ബീബി ഖാനിം പള്ളി

അപൂർണതയുടെ ചേലുള്ള
ബീബി ഖാനിം പള്ളി

ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം: 12

തീവ വൃത്തിയോടെ പരിപാലിക്കപ്പെട്ടതാണ് ട്രെയിനിന്റെ ഉൾവശം. യൂണിഫോം ധരിച്ച പരിചാരകർ യാത്രികരെ സീറ്റുകൾ കണ്ടെത്തുന്നതിനും ലഗേജുകൾ മുകളിലെ തട്ടുകളിൽ നിക്ഷേപിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഒരു ബജറ്റ് ഫ്ലൈറ്റിനേക്കാൾ സൗകര്യപ്രദമായാണ് ഇരിപ്പിടങ്ങളുടെ വിന്യാസവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. വിശാലമായ ചില്ലുജാലകങ്ങളിലൂടെ ഉസ്ബെക്ക് ഗ്രാമക്കാഴ്ച്ചകൾ അതിവേഗം പുറകോട്ട് ഓടിമറയുന്നുണ്ട്. ട്രെയിനിൽ തന്നെ ഒരു പാൻട്രി കാറുണ്ട്. അവിടെ നിന്നുള്ള ജോലിക്കാർ യാത്രികരിൽനിന്ന് ഭക്ഷണത്തിനുള്ള ഓർഡർ എടുത്തുകൊണ്ടിരിക്കുന്നു. പാൻട്രിയിൽ ചെന്നിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള സജ്ജീകരണങ്ങളുമുണ്ട്. ഫസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസ് യാത്രികർക്ക് സൗജന്യമായി ലഘുഭക്ഷണം ലഭ്യമാണ്. ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്ന ഇബ്രാഹിമും ഞാനും പണം നൽകി ഓരോ ഐസ്‌ക്രീം വാങ്ങി കഴിച്ചു. ബുഖാരയക്കും സമർഖണ്ഡിനും ഇടയിലുള്ള ഏക സ്റ്റോപ്പായ നവോയ് സ്റ്റേഷൻ പിന്നിട്ട് വണ്ടി യാത്ര തുടർന്നു. ഇബ്രാഹിം തന്റെ ലാപ്പ്ടോപ്പ് തുറന്ന് കണക്കുകളുടെ ലോകത്തേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു.

2016-ലെ തിരഞ്ഞെടുപ്പിലെ മിർസിയോയെവിന്റെ വാഗ്ദാനമായിരുന്നു സമർഖണ്ഡിലെ ട്രാം. മിർസിയോവ് അധികാരത്തിലെത്തിയതോടെ അതിവേഗം ആരംഭിച്ച പുതിയ ട്രാം പദ്ധതി 2017-ൽ കമീഷൻ ചെയ്യപ്പെട്ടു.

പറഞ്ഞ സമയത്തുതന്നെ ബുള്ളറ്റ് ട്രെയിൻ സമർഖണ്ഡിലെത്തി. മനോഹരമാണ് സ്റ്റേഷൻ. സ്വദേശികൾക്കൊപ്പം നിരവധി വിദേശ ടൂറിസ്റ്റുകളും സ്റ്റേഷനിലുണ്ടായിരുന്നു. ട്രെയിൻ ഇനി പോകുന്നത് താഷ്കെന്റിലേക്കാണ്, അങ്ങോട്ടുള്ളവരാണ് അവർ. ഉസ്ബെക്കുകാരുടെ അഭിമാനമായ, അഫ്രോസിയോബ് എന്ന ഈ അതിവേഗ തീവണ്ടി ഉസ്ബെക്ക് വിനോദസഞ്ചാരരംഗത്തെ കാര്യമായി സഹായിക്കുന്നുണ്ട്. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ ടൂറിസം വ്യവസായത്തിന് കെ റെയിൽ പോലുള്ള ഒരു പദ്ധതി വരുംകാലങ്ങളിൽ എത്രമാത്രം അത്യന്താപേക്ഷിതമാണെന്ന ബോധ്യം ഒന്നു കൂടി ഉറപ്പിക്കുന്നതായിരുന്നു ഈ യാത്ര. പാരിസ്ഥിതികാഘാതങ്ങളും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പരമാവധി കുറച്ച് സമവായത്തോടെ ഇത്തരമൊരു പദ്ധതി നടപ്പിലാക്കാൻ നമുക്കായാൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് വേഗത്തിലും കൂടുതൽ സൗകര്യപ്രദമായും സഞ്ചരിക്കാൻ കഴിയും. അത് നമ്മുടെ ടൂറിസം മേഖലക്ക് വലിയ ഉത്തേജനം നൽകും. ജനസാന്ദ്രതയും വിഭവപരിമിതിയും മുൻഗണനയുമൊക്കെ വിഷയമാണെങ്കിലും ഇന്നല്ലെങ്കിൽ നാളെ ഇത്തരമൊരു പദ്ധതി നടപ്പിലാക്കാതിരിക്കാൻ നമുക്കാവില്ല.

സമർഖണ്ഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രാമിൽ കയറിയാകാം രജിസ്താൻ ചത്വരമടക്കമുള്ള ചരിത്രശേഷിപ്പുകളിലേക്കുള്ള യാത്ര എന്ന് മുന്നേ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഉസ്ബെക്കിലെ എല്ലാ ഗതാഗത സംവിധാനങ്ങളും പരീക്ഷിക്കണമല്ലോ. റെയിൽവേ സ്റ്റേഷനു മുൻപിൽ നിന്നു തന്നെയാണ് ട്രാം പുറപ്പെടുന്നത്. ട്രാമിൽ കയറാനുള്ള ഞങ്ങളുടെ ശ്രമത്തെ റെയിൽവേ സ്റ്റേഷനു മുൻപിലുണ്ടായിരുന്ന ടാക്സിക്കാർ പരമാവധി നിരുത്സാഹപ്പെടുത്തി. ട്രാം സ്റ്റേഷനിലെ ഏക ഉദ്യോഗസ്ഥനും ഞങ്ങളുടെ ചോദ്യങ്ങളോട് കാര്യമായി പ്രതികരിക്കാതെ ടാക്സികൾ ചൂണ്ടിക്കാണിച്ചുതന്നു. പക്ഷെ ഞങ്ങൾ ട്രാമിൽ കയറിയിരുന്നു. സോവിയറ്റ് കാലത്ത് 1924-ലാണ് സമർഖണ്ഡിൽ ട്രാം സ്ഥാപിതമാകുന്നത്. നീരാവി ഉപയോഗിച്ച് പ്രവർത്തിക്കുന്നവയായിരുന്നു അവ. 1947-ൽ ട്രാമുകൾ വെെദ്യുതീകരിക്കപ്പെട്ടു. 1973-ൽ ട്രാം സർവ്വീസ് നിർത്തി. പാരമ്പര്യത്തെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി 2017-ലാണ് സമർഖണ്ഡിൽ ട്രാം സർവ്വീസ് പുനരാരംഭിക്കുന്നത്. 2016-ലെ തിരഞ്ഞെടുപ്പിലെ മിർസിയോയെവിന്റെ വാഗ്ദാനമായിരുന്നു സമർഖണ്ഡിലെ ട്രാം. മിർസിയോവ് അധികാരത്തിലെത്തിയതോടെ അതിവേഗം ആരംഭിച്ച പുതിയ ട്രാം പദ്ധതി 2017-ൽ കമീഷൻ ചെയ്യപ്പെട്ടു.

സമർഖണ്ഡിലെ ട്രാം

പുറപ്പെടാറായപ്പോഴേക്കും ട്രാം നിറഞ്ഞു. നഗരപാതകൾക്ക് നടുവിലൂടെയുള്ള പാളങ്ങളിലൂടെ വെെദ്യുത ട്രാം പതുക്കെ നീങ്ങി തുടങ്ങി. ട്രാമിൽ വെച്ച് പരിചയപ്പെട്ട ഒരു ഉസ്ബെക്ക് വെെദ്യവിദ്യാർത്ഥി ഞങ്ങൾക്ക് താമസിക്കാനുള്ള ഹോട്ടൽ വിലാസം പരിശോധിച്ച്, അവിടേക്ക് അവസാന സ്റ്റോപ്പിലിറങ്ങി വളരെ ദൂരം നടക്കേണ്ടതുണ്ടെന്ന് പറഞ്ഞു. ബാക്ക്പാക്കുകാരായ ഞങ്ങൾക്ക് പക്ഷെ നേരിട്ട് ഹോട്ടലിലേക്ക് പോകേണ്ടതില്ല. നീണ്ട ഉസ്ബക്ക് പകലിന്റെ ആനുകൂല്യം പരമാവധി മുതലെടുത്ത് പറ്റാവുന്നിടത്തോളം ചരിത്രസ്മാരകങ്ങൾ കണ്ടശേഷം മുറിയിലെത്താമെന്നായിരുന്നു തീരുമാനം. അങ്ങനെയെങ്കിൽ അവസാന ട്രാം സ്റ്റോപ്പിലിറങ്ങി ഒരു ടാക്സി പിടിച്ച് രജിസ്താൻ സ്വകയറിലേക്ക് പോകാനും അവിടെ നിന്ന് മറ്റൊരു ടാക്സിയിൽ മുറിയിലേക്ക് പോകാനും അയാൾ ഞങ്ങളെ ഉപദേശിച്ചു.

ട്രാമിൽ ഒരു യാത്ര

എന്റെ അരികിൽ വന്നിരുന്ന ഉയരം കൂടിയ മെലിഞ്ഞ ഉസ്ബെക്ക് മധ്യവയസക്കൻ സൗഹൃദഭാവത്തിൽ എന്തൊക്കയോ ചോദിക്കാൻ തുടങ്ങി. മദ്യ ലഹരിയിലാണ് മൂപ്പരെന്ന് താമസിക്കാതെ മനസ്സിലായി. ട്രാം കുറേ മുന്നോട്ടുപോയപ്പോൾ വലതു വശത്തായി അകലെ ഭീമാകാരമായൊരു നിർമിതി കണ്ടു തുടങ്ങി. അടുത്ത സ്റ്റോപ്പിലിറങ്ങി അങ്ങോട്ട് നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. ട്രാമിറങ്ങിയത് കുറച്ച് ഇന്ത്യൻ മുഖങ്ങൾക്കു മുന്നിലേക്കാണ്. ആന്ധ്രക്കാരായ അഞ്ച് മെഡിക്കൽ വിദ്യാർത്ഥിനികൾ. സമർഖണ്ഡിൽ തന്നെയുള്ള ഒരു മെഡിക്കൽ കോളേജിൽ പഠിക്കുന്ന അവർ ഷോപ്പിങ്ങിനിറങ്ങിയതാണ്. മലയാളികളും കോളേജിൽ പഠിതാക്കളായുണ്ടെന്ന് അവർ പറഞ്ഞു. ദൂരെ കണ്ട ആ നിർമിതി ബീബി ഖാനിം പള്ളിയാണെന്നും അവിടെനിന്ന് ദൂരമുണ്ടെങ്കിലും റജിസ്താൻ സ്വകയറിലേക്കും നടന്ന് പോകാവുന്നതാണെന്നും അവരിൽ നിന്നറിഞ്ഞു.

ബീബി ഖാനിം പള്ളി

അവരെ പിരിഞ്ഞ് വലിയ താഴികക്കുടങ്ങൾ കാണുന്ന ദിശ ലക്ഷ്യമാക്കി ഞങ്ങൾ നടന്നുതുടങ്ങി. ഒരു ചെറിയ മാർക്കറ്റും ചില ഇടവഴികളും പിന്നിട്ട്  അവസാനം ഞങ്ങൾ ഒരു വലിയ ഉയരമുള്ള മതിൽക്കെട്ടിനരികിലെത്തി. അതിനപ്പുറമായി മിന്നാരങ്ങളും താഴികക്കുടങ്ങളും കാണാം. ആ മതിലിനെ വലം വെച്ച് മുൻവശത്തെത്തി. ബുഖാറയിൽ കണ്ട എല്ലാ നിർമിതികളേക്കാളും ഉയരമുണ്ടായിരുന്നു അതിന്റെ കവാടത്തിന്. തിമൂറിന്റെ പ്രഥമ പത്നിയായ സാറേ മുൽക്ക് ഖാനുമിന്റെ മുൻകെെയിൽ നിർമിച്ചതായതുകൊണ്ടാണ് ബീബീ ഖാനിം എന്ന പേരു വന്നത്. റോഡിൽ നിന്ന് താഴേക്കിറങ്ങുന്ന പടിക്കെട്ടിൽ ആ നിർമിതിയുടെ വലുപ്പം നോക്കി വിസ്മയാവഹരായി കുറച്ചുനേരം നോക്കി നിന്നു ഞങ്ങൾ. തിമൂറിഡ് നവോത്ഥാനകാലത്തെ ഏറ്റവും വലുതും ഗംഭീരവുമായ പള്ളിയായാണിത് കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ ആക്രമണത്തിന് ശേഷം 1399-ലാണ് തിമൂർ ഇത്തരമൊരു പള്ളി നിർമിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ നിർമാണത്തിലെ സമഗ്രതയില്ലായ്മയും തിടുക്കവും മൂലം തകർന്നു വീണ ബീബി ഖാനിം പലപ്പോഴായി പുനർനിർമിക്കപ്പെട്ടെങ്കിലും പൂർണമായി ശരിയാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. അവസാനത്തെ ബൃഹത്തായ പുനർനിർമാണം നടന്നത് സോവിയറ്റ് കാലഘട്ടത്തിലായിരുന്നു.

ബീബി ഖാനിം പള്ളി

ബീബി ഖാനിം പള്ളിയുടെ അപൂർണതയുടെ പുറകിൽ രസകരമായൊരു കഥയുണ്ട്. തിമൂർ പുതിയ ദേശങ്ങൾ കീഴടക്കാനുള്ള പടയോട്ടത്തിലായിരുന്നു. പള്ളിയുടെ നിർമാണ മേൽനോട്ടം ബീബിക്കായിരുന്നു. നിർമാണത്തിൽ മുഖ്യശില്പി മനപൂർവ്വം കാലതാമസം വരുത്തുന്നതായി ബീബിക്ക് മനസ്സിലായി. വിളിച്ചന്വേഷിച്ചപ്പോൾ ശില്പി സത്യം പറഞ്ഞു. പണി കഴിഞ്ഞാൽ പിന്നെ ബീബിയെ കാണാനികില്ല എന്നതുകൊണ്ടാണ് പണി വെെകിപ്പിക്കുന്നത്. രാജ്ഞിയെ ഒന്നു ചുംബിക്കാനനുവദിക്കുകയാണെങ്കിൽ പണി വേഗം പൂർത്തിയാക്കാം. രാജ്ഞി ആദ്യം എതിർത്തെങ്കിലും പണി പൂർത്തിയായി കാണാനുള്ള ആഗ്രഹം കൊണ്ട് പിന്നീട് ശില്പിയുടെ ആവശ്യം അനുവദിച്ചുകൊടുത്തു പക്ഷെ പ്രേമത്താൽ കണ്ണുകാണാതായിപ്പോയ ആ ശില്പിയുടെ ചുംബനത്തിന്റെ ബാക്കിയായി ദന്തക്ഷതങ്ങൾ ബീബിയുടെ കവിളിൽ ശേഷിച്ചു. പടയോട്ടം കഴിഞ്ഞ് തിരിച്ചെത്തിയ തിമൂർ ഇതു കാണുകയും രാജ്ഞി നടന്ന സംഭവങ്ങൾ പറയുകയും ചെയ്തു. താമസിക്കാതെ തന്നെ ശില്പിയുടെ തല നഷ്ടമായി. മുഖ്യ വാസ്തുശില്പി കൊല്ലപ്പെട്ടതിനെ തുടർന്ന് പലരും നിർമാണചുമതല ഏറ്റെടുത്തെങ്കിലും പണി വേണ്ടും വിധം പൂർത്തീകരിക്കാനായില്ല എന്നാണ് വിശ്വാസം.

ലോകം കണ്ട ഏറ്റവും വലിയ ക്രൂരൻമാരിലൊരാളായ തിമൂറിന്റെ പ്രധാന രാജ്ഞിയോട് ചുംബനം ആവശ്യപ്പെടാൻ മാത്രം ധെെര്യശാലിയായ ആ ശില്പിയെക്കുറിച്ചും അയാളെ അത്രമാത്രം മോഹിപ്പിച്ച ബീബിയുടെ സൗന്ദര്യത്തെക്കുറിച്ചും ആലോചിച്ചും ചുറ്റുമുള്ള കാഴ്ച്ചകൾ കണ്ടും അൽപനേരം ബീബി ഖാനം പള്ളിയുടെ നടമുറ്റത്തെ കൽബഞ്ചിലിരുന്നു. ഇബ്രാഹിം ചിത്രങ്ങളെടുക്കുന്നുണ്ട്. നടുമുറ്റത്തിന്റെ ഒരു കോണിലായി കല്ലുകൊണ്ടുള്ള വലിയൊരു ഖുറാൻ സ്റ്റാൻഡുണ്ട്. ബീബി ഖാനിം പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് റോഡിനപ്പുറം അൽപം മാറിയാണ് ബീബി ഖാനിം ശവകൂടീരം. പള്ളിയിൽ നിന്ന് പുറത്തിറങ്ങി ഞങ്ങൾ അങ്ങോട്ടു നടന്നു. ബീബിഖാനിം ഉൾപ്പടെയുള്ള നിർമിതികൾക്കുവേണ്ട കൽപാളികളും മാർബിളുമൊക്കെ വലിച്ചുകൊണ്ടുപോകുന്നതിനുവേണ്ടി തിമൂർ ഇന്ത്യയിൽ നിന്ന് 95 ആനകളെ കൊണ്ടു വന്നിരുന്നത്രെ. തന്റെ നഗരത്തെ ലോകത്തിന്റെ കേന്ദ്രമാക്കാൻ വേണ്ടി താൻ കീഴടിക്കിയ പ്രദേശങ്ങളിൽ നിന്നുള്ള അളവറ്റ ധനവും കരകൗശലവസ്തുക്കളും വിഭവങ്ങളും കൊണ്ടുവന്നതിനൊപ്പം അവിടെ നിന്നുള്ള കലാകാരൻമാരെയും ശില്പികളെയും കൂടെ കൂട്ടി തിമൂർ. എന്നിട്ടും പൂർത്തിയാക്കാൻ കഴിയാതെ പോയി ബീബി ഖാനിം മസ്ജിദ്.

ബീബി ഖാനിം പള്ളിയി​ലെ മഖ്ബറ

പോക്കുവെയിലിന്റെ പ്രകാശത്തിൽ ബീബി ഖാനിം ശവകുടീരത്തിന്റെ ദൂരക്കാഴ്ച്ച മനോഹരമായിരുന്നു. തിമൂറിഡ് കാലത്തും അതിനുശേഷവുമുള്ള രാജകുടുംബത്തിലെ സ്ത്രീകളുടെ ശവകുടീരമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ബീബി ഖാനിം എന്ന സാറേ മുൽക്ക് ഖാനിമിന്റെ അമ്മയെയാണ് ആദ്യം ഇവിടെ അടക്കിയത് എന്ന് പറയപ്പെടുന്നു. മറ്റുള്ളവർ അവരുടെ ബന്ധുക്കളും രാജകുടുംബത്തിലെ സ്ത്രീകളുമാണ്. കെട്ടിടത്തിനുള്ളിൽ തറനിരപ്പിൽ നിന്ന് താഴേക്ക് ചുറ്റുപടികളിറങ്ങി വേണം ശവകുടീരങ്ങൾക്കടുത്തെത്താൻ. ഞങ്ങളവിടെ എത്തുമ്പോഴേക്കും പകൽ സമയത്തെ കൂടീരത്തിന്റെ സൂക്ഷിപ്പുകാരിയായ മധ്യവയസ്ക്ക ജോലി അവസാനിപ്പിച്ച് മടങ്ങാൻ തുടങ്ങിയിരുന്നു. പ്രവേശനത്തിനുള്ള തുക വാങ്ങി കെട്ടിടത്തിന്റെ കാവൽക്കാരനോട് ഞങ്ങളെ അവിടം കാണിക്കാനാവശ്യപ്പെട്ട് അവർ യാത്രയായി. 14-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ  മക്ബറയുടെ വളപ്പിൽ തന്നെ പിന്നീട് ഒരു മദ്രസ കൂടി സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് പേർഷ്യൻ ആക്രമണത്തിൽ ഇത് നശിപ്പിക്കപ്പെട്ടു. ബീബിഖാനിം മക്ബറ കെട്ടിടത്തിന്റെ വരാന്തയിൽ നിന്നു നോക്കിയാൽ ബീബി ഖാനിം മസ്ജിദിന്റെ ഗാംഭീര്യമാർന്ന കാഴ്ച്ച കാണാം. അൽപനേരം അവിടെ ചെലവഴിച്ച് ഞങ്ങൾ രജിസ്ഥാൻ സ്വകയറിലേക്ക് നടന്നു തുടങ്ങി. ബീബി ഖാനിം പള്ളിയുടെ മുൻപിൽ നിന്ന് ഉസ്ബെക്കിസ്ഥാന്റെ പ്രധാന ലാൻഡ് മാർക്കായ രജിസ്ഥാൻ ചത്വരത്തിലേക്ക്  ഒന്നരകിലേമീറ്ററോളം ദൂരമുണ്ട്. ആ നിരത്തത്രയും കല്ലുപാകി മനോഹരമാക്കിയതാണ്. ഈ നിരത്തിന് ഇരുവശത്തുമായി വിനോദസഞ്ചാരികൾക്കുള്ള ഹോട്ടലുകളും റെസ്റ്റോറന്റുകളും സുവനീർ കടകളുമുണ്ട്.

രജിസ്ഥാൻ ചത്വരം

ഒരു ഉത്സവസ്ഥലത്തേക്കുള്ള പാതയിലെന്നപോലെ ഉല്ലാസത്തോടെ ആളുകൾ രജിസ്ഥാൻ ദിശയിലേക്കും തിരിച്ചും നടക്കുന്നുണ്ട്. നടന്നു കച്ചവടം ചെയ്യുന്നവർ ബലൂണുകളും പാനീയങ്ങളും ഭക്ഷ്യവസ്തുക്കളുമൊക്കെയായി ആളുകളെ സമീപിക്കുന്നു. കുറച്ചുദൂരം മുന്നോട്ട് ചെന്നപ്പോൾ വലതുവശത്തായി ഒരു വലിയ ഉദ്യാനം കണ്ടു. അതിന്റെ മുൻവശത്തു തന്നെയായി ഇസ്‍ലാം കരിമോവിന്റെ ഒരു വലിയ പ്രതിമയുണ്ട്. പ്രതിമക്ക് മുൻപിൽ നിന്ന് ഫോട്ടോകളെടുത്ത് രജിസ്ഥാനിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. താമസിക്കാതെ ഉസ്ബെക്കിന്റെ ദേശീയപ്രതീകമായ ആ ചരിത്രസ്മാരകം കണ്ടു തുടങ്ങി. രജിസ്ഥാൻ വളപ്പിലെ മരങ്ങൾക്കിടയിലൂടെ നടന്ന് അതിന് മുൻവശത്തെത്തിയപ്പോഴാണ് ആ ദേശീയ ചരിത്രസ്മാരകം ഇന്ത്യക്ക് താജ്മഹലെന്നതുപോലെ എങ്ങനെയാണ് ഉസ്ബെക്കിന്റെ അഭിമാനമായി മാറിയതെന്ന് മനസ്സിലായത്.

(തുടരും)

Comments