അതിർത്തിയിൽവച്ച് ഗാന്ധി ദാദയും ചോദിച്ചു, എന്റെ മതം

ബംഗാളിലെ ചക്‌ള ഗ്രാമത്തിൽനിന്ന് 'സോനു' എന്നുപേരിട്ട സ്‌കൂട്ടറിൽ ബംഗ്ലാദേശ് അതിർത്തിയിലേക്ക് ഒരു യാത്ര... മഴ നനഞ്ഞും കുഞ്ഞൻ ചായകൾ കുടിച്ചും പലതരം മനുഷ്യരുടെ കഥകൾ കണ്ടും കേട്ടും ബിഭൂതിഭൂഷൻ ബന്ധോപാദ്ധ്യായുടെ പഴയ വീട് തിരഞ്ഞു കണ്ടു പിടിച്ചുമൊക്കെ ഒറ്റക്ക്...

ഞാൻ ബംഗാളിൽ എത്തിയിട്ട് ഒരു മാസത്തോളമായി.
സ്വത്വാന്വേഷണമെന്നോ, ഊരുതെണ്ടലെന്നോ, ഒളിച്ചോടലെന്നോ, ജീവിതാസക്തിയെന്നോ, എന്തു വേണമെങ്കിലും ഈ യാത്രയെ വിളിയ്ക്കാം, ഒന്നും വിളിക്കണമെന്നുമില്ല.

എന്തായാലും ഇവിടെ എത്തിയ കഥ പിന്നെയൊരിക്കൽ പറയാം.
ഇന്ന് കുറേയേറെ കാലത്തിനു ശേഷം കുറച്ചെഴുതാൻ തോന്നിയത് ഞാൻ താമസിക്കുന്ന നോർത്ത് 24 പർഗാനാസിലെ ചക്‌ള എന്ന ഗ്രാമത്തിൽ നിന്ന് പോയ ഒരു ചെറിയ യാത്രയുടെ ആവേശത്തിലാണ്. കാരണമില്ലാതെ അസ്വസ്ഥമായ, ശരിക്കും മൂശേട്ട പിടിച്ച രണ്ടു-മൂന്ന് ദിവസങ്ങൾ കടന്നു പോയപ്പോൾ ഞാൻ എന്നിൽ നിന്നൊന്ന് പുറത്തു കടക്കാൻ തീരുമാനിച്ചു.

ഒരുവിധത്തിൽ നേരത്തെ ഉറങ്ങിയ ഞാൻ പിറ്റേന്ന് രാവിലെ നാലുമണിയോടെ തെളിഞ്ഞുണർന്നു. എങ്ങോട്ടെങ്കിലും പോകണമെന്നു മാത്രം തീരുമാനിച്ച് ചെറിയ ബാഗിൽ അത്യാവശ്യം സാധനങ്ങൾ മാത്രം എടുത്തു വച്ച്, കുളിച്ച് തയ്യാറായി നേരം പുലരാൻ കാത്തിരുന്നു. അഞ്ചു മണിയോടെ വെളിച്ചം വീണു തുടങ്ങി. എവിടേക്കെന്ന് ചിന്തിക്കാതെ വീട്ടിൽ നിന്നിറങ്ങി, ഇവിടെ ഞാനുപയോഗിക്കുന്ന ‘സോനു' എന്ന് പേരുള്ള സ്‌കൂട്ടറെടുത്ത് മുൻപ് കുറച്ചു ദൂരം പോയിട്ടുള്ള എനിക്ക് ഏറെ ഇഷ്ടപ്പെട്ട, തുറന്ന പാടങ്ങളും പച്ചപ്പും ലക്ഷ്യമാക്കി യാത്ര തുടങ്ങി. തഞ്ചത്തിൽ ചോദിച്ചാൽ എന്തും ചെയ്തു തരുന്ന എന്നാൽ പെട്ടെന്നൊന്നും പുതിയ ആളുകളുമായി കൂട്ടു കൂടാത്ത സോനുവാണ് ഇവിടെ എന്റെ സന്തതസഹചാരി.

ഇറങ്ങുമ്പോൾ നല്ല മഴയായിരുന്നു.
റെയിൻകോട്ട് കരുതിയിരുന്നെങ്കിലും എത്രയും പെട്ടെന്ന് യാത്ര തുടങ്ങാനുള്ള പിരുപിരുപ്പിൽ അതിടാതെ കുറച്ചു ദൂരം നനഞ്ഞു തന്നെ പോയി. പിന്നെ കൂറേ ദൂരം പോവാൻ തോന്നിയാൽ നനഞ്ഞുള്ള യാത്ര ബുദ്ധിമുട്ടാവുമെന്ന ബോധമുദിച്ചപ്പോൾ ചക്‌ള- ബോദോർ റോഡിൽ ഒരിടത്ത് നിന്ന് റെയിൻകോട്ടെടുത്തിട്ടു. കുറച്ച് നേരം അവിടെ മഴ കണ്ടു നിന്നു. നെല്ലും ചണവും കൃഷിചെയ്തിരിക്കുന്ന, മീൻ വളർത്തുന്ന കെട്ടുകളുമൊക്കെയുള്ള പച്ചപ്പാടത്ത് മഴ പെയ്യുന്നത് നോക്കിനിന്നപ്പോ തന്നെ മനസ്സ് തണുത്തു തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ മഴയുടെ ശക്തി കുറഞ്ഞു, ഞാനും സോനുവും യാത്ര തുടർന്നു.

ചക്‌ള- ബോദോർ റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കുൽത്തല ബസാർ കടന്നു മുന്നോട്ടുള്ള വഴിയ്ക്ക് മുൻപ് പോയപ്പോൾ ഞാൻ ഒരു ചായക്കടയിലെ ഒർച്ചന ബിസ്വാസ് എന്ന ചേച്ചിയും അവരുടെ പേരക്കുട്ടിയുമായി കൂട്ടുകൂടിയിരുന്നു. ചായ കുടിച്ചു കൊണ്ട് ഗൂഗിൾ മാപ്പ് തുറന്ന് എങ്ങോട്ടു പോകണമെന്ന് തീരുമാനിക്കാം എന്നാണ് കണക്കുകൂട്ടി അങ്ങോട്ട് തിരിഞ്ഞു. ചക്‌ളയിൽ നിന്ന് ഏകദേശം 10 കീ മി ദൂരത്തിൽ ‘നൂതൊൻഹാട്ട്' എന്ന സ്ഥലത്തായിരുന്നു എന്റെ കൂട്ടുകാരിച്ചേച്ചിയുടെ ചായക്കട. ചായക്കടയുടെ മുന്നിൽ നിന്നിരുന്ന ചേച്ചിയോട് ‘ചാ ഹോബേ?' (ചായയുണ്ടോ?) എന്നു ചോദിച്ചു കൊണ്ട് വണ്ടി നിർത്തി. മിക്ക ബംഗാളിച്ചായക്കടകളുടെയും ഐശ്വര്യമായ വയസ്സന്മാരുടെ സംഘം ആ മഴയത്തും രാവിലെ തന്നെ ബെഞ്ചുകളിൽ ഇടം പിടിച്ചിരുന്നു. വളരെ സ്‌നേഹത്തോടെ എനിക്കും ഇരിക്കാനവർ ഇടം തന്നു. ഇവിടുത്തെ കുഞ്ഞൻ ചായകൾ ഒന്നു കൊണ്ട് ഒരിക്കലും മതിയാവാത്തതു കൊണ്ട് എപ്പോഴും ആദ്യം തന്നെ രണ്ടു ചായ തരൂ എന്ന് പറഞ്ഞ് ശീലിച്ചു ഞാൻ. ചേച്ചി ചായയുണ്ടാക്കി കൊണ്ടിരുന്നപ്പോൾ കൂട്ടത്തിലെ ഒരു അപ്പൂപ്പൻ എന്നോട് ചോദിച്ചു; എന്റെ ജോലി ‘സിവിൽ' ആണോ അതോ ‘ആർമ്ഡ്' ആണോന്ന്.

എന്തോ കാരണവശാൽ പലയിടത്തും പൊലീസുകാരിയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതു കൊണ്ട് ഞാൻ സേഫ് ആയിത്തോന്നിയ ‘സിവിൽ' എന്നു പറഞ്ഞു, ഇവിടെ സിവിൽ പൊലീസ് ഉള്ളത് അപ്പൂപ്പൻ കൂട്ടുകാരോട് ഒരു വിജയഭാവത്തിൽ, ‘ഈക്കുട്ടി സിവിൽ പൊലീസ് ആണ്​’ എന്ന്​വിശദീകരിച്ചപ്പോഴാണ്. തെറ്റു തിരുത്താനുള്ള ഭാഷ വശമില്ലാത്തതു കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ ഇത്തിരി ഗൗരവത്തോടെ ചായ കുടിച്ചു. ഇതിനിടയിൽ ഗൂഗിൾ മാപ്പ് തുറന്നു. അപ്പോഴാണ് ഈ വഴി അങ്ങനെ പോയാൽ ബംഗ്ലാദേശ് അതിർത്തിയിൽ ചെന്നെത്താമെന്ന് കണ്ടത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ പെട്രോപോൾ ആണ് ബംഗ്ലാദേശിലേക്ക് കടക്കാവുന്ന ഈ സ്ഥലം. ഹബ്ര എന്ന പട്ടണം, ജില്ല ആസ്ഥാനമായ ബോൺഗാവ് എന്നീ സ്ഥലങ്ങൾ കടന്നു വേണം അവിടെയെത്താൻ. 50 കീ മീ ദൂരം. ഉറപ്പിച്ചു. ഒരിടം വരെ പോവുകയാണെന്നു മാത്രം പറഞ്ഞാണ് താമസിക്കുന്നയിടത്തു നിന്ന് ഇറങ്ങിയത്. ചക്‌ളയിലെ കൂട്ടുകാരന് പെട്രോപോൾ ആണ് ലക്ഷ്യം എന്നു പറഞ്ഞു മെസ്സേജ് അയച്ചു.

കഴിഞ്ഞ ദിവസം കുറച്ച് സാധനങ്ങൾ വാങ്ങാനായി ഭീകരമായ തിരക്കുള്ള ഹബ്ര പട്ടണത്തിലൂടെ ഒരു റെയിൽവെ ക്രോസ്സിംഗും കടന്ന് NH 112 ലേക്ക് കടന്നത് സ്‌കൂട്ടർ ഓടിച്ചു തുടങ്ങിയിട്ട് രണ്ടു മാസം മാത്രമായ എന്റെ പേടിസ്വപ്നവും ഗ്രാഡ്വേഷനും ഒരുമിച്ചായിരുന്നു.

ഹബ്രയിൽ വച്ച് NH 112 ലേക്ക്

ഡ്രൈവിംഗ് ലൈസൻസ് തരുന്നതിന് രണ്ടു പരീക്ഷകളും കൂടി നിർബന്ധമാക്കണമെന്ന് മോട്ടോർ വെഹിക്കൾ വകുപ്പിന് കത്തെഴുതാനിരിക്കുകയാണ് ഞാൻ. ഒന്ന് ഹബ്രയിലൂടെ ഒരു കീ മീ അങ്ങോട്ടും ഇങ്ങോട്ടും വണ്ടിയോടിയ്ക്കുക. രണ്ടാമത്തേത്, 30 കീ മീറ്ററിൽ കുറയാത്ത വേഗത്തിൽ മൂക്ക് ചൊറിയാൻ സാധിയ്ക്കുക. എന്തായാലും ഈ യാത്ര അതിരാവിലെയായതു കൊണ്ട് ‘വലിയ' തിരക്കില്ലാതെ ബോൺഗാവിലേക്കുള്ള റോഡിലേക്ക് കടന്നു.

വിശന്നു തുടങ്ങിയിരുന്നു. ബോൺഗാവ് എത്തുന്നതിനു ഏകദേശം 14 കീ മീ മുൻപുള്ള ഗായിഘാട്ട എന്ന സ്ഥലത്തെത്തിയപ്പോൾ ഒരിടത്ത് ലുച്ഛി ചുടുന്നത് കണ്ടപ്പോൾ സോനു അവിടെ നിന്നു, കഴിച്ചിട്ടേ ഇനി മുന്നോട്ടുള്ളുവത്രെ. പാലു കൊണ്ടുള്ള പലതരം മിഠായികളും ചൂടുള്ള ലുച്ഛിയും (മൈദ കൊണ്ടുണ്ടാക്കുന്ന പൂരി പോലുള്ള ഒരു പലഹാരം) കറിയും വിൽക്കുന്ന ഒരു കടയായിരുന്നു അത്. പത്തു രൂപയ്ക്ക് മൂന്ന് കുഞ്ഞൻ ലുച്ഛിയും ഒരു ഇലപ്പാത്രത്തിൽ ഉരുളക്കിഴങ്ങ് കറിയും തന്നു. മധുരമെന്തെങ്കിലും വേണോ എന്നു ചോദിച്ചപ്പോൾ ഒരു കുഞ്ഞു പാത്രം രസ്മലായിയും വാങ്ങിക്കഴിച്ചു. വയറു നിറഞ്ഞപ്പോൾ സോനു ഹാപ്പി, ഞാനും.

ലുച്ഛിയും കറിയും

ഗായിഘാട്ടയിൽ നിന്ന് ബോൺഗാവിലേക്കുള്ള വഴി വിവരിക്കാനുള്ള വാക്കുകൾ എന്റെ കൈയ്യിലില്ല. നൂറ് വർഷമെങ്കിലും പ്രായമുള്ള, ഇളംപച്ച നിറമുള്ള പന്നൽച്ചെടികൾ വളർന്നു തിങ്ങിയ വന്മരങ്ങൾ റോഡിനു മുകളിൽ പച്ചഷാമിയാന വിരിച്ചു നിന്നു. ചിലയിടങ്ങളിൽ കാർമേഘങ്ങൾ നീങ്ങി സൂര്യൻ ഒളിമിന്നിച്ചു. പലയിടത്തും ഞാൻ അന്തംവിട്ട് കുന്തംവിഴുങ്ങി നിന്നു. പാടത്തിന്റെ ഒരു വശത്തായി മുളകൊണ്ട് പണിത ഒരു ഭംഗിയുള്ള ചായക്കട കണ്ടു, അകത്തേക്കുള്ള ഒറ്റനോട്ടത്തിൽ ചായയുണ്ടാക്കുന്ന ഒരു സുന്ദരിച്ചേച്ചിയും.

രസ്മലായി

സോനു വീണ്ടും ഒറ്റനിൽപ്പ്. ചായ കുടിച്ചിട്ടേ ഇനി മുന്നോട്ടുള്ളൂന്ന്. സോനുവിന്റെ ഇഷ്ടം എന്റെയും. ചേച്ചിയോട് ചിരിച്ചു കൊണ്ട് പുറത്തെ ബെഞ്ചിലിരിയ്ക്കാൻ തുടങ്ങിയ എന്നോടവർ ‘ജൊയ് രാധേ, ജൊയ് ഹരി' എന്ന് പറഞ്ഞു കൊണ്ട് മനോഹരമായി ചിരിച്ചു. അകത്തേക്കിരിക്കൂ മോളേ എന്നും. ഞാൻ ‘ദീദി, ദൂട്ടോ (രണ്ട്) ചാ' എന്ന് പറഞ്ഞു കൊണ്ട് അകത്തേക്ക് കടന്നു. വഴി കാണാൻ പാകത്തിനിരുന്നു. ചേച്ചി നല്ല പാലിൽ ഉണ്ടാക്കിയ (ഇവിടെ പല ചായക്കടകളിലും പാൽപ്പൊടിയുപയോഗിച്ചാണ് ചായയുണ്ടാക്കുന്നത്) ചൂട് ചായ തന്നു. പുറത്തെ ചെറിയ മഴയും വഴിയാത്രക്കാരെയും കണ്ട് കൊണ്ട് ഒന്നു കുടിച്ചു കഴിഞ്ഞപ്പോൾ ചൂടോടെ അടുത്തതും തന്നു. ഞാൻ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ സൈക്കിളിൽ വന്ന ഒരു പാൽക്കാരൻ അപ്പോൾ കറന്ന ആവിപറക്കുന്ന പാലുമായി വന്ന് ചേച്ചിയ്ക്ക് അളന്നു കൊടുത്തു.

പിന്നെയൊരമ്മൂമ്മ ‘ജൊയ് രാധേ, ജൊയ് ഹരി' എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് കടന്നു പോയി. സോനുവിന് സമാധാനമായി എന്നു കണ്ടപ്പോൾ ഞാൻ വീണ്ടും അവനെയും കൂട്ടിയിറങ്ങി. നല്ല റോഡായിരുന്നതു കൊണ്ട് വേഗത്തിൽ പോകാമായിരുന്നെങ്കിലും വഴിയാസ്വാദിച്ച് വളരെപ്പതുക്കെയാണ് ഞങ്ങൾ യാത്ര തുടർന്നത്.

ബോൺഗാവിലേക്ക് കടക്കുമ്പോൾ തന്നെ റോഡ് മോശമാണെന്നും നല്ല തിരക്കാണെന്നും മനസ്സിലായി. മൂത്രമൊഴിക്കാൻ എന്താ വഴിയെന്നാലോചിച്ചു തുടങ്ങിയപ്പോൾ തന്നെ ഒരു പൊതുടോയ്‌ലറ്റ് കണ്ടു. കയറിനോക്കിയപ്പോൾ അത്യാവശ്യം വൃത്തിയുള്ള ഒന്ന്. ആശ്വാസം. തിരക്കുള്ള റോഡുകളിൽ എന്റെ പരിചയക്കുറവ് കാരണം മറ്റുള്ള വണ്ടിക്കാരുടെ തെറി പ്രതീക്ഷിച്ചാണ് വണ്ടിയോടിച്ചതെങ്കിലും വിചാരിച്ചതിലും നന്നായി ആ വഴികളിലൂടെ വണ്ടിയോടിയ്ക്കാൻ എനിക്ക് കഴിഞ്ഞു. ബോൺഗാവിൽ ഇച്ഛാമതി നദിയ്ക്ക് കുറുകെയുള്ള വളരെ പഴക്കമുള്ള ഇരുമ്പുപാലം കടന്ന് പെട്രോപോൾ റോഡിലേക്ക് കയറി. അതിർത്തിയിലേക്ക് ഇനി അഞ്ചു കീ മീ മാത്രം. ഹബ്ര മുതൽക്കു തന്നെ ഈ ദിശയിലേക്ക് ചരക്കുലോറികൾ ധാരാളമുണ്ടായിരുന്നു.

ഇച്ഛാമതി നദിയ്ക്ക് കുറുകെയുള്ള ഇരുമ്പുപാലം

ബസുകൾ, കാറുകൾ, ബൈക്കുകൾ, സൈക്കിളുകൾ, ടോട്ടോകൾ, എഞ്ചിൻ ബാൻ എന്ന് പറയുന്ന മോട്ടോർസൈക്കിളിന്റെ മുൻ വശവും കറക്കി സ്റ്റാർട്ടാക്കുന്ന എഞ്ചിനും ഒക്കെ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക വണ്ടികൾ, സൈക്കിളിൽ ചരക്കു കൊണ്ടു പോകാൻ പാകത്തിന് പലകയടിച്ച വണ്ടികൾ, കാൽനടക്കാർ ഒക്കെ കൂട്ടിനുണ്ടായിരുന്നു. പെട്രോപോൾ എത്തുന്നതിന് തൊട്ടു മുൻപ് സോനുവിന് ചെറിയ ദാഹമുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ഒരു പെട്രോൾ പമ്പിൽ കയറി. സോനുവിന്റെ പള്ള നിറച്ചോളാൻ അവിടുത്തെ ചേട്ടനോട് പറഞ്ഞു. പെട്രോൾ നിറയ്ക്കുന്നതിനിടയിൽ ഞാനെവിടുന്നാണെന്നും ഒറ്റയ്ക്ക് കറങ്ങാൻ വന്നതാണോയെന്നും ചേട്ടൻ ചോദിച്ചറിഞ്ഞു. കേരളത്തിൽ മുസ്​ലിമുകളുണ്ടോ, നിറയെ ഉണ്ടോ എന്നായി അടുത്ത സംശയം. നിറയെ ഉണ്ടെന്ന് പറഞ്ഞപ്പോ എന്റെ മതമേതാണെന്ന് ചോദിച്ചു. എനിക്ക് മതമില്ല, വെറും ‘മാനുഷ്' ആണെന്ന് പറഞ്ഞപ്പോ ഉറക്കെയുറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു, ‘‘എന്റെ പേര് ജഹാംഗീർ ഷാ ആലം. മോളെയെനിക്കിഷ്ടായി. തിരിച്ചു വരുമ്പോൾ ഇതു വഴി കയറിയിട്ട് പോണം.''
ശരിയെന്ന് തലക്കുലുക്കി ഞാൻ അവിടുന്നിറങ്ങി.

ബോൺഗാവിൽ നിന്ന് പെട്രോപോളിലേക്കുള്ള വഴി

പെട്രോപോൾ അടുത്തപ്പോൾ പൊലീസിന്റെയും പട്ടാളത്തിന്റെയും സാന്നിദ്ധ്യം ധാരാളമായി കണ്ടു തുടങ്ങി. ഞാൻ സോനുവിനെ ഒരു കടയിൽ ഏൽപ്പിച്ച് അതിർത്തിയിലേക്കുള്ള ഒരു കീലോമീറ്ററോളം നടക്കാൻ തീരുമാനിച്ചു. സോനുവിനെ കുറച്ച് നേരത്തേക്കാണെങ്കിലും പിരിയാൻ ഇഷ്ടമുണ്ടായിട്ടല്ല, കാഴ്ച്ചകൾ കാണാനുള്ള എളുപ്പമോർത്ത് ചെയ്തതാണ്. പുതിയ ലാൻഡ്‌പോർട്ടിന്റെ നിർമാണവും, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ ആസ്ഥാനവും, പെട്രോപോൾ പോലീസ് സ്റ്റേഷനുമൊക്കെ കടന്നു മുന്നോട്ട് പോയപ്പോൾ ഏറ്റവും ശ്രദ്ധയിൽപ്പെട്ടത് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുലോറികളും പലഭാഷകളിൽ അങ്ങോട്ടുമിങ്ങോടും സംസാരിക്കുന്ന അവയുടെ ഡ്രൈവർമാരും കിളികളുമാണ്.

അതിർത്തിയ്ക്ക് തൊട്ടു മുൻപ് നല്ലൊരു ചായക്കട കണ്ടപ്പോൾ അവിടേയ്ക്ക് കയറി. കഥകൾ കേൾക്കാൻ പറ്റിയ സ്ഥലങ്ങളാണ് ഈ കുഞ്ഞുക്കടകൾ. പാൽച്ചായ വേണോ ലിക്കർ ചായ (കട്ടൻ ചായ) വേണോയെന്ന് കടയിലെ ദാദ (ചേട്ടൻ) ചോദിച്ചപ്പോൾ, ഒരു ലിക്കർ ചായ മതീന്ന് പറഞ്ഞു. കുരുമുളകിടട്ടേയെന്ന് ബാംഗ്‌ളയിൽ ചോദിച്ചത് എനിക്ക് മനസ്സിലാവാഞ്ഞപ്പോൾ ഒരു കുപ്പിയിലിരിക്കുന്ന കുരുമുളകെടുത്ത് കാണിച്ചു കൊണ്ട് ചോദ്യം ആവർത്തിച്ചു. ശരിയെന്ന് പറഞ്ഞു ഞാൻ ബെഞ്ചിലിരുന്നു. ഒരു ചെറിയ പായ്ക്കറ്റ് ചിപ്‌സുമെടുത്തു. ഹിന്ദിയിൽ സംസാരിച്ചപ്പോൾ ചായക്കടയിലെ ചേട്ടൻ ഭംഗിയായി ഹിന്ദിയിൽ മറുപടി പറഞ്ഞു. നന്നായി ഹിന്ദി പറയുന്നണ്ടല്ലോ ദാദാ എന്ന് പറഞ്ഞപ്പോ പലദിക്കിൽ നിന്നുള്ള ആളുകളോട് സംസാരിക്കുന്നതു കൊണ്ടാണെന്ന് പറഞ്ഞു അദ്ദേഹം ചിരിച്ചു. ഞാൻ ചായകുടിച്ചു കൊണ്ടിരുന്നപ്പോൾ അന്യസംസ്ഥാനത്തു നിന്ന് വന്ന ഒരു ഡ്രൈവർ വന്ന് ഹിന്ദിയിൽ ചേട്ടന്റെ പരിചയത്തിൽ അതിർത്തി കടക്കാൻ ഒരു വണ്ടിക്കാരനെ കിട്ടുമോന്ന് ചോദിച്ചു.

ദാദ പറഞ്ഞു കുറച്ച് മാറി ജംഗ്ഷനിൽ ധാരാളം വണ്ടിക്കാരെ കിട്ടും, ഞാനിതിൽ ഇടപെടില്ല, വല്ലതും കള്ളക്കടത്തു നടത്തിയാൽ ഞാനും പെടില്ലേ? എനിക്ക് ചായ വിറ്റുള്ള വരുമാനം മതി. എന്റെ മകനെ ഞാനീ പണിയ്ക്ക് വിടില്ലല്ലോ, അപ്പോ ഞാനെങ്ങനെയാ മറ്റു ചെറുപ്പക്കാരെ അതിനു വിളിയ്ക്കുക എന്നൊക്കെ പറഞ്ഞു. എന്നിടെന്നോട് പറഞ്ഞു സ്വർണം മുതൽ തലമുടി വരെ ഇവിടെ കള്ളക്കടത്ത് നടത്തുന്നുണ്ടെന്ന്.

പെട്രോപോളിലേക്ക്

കുറച്ച് സംസാരിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ പേരു ചോദിച്ചു.
‘ഗാന്ധി മോണ്ഡാൽ'.
ഗാന്ധി വളരെ അപൂർവ്വമായ പേരാണല്ലോയെന്ന് പറഞ്ഞപ്പോൾ, ഗാന്ധിജിയെ വലിയ ഇഷ്ടമായിരുന്ന അമ്മൂമ്മയാണ് തനിക്കാ പേരിട്ടതെന്ന് പറഞ്ഞു. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കു താമസിക്കുന്നതും അങ്ങനെ കുറേയേറെ കുടുംബവിശേഷങ്ങളും പറഞ്ഞു. ഗാന്ധി ദാദയും എന്റെ മതം ചോദിച്ചു. വീണ്ടും വെറും ‘മാനുഷ്' ആണെന്ന് പറഞ്ഞപ്പോ, അല്ല നമ്മളെല്ലാവരും മനുഷ്യരാണെങ്കിലും എന്തിലെങ്കിലുമൊക്കെ വിശ്വാസം വേണ്ടേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എല്ലാത്തിലും വിശ്വാസമുണ്ട്, പ്രകൃതിയുടെ ശക്തിയെ, ഊപ്പർവാലയെ (മുകളിലുള്ളവനെ) എന്തു പേരിൽ വിളിച്ചാലും വിശ്വാസമുണ്ടെന്ന് പറഞ്ഞു.

ഗാന്ധി മൊണ്ഡാൽ ദാദയുടെ ചായക്കട

പതിവു പോലെ കേരളത്തിലെ സാക്ഷരതയെ കുറിച്ച് സംസാരിച്ചു. രാജീവ് ഗാന്ധിയെ കൊന്നത് എവിടുത്തുകാരാണെന്നു ചോദിച്ചു കൊണ്ട് പറഞ്ഞു, എല്ലാവർക്കും ‘പൊയിസ' (പണം) ആണ് വേണ്ടതെന്ന്. അതിർത്തി കണ്ടിട്ട് വരാമെന്ന് പറഞ്ഞു ഞാൻ മുന്നോട്ട് നടന്നു. അതിർത്തിയ്ക്കടുത്തെത്തിയപ്പോൾ ഞാൻ ലോറിക്കാരുടെ ഭാഗത്തേക്ക് റോഡ് മുറിച്ചു കടന്നു. അതിർത്തിയോട് ചേർന്ന് ലോറിക്കാരുടെ ലോകമാണ്. അവർക്ക് താമസിക്കാനുള്ള ലോഡ്ജുകൾ, പലതരം ഭക്ഷണം കിട്ടുന്ന കടകൾ, ചരക്ക് ബുക്കിംഗ് ഓഫീസുകൾ അങ്ങനെയങ്ങനെ. അതിർത്തിയിൽ ഒരു ഉയർന്ന ക്യാബിനിൽ ഇരുന്ന പോലീസുകാരൻ ബോർഡർ കാണാൻ വന്നതാണെങ്കിൽ അവിടെ നിന്ന് കണ്ടോളൂ എന്നു പറഞ്ഞ് കുറച്ചകലേക്ക് ചൂണ്ടിക്കാണിച്ചു.

പെട്രോപോൾ ബസാർ

തങ്ങളെ സന്ദർശിച്ച് ബംഗ്‌ളാദേശിലേക്ക് മടങ്ങുന്ന ബന്ധുക്കളെ യാത്രയാക്കാൻ വന്ന കുടുംബങ്ങളെ കണ്ടു. രേഖകൾ പരിശോധിക്കുന്ന ഓഫീസർമാരെയും തോക്കു പിടിച്ചു നിൽക്കുന്ന പട്ടാളക്കാരേയും നോക്കെത്താദൂരത്തേക്ക് നീളുന്ന ചരക്കുലോറികളുടെ നിരയും കണ്ടും. മനുഷ്യൻ കടലാസിൽ വരച്ചുണ്ടാക്കിയ അതിർത്തികളെ കുറിച്ചും, യുദ്ധത്തെ കുറിച്ചും, യുദ്ധകാലത്തെ കൂട്ടപലായനങ്ങളെ കുറിച്ചുമോർത്തു. ജെസ്സോറിലേക്ക് ഇവിടുന്ന് 50 കീ മീറ്ററിൽ കുറഞ്ഞ ദൂരമല്ലെയുള്ളുവെന്നും. ഈ ചിന്തകളിൽ മുഴുകി ഞാൻ തിരിച്ചു നടന്നു. വീണ്ടും ഗാന്ധിദാദയുടെ കടയിൽ നിന്ന് ഒരു ചായ, ഇത്തവണ ഒരു ഗംഭീരൻ പാൽച്ചായ കുടിച്ച് കുറച്ച് കഥകളും കൂടി പറഞ്ഞ്, ഇനിയൊരിക്കൽ കാണാമെന്ന് പറഞ്ഞ്, ക്ഷമയോടെ കാത്തു നിന്നിരുന്ന സോനുവിന്റെ അടുത്തേക്ക് മടങ്ങി.

ബിഭൂതിഭൂഷൻ ബന്ധോപാദ്ധ്യായുടെ പഴയ വീട് നിന്നിരുന്ന ഇടത്ത് ഇപ്പോഴുള്ള ചെറിയ മ്യൂസിയം

മടക്കയാത്രയിൽ ബാരക്ക്പ്പൂർ വഴി പോയി ബിഭൂതിഭൂഷൻ ബന്ധോപാദ്ധ്യായുടെ പഴയ വീട് തിരഞ്ഞു കണ്ടു പിടിച്ച്, ബോൺഗാവ് ഒഴിവാക്കി ഹബ്രയിൽ നിന്ന് ഹൈവേ കയറാതെ മനോഹരമായ ഉൾവഴികളാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. കഥകൾ ഇനിയും ബാക്കി. പിന്നീടൊരിക്കൽ എഴുതാം. അതു വരെ കാര്യമായി മഴ നനയാതെ ശ്രദ്ധിച്ച ഞാനും സോനുവും അവസാനത്തെ 15 കീ മീറ്റർ മുഴുവനും മഴ നനഞ്ഞ്, നൂതൊൻഹാട്ടിലെ ഒർച്ചനച്ചേച്ചിയുടെ അടുത്ത് നിന്ന് ചായയും കുടിച്ചാണ് തിരിച്ച് ചക്‌ളയിലെത്തിയത്. ശുഭം!

Comments