മസായിമാര യാത്രക്കിടെ / Photo: Pramod K S

ഗെയിം ഡ്രൈവ്​,ബിഗ്​ ഫൈവിനെ തേടി...

മസായിമാര സഫാരിയിലെ പ്രധാന ആകർഷണം ബിഗ് ഫൈവ് എന്ന അഞ്ച് മൃഗങ്ങളാണ്. സിംഹം, ആന, പുള്ളിപ്പുലി, റൈനോ, കാട്ടുപോത്ത് എന്നിവ. ഇവയെ അഞ്ചിനെയും കാണാനായാൽ സഫാരി പൂർണമായി എന്നാണ് വിശ്വാസം. ബിഗ് ഫൈവിനെ കാണിച്ചുതരാം എന്നാണ് ഓരോ ടൂർ കമ്പനിയും സഞ്ചാരികൾക്ക് നൽകുന്ന വാഗ്ദാനം. എന്നാൽ, അപൂർവമായേ മസായിമാരയിൽ ഇപ്പോൾ റൈനോയെ കാണാൻ കഴിയാറുള്ളൂ

അഞ്ച്​

മാരാസിംബാ ലോഡ്ജിലെ ചെറിയൊരു വിശ്രമത്തിനുശേഷം പറഞ്ഞ സമയത്തു തന്നെ ഞങ്ങളുടെ സംഘം ആദ്യദിനത്തിലെ ഗെയിം ഡ്രൈവിന്​ പുറപ്പെട്ടു. റിസർവിലൂടെ സഞ്ചരിച്ച് ഓരോരോ വന്യമൃഗങ്ങളെയായി കണ്ടെത്തിപ്പിടിച്ച് അവയെ നിരീക്ഷിക്കുകയും ചിത്രം പകർത്തുകയും ചെയ്യുന്ന വിനോദമാണ് ഗെയിം ഡ്രൈവ്. ലോകത്തിലെ അതിപ്രശസ്ത ഗെയിം ഡ്രൈവുകളിലൊന്നാണ് മസായിമാരയിലേത്. ദൂരക്കാഴ്ച ലഭ്യമാകുന്ന പുൽമേടുകളും വന്യമൃഗങ്ങളുടെ ബാഹുല്യവും മസായിമാര ഗെയിംഡ്രൈവിനെ അനന്യമാക്കുന്നു. ഏണസ്റ്റ് ഹെമിങ്​വേയുടെ സാഹസികത നിറഞ്ഞ ഹണ്ടിങ്ങ് സഫാരികളും, എലിസബത്ത് രാജകുമാരി കെനിയയിലെ ഏറുമാടത്തിൽ ഒരു രാത്രി തങ്ങി പിറ്റേന്ന് താഴോട്ടിറങ്ങുമ്പോഴേക്കും രാജ്ഞിയായി മാറിയ കഥയും, 1909ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡോർ റൂസ്​വെൽറ്റും മകനും കൂടി മൊമ്പാസ തുറമുഖത്തുനിന്നാരംഭിച്ച ഹണ്ടിങ്ങ് സഫാരിയും, ശിക്കാരികളുടെ വേട്ടക്കഥകളുമൊക്കെ ഒരു കാലത്ത് സഞ്ചാരികളെ കെനിയൻ വനപ്രകൃതിയിലേക്ക് ആകർഷിച്ചിരുന്നു.

വ്യത്യസ്ത ഭൂപ്രകൃതികളുണ്ട് മസായിമാരയിൽ. കിഴക്കുഭാഗത്ത് എൻഗാമ കുന്നുകളാണ്. കുറ്റിക്കാടും മണൽമണ്ണും നിറഞ്ഞ പ്രദേശമാണിത്. കണ്ടാമൃഗങ്ങൾക്ക് പ്രിയങ്കരമാണ് ഇവിടത്തെ കുറ്റിക്കാട്ടിലെ ഇലകൾ.

മുമ്പ്​ വന്യമൃഗങ്ങളെ വേട്ടയാടി ശരീരഭാഗങ്ങൾ സ്റ്റഫ് ചെയ്ത് സ്വന്തം വീടുകളിൽ പ്രദർശിപ്പിക്കാനാണ്​ പല സഞ്ചാരികളും ആഫ്രിക്കയിലെത്തിയിരുന്നത്​ എങ്കിൽ, ഇന്ന് ആ വേട്ട കാമറ കൊണ്ടായിരിക്കുന്നു. നിരവധി സിനിമകളും ഡോക്യുമെന്ററികളുമൊക്കെ സൃഷ്ടിച്ച പ്രശസ്​തിയും മസായി ജനവിഭാഗവുമായി ബന്ധപ്പെടുത്തിയുള്ള പേരും ഗ്രേറ്റ് മൈഗ്രേഷനും ഒക്കെയാകണം മസായിമാര ഗെയിം ഡ്രൈവുകൾ ഇത്ര പ്രശസ്തമാകാൻ കാരണം.

വാഹനങ്ങളുടെയെല്ലാം മുകൾഭാഗം തുറന്ന് ഉയർത്തിവെച്ചിട്ടുണ്ട്. യാത്രപുറപ്പെടുന്നതിനുമുമ്പ്​ ഡ്രൈവർമാർ യാത്രികർക്ക് നിർദ്ദേശം നൽകുന്നുണ്ട്. ഒരു കാരണവശാലും ഗെയിം ഡ്രൈവിനിടയിൽ വെച്ച് വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുത് എന്നാണ് അതിൽ പ്രധാനം. ഡങ്കന്റെ നേതൃത്വത്തിൽ ഞങ്ങളുടെ വാഹനവ്യൂഹം ലോഡ്ജ് വളപ്പിൽനിന്ന് പുറത്തുകടന്നു. മാരാസിംബാ ലോഡ്ജിന്റെ ഗെയ്റ്റ് കടന്ന് കുറച്ചുദൂരം പിന്നിടുമ്പോൾ വനംവകുപ്പിന്റെ ഒരു ചെക്ക് പോയിന്റുണ്ട്. അതിനുസമീപം കരകൗശലവസ്തുക്കളുമായി വിൽപ്പനക്കിരിക്കുന്ന മസായി സ്ത്രീകൾ ഞങ്ങളുടെ വാഹനങ്ങൾക്കടുത്തെത്തി. കുറ്റിക്കാട് പിന്നിട്ടു, ഇനിയങ്ങോട്ട് പുൽപ്പരപ്പുകളാണ്. വ്യത്യസ്ത ഭൂപ്രകൃതികളുണ്ട് മസായിമാരയിൽ. കിഴക്കുഭാഗത്ത് എൻഗാമ കുന്നുകളാണ്. കുറ്റിക്കാടും മണൽമണ്ണും നിറഞ്ഞ പ്രദേശമാണിത്. കണ്ടാമൃഗങ്ങൾക്ക് പ്രിയങ്കരമാണ് ഇവിടത്തെ കുറ്റിക്കാട്ടിലെ ഇലകൾ. പടിഞ്ഞാറ് ഭാഗത്തായി ഒലൂലൂ എസ്‌കാർപ്‌മെൻറ്​. ഉയർന്ന പാറക്കെട്ടുകൾ മതിൽപോലെ നിലകൊള്ളുന്ന പ്രദേശമാണത്.

മസായിമാര / Photo: Pramod K S
മസായിമാര / Photo: Pramod K S

മാരാ നദിക്കരയോടു ചേർന്നുകിടക്കുന്ന സ്വർണനിറത്തിലുള്ള സമൃദ്ധമായ പുൽമേടുകളും (സവന്ന) അക്കേഷ്യ നിറഞ്ഞ വനപ്രദേശങ്ങളുമുള്ള മാരാ ട്രയാംഗിളാണ് അടുത്തത്. അവിടെയാണ് ഞങ്ങൾ താമസിക്കുന്ന ലോഡ്​ജ്​. ഗെയിം ഡ്രൈവുകൾ പ്രധാനമായി നടക്കുന്നതും ഇവിടെത്തന്നെ. പാറക്കൂട്ടങ്ങൾ, ചിതലുകളുടെ കുന്നുകൾ, ഇടയ്ക്കിടെയുള്ള കുറ്റിക്കാടുകൾ ഇതിനിടയിലുള്ള പുൽമേടുകൾ എന്നിവ ഇടകലർന്ന മാരാ സമതലങ്ങളാണ് അവസാനമായി ഇവിടെ കാണാനാകുന്ന ഭൂപ്രകൃതി.

വഴിയിൽ സീബ്ര, വൈൽഡ് ബീസ്റ്റ്, ഗസല്ല, ഇംപാല, ഓറികസ് കൂട്ടങ്ങളെ കണ്ടു. ഇടക്കിടെ ജിറാഫുകളുമുണ്ട്. ബിഗ് ഫൈവിനെ കണ്ടിട്ടേ ഡങ്കനെ വിടൂ എന്നു പറയുന്നുണ്ട് ഞങ്ങളുടെ വാഹനത്തിലെ വനിതകൾ. ഇബ്രു ഗോപ്രോയും കാമറും ഐ ഫോണുയായി ചിത്രീകരണത്തിന് തയ്യാറായി മുൻസീറ്റിലിരിക്കുന്നുണ്ട്. വിവേക് പൊതുവാളും കാമറയുമായി ഷൂട്ടിന് തയ്യാറെടുത്തിരിക്കുകയാണ്. മസായിമാര സഫാരിയിലെ പ്രധാന ആകർഷണം ബിഗ് ഫൈവ് എന്ന അഞ്ച് മൃഗങ്ങളാണ്. സിംഹം, ആന, പുള്ളിപ്പുലി, റൈനോ, കാട്ടുപോത്ത് എന്നിവ. ഇവയെ അഞ്ചിനെയും കാണാനായാൽ സഫാരി പൂർണമായി എന്നാണ് വിശ്വാസം. ബിഗ് ഫൈവിനെ കാണിച്ചുതരാം എന്നാണ് ഓരോ ടൂർ കമ്പനിയും സഞ്ചാരികൾക്ക് നൽകുന്ന വാഗ്ദാനം. എന്നാൽ, അപൂർവമായേ മസായിമാരയിൽ ഇപ്പോൾ റൈനോയെ കാണാൻ കഴിയാറുള്ളൂ എന്നാണ് ഡങ്കൻ പറയുന്നത്. ‘ലാൻഡ് ഓഫ് ബിഗ് ഫൈവ്’ എന്നതാണ് കെനിയൻ ടൂറിസത്തിന്റെ ആപ്തവാക്യങ്ങളിലൊന്ന്.

സഫാരി വാഹനങ്ങളിൽനിന്ന് ആർപ്പുവിളികളുയരുന്നുണ്ട്, ഇന്ത്യൻ സഞ്ചാരികളാകണം. ഞങ്ങളുടെ ലാൻഡ് ക്രൂയിസറിന്റെയും മുകൾഭാഗം മേലോട്ട് തുറന്നുവെച്ചിട്ടുണ്ട്. സീറ്റിൽ കയറിനിന്ന് അതിലൂടെ ആനക്കൂട്ടത്തെ വിശാലമായി നോക്കിക്കണ്ടു.

താമസിക്കാതെ പുൽപരപ്പുകൾക്കു നടുവിലെ മൺവഴികളിലൂടെ അതിവേഗം സഞ്ചരിച്ച് ഒരു ആനക്കൂട്ടത്തിനരികിലേക്കെത്തി ഞങ്ങൾ. ആഫ്രിക്കൻ ആനയെ ആദ്യമായി കാണുകയാണ്. വലിയൊരു ആനക്കൂട്ടമാണ് ഞങ്ങൾക്കരികിലൂടെ കടന്നുപോകുന്നത്. പതിനഞ്ചോളം സഫാരിവാഹനങ്ങളിലെ സഞ്ചാരികൾ കണ്ണിമ ചിമ്മാതെ തങ്ങളെ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നറിഞ്ഞിട്ടും ഒട്ടും അലോസരം പ്രകടിപ്പിക്കാതെ പുൽപ്പരപ്പിനിടയിലൂടെ മന്ദഗതിയിൽ നടന്നുനീങ്ങുകയാണ് അവ.

കാമറക്കണ്ണുകൾ തുടരെത്തുടരെ കൺചിമ്മി തുറക്കുന്നുണ്ട്. പോക്കുവെയിൽ ചിത്രവേല നടത്തുന്ന പുൽപ്പരപ്പിലെ അവയുടെ സാന്നിധ്യം ഒരു ഛായാചിത്രം പോലെ തോന്നിച്ചു. സഫാരി വാഹനങ്ങളിൽനിന്ന് ആർപ്പുവിളികളുയരുന്നുണ്ട്, ഇന്ത്യൻ സഞ്ചാരികളാകണം. ഞങ്ങളുടെ ലാൻഡ് ക്രൂയിസറിന്റെയും മുകൾഭാഗം മേലോട്ട് തുറന്നുവെച്ചിട്ടുണ്ട്. സീറ്റിൽ കയറിനിന്ന് അതിലൂടെ ആനക്കൂട്ടത്തെ വിശാലമായി നോക്കിക്കണ്ടു.

സഞ്ചാരികൾ കണ്ണിമ ചിമ്മാതെ തങ്ങളെ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നറിഞ്ഞിട്ടും ഒട്ടും അലോസരം പ്രകടിപ്പിക്കാതെ പുൽപ്പരപ്പിനിടയിലൂടെ മന്ദഗതിയിൽ നടന്നുനീങ്ങുകയാണ് അവ. / Photo: Pramod K S
സഞ്ചാരികൾ കണ്ണിമ ചിമ്മാതെ തങ്ങളെ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നറിഞ്ഞിട്ടും ഒട്ടും അലോസരം പ്രകടിപ്പിക്കാതെ പുൽപ്പരപ്പിനിടയിലൂടെ മന്ദഗതിയിൽ നടന്നുനീങ്ങുകയാണ് അവ. / Photo: Pramod K S

ആഫ്രിക്കൻ ആനയെ ഇന്ത്യൻ ആനയിൽ നിന്ന് വ്യത്യസ്​തമാക്കുന്നത് പ്രധാനമായും ചെവിയാണ്. തലയുടെ ആകൃതിയും കൊമ്പുകളുടെ നീളവുമാണ് മറ്റു രണ്ടു വ്യത്യാസങ്ങൾ. ആഫ്രിക്കൻ ആനയേക്കാൾ സൗന്ദര്യം ഇന്ത്യൻ ആനക്കുതന്നെയാണെന്ന് തോന്നി. തട്ടേക്കാടും മുത്തങ്ങയിലും പെരിയാർ വന്യജീവി സങ്കേതത്തിലും കാട്ടാനകളെ നേരിട്ടുകണ്ടിട്ടുണ്ട്. ഒരിക്കൽ വനംവകുപ്പും വയനാട് ‘ഉറവും' ചേർന്ന് സംഘടിപ്പിച്ച പ്രകൃതിപഠനക്യാമ്പിൽ പങ്കെടുത്ത്​ മുത്തങ്ങയിലെ ട്രൈ ജംഗ്ഷൻ സന്ദർശിച്ച് മടങ്ങുംവഴി ഞങ്ങളെ ആന ഓടിച്ചിട്ടുമുണ്ട്. ക്യാംമ്പംഗങ്ങൾ വലിയ ശബ്ദത്തിൽ ആരവമുയർത്തിയതായിരുന്നു കൂട്ടത്തിലൊരു കൊമ്പനെ പ്രകോപിപ്പിച്ചത്. അരികിലൂടെ ആനക്കൂട്ടം കടന്നുപോകുമ്പോൾ ഞാനോർത്തത് പഴയ മുത്തങ്ങയിലെ കൂട്ടയോട്ടമായിരുന്നു.

കെനിയയിൽ കൊമ്പിനുവേണ്ടിയുള്ള​ ആനവേട്ട വ്യാപകമായിരുന്നു. കോളനിവൽക്കരണത്തിനുമുൻപ് അറബികളായിരുന്നു ആഫ്രിക്കയിലെ ആനക്കൊമ്പ് വ്യാപാരം നിയന്ത്രിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്തും വലിയ തോതിൽ ആനവേട്ട നടന്നിരുന്നു. പിന്നീട് വനം- വന്യജീവി സമ്പത്ത് വൻതോതിൽ കുറഞ്ഞതോടെ കോളനി ഭരണാധികാരികൾ സംരക്ഷണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.

ഉഹുറു കെനിയാത്ത പ്രസിഡന്റായിരുന്ന 2016 ഏപ്രിലിൽ 105 ടൺ ആനക്കൊമ്പും 1.35 ടൺ കണ്ടാമൃഗത്തിന്റെ കൊമ്പും തീയ്യിട്ട് നശിപ്പിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ്- കണ്ടാമൃഗക്കൊമ്പ് നശീകരണമായിരുന്നു ഇത്.

കെനിയൻ സ്വാതന്ത്രസമരകാലത്ത് ഒളിപ്പോരാളികൾ പ്രവർത്തന മൂലധനത്തിന്​ ആനക്കൊമ്പിന്റെയും മറ്റും വ്യാപാരത്തിലേർപ്പെട്ടിരുന്നത്രെ. സ്വാതന്ത്രത്തിനുശേഷം കുറച്ചുകാലം സംരക്ഷണപ്രവർത്തനങ്ങൾ നടന്നിരുന്നെങ്കിലും ഡാനിയൽ അറാപ്മൊയുടെ കാലത്ത് കെനിയൻ രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായത്തോടെയുള്ള മൃഗവേട്ടയും കള്ളക്കടത്തും നടന്നിരുന്നു. അറാപ് മോയിയുടെ കാലത്തുതന്നെയാണ്, മനുഷ്യോൽപ്പത്തിയെക്കുറിച്ചുള്ള പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ അന്നത്തെ കെനിയൻ വൈൽഡ് ലൈഫ് സർവ്വീസ് മേധാവി റിച്ചാഡ് ലീക്കിയെ തൽസ്ഥാനത്തുനിന്ന്​ നീക്കം ചെയ്തത്. അനധികൃത വേട്ട ഉൾപ്പടെയുള്ള നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കാത്തതിനാലായിരുന്നു ഈ പുറത്താക്കൽ എന്നായിരുന്നു ആരോപണം. മോയിയെ തുടർന്ന് അധികാരത്തിൽ വന്ന മ്വായ് കിബാക്കി 2011 ജൂലൈയിൽ കള്ളക്കടത്തുകാരിൽനിന്ന് പിടിച്ചെടുത്ത 16 മില്യൺ ഡോളർ മൂല്യമുള്ള അഞ്ചു ടൺ ആനക്കൊമ്പ് തീയിട്ട്​ നശിപ്പിക്കുകയും അനധികൃത വേട്ടയോടുള്ള തന്റെ നയം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഉഹുറു കെനിയാത്ത പ്രസിഡന്റായിരുന്ന 2016 ഏപ്രിലിൽ 105 ടൺ ആനക്കൊമ്പും 1.35 ടൺ കണ്ടാമൃഗത്തിന്റെ കൊമ്പും തീയ്യിട്ട് നശിപ്പിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ്- കണ്ടാമൃഗക്കൊമ്പ് നശീകരണമായിരുന്നു ഇത്. കരിഞ്ചന്തയിൽ 220 മില്യൺ ഡോളർ മൂല്യമുണ്ടായിരുന്നത്രെ ഈ ശേഖരത്തിന്.

മസായിമാരയിലെ ആനക്കൂട്ടം / Photo: Vivek Pothuval
മസായിമാരയിലെ ആനക്കൂട്ടം / Photo: Vivek Pothuval

1989ലെ നിയമം റദ്ദാക്കി 2013ൽ നിലവിൽ വന്ന പുതിയ വൈൽഡ് ലൈഫ് കൺസർവേഷൻ ആൻഡ് മാനേജ്‌മെൻറ്​ ആക്ട്, കെനിയൻ വനം- വന്യജീവി സമ്പത്ത് സംരക്ഷണത്തിന് കൂടുതൽ സഹായകരമാണെന്നാണ് പൊതുവെ വിലയിരുത്തൽ. കെനിയൻ വൈൽഡ് ലൈഫ് സർവീസിനുകീഴിൽ നാഷണൽ പാർക്കുകളും റിസർവ്വുകളുമുൾപ്പെടെ 39 സംരക്ഷിത വനമേഖലകളുണ്ട്. ഈ സംരക്ഷിത പ്രദേശങ്ങൾക്കുപുറമെ പ്രാദേശിക ജനസമൂഹങ്ങളുമായി ചേർന്ന് നിരവധി സംരക്ഷണ പ്രവർത്തനങ്ങളും കെനിയൻ വൈൽഡ് ലൈഫ് സർവീസ്​നടത്തുന്നുണ്ട്. നിരവധി അന്താരാഷ്ട്ര ഏജൻസികളുടെ പിന്തുണയും ഇതിന്​ ലഭിക്കുന്നുണ്ട്. കെനിയൻ ജനതയ്ക്കും ലോകത്തിനുമായി കെനിയയിലെ വന്യജീവികളെ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് കെനിയൻ വൈൽഡ് ലൈഫ് സർവീസിന്റെ പ്രഖ്യാപിത ലക്ഷ്യം.

ദിവസവും നൂറുകണക്കിന് സഞ്ചാരികളെ കാണുന്ന മസായിമാരയിലെ മൃഗങ്ങളെ മനുഷ്യസാന്നിധ്യം ഒരു തരത്തിലും അലോസരപ്പെടുത്തുന്നതായി തോന്നിയില്ല. ചുറ്റും പുൽക്കാടാണ്. പക്ഷെ പരന്ന സമതലമല്ല. ചെറിയ നിമ്നോന്നതങ്ങൾ ദൂര കാഴ്ചകളെ മറയ്ക്കു​ന്നുണ്ട്. പുൽപ്പരപ്പിനിടയിൽ ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ സൃഷ്ടിച്ച സഞ്ചാരപഥങ്ങൾ വേറിട്ടുകാണാം.

മാരയിലെ മൃഗങ്ങൾ ലാൻഡ് ക്രൂയിസറിനെയും ഒരു മൃഗമായിട്ടാകും ഒരുപക്ഷെ കാണുന്നുണ്ടാകുക. അപകടകാരിയല്ലാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പുകതുപ്പുന്ന ഒരു വിചിത്രമൃഗം.

വാഹനങ്ങൾക്ക് നിശ്ചിത നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. വിശാലമായ പുൽപ്പരപ്പുകൾക്കിടക്ക് വാഹനങ്ങൾക്ക് പോകാൻ സഫാരി റൂട്ടുണ്ട്. അതുവിട്ട് സഞ്ചരിച്ചാൽ പിഴ നൽകണം. മൃഗങ്ങളെ ശല്യപ്പെടുത്തുന്നതും ഭക്ഷണം നൽകുന്നതും ശിക്ഷാർഹമാണ്. വനംവകുപ്പിന്റെ നിരീക്ഷണ വാഹനങ്ങൾ പലയിടത്തുമുണ്ട്. ഡ്രൈവർമാർ വയർലെസിലൂടെ ആശയവിനിയമം നടത്തുന്നു. എവിടെയെങ്കിലും കണ്ടുകിട്ടാൻ ബുദ്ധിമുട്ടുള്ള മൃഗങ്ങളെ കണ്ടാൽ കണ്ടെത്തിയവർ മറ്റുള്ളവരെ അറിയിക്കും. ഉടൻ സമീപത്തുള്ള സഫാരി വാഹനങ്ങൾ അവിടെയെത്തും. വനംവകുപ്പിനും ഈ ആശയവിനിമയങ്ങൾ കിട്ടുന്നതുകൊണ്ട് നിയമലംഘനം നടക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ അവരും സ്വീകരിക്കും.

മസായിമാരയിൽ എത്ര ലാൻഡ് ക്രൂയിസറുകളുണ്ടാകുമെന്നാണ് സഫാരിക്കിടയിൽ ഞാൻ ചിന്തിച്ചത്. ഒരുപക്ഷെ അവിടത്തെ മൊത്തം സിംഹങ്ങളുടെ സംഖ്യയേക്കാൾ എത്രയോ അധികമായിരിക്കണം അത്. അത്രയധികം വാഹനങ്ങളാണ് ആ യാത്രക്കിടയിൽ കണ്ടത്. മാരയിലെ മൃഗങ്ങൾ ലാൻഡ് ക്രൂയിസറിനെയും ഒരു മൃഗമായിട്ടാകും ഒരുപക്ഷെ കാണുന്നുണ്ടാകുക. അപകടകാരിയല്ലാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പുകതുപ്പുന്ന ഒരു വിചിത്രമൃഗം. നിരനിരയായ സഫാരി വാഹനങ്ങളുടെ യാത്ര വൈൽഡ് ബീസ്റ്റുകളുടെയും സീബ്രകളുടെയും ദേശാടനത്തെ ഓർമിപ്പിക്കും. അവരും ഒരു നേതാവിനുകീഴിൽ വരിയൊപ്പിച്ചാണ് യാത്ര ചെയ്യുക.

മസായിമാരയിലെ സിംഹം / Photo: Vivek Pothuval
മസായിമാരയിലെ സിംഹം / Photo: Vivek Pothuval

ആനകളെ മതിവരുവോളം കണ്ടശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അപ്പോഴാണ് ഡങ്കന് ഒരു സന്ദേശം ലഭിക്കുന്നത്. ഡങ്കനത് ഞങ്ങളുടെ യാത്രാസംഘത്തിലെ എല്ലാ ഡ്രൈവർമാരുമായും പങ്കിട്ടു. എന്താണ് സംഭവമെന്ന ഞങ്ങളുടെ ചോദ്യത്തിന് ഉത്തരമൊന്നും തന്നില്ല ഡങ്കൻ. മസായിമാരയിലെ കല്ലും ചരലും നിറഞ്ഞ വഴികളിലൂടെ അതിവേഗമാണ് ഡങ്കൻ വാഹനം മുന്നോട്ട് പായിക്കുന്നത്. താമസിക്കാതെ ചെളിയുടെ സാന്നിധ്യമുള്ള പുൽപ്പരപ്പിൽ ഞങ്ങളെത്തി. അവിടെ ഒരു കുറ്റിക്കാടിനോട് ചേർന്ന പുൽപ്പരപ്പിൽ എന്തോ കിടക്കുന്നു. കുറച്ച് സഫാരി വാഹനങ്ങൾ മുൻപേ തന്നെ അവിടെ എത്തിയിട്ടുണ്ട്. ലയൺ, കൂട്ടത്തിലാരോ പറഞ്ഞു. രണ്ട് ആൺസിംഹങ്ങൾ അവിടെ വിശ്രമിക്കുകയാണ്. വാഹനം അവരിൽനിന്ന് ഏറെ അകലെയല്ലാതെ പാർക്കു ചെയ്തു. തങ്ങൾക്കുചുറ്റും അർദ്ധവൃത്താകൃതിയിൽ പാർക്കുചെയ്ത ഏത് വാഹനത്തിലേക്കും ഒറ്റ ചാട്ടം കൊണ്ട് മൃഗരാജന് എത്താം.

കുടുംബമായാണ് സിംഹങ്ങളെ സാധാരണ കാണുക. ഒരുപക്ഷെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കുടുംബത്തിലെ മറ്റംഗങ്ങളുണ്ടാകാം. ഒരു കാലത്ത് സിംഹങ്ങളുടെ വിഹാരഭൂമിയായിരുന്നു ആഫ്രിക്ക. യൂറോപ്യൻമാരുടെ വരവോടെയാണ് സിംഹങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നത്.

രണ്ട് ആൺസിംഹങ്ങൾ അവിടെ വിശ്രമിക്കുകയാണ്. വാഹനം അവരിൽനിന്ന് ഏറെ അകലെയല്ലാതെ പാർക്കു ചെയ്തു. തങ്ങൾക്കുചുറ്റും അർദ്ധവൃത്താകൃതിയിൽ പാർക്കുചെയ്ത ഏത് വാഹനത്തിലേക്കും ഒറ്റ ചാട്ടം കൊണ്ട് മൃഗരാജന് എത്താം.

ഇന്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) കണക്കുപ്രകാരം ഇന്ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ശേഷിക്കുന്നത് 25,000 ത്തിൽ താഴെ മാത്രം സിംഹങ്ങളാണ്. 25 വർഷം മുമ്പുപോലും ഇതിന്റെ ഇരട്ടിയിലധികം സിംഹങ്ങളുണ്ടായിരുന്നത്രെ.

പ്രായപൂർത്തിയായ സിംഹത്തിന്റെ ഗർജ്ജനം അഞ്ചു മൈൽ അകലെ വരെ കേൾക്കാം. മസായിമാരയിൽ 850 മുതൽ 900 വരെ സിംഹങ്ങളുണ്ടെന്നാണ് കണക്ക്. ഇവിടത്തെ പല സിംഹകുടുംബങ്ങളും ലോകപ്രശസ്​ത ഡോക്യുമെന്ററി ചിത്രങ്ങൾക്ക് വിഷയമായിട്ടുണ്ട്. 2021 ജൂണിൽ തലയെടുപ്പും ഗാംഭീര്യവും മൂലം ലോകസിംഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ‘സ്‌കാർഫേസ്' എന്ന സിംഹം പ്രായാധിക്യത്താൽ മരിച്ചത് ആഗോള വാർത്തയായിരുന്നു. 14 വയസ്സിലായിരുന്നു മരണം. 10 മുതൽ 15 വർഷം വരെയാണ് ആഫ്രിക്കൻ സിംഹങ്ങളുടെ ശരാശരി ആയുസ്സ്. മസായികളിൽ നിന്ന് കുന്തം കൊണ്ടേറ്റ വലതുകണ്ണിലെ മുറിപ്പാടായിരുന്നു സ്‌കാർഫേസിനെ മറ്റു സിംഹങ്ങളിൽനിന്ന് തിരിച്ചറിയാൻ സഹായിച്ചിരുന്നത്.

മസായിമാരയിൽ 850 മുതൽ 900 വരെ സിംഹങ്ങളുണ്ടെന്നാണ് കണക്ക്. ഇവിടത്തെ പല സിംഹകുടുംബങ്ങളും ലോകപ്രശസ്​ത ഡോക്യുമെന്ററി ചിത്രങ്ങൾക്ക് വിഷയമായിട്ടുണ്ട്. / Photo: Pramod K S
മസായിമാരയിൽ 850 മുതൽ 900 വരെ സിംഹങ്ങളുണ്ടെന്നാണ് കണക്ക്. ഇവിടത്തെ പല സിംഹകുടുംബങ്ങളും ലോകപ്രശസ്​ത ഡോക്യുമെന്ററി ചിത്രങ്ങൾക്ക് വിഷയമായിട്ടുണ്ട്. / Photo: Pramod K S

ഏഷ്യാറ്റിക് സിംഹങ്ങൾ ആഫ്രിക്കൻ സിംഹത്തിന്റെ ഒരു ഉപജാതിയാണ്. ഇന്നത് ഇന്ത്യയിലെ ഗീർ വനത്തിൽ വളരെ കുറച്ചു മാത്രമായി ചുരുങ്ങിയിരിക്കുന്നു. ആഫ്രിക്കയിൽ മുഴുവനായും എഷ്യയുടെയും യൂറോപ്പിന്റെയും ചില ഭാഗങ്ങളിലും വിഹരിച്ചിരുന്ന ആഫ്രിക്കൻ സിംഹങ്ങളാകട്ടെ ആഫ്രിക്കയിലെ സബ്- സഹാറൻ മേഖലയിലെ കുറച്ച് പ്രദേശങ്ങളിലേക്കുമാത്രമായി ഒതുങ്ങി. അപവാദമുണ്ടാകാമെങ്കിലും ആഫ്രിക്കൻ സിംഹങ്ങൾ കൂട്ടമായി ജീവിക്കുന്നവയാണ്. രണ്ടുമുതൽ 40 എണ്ണം വരെയുള്ള കൂട്ടങ്ങൾ പ്രൈഡ്സ്​എന്നാണറിയപ്പെടുക. മസായിമാരയിലെ തന്നെ ഇത്തരം സിംഹക്കൂട്ടങ്ങളെക്കുറിച്ച് ഹൃദയസ്പർശിയായ നിരവധി കഥകളുണ്ട്. ഓരോ സിംഹക്കൂട്ടത്തിനും അവരുടേതായ അതിർത്തികളുണ്ട്. അവിടേക്കുള്ള മറ്റ് സിംഹങ്ങളുടെ കടന്നുകയറ്റം രക്തരൂക്ഷിത പോരാട്ടങ്ങൾക്കാണ് വഴിവെക്കുക. വേട്ടയാടുന്നതിനും കൂട്ടത്തെ ഒത്തൊരുമയോടെ നിലനിർത്തുന്നതിനും പെൺസിംഹങ്ങൾക്ക് വളരെ പ്രധാന പങ്കുണ്ട്. സിംഹങ്ങൾ മൃഗരാജൻമാരാണെങ്കിലും ഒറ്റപ്പെട്ട സിംഹങ്ങളെ കഴുതപ്പുലികളും ചെന്നായ്ക്കളും കൂട്ടംചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തും. സിംഹക്കുഞ്ഞുങ്ങളും പലപ്പോഴും ഇവരുടെ ആക്രമണങ്ങൾക്കിരയാകാറുണ്ട്.

ഓരോ സിംഹക്കൂട്ടത്തിനും അവരുടേതായ അതിർത്തികളുണ്ട്. അവിടേക്കുള്ള മറ്റ് സിംഹങ്ങളുടെ കടന്നുകയറ്റം രക്തരൂക്ഷിത പോരാട്ടങ്ങൾക്കാണ് വഴിവെക്കുക.

ഇക്കാലത്ത് സിംഹങ്ങൾ ഏറ്റവുമധികം കൊല്ലപ്പെടുന്നത് വിഷപ്രയോഗത്തിലൂടെയാണ്. ആഫ്രിക്കൻ ഇടയസമൂഹങ്ങൾ തങ്ങളുടെ കന്നുകാലികളെ സിംഹങ്ങൾ കൊണ്ടുപോകുന്നുണ്ടെന്ന കാരണത്താൽ ഇറച്ചിയിൽ വിഷപ്രയോഗം നടത്തി സിംഹങ്ങളെ ഇല്ലാതാക്കുന്നു. പലയിടത്തും സ്വാഭാവിക ഇരകൾ ഇല്ലാതായതോടെ മനുഷ്യരും സിംഹങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചിട്ടുണ്ട്. അസ്ഥികൾക്കും മറ്റു ശരീരഭാഗങ്ങൾക്കും വേണ്ടി വേട്ടക്കാർ കൊലപ്പെടുത്തുന്ന സിംഹങ്ങളുടെ എണ്ണവും വലുതാണ്. ചില ആഫ്രിക്കൻ രാജ്യങ്ങളിലെങ്കിലും ഇപ്പോഴും നിശ്ചിത ഫീസടച്ചുകൊണ്ടുള്ള ഹണ്ടിങ്ങ് സഫാരികൾ അനുവദനീയമാണ്. അതും സിംഹങ്ങളുടെ എണ്ണം കുറയുന്നതിനിടയാക്കുന്നു. സിംഹങ്ങളാൽ കൊല്ലപ്പെടുന്ന കന്നുകാലികൾക്ക് ഇന്ന് കെനിയ അടക്കം ചില രാജ്യങ്ങൾ കൃത്യമായ നഷ്ടപരിഹാരം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ, ഇവിടെ വന്യമൃഗങ്ങൾ കാര്യമായ ഭീഷണിയില്ലാതെ നിലനിൽക്കുന്നു.

മടങ്ങുംവഴി പുൽപ്പരപ്പിൽ സസ്യഭുക്കുകളായ മൃഗങ്ങളെ കാണാനുണ്ട്. വഴിയിലൊരിടത്ത് അസ്തമയം കണ്ടു / Photo: Pramod K S
മടങ്ങുംവഴി പുൽപ്പരപ്പിൽ സസ്യഭുക്കുകളായ മൃഗങ്ങളെ കാണാനുണ്ട്. വഴിയിലൊരിടത്ത് അസ്തമയം കണ്ടു / Photo: Pramod K S

കൂട്ടത്തിലൊരു സിംഹം ഉറക്കത്തിലാണ്. സമീപത്തുതന്നെയുള്ള മറ്റേയാൾ തലയുയർത്തി ചുറ്റിലും നോക്കി കോട്ടുവായിടുന്നു. പക്വതയും ശാന്തതയും ഒരൽപം നിർവികാരതയുമൊക്കെ കലർന്ന കൂസലില്ലാ ഭാവമാണ് സിംഹങ്ങൾക്ക്. മൃഗരാജന് ചേർന്ന ചേഷ്ടകൾ തന്നെ. കുറച്ചുനേരം അവിടെ ചെലവഴിച്ച്​ മടങ്ങി. പുൽപരപ്പുകൾക്കുമുകളിൽ സ്വർണനിറം പടർത്തിനിന്ന പോക്കുവെയിൽ പതുക്കെ പിൻവാങ്ങിത്തുടങ്ങുകയാണ്​. പൊറ്റേക്കാട്ട് പലയിടത്തും എഴുതിയിട്ടുള്ള പെരുമ്പറകളുടെ ശബ്ദമോ നൃത്തത്തിനകമ്പടിയായുള്ള വാദ്യകോലാഹലങ്ങളോ കേൾക്കാനുണ്ടോ എന്ന് വെറുതെ ചെവിടോർത്തു. നാഷണൽ പാർക്കിലെ മൺപാതകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ശബ്ദമൊഴികെ മറ്റൊരു മനുഷ്യനിർമിതശബ്ദവും ഉയരുണ്ടായിരുന്നില്ല അവിടെ നിന്നൊന്നും.

മടങ്ങുംവഴി പുൽപ്പരപ്പിൽ സസ്യഭുക്കുകളായ മൃഗങ്ങളെ കാണാനുണ്ട്. വഴിയിലൊരിടത്ത് അസ്തമയം കണ്ടു. മസായിമാരയിലെ പുൽപ്പരപ്പുകളുടെ സമുദ്രത്തിനപ്പുറം സൂര്യൻ മറയുകയാണ്. മേഘസാന്നിധ്യം മൂലം അത്ര സ്പഷ്ടമായിരുന്നില്ല ആ കാഴ്ചയെങ്കിലും പുൽപ്പരപ്പിന്റെയും ഒറ്റമരങ്ങളുടെയും അതിനിടയിൽ മേഞ്ഞുനടക്കുന്ന മൃഗക്കൂട്ടങ്ങളുടെയുമൊക്കെ പാശ്ചാത്തലത്തിൽ അഭൗമമായൊരു സൗന്ദര്യമുണ്ടായിരുന്നു ആ അന്തരീക്ഷത്തിന്. തിരിച്ച് മാരാസിംബാ ലോഡ്ജിൽ എത്തിയപ്പോഴേക്കും അവിടെയൊക്കെ ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. ▮

(തുടരും)


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments