ബുഖാര / photo: wikipedia

ബുഖാരയുടെ ഒടുങ്ങാത്ത ഓർമകൾ,
തുടരുന്ന യാത്രകൾ

കച്ചവടത്തിനൊപ്പം മതത്തിന്റെയും ദെെവശാസ്ത്രത്തിന്റെയും സംസ്ക്കാരത്തിന്റെയും കേന്ദ്രം കൂടിയായിരുന്നു മധ്യകാല ബുഖാര. സിൽക്ക് റൂട്ടിലെ അതിപ്രധാനമായൊരു വാണിജ്യനഗരം. മധ്യേഷ്യൻ വാസ്തുമാതൃകയുടെ മികച്ച ഉദാഹരണം. പിന്നീട് ബുഖാര പ്രശസ്തമായത് മുസ്‍ലിം ദൈവശാസ്ത്രത്തിന്റെ, പ്രത്യേകിച്ച് സൂഫിസത്തിന്റെ, ഏറ്റവും വലിയ കേന്ദ്രമെന്ന നിലയിലാണ്.

ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം: എട്ട്

ബുഖാരയുടെ തെരുവീഥികൾ വിജനമായിത്തുടങ്ങിയിരുന്നു. റസ്റ്റോറന്റുകളിൽ ആളുകൾ ശേഷിക്കുന്നുണ്ട്. ഞങ്ങൾ താമസിക്കുന്ന ഹെറിറ്റേജ് ഹോട്ടലിന്റെ ചുമതലക്കാരൻ കൃശ ഗാത്രനായ വൃദ്ധനാണ്. ചെക്കിൻ നടപടികൾക്കു ശേഷം ഇടുങ്ങിയ കോണിപ്പടിയിലൂടെ രണ്ടാം നിലയിലെ മുറിയിലേക്ക് അദ്ദേഹം ഞങ്ങളെ നയിച്ചു. പ്രദേശിക വാസ്തുശെെലിയിൽ നിർമിച്ച മൂന്ന് നിലകളുള്ള നാലുകെട്ടാണ് ഞങ്ങളുടെ താമസസ്ഥലം. ഓരോ നിലയിലും ആറു മുറികളുണ്ട്. താഴത്തെ നിലയിൽ റെസ്റ്റോറന്റും ഓഫീസും റിസപ്ഷനും മറ്റും. മുറികൾ അത്ര വലുതല്ലെങ്കിലും ആവശ്യം വേണ്ട സൗകര്യങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട്. പുരാതനമായ ആ കെട്ടിടം നന്നായി പരിപാലിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബാത്ത് റൂമിലെ വാഷ്ബെയിസിന് മുകളിലെ ലെെറ്റ് കത്തുന്നില്ല. ബാത്ത് റൂമിൽ വെറ്റ് ഏരിയയെ വേർതിരിക്കുന്ന കർട്ടൻ കുളിക്കുന്നതിനിടയിൽ ഇളകി താഴെ വീണു. കുളിയും ഭക്ഷണവും കഴിഞ്ഞ് രാത്രിയിലെ ബുഖാര കാണാൻ പുറത്തിറങ്ങി. 12 മണി കഴിഞ്ഞിരുന്നു. റിസപ്ഷൻ ഏരിയയിലിരുന്ന് ടി.വി. കണ്ടുകൊണ്ടിരുന്ന വൃദ്ധൻ ഞങ്ങളെ അഭിവാദ്യം ചെയ്തു. രാവിലെ എട്ട് മുതൽ 9 വരെയാണ് ഹോട്ടലിലെ കോപ്ലിമെന്ററി ബ്രേക്ക് ഫാസ്റ്റിന്റെ സമയമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

പുരാതന പട്ടുപാതയിൽ ഇന്നത്തെ ഉസ്ബെക്കിസ്ഥാനകത്തുവരുന്ന മൂന്ന് പ്രധാന നഗരങ്ങളിലൊന്നാണ് ബുഖാര. ഖിവയും സമർഖണ്ഡുമാണ് മറ്റ് രണ്ട് നഗരങ്ങൾ. ഉസ്ബെക്കിസ്ഥാനിലെത്തുന്ന സഞ്ചാരികൾ ബുഖാരയും സമർഖണ്ഡും സന്ദർശിക്കാതെ പോകാറില്ല. ഖിവ ഈ നഗരങ്ങളിൽ നിന്ന് 1000 കിലോമീറ്ററോളം ദൂരെയായതുകൊണ്ടുതന്നെ അത് സന്ദർശിക്കുന്നവർ താരതമന്യേന കുറവാണ്. ഞങ്ങളുടെ യാത്രാപരിപാടികളിലും ഖിവ ഉൾപ്പെട്ടിട്ടില്ല.

ബുഖാരയിലെ പഴയ നഗരം അതിന്റെ പൗരാണികത നിലനിർത്തിക്കൊണ്ടുള്ള മുഖം മിനുക്കലുകളിലാണ്. യുനസ്കോയാണ് പരിപാലന പുനരുദ്ധാരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ചരിത്രപ്രസിദ്ധമായ ഈ പഴയ പട്ടണം മധ്യേഷ്യയിലെ ഇന്നും നിലനിൽക്കുന്ന മധ്യകാല നഗരത്തിന്റെ ഏറ്റവും പൂർണമായ ഉദാഹരണമാണത്രെ. കല്ലു പാകിയ നടവഴികളും കമാനങ്ങളോടു കൂടിയ കെട്ടിടങ്ങളും കോട്ട മതിലുകളും മിന്നാരങ്ങളും ഗോപുരങ്ങളും ജലവിതരണത്തിനായുള്ള ചെറുകനാലുകളുമൊക്കെ കേടുപാടു തീർത്ത് പുനരുദ്ധരിച്ചിരിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് എങ്ങനെയായിരുന്നോ, അതുപോലെതന്നെ ശ്രദ്ധാപൂർവ്വം നിലനിർത്തിയിരിക്കുന്നു, നഗരഭാഗങ്ങൾ. ആയിക്കണക്കിന് നാഴികകൾ താണ്ടിയെത്തുന്ന വർത്തകസംഘങ്ങൾക്കുപകരം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇന്ന് ഈ തെരുവീഥികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നു മാത്രം. ഉദ്ഘനന പ്രവർത്തനങ്ങൾക്കായി കുഴിച്ചിട്ടിരിക്കുന്ന ചില നഗരഭാഗങ്ങൾ വേലി കെട്ടി തിരിച്ചിട്ടുണ്ട്.

ബുഖാര പ്രശസ്തമായത് മുസ്‍ലിം ദൈവശാസ്ത്രത്തിന്റെ, പ്രത്യേകിച്ച് സൂഫിസത്തിന്റെ, ഏറ്റവും വലിയ കേന്ദ്രമെന്ന നിലയിലാണ്.

മധ്യവയസ്ക്കാനായ കാലുറക്കാത്ത ഒരു ഉസ്ബെക്കുക്കാരൻ ഹിന്ദുസ്ഥാനിയാണോ എന്ന് ചോദിച്ച് ആലിംഗനം ചെയ്യാൻ ഞങ്ങൾക്കരുകിലേക്കുവന്നു. ഏതോ പ്രാദേശിക മദ്യത്തിന്റെ രൂക്ഷഗന്ധം അയാളിൽനിന്ന് ഉയരുന്നുണ്ടായിരുന്നു. ഇന്ത്യയോടും ഇന്ത്യക്കാരോടുമുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇരു കെെകളും കൊണ്ട് ഞങ്ങളെ പുണർന്നെങ്കിലും ചുംബിക്കാനുള്ള ശ്രമത്തിൽ നിന്ന് ഞങ്ങളൊരുവിധം ഒഴിഞ്ഞുമാറി. ഏതോ പഴയ ഹിന്ദി ഗാനം അവ്യക്തമായി മൂളാനും, ഒപ്പം കെെകൾ കൊണ്ടും ഇടറുന്ന കാലുകൾ കൊണ്ടും ആ രംഗത്തിലെ നായകനെ അനുകരിച്ചാകണം, ചില നൃത്തചുവടുകൾ വെക്കാനും തുടങ്ങി അയാൾ.

ചില സുവനീർ ഷോപ്പുകളും റെസ്റ്റോറന്റുകളും ആ വെെകിയ രാത്രിയിലും തുറന്നിരുന്നു. ഒറ്റപ്പെട്ട ചില ടാക്സി ഡ്രെെവർമാർ വാടക പ്രതീക്ഷിച്ച് കാറും ചാരി നിൽക്കുന്നുണ്ട്. മരത്തണലുകൾക്കു കീഴെ മനോഹരമായി സജ്ജീകരിച്ച ഓപ്പൺ എയർ റെസ്റ്റോറന്റുകളിൽ ഹുക്ക വലിച്ചും ഉസ്ബെക്ക് രുചികൾ നുണഞ്ഞും ‍അപ്പോഴും ചില സഞ്ചാരികൾ ശേഷിച്ചു. അവരിൽ റഷ്യക്കാരും യൂറോപ്യൻമാരും മംഗോളിയൻ മുഖമുള്ളവരുമുണ്ട്. കരകൗശല വിൽപ്പനശാലയിലെ വിൽപ്പക്കാരധികവും സ്ത്രീകളാണ്. ഒരു സുവനീർ ഷോപ്പിലേക്കുള്ള ചവിട്ടുപടിയിൽ കട്ടളയും ചാരിയിരുന്ന് അതിന്റെ ചുമതലക്കാരിയായ അമ്മൂമ്മ മയങ്ങുന്നു.

ബി.സി. 3000 വരെ പഴക്കമുള്ള നാഗരികതയുടെ അവശിഷ്ടങ്ങൾ പുരാവസ്തു ശാസ്ത്രജ്ഞർ ബുഖാരയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

അവസാനമില്ലെന്ന് തോന്നിയ ആ തെരുവുകളിലൂടെ ആ വെെകിയ രാവിൽ കാഴ്ചകൾ കണ്ടും ചിത്രങ്ങളെടുത്തും കുറേ നേരം അലഞ്ഞു. പിന്നീട് ഗൂഗിൽ മാപ്പിൽ പിൻ ചെയ്തുവെച്ചിരുന്ന ലൊക്കേഷൻ നോക്കി മുറിയിലേക്ക് തിരിച്ചുനടന്നു. അന്ന് വെെകീട്ട് ബുഖാരയുടെ പുതിയ നഗരത്തിൽ വന്നിറങ്ങി വഴിതെറ്റിയലഞ്ഞ ഞങ്ങളെ മുഹമ്മദ് തന്റെ കാറിൽ കൊണ്ടുവന്നിറക്കിയത് അനേകം നൂറ്റാണ്ടുകൾ പുറകിലേക്കായിരുന്നു. താഷ്കെന്റിൽ നിന്ന് എത്രയോ വ്യത്യസ്തമായ ഒരിടം. ഒരു പക്ഷെ പകലായിരുന്നു അവിടെ വന്നിറങ്ങിയിരുന്നതെങ്കിൽ ആ മാറ്റവുമായി കുറച്ചുകൂടി എളുപ്പത്തിൽ പെരുത്തപ്പെടാമായിരുന്നെന്നുതോന്നി. മായികമായ ആ രാത്രിയിൽ അഭൗമമായ ആ പരിസരങ്ങളിൽ നിന്ന് വിട്ടുപോകാൻ മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ല. ചെറിയ തണുപ്പുണ്ട്. ഇരുണ്ട വെളിച്ചത്തിൽ ആളൊഴിഞ്ഞു കിടക്കുന്നു, നടവഴികൾ. നൂറ്റാണ്ടുകൾക്കപ്പുറമുള്ള ബുഖാരയിലെ തെരുവുകൾ ഇത്തരമൊരു വെെകിയ രാത്രിയിൽ എങ്ങനെയായിരുന്നിരിക്കുമെന്ന് ചിന്തിച്ച് അന്നത്തെ ബസാറുകളും ചുങ്കപ്പുരകളും പാണ്ടികശാലകളും സത്രങ്ങളും കാവൽപ്പുരകളും തീൻശാലകളും ചുമട്ടുമൃഗങ്ങളുടെ ആലകളും മനസ്സിൽ കണ്ട് ഇബ്രുവിനെ അനുഗമിച്ചു.

ബുദ്ധപാരമ്പര്യത്തിൽ നിന്നാണ് ബുഖാര എന്ന പേരിന്റെ തുടക്കമെന്ന് കരുതപ്പെടുന്നു. വിഹാരം എന്ന സംസ്കൃതപദത്തിന് സമാനമായ ഉയ്ഗൂർ എന്ന വാക്ക്, ചൈനീസ് ബുദ്ധമതക്കാരുടെ വാക്കിൽ നിന്നാണത്രെ രൂപപ്പെട്ടത്. ഇന്നത്തെ ഉസ്ബെക്കിസ്ഥാനും ബുഖാരയുമൊക്കെ ഒരു കാലത്ത് ബുദ്ധമതത്തിന്റെ ശക്തമായ സ്വാധീനമുള്ള ഇടങ്ങളായിരുന്നു. സൊറോസ്ട്രിയൻ മതക്കാരായിരുന്നു ശേഷിക്കുന്നവർ. ആദ്യ അറബ് അധിനിവേശകനും ഇസ്‍ലാമിനെ ബുഖാരയിലേക്ക് കൊണ്ടുവന്ന വ്യക്തിയുമായ ഉബൈദുല്ല ബിൻ സിയാദും ബുഖാരയുടെ ബുദ്ധപാരമ്പര്യത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും ചെെനയും ഉൾപ്പെട്ട വ്യാപാരപാതയുടെ ഭാഗമായതുകൊണ്ടുതന്നെ ബുദ്ധമതം അതിന്റെ ആദ്യ കാലത്തുതന്നെ ഇന്നത്തെ ഉസ്ബെക്കിസ്ഥാന്റെ പല പ്രദേശങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

പട്ടുപാത കൊണ്ടുവന്ന അളവറ്റ ധനം ഇസ്‍ലാമിക ദെെവശാസ്ത്രത്തിന്റെയും സംസ്ക്കാരത്തിന്റെയും വളർച്ചക്കും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു.

പാലിയിൽ എഴുതിയ ഐതിഹ്യമനുസരിച്ച്, പട്ടുപാതയിലെ വ്യാപാരികളായ ബാക്ട്രിയയിൽ നിന്നുള്ള ട്രാപുസയും ബഹാലികയും ബുദ്ധനെ കാണാനെത്തുകയും അദ്ദേഹത്തിന്റെ ശിഷ്യരായി തീരുകയും ചെയ്തു. പിന്നീട് അവർ ബാക്ട്രിയയിലേക്ക് മടങ്ങുകയും ബുദ്ധന്റെ ബഹുമാനാർത്ഥം ക്ഷേത്രങ്ങൾ നിർമിക്കുകയും ബുദ്ധ ആശയങ്ങളുടെ പ്രചാരകരായി മാറുകയും ചെയ്തു. വടക്കൻ അഫ്ഗാനിസ്ഥാനും തെക്കുപടിഞ്ഞാറൻ താജിക്കിസ്ഥാനും തെക്കുകിഴക്കൻ ഉസ്ബെക്കിസ്ഥാനുമൊക്കെ ഉൾപ്പെട്ട മധ്യേഷ്യയിലെ പുരാതന ഇറാനിയൻ നാഗരികതയായിരുന്നു ബാക്ട്രിയ. കുശാന സാമ്രാജ്യത്തിന്റെ ഭരണാധികാരികളായിരുന്നു പിന്നീട് മധ്യേഷ്യയിലെ പ്രധാന ബുദ്ധമത പ്രചാരകർ. കുശാനമാരാണ് മധ്യേഷ്യയിലും ഉസ്ബെക്കിസ്ഥാനിലും ബുദ്ധമതം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇസ്‍ലാമിന്റെ അക്രമോത്സുകമായ കടന്നുവരവോടെ ബുദ്ധമതം തകർച്ച നേരിട്ടു. മുഖ്യനഗരങ്ങളിൽ നിന്നു മാറിയുള്ള വിദൂര ഗ്രാമങ്ങളിൽ അപ്പോഴും ജനപ്രിയമായി നിലനിന്ന മഹായാന ബുദ്ധമതം 13ാം നൂറ്റാണ്ടോടെ പൂർണമായും തുടച്ചുമാറ്റപ്പെട്ടു. ഇന്ന് ഉസ്ബെക്ക് ജനസംഖ്യയുടെ 0.2 ശതമാനം മാത്രമാണ് ബുദ്ധമതക്കാർ. കെറിയൻ വംശജരാണ് അതിൽ ഭൂരിഭാഗവും. ഇന്ന് താഷ്കെന്റിൽ നിലനിൽക്കുന്ന ഉസ്ബെക്കിസ്ഥാനിലെ ഏക ബുദ്ധക്ഷേത്രം അവരുടെ മുൻകെെയ്യിലുള്ളതാണ്.

ബുഖാരയിലെ ചരിത്രശേഷിപ്പുകൾ

കച്ചവടത്തിനൊപ്പം മതത്തിന്റെയും ദെെവശാസ്ത്രത്തിന്റെയും സംസ്ക്കാരത്തിന്റെയും കേന്ദ്രം കൂടിയായിരുന്നു മധ്യകാല ബുഖാര. സിൽക്ക് റൂട്ടിലെ അതിപ്രധാനമായൊരു വാണിജ്യനഗരം. മധ്യേഷ്യൻ വാസ്തുമാതൃകയുടെ മികച്ച ഉദാഹരണം. പിന്നീട് ബുഖാര പ്രശസ്തമായത് മുസ്‍ലിം ദൈവശാസ്ത്രത്തിന്റെ, പ്രത്യേകിച്ച് സൂഫിസത്തിന്റെ, ഏറ്റവും വലിയ കേന്ദ്രമെന്ന നിലയിലാണ്. പട്ടുപാത കൊണ്ടുവന്ന അളവറ്റ ധനം ഇസ്‍ലാമിക ദെെവശാസ്ത്രത്തിന്റെയും സംസ്ക്കാരത്തിന്റെയും വളർച്ചക്കും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു. 140 ഓളം പെെതൃകസ്മാരകങ്ങളാണ് ബുഖാരയുടെ പഴയ നഗരഭാഗത്ത് യുനെസ്കോ അടയാളപ്പെടുത്തിയിരിക്കുന്നത്. അവയിൽ പലതും പൗരാണിക മസ്ജിദുകളും മദ്രസകളുമാണ്. ഇസ്‍ലാമിക ലോകത്ത് ഏറ്റവും പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ദെെവശാസ്ത്രജ്ഞരിലൊരാളും ഹദീസുകളുടെ സമുദ്ധാരകനുമായ

മുഹമ്മദ് ഇബ്നു ഇസ്മായീൽ അൽ-ബുഖാരി

മുഹമ്മദ് ഇബ്നു ഇസ്മായീൽ അൽ-ബുഖാരി (810-870) യുടെ ജന്മദേശം കൂടിയാണ് ബുഖാര. സ്വഹീഹുൽ ബുഖാരി എന്ന കൃതിയാണ് ബുഖാരിയുടെ മാസ്റ്റർ പീസ്. ഖുർആൻ കഴിഞ്ഞാൽ ഇസ്‍ലാമിക ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടതും ആധികാരികവുമായ മതഗ്രന്ഥമായി കണക്കാക്കപ്പെടുന്നത് ഈ കൃതിയാണിത്. ബുഖാരിയെ മാത്രമല്ല, ഈ നഗരത്തേയും ലോകപ്രശസ്തമാക്കി ഈ ഗ്രന്ഥം. ഇമാം ബുഖാരി അറബ് വംശജനാണോ പേർഷ്യനാണോ എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്. ബുഖാരിയുടെ പിതാവ് ഇസ്മായീൽ ഇബ്നു ഇബ്രാഹിമും അക്കാലത്തെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന അദ്ദേഹം പത്ത് വയസ്സുള്ളപ്പോൾ തന്നെ ഖുർആൻ മനഃപാഠമാക്കിയതായി പറയപ്പെടുന്നു.

ഇസ്‌ലാമിന്റെ രണ്ടാമത്തെ മൂലപ്രമാണമായ ഹദീസുകൾ ആധികാരികതയില്ലാതെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് യഥാർത്ഥ ഹദീസുകൾ കണ്ടെത്താനും ക്രോഡീകരിക്കാനുമായി ബുഖാരി ഇറങ്ങിപ്പുറപ്പെടുന്നത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട മുഹമ്മദ് നബിയുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളുമാണ് ഹദീസ്. പലരും തങ്ങളുടെ താൽപര്യസംരക്ഷണത്തിനായി വ്യാജ ഹദീസുകൾ നിർമിക്കാനും പ്രചരിപ്പിക്കാനും തുടങ്ങിയിരുന്നു. യഥാർത്ഥ ഹദീസുകൾ കണ്ടെത്തി പ്രവാചകനെ അസത്യങ്ങളിൽനിന്ന് മോചിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് ബുഹാരി പറയുന്നുണ്ട്. നീണ്ട പതിനാറ് വർഷങ്ങൾ ഇതിനായി അദ്ദേഹം മാറ്റിവെച്ചു. ഹദീസുകൾ വീണ്ടെടുക്കുന്നതിനും അതിന്റെ ആധികാരികത ഉറപ്പിക്കുന്നതിനും ദീർഘവും ക്ലേശകരവുമായ യാത്രകൾ നടത്തി. ആയിക്കണക്കിനാളുകളെ നേരിൽ കണ്ടു, നിരവധി ഗ്രന്ഥങ്ങളും കെെയ്യെഴുത്ത് പ്രതികളും പരിശോധിച്ചു. ഇങ്ങനെ ശേഖരിച്ച മൂന്ന് ലക്ഷത്തോളം ഹദീസുകളിൽ നിന്നാണ് ബുഖാരി ‘സഹീഹാ’യ ഹദീസുകൾ കണ്ടെടുത്ത് ക്രോഡീകരിക്കുന്നത്. ‘സഹീഹ്’ എന്നാൽ ആധികാരികമായ, വിശ്വാസ്യയോഗ്യമായ, അന്യൂനമായ എന്നൊക്കെയാണ് അർത്ഥം. ഈ ഗ്രന്ഥം പുറത്തുവന്നശേഷം മരണം വരെയുള്ള തന്റെ ജീവിതത്തിലെ 24 വർഷങ്ങൾ ബുഖാരി നിരന്തരം യാത്ര ചെയ്യുകയും ഇസ്‍ലാമിക പ്രബോധനത്തിനായി മാറ്റിവെക്കുകയും ചെയ്തു. AD 870-ൽ സമർഖണ്ഢിൽ വെച്ചാണ് ഇമാം ബുഖാരി മരിച്ചത്.

ഇബ്നു സീന

അവിസ് എന്ന എന്ന പേരിൽ അറിയപ്പെട്ട ഇബ്നു സീനയാണ് (AD 980-1037) അതിപ്രശസ്തനായ മറ്റൊരു ബുഖാറക്കാരൻ. മധ്യകാല ഇസ്‍ലാമിക വെെജ്ഞാനിക ലോകത്തെ ഏറ്റവും തലയെടുപ്പുള്ള ബഹുമുഖ പ്രതിഭയായിരുന്നു ഇബ്നു സീന. വെെദ്യം, തത്ത്വചിന്ത, ഗണിതശാസ്ത്രം, ക്ഷേത്രഗണിതം, ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, അതിഭൗതികം, ഭാഷാശാസ്ത്രം, സംഗീതം, കവിത തുടങ്ങി ഒട്ടനവധി മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഈ പ്രതിഭാശാലി വൈവിധ്യമാർന്ന വിഷയങ്ങളിലായി 450- ഓളം കൃതികൾ രചിച്ചിട്ടുണ്ട്. ഇസ്‌ലാമിക സുവർണകാലഘട്ടത്തിന്റെ പര്യായമായിരുന്നു ഇബ്നുസീന. വിവിധ വിഷയങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചപ്പോഴും വെെദ്യശാസ്ത്രവും തത്ത്വചിന്തയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മേഖലകൾ. രോഗശാന്തിയുടെ പുസ്തകം എന്ന അദ്ദേഹത്തിന്റെ കൃതി തത്വചിന്തയുടെ ഒരു ക്ലാസിക് രചനയായി കണക്കാക്കപ്പെടുന്നു. പുരാതന പേർഷ്യൻ, മെസപ്പെട്ടോമിയൻ, ഇന്ത്യൻ വൈദ്യശാസ്ത്ര സിദ്ധാന്തങ്ങൾ കൂട്ടിയിണക്കി സ്വന്തമായൊരു വൈദ്യസമ്പ്രദായം വികസിപ്പിച്ചെടുത്തു ഇബനു സീന. 1980- ൽ സോവിയറ്റ് യൂണിയൻ അദ്ദേഹം ജനിച്ച് ആയിരം വർഷമായതിന്റെ ജന്മവാർഷികം സമുചിതം അഘോഷിച്ചു.

ഹോജ നസദുദ്ദീൻ (മുല്ല നസറുദ്ദീൻ) സ്മാരകം

ചരിത്രാതീതകാലം മുതൽ ജനവാസം നിലനിന്നിരുന്ന പ്രദേശമായിരുന്നു ബുഖാര. ബി.സി. 3000 വരെ പഴക്കമുള്ള നാഗരികതയുടെ അവശിഷ്ടങ്ങൾ റഷ്യൻ പുരാവസ്തു ശാസ്ത്രജ്ഞനായ ഇ. ഇ. കുസ്മിന ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മധ്യേഷ്യയിലേക്കുള്ള ഇന്തോ- ആര്യൻമാരുടെ കുടിയേറ്റത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ബുഖാര. പുരോഗമിച്ച വെങ്കലയുഗത്തിന്റെയും അയോയുഗത്തിന്റെയും സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

ബി.സി. 500ലാണ് ഒരു നഗരമെന്ന നിലയിൽ ബുഖാര സ്ഥാപിക്കപ്പെടുന്നത്. A.D. 650-ലാണ് ബുഖാരയിൽ ആദ്യത്തെ അറബ്- ഇസ്‍ലാമിക് അധിനിവേശം നടക്കുന്നത്. അബ്ബാസിദ് ഖിലാഫത്തും സഖ്യകക്ഷിയായ ടിബറ്റൻ സാമ്രാജ്യവും ചേർന്ന് താങ് രാജവംശത്തിനെതിരായ നടത്തിയ തലാസ് യുദ്ധത്തിനുശേഷമാണ് അറബ് ആധിപത്യം ബുഖാരയിൽ ഉറപ്പിക്കപ്പെടുന്നത്. തുടർന്ന് ഇസ്‍ലാം മേഖലയിലെ പ്രധാന മതമായി മാറി. എട്ടാം നൂറ്റാണ്ടിൽ ഖിലാഫത്തിന്റെ പ്രധാന സാംസ്കാരിക കേന്ദ്രമായി മാറി ബുഖാറ. നിരവധി നൂറ്റാണ്ടുകളിൽ ഇസ്‍ലാമിക സംസ്കാരത്തിന്റെ പ്രധാന കേന്ദ്രം ഈ നഗരമായിരുന്നു.

ഹോട്ടലിന്റെ ചാരിക്കിടന്നിരുന്ന മുൻവാതിൽ തുറന്ന് ഞങ്ങൾ അകത്തുകയറി. മുറിയിലെത്തിയതോടെ ഇബ്രു പതിവുപോലെ ലാപ്ടോപ്പ് തുറന്ന് മെയിലുകൾ പരിശോധിക്കാനും മറുപടി അയക്കാനും തുടങ്ങി. കിടക്കയിലേക്ക് ചാഞ്ഞ ഞാൻ ക്ഷണനേരം കൊണ്ട് ഉറക്കത്തിലാഴ്ന്നു. രാവിലെ 6 മണിക്ക് മുൻപായി എഴുന്നേൽക്കുമ്പോൾ മുറിയിലാകെ പ്രകാശം പരന്നു കഴിഞ്ഞിരുന്നു. പുറത്തിറങ്ങി കെട്ടിടത്തിന്റെ ടെറസിലെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള നിർമിതികളാണ് ചുറ്റിലും. ഒരു വശത്ത് ഉദ്ഘനനം നടക്കുന്ന വളപ്പാണ്. മുമ്പിൽ നഗരത്തിലെ പ്രധാന നിരത്തിലേക്കുള്ള വഴി. പിൻവശത്തെ ഒരു വീടിന്റെ നടുമുറ്റത്തിട്ട കട്ടിലിൽ രണ്ടു പേർ കിടന്നുറങ്ങുന്നു. ദൂരക്കാഴ്ച്ചകളിൽ നിരവധി പള്ളി മിന്നാരങ്ങളും ഗോപുരങ്ങളും. കോൺക്രീറ്റും ടാറും ഉപയോഗിച്ച് നിർമിച്ച നിരത്തുകളും തിരക്കില്ലാതെ പോകുന്ന വാഹനങ്ങളും മാത്രമാണ് കാലം നിശ്ചലമായി പോയ ആ ഇടത്ത് ആധുനികതയുടെ അടയാളങ്ങളായി കാണാനാകുന്നത്. ഓരോന്നോർത്ത് അങ്ങനെ നിൽക്കേ, ടെറസിലെ അഴകളിൽ ഉണക്കാനിട്ട വെള്ള വിരിപ്പുകൾ വകഞ്ഞു മാറ്റി ഒരാളെത്തി. ജർമനിയിൽ നിന്നുള്ള ഒരു സഞ്ചാരി. പ്രഭാതവന്ദനം പറഞ്ഞ് അയാൾ ക്യാമറയിൽ ആ പുരാതന നഗരത്തിന്റെ മുകൾകാഴ്ച്ചകൾ പകർത്താൻ തുടങ്ങി.

ബുഖാരയിലെ പുതിയ കെട്ടിടങ്ങൾ

തിരിച്ച് മുറിയിലെത്തിയപ്പോഴേക്കും ഇബ്രാഹിം ഉണർന്നിരുന്നു. കൃത്യസമയത്തുതന്നെ ഡെെനിങ്ങ് ഹാളിലെത്തി. ഉസ്ബെക്കിൽനിന്നുതന്നെയുള്ള ഒരു വലിയ കുടുംബം പ്രാതൽ കഴിക്കുന്നുണ്ട്. വിശേഷപ്പെട്ടതൊന്നുമല്ലാത്ത സാധാരണ ബ്രേക്ക്ഫാസ്റ്റ്. ഭക്ഷണമേശമേൽ നിരത്തി വെച്ചിരുന്ന പഴങ്ങളിൽ ചിലത് കേടുവന്നവയായിരുന്നു. പ്രായമായ ആ മുത്തച്ഛനോട് പരാതി പറയാൻ തോന്നാത്തതുകൊണ്ട് കിട്ടിയ ഭക്ഷണം കഴിച്ച് ബുഖാരയുടെ പകൽക്കാഴ്ച്ചകളിലേക്ക് ഞങ്ങളിറങ്ങി. സമയം എട്ടര കഴിയുന്നതേയുള്ളൂ, അന്തരീക്ഷത്തിന് നല്ല ചൂടുണ്ട്. തലേന്ന് രാത്രിയിലെ മായികമായൊരന്തരീക്ഷം ബുഖാരയിലെ തെരുവുകളിൽ നിന്ന് മാഞ്ഞുപോയിരുന്നു. പകലിലെ ബുഖാരക്ക് മറ്റൊരു മുഖച്ഛായയാണ്.

(തുടരും)

Comments