ലെനിൻ, സ്റ്റാലിൻ, മാർക്സ്, ഒടുവിൽ തിമൂർ…
അസ്ഥിര പ്രതിമകളുടെ നഗരം; താഷ്കെന്റ്

സാറിസ്റ്റ്, സോവിയറ്റ് കാലഘട്ടങ്ങൾക്കുശേഷം വന്ന സ്വതന്ത്ര ഉസ്ബെക്ക് ഭരണകൂടം തിമൂറിഡ് കാലത്തെ സുവർണ കാലഘട്ടമായി വിലയിരുത്തുകയും തിമൂറിനെ ദേശീയനായകനായി പ്രതിഷ്ഠിക്കുകയും ചെയ്തു.

ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം: നാല്

താഷ്കെന്റിലെ അമീർ തിമൂർ സ്ക്വയറിന് മധ്യഭാഗത്തായുളള അശ്വാരൂഢനായ തിമൂറിന്റെ വെങ്കലപ്രതിമക്കുമുൻപിൽ നിൽക്കുകയായിരുന്നു ‍ഞങ്ങൾ. സമയം നാലുമണിയോടടുത്തെങ്കിലും വേനലിലെ നീണ്ട ഉസ്ബെക്ക് പകലിൽ, ചൂടിന്റെ കാഠിന്യത്തിന് ഒട്ടും കുറവുവന്നിരുന്നില്ല. മുൻപ് ഈ ചത്വരം വൃക്ഷനിബിഡമായിരുന്നത്രേ.

ഉസ്ബെക്ക് പ്രസിഡന്റായിരുന്ന ഇസ്‍ലാം കരിമോവാണ് തിമൂർ സ്മാരകത്തിന്റെ തടസ്സങ്ങളില്ലാത്ത ദൂരക്കാഴ്ചക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ വൻ ചിനാർ മരങ്ങൾ മുറിച്ച് മാറ്റാൻ ഉത്തരവിട്ടത്. താഷ്കെന്റിനെ അടുത്തറിയാനാഗ്രഹിക്കുന്ന ഒരു സഞ്ചാരിക്ക് തീർച്ചയായും അയാളുടെ യാത്ര ആരംഭിക്കാൻ അനുയോജ്യമായ സ്ഥലമാണ് 10,000 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഈ ചത്വരം. ഇതിനു ചുറ്റിൽ നിന്നാണ് താഷ്കെന്റിന്റെ പ്രധാന നഗരക്കാഴ്ചകളൊക്കെ ആരംഭിക്കുന്നത്. നഗരത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വഴികൾ ഈ ചത്വരത്തിൽ വന്നവസാനിക്കുന്നു. താഷ്കെന്റിന്റെ ഓരോ രാഷ്ട്രീയമാറ്റത്തിനും സാക്ഷിയായ സ്ക്വയറാണിത്. അതിനനുസരിച്ച് ഓരോ തവണയും ഈ ചത്വരത്തിന്റെയും രൂപവും ഭാവവും മാറിക്കൊണ്ടിരുന്നു. തിമൂർ പ്രതിമയുടെ പശ്ചാത്തലമായി കാണുന്നത് ഹോട്ടൽ ഉസ്ബെക്കിസ്ഥാന്റെയും പാലസ് ഫോർ ഇന്റർ നാഷണൽ ഫോറംസിന്റെയും കെട്ടിടങ്ങളാണ്. അന്താരാഷ്ട്ര സമ്മേളനങ്ങൾ നടക്കുന്നതും മറ്റ് രാഷ്ട്രത്തലവൻമാരെ സ്വീകരിക്കുന്നതും ഫോറംസ് പാലസിൽ വെച്ചാണ്.

അമീർ തിമൂർ സ്ക്വയർ
അമീർ തിമൂർ സ്ക്വയർ

ചിംഗാനും ചാർവാക് തടാകവും ഖോഡ്ജികെന്റും കണ്ടശേഷം തിരികെ താഷ്കെന്റിലെത്തിയ ഞങ്ങളെ ഹസ്സൻ ഇറക്കിവിട്ടത് രാവിലെ യാത്രയാരംഭിച്ച ഹോട്ടൽ ഉസ്ബെക്കിസ്ഥാന് മുൻപിൽ തന്നെയായിരുന്നു. എഴുപതുകളിലെ സോവിയറ്റ് ആധുനികതയുടെ സാക്ഷ്യമായി 1974-ൽ സ്ഥാപിതമായ ഈ ഹോട്ടൽ അക്കാലത്ത് താഷ്കെന്റിന്റെ ലാൻഡ്മാർക്കായിരുന്നു. ക്ലാസിക് സോവിയറ്റ് ശൈലിയിൽ 17 നിലകളിലായി തുറന്ന പുസ്തകത്തിന്റെ മാതൃകയിൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടം ഉസ്ബെക്ക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ഏറ്റവും പ്രധാന കെട്ടിടങ്ങളിലൊന്നായിരുന്നത്ര. അക്കാലത്ത് താഷ്കെന്റിലെത്തുന്ന സഞ്ചാരികൾക്കും പല വിദേശ നയതന്ത്ര പ്രതിനിധികൾക്കും മോസ്ക്കോയിൽ നിന്നു വരുന്ന ഉയർന്ന ഉദ്യോഗസ്ഥർക്കും പാർട്ടി നേതാക്കൾക്കും താഷ്കെന്റ് ഫിലിം ഫെസ്റ്റിവലിനെത്തിയിരുന്ന സിനിമാപ്രവർത്തകർക്കുമൊക്കെ ആഥിത്യമരുളിയിരുന്നത് ഈ ഹോട്ടലായിരുന്നു.

വിപ്ലവാനന്തരം സാറിസ്റ്റ് റഷ്യൻ വാസ്തുമാതൃകക്കുപകരം സോവിയറ്റ് ആർക്കിടെക്ച്ചറിന് തുടക്കമായി. പിന്നീട് സ്റ്റാലിന്റെ കാലശേഷം സ്റ്റാലിനിസ്റ്റ് നയങ്ങളെപ്പോലെ അക്കാലത്തെ വാസ്തുശില്പവും അസ്വീകാര്യമായി.

1992- ൽ സോവിയറ്റ് സ്വപ്നത്തിന് അന്ത്യമാകുകയും ഉസ്ബെക്ക് സ്വത്വത്തെ ഭരണാധികാരികൾ തിമൂറിലേക്ക് മടക്കിക്കൊണ്ടുപോകുകയും ചെയ്തതോടെ അപ്രസക്തമായ സോവിയറ്റ് നിർമിതികളിൽ ഒന്നുമാത്രമായി ഈ ഹോട്ടലും. കുറച്ചുഭാഗം 4 സ്റ്റാർ ഹോട്ടലായി രൂപം മാറിയെങ്കിലും ഗതകാല പ്രതാപത്തിന്റെ ഓർമ്മകളിൽ പൊടി പിടച്ച മുറികളും മങ്ങിയ ജനൽമറകളും പിഞ്ഞിത്തുടങ്ങിയ മുഷിഞ്ഞ പരവതാനികളുമൊക്കെയായി നവീകരിക്കപ്പെടാതെ കിടക്കുകയായിരുന്നു ശേഷിക്കുന്ന അകത്തളങ്ങൾ. 2020-ൽ 20% ഓഹരികൾ മാത്രം സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തി ഹോട്ടൽ സ്വകാര്യ മേഖലക്ക് വിട്ടുകൊടുത്തു.

ഹോട്ടൽ ഉസ്ബെക്കിസ്ഥാനിനുമുൻപിൽ നിന്ന് നടന്നുതുടങ്ങിയ ഞങ്ങൾ സബ് വേ വഴിയാണ് അമീർ തിമൂർ സ്ക്വയറിലെത്തിയത്. പുരാതന സിൽക്ക് റൂട്ടിൽ ചൈനയ്ക്കും യൂറോപ്പിനുമിടയിലെ ഒരു മുഖ്യ കേന്ദ്രമായിരുന്നല്ലോ താഷ്കെന്റ്. അന്ന് പട്ടുപാതയിലെ പ്രധാന നിരത്തുകൾ സന്ധിച്ചിരുന്ന കവല ഇന്നത്തെ ഈ ചത്വരമായിരുന്നത്രെ. റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി നിലനിന്ന റഷ്യൻ തുർക്കിസ്ഥാന്റെയും (1867-1917) ആസ്ഥാനമായിരുന്നു താഷ്കെന്റ്. 1882-ൽ റഷ്യൻ തുർക്കിസ്ഥാന്റെ അന്നത്തെ ഗവർണർ ജനറലായ മിഖായേൽ ചെർനിയേവാണ് കോൺസ്റ്റാന്റിൻ സ്ക്വയർ എന്ന പേരിൽ ഇവിടെ ഒരു ചത്വരം നിർമ്മിക്കുന്നതും ആദ്യ ഗവർണർ ജനറലായ കോൺസ്റ്റാന്റിൻ വോൺ കോഫ്മാന്റെ പ്രതിമ സ്ഥാപിക്കുന്നതും. 1917- ലെ റഷ്യൻ വിപ്ലവത്തിനു ശേഷം റെവല്യൂഷൻ സ്ക്വയറായി പേരു മാറ്റി. കോഫ്മാന്റെ പ്രതിമ തകർക്കപ്പെടുകയും തൽസ്ഥാനത്ത് വലിയൊരു സോവിയറ്റ് പതാക ഉയരുകയും ചെയ്തു. 1919-ൽ ഇവിടെ വലിയൊരു അരിവാൾ ചുറ്റിക രൂപം നിർമ്മിക്കപ്പെട്ടു. 1926-ൽ അത് നീക്കിയാണ് ബോൾഷെവിക്ക് വിപ്ളവത്തിന്റെ 10-ാം വാർഷികത്തിന്റെ ചിഹ്നം സ്ഥാപിച്ചത്. പിന്നീട് ലെനിന്റെ പ്രതിമ സ്ഥാനം പിടിച്ചു. 1947-ൽ സ്റ്റാലിൻ പ്രതിമ ഇവിടം കെെയ്യടക്കി. ഡീ- സ്റ്റാലിനെെസേഷൻ കാലത്ത് സ്റ്റാലിന് പകരം ആദ്യം പാർട്ടിവാക്യങ്ങൾ ആലേഖനം ചെയ്ത സ്തൂപവും പിന്നീട് കാൾ മാർക്‌സ് പ്രതിമയും സ്ഥാപിതമായി.

ഉസ്ബെക്കിസ്ഥാൻ സ്വതന്ത്ര രാജ്യമായതോടെ മാർക്സ് പ്രതിമ നീക്കി. വിഖ്യാത ഉസ്ബെക്ക് ശിൽപിയായ ഇൽഖോം ജബ്ബറോവ് നിർമിച്ച, ഇന്ന് കാണുന്ന, അമീർ തിമൂർ പ്രതിമ 1994-ലാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെടുന്നത്. അതോടൊപ്പം ഈ ചത്വരത്തിന്റെ പേര് അമീർ തിമൂർ സ്ക്വയർ എന്നാക്കി മാറ്റി. 1996-ൽ സ്ക്വയറിന്റെ തെക്ക് ഭാഗത്ത് അമീർ തിമൂർ മ്യൂസിയവും സ്ഥാപിതമായി. പ്രതിമക്കുതാഴെ തിമൂറിന്റെ പ്രസിദ്ധമായ ഉദ്ധരണി- ‘സ്ട്രെങ്ങ്ത്ത് ഇൻ ജസ്റ്റിസ്’- കൊത്തിവെച്ചിരിക്കുന്നു. സാറിസ്റ്റ്, സോവിയറ്റ് കാലഘട്ടങ്ങൾക്കുശേഷം വന്ന സ്വതന്ത്ര ഉസ്ബെക്ക് ഭരണകൂടം തിമൂറിഡ് കാലത്തെ സുവർണ കാലഘട്ടമായി വിലയിരുത്തുകയും തിമൂറിനെ ദേശീയനായകനായി പ്രതിഷ്ഠിക്കുകയും ചെയ്തു.

യു.എസ്.എസ്.ആർ- സോവിയറ്റ് ശെെലി പാടേ നിരാകരിച്ചുകൊണ്ടുള്ളതാണ് സ്വാതന്ത്ര്യാനന്തര ഉസ്ബെക്ക് നിർമിതികൾ. എന്നാൽ നിയതമായ ശെെലി കണ്ടെത്താൻ ഇതുവരെ അതിനായിട്ടില്ല.  

അസ്ഥിരമായ ഈ പ്രതിമകളെയും സ്മാരകങ്ങളെയും പോലെ ഈ പട്ടണത്തിന്റെ മുഖച്ഛായയും ഈ കാലങ്ങളിൽ മാറ്റപ്പെടുന്നുണ്ടായിരുന്നു. നഗരത്തിന്റെ പട്ടുപാത കാലത്തെ മുഖച്ഛായ മാറുന്നത് റഷ്യൻ സാമ്രാജ്യത്വ കാലത്താണ്. വിപ്ലവാനന്തരം സാറിസ്റ്റ് റഷ്യൻ വാസ്തുമാതൃകക്കുപകരം സോവിയറ്റ് ആർക്കിടെക്ച്ചറിന് തുടക്കമായി. പിന്നീട് സ്റ്റാലിന്റെ കാലശേഷം സ്റ്റാലിനിസ്റ്റ് നയങ്ങളെപ്പോലെ അക്കാലത്തെ വാസ്തുശില്പവും അസ്വീകാര്യമായി. പകരം ആധൂനിക സോവിയറ്റ് ആർക്കിടെക്ച്ചറിന് തുടക്കമിട്ടു. 66-ലെ താഷ്കെന്റ് ഭൂകമ്പത്തിനുശേഷം പഴയതെല്ലാം നീക്കം ചെയ്യപ്പെടുകയും ആധൂനിക സോവിയറ്റ് മാതൃകയിലുള്ള പ്രദർശന നഗരമാക്കി താഷ്കെന്റിനെ മാറ്റുകയും ചെയ്തു, യു.എസ്.എസ്.ആർ- സോവിയറ്റ് ശെെലി പാടേ നിരാകരിച്ചുകൊണ്ടുള്ളതാണ് സ്വാതന്ത്ര്യാനന്തര ഉസ്ബെക്ക് നിർമിതികൾ. എന്നാൽ നിയതമായ ശെെലി കണ്ടെത്താൻ ഇതുവരെ അതിനായിട്ടില്ല.  

താഷ്കെന്റ് നിയമ സർവകലാശാല
താഷ്കെന്റ് നിയമ സർവകലാശാല

പ്രവൃത്തിദിനമായതുകൊണ്ടും വെയിലിന് ചൂട് കുറഞ്ഞിട്ടില്ലെന്നതുകൊണ്ടുമാകാം തിമൂർ ചത്വരം ഏറെക്കുറെ വിജനമായിരുന്നു. പുൽത്തകിടിയും നടപ്പാതകളും ജലധാരയും പൂച്ചെടികളും ഇരിപ്പിടങ്ങളുമൊക്കെയായി ഭംഗിയായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു, ഇവിടം. നഗരകേന്ദ്രമെന്ന നിലയിലും ദേശീയ സ്മാരകമെന്ന നിലയിലും നന്നായി പരിപാലിക്കപ്പെടുന്നുണ്ട് ചത്വരവും സ്മാരകവും. കുറച്ചുനേരം കൂടി ഇവിടെ ചെലവഴിച്ച ശേഷം ചത്വരത്തിന്റെ പടിഞ്ഞാറേ വശത്തെ റോഡ് മുറിച്ചുകടന്ന് താഷ്കെന്റ് ലോ യൂണിവേഴ്സിറ്റിക്ക് മുൻപിലെത്തി. മ്യൂസിയത്തിന് സമീപത്ത് ഇടത് വശത്തായാണ് സാറിസ്റ്റ് കാലത്തെ ഈ പ്രൗഢഗംഭീര നിർമിതി. 19-ാം നൂറ്റാണ്ടിലെ ചരിത്രസ്മാരകമാണിത്. തുർക്കിസ്ഥാൻ ഗവർണർ ജനറൽ കോഫ്മാന്റെ ഉത്തരവനുസരിച്ച് 1875-ൽ നിർമിച്ച ഈ കെട്ടിടസമുച്ചയം ഏറെക്കാലം സ്ത്രീകളുടെ ജിംനേഷ്യമായി പ്രവർത്തിച്ചു. സോവിയറ്റ് കാലഘട്ടത്തിൽ താഷ്കന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിക്ക് ഈ കെട്ടിടം കെെമാറി. സ്വാതന്ത്ര്യത്തിനുശേഷമാണ് താഷ്കെന്റ് നിയമ സർവകലാശാലയുടെ (Tashkent State University of Law) ആസ്ഥാനമായി ഇത് മാറുന്നത്.

പ്രവേശനകവാടത്തിലൂടെ കാമ്പസിലേക്ക് ഒന്നു കടന്നുനോക്കി ഞങ്ങൾ. കൊളോണിയൽ കാലത്തെ വിശാലമായ മുറികളിൽ ക്ലാസുകൾ നടക്കുന്നു. സ്വതന്ത്രരായി ചുറ്റിനടക്കുന്ന വിദ്യാർത്ഥികൾ കൗതുകപൂർവ്വം ഞങ്ങളെ നോക്കുന്നുണ്ട്. പുറത്തിറങ്ങിയ ഞങ്ങൾ യൂണിവേഴ്സിറ്റി കെട്ടിടവും നടപ്പാതയിലെ മരങ്ങളും ചേർന്ന് തണൽ വിരിക്കുന്ന വഴിയിലൂടെ അമീർ തിമൂർ മ്യൂസിയത്തിലേക്ക് നടന്നു.  

വലിയൊരു കെട്ടിടമാണ് അമീർ തിമൂർ സ്മാരകം. പക്ഷെ നിർജ്ജനമായിരുന്നു അതിനുൾവശം. 1996-ൽ അമീർ തിമൂറിന്റെ 660-ാം വാർഷികത്തോടനുബന്ധിച്ചാണ് മ്യൂസിയം സ്ഥാപിതമാകുന്നത്. തിമൂറിന്റെ ഇരുണ്ട വശങ്ങൾ കാണാതെ തിമൂറിന്റെ ഭരണനേട്ടങ്ങളെയും സംഭാവനകളെയും പൊലിപ്പിച്ചുകാട്ടി ഉസ്ബെക്കിന്റെ ആധുനിക തിമൂറായി തന്നെതന്നെ അവതരിപ്പിക്കുക എന്ന തന്ത്രമാണ്  സ്വതന്ത്ര ഉസ്ബെക്കിസ്ഥാന്റെ ആദ്യ ഭരണാധികാരിയായ ഇസ്‍ലാം കരിമോവ് പയറ്റിയത്. തിമൂറിനെ മുൻനിർത്തി വളർത്തിക്കൊണ്ടു വന്ന സങ്കുചിത ദേശീയതയായിരുന്നു സ്വതന്ത്ര ഉസ്ബെക്കിനെ കെട്ടുറപ്പോടെ നിലനിറുത്താനും സ്വന്തം അധികാരക്കസേര സുരക്ഷിതമാക്കാനും ഇസ്‍ലാം കരിമോവ് ഉപയോഗിച്ചത്.

സോവിയറ്റ് കാലത്ത് ഉസ്ബെക്കിസ്ഥാന്റെ ദേശീയ പുരുഷനെന്ന നിലയിൽ സോവിയറ്റ് അധികാരികൾ ഉയർത്തികൊണ്ടുവന്നത് 15-ാം നൂറ്റാണ്ടിലെ കവി അലിഷർ നവായി (1441-1501) യെയായിരുന്നു. അഫ്ഗാനിലെ ഒരു പ്രഭുകുടുംബത്തിൽ ജനിച്ച് അവിടെ തന്നെ മരിച്ച നവായി ചഗതായ് ഭാഷാ സാഹിത്യത്തിന്റെ ഏറ്റവും വലിയ പ്രതിനിധിയായാണ് കണക്കാക്കപ്പെടുന്നത്. 1941 ഡിസംബറിൽ സോവിയറ്റ് യൂണിയനിൽ നവായിയുടെ 500-ാം വാർഷികം ആഘോഷിച്ചിരുന്നു.

അമീർ തിമൂർ മ്യൂസിയം / Photo: Kajiurasakurahio
അമീർ തിമൂർ മ്യൂസിയം / Photo: Kajiurasakurahio

നവായിയുടെ മധ്യേഷ്യൻ തുർക്കിക് പാരമ്പര്യം പക്ഷെ തങ്ങളുടേതുമാത്രമായി കാണുന്നു ഉസ്ബെക്കിസ്ഥാൻ. മോസ്കോ അദ്ദേഹത്തെ ഉസ്ബെക്കിസ്ഥാന്റെ പ്രോട്ടോടൈപ്പ് പ്രോലിറ്റേറിയൻ ഐക്കണാക്കി മാറ്റി. ഷേക്സ്പിയറോടും ഡാന്റേയോടും പൊരുത്തപ്പെടുന്ന സാഹിത്യപ്രതിഭയായും ഒരു സോഷ്യലിസ്റ്റ് ഉസ്ബെക്ക് രാഷ്ട്രത്തിന്റെ വരവ് പ്രവചിച്ച ദാർശനികനായുമൊക്കെ അദ്ദേഹം ആഘോഷിക്കപ്പെട്ടു. വിഖ്യാതമായ ഓപ്പറ ഹൗസ് ഉൾപ്പെടെ, താഷ്‌കന്റിലെ സാംസ്കാരിക പ്രാധാന്യമുള്ള മിക്കതിനും അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്.

സ്റ്റാലിനെപ്പോലെ ഒരു നേതാവിന്റെ ഭരണത്തിൻ കീഴിൽ ജീവിച്ച ഒരു ജനതക്ക് യു.എസ്.എസ്.ആറിന്റെ അഭാവത്തിൽ മുന്നോട്ടുപോകാൻ തിമൂറിനെപ്പോലെ ഒരു ദേശീയ പ്രതീകത്തെ വേണമായിരുന്നു.

ഇന്നും ഉസ്ബെക്കുകാർ ദേശീയ കവിയായി നവായിയെ കാണുന്നു. എന്നാൽ സോവിയറ്റ് യുഗത്തിനുശേഷം ഉസ്ബെക്ക് രാഷ്ട്രീയ നേതൃത്വം ദേശീയനേതാവായി നവായിക്കുപകരം തിമൂറിനെ കൊണ്ടുവന്നു. നവായിയെ അവരോധിച്ചതിനും നവായിക്കുപകരം തിമൂറിനെ കൊണ്ടുവന്നതിനും പുറകിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. ശക്തമായ സോവിയറ്റ് ചട്ടക്കൂടിന്റെ ഭാഗമായി നിലനിന്ന സ്റ്റാലിനെപ്പോലെ ഒരു നേതാവിന്റെ ഭരണത്തിൻ കീഴിൽ ജീവിച്ച ഒരു ജനതക്ക് യു.എസ്.എസ്.ആറിന്റെ അഭാവത്തിൽ മുന്നോട്ടുപോകാൻ തിമൂറിനെപ്പോലെ ഒരു ദേശീയ പ്രതീകത്തെ വേണമായിരുന്നു. തിമൂറിഡ് ഭൂതകാലത്തെക്കുറിച്ചുള്ള സുവർണ സമ്പന്നമായ സ്മൃതികൾ വേണമായിരുന്നു. തിമൂറിനെ ചൂണ്ടി തന്റെ ഏകാധിപത്യ പ്രവണതകളെ  ഇസ്‍ലാം കരിമോവിന്  സാധൂകരിക്കേണ്ടതുമുണ്ടായിരുന്നു.

ഒലോയ് ബസാർ
ഒലോയ് ബസാർ

ഉയർന്ന ഒരു തറയിൽ വൃത്താകൃതിയിലാണ് അമീർ തിമൂർ മ്യൂസിയത്തിന്റെ കെട്ടിടം. മുൻപിൽ ജലധാരകൾ. മുകളിൽ മധ്യേഷ്യൻ പരമ്പരാഗത ഇസ്‍ലാമിക് വാസ്തുശെെലിയെ ഓർമ്മിപ്പിക്കുന്ന വലിയ നീല താഴികക്കുടം. കമാനാകൃതിയിലാണ് ജാലകങ്ങളും വാതിലുകളും. വിശാലമായ പടിക്കെട്ടുകൾ കയറി വരാന്ത കടന്ന് ആദ്യമെത്തുന്നത് സെൻട്രൽ ഹാളിലാണ്. അതിനു ചുറ്റുമായി മൂന്നു നിലകളിലായാണ് പ്രദർശന വസ്തുക്കൾ ക്രമീകരിച്ചിരിക്കുന്നത്. തിമൂറിന്റെ ജീവിതം, ഭരണനേട്ടങ്ങൾ, തിമൂറിഡ് സാമ്രാജ്യത്തിന്റെ വിശദാംശങ്ങൾ, ഭൂപടങ്ങൾ, തിമൂറിഡ് വംശാവലി, തിമൂറിന്റെയും പിൻമുറക്കാരുടെ ഛായാചിത്രങ്ങൾ എന്നിവയൊക്കെയാണ് പ്രധാനമായും പ്രദർശിപ്പിച്ചിരിക്കുന്നത്. തിമൂറിന്റെയും തിമൂറിഡ് കാലഘട്ടത്തിലെയും പാത്രങ്ങൾ, ആയുധങ്ങൾ, വസ്ത്രങ്ങൾ, പുരാതന കൈയെഴുത്തുപ്രതികൾ, പെയിന്റിംഗുകൾ, തിമൂറിഡിന്റെ കാലഘട്ടത്തിലെ കൊത്തുപണികൾ എന്നിവയൊക്കെ ഈ ശേഖരത്തിലുണ്ട്. ശാസ്ത്രം, വിദ്യാഭ്യാസം, വ്യാപാരം, സംസ്കാരം, കരകൗശലം, നിയമം എന്നീ മേഖലകളിലൊക്കെ തിമൂറിന്റെ ഭരണകാലം എത്രമാത്രം മുന്നേറിയിരുന്നു എന്ന് സ്ഥാപിച്ചെടുക്കുന്നു ഇവിടത്തെ മൂവായിരത്തിലധികം വരുന്ന പ്രദർശനവസ്തുക്കൾ.

സെൻട്രൽ ഹാളിൽ 14-ാം നൂറ്റാണ്ടിലെ സിറിയയിൽ നിന്നുള്ള ഓട്ടോമൻ ഖുറാന്റെ വലിയൊരു പ്രതിയുണ്ട്. ഉസ്ബെക്കിസ്ഥാനിലെ മികച്ച കലാകാരന്മാർ വരച്ച തിമൂറിന്റെ ജീവിതത്തിലെ വിവിധ ദൃശ്യങ്ങൾ ഹാളിന്റെ ചുവരുകളെ അലങ്കരിക്കുന്നു. വലിയൊരു തൂക്കുവിളക്ക് ഹാളിന്റെ മധ്യഭാഗത്തായി ചിത്രപ്പണികളാൽ അലംകൃതമായ താഴികക്കുടത്തിനുതാഴെ തുങ്ങിക്കിടക്കുന്നു. പ്രദർശനം കണ്ടിറങ്ങിയശേഷം മ്യൂസിയത്തിന്റെ കെട്ടിടത്തിൽ തന്നെയുള്ള ചെറിയൊരു ക്യൂരിയോഷോപ്പിൽ കൂടി കയറി പുറത്തിറങ്ങി ഞങ്ങൾ. പിന്നെ ചത്വരത്തിന് സമീപത്ത് തന്നെയുള്ള തിമൂറിന്റെ തന്നെ പേരിലുള്ള സ്റ്റേഷനിൽ നിന്ന് മെട്രോ കയറി ഒലോയ് ബസാർ എന്ന നഗരത്തിലെ ഒരു വാണിജ്യ കേന്ദ്രത്തിലേക്കെത്തി ഞങ്ങൾ.

വിശപ്പു തുടങ്ങിയിരുന്നു അപ്പോഴേക്കും. ബസാറിന് സമീപത്തുതന്നെയുള്ള ഒരു ഹോട്ടലി‍ൽ ഞങ്ങളെത്തി. ഹിന്ദുസ്ഥാനിൽ നിന്നുള്ള അതിഥികളെ വളരെ ഹൃദ്യമായി തന്നെ സ്വീകരിച്ചു അവരെങ്കിലും ഭാഷ വലിയൊരു പ്രശ്നമായി മാറി. ഞങ്ങളുമായി സംസാരിക്കാൻ ഒരു ചെറുപ്പക്കാരനെ പുറത്തുനിന്ന് കൊണ്ടുവന്നു, പക്ഷെ കാര്യമായ സംഭാഷണങ്ങളൊന്നും ഞങ്ങൾക്കിടയിൽ നടന്നില്ല. ഒടുവിൽ റൊട്ടിയും ചിക്കൻ കറിയും ഗ്രിൽ ചിക്കനും മെനുപുസ്തകത്തിൽ ചൂണ്ടിക്കാണിച്ചു കൊടുത്തു ഞങ്ങൾ. അവിടത്തെ വെെഫെെ കണക്ട് ചെയ്ത് നാട്ടിലേക്ക് വിളിച്ചു.

ബസാറിൽ സ്ത്രീകൾക്കും തുല്യപ്രാതിനിധ്യമുണ്ടായിരുന്നു. പഴങ്ങളും പച്ചക്കറികളും പലചരക്കും മത്സ്യവും മാംസവും കച്ചവടം ചെയ്യാനിരിക്കുന്നവരിൽ പലരും സ്ത്രീകളായിരുന്നു. വളരെ സന്തോഷത്തോടെ അവർ ഞങ്ങളെ സ്വീകരിച്ചു. ‍ഞങ്ങളെ ചൂണ്ടി പലരും തമാശകൾ പറഞ്ഞു. ചിലർ കഴിക്കാനായി പഴങ്ങളും ഭക്ഷണ സാധനങ്ങളും തന്നു. രാത്രി ഭക്ഷണത്തിന് കുറച്ച് പഴങ്ങൾ വാങ്ങി ഞങ്ങൾ മടങ്ങി. ബസാർ കെട്ടിടത്തിനുപുറത്ത് കത്തികളും വാളുകളും വിൽക്കാൻ ഒരു വൃദ്ധനിരിക്കുന്നുണ്ടായിരുന്നു. മനോഹരമായി രൂപ കൽപ്പന ചെയ്ത മധ്യേഷ്യൻ ആയുധങ്ങൾ. സൂക്ഷവും സുന്ദരവുമായ അലങ്കാരപ്പണികളോടുകൂടിയ ഉറകളും പിടികളുണ്ട് അതിന്.

അടുത്ത ലക്ഷ്യം മിനോർ മോസ്ക്കാണ്. സോവിയറ്റാനന്തര ഉസ്ബെക്കിലെ പുതിയ നിർമിതികളിലൊന്ന്. വീണ്ടും മെട്രോ സ്റ്റേഷനിലേക്ക് നടന്നു. YANTEX ആപ്പ് വഴി ടാക്സി ബുക്ക് ചെയ്ത് ചെറിയ ചെലവിൽ യാത്ര ചെയ്യാമെങ്കിലും താഷ്കെന്റ് നഗരജീവിതം അറിഞ്ഞ് ജനങ്ങളെ അടുത്തുകണ്ട് മെട്രോയിലും കാൽനടയായുമാകാം ശേഷിക്കുന്ന യാത്രകളെന്നാണ് തീരുമാനം. കോസ്‌മോണാവ്‌റ്റ്‌ലാർ എന്ന സ്റ്റേഷനാണ് ഒലോയ് ബസാറിന് സമീപത്തുള്ളത്. സ്റ്റേഷനുപുറത്ത് വെച്ച് രണ്ട് ഉസ്ബെക്ക് ഗ്രാമീണർ പരിചിതരെപ്പോലെ കെെവീശി ഞങ്ങൾക്കരികിലേക്ക് വന്നു. ഇന്ത്യക്കാരാണെന്ന് ഉറപ്പുവരുത്തി. ​​കൈ തന്നു, ഒപ്പം നിന്ന് ഫോട്ടോയെടുത്തു.

മെട്രോയിൽ നല്ല തിരക്കുണ്ട്. ജോലികഴിഞ്ഞ് മടങ്ങുന്നവരും വിദ്യാർത്ഥികളും ഒക്കെയുണ്ട്. പലരും സൗഹൃദഭാവത്തിൽ പുഞ്ചിരിക്കുന്നു. ചിലർ ഞങ്ങൾക്കിരിക്കാനായി സീറ്റൊഴിഞ്ഞു തരാൻ സന്നദ്ധരായെങ്കിലും സ്നേഹപൂർവ്വം നിരസിച്ചു. അന്യദേശത്തെ തികച്ചും അപരിചിതമായ വിദൂരനഗരം, ആശയവിനിമയത്തിനുള്ള പ്രയാസങ്ങൾ, ഇതൊക്കെ സൃഷ്ടിക്കുന്ന അന്യതാബോധം എന്നിവയൊന്നും ഒട്ടും അനുഭവപ്പെടേണ്ടിവരില്ല ഒരു ഇന്ത്യൻ സഞ്ചാരിക്ക്, ഉസ്ബെക്കിസ്ഥാനിൽ. ഇന്ത്യൻ സഞ്ചാരികളോട് അത്രമാത്രം സ്നേഹവും ഉദാരതയും പ്രകടിപ്പിക്കുന്നവരാണവർ.

(തുടരും)

Comments