ബോലോ ഹൗസ് മസ്ജിദ്

ചരിത്രത്തിന്റെ നിരവധി അടരുകളുള്ള ബുഖാറ

ഒരു ജൂത സിനഗോഗ്, സൊറോസ്ട്രിയൻ പാരമ്പര്യത്തിന്റെ ശേഷിപ്പുകൾ, പാതി തകർന്ന ബുദ്ധശില്പം, നെസ്തോറിയൻ ക്രിസ്തുമത അടയാളങ്ങൾ, മംഗോളിയൻ ശേഷിപ്പുകൾ, ഇസ്‍ലാമിന്റെ സുവർണകാല സ്മാരകങ്ങൾ, സാറിസ്റ്റ് കൊളോണിയൽ മുദ്രകൾ, സോവിയറ്റ് ചിഹ്നങ്ങൾ…ഈ നഗരത്തിന് നിരവധി അടരുകളുണ്ട്.

ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം: 10

ബുഖാറയിലാണ് താൻ 1001 രാവുകൾ ചിത്രീകരിക്കുക എന്ന് വിഖ്യാത ചലച്ചിത്രകാരനായിരുന്ന മൈക്കലാഞ്ചലോ അന്റോണിയോണി ഒരിക്കൽ പറഞ്ഞിരുന്നു. ഈ നഗരത്തിന്റെ പൗരാണികതയിൽ അത്രമാത്രം വശീകരിക്കപ്പെട്ടിരിക്കണം അദ്ദേഹം.

അഞ്ചു സഹസ്രാബ്ദക്കാലത്തിന്റെയെങ്കിലും ജനവാസചരിത്രമുണ്ട് ബുഖാറക്ക്. രണ്ടര സഹസ്രാബ്ദത്തിന് മുൻപുതന്നെ ഇവിടം ഒരു നഗരമായി വളരുകയും വികസിക്കുകയും ചെയ്തു. വലിയൊരു ചരിത്രപുസ്തകത്തിന്റെ പേജുകളിൽ നിന്ന് നിങ്ങൾക്കാവശ്യമുള്ള ചരിത്രം ചികഞ്ഞെടുക്കാൻ കഴിയുന്നതുപോലെ, ഈ നഗരത്തിന്റെ നിരവധിയായ അടരുകളിൽ നിന്ന് നിങ്ങൾക്കുവേണ്ട കാഴ്ച്ചകളും കണ്ടെത്താനാകും. ഒരു ജൂത സിനഗോഗ്, അല്ലെങ്കിൽ സൊറോസ്ട്രിയൻ പാരമ്പര്യത്തിന്റെ ശേഷിപ്പുകൾ, പാതി തകർന്ന ഒരു ബുദ്ധശില്പം, നെസ്തോറിയൻ ക്രിസ്തുമത അടയാളങ്ങൾ, മംഗോളിയൻ ശേഷിപ്പുകൾ, അറേബ്യൻ ലിഖിതങ്ങൾ, ഇസ്‍ലാമിന്റെ സുവർണകാല സ്മാരകങ്ങൾ, സാറിസ്റ്റ് കൊളോണിയൽ മുദ്രകൾ, സോവിയറ്റ് കാലത്തിന്റെ ചിഹ്നങ്ങൾ അങ്ങനെയങ്ങിനെ...

ബുഖാര കോട്ടയുടെ കവാടം
ബുഖാര കോട്ടയുടെ കവാടം

‘പൊയ് കല്യാൺ’ സമുച്ചയത്തിനുനടുവിലെ ചത്വരത്തിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെത്തി തുടങ്ങി. "മഹാന്റെ കാൽ" അല്ലെങ്കിൽ "കല്യാൺ മിനാരത്തിന്റെ കാൽ" എന്നൊക്കെ പൊയ് കല്യാൺ എന്ന വാക്കിനർത്ഥം കൊടുക്കാം. കല്യാൺ പള്ളി, കല്യാൺ മിനാരം, മിരി അറബ് മദ്രസ, അമീർ അലിം- ഖാൻ മദ്രസ എന്നിവയൊക്കെ ചേർന്ന പൊയ് കല്യൺ സമുച്ചയം ബുഖാര നഗരത്തിന്റെ ആത്മീയകേന്ദ്രമായാണ് അറിയപ്പെടുന്നത്. മിരി അറബ് മദ്രസയുടെ കെട്ടിടമിരിക്കുന്ന വലിയ തറയിൽ ഇരിക്കുകയായിരുന്ന എനിക്കരികിലേക്ക് കുറച്ച് ഉസ്ബെക്കുകാരെത്തി. അവർക്കൊപ്പം സെൽഫിയെടുക്കണം.

ഉസ്ബെക്കുകാർക്കൊപ്പം ഒരു സെൽഫി.
ഉസ്ബെക്കുകാർക്കൊപ്പം ഒരു സെൽഫി.

അതുകണ്ട് ചത്വരത്തിൽ ചിത്രങ്ങൾ പകർത്തുകയായിരുന്ന ഇബ്രാഹിമും വന്നു. ഒരു സംഘത്തിനൊപ്പമുള്ള സെൽഫി കഴിഞ്ഞപ്പോൾ അടുത്ത സംഘമെത്തി. കുറച്ചുനേരം അതങ്ങനെ തുടർന്നു. ചില യൂറോപ്യൻ വിനോദസഞ്ചാരികൾ കൗതുകപൂർവ്വം ഇത് വീക്ഷിക്കുന്നുണ്ട്. ഈ വിശിഷ്ട വ്യക്തികളാരാണെന്നാകും അവർ ചിന്തിക്കുന്നുണ്ടാകുക. മധ്യേഷ്യയിലെമ്പാടും ഹിന്ദിസിനിമ വഴി ഇന്ത്യക്കാർ നേടിയ സ്വീകാര്യതയുടെ പങ്കുപറ്റുകയാണ് ഞങ്ങളെന്ന് മനസ്സിലാക്കാൻ ഒരു പക്ഷെ അവർക്കായിട്ടുണ്ടാകില്ല. അധ്യയനം നടന്നുകൊണ്ടിരിക്കുന്നതുകൊണ്ടായിരിക്കണം, മിരി അറബ് മദ്രസക്കകത്തേക്ക് പ്രവേശനമനുവദിക്കുന്നുണ്ടായിരുന്നില്ല.

 മിർ-ഇ-അറബ് മദ്രസ
മിർ-ഇ-അറബ് മദ്രസ

1536-ലാണ് മിർ-ഇ-അറബ് എന്നും പേരുള്ള ഈ മദ്രസയുടെ നിർമാണം പൂർത്തിയായത്. അറബികളുടെ രാജകുമാരൻ എന്നാണ് ഇതിനർത്ഥം. 1920 വരെ, മധ്യേഷ്യയിലെ ഏറ്റവും മികച്ച മദ്രസയായി ഇത് കണക്കാക്കപ്പെട്ടിരുന്നു. ചരിത്രത്തിൽ ഏറ്റവുമധികം കാലം മദ്രസയായി തന്നെ നിലനിന്നു എന്ന ബഹുമതി കൂടിയുണ്ട് ഇതിന്. 1920-ൽ ബുഖാറ ബോൾഷെവിക്കുകൾ പിടിച്ചെടുത്തപ്പോൾ മദ്രസയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. പിന്നീട് രണ്ടാം ലോക മഹായുദ്ധാനന്തരമാണ് ഈ മദ്രസക്ക് പ്രവർത്തികാനനുമതി നൽകുന്നത്. 1946-1956, 1961-1989 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനിൽ പ്രവർത്തിച്ചിരുന്ന ഏക മദ്രസയായിരുന്നത്രെ ഇത്. ഇമാമുകൾ പഠിക്കുന്ന ഒരു സ്ഥാപനമായി ഇന്നും തുടരുന്നു ഈ മദ്രസ. ഷെയ്ബാനിദുകളുടെ ആത്മീയ പിർ (വഴികാട്ടി) ആയിരുന്ന ഷെയ്ഖ് അബ്ദുല്ല യമാനിയുടെ ബഹുമാനാർത്ഥം ഷെയ്ബാനിദ് ഭരണാധികാരിയായ ഉബൈദുല്ല ഖാൻ നിർമ്മിച്ചതാണ് ഈ മദ്രസ. യെമനിൽ നിന്നുള്ള 16ാം നൂറ്റാണ്ടിലെ നഖ്ശബന്ദി ഷെയ്ഖ് ആയിരുന്നു മിരി അറബ്.

ഇറാനുമായുള്ള നിരന്തര യുദ്ധം നടന്നിരുന്ന അക്കാലത്ത്  യുദ്ധതടവുകാരായി പിടിച്ച 3000 പേർഷ്യൻ ഷിയാ പടയാളികളെ അടിമകളാക്കി വിറ്റാണ് 15 വർഷത്തോളം നിലച്ചുപോയ ഈ മദ്രസയുടെ പണി പൂർത്തിയാക്കുന്നത്. ഷിയാക്കൾ അവിശ്വാസികളാണെന്ന് ആരോപിക്കപ്പെട്ടിരുന്നതുകൊണ്ടുതന്നെ ഒരു മതസ്ഥാപനത്തിന്റെ നിർമാണത്തിനായി ഇങ്ങനെ ധനം കണ്ടെത്തേണ്ടി വന്നതിനെ ന്യായീകരിക്കാൻ കഴിഞ്ഞു, ഉബെെദുള്ള ഖാന്. ഷെയ്ഖ് അബ്ദുല്ല യമാനിയെയും ഉബെെദുള്ള ഖാനെയും മുതിർന്ന അധ്യാപകനായ മുഖമ്മദ് കാസിമിനെയും ഈ മദ്രസയിൽ തന്നെയാണ് അടക്കം ചെയ്തിരിക്കുന്നത്.


പരമ്പരാഗത ഉസ്ബെക്ക് വാസ്തുവിദ്യയുടെ ഒരു മികച്ച ഉദാഹരണമാണ് ഈ കെട്ടിടം. ചതുരാകൃതിയിലുള്ള നടുമുറ്റം, രണ്ട് നിലകളിലായി സ്ഥിതിചെയ്യുന്ന മുറികൾ. ഹുജ്‌റ എന്നറിയപ്പെടുന്ന സെല്ലുകൾ വിദ്യാർത്ഥികൾക്കുള്ള ഡോർമിറ്ററിയായി ഇപ്പോഴും പ്രവർത്തിച്ചുവരുന്നു. ഇടത്തും വലത്തും കോണുകളിൽ രണ്ട് വലിയ താഴികക്കുടങ്ങളുള്ള ഹാളുകൾ. മധ്യഭാഗത്തെ പ്രവേശനകവാടത്തിന് വശങ്ങളിലും മുകളിലുമായി സ്ഥിതി ചെയ്യുന്ന ബാൽക്കണികൾ. അകത്തെ മുറ്റം കൊത്തിയെടുത്ത മൊസൈക്ക് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മദ്രസയുടെ മധ്യഭാഗത്ത് ഒരു ആരാധനാലം. ആത്മീയരംഗത്ത് പ്രശസ്തരായ ഒട്ടേറെ പേർ ഈ മദ്രസയിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഉസ്ബെക്കിസ്ഥാനിലെ ചീഫ് മുഫ്തിയും മുസ്‍ലിം ബോർഡ് ചെയർമാനുമായിരുന്ന ഉസ്മാൻഖാൻ അലിമോവ്, റഷ്യയിലെ മുഫ്തിസ് കൗൺസിൽ ചെയർമാൻ രവിൽ ഗെയ്നുദ്ദീൻ, അസർബൈജാനിലെ മുഫ്തി അല്ലാഷുക്കൂർ പഷാസാഡെ, കസാക്കിസ്ഥാൻ മുഫ്തി റാറ്റ്ബെക് നൈസാൻബയുലി, ചെചെൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് അഹ്മദ് ചെചെൻ കദിറോവ്, റഷ്യയുടെ സുപ്രീം മുഫ്തി താജുദ്ദീൻ തൽഗത് സഫിച്ച്, മധ്യേഷ്യയിലെ മുസ്ലീംങ്ങളുടെ ആത്മീയ ബോർഡ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് സാദിഖ് മുഹമ്മദ് യൂസഫ് തുടങ്ങിയവർ അവരിൽ ചിലരാണ്.

കല്യാൺ മോസ്ക്ക്
കല്യാൺ മോസ്ക്ക്

കല്യാൺ മോസ്ക്ക് നിർമിക്കപ്പെട്ടത് 12ാം നൂറ്റാണ്ടിൽ കരാഖാനിഡ് ഭരണാധികാരിയായ അർസ്ലാൻ ഖാന്റെ ഭരണകാലത്താണ്. ഇന്ന് ബുഖാറയിലെ പ്രധാന വെള്ളിയാഴ്ച പള്ളിയാണിത്. സമർകന്ദിലെ ബിബി ഖാനും അഫ്ഗാനിസ്ഥാനിലെ ഹെറാത്തിനും ശേഷം മധ്യേഷ്യയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പള്ളിയാണ് കല്യാൺ. ചെങ്കിസ്ഖാന്റെ സെെന്യം ഈ മസ്ജിദ് തീവെച്ച് നശിപ്പിച്ചു. 1530-കളിൽ ഉബൈദുള്ള ഖാനാണ് പിന്നീട് ഈ പള്ളി പുനർനിർമിച്ചത്. നിലവിൽ 12,000 പേർക്ക് ഒരുമിച്ച് പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിയും, ഇവിടെ. 1997-ൽ ബുഖാറ നഗരത്തിന്റെ 2500-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിഡന്റ് ഇസ്‍ലാം കരിമോവ് കല്യാൺ മസ്ജിദിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പൊയ് കല്യൺ സമുച്ചയത്തിന്റെ ഭാഗമായ അമീർ അലിം ഖാൻ മദ്രസ 1915-ലാണ് സ്ഥാപിതമായത്. ബുഖാറയുടെ അവസാന അമീറായിരുന്ന സെയ്ദ് അലിം-ഖാൻ നൽകിയ മൂലധനമുപയോഗിച്ച് നിർമിച്ചതാണിത്. 1924-ൽ എല്ലാ മത വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടിയശേഷം, മദ്രസയിൽ ഒരു ലൈബ്രറി പ്രവർത്തിച്ചുവന്നിരുന്നു.


പൊയ് കല്യാൺ നിർമിതികൾ കണ്ടതിനുശേഷം ഞങ്ങളെത്തിയത് സറാഫ് എന്നറിയപ്പെട്ടിരുന്ന പഴയ കാലത്തെ നാണയ കെെമാറ്റ കേന്ദ്രത്തിലേക്കാണ്. പട്ടുപാതയുടെ പ്രതാപകാലത്ത് ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്ന് അവരുടെ നാണയങ്ങളുമായി ബുഖാരയിലെത്തുന്ന വ്യാപാരികൾക്ക് അതിന്റെ മൂല്യം കണക്കാക്കി അവർക്കുവേണ്ട നാണയങ്ങൾ പകരം നൽകിയിരുന്നത് ഇവിടെയായിരുന്നു. ഇന്നത്തെ മണി എകസ്ചേഞ്ച് സ്ഥാപനങ്ങളുടെ തുടക്കക്കാരാണ് ഇത്തരം കേന്ദ്രങ്ങൾ. സമീപത്തു തന്നെയാണ് അന്നത്തെ വലിയൊരു ചരക്കുകെെമാറ്റ കേന്ദ്രമായ ടോക്കി-സർഗറോൺ ട്രേഡിംഗ് ഡോം.

ബുഖാറയിലെ ഇൻഡോർ ബസാറുകളിലൊന്ന്
ബുഖാറയിലെ ഇൻഡോർ ബസാറുകളിലൊന്ന്

ബുഖാറയിലെ അതിപ്രധാനമായ മറ്റൊരു കാഴ്ച്ചയാണ് പട്ടുപാത കാലത്തെ താഴികകുടങ്ങളോടു കൂടിയ ഈ വലിയ ഇൻഡോർ ബസാറുകൾ. സ്വർണപ്പണിയുമായി ബന്ധപ്പെട്ട സർഗർ എന്ന വാക്കിൽ നിന്നാണ് സർഗറോൺ വരുന്നത്. ആഭരണങ്ങളായിരുന്നു ഈ ട്രേഡിംഗ് ഡോമിലെ പ്രധാന വിൽപ്പനവസ്തു. ഇന്നിവിടെ ആഭരണങ്ങൾക്കൊപ്പം പരവതാനികളും തുണിത്തരങ്ങളും കരകൗശലവസ്തുക്കളും പിഞ്ഞാണപാത്രങ്ങളും കത്തികളും സംഗീതോപകരണങ്ങളും ശിരോവസ്ത്രങ്ങളും മറ്റു സുവനീറുകളുമൊക്കെയാണ് വിൽക്കുന്നത്. നിലവിൽ 16-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഇത്തരത്തിൽപ്പെട്ട നാല് പ്രധാന വാണിജ്യ കേന്ദ്രങ്ങളാണ് ഇന്ന് ബുഖാറയിലുള്ളത്. ടിം അബ്ദുല്ല ഖാൻ ആർക്കേഡ്, ടോക്കി ടെൽപാക്ക് ഫുരുഷോൺ, ടോക്കി സാരോഫോൺ തുടങ്ങിയവയാണ് മറ്റ് മൂന്ന് വ്യാപാര താഴികക്കുടങ്ങൾ. ടോക്ക്" എന്ന വാക്കിനർത്ഥം കമാനം, താഴികക്കുടം എന്നൊക്കെയാണ്

1712-ൽ നിർമിച്ച ബോലോ ഹൗസ് മസ്ജിദിലേക്കാണ് പിന്നീട് ഞങ്ങളെത്തിയത്. മസ്ജിദിന്റെ ഏറ്റവും ആകർഷണീയമായ സവിശേഷത, മുൻവശത്തെ പ്രവേശനകവാടത്തിൽ നിലകൊള്ളുന്ന ഉയരമുള്ള, സങ്കീർണമായ കൊത്തുപണികളുള്ള 20 തൂണുകളാണ്. വേനൽകാലത്തെ ആരാധനക്കായി പിന്നീട് ഈ ഭാഗം കൂട്ടി ചേർക്കുകയായിരുന്നു. ഒരു ഭാഗം തുറന്നിരിക്കുന്ന ചതുരാകൃതിയിലുള്ള ഇത്തരം ഹാളുകളെ പേർഷ്യൻ ഭാഷയിൽ ഇവാൻ എന്നാണ് പറയുക. ഈ പള്ളിസമുച്ചയത്തിൽ ഒരു ചെറിയ കുളം ഉൾപ്പെടുന്നു. ആ കുളത്തിൽ ഈ ഇരുപത് തൂണുകൾ പ്രതിഫലിക്കുന്നതുകൊണ്ട് 40 തൂണുകളുള്ള പള്ളി എന്നും ബോലോ ഹൗസ് മസ്ജിദ് അറിയപ്പെടുന്നു. കുളം ജലസംഭരണിയായും മതപരമായ ആവശ്യങ്ങൾക്ക് വേണ്ടിയും ഉപയോഗിക്കപ്പെട്ടു. 18-ാം നൂറ്റാണ്ടിലെ മധ്യേഷ്യൻ ശൈലിയിലുള്ള ഈ കെട്ടിടം ആധുനിക യുഗത്തിന് മുമ്പ് നിർമ്മിച്ച ബുഖാറയിലെ അവസാന നിർമിതികളിലൊന്നാണ്.

ബുഖാറ കോട്ട
ബുഖാറ കോട്ട


അടുത്ത ലക്ഷ്യസ്ഥാനം Ark of Bukhara എന്നറിയപ്പെടുന്ന ബുഖാര കോട്ടയാണ്. ബുഖാറയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി 3.96 ഹെക്ടർ (9.8 ഏക്കർ) സ്ഥലത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടമതിൽ ദൂരെ നിന്നേ കാണാം. 20 മീറ്ററോളം ഉയരമുള്ള കോട്ടഭിത്തിയുടെ ചില ഭാഗങ്ങൾ തകർന്നുകിടക്കുകയാണ്. ബി.സി 4 നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു നിർമിതി ഈ കോട്ടയുടെ സ്ഥാനത്തുണ്ടായിരുന്നതായി പുരാവസ്തുശാസ്‌ത്രജ്ഞർ രേഖപ്പെടുത്തിയിട്ടുണ്ട്. A.D. അഞ്ചാം നൂറ്റാണ്ടിലാണ് കോട്ട ഇന്ന് കാണുന്ന രൂപത്തിൽ നിർമിക്കപ്പെടുന്നത്. ചരിത്രത്തിൽ ഒട്ടനവധി തവണ നശിപ്പിക്കപ്പെടുകയും പുനർനിർമിക്കുകയും ചെയ്ത ഒരു ദുർഗമാണിത്. കൊട്ടാരം, ഭരണകാര്യാലയങ്ങൾ, പട്ടാളതാവളം, സൊരാഷ്ട്രിയൻ അഗ്നിക്ഷേത്രം എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു ആദ്യത്തെ കോട്ട.

AD. 713 കോട്ട ആക്രമിച്ച അറബികൾ ക്ഷേത്രം തകർത്ത് അതിനുമുകളിൽ തങ്ങളുടെ അധികാരവും ശക്തിയും ഉറപ്പിക്കുന്നതിന്റെ ഭാഗമായി മസ്ജിദ് സ്ഥാപിച്ചു. ബുഖാറ ഭരണാധികാരിയായ ബിദൂൻ പിന്നീട് ഈ കോട്ട പുനർനിർമിച്ചു. 9-10 നൂറ്റാണ്ടുകളിലെ സമാനിഡ്  കാലത്ത് കോട്ട വീണ്ടും നവീകരിക്കപ്പെട്ടു. കാവൽഗോപുരങ്ങൾ കൂട്ടിച്ചേർക്കുകയും ചുവരുകളുടെ കനം ഇരട്ടിയാക്കുകയും ചെയ്തു. 13ാം നൂറ്റാണ്ടിൽ  ചെങ്കിസ്ഖാൻ കോട്ട പിടിച്ചടക്കി. സെെന്യം കോട്ട കൊള്ളയടിക്കുകയും പൂർണമായി നശിപ്പിക്കുകയും ചെയ്തു. ഏറെക്കാലമെടുത്താണ് ആ തകർച്ചയിൽ നിന്ന് ഈ നഗരവും കോട്ടയും കരകയറിയത്. 16ാം നൂറ്റാണ്ടിൽ ഷെയ്ബാനിദ് രാജവംശത്തിന്റെ ഭരണകാലത്താണ് കോട്ട വീണ്ടും അതിന്റെ പ്രതാപത്തിലേക്ക് മടങ്ങിയെത്തുന്നത്. 1501 മുതൽ 1785 വരെ മധ്യേഷ്യയിലെ ഒരു സംസ്ഥാനമായിരുന്നു ഖാനേറ്റ് ഓഫ് ബുഖാറ. പിന്നീടിത് ബുഖാറ എമിറേറ്റ് എന്ന പേരിൽ ഒരു സ്വതന്ത്ര രാജ്യമായി മാറി. 1873 മുതൽ 1920 വരെ റഷ്യൻ സാമ്രാജ്യത്തിന്റെ സംരക്ഷണത്തിലുള്ള  ഒരു അർദ്ധ-സ്വതന്ത്ര പ്രദേശമായി ബുഖാറ. റഷ്യൻ വിപ്ലവാനന്തരം 1920 സെപ്റ്റംബറിൽ റെഡ് ആർമി നഗരവും കോട്ടയും കീഴടക്കുകയും ബുഖാറ എമിറേറ്റിൻറെ സ്ഥാനത്ത് ബുഖാറൻ പീപ്പിൾസ് സോവിയറ്റ് റിപ്പബ്ലിക്ക് സ്ഥാപിക്കുകയും ചെയ്തു.

ബോലോ ഹൗസ് മസ്ജിദ്
ബോലോ ഹൗസ് മസ്ജിദ്


കോട്ടക്ക് ചുറ്റും വിശാലമായ വെളിപ്രദേശമാണ്. നഗരത്തിലെ അടിമചന്തയും കോട്ടയിലേക്കുള്ള നിത്യോപയോഗസാധനങ്ങളുടെ കെെമാറ്റവും സെെനിക പരേഡുകളുമൊക്കെ നടന്നിരുന്നത് ഈ മെെതാനത്തുവെച്ചായിരുന്നുവത്രെ. ബുഖാരയിലെ മറ്റ് നിർമിതികളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ര ആകർഷകമെന്നുമല്ല പ്രധാന കവാടം. ഈ കവാടത്തിന് മുൻപിൽ കുറ്റവാളികളുടെ തലവെട്ടി ഉയരമുള്ള  കോലുകൾക്ക് മുകളിൽ പ്രദർശിപ്പിച്ചിരുന്നു. കോട്ട പിടിച്ചെടുക്കാൻ ആദ്യമെത്തിയ ബോൾഷെവിക്ക് വിപ്ലവകാരികളുടെ തലയും ഇത്തരത്തിൽ‍ പ്രദർശിപ്പിച്ചു അവസാനത്തെ അമീറായ സയ്യിദ് മിർ മുഹമ്മദ് അലിം ഖാൻ. താമസിക്കാതെ ജനറൽ മിഖായേൽ ഫ്രൺസിന്റെ നേതൃത്വത്തിൽ കൂടുതൽ സുസംഘടിതമായ റെഡ് ആർമി യൂണിറ്റ് നഗരത്തിലേക്കെത്തി കോട്ട ഉപരോധിച്ചു. കീഴടങ്ങാൻ തയ്യാറാകാതെ വന്നതോടെ വ്യോമാക്രമണവും ബോംബിങ്ങും കോട്ടക്ക് മുകളിൽ നടന്നു. ബുഖാറ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന വിവിധ രാജവംശങ്ങളുടെ ആസ്ഥാനമായി 1,400 വർഷത്തോളം തലയെടുപ്പോടെ നിലകൊണ്ട കോട്ടക്ക് മുകളിൽ ചെങ്കൊടി പാറി. തന്റെ പേരിനൊപ്പം ഖലീഫ പദവി ചേർത്ത ഏക മംഗുദ് ഭരണാധികാരിയായ അലിം ഖാന് തന്റെ കുടുംബാഗങ്ങളുമായി  താജിക്കിസ്ഥാനിലേക്കും അവിടെ നിന്ന് അഫ്ഘാനിസ്ഥാനിലേക്കും രക്ഷപ്പെടേണ്ടിവന്നു.  

സയ്യിദ് മിർ മുഹമ്മദ് അലിം ഖാൻ
സയ്യിദ് മിർ മുഹമ്മദ് അലിം ഖാൻ

പരാജയം മണത്ത അദ്ദേഹം മുൻപേ തന്നെ രാജകീയ ഖജാനയിലെ ധനത്തിന്റെ ഭൂരിഭാഗവും വിശ്വസ്തരായ ചില സെെനിക മേധാവികൾ വശം പുറത്തേക്കെത്തിച്ചിരുന്നു. എന്നാൽ വഴിമധ്യേ തങ്ങൾ കൊണ്ടുപോകുന്നത് ധനമാണെന്ന് ആ സെെനികസംഘത്തിലെ മറ്റുള്ളവരും അറിയുകയും തുടർന്ന് അതിനായി കലാപം നടക്കുകയും ചെയ്തു. കലാപകാരികളെ കെന്നൊടുക്കിയ വിശ്വസ്ത സെെനികർ താജിക്കിലെ ഒരു വിദൂര പ്രദേശത്ത് ആ വലിയ നിക്ഷേപം ഒളിപ്പിച്ച് അമീറിനടുത്തേക്ക് മടങ്ങിയെത്തി. രഹസ്യം പുറത്താകാതിരിക്കാൻ സംഘത്തിലെ ശേഷിക്കുന്ന സെെനികരെയൊക്കെ കൊന്നുകളയാൻ രാജാവ് സംഘത്തലവനോട് പറഞ്ഞു. നിധി സൂക്ഷിച്ച സ്ഥലത്തിലെ വിശദാംശങ്ങൾ മനസ്സിലാക്കിയ ശേഷം സംഘത്തലവനേയും രാജാവ് വധിച്ചു. എന്നാൽ ഈ കനത്ത നിക്ഷേപം കണ്ടെടുക്കാൻ കഴിയാതെ ദരിദ്രനായാണ് ബുഖാറ അമീർ ഒടുവിൽ അഫ്ഘാനിൽ വെച്ച് മരിച്ചതത്രെ. നാല് ഔദ്യോഗിക ഭാര്യമാരും നിരവധി വെപ്പാട്ടിമാരും ഉണ്ടായിരുന്ന അമീറിന് അഫ്ഘാനിസ്ഥാനിലെത്തിയതോടെ സഹതാപം മൂലം നിരവധി പേർ അവരുടെ പെൺമക്കളെ വിവാഹം ചെയ്തുനൽകി. അവരിലെല്ലാമായി 500-ഓളം മക്കളുണ്ടായിരുന്നു അമീറിന്. എന്നാൽ കോട്ടയിലകപ്പെട്ട അദ്ദേഹത്തിന്റെ 3 ആൺകുട്ടികളെ റെഡ് ആർമി മോസ്ക്കോയിലേക്ക് കൊണ്ടുപോയി അനാഥാലയത്തിൽ വളർത്തി. അതിലൊരാൾ പിന്നീട് ഗൂഢാലോചന ആരോപിക്കപ്പെട്ട് വധിക്കപ്പെട്ടു, മറ്റൊരാൾ മനോരോഗ ബാധിതനായി, ശേഷിച്ച പുത്രൻ ഒരു സാധാരണ റഷ്യൻ പൗരനായി ജീവിച്ചു മരിച്ചു.

ട്രേഡിങ് ഡോം
ട്രേഡിങ് ഡോം


കോട്ടയുടെ പ്രവേശനകവാടം കടന്നെത്തുമ്പോൾ ആദ്യം കാണാനാകുക കുറ്റവാളികളെ സൂക്ഷിച്ചിരുന്ന മുറികളാണ്. ഇത്തരം ചില മുറികൾ കുറ്റവാളികളെ സൂക്ഷിക്കാനുള്ള കുഴികളോടു കൂടിയവയാണ്. ഇവിടെയാണ് ഗ്രേറ്റ് ഗെയിം എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ്- റഷ്യൻ മാത്സര്യത്തിന്റെ കാലത്ത് രണ്ട് ബ്രിട്ടീഷ് ഏജന്റുമാർ തടവിലാക്കപ്പെട്ട് നരകയാതന അനുഭവിച്ചത്. 1838-ൽ മുഹമ്മദ് അലി ഖാന്റെ പ്രപിതാമഹനായ നസ്റുല്ല ഖാന്റെ കാലത്ത് ബ്രിട്ടനുമായുള്ള ഒരു സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെക്കാനായി അമീറിനെ പ്രേരിപ്പിക്കാൻ ബുഖാറയിലെത്തിയ കേണൽ ചാൾസ് സ്റ്റോഡാർട്ട് തടവിലാക്കപ്പെടുകയായിരുന്നു. 1841-ൽ നവംബറിൽ സ്റ്റോഡാർട്ടിനെ അന്വേഷിച്ചെത്തിയ ക്യാപ്റ്റൻ ആർതർ കോണോലിയേയും തടവിലടച്ചു. ഇരുവരെയും 6.5 മീറ്റർ ആഴമുള്ള കനഖോണ (ബഗ് പിറ്റ്)  എന്ന കുഴിയിലിട്ടു. ഇഴജന്തുക്കളെയും കീടങ്ങളെയും ഈ കുഴിയിൽ നിക്ഷേപിക്കുമായിരുന്നത്രെ. 1842 ജൂണിൽ ചാരവൃത്തി ആരോപിച്ച് ഇരുവരെയും കൊലപ്പെടുത്തി. 1845-ൽ ഇവരെക്കുറിച്ചന്വേഷിക്കാൻ ബുഖാരയിലെത്തിയ റവ. ജോസഫ് വുൾഫാണ് ഈ സംഭവം പുറം ലോകത്തറിയിച്ചത്. തന്റെ വേഷവിതാനങ്ങൾ കണ്ട് അമീറിന് ചിരി വന്നതുകൊണ്ടുമാത്രമാണ് ക്രൂരനായ നസ്റുല്ല ഖാനിൽ നിന്ന് തനിക്ക് രക്ഷപ്പെടാനായതെന്ന് വൂൾഫ് രേഖപ്പെടുത്തിയിട്ടുണ്ട്.

1826-ൽ അധികാരം പിടിച്ചെടുക്കാനായി തന്റെ എല്ലാ സഹോദരങ്ങളെയും 28-ഓളം ബന്ധുക്കളെയും കൊലപ്പെടുത്തിയ നസ്റുല്ല ഖാൻ കശാപ്പുകാരൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്ന നരകയാതനയും തുടർന്നുണ്ടായ ക്രൂരമായ അന്ത്യവും ബ്രിട്ടീഷുകാരെ രോഷാകുലരാക്കി. പക്ഷെ വിദൂര ദേശത്ത്, റഷ്യക്ക് സാമ്രാജത്വ താൽപര്യങ്ങളുണ്ടായിരുന്ന ഒരിടത്ത് ഇടപെടാൻ പരിമിതികളുണ്ടായിരുന്നതുകൊണ്ടു തന്നെ അവർ  പ്രതികരിച്ചില്ല. വധിക്കപ്പെട്ട ആർതർ കൊണോലിക്ക് ഒരു കേരള ബന്ധം കൂടിയുണ്ട്. അദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ് മലബാറിന്റെ ഭരണാധികാരിയായിരുന്ന ലെഫ്റ്റനന്റ് ഹെൻറി വാലന്റൈൻ കൊണോലി.


നസ്റുല്ല ഖാനുശേഷം അധികാരത്തിൽ വന്ന മുസാഫർ ബിൻ നസ്റുല്ലയുടെ കാലത്ത് ബുഖാറ സാറിസ്റ്റ് റഷ്യയുടെ മേൽക്കോയ്മക്ക് കീഴിലായി. അതിനിടയിൽ റഷ്യയുടെ ട്രാൻസ്-കാസ്പിയൻ റെയിൽവേലെെൻ 1888-ൽ ബുഖാറയിലെത്തി. പിന്നീട് അധികാരത്തിൽ വന്ന മുസാഫിറിന്റെ മകൻ അബ്ദുൽ അഹദ് ഖാൻ റഷ്യൻ മിലിട്ടറി സ്ക്കൂളിൽ പടിച്ചിറങ്ങി റഷ്യൻ സൈന്യത്തിൽ അഡ്ജസ്റ്റന്റ്-ജനറൽ പദവി നേടിയ ആളായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് ബുഖാറൻ ജീവിതത്തിൽ റഷ്യൻ സ്വാധീനം പ്രകടമായിത്തുടങ്ങുന്നത്. പിന്നീട് ഭരണത്തിലെത്തിയ മകൻ അലിം ഖാന്റെ കാലത്താണ് യംഗ് ബുഖാറൻ എന്ന പരിഷ്ക്കരണവാദികളും ഇടതുപക്ഷക്കാരുമായ ബുഖാറക്കാരുടെ ക്ഷണം സ്വീകരിച്ചെത്തിയ ബോൾഷെവിക്കുകളാൽ രാജഭരണത്തിന് വിരാമമാകുന്നത്. മധ്യേഷ്യയുടെ വലിയൊരു ഭാഗം ഉൾപ്പെട്ട സമ്പന്നമായ ഒരു രാജ്യവും ചെങ്കിസ്ഖാനിലേക്ക് നീളുന്ന വംശപാരമ്പര്യമുള്ള ഒരു രാജവംശവും അങ്ങനെ ചരിത്രം മാത്രമായി മാറി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോട്ടക്കകം ബുഖാറ നഗരത്തിനുള്ളിലെ മറ്റൊരു നഗരമായിരുന്നു. കോട്ടയിൽ ഭരണാധികാരിയുടെ കൊട്ടാരവും ഉന്നത ഉദ്യോഗസ്ഥരുടെ ഭവനങ്ങളും വിവിധ സർക്കാർ ഓഫീസുകളും ട്രഷറിയും കലവറയും പള്ളിയും ജയിലും ആയുധപ്പുരയുമൊക്കെ ഇതിനകത്തുണ്ടായിരുന്നു. അമീറും കുടുംബവും ഉദ്യോഗസ്ഥരും പ്രഭുക്കന്മാരും പട്ടാളക്കാരും സേവകരും ഉൾപ്പടെ മൂവായിരത്തിലധികം ആളുകൾ അന്ന് കോട്ടയിൽ താമസിച്ചിരുന്നു. അദ്വിതീയമായ ഒരു ഗ്രന്ഥശാലയും കോ‌ട്ടക്കുള്ളിൽ ഉണ്ടായിരുന്നതായി ഇബ്നുസീന രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടക്കുള്ളിലെ തുറസ്സായ പ്രദേശങ്ങളിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. പുരാവസ്തുവകുപ്പിന് കീഴിൽ ഉദ്ഘനനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നുണ്ട്.

കെ. എസ്. പ്രമോദ്
കെ. എസ്. പ്രമോദ്

കോട്ടയിൽ നിന്ന് പുറത്തുകടന്ന് ഗൂഗിൽ മാപ്പിന്റെ സഹായത്തോടെ ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചുനടന്നു. പ്രധാന വീഥിയിൽ നിന്നു മാറി ചില ഇടുങ്ങിയ തെരുവുകളും നടവഴികളും പിന്നി‌ട്ട് ലക്ഷ്യത്തിലേക്ക് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ പുരാസ്മാരകങ്ങളിലേക്കുള്ള യുനസ്ക്കോയുടെ ചൂണ്ടുപലകകൾ പലയിടത്തും കാണാനാകുന്നുണ്ടായിരുന്നു. വഴിക്കിരുവശവും തണൽപരത്തി കായ്ച്ചുനിൽക്കുന്ന മൾബെറി മരങ്ങൾക്ക് താഴെ ഞങ്ങൾ അൽപനേരം വിശ്രമിച്ചു.

(തുടരും)

Comments