വാക്കോടൻ മല. / Photo : Fb Page, AK Ajayagodson.

വാക്കോടൻ മല മുതൽ സൗദി മരുഭൂമി വരെ​;ഒരു സഹസഞ്ചാര വിചാരം

​ടൂറിസ്റ്റുകൾക്ക് എല്ലാം പാക്കറ്റിൽ കിട്ടും. സാഹസികത അടക്കം. അതെല്ലാം പാക്കേജ് ടൂറിൽ ഉൾപ്പെട്ടിട്ടുണ്ട്. പക്ഷെ സഞ്ചാരി/യാത്രികർ എല്ലാം നേടിയെടുക്കുന്നത് തന്നിലൂടെ തന്നെയാണ്. അതിനെയാണ് സഹസഞ്ചാരം എന്നു വിളിക്കുന്നത്.

1987-ൽ 35 വർഷം മുമ്പ്​, ഞങ്ങൾ മൂന്നുപേർ വാക്കോടൻ മല കയറാൻ പോയി. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലെ വാക്കോടന്റെ വിടവുകളിലൂടെയും വെളിച്ചപ്പൊത്തുകളിലൂടെയും അള്ളിപ്പിടിച്ച് മലകയറുകയും ഇറങ്ങുകയും ചെയ്യുക. ഇതാണ് പദ്ധതി. വിടവുകളും വെളിച്ചപ്പൊത്തുകളും കൈകളും കാലുകളും ഉപയോഗിച്ച് മനുഷ്യന് മലകയറാനുള്ളതാണെന്ന് എവിടെയോ വായിച്ചോ അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞതുകേട്ടോ ആണ് ഈ യാത്രയ്ക്കൊരുങ്ങുന്നത്. കാട്ടുയാത്രകളും അതോടുചേർന്നുള്ള മലകയറ്റങ്ങളും അതിനുമുമ്പുണ്ടായി എന്നതാണ് ഇത്തരമൊരു കൃത്യത്തിന് എന്നെ പ്രേരിപ്പിച്ചത്. പശ്ചിമഘട്ടത്തിന്റെ ചില ഭാഗങ്ങൾ, നാട്ടിലെ ചെറുതും ഇടത്തരത്തിലുമുള്ളതുമായ മലകൾ- കൃത്യമായി ചവിട്ടുവഴിയുള്ളവ- അങ്ങനെയുള്ള യാത്രകളാണുണ്ടായിട്ടുള്ളത്. വാക്കോടനും ചവിട്ടുവഴിയുണ്ടെന്നാണ് കിട്ടിയ വിവരം. അതു പറഞ്ഞത് വാക്കോടന്റെ താഴ്​വാരത്ത് ജനിച്ചുവളർന്ന സെബാസ്റ്റ്യനാണ്.

ചവിട്ടുവഴി എന്നാൽ വിടവുകളും വെളിച്ചപ്പൊത്തുകളും ചേർന്നതാണ്. താഴെ ചവിട്ടുമ്പോൾ കൈ കൊണ്ട് ഈ പറഞ്ഞ സുരക്ഷാ പഴുതുകളിൽ പിടിച്ചുവേണം നീങ്ങാൻ. ഞാനും സെബാസ്റ്റ്യനും റെഡി. മൂന്നാമത്തേയാൾ ആലപ്പുഴയിലെ പുന്നപ്രയിൽ നിന്നുള്ള ഹാരിസാണ്. അയാൾ അൽപമെങ്കിലും പരിചയിച്ചിട്ടുള്ള ‘വിദേശ' പ്രകൃതി കുട്ടനാടിന്റേതാണ്. വെള്ളം അയാൾക്ക് പ്രശ്‌നമില്ല. എത്ര വേണമെങ്കിലും നീന്താം. മലകയറ്റം ഞങ്ങളെ രണ്ടുപേരെയും വിശ്വസിച്ചാണ്. പിന്നീട് ഡോക്ടറായ ഹാരിസിനെ ഒരിക്കൽ കൗമാരകാലത്ത് തേക്കടി യാത്രയ്ക്കിടെ പരിചയപ്പെട്ടതാണ്. അയാൾ മലബാറു കാണാൻ വന്നതാണ്.

Photo : Fb Page, Basheer Kanhirapuzha. ​

അങ്ങനെ അയാൾക്ക് നൽകിയ വിരുന്നായിരുന്നു വാക്കോടൻ മലകയറ്റം. രാവിലെ മല കയറി. ഒരു മുന്നൊരുക്കവുമില്ല. കുടിവെള്ളം പോലുമില്ല. കയറ്റം വിചാരിച്ച പ്രശ്നങ്ങളൊന്നുമുണ്ടാക്കിയില്ല. പക്ഷെ വിചാരിച്ചതിനേക്കാൾ കൂടുതൽ സമയമെടുത്തു. മുകളിലെത്തുമ്പോൾ അണച്ച് മൂന്നുപേരും ഒരു പരുവമായി. എങ്കിലും അത്രയും മുകളിൽനിന്ന് കാഞ്ഞിരപ്പുഴയും അണക്കെട്ടും കാണുന്നത് ശരിക്കും ഹരം തന്നെയായിരുന്നു. കുറച്ചുനേരം മുകളിലിരുന്നു. വിശപ്പും ദാഹവുമുണ്ട്. ഹാരിസിന്റെ കൈയിൽ ഒരു പായ്ക്കറ്റ്​ ബിസ്​ക്കറ്റുണ്ടായിരുന്നുവെന്ന് തോന്നുന്നു. ഏതായാലും കുറച്ചുനേരം ഇരുന്ന് വിശ്രമിച്ചപ്പോൾ ഇനി ഇറങ്ങാം എന്ന് തീരുമാനമായി. കയറിയ വഴി ദൂരം കൂടുതലാണെന്നും ഇറങ്ങാൻ ദൂരം കുറഞ്ഞ കുറുക്കുവഴിയുണ്ടാകുമെന്നുമുള്ള സിദ്ധാന്തം ഞാനാണ് മുന്നോട്ടുവെച്ചത്. മല നേരെ കീഴോട്ടിറങ്ങുക.

കേവലമായ സാഹസികതയ്ക്കുള്ള ശ്രമങ്ങളെ പ്രകൃതിയുമായുള്ള സഹസഞ്ചാരമാക്കാൻ എല്ലാവർക്കും പ്രത്യേകിച്ച് യുവതലമുറയ്ക്ക് കഴിയുകയാണെങ്കിൽ നല്ലതാണ്.

അതിന്റെ ഉയരക്കൂർപ്പിലൂടെ ഒന്നും നോക്കാതെ ഉതിർന്നിറങ്ങും പോലെ ഇറങ്ങുക. പത്ത് മിനുട്ടുകൊണ്ട് താഴെയെത്താം. ഇങ്ങനെ ആവർത്തിച്ച് പറഞ്ഞ് മറ്റു രണ്ടുപേരെയും അതിന് സന്നദ്ധരാക്കി. അങ്ങനെ വാക്കോടനിറങ്ങാൻ തുടങ്ങി. ആദ്യത്തെ പത്തടിയോളം കുഴപ്പമില്ലാതെ പോയി. പിന്നെ ഇറങ്ങാനും വയ്യ, തിരിച്ചുകയറാനും വയ്യ. അള്ളിപ്പിടിച്ചുനിൽക്കാനും വയ്യ. കാൽതെറ്റി താഴേയ്ക്കുവീഴും. പുല്ലിലോ മരത്തിന്റെ കൊമ്പിലോ പിടികിട്ടും. അങ്ങനെ തങ്ങിനിൽക്കും പോലെ കുറച്ചുനേരം. വീണ്ടും പിടിവിട്ട്​ താഴേയ്ക്ക്. ഒരുഘട്ടത്തിൽ കുറച്ചടികൾ താഴേയ്ക്ക് ഊർന്നുപോന്നുകൊണ്ടിരിക്കെ പാറയിടുക്കിൽ കാൽ കുത്തി. മറ്റുള്ള രണ്ടുപേരും എന്റെ ആ നിൽപ്പിൽ വന്നു മുട്ടിനിന്നു, ശ്വാസം പിടിച്ച്. ഒടുവിൽ എത്രയോ സമയത്തെ ഊർന്നിറങ്ങലുകൾക്കും അള്ളിപ്പിടിക്കലുകൾക്കും മറിഞ്ഞുവീഴലുകൾക്കും ശേഷം ഒടുവിൽ താഴെയെത്തി. ശരീരം അപ്പടി മുറിവും ചതവുമായി. ഞങ്ങൾ താഴെയെത്തുമ്പോൾ അവിടെയുണ്ടായിരുന്ന കുറച്ചുപേർ ഓടിക്കൂടി. ഞങ്ങൾ മലകയറാൻ പോകുന്നത് കണ്ടവരായിരുന്നു അവർ. ഇറങ്ങാൻ പാടില്ലാത്ത വഴിയിലൂടെ ഞങ്ങൾ ഇറങ്ങുന്നതും അവർ കണ്ടിരുന്നു. കുഴപ്പമില്ലാതെ താഴെയെത്തും എന്നു വിചാരിച്ച് അവർ ഇരുന്നു. അക്കാലത്ത് ഫയർഫോഴ്‌സുകാർ പാലക്കാട്ടുനിന്ന്​ വരണം. ഒന്നരമണിക്കൂർ എടുക്കും. മറ്റൊരാളുമായും ആശയവിനിമയം നടത്താൻ ഒരു വഴിയുമില്ല. അതിനുള്ള സാങ്കേതികവിദ്യയൊന്നും അന്നില്ലല്ലോ. താഴെയിറങ്ങുമ്പോൾ കണ്ട കൂട്ടത്തിലൊരാൾ പറഞ്ഞത് ഇപ്പോഴും ഓർമയിലുണ്ട്​, ആയുസ്സിൽ നിന്ന് പത്തുവർഷം കുറഞ്ഞു എന്നു കൂട്ടിക്കോളൂ.

ആ യാത്രയെക്കുറിച്ച് ‘കാഞ്ഞിരപ്പുഴയുടെ ജാലകങ്ങൾ' എന്ന ശീർഷകത്തിൽ വാരാദ്യ മാധ്യമത്തിൽ ഞാനൊരു ലേഖനമെഴുതി. മലയുടെ സൗന്ദര്യം, അവിടെ നിന്ന്​ കാണുന്ന ദേശം നിരവധി ജനാലകൾ തുറന്നിട്ടുനിൽക്കുന്നു എന്ന രൂപകം, കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ വിദൂര ദൃശ്യം ഇങ്ങനെ പല കാര്യങ്ങളും അതിൽ വിശദീകരിച്ചു. അപകടകരമായ മലയിറക്കം മൂന്നോ നാലോ വരികളിൽ ഒതുക്കി. വീട്ടുകാരെ പേടിച്ചുള്ള സെൽഫ് സെൻസറിങ്​. ആ ലേഖനം വായിച്ച ഒരു മുതിർന്ന സുഹൃത്തിന് കാര്യം മനസ്സിലായി. അദ്ദേഹം എനിക്ക് ടെൻസിങ്ങിനെക്കുറിച്ചുള്ള ഒരു പുസ്തകം തന്നു. അതിൽ ഇങ്ങനെ ഒരു വരിയിൽ കണ്ണുടക്കി: 'If it is a shame to be the second man on Mount Everest, then I will have to live with this shame". എങ്ങനെയുണ്ട്? ടെൻസിങ് ഒരു യഥാർഥ യാത്രികനാണെന്ന് പറയേണ്ടിവരുന്നത് ഇതുകൊണ്ടാണ്. തന്നെ ഒരു കീഴടക്കൽക്കാരനായി ഒരിക്കലും അദ്ദേഹം സ്വയം കണ്ടില്ല.

കാഞ്ഞിരപ്പുഴ അണക്കെട്ട് റിസർവോയർ. / Photo : Kerala Tourism. ​

കുറച്ചുവർഷങ്ങൾക്കുമുമ്പ് ഹിമാലയം ട്രക്ക് ചെയ്ത്​ തിരിച്ചെത്തിയ മകൻ എന്നോടുപറഞ്ഞു: ഷെർപകളെല്ലാവരും ടെൻസിങ്ങുമാരാണ്. ഹിമാലയം ടെറയിനിൽ ലയിച്ചാണ് ഓരോ ഷെർപയും ജീവിക്കുന്നത്. പക്ഷെ നമുക്കെല്ലാം ടെൻസിങ്ങിനെ മാത്രമേ അറിയൂ. ആ മഞ്ഞുഭൂമി അവർക്ക് ‘സബ്‌ലൈം കോൺഷ്യസ്​നെസ്’​ പോലുള്ള ഒന്നാണ്. വാക്കോടൻ മലയിറക്കത്തിനും ടെൻസിങ് വായനയ്ക്കും ശേഷം കീഴടക്കുക എന്ന യാത്രാസങ്കൽപത്തിൽ നിന്ന്​ എനിയ്ക്ക് പതുക്കെ പതുക്കെ മാറ്റമുണ്ടായി. ലക്ഷ്യമല്ല യാത്രയും വഴിയുമാണ് പ്രധാനമെന്ന തോന്നലുണ്ടാകാൻ തുടങ്ങി. കീഴടക്കലല്ല, മനുഷ്യർക്കും പ്രകൃതിക്കുമൊപ്പമുള്ള സഹസഞ്ചാരമാണ് സാധ്യമാകേണ്ടത് എന്നു മനസ്സിലാകാൻ തുടങ്ങി. ഹിമഗിരി വിഹാരം, രാജൻ കാക്കനാടന്റെഹിമാലയ യാത്രകൾ എല്ലാം വായിക്കുമ്പോൾ ഈ തോന്നൽ ശക്തമാകാൻ തുടങ്ങി.

നഗരത്തിൽ പാർക്കുന്നവർ കൊടും കാട്ടിലെത്തുന്നത്, സമതലങ്ങളിൽ മാത്രം ജീവിച്ചു പരിചയമുള്ളവർ മലമുകളിലെത്തുന്നത്, കര മാത്രം പരിചയമുള്ളവർ കടലിൽ എത്തുന്നത്- ഇതിലെല്ലാം സ്വാഭാവികം മത്രമായ സാഹസികതയുണ്ട്.

കാട്ടിനുള്ളിൽ ദൈവങ്ങളാണ്, അതിനാൽ ഞങ്ങൾ ചെരിപ്പ് ധരിക്കില്ല എന്നു പറയുന്ന ആദിവാസികൾ എന്റെ മനസ്സിലാക്കലുകളെ ഇരട്ടിപ്പിച്ചു. ഇതിന്റെയെല്ലാം തൊട്ടുപിന്നാലെ പീറ്റർ മാത്തിസണെ വായിച്ചു- സ്​നോ ലെപ്പേർഡ്. ഇന്ത്യ- ഭൂട്ടാൻ മഞ്ഞുമലകളിൽ സുഹൃത്തും ബയോളജിസ്റ്റുമായ ജോർജ് ഷാലർക്കൊപ്പം പീറ്റർ മാത്തിസൺ മഞ്ഞുപുള്ളിപ്പുലിയെ അന്വേഷിച്ചുനടത്തുന്ന യാത്രയാണിത്. പുലിയുടെ മഞ്ഞിൽ പുതഞ്ഞ കാൽപ്പാടുകൾ അവർ കാണുന്നു, വീണുകിടക്കുന്ന നഖവും രോമവും കാഷ്ഠവും കാണുന്നു. അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന പുലിമണവും അവർക്ക് കിട്ടുന്നു. പക്ഷെ മാസങ്ങൾ അലഞ്ഞിട്ടും പുലിയെ മാത്രം കണ്ടില്ല. ആ കാണായ്മയാണ് ആ യാത്രാ ക്ലാസിക്കിന്റെ ഉള്ളടക്കം. കാണുക മാത്രമല്ല, കാണായ്മയും യാത്രാലക്ഷ്യങ്ങളിലൊന്നായി മാറാമെന്ന് ആ പുസ്തകം ഓർമിപ്പിക്കുന്നു. അവരന്ന് പുലിയെ കണ്ടിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു പുസ്​തകമുണ്ടാകുമായിരുന്നില്ല. കാണായ്മ ഒരു യാത്രാദർശനമായി മാറുകയും ചെയ്യുമായിരുന്നില്ല.

ജോർജ് ഷാലർ പിന്നീട് വരയാടുകളെ തേടി മൂന്നാറിൽ വന്നു. (മാത്തിസൺ 2014-ൽ മരിച്ചു) എൻ.എ. നസീർ പ്രകൃതിയാത്രകളുടെ ഗുരുക്കൻമാരിൽ ഒരാളായി കാണുന്ന മസനഗുഡിയിലെ ചീതൾ വാക്കുണ്ടാക്കിയ മാർക്ക് ദാവിദാറിന്റെ (അദ്ദേഹം ഇന്നില്ല) അച്ഛൻ ഇ.ആർ.സി. ദാവിദാറുമൊത്താണ് ഷാലർ വരയാടുകളെക്കുറിച്ച് പഠിച്ചത്. 89 വയസ്സുകാരനായ ഷാലർ ഇപ്പോഴും തന്റെ അന്വേഷണങ്ങളും പഠനങ്ങളുമായി ലോകത്തിന്റെ ഏതോ കോണിൽ അലയുന്നുവെന്ന് നസീർ പറഞ്ഞു. പ്രകൃതിയുടെ സഹസഞ്ചാരിയായി മാറുക എന്നതാണ് ഒരു യാത്രികന് നേടിയെടുക്കാൻ കഴിയുന്ന പരമപദം. അങ്ങനെയൊരാൾക്ക് പ്രകൃതിയുടെ വിഭിന്നതകൾ, കാറ്റുകൾ, കറകൾ, മണങ്ങൾ എല്ലാം കിട്ടും.

സാഹസികത എന്നൊന്ന് യഥാർഥത്തിലുണ്ടോ? നാം ജീവിക്കാത്ത ഏതു പ്രകൃതിയിൽ ചെല്ലുന്നതും സാഹസികതയാണ്. നഗരത്തിൽ പാർക്കുന്നവർ കൊടും കാട്ടിലെത്തുന്നത്, സമതലങ്ങളിൽ മാത്രം ജീവിച്ചു പരിചയമുള്ളവർ മലമുകളിലെത്തുന്നത്, കര മാത്രം പരിചയമുള്ളവർ കടലിൽ എത്തുന്നത്- ഇതിലെല്ലാം സ്വാഭാവികം മത്രമായ സാഹസികതയുണ്ട്. അതിനപ്പുറം ആ ടെറയിൻ യാത്ര ചെയ്യുന്നവർ ആ പ്രകൃതിയുടെ എല്ലാ സ്വഭാവങ്ങളും ആഴത്തിൽ മനസ്സിലാക്കിയവരാണ്. എന്നിട്ടും മനുഷ്യൻ പരാജയപ്പെടുന്നു. സാഹസികതയ്ക്കുശേഷം ജീവൻ ബാക്കിയായാൽ മാത്രമേ വിജയകഥ പറയാൻ മനുഷ്യന് സാധ്യമാകൂ. ഇല്ലെങ്കിലത് മറ്റൊരു ദുരന്തകഥ മാത്രമായി മാറുന്നു.
അഭയാർഥികളുടെ കടൽയാത്രകൾ അതിസാഹസികവും അങ്ങേയറ്റം ദുരന്തം നിറഞ്ഞതുമാണ്. ഒരു രോഹിങ്ക്യ പുസ്തകത്തിൽ അള്ളാഹുവിനെയും കടലിനെയും ഒരേപോലെ വണങ്ങുന്ന, സുജൂദിൽ പ്രാർഥിക്കുന്ന ആ അഭയാർഥികളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവരുടെ സാഹസികത റെക്കോർഡിനിടാനുള്ളതല്ല, അതിജീവിക്കാൻ മാത്രമുള്ളതാണ്.

മരുഭൂമിയിൽ വാഹനം ഇറക്കും മുമ്പ് ടയറിലെ കാറ്റ് പകുതി കളയണം. തിരിച്ച് റോഡിലേക്ക് കയറുമ്പോൾ കാറ്റടിക്കണം. അതിനുള്ള പമ്പും കൈയിൽ വേണം. ഇതൊന്നുമില്ലാത്ത ആ യാത്ര പ്രതിസന്ധിയിലായി.

മനുഷ്യരാശിക്കു മുഴുവൻ ആവശ്യമായി വരുന്ന ചില ഉപഗ്രഹ യാത്രകൾ, അതിലെ അപകട സാധ്യതകൾ- അത് മനുഷ്യരാശിക്ക് മുഴുവനുമായുള്ള ബലിയാണ്. അതിനെ അങ്ങനെ കാണണം. കേവലമായ സാഹസികതയ്ക്കുള്ള ശ്രമങ്ങളെ പ്രകൃതിയുമായുള്ള സഹസഞ്ചാരമാക്കാൻ എല്ലാവർക്കും പ്രത്യേകിച്ച് യുവതലമുറയ്ക്ക് കഴിയുകയാണെങ്കിൽ നല്ലതാണ്. അത് കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള ശക്തമായ ആദ്യ കാൽവെപ്പുകൂടിയായി മാറും. പക്ഷെ മുതിർന്നവർക്ക് ഇങ്ങനെയൊന്ന് ചെറുപ്പക്കാരോട് പറയാൻ കഴിയുമോ? അവരുടെ ജീവിതത്തിൽ അങ്ങനെയൊരു മാതൃക എപ്പോഴെങ്കിലും മുന്നോട്ടുവെക്കപ്പെട്ടിട്ടുണ്ടോ? ഇല്ല എന്നായിരിക്കുമുത്തരം. അതുകൊണ്ടാണ് സാഹസികത/ പ്രകൃതി സഹജീവിതം എന്ന സങ്കൽപം ഒരിക്കലും നമുക്കിടയിൽ ആരോഗ്യകരമായി ചർച്ച ചെയ്യപ്പെടാത്തതും.

അഭയാർഥികളുടെ കടൽയാത്രകൾ അതിസാഹസികവും അങ്ങേയറ്റം ദുരന്തം നിറഞ്ഞതുമാണ്. / Photo : unicef.org.hk.

2006 ഫെബ്രുവരിയിൽ സൗദി മരുഭൂമിയിൽ യാത്ര ചെയ്യുമ്പോഴുണ്ടായ ഒരനുഭവം ഓർമ വരുന്നു. റിയാദിൽ നിന്ന്​ 140 കിലോമീറ്റർ അകലെയുള്ള ഗ്രാഫിറ്റി റോക്ക് കാണാൻ പോവുകയായിരുന്നു ഞങ്ങൾ. യാത്രയുടെ അവസാനഭാഗം കുറച്ചുദൂരം മരുഭൂമിയിലൂടെ പോകണം. റോഡില്ല. ആ മരുഭൂമി മുറിച്ചുകടന്നാലേ ഗ്രാഫിറ്റി റോക്കിനടുത്ത് എത്താനാകൂ. ഞങ്ങൾ സാധാരണ കാറിലാണ് (മരുഭൂ യാത്രകൾക്കുപയോഗിക്കേണ്ട ടൊയോട്ട പിക്കപ്പ്, അല്ലെങ്കിൽ ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ എന്നിവയിലല്ല) പോകുന്നത്. മരുഭൂമിയിൽ മണൽക്കെണിയിൽ കാറ് പൂണ്ടു. അത് ഒരു നിലയ്ക്കും പുറത്തേക്കെടുക്കാൻ കഴിയുന്നില്ല. മരുഭൂമിയിൽ വാഹനം ഇറക്കും മുമ്പ് ടയറിലെ കാറ്റ് പകുതി കളയണം. തിരിച്ച് റോഡിലേക്ക് കയറുമ്പോൾ കാറ്റടിക്കണം. അതിനുള്ള പമ്പും കൈയിൽ വേണം. ഇതൊന്നുമില്ലാത്ത ആ യാത്ര പ്രതിസന്ധിയിലായി. ഒടുവിൽ കുറച്ചു ദൂരെയുള്ള ഒരു തമ്പിലുണ്ടായിരുന്ന മുഹമ്മദ് എന്ന മരുഭൂമിയുടെ പുത്രൻ വന്നു. അയാളുടെ ആറു വയസ്സുകാരൻ സനദും കൂടെയുണ്ടായിരുന്നു. കാറിനടുത്തെത്തി മുഹമ്മദ് എല്ലാവരോടും കാറിൽ കയറാൻ പറഞ്ഞു. സനദ് അദ്ദേഹത്തിന്റെ മടിയിലിരുന്ന് സ്റ്റിയറിങ് വീൽ നിയന്ത്രിക്കുന്നു. പെട്ടെന്ന് വണ്ടി പുറത്തെടുത്തു, മരുഭൂമിക്ക് പുറത്തേക്കോടിച്ച് റോഡിലെത്തിച്ചു. വണ്ടി പൂണ്ടുപോകുമ്പോൾ നമ്മൾ സാധാരണ ചെയ്യുന്നത് എല്ലാവരെയും അതിൽ നിന്നിറക്കുകയാണ്. മുഹമ്മദ് നേരെ എതിരായ കാര്യമാണ് ചെയ്തത്. മണലിൽ വണ്ടിയുടെ ബാലൻസിങ് അങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും കാറ് എങ്ങനെ ഇത്രപെട്ടെന്ന് പുറത്തെടുത്തുവെന്ന ചോദ്യത്തിന്, ‘ഇപ്പോൾ സനദ് എന്റെ മടിയിലിരുന്ന് മരുഭൂമിയിലൂടെ വണ്ടി ഓടിക്കുന്നത് നിങ്ങൾ കണ്ടില്ലേ, അവന്റെ പ്രായത്തിൽ ഞാൻ എന്റെ ബാബയുടെ (പിതാവിന്റെ) മടിയിലിരുന്ന് മരുഭൂമിയിലൂടെ കാറോടിക്കുമായിരുന്നു’ എന്നായിരുന്നു മറുപടി.

സാഹസികസഞ്ചാരം എന്നു പൊതുവിൽ വിളിക്കപ്പെടുന്ന സംഗതിയുടെ ഉള്ള് തുറന്നുപരിശോധിക്കാൻ പറ്റിയ അനുഭവങ്ങൾ അസദിലുണ്ട്. ഒരുപക്ഷെ മറ്റധികം മരുഭൂ സഞ്ചാരികളിൽ ഇത് കാണാൻ കഴിയണമെന്നുമില്ല.

ടെറയിനുമായുള്ള പരിചയം, ലയിച്ചുചേരൽ എന്നിവ കാര്യങ്ങൾ എങ്ങനെ എളുപ്പമാക്കുമെന്നതിന് ഇതിലും വലിയ ഉദാഹരണങ്ങൾ ആവശ്യമില്ല.
വലിയ മരുഭൂ സഞ്ചാരികളായ മുഹമ്മദ് അസദിനും വിൽഫ്രഡ് തെസീഗർക്കും കാഴ്ചപ്പാടുകളിലുണ്ടായിരുന്ന വ്യത്യാസങ്ങൾ തൊട്ടറിയാൻ അവരുടെ പുസ്തകങ്ങളിലൂടെ കണ്ണോടിച്ചാൽ മതി. കീഴടക്കാൻ യാത്ര തുടങ്ങിയ അസദ് പതുക്കെ പതുക്കെ മരുഭൂമിയുടെ സഹസഞ്ചാരിയായി മാറുന്നത് അദ്ദേഹത്തിന്റെ മക്കയിലേക്കുള്ള പാതയിൽ നാം അനുഭവിക്കുന്നു. തെസീഗർ കീഴടക്കലിൽ നിന്ന് കീഴടക്കലിലേയ്ക്കുള്ള യാത്രയിലാണ്. അതാണ് അദ്ദേഹത്തിന്റെ അറേബ്യേൻ സാൻഡ്‌സിൽ നമുക്ക് അനുഭവിക്കാനാവുക. തെസീഗർ തന്റെ തോക്ക് എപ്പോഴും ഉന്നം പിടിക്കുന്നു. അസദിന്റെ തോക്ക് ഒരുഘട്ടം കഴിയുമ്പോൾ അദ്ദേഹത്തിന്റെ ആഖ്യാനത്തിൽ നിന്ന്​ അപ്രത്യക്ഷമാകുന്നു. മരുഭൂമിയിൽ സഞ്ചരിക്കുന്നവരുടെ തോക്ക് ഇരുട്ടുള്ള ഇടവഴിയിൽ നടക്കുമ്പോൾ ടോർച്ചു പോലെയാകുന്നത് അസദിലാണ് നമുക്ക് കാണാനാവുക. അതൊരു ഊന്നുവടി പോലെയാകുന്നു. അതിൽ ബുള്ളറ്റുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അസദ് വേവലാതിപ്പെടുന്നില്ല. പല അനുഭവങ്ങളിലൂടെ അദ്ദേഹത്തിന് മരുഭൂമിയുടെ ഭാഷ ആഴത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. സാഹസികസഞ്ചാരം എന്നു പൊതുവിൽ വിളിക്കപ്പെടുന്ന സംഗതിയുടെ ഉള്ള് തുറന്നുപരിശോധിക്കാൻ പറ്റിയ അനുഭവങ്ങൾ അസദിലുണ്ട്. ഒരുപക്ഷെ മറ്റധികം മരുഭൂ സഞ്ചാരികളിൽ ഇത് കാണാൻ കഴിയണമെന്നുമില്ല.

Photo : Pixabay.

കടലിലെ വലിയ യാത്രക്കാർ, വലിയ മലകയറ്റക്കാർ, മഞ്ഞുകാടുകൾ താണ്ടുന്നവർ, പുൽമേടുകൾ മുറിച്ചുകടക്കുന്നവർ, മരുഭൂ യാത്രികർ, മഴക്കാടുകളിലെ യാത്രക്കാർ- അവരെല്ലാം അക്‌ളമറ്റൈസ് ചെയ്യുന്നത് ആ ടെറയിനെക്കുറിച്ച് മനസ്സിലാക്കിയ ശേഷമാണ്. ഹിമാലയം കയറാൻ ആരു പോയാലും അടിസ്ഥാനപരമായ ചില പരിശീലനങ്ങൾ ലഭിക്കും. ഇല്ലാതെ അത് അസാധ്യമാണ്. അത്രയേയുള്ളൂ. ടെൻസിങ് ഹിമാലയം കയറാത്ത കാലത്ത് മുതുകിൽ ഒരു പാറക്കല്ല് കെട്ടിവെച്ച് സമതലങ്ങളിലൂടെ നിത്യവും നടക്കുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കാണാം. ഒരു നാൾ ഹിമാലയം കയറാനായി ഒരാൾ നടത്തുന്ന പരിശീലനത്തിന്റെ ഒരു ചെറുചിത്രമാണത്. ശ്വാസനിയന്ത്രണം താൻ ശരിക്കും പഠിച്ചത് ഈ പരിശീലനത്തിലൂടെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ടൂറിസ്റ്റുകൾക്ക് എല്ലാം പാക്കറ്റിൽ കിട്ടും. സാഹസികത അടക്കം. അതെല്ലാം പാക്കേജ് ടൂറിൽ ഉൾപ്പെട്ടിട്ടുണ്ട്. പക്ഷെ സഞ്ചാരി/യാത്രികർ എല്ലാം നേടിയെടുക്കുന്നത് തന്നിലൂടെ തന്നെയാണ്. അതിനെയാണ് സഹസഞ്ചാരം എന്നുവിളിക്കുന്നത്. ആ ഭാവം വളർത്തുകയാണ് പൊതുവിൽ മനുഷ്യർ ഇനിയുള്ള കാലത്ത് ചെയ്യേണ്ടത്. അത് ഒരുപക്ഷെ അപരിചിതമായ അക്ഷരമാലയിലൂടെ പുതിയൊരു ഭാഷ പഠിക്കൽ തന്നെയായിരിക്കും. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments