കോക്ക്- ഗുംബസ് പള്ളി മിനാരം

ഗുഡ്ബൈ, ഉസ്ബെക്ക്…

‘‘ചരിത്രമുറങ്ങുന്ന ഈ മധ്യേഷ്യൻ രാജ്യം അത്രമേൽ ഒരു സഞ്ചാരിയെ അതിന്റെ ഹൃദയത്തിലേക്കടുപ്പിക്കും. സ്നേഹസമ്പന്നരായ ജനത. അംബരചുംബികളായ മധ്യകാല നിർമിതികൾ. നല്ല കാലാവസ്ഥ. സമാധാനപൂർണ്ണമായ അന്തരീക്ഷം. കുറഞ്ഞ ജീവിതച്ചെലവ്. വെെവിധ്യമാർന്ന പ്രകൃതി. ഉസ്ബെക്കിസ്ഥാൻ വിനോദസഞ്ചാര രംഗത്ത് ഇനിയും ഉയരങ്ങൾ പിന്നിടാനിരിക്കുന്നതേയുള്ളൂ’’, കെ.എസ്. പ്രമോദിന്റെ ഉസ്ബെക്കിസ്ഥാൻ യാത്ര അവസാനിക്കുന്നു.

ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം 16

ഹ്രിസാബ്സിലെ അക്സാരേ കോട്ടയും കൊട്ടാരാവശിഷ്ടങ്ങളും കണ്ടശേഷം കോക്ക്-ഗുംബസ് പള്ളിമിന്നാരം ലക്ഷ്യമാക്കി നടക്കുകയാണ് ഞങ്ങൾ. ഉസ്ബെക്കിസ്ഥാനിലെ അവസാന ദിനമാണിന്ന്. സമർഖണ്ഡിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനം രാത്രിയാണ്. കോക്ക്- ഗുംബസിലേക്ക് നടന്നെത്തിയപ്പോഴേക്കും ഇബ്രാഹിമും ഞാനും ക്ഷീണിച്ചിരിക്കുന്നു. വെയിൽ നേരിട്ട് ശരീരത്തിലേൽക്കുകയാണ്. ശീതകാലത്ത് മഞ്ഞ് പൊഴിയുന്ന പ്രദേശമാണിതെന്ന് വിശ്വസിക്കാൻ അൽപം പണിപ്പെടും, ഈ ചൂടനുഭവിക്കുമ്പോൾ.

ഷഹ്രിസാബ്സിലെ ഡോറൂട്ട്- തില്ലാവത്ത് സ്മാരക സമുച്ചയത്തിന്റെ ഭാഗമാണ് കോക്ക്- ഗുംബസ് മസ്ജിദ്. ഷഹ്രിസാബ്സിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഗംഭീര നിർമിതിയാണിത്. 1435-ൽ ഉലുഗ് ബേഗാണ് തന്റെ പിതാവും തിമൂറിൻ്റെ മകനുമായ ഷാരൂഖിൻ്റെ ബഹുമാനാർത്ഥം ഈ ആരാധനാലയം നിർമിക്കുന്നത്. ടർക്കോയിസ്-ഡോംഡ് ഡിസെെനിൽ നിർമിച്ച ഈ പള്ളിയുടെ താഴികക്കുടം നഗരത്തിലെ പ്രധാന അടയാളമാണ്. ഖുറാനിൽ നിന്നുള്ള ലിഖിതങ്ങൾ താഴികക്കുടത്തിൻ്റെ താഴെയായി രേഖപ്പെടുത്തിയിട്ടുണ്ട്. സങ്കീർണമായ ടൈൽ വർക്കുകളും അതിശയകരമായ ജ്യാമിതീയ പാറ്റേണുകളും മനോഹരമായി വിന്യസിച്ച കുഫിക് ലിഖിതങ്ങളും നിറഞ്ഞതാണ് തിമൂറിഡ് കാലഘട്ടത്തിലെ ഈ കമനീയ നിർമിതി.

കോക്ക്- ഗുംബസ് ഉൾപ്പടെയുള്ള ഒരു വലിയ സ്മാരക സംഘമാണ് ഡോറൂട്ട്- തില്ലാവത്ത്. തിമൂറിഡ് കാലത്തിനുമുൻപ്  മുഹമ്മദ് നബിയുടെ വംശപരമ്പരയിൽ പെട്ട സയ്യിദുകളുടെ പഴയ ശ്മശാനം ഇവിടെ നിലനിന്നിരുന്നുവത്രെ. തിമൂറിഡ് കാലത്ത് ഉന്നത പ്രഭുക്കന്മാരുടെയും രാജകുടുംബാംഗങ്ങളുടെയും മതപണ്ഡിതരുടെയും നിരവധി ശവകുടീരങ്ങളും മതപരമായ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും ഇവിടെ നിർമിക്കപ്പെട്ടു. തിമൂറിൻ്റെ പിതാവ് അമീർ താരാഗേയുടെയും ആത്മീയ അദ്ധ്യാപകനും സൂഫിസത്തിൻ്റെ സ്ഥാപകരിലൊരാളുമായ ഷെയ്ഖ് ഷംസിദ്ദീൻ കുലോലിൻ്റെയും ശവകുടീരങ്ങൾ ഇവിടെയാണ്. ഉലുഗ്ബെക്കിൻ്റെ ഭരണകാലത്താണ് ഇത് നിർമിച്ചത്. അതിനു മുൻപും ചില നിർമിതികൾ ഇവിടെയുണ്ടായിരുന്നെങ്കിലും 1370-ൽ അന്തരിച്ച ഷംസിദ്ദീൻ കുലോലിൻ്റെ ഓർമക്കായാണ് ഡോറൂട്ട്-തിലോവത് സമുച്ചയം സ്ഥാപിതമാകുന്നത്. ഷംസിദ്ദീൻ കുലോൽ മഖ്ബറ, ഡോറൂട്ട്- തിലോവത്ത് മദ്രസ, കോക്ക്- ഗുംബസ് മോസ്ക്ക്, ഗുംബസി- സെയ്ദാൻ ശവകുടീരങ്ങൾ എന്നിവയൊക്കെയാണ് സമുച്ചയത്തിലെ പ്രധാന നിർമിതികൾ. ദൂരക്കാഴ്ച്ചയിൽ കോക്ക്-ഗുംബസിന്റെ വലിയ താഴികക്കുടത്തിനൊപ്പം തിളങ്ങുന്ന മറ്റ് രണ്ട് നീല താഴികക്കുടങ്ങൾ കൂടി ഡോറൂട്ട്- തില്ലാവത്തിന്റെ അടയാളമായി കാണാം. ഷംസിദ്ദീൻ കുലാൽ മക്ബറയുടെയും തിമൂറിദ് കുടുംബ ദേവാലയത്തിലെ സെയ്ദ് ഡോമിന്റെയും കുംഭഗോപുരങ്ങളാണത്.

കോക്ക്- ഗുംബസിൽ നിന്ന് വീണ്ടും കിഴക്കോട്ട് നടന്നാൽ കാണുന്ന ഡോറസ് സോദത്ത് സമുച്ചയത്തിലേക്കാണ് പിന്നീട് പോയത്. ശക്തിയുടെ ശേഖരം, അധികാരത്തിൻ്റെ ഇരിപ്പിടം എന്നൊക്കെയാണ് ഈ വാക്കിനർത്ഥം. രാജകുടുംബത്തിലെ അംഗങ്ങളുടെ ശവസംസ്ക്കാരത്തിനായാണ് പ്രധാനമായും ഇത് നിർമിക്കപ്പെട്ടത്. ഒരു പ്രാർത്ഥനാഹാളും പള്ളിയും പുരോഹിതർക്കും പണ്ഡിതർക്കും തീർഥാടകർക്കുമുള്ള താമസസൗകര്യവും ഇതോടൊപ്പമുണ്ടായിരുന്നു. തിമൂറിന്റെ മക്കളിൽ മൂത്തയാളും തിമൂറിന് ഏറ്റവും പ്രിയപ്പെട്ടവനുമായ ജഹാംഗീറിന്റെ ശവകുടീരം ഇവിടെയാണ്. 1392-ലാണ് 3500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ ശവകൂടീരം തിമൂർ നിർമിക്കുന്നത്. 1375-ൽ തന്റെ 22-മത്തെ വയസ്സിൽ കുതിരപ്പുറത്തുനിന്ന് വീണാണ് ജഹാംഗീർ മരിക്കുന്നത്. ജീവിച്ചിരുന്നെങ്കിൽ തിമൂറിനുശേഷം വിശാലമായ ആ സാമ്രാജ്യത്തെ നയിക്കേണ്ടിയിരുന്നത് ജഹാംഗീറായിരുന്നു. തന്റെ മൂത്ത മകന്റെ മരണശേഷം തിമൂർ ചിരിക്കുന്നത് നിർത്തി എന്നു പറയപ്പെടുന്നു. മകനോടുള്ള അതിരറ്റ സ്നേഹത്തിന്റെ ഓർമക്കാണ് വിദഗ്ദ വാസ്തുശില്പികളെ കൊണ്ടുവന്ന് തിമൂർ ഈ കുടീരം നിർമിക്കുന്നത്. പിന്നീട് ഈ സമുച്ചയം പല പ്രമുഖരുടെയും അന്ത്യവിശ്രമസ്ഥലമായി. 1393-ൽ ഇറാനിൽ കുർദ് കോട്ട ഉപരോധത്തിനിടെ കൊല്ലപ്പെട്ട തിമൂറിൻ്റെ രണ്ടാമത്തെ മകൻ ഉമർഷെയ്ഖിനെയും ഇവിടെ തന്നെയാണ് അടക്കം ചെയ്തിരിക്കുന്നത്. തന്റെ അന്ത്യവിശ്രമസ്ഥാനമായി തിമൂർ തിരഞ്ഞെടുത്തതും ഇവിടമായിരുന്നു. മരണശേഷം തന്നെ അടക്കം ചെയ്യേണ്ട സ്ഥലം വരെ തിമൂർ നിശ്ചയിച്ചിരുന്നു. പക്ഷെ സമർഖണ്ഡിൽ വെച്ച് മരിച്ച തിമൂറിന്റെ ഭൗതികശരീരം കനത്ത മഞ്ഞുവീഴ്ച്ച കാരണം ഷഹ്രിസാബ്സിലെത്തിക്കാനായില്ല. 1963-ലാണ് തിമൂറിനെ അടക്കം ചെയ്യാനായി നിർമിച്ചതെന്ന് കരുതപ്പെടുന്ന നിലവറ പുരാവസ്തു ഗവേഷകർ കണ്ടെത്തുന്നത്. വലിയൊരു കൽശവപേടകവും അതിനുള്ളിൽ രണ്ട് മൃതദേഹാവശിഷ്ടങ്ങളും ഉണ്ടായിരുന്നു. അതാരുടേതാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. അവിടേക്ക് പക്ഷേ പ്രവേശിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

16ാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ഷെയ്ബാനിഡ് ഭരണാധികാരി അബ്ദുല്ലഖാൻ രണ്ടാമൻ്റെ സൈന്യം ഷഹ്രിസാബ്സിൽ പ്രവേശിച്ചപ്പോൾ ഡോർ- യുസ് സിയോദത്ത് സമുച്ചയത്തിലെ കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടു. ജഹാംഗീറിന്റെ ശവകുടീരം മാത്രമാണ് ആ ആക്രമണത്തിൽ ബാക്കിയായത്. അന്ന് തകർന്ന മറ്റ് കെട്ടിടങ്ങൾ പിന്നീട് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പുനർനിർമിക്കുകയായിരുന്നു. ഷഹ്രിസാബാസിലും ഒരു ചോർസുബസാറുണ്ട്. 15-ാം നൂറ്റാണ്ടിൽ സിൽക്ക് റൂട്ടിലെ വാണി്ജ്യപ്രവർത്തനങ്ങൾക്കായി അഷ്ടഭുജാകൃതിയിൽ നിർമിക്കപ്പെട്ട ഈ കെട്ടിടവും മനോഹരമായി പുനർനിർമിച്ച് സംരക്ഷിച്ച് പോരുന്നുണ്ട്. ഉത്സവങ്ങളുടെ നഗരം എന്ന ആശയത്തിൽ ഷഹ്രിസാബ്സിനെ വിപണനം ചെയ്യാനുള്ള ശ്രമം ഉസ്ബെക്ക് സർക്കാർ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി 2018 സെപ്റ്റംബറിൽ ഇവിടെ വെച്ച് ആദ്യത്തെ   'ഇൻ്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ആർട്ട് ഓഫ് മക്കോം' നടത്തി. രണ്ടു വർഷം കൂടുമ്പോൾ ഈ അന്താരാഷ്ട്ര നാടോടി കലാമേള നടന്നുവരുന്നു.

ഡോർ- യൂസ് സിയോദത്ത് സമുച്ചയത്തിന് പുറത്തെ മരത്തണലിൽ അൽപ്പനേരമിരുന്ന് ഞങ്ങൾ തിരിച്ചു നടന്നു തുടങ്ങി. തിമൂർ പ്രതിമയും പശ്ചാത്തലത്തിൽ അക്-സാരേ കൊട്ടാരത്തിന്റെ തകർന്ന പടുകൂറ്റൻ കൊട്ടാരഭിത്തികളും അകലെ നിന്നു കാണാം ഒരുപക്ഷെ ഇതിന്റെ ദൂരക്കാഴ്ച്ചക്കുവേണ്ടിയാകണം, ഈ വിശാലമായ പ്രദേശത്തുണ്ടായിരുന്ന ഒരു പെെതൃക നഗര പ്രദേശത്തെ ആധുനിക ഉസ്ബെക്ക് ഭരണാധികാരികൾ ഒഴിപ്പിച്ച് ഉദ്യാനമായി മാറ്റിയത്. സെൻട്രൽ പാർക്കിന് ഇടതുവശത്തായി നീണ്ടു കിടക്കുന്ന പുതിയ കെട്ടിടങ്ങളുടെ താഴത്തെ നിലയിലെ കടകളിൽ പലതും കരകൗശല വിൽപ്പനശാലകളാണ്. അവിടത്തെ ഒരു കെട്ടിടത്തിലെ സുവനീർ കടകളിലേക്ക് നടന്നു ഞങ്ങൾ.

‘ഇറോക്കി’ എന്ന് വിളിക്കുന്ന അസാധാരണമായ പരമ്പരാഗത ചിത്രത്തുന്നൽ ജോലിയിലേർപ്പെട്ടിരിക്കുന്ന സ്ത്രീ

‘ഇറോക്കി’ എന്ന് വിളിക്കുന്ന അസാധാരണമായ പരമ്പരാഗത ചിത്രത്തുന്നൽ ജോലിക്ക് പേരുകേട്ട സ്ഥലമാണ് ഷഹ്രിസാബ്സ്. സൂര്യൻ, ഇലകൾ, പൂക്കൾ, ഡ്രാഗണുകൾ, മാതളനാരങ്ങകൾ, പക്ഷികൾ, അലങ്കാരരൂപങ്ങൾ എന്നിവയൊക്കെ ചിത്രീകരിക്കുന്ന വർണ്ണാഭമായ നെയ്ത്ത് എം​ബ്രോയ്ഡറി ശൈലിയാണിത്. മധ്യവയസ്സ് പിന്നിട്ട ഉസ്ബെക്ക് വനിതകളും മുത്തശ്ശിമാരുമാണ് വിൽപ്പനക്കാരിലധികം. ഇടപാടുകാരില്ലാത്ത സമയത്ത് വിൽപ്പനശാലയിലിരുന്നുകൊണ്ടുതന്നെ അവർ നെയ്ത്ത് തുടരുന്നു. മേലങ്കികളും പുറങ്കുപ്പായങ്ങളും തലയിണയുറകളും മേശവിരികളും പേഴ്‌സുകളും ബാഗുകളും കാലുറകളും പാദുകങ്ങളും ഡോപ്പ എന്നറിയപ്പെടുന്ന പ്രശസ്തമായ പരമ്പരാഗത മധ്യേഷ്യൻ തൊപ്പികളും പരവതാനികളുമൊക്കെ നെയ്തെടുക്കുന്നുണ്ട്. ഇതിന്റെ മൂല്യം മനസ്സിലാക്കാത്ത സഞ്ചാരികൾക്കായി യന്ത്രനിർമിത ചെെനീസ് ബാഗുകളും പേഴ്സുകളും ഇവിടെ ലഭ്യമാണ്. ഇബ്രുവും ഞാനും ഓരോ ഇറോക്കി തോൾ ബാഗും മെെബെൽ ഇടുന്നതിനായുള്ള ചെറിയ തോൾ സഞ്ചിയും വാങ്ങി. വില കുറച്ചധികമല്ലേ എന്ന് സംശയിച്ച ഞങ്ങൾക്ക് ചില ഓൺലെെൻ ഷോപ്പുകളിൽ ഇറോക്കി ഉൽപ്പന്നങ്ങൾക്കിട്ടിരിക്കുന്ന വില കാണിച്ചുതന്നു, ഒരമ്മ. കടയിലെ കാർഡ് പെയ്മെന്റ് സംവിധാനത്തിൽ എന്തുകൊണ്ടോ പണമൊടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒടുവിൽ തത്തുല്യമായ തുകക്കുള്ള യു.എ.ഇ ദിർഹം നൽകി മുത്തശ്ശിമാരുമായി ഒരു ഫോട്ടോയുമെടുത്ത് അവിടെ നിന്നിറങ്ങി. ക്ഷീണിച്ചു തളർന്ന് നടന്നുവരുന്ന ഞങ്ങളെ കണ്ടപ്പോൾ കാറിലെ എ.സി ഒക്കെയിട്ട് തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു തിമൂർ എന്ന ഡ്രെെവർ. അങ്ങിനെ ഉസ്ബെക്കിസ്ഥാനിലെ അവസാന ലക്ഷ്യകേന്ദ്രത്തോടും വിട പറഞ്ഞ് മടക്കയാത്ര ആരംഭിച്ചു.

നെയ്ത്തുശാലയിലെ ഉസ്ബെക്ക് സ്ത്രീകൾക്കൊപ്പം.

ഉസ്ബെക്ക് ഗ്രാമീണകാഴ്ച്ചകൾ കണ്ട് മനോഹരമായ സരഫ്ഷാൻ പർവ്വതനിരകളിലൂടെ വീണ്ടുമൊരു യാത്ര. തിമൂറിനെപ്പോലുള്ള മറ്റൊരു ചരിത്രപുരുഷന്റെ കൂടി പ്രവർത്തനരംഗമായിരുന്നു ഈ പ്രദേശങ്ങളൊക്കെ. എട്ടാം നൂറ്റാണ്ടിൽ അബ്ബാസിദ് ഖിലാഫത്തിനെതിരായ ഏറ്റവും രൂക്ഷമായ കലാപങ്ങളിലൊന്നിന് നേതൃത്വം നൽകിയ അൽ- മുഖന്ന എന്ന പേരിലറിയപ്പെട്ട ഹാഷിം ഇബ്ൻ ഹക്കീം എന്ന സ്വയം പ്രഖ്യാപിത പ്രവാചകൻ തന്റെ പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തിരുന്നത് ഈ പർവ്വത പ്രദേശങ്ങളിലെ കോട്ടകളിലിരുന്നായിരുന്നു. എപ്പോഴും മുഖം മറച്ച് നടന്നിരുന്നതുകൊണ്ടാണ് അൽ- മുഖന്ന എന്ന് പേര് ഹാഷിമിന് ലഭിച്ചത്. അഫ്ഗാനിസ്ഥാനിലെ ബാൽക്ക് പ്രദേശത്താണ് ഹാഷിം ജനിച്ചത്. ഒരു ഘട്ടത്തിൽ സ്വയം ദെെവത്തിന്റെ അവതാരമാണ് താനെന്ന് അവകാശപ്പെട്ട അൽ- മുഖന്ന ഒരു ഘട്ടത്തിൽ മധ്യേഷിയിൽ ഇസ്‍ലാമിന് കടുത്ത വെല്ലുവിളി ഉയർത്തി. AD 755-ൽ ഖോറം-ദിനാൻ എന്ന മതം സ്ഥാപിച്ചു. ഒടുവിൽ എ.ഡി 779-ൽ അബ്ബാസിദ് ഗവർണ്ണറായ അൽ- മുസയ്യബ് ഇബ്നു സുഹൈർ അൽ-ദബ്ബിയോട് പരാജയപ്പെട്ട അൽ- മുഖന്ന ആത്മാഹുതി ചെയ്യുകയായിരുന്നു. അൽ-മുഖന്ന മരിച്ചെങ്കിലും ഖോറം- ദിനാൻ സൈന്യങ്ങൾ പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഇസ്‍ലാമിനോട് പോരാടി പലയിടത്തായി നിലകൊണ്ടു. ഒരു മാന്ത്രികനായും ദിവ്യപുരുഷനായുമൊക്കെ അറിയപ്പെട്ട അൽ-മുഖന്ന ഇന്നും പല സാഹിത്യകൃതികളിലും കഥാപാത്രമായി കടന്നുവരുന്നുണ്ട്. സാക്ഷാൽ നെപ്പോളിയൻ ബോണപ്പാർട്ട് തന്നെ അൽ മുഖന്നയെക്കുറിച്ച് 1787-ൽ ‘ലെ മാസ്ക് പ്രാഫറ്റ്’ (Le Masque prophète) എന്ന പേരിൽ രണ്ട് പേജുള്ള ചെറുകഥ എഴുതിയിട്ടുണ്ട്.

രാത്രി 10.45-നാണ് സമർഖണ്ഢിൽ നിന്ന്  അബുദാബിയിലേക്കുള്ള വിമാനം. ഉസ്ബെക്കിൽ വെച്ച് കണ്ടുമുട്ടിയ ഡ്രെെവർമാരിൽ ഏറ്റവും സൗമ്യനും മൃദുഭാഷിയുമായിരുന്നു തിമൂർ. സാധാരണ സഞ്ചാരികളോട് ഡ്രെെവർമാർ പ്രയോഗിക്കുന്ന കൗശലങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു തിമൂർ. അപരിചിത ദേശത്തെ കാഴ്ച്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു സുഹൃത്ത് എന്ന രീതിയിലായിരുന്നു തിമൂറിന്റെ പെരുമാറ്റം. തിമൂർ ചക്രവർത്തിയുടെ ജന്മസ്ഥലം സന്ദർശിക്കാൻ അകമ്പടി വന്നത് മറ്റൊരു തിമൂറാണെന്ന് മേനി പറഞ്ഞു, ഞങ്ങൾ.

ഷഹ്രിസാബ്സ് നഗരപരിധിക്കു പുറത്തുള്ള ഒരു ചെറിയ ഗ്രാമീണ ഭോജനശാലയിൽ നിന്ന് ഏറെ വെെകി ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് തിമൂർ തന്നെപറ്റി കൂടുതൽ പറയുന്നത്. മെക്സിക്കോ വഴി യു.എസ്.എയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകളുമായി കഴിയുകയാണ് തിമൂർ. വായിച്ചറിവും ചില ലാറ്റിനമേരിക്കൻ - ഹോളിവുഡ് ചലച്ചിത്രങ്ങളും വഴി മാത്രം അമേരിക്കിയിലേക്കുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ച് അറിവുള്ള ഞങ്ങൾ അങ്ങനെയൊരു നുഴഞ്ഞുകയറ്റത്തിന്റെ അപകട സാധ്യതകളെക്കുറിച്ച് അയാളോട് പറഞ്ഞു. എന്നാൽ ആ കുടിയേറ്റത്തെക്കുറിച്ചും അതിന്റെ എല്ലാ തരത്തിലുമുള്ള അപകടസാധ്യതയെക്കുറിച്ചും ഉത്തമബോധ്യമുള്ള ഒരാൾ തന്നെയാണ് തിമൂറെന്ന് താമസിയാതെ ബോധ്യമായി.

ഞങ്ങളുടെ ഡ്രൈവര്‍ തിമൂര്‍

അയാൾ പറഞ്ഞതനുസരിച്ച് സമർഖണ്ഢിലെ അയാളുടെ ഗ്രാമത്തിൽ നിന്ന് അടുത്ത ബന്ധുക്കളടക്കമുള്ള നിരവധി പേർ അമേരിക്കയിലേക്ക് കടന്നുകയറിയിട്ടുണ്ട്. ഇതിനു മുൻപ് അയാൾ യു.കെയിൽ തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ട്. ഗ്രീസിൽ കാർഷിക തൊഴിലാളിയായി പല സീസണിലും ജോലിക്ക് പോയിട്ടുണ്ട്. തന്റെ പാസ്പോർട്ടിൽ അവിടത്തെയൊക്കെ വിസ സ്റ്റാമ്പ് ചെയ്ത പേജുകൾ തിമൂർ കാണിച്ചു. തിമൂറിനിപ്പോൾ 35 വയസ്സ്. രണ്ട് കുട്ടികൾ, ഒരാണും പെണ്ണും. അവരെ നന്നായി പഠിപ്പിക്കണം, നല്ലൊരു വീട് വെക്കണം- പ്രവാസം സ്വപ്നം കാണുന്ന ഏതൊരാളെയും പോലെതന്നെയാണ് തിമൂറിന്റെ സ്വപ്നങ്ങളും. ദുബായിലും വന്നിട്ടുണ്ട് തിമൂർ. ബുർജ് ഖലീഫക്കു മുൻപിലും മറ്റും നിൽക്കുന്ന ഫോട്ടോകൾ അയാൾ കാണിച്ചുതന്നു.

ഒട്ടും മോഡിയില്ലാത്ത ആ ഭോജനശാലയിൽ മുഷിഞ്ഞ വസ്ത്രങ്ങളിലുള്ള ഉസ്ബെക്ക് ഗ്രാമീണരായിരുന്നു ഭക്ഷണം കഴിക്കാനുണ്ടായിരുന്നത്. ഭാഷയുടെ പരിമിതികൾക്കിടയിലും ഇന്ത്യൻ സഞ്ചാരികളോടുള്ള കലവറയില്ലാത്ത സ്നേഹം പ്രകടിപ്പിച്ചു അവർ. പുറത്ത് വെയിൽ താഴ്ന്നിരുന്നില്ലെങ്കിലും തണലിലിരിക്കുമ്പോൾ ചൂടറിയുന്നുണ്ടായിരുന്നില്ല.

റൊട്ടിയും ചിക്കൻ കറിയും ഗ്രിൽ ചിക്കനുമായിരുന്നു അവിടെ നിന്ന് കഴിച്ചത്. ചെലവുകുറഞ്ഞ, എന്നാൽ സ്വാദിഷ്ടമായ ഭക്ഷണം. ഒരു പക്ഷെ ഏറെ വെെകി കഴിച്ചതുകൊണ്ടാകണം അതത്ര ഹൃദ്യമായി തോന്നിയത്. അതിസമ്പന്നമായ ഒട്ടനവധി പരമ്പരാഗത ഭക്ഷണവിഭവങ്ങളുണ്ട് ഉസ്ബെക്കിസ്ഥാന്. ഭക്ഷ്യപ്രിയരല്ലാത്തതുകൊണ്ടും കാഴ്ച്ചകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതുകൊണ്ടും അതൊന്നും പര്യവേഷണം ചെയ്യാനായിട്ടില്ല. തീർച്ചയായും അതൊരു നഷ്ടം തന്നെയാണ്.

സമയം ഇനിയും ഏറെ ബാക്കിയാണ്. ഇനി എവിടെയും പോകുന്നില്ല. തിമൂറിന്റെ കാറിൽ നേരെ സമർഖണ്ഢ് എയർപോർട്ടിലേക്ക്. പറഞ്ഞുറപ്പിച്ച സംഖ്യ തിമൂറിന് കെെമാറി. ടിപ്പായി ഞങ്ങൾ ഇരുവരുടെയും കെെവശം ബാക്കിയുണ്ടായിരുന്ന മുഴുവൻ ഉസ്ബെക്ക് കറൻസിയും അയാൾക്കു തന്നെ കൊടുത്തു. സമർഖണ്ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റേത് പുതിയൊരു കെട്ടിടമാണ്. നഗരകേന്ദ്രത്തിൽനിന്ന് എട്ടു കിലോമീറ്റർ ദൂരെയായി വടക്കൻ പ്രാന്തപ്രദേശത്താണ് സമർഖണ്ഡ് അന്താരാഷ്ട്ര വിമാനത്താവളം. 1967-ലാണ് വിമാനത്താവളം സ്ഥാപിതമാകുന്നത്. ഇന്ന് ഉസ്ബെക്കിസ്ഥാനിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമാണിത്. ആഴ്ച്ചയിൽ 120 വിമാനങ്ങൾക്ക് വരെ സർവ്വീസ് നടത്താം. 2022-ൽ പുതിയ വിമാനത്താവള സമുച്ചയം പ്രവർത്തനമാരംഭിച്ചു. തുറന്നു വെച്ച ഒരു പുസ്തകത്തിൻ്റെ രൂപത്തിലാണ് പുതിയ കെട്ടിടത്തിന്റെ മുകൾഭാഗം. തിമൂറിഡ് ഭരണാധികാരിയും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന ഉലുഗ്ബെക്കിൻ്റെ ബഹുമാനാർത്ഥം മേൽക്കൂരയിൽ നക്ഷത്രസമൂഹങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. രാത്രി ഇവിടെ വന്നിറങ്ങുമ്പോൾ ദൃശ്യമാകുന്ന നക്ഷത്രസമൂഹങ്ങളുടെ ഭൂപടം ആകർഷക കാഴ്ച്ചയാണ്. സമർഖണ്ഡിന്റെ ടൂറിസം രംഗത്തെ കുതിപ്പിന് ഈ വിമാനത്താവളം വലിയ രീതിയിൽ സഹായകരമാണ്.

തുറന്നു വെച്ച ഒരു പുസ്തകത്തിൻ്റെ രൂപത്തിലാണ് സമർഖണ്ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ കെട്ടിടത്തിന്റെ മുകൾഭാഗം.

ചെക്കിൻ സമയമാകാത്തതുകൊണ്ട് കോഫി കുടിച്ച് കാത്തിരുന്നു. വിസ് എയർ ആയതുകൊണ്ടുതന്നെ അവസാന സമയത്ത് ഫ്ലെെറ്റ് ക്യാൻസൽ ചെയ്യുമോ എന്ന ഭയമുണ്ട്. താമസിയാതെ കൗണ്ടർ തുറന്നു. ധാരാളം ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ കാത്തിരിക്കുന്നുണ്ട്, മലയാളികളുമുണ്ട്. അവർ തലേന്ന് കസാഖിസ്ഥാനിൽനിന്ന് ദുബായ് വഴി നാട്ടിലേക്ക് പോകേണ്ടവരായിരുന്നു. എന്നാൽ കസാഖിൽ നിന്നുള്ള തലേദിവസത്തെ വിസ് എയർ ക്യാൻസൽ ചെയ്തതുകൊണ്ട് മറ്റേതോ വിമാനത്തിൽ സമർഖണ്ഡിലെത്തി, ഇന്നത്തെ സമർഖണ്ഡ് - ദുബായ് വിമാനത്തിൽ പോകാൻ എത്തിയതാണ്.

ഒരു മധ്യേഷ്യൻ രാജ്യം സന്ദർശിക്കണമെന്ന ആഗ്രഹം, പുരാതന പട്ടുപാതയിലെ പഴയ നഗരങ്ങളിലെ ചരിത്രശേഷിപ്പുകൾ കാണണമെന്ന മോഹം- ഇതൊക്കെയാണ് യാത്രക്കായി ഉസ്ബെക്കിസ്ഥാൻ തിരഞ്ഞെടുത്തതിന് കാരണം. എങ്കിലും ഇത്രമാത്രം ചരിത്രമുറങ്ങുന്ന, നമ്മെ സ്തബ്ധരാക്കാൻ പോന്ന വാസ്തുനിർമിതികളുള്ള ഒരു പ്രദേശമാണ് ഇതെന്ന് തിരിച്ചറിയുന്നത് ഇവിടെ എത്തിയശേഷമാണ്. ഉസ്ബെക്ക് തിരഞ്ഞെടുപ്പ് പൂർണമായും ശരിയായിരുന്നു എന്ന സംതൃപ്തിയോടെയാണ് മടക്കം. ചരിത്രമുറങ്ങുന്ന ഈ മധ്യേഷ്യൻ രാജ്യം അത്രമേൽ ഒരു സഞ്ചാരിയെ അതിന്റെ ഹൃദയത്തിലേക്കടുപ്പിക്കും. സ്നേഹസമ്പന്നരായ ജനത. സമാനതകളില്ലാത്ത ആതിഥ്യമര്യാദ. അംബരചുംബികളായ മധ്യകാല നിർമിതികൾ. അതിൻമേലുള്ള സൂക്ഷ്മമായ അലങ്കാരങ്ങൾ. നല്ല കാലാവസ്ഥ. സമാധാനപൂർണ്ണമായ അന്തരീക്ഷം. കുറഞ്ഞ ജീവിതച്ചെലവ്. വെെവിധ്യമാർന്ന പ്രകൃതി. ഉസ്ബെക്കിസ്ഥാൻ വിനോദസഞ്ചാര രംഗത്ത് ഇനിയും ഉയരങ്ങൾ പിന്നിടാനിരിക്കുന്നതേയുള്ളൂ. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നാലാമത്തെ ടൂറിസം രാജ്യമാണ് ഇന്ന് ഉസ്ബെക്കിസ്ഥാൻ.

വിമാനം പറന്നുയരുമ്പോൾ മുകളിലൊരുക്കിയിരിക്കുന്ന നക്ഷത്രസമൂഹങ്ങളുടെ കാഴ്ച്ച കാണണമെന്ന് കരുതിയിരുന്നു, ഓരോരോ ആലോചനകളിൽ മുഴുകിപ്പോയതിനാൽ അത് മറന്നുപോയി.  ഇബ്രാഹിം വിൻഡോ സീറ്റിലിരുന്ന് പുറം കാഴ്ച്ചകൾ കാണുകയാണ്. ചെറിയൊരു ഉറക്കത്തിന് സമയമുണ്ട്. പകലത്തെ അലച്ചിലിന്റെ നല്ല ക്ഷീണവുമുണ്ട്. സീറ്റ് പുറകിലേക്ക് ചരിച്ച് താഴ്ത്തി പതുക്കെ കണ്ണുകളടച്ചു.

(അവസാനിച്ചു)

Comments