല്ലാതായി. റിപ്പബ്ലിക് ഓഫ് തുർക്കി നിലവിൽ വന്നു. പിന്നീട് വർഷങ്ങൾക്കുശേഷമാണ് അർമേനിയ സ്വതന്ത്രമാകുന്നത്.

പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിപ്പോയ അർമേനിയക്കാർ കൈകോർത്തു. അന്ന് ഇന്നത്തെപ്പോലെ വാർത്താമാധ്യമങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഓർക്കണം. അന്ന് അമേരിക്കയിലെ ബോസ്റ്റണിലെ ഒരു ഹോസ്റ്റലിൽ പതിനൊന്ന് അർമേനിയക്കാർ കൂടിച്ചേർന്നു. തങ്ങളുടെ ജനതയ്ക്കുമേൽ ക്രൂരത കാട്ടിയവരോട് പ്രതികാരം ചെയ്യാൻ അവർ തീരുമാനിക്കുകയാണ്. അവർ പതിനൊന്ന് പേരുടെ ലിസ്റ്റുണ്ടാക്കുന്നു. അതിൽ ഒന്നാമത്തെ പേര് തലാത് പാഷയുടേതായിരുന്നു.

രണ്ട് വ്യവസ്ഥകളാണുണ്ടായിരുന്നത്. ഒരേയൊരു ബുള്ളറ്റേ ഉള്ളൂ. സഹായികൾ ആരും ഉണ്ടാവില്ല. ഒറ്റശ്രമം, പിടിക്കപ്പെട്ടാൽ അത് നിങ്ങളുടെ ഉത്തരവാദിത്തം.

പീഡനത്തിന് ഇരയായി മറ്റിടങ്ങളിൽ കുടിയേറിയവരെ ഇവർ അതിനു മുമ്പ് തന്നെ അന്വേഷിച്ചിരുന്നു. പ്രതികാരം ചെയ്യാൻ അവരെ തിരഞ്ഞെടുക്കുന്നതല്ലേ നല്ലത്. നതാലിയെന്നയാളായിരുന്നു ഈ ഓപ്പറേഷന്റെ സംഘാടകൻ. അദ്ദേഹം എങ്ങനെയൊ സെർബിയയിൽ താമസിക്കുന്ന ഷോഗോമാൻ ടെലിരീയനെ കണ്ടെത്തുകയും തിരികെ വന്ന് ലിസ്റ്റ് കാണിച്ച് തലാത് പാഷയെ കൊല്ലാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

തലാത് പാഷ ഇപ്പോൾ ബെർലിനിലാണ്. ബെർലിനിലേക്ക് പോകാനുള്ള യാത്രാ രേഖകൾ ഞങ്ങൾ തരാമെന്നും അവർ പറഞ്ഞു. രണ്ട് വ്യവസ്ഥകളാണുണ്ടായിരുന്നത്. ഒരേയൊരു ബുള്ളറ്റേ ഉള്ളൂ. സഹായികൾ ആരും ഉണ്ടാവില്ല. ഒറ്റശ്രമം, പിടിക്കപ്പെട്ടാൽ അത് നിങ്ങളുടെ ഉത്തരവാദിത്തം.

അങ്ങനെ ഷോഗോമാൻ ടെലീരിയൻ ബെർലിനിലേക്ക് താമസം മാറി. അപ്പോഴേക്കും ഓട്ടോമാൻ ഭരണകൂടം ഇല്ലാതായി. അവരിൽ നിന്നും ഭരണം പോയി. പിന്നീട് തലാത് പാഷയ്ക്ക് ആ രാജ്യത്ത് നിൽക്കാൻ കഴിയാതെ വന്നു. എന്നാൽ ഇന്ന് കംബോഡിയയിൽ സംഭവിച്ചതുപോലൊരു പ്രശ്‌നം അന്ന് തുർക്കിയിൽ സംഭവിച്ചിരുന്നു. ഭരണം പോയെങ്കിലും ഓട്ടോമാൻ ഭരണകൂടത്തിൽ സ്വാധീനമുള്ള, ആ പൊളിറ്റിക്‌സിനെ പിന്തുണയ്ക്കുന്നവർ അന്നും ഭരണത്തിൽ പങ്കാളികളായിരുന്നു. കംബോഡിയൻ വംശഹത്യയിലെ കുറ്റവാളികളാരും ശിക്ഷിക്കപ്പെടാതിരിക്കുന്നതിന് ഒരു കാരണം ഇന്നും ഖമർ റൗശിന് അവരുടെ ഭരണകൂടത്തിൽ സ്വാധീനമുണ്ട് എന്നുള്ളതാണ്. ഇതേ പ്രശ്‌നം തുർക്കിയിലുമുണ്ടായി. അതുകൊണ്ട്, വിചാരണ നടന്നു, കുറ്റവാളികൾ എല്ലാവരും രക്ഷപ്പെട്ടു.

തലാത്ത് പാഷ അതി സമ്പന്നനായി ബെർലിനിൽ താമസിക്കുകയാണ്. അദ്ദേഹം താമസിക്കുന്ന വീടിന്റെ നേരെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒരു മുറി ഷോഗോമാൻ ടെലീരിയൻ വാടകയ്ക്ക് എടുത്തു. അവിടെ താമസിച്ചു. ഏതാണ്ട് നാലുമാസക്കാലം അദ്ദേഹം വരുന്നതും പോകുന്നതും സസൂക്ഷ്മം നിരീക്ഷിച്ചു. കാരണം ഇദ്ദേഹത്തിന് മുമ്പിൽ ഒരു അവസരമേയുള്ളൂ.

തലാത് പാഷയുടെ സഞ്ചാരം ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം മനസിലായി. എല്ലാദിവസവും ഇദ്ദേഹം സഞ്ചരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടുപേർ മുമ്പിൽ പോകും. അവര് പോയി ഉറപ്പാക്കിയശേഷം ഏതാണ്ട് ഒരു ഇരുന്നൂറടി പുറകിലായാണ് തലാത് പാഷ സഞ്ചരിക്കാനിറങ്ങുകയുള്ളൂ. ഇവർ എപ്പോഴും കൂടെയുണ്ടാവും. തൊട്ടുപിന്നിലും രണ്ടുപേരുണ്ടാവും. അത് ആക്രമിക്കാൻ പറ്റിയ സമയമല്ല എന്ന് ടെലീരിയൻ നിശ്ചയിച്ചു. പക്ഷേ, നാലുമാസം കൊണ്ട് ടെലീരിയൻ ഒരു കാര്യം മനസിലാക്കി, വൈകുന്നേരം സഹായികളാരുമില്ലാതെ തലാത്ത് പാഷ നടക്കാനിറങ്ങുമെന്ന്. ഇത് തന്നെ പറ്റിയ സമയം എന്നദ്ദേഹം തീരുമാനിച്ചു.

അയാളുടെ കണ്ണിൽ ഭയം നിഴലിക്കുന്നത് ഞാൻ കണ്ടു. ഒരേയൊരു നിമിഷം, ആ ക്രൂരനായ ഭരണാധികാരുടെ തലച്ചോറ് തകർത്തുകൊണ്ട് ആ ബുള്ളറ്റ് നീങ്ങി. അയാൾ അപ്പോൾ തന്നെ അവിടെ മരിച്ചുവീണു. ടെലീരിയൻ ഓടി രക്ഷപ്പെട്ടില്ല. അവിടെ തന്നെ നിന്നു

ഒരുദിവസം വൈകുന്നേരം അദ്ദേഹം പിസ്റ്റൾ കയ്യിലെടുത്തു. തലാത് പാഷ നടക്കുന്നതിന് സമാന്തരമായിട്ട് ബെർലിൻ തെരുവിലൂടെ ടെലീരിയനും നടന്നു. കുറച്ചു ദൂരം പിന്നിട്ടശേഷം ഇദ്ദേഹം റോഡ് ക്രോസ് ചെയ്ത് അപ്പുറം ചെന്നു. തലാത് പാഷയുടെ നേർക്കുനേരെ ചെന്നിട്ട് ചോദിച്ചു, "തലാത് പാഷ'. ഇതുമാത്രമേ ചോദിച്ചുള്ളൂ. പക്ഷെ തലാത് പാഷ ഞെട്ടിപ്പോയി. കാരണം ഈ പേര് അറിയാവുന്നവർ ആരും അന്ന് ബെർലിനിൽ ഇല്ല. അന്ന് ടെലീരിയന് 25 വയസാണ്.

വംശീയതയും ദേശീയതയും മതവിദ്വേഷവും കൂടിച്ചേർന്നുകൊണ്ട് ഒരു വംശത്തെ ഇല്ലാതാക്കിയ ഭരണാധികാരിയുടെ കണ്ണിൽ ഭയം നിഴലിക്കുന്നു. അതിനെപ്പറ്റി പിന്നീട് ടെലീരിയൻ എഴുതിയിട്ടുണ്ട്; " അയാളുടെ കണ്ണിൽ ഭയം നിഴലിക്കുന്നത് ഞാൻ കണ്ടു. ഒരേയൊരു നിമിഷം, ആ ക്രൂരനായ ഭരണാധികാരുടെ തലച്ചോറ് തകർത്തുകൊണ്ട് ആ ബുള്ളറ്റ് നീങ്ങി. അയാൾ അപ്പോൾ തന്നെ അവിടെ മരിച്ചുവീണു. ടെലീരിയൻ ഓടി രക്ഷപ്പെട്ടില്ല. അവിടെ തന്നെ നിന്നു. പൊലീസ് വന്നു. പിടികൊടുത്തു.

വംശഹത്യയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ക്രിസ്ത്യൻ പുരോഹിതനായിരുന്നു മാർ ഗ്രിഗോറിയസ്. അദ്ദേഹമാണ് കോടതിയിൽ ടെലീരിയനുവേണ്ടി വാദിച്ചത്. അദ്ദേഹം പറഞ്ഞു, ഇദ്ദേഹത്തിന്റെ അമ്മയും സഹോദരങ്ങളും അവിടെ കൊല്ലപ്പെട്ടു, അങ്ങനെ മാനസിക വിഭ്രാന്തിയുണ്ടായി, അതിന്റെ പ്രതികാരം ചെയ്തതാണ്. അതുകൊണ്ട് മാനസിക വിഭ്രാന്തിയുള്ള എന്റെ പ്രതിയെ വെറുതെ വിട്ടയക്കണമെന്ന് വാദിച്ചു. ആ കേസ് വിസ്താരം ഏതാണ്ട് ഒരു ഏഴ് മാസത്തോളം നീണ്ടുനിന്നു. 1922ൽ വിധി പറയുന്ന ദിവസം ഷോഗോമാൻ ടെലീരിയൻ പറഞ്ഞു, "എനിക്കൊരു മാനസിക അസ്വാസ്ഥ്യവുമില്ല. തലാത് പാഷയെ കൊന്നത് ഞാനാണ്. പക്ഷെ ഞാൻ നിരപരാധിയാണ്, കൊലപാതകി അയാളാണ്.' കോടതി പിരിഞ്ഞു. അതുകഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞ് വീണ്ടും കോടതി കൂടിയിട്ട് പറഞ്ഞു ഇദ്ദേഹം കൊലപാതകിയാണ്. കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഇദ്ദേഹം ശിക്ഷാർഹനല്ല. അങ്ങനെ ഇദ്ദേഹം തിരിച്ചുപോകുകയാണ്.

സെർബിയയിൽ താമസിക്കുന്ന സമയത്ത് വീണ്ടും തുർക്കിയുടെ ഏജന്റ്‌സ് ഇദ്ദേഹത്തെ തിരയുകയാണ്. കാരണം തലാത് പാഷയെ കൊന്നവരോട് പ്രതികാരം ചെയ്യാതിരിക്കാൻ തുർക്കിക്ക് കഴിയുമായിരുന്നില്ല. തുർക്കിയുടെ ഏജന്റ്‌സ് അവിടെയും അന്വേഷിച്ചു ചെല്ലുന്നു. അത് അവസാന നിമിഷം ടെലീരിയന് മനസിലാവുകയാണ്. അദ്ദേഹം നേരെ അവിടെ നിന്ന് കാസിം ബ്ലാങ്കെയിലേക്ക് കുടിയേറി.അവിടെയും തുർക്കിയുടെ ഏജന്റ്‌സ് വന്നു. അങ്ങനെ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. അമേരിക്കയിലെ അറാറത്ത് അർമേനിയൻ ചർച്ചിന്റെ സെമിത്തേരിയിൽ അദ്ദേഹത്തിന്റെ ശവക്കല്ലറയിന്നുണ്ട്. അദ്ദേഹത്തെ കണ്ടെത്താൻ തുർക്കിയുടെ ഏജന്റ്‌സിന് കഴിഞ്ഞിട്ടില്ല. അദ്ദേഹം സമാധാന പരമായി കുടുംബജീവിതം നയിച്ചു, സ്വസ്ഥമായി മക്കളെയും വളർത്തി അദ്ദേഹം അമേരിക്കയിൽ ജീവിച്ച് മരിച്ചു.

ഈ കാര്യങ്ങളെല്ലാം ഞങ്ങളോട് പറയുന്ന ആ പെൺകുട്ടിയുടെ മുഖത്തെ വികാരഭാവങ്ങൾ ഞാൻ അത്ഭുതത്തോടു കൂടി കണ്ടിരിക്കുകയായിരുന്നു. എരവൻ പട്ടണത്തിലെ വംശഹത്യ സ്മാരകത്തിന്റെ ഒമ്പതാം നിലയിലായിരുന്നു അത്. അതിനു താഴെയുള്ള നിലയിലേക്ക് പോയാൽ ഒരു മനുഷ്യനും സഹിക്കാൻ പറ്റുന്ന കാര്യമല്ല. ഒരു മനുഷ്യനു മേൽ മറ്റൊരു മനുഷ്യന് എങ്ങനെ ഇങ്ങനെ അക്രമം ചെയ്യാൻ പറ്റും! കൊന്നൊടുക്കുന്ന ആളുകൾക്കൊരു എണ്ണമുണ്ടാകുമല്ലോ, ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ, തിരിച്ചെത്തുമ്പോൾ ഇവൻ എന്തായിരിക്കും വിചാരിക്കുക!

വംശീയതയെക്കുറിച്ച് സംസാരിക്കുന്ന ഭരണകൂടങ്ങൾ മനസിലാക്കേണ്ടതുണ്ട്: വ്യത്യസ്തമായ ആഹാരരീതിയുള്ളതുകൊണ്ട്, വ്യത്യസ്തമായൊരു ദൈവത്തെ ആരാധിച്ചതുകൊണ്ട്, വ്യത്യസ്തമായ ആചാരങ്ങൾ പുലർത്തുന്നതുകൊണ്ട് ഒരു മനുഷ്യൻ തന്റെ ശത്രുവാണെന്ന് പ്രഖ്യാപിക്കുന്ന നിലയിലേക്ക് എങ്ങനെ മനുഷ്യന് മാറാൻ പറ്റുന്നു! അത്തരം നിലയിലേക്ക് ഏത് ഭരണകൂടം മാറിയാലും, ഇന്ന് മാറുമ്പോഴും ചരിത്രത്തെ നമ്മൾ വിസ്മരിക്കപ്പെടുന്നിടത്തിലേക്ക്, അത് ആവർത്തിക്കപ്പെടാൻ നമ്മൾ കാരണക്കാരാവുന്നു എന്നുള്ളതാണ് നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം. അർമേനിയ വംശഹത്യയെ അതിജീവിച്ചു.

ഇന്ന് ലോകത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിൽ വൈദ്യുതി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് അർമേനിയ. വളരെ നിസാരമായ പൈസയ്ക്ക് അവിടെ ജീവിക്കാൻ പറ്റും. അവിടുത്തെ യാത്രാ അനുഭവങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തതാണ്.

Comments