ഉസ്ബെക്കിസ്ഥാൻ യാത്ര:
താഷ്‌കെന്റിലെ ആദ്യരാത്രി

‘2500 വർഷത്തോളം പഴക്കമുള്ള ഒരു നഗരത്തിലാണെങ്കിലും അതിന്റെ അടയാളങ്ങളൊന്നും വെളിപ്പെടാത്ത ഒരു നഗരഭാഗത്താണ് ഞങ്ങളുടെ മുറി എന്ന ചിന്ത മനസ്സിനെ അലട്ടി.’- കെ.എസ്. പ്രമോദ് എഴുതുന്ന ഉസ്ബെക്കിസ്ഥാൻ യാത്ര തുടങ്ങുന്നു.

ഭാഗം ഒന്ന്

ടൈം കീപ്പർ ലൗഞ്ച് എന്ന് പേരുള്ള താഷ്കെന്റ് നഗരത്തിലെ ഒരു ഹുക്ക ബാറിന്റെ പുറത്തളത്തിലിട്ട ഇരിപ്പിടങ്ങളിൽ ബർഗറും കഴിച്ച് പിറ്റേന്നത്തെ യാത്രാപരിപാടികളെക്കുറിച്ചുള്ള ആലോചനകളിലാണ് ഇബ്രാഹിമും ഞാനും. പിറ്റേന്നത്തെ എന്ന് പറയാനാകില്ല, പാതിരാവ് പിന്നിട്ടിരിക്കുന്നു, പുലരുവാൻ ഇനി ഏറെയില്ല. ഉസ്ബെക്കിൽ ഇത് വേനലിന്റെ തുടക്കമാണെങ്കിലും രാത്രി ചെറിയ തണുപ്പുണ്ട്.

കൊറിയൻ സഹകരണത്തോടെയുള്ള റിയൽ എസ്റ്റേറ്റ് സംരംഭമായ സിയോൾമുൻ പദ്ധതിയുടെ ഭാഗമായ കെട്ടിടസമുച്ചയത്തിലൊന്നിലാണ് ടൈം കീപ്പർ ലൗഞ്ച് പ്രവർത്തിക്കുന്നത്. താഴെ നല്ല ഒഴുക്കുള്ള കനാലാണ്. നടപ്പാലങ്ങളാൽ ബന്ധിക്കപ്പെടുന്ന അതിന്റെ ഇരുകരകളിലായി ലോകോത്തര ബ്രാൻഡുകൾ വിൽക്കുന്ന കടകളും ഭോജനശാലകളും അപ്പാർട്ടുമെന്റുകളുമൊക്കെയായി വലിയൊരു പദ്ധതിയായാണ് സിയോൾമുൻ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി എന്താണെന്ന് വിശദീകരിക്കുന്ന, പൂർത്തിയായാൽ എങ്ങനെയിരിക്കും എന്നുകാണിക്കുന്ന ചിത്രമടങ്ങിയ വലിയൊരു ഹോർഡിങ്ങ് വഴിയോരത്ത് കണ്ടിരുന്നു. പണി പൂർത്തിയാകുന്നതോടെ താഷ്‌കെന്റിന്റെ പൂർവ്വഭാരങ്ങളൊന്നുമില്ലാത്ത ആർഭാടപൂർണമായ ഒരു കച്ചവടകേന്ദ്രമായി ഇവിടം മാറും. ആ വൈകിയ രാത്രിയിലും സിയോൾമുനിൽ ചിലയിടത്ത് പണി നടക്കുന്നുണ്ട്. റോഡിന് മറുവശത്ത് ഞങ്ങൾ തങ്ങുന്ന ആർട്ട് റീജൻസി ഹോട്ടൽ വെളിച്ചത്തിന്റെ ചമയങ്ങളിൽ മുങ്ങിനിൽപ്പുണ്ട്.

കെ.എസ്. പ്രമോദും സഹയാത്രികൻ ഇബ്രാഹിമും

താഷ്‌കെന്റിലെ ആദ്യരാത്രിയാണിത്.
രാത്രി പത്ത് മണിയോടെയാണ് ഞങ്ങൾ അബുദാബിയിൽ നിന്നുള്ള വിസ് എയറിന്റെ A 321 വിമാനത്തിൽ താഷ്‌കെന്റിൽ വന്നിറങ്ങിയത്. വിസ് എയറിലാണ് യാത്ര എന്ന് പറഞ്ഞപ്പോൾ പാപ്പന്റെ മകളും ദുബായിൽ ഡോക്ടറുമായ വിദ്യേച്ചി പറഞ്ഞത്, വിസ് എയർ രണ്ടു തവണ പണി തന്നിട്ടുണ്ടെന്നും അവസാനനിമിഷം വിമാനം റദ്ദാക്കലും ഒരു പാട് വൈകിപ്പറക്കലും വിസ് എയറിൽ സാധാരണമാണെന്നുമായിരുന്നു. വിസ് എയർ യാത്രകളുടെ അനിശ്ചിതത്വത്തെക്കുറിച്ച് എനിക്കും ബോധ്യമുണ്ടായിരുന്നെങ്കിലും വളരെ കുറച്ച് നിരക്കിൽ ലഭിച്ച ടിക്കറ്റായതുകൊണ്ടുതന്നെ എന്തും നേരിടാൻ തയ്യാറായിരുന്നു. പക്ഷെ, നിരവധി തവണ വിസ് എയറിൽ യാത്ര ചെയ്തിട്ടുള്ള സഹപ്രവർത്തകനും സഹയാത്രികനായ ഇബ്രാഹിം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.

താഷ്‌കെന്റ് വിസ് എയറിന്റെ പുതിയ ഡെസ്റ്റിനേഷനാണെന്നും വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കായതുകൊണ്ടും വാരാന്ത്യത്തോടടുത്ത ദിവസമായതുകൊണ്ടും വിമാനത്തിൽ നിറയെ ആളുണ്ടാകുമെന്നും സമയത്തുതന്നെ പുറപ്പെടുമെന്നും ഇബ്രു ഉറപ്പിച്ചു പറഞ്ഞു. ഹംഗറിയിലെ ബുഡാപെസ്റ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനി പലപ്പോഴും അതിന്റെ അത്രമേൽ കുറഞ്ഞ ടിക്കറ്റ് നിരക്കുകൊണ്ട് അതിശയിപ്പിക്കാറുണ്ട്. 185 ദിർഹത്തിനായിരുന്നു അബുദാബി- താഷ്‌കെന്റ് ടിക്കറ്റ് ഞങ്ങൾക്ക് ലഭ്യമായത്. 2004 മെയ് മാസത്തിൽ ആദ്യ പറക്കൽ നടത്തിയ വിസ് എയർ ഇന്ന് 54 രാജ്യങ്ങളിലെ 194 വിമാനത്താവളങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. യൂറോപ്പ്, വടക്കേ ആഫ്രിക്ക, മിഡിലീസ്റ്റ്, ദക്ഷിണേഷ്യ എന്നിവയാണ് വിസ് എയറിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ.

ഹംഗറിയിലെ ബുഡാപെസ്റ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന വിസ് എയർ പലപ്പോഴും അതിന്റെ അത്രമേൽ കുറഞ്ഞ ടിക്കറ്റ് നിരക്കുകൊണ്ട് അതിശയിപ്പിക്കാറുണ്ട്.

യു.എ.ഇയിലെ വേദിക് യോഗ എന്ന യോഗ മെഡിറ്റേഷൻ സ്ഥാപനങ്ങളുടെ ഉടമയും ഗ്രന്ഥകർത്താവുമായ വിൻസെന്റ് സുയോഗിന്റെ ബർദുബായിലെ ഫ്ലാറ്റിലാണ് ജോലിസംബന്ധമായി ആറ് മാസത്തിലൊരിക്കൽ ദുബായിലെത്തുമ്പോൾ തങ്ങാറ്. അവിടത്തെ ബുർജുമാൻ മെട്രോ സ്റ്റേഷനിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഇബൻബത്തൂത്ത വരെ മെട്രോയിൽ അവിടെ കാത്തുനിൽപ്പുണ്ടായിരുന്ന ഇബ്രാഹിമിനൊപ്പം അബുദാബി വിമാനത്താവളത്തിലേക്ക് ഷട്ടിൽ സർവ്വീസ് നടത്തുന്ന ബസിൽ. അബുദാബി വിമാനത്താവളത്തിൽ ആദ്യമായാണ്. വലിപ്പവും മികച്ച സൗകര്യങ്ങളുമുണ്ടെങ്കിലും ദുബായ് വിമാനത്താവളവുമായി താരതമ്യം ചെയ്യുമ്പോൾ അത്ര പളപളപ്പോ പൊലിമയോ അബുദാബി വിമാനത്താവളത്തിനുള്ളതായി തോന്നിയില്ല. പറഞ്ഞതിലും 20 മിനിറ്റ് വൈകി 5.40 ന് അബുദാബിയിൽനിന്ന് വിമാനം ഉയർന്നുപൊങ്ങി. താഷ്‌കെന്റ് സമയം 9.55 നാണ് ലാൻഡിങ്ങ് പറഞ്ഞിരുന്നത്. കൃത്യസമയത്തു തന്നെ വിമാനം ഉസ്‌ബെക്ക് മണ്ണിൽ തൊട്ടു. ലാൻഡിങ്ങ് കഴിഞ്ഞപ്പോൾ യാത്രക്കാരൊന്നടക്കം കൈയ്യടിച്ച് നന്ദിയറിയിച്ചു.

യു.എ.ഇ റസിഡന്റായ ഇന്ത്യക്കാർക്ക് ഉസ്‌ബെക്കിൽ സന്ദർശകവിസ ഇല്ലാതെ തന്നെ ഒരു മാസം തങ്ങാം. പാസ്‌പോർട്ടിൽ എൻട്രി സ്റ്റാമ്പ് മാത്രം പതിക്കും.

ഉസ്‌ബെക്കിലേക്കുള്ള വിമാനത്തിൽ 4-5 ഇന്ത്യൻ മുഖങ്ങൾ കണ്ടതൊഴിച്ചാൽ മറ്റെല്ലാം ഉസ്‌ബെക്കുകാരായിരുന്നു. എമിഗ്രേഷൻ കൗണ്ടറിന് മുൻപിലെ നീണ്ട വരികളിൽ പക്ഷെ പല ദേശങ്ങളിൽ നിന്നുള്ള മുഖങ്ങൾ കാണുന്നുണ്ട്. പാസ്‌പോർട്ടിലെ യു.എ.ഇ വിസയും മടക്കടിക്കറ്റും ഹോട്ടൽ ബുക്കിങ്ങ് രേഖകളും നോക്കി എന്നതല്ലാതെ മറ്റ് ചോദ്യങ്ങളൊന്നും എമിഗ്രേഷൻ ഓഫീസറിൽ നിന്നുണ്ടായില്ല. പുഞ്ചിരിയുടെ ഒരു തരി പോലും മുഖത്തില്ലാത്ത ഗൗരവക്കാരനായ യൂണിഫോം ധാരിയാണ് കൗണ്ടറിലിരുന്നത്. അതിർത്തി രക്ഷാസേനക്കാണ് ഉസ്‌ബെക്ക് എമിഗ്രേഷന്റെ ചുമതല. യു.എ.ഇ റസിഡന്റായ ഇന്ത്യക്കാർക്ക് ഉസ്‌ബെക്കിൽ സന്ദർശകവിസ ഇല്ലാതെ തന്നെ ഒരു മാസം തങ്ങാം. പാസ്‌പോർട്ടിൽ എൻട്രി സ്റ്റാമ്പ് മാത്രം പതിക്കും.

എമിഗ്രേഷൻ കടമ്പ കടന്ന് പുറത്തിറങ്ങിയതോടെയാണ് ഭാഷാപ്രശ്‌നം ഞങ്ങളറിഞ്ഞത്. ഇംഗ്ലീഷ് അറിയുന്നവർ വളരെ കുറവാണ്. രണ്ടു ദിവസം ഞങ്ങൾ താഷ്‌കെന്റിൽ താമസിക്കുന്ന ആർട്ട് റീജൻസി ഹോട്ടലിൽ നിന്നുള്ള വണ്ടി ഞങ്ങളെ കൊണ്ടുപോകാനെത്തിയിട്ടില്ല. ഹോട്ടലിലേക്ക് വിളിച്ചപ്പോൾ ആദ്യം ഫോണെടുത്തെങ്കിലും ഉസ്‌ബെക്ക് ഭാഷയിലായിരുന്നു മറുപടി. പിന്നീട് വിളിച്ചപ്പോഴാകട്ടെ ഫോണെടുക്കുന്നുമില്ല. ഒടുവിൽ എയർപോർട്ടിലെ പ്രീ- പെയ്ഡ് ടാക്‌സികളുടെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥൻ ഞങ്ങളെ ഒരു ടാക്‌സിയിൽ കയറ്റി ഹോട്ടലിലേക്ക് വിട്ടു. വിശാലമായ നഗരവീഥികളിൽ വാഹനങ്ങളൊഴിഞ്ഞു തുടങ്ങിയിരുന്നു. പത്തുപതിനഞ്ച് മിനിറ്റോളം യാത്ര ചെയ്ത് ഹോട്ടലിലെത്തി. അവിടെ എത്തിയതോടെ ടാക്‌സി ചാർജ്ജ് ഞങ്ങൾ കൊടുക്കണമെന്നായി ഹോട്ടൽ റിസപ്ഷനിലെ ചെറുപ്പക്കാരൻ. എയർപോർട്ട് പിക്കപ്പ് വേണമെങ്കിൽ മുൻകൂട്ടി അറിയിക്കണമായിരുന്നു എന്നയാൾ ലളിതമായ ഇംഗ്ലീഷിൽ സൗമ്യമായി പറഞ്ഞു. എന്നാൽ ഇബ്രുവിന്റെ ഫോണിൽ നിന്ന് നിരവധി തവണ ഹോട്ടലിലേക്ക് വിളിച്ചതിന്റെ കോൾ ഹിസ്റ്ററി കാണിച്ചുകൊടുത്തതോടെ അയാൾ നിശ്ശബ്ദനായി. പുതിയ ഹോട്ടലാണ്. വൃത്തിയും സൗകര്യവുമുള്ള വലുതല്ലാത്ത മുറി. കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി. രാത്രി വൈകിയതുകൊണ്ട് സമീപത്തുള്ള റെസ്റ്റോറന്റുകളൊക്കെ അടച്ചിരിക്കുന്നു. അങ്ങനെയാണ് ഹോട്ടലിന് നേരെ എതിർവശത്തുതന്നെയുളള ഈ ഹുക്ക പാർലറിലേക്ക് ഞങ്ങളെത്തിയത്.

രണ്ടുദിവസം ഞങ്ങൾ താഷ്‌കെന്റിൽ താമസിച്ച ആർട്ട് റീജൻസി ഹോട്ടൽ

ആളും വാഹനങ്ങളുമൊഴിഞ്ഞ് നഗരവീഥികളിലൊക്കെ വിജനമായിട്ടുണ്ടായിരുന്നെങ്കിലും അപ്പോഴും സജീവമായിരുന്നു ഇവിടം. അകത്തും പുറത്തുമുള്ള ഇരിപ്പിടങ്ങൾ ഏതാണ്ടെല്ലാം നിറഞ്ഞുകിടന്നു. ഉച്ചത്തിലല്ലാത്ത പടിഞ്ഞാറൻ സംഗീതശ്രുതികൾ അലയടിക്കുന്നുണ്ട്. പുറത്തെ ഒരു ഇരിപ്പിടത്തിലേക്ക് പ്രസന്നനായ വെയിറ്റർ ഞങ്ങളെ ക്ഷണിച്ചു. യുവതീയുവാക്കളും മധ്യവയസ്സിനോടടുത്തവരുമാണ് ആ ഹുക്കകടയിലുള്ളത്. അവരിൽ പലരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ സൗഹൃദഭാവത്തിലൊരു പുഞ്ചിരി ഒരു മുഖങ്ങളിലുമില്ല. അങ്ങനെയല്ല പക്ഷെ മധ്യേഷ്യൻ രാജ്യങ്ങളെപ്പറ്റി കേട്ടിട്ടുള്ളത്. ഒരുപക്ഷെ ഭാഷയുടെ പരിമിതി കൊണ്ടും നഗരസ്വാഭാവം കൊണ്ടുമായിരിക്കും അതെന്ന് ഞങ്ങൾ സമാധാനിച്ചു. പുതിയതായി വികസിച്ചുവരുന്ന ഒരു നഗരഭാഗമാണിത്. അതിന്റെ ഭാഗമായുള്ളതാണ് സിയോൾമുൻ പ്രൊജക്ടും.

രണ്ടു പകൽ താഷ് കെന്റും പരിസരവും കണ്ട് ബുഹാരയിലേക്ക്. അവിടെ രണ്ടു ദിവസം ചെലവിട്ട് സമർഖണ്ഡിലേക്ക്. അവിടെനിന്ന് തിരിച്ച് വിസ് എയറിൽ തന്നെ അബുദാബി. അതാണ് യാത്രാപദ്ധതി.

1966- ലെ ഭൂകമ്പത്തിലൂടെയാണ് താഷ്‌കെന്റിന് അതിന്റെ അതിപൗരാണികമായ മധ്യേഷ്യൻ മുഖച്ഛായ നഷ്ടമായത്. പിന്നിടത് ഉപയുക്തതക്ക് പ്രാധാന്യം നൽകി​ക്കൊണ്ടുള്ള സോവിയറ്റ് ആർക്കിടെക്ച്ചറിന്റെ പരീക്ഷണസ്ഥലമായി മാറി. സോവിയറ്റ് കാലത്തിനുശേഷം താഷ്‌കെന്റിൽ പലയിടത്തും ക്ലാസിക്കൽ യൂറോപ്യൻ വാസ്തു മാതൃകകൾ പരീക്ഷിക്കപ്പെട്ടെങ്കിലും ഈ നഗരഭാഗത്ത് ധാരാളമായി കാണുന്നത് ഇരുമ്പുചട്ടകൂടും ചില്ലുചുമരുകളും ഗ്ലേസഡ് ടൈലുകളും ഒക്കെ ചേർന്നുള്ള ആധുനിക വാസ്തു മാതൃകയാണെന്ന് തോന്നി. രണ്ടു പകൽ താഷ് കെന്റും പരിസരവും കണ്ട് ബുഹാരയിലേക്ക്. അവിടെ രണ്ടുദിവസം ചെലവിട്ട് സമർഖണ്ഡിലേക്ക്. അവിടെനിന്ന് തിരിച്ച് വിസ് എയറിൽ തന്നെ അബുദാബി. അതാണ് യാത്രാപദ്ധതി.

കാണേണ്ട സ്ഥലങ്ങളെക്കുറിച്ച് ഒരു ഏകദേശ രൂപം മുൻപേ ഉണ്ടാക്കിയിട്ടുണ്ട്. താഷ്‌കെന്റിൽ രണ്ടു ദിവസത്തേക്ക് കാറ് റെന്റിനെടുക്കാമെന്നാണ് ഇബ്രു പറയുന്നത്. മൂപ്പർക്ക് ഇന്റർനാഷണൽ ഡ്രൈവിങ്ങ് ലൈസൻസുണ്ട്. പിന്നെ ബുള്ളറ്റ് ട്രെയിനിൽ ബുഹാരയിലേക്ക്. അവിടെനിന്ന് സമർഖണ്ഡിലേക്ക് ബസ് പിടിക്കാം. പ്രാദേശിക ഉസ്‌ബെക്ക് രുചികൾ പരീക്ഷിക്കുവാനുള്ള അവസരമില്ലെങ്കിലും വിശപ്പടക്കാനുള്ള ആവശ്യം വേണ്ട ഫാസ്റ്റ്ഫുഡ് വിഭവങ്ങൾ ടൈം കീപ്പറിൽ ലഭ്യമായിരുന്നു.

എത്രമാത്രം ചരിത്രസംഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളതാണ് ഈ നഗരം. പട്ടുപാതയിലെ എത്രയോ വർത്തകസംഘങ്ങൾക്ക് ഇടത്താവളമാക്കിയിട്ടുണ്ട് ഇവിടെ.

ചുറ്റുപാടുമുള്ള മേശകളിലെ ഉസ്‌ബെക്ക് മുഖങ്ങളൊഴിച്ചുനിർത്തിയാൽ ആ പരിസരം ദുബായ് ഡൗൺ ടൗണിലെ ഒരു കോഫി ഷോപ്പിൽ നിന്ന് ഒട്ടും വ്യത്യസ്തമായി തോന്നിയില്ല. ആ മഹാനഗരത്തെക്കുറിച്ചുള്ള അനുമാനങ്ങളെയൊക്കെ നിരാകരിക്കുന്ന ഒരിടമായിരുന്നു അത്. 2500 വർഷത്തോളം പഴക്കമുള്ള ഒരു നഗരത്തിലാണെങ്കിലും അതിന്റെ അടയാളങ്ങളൊന്നും വെളിപ്പെടാത്ത ഒരു നഗരഭാഗത്താണ് ഞങ്ങളുടെ മുറി എന്ന ചിന്ത മനസ്സിനെ അലട്ടി.

ബി.സി അഞ്ചാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലാണ് താഷ്‌കെന്റ് ഒരു ജനവാസകേന്ദ്രമായി വളർന്നുവരുന്നത്. ചാച്ച് എന്നായിരുന്നത്രെ നഗരത്തിന്റെ ആദ്യനാമം. എ.ഡി. 626-ൽ ബുദ്ധസന്യാസിയായ പ്രഭാകരമിത്രൻ ശിഷ്യൻമാരോടൊപ്പം ഇന്ത്യയിൽ നിന്ന് ഇവിടേക്കെത്തുന്നുണ്ട്. 628-ൽ ചൈനീസ് ബുദ്ധ സന്യാസി ഹുയാൻ സാങും ഇവിടെ സന്ദർശിക്കുന്നുണ്ട്. എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അറബികൾ താഷ്‌കെന്റ് കീഴടക്കുന്നതും, ഇസ്‍ലാം താഷ്‌കെന്റിലേക്ക് കടന്നുവരുന്നതും. അറബികളാണ് നഗരത്തിന് ബിങ്കത്ത് എന്ന പേര് നൽകുന്നത്. എങ്കിലും മൊത്തത്തിൽ ഈ പ്രദേശം ചാച്ച് എന്ന പേരിൽ തന്നെ തുടർന്നും അറിയപ്പെട്ടു. 11-ാം നൂറ്റാണ്ടിനുശേഷം പഴയ പേരായ ചാച്ചിനോടൊപ്പം കണ്ട് എന്ന പേരും കൂടി ചേർന്ന് നഗരം ചച്ച്കണ്ട് /ചഷ്‌കണ്ഡ് എന്നറിയപ്പെടാൻ തുടങ്ങി. കാൻഡ്, ഖാൻഡ് ഖണ്ഡ് എന്നി വാക്കുകളുടെയെല്ലാം അർത്ഥം നഗരം എന്നാണ്. ചഷ്‌കണ്ഡിൽ നിന്ന് പിന്നീടത് താഷ്‌കണ്ഡായി മാറി. റഷ്യൻ അധിനിവേശ കാലത്താണ് അത് പിന്നീട് താഷ്‌കെന്റായി മാറുന്നത്.

1219-ൽ ചെങ്കിസ് ഖാൻ ഈ നഗരം ആക്രമിച്ച് നശിപ്പിക്കുന്നുണ്ട്. നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും അന്ന് കൂട്ടക്കൊലക്കിരയായി. പിന്നീട് തിമൂറാണ് ഈ നഗരം പുനഃസ്ഥാപിക്കുന്നത്. ഒരു തന്ത്രപ്രധാന കേന്ദ്രമായി തിമൂർ ഈ നഗരത്തെ കണ്ടു. തിമൂറിഡ് കാലത്തും തുടർന്നുവന്ന ഷൈബാനിദ് കാലത്തും ഈ നഗരം സിൽക്ക് റൂട്ടിലെ ഒരു പ്രധാന താവളം എന്ന അതിന്റെ പഴയ പ്രതാപം വീണ്ടെടുത്തു. വാണിജ്യത്തിന്റെയും വിജ്ഞാനത്തിന്റെയും സംസ്‌ക്കാരത്തിന്റെയുമൊക്കെ കളിത്തൊട്ടിലായി ഇവിടം മാറി. ഷൈബാനിദ് കാലഘട്ടത്തിനുശേഷം കസാഖ് ഖാനേറ്റും തുടർന്ന് പ്രാദേശിക ഭരണാധികാരികളും താഷ്‌കെന്റ് ഭരിച്ചു. 1865-ൽ റഷ്യൻ കടന്നുകയറ്റമുണ്ടാകുകയും താഷ്‌കെന്റ് റഷ്യൻ നിയന്ത്രണത്തിൻ കീഴിലാകുകയും ചെയ്തു.

ഹുക്ക ബാറിലേക്ക് കയറാൻ തയ്യാറെടുക്കുന്ന രണ്ട് മധ്യവയസ്‌ക്കർ പ്രകടമായ സൗഹൃദഭാവത്തോടെ ഞങ്ങൾക്കരികിലേക്ക് വന്ന് എന്തോ ചേദിച്ചു. ഇന്ത്യ എന്ന് പറഞ്ഞ് കൈകൊടുത്ത് ഞങ്ങൾ പിരിഞ്ഞു.

മധ്യേഷ്യയിൽ അതിനകം തന്നെ സാമ്രാജത്വ താൽപര്യങ്ങളുണ്ടായിരുന്ന ബ്രിട്ടനും റഷ്യയും തമ്മിലുള്ള മത്സരങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി ഈ നഗരം മാറി. റഷ്യൻ വിപ്ലവത്തെ തുടർന്ന് റഷ്യൻ സാമ്രാജ്യം തകർന്നതോടെ താൽക്കാലിക റഷ്യൻ ഗവർമെന്റിന് കീഴിലായി ഈ പ്രദേശം. അതേസമയം മുസ്‍ലിം നേതാക്കൾ പഴയ നഗരം ആസ്ഥാനമാക്കി താഷ്‌കന്റ് മുസ്‍ലിം കൗൺസിൽ (താഷ്‌കണ്ട് ശൂറാ-യി-ഇസ്‍ലാമിയ) സ്ഥാപിച്ചു. 1917 ഏപ്രിൽ 16- 20 തീയതികളിൽ താഷ്‌കന്റിൽ ആദ്യ തുർക്കിസ്ഥാൻ മുസ്‍ലിം സമ്മേളനം നടന്നു. റഷ്യ ബോൾഷെവിക് നിയന്ത്രണത്തിലാകുകയും സോവിയറ്റ് യൂണിയന് തുടക്കമാകുകയും ചെയ്തതിനെ തുടർന്ന് 1918 ഏപ്രിലിൽ, താഷ്‌കെന്റ് തുർക്കിസ്ഥാൻ സ്വയംഭരണാധികാരമുള്ള സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ (തുർക്കെസ്താൻ- ASSR) തലസ്ഥാനമായി. പിന്നീട് 1991 ഡിസംബറിൽ ഉസ്‌ബെക്കിസ്ഥാൻ ഒരു സ്വതന്ത്രരാജ്യമാകുന്നതുവരെ, സോവിയറ്റ് യൂണിയനിലെ ഒരു പ്രധാന നഗരമായിരുന്നു താഷ്‌കെന്റ്.

താഷ്‌കെന്റിൽ രണ്ടു ദിവസത്തേക്ക് കാറ് റെന്റിനെടുക്കാമെന്നാണ് ഇബ്രു പറയുന്നത്. മൂപ്പർക്ക് ഇന്റർനാഷണൽ ഡ്രൈവിങ്ങ് ലൈസൻസുണ്ട്.

എത്രമാത്രം ചരിത്രസംഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളതാണ് ഈ നഗരം. പട്ടുപാതയിലെ എത്രയോ വർത്തകസംഘങ്ങൾക്ക് ഇടത്താവളമാക്കിയിട്ടുണ്ട് ഇവിടെ. അവരിലൂടെ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ഉൽപ്പന്നങ്ങളുമായും സംസ്‌ക്കാരങ്ങളുമായും എത്രയോ കാലം മുൻപ് പരിചയപ്പെടാൻ കഴിഞ്ഞവരാണ് ഇവിടെ ജീവിച്ചിരുന്നവർ. ഓരോന്നാലോചിച്ചും പറഞ്ഞും അൽപനേരം കൂടി ആ ശീഷ പാർലറിൽ ചെലവഴിച്ച് ബിൽ തുകയും ടിപ്പും നൽകി ഞങ്ങൾ പുറത്തിറങ്ങി. പാതയോരത്ത് കാർ പാർക്ക്. ഹുക്ക ബാറിലേക്ക് കയറാൻ തയ്യാറെടുക്കുന്ന രണ്ട് മധ്യവയസ്‌ക്കർ പ്രകടമായ സൗഹൃദഭാവത്തോടെ ഞങ്ങൾക്കരികിലേക്ക് വന്ന് എന്തോ ചോദിച്ചു. ഇന്ത്യ എന്ന് പറഞ്ഞ് കൈകൊടുത്ത് ഞങ്ങൾ പിരിഞ്ഞു. പിന്നെ നിർജ്ജനമായ താഷ്‌കെന്റ് തെരുവുവീഥികളിലൂടെ കുറച്ചുനേരം വെറുതെ ചുറ്റിത്തിരിഞ്ഞു. പിന്നെ തിരികെ ഹോട്ടലിലേക്ക് മടങ്ങി. റിസപ്ഷനിലെ ചെറുപ്പക്കാരൻ താഷ്‌കെന്റ് നഗരത്തിലെ കാഴ്ച്ചകളെക്കുറിച്ച് വിശദമായി തന്നെ പറഞ്ഞുതന്നു. കുറച്ചുനേരമെങ്കിലും ഉറങ്ങണം, ഞങ്ങൾ മുറിയിലേക്കുനടന്നു.

(തുടരും)

Comments