ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം 15
രജിസ്ഥാനിൽനിന്ന് തിരികെ മുറിയിലെത്തി ചെക്കൗട്ട് പൂർത്തിയായപ്പോഴേക്കും ഷഹ്രിസാബ്സിലേക്ക് കൊണ്ടുപോകാമെന്നേറ്റ ഡ്രെെവർ ഹോട്ടലിനു മുൻപിലെത്തിയിരുന്നു. സമയം കളയാതെ ഞങ്ങൾ യാത്ര തുടങ്ങി.
എല്ലായിടത്തുമെന്നതുപോലെ കാഴ്ച്ചകളേറെ ബാക്കിവെച്ചാണ് സമർഖണ്ഡിനോടും വിട പറയുന്നത്. സമർഖണ്ഡിൽ നിന്ന് 90 കിലോമീറ്ററോളം ദൂരമുണ്ട് ഷഹ്രിസാബ്സിലേക്ക്. സരഫ്ഷാൻ പർവതനിരകളിലൂടെ 1,780 മീറ്റർ ഉയരമുള്ള തഖ്‌സാക്കരാച്ച ചുരം കയറി വേണം ഷഹ്രിസാബ്സിലെത്താൻ. അതിമനോഹരമാണ് ആ യാത്രാപഥം. ഇബ്രാഹിം പതിവുപോലെ മുൻസീറ്റിലിരുന്ന് കാഴ്ച്ചകൾ പകർത്തുന്നുണ്ട്. ചരിത്രസ്മാരകങ്ങളേക്കാൾ ഇബ്രു ഇഷ്ടപ്പെടുന്നത് പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന ഇടങ്ങളാണ്. കല്ലുകളും കുറ്റിച്ചെടികളും നിറഞ്ഞ വിജനമായ കുന്നുകൾ. മഞ്ഞുകാലത്ത് ഈ പർവ്വതപ്പാത പലപ്പോഴും അടച്ചിടും. തന്റെ ഭൗതികശരീരം ഷഹ്രിസാബ്സിൽ അടക്കം ചെയ്യണമെന്ന തിമൂറിന്റെ ആഗ്രഹം നടക്കാതെ പോയതിനുകാരണവും ശെെത്യകാലത്തെ കനത്ത മഞ്ഞുവീഴ്ച്ച തന്നെയായിരുന്നു.
കിഷ് എന്നറിയപ്പെട്ടിരുന്ന ഷഹ്രിസാബ്സ് ഒരു കാലത്ത് മധ്യേഷ്യയിലെ പ്രധാന നഗരങ്ങളിലൊന്നായിരുന്നു. പേർഷ്യയിലെ അക്കീമെനിഡ് സാമ്രാജ്യത്തിന്റെ പ്രവിശ്യയായ സോഗ്ഡിയാനയിലെ ഒരു പ്രധാന നഗരമായ കിഷിന് സമർഖണ്ഡിനോളം പഴക്കമുണ്ട്. ശീതകാലം ചെലവഴിക്കാൻ ഒരിക്കൽ അലക്സാണ്ടർ ചക്രവർത്തി ഈ നഗരം തിരഞ്ഞെടുത്തിരുന്നു. തന്റെ ഭാര്യയായിതീർന്ന റോക്സാനയെ ബി.സി 328-327 ൽ അലക്സാണ്ടർ കണ്ടെത്തിയതും ഈ നഗരത്തിൽ വെച്ചായിരുന്നു. ‘ഹൃദയത്തെ സന്തോഷിപ്പിക്കുന്നത്’ എന്നാണ് കിഷ് എന്ന വാക്കിനർത്ഥം. തിമൂറിനുമുൻപ് തുർക്കികളും അറബികളും കരഖാനിദുകളും കിഷിനെ നിയന്ത്രിച്ചു. തിമൂർ കിഷിനെ തന്റെ ജന്മനഗരമായി കണക്കാക്കിയിരുന്നെങ്കിലും സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയായി തിരഞ്ഞെടുത്തത് സമർഖണ്ഡിനെയായിരുന്നു. തിമൂറിദ് കാലഘട്ടം മുതലാണ് കിഷ് ഷഹ്രിസാബ്സ് എന്നറിയപ്പെടാൻ തുടങ്ങിയത്. ഗ്രീൻ സിറ്റി എന്നാണ് ഈ വാക്കിനർത്ഥം. തിമൂറിഡ് കാലത്തിനുശേഷം വിവിധ ഖാനേറ്റുകളുടെ കീഴിലായി ഈ പ്രദേശം. 17-ാം നൂറ്റാണ്ടിൽ ബുഖാറയുടെ ഭാഗമായിരിക്കുമ്പോൾ സ്വയംഭരണത്തിന് വേണ്ടിയുള്ള കലാപങ്ങൾ ഇവിടെ ഉയർന്നുവന്നെങ്കിലും റഷ്യൻ സഹായത്തോടെ ബുഖാറ അമീർ ഷഹ്രിസാബ്സിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു.
തിമൂറിന്റെ ഭീമാകാരമായ പ്രതിമയുടെ ദൂരക്കാഴ്ച്ച ഗാംഭീര്യമാർന്നതാണ്. സോവിയറ്റ് യുഗാനന്തരം തിമൂറിനെ ദേശീയനായകനായി പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉസ്ബെക്കിലെമ്പാടും കെട്ടിയുയർത്തിയ തിമൂർസ്മാരകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത്.
ചെറുതല്ലാത്ത ഒരു യാത്രക്കുശേഷം ഞങ്ങൾ ഷഹ്രിസാബ്സിലെത്തി. വലിയ കോട്ടമതിലിനു മുൻപിലായി കാർ പാർക്ക് ചെയ്ത് ഡ്രെെവർ ഞങ്ങൾക്ക് ടിക്കറ്റ് കൗണ്ടർ കാണിച്ചുതന്നു. കോട്ടമതിലിനുപുറത്ത് ഒരു വിവാഹസംഘത്തിന്റെ വീഡിയോ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. ഉസ്ബെക്ക് യാത്രയിൽ പലയിടത്തും ഇത്തരം വിവാഹസംഘങ്ങളെ കണ്ടുമുട്ടിയിരുന്നു. അവരിൽ ചിലരുടെയൊക്കെ ഫോട്ടോഷൂട്ടിൽ ഇന്ത്യൻ അതിഥികളായ ഞങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. ഷഹ്രിസാബ്സിലെ ആ വിവാഹചിത്രീകരണത്തിലും ഞങ്ങൾ പങ്കാളികളായി. വെയിലിന് കടുത്ത ചൂട്. അക്-സാരേ കൊട്ടാരം എന്ന തിമൂറിന്റെ കൊട്ടാരമാണ് ഷഹ്രിസാബ്സിലെ ഞങ്ങളുടെ ആദ്യ കാഴ്ച്ച. തിമൂറിഡ് കാലഘട്ടത്തിന്റെ തുടക്കത്തിൽ നിർമിക്കപ്പെട്ട ഈ കൊട്ടാരത്തിന്റെ വളരെക്കുറച്ച് ഭാഗങ്ങൾ മാത്രമേ ഇന്ന് ശേഷിച്ചിട്ടുള്ളൂ.
16ാം നൂറ്റാണ്ടിൽ അക്-സാരേ കോട്ടയ്‌ക്കൊപ്പം കൊട്ടാരവും ബുഖാറയിലെ ഖാൻ അബ്ദുല്ല ഖാൻ രണ്ടാമന്റെ സൈന്യം നശിപ്പിച്ചു. കൊട്ടാരത്തിലേക്കുള്ള 38 മീറ്റർ ഉയരമുള്ള മുഖ്യ പ്രവേശന കവാടത്തിന്റെ ഇരുവശങ്ങൾ മാത്രമാണ് ഇന്ന് ശേഷിച്ചിട്ടുള്ളത്. ഉസ്ബെക്കിസ്ഥാൻ സ്വാതന്ത്ര്യം നേടിയശേഷം 1994-നും 1998-നും ഇടയിൽ ഇവിടെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 2000-ൽ ഈ കൊട്ടാരം യുനെസ്കോയുടെ ലോക പൈതൃക സ്മാരപട്ടികയിൽ ഇടം പിടിച്ചു. കൊട്ടാരത്തിന്റെ പ്രധാന കെട്ടിടം നിലനിന്നിരുന്ന സ്ഥലത്ത് ഉയർന്ന പീഠത്തിൽ തിമൂറിന്റെ ഭീമാകാരമായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തകർന്ന പ്രവേശന കവാടത്തിന്റെ ഇരുവശവും പശ്ചാത്തലമായുള്ള ഈ പ്രതിമയുടെ ദൂരക്കാഴ്ച്ച ഗാംഭീര്യമാർന്നതാണ്. സോവിയറ്റ് യുഗാനന്തരം തിമൂറിനെ ദേശീയനായകനായി പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉസ്ബെക്കിലെമ്പാടും കെട്ടിയുയർത്തിയ തിമൂർസ്മാരകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത്. ഒരു കാലത്ത് കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകൾക്കുവേണ്ടി സ്ഥാപിച്ച പീഠങ്ങളിൽ പലയിടത്തും സോവിയറ്റാനന്തരം സ്ഥാനം പിടിച്ചത് തിമൂറാണ്. 1991-ൽ സോവിയറ്റ് സ്വപ്നത്തിന് അന്ത്യമായതോടെ സകലതും തിമൂർ മയമായി. ഇന്ന് 14-ാം നൂറ്റാണ്ടിലെ ഈ ചക്രവർത്തിയാണ് ഉസ്ബെക്ക് ദേശീയതയുടെയും ആത്മാഭിമാനത്തിന്റെയും പ്രതീകം.
അമർ തിമൂറിലാരംഭിക്കുന്നതല്ല (1336-1405) ഉസ്ബെക്ക് ചരിത്രം, തിമൂറിലൂടെ അവസാനിക്കുന്നതുമല്ല. ഉസ്ബെക്കിൽ മാത്രം ഒതുങ്ങിനിന്നിരുന്നതും ആയിരുന്നില്ല തിമൂറിന്റെ മാതൃരാജ്യം. ലോകം ക്രൂരനെന്ന് വിളിച്ച, ഭീകരതയുടെയും കാർക്കശ്യത്തിന്റെയും പര്യായമായിരുന്ന, രക്തദാഹിയായ ഈ ഏകാധിപതിയെ ഒരു രാജ്യത്തിന്റെ പ്രതീകമാക്കിയതിനുപിറകിൽ സോവിയറ്റാനന്തര ഭരണകർത്താക്കൾക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. തിമൂറിനെ മുൻനിറുത്തി കെട്ടിപ്പൊക്കുന്ന ദേശീയതയുടെ മറപിടിച്ചാണ് ഉസ്ബെക്ക് രാഷ്ട്രനേതാക്കൾ ഭരണത്തിൽ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കുന്നത്. 'ഇസ്‍ലാം കരിമോവ്' എന്ന ഉസ്ബെക്കിന്റെ ആദ്യ പ്രസിഡന്റും തന്ത്രജ്ഞനുമായ രാഷ്ട്രീയക്കാരനാണ് തിമൂറിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്.
തന്റെ സാമ്രാജത്വ വികസനമോഹങ്ങൾ നടപ്പിലാക്കാൻ തിമൂർ പലപ്പോഴും മതത്തിന്റെ മറ പറ്റി. 1398-ൽ ഡൽഹി ആക്രമിക്കാൻ കാരണമായി തിമൂർ പറഞ്ഞത് അക്കാലത്തെ ഡൽഹി സുൽത്താനായ മഹ്മൂദ് തുഗ്ലക്ക് ഹിന്ദു പ്രജകളോട് സൗമനസ്യത്തോടെ പെരുമാറുന്നു എന്നതായിരുന്നു.
14ാം നൂറ്റാണ്ടിൽ ട്രാൻസോക്സിയാനയുടെ ഭാഗമായ കിഷിൽ (ഇന്നത്തെ ഷഹ്രിസാബ്സിൽ) ബാർലസ് ഗോത്രത്തിലാണ് തിമൂർ ജനിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 1336-ൽ ഷഹ്രിസാബ്സിൽ നിന്ന് 13 കിലോമീറ്റർ തെക്ക് മാറിയുള്ള ഹോജ ഇൽഘർ ഗ്രാമത്തിൽ. ഇന്നത്തെ കിഴക്കൻ ഉസ്ബെക്കിസ്ഥാൻ, പടിഞ്ഞാറൻ താജിക്കിസ്ഥാൻ, തെക്കൻ കസാക്കിസ്ഥാന്റെ ചില ഭാഗങ്ങൾ, തുർക്ക്മെനിസ്ഥാന്റെ ചില ഭാഗങ്ങൾ, തെക്കൻ കിർഗിസ്ഥാൻ എന്നിവ ചേർന്ന പ്രദേശമായിരുന്നു ട്രാൻസോക്സിയാന.
ബാർലസ് മംഗോളിയൻ ഗോത്രമായിരുന്നെങ്കിലും മംഗോൾ സംസ്ക്കാരത്തേക്കാൾ തുർക്കി സ്വാധിനത്തിലായായിരുന്നു അക്കാലത്ത് അവർ. അതുകൊണ്ടുതന്നെ ഒരു തുർക്കി മംഗോളിയനായാണ് തിമൂർ അറിയപ്പെടുന്നത്. തിമൂറിന് രണ്ടു തലമുറ മുമ്പുതന്നെ ആ ഗോത്രം ഇസ്‍ലാമിലേക്ക് കടന്നുവന്നിരുന്നു. മംഗോളിയൻ ഭാഷക്കുപകരം ചഗതായി ആയിരുന്നു ബാർലസ് ഗോത്രത്തിന്റെ ഭാഷ. പക്ഷെ ടർക്കിഷ്, മംഗോളിയൻ, പേർഷ്യൻ ഭാഷകൾ തിമൂർ അനായാസമായി കെെകാര്യം ചെയ്തിരുന്നു. ചെങ്കിസ് ഖാന്റെ പിൻമുറക്കാരുടെ നിയന്ത്രണത്തിലായിരുന്നു അക്കാലത്ത് ട്രാൻസോക്സിയാന. ചെങ്കിസ്ഖാൻ സ്ഥാപിച്ച വിപുലമായ ഒരു സാമ്രാജ്യം പിൻഗാമികൾക്കിടയിൽ വിവിധ ഖാനെറ്റുകളായി വീതം വെക്കപ്പെട്ടിരുന്നു.
ഷഹ്രിസാബ്സിൽ ഒരു ഗോത്രത്തലവന്റെ മകനായി ജനിച്ച തിമൂർ ഒരു പ്രാദേശിക കൊള്ളസംഘത്തിന് നേതൃത്വം നൽകി. കന്നുകാലികളെ തട്ടിയെടുത്തും കച്ചവടസംഘങ്ങളെ കൊള്ളചെയ്തും വളർന്ന തിമൂർ പിന്നീടൊരു കൂലിപ്പടയാളിയായും കാലക്രമത്തിൽ മംഗോൾ സാമന്ത പ്രവിശ്യകളിലൊന്നിന്റെ സെെനികതലവനായും മാറി. മംഗോളിയർ ദുർബലരായതോടെ താൻ സെെന്യാധിപനായ ഖാനേറ്റിന്റെ നിയന്ത്രത്തിലുള്ള ഒരു പ്രദേശത്തിന്റെ ഭരണാധികാരിയായി. പിന്നീട് കാലങ്ങൾ കൊണ്ട് ചെങ്കിസ്ഖാന്റെ മംഗോളിയൻ സാമ്രാജ്യത്തിന് സമാനമായതല്ലെങ്കിലും അതിനോടടത്തുനിൽക്കുന്ന തിമൂറിഡ് സാമ്രാജ്യം സ്ഥാപിച്ചുർ. തന്റെ കണ്ണില്ലാത്ത ക്രൂരതയും തന്ത്രങ്ങളും അതിനുവേണ്ടി ഉപയോഗിച്ചു. തനിക്ക് ഒരു നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ചെങ്കിസ്ഖാനായിരുന്നു തിമൂറിന്റെ മാതൃകാപുരുഷൻ. ചഗതായ് രാജകുമാരിയും ചെങ്കിസ് ഖാന്റെ ചെറുമക്കളിലൊരാളുമായിരുന്ന സാറേ മുൽക്ക് ഖാനുമിനെ വിവാഹം ചെയ്ത് ചെങ്കിസ്ഖാന്റെ മംഗോൾ പിന്തുടർച്ച അവകാശപ്പെടുന്നുമുണ്ട് തിമൂർ. എന്നാൽ ചെങ്കിസ് ഖാന്റെ വംശത്തിൽ പെട്ടവനല്ലാത്തതുകൊണ്ട് മംഗോൾ ചക്രവർത്തി എന്ന സ്ഥാനം തിമൂറിന് ലഭിക്കുന്നില്ല.
മംഗോൾ സാമ്രാജ്യത്തിന് സമാനമായ സാമ്രാജ്യസ്ഥാപനം എന്ന തന്റെ ലക്ഷ്യം നേടാൻ തിമൂർ കൊന്നൊടുക്കിയത് 17 ദശലക്ഷം പേരെയാണെന്ന് ചരിത്രം പറയുന്നു. അന്നത്തെ ലോക ജനസംഖ്യയുടെ 5%.
തിമൂർ ഷഹ്രിസാബ്സിൽ നിന്ന് ആസ്ഥാനം സമർഖണ്ഡിലേക്ക് മാറ്റി. അതിനെ തന്റെ തലസ്ഥാനമാക്കിയശേഷം, സൈനിക അധിനിവേശങ്ങൾക്ക് തുടക്കം കുറിച്ചു. രക്തരൂക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ സെെനിക നടപടികൾ എന്നാണ് പറയപ്പെടുന്നത്. പേർഷ്യ, കോക്കസസ്, ഡൽഹി, ഡമാസ്കസ്, ബാഗ്ദാദ്, എല്ലാം തിമൂറിന്റെ വാളിന് മുൻപിൽ കീഴടങ്ങി. കൊള്ളയടിച്ച കനത്ത സമ്പത്തിനൊപ്പം കീഴടക്കിയ പ്രദേശങ്ങളിൽ നിന്നുള്ള വാസ്തുവിദ്യാ ശെെലികളും തിമൂർ സമർഖണ്ഡിലേക്കും ഷഹ്രിസാബ്സിലേക്കും കൊണ്ടുവന്നു. വാസ്തുവിദ്യ അദ്ദേഹത്തെ ആവേശിച്ചു. യുദ്ധം ചെയ്യാതിരുന്നപ്പോഴൊക്കെ പുതിയ നിർമിതികളുടെ ആലോചനകളിലും നിർമാണത്തിലും മുഴുകി തിമൂർ. യുദ്ധകാലാടിസ്ഥാനത്തിലാണ് ഈ നഗരങ്ങളിൽ പുതിയ നിർമിതികളുയർന്നത്. അതിനായി തിമൂർ നിശ്ചയിക്കുന്ന സമയപരിധിക്കൊപ്പമെത്താൻ ശിൽപ്പികൾ ഏറെ ബുദ്ധിമുട്ടി. പലപ്പോഴും പുതിയതായി പണികഴിപ്പിച്ച കെട്ടിടങ്ങൾ പൊളിച്ച് അവിടെ കൂടുതൽ വലിയ അളവുകളിൽ അവ പുനർനിർമിച്ചു. പലപ്പോഴും തിമൂർ നിർമാണത്തിന് നേരിട്ട് മേൽനോട്ടം വഹിച്ചു. ഉഗ്ര ശാസനകൾക്കൊപ്പം സമ്മാനങ്ങളും നല്ല ഭക്ഷണവും നൽകി തൊഴിലാളികളെ പ്രചോദിപ്പിക്കാനും ശ്രമിച്ചിരുന്നത്രേ. 1405-ൽ തിമൂർ മരിക്കുമ്പോഴേക്കും അദ്ദേഹം നിർമിച്ച പൂന്തോട്ടങ്ങളും കൊട്ടാരങ്ങളും മസ്ജിദുകളും ശവകുടീരങ്ങളും മറ്റും ചേർന്ന് ഒരു തനത് വാസ്തുവിദ്യാശെെലി സാമ്രാജ്യത്തിനകത്ത് വളർന്നുവന്നിരുന്നു. അതിന്റെ സ്വാധീനം പിന്നീട് മുഗളൻമാരിലൂടെ ഇന്ത്യയിലേക്കുമെത്തി.
മംഗോൾ സാമ്രാജ്യത്തിന് സമാനമായ സാമ്രാജ്യസ്ഥാപനം എന്ന തന്റെ ലക്ഷ്യം നേടാൻ തിമൂർ കൊന്നൊടുക്കിയത് 17 ദശലക്ഷം പേരെയാണെന്ന് ചരിത്രം പറയുന്നു. അന്നത്തെ ലോക ജനസംഖ്യയുടെ 5%. ഇന്നത്തെ ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ, കോക്കസസ് (അസർബൈജാൻ, ജോർജിയ, അർമേനിയ), മധ്യേഷ്യ (ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ), തുർക്കി, സിറിയ, പാക്കിസ്ഥാൻ ഉൾപ്പെടുന്ന ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വലിയൊരു പ്രദേശം തിമൂർ കീഴടക്കി. കുപ്രസിദ്ധമായ ക്രൂരതയിലെന്നപോലെ രാഷ്ട്രതന്ത്രത്തിലും അദ്വിതീയനായിരുന്നു തിമൂർ. മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന്റെ ഭാഗമായി 'ഇസ്‍ലാമിന്റെ വാൾ' എന്ന വിശേഷണം തിമൂർ സ്വയം സ്വീകരിച്ചു. ഇസ്‍ലാം ലോകത്തിന്റെ നേതൃത്വമേറ്റെടുക്കാൻ തിമൂർ ശ്രമിച്ചെങ്കിലും പ്രവാചകപരമ്പരയുമായി ഒരു ബന്ധവുമില്ലാത്തതിനാൽ ആ ശ്രമത്തിലും വിജയിക്കാനായില്ല.
തന്റെ സാമ്രാജത്വ വികസനമോഹങ്ങൾ നടപ്പിലാക്കാൻ തിമൂർ പലപ്പോഴും മതത്തിന്റെ മറ പറ്റി. 1398-ൽ ഡൽഹി ആക്രമിക്കാൻ കാരണമായി തിമൂർ പറഞ്ഞത് അക്കാലത്തെ ഡൽഹി സുൽത്താനായ മഹ്മൂദ് തുഗ്ലക്ക് ഹിന്ദു പ്രജകളോട് സൗമനസ്യത്തോടെ പെരുമാറുന്നു എന്നതായിരുന്നു.
സമാനതയില്ലാത്ത ക്രൂരതയാണ് തിമൂർ ഇന്ത്യയിൽ നടത്തിയത്. രാജ്യം പൂർണമായി കൊള്ളയടിക്കപ്പെട്ടു. കൂട്ടക്കൊല സെെനികരിൽ മാത്രമൊതുക്കിയില്ല. 1399-ൽ ബാഗ്ദാദ് (ഇറാഖ്) ആക്രമണ സമയത്ത് തിമൂർ തന്റെ സെെനികർക്ക് നൽകിയിരുന്ന കൽപ്പന, ഓരോ സൈനികനും തങ്ങൾ കൊല ചെയ്ത രണ്ട് ക്രിസ്ത്യനികളുടെയെങ്കിലും തലകൾ തന്നെ കാണിക്കണമെന്നായിരുന്നു. 1400-ൽ തിമൂർ ക്രിസ്ത്യൻ അർമേനിയയെയും ജോർജിയയെയും ആക്രമിച്ചു. പതിവുപോലെ കൂട്ടക്കൊലകൾ അവിടങ്ങളിലും അരങ്ങേറി. ശേഷിച്ച ജനസംഖ്യയിലെ, 60,000-ത്തോളം പേരാണ് അന്ന് അടിമകളായി പിടിക്കപ്പെട്ടത്.
തിമൂറിന്റെ കാലഘട്ടത്തിൽ പണികഴിക്കപ്പെട്ട ലോകോത്തര നിർമിതികളും സോവിയറ്റാനന്തര കാലത്ത് അദ്ദേഹത്തിനായി നിർമിച്ച എണ്ണമറ്റ സ്മാരകങ്ങളുമാണ് ഇന്നത്തെ ഉസ്ബെക്ക് കാഴ്ച്ചകളുടെ വലിയൊരു പങ്കും.
രക്തദാഹിയായിരിക്കുമ്പോഴും തിമൂറിന്റെ വാളിൽ നിന്ന് എല്ലായിപ്പോഴും രക്ഷപ്പെട്ടത് വാസ്തുശില്പികളും കലാകാരൻമാരുമായിരുന്നു. ഓരോ പ്രദേശം ആക്രമിച്ചു കീഴടക്കി കൂട്ടക്കൊലകൾ നടത്തുമ്പോഴും അവിടത്തെ വാസ്തുശില്പികളെയും കലാകാരൻമാരെയും അദ്ദേഹം ഒഴിവാക്കി. മടക്കയാത്രയിൽ അവരെ തനിക്കൊപ്പം കൂട്ടി. മാതൃനഗരം മോടിപിടിപ്പിക്കാനുള്ള ശ്രമങ്ങളിൽ അവരെ കൂടി പങ്കാളികളാക്കി. കലക്കൊപ്പം സാഹിത്യത്തിനും ശാസ്ത്രത്തിനും തിമൂറിന്റെ ഭരണകാലത്ത് സംരക്ഷണം നൽകപ്പെട്ടു. താൻ സ്ഥാപിച്ച വിശാലമായൊരു പ്രദേശത്തിന്റെ ഭരണനിർവ്വഹണത്തിനായി ഒരു നിയമസംഹിംത തിമൂറിന്റെ നിർദ്ദേശങ്ങളോടെ എഴുതി തയ്യാറാക്കപ്പെട്ടു. സമർഖണ്ഡ് പോലുള്ള സ്വന്തം സ്ഥലങ്ങളിൽ കലയും വാസ്തുശില്പവും വൻതോതിൽ പോഷിപ്പിക്കപ്പെട്ടതുകൊണ്ട് കലയുടെയും സംസ്ക്കാരത്തിന്റെയും സംരക്ഷകനായി തിമൂറിനെ വാഴ്ത്തിപ്പാടുന്നുണ്ട് ഇന്നത്തെ ഉസ്ബെക്ക് പ്രചാരണസംവിധാനങ്ങൾ. എന്നാൽ കീഴടക്കിയ സ്ഥലങ്ങളിലെ അമൂല്യമായ മുഴുവൻ വാസ്തുനിർമിതികളും കല്ലിൻമേൽ കല്ലില്ലാത്ത വിധം തകർത്താണ്, കലയെയും സംസ്ക്കാരത്തെയുമൊക്കെ നശിപ്പിച്ചാണ് തിമൂർ മടങ്ങിയത്. തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സമർഖണ്ഡിനെ ഏഷ്യയിലെ ഏറ്റവും മനോഹരമായ നഗരമാക്കാൻ പരിശ്രമിക്കുമ്പോൾ തന്നെ ഇറാനിലെയും ഇറാഖിലേയും മറ്റനേകം പ്രദേശങ്ങളിലെയും അമൂല്യമായ വാസ്തു നിർമിതികൾ നശിപ്പിക്കുക കൂടി ചെയ്തു അദ്ദേഹം.
1405-ൽ ചെെന കീഴടക്കാനുള്ള യാത്രക്കിടയിലാണ് തിമൂർ മരിക്കുന്നത്. മരണശേഷം പിൻമുറക്കാർ തമ്മിലുള്ള അധികാര വടംവലികൾക്കിടയിൽ ഒരു നൂറ്റാണ്ടു കാലത്തോളം തിമൂറിഡ് സാമാജ്ര്യം നിലനിന്നു. തിമൂർ ഉണ്ടാക്കിയെടുത്ത അന്തരീക്ഷത്തിൽ വളർന്ന കലയും ശാസ്ത്രവും സംസ്ക്കാരവുമൊക്കെ ഇക്കാലയളവിൽ പുഷ്ടിപ്പെട്ടു. ശേഷം തിമൂർ സാമാജ്രം തകർന്നു പോകുകയും പിൻമുറക്കാരിലൊരാളായ ബാബർ കാബൂൾ വഴി ഇന്ത്യയിലെത്തുകയും മുഗൾ സാമ്രാജ്യത്തിന് തുടക്കമിടുകയും ചെയ്തു. ഒരിക്കൽ തിമൂറിനാൽ തകർപ്പെട്ട ഡൽഹി പിന്നീട് തിമൂറിന്റെ തന്നെ പരമ്പരയിലൂടെ പ്രൗഢി വീണ്ടെടുത്തത് കാലത്തിന്റെ മറ്റൊരു കാവ്യനീതി.
യുദ്ധങ്ങളെയെല്ലാം അദ്ദേഹം ജിഹാദായി പ്രഖ്യാപിച്ചു. അമുസ്‍ലിം ജനവിഭാഗങ്ങൾക്കുനേരെ കണ്ണില്ലാത്ത ക്രൂരതകൾ നടത്തി. കീഴടക്കിയ പ്രദേശങ്ങളിലെ ജനങ്ങളെയും ചെങ്കിസ്ഖാന്റെ ബോർജിജിൻ ഗോത്രമുൾപ്പടെ മിക്ക മംഗോൾ ഗോത്രങ്ങളെയും ഇസ്‍ലാമിലേക്ക് മാറ്റി. മുസ്‍ലിം മതപണ്ഡിതരുമായി നല്ല ബന്ധം പുലർത്തി. പ്രവാചകപരമ്പരയിൽ പെട്ടവരെ ബഹുമാനിച്ചു. അതോടൊപ്പം, മംഗോൾ ഗോത്രപാരമ്പര്യത്തിന്റെ ഭാഗമായ അനിസ്‍ലാമിക ചര്യകൾ പലതും തിമൂർ പിന്തുടർന്നിരുന്നു. ഇസ്‌ലാമിക ശരീഅത്തിനുപകരം ചെങ്കിസ് ഖാന്റെ നിയമസംഹിതയായ 'യാസ്സ' ക്കായിരുന്ന തിമൂർ പ്രാധാന്യം കൊടുത്തിരുന്നത്. ആഘോഷാവസരങ്ങളിൽ തിമൂർ തന്റെ സദസ്സിൽ മദ്യം വിളമ്പിയിരുന്നു. ജോതിഷികളുടെ ഉപദേശപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ പല നീക്കങ്ങളും. തന്റെ സെെനിക മുന്നേറ്റങ്ങൾക്കിടയിൽ പല മുസ്‍ലിം ഭരണാധികാരികളെയും അദ്ദേഹം ആക്രമിച്ചു. ആ പ്രദേശങ്ങളിലൊക്കെ കൂട്ടക്കൊലകൾ നടത്തി. ഇസ്‍ലാം സമൂഹം സവിശേഷസ്ഥാനം നൽകി ആദരിക്കുന്ന ഓട്ടോമൻ സുൽത്താനെ തടവിലാക്കി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. തിമൂർ സ്വയം ഇസ്‍ലാമിന്റെ സംരക്ഷകവേഷമണിഞ്ഞിരുന്നെങ്കിലും ഇസ്‍ലാമിക ചരിത്രകാരൻമാർ തിമൂറിനെ ഒരു യഥാർത്ഥ ഇസ്‍ലാം ഭരണാധികാരിയായി കാണുന്നില്ല.
പഴമയുടെ ചൂടും ചൂരും ഒട്ടും ബാക്കിവെക്കാതെ നടത്തിയ ആ സൗന്ദര്യവൽക്കരണശ്രമങ്ങൾ യുനസ്ക്കോയെ ഏറെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നും പെെതൃക പട്ടികയിൽ ഷഹ്രിസാബ്സിനെ ഉൾപ്പെടുത്തിയ നടപടി പിൻവലിക്കാൻ വരെ അവരാലോചിച്ചിരുന്നെന്നും വായിച്ചിരുന്നു.
1402-ൽ അങ്കാറ യുദ്ധത്തിലാണ് തിമൂർ ഓട്ടോമൻ സാമ്രാജ്യം കീഴടക്കുകയും സുൽത്താനായ ബയേസിദിനെ തടവിലാക്കുകയും ചെയ്യുന്നത്. ഒടുവിൽ തിമൂറിന്റെ തടവറയിൽ കിടന്നാണ് ബയോസിദ് മരിക്കുന്നത്. ബയോസിദിനെ ഒരു കൂട്ടിലിട്ട് താൻ പോകുന്ന പ്രദേശങ്ങളിലേക്കൊക്കെ കൂടെ കൊണ്ടു പോയി അപമാനിതനാക്കുന്ന പതിവുമുണ്ടായിരുന്നു തിമൂറിന്. പല ഏഷ്യൻ പ്രദേശങ്ങളെയും ക്രെെസ്തവമുക്തമാക്കിയ ഭരണാധികാരിയായിരുന്നു തിമൂറെങ്കിലും ഓട്ടോമാൻ സുൽത്താനെ പരാജയപ്പെടുത്തിയതോടെ യൂറോപ്പിന് അദ്ദേഹം സ്വീകാര്യനായി.
തിമൂർ യുക്തിക്കും പ്രായോഗികതക്കും പ്രാധാന്യം കൊടുത്തിരുന്ന അവിശ്വാസിയായിരുന്നെന്നും എന്നാൽ തന്റെ യുദ്ധവിജയങ്ങൾക്കും സുശക്തമായ സാമ്രാജ്യസ്ഥാപനം എന്ന ലക്ഷ്യത്തിനും വേണ്ടി മതത്തെ ഉപയോഗിക്കുകയായിരുന്നെന്നും ഒരു വാദമുണ്ട്. എന്തായാലും തന്റെ ലക്ഷ്യങ്ങൾ നേടാനുള്ള ഒരു ഉപകരണമായി തിമൂർ മതത്തെ ഉപയോഗിച്ചു. പലപ്പോഴും ശത്രുക്കൾക്കെതിരായ ഒരായുധമായി അതിനെ സമർത്ഥമായി പ്രയോഗിച്ചു.
ഉസ്ബെക്കുക്കാർ വീരനായകനായി കൊണ്ടാടുകയും ഉസ്ബെക്കിനുപുറത്ത് പലയിടത്തും വെറുക്കപ്പെടുകയും ചെയ്യുന്ന ഈ വിവാദപുരുഷൻ പക്ഷെ ലോകചരിത്രത്തിൽ അവഗണിക്കാനാകാത്ത ഒരു സ്ഥാനം ബാക്കിയാക്കി അരഞ്ഞൊഴിഞ്ഞ ഭരണാധികാരിയാണ്.
ഉസ്ബെക്ക് യാത്രയിൽ പലയിടത്തും വെച്ച് ഞങ്ങൾ അമർ തിമൂറുമായി സന്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പണികഴിക്കപ്പെട്ട ലോകോത്തര നിർമിതികളും സോവിയറ്റാനന്തര കാലത്ത് അദ്ദേഹത്തിനായി നിർമിച്ച എണ്ണമറ്റ സ്മാരകങ്ങളുമാണ് ഇന്നത്തെ ഉസ്ബെക്ക് കാഴ്ച്ചകളുടെ വലിയൊരു പങ്കും. തിമൂറിന്റെ ജന്മനാടായ ഷഹ്രിസാബ്സിൽ അത് പക്ഷെ അങ്ങനെയാകാതിരിക്കാൻ വഴിയില്ലല്ലോ എന്നാലോചിച്ച് ഒരിക്കൽ കൂടി തിമൂർ പ്രതിമക്ക് മുൻപിൽ നിന്ന് ഫോട്ടോയെടുത്തു ഞങ്ങൾ. കൊട്ടാരാവശിഷ്ടങ്ങൾക്കുചുറ്റും മുൻപ് ജനവാസ കേന്ദങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്നവിടെ പക്ഷെ അവിടെയാക്കെ ഒരു ഉദ്യാനമാക്കി മാറ്റിയിരിക്കുന്നു.
തിമൂർ പ്രതിമയിൽ നിന്നാരംഭിച്ച് നേർരേഖയിൽ നീണ്ട് കിടക്കുന്ന ഈ സെൻട്രൽ പാർക്കെന്ന ഈ ഉദ്യാനത്തിൽ പച്ചപ്പിനേക്കാൾ മുന്നിട്ടുനിൽക്കുന്നത് അതിനു ചുറ്റുമുള്ള സിമന്റ്- കോൺക്രീറ്റ് ചമയങ്ങളാണ്. ഉച്ചസമയത്തെ ആ വെയിലിന് നല്ല ചൂടുണ്ട്. ചില ഉദ്യാനപാലകരും ഒറ്റപ്പെട്ട ചില സന്ദർശകരുമൊഴിച്ചാൽ തികച്ചും വിജനമാണ് അവിടെയൊക്കെ. ഇതിന് ചുറ്റുമായി മൂന്ന് കിലോമീറ്ററിനുള്ളിലാണ് ഷഹ്രിസാബ്സിലെ പ്രധാന കാഴ്ച്ചകൾ. അത് തേടിനടക്കുന്നതിനിടയിലാണ് ഞങ്ങളവിടെ തനിച്ചല്ലെന്നും ചെടികളുടെ മറവുപറ്റി പലയിടത്തും കൗമാരക്കാരായ കമിതാക്കൾ കൂടിയുണ്ടെന്നും അറിയുന്നത്.
ഉദ്യാനത്തിന്റെ നടുവിലുടെ പോകുന്ന പ്രധാന നടവഴിയിലേക്കഭിമുഖമായി ചിലയിടത്തൊക്കെ ലഘുഭക്ഷണശാലകളുണ്ട്. അവിടെനിന്ന് കുപ്പിവെള്ളം വാങ്ങി ഷഹ്രിസാബ്സിലെ കാഴ്ച്ചകളന്വേഷിച്ച് മുന്നോട്ട് നടന്നു. പഴമയുടെ ചൂടും ചൂരും ഒട്ടും ബാക്കിവെക്കാതെ നടത്തിയ ആ സൗന്ദര്യവൽക്കരണശ്രമങ്ങൾ യുനസ്ക്കോയെ ഏറെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നും പെെതൃക പട്ടികയിൽ ഷഹ്രിസാബ്സിനെ ഉൾപ്പെടുത്തിയ നടപടി പിൻവലിക്കാൻ വരെ അവരാലോചിച്ചിരുന്നെന്നും വായിച്ചിരുന്നു. ഷഹ്രിസാബ്സിലെ വിശാലമായൊരു പ്രദേശത്തെ മധ്യകാല നഗരപ്രകൃതി പൂർണമായും ഇല്ലാതാക്കിയാണ് 3 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഇത്തരമൊരു ഉദ്യാനം ഇവിടെ സ്ഥാപിച്ചതത്രെ. അകലെയായി ഒരു പള്ളിമിന്നാരം കാണുന്നുണ്ട്. നീല സെറാമിക് ടൈലുകൾ കൊണ്ട് പൊതിഞ്ഞ ആ കൂറ്റൻ താഴികക്കുടം ഷഹ്രിസാബ്സിലെ ഏറ്റവും വലിയ വെള്ളിയാഴ്ച പള്ളിയായ കോക്ക്- ഗുംബസ് മസ്ജിദിന്റേതാണ്. കോക്ക്-ഗുംബസ് എന്നാൽ നീല താഴികക്കുടം എന്നാണർത്ഥം. അവിടം ലക്ഷ്യമാക്കി യാത്ര തുടർന്നു.
(തുടരും)