റോസ്​ ജോർജ്​

സൂരജ്​; പല നിറമുള്ള ഞരമ്പുകളുടെ
ഹ്യുമൻ ലൈബ്രറി

സൂരജിന്റെ ഒരു ദിവസത്തിൽ കൂടുതൽ സമയം പുസ്തകക്കടയിലാണെന്ന് പറഞ്ഞപ്പോൾ അയാൾ ഭാഗ്യവാനെന്ന്​ ഉള്ളിൽ തോന്നി. അയാൾ പതിവായി അടുക്കുന്ന ഉയരങ്ങൾ, നിറയ്ക്കുന്ന ഷെൽഫുകൾ, അയാൾ കാണുന്ന പലതരം മനുഷ്യന്മാർ. ആർത്തി പിടിച്ച ഒരുവളെപ്പോലെ ചോദ്യങ്ങൾ ഉള്ളിലിട്ട് ഞാൻ തന്നെ തുടങ്ങി.

അടുത്ത നാളിൽ ഞാനൊരാളെ കണ്ടു, തികച്ചും യാദൃശ്ചികമായി, മറ്റൊരു ദേശത്തുവച്ച്, എനിക്ക് വഴങ്ങാത്ത പല ഭാഷകൾക്കിടയിൽ വീർപ്പുമുട്ടിയിരുന്ന സന്ദർഭത്തിൽ.
അതൊരു വല്യ ആനന്ദമായിരുന്നു. നാടു വിട്ട് മാറിനിൽക്കുമ്പോൾ നട്ടുച്ചക്ക് ഉള്ളീം ഇഞ്ചീം വേപ്പിലയുമൊക്കെ ഇട്ട മോരുംവെള്ളം കുടിക്കാൻ കിട്ടുന്നപോലെ ഉള്ളിൽ തണുപ്പു തന്ന ഒരു കൂടിക്കാഴ്ച.

അയാളുടെ പേര് സൂരജ്.
ഇത്രയും നാളത്തെ ജീവിതത്തിൽ എത്രയോ പേരെ കണ്ടിട്ടുണ്ട്, പരിചയപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് അങ്ങനെയല്ല കേട്ടോ. മുഴുവൻ കേട്ടുകഴിയുമ്പോൾ ഇതാണോ ഇത്ര വല്യ കാര്യം, ചുമ്മാ നേരം കളഞ്ഞെന്നുപറഞ്ഞ്​ നിങ്ങളെല്ലാവരും കൂടി എന്നെ തുറിച്ചുനോക്കുമായിരിക്കും. എന്നെ സംബന്ധിച്ച് ആ കൂടിക്കാഴ്ച ഒരു വഴിത്തിരിവായതുകൊണ്ട് വായിക്കുന്നവർക്ക് ഗുണപ്പെടുന്നുവെങ്കിൽ അങ്ങനെയാവട്ടെ എന്നോർത്തിട്ടാണ്.

അപ്പറഞ്ഞ ദിവസം വൈകുന്നേരത്തെ പെട്ടെന്നുണ്ടായ മഴച്ചാറ്റലിൽ മൈതാനത്തെ കാഴ്ചകൾ കണ്ട് ഞാൻ ചായ മൊത്തിക്കുടിക്കുകയായിരുന്നു. അതിനൊപ്പം
അന്നത്തെ ദിവസത്തെ ഓർമകൾ മനസ്സിൽ ശേഖരിക്കുകയും.
അന്നത്തെ ദിവസം ഇങ്ങനെയായിരുന്നു.
അതിൽ കണ്ടതും കേട്ടതും ചിന്തിച്ചുകൂട്ടിയതും ഉണ്ട്, അതൊക്കെ അതേപടി പറയാം.

പുലർ മഞ്ഞിൽ വഴിയരികിലെ ആൽമരം / Photo : Rose George

രാവിലെ താമസസ്ഥലമായ നോയ്​ഡയിലെ സെക്ടർ 62 ൽ നിന്നാണ് മെട്രോയുടെ നീല ലൈനിൽ കേറി മയൂർ വിഹാറിലിറങ്ങിയത്, വീണ്ടും പർപ്പിൾലൈനിൽ കേറി കൈലാസ് നഗർ കോളനിയിലെത്തി. എത്ര ഞരമ്പുകളാണ് ഡൽഹി മെട്രോയ്ക്ക്.
അന്നുരാവിലെ ആൽമരങ്ങൾ തണൽവിരിച്ച വഴിയിലൂടെ സ്റ്റേഷനിൽ എത്തിയപ്പോഴേ ഭിത്തിയേൽ ഒരു നീല ഉടുപ്പിട്ട പെൺകുട്ടിയുടെ പടം ശ്രദ്ധിച്ചിരുന്നു. വിരിച്ചുപിടിച്ച കൈത്തലങ്ങൾക്കുള്ളിലെ വെള്ളക്കടലാസിൽ അവൾക്ക് പറയുവാനുള്ളത് ഇതാണ്: ‘അച്ഛാ, എനിക്ക് മൂന്നടിയിലേറെ ഉയരമുണ്ട്. എന്റെ യാത്രക്കായി നിങ്ങൾ ടിക്കറ്റ് ചോദിച്ചു വാങ്ങണം '
അവകാശങ്ങളെപ്പറ്റിയും കടമകളെപ്പറ്റിയും ബോധ്യമുള്ള തലമുറ. ഔദാര്യമോ ആനുകൂല്യമോ ആയി ഒന്നും വേണ്ട. അവൾക്ക് മടിയിലിരിക്കേണ്ട, കാലുകളും കൈകളും കൂച്ചിക്കെട്ടി അവരെ അവരല്ലാതാക്കേണ്ട. മുതിരുമ്പോൾ അവരുടെ ചിറകുകൾ വ്യവസ്ഥിതിയുടെ കൂർത്ത അഗ്രങ്ങളിൽ തട്ടി പോറലേൽക്കാതിരുന്നാൽ മാത്രം മതി.

കാഴ്ചയിൽ പത്തുമുപ്പത് വയസ്സ് തോന്നിക്കുന്ന അയാൾ ഫോണിൽ ആരോടോ മലയാളത്തിൽ സംസാരിക്കുന്നു. എനിക്കയാളോട് സംസാരിക്കണമെന്ന് അപ്പോൾ തോന്നി.

ഒരു മണിക്കൂർ നീണ്ട യാത്രയിൽ അത് മനസ്സിൽ കിടന്നു പൊലിച്ചു. ഒരോ സ്റ്റേഷനും മാറിമാറി വന്നു. കയറിയിറങ്ങുന്ന മനുഷ്യരിൽ എവിടെയോ ഒക്കെ എത്തിപ്പെടാനുള്ള വെപ്രാളം കണ്ടു.
കടന്നു പോകുന്ന വഴിയിൽ ഇതും കണ്ണുകൾ വേഗത്തിൽ വായിച്ചെടുത്തു:

Where must we go We who wander this wasteland in search of our betterselves( The First History Man)

അടുത്ത സീറ്റിലിരുന്ന വൃദ്ധ വേറൊന്നിലും ശ്രദ്ധിക്കാതെ തൊപ്പി തുന്നിക്കൊണ്ടിരുന്നു. ഇടയ്ക്ക് തലയുയർത്തി അവർ കഴുത്ത് ഇടത്തോട്ടും വലത്തോട്ടും തിരിച്ച്​ പേശികൾക്ക് അയവ് വരുത്തി. സഞ്ചാരിണിയായ എനിക്ക് അവർ യമുനാ നദി കാണിച്ചു തന്നു. മെലിഞ്ഞു വറ്റിയ യമുനാ നദി എന്റെ പ്രതീക്ഷയാകെ തെറ്റിച്ചു. പാഠപുസ്തകങ്ങളിലെ യമുന അല്ലായിരുന്നു കാഴ്ചയിലേത്.

വൃദ്ധയുടെ മുഖത്തെ ചുളിവുകളിൽ അവർ സഞ്ചരിച്ച ദൂരം കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. വിഭജനവും പലായനവും അതിജീവനവും താണ്ടിയെത്തിയ ദൂരം അവർ എനിക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞുതന്നു. ശേഷം നീളമുള്ള ഹുക്കിൽ നൂൽ കോർത്തെടുത്ത് വിരലുകളെ അതിവേഗത്തിൽ പായിച്ചു, മുന്നോട്ടും പിറകോട്ടും.

മൊബൈലിലെ നോട്ട് പാഡിൽ അപ്പോഴാണ് ഇങ്ങനെ ഏതാനും വരികൾ കുറിച്ചിട്ടത്.

നോയിഡ sector 62 ലെ ഒരു കാഴ്ച / Photo : Rose George

നോയിഡ സെക്ടർ 62 ആൽമരങ്ങളുടെ തണലുപറ്റി നടക്കുമ്പോൾ അവയുടെ ഉടലാകെ കാലത്തിന്റെ തിണർപ്പുകൾ കണ്ടു. ജീവിതം നിലക്കാത്ത രംഗവേദി പോലെ . വേരുകളുടെ വിന്യാസത്തിൽ നിറഞ്ഞാടുന്ന അമൂർത്ത രൂപങ്ങൾ.

മെട്രോയുടെ നീലഞരമ്പിൽ അനായാസ എൻട്രി, അതിവേഗ പാതയിൽ മെലിഞ്ഞു വറ്റിയ യമുന. വിരലുകളിൽ ചിന്തകൾ നൂലിൽ കോർത്ത് തൊപ്പി തുന്നുന്ന വൃദ്ധ. അവരുടെ കാലുകൾക്കിടയിൽ ഭദ്രമായി ഉറപ്പിച്ചിരിക്കുന്ന സഞ്ചിയിൽ നിന്ന് ഭൂലോകത്തിന്റെ കെട്ടഴിച്ചുവിട്ട പോലെ നൂലുരുള, ക്രമത്തിൽ, താളത്തിൽ കണ്ണെടുക്കാതെ കെട്ടുവീഴ്ത്താതെ തുന്നലിൽ കണ്ണിചേരുമ്പോൾ പായുന്നു ദൂരം അവരെയും കൊണ്ട് അതിർത്തി വിട്ട്. മൂന്നോട്ട് പോവുന്ന വേഗത്തെ പിന്തള്ളി പിന്നോട്ട് കിതക്കുന്നു ഓർമകൾ. ഒരിക്കൽ രണ്ടായ് പകുത്തത് , ശേഷം മുറി കൂടാതെ പോയത്.

അവർ തൊപ്പി തുന്നി പൂർത്തിയാക്കുന്നിടം വരെ ഒരുമിച്ചിരിക്കാൻ വേഗവും ദൂരവും അനുവദിക്കാത്തതിന്റെ പരിഭവത്തിൽ ആ വയോധികയോട് യാത്ര ചൊല്ലി പിരിയേണ്ടി വന്നു.

ഇപ്പോൾ ഇരിക്കുന്ന സ്ഥലം കോളേജ് വിട്ടുവരുമ്പോൾ മകൾ കാണാമെന്നുപറഞ്ഞ സ്‌പോട്ട് ആണ്. കൈലാസ് നഗർ സ്റ്റേഷനോടുചേർന്ന് അമർ കോളനിയിലേക്കുള്ള വഴിത്തിരിവിൽ. ഇവിടെയാകുമ്പോൾ രണ്ടാൾക്കും സൗകര്യമാണ്. പിറ്റേന്ന് എനിക്ക് നാട്ടിലേക്ക് തിരിക്കേണ്ടതുമാണ്. മകൾ പറഞ്ഞ സമയത്തുതന്നെ വന്ന് കണ്ടിട്ടുപോയി .
""ഞാൻ ഇവിടെ സെറ്റിലായി, ഇനി വേഗം സ്റ്റാൻഡ് വിട്ടോ'' എന്നൊരു സൂചനയും തന്നിട്ട് തിരിഞ്ഞുനോക്കാതെ ഒറ്റപ്പോക്ക്, ന്യൂ ജെൻ.

ഉടനെ തിരിച്ചു പോകാൻ തോന്നിയില്ല.
യാത്രയിൽ കിട്ടുന്ന അവസരോമൊക്കെ നിരീക്ഷണമാണിപ്പോൾ ഹരം. പഴയതു പോലല്ല, എല്ലാം ശ്രദ്ധിക്കും. കറുത്ത കണ്ണടക്കിടയിലൂടെ നമ്മളത് ചെയ്യുന്നത് ഫോർ പീപ്പിൾ അറിയില്ല. അതൊരു തട്ടിപ്പുമാണ്. അതും അറിയാം. അല്പം ദൂരത്തിൽ കു​റെ പിള്ളേർസെറ്റ് വട്ടത്തിൽ നിന്ന് കളിക്കുന്നുണ്ട്. എന്തോ ഒരു ജാതി കളി. ഭാഷയും എനിക്ക് പ്രശ്‌നം തന്നെ.

അയാൾ നഗരത്തിലെ ഒരു പുസ്തകക്കടയിലെ ജോലിക്കാരനാണ്. ഈ നഗരത്തിൽ വന്നിട്ട് രണ്ട് വർഷമായി. പാതി പെയിൻറ്​ പോയ തുരുമ്പുകസേര ഞാൻ അയാൾക്കരികിലേക്ക് വലിച്ചിട്ടു. അടുത്തിരുന്നപ്പോൾ അയാൾക്കൊരു വൈക്ലബ്യം.

ഇനിയാണ് സൂരജിന്റെ രംഗപ്രവേശം.

ഓർമകളെ അടുക്കിപ്പെറുക്കിയതിന്റെ തൃപ്തിയിലിരിക്കുമ്പോൾ ചൂടുചായേടെ ആവി എന്റെ കണ്ണടയെ മൂടി. ആ അസ്വസ്ഥതയിൽ നിന്ന് നോട്ടം പാളിപ്പോയി അപ്പുറത്തിരിക്കുന്ന ചെറുപ്പക്കാരനിൽ തറച്ചു. കാഴ്ചയിൽ പത്തുമുപ്പത് വയസ്സ് തോന്നിക്കുന്ന അയാൾ ഫോണിൽ ആരോടോ മലയാളത്തിൽ സംസാരിക്കുന്നു. എനിക്കയാളോട് സംസാരിക്കണമെന്ന് അപ്പോൾ തോന്നി. അതെപ്പോഴും അങ്ങനെയാണ്, മറ്റു കാര്യങ്ങൾ കൺട്രോൾ ചെയ്യുന്നപോലെ സംസാരമെനിക്ക് അങ്ങനെ പിടിച്ചുവക്കാൻ പറ്റില്ല.

അയാൾ നഗരത്തിലെ ഒരു പുസ്തകക്കടയിലെ ജോലിക്കാരനാണ്. ഈ നഗരത്തിൽ വന്നിട്ട് രണ്ട് വർഷമായി. പാതി പെയിൻറ്​ പോയ തുരുമ്പുകസേര ഞാൻ അയാൾക്കരികിലേക്ക് വലിച്ചിട്ടു. അടുത്തിരുന്നപ്പോൾ അയാൾക്കൊരു വൈക്ലബ്യം. അയാളും ചായ കുടിക്കുകയാണ്, ക്ഷീണിതനായിരുന്നു, എങ്കിലും കണ്ണിൽ നല്ല തിളക്കം.

പറഞ്ഞു വന്ന കൂട്ടത്തിൽ അയാളുടെ ജീവിതം കടന്നുവന്നു. സൂരജിന്റെ ഒരു ദിവസത്തിൽ കൂടുതൽ സമയം പുസ്തകക്കടയിലാണെന്ന് പറഞ്ഞപ്പോൾ അയാൾ ഭാഗ്യവാനെന്ന്​ ഉള്ളിൽ തോന്നി. ഞാനാണേൽ വായിക്കാൻ പുസ്തകമന്വേഷിച്ചു നടക്കുന്നയാളും. അയാൾ പതിവായി അടുക്കുന്ന ഉയരങ്ങൾ, നിറയ്ക്കുന്ന ഷെൽഫുകൾ, അയാൾ കാണുന്ന പലതരം മനുഷ്യന്മാർ. ആർത്തി പിടിച്ച ഒരുവളെപ്പോലെ ചോദ്യങ്ങൾ ഉള്ളിലിട്ട് ഞാൻ തന്നെ തുടങ്ങി.

യമുനാ നദി / Photo : Rose George

ഏതാണ്ട് ഒരു ഇന്റർവ്യൂ പോലെയാണ് സംസാരം പോയത്. ഉള്ളറിഞ്ഞുള്ള ഭാഷണത്തിന് ഒരാൾ കാത്തിരുന്ന പോലെ. ഔപചാരികത കനം കുറഞ്ഞ്​ നേർത്തു നേർത്തു വന്നപ്പോൾ, എനിക്ക് അധികം ചോദിക്കേണ്ടിയും വന്നില്ല.
അയാൾ പറഞ്ഞുകൊണ്ടേയിരുന്നു.

ഒന്ന് പറയാമോ പുസ്തകക്കടയിലെ കാര്യങ്ങളൊക്കെ?
ഇപ്പറയുന്ന വല്യവല്യ പുസ്തകൊക്കെ നിങ്ങളും വായിക്കുവോ. മിനക്കെടാതെ വായിക്കാൻ കിട്ടുന്ന ചാൻസല്ലേ? അതിനായിട്ട് ഒരു കോപ്പി ഉണ്ടാവില്ലേ, എല്ലാ കച്ചവടങ്ങൾക്കും അങ്ങനെയൊന്നുണ്ടല്ലോ?

ആര് വായിക്കുമെന്റെ ചേച്ചീ, പറ്റുന്ന കാര്യമാണോ. ദിവസം തോറും വന്നോണ്ടിരിക്കുവല്ലേ പുതിയ പൊസ്തകങ്ങൾ, ആൾക്കാർക്ക് വേറേ പണിയൊന്നുമില്ലേന്ന് തോന്നിപ്പോകും.

ആൾടേത് തനി നാടൻ നാട്ടുവർത്തമാനം.
എനിക്ക് നന്നേ രസം പിടിച്ചു.

അപ്പോ നിങ്ങളൊന്നും തന്നെ വായിക്കില്ലേ? വെറുതെ പുറംചട്ട നോക്കിയിരുന്നാൽ മതിയോ? അകത്തല്ലേ കാര്യങ്ങൾ?

വായിക്കുമോന്ന്​ ചോദിച്ചാ വായിക്കും; അയാളൊന്നു ചമ്മി.

ചില കോളേജ് പിള്ളേര് വന്ന് ചില പൊസ്തകം ചോദിക്കും. അവര് പോയിക്കഴിയുമ്പോ അതൊന്നെടുത്ത് മറിച്ചു നോക്കും. എന്നതാ ഇതിലിത്ര ഒള്ളതെന്ന് ..പിന്നെ അത് എഴുതിയിരിക്കുന്ന ആളെ നോക്കി രണ്ട് ഡയലോഗ് കാച്ചും. ഏതൊക്കെ വീടുകളിൽ രൂപക്കൂട്ടിൽ അവരൊക്കെ വാഴുന്നുവെന്നോർത്ത് അസൂയപ്പെടും.
സൂരജ് ചിരിച്ചു, കൂടെ ഞാനും.
അതങ്ങ് പടർന്ന് ഒരു നിമിഷത്തെ വേഗതയിൽ എങ്ങോട്ടോപോയി .

അതേയ് അനിയാ പുസ്തകങ്ങളുടെ കാര്യമല്ല എനിക്കറിയേണ്ടത്.
എനിക്കറിയേണ്ടത് വായനയെപ്പറ്റിയാണ്. ഈ വാങ്ങിച്ചോണ്ട് പോകുന്നോരൊക്കെ നല്ല വായനക്കാരാണെന്ന് സൂരജിന് തോന്നാറുണ്ടോ? ഈ ബുക്ക് ലവേഴ്‌സ് എന്ന് പറയുന്നോര്...

ഞങ്ങക്ക് അത്യാവശ്യം ഇവിടുള്ള ബുക്കിനെക്കുറിച്ചൊക്കെ ഒരു ഐഡിയ ഉണ്ടാവണന്ന്​ മാനേജരു സാറ് പറയാറുണ്ട്. പക്ഷേങ്കില് അതൊന്നും നടക്കുന്ന കാര്യമല്ല. പൊസ്തകമെടുത്ത് മുന്നും പിന്നും മൂന്ന് പേജ് വായിച്ചു ഠപ്പേന്ന് മടക്കും. നടുക്കുള്ളത് ഊഹിക്കും

അതെന്നാ ചോദ്യമാന്നെ, ആശുപത്രീല്​ വരുന്നൊരെല്ലാം രോഗികളാണോ?. ചിലര് കൂട്ട് വരുന്നതായിരിക്കും, ബൈ സ്റ്റാൻഡേഴ്‌സ്. ചിലര് റെപ് ആവും, മെഡിക്കൽ റെപ്പേ, ചെലര് ഇൻഷുറൻസിന്റെ ആൾക്കാര്. അങ്ങനെ പല വിധത്തിലാ. പിന്നെ
ലൈബ്രറിക്കാരും സ്ഥാപനങ്ങളും ഒക്കെ വരും. സത്യം പറഞ്ഞാ, ഈ വീടൊക്കെ പണിതിട്ട് ഷെൽഫിൽ വെക്കാൻ കളറുള്ള സ്വയമ്പൻ ബുക്കൊക്കെ അന്വേഷിച്ചോണ്ട് വരുന്നോരും ഒണ്ട്. അങ്ങനേം ണ്ട് ഒരു കൂട്ടർ.
ഇപ്പ ഇപ്പോ ഓഡിയോ ബുക്കും ഉണ്ടല്ലോ .ഓൺലൈനായി വായിക്കുന്നോരും.സത്യത്തി ഒന്നുമങ്ങോട്ട് വിട്ടുപറയാൻ പറ്റത്തില്ല. വെർച്യുൽ ലോകത്തല്ലേ ഇപ്പോ മനുഷ്യര്, അതല്ലേ ഇനിം എല്ലാം.
അതെയതെ...
പ്രത്യേകിച്ച് ചോദ്യങ്ങളില്ലാതെ തന്നെ അയാൾ തുടർന്നു.
ഞങ്ങക്ക് അത്യാവശ്യം ഇവിടുള്ള ബുക്കിനെക്കുറിച്ചൊക്കെ ഒരു ഐഡിയ ഉണ്ടാവണന്ന്​ മാനേജരു സാറ് പറയാറുണ്ട്. പക്ഷേങ്കില് അതൊന്നും നടക്കുന്ന കാര്യമല്ല. പൊസ്തകമെടുത്ത് മുന്നും പിന്നും മൂന്ന് പേജ് വായിച്ചു ഠപ്പേന്ന് മടക്കും. നടുക്കുള്ളത് ഊഹിക്കും. ഊഹിക്കാനെവിടെ നേരം. അപ്പോഴത്തേക്ക് അടുത്ത പണി വരുവല്ലേ.

മറ്റ് കടേലെ പോലെയല്ലല്ലോ കാര്യങ്ങൾ. പല ഭാഷേല​ല്ലേ പൊസ്തകങ്ങൾ.
ഓരോ പൊസ്തകോം ചോദിച്ചോണ്ട് ആൾക്കാര്​ വരും. ചോദിക്കുന്നതൊക്കെ അവിടെന്നും ഇവിടെന്നും ഗോവണീം കേറീ തപ്പീ എടുത്തോണ്ട് വരുമ്പോ, പേജും തിരുമ്മി ചെലര് നില്ക്കും, മേടിക്കത്തില്ല. ഇത്തരം വീട്ടിലുണ്ട്, വേറേ കളർ ഉണ്ടോ, ഹാർഡ് കവർ വേണം എന്നൊന്നും പറഞ്ഞ്​ സ്‌കൂട്ട് ആവാനും പറ്റാത്ത ഇടമല്ലേ പുസ്തകക്കട. ഇപ്പോ വേണ്ടാന്ന് മാത്രം പറയും. നമുക്കത് മനസ്സിലാവോം ചെയ്യും. രാത്രി ഒറങ്ങാൻ കിടക്കുമ്പോ അങ്ങനത്തെ മുഖങ്ങള് ഓർക്കും, അറിവല്ലേ ഈ അടുക്കിപ്പൂട്ടി കെട്ടിക്കിടക്കുന്നത്.
(സൂരജിന്റെ ചിന്ത വേറൊരു ലെവെലിലോട്ട് ഉയരുന്നത് ഞാനറിഞ്ഞു)
അതൊന്നും പറഞ്ഞിട്ടും കാര്യമില്ല. ആഗ്രഹത്തെ തടഞ്ഞു വെല നിൽക്കുവല്ലോ. മൂന്നാലെണ്ണം എടുത്താത്തന്നെ ആയിരം രൂപ ഉറപ്പ് . ഇംഗ്ലീഷിലുള്ളതാണെ പറയുകേം വേണ്ട, നമുക്കും നിർബന്ധിക്കാൻ പറ്റ്വോ?
തുണിക്കടലെ സ്റ്റാഫിനെപ്പോലെ നല്ലതാന്നു പറഞ്ഞ്​ ദേഹത്ത് വച്ചു കൊടുക്കാനും ഞങ്ങക്ക് പറ്റത്തില്ലല്ലോ.
ശരിയാ, ഇപ്പറഞ്ഞത് ഒരു സത്യമാ; ഞാനും ഒന്ന് ഇടപെട്ടു.

സൂരജ്, ആരെങ്കിലുമൊക്കെ എഴുതിയത് വായിച്ചിട്ടും കേട്ടറിഞ്ഞിട്ടുമൊക്കെയല്ലേ ആൾക്കാര്​ വരുന്നേ. മേടിച്ചോണ്ട് പോവുമ്പോ, അവർക്കും ഒരുറപ്പ് വേണ്ടേ?. അകത്തുള്ളതിനെപ്പറ്റി ഏതാണ്ടൊരു ഗ്രാഹ്യം നിങ്ങൾക്കും നല്ലതാ, ശരിയല്ലേ?നിങ്ങടെ കണ്ണിൽ നിന്ന്​ അത് കിട്ടിയാൽ അവർക്കും തൃപ്തിയാകും. സൂരജും വായിക്കണം പരമാവധി, കേട്ടോ. കാട്ടിൽ ജീവിച്ചിട്ട് സിംഹത്തെ കണ്ടില്ല, മയിലിനെ കണ്ടില്ല, മുയലിനെ പിടിച്ചില്ല, വല്ലപ്പോഴും വരുന്ന വേട്ടക്കാരനെ മാത്രെമേ കണ്ടുള്ളൂന്ന് പറഞ്ഞു പിന്നെ ഇരിക്കേണ്ടി വരരുത്.
വല്യ ജ്ഞാനം പറയുന്ന ഒരു ഭാവം എന്നിൽ പ്രവേശിച്ചു.

അയാൾ ഒന്ന് ഇളകിയിരുന്നു.

അതിവേഗ പാതയിലെ വായിക്കാവുന്ന പാകത്തിൽ ചില ഓർമ്മപ്പെടുത്തലുകൾ / Photo : Rose George

ചേച്ചി , ശ്രമിക്കാം . ശ്രമിക്കാമെന്നേ പറയാൻ പറ്റൂ ..
എന്നാലും ഓരോരുത്തർക്കും പല വായനയല്ലേ , പല രുചികളല്ലേ ...

ശരിയാ, പിന്നെ ഒരു കാര്യോം കൂടിയുണ്ട്. കൊണ്ടോയിട്ട് കൊള്ളില്ലാന്നു പറഞ്ഞ്​തിരിച്ചു കൊണ്ടു വരാനും പറ്റില്ലല്ലോ.

‘ഈ എഴുത്തിനും വായനക്കുമൊക്കെ ചില ചേർപ്പ് ഉണ്ട്. അതൊരു തേടലാണ്’,
ഞാൻ പറഞ്ഞതിന്റെ ബാക്കി അയാൾ പൂരിപ്പിച്ചു; ‘കണ്ടുമുട്ടലും.’
അങ്ങനെയാണ് വേണ്ടത്, അങ്ങനെയേ ആകാവൂ.

നല്ല വായനക്കാരെ നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റ്വോ?
വായനയുടെ മെച്ചം അവരുടെ പെരുമാറ്റത്തിൽ കാണാൻ പറ്റ്വോ?

ശ്ശോ, അതൊരു ഒന്നന്നൊര ചോദ്യാണല്ലോ.
ആഴ്‌ച്ചേൽ ഒരു ബുക്കൊക്കെ അന്വേഷിച്ചു വരുന്നോര് നോർമലാ. എന്നും വരുന്നോരുണ്ട്, അവരുടെ കാര്യം പോക്കാ; അയാളൊന്ന് നിർത്തി.

ഹേയ്, സൂരജ്...

ഞാൻ ആരുടെ വായീന്നാ ഇതൊക്കെ കേക്കുന്നത്, ഒന്നുമല്ലേലും നിങ്ങളൊരു പുസ്തകക്കടേലെ സ്റ്റാഫല്ലേ, വായിക്കുന്നോരെ അങ്ങനെ കാണല്ലേ.

അയാൾ കൈമുട്ട് ടേബിളിലുറപ്പിച്ച്​ ഒന്നു കൂടി ഉറച്ചിരുന്നു. എന്നിട്ട് എനിക്കുമാത്രം കേൾക്കാവുന്ന സ്വരത്തിൽ പറഞ്ഞു; ചേച്ചിയേ, എന്നും വരുന്നോർക്ക് വായിക്കാനെവിടെയാ സമയം? ഇപ്പാപ്പ കാര്യമാ ഈ വായനാന്ന്​ പറയുന്നത്.
കോൺസെൻട്രേഷൻ വേണ്ടേ, കിളി പോലെ മേലെ പറന്ന് പോകലല്ല വായന.
ഒരു പോയിന്റിൽ കുത്തിനിന്ന് ഉള്ളിലോട്ട് പോവണം. അങ്ങനെ പോയാലേ തിരിച്ചിറങ്ങുമ്പോ എന്തേലും കയ്യിലുണ്ടാവൂ.
മിക്കവാറും ആൾക്കാര് മേടിച്ചുകൂട്ടുന്നവരാ. കൂട്ടലെയുള്ളൂ, കിഴിക്കലില്ല. കല്ലറ മാറി നടക്കുന്ന പ്രേതങ്ങളെപ്പോലെ വേറൊരിടത്ത് പോയി പൊസ്തകങ്ങൾ കുന്നുകൂടുന്നു.

അയാൾ അക്ഷമയോടെ കൈ കുടഞ്ഞു. ചായയുണ്ടെന്ന് കരുതി ഗ്ലാസ് ഒന്നു കൂടി ഉയർത്തി ചുണ്ടോടടുപ്പിച്ചു. മീശേൽ പറ്റിയ മട്ട് വായിലോട്ട് വലിച്ചെടുത്ത് മൂക്കൊന്ന് ചിണുക്കി മിണ്ടാതിരുന്നു. ഒരു നിമിഷം, എന്നിട്ട് പറഞ്ഞു, ഈ സീരിയസ് ആയി വായിക്കുന്നോരൊക്കെ അധികം കണകൊണ മിണ്ടൂല്ല.

‘അത് വായിച്ചതൊക്കെ ഉള്ളിൽ കെടക്കുന്നതുകൊണ്ടാവാം.’- നേരത്തെ അയാൾ പറഞ്ഞ വാചകത്തിന്റെ സ്വാധീനത്തിലായിരുന്നു എന്റെ ആ പ്രസ്താവന.

‘അങ്ങനേം ഒണ്ടാവാം. പാത്രമറിഞ്ഞുള്ള വിളമ്പല് കിട്ടിയതുകൊണ്ടാവാം. അവര് കടേൽ കൂടി നടക്കുന്നതുതന്നെ ഒരു ഇരുത്തം വന്ന മട്ടിലാ. ആക്രാന്തമില്ലാതെ, കുഴച്ചുമറിക്കാതെ അവര് കാര്യം നടത്തും. അവരാ ശരിക്കുമുള്ള ബുക്ക് ലവേഴ്‌സ്.’

ഇനി മുതൽ പുസ്തകക്കടേൽ പോവുമ്പോൾ ശ്രദ്ധിക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞു.

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. എനിക്ക് നോയിഡയിൽ എത്തേണ്ടതുമാണ്​.

ഇരുട്ടിയതറിയാതെ സൂരജ് പറഞ്ഞുകൊണ്ടിരുന്നു; ചെലര് അന്ധരാകും, വീട്ടില് മറ്റുള്ളോര് ജീവിക്കുന്നുണ്ടോന്നുപോലും അറിയില്ല. അങ്ങനെ ഒരാളെ അറിയാം. വല്യ വീടൊക്കെയാണ്. വീടിന്റെ പകുതി ലൈബ്രറി പോലത്തെ സെറ്റിങ്ങാണ്.
ഫോൺ വിളിച്ച്​ വേണ്ട പൊസ്തകത്തിന്റെ ലിസ്റ്റ് തരും. അങ്ങേര് ഉദ്ദേശിക്കുന്ന സമയത്ത് കിട്ടിയില്ലേൽ വെപ്രാളമാ, വിശപ്പ് പോലെ. ആള് പാവത്താനാണ്, പക്ഷെ കാഴ്ച പോയി. വായിക്കാൻ മാത്രമല്ല കാഴ്ച, കാണാനുമാ, അടുത്തുള്ളോരെയും കൂടെ ജീവിക്കുന്നോരെയുമെല്ലാം. പെമ്പറന്നോരും മക്കളും വീട്ടിലുണ്ടെന്ന് അങ്ങേര് മറന്നു. അവർ ഒരു ദിവസം സഹികെട്ട് വീട്ടീന്ന് ഇറങ്ങിപ്പോയി. മുന്നിൽ പോയി നിന്നിട്ടും കാണുന്നില്ല. കാഴ്ച പരിമിതി ഇങ്ങനേം ഉണ്ടാവും കേട്ടോ.

(സൂരജ് താക്കീതുകൾ തരുന്നു)

ഇപ്പൊ ഒറ്റക്കാ. ആ വഴി പോവുമ്പോ ഞാൻ കഴുത്ത് വെട്ടിക്കും, ഒരു കുറ്റബോധവും തോന്നും.

ഡൽഹി മെട്രോയുടെ അതിവേഗ പാതകൾ പല നിറങ്ങളിൽ / Photo : Rose George

ഏയ് അങ്ങനൊന്നും വിചാരിക്കേണ്ട സൂരജ്, നിങ്ങൾ തൊഴില് ചെയ്യുന്നു, അറിവ് വിതരണം ചെയ്യുന്നു. അത്ര മാത്രം. അങ്ങനെ വിചാരിച്ചാൽ മതിയല്ലോ.

തീരാറായ ട്യൂബിൽ നിന്ന് ടൂത്ത് പേസ്റ്റ് ഞെക്കിഞെക്കി പുറത്തേക്കെടുക്കുന്നതു പോലെ സൂരജ് തല കുടഞ്ഞുകൊണ്ട് ഇതും കൂടി പറഞ്ഞു; ഒരാള് എന്നെ ഈയിടെ പച്ചത്തെറി വിളിച്ചു, നട്ടപ്പാതിരക്ക്. കിട്ടാനില്ലാത്ത പൊസ്തകം കൊറിയറിൽ വന്നപ്പോ നയാപ്പൈസയില്ല എന്റെ കൈയ്യില്. അന്നു രാത്രി ഞാനോർത്തു, തിരി കത്തിച്ചുവച്ച് എഴുതിയെഴുതി നേരം വെളുപ്പിക്കാമെന്ന്. എന്റെ ജീവനെ ഉരുക്കി പകർത്താമെന്ന്. ഒരു പുസ്തകമാക്കാമെന്ന്. എന്നിട്ടൊരു വെലയിടാമെന്ന്. അയാൾക്ക് കൊണ്ടുപോയി കൊടുക്കാമെന്ന്.

വിലയിടാനാവാത്ത ഒരു മൂല്യം ആ വാക്കുകളുടെ സമർപ്പണത്തിന് ഞാൻ ഇട്ടു. എവിടെയോ ചുവന്ന പരവതാനിയിൽ മനുഷ്യനെന്ന ലേബലിൽ അയാൾ ജ്വലിച്ചു നിന്നു.
പറഞ്ഞു തീർത്ത തൃപ്തിയിൽ സൂരജ് നിന്ന് അണച്ചു.
​ഹ്യൂമൻ ലൈബ്രറിയുടെ മിടിപ്പ് എന്റെ ഹൃദയത്തോടുചേർത്ത് വച്ച് ഞാനും എണീറ്റു.
കുത്തിക്കെട്ടി ബയന്റു ചെയ്യപ്പെടാത്ത ജീവിതപുസ്തകങ്ങളെ കേൾവി ഏറ്റെടുത്തു കഴിഞ്ഞു.

നഗരത്തെ കൂട്ടിയിണക്കുന്ന പല നിറമുള്ള ഞരമ്പുകൾ എന്നെ വഹിക്കാൻ ധൃതിപ്പെടുന്നുണ്ടായിരുന്നു. രാത്രി കനത്തിരുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


റോസ്​ ജോർജ്​

കവി, കഥാകൃത്ത്​, അധ്യാപിക. Bitter Almonds, Ether Ore എന്നീ ഇംഗ്ലീഷ്​ ആന്തോളജികളിൽ കഥയെഴുതിയിട്ടുണ്ട്​.

Comments