ഗലത്ത, ഗോൾഡൻ ഹോൺ

ഉസ്‌കുദാരാ ഗിദർ കെൻ
മഴയൊഴിഞ്ഞ അനറ്റോളിയയിൽ

പല കാലങ്ങളിലുള്ള തുർക്കികളോട് മലയാളിക്ക് സവിശേഷമായ അഭിനിവേശങ്ങളുണ്ട്. കമാൽ അത്താത്തുർക്കിന്റെ ആധുനിക തുർക്കിയോടാണോ നിലവിലെ ഭരണകൂടം അതിൽ വരുത്തുന്ന തിരുത്തുകളോടാണോ ഏതിനോടാണ് ആ അഭിനിവേശം എന്നത് വലിയ ആന്തരികസംഘർഷമുണ്ടാക്കുന്ന കാര്യമാണ്. തുർക്കി യാത്ര തുടങ്ങുന്നു.

സ്‌കുദാറിലേക്കുള്ള യാത്രയിൽ പൊടുന്നനെ മഴ തുടങ്ങി.
എന്റെ സുന്ദരനായ എഴുത്തുകാരന്റെ നീളൻ കുപ്പായം, അതിന്റെ തലപ്പത്ത് ചെളിപുരണ്ടു.

ഞങ്ങൾ വന്നിറങ്ങിയ വൈകുന്നേരവും ഇസ്താംബൂളിൽ മഴപെയ്തു.
ഇസ്താംബൂൾ നഗരത്തിന്റെ ആദ്യകാഴ്ച മഴനനഞ്ഞ ചില്ലുജാലകത്തിലൂടെയായിരുന്നു. ഉസ്‌കുദാരാ എന്ന പാട്ടും Sumru Agıryuruyen-ന്റെ അതിവിഷാദത്തോടെയുള്ള ആ ആലാപനവും ഞങ്ങൾക്കുവേണ്ടി ചിട്ടപ്പെടുത്തിയതാണെന്നു തോന്നി. തുർക്കികളുടെ ഗൃഹാതുരത്വം അതിഥികൾക്കുവേണ്ടി ഒരു സെറ്റിട്ടപോലെ നിന്നു ആ തുർക്കിത്തെരുവ്. ഉറങ്ങാത്ത മഹാനഗരങ്ങളിലൊന്നിലെ ആദ്യനിശയിലേക്ക് മെല്ലെ മുനിഞ്ഞിറങ്ങുമ്പോൾ പ്രശാന്തമായ ആ വീഥിയിൽ ഞങ്ങളല്ലാതെ വിദേശികളാരുമില്ലെന്നു തോന്നി.

തുർക്കി സമയം വൈകീട്ട് 3.55-നാണ് ഇസ്താംബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. പുലർച്ചെ 4.45-ന് പുറപ്പെട്ടതോർത്താൽ പന്ത്രണ്ട് മണിക്കൂറോളം വിമാനങ്ങളിൽ. ഇസ്താംബൂൾ കൊച്ചിയേക്കാൾ രണ്ടര മണിക്കൂർ പിന്നിലാണെന്നതുകൂടി കണക്കാക്കിയാൽ സമയം പിന്നെയും കൂടും. ബഹ്‌റൈനിലെ രണ്ടു മണിക്കൂർ ട്രാൻസിറ്റ് ടൈമും ഇതിൽ പെടുമെങ്കിലും യാത്രികരെ സംബന്ധിച്ച് ഇതും സഞ്ചാരസമയംതന്നെ.

പുതിയൊരു നഗരത്തിൽ ചെന്നിറങ്ങുമ്പോൾ അത് വൈകുന്നേരമാവണമെന്നാണ് പറയുക. ശരീരത്തിനും മനസ്സിനും എത്തിച്ചേർന്നയിടത്തിന്റെ ദിക്കു തിരിയണമെങ്കിൽ ഒന്ന് ഉറങ്ങിയെണീക്കണം. ഇസ്താംബൂൾ ഞങ്ങളെ സംബന്ധിച്ച് ഒരു അപരിചിത നഗരമായിരുന്നില്ല. യൂറോപ്പിൽനിന്ന് ഏഷ്യയിലേക്കും തിരിച്ചുമുള്ള അനേകം ചരിത്രസഞ്ചാരങ്ങളിലെ ഉറച്ച ഇടത്താവളമായിരുന്നല്ലോ, ബോസ്​ഫറസ്​ കടലിടുക്ക് ഏഷ്യയിലും യൂറോപ്പിലുമായി പകുത്തിട്ട ഇസ്താംബൂൾ. പാമൂക്കിന്റെ നോവലുകളും അനേകം സിനിമകളും ഈ നഗരത്തിന്റെ ഓരോ അതിരും വരച്ചിട്ടുതന്നിരുന്നു. നമ്മുടെ ജീവിതവുമായി പ്രത്യക്ഷത്തിൽ അക്ഷാംശ രേഖാംശബന്ധങ്ങളിലാത്ത ഒരു നഗരം ഇത്രമേൽ പരിചിതമായി അനുഭവപ്പെടുന്നത് ഹൃദ്യമാണ്.

വർത്തമാനകാല ഇന്ത്യനവസ്ഥയും തുർക്കിയുടെ അവസ്ഥയും താരതമ്യം ചെയ്താൽ കാര്യങ്ങൾക്കൊരു തെളിച്ചമുണ്ടാകും. നെഹ്‌റുവിൽനിന്ന് നരേന്ദ്രമോദിയിലേക്കും കമാൽ അത്താത്തുർക്കിൽനിന്ന് എർദുഗാനിലേക്കുമുള്ള ദൂരങ്ങൾക്ക് അത്ഭുതകരമായ സമാനതകളും കാണാം.

അല്പം ചുറ്റിവളഞ്ഞ് ഖലീജ് പാലം കടന്നാണ് ഞങ്ങൾ സഞ്ചരിച്ചത്. കറുത്ത മെഴ്‌സിഡസ് കാബിൽനിന്നുകണ്ട ജലാശയം ബോസ്ഫറസാണെന്നാണ് ആദ്യം വിചാരിച്ചത്. ബോസ്ഫറസിന് ഇത്ര വീതി പോരല്ലോ എന്ന ചിന്തയിൽ ചരിത്രപ്രസിദ്ധമായ ഗോൾഡൺ ഹോണിന് സമാന്തരമായാണ് സഞ്ചാരമെന്ന് ഉൾക്കിളിരോടെയറിഞ്ഞു. ഗോൾഡൺ ഹോണിന് മറുവശം കുത്തിയടുക്കിവെച്ച പാർപ്പിടസമുച്ചയങ്ങൾ നിറഞ്ഞ കുന്നുകളിൽ ഗലത്തയും ബൈസാന്റിയൻ ശേഷിപ്പായ ഗലത്ത സ്തൂപവും തിരഞ്ഞുകൊണ്ടേയിരുന്നു. ഗോൾഡൺ ഹോൺ കാഴ്ചകളിൽനിന്ന് വണ്ടി മെല്ലെ ഉൾവഴികളിലേക്ക് തിരിഞ്ഞെങ്കിലും മറുവശത്ത് വന്നുപോയിക്കൊണ്ടിരുന്ന തകർന്ന കോട്ടക്കെട്ടുകളുടെ അവശിഷ്ടങ്ങൾ തിയഡോസിയൻ നഗരമതിലിന്റെ ഭാഗമാണെന്നുതന്നെ ഊഹിക്കാം.

കാബിന്റെ വലിപ്പത്തിനും പ്രൗഢിക്കും ചേരാത്ത ഇടുങ്ങിയ ഒരു നിരത്തിലേക്ക് വണ്ടി പൊടുന്നനെ തിരിഞ്ഞു. വാഹനങ്ങളേക്കാൾ കാൽനടയാത്രക്കാർക്കുള്ള വഴിയിൽ വണ്ടി വല്ലാതെ ശ്വാസം മുട്ടി. നടപ്പാതയിലേക്ക് കയറ്റിയൊതുക്കിയും പിന്നോട്ടെടുത്തും ക്ഷമാപൂർവ്വം അത് ഞങ്ങളെ ഹോട്ടലിനുമുന്നിലെത്തിച്ചു. ഇസ്താംബൂളിൽ തളംകെട്ടിക്കിടക്കുന്ന ചരിത്രംപോലെ നിസ്സംഗനായ ഡ്രൈവർ താനൊരു യന്ത്രമല്ലെന്നതിനു തെളിവായി നിരന്തരം സിഗരറ്റുവലിച്ചുകൊണ്ടേയിരുന്നു.

ഇസ്താംബൂളിലെ മഴ നനഞ്ഞ ഒരു സ്​ട്രീറ്റ്​

സിഗരറ്റിന്റെ രൂക്ഷഗന്ധമായിരുന്നല്ലോ എയർപ്പോർട്ടിന് പുറത്തിറങ്ങിയപ്പോൾ ആദ്യം വരവേറ്റത്. ആ മണവും പുകയും കാവ്യാത്മകമായി ഞങ്ങളെ വലയം ചെയ്തുകൊണ്ടേയിരുന്നു.
ഫാത്തിഹ് ജില്ലയിലായിരുന്നു ഞങ്ങളുടെ താമസം. എട്ടു ജില്ലകളുള്ള ഇസ്താംബൂൾ നഗരത്തിന്റെ ഏറ്റവും പ്രാചീനമായ പ്രദേശങ്ങളിലൊന്ന്. (ഭരണസൗകര്യത്തിനുവേണ്ടിയുള്ള ഈ വിഭജനം നമ്മുടെ ജില്ലാവിഭജനം പോലെ മനസ്സിലാക്കരുത്. ഇൽചെ (Ilche) എന്ന ഭരണസംവിധാനങ്ങളാണിത്.) കോൺസ്റ്റാന്റിനോപ്പിൾ എന്ന പഴയ ബൈസാന്റിയൻ തലസ്ഥാനം ഈ ജില്ലയിലൊതുങ്ങും. പ്രധാനപ്പെട്ട ബൈസാന്റിയൻ, ഓട്ടോമൻ സ്മാരകങ്ങളെല്ലാം ഇവിടെയാണ്. ചീറിപ്പായുന്ന നിരത്തുകൾക്കും ശ്വാസം മുട്ടിക്കുന്ന കച്ചവടത്തിരക്കുകൾക്കുമൊപ്പം പ്രാചീനമായ ശാന്തതയെയും ഒളിപ്പിക്കാൻ കഴിയുന്ന മഹാനഗരത്തിന്റെ പ്രാവീണ്യമോർത്ത് അത്ഭുതം തോന്നി.

വിശദമായ രാത്രിനടത്തത്തിലൂടെ ഇസ്താംബൂൾ കാഴ്ചകൾ കുറേയൊക്കെ ആദ്യദിനംതന്നെ തീർക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഒരുങ്ങിയിറങ്ങിയപ്പോഴും മഴ പെയ്യുന്നു. ‘ഇന്ന് ഈ തെരുവിനെ അറിയൂ' എന്ന മട്ടിൽ മഴ ഞങ്ങളെ പിടിച്ചുനിർത്തുന്നപോലെ തോന്നി. നോക്കിനിൽക്കേ, അതിന് പതിയെ ശക്തി കൂടിവരികയും ചെയ്തു.

ടെലിവിഷൻ സെറ്റിൽ യുക്രെയ്​ൻ യുദ്ധത്തിന്റെ വാർത്തകളും ദൃശ്യങ്ങളും. എർദുഗാൻ പ്രത്യക്ഷപ്പെട്ട് എന്തൊക്കെയോ പറയുന്നുണ്ട്. ഇടയ്ക്ക് ടർക്കിഷ് പട്ടാളത്തിന്റെ പരസ്യം.

തൽക്കാലം ഒരു സുലൈമാനിക്കടയിൽ കയറി. ചായക്കടകൾക്ക് സുലൈമാനി എന്ന പദം എങ്ങനെ രൂപപ്പെട്ടു എന്ന് ഫാത്തിഹ് ജില്ലിയിലിരുന്ന് ആലോചിക്കാതെ കഴിയുമായിരുന്നില്ല. ഇസ്താംബൂളിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ സുലൈമാനിയെ പള്ളിയും രാജ്യത്തെത്തന്നെ ഏറ്റവും വലിയ ഗ്രന്ഥശാലകളിലൊന്നായ സുലൈമാനിയെ ലൈബ്രറിയുമെല്ലാം പതിനാറാം നൂറ്റാണ്ടിലെ സുലൈമാൻ ദ മാഗ്‌നിഫിസന്റിന്റെ ഓർമകളുമായി അടുത്തടുത്ത് നിൽക്കുമ്പോൾ ചായക്കടകളെ നമ്മൾ മലയാളികൾ സുലൈമാനി എന്ന് വിളിക്കുന്നതിലല്ലേ സൗന്ദര്യം.

നാലഞ്ചു തീൻമേശകളുണ്ട്. മധ്യവയസ്‌കരും പ്രായമായവരുമായ മനുഷ്യർ അതിനു ചുറ്റിലുമിരുന്ന് ചീട്ടു കളിക്കുന്നു. പുകവലിക്കുന്നു. കൂട്ടത്തിൽ ടർക്കിഷ് ചായയും നുണയുന്നുണ്ട്. ഒറ്റക്കിരിക്കുന്ന ഒരു മനുഷ്യനോട് സമ്മതം ചോദിച്ച് അവിടെയിരുന്നു.
ചായ പറഞ്ഞു.
സിഗരറ്റു വലിച്ചു, തുർക്കിയുടെ ആചാരമെന്ന പോലെ.

ടർക്കിഷ് ചായയുടെ ആദ്യകവിളെടുമ്പോൾ ഒരു തേയിലത്തോട്ടം വന്ന് തോളുകൊണ്ടൊരു തള്ളുവച്ചുതരുന്ന അനുഭവമാണ്. മധുരമില്ലാതെ വേണം അതു കഴിക്കാൻ. മധുരം വേണമെങ്കിൽ ചേർക്കാമെന്നു മാത്രം.
എന്തിന് ഇസ്താംബൂളിലേക്കു പുറപ്പെട്ടു? എന്ന വിചാരത്തെ അഴിച്ചെടുക്കാൻ ഈ കുത്തുന്ന തേയിലരുചി തന്നെ വേണം. ശരിക്കും തുർക്കിയിലെന്താണ് കാണാനുള്ളത്? അല്ലെങ്കിൽ തുർക്കിയിലെ കാഴ്ചകളിൽ എന്താണ് തേടേണ്ടത്?

ഒരു തുർക്കിയല്ല ഉള്ളത്. പല കാലങ്ങളിലുള്ള തുർക്കികളോട് മലയാളിക്ക് സവിശേഷമായ അഭിനിവേശങ്ങളുണ്ട്. കിഴക്കൻ റോമാസാമ്രാജ്യത്തിന്റെ ഓർമകളോടാണോ ഓട്ടോമൻ ലെഗസിയോടാണോ കമാൽ അത്താത്തുർക്കിന്റെ ആധുനിക തുർക്കിയോടാണോ നിലവിലെ ഭരണകൂടം അതിൽ വരുത്തുന്ന തിരുത്തുകളോടാണോ ഏതിനോടാണ് ആ അഭിനിവേശം എന്നത് വലിയ ആന്തരികസംഘർഷമുണ്ടാക്കുന്ന കാര്യമാണ്.

ടർക്കിഷ്​ ടീ

വർത്തമാനകാല ഇന്ത്യനവസ്ഥയും തുർക്കിയുടെ അവസ്ഥയും താരതമ്യം ചെയ്തു മനസ്സിലാക്കിയാൽ കാര്യങ്ങൾക്കൊരു തെളിച്ചമുണ്ടാകും. നെഹ്‌റുവിൽനിന്ന് നരേന്ദ്രമോദിയിലേക്കും കമാൽ അത്താത്തുർക്കിൽനിന്ന് എർദുഗാനിലേക്കുമുള്ള ദൂരങ്ങൾക്ക് അത്ഭുതകരമായ സമാനതകളും കാണാം.

സുലൈമാനിക്കടയിലെ ടെലിവിഷൻ സെറ്റിൽ യുക്രെയ്​ൻ യുദ്ധത്തിന്റെ വാർത്തകളും ദൃശ്യങ്ങളും. എർദുഗാൻ പ്രത്യക്ഷപ്പെട്ട് എന്തൊക്കെയോ പറയുന്നുണ്ട്. ഇടയ്ക്ക് ടർക്കിഷ് പട്ടാളത്തിന്റെ പരസ്യം.

ആറു രൂപയോളമാണ് ഒരു ടർക്കിഷ് ലിറയുടെ വില. കുറച്ചുമുമ്പ് മുപ്പത്തഞ്ച്-നാൽപത് രൂപയോളമുണ്ടായിരുന്നതാണ്. ലിറയുടെ മൂല്യം കുറയാനിടയാക്കിയ സംഭവങ്ങളെപ്പറ്റി പല കഥകളും പറയുന്നുണ്ട്. സാമ്പത്തികസ്ഥിതി മോശമായതുതന്നെയാണ് മൂല്യശോഷണം പ്രതിഫലിപ്പിക്കുന്നത് എന്നു വ്യക്തം. തുർക്കിയിൽ ഉപരിപഠനത്തിനും മറ്റുമായെത്തിയ മലയാളികൾ പഠനശേഷം തുർക്കിയിൽ തുടരാൻ താൽപര്യപ്പെടുന്നില്ല. ഇന്ത്യൻ സാഹചര്യത്തിൽനിന്ന് തുർക്കിയുടെ സാമ്പത്തികസ്ഥിതി ഇപ്പോൾ കാര്യമായൊന്നും ഭേദമല്ല എന്ന തിരിച്ചറിവാണ് അവർക്ക് തുർക്കി അഭിലഷണീയമല്ലാത്ത ഇടമാക്കി മാറ്റുന്നത്.

സാമ്പത്തികഞെരുക്കവും തൊഴിലില്ലായ്മയുമൊക്കെ തുർക്കിയാത്രയിലുടനീളം ചർച്ചയായി. ഞങ്ങൾ സംസാരിച്ച തുർക്കിക്കാരും ഇന്ത്യാക്കാരുമെല്ലാം ഒരിക്കലെങ്കിലും പൊടുന്നനെയുണ്ടായ സാമ്പത്തികമാന്ദ്യത്തിന്റെ വ്യഥ പറഞ്ഞു.
വൈകാരികഗിമ്മിക്കുകൾക്കാണ് സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനെക്കാൾ പുതിയ തുർക്കി ഭരണാധികാരികൾ പ്രാധാന്യംകൊടുക്കുന്നത് എന്ന് ആക്ഷേപമുണ്ട്. ഇന്ത്യയിൽനിന്നുള്ളവർക്ക് അതിൽ ചില സമാനതകളും കാണാൻ കഴിയും. രണ്ടുരാജ്യങ്ങളിലെ സംഭവവികാസങ്ങൾക്ക് ചില കോണുകളിൽ സമാനതകൾ കാണാമെങ്കിലും സുദീർഘമായ അതിന്റെ ചരിത്രവഴികളെ പരിഗണിക്കാത്ത സാമാന്യവൽക്കരണങ്ങൾ എത്രത്തോളം ശരിയാകുമെന്ന സന്ദേഹംകൂടി ഇവിടെ ചേർത്തുവെക്കേണ്ടതുണ്ട്.

രാജ്യത്തിന്റെ തൊഴിൽ, ഭക്ഷണം, ആഭ്യന്തരസുരക്ഷ തുടങ്ങിയ കാര്യങ്ങൾക്ക് മതപരമായ വൈകാരികത മാറ്റമൊന്നുമുണ്ടാക്കില്ലെങ്കിലും ഭരണകർത്താവിനു ലഭിക്കുന്ന വീരപരിവേഷം അധികാരം നിലനിർത്താൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മതപരിവേഷങ്ങളുലൂന്നിയുള്ള രാഷ്ട്രീയവും ഭരണവും തുർക്കിയിൽ ഇനിയും എത്രത്തോളം വിജയിക്കുമെന്നതും അത് എത്രത്തോളം ആ ജനതയ്ക്ക് ഗുണകരമമാകുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്, വിശിഷ്യാ അടുത്ത വർഷം നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് ശേഷം. രാജ്യത്തിന്റെ തൊഴിൽ, ഭക്ഷണം, ആഭ്യന്തരസുരക്ഷ തുടങ്ങിയ കാര്യങ്ങൾക്ക് മതപരമായ വൈകാരികത മാറ്റമൊന്നുമുണ്ടാക്കില്ലെങ്കിലും ഭരണകർത്താവിനു ലഭിക്കുന്ന വീരപരിവേഷം അധികാരം നിലനിർത്താൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ശക്തമായ സാമ്പത്തിക മാന്ദ്യത്തിലൂടെ, സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന് സമാനമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന തുർക്കിയുടെ ഹൃദയാന്തരങ്ങളിലൂടെ ഞങ്ങൾ നടത്തിയ സഞ്ചാരത്തിന്റെ ചെറുവിവരണമാണീ പരമ്പര. സമകാലിക സാഹചര്യങ്ങളെക്കാളേറെ പൗരാണികതയിലും സാംസ്‌കാരികതയിലുമൂന്നിയുള്ള ആലോചനകൾക്ക് മുൻതൂക്കം നൽകി സ്വന്തം സഞ്ചാരാനുഭവങ്ങളെയും ഞങ്ങൾ കണ്ട കാലങ്ങളെയും ദേശങ്ങളെയും അടയാളപ്പെടുത്താനുള്ള ശ്രമം.

കെ. മുഹമ്മദ് ഷെരീഫ്, വി. അബ്ദുൽ ലത്തീഫ്, മഹമൂദ് കൂരിയ, എ.കെ.അബ്ദുൾ ഹക്കീം എന്നിവർ ഇസ്​താംബൂളിൽ

ഒരു ദേശത്തുകൂടിയുള്ള സഞ്ചാരത്തിനിടയിൽ രാഷ്ട്രീയം മാത്രമല്ല, രുചികൾ, സംഗീതം, ചരിത്രാവശിഷ്ടങ്ങൾ എന്നിവയൊക്കെ നമ്മെ നിസ്സംഗരാക്കിക്കളയും. യാത്രകൾ മനുഷ്യരെ വൈകാരികമായി ഉത്തേജിപ്പിക്കുകയാണോ നിസ്സംഗരാക്കുകയാണോ വേണ്ടത് എന്നു ചോദിച്ചാൽ നിസ്സംഗവും സുന്ദരവുമായ ഒരു പുഞ്ചിരിയിൽ അവസാനിക്കേണ്ടതാണ് യാത്രകൾ എന്ന മറുപടിയാവും നന്നാവുക. ബൈസാന്റിയൻസിനും മുമ്പുണ്ടായിരുന്ന മനുഷ്യരുടെ ഭൗതികശേഷിപ്പുകൾ ഇവിടെയുണ്ട്. വിശ്വാസം, സംഗീതം, ഭക്ഷണ സംസ്‌കാരം, സൗന്ദര്യാവബോധം തുടങ്ങിയവയിലൊക്കെ സൂക്ഷിച്ചുനോക്കിയാൽ പല കാലങ്ങളിൽനിന്നുള്ള അവശേഷിപ്പുകളും കൂട്ടിച്ചേർക്കലുകളും കാണാം. സത്യത്തിൽ ഇതൊക്കെ എല്ലായിടത്തുമുണ്ട്. തുർക്കി കുറേക്കൂടി നല്ല ഒരു സ്‌പെസിമെൻ ആണെന്നേയുള്ളൂ. ഏഷ്യയും യൂറോപ്പും കരിങ്കടലും മർമറ സമുദ്രവും ഈജിയൻ കടലും വ്യത്യസ്ത ടെറൈൻ കരഭൂമിയുമൊക്കെ ചേർന്ന് തുർക്കിയെ അടർത്തിപ്പരിശോധിക്കാൻ എളുപ്പമുള്ളൊരു ഇടമാക്കി മാറ്റുന്നു എന്നു മാത്രം.

മഴ ഒന്നടങ്ങിയപ്പോൾ ചീട്ടുകളിക്കാരോട് വിടപറഞ്ഞ് ഞങ്ങളിറങ്ങി. ഞങ്ങളിറങ്ങുമ്പോഴും സഗൗരവം ഒരു മധ്യവയസ്‌കൻ കുഴലൊക്കെ വലിച്ച് ചീട്ടു കളിക്കുന്നുണ്ട്, ഒറ്റയ്ക്ക്. ഫോട്ടോയെടുക്കാമോ എന്നു ചോദിച്ചപ്പോൾ അതേ ഗൗരവത്തിൽ വിലക്കി. മരിച്ചുപോയ കൂട്ടുകാരനോ കൂട്ടുകാരിയോ ആവും മേശയ്ക്കപ്പുറത്ത് എന്ന് ഒരു കഥയങ്ങ് പൂരിപ്പിക്കാം.

ഞങ്ങൾ ഇന്ത്യ എന്നു മറുപടി പറഞ്ഞപ്പോൾ ഹിന്ദിസ്താൻ, ഹിന്ദിസ്താൻ എന്ന് അയാൾ സ്വാഗതം ചെയ്തു. ഇന്ത്യയെ അങ്ങനെകൂടി വിളിക്കാമെന്ന് ഞങ്ങളറിഞ്ഞു. തുർക്കിയിലുടനീളം ഈ ചോദ്യവും മറുപടിയും തുടർന്നു.

കൃത്യമായ ഒരു ലക്ഷ്യവും പ്ലാനുമുള്ള യാത്രയല്ല ഞങ്ങളുടേത്. ടിക്കറ്റ് നിരക്കൊക്കെ ഒത്തുവന്നപ്പോൾ കൊച്ചി-ഇസ്താംബൂൾ-കൊച്ചി ടിക്കറ്റെടുത്തു. തുടക്കവും ഒടുക്കവുമടക്കം പന്ത്രണ്ടു ദിവസം. വന്നിറങ്ങുമ്പോഴത്തെ റൂമല്ലാതെ മറ്റ് റൂം ബുക്കിംഗുകളില്ല, ഗൈഡില്ല,അന്താര്ഷ്ട്രമോ ആഭ്യന്തരമോ ആയ ടൂർ പാക്കേജുകളില്ല. ഏറെക്കുറെ തോന്നുംപോലൊരു യാത്ര. അവസാനം ഇസ്താംബൂളിൽത്തന്നെ തിരിച്ചെത്തണം എന്നൊരു ധാരണയുണ്ടെന്നു മാത്രം. ഞങ്ങൾ-എ.കെ.അബ്ദുൾ ഹക്കീം, കെ. മുഹമ്മദ് ഷെരീഫ്, വി. അബ്ദുൽ ലത്തീഫ്- മൂന്നുപേർ കൊച്ചിയിൽനിന്ന് പുറപ്പെട്ടവരാണ്. മഹമൂദ് കൂരിയ ആംസ്റ്റർഡാമിൽനിന്ന് അർധരാത്രിയോടെ എത്തി.

സുലൈമാനിക്കടയിൽനിന്നിറങ്ങി തെക്കുംവടക്കും തിരിയാത്ത തുർക്കിത്തെരുവിൽ ഏതോ ഒരുദിശയിൽ ഞങ്ങൾ നടന്നു. മൂന്നുംകൂടിയ ഒരു ജംഗ്ഷനിൽ ഭക്ഷണം വിളമ്പുന്ന കടകൾ. പലതരം മാംസങ്ങളുടെ മണം. കബാബുകൾ, റൊട്ടികൾ, പലയിനം ഇലക്കൂട്ടങ്ങൾ.

കടയിലേക്ക് കയറിയ പാടേ കടക്കാരൻ (ഒരു കുടുംബം നടത്തുന്ന ആഹാരശാലയാണത്) പാക്കിസ്താനി? എന്നു ചോദിച്ചു. ഞങ്ങൾ ഇന്ത്യ എന്നു മറുപടി പറഞ്ഞപ്പോൾ ഹിന്ദിസ്താൻ, ഹിന്ദിസ്താൻ എന്ന് അയാൾ സ്വാഗതം ചെയ്തു. ഇന്ത്യയെ അങ്ങനെകൂടി വിളിക്കാമെന്ന് ഞങ്ങളറിഞ്ഞു. തുർക്കിയിലുടനീളം ഈ ചോദ്യവും മറുപടിയും തുടർന്നു. ബോളിവുഡ് സിനിമകളിലൂടെ ഹിന്ദിസ്താൻ എല്ലാവർക്കും പരിചിതമാണ്. ചിലർ ഇഷ്ടതാരങ്ങളുടെ പേരു പറഞ്ഞു. ചിലർ ചില ഗാനരംഗങ്ങൾ മൊബൈലിൽ കാണിച്ചു തന്നു. ഹിന്ദിസിനിമ ഗംഭീരമാണെന്ന് നല്ല വാക്കു പറഞ്ഞു.

ആഹാരം കഴിച്ചിറങ്ങുമ്പോഴും ചാറ്റൽമഴ നിലച്ചിരുന്നില്ല. ഇസ്താംബൂളിന്റെ രാത്രിജീവിതം ആസ്വദിക്കുക എന്ന പരിപാടി മാറ്റിവെച്ച് മുറിയിലേക്കു നടന്നു. ഫോണുകൾ ചാർജ്ജു ചെയ്യാൻ ഏതുതരം സോക്കറ്റാണ് തുർക്കിയിൽ ഉപയോഗിക്കുന്നത് എന്നൊക്കെ നോക്കി മനസ്സിലാക്കിവെച്ചിരുന്നെങ്കിലും ആരുടെ കൈയിലും സി, ഡി-ടൈപ്പ് സോക്കറ്റുകൾ ഉണ്ടായിരുന്നില്ല. ഒരു മൊബൈൽ കടയിൽ അന്വേഷിച്ചപ്പോൾ അതിനുപറ്റിയ ഒരു അഡാപ്റ്റർ കിട്ടി.

ഗലത്ത പാലത്തി​ൻറെ രാക്കാഴ്ച

മഹമൂദ് എത്തിയപ്പോൾ രാത്രി 12-മണി കഴിഞ്ഞിരുന്നു.
മഴ തോർന്നിരുന്നു.
അവന് നന്നായി വിശക്കുന്നുണ്ടെന്നു പറഞ്ഞ് പുറത്തിറങ്ങി. ആ നേരത്ത് ഇനി കഴിക്കാൻ എന്തു കിട്ടാനാണ് എന്നൊരു സംശയമുണ്ടായിരുന്നു. നനഞ്ഞ തെരുവിലൂടെ മെല്ലെ നടന്നു. കുറച്ചുദൂരം മുന്നോട്ടു പോയപ്പോൾ ഡോണർ(Doner) വിൽക്കുന്ന ഒരു കട സജീവമായിരിക്കുന്നു. ആളുകൾ ആ സമയത്തും ഭക്ഷണം പൊതിഞ്ഞുവാങ്ങിക്കൊണ്ടുപോകുന്നുണ്ട്. കുറച്ചു കാത്തിരുന്ന് ഡോണർ കിട്ടി. ഷവർമ്മയെ അപേക്ഷിച്ച് ഇത്തിരി പരുക്കനാണ് ഡോണർ. എന്നാലും നല്ല രുചി. ഒരാൾക്ക് കഴിക്കാവുന്നതിലും അധികമുണ്ട്. പങ്കിട്ടു കഴിച്ച് ഞങ്ങൾ മുന്നോട്ടു തന്നെ നടന്നു.

തുർക്കിയെ അതിന്റെ ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും സംഗീതത്തിലൂടെയും ഭക്ഷണവൈവിധ്യങ്ങളിലൂടെയും മനുഷ്യരിലൂടെയും വർത്തമാനരാഷ്ട്രീയത്തിലൂടെയുമൊക്കെ നോക്കിക്കാണുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിച്ചു.

ഒന്നു രണ്ട് വളവുകൾ തിരിഞ്ഞ് പ്രധാനപാതയിലെത്തി. റോഡിനപ്പുറം വലിയ ജലാശയം. നിരവധി ബോട്ടുകൾ നിർത്തിയിട്ടിരിക്കുന്നു. ബോസ്ഫറസാണോ? മർമ്മറ കടലാണോ? അതോ ഗോൾഡൻ ഹോണിന്റെ ഭാഗം തന്നെയോ? ബോസ്ഫറസിൽനിന്ന് ഗോൾഡൾ ഹോൺ ആരംഭിക്കുന്ന ഭാഗമാണ്. കുറച്ചുകൂടി വലത്തോട്ടു മാറിയാൽ മർമ്മറ കടലും കാണാം. ആ ഭാഗത്ത് ഗോൾഡൺ ഹോണിനു കുറുകെ ഒരു പാലമുണ്ട്. പിന്നീട് പലവട്ടം ബസ്സിലും ട്രാമിലും ടാക്‌സിയിലുമൊക്കെയായി ഞങ്ങളാ പാലത്തിലൂടെ കടന്നുപോയി. തുർക്കികൾ ഗോൾഡൻ ഹോണിലൂടെ അകത്തേക്കു പ്രവേശിക്കാതിരിക്കാൻ കോൺസ്റ്റന്റൈൻ ചക്രവർത്തി പൊങ്ങിക്കിക്കിടക്കുന്ന മരത്തടികളിൽ ബന്ധിപ്പിച്ച ഇരുമ്പുചങ്ങലയിട്ട ഭാഗവും ഇതുതന്നെയായിരുന്നു.

ബോസ്ഫറസും മർമ്മറയും ചേരുന്ന ഭാഗത്തുനിന്ന് ഗലത്ത പാലത്തിലേക്ക് നോക്കി ഞങ്ങൾ കുറേനേരം നിന്നു. മനോഹരമായ തൂക്കുപാലത്തിൽ അപ്പോഴും വാഹനങ്ങളുടെ തിരക്ക്. വെള്ളത്തിലേക്ക് പലതരം വെളിച്ചം വീണ് പാലവും ജലാശയവും അതിമനോഹരമായിരിക്കുന്നു. രണ്ടു പകലും ഒരു രാത്രിയുംകൂടി തൽക്കാലം ഞങ്ങൾക്ക് ഇസ്താംബൂളിലുണ്ട്. ചെറിയ തണുപ്പിൽ വരുംദിവസങ്ങളിൽ എങ്ങനെയാണ് തുർക്കിയെ നോക്കിക്കാണേണ്ടത് എന്നതിന് ഒരു രൂപരേഖയുണ്ടാക്കാൻ ഞങ്ങൾ ശ്രമിച്ചു. തുർക്കിയെ അതിന്റെ ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും സംഗീതത്തിലൂടെയും ഭക്ഷണവൈവിധ്യങ്ങളിലൂടെയും മനുഷ്യരിലൂടെയും വർത്തമാനരാഷ്ട്രീയത്തിലൂടെയുമൊക്കെ നോക്കിക്കാണുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിച്ചു.

പിറ്റേന്നത്തെ തിരക്കിട്ട ഷെഡ്യൂളുകൾ ഓർത്തപ്പോൾ ഞങ്ങൾ തിരിച്ചു നടന്നു. നഗരത്തിൽ അപ്പോഴും സംഗീതത്തിന്റെ നേരിയ ഒലികളുണ്ട്. മുഖ്യപാതയിൽനിന്ന് ഞങ്ങളുടെ തെരുവിലേക്ക് പ്രവേശിക്കേണ്ട ഇടം കണ്ടുപിടിച്ച് കല്ലുപാകിയ ആ പഴയ നിരത്തുകളിലൂടെ ഞങ്ങൾ തിരിച്ചു നടന്നു.

ഉള്ളിൽ ആ പഴയ പാട്ടുതന്നെ മുഴങ്ങി.

ഉസ്‌കുദാറിലേക്കുള്ള യാത്രയിൽ
പൊടുന്നനെ മഴ പെയ്യാൻ തുടങ്ങി.
എന്റെ സുന്ദരനായ എഴുത്തുകാരന്റെ നീളൻ കുപ്പായം,
അതിന്റെ തലപ്പത്ത് ചെളിപുരണ്ടു.

Üsküdar'a gider iken aldı da bir yağmurÜsküdar'a gider iken aldı da bir yağmurKâtibimin setresi uzun, eteği çamurKâtibimin setresi uzun, eteği çamur ▮

​​​​​​​(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

മഹമൂദ് കൂരിയ

ചരിത്ര ഗവേഷകൻ, എഴുത്തുകാരൻ. ഹോളണ്ടിലെ ലെയ്ഡൻ യൂണിവേഴ്സിറ്റിയിൽ ഗവേഷകനും ഡൽഹിയിലെ അശോക യൂണിവേഴ്സിറ്റിയിൽ അധ്യാപകനുമാണ്. ഇസ്‌ലാമിക ചരിത്രം, സംസ്‌കാരം, ഗ്ലോബൽ ഹിസ്റ്ററി ഓഫ് ലോ, ആഫ്രോ- ഏഷ്യൻ ബന്ധങ്ങൾ, ഇസ്‌ലാമിന്റെ ബൗദ്ധികചരിത്രം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Islamic Law in Circulation, Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region (Co-Editor) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments