ഫോ​​​ട്ടോകൾ: പ്രമോദ്​​ കെ.എസ്​.

അപകടകരമായ ഒരു നഗരമാണോ
നെയ്‌റോബി?

പാതിരാവ് പിന്നിട്ടിരിക്കണം.
ചില നൈറ്റ് ക്ലബ്ബുകളും പബ്ബുകളും ഷോപ്പിങ് മാളുകളും കയറിയിറങ്ങിയാണ് വില്ലേജ് മാർക്കറ്റ് മാൾ എന്ന നഗരഹൃദയത്തിലെ പേരുമായി ഒരു ബന്ധവുമില്ലാത്ത ആ കൂറ്റൻ മാളിലെ അപ്പോഴും തുറന്നിരിക്കുന്ന ഒരു കോഫിഷോപ്പിൽ ഞങ്ങളെത്തിയത്. നെയ്‌റോബിയിലെ ഇറ്റാലിയൻ സുഹൃത്തായ ക്രിസ്സിനൊപ്പം ഇറ്റാലിയിൻ കോഫി കുടിച്ച് നെയ്‌റോബി വിശേഷങ്ങളും ബിസിനസ്​ കയറ്റിറക്കങ്ങളും സംസാരിച്ച് കുറച്ചുനേരംകൂടി അവിടെ തുടരാം എന്നാണ് ആലോചന. പക്ഷെ ഈ രാവ് മുഴുവൻ നെയ്‌റോബിയിലെ രാത്രിജീവിതമറിയാൻ ചെലവിടാം എന്നാണ് ക്രിസ് പറയുന്നത്.

പക്ഷെ ഇബ്രാഹിമിനും എനിക്കും ആ ക്ഷണം സ്വീകരിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. രാവിലെ നേരത്തെതന്നെ ഞങ്ങളുടെ കെനിയൻ യാത്ര ഏർപ്പാട് ചെയ്ത ടൂർ കമ്പനിയുടെ സംഘത്തിനൊപ്പം ഞങ്ങൾക്ക് മസായി മാരയിലേക്ക് പുറപ്പെടേണ്ടതുണ്ട്. അതിനുമുമ്പ്​ കുറച്ചുനേരമെങ്കിലും ഉറങ്ങണം.

വില്ലേജ് മാർക്കറ്റ് മാൾ

നെയ്‌റോബി രാത്രിജീവിതത്തിൽ സജീവമായി പങ്കുകൊണ്ടിരുന്ന ഒരാളാണ് ക്രിസ് എന്ന് മനസ്സിലായി. ചെല്ലുന്നിടത്തെല്ലാം അയാൾക്ക് സുഹൃത്തുക്കളുണ്ട്. അവരെല്ലാം അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ക്രിസ് ജനിച്ചുവളർന്നത് നെയ്‌റോബിയിലാണ്. അദ്ദേഹത്തിന്റെ പിതാവ് ലിയോ ഒരു യാത്രികനായി കെനിയയിലെത്തുകയും പിന്നീട് ഒരു ബിസിനസുകാരനായി അവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത ഒരാളാണ്. ഏക സന്താനമായതുകൊണ്ടുതന്നെ സ്വഭാവികമായും അച്ഛന്റെ ബിസിനിസിൽ സജീവമായിരിക്കുന്നു ഇപ്പോൾ ക്രിസ്. തന്റെ കെനിയൻ ഗേൾഫ്രണ്ടിനൊപ്പം, മാതാപിതാക്കൾക്കുമൊപ്പം തന്നെയാണ് ക്രിസിന്റെ താമസം. ഞാനും ഇബ്രാഹിമും ജോലിചെയ്യുന്ന എപ്​റ്റ ഇൻറർനാഷനൽ കൊ​മേഴ്​സ്യൽ റഫ്രിജറേഷൻ കമ്പനിയുടെ കെനിയയിലെ വിതരണക്കാരിലൊന്നാണ് ക്രിസിന്റെ ലിയോ കൊമേഴ്‌സൽ റഫ്രിജറേഷൻ എന്ന കമ്പനി. ഞങ്ങളുടെ കെനിയൻ യാത്രയെക്കുറിച്ചറിഞ്ഞപ്പോൾ ആഫ്രിക്കൻ റീജ്യന്റെ സെയിൽസ് ചുമതല വഹിക്കുന്ന യുക്രെയ്​ൻകാരനായ പൗലോ എന്ന സെയിൽസ് മാനേജരാണ് ക്രിസിന്റെ നമ്പർ പറഞ്ഞ് തരുന്നതും അദ്ദേഹത്തെ ഞങ്ങളുടെ യാത്രയെക്കുറിച്ച് അറിയിക്കുന്നതും.

ക്രിസ്, പ്രമോദ്, ഇബ്രാഹിം

നെയ്‌റോബി അപകടകരമായ ഒരു നഗരമാണോ എന്ന ഞങ്ങളുടെ ചോദ്യത്തിന് ലോകത്തെ മറ്റേതൊരു നഗരത്തെയും പോലെ മാത്രം എന്നാണ് ക്രിസ്​ മറുപടി പറഞ്ഞത്. കെനിയയിൽ ജനിച്ചുവളർന്ന ക്രിസിന് തന്റെ കഴിഞ്ഞകാല ജീവിതത്തിനിടയിൽ ഒരിക്കൽ പോലും അക്രമത്തിനോ പിടിച്ചുപറിക്കോ ഇരയാകേണ്ടിവന്നിട്ടില്ല. ജീവിതത്തിൽ ആദ്യമായും അവസാനമായും ഒരു മോഷണത്തിനിരയാകേണ്ടിവന്നത് ബിസിനനസ്​ സ്‌കൂൾ പഠനകാലത്ത് ലണ്ടൻ നഗരത്തിൽ വെച്ചാണ്. സക്കറിയയുടെ ആഫ്രിക്കൻ യാത്രയിലൂടെയും നാട്ടുകാരനും മുൻപ് കെനിയയിൽ പ്രവാസിയുമായിരുന്ന കൊട്ടാരപ്പാട്ട് വിഷ്ണു അടക്കം പലരുടെയും അനുഭവകഥകളിലൂടെയും സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരത്തിലൂടെയും നെയ്‌റോബിയെക്കുറിച്ചും കെനിയയെക്കുറിച്ചും ഒരു മുൻചിത്രം മനസ്സിൽ വരച്ചിട്ട എനിക്ക് ക്രിസിന്റെ ആ വാദം ഒട്ടും സ്വീകാര്യമായി തോന്നിയില്ല. തൊട്ടുമുൻപ് ഞങ്ങൾ സന്ദർശിച്ച ചില നൈറ്റ് ക്ലബ്ബുകളുടെ മുമ്പിലൊരുക്കിയ വലിയ സുരക്ഷയും ഷോപ്പിങ് മാളുകളിലെ ആയുധധാരികളായ കാവൽക്കാരുടെ സാന്നിധ്യവുമൊന്നും ക്രിസിന്റെ ആ വാദം സാധൂകരിക്കുന്നതുമായിരുന്നില്ല.

കെനിയൻ നൈറ്റ് ലൈഫ്

ഒരുപക്ഷെ വെളുത്ത തൊലിയുള്ളവർ അവിടെ കൂടുതൽ സുരക്ഷിതരായിരിക്കാം. അക്രമത്തിന്റെയും നിയമരാഹിത്യത്തിന്റെയും ഇടയിൽ ജനിച്ചുവളർന്ന ക്രിസിന് ഒരുപക്ഷെ അത് വലിയൊരു വിഷയമായി തോന്നാത്തതുമായിരിക്കാം. അല്ലെങ്കിൽ തന്റെ നഗരത്തെപ്പറ്റി, രാജ്യത്തെപ്പറ്റി അങ്ങനെയൊരു ചിത്രം സന്ദർശകരുടെ മനസ്സിൽ വരച്ചിടാനോ അവരെ പരിഭ്രാന്തരാക്കാനോ അദ്ദേഹം താത്പര്യപ്പെടുന്നുണ്ടാകില്ല. ആ രാത്രി ഞങ്ങൾ കടന്നുപോന്ന മറ്റിടങ്ങളിൽ നിന്നുമൊക്കെ ഏറെ വ്യത്യസ്തമായ ഒരിടമായിരുന്നു ആ കോഫി ഷോപ്പ്. കാതടപ്പിക്കുന്ന സംഗീതവും ദ്രുതഗതിയിലുള്ള ഉടലാട്ടങ്ങളും അപരിചതവും വിചിത്രവുമായ ധൂമഗന്ധങ്ങളും അരണ്ട പല നിറത്തിലുള്ള വെളിച്ചങ്ങളും നിറഞ്ഞ ഭ്രമാത്മകലോകത്തിൽ ഏറെ അകലെയായിരുന്നു ശാന്തമായ ആ സ്ഥലം. ഏറെക്കുറെ വിജനമായ ആ കോഫി ഷോപ്പിൽ നിന്ന്​ തട്ടുതട്ടായി നീണ്ടുപരന്നുകിടക്കുന്ന മാളിന്റെ ചില പുറത്തളകാഴ്​ചകൾ ദൃശ്യമായിരുന്നു.

ബാർ

തണുപ്പ് അരിച്ചുകയറുന്നുണ്ട്.
മോക്ക എന്ന ഡബിൾ ഷോട്ട് ഇറ്റാലിയൻ കോഫി ആസ്വദിച്ച് കുടിക്കുകയാണ് ഇബ്രാഹിം. ഞാനും ലിയോയും തോരഞ്ഞെടുത്തത് സിംഗിൾ ഷോട്ട് എക്‌സ്പ്രസോയാണ്​. ഒരു ദശകത്തിലധികമായി ഒരു ഇറ്റാലിയൻ കമ്പനിയിൽ ഇറ്റാലിയൻ സഹപ്രവർത്തകർക്കൊപ്പം ജോലിചെയ്തുവരുന്ന ഞങ്ങൾ ഇബ്രു എന്നുവിളിക്കുന്ന ഇബ്രാഹിം, ഇക്കഴിഞ്ഞ കാലം കൊണ്ട് പല ഇറ്റാലിയൻ ശീലങ്ങളും ഉപചാരവാക്കുകളും സ്വായത്തമാക്കുകയും സ്വാംശീകരിക്കുകയും ചെയ്തിരുന്നു. കെനിയൻ രാഷ്ട്രീയത്തെക്കുറിച്ചും സാമൂഹ്യജീവിത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങൾക്ക് ക്രിസിൽനിന്ന് കാര്യമായ മറുപടികളുണ്ടായില്ല. ഒരുപക്ഷെ അതിലയാൾ അജ്ഞനോ അതിലേറെ വിമുഖനോ ആയിരുന്നു. ഞങ്ങൾ റഫ്രിജറേഷൻ ബിസിനസിനെക്കുറിച്ചും കെനിയൻ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും കെനിയൻ വന്യജീവി സമ്പത്തിനെക്കുറിച്ചും രാത്രിജീവിതത്തെക്കുറിച്ചും ഇറ്റാലിയൻ ഭക്ഷണശീലത്തെക്കുറിച്ചും സംസാരിച്ചു.

റെയിൽവേപാളത്തിന്റെ പണിക്കായാണ് ബ്രിട്ടീഷുകാർ ആദ്യമായി ഇന്ത്യക്കാരെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്തിക്കുന്നത്. അവരുടെ പിൻമുറക്കാർ ഇന്ന് പല ആഫ്രിക്കൻ രാജ്യങ്ങളിലെയും വലിയ സാമ്പത്തികശേഷിയും സ്വാധീനശേഷിയുമുള്ള ആഭിജാതവർഗമായി വളർന്നിരിക്കുന്നു.

വില്ലേജ് മാളിന്റെ അകത്തളത്തിലെ ഏതോ ഇടനാഴിയിൽ വെച്ച് ക്രിസിന്റെ പഴയ ഗേൾഫ്രണ്ടായ മാർത്തയെ ഞങ്ങൾ കണ്ടിരുന്നു. പ്രസന്നവദനയായ മെലിഞ്ഞ ഒരു കെനിയൻ പെൺകുട്ടി. മറ്റൊരു ഇറ്റാലിയൻ യുവാവിനൊപ്പം നടന്നുവരികയായിരുന്നു അവൾ. ബിസിനസ്​ ആവശ്യങ്ങൾക്ക്​ ഇടയ്ക്കൊക്കെ കെനിയയിലെത്തുന്ന അയാളെ ലൂയിക്ക് വിദൂരമായ പരിചയമുണ്ടായിരുന്നു. അവർ സംസാരിച്ചുനിൽക്കുന്നതിനിടയ്ക്ക് മാർത്ത ഞങ്ങളുമായി സംസാരിച്ചു. നെയ്‌റോബിയിൽ ഒരാഴ്ചയെങ്കിലും തങ്ങണമെന്നാണ് മാർത്തയുടെ പക്ഷം. ഇറ്റാലിയൻ സുഹൃത്ത് നാളെ മടങ്ങും. പിന്നെ, കെനിയയുടെ കാഴ്ചകളിലേക്ക് അവർ ഞങ്ങൾക്കൊപ്പം വരാം. ഒരു ടൂർ കമ്പനിയുടെ പൂർവനിശ്ചിതമായ വഴികളിലൂടെയും കാഴ്ചകളിലൂടെയുമുള്ള ഒരു യാത്രയാണിതെന്നും പിറ്റേന്ന് രാവിലെ തന്നെ ഈ നഗരം വിടുമെന്നും ഞങ്ങൾ അവരെ അറിയിച്ചു. യാത്ര പറയുമ്പോഴും നെയ്‌റോബിയിൽ കൂടുതൽ ദിവസം തങ്ങാൻ അവർ പറഞ്ഞുകൊണ്ടിരുന്നു. അവരിപ്പോൾ പലരുടെയും ഒരു താത്കാലിക ഗേൾഫ്രണ്ടാണ്, മാർത്തയുടെ ക്ഷണത്തെക്കുറിച്ച് പറഞ്ഞപ്പോൾ ക്രിസ്​ പറഞ്ഞു.

നെയ്റോബിയിലെ രാത്രിജീവിതം

സഞ്ജയ് ഷാ എന്ന ഒരു ഇന്ത്യൻ വംശജന്റെതാണ് വില്ലേജ് മാൾ എന്ന ആ അതിഗംഭീര നിർമിതിയെന്ന് ക്രിസ് ഞങ്ങളോട് പറഞ്ഞു. കെനിയൻ സാമ്പത്തികരംഗം കൈയ്യടക്കിവെച്ചിരിക്കുന്നത് ഇന്ത്യൻ വംശജരാണ്. 1896-ൽ മൊമ്പാസ തുറമുഖം തൊട്ട് ഉഗാണ്ടയിലെ വിക്ടോറിയ തടാകം വരെ നിർമിക്കുന്ന റെയിൽവേപാളത്തിന്റെ പണിക്കായാണ് ബ്രിട്ടീഷുകാർ ആദ്യമായി ഇന്ത്യക്കാരെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്തിക്കുന്നത്. അവരുടെ പിൻമുറക്കാർ ഇന്ന് പല ആഫ്രിക്കൻ രാജ്യങ്ങളിലെയും വലിയ സാമ്പത്തികശേഷിയും സ്വാധീനശേഷിയുമുള്ള ആഭിജാതവർഗമായി വളർന്നിരിക്കുന്നു.

ബില്ലും ടിപ്പും നൽകി ഞങ്ങൾ മടങ്ങി. പൈസ കൈയിൽ കൊണ്ടുനടക്കുന്ന ഒരാളല്ല ക്രിസ്​. എംപൈസോ എന്ന ഒരു ആപ്പാണ് സാമ്പത്തിക വിനിമയങ്ങൾക്ക്​ അദ്ദേഹം ഉപയോഗിക്കുന്നത്. നഗരത്തിൽ ഓരോയിടത്തും കാർ പാർക്ക് ചെയ്യുമ്പോൾ സമീപത്തുള്ള കടകളുടെ സെക്യൂരിറ്റി ജീവനക്കാരെ അയാൾ തന്റെ വാഹനത്തിന്റെ സംരക്ഷണച്ചുമതല ഏൽപ്പിക്കുന്നതും തിരിച്ചെടുക്കാനെത്തുമ്പോൾ അവർക്കെല്ലാം പണം ട്രാൻസ്ഫർ ചെയ്തുകൊടുക്കുന്നതും കണ്ടു. മടങ്ങുമ്പോൾ വഴിതെറ്റി മാളിന്റെ വിജനമായ ചില ഔട്ട്‌ഡോർ പ്രദേശങ്ങളിലേക്ക് ഞങ്ങളെത്തി. പരിസരം മറന്ന് പരസ്പരം ആഴത്തിൽ അറിഞ്ഞുകൊണ്ടിരുന്ന ഒരു ആഫ്രിക്കൻ പ്രണയജോഡിയോട് ക്ഷമചോദിച്ച്​ പാർക്കിങ് പ്രദേശത്തേക്ക് ഞങ്ങൾ നടന്നു.

അസമയത്ത് നഗരപ്രാന്തത്തിലെ വിജനവും അപകടകരവുമായ വഴികളിലൂടെ തനിച്ച് സഞ്ചരിക്കേണ്ടിവരാറുള്ളതിനെക്കുറിച്ച് ക്രിസ്​ പറഞ്ഞു. അസ്വാഭാവികമായി ആരെങ്കിലും തടയാൻ ശ്രമിച്ചാൽ ഇടിച്ചുതെറിപ്പിച്ച് പോയിക്കൊള്ളാനാണ് നെയ്‌റോബി പൊലിസിന്റെ നിർദേശമത്രെ.

പാതകളെല്ലാം തികച്ചും വിജനം.
നെയ്റോബി നഗരപരിധിക്കുള്ളിൽ തന്നെ വനസമാനമായ മേഖലകളുണ്ട്. വലിയ സൂപ്പർമാർക്കറ്റുകളിലെ ശീതീകരണസൂക്ഷിപ്പ് സംവിധാനങ്ങൾ തകരാറിലാകുമ്പോൾ ചിലപ്പോഴൊക്കെ ടെക്‌നീഷ്യൻമാരെ അവിടെ കൊണ്ടെത്തിച്ച് അസമയത്ത് നഗരപ്രാന്തത്തിലെ വിജനവും അപകടകരവുമായ വഴികളിലൂടെ തനിച്ച് സഞ്ചരിക്കേണ്ടിവരാറുള്ളതിനെക്കുറിച്ച് ക്രിസ്​ പറഞ്ഞു. അസ്വാഭാവികമായി ആരെങ്കിലും തടയാൻ ശ്രമിച്ചാൽ ഇടിച്ചുതെറിപ്പിച്ച് പോയിക്കൊള്ളാനാണ് നെയ്‌റോബി പൊലിസിന്റെ നിർദേശമത്രെ. പതുക്കെ നഗരത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ തുടങ്ങി ക്രിസ്​. നഗരത്തിലെ പ്രധാനവീഥി കടന്നുപോകുന്നത് കിബേര (Kibera) എന്ന ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശത്തിന് മുകളിലൂടെയാണ്. പ്രധാന വീഥിയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകാത്ത തരത്തിൽ ഇരുവശങ്ങളിലും ഉയർത്തി നിർമിച്ച കനത്ത കോൺക്രീറ്റ് ഭിത്തികളുള്ളതുകൊണ്ടുതന്നെ അവിടേക്കുള്ള കാഴ്ച അസാധ്യമായിരുന്നു.

നെയ്‌റോബിയിലെ ജോമോകെ നിയാത്ത അന്താരാഷ്ട്ര വിമാനത്താവളം

കെനിയൻ സ്വാതന്ത്ര്യസമരനായകനായ ജോമോ കെനിയാത്ത ആയിരുന്നു കെനിയയുടെ ആദ്യ പ്രസിഡൻറ്​. 1964 മുതൽ 78 വരെ കെനിയയെ നയിച്ച അദ്ദേഹത്തിനുശേഷം അധികാരത്തിലെത്തിയ ഡാനിയേൽ അറാപ്മൊയ്യുടെ ഭരണകാലത്താണ് (1978- 2002 വരെ) അഴിമതിയുടെ അക്രമത്തിന്റെയും കൂത്തരങ്ങായി കെനിയ മാറുന്നത്. ലോകത്തെ ഏറ്റവും വലിയ അഴിമതിക്കാരായ രാഷ്ട്രത്തലവൻമാരിലൊരാളായാണ് അറാപ്മൊയ് കണക്കാക്കപ്പെടുന്നത്. തുടർന്ന് 2002 മുതൽ 2013 വരെ കെനിയയെ നയിച്ചത് മ്വായ് കിബാക്കിയായിരുന്നു. അറാപ്മൊയ് സർക്കാരിന്റെ അഴിമതി പ്രചാരണവിഷയമാക്കിയായിരുന്നു കിബാക്കി അധികാരത്തിലെത്തിയത്. സാമ്പത്തികമായി കെനിയയുടെ അവസ്ഥ അൽപം മെച്ചപ്പെടുത്താൻ കിബാക്കിക്ക് കഴിഞ്ഞെങ്കിലും, വ്യക്തിപരമായി അറാപ്മൊയെപോലെ അഴിമതിക്കാരനല്ലെന്ന് പറയുന്നുണ്ടെങ്കിലും വൻ സാമ്പത്തിക കുംഭകോണ ആരോപണങ്ങൾ കിബാക്കിയുടെ അവസാനകാലത്തും ഉയർന്നുവന്നിരുന്നു. 2013-ൽ കിബാക്കി അധികാരം നിലവിലെ കെനിയൻ പ്രസിഡന്റായ ഉഹുറു കെനിയാത്തക്ക് കൈമാറി. ജോമോ കെനിയാത്തയുടെ മകനാണ് ഉഹുറു കെനിയാത്ത. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കെനിയ സാമ്പത്തികമായി കുറച്ചുകൂടി മെച്ചപ്പെട്ട അവസ്ഥയിലായിട്ടുണ്ടെന്ന് പറയുന്നു.

കോൺകോഡ് ഹോട്ടൽ

നഗരവീഥികളിലൂടെയുള്ള ഹ്രസ്വമല്ലാത്ത ഡ്രൈവിനൊടുവിൽ നെയ്റോബിയിൽ ഞങ്ങൾ തങ്ങുന്ന കോൺകോഡ് ഹോട്ടലിന്റെ (The Concord Hotel & Suites) അടഞ്ഞ ഗേറ്റിനുമുമ്പിൽ കാറെത്തി. സെക്യൂരിറ്റിക്കാർ ഗേറ്റ് തുറന്നു. ഇറ്റാലിയൻ ഉപചാരവാക്കുകൾ പറഞ്ഞ്, ആശംസ നേർന്ന് ഞങ്ങൾ പിരിഞ്ഞു. നഗരഹൃദയത്തിൽ തന്നെയുള്ള 4.5 സ്റ്റാർ റേറ്റിങ്ങുള്ള ഒരു ആഡംബര ഹോട്ടലാണത്. ഉയർന്ന അഭിരുചിയോടും കലാപരതയോടും എല്ലാവിധ അനുബന്ധസൗകര്യങ്ങളോടും കൂടി ഒരുക്കപ്പെട്ട വിശ്രമഗേഹം. സുഭിക്ഷമായ അത്താഴം കഴിഞ്ഞാണ് ഞങ്ങൾ അവിടെ നിന്നിറങ്ങിയത്.

ഉച്ചഭക്ഷണം സബ്വേയിൽ നിന്നായിരുന്നു. നെയ്‌റോബിയിലെ ജോമോ കെനിയാത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറുകൾക്കുമുന്നിലെ മനംമടുപ്പിക്കുന്ന നീണ്ട വരിക്കും വിമാനത്താവളത്തിനു പുറത്ത് ടൂർ കമ്പനി പ്രതിനിധികളോടൊത്ത് സംഘത്തിലെ മറ്റുള്ളവർക്ക് വേണ്ടിയുള്ള മുഷിഞ്ഞ കാത്തുനിൽപ്പിനും ശേഷം ഞങ്ങളെ ഗലേറിയ മാൾ എന്ന നഗരത്തിലെ ഒരു ഷോപ്പിങ് മാളിൽ കൊണ്ടിറക്കുകയായിരുന്നു.

ആദ്യ ദിനത്തിലെ ഉച്ചഭക്ഷണം ടൂർ പാക്കേജിൽ ഉൾപ്പെടുന്നതല്ല. അതുകൊണ്ട് ഇഷ്ടമുള്ളത് കഴിക്കാമെന്നും അവശ്യസാധനങ്ങൾ വാങ്ങി ഒരു മണിക്കൂറിനുള്ളിൽ പാർക്കിങ് സ്ഥലത്ത്​ എത്തണമെന്നും പറഞ്ഞാണ് ടൂർ ഗൈഡ് ട്രീസ യാത്രാസംഘത്തെ അവിടെ ഇറക്കിവിട്ടത്. സാൻഡ്​വിച്ചും സലാഡും കോഫിയും പെട്ടെന്ന് കഴിച്ച് മാളിലെ കാരിഫോർ മാർക്കറ്റിൽനിന്ന്​ കുറച്ച് ബിസ്‌കറ്റും പേസ്ട്രിയും ബ്രഡും നട്‌സും ലഘുപാനീയങ്ങളുമൊക്കെ വാങ്ങി മാൾ പെട്ടെന്നൊന്ന് ചുറ്റിനടന്നുകണ്ട് ഞങ്ങൾ മടങ്ങി. തുടർന്ന്, നഗരത്തിൽ തന്നെയുള്ള ജിറാഫ് സെന്ററും സന്ദർശിച്ചാണ് വൈകീട്ട് ആറുമണിയോടെ ഞങ്ങളീ ഹോട്ടലിലെത്തുന്നതും അത്താഴം കഴിഞ്ഞ് യാത്രാസംഘത്തിലെ മറ്റുള്ളവരുമായി പിരിഞ്ഞ് ക്രിസിനൊപ്പം നെയ്റോബിയിലെ രാത്രി പര്യവേക്ഷണത്തിനിറങ്ങുന്നതും.

ഹോട്ടൽ ലോബിയുടെ വലതുവശത്തായുള്ള റെസ്റ്റോറന്റിന്റെ ഒരു വശത്തുതന്നെയാണ് ബാർ. അവിടെനിന്ന് മലയാളത്തിലുള്ള സംസാരം കേൾക്കാം. ദുബായിൽ നിന്നുള്ള ആ ടൂർ സംഘത്തിൽ പകുതിയോടടുത്ത് മലയാളി കുടുംബങ്ങൾ തന്നെയാണെന്ന് ടൂർ ഓപ്പറേറ്ററുടെ പ്രതിനിധി ഇബ്രുവിനോട് പറഞ്ഞിരുന്നു. പെരുന്നാൾ അവധിക്കാലം കെനിയയിൽ ചെലവഴിക്കാൻ കുടുംബവുമായി എത്തിയവർ.

ലിഫ്റ്റിൽ കയറി. രണ്ടാം നിലയിലാണ് മുറി. മനോഹരമായി സജ്ജീകരിക്കപ്പെട്ടതാണെങ്കിലും അവിടെനിന്നുള്ള കാഴ്ച ഹോട്ടൽവളപ്പിന് പുറത്തുള്ള കോൺക്രീറ്റ് നിർമിതികളാൽ തടയപ്പെട്ടിരുന്നു. നല്ല തണുപ്പുള്ള രാത്രി. നഗരത്തിലെ ഒരു നൈറ്റ് ക്ലബ്ബിൽ നിന്ന്​ പ്രവേശനസമയത്ത് കൈത്തണ്ടയിൽ ബന്ധിച്ചിരുന്ന വളയം അപ്പോഴും ഞങ്ങളുടെ കൈകളിലുണ്ടായിരുന്നു. അത് പറിച്ചുമാറ്റേണ്ടെന്നും പിറ്റേന്ന് പുലർച്ച നാലുവരെ എപ്പോഴും വീണ്ടും അവിടേക്ക് കയറിവരാം എന്നും അവിടെ നിന്നിറങ്ങുമ്പോൾ പ്രവേശനകവാടത്തിലെ ജോലിക്കാർ ഞങ്ങളോട് പറഞ്ഞിരുന്നു. ക്യാമറ ബാറ്ററികളും ഫോണുകളും ചാർജ് ചെയ്യാൻ വെച്ച് ചൂടുവെള്ളത്തിൽ മേൽകഴുകി കിടക്കയിലേക്ക് ചാഞ്ഞു. നാളത്തെ രാത്രി മസായി മാര നാഷണൽ പാർക്കിനകത്താണ്. ▮

(തുടരും)


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments