ഉലുഗ് ബേഗ് മദ്രസ

ചരിത്രത്തിലെ ഒഴിയാബാധയായ ഒരു ശവക്കല്ലറയിൽ

ലോകം കണ്ട ഏറ്റവും വലിയ ക്രൂരനും ഏകാധിപതിയുമായ തിമൂറിനെ, അയാളുടെ ഇച്ഛക്ക് വിരുദ്ധമായാണ് അടക്കം ചെയ്യേണ്ടിവന്നത്. മരണശേഷം ശാശ്വതമായ സുഖനിദ്രയിൽ ആരും തന്നെ ശല്യപ്പെടുത്തരുതെന്നും അങ്ങനെ ചെയ്യുന്നവർ അതിഭയങ്കരമായ കോപത്തിന് വിധേയമാകേണ്ടിവരുമെന്നും തിമൂർ പറഞ്ഞതായി വിശ്വാസമുണ്ടായിരുന്നു.

ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം: 13

മർഖണ്ഡിന്റെ ഹൃദയമാണ് രെജിസ്താൻ. ഓറിയന്റൽ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ചത്വരവും ഇവിടത്തെ മഹാനിർമിതികളും.  കല്ല് പാകിയ വിശാലമായ ചത്വരത്തിന് അഭിമുഖമായി മൂന്ന് വശങ്ങളിൽ നിന്നായി നിലകൊള്ളുന്ന മൂന്ന്
പടുകൂറ്റൻ കെട്ടിടങ്ങൾ. മധ്യേഷ്യയിലെ ഏറ്റവും ആകർഷണീയമായ കാഴ്ച്ചയാണത്രെ ലോകപ്രശസ്തമായ ഈ മഹത്തായ വാസ്തുവിദ്യാ സമുച്ചയം. പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭവമാണ് അതിന്റെ ദൂരക്കാഴ്ച്ച. ചത്വരത്തിലേക്കും ആ വാസ്തുവിദ്യാ സംഘത്തിലേക്കുമുള്ള പ്രവേശനം ടിക്കറ്റിനാൽ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. ചത്വരത്തിന്റെ തുറന്ന വശത്തിനുപുറത്ത് തട്ടുകളായി തിരിച്ച് ഉയർത്തി നിർമിച്ചിരിക്കുന്ന മെെതാനത്ത് ധാരാളം ആളുകൾ ചിതറിനിൽപ്പുണ്ട്. അവിടെനിന്ന് ബൃഹത്തായ ആ ചത്വരവും അതിന് ചുറ്റുമായുള്ള മൂന്ന് മദ്രസകളും തടസ്സങ്ങളില്ലാതെ നോക്കി കാണാം. അതിനെ പശ്ചാത്തലമാക്കി ചിത്രങ്ങളെടുക്കാം. വിവിധ ദേശങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ  ആ വാസ്തുവിദ്യാവിസ്മയത്തിന്റെ സായാഹ്ന കാഴ്ച്ചയിൽ മതിമറന്നുനിൽക്കുകയാണ്. പ്രകാശിക്കുന്ന ബഹുവർണ ബലൂണുകളുമായി കച്ചവടക്കാർ അവർക്കിടയിലൂടെ ചുറ്റിനടക്കുന്നു. ചത്വരത്തിന് അഭിമുഖമായി നിൽക്കുമ്പോൾ വലതു വശത്തുള്ളത് ഷേർ- ഡോർ മദ്രസയാണ് ഇടതുവശത്താണ് ഉലുഗ് ബേഗ് മദ്രസ. നേരെ മുൻപിൽ അഭിമുഖമായി കാണുന്നതാണ് ടിലിയ-കോറി മദ്രസ.

രജിസ്ഥാൻ എന്ന വാക്കിനർത്ഥം മണൽസ്ഥലം എന്നാണ്. ആദ്യ കാലത്ത് വിവിധ വ്യാപാര കേന്ദ്രങ്ങളാൽ ചുറ്റപ്പെട്ട തുറസ്സായ ഒരു മെെതാനം മാത്രമായിരുന്നു ഇത്. സമർഖണ്ഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള റോഡുകൾ ഇവിടെ സന്ധിച്ചു. വധശിക്ഷകൾ നടപ്പിലാക്കിയിരുന്നതും വിളംബരങ്ങൾ നടത്തിയിരുന്നതും പടപ്പുറപ്പാടുകൾക്ക് തുടക്കം കുറിച്ചിരുന്നതും ഇവിടെയായിരുന്നു. വധശിക്ഷകൾ നടപ്പിലാക്കുമ്പോൾ ചിന്തുന്ന ചോരക്കുമുകളിൽ മണൽ വിതറുമായിരുന്നത്രെ. അങ്ങനെ ഈ വലിയ മെെതാനം മുഴുവൻ കാലങ്ങൾ കൊണ്ട് മണൽ നിറയുകയും രജിസ്ഥാൻ എന്ന പേര് വരികയും ചെയ്തുവത്രെ.

1420-ൽ പണിപൂർത്തിയായ ഉലുഗ് ബേഗ് മദ്രസയായിരുന്നു ഈ ചത്വരത്തിലെ ആദ്യ പ്രധാന നിർമിതി. 1409-ൽ അധികാരമേറ്റെടുത്ത പ്രശസ്ത ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ ഉലുഗ് ബേഗിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ പ്രത്യേക താൽപര്യപ്രകാരം നിർമ്മിക്കപ്പെട്ടതാണിത്. തിമൂറിന്റെ മകനും പിന്തുടർച്ചവകാശിയുമായ ഷാരൂഖിന്റെ മകനായിരുന്നു ഉലുഗ് ബേഗ്. 1405-ൽ തിമൂറിന്റെ മരണശേഷം അനന്തരാവകാശികൾക്കിടയിൽ ചിതറപ്പെട്ടുപോയ സാമ്രാജ്യത്തിൽ നിന്ന് ഒടുവിൽ വിജയിയായി ഉയർന്നുവന്ന ഷാറൂഖ് തന്റെ തലസ്ഥാന നഗരമായി തിരഞ്ഞെടുത്തത് ഹെറാത്തായിരുന്നു. സമർഖണ്ഡ് അദ്ദേഹം മകനായ ഉലുഗ് ബേഗിന് നൽകി. ഷാറൂഖിന്റെ മരണശേഷം ഉലുഗ് ബേഗ് സമർഖണ്ഡ് കേന്ദ്രമാക്കി ഭരണം തുടർന്നു. തിമൂറിന് ശേഷം സമർഖണ്ഡിന്റെ കീർത്തി വീണ്ടും ലോകത്തെമ്പാടും എത്തിച്ചത് ഉലുഗ് ബേഗായിരുന്നു.

സാമ്രാജ്യത്തിലെ ഏറ്റവും വലിയ ശാസ്ത്ര-വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഉലുഗ് ബേഗ് മദ്രസ. ഇവിടെ ദൈവശാസ്ത്രത്തിനൊപ്പം  തത്ത്വശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതം എന്നിവയും പഠിപ്പിക്കപ്പെട്ടു. മദ്രസയ്‌ക്കൊപ്പം സിൽക്ക് റൂട്ടിലെ യാത്രാസംഘങ്ങൾക്കുള്ള ഒരു സത്രവും സൂഫി സന്യാസികൾക്കും മതപണ്ഡിതൻമാർക്കുമുള്ള താമസസ്ഥലമായ ഖാൻഖയും ഇവിടെ നിർമിക്കപ്പെട്ടിരുന്നു. രണ്ട് നൂറ്റാണ്ടുകൾക്കുശേഷം സത്രവും ഖാൻഖയും നിന്നിരുന്നിടത്ത് മറ്റ് രണ്ട് മദ്രസകൾ കൂടി നിർമ്മിക്കുകയും ഇന്ന് കാണുന്ന തരത്തിലുള്ള വാസ്തുവിദ്യാ സമുച്ചയം പൂർത്തിയാക്കുകയും ചെയ്തു. മധ്യേഷ്യൻ സംസ്കാരത്തിന്റെ അമൂല്യമായ ഖജനാവ് എന്നാണ് സമർഖണ്ഡിനെ വിളിക്കുന്നത്. മധ്യകാല വാസ്തുവിദ്യയുടെ ഏറ്റവും വലിയ സ്മാരകങ്ങൾ ഇവിടെ നിലനിൽക്കുന്നു.  കിഴക്കിന്റെ മുത്തായും ആത്മാവിന്റെ പൂന്തോട്ടമായുമൊക്കെ ഈ ദേശം വിശേഷിപ്പിക്കപ്പെടുന്നു.

റോമിന്റെയും ഏഥൻസിന്റെയും പ്രായമുള്ള ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ് സമർഖണ്ഡ്. 2750 വർഷത്തിലധികം പഴക്കം ഇതിന് കണക്കാക്കപ്പെട്ടിരിക്കുന്നു. നിരവധി ദേശീയതകൾ സഹവസിച്ചു ജീവിച്ചുപോന്ന സമർകണ്ടിനെ ‘കിഴക്കിന്റെ ബാബിലോൺ’ എന്നാണ് വിളിക്കാറുള്ളത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, പ്രകൃതിദത്ത നീരുറവകളും സരവ്ഷാൻ നദിയും ചേർന്ന സൃഷ്ടിക്കുന്ന ജലസമൃദ്ധിയും, വേട്ടയാടലിന് സഹായിക്കുന്ന പർവതങ്ങളുടെ സാമീപ്യവുമൊക്കെ ഈ നഗരത്തെ എല്ലാ കാലത്തും വാസയോഗ്യമാക്കി.

തിമൂറിന്റെ ചെറുമകനായ ഉലുഗ്ബെക്ക് ഭരിച്ച 40 വർഷക്കാലം ശാസ്ത്രത്തിന്റെയും അറിവിന്റെയും നഗരമായിരുന്നു ഇത്. ചരിത്രത്തിലുടനീളം ഉലുഗ്ബെക്ക് ഏറ്റവും സമാധാനപ്രിയനായ ഭരണാധികാരിയായിരുന്നു.

കൽ കോട്ട, കൽ നഗരം എന്നൊക്കെയാണ് സമർഖണ്ഡ് എന്ന വാക്കിനർത്ഥം. പുരാതന കാലത്ത് പേർഷ്യൻ സാമ്രാജ്യമായ അക്കീമെനിഡിന്റെ ഒരു പ്രവിശ്യയായ സോഗ്ഡിയാനയുടെ തലസ്ഥാനമായിരുന്നു സമർഖണ്ഡ്. അന്ന് അതിന്റെ പേര് അഫ്രോസിയാബ് എന്നായിരുന്നു. പുരാതന ഗ്രീക്കുകാരും റോമാക്കാരും ഈ നഗരത്തെ "മരക്കണ്ട" എന്നാണ് വിളിച്ചിരുന്നത്. ബി.സി 329-ൽ അലക്‌സാണ്ടറിന്റെ ആക്രമണകാലത്ത് സമർഖണ്ഡ് സുസജ്ജവും വികസിതവുമായ ഒരു നഗരമായിരുന്നു. വലിയൊരു ജനസംഖ്യയും വികസിതമായ സംസ്കാരവും സമ്പന്നമായ കരകൗശലവസ്തുക്കളും വലിയതോതിലുള്ള വ്യാപാരവുമൊക്കെയുള്ള വലിയൊരു പട്ടണം. 10.5 കിലോമീറ്റർ നീളമുള്ള ഭേദിക്കാനാകാത്ത കോട്ടയും അതിന് പുറത്ത് മറ്റൊരു പ്രതിരോധ മതിലും ഉണ്ടായിരുന്നതായി ആക്രമണത്തെക്കുറിച്ചുള്ള രേഖകളിൽ പറയുന്നുണ്ട്.

പിന്നീട് തുർക്കിക് ഖഗാനേറ്റിന്റെ ഭാഗമായിരുന്ന സമർഖണ്ഡ് 712-ൽ അറബികൾ പിടിച്ചെടുത്തു. ഒമ്പതാം നൂറ്റാണ്ടിൽ സമർഖണ്ഡ് സമനിദ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. പത്താം നൂറ്റാണ്ടിന്റെ അവസാനത്തിൽ അത് കരഖാനിദ് സംസ്ഥാനത്തിന്റെ ഭാഗമായി. അക്കാലത്താണ് സമർഖണ്ഡിൽ ആദ്യമായി വലിയ വാസ്തുവിദ്യാ ഘടനകൾ നിർമിക്കപ്പെട്ടുതുടങ്ങുന്നത്. തീയും വാളും ഉപയോഗിച്ചുള്ള ചെങ്കിസ് ഖാന്റെ ആക്രമണകാലത്ത് അവയിൽ മിക്കതും നശിപ്പിക്കപ്പെട്ടു. മംഗോളിയൻ അധിനിവേശത്തിൽ തകർന്ന ഖ്വാരസ്ം-ഷാ രാജവംശത്തിന് കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ ഉൾപ്പടെ രൂപീകരിച്ച സംസ്ഥാനത്തിന്റെ ഭാഗമായി സമർഖണ്ഡ് മാറി. അമീർ തിമൂർ അധികാരത്തിൽ വന്നതോടെയാണ് സമർഖണ്ഡ് അതിന്റെ പ്രതാപം വീണ്ടെടുക്കുന്നത്. വീണ്ടും ഇതൊരു തലസ്ഥാന നഗരമായി. തകർന്ന കെട്ടിടങ്ങളുടെ പുനർ നിർമാണത്തോടൊപ്പം പുതിയ കെട്ടിടങ്ങളും നിർമിക്കപ്പെട്ടു. തിമൂറിഡ് കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും കലാകാരന്മാരും ഇവിടെയെത്താൻ പരിശ്രമിച്ചു. ശാസ്ത്രം, വിദ്യാഭ്യാസം, സംസ്കാരം എന്നിവയുടെ വികസനത്തിനുള്ള എല്ലാ സാഹചര്യങ്ങളും സമർഖണ്ഡിൽ സൃഷ്ടിക്കപ്പെട്ടു.

തിമൂറിന്റെ ചെറുമകനായ ഉലുഗ്ബെക്ക് ഭരിച്ച 40 വർഷക്കാലം ശാസ്ത്രത്തിന്റെയും അറിവിന്റെയും നഗരമായിരുന്നു ഇത്. ചരിത്രത്തിലുടനീളം ഉലുഗ്ബെക്ക് ഏറ്റവും സമാധാനപ്രിയനായ ഭരണാധികാരിയായിരുന്നു. തന്റെ കാലഘട്ടത്തിൽ മറ്റുരാജ്യങ്ങളിലേക്കുള്ള പടയോട്ടങ്ങളും അദ്ദേഹം സംഘടിപ്പിച്ചില്ല. അദ്ദേഹം പലതവണ മറ്റ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. പക്ഷേ അത് ആ രാജ്യങ്ങളിലെ പാരമ്പര്യങ്ങളും സംസ്കാരവും ആചാരങ്ങളും പഠിക്കാൻ വേണ്ടിയായിരുന്നു. അദ്ദേഹം മികച്ച ശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു. അദ്ദേഹം തന്റെ രാജ്യത്തിന്റെ ശാസ്ത്രവികസനത്തിനായി വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി ശാസ്ത്രജ്ഞരെ സമർഖണ്ഡിലേക്ക് കൊണ്ടുവന്നു.

തിമൂറിഡുകൾക്കുശേഷം പതിനാറാം നൂറ്റാണ്ടിൽ ഷീബാനിഡ്സ് രാജവംശം അധികാരത്തിൽ വന്നതോടെ സമർഖണ്ഡ് ബുഖാറ ഖാനേറ്റിന്റെ ഭാഗമായി. പതിനെട്ടാം നൂറ്റാണ്ട് മുതൽ സമർഖണ്ഡ് അഷ്ടർഖനിഡുകളുടെ ഭരണത്തിൻ കീഴിലായിരുന്നു. ബുഖാറ ഖാനേറ്റ് ബുഖാറ എമിറേറ്റായി രൂപാന്തരപ്പെട്ടു. നീണ്ടുനിന്ന ആഭ്യന്തര യുദ്ധങ്ങൾ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ. നഗരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ മംഗ്‌ട്ട് രാജവംശം നടത്തി. 1868-ൽ സാറിസ്റ്റ് റഷ്യൻ സൈന്യം ഈ നഗരം കീഴടക്കി സമർഖണ്ഡ് പ്രദേശത്തിന്റെ ഭരണകേന്ദ്രമാക്കി മാറ്റി. വിപ്ലവാനന്തരം ഈ പ്രദേശം ബോൾഷെവിക്ക് നിയന്ത്രണത്തിൽ കീഴിലായി. ഇന്നും സമർഖണ്ഡ് മനോഹരവും സാംസ്കാരിക സമ്പന്നവുമായ നഗരമായി തുടരുന്നു. നൂറ്റാണ്ടുകൾക്കിപ്പുറവും നഗരത്തിന് അതിന്റെ മൗലികതയും അതുല്യമായ രൂപവും കെെമോശം വന്നിട്ടില്ല.

മധ്യേഷ്യയിലെ മിക്ക നഗരങ്ങളെയും പോലെ ഇന്ന് സമർഖണ്ഡും പഴയതും പുതിയതുമായ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വ്യാവസായിക സാംസ്കാരിക കേന്ദ്രങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭരണ കാര്യാലയങ്ങളുമൊക്കെയാണ് പുതിയ ഭാഗത്തുള്ളത്. പഴയ നഗരത്തിൽ ചരിത്ര സ്മാരകങ്ങളും, കച്ചവടകേന്ദ്രങ്ങളും, പെെതൃക ഭവനങ്ങളുമൊക്കെയാണ്. അഞ്ചുലക്ഷത്തിൽ പരം ആളുകൾ താമസിക്കുന്ന സമർഖണ്ഡ് ജനസംഖ്യയുടെയും വലിപ്പത്തിന്റെയും കാര്യത്തിൽ ഉസ്ബെക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമാണ്. 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ താമസിക്കുന്ന സമർഖണ്ഡ് ഒരു ബഹുരാഷ്ട്ര നഗരം കൂടിയാണ്.

ഗുർ-ഇ-ആമിർ
ഗുർ-ഇ-ആമിർ

രജിസ്ഥാൻ ചത്വരത്തിനുള്ളിലെ മദ്രസകൾക്കകത്തേക്ക് പ്രവേശിക്കുന്നത് പിറ്റേന്നേക്ക് മാറ്റി വെച്ച് ഞങ്ങൾ ഹോട്ടൽ മുറി അന്വേഷിച്ച് നടപ്പ് തുടങ്ങി. ഗുർ-ഇ-ആമിർ എന്ന അമർ തിമൂർ ശവകുടീരത്തിലേക്ക് ഗൂഗിൽ മാപ്പിൽ ഒരു കിലോമീറ്ററോളം ദൂരം കാണിക്കുന്നുണ്ട്. അതിനടുത്ത് തന്നെയാണ് ഞങ്ങളുടെ ഹോട്ടൽമുറിയും. ചത്വരത്തിന് അഭിമുഖമായുള്ള രജിസ്ഥാൻ സ്ട്രീറ്റിലൂടെ നടന്ന് അമർ തിമൂർ പാർക്ക് മുറിച്ച് കടന്ന് ഗുർ-ഇ-ആമിറിന് മുൻപിലേക്കെത്തുന്ന റോഡിലേക്ക് കയറി ഞങ്ങൾ. തിരക്ക് കുറഞ്ഞ വശങ്ങളിൽ തണൽ മരങ്ങളുള്ള ശാന്തമായ ആ വഴിയിലൂടെ നടക്കുമ്പോൾ ദൂരെ ഗുർ-ഇ-ആമിറിന്റെ ആകാശനീല താഴികക്കുടം കാണാനുണ്ടായിരുന്നു. തിമൂറിനൊപ്പം അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളേയും രണ്ട് പേരക്കുട്ടികളേയും ഇവിടെ അടക്കം ചെയ്തിരിക്കുന്നത് ഇവിടെയാണ്. സത്യത്തിൽ തിമൂറിന്റെ ശവകുടീരമായി നിർമിക്കപ്പെട്ടതായിരുന്നില്ല ഗുർ-ഇ-അമീർ.  തിമൂറിന്റെ ഗുരുക്കൻമാരിലൊരാളും നബി പരമ്പരയിൽ പെട്ട ആളുമാണെന്ന് കരുതപ്പെടുന്ന ഷെയ്ഖ് സെയ്ദ് ഉമറിന്റെ കബറിടമായാണ് ഇത് സ്ഥാപിക്കപ്പെട്ടത്. തന്റെ ജന്മസ്ഥലമായിരുന്ന സഹ്രിസബ്സിൽ തന്നെ അടക്കം ചെയ്യണമെന്നായിരുന്നു തിമൂറിന്റെ കൽപ്പന. എന്നാൽ മരണനാളുകളിലെ കനത്ത മഞ്ഞുവീഴ്ച്ച കാരണം അദ്ദേഹത്തിന്റെ ഭൗതികശരീരം സഹ്രിസബ്സിലെത്തിക്കാനായില്ല. അങ്ങനെ ലോകം കണ്ട ഏറ്റവും വലിയ ക്രൂരനും ഏകാധിപതിയുമായ ഒരാളെ മരണശേഷം അയാളുടെ ഇച്ഛക്ക് വിരുദ്ധമായി അടക്കം ചെയ്യേണ്ടിവന്നു. 1405-ലെ ശൈത്യകാലത്ത് മറ്റൊരു ചൈനീസ് ആക്രമണം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ന്യൂമോണിയ ബാധിതനായി തിമൂർ മരിക്കുന്നത്.  

കമ്യൂണിസത്തിന് പുറമെ മറ്റൊരു വിശ്വാസത്തിനും വശംവദരാകാതിരുന്ന സോവിയറ്റുകൾ തിമൂറിന്റെ ശവകുടീരം തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചു. 1941-ൽ സോവിയറ്റ് നരവംശശാസ്ത്രജ്ഞനായ മിഖായേൽ ജെറാസിമോവ് എല്ലാ കല്ലറകളും തുറന്ന് പരിശോധിച്ചു.

മരണശേഷം ശാശ്വതമായ സുഖനിദ്രയിൽ ആരും തന്നെ ശല്യപ്പെടുത്തരുതെന്നും അങ്ങനെ ചെയ്യുന്നവർ അതിഭയങ്കരമായ കോപത്തിന് വിധേയമാകേണ്ടിവരുമെന്നും തിമൂർ പറഞ്ഞതായി ഒരു വിശ്വാസമുണ്ടായിരുന്നു. എന്നാൽ കമ്യൂണിസത്തിന് പുറമെ മറ്റൊരു വിശ്വാസത്തിനും വശംവദരാകാതിരുന്ന സോവിയറ്റുകൾ തിമൂറിന്റെ ശവകുടീരം തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചു. 1941-ൽ സോവിയറ്റ് നരവംശശാസ്ത്രജ്ഞനായ മിഖായേൽ ജെറാസിമോവ് എല്ലാ കല്ലറകളും തുറന്ന് പരിശോധിച്ചു. തിമൂറിന്റെ ഉയരവും മറ്റു പ്രത്യേകതകളും തിമൂറിന് മുടന്തുണ്ടായിരുന്നെന്നും കണ്ടെത്തിയത് ഈ പര്യവേക്ഷണത്തിലായിരുന്നു. കല്ലറ തുറന്നതിന്റെ അടുത്ത ദിവസമായിരുന്നു ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചത്. അതൊടെ തിമൂറിന്റെ കോപം സോവിയറ്റ് യൂണിയനുമേൽ പതിച്ചെന്നും അതിന്റെ തകർച്ച ഉറപ്പായെന്നും ഉസ്ബെക്കുകാർ കരുതി. എന്നാൽ, യു.എസ്.എസ്.ആർ ആത്യന്തികവിജയം നേടിയതോടെ തന്റെ കല്ലറ തുറക്കുന്നവർ തന്നേക്കാൾ ഭയങ്കരനായ ശത്രുവിനെ പരാജയപ്പെടുത്തും എന്നാണ് തിമൂർ പറഞ്ഞത് എന്നുപറഞ്ഞ്, കഥക്ക് മറ്റൊരു പാഠഭേദം നൽകി, തിമൂർ ഭക്തർ.

ഗുർ-ഇ-ആമിറിനടുത്തു തന്നെയായാണ് ഞങ്ങൾക്ക് താമസിക്കേണ്ട ഹോട്ടൽ. ഗൂഗിൾ മാപ്പിൽ കാണിച്ചിരുന്നതെങ്കിലും കൃത്യമായ അതിന്റെ സ്ഥാനം കണ്ടെത്താൻ കഴിയാതെ കുറച്ചുനേരം വട്ടം കറങ്ങി ഞങ്ങൾ. ഒടുവിൽ ഒരു നാട്ടുകാരൻ ചെറിയൊരു രണ്ടുനില കെട്ടിടത്തിന്റെ അടഞ്ഞു കിടക്കുന്ന ഗാരേജ് ഡോറിനുമുൻപിൽ ഞങ്ങളെ എത്തിച്ചു. ഒരു കുടുംബം അവരുടെ വീടിനുമുകളിൽ രണ്ടു നിലകളിലായി ക്രമീകരിച്ചെടുത്തതായിരുന്നു 10 മുറികൾ മാത്രമുണ്ടായിരുന്ന ഹോട്ടൽ മൊഹിന എന്ന ആ ഗസ്റ്റ് ഹൗസ്. ചെറിയ മുറികളായിരുന്നെങ്കിലും നന്നായി പരിപാലിക്കപ്പെടുകയും വേണ്ട സജ്ജീകരണങ്ങളൊക്കെ ഒരുക്കുകയും ചെയ്തിരുന്നു ആ മുറികളിൽ. എർകിൻ എന്നാണ് ഉടമസ്ഥന്റെ പേര്. അച്ഛനും അമ്മയും മൂന്ന് കുട്ടികളും ഉള്ള ആ കുടുംബത്തിലെ കോളേജ് വിദ്യാർത്ഥിയായ മകളായിരുന്നു യഥാർത്ഥത്തിൽ ആ ഗസ്റ്റ് ഹൗസ് നടത്തിക്കൊണ്ടുപോന്നിരുന്നത് എന്നുതോന്നി. അതിഥികളുമായി ആശയവിനിമയം നടത്തിയിരുന്നതും ബുക്കിങ്ങ് സ്വീകരിച്ചിരുന്നതും മുറികളിലെ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിരുന്നതുമൊക്കെ അവരായിരുന്നു. മുറിയിൽ ബാഗുകൾ വെച്ച് കുളിച്ചതിനുശേഷം ഞങ്ങൾ ദീപാലങ്കാരങ്ങളിൽ കുളിച്ചുനിൽക്കുന്ന രാത്രിയിലെ രെജിസ്താൻ കാണാനായി പുറത്തിറങ്ങി. നന്നായി പരിപാലിക്കപ്പെട്ട റോഡുകളുടെ ഓരങ്ങളിൽ മരങ്ങൾ വെച്ചും പുൽത്തകിടികൾ വളർത്തിയും മനോഹരമാക്കിയിരുന്നു. റെജിസ്താൻ ചത്വരത്തിന് പുറത്തെ വിശാലമായ പ്ലാറ്റ്ഫോമിൽ നേരത്തെ കണ്ടത്തിന്റെ ഇരട്ടി ആളുകളുണ്ടായിരുന്നു. അതിമനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു ചത്വരത്തിലെ മൂന്ന് കെട്ടിടങ്ങളും. നൂറുകണക്കിന് ക്യാമറകൾ ഓരോ മിനിറ്റിലും ആ ദൃശ്യം പകർത്തിക്കൊണ്ടിരുന്നു.

ചില ഉസ്ബെക്ക് സംഘങ്ങൾ അവിടെ സംഘമായി നൃത്തം ചെയ്തുകൊണ്ടിരിക്കുന്നു. മറ്റു ചിലർ വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. പ്രണയിനികൾ ആ തണുപ്പിൽ പരസ്പരം ചൂടുപകർന്നുകൊണ്ട് അവിടെ ചുറ്റിനടക്കുന്നു. കുട്ടികൾ ആഘോഷത്തോടെ ഓടിനടക്കുന്നു. ഇന്ത്യക്കാരായ ഞങ്ങളെ തടഞ്ഞുനിർത്തി സെൽഫിയെടുക്കുന്നത് അവിടെയും തുടർന്നു. പ്ലാറ്റ് ഫോമിലെ ഒരു പടിയിൽ മുൻപിലെ മായികമായ ആ കാഴ്ച്ച കണ്ട് ഇബ്രാഹിമും ഞാനും കുറേ നേരമിരുന്നു. പിന്നീട് തിരിച്ച് നടന്നു. അമർ തിമൂർ സ്ട്രീറ്റിൽ ഉസ്ബെക്ക് ഭക്ഷണത്തിന് പ്രശസ്തമായ ഭോജനശാലകളുണ്ട്, അവയുടെ മുൻഭാഗത്തായിട്ട ഇരിപ്പിടങ്ങൾ നിറഞ്ഞു കവിഞ്ഞിരുന്നു. വിജന്നമായിരുന്ന അമർ തിമൂർ പാർക്ക്
മുറിച്ച് കടന്ന് ഞങ്ങൾ ഗുർ-ഇ-അമീർ റോഡിലെത്തി. ഗുർ-ഇ-അമീർ ശവകുടീരത്തിന് മുൻപിൽ അവസാനിക്കുന്ന ആ റോഡിൽ ശവകുടീരമെത്തുന്നതിന് മുൻപായുള്ള ഇടത്തോട്ടുള്ള റോഡിന്റെ തുടക്കത്തിൽ തന്നെയാണ് ഹോട്ടൽ മൊഹിന എന്ന ഞങ്ങളുടെ താമസസ്ഥലം. എന്നാൽ മുറിയിലേക്ക് പോകാതെ ഞങ്ങൾ തിമൂറിന്റെ അന്ത്യവിശ്രമസ്ഥലത്തെത്തി. ഗുർ-ഇ-അമീറും ദീപാലങ്കാരങ്ങളിൽ കുളിച്ചു നിൽക്കുകയാണ്. ലോകത്തിന്റെ മൂന്നിലൊന്നോളം പ്രദേശം കീഴടക്കിയ തിമൂറിന്റെ പ്രതാപത്തിനനുസരിച്ചുള്ള ശവകുടീരമല്ല ഗുർ - ഇ- അമീർ. പക്ഷെ ആ ലാളിത്യത്തിലും അതി സുന്ദരമായാണ് അതിന്റെ നിർമ്മിതി.

മുറിയിലെത്തി കിടന്നതും പെട്ടെന്നുതന്നെ ഉറക്കത്തിലേക്കാഴ്ന്നു. കിലോമീറ്ററുകളോളം കാൽനടയായി തന്നെ സഞ്ചരിച്ചിരിക്കുന്നു അന്ന്. നാളെ രജിസ്താൻ സ്വകയറിലെ ലോകപ്രശസ്തമായ വാസ്തുനിർമിതികൾക്കുള്ളിൽ കയറണം. പിന്നെ തിമൂറിന്റെ ജന്മദേശമായിരുന്ന സഹ്രിസബ്സിലേക്ക് പോകണം. രെജിസ്താൻ ചത്വരത്തിന് സമീപത്ത് വെച്ച ഞങ്ങളെ സമീപിച്ച അസഖ്യം ടാക്സിക്കാരിലൊരാളെ പിറ്റേന്നത്രെ യാത്രക്കായി ഞങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഹോട്ടലിലും തിമൂർ ശവകുടീരത്തിനടുത്തുമൊക്കെ അന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞ വാടകയുടെ ഇരട്ടിയോളമാണ് അവർ പറഞ്ഞത്. അതു കൊണ്ടു തന്നെ ആശയവിനിമയത്തിൽ എന്തെങ്കിലും തെറ്റ് വന്നതാകുമോ എന്ന് കരുതി പോകേണ്ട സ്ഥലവും തുകയും വാടസ്ആപ്പ് വഴി ഒന്നു കൂടി ഉറപ്പു വരുത്തിയിരുന്നു ഞങ്ങൾ.

(തുടരും)  

Comments