ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം 14
ഞങ്ങളെക്കുറിച്ച് അറിയണമെങ്കിൽ ഞങ്ങളുടെ കെട്ടിടങ്ങൾ പരിശോധിക്കുക
- തിമൂറിദ് പഴഞ്ചൊല്ല്.
സമയം ഏഴ് കഴിഞ്ഞതേയുള്ളൂ.
നീണ്ട പകലുകളുള്ള മധ്യേഷ്യൻ വേനൽ എത്രയോ നേരത്തെ സമർഖണ്ഡിന്റെ തെരുവുകളിൽ വെളിച്ചം പരത്തിയിരിക്കുന്നു. വെയിൽ ചൂടുപിടിച്ചു തുടങ്ങി. ഹോട്ടൽ മൊഹിനയിലെ സുഖമായ ഉറക്കത്തിന് ശേഷം പ്രഭാതഭക്ഷണം കഴിച്ച് ഒരിക്കൽ കൂടി രജിസ്ഥാന്റെ കാഴ്ച്ച ലക്ഷ്യമാക്കി നടക്കുകയാണ് ഞങ്ങൾ. നൂറ്റാണ്ടുകളായി വിവിധ ദേശക്കാരും ഭാഷക്കാരുമായ എത്രോയോ പേർ കടന്നുപോയ തെരുവുകളാകണം ഇതൊക്കെ. ശതാബ്ദങ്ങളോളം കിഴക്കിനും പടിഞ്ഞാറിനുമിടയിലെ പ്രധാന വ്യാപാരപാതയായ സിൽക്ക് റൂട്ടിലെ ഇടത്താവളമായിരുന്നു ഈ നഗരം.
പേർഷ്യക്കാർ, ഗ്രീക്കുകാർ, തുർക്കികൾ, മംഗോളിയർ, ചൈനക്കാർ, റഷ്യക്കാർ എന്നിവരൊക്കെ ഇവിടം കേന്ദ്രമാക്കി ഭരണം നടത്തി. അര ഡസനോളം മതങ്ങൾ പലകാലങ്ങളിൽ ഇവിടെ അനുയായികളെ കണ്ടെത്തി. ബി.സി നാലാം നൂറ്റാണ്ടിൽ അലക്സാണ്ടറും എ.ഡി പതിമൂന്നാം നൂറ്റാണ്ടിൽ ജെങ്കിസ് ഖാനും ഈ നഗരം കീഴടക്കി. ചൈനീസ് പണ്ഡിതരും സഞ്ചാരികളുമായ ഫാഹിയാൻ, ഹുയാൻ സാങ്, മൊറോക്കൻ സഞ്ചാരി ഇബ്ൻ ബത്തൂത്ത, വെനീസുകാരനായ മാർക്കോ പോളോ തുടങ്ങിയവരെല്ലാം ഈ നഗരത്തെക്കുറിച്ച് എഴുതി. പതിമൂന്നാം നൂറ്റാണ്ടിൽ ജെങ്കിസ്ഖാൻ ചുട്ടെരിച്ച ഈ നഗരത്തെ പതിനാലാം നൂറ്റാണ്ടിൽ മറ്റൊരു മംഗോൾ വംശജനായ തിമൂർ ലോകോത്തര നഗരമാക്കി പുനർനിർമ്മിച്ചു. തിമൂറിന്റെ ചെറുമകനായ ഉലുഗ് ബേഗ് ശാസ്ത്രത്തിന്റെയും സംസ്ക്കാരത്തിന്റെയും വിദ്യയുടെയും നഗരമാക്കി ഇതിന്റെ യശസ്സുയർത്തി.
1888-ൽ ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനും പിന്നീട് ഇന്ത്യയുടെ വൈസ്രോയിയുമായ ജോർജ്ജ് കഴ്സൻ സന്ദർശിച്ചതോടുകൂടിയാണ് രജിസ്ഥാൻ സ്ക്വയർ ലോകശ്രദ്ധയിൽ വരുന്നത്.
ലോകപ്രശസ്ത അറേബ്യൻ സാഹിത്യമായ ആയിരത്തെന്ന് രാവുകളുടെ മൂലകഥ നടക്കുന്നത് സമർഖണ്ഡിലാണെന്ന് പറയപ്പെടുന്നു. സഹോദരൻമാരായ സമർഖണ്ഡിലെയും ബുഖാരയിലേയും രാജാക്കൻമാരോട് ഒട്ടും വിശ്വസ്തത പുലർത്തിയിരുന്നില്ല കാമമോഹിതരായ അവരുടെ രാജ്ഞിമാർ. അപ്രതീക്ഷിതമായി ഇത് മനസ്സിലാക്കിയ രാജാക്കൻമാർ രാജ്ഞിമാരുടെയും കാമുകൻമാരായ കൊട്ടാരം അടിമകളുടെയും തലകൾ കൊയ്തു. ഇതുകൊണ്ടും അരിശം തീരാതെ സമർഖണ്ഡ് രാജാവായ ഷഹരിയാർ രാജ്യത്തെ കന്യകമാരെ ഓരോ ദിവസത്തേക്കായി വേൾക്കാനും ആദ്യ രാവിനെടുവിൽ അവരെ വധിക്കാനും തുടങ്ങി. ഈ നൈരന്തര്യത്തിനൊടുവിൽ അദ്ദേഹത്തിന്റെ വധുവായെത്തുന്ന ഷഹർസാദ, താൻ കൊല്ലപ്പെടാതിരിക്കാൻ ഓരോ രാവിലും പിറ്റേന്നത്തേക്ക് ബാക്കിയാക്കി അവസാനിക്കാത്ത കഥകളുടെ മാല കൊരുക്കുന്നു.
കഥയുടെ അന്ത്യമറിയാനായി ആകാംക്ഷഭരിതനാകുന്ന രാജാവ് വധശിക്ഷ ഓരോ ദിവസവും മാറ്റിവെക്കുന്നു. അങ്ങനെ 1001 രാവുകൾ കടന്നുപോകുകയും ഷഹർസാദയെയും തുടർന്ന് രാജ്യത്തുള്ള മറ്റ് കന്യകമാരെയും വധിക്കാനുള്ള തീരുമാനത്തിൽ നിന്ന് രാജാവ് പിൻമാറുകയും ചെയ്യുന്നു. 1001 രാവുകളിലെ കഥകൾ പല കാലത്തും ദേശത്തുമായി രചിക്കപ്പെട്ടതാണെങ്കിലും ഷഹർസാദയെപ്പോലെ ബുദ്ധിമതിയായ രാജ്ഞിയുടെയും ഷഹരിയാറിനെപ്പോലെ ഉഗ്രപ്രതാപിയായ രാജാവിന്റെയും ദേശമായിരിക്കാൻ എന്തുകൊണ്ടും യോഗ്യത ഈ പുരാതന പട്ടുനഗരത്തിന് തന്നെയാണെന്ന് തോന്നി സമർഖണ്ഡിലെ ചരിത്രശേഷിപ്പുകൾക്കിടയിലൂടെ നടന്നുനീങ്ങുമ്പോൾ.
24 മണിക്കൂറിനുള്ളിൽ രജിസ്ഥാനുമായുള്ള മൂന്നാമത്തെ മുഖാമുഖമാണിത്. ഓരോ കാഴ്ച്ചയിലും ഓരോ ഭാവത്തിൽ അത് ഞങ്ങളെ തന്നിലേക്ക് വലിച്ചടിപ്പിച്ചുകൊണ്ടിരുന്നു. ആദ്യം ഇതിനു മുൻപിലെത്തുമ്പോൾ പോക്കുവെയിലിന്റെ പ്രഭയിൽ ശോഭിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ കെട്ടിടങ്ങൾ. പശ്ചാത്തലത്തിൽ, വിശാലമായ ആകാശത്ത് അസ്തമയത്തിന്റെ ചായക്കൂട്ടുകൾ മാറിമാറി തെളിഞ്ഞുകൊണ്ടിരുന്നു. മണിക്കൂറുകൾക്കുശേഷം, രാത്രിയിലായിരുന്നു രണ്ടാം കാഴ്ച്ച. മായികമായ ആ രാവിൽ ബഹുവർണ്ണ ദീപങ്ങൾ സൃഷ്ടിക്കുന്ന നിറഭേദങ്ങളിൽ മുങ്ങിനിന്നു ഈ നിർമിതികളും അതിനുനടുവിലെ ചത്വരവും. ഇപ്പോഴിതാ പിറ്റേന്നത്തെ ഈ പ്രഭാതത്തിൽ തീർത്തും വിഭിന്നമായി മറ്റൊരു ഭാവത്തിൽ നമ്മളിലേക്ക് വീണ്ടും വന്നു നിറയുന്നു, രജിസ്ഥാൻ.
കഴിഞ്ഞ രണ്ട് സന്ദർശനങ്ങളിലും കെട്ടിടങ്ങൾക്കകത്തേക്ക് കയറിയിരുന്നില്ല ഞങ്ങൾ. 50,000 സോമാണ് ആ ചരിത്രസ്മാരകത്തിനകത്തേക്ക് കയറുന്നതിനുള്ള പ്രവേശന ഫീസ്. രാവിലെ 8 മുതൽ രാത്രി 11 വരെയാണ് സന്ദർശകസമയം. ആദ്യം ഞങ്ങൾ മൂന്ന് മദ്രസകളുടെയും പുറംഭാഗം നടന്നുകണ്ടു. പിന്നീട് ഓരോ മദ്രസകളായി കയറിയിറങ്ങി. ആദ്യം പോയത് ഉലുഗ് ബേഗ് മദ്രസയിലാണ്.
1888-ൽ ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനും പിന്നീട് ഇന്ത്യയുടെ വൈസ്രോയിയുമായ ജോർജ്ജ് കഴ്സൻ ഇവിടം സന്ദർശിച്ചതോടുകൂടിയാണ് രജിസ്ഥാൻ സ്ക്വയർ ലോകശ്രദ്ധയിൽ വരുന്നത്. അദ്ദേഹം രജിസ്ഥാനെ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പൊതു ഇടം എന്നുവിളിച്ചു. ലാളിത്യത്തിലും സൗന്ദര്യത്തിലും രജിസ്താന്റെ അടുത്തുവരുന്ന ഒരു ചത്വരം ഒരു യൂറോപ്യൻ നഗരത്തിലും ഇല്ലെന്ന് അദ്ദേഹം കുറിച്ചുവെച്ചു. സത്യത്തിൽ അന്ന് രജിസ്ഥാൻ തകർന്നുകിടക്കുകയായിരുന്നു.
സമർഖണ്ഡിൽ നിന്ന് ഖാനേറ്റിന്റെ തലസ്ഥാനം ബുഖാരയിലേക്ക് മാറ്റുകയും പുതിയതായി കണ്ടെത്തിയ കടൽപ്പാതകളും ആധൂനിക ഗതാഗത സംവിധാനങ്ങളും പട്ടുപാതയെ അപ്രസക്തമാക്കുകയും ചെയ്തതോതോടെയാണ് സമർഖണ്ഡും രജിസ്ഥാനും അവഗണിക്കപ്പെട്ടു. ഭൂകമ്പങ്ങളും കാലമേൽപ്പിച്ച പരിക്കുകളും സമ്പന്നരായ ഭരണാധികാരികളുടെ അഭാവവുമൊക്കെ മൂലം നാശോന്മുഖമായ രജിസ്ഥാനെ ഇന്നുകാണുന്ന വിധത്തിൽ പുനർ നിർമിച്ചത് സോവിയറ്റ് ഭരണകൂടമാണ്. മത പഠനത്തിനായി ഇവിടത്തെ മദ്രസകൾ ഉപയോഗിക്കരുതെന്ന വ്യവസ്ഥയോടെ ഇസ്‌ലാമിക വാസ്തുവിദ്യയുടെ അഭിമാനമായ ഈ കെട്ടിടങ്ങളും ചത്വരവും കേടുപാടുതീർത്ത് പുനരുദ്ധരിച്ചു. സോവിയറ്റ് സാങ്കേതികവിദ്യക്കൊപ്പം അവർ ചെലവഴിച്ച അളവറ്റ ധനവും സോവിയറ്റ് എഞ്ചിനീയറിംഗ്, ആർക്കിയോളജിക്കൽ ആർക്കിടെക്ച്ചറർ മികവും ആ സാങ്കേതിക വിദഗ്ദ്ധരുടെ അർപ്പണബോധവും ഒത്തുചേർന്നപ്പോൾ രജിസ്ഥാൻ നഷ്ടപ്രതാപം വീണ്ടെടുത്തു. രജിസ്ഥാന്റെ പഴയ ഫോട്ടോഗ്രാഫുകൾ കെട്ടിടങ്ങൾക്കുള്ളിൽ പ്രദർശിപ്പിച്ചത് കാണുമ്പോഴാണ് എത്ര ശ്രമകരവും മൂല്യമുള്ളതും ആയിരുന്നു ആ സോവിയറ്റ് ദൗത്യം എന്നു നാം മനസ്സിലാക്കുക.
1923- ലാണ് ആദ്യ പുനരുദ്ധാരണം നടക്കുന്നത്. അക്കാലത്ത് മിന്നാരങ്ങൾ അപകടകരാം വിധം ചരിഞ്ഞതും പല കെട്ടിട ഭാഗങ്ങളും തകർന്നതുമായിരുന്നു. കെട്ടിടങ്ങളെ പൊതിഞ്ഞിരുന്ന സെറാമിക് ടൈലുകളുടെ ബഹുവർണ്ണ പുറംപാളികൾ ഭൂരിഭാഗവും നശിച്ചിരുന്നു. ഘടനാപരമായ അറ്റകുറ്റപ്പണികളും മിനാരങ്ങളുടെ ചരിവ് നിവർത്തലും അടിത്തറ ശക്തിപ്പെടുത്തലുമാണ് ആദ്യം ചെയ്തത്. കെട്ടിടങ്ങൾ നിലം പൊത്താതിരിക്കാനുള്ള ഈ മുൻകരുതലുകൾ 1932- ലും ആവർത്തിച്ചു. കൃത്യമായ മാസ്റ്റർപ്ലാനോടുകൂടിയ പ്രധാന പുനരുദ്ധാരണ പ്രവർത്തനങ്ങൾ 1967-1987 കാലഘട്ടത്തിലാണ് നടന്നത്. പുരാവസ്തു ഖനനം, ആർക്കൈവൽ ഗവേഷണം, എപ്പിഗ്രാഫിക് പഠനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പുനരുദ്ധാരണം.
അവിശ്വാസികളുടെ ഭരണകൂടത്തിന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ മനുഷ്യരാശിയുടെ ഒരു പൊതുസ്വത്തായി ഈ പഴയ മതപാഠശാലകളുടെ വാസ്തുവിദ്യാസംഘം ഇന്ന് ശേഷിക്കുമായിരുന്നില്ല.
പുരാതന സാങ്കേതിക വിദ്യകൾ വീണ്ടെടുത്ത്, അത്തരം പണിശാലകൾ വീണ്ടും സ്ഥാപിച്ച്, ഗ്ലേയ്ഡ് ടൈലുകൾ, പെയിന്റ് ചെയ്ത മജോലിക്ക, വിവിധ നിറങ്ങളിലുള്ള തിളങ്ങുന്ന അലങ്കാരങ്ങൾ എന്നിവ നിർമിച്ചെടുക്കുകയും ചെയ്തു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു വേണ്ടി പേർഷ്യൻ- മധ്യേഷ്യൻ വാസ്തുവിദ്യയെക്കുറിച്ചും ബാഹ്യ അലങ്കാരങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിരുന്നു സോവിയറ്റ് വിദഗ്ദർ. കെട്ടിടങ്ങളുടെ പല ഭാഗങ്ങളും കോൺക്രീറ്റിൽ പുനർനിർമിച്ച് പഴയ രീതിയിലുള്ള സാമഗ്രികൾ കൊണ്ട് ബാഹ്യാവരണം തീർത്തു. പദ്ധതിക്ക് വേണ്ടി വന്ന കനത്ത ചെലവിന്റെ 90% യു.എസ്.എസ്.ആർ ദേശീയ സർക്കാരും 10% ഉസ്ബെക്കും വഹിച്ചു. എന്തായാലും, അവിശ്വാസികളുടെ ഭരണകൂടത്തിന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ മനുഷ്യരാശിയുടെ ഒരു പൊതുസ്വത്തായി ഈ പഴയ മതപാഠശാലകളുടെ വാസ്തുവിദ്യാസംഘം ഇന്ന് ശേഷിക്കുമായിരുന്നില്ല.
തിമൂറിഡ് സാമ്രാജ്യവും അതിനുശേഷം വന്ന രാജവംശങ്ങളും സോവിയറ്റ് റിപ്പബ്ലിക്കുമൊക്കെ പഴങ്കഥയായെങ്കിലും ആ കാലങ്ങളുടെയൊക്കെ സാക്ഷിയായ പട്ടുപാതയുടെ മർമകേന്ദ്രമായിരുന്ന ഇവിടം ഇന്നും മധ്യേഷ്യയുടെ സാംസ്ക്കാരിക തലസ്ഥാനമായ സമർഖണ്ഡിന്റെ കേന്ദ്രമായി നിലകൊള്ളുന്നു. 2001-ൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ രജിസ്റ്റാൻ സ്ക്വയർ ഇടം പിടിച്ചു. ഇന്ത്യക്ക് താജ്മഹൽ എന്നതുപോലെയാണ് ഇന്ന് ഉസ്ബെക്കിസ്ഥാന് രജിസ്ഥാൻ. ഒരു കാലത്ത് കാടുകയറിപ്പോയ ഈ സ്ക്വയറിനെ പാർട്ടി റാലികൾ, കൂട്ട മൂടുപടം കത്തിക്കൽ, പ്രതിവിപ്ലവകാരികളുടെ വിചാരണ എന്നിവയിലൂടെ വീണ്ടും പുനരുജ്ജീവിപ്പിച്ചത് സോവിയറ്റുകളാണ്. രജിസ്താൻ മുഴുവനായി പുനഃസ്ഥാപിക്കാനും ഗ്രേറ്റ് സിൽക്ക് റോഡിലെ സുപ്രധാന ചരിത്ര സ്മാരകത്തിന്റെ പദവി നൽകാനും ഉത്തരവിട്ടു അവർ. ഇന്ന് ഈ ഭീമാകാരമായ ട്രയാഡ് ഉസ്ബെക്കിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ്. ദേശീയ- അന്തർദേശീയ തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഒട്ടേറെ കലാ-സാംസ്ക്കാരിക പരിപാടികളുടെയും വേദിയാണ് ഇന്ന് ഈ ചത്വരം. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ‘കിഴക്കിന്റെ മെലഡികൾ’ എന്നർത്ഥം വരുന്ന ‘ഷാർഖ് തരോനലാരി’ എന്ന ഗംഭീരമായ അന്താരാഷ്ട്ര പരമ്പരാഗത സംഗീതോത്സവം അതിൽ പ്രധാനമാണ്.
രജിസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടമാണ് ഉലുഗ് ബേഗ് മദ്രസ. പതിനഞ്ചാം നൂറ്റാണ്ടിൽ സമർഖണ്ഡിൽ നിർമിച്ചതിൽ ഇന്ന് നിലനിൽക്കുന്ന ഒരേയൊരു നിർമിതി കൂടിയാണിത്. അതിനകത്തേക്ക് കടക്കുന്നതിനുമുൻപ് അൽപനേരം ഭീമാകാരമായ മുൻ കമാനത്തിന് കീഴിൽ ചത്വരം നോക്കിനിന്നു. സഞ്ചാരികളെത്തി തുടങ്ങുന്നതേയുള്ളൂ. ഒരു കാലത്ത് മധ്യേഷ്യയിലെ ഏറ്റവും മികച്ച പണ്ഡിതന്മാർ ഇവിടെ പഠിപ്പിച്ചിരുന്നു. മുത്തച്ഛനായ തിമൂർ യുദ്ധത്തിനും കൂട്ടക്കൊലകൾക്കും രാജ്യവികസനത്തിനുമായി സമയം ചെലവഴിച്ചപ്പോൾ ഉലുഗ് ബേഗ് ഗണിതത്തിനും ശാസ്ത്രത്തിനും വേണ്ടി തന്റെ ജീവിതം മാറ്റിവെച്ചു. ആദ്യമായി കൃത്യമായ നക്ഷത്ര ഭൂപടങ്ങൾ നിർമിക്കുന്നത് ഉലുഗ് ബേഗാണ്. ജ്യോതിശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ താൽപര്യം, പ്രധാന പോർട്ടിക്കോയിലെ 15 മീറ്റർ ഉയരമുള്ള കമാനത്തിന് മുകളിലുള്ള മൊസൈക്ക് ടൈൽ വർക്കിൽ പ്രതിഫലിക്കുന്നുണ്ട്. പ്രതീകാത്മകമായ ആകാശവും നക്ഷത്രങ്ങളും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു അവിടെ. 56X81 മീറ്ററാണ് മദ്രസയുടെ വിസ്തീർണ്ണം. നാല് കോണുകളിലും 33 മീറ്റർ ഉയരമുള്ള മിനാരങ്ങളുണ്ട്. മധ്യേഷ്യൻ വാസ്തുവിദ്യയിൽ ആദ്യമായി കെട്ടിടത്തിന്റെ നാല് മൂലകളിൽ മിനാരങ്ങൾ നിർമിക്കുന്നത് ഉലുഗ്ബെക് മദ്രസയിലാണ്. ഉള്ളിൽ ഒരു വലിയ നടുമുറ്റം. അതിനുചുറ്റും രണ്ട് വശത്തും ഉയർന്ന നീല ടൈൽ ചെയ്ത പോർട്ടലും നിർമ്മിച്ചിരിക്കുന്നു.
മദ്രസയുടെ ചതുരാകൃതിയിലുള്ള നടുമുറ്റത്തിന് ചുറ്റുമായി രണ്ട് നിലകളിലായി വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള മുറികളാണ്. ഒരു വലിയ പള്ളിയും നാല് ക്ലാസ് മുറികളും മദ്രസക്കകത്ത് ഒരുക്കിയിട്ടുണ്. അലിഷർ നവോയി, അബ്ദുറഹ്മാൻ ജാമി, ഖോജ അഖ്രാർ തുടങ്ങിയവർ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു. പ്രശസ്ത ടാറ്റർ ദൈവശാസ്ത്രജ്ഞനും നഖ്ശബന്ദിയിലെ സൂഫി വിഭാഗത്തിലെ അംഗവുമായ ഷിഹാബെത്തിൻ മർജാനി പ്രശസ്തനായ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ ഒരു ഭൂകമ്പം മദ്രസയ്ക്ക് കേടുപാടു വരുത്തി. 1897-ൽ മറ്റൊരു ഭൂകമ്പത്തിൽ രണ്ടാം നില നശിച്ചു. 1932-ൽ സോവിയറ്റ് എൻജിനീയർമാരായ വി.ജി. ഷുഖോവും എം.എഫ്. മൗറും ചേർന്നാണ് മദ്രസയുടെ ആദ്യ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്.
തിമൂർ, താൻ കീഴടക്കിയ പ്രദേശങ്ങളിൽ നിന്നുള്ള കൊള്ളമുതലുകൾക്കൊപ്പം വാസ്തുശില്പികളെയും കലാകാരൻമാരെയും കെെവേലക്കാരെയും തന്റെ തലസ്ഥാന നഗരം മോടിപിടിപ്പിക്കാൻ കൊണ്ടുവന്നപ്പോൾ ഉലുഗ് ബെഗ് തന്റെ സാമ്രാജ്യത്തിനകത്തും പുറത്തും അന്ന് ലഭ്യമായ ശാസ്ത്രഗ്രന്ഥങ്ങൾക്കൊപ്പം പണ്ഡിതന്മാരെയും ജ്യോതിശാസ്ത്രജ്ഞരേയും ഗണിതശാസ്ത്രജ്ഞരേയും സമർഖണ്ഡിൽ ജോലി ചെയ്യാനും പഠിപ്പിക്കാനുമായി കൊണ്ടുവന്നു. വാണിജ്യത്തിന്റെയും കലയുടെയും സംസ്ക്കാരത്തിന്റെതുമെന്നതുപോലെ സമർഖണ്ഡിനെ മധ്യേഷ്യയുടെ ബൗദ്ധിക തലസ്ഥാനവുമായി മാറ്റി അദ്ദേഹം. ഉലുഗ് ബേഗ് നിരീക്ഷണാലയം സ്ഥാപിക്കുകയും രണ്ടാം നൂറ്റാണ്ടിലെ ടോളമിക്ക് ശേഷം നക്ഷത്രങ്ങളുടെ ഏറ്റവും സമഗ്രമായ വിവരപട്ടിക നിർമിക്കുകയും ചെയ്തു. ഉലുഗ് ബെഗിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു, 1,018 നക്ഷത്രങ്ങളും രാത്രി ആകാശത്തിലെ അവയുടെ സ്ഥാനങ്ങളും ഉൾക്കൊള്ളുന്ന ഈ നക്ഷത്ര കാറ്റലോഗ്. ദൂരദർശിനികളുടെ ആവിർഭാവത്തിന് ഏകദേശം 200 വർഷങ്ങൾക്കുമുമ്പാണ് ഇത് പുറത്തിറങ്ങിയത്. 1420- കളിലാണ് ഉലുഗ് ബെഗ് ഒബ്സർവേറ്ററി സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം 1449-ൽ മതവിരുദ്ധത ആരോപിച്ച് ഇസ്‍ലാമിക മതമൗലികവാദികൾ ശ്രദ്ധേയമായ ഈ ശാസ്ത്രകേന്ദ്രം പൂർണമായി നശിപ്പിക്കുകയും അതോടൊപ്പമുണ്ടായിരുന്ന ലൈബ്രറി കൊള്ളയടിക്കുകയും അവിടത്തെ ജ്യോതിശാസ്ത്രജ്ഞൻമാരെ അടിച്ചോടിക്കുകയും ചെയ്തു.
1908-ൽ സോവിയറ്റ് പുരാവസ്തു ഗവേഷകനായ വാസിലി വ്യാറ്റ്കിൻ, നിരീക്ഷണാലയത്തിന്റെ സ്ഥാനം പരാമർശിച്ച ആദ്യ രേഖ കണ്ടെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഉദ്ഘനന പ്രവർത്തനങ്ങളിലൂടെ നിരീക്ഷണാലയത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. രേഖകൾ പ്രകാരം വൃത്താകൃതിയിലുള്ള മൂന്നു നില കെട്ടിടമായിരുന്നു നിരീക്ഷണാലയം. നിർഭാഗ്യവശാൽ പ്രധാന കെട്ടിടത്തിന്റെ അടിത്തറയും ഖഗോള വസ്തുക്കളുടെ സ്ഥാനം അളക്കാനായി മാർബിളിൽ നിർമിച്ച ദൂരകോണമാപിനി (Sextant) യുടെ ഭൂഗർഭ ഭാഗവും ചില ജ്യോതിശാസ്ത്ര ഉപകരണങ്ങളും മാത്രമേ വീണ്ടെടുക്കാനായുള്ളൂ. മ്യൂസിയത്തിൽ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾക്കായി അദ്ദേഹം നിർമിച്ച ഉപകരണങ്ങൾ, കൈയെഴുത്തുപ്രതികൾ, വിവരണങ്ങൾ എന്നിവയൊക്കെയാണുള്ളത്. ഉലുഗ് ബേഗ് കാലത്ത് ജ്യോതിശാസ്ത്രം എത്രമാത്രം മുന്നോട്ടുപോയി എന്ന് കാണിക്കുന്നു, ശ്രദ്ധേയമായ ഈ സെക്സ്റ്റന്റ്. ലോകമെമ്പാടും പ്രശസ്തി നേടിയ അദ്ദേഹത്തിന്റെ ജ്യോതിശാസ്ത്ര കൃതിയാണ് ‘സ്റ്റാർ ടേബിൾ ഓഫ് ഉലുഗ്ബെക്ക്’.
സിംഹങ്ങൾക്ക് മുകളിലുള്ള മംഗോളിയൻ മുഖമുള്ള സൊറോസ്ട്രിയൻ പ്രചോദിതമായ സൂര്യൻ ഇസ്‍ലാമിക് വാസ്തുവിദ്യയിൽ അസാധാരണമാണ്. ജീവനുള്ള മൃഗങ്ങളും മുഖത്തോടുകൂടിയ സൂര്യനുമൊക്കെ ഇസ്‍ലാമിക വിലക്കുകൾ ലംഘിക്കുന്നവയാണ്.
ഉലുഗ്ബെക്ക് മദ്രസയ്ക്ക് എതിർവശത്താണ് ഷെർ-ദോർ മദ്രസ (1619-1636). ഉലുഗ്ബെക്ക് മദ്രസ മൂന്ന് വർഷംകൊണ്ട് നിർമിച്ചതാണെങ്കിൽ ഇത് നിർമിക്കാൻ 17 വർഷമെടുത്തു. സമർഖണ്ഡിലെ ബുഖാറ ഭരണാധികാരിയുടെ ഗവർണറായിരുന്ന യലഗ്തുഷ് ബഖോദൂറിന്റെ ഉത്തരവനുസരിച്ച്, ബഹാദൂറിന്റെ ഭരണത്തിൻ കീഴിലാണ് ഇത് നിർമിക്കപ്പെട്ടത്. ഇസ്‌ലാമിക വാസ്തുവിദ്യയുടെ ഘടകങ്ങളും മധ്യേഷ്യൻ സൗന്ദര്യശാസ്ത്രവും സമന്വയിപ്പിക്കുന്ന രൂപകല്പനയാണ് ഈ മദ്രസയ്ക്കുള്ളത്. പ്രധാന പ്രവേശനദ്വാരത്തിന് മുകളിലായി ചിത്രീകരിച്ചിരിക്കുന്ന മാനുകളെ വേട്ടയാടുന്ന ഇരട്ട സിംഹങ്ങളാണ് ഇതിന്റെ സവിശേഷത. ഷേർ-ദോർ മദ്രസ എന്നാൽ ‘സിംഹങ്ങളുള്ള’ മദ്രസ എന്നാണ് അർത്ഥം. എന്നാൽ യഥാർത്ഥത്തിൽ കടുവകളാണത്. അവർ പിന്തുടരുന്ന മാനുകൾ, സിംഹങ്ങൾക്ക് മുകളിലുള്ള മംഗോളിയൻ മുഖമുള്ള സൊറോസ്ട്രിയൻ പ്രചോദിതമായ സൂര്യൻ എന്നിവയെല്ലാം ഇസ്‍ലാമിക് വാസ്തുവിദ്യയിൽ അസാധാരണമാണ്. ജീവനുള്ള മൃഗങ്ങളും മുഖത്തോടുകൂടിയ സൂര്യനുമൊക്കെ ഇസ്‍ലാമിക വിലക്കുകൾ ലംഘിക്കുന്നവയാണ്.
രജിസ്‌താൻ പോലെ മതപരമായ ഒരു സ്ഥലത്ത് മതപാഠശാലയുടെ പ്രധാനകവാടത്തിന് മുൻപിലുള്ള ഇത്തരമൊരു ചിത്രീകരണം അത്രമേൽ അസാധാരണമാണത്രെ. അതിശക്തനും ധനികനും അതോടൊപ്പം അതിമോഹിയുമായ ഒരു രാഷ്ട്രീയക്കാരൻ കൂടിയായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു. എന്നിട്ടും ഈ നിർമിതിയുണ്ടാക്കിയ വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മറ്റൊരു പള്ളിയോടുകൂടിയ മദ്രസ നിർമിക്കേണ്ടി വന്നു അദ്ദേഹത്തിന്. അതാണ് ചത്വരത്തിലെ മൂന്നാമത്തെ മദ്രസയായ തില്ല്യ-കാരി മദ്രസ.
ഷെർദോർ മദ്രസയുടെ മുറ്റവും കരകൗശല കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അക്കാലത്തെ ഏറ്റവും പുതിയ വാസ്തുവിദ്യാ കണ്ടുപിടുത്തങ്ങൾ കെട്ടിടനിർമാണ സമയത്ത് ഉപയോഗിച്ചിരുന്നു. ഈ കെട്ടിടം സമർഖണ്ഡിലെ ഏറ്റവും മനോഹരമായ വാസ്തുവിദ്യാ സ്മാരകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. പരമ്പരാഗത ‘കോഷ്’ കോമ്പോസിഷൻ രീതിയിലാണ് (പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട് കെട്ടിടങ്ങൾ) ഉലുഗ്ബെക് മദ്രസയുടെ എതിർവശത്തായി ഷേർ- ദോർ മദ്രസ രൂപകൽപ്പന ചെയ്യുന്നത്.
പട്ടുപാതയിലെ യാത്രക്കാർക്കുള്ള വഴിയോര സത്രം (കാരവൻസറെ) നിലനിന്നിരുന്നിടത്താണ് പിന്നീട് തില്ല്യ-കാരി മദ്രസ (1646-1660) സ്ഥാപിക്കുന്നത്. ഇതൂകൂടി നിർമിക്കപ്പെട്ടതോടെ രജിസ്ഥാൻ വാസ്തുവിദ്യാസംഘം പൂർത്തിയായി. മസ്ജിദിനുള്ളിൽ പഴയ സമർഖണ്ഡിന്റെ കറുപ്പിലും വെളുപ്പിലുമുള്ള ഫോട്ടോകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 75x75 മീറ്റർ വിസ്തീർണ്ണമുള്ള ചതുരാകൃതിയിലുളള ഒരു കെട്ടിടമാണിത്. തില്ല്യ- കാരി എന്ന വാക്കിനർഥം ‘സ്വർണം പൊതിഞ്ഞത്’ എന്നാണ്. മദ്രസയുടെ ചുവരുകളും നിലവറകളും സ്വർണം പൂശിയതും പരമ്പരാഗത പെയിന്റിംഗുകളും മൊസൈക്കുകളും കൊണ്ട് അലങ്കരിച്ചതുമാണ്. മദ്രസയോടൊപ്പം മസ്ജിദ് കൂടിയുള്ള ഒരു സംയോജിത മസ്ജിദ്- മദ്രസ സമുച്ചയമാണിത്.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നാദിർഷായുടെ സൈന്യം തില്ല്യ കാരി മദ്രസയുടെ താഴികക്കുടം നശിപ്പിച്ചിരുന്നു. സോവിയറ്റ് കാലത്ത് പുനർനിർമിച്ചതാണ് ഇന്നത്തെ താഴികക്കുടം. ടില്യ-കോരി മദ്രസയിലെ പ്രാർത്ഥനാ ഹാൾ ഏറെ പ്രശസ്തമാണ്. സ്വർണ ഇലയും നീല പെയിന്റും സങ്കീർണമായ പാറ്റേണുകളും ഡിസൈനുകളും സ്വർണം പൂശിയ മിഹ്‌റാബും (പ്രാർത്ഥനയുടെ ഇടം) ചായം പൂശിയ താഴികക്കുടവും ഒക്കെ ചേർന്ന ഈ മുറി തിമൂറിദ് കാലഘട്ടത്തിലെ കലാവൈഭവത്തിന്റെ തെളിവായി കണക്കാക്കപ്പെടുന്നു.
മൂന്ന് മദ്രസകളും കണ്ടശേഷം ഞങ്ങൾ നടുവിലെ ചത്വരത്തിലേക്കിറങ്ങി. അവിടെ നിന്ന് ഓരോ മദ്രസയും നോക്കികണ്ടു, ചിത്രങ്ങളെടുത്തു. ഓരോ മദ്രസയുടേയും വാസ്തുമാതൃകയും അതിന്റെ പ്രത്യേകതകളും അലങ്കാരങ്ങളും വിശദമായി കണ്ടു തീർക്കാൻ ദിവസങ്ങൾ വേണ്ടി വന്നു. ഞങ്ങൾക്കിനി തിമൂറിന്റെ ജന്മസ്ഥലമായ സഹ്രിസബ്‍സിലേക്ക് പോകേണ്ടതുണ്ട്. തിരിച്ച് ഹോട്ടൽ മൊഹിനയിലെത്തി ചെക്കൗട്ട് ചെയ്യുന്ന മുറക്ക് തലേന്ന് ഞങ്ങളെ സഹ്രിസബ്‍സിലേക്ക് കൊണ്ടുപോകാം എന്ന് സമ്മതിച്ച ഡ്രെെവറെ വിളിക്കണം.
(തുടരും)