പതി- സർപഞ്ച്:
ഒരു ഇന്ത്യൻ ജനാധിപത്യ അപാരത

പലതരം മനുഷ്യർക്കിടയിലൂടെയുള്ള യാത്രയാണിത്. സ്ഥലവും കാലവും മാഞ്ഞുപോകുന്ന, പ്രതിജനഭിന്നരായ പച്ചമനുഷ്യരുമായുള്ള സഹവാസങ്ങളുടെ കഥയും അനുഭവവും. ലീഷ മഞ്ജു എഴുതുന്ന കോളം തുടരുന്നു.

‘‘നിങ്ങൾക്ക് വായിൽത്തോന്നുന്നത് പറഞ്ഞിട്ട് മൂടുംതട്ടി പോകാം; ഞങ്ങൾക്ക് നാളേയും ഇവിടെ വരേണ്ടതാ”, ഒച്ച കൂടുന്നതനുസരിച്ച് ആ മനുഷ്യന്റെ മുഖം ചുമന്നുവീർത്തു.

“ആണ്ടിലൊന്ന് വിസിറ്റ് വരുന്ന നിങ്ങൾക്ക് ഞങ്ങളുടെ സിറ്റുവേഷൻ എന്തറിയാം?”, പ്രതീക്ഷിക്കാത്ത അറ്റാക്കിൽ ഞങ്ങളുടെ ടീം ഒന്ന് പതുങ്ങി.

‘സ്ത്രീഅധിഷ്ഠിത സാമൂഹിക വികസനം’ പ്രൊജക്റ്റിന്റെ അസ്സസ്സ്മെന്റ്റ് ആണ്. ഞങ്ങളുടെ മേൽ കുറ്റാരോപണം നടത്തുന്ന ഈ മനുഷ്യൻ പ്രൊജക്റ്റ് നടപ്പിലാക്കുന്ന ഏജൻസിയുടെ ഡയറക്ടറും.

പ്രൊജക്റ്റ് പ്രൊപ്പോസലിൽ പറഞ്ഞിരുന്ന പ്രോഗ്രാമുകൾ എത്രയൊക്കെ നടപ്പിലാക്കി, അവ കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ ഗ്രാമത്തിൽ വന്നെന്ന് രേഖപ്പെടുത്തണം.

പ്രോഗ്രാം കൂടുതലും സ്ത്രീവികസനം, സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ചുള്ളവ തന്നെ. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ഇടങ്ങളിൽ സ്ത്രീകളുടെ പങ്ക് മെച്ചപ്പെടുത്താനും അവരുടെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താനും പലവിധ പരിപാടികൾ പ്രൊജക്റ്റ് പ്ലാനിലുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുള്ള അറിവും അവബോധവും അവയിൽ പ്രധാനമാണ്.

നാലഞ്ച് വർഷമായി അയാളും പത്തുപന്ത്രണ്ട് സ്റ്റാഫും ഈ പേരും പറഞ്ഞ് 30 ഗ്രാമങ്ങൾ ചുറ്റിത്തിരിയുന്നു.

ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലാണ്. പഴയ “നാഗിന” ദേശം.

ശകുന്തളയും ദുഷ്യന്തനും കണ്ടുമുട്ടിയ, ഭരതൻ ജനിച്ച, വിദുരർ തപസ്സു ചെയ്ത, വനാന്തരങ്ങളെന്നു വിശ്വസിക്കപ്പെടുന്ന നാട്.

ഗംഗാസമതലത്തിൽ കരിമ്പിൻ കാടുകളും പരുത്തിക്കൃഷിയും നിറഞ്ഞ ഫലഭൂയിഷ്ട ഭൂമി. രാജ്യത്തെ ഏറ്റവും വലിയ അഞ്ചു പഞ്ചസാര ഫാക്ടറികളിൽ രണ്ടും സ്ഥിതി ചെയ്യുന്ന ജില്ല. ഹിമാലയൻ റീജിയണിലെ പഴയ രജപുത്ര സംസ്കാര ഭൂമിയായ ഗഡവാൾ / ഗാർവാൾ (Garhwal) റൂട്ട്.

സിന്ധു- ഗംഗ നദീതട സംസ്കാരത്തിന്റെ ശേഷിപ്പായ ഹാരപ്പ അടങ്ങിയ മീററ്റ് ജില്ലയുടെ അടുത്ത ജില്ല. മുഗളരും മറാത്തകളും രോഹില്ലരും ഈസ്റ്റ് ഇന്ത്യൻ കമ്പനിയും ഉൾപ്പെടെ മാറിമാറിവന്ന ഭരണകർത്താക്കളെയും തുടരെത്തുടരെയുള്ള യുദ്ധങ്ങളും കണ്ട നാട്. ശിപായി ലഹളയും സ്വാതന്ത്ര്യസമരവും അലകളുയർത്തിയ നാട്.

സെൻട്രൽ ദൽഹിയിൽനിന്ന് നാല് മണിക്കൂർ റോഡ് യാത്രയെ ഉള്ളൂ; അതുകൊണ്ടുതന്നെ അവിടം NCR-ന്റെ (നാഷണൽ കാപിറ്റൽ റീജിയൻ) ഭാഗമാക്കാൻ നീക്കവുമുണ്ട്.

അവിടെയായിരുന്നു, സ്ത്രീസംവരണം വഴി തെരഞ്ഞെടുക്കപ്പെട്ട സർപഞ്ച് (ഗ്രാമ മുഖ്യ) കാഞ്ചൻബായി വില്ലേജ് ഓഫീസിൽ എന്തുകൊണ്ട് കേറുന്നില്ല എന്ന ചോദ്യത്തിന് ഇത്രയും പ്രക്ഷോഭം.

“അതൊന്നും ഞങ്ങളുടെ സംസ്കാരത്തിന് യോജിച്ചതല്ല’’, കൂട്ടത്തോടെയാണ് പ്രസ്താവന; ‘നീയൊക്കെ എവിടുന്നുവന്നു’ എന്ന കൂർപ്പിച്ച നോട്ടത്തോടെ.

ഹിമാലയൻ റീജിയണിലെ പഴയ രജപുത്ര സംസ്കാര ഭൂമിയായ  ഗഡവാൾ / ഗാർവാൾ (Garhwal) റൂട്ട്.
ഹിമാലയൻ റീജിയണിലെ പഴയ രജപുത്ര സംസ്കാര ഭൂമിയായ ഗഡവാൾ / ഗാർവാൾ (Garhwal) റൂട്ട്.

“അവർ പെണ്ണല്ലേ?”

“അവരെങ്ങനെ ആണുങ്ങളുടെ മുന്നിൽ കസേരയിൽ ഇരിക്കും?”

“അതും മുഖം മറയ്ക്കാതെ?”

“അവർക്ക് എന്തേലും തിരിയുവോ?’’

“എന്തേലും ജോലി മര്യാദയ്ക്ക് ഏറ്റെടുത്തു നടത്താനുള്ള ത്രാണിയോ വിവരമോ ഉണ്ടോ?”

“വായിക്കാനെങ്കിലും അറിയേണ്ടേ?”

“അല്ലേലും പെണ്ണുങ്ങൾ ഭരിക്കാൻ വന്നാൽ ഞങ്ങൾ ആണുങ്ങൾ അനുസരിക്കാനോ?”

പ്രായമായ കുറെപേരും അവരെ പിന്താങ്ങി ലേറ്റസ്റ്റ് മോഡൽ പയ്യന്മാരും പല സ്വരത്തിൽ ഒരേ ചോദ്യങ്ങൾ.

അവരുടെ ആചാരത്തെ കൂസാതെ, മുഖം പോയിട്ട് തല പോലും മറയ്ക്കാതെ, അന്യപുരുഷന്മാരുടെ ഒപ്പം അവരുടെ നാട്ടിൽ കേറിച്ചെന്ന അഹങ്കാരിപ്പെണ്ണിനെ തല മൂത്തവർക്ക് ആദ്യമേ പിടിച്ചില്ല. ചോദ്യങ്ങൾ കേട്ടതോടെ ന്യൂജെൻ പിള്ളേരും അവരുടെ ഒപ്പം കൂടി. തലമുറകളൊന്നും പതിനെട്ടാം നൂറ്റാണ്ട് വിട്ട് ഇറങ്ങിപ്പോന്നിട്ടില്ല, വേഷഭൂഷാദികളിൽ ഒഴിച്ച്.

“നിങ്ങൾ ദോത്തി- കുർത്ത മാറ്റി ജീൻസും ടീ ഷർട്ടും ഇട്ട് ബൈക്കിൽ കറങ്ങിനടക്കുന്നു. അപ്പോൾ സംസ്കാരത്തിന് പ്രശ്നമൊന്നുമില്ലേ?” എന്ന മറുചോദ്യത്തിലാണ് കൂടെയുണ്ടായിരുന്ന എൻ ജി ഒ ഡയറക്ടർ ആകെ വിറളിപിടിച്ചത്.

“ഇവരെല്ലാം കൂടി നിങ്ങളെ അറ്റാക്ക് ചെയ്താൽ എന്തുചെയ്യും? ഒരാൾക്കും രക്ഷിക്കാൻ പറ്റില്ല”.

സ്ത്രീശാക്തീകരണത്തിന്റെ പേരും പറഞ്ഞ് ഫണ്ട് വാങ്ങിക്കുന്ന ടീമാണ് വിറളിപിടിക്കുന്നത്‌.

“ഇത്രയും ചോദിക്കാനുള്ള മാറ്റം പോലും ഇതുവരെ നിങ്ങൾക്കുണ്ടാക്കാൻ പറ്റിയില്ലേൽ പിന്നെ നിങ്ങൾ പെട്ടി മടക്കി പോകുവാണ് നല്ലത്”, ഞങ്ങളുടെ വാദം ആൾക്കൂട്ടബഹളത്തിൽ മുങ്ങി.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉജ്ജ്വല സ്വപ്നസാക്ഷാൽക്കാരമായിരുന്നു പഞ്ചായത്തിരാജ് നടപ്പാക്കൽ. ഗാന്ധിജിയുടെ ഗ്രാമസ്വരാജ്, 1957-ൽ ബൽവന്ത് റായ് മേത്ത കമ്മിറ്റിയിൽ തുടങ്ങി, 1992-ൽ നടപ്പാക്കിയ 73, 74 ഭരണഘടനാഭേദഗതി ഉൾപ്പെടെ സ്വാതന്ത്ര്യലബ്ധിയേക്കാൾ നീണ്ട കഥയുണ്ട് പഞ്ചായത്തിരാജിന്.

വികേന്ദ്രീകരണംവഴി സാധാരണ ജനങ്ങളെ ഭരണത്തിലും പുരോഗതിയിലും ഭാഗഭാക്കാനുള്ള കൃത്യമായ ചട്ടക്കൂട് സൃഷ്ടിക്കലാണ് പഞ്ചായത്തിരാജ് വിഭാവനം ചെയ്തത്.

ജില്ലാതലത്തിൽ നടത്തുന്ന പഞ്ചായത്ത് പ്രതിനിധികൾക്കുള്ള യോഗങ്ങളും പരിശീലനങ്ങളും വരെ പതി- സർപഞ്ച് അറ്റൻഡ് ചെയ്താൽ മതി. അയാളുടെ ഒപ്പ് ധാരാളം. ജില്ലാ അധികാരികളുടെ പോലും അംഗീകാരമുണ്ട്. കമ്മിറ്റിയിലുള്ളവർക്കും മേലുദ്യോഗസ്ഥരായ പുരുഷന്മാർക്കും പരക്കെ സന്തോഷമുള്ള ഏർപ്പാട്.

1993 ഏപ്രിൽ 24-ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് എന്നിങ്ങനെ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു. അഞ്ച് വർഷത്തിലൊരിക്കൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക നിർബന്ധിതമാക്കി. ത്രിതല സംവിധാനത്തിൽ രാജ്യമാകെ മൂന്നിലൊന്ന് വനിതാ പ്രതിനിധ്യം ഉറപ്പിച്ചു. അതിനുശേഷം കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങൾ വനിതാപ്രതിനിധ്യം 50% ആയി ഉയർത്തി. അങ്ങനെയാണ് തെരഞ്ഞെടുപ്പിൽ ബിജ്നോർ ഗ്രാമത്തിലെ കാഞ്ചൻ ബായിയുടെ പേര് വന്നത്, അഥവാ വരുത്തിയത്.

തലമുറകളായി ഗ്രാമത്തെ അടക്കിവാഴുന്ന ജമിന്ദാർ കുടുംബത്തിലെ മൂത്ത മരുമകളാണ് കാഞ്ചൻ ബായി. മാറിമാറി വരുന്ന തെരഞ്ഞെടുപ്പുകൾക്കോ സർക്കാരിനോ ഉദ്യോഗസ്ഥർക്കോ തൊടാൻ പറ്റാത്ത നാടുവാഴികൾ. ആർക്കു സംസ്ഥാനഭരണം കിട്ടുന്നോ, അവർക്കൊപ്പം എല്ലാക്കാലത്തും. വാഴ്ച തുടരാൻ മതം, ജാതി, രാഷ്ട്രീയകൂട്ടുകൾ പലവഴിയിൽ ആവശ്യാനുസരണം ഉപയോഗിക്കുന്ന പക്കാ അവസരവാദികൾ. പഞ്ചായത്തിലേയ്ക്ക് വന്നുകൊണ്ടിരുന്ന പലവിധ ഫണ്ട് തന്റെ കുടുംബത്തിന്റെയും ശിങ്കിടികളുടെയും ആവശ്യത്തിനുവേണ്ടിമാത്രം വക വെച്ചുകൊണ്ടിരിക്കുന്ന നേതാക്കൾ.

“ഓരോ പുതിയ പരിഷ്കാരങ്ങൾ, മര്യാദയ്ക്ക് നടന്നോണ്ടിരുന്ന പഞ്ചായത്താ’’.
“ഒള്ള ചമാറിനേം ചവറുകളേം പെണ്ണുങ്ങളേം ഒക്കെ കേറ്റി അശുദ്ധമാക്കണമെന്ന്”.
“അതൊന്നും ഞങ്ങളുടെ നാട്ടിൽ നടക്കില്ല, സമ്മതിക്കില്ല”, പ്രൊജക്ടിനെ കുറിച്ച് ചോദിച്ചു തുടങ്ങിയപ്പോൾ വെള്ള പാളത്താറിട്ട്, വെള്ള കുർത്തയും വെള്ള പകിടിയും വച്ച വൃദ്ധൻ വിറച്ചു തുള്ളി.

പതിഞ്ഞ സ്വരത്തിൽ അയാൾക്ക് സപ്പോർട്ട് പ്രകടിപ്പിക്കുന്ന ബാക്കി സമിതിഅംഗങ്ങൾ. വെള്ളയുടെ പല ഗ്രേഡുകളിൽ ദോത്തിയുടുത്ത, തലപ്പാവ് വച്ച, ദേഷ്യം കൊണ്ട് ചുവന്ന മുഖങ്ങളുള്ള ആൺകൂട്ടം.

സർപഞ്ചും പഞ്ചായത്ത് കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ബാക്കി സ്ത്രീകളും എവിടെ എന്ന ചോദ്യത്തിനുത്തരമായി ഒരു പയ്യനെ കൂടെ പറഞ്ഞുവിട്ടു. പഞ്ചായത്ത് കെട്ടിടത്തിന്റെ പുറകിലൂടെ ഇടവഴിയിൽ ഇരുന്നൂറു മീറ്റർ നടന്നപ്പോൾ ഒരു പ്രതിഷ്ഠക്കുചുറ്റും തറ കെട്ടിയുണ്ടാക്കിയ ഗ്രാമക്ഷേത്രം. അതിന്റെ പുറത്തളത്തിൽ മണ്ണിൽ കോട്ടൺ ദറിയും വിരിച്ച് ഞങ്ങളെ ഇരുത്തിയിട്ട് സ്ത്രീകളെ കൂട്ടാൻ തുടങ്ങി, പയ്യൻ. അവരൊക്കെ ഓരോരോ പണികളിലാണ്.

ചിലർ വീട്ടുമുറ്റത്തെ കോണിൽ പടിഞ്ഞിരുന്ന് മൂന്നു കല്ല് അടുപ്പുകളിൽ ചപ്പാത്തി ചുട്ടു കൂട്ടുന്നു.
ചിക്കനും ഉരുളക്കിഴങ്ങും മുളകുപൊടിയിട്ട് വേവിച്ച കറി ഇളക്കിക്കൊണ്ടിരിക്കുന്ന വേറൊരു മെമ്പർ. പഞ്ചായത്ത് കിണറ്റിൽ നിന്ന് കുടങ്ങളിൽ കൊരിക്കൊണ്ട് വന്ന വെള്ളം മുറ്റത്തെ ഡ്രമ്മിൽ ഒഴിച്ചുനിറച്ചുകൊണ്ടിരിക്കുന്ന ചിലർ.
ഡ്രമ്മിൽ നിന്നുള്ള വെള്ളം കോരി കുഞ്ഞുങ്ങളെ കുളിപ്പിച്ചുകൊണ്ടിരിക്കുന്ന കാഞ്ചൻ ബായി.

സാരിത്തലപ്പു കൊണ്ട് തല മൂടിയ ഈ സ്ത്രീകളെ കുറേപ്പേരെ വല്ല വിധേനയും വിളിച്ചുകൊണ്ടുവന്ന് അമ്പലമുറ്റത്ത് വിരിച്ചിട്ട ദറിയിൽ ഇരുത്തി. നൂറു കൂട്ടം പണികൾക്കിടയിൽ ഓരോ മാരണം എന്ന മുഖഭാവത്തോടെ അവരൊക്കെ കൂട്ടം കൂടി കൂന്തക്കാലിൽ നിലത്തിരുന്നു. മനസ്സില്ലാമനസ്സോടെ സർപഞ്ച് കാഞ്ചൻ ബായിയും.

സ്ത്രീ സ്വസ്സഹായ സഹകരണസംഘം, ലിംഗനീതി ബോധവൽക്കരണ പരിപാടികൾ, സ്ത്രീശാക്തീകരണ ട്രെയിനിംഗ്, മറ്റു പഞ്ചായത്തുകളിലേക്ക് പഠനയാത്ര തുടങ്ങി ലക്ഷക്കണക്കിന് രൂപ വക കൊള്ളിച്ചിട്ടുള്ള പ്രൊജക്റ്റ് ഈ കൂട്ടത്തിനുവേണ്ടിയാണ്.

കാഞ്ചൻ ബായി ഉൾപ്പെടെയുള്ള വനിതാ പഞ്ചായത്ത് അംഗങ്ങൾക്ക് അവരുടെ ഉത്തരവാദിത്തങ്ങളെയും അവകാശങ്ങളെയും കുറിച്ചുള്ള പ്രത്യേക പരിശീലനവും.

പത്തുപതിനഞ്ചു സ്ത്രീകളായിക്കഴിഞ്ഞപ്പോൾ സ്ഥിരം ചോദ്യാവലി പുറത്തെടുത്തു. സർപഞ്ച് എന്ന നിലയിൽ കാഞ്ചൻ ബായിയുടെ നേരയാണ് ഫോക്കസ്.

“തെരഞ്ഞെടുക്കപ്പെട്ട സ്ത്രീയെന്ന നിലയിൽ നിങ്ങൾ ഇവിടുത്തെ സ്ത്രീകൾക്കുവേണ്ടി എന്തു ചെയ്തു?”

“എന്താണ് പഞ്ചായത്ത് ഭരണത്തിൽ നിങ്ങളുടെ അനുഭവം?”

“കുടുംബത്തിന്റെയും പാർട്ടിയുടെയും പിന്തുണ കിട്ടുന്നുണ്ടോ?”

“പഞ്ചായത്ത് നടപടികളെയും ബജറ്റ്നെയും കുറിച്ചു എന്തറിയാം?”

എല്ലാ ചോദ്യത്തിനും ഒറ്റ ഉത്തരം.
തലമറച്ച സാരി കുറച്ചുകൂടെ വലിച്ചിട്ട്, പകുതി മുഖം മറച്ച് പൊട്ടച്ചിരി. ഇടയ്ക്ക് കരിപിടിച്ച നഖം നോക്കി കൈവിരൽ ഒന്ന് കടിക്കും.

ക്ഷമ കെടുമ്പോഴേയ്ക്ക് അടുത്തിരുന്ന ചെറുപ്പക്കാരി ഇടപെട്ടു. വേറൊരു ഗ്രാമത്തിൽനിന്ന് കെട്ടിക്കൊണ്ടു വന്ന അവൾക്ക് പത്താം ക്ലാസ്സ് വരെ വിദ്യാഭ്യാസമുണ്ട്.

“അതിനു കാഞ്ചൻ ബായി പഞ്ചായത്ത് ഓഫീസ് ഇതുവരെ കണ്ടിട്ടുപോലുമില്ലല്ലോ”.

“പതി- സർപഞ്ച് ആണ് കാര്യങ്ങളൊക്കെ നടത്തുന്നത്... ഏതു പാർട്ടിയാണെന്ന് പോലും ഇവർക്കറിയില്ല’’.

പതി- സർപഞ്ച് അഥവാ സർപഞ്ച്- പതി (സർപഞ്ച്-ഭർത്താവ്)- എത്ര മനോഹരമായ പദം!

ഇന്ത്യൻ ജനാധിപത്യ സംഭാവന.

സ്ത്രീസംവരണമുള്ള പഞ്ചായത്തുകളിൽ ഇതുവരെ ഭർത്താവോ അമ്മായിയപ്പനോ ഭരിച്ചിരുന്ന സ്ഥാനത്ത് പൊട്ടുപിടിച്ച കാഞ്ചൻ ബായിയെ പോലുള്ള പെണ്ണുങ്ങളുടെ പേരുവച്ച് ഇലക്ഷനിൽ മത്സരിപ്പിക്കും. ബാലറ്റ് പേപ്പറിൽ മാത്രം ഒതുങ്ങുന്ന പേര്.

അത്യാവശ്യം വേണേൽ ചിലപ്പോൾ വീട്ടിലെ ആണുങ്ങൾ കൊണ്ടുവന്ന് ചൂണ്ടിക്കാണിക്കുന്ന പേപ്പറിൽ, കാണിക്കുന്ന സ്ഥാനത്ത്, ഒരു വിരൽപ്പാടും. അല്ലെങ്കിൽത്തന്നെ ആരുടെ ഒപ്പ്, വിരൽപ്പാട് എന്നൊക്കെ ആര് ക്രോസ്ചെക്ക് ചെയ്യുന്നു. അതോടെ അവരുടെ റോൾ തീർന്നു.

ബാക്കിയൊക്കെ ആണുങ്ങൾ നോക്കിക്കൊള്ളും. ഉത്തരവാദിത്തവും അധികാരവും പതി- സർപഞ്ച് ഏറ്റെടുക്കും.

സർക്കാർ പ്രൊജക്റ്റ്‌കൾ, ക്ഷേമപദ്ധതികൾ, അതിനുള്ള ഗുണഭോക്താക്കൾ ഇവയെല്ലാം അയാളും കൂട്ടരും തീരുമാനിക്കും. എന്തെങ്കിലും ആനുകൂല്യം വേണ്ടവർ അയാളുടെ കാലു പിടിക്കും, കള്ളും കാശും കൊടുക്കും, രാജാവിനെപ്പോലെ ചുമലിൽ ഏറ്റും.

സ്ത്രീസംവരണമുള്ള പഞ്ചായത്തുകളിൽ ഇതുവരെ ഭർത്താവോ അമ്മായിയപ്പനോ ഭരിച്ചിരുന്ന സ്ഥാനത്ത് പൊട്ടുപിടിച്ച കാഞ്ചൻ ബായിയെ പോലുള്ള പെണ്ണുങ്ങളുടെ പേരുവച്ച് ഇലക്ഷനിൽ മത്സരിപ്പിക്കും. ബാലറ്റ് പേപ്പറിൽ മാത്രം ഒതുങ്ങുന്ന പേര്.
സ്ത്രീസംവരണമുള്ള പഞ്ചായത്തുകളിൽ ഇതുവരെ ഭർത്താവോ അമ്മായിയപ്പനോ ഭരിച്ചിരുന്ന സ്ഥാനത്ത് പൊട്ടുപിടിച്ച കാഞ്ചൻ ബായിയെ പോലുള്ള പെണ്ണുങ്ങളുടെ പേരുവച്ച് ഇലക്ഷനിൽ മത്സരിപ്പിക്കും. ബാലറ്റ് പേപ്പറിൽ മാത്രം ഒതുങ്ങുന്ന പേര്.

ജില്ലാതലത്തിൽ നടത്തുന്ന പഞ്ചായത്ത് പ്രതിനിധികൾക്കുള്ള യോഗങ്ങളും പരിശീലനങ്ങളും വരെ പതി- സർപഞ്ച് അറ്റൻഡ് ചെയ്താൽ മതി. അയാളുടെ ഒപ്പ് ധാരാളം. ജില്ലാ അധികാരികളുടെ പോലും അംഗീകാരമുണ്ട്. കമ്മിറ്റിയിലുള്ളവർക്കും മേലുദ്യോഗസ്ഥരായ പുരുഷന്മാർക്കും പരക്കെ സന്തോഷമുള്ള ഏർപ്പാട്.

“കുഗ്രാമങ്ങളിൽ നിന്നൊക്കെ സ്ത്രീകൾക്ക് വരാനുള്ള അസൗകര്യം ഒഴിവാക്കാമല്ലോ,” ലാത്തൂർ ജില്ലയിലെ ഒരു തഹസിൽദാർ കരുണയോടെ പറഞ്ഞു. മനുഷ്യപ്പറ്റുള്ളവനാണ്.

“അല്ലേൽത്തന്നെ അന്തോം കുന്തോം ഇല്ലാത്ത ഈ പെണ്ണുങ്ങളൊക്കെ വന്നിട്ട് എന്ത് ചെയ്യാനാ?”

“വല്ല കാര്യവും നടക്കണേൽ ആണുങ്ങൾ തന്നെ ഇറങ്ങെണ്ടേ?” ഒടുവിൽ ആളുടെ പഞ്ച് ഡയലോഗ്.

പെണ്ണുങ്ങളോട് ചോദിക്കുമ്പോഴും മറുപടി തഥൈവ.

“ഇത്രേം ആണുങ്ങൾ നിരന്നിരിക്കുന്നിടത്ത് ഞാനെന്തു പറയാൻ?”

“പറഞ്ഞാലും ആര് കേൾക്കാൻ?”

“കസേരയിലിരുന്നാൽത്തന്നെ മുട്ട് വിറയ്ക്കും”

“അവര് പറയുന്നതൊക്കെ എന്ത് തിരിയാനാ എനിക്ക്?”

“രണ്ടും മൂന്നും കൂട്ടാനറിയാത്ത ഞാൻ പഞ്ചായത്ത് പദ്ധതികൾ എങ്ങനെ അറിയാനാ? എന്ത് പറയാനാ?”

“അല്ലേലും ആണുങ്ങൾ സമ്മതിക്കില്ല,”

“എന്തേലും വാ തുറന്നാൽ പിന്നെ വീട്ടിൽ സ്വസ്ഥത കാണില്ല”

ഗ്രാമങ്ങൾ തോറും കാഞ്ചൻ ബായിമാർ മുഖം കുനിച്ച് വിറയലോടെ പിറുപിറുത്തു.

സ്ത്രീപങ്കാളിത്ത വികസനം ഫയലുകളിലും ചർച്ചകളിലും മുങ്ങിപ്പൊങ്ങി താണുകിടന്നു, കാലങ്ങളോളം. പതിയെപ്പതിയെ അതിൽ നിന്ന് ചെറിയ കുമിളകൾ ഉയർന്നു. മുളയെടുത്ത കുഞ്ഞ് അലകൾ തരംഗങ്ങളായി. കാലങ്ങളായി നിശ്ചേഷ്ടമായ ബോധങ്ങളിൽ ചെറിയ ഇളക്കങ്ങളുണ്ടായി.

കേരളത്തിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും തുടക്കമിട്ടതു പോലെ വിദ്യാഭ്യാസ- സാമൂഹിക രംഗത്ത് മുന്നിട്ട് നിൽക്കുന്ന സ്ത്രീകൾ പ്രാദേശിക ഭരണത്തിൽ ഇടപെടാൻ തുടങ്ങി. ആരുടേയും ഔദാര്യമില്ലാതെ, സ്വന്തം കഴിവിന്റെ മുൻബലത്തിൽ. നാലക്ഷരം പഠിച്ച പെണ്ണുങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാൻ തുടങ്ങി.

കോർപ്പറേറ്റ് കരിയർ ഉപേക്ഷിച്ച് രാജസ്ഥാനിലെ സ്വന്തം ഗ്രാമത്തിന്റെ വികസനത്തിന് തുനിഞ്ഞിറങ്ങിയ ശ്ചവി രജാവത് പോലെ, ഫിനാൻസ് എക്സ്പെർട്ട് ആയ ഒറിസ്സയിലെ ആരതി ദേവി പോലെ, വളരെ കുറച്ചേ ഉള്ളെങ്കിലും അവർ പ്രതീക്ഷയുടെ നാളം തെളിച്ച് മുന്നേറുന്നു.

സന്നദ്ധസംഘടനകളും സാമൂഹിക പ്രതിബന്ധരായ ഉദ്യോഗസ്ഥരും കാഞ്ചൻ ബായിമാർക്ക് മുന്നേറാൻ ധൈര്യം കൊടുക്കുന്നു. വർഷങ്ങൾ നീണ്ട പരിശീലന പരിപാടികൾ വഴി വിദ്യാഭ്യാസം അധികമില്ലാത്ത സ്ത്രീകൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം നേടി ഗ്രാമവികസനത്തിന് മുന്നിട്ടിറങ്ങുന്നു. മഹാരാഷ്ട്രയിലെ ഷിരോളിലെ പോലെ സ്ത്രീകൾ മാത്രമുള്ള പഞ്ചായത്ത് സമിതികൾ ഉണ്ടാകുന്നു.

സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങൾ വഴിയും കൂടുതൽ വിവരങ്ങൾ കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു.

രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളും 6800- ഓളം ബ്ലോക്ക് പഞ്ചായത്തുകളും 674 ജില്ലാ പഞ്ചായത്തുകളുമുള്ള ത്രിതല സംവിധാനത്തിൽ പല തലങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 15 ലക്ഷത്തിലധികം സ്ത്രീകൾ ആ സ്വപ്നത്തിന്റെ അക്കരെ, തീരത്ത് നിൽക്കുന്നുണ്ട്.

കേരളത്തിന്റെ ‘കുടുംബശ്രീ’, തമിഴ്നാടിന്റെ ‘മഹളിർ തിട്ടം’ എന്നിവ ഗവണ്മെന്റ് തലത്തിൽ സംസ്ഥാന വ്യാപകമായി സ്ത്രീശാക്തീകരണത്തിന്റെ മെച്ചപ്പെട്ട മാതൃകകൾ കാട്ടിക്കൊടുക്കുന്നു. പതി- സർപഞ്ച് വേഷങ്ങൾ പതിയെപ്പതിയെ പിന്മാറുമെന്ന പ്രതീക്ഷ ഉണരുന്നു.

അധികാരത്തിന്റെ ഇരുണ്ട കോണുകളിൽ നിലത്തു പടിഞ്ഞിരുന്ന് ചില കാഞ്ചൻ ബായിമാർ മുരടനക്കി തുടങ്ങി. പലയിടത്തുനിന്നും ഒന്നിച്ചുയർന്ന് ആ ശബ്ദം നാടിനെ അനക്കുന്നു. എല്ലാവർക്കും തുല്യ അവകാശമെന്ന സ്വപ്നത്തിലെയ്ക്കുള്ള യാത്ര തട്ടിയും മുട്ടിയും ഇഴഞ്ഞും തുടർന്നു കൊണ്ടിരിക്കുന്നു. വളരെ പതിയെയുള്ള യാത്ര.

രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളും 6800- ഓളം ബ്ലോക്ക് പഞ്ചായത്തുകളും 674 ജില്ലാ പഞ്ചായത്തുകളുമുള്ള ത്രിതല സംവിധാനത്തിൽ പല തലങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 15 ലക്ഷത്തിലധികം സ്ത്രീകൾ ആ സ്വപ്നത്തിന്റെ അക്കരെ, തീരത്ത് നിൽക്കുന്നുണ്ട്.

അവരൊക്കെ തങ്ങളുടെ ഉത്തരവാദിത്വവും അധികാരവും തിരിച്ചറിയുന്നതും വികസനത്തിലൂന്നി പ്രവർത്തിക്കുന്നതും ഇപ്പോഴും സുന്ദരമായ ഐഡിയ മാത്രമായി ഒതുങ്ങുന്നു; അതും സ്ത്രീകളെ തങ്ങളുടെ പാവകളാക്കുന്ന മത- ജാതി- രാഷ്ട്രീയ കൂട്ടുകെട്ട് കൊടികുത്തിവാഴുമ്പോൾ.

താഴേത്തട്ട് മുതൽ മേലറ്റം വരെയുള്ള ഗവണ്മെന്റ്, സംഘടന, സ്ഥാപനങ്ങൾ ഇവയിലെ ഉദ്യോഗസ്ഥർക്ക് ബോധം വന്നിട്ട് ഈ ഐഡിയ പ്രാവർത്തികമാക്കുമെന്ന് വിചാരിച്ചാൽ എവിടെയും എത്തില്ല, അവരും സമൂഹത്തിന്റെ പ്രതിച്ഛായ തന്നെ. കർശനനിയമങ്ങൾ നടപ്പിലാക്കുക വഴി കടുംവെട്ട് നടത്തിത്തന്നെ മാത്രമേ എന്തെങ്കിലും മാറ്റത്തിനു വഴിയുള്ളൂ. അതിനു കാത്തുനിൽക്കാതെ, വിദ്യാഭ്യാസത്തിന്റെയും തിരിച്ചറിവിന്റെയും തോണി ആത്മവിശ്വാസത്തോടെ തുഴഞ്ഞ്, കാഞ്ചൻ ബായിയുടെ പെൺമക്കൾ ഇക്കര കടക്കുമെന്ന പ്രതീക്ഷ ബാക്കി.

പതി- സർപഞ്ച് ചരിത്രത്താളുകളിൽ മറയുമെന്നും.

വിദ്യാഭ്യാസത്തിന്റെയും തിരിച്ചറിവിന്റെയും തോണി ആത്മവിശ്വാസത്തോടെ തുഴഞ്ഞ്, കാഞ്ചൻ ബായിയുടെ പെൺമക്കൾ ഇക്കര കടക്കുമെന്ന പ്രതീക്ഷ ബാക്കി.
വിദ്യാഭ്യാസത്തിന്റെയും തിരിച്ചറിവിന്റെയും തോണി ആത്മവിശ്വാസത്തോടെ തുഴഞ്ഞ്, കാഞ്ചൻ ബായിയുടെ പെൺമക്കൾ ഇക്കര കടക്കുമെന്ന പ്രതീക്ഷ ബാക്കി.

ബോധക്കഷണം

ലിംഗാവബോധ (gender sensitivity) ട്രെയിനിംഗ് തകൃതിയായി നടക്കുന്നു, ലാത്തൂരിൽ. ഹാൾ നിറഞ്ഞ സ്ത്രീകളോട് അവരുടെ അവകാശങ്ങളെ കുറിച്ച് നീണ്ട പ്രഭാഷണം. അത് നേടിയെടുക്കേണ്ടതിനെക്കുറിച്ച് ബോധവൽക്കരണം.

അപ്പോഴാണ് കൂട്ടത്തിലിരുന്ന മുദ്രികാ തായി വെറ്റിലക്കറ തീർത്ത ചുവന്ന പല്ല് മൊത്തം കാണിച്ച് ചിരിച്ചുകൊണ്ടു ചോദിച്ചത്, “ഇതൊക്കെ ഞങ്ങളോട് പറഞ്ഞിട്ട് എന്തു കാര്യം?”

“പഞ്ചായത്തിൽ ചെന്നാൽ ആണുങ്ങളെ കസേരയിലും ഞങ്ങളെ നിലത്തും ഇരുത്തുന്ന സാറമ്മാരെ ആദ്യം പഠിപ്പിക്ക്…’’


Summary: Stories and experience of human companionship, This is a journey through different kinds of people. Leesha Manju's column part -2.


ലീഷ മഞ്ജു

എഴുത്തുകാരി. സാമൂഹിക വികസനത്തില്‍ കണ്സള്‍ട്ടന്റ്. 15 വര്‍ഷം വിവിധ ദേശീയ- അന്തര്‍ദേശീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Social Impact Assessment, Result Based Management, Development Communication തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം. വിവിധ സാമൂഹിക വിഷയങ്ങളില്‍ ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്.

Comments