കീകോറോക്ക് എയർസ്ട്രിപ്പിലെ ഉദ്യോഗസ്ഥർക്കൊപ്പം പ്രമോദ് കെ.എസ്

ഇന്ത്യൻ വധുവിനെ തേടുന്ന ​​​​​​​മാരാ യുവാവ്

പീറ്ററിന്റെ ഏറെക്കാലമായിട്ടുള്ള ആഗ്രഹമാണ് ഒരു ഇന്ത്യൻ പെൺകുട്ടിയെ വിവാഹം കഴിക്കുക എന്നുള്ളത്. എന്താണ് ഈ ആഗ്രഹത്തിന് പുറകിലുള്ള കാരണം എന്ന എന്റെ ചോദ്യത്തിന് പീറ്റർ മറുപടിയൊന്നും തന്നില്ല

കീകോറോക്ക് എയർസ്ട്രിപ്പിൽ വെച്ചാണ് പീറ്ററിനെ പരിചയപ്പെടുന്നത്.

പൊറേക്ക എന്നാണ് മൂപ്പരുടെ മസായി പേര്. പീറ്റർ എന്നത് ഇംഗ്ലീഷ് പേരാണ്. പരിചയപ്പെട്ട് സംസാരം കുറച്ച് മുന്നോട്ടുപോയപ്പോൾതന്നെ പീറ്റർ തന്റെ ആവശ്യം എന്നോട് പറഞ്ഞു. തനിക്ക് ഒരു ഇന്ത്യൻ വധുവിനെ വേണം. പീറ്ററിന്റെ ഏറെക്കാലമായ ആഗ്രഹമാണ് ഒരു ഇന്ത്യൻ പെൺകുട്ടിയെ വിവാഹം കഴിക്കുക എന്നത്. എന്താണ് ഈ ആഗ്രഹത്തിനുപുറകിലെ കാരണം എന്ന എന്റെ ചോദ്യത്തിന് പീറ്റർ മറുപടിയൊന്നും തന്നില്ല.

കെനിയൻ മിലിട്ടറി സർവ്വീസിലെ ഒരു സാധാരണ സൈനികനാണ് പീറ്റർ. ഒരു ഇടത്തരം മാരാ കുടുംബം. നാല് സഹോദരൻമാരും അത്രതന്നെ സഹോദരിമാരുമുണ്ട്. ചെറുപ്പമാണ്. സുരക്ഷിതമായ ഒരു ജോലിയുണ്ട്. സ്വന്തമായി കന്നുകാലികളുണ്ട്. എല്ലാറ്റിനുമുപരിയായി, താനൊരു മാരാ യുവാവാണ്. മാരാ യുവാക്കളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന വിനോദസഞ്ചാരികളായ യൂറോപ്യൻ യുവതികളുണ്ട്, പക്ഷെ തനിക്കൊരു ഇന്ത്യൻ ജീവിതസഖിയെയാണ് വേണ്ടത്. പീറ്റർ വിശദീകരിച്ചു. അപ്പോഴേക്കും ജാമ്പോ (ഹലോ) എന്ന് വിളിച്ച്​ പീറ്ററിന്റെ സുഹൃത്തായ ബൈറോൺ എത്തി. പൊലീസുകാരനായ ബൈറോൺ പക്ഷെ മസായിയല്ല. പീറ്റർ ഇന്ത്യയെക്കുറിച്ച് ചോദിച്ചു വധുവിനെ തേടി വേണമെങ്കിൽ ഇങ്ങോട്ട് വരാം എന്നു പറഞ്ഞു. പിരിയുമ്പോൾ ഞങ്ങൾ ഫോൺ നമ്പരുകൾ കൈമാറി. ഇപ്പോഴും പീറ്ററിന്റെ സന്ദേശങ്ങളെത്താറുണ്ട് അന്വേഷണം ഊർജ്ജിതമാക്കാനാവശ്യപ്പെട്ട്.

ഇന്ത്യൻ വംശജരും ഉഗാണ്ടയിലെ വ്യവസായ പ്രമുഖരുമായിരുന്ന മാധ്വാനി കുടുംബത്തിലെ ഒരു വനിതയെ അമീൻ മോഹിച്ചെങ്കിലും അവർ അമീന്റെ കണ്ണുവെട്ടിച്ച് ഉഗാണ്ടയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

ടി.ഡി. രാമകൃഷ്‌ണേട്ടനുമായി ഒരിക്കൽ സംസാരിച്ചിരിക്കുമ്പോൾ ‘മാമാ ആഫ്രിക്ക' യുടെ പശ്ചാത്തലത്തിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം ആഫ്രിക്കൻ പുരുഷൻമാരുടെ ഈ ഇന്ത്യൻ പ്രേമത്തെക്കുറിച്ചായിരുന്നു. ഈദി അമീനെ ഇന്ത്യക്കാർക്കും വിദേശികൾക്കും എതിരായി തിരിച്ചതും ഇത്തരത്തിലുള്ളൊരു മോഹമായിരുന്നു. ഇന്ത്യൻ വംശജരും ഉഗാണ്ടയിലെ വ്യവസായ പ്രമുഖരുമായിരുന്ന മാധ്വാനി കുടുംബത്തിലെ ഒരു വനിതയെ അമീൻ മോഹിച്ചെങ്കിലും അവർ അമീന്റെ കണ്ണുവെട്ടിച്ച് ഉഗാണ്ടയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലെ വടക്കേ ഇന്ത്യൻ വംശജരുടെ സാമ്പത്തിക പുരോഗതിയും അവരുടെ ഗോതമ്പുനിറവുമൊക്കെ ഈ ആഗ്രഹത്തിന് കാരണമായിരിക്കാം. ഏതായാലും പീറ്ററിന്റെ ആവശ്യം മനസ്സിൽ വെക്കാം എന്ന ഉറപ്പ് കൊടുത്ത് ഞങ്ങൾ പിരിഞ്ഞു. എയർ സ്ട്രിപ്പിൽ ചെറുവിമാനങ്ങൾ വന്നും പോയുമിരുന്നു. ടേക്ക് ഓഫിനും ലാൻഡിങ്ങിനും കാര്യമായ നടപടിക്രമങ്ങൾ ഒന്നുമുള്ളതായി തോന്നിയില്ല. ചരൽ നിറഞ്ഞ ഒരു നമ്മുടെ പഴയ ഫുട്‌ബോൾ മൈതാനം പോലെയുള്ള ഒരിടം അവിടേക്ക് പറന്നിറങ്ങുകയും ഉയർന്നുപൊങ്ങുകയും ചെയ്യുന്ന വിമാനങ്ങൾ. എയർസ്ടിപ്പിൽ പരിമിതമായ ശുചിമുറി സൗകര്യങ്ങളുണ്ട്.

കീകോറോക്ക് എയർസ്ട്രിപ്പിൽ വെച്ചാണ് പീറ്ററിനെ പരിചയപ്പെടുന്നത്.

മസായി സ്ത്രീകൾ കരകൗശലവസ്തുക്കളുമായി ഓരോരുത്തരേയും സമീപിക്കുന്നുണ്ട്. ചെറുവിമാനങ്ങൾ വന്നും പോയുമിരുന്നു. 25-30 വിമാനങ്ങൾ ദിവസേന ഇവിടെ വന്ന് മടങ്ങുന്നുണ്ട് എന്നാണ് പീറ്റർ പറഞ്ഞത്. സീസൺ മൂർധന്യത്തിലെത്തുന്നതോടെ ഇത് 50 വരെയാകും. കുറച്ചുനേരം അവിടെ ചിലവഴിച്ച ശേഷം ഗ്രീസുകാരിയേയും മകളെയും കൊണ്ട് ഞങ്ങൾ മടങ്ങി. ഇനി ടാൻസാനിയ അതിർത്തിയിലേക്കാണ്. പിന്നെ മാരാ നദിക്കരയിലേക്ക് ആ നദി മറികടന്നാണ് പലായനം നടക്കുക. ടാൻസാനിയയിൽ നിന്നുള്ള മൃഗങ്ങളുടെ ആദ്യ സംഘങ്ങൾ പറ്റിയ അവസരം നോക്കി ആ നദിക്കരയിൽ മണിക്കൂറുകളോളം ചിലപ്പോൾ ദിവസങ്ങളോളം കാത്തിരിക്കും. ഒടുവിൽ കുടിയേറ്റത്തിനുള്ള ആന്തരികമായ ചോദനയെ മറികടക്കാനാകാതെ ഒരു വൈൽഡ് ബീസ്റ്റ് ആ നദിയിലേക്ക് ചാടിയിറങ്ങും പിന്നീടത് ഒരു മഹാ പ്രവാഹമായി മാറും. ആ മൃഗങ്ങളിൽ പലതിനും ഇനിയൊരു മടക്കയാത്രയില്ല. മാരാനദിയിലെ ഇരപിടിയൻ ജീവികൾ മുതൽ പുൽമൈതാനങ്ങളിലെ വലിയ പൂച്ചകൾ വരെ അവയെക്കാത്തിരിക്കുന്നുണ്ട്. അർഹതയും ഭാഗ്യവും ഉള്ളവർമാത്രം അടുത്ത സീസൺ കാണാൻ ബാക്കിയാകുന്നു. നദിക്കരയിലേക്ക് ഇതുവരെ സരിൻഗട്ടിയിൽ നിന്നുള്ള മൃഗങ്ങൾ എത്തിത്തുടങ്ങിയിട്ടില്ലെന്ന് ഡങ്കൻ പറഞ്ഞു.

വഴിയിൽ ചിലയിടത്തൊക്കെ മൃഗശിരസ്സുകളുടെ അസ്തിരൂപങ്ങൾ കുത്തിനാട്ടിയ മരക്കമ്പുകളിൽ ​പ്രദർശിപ്പിച്ചിട്ടുണ്ട്. വഴികൾ സന്ധിക്കുന്നിടത്ത് അപൂർവ്വമായി ദിശകളെയും മറ്റും സൂചിപ്പിച്ച്​ മരപ്പലകകൾ. ചിലയിടത്ത് വഴിയോരങ്ങളിൽ വലിയ വെള്ളാരം കല്ലുകൾ പരന്നുകിടക്കുന്നു.

മസായി മാരാ കുടിയേറ്റത്തിലെ പ്രധാന താരം ഊശാൻ താടിക്കാരായ വൈൽഡ് ബീസ്റ്റുകളാണ്. വൈൽഡ്ബീസ്റ്റ് മൈഗ്രേഷൻ എന്നാണ് ഈ കുടിയേറ്റം തന്നെ സാധാരണയായി അറിയപ്പെടുന്നത്. ഗ്‌നു എന്നുമൊരു പേരുണ്ട് മാൻ കുടുംബത്തിൽപ്പെട്ട ഈ മൃഗത്തിന്. വളഞ്ഞ കൊമ്പുകളും ഒരു വലിയ ചതുരാകൃതിയിലുള്ള തലയുമാണ് ഇവക്കുള്ളത്. ശരീരത്തിന്റെ പിൻഭാഗത്തെ അപേക്ഷിച്ച് മുൻഭാഗം വലുതാണ്. കാട്ടുപോത്തിനോട് സാദൃശ്യമുള്ള മുൻഭാഗവും മാനിനോട് സാദൃശ്യമുള്ള പിൻഭാഗവുമാണ് ഈ മൃഗത്തിനുള്ളത്. ചാരനിറത്തിലുള്ള രോമങ്ങളും കറുത്ത ശരീരവും കറുപ്പും വെളുപ്പും നിറങ്ങളോടുകൂടിയ താടിയുമുണ്ട്. വൈൽഡ്ബീസ്റ്റിൽ തന്നെ നിരവധി വംശങ്ങളുണ്ട്. കെനിയയിലും ടാൻസാനിയയിലുമായി കാണപ്പെടുന്നത് വെളുത്ത താടിയോടു കൂടിയ പടിഞ്ഞാറൻ വൈൽഡ് ബീസ്റ്റുകളാണ്. പലകാരണങ്ങളാൽ ആഫ്രിക്കൻ വൈൽഡ് ബീസ്റ്റുകൾ വംശനാശഭീഷണി നേരിടുന്നുണ്ടെങ്കിലും. സെരെൻഗെറ്റി- മാര ആവാസവ്യവസ്ഥയുടെ ഭാഗമായുള്ള ഈ ഇനം കാര്യമായ ഭീഷണികൾ നേരിടുന്നില്ല. കിഴക്കൻ വെളുത്ത താടിയുള്ള വംശങ്ങൾ ഗ്രിഗറി റിഫ്റ്റിന് കിഴക്ക് ഭാഗത്ത് വസിക്കുന്നു. സാംബെസി നദിയുടെ തെക്കുഭാഗത്തായാണ് ബ്രിൻഡൽഡ് അല്ലെങ്കിൽ നീല വൈൽഡ് ബീസ്റ്റ് വംശം കാണപ്പെടുന്നത്.

മസായി സ്ത്രീകൾ കരകൗശലവസ്തുക്കളുമായി ഓരോരുത്തരേയും സമീപിക്കുന്നുണ്ട്

വീണ്ടും പുൽസമതലത്തിലൂടെയുള്ള ദീർഘയാത്ര.

പുൽപ്പരപ്പിൽ ഏകാന്തത അനുഭവിക്കുന്ന ഒറ്റമരങ്ങൾക്കു കീഴെ ചില സഫാരി ജീപ്പുകളിൽ വലിയ ക്യാമറയും സന്നാഹങ്ങളുമായി ചില വെള്ളക്കാരുണ്ട്. വന്യമൃഗ നീരീക്ഷകരോ ഛായാഗ്രാഹകരോ ആകണം അവർ. കാറ്റത്ത് ഇളകിയാടുന്ന പുൽപ്പരപ്പിന് അതിരിട്ട് ദൂരെ നീലമലനിരകൾ അതിന് മുകളിലായി നീലാകാശം. മൺനിരത്തിലുടെ വേഗത്തിൽ പൊടിയുയർത്തിക്കൊണ്ട് കടന്നുപോയിക്കൊണ്ടിരിക്കുകയാണ് ഞങ്ങളുടെ വാഹനവ്യൂഹം. മൃഗങ്ങളിലുള്ള കൗതുകം അവസാനിച്ചിരിക്കുന്നു എല്ലാവർക്കും. ചിലയിനം പക്ഷികളെ കാണുമ്പോൾ വണ്ടി നിറുത്തി അതിന്റെ പേര് പറഞ്ഞു തരുന്നുണ്ട് ഡങ്കൻ. വഴി മുറിച്ചുകടക്കാൻ വന്ന ഒരു കൂട്ടം കുറുനരികൾ ഞങ്ങളുടെ വാഹനം കണ്ട് സംശയിച്ച് നിൽക്കുന്നുണ്ട്. കുറച്ച് മാറി ഒട്ടകപക്ഷികൾ പുൽപ്പരപ്പിലൂടെ നടന്നുവരുന്നുണ്ട്. വിശാലമായ പുൽപ്പരപ്പിൽ ചിലപ്പോൾ ഒറ്റപ്പെട്ട് കാണുന്ന ജിറാഫിന്റെയും ആനയുടേയും കാഴ്ച്ച അതിമനോഹരമാണ്. തുറന്ന ജീപ്പോടിച്ചുകൊണ്ട് ഒരു യൂറോപ്യൻ വനിത ഞങ്ങൾക്കെതിരെ വന്നു. വഴികാട്ടിയാകണം. പരമ്പരാഗത മസായി വേഷയിൽ കുന്തമേന്തിക്കൊണ്ട് ഒരു യുവാവ് ജീപ്പിന്റെ പുറം വശത്തുണ്ട്. വഴിയിൽ ചിലയിടത്തൊക്കെ മൃഗ ശിരസ്സുകളുടെ അസ്തിരൂപങ്ങൾ കുത്തിനാട്ടിയ മരക്കമ്പുകളിൽ ​പ്രദർശിപ്പിച്ചിട്ടുണ്ട്. വഴികൾ സന്ധിക്കുന്നിടത്ത് അപൂർവ്വമായി ദിശകളെയും മറ്റും സൂചിപ്പിച്ചുകൊണ്ടുള്ള മരപ്പലകകൾ. ചിലയിടത്ത് വഴിയോരങ്ങളിൽ വലിയ വെള്ളാരം കല്ലുകൾ പരന്നുകിടക്കുന്നു.

മാരാ നദി സൃഷ്ടിക്കുന്ന ജല ലഭ്യതയാണ് മൃഗങ്ങളുടെ കളിത്തൊട്ടിലായി ഈ പ്രദേശത്തെ മാറ്റിയത്. ജീവിതം ഈ നദീതടത്തിൽ പരിപുഷ്ടമാണ്. എത്രയോ ദശലക്ഷം ജീവനുകളുടെ ദാഹം ശമിപ്പിക്കുന്നുണ്ട്, ജീവിതത്തെ സ്വാധീനിക്കുന്നുണ്ട് ഈ മഹാനദി.

ദേശീയോദ്യാനത്തിലൂടെ പ്രകൃതിയും മൃഗങ്ങളും ചേർന്നൊരുക്കുന്ന കാഴ്ചകൾ കണ്ടുകൊണ്ടുള്ള ദീർഘയാത്രക്കുശേഷം ഞങ്ങൾ ടാൻസാനിയൻ അതിർത്തി രേഖക്കടുത്തെത്തി. ഇവിടെ അതിർത്തികല്ലുകളുടെ മറുപുറം കടന്ന് അൽപ്പദൂരം മുന്നോട്ട് പോകാം. ഇരു കാലുകൾ രണ്ടു രാജ്യങ്ങളിലായി വെച്ച് ഫോട്ടോയെടുക്കാം. ധാരാളം സഫാരി വാഹനങ്ങൾ സഞ്ചാരികളുമായി അവിടെ എത്തിക്കൊണ്ടിരുന്നു. സഞ്ചാരികൾ പുറത്തിറങ്ങുന്ന സ്ഥലമായതിനാലാകണം കാര്യമായ മൃഗസാന്നിധ്യം കണ്ടില്ല അവിടെ. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഒരു മണിക്കുറിനുള്ളിൽ മാരാ നദിക്കരയിലെത്തി. മസായിമാര സഫായി സംഘങ്ങളിൽ വലിയൊരു ഭാഗം ഉച്ചഭക്ഷണത്തിനുള്ള സങ്കേതമായി തിരഞ്ഞെടുക്കുക ഈ നദിക്കരയിലാണ്. ഞങ്ങളുടെ ഇന്നത്തെ ഉച്ചഭക്ഷണവും ഇവിടെ വെച്ചു തന്നെയാണ്. ടാൻസാനിയൻ അതിർത്തിയായതിനാൽ സൈനിക സാന്നിധ്യവുമുണ്ട് അവിടെ. വനം വകുപ്പ് ഉദ്ദ്യോഗസ്ഥരും ധാരാളമായുണ്ട് അവിടെ. സഫാരിക്കിടയിൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമുള്ള അപൂർവ്വം സ്ഥലങ്ങളിലൊന്നാണിത്. കുരങ്ങൻമാർ ധാരാളമായി ആ പരിസരത്തുണ്ട്. വിനോദ സഞ്ചാരികളിൽ നിന്ന് ഭക്ഷണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിക്കൊണ്ടു പോകുന്നത് അവരുടെ വിനോദമാണ്.

കാട്ടുപോത്തിനോട് സാദൃശ്യമുള്ള മുൻഭാഗവും മാനിനോട് സാദൃശ്യമുള്ള പിൻഭാഗവുമാണ് വൈൽഡ് ബീസ്റ്റിനുള്ളത്

ഡ്രൈവർമാർ വാഹനങ്ങളിൽ കരുതിയിരുന്ന കാർപ്പെറ്റുകളും വിരിപ്പുകളും നിലത്തുവിരിച്ച് തങ്ങളുടെ വാഹനത്തിലെ യാത്രികർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ തുടങ്ങി. ഭക്ഷണപ്പൊതികളും വെള്ളവും ലഘുപാനീയങ്ങളും പഴങ്ങളുമൊക്കെ നിരത്തിവെച്ച് അതിന് ചുറ്റുമായിരുന്ന് ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി. കുരങ്ങൻമാരുടെ ഭക്ഷണം തട്ടിപ്പറിക്കൽ തുടങ്ങിക്കഴിഞ്ഞു. കുരങ്ങൻമാർക്കെന്നല്ല സങ്കേതത്തിനകത്തെ ഒരു ജീവിക്കും ഭക്ഷണം നൽകാൻ സന്ദർശകർക്ക് അനുവാദമില്ല. അത് അവരുടെ സ്വാഭാവികമായ ഭക്ഷണശൈലിയെ മാറ്റിമറിക്കുകയും രോഗങ്ങൾ പടരുന്നതിന് കാരണമാകുകയും ചെയ്യും എന്നാണ് പറയുന്നത്. എന്നാൽ കുരങ്ങൻമാരുടെ തട്ടിയെടുക്കൽ തടയാനാകില്ലല്ലോ. ഡ്രൈവർമാരുടെ കയ്യിൽ ചെറിയ കവണകളുണ്ട്. അതുപയോഗിച്ച് അവർ കുരങ്ങൻമാരെ കല്ലെയ്ത് അകറ്റുന്നുണ്ട്. പക്ഷെ തങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ അവരവരുടെ തട്ടിപ്പറിക്കൽ തുടർന്നുകൊണ്ടിരുന്നു. കുറച്ച് പഴങ്ങളും റൊട്ടിയും ചുട്ട മാംസവും ഒരൽപ്പം ചോറും പരിപ്പുകറിയും തൈരും ശീതളപാനിയങ്ങളുമൊക്കെയാണ് നോൺവെജ് ഭക്ഷണപ്പൊതികളിലുള്ളത്. ഞങ്ങളുടെ വാഹനത്തിലുള്ള ഒരു ദമ്പതിമാർ വെജിറ്റേറിയനാണ്. യാത്രാനുഭവങ്ങളും വിശേഷങ്ങളും പങ്കുവെച്ച് ആ മാരാ നദിക്കരയിലിരുന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. അതിനിടയിൽ ഏതോ വാഹനത്തിലേക്ക് ഒരു കുരങ്ങൻ കടന്ന് ഒരു ചെറിയ ബാഗുമായി കടന്നു. ഡ്രൈവർമാർ കുരങ്ങനു പുറകേയുള്ള ഓട്ടം തുടങ്ങി.

വിക്ടോറിയ തടാകത്തിലേക്ക് ജലമെത്തിക്കുന്ന പത്ത് പ്രധാന നദീ തടങ്ങളിലൊന്നാണ് മാരാ നദീതടം. അതുവഴി നൈൽ നദിയുടെ നിലനിൽപ്പുമായും ഈ നദീതടം ബന്ധപ്പെട്ടിരിക്കുന്നു.

ഭക്ഷണം കഴിച്ച് ബാക്കിയായ അവശിഷ്ടങ്ങൾ ഒന്നൊഴിയാതെ സഞ്ചിയിലാക്കി വാഹനത്തിൽ വെച്ച് ഞങ്ങൾ മാരാനദിയിലെ ക്രോസിങ്ങ് പോയിന്റിലേക്ക് നടന്നു. വെയിലുകായുന്ന ചില ഹിപ്പോകളും മുതലുകളുമൊഴിച്ചാൽ നദീതടം വിജന്നമാണ്. വലിയൊരു മഹാനദിയെന്നുമല്ല മാരാ നദി. കൂടിയാലൊരു അമ്പത് മീറ്റർ വീതിയുണ്ടാകണം ആ ഭാഗത്തിന്. പക്ഷെ വർഷം മുഴുവൻ ജല ലഭ്യതയുള്ള ഈയൊരു നദിയുടെ സാന്നിധ്യമാണ് മാസിയികളെ ഈ തടത്തിൽ താമസമുറപ്പിക്കാൻ പ്രേരിപ്പിച്ചത്. ഈയൊരു നദി സൃഷ്ടിക്കുന്ന ജല ലഭ്യതയാണ് മൃഗങ്ങളുടെ കളിത്തൊട്ടിലായി ഈ പ്രദേശത്തെ മാറ്റിയത്. ജീവിതം ഈ നദീതടത്തിൽ പരിപുഷ്ടമാണ്. എത്രയോ ദശലക്ഷം ജീവനുകളുടെ ദാഹം ശമിപ്പിക്കുന്നുണ്ട്, ജീവിതത്തെ സ്വാധീനിക്കുന്നുണ്ട് ഈ മഹാനദി.

ഗ്രേറ്റ് മൈഗ്രേഷൻ എന്ന സപ്താദ്ഭുതത്തിന് അരങ്ങൊരുക്കുന്നത് ഈ നദിയാണ്. മരണത്തിന്റെ നദി എന്ന ഒരു വിളിപ്പേര് കൂടിയുണ്ട് ഈ നദിക്ക്.

കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ പടിഞ്ഞാറൻ അറ്റത്തെ മൗ എസ്‌കാർപ്പ്‌മെൻറ്​ എന്ന കിഴുക്കാംതൂക്കായ മലനിരകളിൽ നിന്ന് ആരംഭിച്ച് മസായിമാരയിലെ സവന്ന പുൽമേടുകളിലൂടെ ഒഴുകി സെറെൻഗെറ്റി ദേശീയ ഉദ്യാനത്തിലേക്ക് കടക്കുന്നു. ഈ നദി. കെനിയയിലൂടെയും ടാൻസാനിയയിലൂടെയും 395 കിലോമീറ്ററുകളോളം ഒഴുകി വിക്ടോറിയ തടാകത്തിലാണ് ഒടുവിൽ അത് ചെന്നെത്തുന്നത്. 13,504 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട് ഈ നദീതടത്തിന് അതിന്റെ 65% കെനിയയിലും 35% ടാൻസാനിയയിലുമായാണ് സ്ഥിതിചെയ്യുന്നത്. വിക്ടോറിയ തടാകത്തിലേക്ക് ജലമെത്തിക്കുന്ന പത്ത് പ്രധാന നദീ തടങ്ങളിലൊന്നാണ് മാരാ നദീതടം. അതു വഴി നൈൽ നദിയുടെ നിലനിൽപ്പുമായും ഈ നദീതടം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാറ്റിനുമുപരിയായി ഗ്രേറ്റ് മൈഗ്രേഷൻ എന്ന സപ്താദ്ഭുതത്തിന് അരങ്ങൊരുക്കുന്നത് ഈ നദിയാണ്. മരണത്തിന്റെ നദി എന്ന ഒരു വിളിപ്പേര് കൂടിയുണ്ട് ഈ നദിക്ക്. കുത്തനെയുള്ള ചാട്ടത്തിൽ പരിക്കുപറ്റി മരണപ്പെടുന്നതും വെള്ളത്തിൽ കാത്തിരിക്കുന്ന ഇരപിടിയൻ ജീവികളാൽ കൊല്ലപ്പെടുന്നതും കൂടാതെ. മഴക്കാലത്ത് കരകവിഞ്ഞുള്ള കുത്തൊഴുക്കിലും ഏറെ മൃഗങ്ങളുടെ ജീവനെടുക്കുന്നുണ്ട് ഈ നദി.

നദീ തീരത്തുകൂടെ ഞങ്ങൾ അൽപ്പദൂരം നടന്നു. അതിർത്തി രക്ഷാസേനയിലെ സൈനികനായ ഡാനിയേലും ആയുധധാരിയായി ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. തനിച്ച് നടക്കാൻ അനുവാദമില്ല. നദീ തീരത്ത് മുതലകളുണ്ട്. പുഴക്കപ്പുറം മറ്റൊരു രാജ്യവുമാണ്. ഇവിടെ വന്നെത്തുന്ന ഓരോ സന്ദർശകരുടേയും സുരക്ഷ തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഡാനിയേൽ പറഞ്ഞു. അതിഭംഗീരനായൊരു മുതല വെയിൽ കാഞ്ഞു കിടക്കുന്നതിന് അധികം അകലെയല്ലാതെ ഞങ്ങളെത്തി. വെള്ളത്തിൽ വിശ്രമിക്കുന്ന ഹിപ്പോ ഭീമൻമാരുടെ തല പുറത്തേക്ക് കാണാനുണ്ട്. തണുപ്പുള്ള കാലവസ്ഥയാണെങ്കിലും വെയിൽ ശരീരത്തിലടിക്കുമ്പോൾ നല്ല ചൂടുണ്ട്. കുറച്ച് നേരം അവിടെ ചില വഴിച്ച് ഞങ്ങൾ മടക്കയാത്ര തുടങ്ങി. മസായി ഗ്രാമസന്ദർശനമാണ് ഇനി സഫാരിയിൽ ബാക്കിയുള്ളത് അങ്ങോട്ടാണ് ഇനി യാത്ര. രാവിലെ മുതലുള്ള യാത്രയും നല്ലൊരു ഉച്ച ഭക്ഷണവും മാരാ നദിക്കരയിലൂടെയുള്ള നടത്തവും മൂലം എല്ലാവരും ക്ഷീണിതരാണ്. ചിലരൊക്കെ ഉറക്കത്തിലേക്ക് കടന്നു. ▮

(തുടരും)


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments