ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയിലെ സമദൂരം
ശ്രീലങ്കയെ രക്ഷിക്കുമോ?

ശക്തരായ രണ്ട് അയൽക്കാരായ ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയിലെ സമദൂരത്തിൽ നിന്നുകൊണ്ട് ശ്രീലങ്ക നടത്തുന്ന തന്ത്രപരമായ നീക്കങ്ങളാവും ഭാവിയിലെ അവരുടെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളെ അടയാളപ്പെടുത്തുന്നത്- കെ.വി. മനോജിന്റെ ശ്രീലങ്കൻ യാത്ര അവസാനിക്കുന്നു.


ഭാഗം അഞ്ച്

കാൻഡി റെയിൽവേ സ്റ്റേഷൻ താരതമ്യേന ചെറുതാണ്. അധികം ട്രെയിനുകളില്ല. ആകെ രണ്ടു പ്ലാറ്റ്ഫോമുകൾ മാത്രം. ശ്രീലങ്കയിൽ ട്രെയിൻ ഗതാഗതം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. പല നഗരങ്ങളിലേക്കും ട്രെയിനില്ല. ഉണ്ടെങ്കിൽത്തന്നെ രാവിലെ ഒരെണ്ണം പോയാൽ അടുത്തത് വൈകീട്ടോ മറ്റോ ആയിരിക്കും. ഈ കുറവ് നികത്തുന്നത് തലങ്ങും വിലങ്ങുമോടുന്ന സർക്കാർ, പ്രൈവറ്റ് ബസുകളാണ്.

കാൻഡിയിൽ നിന്ന് തേയിലത്തോട്ടങ്ങൾക്കും, മലനിരകൾക്കുമിടയിലൂടെ എല്ല റെയിൽവേ സ്റ്റേഷനിലേക്കു പോകുന്ന ശ്രീലങ്കൻ ഒഡീസി എന്ന ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിറയെ വിദേശികളുമായി കിടപ്പുണ്ട്. ശ്രീലങ്കയിലെ ഏറ്റവും ആകർഷമായ റൂട്ടായി ടൂറിസ്റ്റ് ബ്രോഷറുകളിലും, പരസ്യങ്ങളിലും ലങ്കൻ ടൂറിസം മന്ത്രാലയം അവതരിപ്പിക്കുന്നത് കാൻഡി - എല്ല ട്രെയിൻ റൂട്ടിനെയാണ്. 19-ാം നൂറ്റാണ്ടിൽ മലകൾ മുറിച്ചും, പർവതങ്ങൾ തുരന്നും, ആർച്ച് പാലങ്ങൾ നിർമ്മിച്ചുമൊക്കെ ബ്രിട്ടീഷുകാർ നിർമ്മിച്ച റൂട്ടാണിത്. നമ്മുടെ മേട്ടുപ്പാളയം- ഊട്ടി പൈതൃക റെയിൽ പോലെ. പക്ഷേ ചാർജ് കുറച്ചധികമാണ്. സെക്കൻ്റ് ക്ലാസ് ടിക്കറ്റിന് 8000 ശ്രീലങ്കൻ രൂപ.

ശ്രീലങ്കയിൽ പൊതുവേ വിദേശികൾക്കുള്ള എൻട്രി ടിക്കറ്റുകൾക്ക് കൂടിയ നിരക്കാണ്. സിഗിരിയ, ധാംബുള്ള, ടെമ്പിൾ ഓഫ് ടൂത്ത് റെലിക് എന്നിവിടങ്ങളിലെല്ലാം മോശമല്ലാത്ത ചാർജ് ഈടാക്കുന്നുണ്ട്. സാർക്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അല്പം കുറയും.

കാൻഡിയിൽ നിന്ന് പുറപ്പെടുന്ന കൊളംബോ ട്രെയിനിൽ സെക്കൻ്റ് ക്ലാസ് ടിക്കറ്റെടുത്തു കയറിയിരിപ്പായി. വെക്കേഷന് മക്കളേയും കൂട്ടി കൊളംബോയിൽ അമ്മയുടെ വീട്ടിലേക്കു പോകുന്ന കുടുംബത്തെ പരിചയപ്പെട്ടു. അച്ഛനും അമ്മയും മൂന്നു കുട്ടികളും. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വർത്തമാനം ശ്രീലങ്കയുടെ രാഷ്ട്രീയത്തിലേക്കും, സാമ്പത്തികാവസ്ഥയിലേക്കും കടന്നുചെന്നു.

ശ്രീലങ്കയിലെ ഒരു സാധാരണ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറമാണ് ജീവിതച്ചെലവുകളെന്ന് അവർ പറയുന്നു. ഒരു തൊഴിലാളിക്ക് ലഭിക്കുന്ന 2500- 3000 രൂപ കൊണ്ട് ജീവിതച്ചെലവ് മുന്നോട്ടു പോവില്ല. 60,000- 70,000 രൂപ മാസവരുമാനമുള്ളവർക്കും മുന്നോട്ടുപോക്ക് സുഗമമല്ല. വെള്ളത്തിനും വൈദ്യുതിക്കും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ടോ മൂന്നോ തവണ ചാർജ് വർധിപ്പിച്ചു. അരി, പലവ്യജ്ഞനങ്ങൾ, പച്ചക്കറി എന്നിവയ്ക്ക് തീപിടിച്ച വിലയാണ്. കിട്ടുന്ന പൈസയുടെ 70- 75 ശതമാനത്തോളം ജീവിതച്ചെലവിനാവും. മിച്ചം പിടിക്കലോ മറ്റ് എൻ്റർടെയിൻമെൻ്റുകളോ ഒന്നുമില്ല. ചില വീടുകളിൽ പലപ്പോഴും രാത്രിഭക്ഷണം ഒഴിവാക്കും, അല്ലെങ്കിൽ ഒന്നോ രണ്ടോ ബ്രഡ് കഴിക്കും, വെള്ളവും കുടിക്കും. പുതിയ ഗവൺമെൻ്റ് വന്നിട്ടും വലിയ മാറ്റമില്ല, എങ്കിലും എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കയിലെ സാധാരണക്കാരും മധ്യവർഗ്ഗക്കാരും വല്ലാതെ ഞെരുങ്ങുകയാണ്. സഹികെട്ടപ്പോഴാണ് മഹീന്ദമാർക്കെതിരെ ജനം തെരുവിലിറങ്ങിയത്- സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തരുന്ന പൊതുമറുപടിയുടെ സ്വഭാവം ഇങ്ങനെയാണ്. ശ്രീലങ്കയെ തകർത്തത് അഴിമതിക്കാരായ രാഷ്ട്രീയക്കാരാണെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ജാഫ്നയിലും അനുരാധപുരയിലും കാൻഡിയിലും കൊളംബോയിലുമെല്ലാം ഇതേ അഭിപ്രായമാണ് പലർക്കും.

ട്രെയിൻ കുലുങ്ങിക്കുലുങ്ങി കൊളംബോയിലെ ഫോർട്ട് സ്റ്റേഷനിലെത്തി. കൊളംബോ പുതുവർഷത്തെ വരവേൽക്കുന്നതിൻ്റെ മൂഡിലാണ്.

കാൻഡി റെയിൽവേ സ്റ്റേഷൻ
കാൻഡി റെയിൽവേ സ്റ്റേഷൻ

കുടുംബാധിപത്യ രാഷ്ട്രീയം

കൊളംബോയിലെ ഇൻഡിപെൻ്റൻസ് സ്ക്വയറിൽ ശ്രീലങ്കയുടെ രാഷ്ട്രപിതാവും ആദ്യ പ്രധാനമന്ത്രിയുമായ ഡി.എസ്. സേനാനായകെയെന്ന ഡോൺ സ്റ്റീഫൻ സേനാനായകെയുടെ പ്രതിമ കാണാം. സ്വാതന്ത്ര്യപ്രാപ്തിയ്ക്കു ശേഷം ശ്രീലങ്കൻ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ തുടക്കം സേനാനായകെയിൽ നിന്നാണ്. പിന്നീട് ബന്ദാരനായകെ, രജപക്സെ എന്നിങ്ങനെ മറ്റു രണ്ടു പ്രബലമായ കുടുംബങ്ങൾ അധികാരം പങ്കിട്ടെടുക്കുകയായിരുന്നു.

1946-ൽ സ്റ്റീഫൻ സേനാനായകെ UNP സ്ഥാപിക്കുകയും 1947-ൽ ആദ്യ പ്രധാനമന്ത്രിയാവുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ഡഡ്ലി ഷെൽട്ടൺ സേനാനായകെയും അതിനെത്തുടർന്ന് അനന്തരവൻ ജോൺ കോട്ടലവേലയും അധികാരത്തിലെത്തി. 1977 മുതൽ 1989 വരെ ഭരണത്തിലിരുന്ന ജെ.ആർ. ജയവർധനെയും, അനന്തരവൻ റനിൽ വിക്രമസിംഗയും സേനാനായകെയുടെ ബന്ധുക്കളായിരുന്നു. 1956- ൽ കൊട്ടലവേലയെ തോൽപ്പിച്ച് എസ്. ഡബ്ല്യു. ആർ. ഡി. ബന്ദാരനായകെ ശ്രീലങ്കയുടെ നാലാമത്തെ പ്രധാനമന്ത്രിയും, ബന്ദാരനായകെ കുടുംബാധിപത്യ രാഷ്ട്രീയത്തിൻ്റെ തുടക്കക്കാരനുമായി. തുടർന്ന് ഭാര്യ സിരിമാവോയും മകൾ ചന്ദ്രിക കുമാരതുംഗയും ദീർഘകാലം ഭരിച്ചു. സിരിമാവോ, ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചരിത്രത്തിലിടം നേടി.

1989 മുതൽ 1993 വരെ പ്രസിഡൻ്റായിരുന്ന രണസിംഗെ പ്രേമദാസയ്ക്ക് മൂന്ന് കുടുംബങ്ങളുമായും ബന്ധമില്ലായിരുന്നു. ഉന്നതകുലജാതനല്ലാത്ത ആദ്യ പ്രസിഡൻ്റായിരുന്നു അദ്ദേഹം. പക്ഷേ പ്രേമദാസയുടെ മകൻ സജിത് പ്രേമദാസ ഇപ്പോൾ യു.എൻ.പിയുടെ പ്രതിപക്ഷ നേതാവാണ്. അങ്ങനെ പ്രേമദാസയും കുടുംബാധിപത്യ രാഷ്ട്രീയത്തിൻ്റെ ഭാഗമായി.

കൊളംബോയിലെ ഇൻഡിപെൻ്റൻസ് സ്ക്വയറിൽ ശ്രീലങ്കയുടെ രാഷ്ട്രപിതാവും ആദ്യ പ്രധാനമന്ത്രിയുമായ ഡി.എസ്. സേനാനായകെയെന്ന ഡോൺ സ്റ്റീഫൻ സേനാനായകെയുടെ പ്രതിമ കാണാം.
കൊളംബോയിലെ ഇൻഡിപെൻ്റൻസ് സ്ക്വയറിൽ ശ്രീലങ്കയുടെ രാഷ്ട്രപിതാവും ആദ്യ പ്രധാനമന്ത്രിയുമായ ഡി.എസ്. സേനാനായകെയെന്ന ഡോൺ സ്റ്റീഫൻ സേനാനായകെയുടെ പ്രതിമ കാണാം.

മഹീന്ദ കുടുംബത്തിൻ്റെ
സമഗ്രാധിപത്യം

ശ്രീലങ്കയിലെവിടെയും, അത് കാൻഡിയിലെ ടെമ്പിൾ ഓഫ് ടൂത്ത് റെലികിലെ മ്യൂസിയത്തിലായാലും, കൊളംബോയിലെ തെരുവുകളിലായാലും, ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയക്കാരൻ മഹിന്ദ രജപക്സെയാണ്. പത്തിരുപത് വർഷങ്ങൾ കൊണ്ട് മഹിന്ദ രജപക്സെ, ശ്രീലങ്കയുടെ മഹിന്ദ ചക്രവർത്തിയായി മാറി.

ശ്രീലങ്കൻ രാഷ്ട്രീയത്തിലെ കുടുബാധിപത്യ രാഷ്ട്രീയം രജപക്സെമാരിലെത്തുമ്പോൾ സമഗ്രാധിപത്യമായി മാറുന്നു. ഹംബൻടോട്ടയിലെ പ്രമാണിമാരായിരുന്നു രജപക്സെമാർ. മഹീന്ദയാണ് ആദ്യമായി ദേശീയ രാഷ്ട്രീയത്തിലേക്കുവന്നത്. ശ്രീലങ്കൻ രാഷ്ട്രീയത്തിൽ രണ്ടു പതിറ്റാണ്ടോളം രജപക്സെമാർ ആധിപത്യം പുലർത്തി. സിംഹള ബുദ്ധിസ്റ്റ് രാഷ്ട്രീയത്തിൻ്റെ പര്യായമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് അവർക്കു കഴിഞ്ഞു.

മഹിന്ദയും ഗോതബയയും മാറിമാറി പ്രധാനമന്ത്രിയും, പ്രസിഡൻ്റുമായി. സഹോദരനായ ബേസിൽ ധനമന്ത്രിയായി. ചമൽ ജലസേചന മന്ത്രിയും, മഹിന്ദയുടെ മകൻ നമൽ കായിക - യുവജന മന്ത്രിയുമായി. ഉയർന്ന ഉദ്യോഗസ്ഥതലത്തിലും ഇതേ കുടുംബം ആധിപത്യം പുലർത്തി. ഒരു ഘട്ടത്തിൽ ദേശീയ ബജറ്റിൻ്റെ എഴുപതു ശതമാനവും രജപക്സെ കുടുംബത്തിൻ്റെ കയ്യിലായിരുന്നു. ‘രജപക്സെയാണ് രാഷ്ട്രം’ എന്നു വിളിക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും അടിച്ചമർത്തലുകളും, സ്വതവേ ദുർബലമായ ശ്രീലങ്കയുടെ രാഷ്ട്രീയ -സാമ്പത്തിക സാഹചര്യങ്ങളെ കൂടുതൽ വഷളാക്കി. സിംഹള ബുദ്ധിസ്റ്റ് ദേശീയവികാരം ജ്വലിപ്പിച്ച് രജപക്സെമാർ എല്ലാ കൊള്ളരുതായ്മകളേയും ന്യായീകരിച്ചു. തമിഴ് പുലികൾക്കെതിരായ പോരാട്ടം ജയിച്ചുവന്ന യുദ്ധവീരൻമാരെന്ന നിലയിൽ ജനം എല്ലാ സഹിച്ചുകൊള്ളുമെന്ന രജപക്സെമാരുടെ അമിത ആത്മവിശ്വാസമാണ് ‘അരഗല’യിലൂടെ കടപുഴകിയത്.

ശ്രീലങ്കയിൽ, അധികാരത്തിന് കുടുംബാധിപത്യം പോലെ പ്രധാനമാണ് സിംഹള ബുദ്ധമതക്കാരനായിരിക്കുക എന്നതും. രാഷ്ട്രീയത്തിൽ രക്ഷപ്പെടണമെങ്കിൽ മതപരിവർത്തനത്തിലൂടെയായാലും ബുദ്ധമതക്കാരനാവേണ്ടതുണ്ട്. ശ്രീലങ്കൻ ക്രിസ്ത്യാനിയായ ജെ.ആർ. ജയവർധനയും, തമിഴ് ക്രിസ്ത്യാനിയായ മുൻ വിദേശകാര്യമന്ത്രി ലക്ഷ്മണർ കാതിർഗാമറും അങ്ങനെ സിംഹള ബുദ്ധിസ്റ്റ് സ്വത്വം സ്വീകരിച്ചവരാണ്. ഇതിൽ കാദിർഗാമറെ 2005- ൽ എൽ.ടി.ടിഎ കൊലപ്പെടുത്തിയതിൻ്റെ കാരണങ്ങളിലൊന്ന് ബുദ്ധമതത്തോടുള്ള അദ്ദേഹത്തിൻ്റെ ആഭിമുഖ്യമായിരുന്നു.

 മുൻ വിദേശകാര്യമന്ത്രി  ലക്ഷ്മണർ കാതിർഗാമർ
മുൻ വിദേശകാര്യമന്ത്രി ലക്ഷ്മണർ കാതിർഗാമർ

രാജ്യം തകർന്നതെങ്ങനെ?

ശ്രീലങ്കയെ സാമ്പത്തികത്തകർച്ചയിലേക്കു നയിച്ചതിൽ, അവിടുത്തെ ഡൈനാസ്റ്റി പൊളിറ്റിക്സിനു വലിയ റോളുണ്ട്. കൊളോണിയലിസ്റ്റ് ചൂഷണ കാലഘട്ടത്തിനുശേഷം അധികാരത്തിൽ വന്ന ഡി.എസ്. സേനാനായകയുടെ UNP ഗവൺമെൻ്റിന് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. ശ്രീലങ്കയുടെ വളർച്ചയ്ക്കാവശ്യമായ നയസമീപനങ്ങളോ പുതിയ പദ്ധതികളോ അവതരിപ്പിക്കുന്നതിൽ ഗവൺമെൻ്റ് പരാജയപ്പെട്ടു. ഈ അസംതൃപ്തി മുതലെടുത്ത് യു.എൻ.പി പിളരുകയും, സോളമൻ ബന്ദാരനായകെയുടെ നേതൃത്വത്തിൽ ശ്രീലങ്ക ഫ്രീഡം പാർട്ടി രൂപീകരിക്കുകയും ചെയ്തു. ബന്ദാരനായകെ വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ ചില പുതിയ പദ്ധതികൾക്കു തുടക്കമിട്ടു. ബന്ദാരനായകെയുടെ മരണശേഷം അധികാരത്തിൽ വന്ന സിരിമാവോ, ദേശീയ ബജറ്റിൻ്റെ 25% ത്തോളം സാമൂഹിക ക്ഷേമ പദ്ധതികൾക്കായി മാറ്റിവെച്ചിരുന്നു. ബാങ്കിംഗ്, വ്യവസായം എന്നീ മേഖലകൾ ദേശസാൽക്കരിക്കുകയും ചെയ്തു. സാമൂഹിക വികസന സൂചികകളായ വിദ്യാഭ്യാസം, ആരോഗ്യം, ആയുർദൈർഘ്യം എന്നിവയിലെല്ലാം യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരത്തിലെത്താൻ, സംഘർഷങ്ങൾക്കിടയിലും ശ്രീലങ്കയ്ക്കു കഴിഞ്ഞു.

സിരിമാവോയ്ക്കു ശേഷം അധികാരത്തിലെത്തിയ ജയവർധനെ രാജ്യാന്തര ധനകാര്യ ഏജൻസികളുടെ ഉപദേശങ്ങൾക്കു വിധേയമായി സ്വതന്ത്ര കമ്പോളവ്യവസ്ഥ നടപ്പിലാക്കി. മാർക്കറ്റ് വിദേശ കോർപ്പറേറ്റുകൾക്ക് തുറന്നു കൊടുത്തു. ഉദാരവൽക്കരണം നടപ്പിലാക്കി. തൊഴിൽ അവകാശങ്ങൾ ഇല്ലാതാക്കി. സാമൂഹിക സുരക്ഷാ പദ്ധതികൾ അവസാനിപ്പിച്ചു. ദേശീയ ബജറ്റിൻ്റെ വലിയ ഭാഗം സൈനികാവശ്യങ്ങൾക്കായി നീക്കി വെച്ചു. എല്ലാ അധികാരങ്ങളും പ്രസിഡൻ്റിൽ കേന്ദ്രീകരിക്കുന്ന രീതിയിൽ ഭരണഘടന മാറ്റിയെഴുതി. ജുഡീഷ്യറിയും ഉദ്യോഗസ്ഥവൃന്ദവും സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരായി. അഴിമതിയും സ്വജനപക്ഷപാതവും കോടതിയിൽപ്പോലും ചോദ്യം ചെയ്യാനാവാത്ത സാഹചര്യമുണ്ടായി. നിയോലിബറൽ നയങ്ങൾ സമൂഹത്തിലുണ്ടാക്കിയ വ്യാപകമായ അസംതൃപ്തിയും, പ്രത്യാഘാതങ്ങളും മറികടക്കാൻ ശ്രീലങ്കയിലെ ഭരണാധികാരികൾ ഉപയോഗിച്ചത് പഴയകാലം മുതൽ നിലനിന്ന വംശീയ സംഘർഷത്തെയാണ്. ജയവർധനയുടെ ‘സിംഹളർ മാത്രം’ നിയമവും, 1979- ലെ തീവ്രവാദം തടയൽ നിയമവുമെല്ലാം (Prevention of Terrorism Act) സിംഹളരും, തമിഴരും തമ്മിലുള്ള സംഘർഷം വർധിപ്പിക്കാനുള്ള കരുതിക്കൂട്ടിയുള്ള ഭരണകൂട നീക്കങ്ങളായിരുന്നു.

തുടർന്നു വന്ന ഗവൺമെൻ്റുകളും ഇതേ നിയോ - ലിബറൽ സമീപനങ്ങളാണ് പിന്തുടർന്നത്. രാജ്യത്തെ പ്രതിസന്ധിയിലേക്കു നയിച്ചതിൻ്റെ പെട്ടെന്നുള്ള കാരണം രജപക്സെമാരുടെ അഴിമതിയും ഏകപക്ഷീയ സമീപനങ്ങളും നടപടികളുമായിരുന്നു. ഇതിനൊപ്പം ഈസ്റ്റർ ആക്രമണങ്ങളേയും കോവിഡ് പ്രതിസന്ധിയേയും തുടർന്നുണ്ടായ ടൂറിസം മേഖലയിലെ ഇടിവ്, ഹംബൻതോട്ട തുറമുഖം ഉൾപ്പെടെയുള്ള വൻ പദ്ധതികൾക്കായി എടുത്ത ചൈനീസ് വായ്പകളുടെ ഉയർന്ന പലിശനിരക്ക്, പെട്ടെന്നുള്ള രാസവള ഇറക്കുമതി നിരോധനം, ജൈവകൃഷിയിലേക്കുള്ള മാറ്റം, കയറ്റുമതിയിലുണ്ടായ കുറവും ഇറക്കുമതിയിലെ വർധനയും, ധൂർത്ത്, സാമ്പത്തികത്തട്ടിപ്പുകൾ എന്നിങ്ങനെ ശ്രീലങ്ക കുറച്ചു മാസങ്ങൾക്കുള്ളിൽ സാമ്പത്തികമായി തകർന്നടിഞ്ഞു

വിദേശനാണയ വിനിമയ പ്രതിസന്ധിയ്ക്കൊപ്പം കൃഷിയും, വ്യവസായവും, ബാങ്കിംഗ് മേഖലയുമെല്ലാം തകർന്നതാണ് ശ്രീലങ്കയുടെ പ്രതിസന്ധി രൂക്ഷമാക്കിയത്.

 ഡി.എസ്. സേനാനായക
ഡി.എസ്. സേനാനായക

ഗാലെ ഫേസ് ഗ്രീനും ‘അരഗല’യും

ശ്രീലങ്കയുടെ സാമ്പത്തിക, ബിസിനസ് തലസ്ഥാനമായ കൊളംബോയുടെ ഹൃദയഭാഗത്ത്, ഏതാണ്ട് പന്ത്രണ്ട് ഏക്കർ വിസ്തൃതിയുള്ള സമുദ്രതീര നഗരപാർക്കാണ് ഗാലെ ഫേസ് ഗ്രീൻ. തുടക്കത്തിൽ കുതിരപ്പന്തയത്തിനും ഗോൾഫ് കോഴ്‌സായും ക്രിക്കറ്റ്, പോളോ, ഫുട്ബോൾ, ടെന്നീസ്, റഗ്ബി എന്നിവയ്ക്കും ഈ സ്ഥലം ഉപയോഗിച്ചിരുന്നു. കൊളംബോയിലെ ജനാവലി സായാഹ്നങ്ങൾ ചെലവഴിക്കാൻ എത്തിച്ചേരുന്നത് ഇന്ത്യൻ മഹാസമുദ്രത്തിനഭിമുഖമായുള്ള വിശാലമായ ഈ പാർക്കിലാണ്.

2022 മാർച്ച് 15 മുതൽ 2022 നവംബർ 14 വരെ പാട്ടുപാടിയും കവിത വായിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചും ശ്രീലങ്കയിലെ വ്യത്യസ്ത ജനവിഭാഗങ്ങൾ ‘അരഗലയ’ എന്ന പ്രതിഷേധ സമരം നടത്തിയതിവിടെയാണ്. ജനസഞ്ചയ രാഷ്ട്രീയത്തിൻ്റെ പുതിയതും വ്യത്യസ്തവുമായ മുഖമാണ് അവർ ഗാലേ ഫേസ് ഗ്രീനിൽ അവതരിപ്പിച്ചത്. അവരിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും ഡോക്ടർമാരും അഭിഭാഷകരും മാധ്യമപ്രവർത്തകരുമുണ്ടായിരുന്നു. തമിഴരും സിംഹളയും ക്രിസ്ത്യാനിയും മൂറുകളും മുസ്ലീംങ്ങളുമുണ്ടായിരുന്നു. ജനവിരുദ്ധമായ ഭരണകൂടത്തിനെതിരായ പ്രതിരോധത്തിലാണ് അവരൊന്നിച്ചത്.

മാർച്ച് ആദ്യം ചെറിയ മെഴുകുതിരി വെളിച്ചത്തോടെ തുടങ്ങിയ പ്രതിഷേധം പിന്നീട് ആളിപ്പടർന്നു. ഗോ ഹോം ഗോട്ട പോലുള്ള ഹാഷ് ടാഗുകൾ ലോകമെങ്ങും ട്രെൻഡിംഗായി. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളേയും രാഷ്ട്രീയക്കാരേയും അവർ മാറ്റിനിറുത്തി. സോഷ്യൽ മീഡിയ ജനങ്ങളെ ഒരുമിപ്പിച്ചു. അധികാരത്തിൽ അവസാന നിമിഷം വരെ കടിച്ചു തൂങ്ങാൻ ശ്രമിച്ച രജപക്സെമാർ സ്ഥിരം ശൈലിയിൽ പ്രതിഷേധത്തെ നേരിട്ടു. സൈന്യത്തിനൊപ്പം സ്വകാര്യ ഗുണ്ടകളും സമരത്തെ അടിച്ചമർത്താനിറങ്ങി. എന്നാൽ സമരത്തിൻ്റെ ആഴവും വ്യാപ്തിയും അവർ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. ജനം കൊട്ടാരങ്ങളും ആഡംബര വസതികളും കയ്യേറി. മന്ത്രിമാരുടേയും എം.പി മാരുടേയും വീടുകളാക്രമിച്ചു. രജപക്സെമാർ മഹിന്ദയിൽ തുടങ്ങി ഒന്നൊന്നായി രാജിവെച്ചു. മഹിന്ദ ഒഴികെയുള്ള രജപക്സെമാർക്ക് രാജ്യം വിട്ടോടേണ്ടിവന്നു. വംശീയവേലികെട്ടി വിഭജിച്ചു നിർത്തിയിരുന്ന ശ്രീലങ്കയിലെ സിവിൽ സമൂഹം എല്ലാ വേലിക്കെട്ടുകളും തകർത്തെറിയുകയും രാജ്യത്തിൻ്റെ മെച്ചപ്പെട്ട ഭാവിക്കുവേണ്ടി ഒന്നിക്കുകയും ചെയ്ത അപൂർവ്വ സംഭവമാണ് ‘അരഗലയ’ എന്ന പ്രതിഷേധ സംഗമം.

2022 മാർച്ച് 15 മുതൽ 2022 നവംബർ 14 വരെ പാട്ടുപാടിയും കവിത വായിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചും ശ്രീലങ്കയിലെ വ്യത്യസ്ത ജനവിഭാഗങ്ങൾ ‘അരഗലയ’ എന്ന പ്രതിഷേധ സമരം നടത്തിയതിവിടെയാണ്.
2022 മാർച്ച് 15 മുതൽ 2022 നവംബർ 14 വരെ പാട്ടുപാടിയും കവിത വായിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചും ശ്രീലങ്കയിലെ വ്യത്യസ്ത ജനവിഭാഗങ്ങൾ ‘അരഗലയ’ എന്ന പ്രതിഷേധ സമരം നടത്തിയതിവിടെയാണ്.

ചൈനയുടെ
കടക്കെണി നയതന്ത്രം

കൊളംബോ നഗരത്തിലൂടെ യാത്ര ചെയ്താൽ പലയിടങ്ങളിലും വൻ നിർമ്മിതികൾ നടക്കുന്നതു കാണാം. വലിയ കോംപ്ലക്സുകളും സ്റ്റേഡിയങ്ങളുമെല്ലാം അതിലുണ്ട്. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ നിലച്ചുപോയ ചില പദ്ധതികൾ പുനരാരംഭിച്ചിട്ടുമുണ്ട്. ഗാലേഫേസ് ഗ്രീനിൽ നിന്ന് ഫ്രീഡം സ്ക്വയറിലേക്ക് വിളിച്ച ടുക്ടുക് ഡ്രൈവർ പറഞ്ഞത്, ഇവയിൽ മിക്കതും ചൈനയുടെ നിർമ്മിതികളാണെന്നാണ്. ചൈന ശ്രീലങ്കയിൽ ഇടപെടുന്നത് നല്ലതിനല്ലെന്നും അയാൾ പറഞ്ഞു.

ശ്രീലങ്കയെ സാമ്പത്തികത്തകർച്ചയിലേക്കു നയിച്ചതിൽ ചൈനയുടെ കടക്കെണി നയതന്ത്രത്തിനു പങ്കുണ്ടെന്ന് ശ്രീലങ്കൻ സാമ്പത്തിക വിദഗ്ധർ പറയുന്നു. ഏറെ സുരക്ഷാപ്രാധാന്യമുള്ള ഇന്ത്യൻ മഹാസമുദ്രമേഖലയിലെ തന്ത്രപ്രധാനമായ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന രാജ്യമെന്ന നിലയിൽ ശ്രീലങ്കയിൽ ചൈനയ്ക്കും ഇന്ത്യയ്ക്കും സവിശേഷതാൽപ്പര്യമുണ്ട്. ഈ താൽപ്പര്യ സംഘട്ടനങ്ങളാണ് രണ്ടു രാജ്യങ്ങളുടേയും ശ്രീലങ്കൻ നയത്തിൽ പ്രതിഫലിക്കുന്നത്. ഏറെ മുന്നേ തന്നെ ചൈന ശ്രീലങ്കയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നുവെങ്കിലും, മഹിന്ദ രജപക്സെയുടെ കാലഘട്ടത്തിൽ അത് വർധിച്ചു. നിരവധി വൻ പദ്ധതികൾക്കാണ് നിർലോപം ചൈന വായ്പകൾ നൽകിയത്. പാശ്ചാത്യ ഏജൻസികളിൽ നിന്നു വ്യത്യസ്തമായി ഉയർന്ന പലിശനിരക്കും, ദീർഘകാല തിരിച്ചടവുമുള്ളവയാണ് ചൈനീസ് വായ്പകൾ.

രജപക്സെയുടെ സ്വന്തം നാടായ ഹംബൻതോട്ടയിലെ തുറമുഖം, മട്ടല വിമാനത്താവളം, സൂര്യവേവ സ്പോർട്ട്സ് സ്റ്റേഡിയം, നരോചോലൈ കൽക്കരി പ്ലാൻ്റ്, കൊളംബോ ലോട്ടസ് ടവർ, ഇൻ്റർനാഷണൽ ഫിനാൻസ് സിറ്റി, എക്സ്പ്രസ് വേകളും റെയിൽ ലൈനുകളും എന്നിങ്ങനെ ചൈനീസ് ധനസഹായമുള്ള വൻ പദ്ധതികളാണ് ശ്രീലങ്കയിൽ തുടങ്ങിയത്. ഇവയിൽ പലതും ഉല്പാദനക്ഷമമല്ലാത്ത പദ്ധതികളാണ് എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിച്ചതുമാണ്.

വൻ പദ്ധതികളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട യന്ത്രങ്ങൾ, എൻജിനീയർമാർ, വിദഗ്ധ തൊഴിലാളികൾ എന്നിവരെല്ലാം ചൈനയിൽ നിന്നുള്ളവരാണ്. അങ്ങനെ വായ്പകൾ ചൈനക്കാർക്ക് തൊഴിൽ നൽകാനുള്ള ഉപാധിയായും വാടകയായും ഏറിയ കൂറും ചൈനയിലേക്കു തന്നെ തിരിച്ചു പോവുന്നു. എന്നാൽ വായ്പ വാങ്ങുന്ന രാജ്യം, പലിശയുൾപ്പെടെ തിരിച്ചടയ്ക്കാൻ നിർബന്ധിതരാവുന്നു. എന്തെങ്കിലും കാരണങ്ങളാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ പദ്ധതികൾ ചൈന ഏറ്റെടുക്കുകയും ചെയ്യും. ഇതിനെ കടക്കെണി നയതന്ത്രമായാണ് സാമ്പത്തിക വിദഗ്ധർ വിശേഷിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ, വായ്പ പുനഃക്രമീകരിക്കണമെന്ന ശ്രീലങ്കയുടെ ആവശ്യത്തിന് ചൈന അനുകൂലമായല്ല പ്രതികരിച്ചത്.

2007 മുതൽ 2014 വരെ ഹംബൻതോട്ട തുറമുഖത്തിന് ചൈന 1.26 ബില്യൺ ഡോളർ വായ്പ നൽകി. തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ചൈന മർച്ചൻ്റ്സ് പോർട്ട് ഹോൾഡിംഗ്സ് 99 വർഷത്തെ പാട്ടത്തിന് തുറമുഖത്തിൻ്റെ നടത്തിപ്പ് ഏറ്റെടുത്തു. കൊളംബോ തുറമുഖനഗരവും ഇതേ മാതൃകയിൽ ചൈന ഏറ്റെടുക്കുകയുണ്ടായി. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഉത്തരവാദി പൂർണ്ണമായും ചൈനയല്ലെങ്കിലും ചൈനീസ് വായ്പകളും, ഉയർന്ന പലിശ നിരക്കും പല കാരണങ്ങളിൽ ഒന്നായിട്ടുണ്ടെന്ന് ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്.

ഏഷ്യയിൽ മാത്രമല്ല ആഫ്രിക്കയിലും ഇതേ കളി ചൈന കളിക്കുന്നുണ്ട്. സാംബിയയിലെ രാജ്യാന്തര വിമാനത്താവളം, കെനിയയിലെ മൊംബാസ തുറമുഖം എന്നിവയെല്ലാം ഈ രീതിയിൽ വായ്പ തിരിച്ചടവു മുടങ്ങി ചൈന ഏറ്റെടുത്ത പദ്ധതികളാണ്. ഇത്തരം ഏറ്റെടുക്കലുകളിലൂടെ രാജ്യത്തിൻ്റെ രാഷ്ട്രീയ- സാമ്പത്തിക കാര്യങ്ങളിലെ ബാഹ്യ ഇടപെടൽ വർധിക്കുകയും, സ്വാതന്ത്ര്യവും പരമാധികാരവും ഇല്ലാതാവുകയും ചെയ്യും.

2007 മുതൽ 2014 വരെ ഹംബൻതോട്ട തുറമുഖത്തിന് ചൈന 1.26 ബില്യൺ ഡോളർ വായ്പ നൽകി. തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ചൈന മർച്ചൻ്റ്സ് പോർട്ട് ഹോൾഡിംഗ്സ് 99 വർഷത്തെ പാട്ടത്തിന് തുറമുഖത്തിൻ്റെ നടത്തിപ്പ് ഏറ്റെടുത്തു.
2007 മുതൽ 2014 വരെ ഹംബൻതോട്ട തുറമുഖത്തിന് ചൈന 1.26 ബില്യൺ ഡോളർ വായ്പ നൽകി. തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ചൈന മർച്ചൻ്റ്സ് പോർട്ട് ഹോൾഡിംഗ്സ് 99 വർഷത്തെ പാട്ടത്തിന് തുറമുഖത്തിൻ്റെ നടത്തിപ്പ് ഏറ്റെടുത്തു.

ചൈന പോയി, IMF വന്നു

രാജ്യാന്തര ധനകാര്യ ഏജൻസികളുടെ ദയാദാക്ഷിണ്യത്താലാണ് ഇപ്പോൾ ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥ ചലിക്കുന്നത്. തകർന്ന സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്തുന്നതിനായി ഐ. എം.എഫിൻ്റെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ്. ലാറ്റിനമേരിക്കയ്ക്കു ശേഷം ഐ.എംഎഫിന് ഏഷ്യൻ മേഖലയിൽ നിന്നു ലഭിച്ച ഇരയാണ് ശ്രീലങ്ക. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം, തൊഴിൽനിയമ ഭേദഗതി, വൈദ്യുതി - കുടിവെള്ള സേവനങ്ങളുടെ ചാർജ് വർധന, സബ്‌സിഡികൾ ഒഴിവാക്കൽ, രൂപയുടെ മൂല്യം കുറയ്ക്കൽ, പെൻഷൻ ചട്ടങ്ങളുടെ പരിഷ്ക്കാരം, സ്വയം വിരമിക്കൽ എന്നിങ്ങനെ സമ്പദ് വ്യവസ്ഥയെ ഘടനാപരമായി പുനഃക്രമീകരിക്കാനുള്ള നിരവധി നിർദ്ദേശങ്ങൾ അവർ നൽകിക്കഴിഞ്ഞു. ശ്രീലങ്കയെ കടക്കെണിയിലേക്കു നയിച്ച അതേ ലോകബാങ്കും ഐ.എം.എഫുമാണ് ഇപ്പോൾ സഹായ വാഗ്ദാനവുമായി വന്നു നിൽക്കുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഐ.എം.എഫുമായുള്ള കരാർ നിരസിക്കാനോ, റദ്ദാക്കാനോ, കഴിയുന്ന അവസ്ഥയിലല്ല ശ്രീലങ്ക. പ്രതിപക്ഷത്തിരിക്കുമ്പോൾ ഐം.എം.എഫ് കരാറിനെ തുറന്നെതിർത്ത ജെ.വി.പിയും ദിസനായകെയും ഐം. എം. എഫുമായി നിരവധി കരാറുകളിലാണ് ഇപ്പോൾ ഏർപ്പെട്ടു കൊണ്ടിരിക്കുന്നത്. ഐം. എം. എഫ് കരാറിലെ ജനവിരുദ്ധ സമീപനങ്ങൾ മാറ്റിവെച്ച് മറ്റുള്ളവ മാത്രമായി ശ്രീലങ്കയ്ക്ക് നടപ്പിലാക്കാൻ കഴിയുമോയെന്ന് ജെ. വി പി യിൽ നിന്നുതന്നെ സംശയങ്ങളുയരുന്നുണ്ട്.

ഇനിയെന്ത്?

ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥ പതുക്കെ കര കയറുന്നതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് ധനകാര്യ ഏജൻസികൾ പറയുന്നു. എന്നാൽ അത് ജനങ്ങൾക്ക് ഇപ്പോഴും അനുഭവവേദ്യമായിട്ടില്ല. ഐം. എം.എഫിൻ്റെ മൂന്നു മില്യൺ ഡോളറിൻ്റെ സഹായവും, ഇന്ത്യയുടെ നാല് മില്യൺ ഡോളർ സഹായവും വായ്പകൾ പുനഃക്രമീകരിക്കാൻ അവസാന ഘട്ടത്തിൽ ചൈന സമ്മതിച്ചതും ശ്രീലങ്കയ്ക്ക് ആശ്വാസമായി.

വിനോദ സഞ്ചാരത്തിലുണ്ടായ വർധനയും, കയറ്റുമതി വർധിക്കുന്നതും ശ്രീലങ്ക രക്ഷപ്പെടുന്നതിൻ്റെ സൂചനകളായി കരുതാവുന്നതാണ്. 2024- ലെ 4.4 എന്ന വളർച്ചാ നിരക്ക് 2025- ൽ 3.5 ആയി കുറയുമെന്ന് പ്രവചനങ്ങളുണ്ടെങ്കിലും, അതൊരു പ്രശ്നമാകാനിടയില്ലെന്ന് ബാങ്കിംഗ്- ധനകാര്യ വിദഗ്ധർ സൂചിപ്പിക്കുന്നു.

ജെ.വി.പിയും, ദിസനായകെയും അഴിമതിയ്ക്കെതിരെയും, സാമ്പത്തിക കെടുകാര്യസ്ഥതയ്ക്കെതിരെയും സ്വീകരിക്കുന്ന നിലപാടുകളും ഫലം കണ്ടു തുടങ്ങിയെന്ന് ജനങ്ങൾ പറയുന്നു. കർശനമായ സാമ്പത്തിക അച്ചടക്കവും, മികച്ച ധനവിനിയോഗ മാനേജുമെൻ്റുമുണ്ടെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി അവർക്കു മറികടക്കാം ശക്തരായ രണ്ട് അയൽക്കാരായ ചൈനയ്ക്കും, ഇന്ത്യയ്ക്കുമിടയിലെ സമദൂരത്തിൽ നിന്നുകൊണ്ട് ശ്രീലങ്ക നടത്തുന്ന തന്ത്രപരമായ നീക്കങ്ങളാവും ഭാവിയിലെ അവരുടെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളെ അടയാളപ്പെടുത്തുന്നത്.

(അവസാനിച്ചു)


Summary: Sri Lanka’s strategic balancing between China and India shapes its political and economic future—K.V. Manoj’s journey in Sri Lanka concludes.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments