ബുഖാരയിലെ മഹാനിർമിതികൾ

മിനാരം ആദ്യമായി അടുത്തുനിന്നു കണ്ട ചെങ്കിസ്ഖാൻ നിശ്ശബ്ദനായി. അതിനിടയിൽ അദ്ദേഹത്തിന്റെ തലയിലെ പടത്തൊപ്പി താഴെ വീണു. സ്വയം അത് കുനിഞ്ഞെടുക്കുമ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞത്രെ, ''ജീവിതത്തിൽ ഞാനൊരിക്കലും ഒന്നിനു മുൻപിലും തലതാഴ്ത്തിയിട്ടില്ല. പക്ഷെ ഈ നിർമിതി തല കുനിക്കാൻ മാത്രം പ്രൗഡിയുള്ളതാണ്.’’

ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം: ഒമ്പത്

ബുഖാരയിൽ ഞങ്ങൾ താമസിക്കുന്ന പെെതൃക ഹോട്ടലായ Ziyobaxsh-ൽ നിന്ന് പ്രഭാതഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അന്നത്തെ കൃത്യമായൊരു യാത്രാപദ്ധതി രൂപപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഹോട്ടലിൽനിന്ന് ലഭിച്ച നഗരത്തിന്റെ പഴയൊരു ടൂറിസ്റ്റ് മാപ്പ് കയ്യിലുണ്ട്. ബുഖാരയുടെ പഴയ പട്ടണത്തിലെ കാഴ്ച്ചകളെ കുറിച്ച് യാത്രക്കുമുൻപേ മനസ്സിലാക്കിയിരുന്നെങ്കിലും എവിടെ തുടങ്ങണം, എന്തൊക്കെ കാണണം എന്ന കാര്യം പരസ്പരം ചർച്ച ചെയ്തിരുന്നില്ല, ഇബ്രാഹിമും ഞാനും. നടന്ന് പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന പെെതൃക നഗരമാണ് ബുഖാര. പഴയ നഗരത്തിൽ 140-ഓളം സംരക്ഷിത സ്മാരകങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടവ നടന്നുകാണണം. എങ്ങനെയായിരുന്നു നൂറ്റാണ്ടുകൾക്കുമുമ്പുള്ള പഴയ പട്ടുപാതയിലെ വാണിജ്യനഗരങ്ങൾ എന്ന് മനസ്സിലാക്കണം. പല ഭാഗത്തു നിന്നു വരുന്ന ചരക്കുകൾ കെെമാറ്റം ചെയ്യപ്പെടുന്ന ഒരിടമോ വർത്തക സംഘങ്ങളുടെ വഴിത്താവളമോ മാത്രമായിരുന്നില്ല ബുഖാര. തനതായ പല ഉൽപ്പന്നങ്ങളും ബുഖാരയുടേതായി ഉണ്ടായിരുന്നു. സിൽക്കും കാർപ്പെറ്റും പാത്രങ്ങളും മറ്റും ഇവിടത്തെ ഉൽപ്പന്നങ്ങളായിരുന്നു.

നടന്ന് പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന പെെതൃക നഗരമാണ് ബുഖാര. പഴയ നഗരത്തിൽ 140-ഓളം സംരക്ഷിത സ്മാരകങ്ങളുണ്ട്.

കൃതഹസ്തരായ കെെവേലക്കാരുടെയും കരകൗശല വിദഗ്ദ്ധരുടെയും നഗരം കൂടിയായിരുന്നു ഇത്. സെരാഷ്ട്രിയൻ, ബുദ്ധ, ജൂത, ക്രെെസ്തവ വിശ്വസങ്ങൾ ഇസ്‍ലാമിന് മുൻപേ ഇവിടെ നിലനിന്നിരുന്നു. ഇസ്‍ലാമിന്റെ വരവോടെ ഇസ്‍ലാമിക ദെെവശാസത്രത്തിന്റെയും സൂഫിസത്തിന്റെയുമൊക്കെ പ്രധാന കേന്ദ്രമായി മാറി ഇവിടം. ഇസ്‍ലാമിന്റെ സുവർണകാലമെന്നത് ഈ നഗരത്തിന്റെയും സുവർണകാലമായിരുന്നു. 2500 വർഷം പഴക്കമുള്ള ഈ പുരാതന നഗരത്തിൽ അതിന്റെയൊക്കെ ശേഷിപ്പുകൾ ചിതറിക്കിടപ്പുണ്ട്. ടാർ ചെയ്ത പ്രധാന നിരത്തിൽനിന്ന് കല്ലുവിരിച്ച ഉൾവഴിയിലേക്ക് തിരിഞ്ഞ് പുനരുദ്ധരിക്കപ്പെട്ട ചെറിയൊരു കനാലിന് സമീപത്തുകൂടി നടന്നുതുടങ്ങിയ ഞങ്ങളെത്തിയത് മനോഹരമായ ചെറിയൊരു ചത്വരത്തിലാണ്.

ടാർ ചെയ്ത പ്രധാന നിരത്തിൽനിന്ന് കല്ലുവിരിച്ച ഉൾവഴിയിലേക്ക് തിരിഞ്ഞ് പുനരുദ്ധരിക്കപ്പെട്ട ചെറിയൊരു കനാലിന് സമീപത്തുകൂടി നടന്നുതുടങ്ങിയ ഞങ്ങളെത്തിയത് മനോഹരമായ ചെറിയൊരു ചത്വരത്തിലാണ്.


മുല്ല നസറുദ്ദീന്റെ വെങ്കല പ്രതിമ കണ്ടപ്പോഴാണ് തലേന്നത്തെ രാത്രി സഞ്ചാരത്തിനിടയിൽ കടന്നു പോയ നഗരഭാഗങ്ങളാണല്ലോ ഇതെല്ലാമെന്ന തിരിച്ചറിവുണ്ടാകുന്നത്. മുല്ല കഥകളിലൂടെ സുപരിചിതനായ, 13ാം ശതകത്തിലെ സരസനായ തുർക്കി സൂഫി ദാർശനികൻ ഹോജ നസറുദ്ദീന്റെ ഈ വെങ്കലശില്പത്തിനുമുൻപിൽ നിന്ന് തലേന്ന് രാത്രി ചിത്രങ്ങളെടുത്തിരുന്നു. സെൻട്രൽ സിറ്റി സ്ക്വയറിലെ ലിയാബി ഹൗസ് സമുച്ചയത്തിന്റെ ഭാഗമായി ആധൂനിക കാലത്ത് നിർമിക്കപ്പെട്ടതാണ് ഈ ശില്പം. താഷ്കെന്റിലെ ശാസ്ത്രിപ്രതിമയുടെ ശില്പിയായ യാക്കോവ് ഷാപ്പിറോ നിർമിച്ച ഈ ശില്പം 1979-ലാണ് ഇവിടെ സ്ഥാപിച്ചത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വാസ്തുനിർമിതികൾക്കിടയിൽ നിലകൊള്ളുന്ന ആ പ്രതിമ ആ പുരാതന അന്തരീക്ഷത്തോട് അത്രമേൽ ചേർന്നു നിൽക്കുന്നതുപോലെ തോന്നി. മധ്യേഷ്യയിലെയും മധ്യപൂർവ്വ രാജ്യങ്ങളിലെയും നാടോടിക്കഥകളിലെ ദേശീയ നായകനാണ് ജനകീയനായ തത്ത്വചിന്തകനും ജ്ഞാനിയുമായ നസറുദ്ദീൻ ഹോജ.

ഹോജ നസറുദ്ദീന്റെ വെങ്കലശില്പം നോക്കിനിൽക്കുമ്പോൾ ചെറുപ്പത്തിൽ വായിച്ച, ഇപ്പോഴും നുറുങ്ങുകളായി പലപ്പോഴും മുന്നിലെത്തുന്ന മുല്ലാ കഥകൾ മനസ്സിലൂടെ കടന്നുപോയി.

ജീവിതത്തെ സരസമായി നേരിടുന്ന, അധികാര സ്ഥാനങ്ങൾക്കുനേരെ വിമർശനത്തിന്റെ ഒളിയമ്പുകളെയ്യുന്ന, ലാളിത്യത്തോടെ ജീവിക്കുന്ന ഈ ജ്ഞാനവൃദ്ധൻ അദ്ദേഹത്തിന്റെ സന്തതസഹചാരിയും വിശ്വസ്തനുമായ കഴുതമേൽ യാത്രചെയ്യുകയാണ്. അദ്ദേഹത്തിന്റെ പാദുകങ്ങൾ കാലിൽ നിന്ന് ഊരിവീഴാൻ പാകത്തിന് തൂങ്ങികിടക്കുന്നു. അലസനായ കഴുതയാകട്ടെ മുന്നോട്ട് പോകാനുള്ള വെെമുഖ്യം പ്രകടമാക്കി തല വശത്തേക്ക് താഴ്ത്തിപ്പിടിച്ചിരിക്കുന്നു. ഈ പ്രതിമ നോക്കിനിൽക്കുമ്പോൾ ചെറുപ്പത്തിൽ വായിച്ച, ഇപ്പോഴും നുറുങ്ങുകളായി പലപ്പോഴും മുന്നിലെത്തുന്ന മുല്ലാ കഥകൾ മനസ്സിലൂടെ കടന്നുപോയി. ബുഖാറക്കുപുറമെ തുർക്കിയിലെ യെനിഷെഹിലും മോസ്കോയിലും ആധുനിക കാലത്ത് നിർമിക്കപ്പെട്ട വിഖ്യാതമായ മുല്ല സ്മാരകങ്ങളുണ്ടത്രെ. തിമൂറിന്റെ സമകാലികനായിരുന്ന മുല്ലക്ക് പുടിനോടും ഇസ്‍ലാം കരിമോവിനോടും എർദോഗനോടും എന്തൊക്കെയാണ് പറയാനുണ്ടായിരുന്നിരിക്കുക എന്നാലോചിച്ചപ്പോൾ മുഖത്ത് അറിയാതെ ഒരു ചിരി പടർന്നു.


ലിയാബി ഹൗസ് പ്ലാസ പഴയ ബുഖാറ നഗരത്തിന്റെ മധ്യഭാഗത്തുള്ള പ്രധാന ചത്വരമാണ്. ലിയാബി ഹൗസ് എന്നാൽ പേർഷ്യൻ ഭാഷയിൽ കുളം വഴി, കുളത്തിന് ചുറ്റും എന്നൊക്കെയാണ് അർത്ഥം

ലിയാബി ഹൗസ് പ്ലാസ പഴയ ബുഖാറ നഗരത്തിന്റെ മധ്യഭാഗത്തുള്ള പ്രധാന ചത്വരമാണ്. ലിയാബി ഹൗസ് എന്നാൽ പേർഷ്യൻ ഭാഷയിൽ കുളം വഴി, കുളത്തിന് ചുറ്റും എന്നൊക്കെയാണ് അർത്ഥം. 16, 17 നൂറ്റാണ്ടുകളിലായി നിർമിക്കപ്പെട്ട കെട്ടിടങ്ങളും വലിയൊരു കുളവും ചേർന്നതാണ് ഈ സമുച്ചയം. മൂന്നു വശവും കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട കുളം തന്നെയാണ് പ്ലാസയുടെ കേന്ദ്രം. ഒരു നൂറ്റാണ്ട് മുമ്പു വരെ ബുഹാരയിൽ ഇത്തരം 200-ഓളം കുളങ്ങളുണ്ടായിരുന്നത്രെ. ജനങ്ങൾ കുളിക്കാനും കുടിക്കാനും വെള്ളം ശേഖരിക്കാനുമായി ഈ കുളങ്ങൾ ഉപയോഗിച്ചുപോന്നു. നഗരത്തിലൂടെ കടന്നുപോകുന്ന ജലവിതരണ കനാലുകളുമായി ബന്ധിപ്പിച്ച തുരങ്ക ജലമാർഗ്ഗങ്ങളിലൂടൊണ് ഈ കുളങ്ങളിലേക്ക് ജലമെത്തിച്ചിരുന്നത്. എന്നാൽ കാലാന്തരത്തിൽ പല കനാലുകളും തുരങ്ക ജല മാർഗ്ഗങ്ങളും തകർന്നതോടെ കുളങ്ങളിലെ ജലം മലിനമാക്കപ്പെട്ടു. കെട്ടിക്കിടക്കുന്ന ജലം രോഗം പടർത്താൻ തുടങ്ങി. ഇത്തരം ജലജന്യ രോഗങ്ങൾ കൂടി കാരണമായതിനാലാകണം, 19-ാം നുറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഒരു ബുഖാരക്കാരന്റെ ശരാശരി ആയുസ്സ് 32 വയസ്സായി കുറഞ്ഞിരുന്നു. 1920-30 കാലത്തായി സോവിയറ്റ് ഭരണകൂടം വൃത്തിഹീനമായ ഈ കുളങ്ങളിൽ പലതും നികത്തിയെടുത്തു. ശേഷിച്ച അൽപം ചില ജലാശയങ്ങളിൽ പ്രധാനപ്പെട്ടതാണ് ലിയാബി ഹൗസ്. ചരിത്രപ്രസിദ്ധമായ കെട്ടിടങ്ങളാണ് ഇതിന് മൂന്ന് വശങ്ങളിലായി നിലകൊള്ളുന്നത്. കുളത്തിന്റെ വടക്കുഭാഗത്ത് 1568-69 കാലഘട്ടത്തിൽ നിർമിച്ച  നഗരത്തിലെ ഏറ്റവും വലിയ മദ്രസയായ കുകെൽദാഷ്. പടിഞ്ഞാറ് 1619-20 ൽ നിർമിച്ച സഞ്ചാരികളായ സൂഫികൾക്കുള്ള താമസസ്ഥലമായ നാദിർ ദിവാൻ- ബേഗി ഖാൻഖ. കിഴക്ക് ഭാഗത്തായി 1622-23 ൽ സ്ഥാപിച്ച നാദിർ ദിവാൻ ബേഗി മദ്രസ.

കുളത്തിന്റെ വടക്കുഭാഗത്ത് 1568-69 കാലഘട്ടത്തിൽ നിർമിച്ച  നഗരത്തിലെ ഏറ്റവും വലിയ മദ്രസയായ കുകെൽദാഷ്. പടിഞ്ഞാറ് 1619-20 ൽ നിർമിച്ച സഞ്ചാരികളായ സൂഫികൾക്കുള്ള താമസസ്ഥലമായ നാദിർ ദിവാൻ- ബേഗി ഖാൻഖ. കിഴക്ക് ഭാഗത്തായി 1622-23 ൽ സ്ഥാപിച്ച നാദിർ ദിവാൻ ബേഗി മദ്രസ.


ഈ ചത്വരത്തിന്റെ ചരിത്രം ബുഹാറയുടെ വസീറായിരുന്ന നാദിർ ദിവാൻ- ബേഗിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവാൻ- ബേഗി എന്നത് ബുഖാറ ഖാനേറ്റിലെ ഖാന്റെ തൊട്ടുപിന്നാലെയുള്ള ഒരു പദവിയാണ്. 1599-ൽ സ്ഥാപിതമായ അഷ്ടർഖനിദ് (ജാനിദ്) രാജവംശത്തിലെ ഏറ്റവും ശക്തനായ ഖാൻ ഇമാം കുലി-ഖാന്റെ ഭരണകാലത്താണ് നാദിർ ദിവാൻ-ബേഗി ഈ സ്ഥാനം വഹിച്ചത്. 1611 മുതൽ 1641 വരെ ബുഖാറയുടെ ഭരണാധികാരിയായിരുന്ന ഇമാം കുലി ഖാന്റെ മാതൃസഹോദരൻ കൂടിയായിരുന്നു വിസിയർ നാദിർ ദിവാൻ-ബേഗി. നാദിർ ദിവാൻ-ബേഗി തന്റെ പേരിലുള്ള ഖാൻഖ നിർമിച്ചപ്പോൾ കെട്ടിടത്തിന്റെ സമീപത്തായി ഒരു ജൂതവിധവയുടെ ഉടമസ്ഥതയിലുള്ള വലിയ വീടുണ്ടായിരുന്നു. നാദിർ  ഈ സ്ഥലമാണ് കുളത്തിന് അനുയോജ്യമായി കണ്ടെത്തിയത്. എന്നാൽ വിധവ കുളം നിർമിക്കാൻ ഈ വസ്തു വാങ്ങാനുള്ള ദിവാന്റെ വാഗ്ദാനം നിരസിച്ചു. അമീർ അവളെ ഈ സ്ഥലം വിൽക്കാൻ നിർബന്ധിക്കുമെന്ന പ്രതീക്ഷയിൽ നാദിർ ദിവാൻ-ബേഗി ജൂത വനിതയെ ഇമാം കുലി ഖാന്റെ മുമ്പാകെ കൊണ്ടുവന്നു. എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കാൻ തയ്യാറാകാതെ വിഷയം മുഫ്തിമാരുടെ സംഘത്തിന് വിടാനാണ് ബുദ്ധിപൂർവ്വം ഇമാം കൂലി ഖാൻ ഉത്തരവിട്ടത്. ഈ മുസ്‌ലിം നിയമജ്ഞർ വിധവയുടെ സമ്മതത്തോടെയല്ലാതെ സ്വത്ത് വാങ്ങാൻ നിയമപരമായി കഴിയില്ലെന്ന് വിധിച്ചു. മതനികുതിയായ ജസിയയും തലക്കരവും നൽകുന്ന രാജ്യത്തെ അമുസ്‌ലിംകൾക്ക്, മുസ്‌ലിംകൾക്ക് തുല്യമായ പൗരാവകാശങ്ങളുണ്ടെന്നായിരുന്നു അവരുടെ കണ്ടെത്തൽ. അന്ന് ബുഖാറയിൽ സമ്പന്നരായ ജൂതന്മാരുടെ ഗണ്യമായ ജനസംഖ്യ ഉണ്ടായിരുന്നു.

ലിയാബി ഹൗസിന്റെ ഒരു ഭാഗം

എന്നാൽ നാദിർ ദിവാൻ-ബേഗി പിൻമാറാൻ തയ്യാറായില്ല. ലഭ്യമായ സ്ഥലത്ത് ഒരു ചെറിയ ജലസംഭരണി നിർമിച്ചു അദ്ദേഹം. അതിലേക്ക് വിധവയുടെ വീടിനരികിലൂടെ ഒരു കിടങ്ങ് കുഴിച്ച് ജലമെത്തിക്കാൻ തുടങ്ങി. താമസിയാതെ കിടങ്ങിലെ വെള്ളം വിധവയുടെ വീടിന്റെ അടിത്തറക്ക് ബലക്ഷയം വരുത്താൻ തുടങ്ങി. അവർ പരാതിയുമായി നാദിർ ദിവാൻ-ബേഗിയെ തന്നെ സമീപിച്ചു. ന്യായവിലക്ക് അവളുടെ വീട് വാങ്ങാനുള്ള തന്റെ സന്നദ്ധത അദ്ദേഹം വീണ്ടുമാവർത്തിച്ചു. എന്നാൽ വിധവ പണം നിരസിച്ചു, ബുഖാറൻ ഭരണാധികാരികൾ ഒരു സിനഗോഗ് പണിയാനുള്ള അനുമതിയോടെ മറ്റൊരു സ്ഥലം അവർക്ക് നൽകിയാൽ തന്റെ സ്വത്ത് വിട്ടുകൊടുക്കാമെന്ന് പറയുകയും ചെയ്തു. അതനുസരിച്ച് ലഭിച്ച സ്ഥലമാണ് പിന്നീട് ബുഹാറയിലെ ജൂത ക്വാർട്ടർ (മഹല്ലി കുമ) എന്ന് വിളിക്കപ്പെട്ടത്. അങ്ങിനെ സിനഗോഗിന്റെയും ലിയാബി ഹൗസ് കുളത്തിന്റെയും പണി ഒരേ സമയത്ത് തുടങ്ങി.

ലിയാബി ഹൗസിന് 46 മീറ്ററാണ് നീളം, വീതി 36 മീറ്ററും. മഞ്ഞകലർന്ന ചുണ്ണാമ്പുകല്ലുകൾ കൊണ്ട് പടുത്തതാണ് അതിന്റെ വശങ്ങൾ. കുളത്തിലേക്കിറങ്ങാൻ ചുറ്റും പടവുകളുണ്ട്. ഇന്ന് പഴയ പട്ടണത്തിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിലൊന്നാണിത്. കുളത്തിനോളം തന്നെ പഴക്കമുണ്ടത്രെ ഇതിന് സമീപത്തുള്ള മൾബറി മരങ്ങൾക്കും. അതിന്റെ തണലിൽ ഭോജനശാലകളുടെ തുറന്ന ഡെെനിങ്ങ് ഏരിയകൾ ക്രമീകരിച്ചിരിക്കുന്നു. അവിടെയിരുന്നാൽ ചുറ്റുമുള്ള പുരാതന മഹാനിർമിതികളുടെ മിന്നാരങ്ങളും കമാനങ്ങളുമൊക്കെ കുളത്തിൽ പ്രതിഫലിക്കുന്നത് കാണാം. അവിടെ ഒരു ചായ കുടിച്ചോ ഹുക്ക വലിച്ചോ ഉസ്ബെക്ക് രുചികൾ നുണഞ്ഞോ ചെലവഴിക്കുന്ന സായാഹ്നങ്ങൾ  വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമത്രെ.

ഒരു ചായ കുടിച്ചോ ഹുക്ക വലിച്ചോ ഉസ്ബെക്ക് രുചികൾ നുണഞ്ഞോ ചെലവഴിക്കുന്ന സായാഹ്നങ്ങൾ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമത്രെ.


മൂന്ന് കെട്ടിടങ്ങളും നീല, മരതക, സ്വർണ വർണങ്ങളുള്ള തിളങ്ങുന്ന ടൈലുകളാൽ അലങ്കരിച്ചവയാണ്. സെൻട്രൽ പ്ലാസയ്ക്ക് അഭിമുഖമായി ഖാൻഖയിലും കുകെൽദാഷ് മദ്രസയിലും സുവനീർ കടകൾ കാണാം. സമുച്ചയത്തിലെ ഏറ്റവും പഴയ കെ‌ട്ടിടം കുകെൽദാഷ് മദ്രസയാണ്. ഇതിന് 160 മുറികളുണ്ട്. മദ്രസ കെട്ടിടത്തിന്റെ മുൻഭാഗം പരമ്പരാഗത മജോലിക്ക ടെെലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ മദ്രസ വർത്തകസംഘങ്ങൾക്കു വേണ്ടിയുള്ള സത്രമായും സെെനികതാവളമായും കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കുന്ന ഇടമായുമൊക്കെ വർത്തിച്ചു. ഇന്ന് മദ്രസയുടെ ഒരു ഭാഗം ബുഖാരയിൽ ജനിച്ച് താജിക്ക് ദേശീയ കവിയായി മാറിയ സദ്രിദ്ദീൻ അയ്നി, ബുഹാരക്കാരൻ തന്നെയായ എഴുത്തുകാരായ ജലോൽ ഇക്രോമി എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയമാണ്. അമീറിന്റെ വളർത്തുസഹോദരന്റെ പേരാണ് കുൽബാല കുകെൽദാഷ്. കുകെൽദാഷ് എന്നാൽ സഹോദരൻ. ഏറ്റവും വലിയ കെട്ടിടവും കുകെൽദാഷ് മദ്രസയാണ്. താഷ്കെന്റിലും ഒരു കുകെൽദാഷ് മദ്രസയുണ്ട്.

മൂന്ന് കെട്ടിടങ്ങളും നീല, മരതക, സ്വർണ വർണങ്ങളുള്ള തിളങ്ങുന്ന ടൈലുകളാൽ അലങ്കരിച്ചവയാണ്. സെൻട്രൽ പ്ലാസയ്ക്ക് അഭിമുഖമായി ഖാൻഖയിലും കുകെൽദാഷ് മദ്രസയിലും സുവനീർ കടകൾ കാണാം.


മുകളിൽ കമനീയമായ താഴികക്കുടമുള്ള ചതുരാകൃതിയിലുള്ള കെട്ടിടമാണ് നാദിർ ദിവാൻ-ബേഗി ഖാൻഖ. കെട്ടിടത്തിന് രണ്ട് പ്രവേശന കവാടങ്ങളുണ്ട്. കവാടങ്ങൾ കടന്നെത്തുക ചതുരാകൃതിയിലുള്ള ഹാളിലേക്കാണ്. സൂക്ഷ്മമായ അലങ്കാരപണികളാൽ സമ്പന്നമാണ് ഈ കെട്ടിടവും. ബുഖാറയിലെ സജീവമായൊരു സാംസ്കാരിക- മത കേന്ദ്രമായിരുന്നു ഒരു കാലത്ത് ഈ ഖാൻഖ. സൂഫികൾക്ക് ദൈനംദിന പ്രാർത്ഥനകൾക്കും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുമുള്ള സ്ഥലമായിരുന്നു ഇത്. സിക്ർ-ഖാന എന്ന് വിളിക്കപ്പെടുന്ന സെൻട്രൽ ഹാൾ ഒരു പള്ളിയായി പ്രവർത്തിച്ചു. 17-ാം നൂറ്റാണ്ടിൽ ബുഖാറ നഗരത്തിലെ ഉന്നതർക്കും ഖാനകയിലെ താമസക്കാരായ സൂഫി ആചാര്യന്മാർക്കും ഒത്തു ചേരാനുള്ള സ്ഥലമായും സിക്ർ-ഖാന പ്രവർത്തിച്ചിരുന്നു. പ്രമുഖ വ്യക്തികൾ സൂഫി ആചാരങ്ങളിൽ പങ്കെടുക്കുകയും സൂഫി സിദ്ധാന്തങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ കേൾക്കുകയും സംവാദങ്ങളിൽ പങ്കാളികളാകുകയും ചെയ്തിരുന്നത്രെ.

ബുഖാറയിലെ സജീവമായൊരു സാംസ്കാരിക- മത കേന്ദ്രമായിരുന്നു ഒരു കാലത്ത് ഈ ഖാൻഖ


നാദിർ ദിവാൻ-ബേഗിയുടെ മദ്രസ ആദ്യം ഒരു കാരവൻസ​റൈ ആയി നിർമിച്ചതാണ്. എന്നാൽ ഇതിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഇമാം ഖുലി ഖാൻ അപ്രതീക്ഷിതമായി കാരവൻസറൈയെ മദ്രസയാക്കുകയാണെന്ന് പ്രഖ്യാപിച്ചു. അതിനാൽ നാദിർ ദിവാൻ-ബേഗിക്ക് കെട്ടിടത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നു. മദ്രസയുടെ പ്രധാന പ്രവേശനകവാടത്തിന് മുകളിലായി പുരാണത്തിലെ സെമുർഗ് പക്ഷികൾ വെളുത്ത മാനുകളെ നഖങ്ങളിൽ മുറുകെ പിടിക്കുന്നതിന്റെ ഗംഭീരമായ ചിത്രീകരണമുണ്ട്. നടുവിലായി കിരണങ്ങളുള്ള സൂര്യന്റെ ചിത്രവും. അക്കാലത്തെ മിനിയേച്ചർ പെയിന്റിംഗുകളിലും എംബ്രോയ്ഡറികളിലും പരവതാനി പാറ്റേണുകളിലും ഇത്തരം ചിത്രങ്ങൾ സാധാരണമായിരുന്നെങ്കിലും മതപരമായ കെട്ടിടങ്ങളിൽ ഇത്തരം ചിത്രീകരണം അപൂർവ്വതയായിരുന്നു. ഇസ്‍ലാം കർശ്ശനമായി തന്നെ ഇത്തരം രൂപങ്ങളെ നിരുത്സാഹപ്പെടുത്തിരുന്നപ്പോൾ ഒരു മതപാഠശാലയുടെ മുൻകവാടത്തിന് മുകളിലെ ഈ ചിത്രീകരണം, പ്രത്യേകിച്ച് സൂര്യമുഖം, നാദിർ ദിവാൻ-ബേഗി മദ്രസയെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

മഗോകി- അട്ടാരി മസ്ജിദാണ് ലിയാബി-ഖൗസ് സമുച്ചയത്തിനടുത്തുള്ള മറ്റൊരു പുരാനിർമിതി.

മഗോകി- അട്ടാരി മസ്ജിദാണ് ലിയാബി-ഖൗസ് സമുച്ചയത്തിനടുത്തുള്ള മറ്റൊരു പുരാനിർമിതി. സോവിയറ്റ് കാലഘട്ടത്തിലെ പുരാവസ്തു ഗവേഷണങ്ങൾ പ്രകാരം ഒരു സൊറോസ്ട്രിയൻ ചന്ദ്ര ക്ഷേത്രത്തിനു മുകളിലായാണ് ഈ മോസ്ക്ക് സ്ഥാപിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടു. മധ്യേഷ്യയിലേക്ക് ഇസ്‍ലാമിനെ കൊണ്ടുവന്ന അറബികൾ ബുഖാറ കീഴടക്കിയതിനുശേഷം 9-10 നൂറ്റാണ്ടുകളിലാണ് ഇവിടെ പള്ളി പണിതത്. അക്കാലത്ത് ഈ പ്രദേശത്ത് ഒരു കുഴി (മഗോക്ക്) ഉണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങളും ഔഷധസസ്യങ്ങളും വിൽക്കുന്ന ഒരു ചെറിയ ചന്തയും ഉണ്ടായിരുന്നു. ഈ രണ്ടു വസ്തുതകളുമായി ബന്ധപ്പെട്ടാണ് ( മഗോക്ക് + അത്തർ) മഗോകി-അട്ടാരി എന്ന പേര് വരുന്നത്. ഇന്നിതൊരു കാർപ്പറ്റ് മ്യൂസിയമാണ്. കാരാ-ഖാനിദ് കാലഘട്ടത്തിലെ മധ്യേഷ്യൻ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ് മഗോകി-അട്ടോറി മസ്ജിദ്. ഇവിടെയുണ്ടായിരുന്ന ബസാറിൽ സൊരാസ്ട്രിയൻ വിഗ്രഹങ്ങളും ധാരാളമായി വിൽക്കപ്പെട്ടിരുന്നു. നീണ്ട ചരിത്രമുള്ള മാഗോകി മസ്ജിദ് നിരവധി വലിയ തീപിടുത്തങ്ങളും കാലമേൽപ്പിച്ച പരിക്കുകളും കാരണം ജീർണാവസ്ഥയെ നേരിട്ടപ്പോൾ 1541-ൽ ബുഖാറിയൻ ഗവർണർ അബ്ദുൽ അസീസ് ഖാൻ പള്ളി പൊളിച്ചുമാറ്റാൻ തീരുമാനിച്ചു, എന്നാൽ നഖ്ബന്ദി സൂഫി വിഭാഗത്തിന്റെ നേതാവ് ഷെയ്ഖ് മഖ്മുദി അസം അദ്ദേഹത്തെ തടയുകയും തുടർന്ന് ഇത് പുനർ നിർമിക്കുകയും ചെയ്തു. ഇസ്‍ലാമിന് മുമ്പുള്ള കാലഘട്ടത്തിന്റെ നിരവധി അടയാളങ്ങൾ ഇന്നും ഈ പള്ളിയിൽ കാണാം.

ബുഖാരയുടെ അടയാളമാണ് 46.5 മീറ്റർ ഉയരമുള്ള കല്യാൺ മിനാരത്ത്.


ലിയാബി ഹൗസ് പ്ലാസ സ്മാരകങ്ങൾ കണ്ടശേഷം ഞങ്ങൾ പോയത്, കല്യാൺ പള്ളിക്കും മിനാരത്തിനുമടുത്തേക്കാണ്. ബുഖാരയുടെ അടയാളമാണ് 46.5 മീറ്റർ ഉയരമുള്ള കല്യാൺ മിനാരത്ത്. 1127-ൽ കരാഖാനിഡ് ഭരണാധികാരിയായിരുന്ന മുഹമ്മദ് അർസ്ലാൻ ഖാനാണ് വിശ്വാസികളെ പ്രാർത്ഥനക്ക് വിളിക്കുന്നതിനായി ഈ മിനാരം പണിതുയർത്തിയത്. അതിന് മുൻപായി ബുദ്ധമതക്കാരുടെ ചെറിയൊരു നിർമിതി തൽസ്ഥാനത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. യുദ്ധസമയത്ത് നിരീക്ഷണ ഗോപുരമായും കാവൽ പുരയായുമൊക്കെ ഇത് ഉപയോഗിക്കപ്പെട്ടു. ചെങ്കിസ് ഖാൻ ബുഖാര കീഴടക്കിയപ്പോൾ ഈ ഗോപുരത്തിന് കേടു വരുത്തരുതെന്ന് പട്ടാളക്കാർക്ക് ഉത്തരവ് നൽകിയിരുന്നു. കുറ്റവാളികളെ താഴേക്കെറിഞ്ഞു കൊല്ലാനായി ഉപയോഗിച്ചിരുന്നതുകൊണ്ട് ‘മരണഗോപുരം’ എന്ന പേര് കൂടിയുണ്ട് ഈ മിനാരത്തിന്. മിനാരത്തിന്റെ മുകൾതട്ടിന് 16 കമാനങ്ങളാണുള്ളത്. അതിലൂടെ വരുന്ന വെളിച്ചം രാത്രി യാത്രികർക്ക് ദിശ അറിയാനുള്ള അടയാളമായി വർത്തിച്ചിരുന്നു. ഈ മിനാരം രൂപകൽപന ചെയ്ത ബാക്കോ എന്ന വാസ്തുശില്പി അന്ത്യവിശ്രമം കൊള്ളുന്നത് ഇതിന്റെ അടിത്തറയിൽ തന്നെയാണ്. മിനാരം എന്നെങ്കിലും തകരുകയാണെങ്കിൽ അത് വീഴേണ്ടത് തനിക്ക് മുകളിലേക്കാവണം എന്നതായിരുന്നത്രെ ബാക്കോയുടെ അഭിലാഷം.

കാലങ്ങൾക്കുമുൻപ് ചുടുകട്ടകൾകൊണ്ട് പടുത്തുയർത്തിയ മഹാനിർമിതി അകലെ നിന്നേ കാണാം.


കാലങ്ങൾക്കുമുൻപ് ചുടുകട്ടകൾകൊണ്ട് പടുത്തുയർത്തിയ ആ മഹാനിർമിതി അകലെ നിന്നേ കാണാം. ആ മിനാരം ലക്ഷ്യമാക്കി ഞങ്ങൾ നടന്നെത്തിയത് വലിയൊരു ചത്വരത്തിലേക്കായിരുന്നു. അതിന്റെ വശങ്ങളിലായി ചത്വരത്തിലേക്ക് അഭിമുഖമായ മഹാനിർമിതികൾ. റോഡിൽ നിന്ന് ആ ചത്വരത്തിലേക്ക് പ്രവേശിക്കുമ്പോൾ വലതുവശത്തായാണ് കല്യാൺ പള്ളി, ഇടതുവശത്ത് മിരി-അറബ് മദ്രസ. വലത്തേ മൂലയിൽ കല്യാൺ മിനാരം. അതിനുമപ്പുറം നമുക്കഭിമുഖമായി അമീർ അലിംഖാൻ മദ്രസ. നമുക്കുപുറകിൽ റോഡിനപ്പുറം അറബിക് ലാങ്ഗ്വജ് ആൻഡ് കാലിഗ്രാഫി സെന്ററിന്റെ കെട്ടിടം. ബുഖാരയിലെ ഈ നിർമിതികളെക്കുറിച്ചൊക്കെ മുമ്പുതന്നെ മനസ്സിലാക്കിവെച്ചിരുന്നു. അതിന്റെ ചിത്രങ്ങളും കണ്ടിരുന്നു. പക്ഷെ ആ മഹാനിർമിതികളുടെ വലുപ്പം സംബന്ധിച്ച എല്ലാ അനുമാനങ്ങളും തെറ്റായിരുന്നെന്ന് മനസ്സിലായത് അവിടെ എത്തിയപ്പോഴാണ്. എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ ബൃഹത്ത് നിർമിതികളുടെ വിസ്മയാവഹമായ കാഴ്ച്ചക്കുമുൻപിൽ മറ്റൊന്നും ചെയ്യാനില്ലാതെ, മിരി അറബ് മദ്രസയുടെ വിസ്താരമായ തറയിൽ ചത്വരത്തിലേക്കും ചുറ്റുമുള്ള ആകാരങ്ങളിലേക്കും നോക്കിയിരുന്നു, ഏറെ നേരം. A.D. 1220-ൽ ബുഖാര കീഴടക്കി തന്റെ സെെന്യവുമായി ചെങ്കിസ് ഖാൻ ഈ ചത്വരത്തിലേക്ക് പ്രവേശിച്ചു. മിനാരം ആദ്യമായി അടുത്തുനിന്നു കണ്ട അദ്ദേഹം നിശ്ശബ്ദനായി. അതിനിടയിൽ അദ്ദേഹത്തിന്റെ തലയിലെ പടത്തൊപ്പി താഴെ വീണു. സ്വയം അത് കുനിഞ്ഞെടുക്കുമ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞത്രെ, ''ജീവിതത്തിൽ ഞാനൊരിക്കലും ഒന്നിനു മുൻപിലും തലതാഴ്ത്തിയിട്ടില്ല. പക്ഷെ ഈ നിർമിതി തല കുനിക്കാൻ മാത്രം പ്രൗഡിയുള്ളതാണ്.’’

ലിയാബി ഹൗസ് പ്ലാസക്ക് മുന്നിൽ കെ.എസ്. പ്രമോദ്

(തുടരും)

Comments