1976-ൽ താഷ്കെന്റിൽ അനാച്ഛാദനം ചെയ്ത ലാൽ ബഹാദൂർ ശാസ്ത്രിയുടെ അർദ്ധകായ പ്രതിമ. ഉസ്ബെക്ക് ശിൽപി യാക്കോവ് ഷാപ്പിറോ നിർമിച്ച പ്രതിമ നിലകൊള്ളുന്ന സ്ഥലത്തോടുചേർന്നുള്ള റോഡിന്റെ പേര് ശാസ്ത്രി സ്ട്രീറ്റ് എന്നാണ്. photo: advantour.com

ശാസ്ത്രി ഇന്നും ‘ജീവിക്കുന്നു’, താഷ്‌കെന്റില്‍

ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് സംശയിക്കുന്നവർ ഇന്ത്യയിൽ മാത്രമല്ല താഷ്കെന്റിലും ഇപ്പോഴുമുണ്ട് എന്ന് ഡ്രെെവർ ഹസ്സനുമായുളള സംഭാഷണത്തിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി.

ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം: ഏഴ്

ബുഖാരയിലേക്കുളള ബസിന്റെ മുഴുവൻ സീറ്റുകളിലും ആളുണ്ടായിരുന്നു. ലഗേജുകൾ താഴെ അറയിൽ നിക്ഷേപിക്കണം. പക്ഷെ തന്റെ ബാഗ് അവിടെ വെക്കാൻ ഇബ്രാഹിം തയ്യാറായില്ല. ഓഫീസ് ലാപ്ടോപ്പുള്ള ആ ബാഗ് എപ്പോഴും ഇബ്രുവിന്റെ ശരീരത്തിന്റെ ഒരു ഭാഗം പോലെ തോളിൽ തന്നെയുണ്ടാകും. ആ ബാഗ് ലഗേജ് അറയിൽ നിക്ഷേപിക്കാൻ ഡ്രെെവർ ആവശ്യപ്പെട്ടെങ്കിലും ഇബ്രാഹിം വിട്ടുകൊടുത്തില്ല. കാണികളിൽ ചിരി പടർത്തി ഒരു പിടിവലി തന്നെ അവിടെ നടന്നു. ഇബ്രു ഇംഗ്ലീഷിലും ഡ്രെെവർ ഉസ്ബെക്ക് ഭാഷയിലും താന്താങ്ങളുടെ ഭാഗം വിശദീകരിക്കുന്നുണ്ട്. ഒടുവിൽ ഡ്രെെവർ പിൻവാങ്ങി.

ശാസ്ത്രി  മരിച്ച ഹോട്ടൽ മുറി താഷ്കെന്റ് നഗരത്തിലെവിടേയൊ ഇന്നുമുണ്ട്.

2.30 നാണ് ബസ് പുറപ്പെടേണ്ടതെങ്കിലും മുൻകൂട്ടി ടിക്കറ്റെടുത്തവരെല്ലാം എത്തിയതുകൊണ്ടാകണം പത്ത് മിനിറ്റ് മുൻപേ പുറപ്പെട്ടു. എയർ കണ്ടീഷൻ ചെയ്ത പുഷ്ബാക്ക് സീറ്റുകളുള്ള സെമി സ്ലീപ്പർ ബസ് യാത്ര തുടങ്ങിയതും അറിയാതെ ഉറക്കത്തസ്‍ലാണ്ടുപോയി. കണ്ണു തുറന്നപ്പോൾ താഷ്കെന്റ് നഗരാതിർത്തി പിന്നിട്ടിരിക്കുന്നു. ഉസ്ബെക്ക് നാട്ടിൻ പുറങ്ങളുടെ നിമ്ന്നോന്നത കാഴ്ച്ചകൾ വിശാലമായ ചില്ലുജാലകത്തിലൂടെ ദൃശ്യമാകുന്നുണ്ട്. കൊയ്ത്തുകഴിഞ്ഞ വയലുകളിൽ വെെക്കോൽ കെട്ടുകൾ പരന്നുകിടക്കുന്നു. വലിയ ആട്ടിൻപറ്റങ്ങളുമായി ഇടയർ വെളിപ്രദേശങ്ങളിൽ ചുറ്റിനടക്കുന്നുണ്ട്. റോഡ് മികച്ചതാണെന്ന് പറയാനാവില്ല. പുറകോട്ട് ഓടിമറിയുന്നതിലേറെയും പുൽമേടുകളാണ്. വീണ്ടും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലുകളായി കാഴ്ച. പഴയ സോവിയറ്റ് കാലത്തെ കൂട്ടുകൃഷി സ്ഥലങ്ങളാകണം ഇതൊക്കെ.

താഷ്കെന്റിൽ നിന്ന് ബുഖാരയിലേക്കുള്ള യാത്രയിലെ പ്രധാന കാഴ്ചകളിലൊന്ന് സിർ ദര്യ നദിയാണ്. മധ്യേഷ്യയിലെ ഏറ്റവും വലിയ നദിയാണിത്. താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ ഒഴുകിയാണ് ഈ നദി ആറൽ കടലിലെത്തുന്നത്. 2212 കിലോമീറ്ററാണ് നദിയുടെ നീളമായി കണക്കാക്കിയിരിക്കുന്നത്. സിർ ദര്യയും ഉപ-പോഷക നദികളും സോവിയറ്റ് കാലത്ത് സിർ ദര്യയെ കേന്ദ്രമാക്കി നിർമിച്ച വലിയൊരു കനാൽ ശൃംഖലയുമൊക്ക മധേഷ്യയുടെ കാർഷിക മേഖലയെ വലിയ തോതിൽ സഹായിക്കുന്നുണ്ട്. 50,00,000 ഏക്കർ (2,000,000 ഹെക്ടർ) ഭൂമിയിൽ സിർ ദര്യയും പോഷകനദികളും ചേർന്ന് ജലസേചനം സാധ്യമാക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. പക്ഷെ ഈ അമിത ജലചൂഷണം ആറൽ കടൽ ഇല്ലാതാകുന്നതിലാണ് കലാശിച്ചത്. 2,19,000 ചതുരശ്ര കിലോമീറ്ററാണ് ഈ നദീതടത്തിന്റെ വിസ്തീർണം. സിർ ദര്യയെപ്പോലെ മധ്യേഷ്യയുടെ ജീവനാഡിയായ മറ്റൊരു നദി അമു ദര്യയാണ്. ബസിലിരുന്ന് സിർ ദര്യ നദി കണ്ടു.

ഗോതമ്പ്, ബാർലി, ചോളം, നെല്ല് എന്നിവയൊക്കെയാണ് ഉസ്ബെക്ക് വയലുകളിലെ പ്രധാന കൃഷി. രാജ്യത്തിന്റെ ജി ഡി പിയുടെ 24% സംഭാവന ചെയ്യുന്നത് കാർഷിക രംഗമാണ്.

വയലുകളിൽ ചിലയിടത്ത് യന്ത്രങ്ങളുപയോഗിച്ച് നടീൽ നടക്കുന്നു. കൊയ്ത്തു കഴിഞ്ഞ ഗോതമ്പു പാടങ്ങൾക്കിടയിലൂടെ വലിയ കനാലുകൾ കടന്നു പോകുന്നു. കനാൽ വരമ്പുകളിൽ മരങ്ങൾ നെടുനീളത്തിൽ നീണ്ടുകിടക്കുന്നു. വയലുകൾക്കിടയിലെ ചെറിയ വീടുകൾ കളപ്പുരകളാകണം. പച്ചപ്പ് വിട്ടുമാറാത്ത വെെക്കോൽ കെട്ടുകൾ ക്യൂബാകൃതിയിലാണ്. ഭൂപ്രകൃതി ചില രണ്ടാം ലോകമഹായുദ്ധ ചിത്രങ്ങളെ ഓർമിപ്പിച്ചു. കുതിരകളുടെ കൂട്ടങ്ങൾ ചിലയിടത്ത് മേഞ്ഞുനടക്കുന്നുണ്ട്. ചിലയിടത്ത് വയലുകളിൽ ഉഴൽ നടക്കുന്നു. ബസിലെ ടി.വി.സ്ക്രീനിൽ ഏതോ ഉസ്ബെക്ക് ആൽബങ്ങൾ തുടർച്ചയായി കാണിക്കുന്നുണ്ട്. പ്രണയവും വിരഹവുമൊക്കെയാണ് വിഷയം. മുൻ സീറ്റുകളിലൊന്നിലായതുകൊണ്ടു തന്നെ ഡ്രെെവറുടെ മുൻപിലുള്ള ഡിസ്പ്ലേ സ്ക്രീൻ കാണാം.

80-120 കിലോമീറ്റർ സ്പീഡിലാണ് വണ്ടി പോകുന്നത്. വണ്ടിക്കകത്തെ താപനില 23 ഡിഗ്രി, പുറത്ത് 32. അവസാനമില്ലെന്നു കരുതിയ വയൽ നിരകൾ പിന്നിട്ട് ബസ് ജനവാസ മേഖലയിലേക്ക് കടന്നു. മധ്യേഷ്യൻ പരമ്പരാഗത ശെെലിയിലുള്ള ഒരു പള്ളി. ആ ചെറു നഗരം പിന്നിട്ടതോടെ മംഗോളിയൻ ഭൂപ്രകൃതിയിലേക്ക് മാറി, വഴിയോരം. വശങ്ങളിലേക്കുള്ള വണ്ടിത്താരകൾ പുൽമേടുകൾ കയറി അപ്രത്യക്ഷമാകുന്നു. ചില മൊട്ടക്കുന്നുകൾക്ക് മുകളിലായി ഏകാന്തത അനുഭവിക്കുന്ന ഒറ്റ മരങ്ങൾ. നമ്മുടെ നാട്ടിലേതു പോലുള്ള വെെദ്യുത കാലുകളും കുന്നുകൾക്കപ്പുറത്തേക്ക് കടന്നുപോകുന്നുണ്ട്. ചിലയിടത്ത് വലിയ കെ.വി ലെെനുകൾ. എല്ലാ കാഴ്ച്ചകൾക്കും പശ്ചാത്തലമായി, ഏറ്റവും പുറകിലായി, ദൂരെ ടിയൻഷാൻ മലനിരകൾ.

ഗോതമ്പ്, ബാർലി, ചോളം, നെല്ല് എന്നിവയൊക്കെയാണ് ഉസ്ബെക്ക് വയലുകളിലെ പ്രധാന കൃഷി. രാജ്യത്തിന്റെ ജി ഡി പിയുടെ 24% സംഭാവന ചെയ്യുന്നത് കാർഷിക രംഗമാണ്. ഉസ്ബെക്കിലെ തൊഴിൽമേഖലയുടെ 28% വും കൃഷിയുമായി ബന്ധപ്പെട്ടാണ്. കുന്നുകളും മരുപ്രദേശങ്ങളും മലനിരകളും ജനവാസകേന്ദ്രങ്ങളുമൊക്കെ മാറ്റിനിറുത്തിയാൽ 10% പ്രദേശം (4.5 ദശലക്ഷം ഹെക്ടർ) മാത്രമാണ് കൃഷിയോഗ്യം. മൃഗവളർത്തലാണ് മറ്റൊരു പ്രധാന വരുമാന മാർഗ്ഗം. കുതിര, കഴുത, ചെമരിയാട്, കന്നുകാലികൾ എന്നിവയെയാണ് വളർത്തുന്നത്.

ഉസ്ബെക്കിസ്ഥാന്റെ പ്രധാന നാണ്യവിള പരുത്തിയാണ്. ലോകത്തിലെ ആറാമത്തെ വലിയ പരുത്തി ഉൽപ്പാദകരാണ് ഉസ്ബെക്കിസ്ഥാൻ. പരുത്തി കയറ്റുമതിയിൽ ലോകത്തിൽ രണ്ടാം സ്ഥാനം ഉസ്ബെക്കിസ്ഥാനുണ്ട്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് പരുത്തിക്ക് പകരം ധാന്യകൃഷി പ്രോൽസാഹിപ്പിക്കുകയാണ് ഉസ്ബെക്ക് സർക്കാർ. പരുത്തികൃഷിക്ക് വേണ്ടി വരുന്ന വലിയ ജല ഉപയോഗവും വലിയ തോതിലുള്ള കീടനാശിനിപ്രയോഗവും പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനിടയാക്കിയിട്ടുണ്ട്. ആറൽ കടൽ വറ്റുന്നതിന് ഒരു കാരണമായി കണ്ടെത്തിയത് പരുത്തികൃഷിക്കുവേണ്ടിയുള്ള വൻതോതിലുള്ള ജല ഉപഭോഗമായിരുന്നു. കാരറ്റ്, ആപ്രിക്കോട്ട് തുടങ്ങിയവയുടെ ഉൽപ്പാദനത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനം ഉസ്ബെക്കിസ്ഥാനാണ്. പട്ടുനൂൽപ്പുഴു വളർത്തലും പുരാതന കാലം മുതൽ പ്രചാരത്തിലുണ്ട്.

സൗമ്യതയും ലാളിത്യവുമുള്ള ശാസ്ത്രി കുറഞ്ഞ സമയം കൊണ്ടു തന്നെ താഷ്കെന്റിൽ പ്രിയങ്കരനായിരുന്നു.

താഷ്കെന്റിൽ ഇനിയുമേറെ കാഴ്ച്ചകൾ ബാക്കിയാണ്. അതിൽ പ്രധാനം നമ്മുടെ മുൻ പ്രധാനമന്ത്രി ലാൽലാൽ ബഹാദൂർ ശാസ്ത്രിയുടെ ഓർമകളുമായി ബന്ധപ്പെട്ട ഇടങ്ങളാണ്. താഷ്കെന്റിലെ പഴമക്കാരൊന്നും ശാസ്ത്രിയെ മറന്നിരിക്കാൻ ഇടയില്ല. ഒരു വിദേശ രാജ്യത്തലവൻ താഷ്കെന്റിൽ വെച്ച് മരിച്ചത് ചെറിയൊരു സംഭവമായിരുന്നില്ലല്ലോ. 1965-ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിനെത്തുടർന്നുണ്ടായ ഒത്തു തീർപ്പു ചർച്ചകൾക്കായാണ് ശാസ്ത്രി താഷ്കെന്റിലെത്തിയത്. 1966 ജനുവരി 10ന് പാക്കിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് അയ്യൂബ് ഖാനും ലാൽലാൽ ബഹാദൂർ ശാസ്ത്രിയും പ്രശസ്തമായ താഷ്കെന്റ് കരാറിൽ ഒപ്പുവെച്ചു. ഇന്ത്യ നേടിയ യുദ്ധവിജയത്തിനനുസൃതമായ കരാറായിരുന്നില്ല അതെന്നും പാക്കിസ്ഥാന് മുൻതുക്കം കിട്ടുന്ന വ്യവസ്ഥകൾ സോവിയറ്റ് സമ്മർദ്ദത്തെ തുടർന്ന് ശാസ്ത്രി അംഗീകരിക്കുകയായിരുന്നുമെന്നുമുള്ള ആക്ഷേപം അന്നു തന്നെ ഇന്ത്യയിലുയർന്നിരുന്നു. ദില്ലി ഉൾപ്പടെ പലയിടത്തും പ്രതിഷേധമുണ്ടായി. ഇത് ശാസ്ത്രിയുടെ ചെവിയിലുമെത്തി. വെെകീട്ട് സ്വന്തം വീട്ടിലേക്ക് ഫോൺ ചെയ്ത ശാസ്ത്രിക്ക് അവിടെ നിന്ന് ഈ കുറ്റപ്പെടുത്തൽ നേരിടേണ്ടിവന്നുവത്രെ. എന്തായാലും അന്ന് രാത്രി താഷ്കെന്റിലെ ഒരു ഹോട്ടലിൽ വെച്ച് ഹൃദയാഘാതം വന്ന് ശാസ്ത്രി മരിച്ചു. പല ആക്ഷേപങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. എന്നാൽ ഹൃദ്രോഗ ബാധിതനായിരുന്ന, മുൻപ് രണ്ടു തവണ ഹൃദയാഘാതം നേരിടേണ്ടിവന്ന ശാസ്ത്രിയുടെ മരണത്തിൽ മറ്റ് അസ്വഭാവികതകതകളൊന്നുമില്ല എന്ന നിഗമനത്തിലാണ് സോവിയറ്റ്, ഇന്ത്യൻ സർക്കാരുകൾ അന്നെത്തിയത്.

താഷ്കെന്റിൽ വച്ച് മരിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ ഭൗതികശരീരം വിമാനത്തിൽ കയറ്റാനായി ചുമന്നുകൊണ്ടുവന്നത് അയൂബ് ഖാനും താഷ്കെന്റ് കരാറിൽ മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രധാനമന്ത്രി അലക്സി നിക്കോളയേവിച്ച് കോസിജിനും ചേർന്നായിരുന്നു.

പക്ഷെ, ശാസ്ത്രിയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് സംശയിക്കുന്നവർ ഇന്ത്യയിൽ മാത്രമല്ല താഷ്കെന്റിലും ഇപ്പോഴുമുണ്ട് എന്ന് ഡ്രെെവർ ഹസ്സനുമായുളള സംഭാഷണത്തിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നു. തങ്ങൾക്ക് താൽപര്യമുളള ഒരു രാഷ്ട്രീയ-ഭരണ നേതൃത്വത്തെ ഇന്ത്യയിൽ പ്രതിഷ്ഠിക്കാനായി സോവിയറ്റ് അധികാരികൾ കെ.ജി.ബിയേയും അന്നത്തെ താഷ്കെന്റിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരേയുമൊക്കെ ഉപയോഗിച്ച് നടത്തിയ നീക്കമാണ് ശാസ്ത്രിയുടെ മരണത്തിലവാസാനിച്ചതെന്ന് ഈ ഗൂഢാലോചന സിദ്ധാന്തക്കാരും അത് വിശ്വസിക്കുന്നവരും പറഞ്ഞു പരത്തുന്നുണ്ട്.

സൗമ്യതയും ലാളിത്യവുമുള്ള ശാസ്ത്രി കുറഞ്ഞ സമയം കൊണ്ടു തന്നെ താഷ്കെന്റിൽ പ്രിയങ്കരനായിരുന്നു. നെഹ്റുവിനെ വെച്ച് നോക്കുമ്പോൾ ദേശീയ- അന്തർദേശീയ തലങ്ങളിൽ തലപ്പൊക്കം ഏറെ കുറവായ ഈ മനുഷ്യന്റെ ഭരണമികവും കാര്യക്ഷമതയും ആദ്യം റെയിൽവേ മന്ത്രിയായിരിക്കുമ്പോഴും പിന്നീട് പ്രധാനമന്ത്രിയായപ്പോഴും ഇന്ത്യ കണ്ടറിഞ്ഞതാണ്. ശാസ്ത്രിയെ വില കുറച്ച് കണ്ടതും സുപ്പീരിയോരിറ്റി കോംപ്ലക്സ് തലക്കു പിടിച്ചതുമാണ് വിദേശ വിദ്യാഭ്യാസം നേടിയ, ബ്രിട്ടീഷ് ഉച്ചാരണത്തിൽ ഇംഗ്ലീഷ് സംസാരിക്കുമായിരുന്ന, ഉന്നത കുലജാതനായ പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ്ഖാന് പറ്റിയ തെറ്റ്. ശാസ്ത്രിയുടെ ഇന്ത്യയെ എളുപ്പം കീഴ്പ്പെടുത്താമെന്ന് അയൂബ്ഖാൻ വ്യാമോഹിച്ചു.

എന്നാൽ ഇന്ത്യയുടെ രാഷ്ട്രീയ-ഭരണ-സെെനിക നേതൃത്വത്തെ കൃത്യമായി ഏകോപിപ്പിച്ച്  ശാസ്ത്രി നടത്തിയ തിരിച്ചടിയിൽ ആകെ അടിപതറി  അയൂബ്ഖാനും പാക്കിസ്ഥാനും. 1965 സെപ്തംബർ മാസത്തിലെ ടെെം മാസികയുടെ കവർ ചിത്രം അയൂബ്ഖാനും ശാസ്ത്രിയും പരസ്പരം കൂട്ടിമൂട്ടി തീപാറുന്ന രണ്ടു വാളുകളുമായിരുന്നു.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന, ഗാന്ധിയൻ മൂല്യങ്ങൾ അധികാരസ്ഥാനത്തിരിക്കുമ്പോഴും കെെവിടാതെ സൂക്ഷിച്ച ശാസ്ത്രിയും പട്ടാള മേധാവിയായി വന്ന് പിന്നീട് പാക്കിസ്ഥാന്റെ ഭരണാധികാരിയായി മാറിയ അയൂബ്ഖാനും തമ്മിൽ ഒരു കാര്യത്തിലും പൊരുത്തമുണ്ടായിരുന്നില്ല. എളിമയും ലാളിത്യവും സൗമ്യതയും എന്നാൽ നിലപാടുകളിലുളള കാർക്കശ്യവും താഷ്കെന്റിൽ ശാസ്ത്രിക്ക് വലിയൊരു ആരാധകവൃന്ദത്തെ നേടിക്കൊടുത്തു. അയൂബ്ഖാനും ശാസ്ത്രിയെ അടുത്തറിയുന്നതും അതിൽ ആകൃഷ്ടനാകുന്നതും താഷ്കെന്റിൽ വെച്ചാണ്. ശാസ്ത്രിയുടെ ഭൗതികശരീരം വിമാനത്തിൽ കയറ്റാനായി ചുമന്നുകൊണ്ടുവന്നത് അയൂബ് ഖാനും താഷ്കെന്റ് കരാറിൽ മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രധാനമന്ത്രി അലക്സി നിക്കോളയേവിച്ച് കോസിജിനും ചേർന്നായിരുന്നു. ശാസ്ത്രിയെ യാത്രയയക്കാൻ അന്ന് താഷ്കെന്റിലെ വലിയൊരു വിഭാഗം ജനങ്ങൾ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. ശാസ്ത്രിയുടെ മരണത്തിൽ അനുശോചനമറിയിച്ച് അന്ന് മുഴുവൻ യു.എസ്.എസ്.ആറിലെയും പാക്കിസ്ഥാനിലെയും പതാകകൾ താഴ്ത്തിക്കെട്ടിയിരുന്നു. അയൂബ്ഖാൻ ശാസ്ത്രിയുടെ മരണത്തിൽ ആത്മാര്‍ത്ഥമായി ദുഃഖിച്ചിരുന്നു എന്ന് അന്ന് ശാസ്ത്രിയോടൊപ്പം താഷ്കെന്റിലുണ്ടായിരുന്ന മുതർന്ന ഇന്ത്യൻ പത്രപ്രവർത്തകൻ കുൽദീപ്‌ നയ്യർ എഴുതിയിട്ടുണ്ട്.  

1976-ലാണ് താഷ്കെന്റിൽ ഉസ്ബെക്ക് ശിൽപിയായ യാക്കോവ് ഷാപ്പിറോ നിർമിച്ച ശാസ്ത്രിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തത്. പിങ്ക് ഗ്രാനൈറ്റ് അടിത്തറയിലുറപ്പിച്ച ഈ പ്രതിമ നിലകൊള്ളുന്ന സ്ഥലത്തോടുചേർന്നുള്ള റോഡിന്റെ പേര് ശാസ്ത്രി സ്ട്രീറ്റ് എന്നാണ്. താഷ്കെന്റ് സന്ദർശിക്കുന്ന ഇന്ത്യൻ നേതാക്കളെല്ലാവരും ശാസ്ത്രി പ്രതിമ സന്ദർശിക്കാറുണ്ട്. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ശാസ്ത്രിയുടെ പേരിൽ ഇന്ത്യൻ കൾച്ചറൽ സെന്ററും ഹിന്ദി പഠിപ്പിക്കുന്ന സ്‌കൂളും
ഇന്ന് താഷ്കെന്റിലുണ്ട്. ശാസ്ത്രി  മരിച്ച ഹോട്ടൽ മുറി താഷ്കെന്റ് നഗരത്തിലെവിടേയൊ ഇന്നുമുണ്ട്. പ്രശസ്ത ‍‍സഞ്ചാരിയായ ബെെജു. എൻ. നായർ അദ്ദേഹത്തിന്റെ താഷ്കെന്റ് സന്ദർശനത്തിനിടയിൽ ഈ ഹോട്ടൽ മുറി സന്ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ബസിൽ ഡ്രെെവറുടെ സഹായി ലഘുഭക്ഷണപൊതി വിതരണം ചെയ്യാൻ തുടങ്ങി. മുഴുവൻ യാത്രീകർക്കും സൗജന്യമായി നൽകുന്നതാണത്. ഒരു ചെറിയ കുപ്പിവെള്ളം, ചെറിയ കുപ്പി ജ്യൂസ്, നട്സ്, ക്വാസാൻറ്റ്, ക്രീം ബിസ്ക്കറ്റ് ഇതൊക്കെയാണ് അതിലുളളത്. റോഡ് അത്ര മികച്ചതൊന്നുമല്ല. കാഴ്ച്ചകൾ പഴയതുതന്നെ. വഴിയിൽ ചിലയിടത്ത് വലിയ നിര്‍മാണശാലകൾ കാണുന്നുണ്ട്. ഗോതമ്പുപൊടി ഫാക്ടറികളാണ് അതെന്നു തോന്നുന്നു എന്ന് ഇബ്രാഹിം പറഞ്ഞു. ആറ് മണിയോടെ ബസ് ചെറിയൊരു സ്റ്റാൻറിലെത്തി. ഞങ്ങൾ പുറത്തിറങ്ങി അവിടെയാക്കെ ചുറ്റി നടന്നു.

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് പരുത്തിക്ക് പകരം ധാന്യകൃഷി പ്രോൽസാഹിപ്പിക്കുകയാണ് ഉസ്ബെക്ക് സർക്കാർ. പരുത്തികൃഷിക്ക് വേണ്ടി വരുന്ന വലിയ ജല ഉപയോഗവും വലിയ തോതിലുള്ള കീടനാശിനിപ്രയോഗവും പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനിടയാക്കിയിട്ടുണ്ട്.

ശുചിമുറി ഇടത്തരം നിലവാരത്തിലുള്ളതാണ്. പല തരം റൊട്ടികൾ വിൽക്കാനിരിക്കുന്ന പെൺകുട്ടിയിൽ നിന്ന് ഒരു റൊട്ടി വാങ്ങി. അനീന എന്ന പെൺകുട്ടി ഞങ്ങൾ ഇന്ത്യക്കാരാണെന്ന അവരുടെ നിഗമനം ചോദിച്ചുറപ്പിച്ചു. ചിരിച്ചുകൊണ്ട് ഉസ്ബെക്ക് ഭാഷയിൽ എന്തൊക്കയോ ആശയവിനിമയം ചെയ്യാനായി ശ്രമിച്ചു. ബസ് വീണ്ടും യാത്ര തുടങ്ങി. പോക്കുവെയിലിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ മേയുന്ന ചെമരിയാടിൻ കൂട്ടങ്ങൾ സുന്ദരകാഴ്ചയായിരുന്നു. താമസിക്കാതെ ഇരുട്ടു പരന്നുതുടങ്ങി. 10 മണിയോടെ ബസ് ബുഖാരയിലെത്തി. സ്റ്റാന്റിനുപുറത്ത് റോഡരികിലാണ് ബസ് നിർത്തിയത്. ബസിറങ്ങി പെരുവഴിയിൽ നിൽപ്പായ ഞങ്ങളുടെ അടുത്തേക്ക് ഒരു ഷെയറിംഗ് ടാക്സിക്കാരനെത്തി. ബുഖാരയിൽ ‍ഞങ്ങൾ തങ്ങുന്ന ഹോട്ടലിന്റെ ലൊക്കേഷനും അവിടേക്കുള്ള ദൂരവും ഇബ്രു ഫോണിൽ അയാൾക്ക് കാണിച്ചു കൊടുത്തു. ഇബ്രു ഫോൺനോക്കി വഴി പറയുന്നതിനനുസരിച്ച് അയാൾ ഞങ്ങളെ ഒരിടത്തേക്കെത്തിച്ചു. പക്ഷെ അവിടെ ഞങ്ങൾക്ക് തങ്ങേണ്ടിയിരുന്ന ഹോട്ടൽ കാണാനുണ്ടായിരുന്നില്ല. അവിടെ തന്നെയാണോ എന്ന് സംശയം പ്രകടിപ്പിച്ച ഡ്രെെവറോട് അടുത്തെവിടെയോ തന്നെയാണ് ഹോട്ടലെന്നും ഞങ്ങൾ കണ്ടു പിടിച്ചോളാമെന്നും പറഞ്ഞ് ഇബ്രു പറഞ്ഞയച്ചു.

വഴി തെറ്റിയപ്പോൾ ഹോട്ടലിലെത്തിച്ച മുഹമ്മദ്

എന്നാൽ അവിടെ അടുത്തൊന്നും അങ്ങനെയൊരു ഹോട്ടലുണ്ടായിരുന്നില്ല. പലരോടും വഴി ചോദിച്ചെങ്കിലും ഭാഷ വില്ലനായി. ഒടുവിൽ ഒരു ഗ്രോസറിയിൽ നിന്ന് സാധനങ്ങൾ വാങ്ങിയിറങ്ങുകയായിരുന്ന മധ്യവയസ്ക്കൻ ഞങ്ങളിൽ നിന്ന് ഹോട്ടൽ ബുക്കിങ്ങ് രേഖകൾ വാങ്ങി അതിലെ ഫോൺ നമ്പറിൽ വിളിച്ച് സ്ഥലം കണ്ടുപിടിച്ചു. ബുഖാരയുടെ പഴയ നഗരത്തിൽ പെെതൃക മേഖലയിലാണ് ഹോട്ടൽ. ഇനിയും 4 കിലോമീറ്ററിൽ കൂടുതൽ ദൂരമുണ്ട് അങ്ങോട്ട്. അദ്ദേഹം തന്റെ കാറിൽ ഞങ്ങളെ അവിടേക്ക് എത്തിക്കാമെന്നറിയിച്ചു. ബുഖാരയുടെ പുതിയ നഗരഭാഗത്ത് ഒരു ഹോട്ടലുണ്ട് കക്ഷിക്ക്. ഇനി വരുമ്പോൾ അവിടെ താമസിക്കണമെന്നു പറഞ്ഞ് ബിസിനസ് കാർഡ് തന്ന് ഞങ്ങളെ ക്ഷണിക്കുകയും ചെയ്തു. ബോളിവുഡ് താരങ്ങളെക്കുറിച്ച് എതൊരു ഉസ്ബെക്കുകാരനെയും പോലെ അദ്ദേഹവും ഞങ്ങളോട് പലതും ചോദിച്ചു.

ബുഖാരയിലെ ഗായകർ

ബുഖാരയുടെ വിജനമായിക്കൊണ്ടിരുന്ന നഗരവീഥികളിലൂടെ കാറോടിച്ച് അദ്ദേഹം ഞങ്ങളെ ഹോട്ടലിന് സമീപമെത്തിച്ചു. നന്ദി പറഞ്ഞ് ഞങ്ങളിറങ്ങിയത് രണ്ട് തെരുവു ഗായകർക്കു മുൻപിലേക്കായിരുന്നു. പുതിയ ഹിന്ദുസ്ഥാനി സന്ദർശകരെ കണ്ടതും ''മേരേ സപ്നോം കി റാണി കബ് ആയേഗേ തൂ....'' എന്ന ഗാനമാലപിച്ച് സ്വീകരിച്ചു അവർ. കാഴ്ച്ചക്കാരായ വിദേശ വിനോദസഞ്ചാരികളടക്കമുള്ളവർ കൗതുകത്തോടെ ഞങ്ങളെ നോക്കി. നീണ്ട ബസ് യാത്രയുടെ ക്ഷീണവും വഴിതെറ്റിയതിന്റെ സംഘർഷങ്ങളും മൂലം മ്ലാനരായി മാറിയ ഞങ്ങൾ ബുഖാരയുടെ ആതിഥേയത്വത്തിൽ മനംനിറഞ്ഞ് വീണ്ടും ഉല്ലാസഭരിതരായി.    

(തുടരും)

Comments