Photo: uzbekembassy.com

കോടീശ്വരനാകാനൊരു രാജ്യം;
70,000 രൂപക്ക് ഒരു കോടി ഉസ്ബെക്ക് സോം

ചോർസു ബസാർ, കുകെൽദാഷ് മദ്രസ, ഉസ്ബെക്ക് മ്യൂസിയം, പിന്നെ കാണാതെ പോയ ശാസ്ത്രി പ്രതിമയും

ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം: ആറ്

ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്തിറങ്ങിയ ഞങ്ങൾ ആദ്യം പോയത് താഷ്കെന്റ് സെൻട്രൽ റെയിൽവേസ്റ്റേഷനിലേക്കായിരുന്നു. താഷ്കെന്റിൽ നിന്ന് ബുഹാരയിലേക്ക് അന്ന് വെെകീട്ടുള്ള ബുള്ളറ്റ് ട്രെയിന് ടിക്കറ്റെടുക്കണം. എന്നാൽ രണ്ടു ദിവസത്തേക്ക് ടിക്കറ്റുകളൊന്നും ശേഷിക്കുന്നില്ലെന്ന് കൗണ്ടറിലിരിക്കുന്ന വനിതകൾ പറഞ്ഞു.

ഉസ്ബെക്ക് യാത്രയിൽ തീർച്ചയായും അനുഭവിക്കേണ്ട ഒന്നാണ് ബുള്ളറ്റ് ട്രെയിൻ യാത്ര. പിറ്റേന്ന് വെെകീട്ട് ബുഹാരയിൽനിന്ന് സമർഖണ്ഡിലേക്ക് പോകേണ്ടതുണ്ട് ആ റൂട്ടിലും ബുള്ളറ്റ് ട്രെയിനുണ്ടെന്ന് വായിച്ചറിഞ്ഞിരുന്നു. ആ ട്രെയിന് ടിക്കറ്റ് ലഭ്യമാണോ എന്നന്വേഷിച്ചു ഞങ്ങൾ. ആശയവിനിമയം വളരെ ദുഷ്കരമാണ് ഉസ്ബെക്കിസ്ഥാനിൽ പലയിടത്തും. ആംഗ്യവിക്ഷേപങ്ങളും ട്രാൻസിലേറ്ററും ഉപയോഗിച്ചുള്ള ആശയവിനിമയം നടന്നുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾക്കുപുറകിൽ കാത്തുനിൽക്കുന്നവർ അക്ഷമരായിക്കൊണ്ടിരുന്നു. ഒടുവിൽ പിറ്റേന്നത്തെ ബുഹാര- സർഖണ്ഡ് ട്രെയിനിൽ ടിക്കറ്റെടുത്ത് അവിടെ നിന്ന് രക്ഷപ്പെട്ടു ഞങ്ങൾ.

താഷ്കെന്റ് സെൻട്രൽ റെയിൽവേ സ്റ്റേഷന്‍
താഷ്കെന്റ് സെൻട്രൽ റെയിൽവേ സ്റ്റേഷന്‍

ഇന്നിനി ബുഹാരയിലെത്തണമെങ്കിൽ ബസ് പിടിക്കണം, അല്ലെങ്കിൽ ടാക്സി. സെൻട്രൽ റെയിൽവേ സ്റ്റേഷനുമുൻപിൽ തന്നെയുള്ള മെട്രോസ്റ്റേഷനിൽനിന്ന് താഷ്കെന്റിലെ പ്രധാന ബസ് സ്റ്റാന്റിലേക്ക് മെട്രോയിൽ യാത്രയായി ഞങ്ങൾ. മെട്രോ സ്റ്റേഷനിൽ നിന്നൽപ്പം മാറിയാണ് ബസ് സ്റ്റാന്റ്. എതിരെ വന്ന മൂന്ന് വിദ്യാർത്ഥികളോട് വഴി ചോദിച്ചു. അവർ ഞങ്ങൾക്കൊപ്പം വരികയും ടിക്കറ്റ് കൗണ്ടറിലുള്ളവരോട് ബസിന്റെ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. 1.30ന് പുറപ്പെടുന്ന ബുഹാര ബസിൽ ടിക്കറ്റുണ്ട്, പക്ഷെ വെെദ്യുതിയില്ല. ടിക്കറ്റെടുക്കാൻ കറന്റ് വരണം. ഞങ്ങൾക്കുതന്നെ ആദ്യം ടിക്കറ്റ് കൊടുക്കണമെന്ന് ശട്ടംകെട്ടി ആ കുട്ടികൾ യാത്ര പറഞ്ഞ് പിരിഞ്ഞു.

ആദ്യകാലത്ത് സോം അതിഭീകരമായ മൂല്യത്തകർച്ച നേരിട്ടു. അക്ഷരാർത്ഥത്തിൽ ചാക്കുകണക്കിന് നോട്ടുകളുമായി ചന്തകളിലേക്ക് പോകേണ്ടതുണ്ടായിരുന്നു അന്ന് ഉസ്ബെക്കുകാർക്ക്.

തലസ്ഥാനനഗരമായ താഷ്കെന്റിലെ പ്രധാന ബസ് സ്റ്റേഷനിൽ വെെദ്യുതിയില്ലാത്തതുകൊണ്ട് ടിക്കറ്റ് നൽകാൻ കഴിയാതിരിക്കുക എന്നത് കൗതുകമായി തോന്നി. 1977-ൽ മെട്രോ ട്രെയിൻ നിലവിൽ വന്ന നഗരമാണിത്. കുറച്ചു സമയത്തെ കാത്തിരിപ്പിനെടുവിൽ വെെദ്യുതിയെത്തുകയും ടിക്കറ്റ് ലഭിക്കുകയും ചെയ്തു. 2,10,000 സോമായിരുന്നു രണ്ടുപേർക്ക് താഷ്കെന്റിൽ നിന്നും ബുഹാരയിലേക്കുള്ള ടിക്കറ്റ് ചാർജ്ജ്. താഷ്കെന്റ് കറൻസിയാണ് സോം. ഒരു ഇന്ത്യൻ രൂപ കൊടുത്താൽ 150 ഓളം താഷ്കെന്റ് സോം കിട്ടും. 2000 യു.എ.ഇ ദർഹം സോമായി മാറ്റിയപ്പോൾ ഞങ്ങൾക്ക് 6,60,000-ഓളം സോമാണ് കിട്ടിയത്. ലക്ഷാധിപതികളായി എന്നു കരുതിയ ഞങ്ങൾ ആദ്യം കയറിയ ടാക്സിയുടെ വാടക 30,000 സോമാണെന്നറിഞ്ഞതോടെ ഉസ്ബെക്ക് കറൻസിയുടെ മൂല്യം മനസ്സിലായി. കോടീശ്വരനായി ഒരു ദിവസം കഴിയണമെന്നുള്ളവർക്ക് ഉസ്ബെക്കിൽ പോയാൽ മതി. 70,000 ത്തോളം ഇന്ത്യൻ രൂപ കൊടുത്താൽ ഒരു കോടി ഉസ്ബെക്ക് സോം ലഭിക്കും. 1993 ജൂണിൽ സോം നിലവിൽ വരുന്നതുവരെ റഷ്യൻ റൂബിളായിരുന്നു ഇവിടത്തെ കറൻസി. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ നാണയമായ ടിയിനാണ് സോമിന്റെ നാണയം. 100 ടിയിൻ ചേർന്നാൽ ഒരു സോം. പക്ഷെ ടിയിൻ നൽകിയാൽ ഒരു മൊട്ടുസൂചി പോലും ലഭിക്കുമോ എന്ന് സംശയമാണ്. ആദ്യ കാലത്ത് സോം അതിഭീകരമായ മൂല്യത്തകർച്ച നേരിട്ടു. അക്ഷരാർത്ഥത്തിൽ ചാക്കുകണക്കിന് നോട്ടുകളുമായി ചന്തകളിലേക്ക് പോകേണ്ടതുണ്ടായിരുന്നു അന്ന് ഉസ്ബെക്കുകാർക്ക്. തുടർന്ന് 1994 ജൂ​​ലൈയിൽ പഴയ സോം പിൻവലിച്ച് പുതിയ സോം കൊണ്ടു വന്നു. 1000 പഴയ സോമിന് പകരം ഒരു പുതിയ സോം എന്നതായിരുന്നു കണക്ക്.

ചരിത്രാതീത കാലത്തെ അവശിഷ്ടങ്ങളും ശിലായുഗകാലത്തെ ഉപകരണങ്ങളും അന്യം നിന്നുപോയ ബുദ്ധസംസ്ക്കാരത്തിന്റെ ശേഷിപ്പുകളും തിമൂറിന് മുൻപും പിൻപുമുള്ള രാജവംശങ്ങളുടെ കാലത്തെ കാലിഗ്രാഫിയും രാജകീയ ശാസനകളും ആയുധങ്ങളും ഉപകരണങ്ങളും നാണയങ്ങളും വസ്ത്രങ്ങളും സാറിസ്റ്റ് സോവിയറ്റ് കാലത്തെ ചരിത്രരേഖകളുമൊക്കെ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ചരിത്രാതീത കാലത്തെ അവശിഷ്ടങ്ങളും ശിലായുഗകാലത്തെ ഉപകരണങ്ങളും അന്യം നിന്നുപോയ ബുദ്ധസംസ്ക്കാരത്തിന്റെ ശേഷിപ്പുകളും തിമൂറിന് മുൻപും പിൻപുമുള്ള രാജവംശങ്ങളുടെ കാലത്തെ കാലിഗ്രാഫിയും രാജകീയ ശാസനകളും ആയുധങ്ങളും ഉപകരണങ്ങളും നാണയങ്ങളും വസ്ത്രങ്ങളും സാറിസ്റ്റ് സോവിയറ്റ് കാലത്തെ ചരിത്രരേഖകളുമൊക്കെ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഇന്ന് ഉസ്ബെക്ക് കറൻസി താരതമ്യേന സ്ഥിരതയുള്ളതായി നിലകൊള്ളുന്നു. റൂബിളിന്റെ കാലത്തും ഉസ്ബെക്കുകാർ കറൻസിയെ വിളിച്ചിരുന്ന പേര് സോം എന്നു തന്നെയായിരുന്നു. കസാഖ്, കിർഗിസ്, താജിക്ക് പ്രദേശങ്ങളിലൊക്കെ പണം ഇങ്ങനെത്തന്നെ അറിയപ്പെട്ടു. ശുദ്ധം എന്നാണ് സോം എന്ന വാക്കിനർത്ഥം ശുദ്ധമായ വെള്ളി അല്ലെങ്കിൽ സ്വർണം എന്നിവയെയൊക്കെ സൂചിപ്പിക്കുന്നതാണ് ഈ പദം. മുൻപ് നിലവിലുണ്ടായിരുന്ന ഏറ്റവും വലിയ ഉസ്ബെക്ക് കറൻസിനോട്ട് 1000 സോമിന്റേതായിരുന്നു. അപ്പോഴും പല ഇടപാടുകൾക്കും ചാക്കുകണക്കിന് പണം കൊണ്ടു പോകേണ്ടിവന്നിരിക്കണം. 2019 മുതൽ ഒരു ലക്ഷം രൂപയുടെ ഒറ്റനോട്ടും 2022 മുതൽ രണ്ട് ലക്ഷം രൂപയുടെ നോട്ടും പുറത്തിറക്കി. മുൻപ് പത്ത് ദശലക്ഷം സോം കെെമാറ്റത്തിനായി 10,000 കറൻസികൾ വേണ്ടിയിരുന്നിടത്ത് ഇന്ന് 50 കറൻസിയുണ്ടെങ്കിൽ കാര്യം നടക്കും. താരതമ്യേന വളരെ ചെലവു കുറഞ്ഞ രാജ്യമാണ് ഉസ്ബെക്കിസ്ഥാനെങ്കിലും ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങിയാൽ പോലും ഒരു ലക്ഷം സോമിൽ കൂടുതൽ ബില്ലു വരുന്നതോടെ ആദ്യം നമ്മളൊന്ന് പകച്ചുപോകും. പിന്നീടത് ഇന്ത്യൻ രൂപയിലേക്കോ യു.എ.ഇ ദിർഹത്തിലേക്കോ വിനിമയം ചെയ്ത് നോക്കുന്നതോടെയാണ് ആ തുക ഒട്ടും അധികമില്ലല്ലോ എന്ന് മനസ്സിലാകുക.

ചോർസു ബസാറിന്റെ വലിയ ഒറ്റ താഴികക്കുടം വളരെ ദൂരേ നിന്നു കാണം
ചോർസു ബസാറിന്റെ വലിയ ഒറ്റ താഴികക്കുടം വളരെ ദൂരേ നിന്നു കാണം

ബുഹാര ബസ് വരാൻ ഇനിയുമേറെ സമയമുണ്ട്. താഷ്കെന്റ് സ്റ്റേറ്റ് മ്യൂസിയവും ചോർസു ബസാറും കുകെൽദാഷ് മദ്രസയും കാണണം. ഞങ്ങൾ യാൻടെക്സ് വഴി ടാക്സി ബുക്ക് ചെയ്ത് ബസ്റ്റാൻഡിന് പുറത്ത് കാത്തുനിൽപ്പായി. പക്ഷെ ടാക്സിയെത്തിയില്ല. ഒടുവിൽ ബസ് സ്റ്റേഷനിൽ വന്നിറിങ്ങിയ ഒരാൾ ഞങ്ങളുടെ പരിശ്രമങ്ങൾ കണ്ട് ഒരു ടാക്സി സംഘടിപ്പിച്ചുതന്നു. ചോർസു ബസാർ ഭാഗത്ത് ബ്ലോക്കുണ്ടെന്നും അതിനാലാണ് ടാക്സിക്കാർ ഓൺലെെൻ ബുക്കിങ്ങ് ഏറ്റെടുക്കാതെ മുങ്ങിനടക്കുന്നതെന്നും അയാൾ പറഞ്ഞു. താഷ്കെന്റ് യാത്രയിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത സ്ഥലമാണ് മധ്യേഷ്യയിലെ ഏറ്റവും വലിയ ചന്തയായ ചോർസു ബസാർ. നാല് അരുവികൾ എന്നാണ് ചോർസു എന്ന വാക്കിനർത്ഥം. ചോർസു ബസാറിന്റെ വലിയ ഒറ്റ താഴികക്കുടം വളരെ ദൂരേ നിന്നു കാണം. ബസാറിൽ നിന്ന് കുറച്ചു ദൂരെയായാണ് ടാക്സിക്കാരൻ ഞങ്ങളെ ഇറക്കിവിട്ടത്. പ്രധാന കെട്ടിട സമുച്ചയത്തിനുപുറത്തേക്ക് വളരെ ദൂരം ബസാർ പരന്നുകിടക്കുന്നു. ജനം അതിലൂടെയൊക്കെ ഒഴുകിനടക്കുന്നുണ്ട്. പല ദേശക്കാരായ വിനോദസഞ്ചാരികളുടെ മുഖങ്ങളും അതിനിടയിൽ തിരിച്ചറിയാനാകുന്നുണ്ട്. ചന്തയുടെ ഏതൊക്കയോ പ്രാന്തങ്ങളിലൂടെ അലഞ്ഞ് ഒടുവിൽ ഞങ്ങൾ പ്രധാന ബസാർ കെട്ടിടത്തിലേക്കെത്തി.


നീലനിറത്തിലുള്ള ഒരു വലിയ മകുടത്തിനുതാഴെ മൂന്ന് നിലകളിലായി വിശാലമായി പരന്നുകിടക്കുന്നു ഈ പ്രധാന വിപണി. അതിന്റെ വരാന്തയിൽ കരകൗശല ഉൽപ്പന്നങ്ങളാണ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ചില്ലുവാതിലുകളും ജനാലകളും ഉറപ്പിച്ച കമാനാകൃതിയിലുുള്ള പ്രവേശന കവാടത്തിലൂടെ ഞങ്ങൾ ഉള്ളിലേക്ക് കയറി. കടന്നു ചെല്ലുന്നത് വൃത്താകൃതിയിലുള്ള വലിയൊരു തളത്തിലേക്കാണ്. അതിന് ചുറ്റും മുകളിൽ വൃത്താകൃതിയിലുള്ള മട്ടുപ്പാവായി മറ്റൊരു നില. അവിടെനിന്നു നോക്കിയാൽ താഴത്തെ നിലയുടെ മധ്യഭാഗത്തെ മുഴുവൻ കച്ചവടങ്ങളും കാണാം. ഭൂനിരപ്പിൽനിന്ന് താഴെയായി ഒരു നില കൂടിയുണ്ട്. സീലിങ്ങിന്റെ നടുഭാഗത്തെ സുതാര്യമായ ഭാഗത്തുകൂടി കടന്നെത്തുന്ന വെളിച്ചവും കെട്ടിടത്തിന്റെ താഴത്തെ ഭാഗത്തിന് ചുറ്റുമുയുള്ള കമാനങ്ങളിലെ ചില്ലുജാലകങ്ങളിലൂടെ കടന്നു വരുന്ന വെളിച്ചവും ബസാറിനെ പ്രകാശമാനമാക്കുന്നുണ്ട്. കുതിരയിറച്ചി മുതലായ വിവിധ തരം മാംസങ്ങളാണ് ഞങ്ങൾ പ്രവേശിച്ച ഭാഗത്തെ പ്രധാന വിൽപനവസ്തു. മത്സ്യങ്ങൾ, മസാലപ്പൊടികൾ, നട്സ്, ഉണങ്ങിയ പഴങ്ങൾ, റൊട്ടികൾ, സോസേജുകൾ എന്നിവയുടെയൊക്കെ വിഭാഗങ്ങളുണ്ട് ആ നിലയിൽ. പഴയ താഷ്കെന്റ് പട്ടണത്തിന്റെ മധ്യഭാഗത്തായാണത്രെ ഈ പരമ്പരാഗത ചന്തയുടെ സ്ഥാനം.

നീലനിറത്തിലുള്ള ഒരു വലിയ മകുടത്തിനുതാഴെ മൂന്ന് നിലകളിലായി വിശാലമായി പരന്നുകിടക്കുന്നു ചോർസു ബസാർ.
നീലനിറത്തിലുള്ള ഒരു വലിയ മകുടത്തിനുതാഴെ മൂന്ന് നിലകളിലായി വിശാലമായി പരന്നുകിടക്കുന്നു ചോർസു ബസാർ.

ഇവിടെ നിലവിലുണ്ടായിരുന്ന പുരാതന നിർമിതിയുടെ മാതൃകയിൽ 1966-ലെ ഭൂകമ്പത്തിന് ശേഷം കോൺക്രീറ്റും ഉരുക്കുമുപയോഗിച്ച് സോവിയറ്റ് കാലത്ത് പുനർനിർമ്മിച്ചതാണ് നിലവിലുള്ള കെട്ടിടം. പൗരസ്ത്യ നഗരങ്ങളുടെയൊക്കെ പൊതുസവിശേഷതയാണ് നഗരമധ്യത്തിലെ ഇത്തരം കൂറ്റൻ ബസാറുകൾ. പഴയ പട്ടുപാതകളുടെ ജീവനും ഇത്തരം ബസാറുകളായിരുന്നു. ആയിരക്കണക്കിന് മെെലുകൾ താണ്ടിയെത്തുന്ന വർത്തക സംഘങ്ങളുടെ ആരവങ്ങളില്ലെങ്കിലും ഗതകാലപ്രതാപത്തിന്റെ ഓർമ്മകളിൽ പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്ന വാണിജ്യകേന്ദ്രങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു ഈ നഗരചന്തകൾ. ചെെനയിലെ കഷ്ഗർ മാൽ ബസാർ, ഇറാനിലെ തബ്രിസ്, കഷാൻ ഷിറാസ് വക്കിൽ, ടെഹ്‌റാനിലെ ഗ്രാൻഡ് ബസാർ, കിർഗിസ്ഥാനിലെ ഡോർഡോയ്, ബിഷ്കെക്ക് സെൻട്രൽ ഓഷ് ബസാർ, തുർക്ക്മെനിസ്ഥാനിലെ ടോൾകുച്ച ബസാർ, തുർക്കിയിലെ ഉർഫ മാർക്കറ്റ്, കസാക്കിസ്ഥാനിലെ അൽമാട്ടി ഗ്രീൻ ബസാർ, താജിക്കിസ്ഥാനിലെ ഖുജന്ദ് പഞ്ച്ഷാൻബെ ബസാർ, അഫ്ഗാനിസ്ഥാനിലെ ഇഷ്കാഷിം ബോർഡർ മാർക്കറ്റ്, ഉസ്ബെക്കിസ്ഥാനിലെ തന്നെ ഉർഗട്ട് ബസാർ എന്നിവയൊക്കെ നൂറ്റാണ്ടുകളുടെ പെെതൃകം പേറുന്ന ഇത്തരം ബസാറുകളാണ്.

ഒരു കാലത്ത് ഉസ്ബെക്കിൽ നിലനിന്നിരുന്ന ബുദ്ധസ്വാധീനം വെളിവാക്കുന്ന എ ഡി ഒന്നാം നൂറ്റാണ്ടിലെ ബുദ്ധന്റെ ഒരു പ്രതിമയും ബുദ്ധകാലത്തെ ചിത്രങ്ങളും ഇവിടെ കാണാം.

കുകെൽദാഷ് മദ്രസയിലേക്കാണ് പിന്നീട് ഞങ്ങൾ പോയത്. ചോർസി ബസാറിനടുത്ത് തന്നെയാണ് കുകെൽദാഷ് മദ്രസ. 1570-ൽ ഷെയ്ബാനിദ് രാജവംശത്തിനുകീഴിൽ വസീറായിരുന്ന ഡെർവിഷ് ഖാൻ നിർമ്മിച്ച മതപഠനകേന്ദ്രമാണിത്. ചോർസു ബസാറിലെ പ്രധാന കെട്ടിടത്തിനപ്പുറം വിശാലമായ ഒരു പ്രദേശത്തെമ്പാടും കച്ചവടസ്ഥാപനങ്ങൾ തന്നെയാണ്. ആ വാണിഭശാലകളുടെ നടുവിലൂടെയുള്ള ഇടുങ്ങിയ ജനനിബിഡമായ നടവഴികളിലൂടെ എങ്ങോട്ടൊക്കെയോ നടന്ന് ഒടുവിൽ ഞങ്ങൾ കുകെൽദാഷ് മദ്രസയുടെ ഇടത്തേ മതിലിനടുത്തെത്തി. ബാല പ്രസിദ്ധീകരണങ്ങളിലെ വഴി കണ്ടെത്താനുള്ള ചിത്രങ്ങളുടെ അതിബൃഹത്തും സങ്കീർണവുമായ ഒന്നുപോലെ തോന്നി ഞങ്ങൾ കടന്നുവന്ന വഴികൾ.

ചോർസു ബസാർ
ചോർസു ബസാർ

മനോഹരമായ ഒരു മധ്യേഷ്യൻ വാസ്തുനിർമ്മിതിയാണ് ഈ മദ്രസ. കുകെൽദാഷ് എന്ന പേരിലായിരുന്നു ഡെർവിഷ് ഖാൻ അറിയിപ്പെട്ടിരുന്നത്. അങ്ങനെ മദ്രസക്കും ആ പേര് വന്നു. ഒരു മതപഠനകേന്ദ്രമായി നിർമിക്കപ്പെട്ട ഈ മദ്രസ പിന്നീട് 17-ാം നൂറ്റാണ്ടിൽ ബസാറിലെത്തുന്ന സിൽക്ക് റൂട്ടിലെ വർത്തകസംഘങ്ങളുടെ ഉപയോഗത്തിനായുള്ള സത്രമായി മാറി. കാലക്രമത്തിൽ തകർച്ച നേരിട്ട ഇവിടം 19-ാം നൂറ്റാണ്ടിൽ കോകണ്ട് ഖാൻമാരുടെ കോട്ടയായി ഉപയോഗിക്കപ്പെട്ടു. വ്യഭിചാരം പോലുള്ള കുറ്റങ്ങൾക്കുള്ള ശിക്ഷ നടപ്പിലാക്കാനായി പിന്നീട് ഈ കെട്ടിടം ഉപയോഗിച്ചുതുടങ്ങി. വ്യഭിചാരക്കുറ്റം ആരോപിക്കപ്പെടുന്ന സ്ത്രീകളെ പരസ്യമായി താഴേക്കെറിഞ്ഞു കൊല്ലുന്നതിനായി  ഇതിന്റെ ഗോപുരങ്ങൾ ഉപയോഗിക്കപ്പെട്ടു.

മതപാഠശാലയായി തുടങ്ങി സത്രമായും കോട്ടയായും നിരിശ്വരവാദ മ്യൂസിയമായുമൊക്കെയുള്ള പരിണാമത്തിന്റെ അടയാളങ്ങളൊന്നും ഇന്നിവിടെ ശേഷിക്കുന്നില്ല.

ഇതിനിടയിൽ വന്നും പോയുമിരുന്ന ഭൂകമ്പങ്ങളും പരുക്കൻ ഉപയോഗവും അവഗണനയുമൊക്കെ മൂലം തകർന്ന ഈ മദ്രസാകെട്ടിടം പിന്നീട് പുനർനിർമ്മിക്കുന്നതും വിരോധാഭാസമെന്നുപറയട്ടെ ഒരു നിരിശ്വരവാദ മ്യൂസിയമായി മാറുന്നതും സോവിയറ്റ് കാലത്താണ്. പിന്നീട് സോവിയറ്റ് അവസാനകാലങ്ങളിൽ ഇതൊരു പുരാവസ്തു മ്യൂസിയമായി. സ്വാതന്ത്രാനന്തരമാണ് ചരിത്രസ്മാരകമെന്ന നിലയിൽ ഇന്ന് കാണുന്ന രീതിയിൽ ഇത് പുനർ സൃഷ്ടിക്കപ്പെടുന്നതും വീണ്ടും മദ്രസക്കായി വിട്ടുകൊടുക്കുന്നതും. 1880- കളിലെ ഫോട്ടോഗ്രാഫുകളാണ് മദ്രസയുടെ പുനരുദ്ധാരണത്തിന് സഹായകരമായതത്ര. മതപാഠശാലയായി തുടങ്ങി സത്രമായും കോട്ടയായും നിരിശ്വരവാദ മ്യൂസിയമായുമൊക്കെയുള്ള പരിണാമത്തിന്റെ അടയാളങ്ങളൊന്നും ഇന്നിവിടെ ശേഷിക്കുന്നില്ല. നന്നായി പരിപാലിക്കപ്പെടുന്ന അതിമനോഹര പരമ്പരാഗത മധ്യേഷ്യൻ കെട്ടിടം- അതാണിന്ന് കുകെൽദാഷ് മദ്രസ.

മദ്രസയുടെ പ്രധാന കവാടം കടന്ന് നമ്മളെത്തുന്നത് വലിയൊരു നടുമുറ്റത്തേക്കാണ്. പുല്ലുവിരിച്ച ഇടങ്ങളും പൂച്ചെടികളും അതിനിടയിലൂടെയുള്ള കല്ലുപാകിയ നടവഴികളുമുള്ള ആ വലിയ നടുമുറ്റത്തിന് നാലുഭാഗത്തുമായി രണ്ടു നിലകളിലായാണ് മദ്രസ. ക്ലാസ് മുറികൾ, മസ്ജിദ്, ഹാളുകൾ എന്നിവയൊക്കെ സ്ഥിതിചെയ്യുന്നത് അവിടെയാണ്. ക്ലാസ് മുറികൾക്ക് പുറമെ കമ്പ്യൂട്ടർ മുറികൾ, കാലിഗ്രാഫി പഠിക്കാനുള്ള പ്രത്യേക ഹാൾ, ഒരു വലിയ ലൈബ്രറി, ജിം, കഫറ്റീരിയ, ഡോർമിറ്ററി എന്നിവയൊക്കെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മദ്രസയിലേക്കുള്ള നൂറോളം വിദ്യാർത്ഥികളെ ഓരോ വർഷവും പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. നാലു വർഷമാണ് പഠനകാലാവധി. ബിരുദം നേടുന്ന പഠിതാക്കൾക്ക് ഉസ്ബെക്കിസ്ഥാനിലെ പള്ളികളിൽ ജോലിയിൽ പ്രവേശിക്കാം. മത ഇതര വിഷയങ്ങളിൽ തുടർപഠനം വേണമെന്നുള്ളവർക്ക് സർവകലാശാലകളിൽ ചേർന്ന് പഠനം തുടരാം. മദ്രസയിലെ സിലബസ്സും പഠനവുമൊക്കെ സർക്കാരിന്റെ നിയന്ത്രണത്തിലാണ്.

മധ്യേഷ്യയിലെ ഏറ്റവും പഴക്കം ചെന്ന മ്യൂസിയമാണ് ഉസ്ബെക്കിസ്ഥാനിലേത്
മധ്യേഷ്യയിലെ ഏറ്റവും പഴക്കം ചെന്ന മ്യൂസിയമാണ് ഉസ്ബെക്കിസ്ഥാനിലേത്

ഒരു ചായ കുടിച്ച് ടാക്സി കാത്ത് മുൻപിലെ നഗരത്തിരക്കിലേക്കും പുറകിലെ മിന്നാരങ്ങളിലേക്കും പ്രധാന കമാനത്തിലെ സൂക്ഷ്മമായ അലങ്കാരങ്ങളിലേക്കും മദ്രസചുമരുകളെ അലങ്കരിക്കുന്ന ബഹുവർണ ടെെലുകളിലേക്കും കണ്ണുകളയച്ച് അങ്ങനെയിരുന്നു കുറച്ചു സമയം. മണ്ണും വെെക്കോലും കൊണ്ട് നിർമിക്കുന്ന ഇഷ്ടികകളുടെ പുറം പ്രതലത്തിൽ വ്യത്യസ്‌ത നിറങ്ങളിലുള്ള ഗ്ലേസ്ഡ് സെറാമിക്സ് കോട്ടിങ്ങ് നൽകി ഉണ്ടാക്കുന്ന ഇഷ്ടികകളുപയോഗിച്ചു കൊണ്ടുള്ളതാണ് മധ്യേഷ്യൻ വാസ്തുനിർമ്മിതികളിലധികവും. താമസിക്കാതെ ടാക്സിയെത്തി. നാലു കിലോമീറ്ററോളം ദൂരമുണ്ട് മ്യൂസിയത്തിലേക്ക്. സോവിയറ്റ് കാലത്തെ ഒരു ഗംഭീര നിർമിതിയാണ് സ്റ്റേറ്റ് മ്യൂസിയം ഓഫ് ഹിസ്റ്ററി ഓഫ് ഉസ്ബെക്കിസ്ഥാൻ. വിശാലമായ വളപ്പിൽ നെടുനീളത്തിലുള്ള പടിക്കെട്ടുകൾ കയറി നമ്മളെത്തുക മ്യൂസിയത്തിന്റെ ഒന്നാം നിലയിലേക്കാണ്.

സോവിയറ്റ് കാലത്തെ ഗംഭീര നിർമിതിയാണ് സ്റ്റേറ്റ് മ്യൂസിയം ഓഫ് ഹിസ്റ്ററി ഓഫ് ഉസ്ബെക്കിസ്ഥാൻ
സോവിയറ്റ് കാലത്തെ ഗംഭീര നിർമിതിയാണ് സ്റ്റേറ്റ് മ്യൂസിയം ഓഫ് ഹിസ്റ്ററി ഓഫ് ഉസ്ബെക്കിസ്ഥാൻ

മധ്യേഷ്യയിലെ ഏറ്റവും പഴക്കം ചെന്ന മ്യൂസിയമാണ് ഉസ്ബെക്കിസ്ഥാനിലേത്. 1876-ൽ തുർക്കിസ്ഥാനിലെ സ്റ്റേറ്റ് മ്യൂസിയമായാണ് ഇത് ആരംഭിക്കുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലെ ഉസ്ബെക്ക് ചരിത്രം ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു. ചരിത്രാതീത കാലത്തെ അവശിഷ്ടങ്ങളും ശിലായുഗകാലത്തെ ഉപകരണങ്ങളും അന്യം നിന്നുപോയ ബുദ്ധസംസ്ക്കാരത്തിന്റെ ശേഷിപ്പുകളും തിമൂറിന് മുൻപും പിൻപുമുള്ള രാജവംശങ്ങളുടെ കാലത്തെ കാലിഗ്രാഫിയും രാജകീയ ശാസനകളും ആയുധങ്ങളും ഉപകരണങ്ങളും നാണയങ്ങളും വസ്ത്രങ്ങളും സാറിസ്റ്റ് സോവിയറ്റ് കാലത്തെ ചരിത്രരേഖകളുമൊക്കെ ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഒരു കാലത്ത് ഉസ്ബെക്കിൽ നിലനിന്നിരുന്ന ബുദ്ധസ്വാധീനം വെളിവാക്കുന്ന എ ഡി ഒന്നാം നൂറ്റാണ്ടിലെ ബുദ്ധന്റെ ഒരു പ്രതിമയും ബുദ്ധകാലത്തെ ചിത്രങ്ങളും ഇവിടെ കാണാം. നാല് നിലകളിയായി സ്ഥിതി ചെയ്യുന്ന ഇപ്പോഴത്തെ മ്യൂസിയം കെട്ടിടം സോവിയറ്റ് കാലത്താണ് നിർമിക്കപ്പെട്ടത്. ക്യൂബിനോട് സാമ്യമുള്ള ഈ നിർമ്മിതി സോവിയറ്റ് കാലത്തെ താഷ്‌കന്റിലെ ഏറ്റവും മികച്ച വാസ്തുവിദ്യാ ഇൻസ്റ്റാളേഷനുകളിലൊന്നായി കണക്കാക്കപ്പെടുന്നു. പുരാവസ്തുശാസ്ത്രം, നാണയശാസ്ത്രം, നരവംശശാസ്ത്രം, ഭൗതിക നിധികൾ, പല കാലത്തെ ചരിത്ര രേഖകളുടെ അമൂല്യമായ ആർക്കൈവുകൾ, കെെയ്യെഴുത്തു പ്രതികളുടെ ലൈബ്രറി എന്നിവയൊക്കെ ഉൾക്കൊള്ളുന്ന ഈ പ്രദര്‍ശനാലയം ഉസ്ബെക്ക് ചരിത്രം ആഴത്തിൽ മനസ്സിലാക്കാനാഗ്രഹിക്കുന്ന ഒരു സഞ്ചാരി തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്.  

ആയിരക്കണക്കിന് മെെലുകൾ താണ്ടിയെത്തുന്ന വർത്തക സംഘങ്ങളുടെ ആരവങ്ങളില്ലെങ്കിലും ഗതകാലപ്രതാപത്തിന്റെ ഓർമ്മകളിൽ പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്ന വാണിജ്യകേന്ദ്രങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു നഗരചന്തകൾ.

മ്യൂസിയത്തിന്റെ അകത്തളങ്ങളിലൂടെ അലയുമ്പോഴാണ് മധ്യവയസ്സ് പിന്നിട്ട ഒരു ഇന്ത്യക്കാരനെ കാണുന്നത്. ഒട്ടും തിരക്കില്ലാതെ സമയമെടുത്ത് ആസ്വദിച്ച് പ്രദർശനവസ്തുക്കൾ കാണുകയായിരുന്നു അയാൾ. ഉസ്ബെക്കിൽ ജോലി ചെയ്യുന്ന മക്കൾക്കടുത്തേക്ക് കുറച്ച് ദിവസം ചെലവിടാനെത്തിയ മലയാളിയായ ഒരു റിട്ടയേഡ് ഉദ്യോഗസ്ഥനെന്നായിരുന്നു അയാളെപ്പറ്റിയുള്ള എന്റെ അനുമാനം. പരിചയപ്പെട്ടു, മലയാളിയല്ല ആന്ധ്രക്കാരനാണ്. വർഷങ്ങളായി ബാംഗ്ലൂരിൽ താമസം. അവിവാഹിതനാണ്. പേര് മഹാബലേശ്വർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്സിൽ അധ്യാപകനായിരുന്നു. വിരമിക്കൽ പ്രായത്തിന് മുന്നേ തന്നെ സ്വമേധയാ പിരിഞ്ഞു. പിന്നെ യാത്രകളാണ് ജീവിതം. ഇപ്പോൾ വയസ്സ് 57. 25ൽ പരം രാജ്യങ്ങൾ കണ്ടു കഴിഞ്ഞു, ഇതിനിടെ. ഏറ്റവും ചെലവുകുറച്ച്, സമയമെടുത്ത്, തനിച്ചാണ് യാത്രകൾ. കസാഖിസ്ഥാനിൽ നിന്ന് റോഡ് വഴിയാണ് ഉസ്ബെക്കിലെത്തിയത്.  50-ലേറെ രാജ്യങ്ങൾ സന്ദർശിച്ച ആളെന്ന നിലയിൽ ഇബ്രാഹിമിനെ ഞാനദ്ദേഹത്തിന് പരിചയപ്പെടുത്തി. ഞങ്ങൾ നമ്പർ കെെമാറി പിരിഞ്ഞു. മ്യൂസിയത്തിൽ നിന്നിറങ്ങുമ്പോഴാണ് മധ്യവയസ്കരായ ഇന്ത്യൻ ദമ്പതികൾ ചിരിച്ച് ഞങ്ങൾക്കടുത്തെത്തിയത്. റഷ്യയിൽ തടി ബിസിനസ് നടത്തുന്ന തമിഴ്നാട്ടുകാരനായ രാജഗോപാലനും ഭാര്യ സുജാതയുമായിരുന്നു അത്. സ്നേഹത്തോടെ ഇടപെടുന്ന പ്രസന്നരായ ആ ദമ്പതികൾ ഞങ്ങളുടെ യാത്രയെക്കുറിച്ചന്വേഷിച്ചു. സമർഖണ്ഢും ബുഹാരയും കിവയുമൊക്കെ സന്ദർശിച്ചു കഴിഞ്ഞിരുന്നു അവർ. സമയമുണ്ടെങ്കിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നവർ പറഞ്ഞു. ബസിന്റെ സമയം അടുത്തുവരുന്നതുകൊണ്ടു തന്നെ ഞങ്ങൾക്കവരുടെ ക്ഷണം സ്വീകരിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. മോസ്ക്കോ വഴി എപ്പോഴേങ്കിലും വരുമ്പോൾ കാണാം എന്നു പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.

 എ ഡി ഒന്നാം നൂറ്റാണ്ടിലെ ബുദ്ധപ്രതിമ
എ ഡി ഒന്നാം നൂറ്റാണ്ടിലെ ബുദ്ധപ്രതിമ

ഒരു സ്ഥലം കൂടി താഷ്കെന്റിൽ കാണാൻ ബാക്കിയുണ്ട്. ലാൽ ബഹാദൂർ ശാസ്ത്രിയുടെ പ്രതിമയുള്ള പാർക്കാണത്. മ്യൂസിയത്തിൽ ബസ് സ്റ്റേഷനിലേക്ക് മടങ്ങും വഴി അവിടെ കയറാനാണ് ഉദ്ദേശ്യം. പക്ഷെ യാൻടെക്സ് ടാക്സിക്കാർ അവിടെയും പണി തന്നു. ടാക്സി ബുക്ക് ചെയ്തെങ്കിലും വണ്ടിയെത്തിയില്ല. രണ്ടു മൂന്നു തവണ ഇതാവർത്തിച്ചു. ഇനിയും വെെകിയാൽ ബുഹാര ബസ് വിട്ടുപോകും മ്യൂസിയത്തിന് മുൻപിലെ റോഡിലെ പാർക്കിങ്ങ് സ്​പെയ്സിൽ കാർ പാർക്ക് ചെയ്യാനെത്തിയ ഒരു നാട്ടുകാരന്റെ സഹായത്തോടെ ടാക്സി സംഘടിപ്പിച്ച് ഞങ്ങൾ ബസ് സ്റ്റേഷനിലേക്ക് കുതിച്ചു. പക്ഷെ ഇബ്രാഹിമിന്റെ ആപ്പിൾ നാവിഗേറ്ററും കാറ് പോകുന്ന വഴിയും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല. ഡ്രെെവറും ഇബ്രാഹിമും തമ്മിൽ തർക്കം തുടങ്ങി. ഡ്രെെവറെ വിശ്വസിക്കുകയും കാത്തിരിക്കുകയും ചെയ്യാതെ മറ്റു വഴിയില്ല എന്ന് പറഞ്ഞ് ഇബ്രുവിനെ ആശ്വസിപ്പിച്ചു. എതൊക്കയോ ഊടുവഴികളും പ്രധാന നിരത്തുകളുമൊക്കെ കടന്ന് ഒടുവിലയാൾ ഞങ്ങളെ ബസ് സ്റ്റേഷനു മുൻപിലെത്തിച്ചു. ബുഹാര ബസ്, സ്റ്റേഷനിലെത്തിയിട്ടുണ്ടായിരുന്നെങ്കിലും ചെക്കിൻ തുടങ്ങിയിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാൻ സമയമില്ലാത്തതുകൊണ്ട് കോഫിഷോപ്പിൽ നിന്ന് ലഘുഭക്ഷണം വാങ്ങി ബസിൽ കയറാനായി വരിനിന്നു ഞങ്ങൾ.

(തുടരും)

Comments